പാവപ്പെട്ട പണക്കാര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ സഭയില്‍ ഒരൊറ്റയാളേയുള്ളൂ ^തോമസ് ചാണ്ടി. വിഷയം ഏതായാലും മുന്നണി മാറിയാലും ചാണ്ടിയുടെ നിലപാടില്‍ മാറ്റമില്ല. കൂടെയിരിക്കുന്നവര്‍ എന്ത് കാരണം പറഞ്ഞ് പ്രതിഷേധിച്ചാലും ചാണ്ടിക്ക് പുറത്തുപോകാന്‍ അതില്‍ പണക്കാരുടെ ദുരിതമുണ്ടായിരിക്കണം. ഇപ്പോള്‍ ഇരിപ്പ് പ്രതിപക്ഷത്താണ്. പാര്‍ട്ടി എന്‍.സി.പിയും. കൂടെയുള്ളത് പൊതുമേഖലാ മൌലികവാദികളായ ഇടതുസഖാക്കള്‍. എന്നിട്ടും ഇന്നലെ സ്വാശ്രയത്തില്‍ ഇറങ്ങിപ്പോകുമ്പോഴും ഈ സത്യസന്ധത തോമസ് ചാണ്ടി സൂക്ഷിച്ചു.
സ്വാശ്രയ കോളജ് അഴിമതിക്കെതിരായ വി.എസ് സുനില്‍കുമാറിന്റെ അടിയന്തിര പ്രമേയത്തില്‍ പ്രതിഷേധിച്ച് വാക്കൌട്ട് നടത്തുമ്പോള്‍ ചാണ്ടി നയം വ്യക്തമാക്കി: 'പരിയാരത്ത് ഒരഴിമതിയുമില്ല. അവര്‍ക്ക് കോളജ് നടത്തിക്കൊണ്ടുപേകാന്‍ കുറച്ച് സീറ്റില്‍ അധികം ഫീസ് വാങ്ങണം. അതിന് ശ്രീമതി ടീച്ചറോട് സംസാരിച്ച് തീരുമാനിച്ചു. സ്വാശ്രയത്തിലെ യഥാര്‍ഥ പ്രശ്നം തലവരിയല്ല. ഉടമകള്‍ക്ക് കോളജ് നടത്താനുള്ള വരുമാനമില്ലാത്തതാണ്. നന്നായി നടത്താന്‍ അവര്‍ക്ക് അവസരം കൊടുക്കണം. 5 ലക്ഷം ഫീസ് ഏഴ് ലക്ഷമെങ്കിലും ആക്കണം. ഇതൊന്നും ചെയ്യാതെ കോളജുകളെ അഴിമതിക്ക് നിര്‍ബന്ധിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഞാനും എന്റെ പാര്‍ട്ടിയും ഇറങ്ങിപ്പോകുന്നു.' എന്റെ പാര്‍ട്ടിയെന്നാല്‍ വേറെയൊരാളെയുള്ളൂ കൂടുതല്‍. എന്നാലും പറയുന്നതില്‍ ഒരുകുറവുമില്ല. നിലപാടില്‍ വിട്ടുവീഴ്ചയുമില്ല. എന്‍.സി.പിയെപ്പോലെ രണ്ടാള്‍ പങ്കിട്ടാല്‍ തീരുമാനമാകുന്നതല്ല കോണ്‍ഗ്രസ് നയം. എന്നാല്‍ സംവരണ ക്വാട്ടയില്‍ വന്നവര്‍ക്ക് ബാധകമല്ലത്രെ. അതിനാല്‍ എ.പി അബ്ദുല്ലക്കുട്ടിയും തോമസ് ചാണ്ടിക്കൊപ്പം കൂടി. ചില്ലറ ആവശ്യങ്ങളേയുള്ളൂ ഈ കുട്ടിക്ക്: 'കെട്ടിട^ഭൂ നികുതികള്‍ കുത്തനെ കൂട്ടണം. 2000 ചതുരശ്ര അടിയില്‍ കൂടുതലായാല്‍ വീടിന് ആര്‍ഭാട നികുതി വക്കണം. കാരണം ക്യൂബയില്‍ കാസ്ട്രോയുടെ അനിയന്‍ ഇതൊക്കെ ചെയ്യുന്നുണ്ട്.'
ബജറ്റ് ചര്‍ച്ചയുടെ അവസാന ദിവസം വിരസമായ ആവര്‍ത്തനങ്ങളില്‍ മടുത്ത സഭയെയുണര്‍ത്താന്‍ പറ്റിയ രാഷ്ട്രീയം പറയാന്‍ പോലും ആര്‍ക്കുമായില്ല. വിവാദങ്ങളില്‍ തൊടാതെ ഇരുകൂട്ടരും സംയമനം പാലിച്ചു. സദ്യ നന്നായപ്പോള്‍ പൂവന്‍പഴത്തിന് വലിപ്പംകൂടി എന്ന് കുറ്റം കണ്ടെത്തിയ കാരണവരുടെ അവസ്ഥയിലാണ് പ്രതിപക്ഷമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് തോന്നിയതും അതുകൊണ്ടാണ്. എന്നാല്‍ കെ. അജിതും ആര്‍. ശെല്‍വരാജും കെ.കെ ജയചന്ദ്രനും ഒരുപോലെ പറഞ്ഞു: 'കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ സമഗ്ര വികസനത്തിന് വഴി തെളിയിച്ച നയങ്ങള്‍ തകര്‍ത്തെറിഞ്ഞ ബജറ്റാണിത്.' സ്വാശ്രയ സമരത്തില്‍നിന്ന് എസ്.എഫ്.ഐ പിന്‍മാറിയത് സംസ്ഥാന കമ്മിറ്റി തീരുമാനച്ചാണെന്നായിരുന്നു റോഷി അഗസ്റ്റിന്‍ കരുതിയത്. എസ്.എഫ്.ഐ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് ആര്‍. രാജേഷ് തിരുത്തിയപ്പോള്‍ യഥാര്‍ഥ കാരണം റോഷിക്ക് മനസ്സിലായി: 'കാര്യം പിടികിട്ടിയപ്പോള്‍ കുട്ടികള്‍ സ്വയം പിരിഞ്ഞുപോയതാണ്.' മലയാളം സര്‍വകലാശാല പ്രഖ്യാപിച്ചതിനാല്‍ അതിന്റെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ചിറ്റൂരില്‍ തരണമെന്നായിരുന്നു കെ. അച്യുതന്റെ ആവശ്യം. പറഞ്ഞ രീതിവച്ച് യുണിവേഴ്സിറ്റിക്ക് തറക്കല്ലിടും വരെ അച്യുതന്‍ കാത്തിരിക്കാനിടയില്ല. ചിറ്റയം ഗോപകുമാറും എന്‍.എ നെല്ലിക്കുന്നും അവസാന ദിവസത്തെ കന്നി പ്രസംഗകരായി സാന്നിധ്യമറിയിച്ചു.
അംഗങ്ങള്‍ മങ്ങിപ്പോയ ദിവസം പക്ഷെ ധനമന്ത്രി വേണ്ടത്ര തിളങ്ങി. ബജറ്റിന്റെ പേരില്‍ ഭരണപക്ഷം പോലും ചീത്ത വിളിച്ചത് ഈ മാണിയെയാണോ എന്ന് വി.എസ് അച്യുതാനന്ദന്‍ പോലും പറഞ്ഞുപോകുന്നത്ര വിനീത ഭാവം. ചോദിച്ചവര്‍ക്കെല്ലാം വാരിക്കോരി. പദ്ധതി പറഞ്ഞാല്‍ മതി, ആവശ്യമുള്ളത്ര പണം റെഡി. തീര്‍ന്നില്ല: രൂക്ഷ വിമര്‍ശം ഒഴിവാക്കിയ വി.എസിന് ഷേക്ഹാന്റ്. കയറിനും കൈത്തറിക്കും പഴയതുണ്ടായിട്ടും ആലപ്പുഴക്കാരെ ഐസക് പറഞ്ഞു പറ്റിച്ചതില്‍ അടങ്ങാത്ത ഹൃദയ വേദന. മഹിളകള്‍ക്ക് കൊടുത്തത് കുറഞ്ഞുപോയതില്‍ കടുത്ത മനോവിഷമം. മാത്യു ടി തോമസ് തിരുവല്ലക്ക് വേണ്ടി ചോദിച്ചപ്പോള്‍ അറിയാതെ കൈയയഞ്ഞുപോയി. ഗുരുദാസന്‍ പറയേണ്ട താമസം, വാഗ്ദാനം വേണ്ടത്ര. 'ആര്‍ക്കും ചോദിക്കാം, ചോദിച്ചാലുടന്‍ പണം' എന്ന മട്ടില്‍ തിരിഞ്ഞും മറിഞ്ഞും വെയ് രാജ...വെയ് എന്ന മട്ടില്‍ പദ്ധതികള്‍ വാരിവിതറി. കുറഞ്ഞുപോയ മേഖലകള്‍ക്കെല്ലം ബാക്കികൊടുത്തു. ഈ ദാനശീലം കണ്ടാല്‍ 'മാണിയെത്ര നല്ലവനെ'ന്ന് ആരും പറഞ്ഞുപോകേണ്ടതാണ്. പക്ഷെ അതുണ്ടായില്ല. അതിനാല്‍ മാണി തന്നെ പറഞ്ഞു: 'എ+ ബജറ്റാണിത്. ഞാനിതുവെര അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ചത്. ഇപ്പോള്‍ 99 കോടി കൂടി കൊടുക്കുന്നു. എന്നിട്ടും ഐസകിനേക്കാള്‍ കമ്മി കുറവ്. വരുമാനം കൂടുതല്‍. പദ്ധതികള്‍ അധികം. ഇങ്ങനെയൊക്കെ ചെയ്ത എന്നെ നിങ്ങളൊന്ന് അഭിനന്ദിക്കണ്ടേ?' വേണം. പക്ഷെ പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാന്‍ ചീഫ് വിപ്പായതിനാല്‍ ആള്‍ക്ഷാമമുണ്ട്. വിപ്പുകൊടുത്ത് മുന്നണി തന്നെ അത് പരിഹരിക്കാം.
(15...07...11)
No comments:
Post a Comment