Saturday, September 14, 2013

പച്ചമലയിലെ കല്ലുഗ്രാമങ്ങള്‍


ജബല്‍ അല്‍അഖ്ദര്‍ ഒരു ദൃശ്യം
ജബല്‍ അല്‍അഖ്ദറിലെ ഏറ്റവും വലിയ ഗ്രാമമാണ് അല്‍ ശര്‍ജിയ. മണ്‍കുടിലുകളിലും കല്ലുവീടുകളിലും ഇന്നും ജനവാസമുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്ന്. വസന്തകാലം മനോഹരിയാക്കുന്ന അല്‍ഐനാണ് മറ്റൊരു പ്രധാന ഗ്രാമം. ഇവിടെയും ഇപ്പോഴും ജനവാസമുണ്ട്. ഹെയ്ല്‍ അല്‍യമനും അല്‍മനാഖിറും അല്‍അഖറും അല്‍ഖാശയും സലൂത്തും ഈ ഗ്രാമസഞ്ചയത്തിലുണ്ട്.
കൊടുംചൂടില്‍ വരണ്ടുകീറിക്കിടക്കുന്ന മലഞ്ചരിവുകളിലൂടെ ചുറ്റിവളഞ്ഞത്തെുന്ന പര്‍വതശിഖരത്തില്‍ ഇളംകാറ്റും കുളിരുകോരുന്ന തണുപ്പും. വഴികളുടെ ഇരുകരകളിലും താഴേക്കും മേലേക്കും താളത്തിലുയര്‍ന്നുതാഴ്ന്ന് നോക്കത്തൊദൂരേക്ക് പരന്നുകിടക്കുന്ന മണല്‍കൂനകള്‍. നിറവും ആകൃതിയുമെല്ലാം ഒന്നിനൊന്ന് വേറിട്ടുനില്‍ക്കുന്ന പാറക്കെട്ടുകള്‍. മലമടക്കുകളില്‍ കല്ലുകള്‍ വെട്ടിയും കളിമണ്ണുകൊണ്ട് കെട്ടിയും പണിത കുടിലുകള്‍. മനുഷ്യഗന്ധം വിട്ടൊഴിഞ്ഞിട്ടില്ലാത്ത പ്രാചീനമായ നടവഴികള്‍. പൗരാണിക ശില്‍പസൗന്ദര്യം സൃഷ്ടിച്ച ഗുഹാമുഖങ്ങള്‍. ആകാശത്തേക്ക് കുതിക്കുന്ന പര്‍വതങ്ങള്‍. ലോകം തലകുനിച്ചുപോകുന്ന മണലറകള്‍. മരുഭൂമിയുടെ ചൂടൊഴിഞ്ഞ മണ്ണുമേടകള്‍. പനിനീരുവെള്ളത്താല്‍ ലോകത്തെയാകെ സുഗന്ധമയമാക്കുന്ന ഗ്രാമങ്ങള്‍. നടന്നത്തൊനാകുമോയെന്ന് കണ്ണുകള്‍ ക്ഷോഭിക്കുമാറത്രയും വിദൂരതയില്‍, കാലുകള്‍ പിന്തിരിഞ്ഞേക്കാവുന്നത്രയും ഉയരത്തില്‍ പണിത കല്ലുകൊട്ടാരങ്ങള്‍. പര്‍വതങ്ങളുടെ മുകളറ്റങ്ങളില്‍ മഹാകോട്ടകള്‍ കെട്ടിയവരുടെ ധീരത ഓരോ ചുവടിലും വിസ്മയമായി നെഞ്ചിലുടക്കുന്ന സഞ്ചാരപഥങ്ങള്‍. ഒമാനികളിതിനെ പ്രണയപൂര്‍വം ഹരിതപര്‍വതമെന്ന് വിളിക്കും. കൊടുംചൂടിലും അരുവിയൊഴുക്കുകയും വസന്തകാലത്ത് വിസ്മയാവഹമായ വര്‍ണവൈവിധ്യമണിഞ്ഞ് പൂത്തുലയുകയും ചെയ്യുന്ന ‘ജബല്‍  അല്‍അഖ്ദര്‍’. സമുദ്രനിരപ്പില്‍നിന്ന് 7500 അടിയോളം ഉയരം. തലസ്ഥാനമായ മസ്കത്തില്‍നിന്ന് 160 കിലോമീറ്റര്‍ ദൂരെയുള്ള പര്‍വതനിര.
കല്ലുവീടുകള്‍
മലമുകളിലെ ചെറുഗ്രാമമാണ് അല്‍ഐന്‍. 50ഓളം വീടുകളുള്ള ഒരു മലഞ്ചരിവ്. എല്ലാം മണ്ണും ചുണ്ണാമ്പും കളിമണ്ണുമൊക്കെ ഉപയോഗിച്ച് കെട്ടിയവ. അല്‍മിയാല്‍ കുടുംബത്തിന്റെ ‘തറവാടാ’ണീ ഗ്രാമം. പക്ഷേ, ഇപ്പോള്‍ ഇവിടെയുള്ളത് രണ്ടേ രണ്ട് വീട്ടുകാര്‍ മാത്രം. മെസൂണ്‍  ഇലക്ട്രിസിറ്റി കമ്പനിയില്‍ എന്‍ജിനീയറായ സലീം ഖല്‍ഫാമിന്റെയും അമ്മാവന്റെയും കുടുംബങ്ങള്‍. സലീമിന്റെ ഇപ്പോഴത്തെ വീടിന് 250 വര്‍ഷത്തെ പഴക്കമുണ്ടത്രെ. ചെറുവാതില്‍ തുറന്ന് ചെല്ലുന്നത് ഉയരത്തിലേക്ക് പടുത്ത വീട്ടിലേക്കാണ്. രണ്ടോ മൂന്നോ നാലോ നിലയെന്ന് പറയാനാകാത്ത വീട്. മുകളിലേക്ക് വളരുന്നു മണ്‍ഗോവണിക്കുചാരെയുള്ള ചെറുവാതിലുകള്‍ തുറക്കുന്നതെല്ലാം ഓരോ തട്ടിലേക്കാണ്. ഇങ്ങനെ ചെറുതും വലുതുമായ വീടുകള്‍. ഇത്തരം 20ഓളം ഗ്രാമങ്ങളാണ് ജബല്‍ അല്‍അഖ്ദറിലുള്ളത്. അമ്പതോ നൂറോ വീടുകളുള്ള ഒരു ചെറുസമൂഹമാണ് ഒരു ഗ്രാമം. ഒരു ഗ്രാമം ഒരു കുടുംബത്തിന്റെ താവളവും. എന്നാല്‍, പലതിലും ഇപ്പോള്‍ ആളൊഴിഞ്ഞിരിക്കുന്നു. ചിലയിടങ്ങളില്‍ ഒന്നോ രണ്ടോ കുടുംബങ്ങള്‍ മാത്രം. മികച്ച ജോലിയും ജീവിതസൗകര്യങ്ങളും തേടിപ്പോകുന്നു പുതിയ തലമുറ. എന്നാല്‍, പൗരാണിക സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍ ഉപേക്ഷിച്ചുപോകാനാകാത്തവര്‍ ഇന്നുമിവിടെ ജീവിക്കുന്നു.
പച്ചമലയുടെ സവിശേഷത അവിടത്തെ ആവാസവ്യവസ്ഥ തന്നെയാണ്. മണ്ണുകൊണ്ട് കെട്ടിയ വീടുകള്‍. ചിലത് പാറക്കല്ലുവെട്ടിയുണ്ടാക്കിയവ. വീടുകളുടെ വാതിലുകള്‍ തീരെ ചെറുതായിരിക്കും. ഉള്ളില്‍ അറപോലുള്ള മുറികള്‍. മണ്ണില്‍ തീര്‍ത്ത ചുവരലമാരകള്‍. വീട്ടുപകരണങ്ങളില്‍ പലതും മണ്‍ നിര്‍മിതം തന്നെ. കൂട്ടുകുടുംബ സങ്കല്‍പത്തിന്റെ പ്രാഗ്രൂപങ്ങളായി ഇടനാഴികള്‍ വേര്‍തിരിക്കുന്ന കൊച്ചുകൊച്ചു വീടുകള്‍. ചില കെട്ടിടങ്ങള്‍ കല്ലുകള്‍ അടുക്കിയുയര്‍ത്തിയതാണെന്ന് തോന്നും. അത്രമേല്‍ വിദഗ്ധമായ ശില്‍പശാസ്ത്രമാണതില്‍ പ്രയോഗിച്ചിരിക്കുന്നത്.
കൊച്ചുവീടുകളുണ്ടാക്കുന്ന അതേ തച്ചുരീതികളില്‍ വലിയ കെട്ടിടങ്ങളും കോട്ടകള്‍കണക്കെ ഉയര്‍ന്നുനില്‍ക്കുന്ന കൂറ്റന്‍ നിര്‍മിതികളും ഇവിടെയുണ്ട്. പലതും കാലപ്പഴക്കത്താല്‍ ഇടിഞ്ഞ് തകര്‍ന്നുകിടക്കുന്നു. താമസമുപേക്ഷിച്ചുപോയ ഈ കല്ലുവീടുകളില്‍നിന്ന് പക്ഷേ ഇനിയും മനുഷ്യഗന്ധമൊഴിഞ്ഞിട്ടില്ല. വീട്ടുപകരണങ്ങളുടെ അവശിഷ്ടങ്ങളും അങ്ങിങ്ങ് കാണാം. എല്ലാം മണ്ണില്‍ പണിതതിനാലാകണം, നശിച്ചുടഞ്ഞ് മണ്ണിലലിയാന്‍ മടിച്ചുനില്‍ക്കുംപോലെ. മലമുകളിലേക്കുള്ള ഓരോ യാത്രയും കല്‍വഴികളും മുള്‍ക്കൂനകളും കടന്നുപോകേണ്ട കഠിന തപസ്സാണ്. അപകടകരമായ ചരിവുകളിലൂടെയുള്ള നൂല്‍സഞ്ചാരം.

കുത്തനെയുയര്‍ന്ന മലയാണെങ്കിലും ജബല്‍ അല്‍അഖ്ദറിലേക്ക് പോകുന്നവര്‍ക്ക് പക്ഷേ, ഈ വഴിയനുഭവം ഇന്ത്യന്‍ ഗൃഹാതുരത മാത്രമായിരിക്കും. വീതിയേറിയ റോഡുകളും സുരക്ഷാസംവിധാനങ്ങളും വേണ്ടത്ര. എക്സ്പ്രസ് ഹൈവേ യാത്രപോലെ അനായാസകരമായ മലകയറ്റം. ബ്രേക്ഡൗണാകുന്ന വാഹനങ്ങള്‍ക്ക് സുരക്ഷിത ലാന്‍ഡിങ് ഉറപ്പാക്കുന്ന ‘എസ്കേപ് ലൈനുകള്‍’. ഫോര്‍വീലര്‍ വാഹനങ്ങള്‍ മാത്രമേ ഇങ്ങോട്ട് കടത്തിവിടൂ. ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കുന്നു. അധികമാളുകള്‍ ഉണ്ടെങ്കില്‍ ചെക്പോസ്റ്റില്‍ ഇറക്കും. പക്ഷേ, തിരിച്ചയക്കില്ല. തൊട്ടടുത്തുവരുന്ന ആളുകുറവുള്ള വാഹനത്തില്‍ അവരെ പൊലീസ് തന്നെ കയറ്റിവിടും. ഇത്രയും സുഖകരമായ റോഡിന് പക്ഷേ, ഏഴു വര്‍ഷത്തെ ആയുസ്സേ ആയിട്ടുള്ളൂ. മറ്റേതൊരു മലയുംപോലെ കല്ലുപാകിയ ചെറുറോഡായിരുന്നു ഇവിടെയും. അതുതന്നെയുണ്ടായത് 1973ല്‍. പക്ഷേ, ഇവിടെയുള്ള ജനതക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്.
വെള്ളവും വൈദ്യുതിയും ഇവിടെയത്തെിയതും വളരെയടുത്ത കാലത്താണെന്ന് സലീം പറയുന്നു. വെളിച്ചം വരുന്നത് 1997ല്‍ മാത്രം. കുടിവെള്ളമത്തെുന്നത് കിലോമീറ്ററുകള്‍ അകലെനിന്നുള്ള പൈപ്പ്ലൈന്‍ വഴി. താഴ്വരകളിലെയും ചെറിയ ജലാശയങ്ങളിലെയും വെള്ളം ആശ്രയിച്ചുകഴിഞ്ഞിരുന്ന ഈ മലനാട് മരുഭൂമിയില്‍ എയര്‍കണ്ടീഷണര്‍ ഉപയോഗിക്കാത്ത ഭൂപ്രദേശമാണ്. റോഡ് ചെന്നത്തെുന്നിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ജനവാസമുള്ളത്. പിന്നീടുള്ള ഗ്രാമങ്ങളെല്ലാം തകര്‍ന്നുകിടക്കുന്ന അവശിഷ്ടങ്ങള്‍ മാത്രം. വാഹനം ചെല്ലുന്നിടത്തിറങ്ങി, മലയിറങ്ങി താഴ്വാരത്തില്‍ ചെന്ന് വീണ്ടും കയറിയാല്‍ ഇത്തരം തകര്‍ന്ന ഗ്രാമങ്ങള്‍ കാണാം.
പൈതൃക ഗ്രാമങ്ങള്‍
ഒമാനിന്റെ ചരിത്രത്തില്‍ വീരചരിതമെഴുതിയ ഭരണാധികാരിയാണ് ഇമാം സെയ്ഫ് ബിന്‍ സുല്‍ത്താന്‍. പോര്‍ചുഗീസ് അധിനിവേശത്തെ ചെറുത്തുതോല്‍പിച്ച ഭരണാധികാരി. അക്കാലത്ത് നടന്ന പോര്‍ചുഗീസ് അധിനിവേശവും ഉപരോധവും ചെറുത്തുതോല്‍പിച്ച സെയ്ഫ് ബിന്‍ സുല്‍ത്താന്റെ വീരകഥകള്‍ ഇവിടെ തലമുറ കൈമാറുന്ന പടപ്പാട്ടുകളാണ്. ഈ സുല്‍ത്താന്റെ വീടിന്റെ അവശിഷ്ടങ്ങള്‍ ഇന്നും സീഖില്‍ കാണാം. എ.ഡി 1690ലാണ് ഇവ നിര്‍മിച്ചതെന്ന് കരുതുന്നു.
ഇവിടെയുള്ള ഓരോ ഗ്രാമത്തിനും ഇത്തരം ചരിത്രങ്ങള്‍ പറയാനുണ്ട്. ഈ ആവാസമേഖലകളെ ഒമാന്‍ ഭരണകൂടം പൈതൃകഗ്രാമങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവുമേറെ കൃഷി നടന്നിരുന്ന ഗ്രാമമാണ് ബനീ ഹബീബ് താഴ്വര. ഗുഹാഗൃഹങ്ങളാല്‍ സമൃദ്ധമായിരുന്ന താഴ്വരയില്‍ ഇന്ന് പുത്തന്‍ വീടുകള്‍ ഉയരുന്നതു കാണാം. ഏറ്റവും ഉയര്‍ന്ന പ്രദേശത്തുള്ള വാദി ബനീ ഹബീബ്, ബദാമും മാതളനാരങ്ങയും അത്തിപ്പഴങ്ങളും വിരിയുന്ന കാര്‍ഷിക ഗ്രാമംകൂടിയാണ്. നിരവധി ഗ്രാമങ്ങളിലേക്ക് ഒറ്റ സ്നാപ്പില്‍ കാഴ്ചയൊരുക്കുന്ന ഗ്രാമമാണ് അല്‍ ഫയാദിയ്യ.
ജബല്‍ അല്‍അഖ്ദറിലെ ഏറ്റവും വലിയ ഗ്രാമമാണ് അല്‍ ശര്‍ജിയ. മണ്‍കുടിലുകളിലും കല്ലുവീടുകളിലും ഇന്നും ജനവാസമുള്ള അപൂര്‍വം പ്രദേശങ്ങളിലൊന്ന്. വസന്തകാലം മനോഹരിയാക്കുന്ന അല്‍ഐനാണ് മറ്റൊരു പ്രധാന ഗ്രാമം. ഇവിടെയും ഇപ്പോഴും ജനവാസമുണ്ട്. ഹെയ്ല്‍ അല്‍യമനും അല്‍മനാഖിറും അല്‍അഖറും അല്‍ഖാശയും സലൂത്തും ഈ ഗ്രാമസഞ്ചയത്തിലുണ്ട്. അതിപുരാതനമായ പള്ളികളും അത്യഗാധതയാല്‍ ‘അടിയില്ലാത്ത കിണര്‍’ എന്ന് വിളിപ്പേരുവീണ ആഴക്കിണറുകളും ചില ഗ്രാമങ്ങളില്‍ കാണാം.
പനിനീരു പെയ്യുന്ന മലകള്‍

ഒമാനിനെ കാര്‍ഷികസമൃദ്ധമാക്കുന്നതില്‍ ജബല്‍ അല്‍അഖ്ദറിന് വലിയ പങ്കുണ്ട്. ഏറ്റവുമേറെ പഴങ്ങള്‍ കൃഷിചെയ്യുന്നിടം. ബദാമും മാതളനാരങ്ങയും മുന്തിരിയും അത്തിപ്പഴവും ആപ്പിളും പ്ളമും ഒലിവുമെല്ലാം ഇവിടെയുണ്ട്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മാസങ്ങളാണ് വിളവെടുപ്പ് കാലം. 16 ഇനം പഴവര്‍ഗങ്ങള്‍ ഇക്കാലത്ത് ഇവിടെനിന്ന് കൊയ്തെടുക്കും. ഇവിടെ മാത്രം കാണപ്പെടുന്ന തദ്ദേശീയ പഴങ്ങള്‍ വേറെയുമുണ്ട്. ഇമാം സെയ്ഫ് ബിന്‍ സുല്‍ത്താനാണ് ഇവിടെ പഴവര്‍ഗകൃഷി ആരംഭിച്ചതെന്നാണ് ചരിത്രം പറയുന്നത്. ഇമാം സെയ്ഫിന്റെ ഭരണകാലത്തോടെ ഹരിതാഭമായി മാറിയ മലനിരകളെ പിന്നീട് ചരിത്രം ‘ജബല്‍ അല്‍അഖ്ദര്‍ (പച്ചപ്പര്‍വതം)’ എന്ന് വിളിക്കുകയായിരുന്നു. അതുവരെ റദ്വ പര്‍വതങ്ങളെന്നാണ് ഇവ അറിയപ്പെട്ടിരുന്നത്.
ജലവിശുദ്ധിയുടെ നിര്‍മലത ‘പനിനീരാ’ക്കി ലോകത്തേക്കൊഴുക്കിവിടുന്ന സുഗന്ധഗ്രാമങ്ങള്‍ ഈ മലമുകളിലാണ്. അല്‍ശരീഖ, അല്‍ഐന്‍, വാദി ബനീ ഹബീബ്, സീഖ് എന്നീ നാല് ഗ്രാമങ്ങളാണ് പനിനീരിന്‍െറ പ്രഭവ കേന്ദ്രങ്ങള്‍. മാര്‍ച്ച് മുതല്‍ മേയ് വരെ ഇവിടെ റോസാദലങ്ങളുടെ വിളവെടുപ്പുകാലമാണ്. ഈ സമയത്ത് മലഞ്ചരിവുകളാകെ റോസ് നിറമുടുത്ത് നില്‍ക്കും.

നിരവധി കുടുംബങ്ങളുടെ ജീവിതമാര്‍ഗമാണ് പനിനീരുല്‍പാദനം. തലമുറകള്‍ കൈമാറിവന്ന രുചിക്കൂട്ടും നിര്‍മാണവിദ്യയുമാണ് പച്ചമലയിലെ പനിനീരിനെ ലോകത്തിന് പ്രിയപ്പെട്ടതാക്കിയത്. വിവിധ ഘട്ടങ്ങള്‍ കടന്നുപോകുന്ന, ഒരു ദിവസം നീളുന്ന പരിണാമപ്രക്രിയകളിലൂടെ ഊറ്റിയെടുക്കുന്ന പനിനീര് ഒരു മാസത്തോളം കളിമണ്‍ കുടങ്ങളില്‍ അടച്ചുവെച്ചാണ് അതിന്റെ തെളിമയും മാധുര്യവും സ്വാംശീകരിക്കുന്നത്. ഈ പരമ്പരാഗത രീതി പതിയെ ആധുനീകരണത്തിലേക്ക് വഴിമാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ, എല്ലാതരം യന്ത്രവത്കരണങ്ങളെയും അതിജയിച്ച് ഈ മലമുകളിലെ കല്ലുഗ്രാമങ്ങള്‍ ഇനിയും നൂറ്റാണ്ടുകള്‍ സഞ്ചരിക്കുമെന്നാണ് നിര്‍മാണത്തിലെ ഈടും ചരിത്രത്തിലെ ഈടുവെപ്പുകളും അടിവരയിടുന്നത്.

(madhyamam, sunday suppliment. 18/aug/2013)

Saturday, August 3, 2013

റോഡില്‍ 'ഭീഷണി'യായി വിദേശ വനിതകള്‍; അപകട നിരക്കിന് അതിവേഗം

മസ്‌കത്ത്: ഒമാനിലെ നിരത്തുകളില്‍ അപകട നിരക്ക് കുറയുമ്പോഴും വിദേശ വനിതകള്‍ റോഡിന് 'ഭീഷണി'യാകുന്നു. അപകട നിരക്ക് ഗണ്യമായി കുറയുന്ന ഒമാനിലെ പൊതു പ്രവണതക്ക് വിരുദ്ധമായി, വിദേശ വനിതകള്‍ അപകത്തില്‍പെടുന്നത് വന്‍ തോതില്‍ ഉയരുകയാണ്. അഞ്ചുമാസത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ മരണവും പരിക്കുമുണ്ടായതില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് വിദേശ വനിതകളില്‍ മാത്രമാണ്. അതാകട്ടെ ഏറെ ഉയര്‍ന്ന നിരക്കിലുമാണ്.

2013ലെ ആദ്യ അഞ്ചുമാസത്തെ കണക്കുകള്‍ പ്രകാരം വാഹനാപകടത്തില്‍പെട്ടത് 148 വിദേശ വനിതകളാണ്. മരണം സംഭവിച്ചത് 15 പേര്‍ക്കും. എന്നാല്‍ 2012ലെ ഇതേ കാലയളവില്‍ വിദേശ വനിതകള്‍ക്കുണ്ടായ അപകടം 103 മാത്രമാണ്. അഞ്ചുമാസത്തെ കണക്കിലുണ്ടായ വര്‍ധന 43.7 ശതമാനം. മരണസംഖ്യ 2012ല്‍ വെറും എട്ട് മാത്രമാണ്. വര്‍ധനയുടെ തോത് 87.5 ശതമാനം. അപകടത്തില്‍പെട്ടവരില്‍ എണ്ണത്തില്‍ കൂടുതല്‍  മറ്റ് വിഭാഗങ്ങളാണ് എങ്കിലും അവയിലെല്ലാം അഞ്ചുമാസത്തെ കണക്കില്‍ അപകട തോത് കുറയുകയാണ്. ഇതില്‍ നിന്ന് വ്യത്യസ്തമാണ് വിദേശ വനിതകളുടെ കകാര്യമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊത്തം അപകടങ്ങളില്‍ നേരിയ കുറവും (0.1 ശതമാനം) അപകട മരണങ്ങളില്‍ വലിയ  കുറവും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരണം മൂന്‍വര്‍ഷത്തേക്കാള്‍ 17.6 ശതമാനം കുറഞ്ഞു. 2012ലെ ആദ്യ ആറ് മാസം 438 പേരാണ് മരിച്ചത് എങ്കില്‍ ഈ വര്‍ഷം ഇക്കാലയളവില്‍ അത് 361 ആയി കുറഞ്ഞു. ഇതില്‍ അപകടത്തില്‍പെട്ട ഒമാനികളുടെ എണ്ണം 19.9 ശതമാനം കുറഞ്ഞു. ഒമാനി സ്ത്രീകള്‍ക്കുണ്ടാകുന്ന അപകടത്തില്‍ ആറ് ശതമാനത്തിന്റെയും അപകടത്തില്‍ പെടുന്ന പുരുഷന്‍മാരുടെ എണ്ണത്തില്‍ 22.8 ശതമാനത്തിന്റെയും കുറവുണ്ടായി. വിദേശികള്‍ക്കുണ്ടായ അപകട മരണത്തിന്റെ നിരക്ക് 12.9 ശതമാനം കുറഞ്ഞു. വിദേശ സ്ത്രീകളുടെ എണ്ണം ഉയര്‍ന്നപ്പോള്‍ പുരുഷന്‍മാടുടെ എണ്ണത്തില്‍ 18.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പരിക്കുകളില്‍ അവസാനിച്ച വാഹനാപകടങ്ങളില്‍ 10.9 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ടത് ഒമാനി വനിതകളാണ് -11.7 ശതമാനത്തിന്റെ കുറവ്. ഈ സ്ഥാനത്താണ് വിദേശ വനിതകളുടെ അപകട വര്‍ധനാ നിരക്ക് കുത്തനെ ഉയര്‍ന്നത്. ഒമാനി പുരുഷന്‍മാരുടെ അപകട നിരക്ക് 13.6 ശതമാനം കുറഞ്ഞിട്ടുണ്ട്.

വിദേശ പുരുഷന്‍മാരുടെ ഡ്രൈവിംഗ് അപകടത്തില്‍ 7.3 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. മൊത്തം വിദേശികളുടെ അപകട നിരക്ക് 2.1 ശതമാനം കുറഞ്ഞിട്ടുണ്ട്. 2103ലെ ആദ്യ അഞ്ചുമാസം ഒമാനില്‍ ആകെയുണ്ടായത് 3,401 അപകടങ്ങളാണ്. മുന്‍ വര്‍ഷം ഇത് 3,406 ആയിരുന്നു. അപകടങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ സ്വദേശികള്‍ തന്നെയാണ്. പരിക്കേറ്റവരുടെ എണ്ണത്തില്‍ 13 ശതമാനം കുറവുണ്ടായി.

അപകടങ്ങള്‍ കുറയുന്നതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും കുറവ് വന്നിട്ടുണ്ട്. അഞ്ചുമാസ കാലയളവില്‍ മൊത്തം വാഹന രജിസ്‌ട്രേഷനില്‍ 7.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബൈക്കുകളില്‍ വന്‍ തോതില്‍ വര്‍ധനയുണ്ടയിട്ടുണ്ട് -48 ശതമാനം. ട്രാക്ടറുകളില്‍ 66.7 ശതമാനവും പരിശീലന വാഹനങ്ങളില്‍ 40 ശതമാനവും വാണിജ്യ വാഹനങ്ങളില്‍ 25.2 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ എണ്ണത്തില്‍ കൂടുതലുള്ള സ്വകാര്യ വാഹനങ്ങളില്‍ വന്ന കുറവാണ് മൊത്തം രജിസ്‌ട്രേഷനിലെ കുറവിന്കാരണമെന്നാണ് കരുതുന്നത്. ഈയിനത്തില്‍ 13.1 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 2102ല്‍ 44,353 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ ഈ വര്‍ഷം ഇത് വെറും 38,546 എണ്ണം മാത്രമാണ്. സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണത്തിലും വന്‍ കുറവുണ്ടയി -55.7 ശതമാനം.

(02..08..13)

Friday, August 2, 2013

ക്വാട്ട കുറഞ്ഞത് തിരിച്ചടിയായി; ഹജ്ജ് യാത്രാ ചിലവ് ഉയരുന്നു

മസ്‌കത്ത്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ക്വാട്ട കുറഞ്ഞത് സാധാരണക്കാരായ തീര്‍ഥാടകര്‍ക്ക് തരിച്ചടിയാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഒമാനില്‍ നിന്ന് യാത്രക്ക് ആവശ്യമായിരുന്നതിന്റെ ഇരട്ടിയോളം തുക അധികം നല്‍കേണ്ട അവസ്ഥയിലാണ് തീര്‍ഥാടകരിപ്പോള്‍. പലരും യാത്ര മാറ്റിവക്കുന്നതിനെപ്പറ്റി വരെ ആലോചിക്കുന്നുണ്ട്. ഹജ്ജ് യാത്ര സംഘാടകരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

കഅ്ബയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഈ വര്‍ഷം മൊത്തം ഹജ്ജ് യാത്രികരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തില്‍ കുറവുവരുത്തി. ഇതേതുടര്‍ന്ന് മുന്‍ വര്‍ഷത്തേക്കാള്‍ പകുതിയോളം സീറ്റ് ഒമാനിന് കുറഞ്ഞതായണ് കണക്കാക്കുന്നത്. ക്വാട്ട കുറഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഇതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായത്. ഹജ്ജ് ക്വാട്ട ലഭിച്ച മൂന്ന് വിഭാഗം കോണ്‍ട്രാക്ടര്‍മാരാണ് ഒമാനിലുള്ളത്. ഒമാനികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍, വിദേശികളെ കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍, വിദേശികളില്‍ തന്നെ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍. ഇതില്‍ വിദേശികളില്‍ ഏഷ്യക്കാരെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചവര്‍ വഴിയോ അവര്‍ക്ക് വേണ്ടി ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നവര്‍ വഴിയോ ആണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഹജ്ജിന് പോകുന്നത്. ഏറ്റവുമേറെ തീര്‍ഥാടകരുണ്ടാകുന്നത് ഏഷ്യന്‍ വിഭാഗത്തിലാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിണ് യാത്രാ നരിക്ക് ഉയര്‍ന്നിരിക്കുന്നത്. മലയാളി സംഘങ്ങളിലും മറ്റുമായി കഴിഞ്ഞ തവണ ഹജ്ജിന് പോകാനായി ചിലവായത് 900 റിയാല്‍ മുതല്‍ പരമാവധി 1100 റിയാല്‍ വരെയായിരുന്നു. എന്നാല്‍ ഇത്തവണ പ്രാഥമിക കണക്കുകള്‍ പ്രകാരം തന്നെ  ഇത് 1700 റിയാലിന് മുകളിലാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ക്വാട്ട കുറഞ്ഞതോടെ പല ഹജ്ജ് സംഘാടകരും ഉയര്‍ന്ന തുക നല്‍കി സീറ്റ് സംഘടിപ്പിക്കാന്‍ തയാറായി.  ഇതാണ് നരിക്ക് ഉയരാന്‍ കാരണമായത്.

ഒമാനില്‍ നിന്ന് ഹജ്ജിന് തയാറെടുത്ത സാധാരണക്കാരെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 1000 റിയാല്‍ ഏകദേശ ചിലവ് പ്രതീക്ഷിച്ച് യാത്രക്ക് തയാറെടുത്തവര്‍ ഇപ്പോള്‍ ഏതാണ്ട് ഇരട്ടി തുക കണ്ടെത്തേണ്ട അവസ്ഥയിലാണ്. യാത്ര മാറ്റിവക്കേണ്ട അവസ്ഥ വരെ ചിലര്‍ അഭിമുഖീകരിക്കുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തിലും മറ്റും ഹജ്ജ് യാത്രക്ക് അവസരമൊരുക്കുന്നവരെയും ഇത് പ്രതിസന്ധിയിലാക്കി. നേരത്തേ കണക്കാക്കിയതിനേക്കാള്‍ ഉയര്‍ന്ന തുക ആവശ്യപ്പെടേണ്ട അവസ്ഥയിലാണ് അവരിപ്പോള്‍. യാത്രാസന്നദ്ധത അറിയിച്ചവരെ നേരില്‍ വിളിച്ച് ഉറപ്പാക്കിയ ശേഷം ആവശ്യക്കാരില്ലെങ്കില്‍ സീറ്റുകളുടെ എണ്ണം കുറക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് ഒരു മലയാളി ഹജ്ജ് സംഘാടകന്‍ പറഞ്ഞു. ഏതാണ്ടെല്ലാ ഹജ്ജ് യാത്രാ സംഘാടകരും സമാനമായ അവസ്ഥയിലാണ്.

(1..08..13)

ഒമാനില്‍ ഇറക്കുമതി കൂടുന്നു; സംസ്‌കൃത എണ്ണ കയറ്റുമതി കുറഞ്ഞു


മസ്‌കത്ത്: ഒമാനിലേക്കുള്ള ഇറക്കുമതയില്‍ വന്‍ വര്‍ധന. സംസ്‌കൃത എണ്ണയുടെ കയറ്റുമതിയില്‍ കുറവുണ്ടായതായും കഴിഞ്ഞ രണ്ട് വര്‍ഷത്തെ വ്യാപരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

2012ല്‍ ഒമാനിലേക്ക് നടന്ന ഇറക്കുമതി 10,811.3 മില്ല്യണ്‍ റിയാലാണ്. തൊട്ടുമുന്‍വര്‍ഷം നടന്നതാകട്ടെ 9,081.8 മില്ല്യണ്‍ റിയാലിന്റെ ഇറക്കുമതി. അഥവ ഒരു വര്‍ഷത്തിനിടെയുണ്ടയത് 19 ശതമാനത്തിന്റെ വര്‍ധന. എന്നാല്‍ ഒമാനില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇത്ര വര്‍ധനയുണ്ടായിട്ടില്ല. 2011ല്‍ 18,106.8 മില്ല്യണ്‍ റിയാലായിരുന്നു കയറ്റുമതി. കഴിഞ്ഞ വര്‍ഷം അത് 20,047.1 മില്ല്യണ്‍ റിയാലായി ഉയര്‍ന്നു. എന്നാല്‍ ഇത് മുന്‍വര്‍ഷത്തേക്കാള്‍ 10.7 ശതമാനം മാത്രമാണ് അധികമുള്ളത്.

ഇതില്‍ തന്നെ സംസ്‌കരിച്ച എണ്ണയുടെ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 20.1 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. 2011ല്‍ 697.1 മില്ല്യണ്‍ റിയാലിന്റെ എണ്ണ കയറ്റുമതി നടന്ന രാജ്യത്ത്, 2012ല്‍ ആകെ 557.1 മില്ല്യണ്‍ റിയാലിന്റെ കയറ്റുമതി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ന്റെ അവസാന മൂന്ന് മാസങ്ങളില്‍ 34.08 മില്ല്യണില്‍ നിന്ന് 58.8 മില്ല്യണിലേക്ക് കയറ്റുമതി വര്‍ധിച്ചെങ്കിലും മുന്‍വര്‍ഷത്തോളം എത്താന്‍ കഴിഞ്ഞില്ല. അതേസമയം മിനറല്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി 137.3 ശതാമനം വര്‍ധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെ കയറ്റുമതിയിലും 10.7 ശതമാനം വര്‍നധയുണ്ട്. പ്രകൃതി വാതകം 9.9 ശതമാനം കയറ്റുമതി വര്‍ധിച്ചു. സംസ്‌കൃത എണ്ണയുടെ കയറ്റുമതിയില്‍ കുറവുണ്ടായെങ്കിലും ാെമത്തത്തില്‍ എണ്ണ^വാതകങ്ങളുടെ കയറ്റുമതിയില്‍ 8.9 ശതമാനത്തിന്റെ വര്‍ധനയാണ് ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഇറക്കുമതി ഇനങ്ങളിലെല്ലാം കഴിഞ്ഞ വര്‍ഷം കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഗതാഗത സാമഗ്രികളുടെ ഇറക്കുമതിയാണ് ഇതില്‍ കൂടുതല്‍ 36.2 ശതമാനം. കെമിക്കല്‍ ഉല്‍പന്നങ്ങള്‍, ബേസ് മെറ്റല്‍ ആന്റ് ആര്‍ട്ടിക്കിള്‍സ് എന്നിവ 28 ശതാമനവും കൂടുതല്‍ ഇറക്കുമതി ചെയ്തു. വളര്‍ത്തുമൃഗങ്ങളും അവയുടെ ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. ഇതിന്റെ വര്‍ധന 12.8 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിമാനം വഴിയുള്ള ചരക്ക് കടത്താണ് ഇക്കാലയളവില്‍ ഏറ്റുവം അധികം വര്‍ധിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 31.9 ശതമാനം വര്‍ധനയാണ് വിമാനക്കടത്തില്‍ ഉണ്ടായിരിക്കുന്നത്. കരമാര്‍ഗം 29.5 ശതമാനം  അധികം ചരക്ക് കൈമാറ്റം നടന്നപ്പോള്‍ കടല്‍ വഴിയുള്ള ചരക്ക് ഗതാഗതത്തില്‍ 23.4 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

(31..7..13)

ഒമാനിലെ കാര്‍ഷിക ഭൂ വിസ്തൃതിയില്‍ വന്‍ വര്‍ധന


മസ്‌കത്ത്: കൃഷി ഭൂമികള്‍ മരുവല്‍കരണ ഭീഷണി നേരിടുന്ന ലോകത്തിന് പാ~മായി മരുഭൂമിയില്‍ കൃഷി ഭൂമി വളരുന്നു. ഒമാനിലാണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഹരിതവല്‍കരണത്തില്‍ വന്‍ മുന്നേറ്റമ സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ തോട്ടക്കൃഷി രണ്ട് പതിറ്റാണ്ട് കൊണ്ട് 83,000 ഏക്കര്‍ ഭൂമിയിലേക്കാണ് കൂടുതലായി വ്യാപിച്ചത്. 

നവോത്ഥാന ദിനത്തോടനുബന്ധിച്ച് കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് രാജ്യം കൈവരിച്ച ഈ നേട്ടം വ്യക്തമാക്കുന്നത്. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്ന ഒമാന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണ് ഈ ഭൂ പരിവര്‍ത്തനം. 1992^93 കാലയളവില്‍ 2,14,000 ഏക്കറായിരുന്നു കൃഷി ഭൂമി. എന്നാല്‍ അവസാനം നടന്ന കാര്‍ഷിക സെന്‍സസ് പ്രകാരം ഇത് 3,24,000 ഏക്കറായി വര്‍ധിച്ചു. 34.4 ശതമാനത്തിന്റെ വര്‍ധന. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 44.2 ശതമാനം ഇപ്പോള്‍ കാര്‍ഷിക ഭൂമിയായി മാറിയിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തുന്ന കാര്‍ഷിക നയം പിന്തുടരുന്ന രാജ്യത്ത് 115 കൃഷിയിടങ്ങള്‍ തയാറായിക്കൊണ്ടിരിക്കുന്നുണ്ട്. 508 ഏക്കറിലാണ് ഇവ് രൂപപ്പെടുത്തുന്നത്. ആയിരത്തോളം ഏക്കറില്‍ 128 സ്വകാര്യ കൃഷിയിടങ്ങളും നിര്‍മാണത്തിലാണ്. 

കാര്‍ഷികോല്‍പാദനത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ല്‍ 462 മില്ല്യണ്‍ റിയാലിന്റെ കാര്‍ഷികോല്‍പാദനമാണ് രാജ്യത്തുണ്ടായത്. 2009ല്‍ 362.2 മില്ല്യണ്‍ റിയാലായിരുന്നു ഉത്പാദനം. 2009^13 കാലയളവില്‍ 8.5 ശതാമനം വാര്‍ഷിക വളര്‍ച്ച ഈ മേഖലയിലുണ്ടായി. രാജ്യത്തെ മൊത്തം കൃഷി^മത്‌സ്യ ഉപഭോഗത്തിന്റെ 39.5 ശതമാനവും ഇപ്പോള്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നു. 

മത്‌സ്യ മേഖലയിലും വന്‍തോതില്‍ ഉത്പാദനം വര്‍ധിച്ചു. 2012ല്‍ 1.42 ലക്ഷം റിയാലാണ് ഉത്പാദനം. 2009ല്‍ ഇത് 1.10 ലക്ഷം റിയാല്‍ മാത്രമായിരുന്നു. കന്നുകാലികളുട എണ്ണത്തിലും വലിയ വര്‍ധനയുണ്ട്. അവസാന കണക്കുകള്‍ പ്രകാരം മൊത്തം 26.73 ലക്ഷമാണ് കന്നുകാലി ശേഷി. ഇതില്‍ പശു 34,726 എണ്ണവും ഒട്ടകം 1,34,80 എണ്ണവുമാണ്. ബാക്കി ആടുകളും. മത്‌സ്യ മേഖലയുടെ വളര്‍ച്ചക്ക് വലിയ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒമ്പത് പുതിയ മത്‌സ്യബന്ധന തുറമുഖങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ നാലെണ്ണത്തിന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 

(30..07..13)

ഒമാനിലെ വിദേശികളില്‍ പകുതിയോളം ഇന്ത്യക്കാര്‍; മൂന്നിലൊന്നിന് പ്രാഥമിക വിദ്യാഭ്യാസമില്ല

മസ്‌കത്ത്: ഒമാനിലെ വിദേശ തൊഴിലാളികളില്‍ നാല്‍പത് ശതമാനത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍. ഓമനില്‍ ഏറ്റവുമധികമുള്ളതും ഇന്ത്യക്കാര്‍ തന്നെ. ബാക്കി വിദേശ തൊഴിലാളികള്‍ മൂന്ന് ശതമാനമൊഴികെ അ്വശേഷിക്കുന്നവര്‍ മറ്റ് എട്ട് രാജ്യങ്ങളില്‍ നിന്നായാണ് വരുന്നതെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവിടെ ജോലി ചെയ്യുന്ന വിദേശികളില്‍ മൂന്നിലൊന്നിനും പ്രാഥമിക വിദ്യാഭ്യാസ മില്ല. 1.5 ശതമാനം പേര്‍ പൂര്‍ണ നിരക്ഷരരാണെങ്കില്‍ 27.58 ശതമാനം കേവലം എഴുത്തും വായനയും മാത്രം അറിയുന്നവരാണ്. സര്‍ള്‍വകലാശലാ തലത്തിലോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാകട്ടെ വെറും പത്ത് ശതമാനത്തില്‍ താഴെയാണ്. അടിസ്ഥാന/പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയാണ് വിദേശികളില്‍ മഹാഭൂരിഭാഗവും ഇവിടെ തൊഴില്‍ തേടിയെത്തുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2013 മേയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 14.92 ലക്ഷം വിദേശികളാണ് ഒമാനില്‍ ജോലി ചെയ്യുന്നത്. ഇതില്‍ വെറും പത്ത് ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. 1.33 ലക്ഷം പേരും പുരുഷന്‍മാര്‍ തന്നെ. മൊത്തം വിദേശികളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ 6,03,761. ഇത് ഒമാനിലെ ആകെ വിദേശ തൊഴില്‍ ശേഷിയുടെ 40.46 ശതമാനം വരും. ബംഗ്ലാദേശികളാണ് ഇതിന് പിന്നില്‍: 4.68 ലക്ഷം. അഥവ 31.42 ശതമാനം. പാക്കിസ്ഥാനില്‍ നിന്ന് 2.22 ലക്ഷം പേരുണ്ട്. ഇത് 14.94 ശതമാനം വരും. ഒമാനിലേക്ക് തൊഴില്‍ ശേഷി കയറ്റി അയക്കുന്ന മറ്റ് പ്രധാന രാജ്യങ്ങള്‍ ഇവയാണ്: എത്യോപ്യ - 40,633 പേര്‍. ഇന്തോനേഷ്യ -27,808. ഫിലിപ്പൈന്‍ -27,543. ഈജിപ്ത് -24,207. നേപ്പാള്‍ -13,110. ശ്രീലങ്ക -12,393. മറ്റ് രാജ്യങ്ങള്‍ -50,944. ഇതില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ തൊഴിലാളികളില്‍ കഴിഞ്ഞ ഏപ്രില്‍-മേയ് മാസത്തിനിടെ നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ എത്യോപ്യയില്‍ നിന്ന് വന്‍ വര്‍ധനയുണ്ടായ ഒരുമാസത്തിനിടെ 4.4 ശതമാനം. ബംഗ്ലാദേശില്‍ നിന്ന് 1.3 ശതമാനം വര്‍ധനയുണ്ടായി.

എന്നാല്‍ വിദേശ തൊഴിലാളികളില്‍ സ്ത്രീ പ്രാതിനിധ്യം തീരെ കുറവാണ്. ആകെയുള്ളത് 1.61 ലക്ഷം മാത്രം. ബാക്കി 90 ശതമാനവും പരുഷ തൊഴിലാളികളാണ്. ഇന്ത്യന്‍ സ്ത്രീ തൊഴിലാളികളാകട്ടെ ആകെയുള്ളതിന്റെ 2.1 ശതമാനം മാത്രം. ഇന്ത്യയില്‍ നിന്ന് 5.71 ലക്ഷം പുരുഷന്‍മാര്‍ ഒമാനില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ 32,671 പേര്‍ മാത്രമാണ്. ബംഗ്ലാദേശില്‍ നിന്ന് 14,131 സ്ത്രീകള്‍. പാക്കിസ്ഥാനില്‍ നിന്നാകട്ടെ വെറും 957 പേരാണുള്ളത്. അതേസമയം എത്യോപ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും വന്ന തൊഴിലാളികളില്‍ സ്ത്രീകളാണ് മഹാ ഭൂരിഭാഗവും. എത്യോപ്യയില്‍ നിന്ന് 40,170 സ്ത്രീകള്‍ വന്നപ്പോള്‍ പരുഷന്‍മാര്‍ വെറും 463 പേര്‍ മാത്രം. ഇന്തോനേഷ്യയില്‍ നിന്ന് 700 പേര്‍ മാത്രമാണ് പുരുഷന്‍മാരുള്ളത്. സ്ത്രീകളാകട്ടെ 27,108 പേരും.

വിദേശ തൊഴിലാളികളില്‍ 1.5 ശതമാനം പേരും നിരക്ഷരരാണ്. എന്നാല്‍ എഴുത്തും വായനയും മാത്രം അറിയുന്നവര്‍ 4.11 ലക്ഷം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഈ രണ്ട് വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ ഒമാനിലെ വിദേശ തൊഴില്‍ ശേഷിയുടെ 30 ശതമാനം വരും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവര്‍ 9.66 ശതമാനമുണ്ട്. പ്രൈമറിക്കും സെക്കന്ററിക്കുമിടയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് തൊഴിലാളികളില്‍ ഭൂരിഭാഗവും. 5.24 ലക്ഷം. ഇത് മൊത്തം തൊഴിലാളികളുടെ 35.12 ശതമാനവും സെക്കന്ററി വിദ്യാഭ്യാസമുള്ളവര്‍ 14.36 ശതമാനമാണ്. ഡിപ്ലോമ യോഗ്യതയുള്ളവര്‍ 3.42 ശതമാനമുണ്ട്. സര്‍വകലാശാല യോഗ്യതയുള്ളവര്‍ 5.52 ശതമാനം മാത്രം. എന്നാല്‍ മാസ്റ്റര്‍ ബിരുദമുള്ളവരും പി.എച്ച്.ഡി യോഗ്യതയുള്ളവരും തീരെ കുറവാണ്. മാസ്റ്റര്‍ ബിരുദമുള്ളവര്‍ വെറും 0.37 ശതമാനം മാത്രമാണ്. പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ 0.16 ശതമാനവും. നിരക്ഷരരായവരില്‍ 20,322 പേരും പുരുഷന്‍മാരാണ്. സ്ത്രീകള്‍ വെറും 2001 പേരും.

(29..07...13)

Tuesday, July 30, 2013

തീപൊള്ളല്‍ അപകടം ഉയര്‍ന്ന നിരക്കില്‍; കൂടുതല്‍ കുട്ടികളില്‍

മസ്‌കത്ത്: തീ പൊള്ളലേറ്റുണ്ടാകുന്ന അപകടം ഒമാനില്‍ വ്യാപകമാണെന്ന് പ~നം. അന്താരാഷ്ട്ര നിരിക്കിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഒമാനിലെ അപകടങ്ങള്‍. ഇതില്‍ കൂടുതല്‍ ഇരയാകുന്നത് കുട്ടികളാണെന്നും കഴിഞ്ഞ 25വര്‍ഷത്തെ ആളുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ മഹാഭൂരിഭാഗവും 10 വയസ്സില്‍ താഴെയുള്ളവരുമാണ്.

ഒരുലക്ഷം പേര്‍ക്ക് 3 മുതല്‍ അഞ്ച് വരെ എന്നതാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തുന്നവരുടെ അന്താരഷ്ട്ര കണക്ക്. എന്നാല്‍ ഒമാനില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന അനുപാതമാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ലക്ഷത്തിന് ഏഴുപേര്‍. ആശുപത്രിയില്‍ എത്തുന്ന ആയിരം പേരില്‍ 82 പേര്‍ മരിക്കുന്നു.

റിപ്പോര്‍ട്ട് തയാറാക്കാന്‍ പ~ന വിധേയമാക്കിയ 1987-2011 കാലയളവില്‍ ഖൗല ആശുപത്രിയിലെ നാഷണല്‍ ബേണ്‍സ് യൂണിറ്റില്‍ ചികില്‍സക്കെത്തിയത് 3470 പേരാണ്. ഇതില്‍ 1625 പേരും കുട്ടികളാണ്. ഇതില്‍ തന്നെ 248 പേര്‍ ഒരു വയസ്സില്‍ താഴെയുള്ളവരാണ്. ആറുദിവസത്തിലൊരിക്കല്‍ ഒരു കുട്ടി എന്ന തോതിലാണ് ചികില്‍സ തേടിയെത്തുന്നത്. അവസാനത്തെ ഒന്നരവര്‍ഷത്തിനിടെ ഇത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സമയത്ത് നാല് ദിവസത്തില്‍ ഒരാള്‍ എന്ന നിരക്കിലാണ് ഇതുണ്ടാകുന്നത്. റിപ്പോര്‍ട്ടില്‍ ഉള്‍പെടാത്ത 2012ല്‍ 209 പേരാണ് ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ 98 പേര്‍ കുട്ടികളാണ്. 2013ല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 39 കുട്ടികള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ആകെ വന്നിരിക്കുന്നത് 96 പേരാണ്.

റിപ്പോര്‍ട്ട് പ്രകാരം ചികില്‍സ തേടിയെത്തിയവരില്‍ പത്ത് വയസ്സില്‍ താഴെയുള്ളവരാണ് ഏറ്റവും കൂടുതല്‍. 21 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ 879 പേരുണ്ട്. 10-20 വയസിനിയിലുള്ള 322 പേര്‍ ഈ കാലയളവില്‍ ആശുപത്രികളിലെത്തി. 41നും 60നും ഇടയില്‍ പ്രായമുള്ള 84 പേരും 60ല്‍ കൂടുതല്‍ പ്രായമുള്ള 84 പേരുമുണ്ടായിരുന്നു. പൊളളലേല്‍ക്കുന്നവരില്‍ പുരുഷന്‍മാരാണ് ഏറ്റവും കൂടുതല്‍. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,470ല്‍ 2121 എണ്ണവും പുരുഷന്‍മാര്‍ തന്നെ. ഏത് പ്രായത്തില്‍ പെട്ട രോഗികളിലും പരുഷന്‍മാര്‍ തന്നെയാണ് കൂടുതല്‍. കുട്ടികളിലും ആണ്‍കുട്ടികള്‍ തന്നെ. 1-10 പ്രായത്തില്‍ പെട്ട 1625 പേരില്‍ ആണ്‍കുട്ടികള്‍ 989 ആണ്. 61 വയസിന് മുകളിലുള്ള ആകെ 84 പേരില്‍ 62ഉം ആണുങ്ങള്‍ തന്നെ. ഒരുവയസ്സിന് താഴെയുള്ളതില്‍ 168 എണ്ണം ആണ്‍കുട്ടികളാണ്. ഇതില്‍ ആകെയുള്ളത് 248 പേര്‍. പെണ്‍കുട്ടികളുടെ എണ്ണം ഇതില്‍ വെറും 80 മാത്രം.

അപകടങ്ങളില്‍ ഏറെയും വീട്ടിലെ അടുക്കളകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വീട്ടിലുള്ളവര്‍ പാചകം ചെയ്യുന്നതിനിടെ കുട്ടികള്‍ അപകടത്തില്‍പെടുകയാണ്. തണുപ്പ് കാലത്താണ് അപകടം കൂടുതലുണ്ടാകുന്നത്. ഈ സമയത്ത് ചൂടുള്ള ഭക്ഷണത്തിനായി കൂടുതല്‍ പാചകം നടക്കുന്നത് കൊണ്ടാകാമിതെന്നാണ് വിലയിരുത്തുന്നത്. കുളിക്കാനുള്ള ചൂട് വെള്ളത്തില്‍ നിന്നും അപകടം ഉണ്ടാകുന്നുണ്ട്. എന്നാല്‍ മൊത്തം അപകടത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ന്യുസിലാന്റിലെ ഒട്ടാഗോ സര്‍വകലാശാലയിലെ ഡോ. സുല്‍ത്താന്‍ അല്‍ ശഖ്‌സിയാണ് ഈ പ~നം നടത്തിയത്. അമേരിക്കയിലെ ബേണ്‍സ് ജേണലില്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കപ്പെട്ടിരുന്നു.

(28..07..13)

നേപ്പാൾ: അവരുടേതല്ലാത്ത കാരണത്താൽ ഒഴുകിമായുന്ന മനുഷ്യർ

 ലോകത്ത് ധ്രുവപ്രദേശം കഴിഞ്ഞാൽ ഏറ്റവും വലിയ ഹിമശേഖരം സ്ഥിതിചെയ്യുന്നത് ഇന്ത്യയും ചൈനയും നേപ്പാളുമടക്കം എട്ടുരാജ്യങ്ങളുൾക്കൊള്ളുന്ന ഹിന്ദുകുഷ...