Sunday, July 3, 2016

വേണം, സ്‌കൂളുകളുടെ പുനക്രമീകരണം

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ഉപജില്ലക്ക് കീഴിലെ ഒരു ഹയര്‍ സക്കന്ററി
സ്‌കൂള്‍ വന്‍ വിലക്ക് ഈയിടെ വിറ്റു. നാല് പതിറ്റാണ്ടോളം പ്രവര്‍ത്തന
പാരമ്പര്യമുള്ള സ്‌കൂള്‍, സ്ഥലത്തെ മുസ്#ലിം ജമാഅത്ത് കമ്മിറ്റിക്ക്
1979ല്‍ അനുവദിച്ചതായിരുന്നു. എന്നാല്‍ സ്‌കൂള്‍
നടത്തിക്കൊണ്ടുപോകാന്‍ ശേഷിയില്ലാതിരുന്ന മഹല്ല് കമ്മിറ്റി സ്ഥലത്തെ
പ്രധാന രാഷ്ട്രീയ നേതാവിനെ അതിന് ചുമതലപ്പെടുത്തി. സമീപ
പ്രദേശങ്ങളിലൊന്നും ഒരുഹൈസ്‌കൂള്‍ ഇല്ലാതിരുന്ന കാലത്ത്
അനുവദിച്ചുകിട്ടിയ സ്‌കൂളിനെ ആ ഗ്രാമീണര്‍ തന്നെയാണ് അധ്വാനിച്ച്
വളര്‍ത്തിയതും നിലനിര്‍ത്തിയതും. വീട്ടിലെ തെങ്ങ് മുറിച്ച് സ്‌കൂളിന്
സംഭാവന ചെയ്തവര്‍ മുതല്‍ കെട്ടിടം പണിയാന്‍ കൂലിയില്ലാതെ
പണിയെടുത്തവര്‍ വരെ അവിടെയുണ്ട്. എന്നാല്‍ സ്‌കൂള്‍ വില്‍ക്കാന്‍
തീരുമാനിച്ച ആ മാനേജറുടെ പിന്‍മുറക്കാര്‍ക്ക് പക്ഷെ ഒരു വിദ്യാഭ്യാസ
സ്ഥാപനം രൂപപ്പെട്ടുവന്ന ഇത്തരം സാമൂഹിക സാസ്‌കാരിക
ഘടകങ്ങളും തദ്ദേശീയമായ അതി്‌ന്റെ രാഷ്ട്രീയ പ്രാധാന്യവും ഒട്ടുമേ
വിഷയമായിരുന്നില്ല. അതുവാങ്ങിയയാള്‍ക്കും അത് അത്രമേല്‍
സുപ്രധാനമായ ഒരു ഘടകമായിരുന്നില്ല. പണം കൊണ്ട് തീര്‍ക്കാവുന്ന
ഇടപാടുകള്‍ മാത്രമായി അത് പരിണമിച്ചു. ഒരു പ്രദേശത്തിന്‌റെ
ഒന്നാകെയുള്ള സാമൂഹിക അധ്വാനത്തെ ഒറ്റയടിക്ക് ആ ഇടപാട്
നിരാകരിച്ചു കളഞ്ഞു.
ഈ സ്‌കൂളിന് സമീപം ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയമുണ്ട്.
സര്‍്കകാര്‍ മാനദണ്ഡ പ്രകാരം ഏറെക്കുറെ അടതച്ചുപൂട്ടാറായ
അവസ്ഥയിലാണ്. ഇപ്പോള്‍ പഠി്ക്കുന്നവരില്‍ പകുതിയോളം ദാരിദ്ര്യ
രേഖക്ക് താഴെയുള്ളവര്‍. മൂന്നിലൊന്ന് പട്ടികജാതി വിഭാഗത്തില്‍
പെട്ടവര്‍. സമീപവാസിയായ ഒരാള്‍ വിട്ടുകൊടുത്ത 50 സെന്റിലേറെ
സ്ഥലത്താണ് ഒരുനൂറ്റാണ്ട് പഴക്കമുള്ള ഈ യു പി സ്‌കൂള്‍
പ്രവര്‍ത്തിക്കുന്നത്. പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും
നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്ന പശ്ചാത്തലങ്ങള്‍ക്കുള്ള സാമൂഹ്യ
പ്രാധാന്യമെത്രയെന്നതിനുള്ള കൃത്യമായ സൂചകമാണ് ഒരൊറ്റ
ഗ്രാമത്തിലെ ഈ രണ്ട് മാതൃകകള്‍. ഇത്തരം സ്‌കൂളുകളാണ്
കേരളത്തിലെ മഹാഭൂരിഭാഗം പൊതു വിദ്യാലയങ്ങളും. സമൂഹത്തിലെ
ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവര്‍ ഇന്നും ആശ്രയിക്കുന്ന
സ്ഥാപനങ്ങള്‍. ഇത്തരം സാമൂഹിക ഘടകങ്ങളൊന്നും
പരിഗണിക്കാതെയാണ് അവയെ അടച്ചുപൂട്ടണമെന്ന വാദം ഉയരുന്നത്.
അതേസമയം തന്നെ അടച്ചുപൂട്ടല്‍ പ്രതിരോധിക്കാന്‍ ഉന്നയിക്കുന്ന
വാദങ്ങള്‍ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളെയും
വികാസത്തെയും എത്രമേല്‍ പരിഗണിച്ചുകൊണ്ടാണെന്ന
പുനരാലോചനയും അനിവാര്യമായിരിക്കുന്നു.




പൂട്ടുന്ന സ്‌കൂളുകള്‍

കേരളത്തിലാകെയുള്ളത് 11,954 സ്‌കൂളുകളാണ്. ഇതില്‍ 57
ശതമാനവും എയിഡഡ് സ്‌കൂളുകളാണ്. 36 ശതമാനമാണ് സമ്പൂര്‍ണ
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍. 1066 എച്ച് എസും 899
യുപിയും 2539 എല്‍പിയും. സര്‍ക്കാര്‍ കണക്കിലുള്ള അണ്‍എയിഡഡ്
സ്‌കൂളുകളുടെ എണ്ണം ആകെ 863. അടിസ്ഥാന സൗകര്യങ്ങളുടെ
കാര്യത്തില്‍ ഈ സ്‌കൂളുകളെല്ലാം ഏറെ മുന്നിലാണ്. മികച്ച
കെട്ടിടങ്ങളും ഉപകരണങ്ങളമെല്ലാം ഒട്ടുമിക്ക സ്‌കൂളുകളിലുമുണ്ട്.
പലതരം പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ
കാലത്തും സര്‍ക്കാറുകള്‍ ശ്രമിച്ചിട്ടുമുണ്ട്. എസ് എസ് എ പോലുള്ള
പദ്ധതികള്‍ ഇക്കാര്യത്തില്‍ കേരളത്തിന് ഏറെ സഹാകരമാകുകയും
ചെയ്തിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാലായിരത്തിലധികം
സ്‌കൂളുകളില്‍ മഹാഭൂരിഭാരവും സ്വന്തം കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്. ആകെ 128 സ്‌കൂളുകള്‍ മാത്രമാണ് വാടക
കെട്ടിടത്തിലുള്ളത്.
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം മെച്ചപ്പെട്ട കരിക്കുലവും
എല്ലാകാലത്തും പൊതുവിദ്യാലയങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്. അവസാനം
വന്ന ഡി പി ഇ പി സൃഷ്ടിച്ച ആശയക്കുഴപ്പം ഒഴിച്ചാല്‍ ഏറെക്കുറെ
സുസ്ഥിരമായ പാഠ്യപദ്ധതിയും ഇവിടെയുണ്ട്. ഡി പി ഇ പി വിലയൊരു
വിഭാഗത്തെ പൊതു വിദ്യാലയങ്ങളില്‍നിന്ന് അകറ്റിയെങ്കിലും ആ
ബോധനശാസ്ത്രം പലരെയും ആകര്‍ഷിക്കുകയും ചെയ്തു.
അധ്യാപകരുടെ കാര്യത്തിലും ഒരുകാലത്തും കേരളത്തില്‍
അപര്യാപ്തതയുണ്ടായിട്ടില്ല. കുട്ടികള്‍ കുറഞ്ഞ് തസ്തിക
നഷ്ടപ്പെട്ടവരുള്ള സംസ്ഥാനമാണിത് (അധ്യാപക വിന്യാസത്തിലെ
അശാസ്ത്രീയത സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും).
ഇങ്ങിനെ മികച്ച അടിസ്ഥാന സൗകര്യമുള്ള, മികച്ച അധ്യാപകരും നല്ല
പാഠ്യപദ്ധതിയും താരതമ്യേന മെച്ചപ്പെട്ട ഭരണ സംവിധാനവുമുള്ള
സ്‌കൂളുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത് എന്നതാണ്
കേരളത്തിലെ സവിശേഷത.

ലാഭം വേണ്ട വിദ്യാഭ്യാസം

സമൂഹത്തിന്റെ അതിജീവനവും സാംസ്‌കാരികോന്നമനവുമാണ്
വിദ്യാഭ്യാസ ക്രമത്തെയും ബോധന രീതികളെയും രൂപപ്പെടുത്തുന്നത്.
ഓരോ കാലത്തും അതിനനുസരിച്ച വിദ്യാഭ്യാസ സന്പ്രദായങ്ങള്‍
രൂപപ്പെട്ടതും അങ്ങിനെയാണ്. കേരളത്തിലും ഇത്തരം സാമൂഹ്യ
വീക്ഷണങ്ങളെയും രാഷ്ട്രീയ വികാസത്തെയും അടിസ്ഥാനമാക്കി
തന്നെയാണ് വിദ്യാഭ്യാസ ഉള്ളടക്കം രൂപപ്പെട്ടത്. അതില്‍ സംഭവിച്ച
പുറംതള്ളലുകളും മറ്റും വേറെ തന്നെ പരിഗണിക്കേണ്ടതാണെങ്കിലും
പൊതുവെ സാമൂഹിക പ്രസക്തമായ ഉള്ളടക്കം കേരളത്തിലെ
വിദ്യാഭ്യാസമേഖലയില്‍ എക്കാലത്തും നിലനിന്നിട്ടുണ്ട്. 1980കളിലാണ്
വിദ്യാഭ്യാസം തൊഴില്‍ നേടാനുള്ള ഉപാധിയെന്ന തലത്തിലേക്ക്
കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ആഗോളവത്കരണത്തെ തുടര്‍ന്ന്
തൊഴില്‍വിപണിയിലുണ്ടായ മാറ്റങ്ങള്‍ ഈ പ്രവണതക്ക് ആക്കം കൂട്ടി.
അങ്ങേയറ്റം മത്സരക്ഷമമായ ആഗോള തൊഴില്‍
വിപണിയിലേക്കിറങ്ങാനുള്ള ആത്മവിശ്വാസമാര്‍ജിക്കല്‍
വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായി മാറുകയും ചെയ്തു.
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താത്പര്യമായി മാറേണ്ട സാമൂഹിക
കാരണങ്ങള്‍, വ്യക്തി തലതത്തിലേക്ക് ചുരുക്കപ്പെടുകയായിരുന്നു
ഇതിലൂടെ സംഭവിച്ചത്. വ്യക്തി കേന്ദ്രീകൃതവും താല്‍ക്കാലികവും
ലാഭാധിഷ്ടിതവുമായ വിദ്യാഭ്യാസ രീതിയെ ശക്തി്‌പെടുത്തുകയാണ് ഇത്
ചെയ്തത്. എ ഡിബിയും ലോക ബാങ്കുംപോലുള്ള കേരളത്തിന്
സാന്പത്തിക സഹായംനല്‍കിയ അന്താരാഷ്ട്ര ധനകാര്യ ഏജന്‌സികള്‍
ഈ രീതിയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ നയം
തന്നെ ഇതിനിണങ്ങുംവിധം പരിവര്‍ത്തിപ്പിക്കപ്പെടുകയും ചെയ്തു.

തുറക്കുന്ന സ്‌കൂളുകള്‍

ഈ പശ്ചാത്തലത്തിലാണ് കേളത്തില് അണ്‍എയിഡഡ് എന്ന പേരില്‍
സ്വാശ്രയ സ്‌കൂളുകള്‍ വ്യാപകമാകുന്നത്. വലിയ സൌകര്യങ്ങള്‍
വാഗ്ദാനം ചെയ്ത് വന്‍ തുക ഫീസ് ഈടാക്കിയാണ് അണ്‍ എയിയിഡഡ്
സ്‌കൂളുകള്‍ കേരള വിദ്യാഭ്യാസ മേഖലയില്‍ ഇടംപിടിച്ചത്. ആഗോള
തൊഴില്‍ വിപണിയിലേക്കിറങ്ങാനാവശ്യമായ ഭാഷാപരവും
സാങ്കേതികവുമായ യോഗ്യതകള്‍ ഇതിന്റെ മുഖ്യ ആകര്‍ഷണമായി. ഇന്ന്
എല്‍ കെ ജി പ്രവേശത്തിന് രണ്ട് ലക്ഷം വരെ തലവരി വാങ്ങുന്നവരും
ഒരു ലക്ഷം വരെ വാര്‍ഷിക ഫീസ് ഈടാക്കുന്നവരും ഈ രംഗത്തുണ്ട്.
പേരെടുത്ത എയിഡഡ് സ്ഥാപനങ്ങള്‍ പോലും പതിനായിരങ്ങള്‍
ഫീസീടാക്കുന്ന സ്വാശ്രയവിഭാഗം തുടങ്ങി. ഇംഗ്ലീഷ് പ്രാവീണ്യം മുതല്‍
ഉയര്‍ന്ന വിജയശതമാനം വരെയുള്ള ഘടകങ്ങള്‍ സി ബി എസ് ഇ ഐ
സി എസ് ഇ സ്‌കൂളുകളെ അതിവേഗം ജനപ്രിയമാക്കി. വിദേശ
രാജ്യങ്ങളിലെ തുടര്‍പഠന സാധ്യതയടക്കം കുട്ടികളുടെ ഭാവി
സാധ്യതകള്‍ കേരളത്തിലെ രക്ഷിതാക്കളെ കൂടുതല്‍ ഈ
മേഖലയിലേക്ക് ആകര്‍ഷിച്ചു. മികച്ച വിദ്യാഭ്യാസ പദ്ധതിയാണിതെന്ന
പൊതുധാരണ കേരളത്തില്‍ ശക്തമാകുകയും ചെയ്തു.
പൊതുസമൂഹം മികച്ചതെന്ന് കരുതുന്ന സ്‌കൂളുകള്‍ തുറക്കുന്നതോടെ
പൊതു വിദ്യാലയങ്ങള്‍ വിട്ട് അവര്‍ അങ്ങോട്ട് മാറാനും തുടങ്ങി.
ഇത്തരം സ്‌കൂളുകളില്‍ പഠിക്കാന്‍ പ്രാപ്തിയുള്ള രക്ഷിതാക്കളെയും
വിദ്യാര്‍ഥികളെയും സംബന്ധിച്ചേടത്തോളം ഒരുപരുധിവരെ ഇത്
ഗുണകരമായ മാറ്റമായിത്തീരുകയും ചെയ്തു.
എന്നാല്‍ പൊതുവിദ്യാഭ്യാസം മാത്രം മതിയെന്ന് വാദിക്കുന്നവര്‍
പ്രചരിപ്പിക്കും പാലെ കേരളത്തിലെ എല്ലാ അണ്‍എയിഡഡ്
സ്‌കൂളുകളും വെറും വാണിജ്യ താല്‍പര്യത്താല്‍ മാത്രം
സ്ഥാപിക്കപ്പെട്ടവയല്ല. പൊതു വിദ്യാഭ്യാസ സംവിധാനത്തിന്റെ അഭാവം
കേരളത്തില് വലിയ അളവില്‍ അണ്‍എയിഡഡ് സ്‌കൂളുകളുടെ
ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ട്. ഇവയില്‍ പലതും വലിയ നഷ്ടം
സഹിച്ചാണ് നടത്തിക്കൊണ്ടുപോകുന്നത്. കേരളത്തിലെ വിദ്യാഭ്യാസ
സംവിധാനങ്ങളുടെ വിന്യാസത്തിലെ അതിരൂക്ഷമായ അസന്തുലിതത്വം
പരിഹരിക്കാന്‍ സര്‍ക്കാറുകള്‍ തയാറാകാതിരുന്നപ്പോഴാണ്
രക്ഷിതാക്കളും നാട്ടുകാരും ബദല്‍ വഴികള്‍ അന്വേഷിക്കാന്‍
നിര്‍ബന്ധിതരായത്. പൊതുവിദ്യാലയങ്ങളെപ്പോലെ തന്നെ ഒരുവിഭാഗം അണ്‍എയിഡഡ് സ്‌കൂളുകളുടെ പിറവിക്കും വളര്‍ച്ചക്കും പിന്നിലും വലിയ സാമൂഹിക ന്യായങ്ങളും തദ്ദേശീയമായ അതിജീവനശ്രമങ്ങളും ഉണ്ടെന്നര്‍ഥം.
ഇത്തരം സാഹചര്യങ്ങളിലൂടെ വികസിച്ചുവന്ന കേരളത്തിലെ
അണ്‍എയിഡഡ് മേഖല ഇന്ന് ഏറ്റവും ആകര്‍ഷകമായ വിദ്യാഭ്യാസ
സംവിധാനമായിമാറിക്കഴിഞ്ഞു. ഉയര്‍ന്ന ഫീസും തലവരിപ്പണവും
മൂന്നാം വയസിലെ പ്രവേശന പരീക്ഷയുമെല്ലാം കടന്നാണ് കുട്ടികള്‍
ഇവിടേക്ക് എത്തുന്നത്. അത്രമേല്‍ കേരളീയര്‍ ഇതിനെ
സ്വീകരിച്ചുകഴിഞ്ഞു. വേതനം തീരെ കുറവാണങ്കിലും
സാമൂഹ്യാംഗീകരാമുള്ള തൊഴിലിടവുമാണ് ഇത്. പൊതുവിദ്യാഭ്യാസ
സംരക്ഷണം അനിവാര്യമാകുന്‌പോഴും ഈ സാഹചര്യങ്ങള്‍
അവഗണിക്കാന്‍ കഴിയാത്തതായി മാറിക്കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ ആകെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍
കണക്കുപ്രകാരം 7 ശതമാനത്തിലധികം ഇന്ന് അണ്‍എയിഡഡ്
സ്‌കൂളുകളാണ്. കണക്കില്‍പെടാത്തത് വേറെയും.




പൂട്ടാന്‍ കാരണങ്ങള്‍ പലത്

കുട്ടികള്‍ കൂട്ടത്തോടെ അണ്‍ എയിഡഡ് സ്‌കൂളുകളിലേക്ക്
ഒഴുകുന്നതാണ് പൊതുവിദ്യാഭ്യാസം തകരാനുള്ള ഏക കാരണമായി
കാലങ്ങളായി കേരളത്തില്‍ നടക്കുന്ന എല്ലാ വിദ്യാഭ്യാസ
ചര്‍ച്ചകളുടെയും 'കണ്ടെത്തല്‍'. പൊതുവിദ്യാഭ്യാസത്തോടുള്ള
അമിതാഭിനിവേശത്തില്‍ ഇത്തരം വാദങ്ങള്‍ വൈറലായി
മാറാമെങ്കിലും യാഥാര്‍ഥ്യം അതിനുമപ്പുറത്താണ്. സൌജന്യ
വിദ്യാഭ്യാസം സാര്‍വത്രികമാക്കിയ കേരളത്തില്‍ ആ
ആനുകൂല്യങ്ങളെല്ലാം ഉപേക്ഷിച്ച് എല്ലാവരും സ്വയം
പ്രതിസന്ധിവരിക്കുന്നതല്ല. മറിച്ച് നിരവധി സാമൂഹിക കാരണങ്ങള്‍
കുട്ടികള്‍ ഇല്ലാതാകുന്നതിന് പിന്നിലുണ്ട്.
പറയ വിഭാഗത്തില്‍പെട്ടവര്‍ കൂടുതല്‍ പഠിക്കുന്നതിനാല്‍
മറ്റുസമുദായങ്ങളില്‍ നിന്നുള്ളവര്‍ ഉപേക്ഷിച്ചുപോയ കോഴിക്കോട്
പേരാന്പ്ര വെല്‍ഫെയര്‍ ഗവ.എല്‍ പി സ്‌കൂളിനെപ്പറ്റി കേരളം ഏറെ ചര്‍ച്ച
ചെയ്തതാണ്. കഴിഞ്ഞ അധ്യയന വര്‍ഷമായിരുന്നു ഈ സംഭവം
കേരളത്തിന്റെ പൊതുശ്രദ്ധയിലെത്തിയത്. എന്നാല്‍ ഇത്തവണയും
അവിടത്തെ അവസ്ഥക്ക് ഒരു മാറ്റവുമില്ല. ഇടതുപക്ഷ സംഘടനകള്‍ക്ക്
ആധിപത്യമുള്ള, കര്‍ഷക പോരാട്ടങ്ങളുടെ പേരില്‍ പ്രസിദ്ധമായ
കയ്യൂരിലെ ചെറായിക്കര എല്‍ പി സ്‌കൂളില്‍ ആകെയുള്ളത് 16
വിദ്യാര്‍ഥികള്‍. സ്‌കൂളിലേക്ക് കൊള്ളാവുന്ന ഒരു
റോഡുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കുട്ടികള്‍ വരുമായിരുന്നുവെന്ന്
നാട്ടുകാര്‍ തന്നെ പറയുന്നു.
കാസര്‍കോട്ടെ കൊട്ടംകുഴി എഎല്‍പി സ്‌കൂളില്‍ ആകെ
വിദ്യാര്‍ഥികകള്‍ 12. രണ്ട് പതിറ്റാണ്ടായി ഇവിടെ പ്രധാന അധ്യാപകനില്ല.
തിരുവനന്തപുരം പാങ്ങോട് അടപ്പുപാറ സര്‍ക്കാര്‍ ട്രൈബല്‍ എല്‍പി
സ്‌കൂളില്‍ ഒരുകാലത്തും ആവശ്യത്തിന് അധ്യാപകരുണ്ടാകാറില്ല.
ഇവിടേക്ക് നിയോഗിക്കപ്പെടുന്നവര്‍ വന്നയുടന്‍ സ്ഥലംമാറ്റം
വാങ്ങിപ്പോകും. 10 ആദിവാസി കോളനികള്‍ക്കുള്ള ഏക
ആശ്രമയമാണീ വിദ്യാലയം. പഠിപ്പിക്കാന്‍ ആളില്ലാത്തിടത്ത് പഠിക്കാന്‍
കുട്ടികള്‍ വരണമെന്ന് ശഠിക്കുന്നതെങ്ങനെ? ചില ഫിഷറീസ് സ്‌കൂളില്‍
ഹോസ്റ്റലിലല്‍ താമസിച്ച് പഠിക്കാനെത്തുന്നവര്‍ പോലും മത്സ്യബന്ധന
സീസണില്‍ പഠനം നിര്‍ത്തി പണിക്ക് പോകാറുണ്ട്. അവരുടെ ജീവിതം
അതുകൂടിയാണ്.
കുട്ടികളുടെ ജനന നിരക്കിലുണ്ടായ കുറവും ഒരു പരിധിവരെ
സ്‌കൂളുകളെ ബാധിക്കുന്നുണ്ട്. എല്ലാ കൊല്ലവും പുതുതായി പ്രവേശം
നേടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ആലപ്പുഴയില്‍ ഒരു
സ്‌കൂള്‍ കൂടുതല്‍ കുട്ടികളെ ചുറ്റുവട്ടത്തുനിന്ന് കണ്ടെത്തിയപ്പോള്‍ സമീപത്തെ രണ്ട് പൊതു വിദ്യാലയങ്ങളെ അത് ബാധിച്ചു.
എയിഡഡിലേക്കുള്ള ഒഴുക്ക് പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ കാരണമാകുന്നു എന്ന കേവല വാദത്തിലുപരിയായി അതിന് നിരവധി കാരണങ്ങള്‍ വേറെയുമുണ്ടെന്നാണ് ഈ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതില്‍ വഴിയില്ലായ്മ മുതല്‍ അധ്യാപകരുടെ സന്നദ്ധതയില്ലായ്മ വരെയുണ്ട്. ഇവയെയൊന്നും അഭിമുഖീകരിക്കാതെയുള്ള പൊതിവിദ്യാഭ്യാസ സംരക്ഷണ മുദ്രാവാക്യങ്ങള്‍ നമ്മുടെ ശ്രമങ്ങളെ ഫലശൂന്യമായ അഭ്യാസമാക്കിമാറ്റുകയാണ് ചെയ്യുന്നത്. അതേസമയം തന്നെ കുട്ടികളില്ലാതെ പൂട്ടല്‍
ഭീഷണി നേരിടുന്ന വിദ്യാലയങ്ങളില്‍ പഠിക്കുന്നവരില്‍ മഹാഭൂരിഭാഗവും
ദരിദ്രരും പിന്നാക്കക്കാരുമാണെന്ന വസ്തുതയും കാണാതിരുന്നുകൂട.

പൂട്ടുന്നിടത്ത് പോകുന്നവര്‍

നാല് സ്‌കൂളുകളാണ് പൂട്ടാന്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ അനുമതി
നേടിയത്. അതില്‍ ആദ്യം പൂട്ടുവീണ മലപ്പുറം മാങ്ങാട്ടുമുറി യു പി
സ്‌കൂളില്‍ ആകെയണ്ടായിരുന്നത് 67 പേര്‍. ഇതില്‍ 42 പേരും ദാരിദ്ര്യ
രേഖക്ക് താഴെയുളള കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍. 6 പേര്‍
പട്ടികജാതി വിഭാഗത്തില്‍പെട്ടവരും 24 പേര്‍ മുസ്ലിം വിദ്യാര്‍ഥികളും.
തൃശൂര്‍ കിരാലൂര്‍ എല്‍ പി എസില്‍ ആകെയുള്ള കുട്ടികളില്‍
പകുതിയോളം പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവരാണ്. വിവാദമായ
കോഴിക്കോട്ടെ മലാപ്പറന്പ് സ്‌കൂളില്‍ ആകെയുള്ള 58 പേരില്‍ 35
പേരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. 14 പേര്‍ പട്ടിക ജാതി
വിഭാഗത്തില്‍പെട്ടവരും. 14 പേര്‍ സമീപത്ത വിവിധ അനാഥാലയങ്ങളില്‍
നിന്നുള്ളവരും. സ്‌കുളുകളുടെ അഭാവവും 'ഉയര്‍ന്ന' സ്‌കൂളുകളില്‍
എത്തിപ്പെടാനുള്ള സാമ്പത്തികസാമൂഹിക സാഹചര്യങ്ങളുടെ
അപര്യാപ്തതയും ദരിദ്രപിന്നാക്ക വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരുന്ന്
പഠിക്കാനുള്ള ജാതി കേരളത്തിന്റെ വിമുഖതയുമാണ് ദലിതരുടെയും
ദരിദ്രരുടെയും കേന്ദ്രമാക്കി ഇത്തരം സ്‌കൂളുകളെ മാറ്റുന്നത്.
കേരളത്തില്‍ ഏറ്റവുമേറെയുള്ള എയിഡഡ് സ്‌കൂളുകളില്‍ വെറും 1.47
ശതമാനമാണ് പട്ടിക ജാതി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം. 36 ശതമാനം മാത്രമുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രാതിനിധ്യം 3.92 ശതമാനം. സ്വാശ്രയ സ്‌കൂളുകളില്‍ അത് നാമമാത്രമാണ്  0.35 ശതമാനം. അവമതിയും അവഗണനയും പോലുള്ള പരോക്ഷ വിവേചനങ്ങള്‍ ഭയന്ന്
വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍, അവര്‍ തന്നെ മികച്ചതെന്ന്
കരുതുന്ന സ്‌കൂളുകളില്‍ പോകാന്‍ തയാറാകുന്നില്ലെന്ന് കേരളത്തില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. യൂണിഫോം
മുതല്‍ ചില സ്‌കൂളുകളിലെ പുസ്തകങ്ങള്‍ വരെ ഇത്തരം വിദ്യാര്‍ഥികളെ
ഭയപ്പെടുത്തുന്നുവെന്നും സര്‍വേകളില്‍ വ്യക്തമായിരുന്നു.
എന്നാല്‍ ഇവയേക്കാളേറെ പ്രധാനപ്പെട്ട പ്രതിസന്ധി സ്‌കൂളുകളുടെ
ലഭ്യതയാണ്. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന
സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നാടാണ് കേരളം. ഇതിലേക്ക്
നയിച്ചതായി കേരളീയര്‍ തന്നെ വിശ്വസിച്ചുപോരുന്നത് 'പുരോഗമന'
നിലപാടുകളുമാണ്. ഈ വീമ്പു പറച്ചിലിന് മോടി കൂട്ടാന്‍ നാം
ബോധപൂര്‍വം മറച്ചുവച്ച യാഥാര്‍ഥ്യങ്ങളിലൊന്നാണ് ദരിദ്ര പിന്നാക്ക
വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളിലെ പ്രാഥമിക
വിദ്യാഭ്യാസത്തിനുള്ള അപര്യാപ്തത. വിദ്യാഭ്യാസ അവകാശ
നിയമപ്രകാരം അയല്‍പക്ക സ്‌കൂളുള്‍ നിര്‍ബന്ധമാണ്. എന്നാല്‍
എസ്.സി വിഭാഗത്തില്‍ ഒരു കിലോമീറ്റര്‍ ദൂര പരിധിയില്‍ ഏതെങ്കിലും
തരം സ്‌കൂള്‍ ലഭ്യമല്ലാത്തവര്‍ കേരത്തില്‍ 53.93 ശതമാനമാണെന്ന്
'റൈറ്റ്‌സ്' നടത്തിയ പഠനത്തില്‍ പറയുന്നു. നിയമപ്രകാരം ഈ ദൂര
പരിധിക്കുള്ളില്‍ ഒരു എല്‍.പി സ്‌കൂള്‍ വേണം. 16.88 ശതമാനത്തിന് ഒരു
സ്‌കൂള്‍ കാണാന്‍ നാല് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യണം. 10.02
ശതമാനത്തിന് 24 കിലോമീറ്ററും. പട്ടിക വര്‍ഗത്തിന് ഇത് കൂടുതല്‍
രൂക്ഷമാണ്: 65.53 ശതമാനത്തിന് ഒരു കിലോമീറ്ററിനകത്ത് സ്‌കൂള്‍
ലഭ്യമല്ല. 29.55 ശതമാനത്തിന് സ്‌കൂളിലത്തൊന്‍ നാല് കിലോമീറ്ററിലധികം
ദൂരമുണ്ട്. മല്‍സ്യത്തൊഴിലാളി മേഖലയില്‍ 30.88 ശതമാനത്തിന് ഒരു
സ്‌കൂള്‍ കണ്ടെത്താന്‍ ഒരു കിലോമീറ്ററില്‍ അധികം യാത്ര ചെയ്യണം.
2.23 ശതമാനത്തിന് നാല് കിലോമീറ്റില്‍ കൂടുതലും.
ഇതിനെല്ലാം പുറമെയാണ് സ്‌കൂളില്‍ ഒട്ടും പോകാത്തവര്‍.
എസ്.സിയില്‍ 6.85 ശതമാനവും എസ്.ടിയില്‍ 3.93 ശതമാനവും മല്‍സ്യ
മേഖലയില്‍ 5.21 ശതമാനവും ഇക്കൂട്ടത്തിലാണ്. പട്ടിക ജാതി
വിഭാഗത്തിലെ 16.08 ശതമാനവും പട്ടികവര്‍ഗത്തില്‍പെട്ട 11
ശതമാനവും പഠിക്കുന്നത് ലാഭകരമല്ലെന്ന്
പ്രഖ്യാപിക്കപ്പെട്ട സ്‌കൂളുകളിലാണ്. എന്നാല്‍ മല്‍സ്യ മേഖലയില്‍ നിന്ന്
ഇത്തരമൊരു കണക്ക് തന്നെ സര്‍ക്കാറിന്റെ കൈവശമില്ല. അതേസമയം
മത്സ്യത്തൊഴിലാളി മേഖലകളിലെ 34 ശതമാനം സ്‌കൂളുകളും
ലാഭകരമല്ലാത്തവയുടെ പട്ടികയിലാണെന്നും റൈറ്റ്‌സിന്റെ പഠനം
പറയുന്നു. (അവലംബം മാധ്യമം 01/2013).
പ്രതിസന്ധിയിലാകുന്ന എല്ലാ സ്‌കൂളുകളിലും അവസാനം
അവശേഷിക്കുന്നത് അതി ദരിദ്രരും സാമൂഹികമായി പിന്നാക്കം
നില്‍ക്കുന്നവരും മാത്രമാണ്. എന്നാല്‍ അണ്‍
എയിഡഡുകളാകട്ടെ, അതിന്‌റെ എല്ലാ വാണിജ്യ
താത്പര്യങ്ങള്‍ക്കുമപ്പുറം സാമൂഹികമായ അനിവാര്യതയായി
മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഒരുവര്‍ഷം ഏതാണ്ട് 3 ലക്ഷം വിദ്യാര്‍ഥികള്‍
പൊതു വിദ്യാലയത്തിലെത്തുമ്പോള്‍ ഒരു ലക്ഷം പേര്‍ സബിഎസ്ഇ,
ഐ സി എസ് ഇ സിലബസുകളിലേക്ക് പോകുന്നുണ്ട്. ഈ
സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വേണം ഒരു സ്‌കൂളുന്‌റെ
അതിജീവനത്തിന് വഴികളന്വേഷിക്കേണ്ടത്.

ലാഭ നഷ്ടം നിശ്ചയിക്കുന്ന വിധം

കേരളത്തില്‍ ഒരു സ്‌കൂള്‍ ലാഭകരമാണോ എന്ന് നിശ്ചയിക്കാനുള്ള
ഏക മാനദണ്ഡം അവിടെ കുറഞ്ഞത് ഒരു ക്ലാസില്‍ 15കുട്ടികള്‍
എങ്കിലും ഉണ്ടായിരിക്കുക എന്നതാണ്. കഴിഞ്ഞ വര്‍ഷം വരെ മിനിമം 25
കുട്ടികള്‍ എന്നായിരുന്നു കണക്ക്. കുട്ടികളുടെ പരിധി കുറച്ചുവക്കുക
വഴി രണ്ടായിരത്തോളം സ്‌കൂളുകളെ കഴിഞ്ഞ സര്‍ക്കാര്‍
ആദായകരമാക്കി മാറ്റി! എന്നിട്ടും 3500ാളം സ്‌കൂളുകള്‍ ഇപ്പോഴും
അനാദായകര പട്ടികയിലാണ്. 10ല്‍ താഴെ മാത്രം കു്ട്ടികളുള്ള 150ാളം
സ്‌കൂളുകള്‍ കേരളത്തിലുണ്ട്.
സമീപ ഭാവിയില്‍ തന്നെ ഇവയെല്ലാം പൂട്ടുകയോ പൂട്ടല്‍ വിവാദത്തില്‍
അകപ്പെടുകയോ ചെയ്യുമെന്നുറപ്പ്.
ഇപ്പോള്‍ തന്നെ കേരള്ത്തില്‍ ആയിരത്തോളം സ്‌കൂളുകള്‍ പൂട്ടാന്‍
അപേക്ഷ സമര്‍പിച്ചുകഴിഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകപ്പുമായി
ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ഓരോവര്‍ഷവും നിരവധി സ്‌കൂളുകള്‍
പൂട്ടിപ്പോകുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 12 സ്‌കൂളുകളാണ്
കേരളത്തില്‍ പൂട്ടിയത്. കുട്ടികളുടെ എണ്ണം മാത്രം മുന്നില്‍വച്ച് ഒരു
വിദ്യാലയത്തെ ലാഭകരമെന്നോ പൂട്ടേണ്ടതാണ് എന്നോ വിധിക്കുന്നത്
സാമൂഹിക വിരുദ്ധമായ നടപടിയാണ്. അങ്ങേയറ്റം നഷ്ടം സഹിച്ചിട്ടും
സാമൂഹിക പ്രതിബദ്ധത കൊണ്ട് മാത്രം നടത്തിക്കൊണ്ടുപോകുന്ന
നിരവധി അണ്‍എയിഡഡ് സ്‌കൂളുകളുള്ള കേരളത്തിലാണ്, സര്‍ക്കാര്‍
തലത്തില്‍ ഇ്ത്തരം തീരുമാനങ്ങളുണ്ടാകുന്നത് എന്നതാണ്
വൈരുദ്ധ്യം. കേവലം കെ ഇ ആര്‍ പരിഷ്‌കരണം കൊണ്ട് ഇത് മറികടക്കാനാകില്ല. മറിച്ച് സര്‍ക്കാറുകളുടെ നയം തന്നെ ഈ രീതിയില്‍ പുനരാവിഷ്‌കരക്കണം.
അടച്ചൂപൂട്ടുക എന്നതിലുപരി ഇത്തരം സ്‌കൂളുകളെ നവീകരിക്കാനുള്ള
സംസ്ഥാന വ്യാപകമായ പദ്ധതികള്‍ ഇതുവരെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല.
പ്രാദേശികമായി നാട്ടുകാരും രക്ഷിതാക്കളും ജനപ്രതിനിധികളും എല്ലാം
ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ പലയിടത്തും വിജയംകണ്ടിട്ടുണ്ട്. ആയിരം കുട്ടികളുള്ള സ്‌കൂളായി മാറിയ സ്ഥാപനങ്ങള് കേരളത്തിലുണ്ട്. എന്നാല്‍ ഇത്തരം പദ്ധതികള്‍ സംസ്ഥാന വ്യാപകമായി വിപുലമായി നടപ്പാക്കുന്ന പരിപാടിയായി ഇതുവരെ മാറിയിട്ടില്ല.
കാലാനുസൃതമായ മാറ്റങ്ങളണ്ടാകുന്നില്ല എന്നതാണ്
പൊതു വിദ്യാലയങ്ങളെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതിലെ മുഖ്യ
കാരണം. ഇടക്കാലത്ത് സ്‌റ്റേറ്റ് സിലബസില്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം വിഭാഗത്തിന്, അണ്‍എയിഡഡ് സ്‌കൂളുകളിലേക്കുള്ള ഒഴുക്കിന് അല്‍പം തടയിടാന്‍ കഴിഞ്ഞിരുന്നു. മത്സരക്ഷമമായ
സമൂഹത്തില്‍ ജേതാവാകാനുതകുംവിധമുള്ള വിദ്യാഭ്യാസം ലഭിക്കാത്ത
ഒരിടത്തേക്ക് പുതുതലമുറ കടന്നുവരുമെന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. പാഠ്യപദ്ധതിയോട് ആശയപരമായി വിയോജിപ്പുള്ളവരുടെയും പാഠപുസ്തകങ്ങള്‍ വഴി വിതരണം ചെയ്യപ്പെടുന്ന വിവരങ്ങള്‍, തങ്ങളുടെ ചരിത്രത്തെ നിരാകരിക്കുന്നുവെന്ന് വിശ്വസിക്കുന്നവരുടെയും തലമുറകൂടിയാണിത്. സാമൂഹിക വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ പൊതു വിദ്യാഭ്യാസത്തെ നവീകരിക്കണമെന്ന് കരുതുന്ന
ഭരണകൂടത്തിന്‌റെ പരിഗണനയില്‍ ഇത്തരം ഘടകങ്ങള്‍ കൂടിയുണ്ടാകണം. കേവലമായ
അക്കങ്ങള്‍ക്കകത്തുനിന്ന് ധനവകുപ്പ് നിശ്ചയിക്കുന്ന ലാഭക്കണക്കിലെ പ്രലോഭനമോ
നഷ്ടക്കണക്കിലെ മോഹഭംഗമോ ആകരുത് നയരൂപീകരണത്തിന്‌റെ അടിസ്ഥാനം.

പരിഹാരമല്ലാത്ത ഏറ്റെടുക്കല്‍

ഈ പശ്ചാത്തലത്തിലാണ്, ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് സ്‌കൂളുകളുടെ ഏറ്റെടുക്കല്‍ തീരുമാനത്തെ വിലയിരുത്തേണ്ടത്. പ്രത്യക്ഷത്തില്‍ ്അങ്ങേയറ്റം പ്രശംസനീയമായ നടപടിയാണ് സര്‍ക്കാറില്‍ നിന്നുണ്ടായത്. അതേസമയം തന്നെ എയിഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കുക പോലുള്ള ജനപ്രിയ
നടപടികളിലൂടെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിച്ചുകളയാമെന്ന് കരുതുന്നത്
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് അത്രമേല്‍
ഗുണകരമാകില്ല. പൂട്ടാനുറപ്പിച്ച സ്‌കൂളുകള്‍ ഏറ്റെടുക്കുന്നത്
അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകും. അവരെ
സംബന്ധിച്ച് ഇതിനേക്കാള്‍ വലിയ പരിഹാരവുമില്ല. മധുവിധു
ആഘോഷിക്കുന്ന ഒരു സര്‍ക്കാറിന് കൈയ്യടി നേടാമങ്കിലും സംസ്ഥാനത്തിന്‌റെ
വിദ്യാഭ്യാസ മേഖലയില്‍ ഇത് ചില പ്രത്യാഘാതങ്ങളും
സൃഷ്ടിക്കും.
കേരളത്തില്‍ ഒരു സ്‌കൂള്‍ തുടങ്ങുന്നതിന് ഭൂമിശാസ്ത്ര പരമായ
മാനദണ്ഡങ്ങളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല. എയിഡഡും
അണ്‍എയിഡഡും ആര്‍ക്കും എവിടെയും തുടങ്ങാം. സര്‍ക്കാര്‍
വിദ്യാലയങ്ങളാകട്ടെ നേരത്തെ തന്നെ തുടങ്ങിയവയുമാണ്. അഥവ,
വിദ്യാര്‍ഥികളുടെ ലഭ്യത, അനിവാര്യത തുടങ്ങിയ ഘടകങ്ങളൊന്നും
പരിഗണിക്കാതെയാണ് കേരളത്തിലെ ഓരോ സ്‌കൂളും
സ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള മൂന്നുതരം സ്‌കൂളുകളും ഒരൊറ്റ
സ്ഥലത്ത് തന്നെ പ്രവര്‍ത്തിക്കുന്ന എത്രയോ ഗ്രാമങ്ങള്‍
കേരളത്തിലുണ്ട്. അതേസമയം തന്നെ സമീപത്തൊന്നും ഒരു എല്‍ പി
സ്‌കൂള്‍ പോലുമില്ലാത്ത നിരവധി ഗ്രാമങ്ങളും കേരളത്തിലുണ്ട്. ഈ
അസന്തുലിതത്വം പരിഹരിക്കാന്‍ കഴിയുംവിധമാകണം ഇനിയുള്ള
നടപടികള്‍. സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു സ്‌കൂള്‍ ആ സ്ഥലത്ത് അനിവാര്യമാണോ എന്ന ആലോചന കൂടി നടക്കണം.
ഇതിന്റെ അടിസ്ഥാനത്തിലd നിലവിലുള്ള സ്‌കൂളുകളുടെ ശാസ്ത്രീയമായ പുനര്‍വിന്യാസവും പുനക്രമീകരണവുമാണ് കേരളത്തില്‍ ഇനി നടക്കേണ്ടത്.
സ്‌കൂളുകള്‍ ആവശ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും നിലവിലെ
സ്‌കൂളുകളുടെ സ്ഥാനം നിര്‍ണയിക്കാനും അവ അവിടെത്തന്നെ ആവശ്യമാണോ എന്ന് നിശ്ചയിക്കാനും ഉതകുന്ന തരത്തിലുള്ള
സ്‌കൂള്‍ മാപ്പിംഗ് കേരളത്തില്‍ ഉടന്‍ നടത്തണം. ഇങ്ങിനെ
കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ ഇനി പുതിയ സ്‌കൂളുകള്‍
അനുവദിക്കാവൂ. കുട്ടികളില്ലാതെ പൂട്ടുമെന്നുറപ്പായ ഒരു സ്‌കൂള്‍ കോടികള്‍ മുടക്കി അതേ ദൈന്യതയോടെ കാലാകലം നിലനിര്‍ത്തുന്നതിന് പകരം, അവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് അതേരീതിയില്‍ പഠനം തുടരാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ണന നല്‍കേണ്ടത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം, സര്‍്ക്കാര്‍
തന്നെ ഫീസ് നല്‍കി കുട്ടികളെ അവരുടെ അയല്‍പക്ക സ്‌കൂളുകളില്‍
പ്രവേശിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. സ്വാശ്രയ സ്‌കൂളുകളില്‍ ഈ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇതിന്, പെരുവഴിയിലായ കുട്ടികളുടെ വിദ്യാഭ്യാസം
ഉറപ്പുവരുത്താന്‍ ഇപ്പോള്‍ മുടക്കുന്ന കോടികളുടെ നാലിലൊന്ന്
മതിയാകും.. അതേസമയം തന്നെ, സ്‌കൂളകള്‍ ഏറ്റെടുത്ത് നിലനിര്‍ത്തേണ്ട സ്ഥലങ്ങളില്‍ മലാപ്പറമ്പ് മാതൃക നടപ്പാക്കാന്‍ മടിക്കുകയും ചെയ്യരുത്.
പൂട്ടുമെന്നുറപ്പായ നിലവിലെ എയിഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന്
പകരം ഇവയെ ആവശ്യമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള
സാധ്യതകളും പരിശോധിക്കണം. പൊതുവിദ്യാലയങ്ങളുടെ അഭാവത്തില്‍ സ്വാശ്രയ സ്‌കൂളുകളുടെ കടുത്ത ചൂഷണത്തിന് വിധേയരാകാന്‍ നിര്‍ബന്ധിതമാകുന്ന എത്രയോ പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. അത്തരം 'ചൂഷകര്‍' പോലുമില്ലാത്ത സ്ഥലങ്ങളുമുണ്ട്. പൂട്ടിപ്പോകുന്ന സ്‌കൂളുകളും തസ്തികകളും (അല്ലെങ്കില്‍ ഇവക്ക് പകരം സ്‌കൂളും തസ്തികകളും) ഇത്തരം സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയുമോയെന്നും ആലോചിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ അണ്‍എയിഡഡ് സ്‌കൂളുകള്‍ ഏറ്റെടുത്ത്
എയിഡഡാക്കാനും എയിഡിഡ്-സര്‍ക്കാര്‍ കൂളകളെ പരസപരം
ലയിപ്പിക്കാനും അനാവശ്യമായവ അടച്ചുപൂട്ടാനും ഒക്കെ
കഴിയുംവിധമുള്ള ഒരു സമഗ്രമായ സ്‌കൂള്‍ പുനക്രമീകരണ നയം
ആവിഷ്‌കരിക്കണം. സ്വകാര്യ മാനേജര്‍മാരും അധ്യാപക സംഘടനകളും
ഇതിനെ പിന്തുണക്കണമെന്നില്ല. ഇത്രകാലവും കേരളത്തിലെ
വിദ്യാഭ്യാസ നയം രൂപീകരിച്ചതെല്ലാം ഈ രണ്ട് വിഭാഗങ്ങളുടെ
താല്‍പര്യങ്ങളെ കന്ദ്രീകരിച്ചായിരുന്നു. ഇനിയെങ്കിലും അതവസനിപ്പിച്ച്
വിദ്യാര്‍ഥി കേന്ദ്രിതമായ സമീപനം ആവിഷ്‌കരിക്കാനും തയാറാകണം.
അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് കരകയറിയ എത്രയോ പൊതുവിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമുകളും മികച്ച ലബോറട്ടറികളും തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ മുകവുറ്റതാക്കുകയും ഗുണനിലവാരുള്ള അധ്യയനം ഉറപ്പാക്കുകയും ചെയ്തപ്പോഴാണ് ഈ മാറ്റം സംഭവിച്ചത്. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഇതിന്റെ മികച്ച ഉദാഹരണമാണ്. അതുകൊണ്ട്, കേരളത്തില്‍ അണ്‍എയിഡഡ് സ്‌കൂളുകള്‍ മാത്രമല്ല തുറക്കുന്നത് എന്നും ചിലരുടെ ജാഗ്രത ഒരുപാട് പൊതുവിദ്യാലയങ്ങളുടെ അടഞ്ഞപോയ വാതിലുകള്‍ തുറക്കാന്‍ കാരണമായിട്ടുണ്ടെന്നുമുള്ള തിരിച്ചറിവുകൂടി ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം.

(മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ 27 2016)

Tuesday, May 17, 2016

ബീമാപള്ളിക്കാരെ ‘കേരളം’ ഇപ്പോഴും വെടിവെച്ചുകൊണ്ടിരിക്കുന്നു

















മലയാളികളുടെ ജനാധിപത്യ ബോധത്തിലെ കാപട്യങ്ങള്‍ സ്വയം വെളിപ്പെടുത്തിയതായിരുന്നു 2009 മെയ് 17ന് ബീമാപള്ളിയില്‍ നടന്ന പോലിസ് വെടിവപ്പ്. നിരപരാധികള്‍ക്കുനേരെ പോലിസ് നടത്തിയ വെടിവപ്പില്‍ പൊലിഞ്ഞത് ആറു ജീവന്‍. പരിക്കേറ്റത് അമ്പതോളം പേര്‍ക്ക്. ആശ്രിതര്‍ നഷ്ടപ്പെട്ട് നിത്യ ദുരിതത്തിലേക്കെടുത്തെറിയപ്പെട്ടവര്‍ അതിലേറെ. ഒരു ഗുണ്ടയുടെ താന്തോന്നിത്തത്തെ യഥാവിധി നേരിടാതെ നിഷ്ക്രിയരായ പോലിസിന്‍റെ നിരുത്തരവാദിത്തത്തിനെതിരെ സംഘടിച്ച പ്രദേശ വാസികളെ
തോക്കുകൊണ്ട് നേരിടുകയായിരുന്നു പോലിസ്. ഈ നരനായാട്ടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച് നീതിന്യായ നിര്‍വഹണത്തിന് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് മലയാളികള്‍ അന്ന് ‘മാതൃകാപരമായ’ മൗനം പാലിച്ചു. മലയാളിത്തത്തിന് അവര്‍ സ്വയം നിര്‍ണയിച്ചുനല്‍കിയ ശ്രേണീഘടന പ്രകാരം മുഖ്യധാരയില്‍ അടുപ്പിക്കാന്‍ അയോഗ്യരായ ഒരുപറ്റം ‘പ്രാകൃതര്‍ക്ക്’ നേരെയുണ്ടായ വെടിവപ്പിന് തീവ്രത കുറഞ്ഞുപോയോ എന്ന സംശയമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. രക്തസാക്ഷികളെ ഏറ്റെടുക്കാനും അണികളെ നിരത്തി പ്രതിരോധിക്കാനും ശേഷിയില്ലാത്ത ജനത അത് നിശ്ശബ്ദം ഏറ്റുവാങ്ങി. തീരവാസികള്‍, മല്‍സ്യത്തൊഴിലാളകിള്‍, വിദ്യാഹീനര്‍, നിയമ സംവിധാനത്തിന് വിധേയരാകാത്തവര്‍, എല്ലാത്തിനുമൊപ്പം മുസ്‌ലിംകള്‍…ഇങ്ങനെ അപരനിര്‍മിതിക്ക് ആവശ്യമായ എല്ലാ ചേരുവകളും ഒത്തിണങ്ങിയ സമൂഹമാണ് വെടിയേറ്റു വീണത്. അതിനാല്‍ മുഖ്യധാരാ മലയാളികളുടെ വേവലാതികളില്‍ ആ ആറുപേര്‍ക്ക് ഒട്ടും ഇടമുണ്ടായില്ല. ആ വെടിയുണ്ട അവരര്‍ഹിക്കുന്നു എന്ന് സ്വന്തം സാമൂഹ്യ ബോധത്തിന് താഴെ അടിക്കുറിപ്പെഴുതി വച്ച് അവര്‍ ഭീകരമായ നിസ്സംഗത പാലിച്ചു. പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, ജുഡീഷ്യല്‍ അന്വേഷണം, കലകടറുടെയും ആര്‍.ഡി.ഒയുടെയും പോലിസ് വിരുദ്ധ വെളിപ്പെടുത്തലുകള്‍, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി വെടിവപ്പിന്റെ ന്യായാന്യാതകള്‍ പലവഴികളില്‍ വിശകലനം ചെയ്യപ്പെട്ടിട്ടും നിരപരാധികളായ പൗരന്‍മാര്‍ക്കെതിരായ ഭരണകൂട കൈയ്യേറ്റമായി മൂന്നാം വര്‍ഷവും അത് ചരിത്രത്തിലിടം നേടിയിട്ടില്ല.
വെടിയേറ്റ് മരിക്കാന്‍ യോഗ്യരായ അപരിഷ്‌കൃതരായ ജനതയാണ് ബീമാപള്ളിക്കാരെന്ന മുന്‍ വിധിയാണ് സംഭവ സമയത്തെ കേരളത്തെ നയിച്ച പൊതുവികാരം. രാഷ്ട്രീയ പാര്‍ട്ടികളുടെ ചില കോലാഹലങ്ങളും ഏതാനും മുസ്‌ലിം സംഘടനകളുടെ ഒറ്റപ്പെട്ട സമര-പ്രതിഷേധവും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ചില ഇടപെടലുകളും ഒഴിച്ചുനിര്‍ത്തിയാല്‍ തീര്‍ത്തും ‘സമാധാനപരമായ’ വെടിവപ്പായാണ് കേരളത്തിന് അത് അനുഭവപ്പെട്ടത്. മൂന്ന് വര്‍ഷത്തെ വിശകലനങ്ങള്‍ക്ക് ശേഷവും ഈ അവസ്ഥയില്‍ മാറ്റമുണ്ടായിട്ടില്ല. എന്നല്ല അന്വേഷണ ഏജന്‍സികള്‍ തന്നെ ഈ മുന്‍വിധികളെ സാധൂകരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പോലിസ് ഭാഷ്യ പ്രകാരം ‘കലാപ’മായ സംഘര്‍ഷത്തില്‍ നിയോജല്‍ എന്ന സ്ഫോടക വസ്തു കണ്ടെത്തിയെന്നാണ് പോലിസ് രേഖ. ഇതേപറ്റി അന്വേഷിക്കാന്‍ സി.ബി.ഐയെ ഏല്‍പിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം ഏല്‍പിക്കാന്‍ കേരള സര്‍ക്കാര്‍ കാരണമായി പറഞ്ഞത്, നിയോജല്‍ തീരദേശത്ത് എത്തിയതാണ്. നിയോജല്‍ എത്തിയതിനേക്കാള്‍ അപകടരമായ അവസ്ഥ, അത് തീരദേശത്ത് എത്തിയതാണത്രെ! അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ‘തീരദേശം’ എന്ന അവരുടെ ജന്മദേശം സ്വയം തന്നെ വലിയ കുറ്റവാളിയായാണ് പരിഗണിക്കപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് പിന്നീട് വന്ന എല്ലാ മാധ്യമ വാര്‍ത്തകളുടെ വരികള്‍ക്കടിയിലും ഈ ‘കുറ്റവാളി’യെ പ്രത്യേകം കണ്ടെത്താന്‍ കഴിയും.
പോലിസ് ഭീകരതയെ പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത് അതേ വകുപ്പിന്‍റെ ഭാഗമായ ക്രൈംബ്രാഞ്ചിനെയാണ്. വെടിയേറ്റു വീണ ജനതക്ക് നേരെ വീണ്ടും നിറയൊഴിക്കുന്നതെങ്ങനെയന്ന് അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും ക്രൈംബ്രാഞ്ച് തെളിയിക്കുന്നുണ്ട്. സംഘര്‍ഷത്തിന് കാരണക്കാരനായ ഗുണ്ടക്കെതിരായ രണ്ട് കേസുകള്‍ രഹസ്യമായി എഴുതിത്തള്ളി. പോലിസിനെതിരായ കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചു, അതും രഹസ്യമായി തന്നെ. പോലിസിനെതിരെ കൊലക്കുറ്റം ആരോപിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധു നല്‍കിയ കേസാണിത്. ഇതിനെതിരെ പരാതിക്കാരനും ജമാഅത്ത് കമ്മിറ്റിയും കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവം നടന്നയുടന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്ന് പ്രതിപക്ഷത്തിരുന്ന് ബഹളം വച്ചവരുടെ കൈയ്യിലേക്കാണ് റിപ്പോര്‍ട്ട് കൊടുത്തത്. എന്നിട്ടും അത് വെളിച്ചം കണ്ടില്ല. പോലിസ് വെടവപ്പിനെതിരെ കലക്ടറും ആര്‍.ഡി.ഒയും മൊഴി നല്‍കുക വഴി ഏറെ ശ്രദ്ധിക്കപ്പെട്ട റിപ്പോര്‍ട്ടാണ് പൂഴ്ത്തിവക്കപ്പെട്ടത്.
സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരുമായ ഒരു സമൂഹമാണ് പോലിസ് ഭീകരതക്കിരയായത്. അതിനെതിരായ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടത്തെ ഈ പിന്നാക്കാവസ്ഥ തെല്ലൊന്നുമല്ല തളര്‍ത്തിക്കളഞ്ഞത്. നിയമ നടപടികളുടെ സങ്കീര്‍ണതകള്‍ക്കുമുന്നില്‍ നിസ്സഹായരായിപ്പോകുന്ന ഇരകളെയാണ് ബീമാപള്ളിയില്‍ കാണാനാകുക. ഈ നിസ്സഹായതകള്‍ മറികടക്കാന്‍ അവിടത്തെ രാഷ്ട്രീയ-മത നേതൃത്വത്തിനും കഴിയുന്നില്ല. വലിയൊരു ഭരണകൂട ഭീകരത ഏറ്റുവാങ്ങേണ്ടി വന്ന ജനത അതിന്‍റെ ഓര്‍മകള്‍പോലും സൂക്ഷിക്കാന്‍ പ്രാപ്തിയില്ലാതെ അധികാര കേന്ദ്രങ്ങളോട് സമരസപ്പെടുകയാണ്. ഓര്‍മകള്‍ നിലനിര്‍ത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിയാനുള്ള ശേഷിയും ഈ മല്‍സ്യത്തൊഴിലാളി ഗ്രാമത്തിനില്ല. മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിന് ആക്കം കൂട്ടുകയും ചെയ്യുന്നു.
വെടിവപ്പിനെ ന്യായീകരിക്കാന്‍ പോലിസ് തുടക്കം മുതല്‍ വര്‍ഗീയ കലാപ കഥകളാണ് അഴിച്ചുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങളും ഇതേറ്റുപിടിച്ചാണ് പോലിസിനൊപ്പം നിന്നത്. ഇതിലെ ശരിതെറ്റുകള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇത്രയേറെ ഭീകരമായ -പോലിസ് ഭാഷ്യമനുസരിച്ച് യുദ്ധസമാനമായ- വര്‍ഗീയ കലാപ നീക്കം നടന്ന ഈ പ്രദേശത്ത് അതിന് ശേഷം സാമുദായികത പറഞ്ഞ് ഒരു ചെറിയ വാക്കേറ്റം പോലുമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പഴയ സൗഹൃദാന്തരീക്ഷം പൂര്‍ണാര്‍ഥത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. പോലിസിനെയും അവരുടെ ഭാഷ്യം ഏറ്റുപിടിച്ച മാധ്യമങ്ങളെയും അതിനൊത്ത് മൗനംപാലിച്ച പൊതുസമൂഹത്തെയും ഈ സാമൂഹ്യാന്തരീക്ഷം അങ്ങേയറ്റം പരിഹാസ്യമാക്കുന്നുണ്ട്. ഒരുവെടിവപ്പ് കൊണ്ട് നിശേഷം വര്‍ഗീയതയെ തുടച്ചുനീക്കാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നതിനേക്കാള്‍, കേരളീയ സമൂഹത്തിലേക്ക് പോലിസ് പൊട്ടിച്ചുവിട്ട നുണയുണ്ടകള്‍ അറബിക്കടലില്‍ വീണടിഞ്ഞുവെന്ന് കരുതാനാണ് കുടുതല്‍ ന്യായം.

(ഉത്തരകാലം വെബ് - 16-മെയ്-2012)

Sunday, February 28, 2016

സ്വാശ്രയ തൊഴില്‍ മേഖലയിലെ അയിത്തം


തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത് പിന്നാക്ക ഹിന്ദു വിഭാഗത്തില്‍പെട്ട ഒരുസംഘമാളുകള്‍ നടത്തുന്ന ഒരുസ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ഫെബ്രുവരി ഒന്നുമുതല്‍ തൊഴില്‍ സമരം നടക്കുകയാണ്. ജീവനക്കാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടെ സംഘടനാ നേതാവുകൂടിയായ ദലിത് ജീവനക്കാരനെ പിരിച്ചുവിട്ടു. ഇതാണ് സമര കാരണം. അറ്റന്ററായി നിയമിക്കപ്പെട്ട്,  തോട്ടത്തിലെ ജോലി മുതല്‍ ഗേറ്റിലെ കാവല്‍പണി വരെ ചെയ്യേണ്ടി വന്നയാളാണ് മുന്നറിയിപ്പില്ലാതെ നടപടിക്ക് വിധേയനായത്. മറ്റുള്ളവരെ പിരിച്ചുവിടാന്‍ ചില 'സാമ്പത്തിക തടസ്സങ്ങള്‍' ഉള്ളതിനാലാണ് ഇദ്ദേഹത്തെ തന്നെ പിടികൂടിയതത്രെ. കാരണം ഒട്ടുമിക്കവരും ലക്ഷങ്ങള്‍ കോളജിന് 'നിക്ഷേപം' കൊടുത്തിട്ടാണ് ജോലി വാങ്ങിയത് എന്നതുതന്നെ. 112 ജീവനക്കാരുള്ള കോളജില്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആകെയുള്ളത് ഒരു അധ്യാപിക മാത്രം. വേതനം കുറവാണെങ്കിലും കേരളത്തിലെ ഉയര്‍ന്ന സോഷ്യല്‍ സ്റ്റാറ്റസുള്ള പ്രബല തൊഴില്‍ മേഖലയായി വികസിച്ചുകഴിഞ്ഞ സ്വാശ്രയ വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന തൊഴില്‍ അനിശ്ചിതത്വങ്ങളുടെയും അതില്‍ തന്നെ ദുര്‍ബല ജന വിഭാഗങ്ങള്‍ അനുഭവിക്കുന്ന സവിശേഷ പ്രതിസന്ധികളുടെയും കൃത്യമായ സൂചകമാണ് തിരുവല്ലം കോളജ് സംഭവം.

സാമൂഹിക വിവേചനവും അസന്തുലിതത്വവും അങ്ങേയറ്റം രൂക്ഷമാണെങ്കിലും സ്വാശ്രയ മേഖലയിലെ ദലിത് പ്രാതിനിധ്യക്കുറവ് ഇനിയും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സ്വകാര്യ നിക്ഷേപകരുടെ സ്വയം തൊഴില്‍ പദ്ധതി എന്ന നിലയിലാണ് കേരളീയ പൊതുസമൂഹം സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ കാണുന്നത്. അതുകൊണ്ട് തന്നെ അവിടെ നിലനില്‍ക്കുന്ന വിവേചനങ്ങളും സാമൂഹികമായ പുറന്തള്ളലുകളും (എക്‌സ്‌ക്ലൂഷന്‍) വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും ഗൗരവ വിഷയമായിട്ടില്ല. സ്വാശ്രയ മേഖലയിലെ പരോക്ഷമായ തൊഴില്‍ നിഷേധം രാഷ്ട്രീയ-ജാതി വിഷയമായി ഉന്നയിക്കേണ്ടതില്ലെന്ന നിലപാടുള്ള ദലിത് ആക്ടിവിസ്റ്റുകള്‍ പോലും കേരളത്തിലുണ്ട്. സമ്പന്നരുടെ വ്യാപാര പദ്ധതിയാണിതെന്ന ആഗോളീകരണാനന്തര കാലത്തെ  'വികസന യുക്തി'കളാണ് ഇത് രൂപപ്പെടുത്തിയത്. ഈ യുക്തിക്കിണങ്ങുംവിധം ഭരണ ഘടന വ്യാഖ്യാനിച്ച് നിയമ പിന്‍ബലം നല്‍കിയ ചില കോടതി വിധികള്‍, സ്വാശ്രയം പൊതുജനത്തിന് ഒരു അവകാശവുമില്ലാത്ത, ഒരു തരം സാമൂഹിക നിയന്ത്രണത്തിനും വിധേയമാകേണ്ടതില്ലാത്ത സ്വതന്ത്ര സ്വയംഭരണ മേഖലയാണെന്ന പൊതുബോധം ശക്തിപ്പെടുത്തുകയും ചെയ്തു. സ്വാശ്രയത്തെ പൊതുസമൂഹത്തില്‍ സ്വീകാര്യമാക്കിയ 50:50 തത്വം അംഗീകരിച്ച കോടതി വിധി സുപ്രിംകോടതി തന്നെ റദ്ദാക്കുക കൂടി ചെയ്തതോടെ ഈ വിശ്വാസത്തിന് നിയമ പ്രാബല്യവും ലഭിച്ചു. നേരത്തെ തന്നെ അതിശക്തമായി  സമൂഹത്തില്‍ വേരോടിയ ബ്രാഹമണിക് മൂല്യബോധത്താല്‍ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തീര്‍ത്തും അപ്രാപ്യമായ തൊഴില്‍ മേഖലയായാണ് ഇപ്പോള്‍ ഇത് വളര്‍ന്നുകൊണ്ടിരിക്കുന്നത്.



സ്വാശ്രയ സ്ഥാപനങ്ങള്‍ നിലവില്‍ വന്ന രാഷ്ട്രീയവും ഭരണപരവുമായ സാഹചര്യങ്ങള്‍, ഉടമാ സ്വഭാവം, സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മേഖല, നിയമന രീതി, പൊതുസംവിധാനത്തില്‍ നിന്ന് പറ്റുന്ന ആനുകൂല്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച പൊതു ധാരണയും പൊതുസമൂഹത്തിന്റെ അഞ്ജതയും സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഏറെ സൗകര്യമാകുന്നുണ്ട്. കേരളത്തിലെ സമ്പന്നരായ വ്യക്തികളോ സമുദായങ്ങളോ മാത്രമല്ല സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്. സ്വകാര്യ മുതലാളിമാര്‍/സമുദായം/ട്രസ്റ്റ് എന്നത് ഏഴുതരം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപന ഉടമകളില്‍ ഒരു വിഭാഗം മാത്രമാണ്. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/സ്വയംഭരണ സ്ഥാപനങ്ങളാണ് ബാക്കി ആറു വിഭാഗവും. ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നത് സര്‍വകലാശാലകളാണ്. കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നവരാണ്. 1990കളില്‍ തന്നെ സര്‍കലാശാലകള്‍ ഈ രംഗത്തെത്തിയിട്ടുണ്ട്. കാലിക്കറ്റ്, എം ജി, കേരള സര്‍വകലാശാലകള്‍ക്ക് കീഴില്‍ മാത്രം നൂറിലധികം സ്വാശ്രയ സ്ഥാപനങ്ങളുണ്ട്. ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, കുസാറ്റ് തുടങ്ങിയവക്ക് വേറെയും. സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള കൊ-ഓപറേറ്റിവ് അക്കാദമി ഫോര്‍ പ്രൊഫഷണല്‍ എജുക്കേഷന്‍, കെ എസ് ആര്‍ ടി സി, ഐ എച്ച് ആര്‍ ഡി, എല്‍ ബി എസ്, പരിയാരം മെഡിക്കള്‍ കോളജ് പോലുള്ളവ നടത്തുന്ന വിവിധ സഹകരണ സംഘങ്ങള്‍ എന്നിവയെല്ലാം സ്വാശ്രയ സ്ഥാപന ഉടമകളാണ്. എന്നാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും സ്വകാര്യ ഉടമകളുടെ കീഴിലാണ്.

ഇവക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം നിയമനം നടത്തുന്നത് അതത് ഉടമകളാണ്. കരാര്‍, രണ്ട് തരം ഗസ്റ്റ് (ഫുള്‍ ടൈമും പാര്‍ട്ട് ടൈമും അല്ലെങ്കില്‍ ഇന്റേണല്‍/എക്‌സ്റ്റേണല്‍ ഗസ്റ്റ് എന്ന പേര്), താല്‍ക്കാലികം തുടങ്ങിയ വിഭാഗങ്ങളിലായാണ് എല്ലായിടത്തും നിയമനം. ഫലത്തില്‍ എല്ലാവരും ഒരുതരം തൊഴില്‍ സുരക്ഷിതത്വവും ഇല്ലാത്ത താല്‍ക്കാലിക ജീവനക്കാര്‍ തന്നെ. ഒരു കോഴ്‌സ് നടത്തിക്കൊണ്ടുപോകാന്‍ ഏറ്റവും മിനിമം ആവശ്യമുള്ളത്രയാളുകളെ മാത്രമാണ് സ്ഥിരമായി നിയമിക്കുന്നത്. ഇത് ഒരു സ്ഥാപനത്തില്‍ ഒന്നൊ രണ്ടോ പേര്‍ മാത്രമായിരിക്കും. ബാക്കിയെല്ലാം താല്‍ക്കാലിക നിയമനങ്ങള്‍ തന്നെ. സംവരണ നിയമവും പിഎസ്‌സിയുടെ റൊട്ടേഷന്‍ വ്യവസ്ഥയും പാലിക്കുന്നുണ്ടെന്നാണ് സ്വകാര്യേതര ഉടമകളുടെ അവകാശ വാദം. അതുപക്ഷെ പ്രയോഗത്തില്‍ മിക്കയിടത്തും സ്ഥിര നിയമനങ്ങളില്‍ മാത്രമായി പരിമിതപ്പെടുന്നു. സര്‍കലാശാലകള്‍ ഇക്കാര്യത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുതന്നെ  സമീപകാലത്തെ സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ്. എന്നിട്ടും പ്രിന്‍സിപ്പല്‍ പോലുള്ള ഉയര്‍ന്ന തസ്തികകളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവര്‍ കാര്യമായി നിയമിക്കപ്പെടുന്നില്ല. ഫലത്തില്‍ അധികാരവും സ്വാധീനവുമുള്ളവര്‍ക്ക് മാത്രം തൊഴില്‍ ലഭിക്കുന്ന സ്ഥലങ്ങളായി ഇവ മാറിക്കഴിഞ്ഞു.

സ്വാശ്രയ മേഖലയില്‍ 40,000ാളം അധ്യാപകരും 5,000ാളം അനധ്യാപകരും ഇപ്പോള്‍ ജോലി ചെയ്യന്നുണ്ട്. ഇതില്‍ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിന്‌റെ പ്രാതിനിധ്യം ഒരു ശതമാനത്തില്‍ താഴെയാണെന്ന് സ്വാശ്രയ ജീവനക്കാരുടെ സംഘടനയായ സെല്‍ഫ് ഫിനാന്‍സിങ് കോളജ് ആന്റ് സറ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ വഹബ് പറയുന്നു. അതില്‍ തന്നെ ഉയര്‍ന്ന പദവികളിലിരിക്കുന്നവരും പ്രൊമോഷന്‍ നേടുന്നവരും ഇല്ലെന്ന് തന്നെ പറയാവുന്ന വിധം അപൂര്‍വമാണ്. പരീക്ഷ, അഭിമുഖം, പബ്ലിക്കേഷന്‍ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് നിയമനം നടത്തുന്നതെന്ന് സ്വാശ്രയ ഉടമകള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതും എക്‌സ്‌ക്ലൂഷന് കാരണമാക്കുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരുവല്ലം കോളജിലെ പോലെ, നിയമനം ലഭിക്കാന്‍ നിക്ഷേപം കൊടുക്കേണ്ടി വരുന്നതുപോലുള്ള വ്യവസ്ഥകളിലൂടെ ആദ്യം പുറന്തള്ളപ്പെടുന്നതും ദരിദ്രരും ദര്‍ബലരുമായ ഉദ്യോഗാര്‍ഥികളാണ്. ഈ രംഗത്ത് ജോലി ചെയ്യുന്ന പട്ടിക ജാതി പട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങളുടെ കണക്ക് എവിടെയും ലഭ്യമല്ലെന്നതാണ് വിചിത്രം. വിവരാവകാശം വഴി നടത്തിയ അന്വേഷണം പോലും ഇക്കാര്യത്തില്‍ ഫലം കണ്ടില്ല. അത്തരമൊരു കണക്കെടുപ്പിന് ഭരണ വര്‍ഗത്തിനും താല്പര്യമില്ല.

സ്വകാര്യ ഉടമകളുടെ കീഴിലള്ള സ്വാശ്രയ സ്ഥാപനങ്ങളും പൊതു വിഭവങ്ങള്‍ വേണ്ടത്ര ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പല കോളജുകള്‍ക്കും സര്‍ക്കാര്‍ തന്നെ സൗജന്യമായി സ്ഥലം നല്‍കിയിട്ടുണ്ട്. വെള്ളവും വൈദ്യുതിയും മുതല്‍ നിരവധി പൊതു വിഭവങ്ങളില്‍ അനുഭവിക്കുന്നുണ്ട്. അതില്‍ തന്നെ പല തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. ഇക്കാരണത്താല്‍ മ്ാത്രം ഇവയില്‍ ദുര്‍ബലരുടെ തൊഴില്‍ പ്രാതിനിധ്യം നിയമപരമായ നിര്‍ബന്ധ ബാധ്യതയാക്കാന്‍ കഴിയേണ്ടതായിരുന്നു. അതുണ്ടായില്ലൈന്ന് മാത്രമല്ല, ഇങ്ങനെ ആനുകൂല്യം പറ്റുന്നവര്‍ നിയമനങ്ങളും തസ്തികകളും തങ്ങളുടെ സ്വന്തക്കാര്‍ക്ക് മാത്രമായി മാറ്റിവക്കുകയും ദുര്‍ബല വിഭാഗങ്ങളെ പരോക്ഷമായി പുറന്തള്ളുകയുമാണ് ചെയ്യുന്നത്. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ തുല്ല്യമായി വീതിക്കപ്പെടേണ്ട പൊതുവിഭവങ്ങളുടെ വിതരണം ഇതോടെ ഭൂവുടമസ്ഥതയടക്കം പലതരം വിഭവ ശേഷിയും ഉയര്‍ന്ന ജാതിയടക്കമുള്ള സാമൂഹികമായ സവിശേഷാധികാരവുമുള്ള വിഭാഗങ്ങള്‍ക്കിടയില്‍ മാത്രമായി മാറുന്നു. തൊഴില്‍ നല്‍കല്‍ പോലും സര്‍ക്കാറിന്‌റെ ബാധ്യതയല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ആഗോളീകരണാനന്തര കാലത്ത്, ഈ വിഭവ കേന്ദ്രീകരണം ജാതീയതകളെ പുതിയ തരത്തില്‍ പുനസൃഷ്ടിക്കുന്നുണ്ട്. ഇവിടെയും പ്രവര്‍ത്തിക്കുന്നത് ബ്രാഹമണിക്കല്‍ മൂല്യ ബോധം തന്നെയാണെന്നതിനാല്‍ സാമൂഹ്യ പദവികള്‍ നിശ്ചയിക്കുന്ന ജോലികളില്‍ നിന്ന് തഴയപ്പെടുക ദുര്‍ബല വിഭാഗങ്ങള്‍ മാത്രമായിരിക്കും.

1990കളില്‍ ശ്ക്തിപ്രാപിച്ച ആഗോളവത്കരണമാണ് സ്വാശ്രയ വിദ്യാഭ്യാസത്തിന് ആക്കം കൂട്ടിയത്. അതിന് മുമ്പ് തന്നെ സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസമെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതിന്‌റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഈ ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തിയ വിദ്യാഭ്യാസ പദ്ധതിയുടെ സ്വാഭാവിക പരിഹാരമയാരുന്നു സ്വാശ്രയ സ്ഥാപനങ്ങള്‍. ചിലവേറിയ പഠന കോഴ്‌സുകളുടെ ബാധ്യത ഒഴിയാന്‍ ശ്രമിച്ച സര്‍ക്കാറിന്, സ്വാശ്രയ സ്ഥാപനങ്ങളുമായി മുതലാളിമാര്‍ രംഗത്തെത്തിയത് സൗകര്യമാകുകയും ചെയ്തു. വിദ്യാഭ്യാമെന്ന പൗരന്‌റെ അടിസ്ഥാനാവശ്യം യാഥാര്‍ഥ്യമാക്കേണ്ട സര്‍ക്കാറിന്‌റെ പിന്മാറ്റമാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചത് എന്നര്‍ഥം. നേരത്തെ മെഡിക്കല്‍, എന്‍ജിനീയറിങ്ങ് പോലെ തൊഴില്‍ വിപണിയില്‍ വന്‍ ഡിമാന്‌റുള്ള കോഴ്‌സുകളായിരുന്നു സ്വാശ്രയ മേഖലയില്‍ വന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറി. എല്‍കെജി മുതല്‍ വിവിധ കോഴ്‌സുകള്‍ നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ സര്‍വത്രികമായിക്കഴിഞ്ഞു. അതിനനുസരിച്ച് പ്രാഥമിക വ്ിദ്യാഭ്യാസ മേഖലയില്‍ നിന്ന് വരെ സര്‍ക്കാര്‍ പിന്‍മാറുകയും ചെയ്തു. പ്രാദേശികമായ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും അസന്തുലിതത്വവും പരിഹരിക്കാനാരംഭിച്ച സ്വാശ്രയ സ്ഥാപനങ്ങള്‍പോലും അതേരീതിയില്‍ തന്നെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇങ്ങിനെ സര്‍ക്കാറിന്‌റെ നയപരമായ തീരുമാനങ്ങളാണ് സ്വാശ്രയ സ്ഥാപനങ്ങളെ വ്യാപകമാക്കിയത്. ഇതോടെ വിദ്യാഭ്യാസ മേഖല എന്ന കേരളത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ തൊഴില്‍ രംഗത്തെ അവസരങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. സമരം മുതല്‍ സംവരണം വരെയുള്ള അവകാശപ്പോരാട്ടങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസം നേടി പുറത്തെത്തുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭിക്കുമായിരുന്ന തൊഴിലവസരങ്ങളാണ് ഈ സര്‍ക്കാര്‍ നയം ഇല്ലാതാക്കിയത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ (സൃഷ്ടിച്ച) സ്ഥാപനങ്ങള്‍ എന്ന നിലയില്‍ നിന്ന് ഇവയെ മാറ്റി നിര്‍ത്താനാവില്ല. ഇവയെ സ്വകാര്യ സ്ഥാപനങ്ങള്‍ മാത്രമായി പരിഗണിക്കാനും കഴിയില്ല. അതിനാല് തന്നെ ഈ മേഖലയില്‍ അരികുവത്കരിക്കപ്പെട്ടവരുടെ തൊഴില്‍ പ്രാതിനിധ്യം ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ ഈ രംഗത്ത് അര്‍ഹമായ തൊഴില്‍ പ്രാതിനിധ്യം ആവശ്യപ്പെടേണ്ടതുമുണ്ട്.



ഏത് രീതിയിലാണ് ഈ പ്രാതിനിധ്യമില്ലായ്മ പരിഹരിക്കുക എന്നത് സുപ്രധാനമാണ്. സ്വകാര്യ മേഖലയിലെ തൊഴില്‍ പ്രാതിനിധ്യത്തെക്കുറിച്ച എല്ലാ ചര്‍ച്ചകളും സംവരണത്തിലാണ് എത്തുക. സ്വകാര്യ മേഖലയില്‍കൂടി സംവരണം നടപ്പാക്കിയാല്‍ ഇതെല്ലാം പരിഹരിക്കപ്പെടുമെന്ന എളുപ്പവഴിയാണ് എല്ലാവരുടെയും പരിഹാരമാര്‍ഗം. (ഈ ചര്‍ച്ച തന്നെ എയിഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിലേ എത്തിയിട്ടുള്ളൂ, സ്വാശ്രയം അതിനും അപ്പുറത്താണ്.) എന്നാല്‍ കേവലമായ സംവരണത്തിലൂടെ ഈ പുറന്തള്ളലുകളെ മറികടക്കാന്‍ കഴിയില്ലെന്നാണ് സൂക്ഷ്മ പഠനങ്ങള്‍ വ്യ്ക്തമാക്കുന്നത്. എയിഡഡ് മേഖല ഇതിന്‌റെ തെളിവാണ്. 1,56,000 പേരാണ് എയിഡഡ് മേഖലയില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഇതില്‍ വെറും 558 പേര്‍ മാത്രമാണ് പട്ടിക ജാതിപട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനായ ഒ പി രവീന്ദ്രന്‍ സമാഹരിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. പ്രത്യക്ഷത്തില്‍ സംവരണം ഏര്‍പെടുത്തിയാലും എയിഡഡ് നിയമങ്ങളുടെ സങ്കീര്‍ണത കാരണം ഇതില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കില്ല. കേരളത്തില്‍ ആകെയുള്ള എയിഡഡ് സ്ഥാപനങ്ങളില്‍ 47 ശതമാനം ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ ഉടമസ്ഥതയിലാണ്. 19 ശതമാനം മുസ്ലിംകളുടേതും. ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങളായതിനാല്‍ നിലവിലെ നിയമ പ്രകാരം രണ്ടിടത്തും സംവരണം നടപ്പാക്കാനാകില്ല. അവശേഷിക്കുന്നത് 34 ശതമാനം. എന്നാല്‍ ഇതില്‍ പകുതി തസ്തികകള്‍ മാനേജ്‌മെന്‌റിന്‌റെ സമുദായത്തില്‍പെട്ടവര്‍ക്ക് നല്‍കണം. അതും കഴിച്ചുള്ള തസ്തികകളില്‍ മാത്രമാണ് സംവരണം ബാധകമാകുക. അതുകൊണ്ടുതന്നെ ഇവിടെ സംവരണം കൊണ്ട് ഈ കുറവ് നികത്താനാവില്ല. 10,000 കോടി രൂപയാണ് പ്രതിവര്‍ഷം സര്‍ക്കാര്‍ എയിഡഡ് മേഖലയില്‍ ചിലവിടുന്നത്. അതിന് ആനുപാതികമായ വിഭവ വിഹിതം നല്കുക വഴി സാമൂഹിക നീതി ഉറപ്പാക്കുകയാണ് ഫലപ്രദമായ മാര്‍ഗം. ഇവിടെ ലഭിക്കേണ്ട തൊഴിലിന് ആനുപാതികമായി മറ്റ് മേഖലകളില്‍ അധിക സംവരണമോ സ്‌പെഷല്‍ റിക്രൂട്ട്മന്‌റോ വഴി നിയമനം നല്‍കണം. അങ്ങിനെ ബദല്‍ തൊഴില്‍ മേഖല കണ്ടെത്തുന്നുവെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായത് സ്വാശ്രയ വിദ്യാഭ്യാസ മേഖലയാണ്. എന്നാല്‍ അവിടെയും ന്യൂനപക്ഷ പദവി, സംവരണം എന്നിവയുമായി ബന്ധപ്പെട്ട് സമാനമായ നിയമങ്ങളുണ്ട്. എങ്കില് തന്നെയും പരമാവധി പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തിലുള്ള നിയമ നിര്‍മാണം ഈ രംഗത്ത് നടക്കേണ്ടതുണ്ട്. ഈ മേഖലയില്‍ സാമൂഹിക നീതി ഉറപ്പാക്കുന്ന ഒരു നിയമവും ഇപ്പോള്‍ നിലവിലിലില്ല.

എയിഡഡ് മേഖലയില്‍ ദലിത് വിഭാഗങ്ങളുടെ തൊഴില്‍ വിവേചനത്തിനും പുറന്തള്ളലിനും വഴിവച്ചത് 1972ല്‍ സി അച്യുതമേനോന്‍ നടപ്പാക്കിയ ഡയറക്ട് പേമെന്റ് നിയമമാണ്. എയിഡഡ് സ്ഥാപനങ്ങളില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പെടുത്തിയ നിയമം പക്ഷെ അതിലെ തൊഴില്‍ മേഖലയിലെ സംവരണത്തെക്കുറിച്ച് മൗനംപാലിച്ചു. പഠിക്കാന്‍ സംവരണം ഉറപ്പാക്കുകയും എന്നാല്‍ തൊഴിലില്‍ സാമൂഹിക നീതി നിഷേധിക്കുകയും ചെയ്തതാണ് എയിഡഡ് മേഖലയില്‍ ഇന്ന് കാണുന്ന ദലിത് എക്‌സ്‌ക്ലൂഷന്‌റെ പ്രധാന കാരണം. ഇതേ സ്ഥിതി വിശേഷം തന്നെയാണ് ഇപ്പോള്‍ സ്വാശ്രയ മേഖലയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏറെക്കുറെ പൂര്‍ണമായ പുറന്തള്ളല്‍. സര്‍ക്കാറിന് പൂര്‍ണ നിയന്ത്രണമുള്ള എയിഡഡിലും നിയന്ത്രണം ഏര്‍പെടുത്താന്‍ കഴിയുന്ന സ്വാശ്രയത്തിലുമാണ് ഇത് സംഭവിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇതിനിടയലാണ് സ്ഥാപന ഉടമകള്‍ക്ക് ഇവയേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യവും ഇതിനേക്കാള്‍ കൂടുതല്‍ നിയമപരമായ ഉദാരതയും അനുവദിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളും സ്വാകാര്യ സര്‍വകലാശാലകളും സ്‌പെഷല്‍ എഡ്യൂക്കേഷണല്‍ സോണുകളും അക്കാദമിക് സി്റ്റികളും വിഭാവന ചെയ്യപ്പെടുന്നത്. ഇവകൂടി യാഥാര്‍ഥ്യമാകുകയും സര്‍ക്കാറിന്റെ ഈ രംഗത്തെ പങ്കാളിത്തം തീര്‍ത്തും ഇല്ലാതാകുകയും ചെയ്യുന്നതോടെ വലിയൊരു വിഭാഗം ജനത വിദ്യാഭ്യാസ മേഖലയിലെ തൊഴിലിടത്തില്‍ നിന്ന് പൂര്‍ണമായി പുറന്തള്ളപ്പെടും. വിദ്യാഭ്യാസം വിപണി മൂല്യമുള്ള ഉത്പന്നമായി മാറുന്ന ലോകത്ത്, അത് നിര്‍മിക്കുന്നവരുടെ ജാതി ഒട്ടും അപ്രധാനമാകില്ല. തിരുവനന്തപുരം എഞ്ചിനീയറ്ങ് കോളജിന്‌റെ നിലവാരം കുറക്കുന്നത് താഴ്ന്ന റാങ്കുകാരായി സംവരണത്തിലൂടെ വരുന്നവരാണെന്ന് അവിടത്തെ ഒരു അധ്യാപകന്‍ തന്നെ എഴുതിയത് അക്കാദമിക് നിഷ്ടകളങ്കതയോടെ സ്വീകരിക്കപ്പെട്ട നാടാണ് കേരളം. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ മനസ്സിലാക്കാന്‍ പോലും ശേഷിയില്ലാത്ത അധ്യാപകരാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വരെ എത്തിപ്പെടുന്നത്. തങ്ങളുടെ ജീവിതാവസ്ഥകള്‍ ഉള്‍കൊള്ളാന്‍ കഴിയാത്ത അധ്യാപകര്‍ ഇല്ലാത്തയിടത്തുനിന്ന് സ്വയം ഒഴിഞ്ഞുപോകാന്‍ അത്തരം വിദ്യാര്‍ഥികളും നിര്‍ബന്ധിതരാകും. വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങള്‍ മാത്രം അവശേഷിക്കുന്ന രീതിയിലേക്കാണ് കേരളം 'വളര്‍ന്ന്' കൊണ്ടിരിക്കുന്നത്. ഇത് ജാതീയമായ ഉള്ളടക്കമുള്ള വിവേചനത്തിന്റെ, അയിത്തത്തിന്റെ, പുറന്തള്ളലിന്റെ സാമൂഹിക ദുരന്തമാകും സൃഷ്ടിക്കുക. ഈ പശ്ചാത്തലത്തില്‍ വേണം സ്വാശ്രയ മേഖലയിലെ ദലിത് പ്രാതിനിധ്യത്തെ കാണേണ്ടതും പ്രതിരോധിക്കേണ്ടതും.

(മാധ്യമം ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 29, ലക്കം 939)

Sunday, January 3, 2016

ജീവിതത്തിനും രാഷ്ട്രീയത്തിനും ഇടയിലെ ഒമാന്‍ കവിത


'കൊടുങ്കാറ്റ് മരണത്തെ കണ്ടില്ല,
അതിന്റെ വഴികളില്‍.
മഹാസമുദ്രം മുറിച്ചുകടക്കാന്‍
മറ്റൊരു വഴിയുമില്ല,
ചെറുവരികളല്ലാതെ.' 

'ഉബൂര്‍'‍. അബ്ദുല്ല അര്‍റയാമിയുടെ ചെറുകവിത. ഒമാന്‍ കവിതയില്‍ പുതുവഴികള്‍ തുറക്കുന്ന കവിയാണ് അബ്ദുല്ല. പുരാതന ഒമാന്‍ ചരിത്രത്തിലെ ഒരു രാഷ്ട്രീയ നീക്കത്തിന്റെ പേരില്‍ കെയ്‌റോവിലേക്ക് നാടുകടത്തപ്പെട്ട കുടുംബത്തില്‍ 1965ല്‍ ജനനം. അഭയാര്‍ഥി ജീവിതം അവസാനിപ്പിച്ച് 2000ല്‍ മാതൃരാജ്യത്തേക്ക് തിരിച്ചുവന്ന അബ്ദുല്ല ഇവിടെ ഇപ്പോഴും സാംസ്‌കാരിക പ്രവര്‍ത്തനം തുടരുന്നു.
വരികളില്‍ കടുത്ത രാഷ്ട്രീയം കാണുന്നത് പ്രവാസ ജീവിതകാലത്ത് പരിചയപ്പെട്ട അറബിതര സാഹിത്യലോകത്തിന്‌റെ സ്വാധീനമാണെന്ന് നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. 1992ല്‍ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. സവിശേഷമായ ഒമാന്‍ രാഷ്ട്ര സംവിധാനത്തിനകത്തുനിന്ന് തീഷ്ണമായ ചിന്താലോകം വാക്കുകളിലൂടെ തറന്നുവക്കുന്ന എഴുത്തുകാരനാണ് അബ്ദുല്ല.
Abdulla Ar-ryami

'തുറന്ന ജാലകം
കുളിര്‍ കാറ്റ്
ഒഴുകുന്ന രാത്രി
(നിശ്ചലരായി നാം)
ഓട്ടം നിലച്ച ബസ്,
തളര്‍ന്നുമരവിച്ച പഥികന്‍
ഭയന്നുവിറച്ച്, ലണ്ടനോടൊട്ടി
നിന്റെ  കണ്ണുകള്‍ യാത്ര പറയുന്നു.'
(ദി കാര്‍)

ഗാലിയ അല്‍ സഈദിയുടെ കവിതയാണ് 'ദി കാര്‍'‍. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഒമാനി എഴത്തുകാരി. അറബിയിലും ഇംഗ്ലീഷിലും എഴുതുന്നു. 2005, 2007, 2008 വര്‍ഷങ്ങളില്‍ ഓരോ നോവല്‍ പ്രസിദ്ധീകരിച്ചു. ചിത്രകാരി കൂടിയാണ് ഗാലിയ. ഒമാനിലെ മനഷ്യാവസ്ഥകളെ ആന്തരീകരിക്കുന്നതാണ് ഗാലിയയുടെ കവിതകള്‍. എല്ലാ സ്വപ്‌നങ്ങളും വിചിത്രമായ മോഹങ്ങളും ഒരിടത്ത് സംഗമിക്കുകയും അവിടെ പുറന്തള്ളപ്പെട്ടവരുടെ മേല്‍വിലാസങ്ങളെല്ലാം മനുഷ്യരുടേതായി മാറുകയും ചെയ്യുന്നൊരു ലോകത്തെ കവിതയിലൂടെ സ്വപ്‌നം കാണുന്ന ഒരാള്‍.
1978ല്‍ ജനിച്ച യുവ എഴുത്തുകാരിയാണ് റീം അല്‍ ലവാത്വി. 2006ല്‍ ഇന്‍വെന്റഡ് സ്റ്റുപ്പിഡിറ്റീസ് എന്ന പേരില്‍ ആദ്യ കവിതാ സമാഹാരം. തൂലികാ നാമത്തില്‍ പ്രണയ കവിതകള്‍ എഴുതിത്തുടങ്ങിയ റീം പിന്നീട് പ്രണയത്തിന്റെ കാവ്യ ഭാഷയില്‍ തന്നെ രാഷ്ട്രീയവും അതിന്റെ അതിരുകളില്‍ പിടയുന്ന മനുഷ്യാവസ്ഥകളും വിഷയമാക്കി.

'സ്വര്‍ഗത്തിന്റ വാതിലില്‍ മുട്ടിയത്
കുഴഞ്ഞുമറിഞ്ഞ 
അനാദിയായ ചിന്തകളായിരുന്നു.

കൈ കവിഞ്ഞൊഴുകുന്നു
മധ്യസ്ഥരുടെ ചുംബനങ്ങള്‍.
രാത്രിക്ക് നീളമേറുകയാണ്,
കാലത്തിന്റെ നോവലിലെ 
ദീര്‍ഘാധ്യായത്തേക്കാള്‍ ദൈര്‍ഘ്യം.

രഹസ്യ മന്ത്രം: 
ഉള്ളിന്റെയുള്ളില്‍ നിന്നുയരുന്ന 
ദീര്‍ഘ നിശ്വാസങ്ങള്‍ നിന്നെ വാഴ്ത്തുന്നു,
വരൂ, ഈ തീവ്രാഭിലാഷങ്ങളില്‍ നിന്ന് 
ഞങ്ങളെ രക്ഷിക്കൂ...'

(റീമിന്‌റെ കവിതയില്‍ നിന്ന്)

ഒമാനിയന്‍ സാംസ്‌കാരിക പാരന്പര്യമുള്ള മൂന്ന് കവികളുടെ രചനകള്‍. ഒരാള്‍ പ്രവാസി. മറ്റൊരാള്‍ തിരസ്‌കൃതനാക്കപ്പെട്ടവരുടെ തിരിച്ചെത്തിയ പിന്‍ഗാമി. മൂന്നാമത്തേത് പുറം ജീവിതാനുഭവങ്ങളേക്കാളേറെ തദ്ദേശീയമായ പശ്ചാത്തലത്തില്‍ തന്നെ വളരുന്ന എഴുത്തുകാരി. മൂന്ന് വ്യത്യസ്ത സാമൂഹികാവസ്ഥകളിലൂടെ വികസിച്ചുവന്നവരെങ്കിലും മൂവരുയും വരികള്‍ക്കിടയില്‍ ആശയപരമായി അഗാധമായ സാമനതകളുണ്ട്. തങ്ങള്‍ക്കുമേല്‍ നിറഞ്ഞുനില്‍ക്കുന്ന വ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന സര്‍ഗാത്മകമായ ഏകാന്തതയും അതില്‍ നിന്ന് പുറത്തുകടക്കാനുള്ള വ്യഗ്രതയും അവയിലെന്പാടും കാണാം. അതിനെ പലരും രാഷ്ട്രീയമെന്ന് വിളിക്കുന്നുണ്ടെങ്കിലും അത്രമേല്‍ അത് പ്രത്യക്ഷമായിട്ടില്ല. എന്നാല്‍ അതല്ല രാഷ്ട്രീയം എന്ന് നിരാകരിക്കാനാകാത്ത വിധം ഗാംഭീര്യമാര്‍ന്ന ഉള്ളടക്കങ്ങളാല്‍ അവയൊക്കെയും ശ്രദ്ധേയവുമാണ്. ഒറ്റവരിയില്‍ പറഞ്ഞാല്‍ ഇതാണ് വര്‍ത്തമാനകാല ഒമാന്‍ കവിത.
Jokha Al Harthy
ഒമാന്‍ സാഹിത്യത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 9-11 നൂറ്റാണ്ടുകളിലാണ് അതിന്റെ വേരുകള്‍ ചെന്നുനില്‍ക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന അന്‍സബ് അല്‍ അറബില്‍ ഒമാനികളുടെ രചനകളുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. വാചാസാഹിത്യമായിരുന്നു ഒമാന്‍ പാരന്പര്യം. അതുതന്നെ മതപരമായ ആശയ പ്രചാരണങ്ങളിലും ചരിത്ര കദനങ്ങളിലും ഒതുങ്ങിനിന്നു. പിന്നീട് 1980കളിലാണ് ഒമാനില്‍ അച്ചടിക്കപ്പെട്ട സാഹിത്യ സൃഷ്ടികളുണ്ടായിട്ടുള്ളത്. 1981ല്‍ പ്രസദ്ധീകൃതമായ അബ്ദുല്ല ബിന്‍ മുഹമ്മദിന്‌റെ രചനയാണ് അദ്യമായി അച്ചടിക്കപ്പെട്ട സാഹിത്യ രചന എന്നാണ് കരതുന്നത്. 1927-1973 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആളാണ് അബ്ദുല്ല ബിന്‍ മുഹമ്മദ്. 1983ല്‍ പ്രസിദ്ധീകരിച്ച സെയ്ഫ് അര്‍റഹ്ബിയുടെ ജബലുല്‍ അഖ്ദറാണ് ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത്. സൌദുല്‍ മുസഫ്ഫറിനെപ്പൊലുള്ള പല മുതിര്‍ന്ന എഴുത്തുകാരുടെ രചനകള്‍ അച്ചടിക്കപ്പെട്ടതുപൊലും എണ്‍പതുകള്‍ക്ക് ശേഷമാണ്. (ചരിത്ര വിവരങ്ങള്‍കക്അവലംബം-ലിറ്റററി ഹിസ്റ്ററ്റി റ്റുവാര്‍ഡ്‌സ് എ ഗ്ലോബല്‍ പെര്‍സ്‌പെക്ടിവ്). സാഹിത്യ പ്രസിദ്ധീകരണമായ നിസ്‌വയുടെ പത്രാധിപരും പ്രശസ്ത എഴുത്തുകാരനമാണ് സെയ്ഫ് അര്‍റഹ്ബി. 1975 ല്‍ രൂപം കൊണ്ട നാഷണല്‍ കള്‍ചറല്‍ ക്ലബും അതിന് ശേഷമുണ്ടായ അല്‍ ഗദീര്‍, നിസ്‌വ, ദി നൂണ്‍ പോലുള്ള സാഹിത്യ പ്രസിദ്ധീകരണങ്ങളുമാണ് ഒമാനില്‍ സമീപകാല സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. ഈ മുന്നേറ്റങ്ങള്‍ക്ക്  പിന്നീട് സര്‍ക്കാര്‍ പിന്തുണ കൂടി ലഭിച്ചതോടെയാണ് അച്ചടിക്കപ്പെട്ട സാഹിത്യങ്ങളിലേക്ക് ഒമാന്‍ വികസിക്കുന്നത്.

വാര്‍ഷിക കവിതാ അവാര്‍ഡ് മുതല്‍ വിദ്യാര്‍ഥികളായ എഴുത്തുകാര്‍ക്ക് വേണ്ടിയുള്ള യങ് ഒമാനി ഓഥര്‍ അവാര്‍ഡ് വരെയുള്ള പുരസ്‌കാരങ്ങള്‍ സമീപകാലങ്ങളില്‍ നിലവില്‍ വന്നതും എഴുത്തിന് ശക്തിയും സ്വീകാര്യതയും പകര്‍ന്നു. പ്രമുഖരും പ്രഗത്ഭരുമായ നിരവധി എഴുത്തുകാരുടെ വന്‍ നിരതന്നെയുള്ള സന്പന്ന സാംസ്‌കാരിക ചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന രാജ്യമായി ഒമാന്‍ മാറിക്കഴിഞ്ഞു. മുഹമ്മദ് അല്‍ ഹര്‍ഥിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരന്‍. 1962ല്‍ ജനിച്ച അല്‍ ഹര്‍ഥിയുടെ ആദ്യ കവിതാ സമാഹാരം പുറത്തുവരുന്നത് 1992ല്‍ ആണ്. 2103ല്‍ പ്രസിദ്ധീകരിച്ച കാവ്യ സമാഹാരമടക്കം ആറ് കവിതാ പുസ്തകങ്ങള്‍. ഇവക്ക് പുറമെ ഒരു നോവല്‍. ഒരു യാത്രാ വിവരണം. ഒരു ലേഖന സമാഹാരം. ഇത്രയുമാണ് 53കാരനായ അല്‍ ഹര്‍ഥിയുടെ പ്രസിദ്ധീകൃത കൃതികള്‍. അറബിയിലും അറബിയിതര മേഖലകളിലുമുള്ള എഴുത്തുകാരുടെ കവിതകളുടെ സ്വാധീനം നിറഞ്ഞുനില്‍ക്കുന്ന അല്‍ ഹര്‍ഥിയുടെ രചനകളില്‍ ഒമാനില്‍ വലിയ സാന്നിധ്യമായ മലയാളികളെയും കേരളത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങളും കാണാം. നാല് ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച അബ്ദുല്‍ അസീസ് മുഹമ്മദ് മാജിദ് അല്‍ ഫര്‍സി, വനിതാ എഴുത്തുകാരിയായ ഝോഖ അല്‍ ഹര്‍ഥി, മുതിര്‍ന്ന എഴുത്തുകാരനായ സെയ്ഫ് അര്‍റഹ്ബി, സഹീര്‍ അല്‍ ഗാഫരി, അബ്ദുല്ല അല്‍ താഈ, ഹിലാല്‍ ബിന്‍ ബദര്‍ തുടങ്ങി എഴുത്തുകാരുടെ ഒരു നീണ്ട നിര തന്നെ ഇന്ന് ഒമാനിലുണ്ട്. അറബ്-ഒമാന്‍ പാരന്പര്യത്തില്‍ നിന്ന് എഴുത്താശയങ്ങള്‍ രൂപപ്പെടുത്തുന്ന ഒമാനി എഴുത്തുകാര്‍ അതേസമയം തന്നെ പാശ്ചാത്യന്‍ സാഹിത്യവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. പലരുടെയും രചനകളില്‍ ഈ സ്വാധീനവും വ്യക്തമാണ്. നജീബ് മെഹ്ഫൂസ് മുതല്‍ കാഫ്കയും സാര്‍ത്രും വരെ ഇക്കൂട്ടത്തിലുണ്ട്.


Abdul Aziz Farzi
എഴുത്തുകാരാല്‍ അതി സന്പന്നമാണെങ്കിലും സാഹിത്യ പ്രവര്‍ത്തനത്തിന്റെ ശൈശവദശ ഒമാന്‍ ഇനിയും പിന്നിട്ടിട്ടില്ല. എഴുത്തുകാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി നല്ല പ്രസാധകരില്ല എന്നതുതന്നെയാണ്. പുസ്തകങ്ങല്‍ പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാര്‍ തന്നെ വന്‍ തുക മുടക്കേണ്ട അവസ്ഥയാണ്. ഇത് പണമുള്ളവര്‍ മാത്രം എഴത്തുകാരായിത്തീരുന്ന അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പ്രസാധകര്‍ മാത്രമല്ല, എഴുത്തുകാരെ നിലനിര്‍ത്തുന്ന മികച്ച തദ്ദേശീയരായ വയനാസമൂഹവും ഇവിടെ രൂപപ്പെട്ടിട്ടില്ല. സാഹിത്യ പ്രവര്‍ത്തനം പലപ്പോഴും ഉപരിവര്‍ഗ പരിപാടിയായി  മാറിപ്പോകുന്നുവെന്നാണ് അറബി സാഹിത്യവുമായി അടത്ത ബന്ധമുള്ളവര്‍ നടത്തുന്ന നിരീക്ഷണം. എഴുത്തുകാര്‍ക്ക് ലഭിക്കുന്ന പിന്തുണയും പ്രൊമോഷനും എഴുത്തിനെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ സുപ്രധാനമാണ്. ഇക്കാര്യത്തിലും ഒമാന്‍ ഏറെ ദുര്‍ബലമാണ്. അതേസമയം തന്നെ, ഗള്‍ഫ് മേഖലയില്‍ ഒമാന്‍ കവികള്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. മുഹമ്മദ് ഹര്‍ഥിയെപ്പോലുള്ളവരുടെ ചില വിവര്‍ത്തന കൃതികള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കവിതയിതര സാഹിത്യ ശാഖകള്‍ക്ക് ഈ സ്വീകാര്യത നേടാനായിട്ടില്ല.

അറബി സാഹിത്യത്തെ ഏറ്റവുമേറെ പ്രൊമോട്ട് ചെയ്യുന്ന ലണ്ടന്‍ കേന്ദ്രമായ പ്രസിദ്ധീകരണമാണ് ബാനിപാല്‍. ഇതിന്റെ സ്ഥാപകനും പത്രാധിപരുമാണ് സാമുവല്‍ ഷിമേണ്‍. ഒമാനില്‍ ഇനി ശക്തിപ്രാപിക്കുക നോവല്‍ സാഹിത്യമായിരിക്കുമെന്നാണ് ഷിമോണിന്റെ പ്രവചനം. ഒമാന്‍ കവിതക്ക് അറബ് ലോകത്ത് ഇപ്പോള്‍ ലഭിച്ച സ്വീകാര്യത നോവല്‍ ശാഖക്കും ഉടന്‍ കൈവരും. അത്രമേല്‍ പ്രാഗത്ഭ്യമുള്ള എഴുത്തുകാര്‍ ഈ രംഗത്തുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. വലിയ അവാര്‍ഡുകള്‍ക്ക് വേണ്ടി ലോബിയിങ് നടത്താനുള്ള ശേഷിയില്ലായ്മക്കും ഇക്കാര്യത്തില്‍ ഒമാനിന് പുറത്തുള്ള പ്രസാധകര്‍ കാണിക്കുന്ന അവഗണനക്കും വലിയ വിലയാണ് ഒമാന്‍ എഴുത്തുകാര്‍ നല്‍കേണ്ടി വരുന്നതെന്നും അദ്ദേഹം പറയുന്നു. ബെയ്‌റൂത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു ഒമാന്‍ വനിതയുടെ നോവല്‍ അറബ് ബുക്കര്‍ പ്രൈസിന് പരിഗണിക്കപ്പെടാത്തത് ചൂണ്ടിക്കാട്ടിയാണ് ഷിമോണ്‍ ഇക്കാര്യം ഉന്നയിക്കുന്നത് (ടൈംസ് ഓഫ് ഒമാന്‍). പ്രമുഖ ഒമാനി നോവലിസ്റ്റ് ഹുസൈന്‍ അല്‍ അബ്രിയും ഇതേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് കാണാം. 'നോവല്‍ രചന ഇപ്പോള്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പിലാണ്. കഥയെഴുത്തുകാരും കവികളും നോവല്‍ രചനയിലേക്ക് വഴിമാറിത്തുടങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഈ മേഖലയുടെ വിജയകരമായ വികാസം അതിവിദൂരമല്ല'. ബെയ്‌റൂത്ത് 39 ന് നല്‍കിയ അഭിമുഖത്തില്‍ നാല് നോവലുകളുടെ രചയിതാവായ ഹസൈന്‍ അല്‍ അബ്രി പറയുന്നു.



Muhammad Al Harthy
വായനക്കാരും പ്രസാധകരും പ്രായോജകരും വേണ്ടത്ര വളര്‍ന്നിട്ടില്ലാത്ത ഒരു സമൂഹത്തില്‍ സാഹിത്യ പ്രവര്‍ത്തനം അത്രമേല്‍ ലളിതമായ ഏര്‍പാടാകില്ല. ഈ പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ടാണ് ഒമാനി എഴുത്തുകാര്‍ സര്‍ഗാത്മകമായ ഔന്നത്യം പ്രകടിപ്പിക്കുന്നത്. അതിനാകട്ടെ വലിയ രാഷ്ട്രീയമാനങ്ങളുമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് ജനാധിപത്യം നല്‍കുന്ന വിവക്ഷയല്ല മറ്റ് രാഷ്ട്രീയാവസ്ഥകള്‍ മുന്നോട്ടുവക്കുന്നത്. ഈ നിര്‍വചനങ്ങള്‍ക്കകത്തുനിന്നുകൊണ്ട് സാഹിത്യ ലോകത്തെ മാറ്റിപ്പണിയുകയാണ് ഒമാനി എഴുത്തുകാര്‍ ചെയ്യുന്നത്. അവര്‍ക്കാ പരിമിതകളെക്കുറിച്ച തിരിച്ചറിവുകളുണ്ട്. എങ്കിലും എഴുത്തില്‍ അവര്‍ക്ക് നിശ്ചയദാര്‍ഢ്യങ്ങളുമുണ്ട്. മുഹമ്മദ് അല്‍ ഹര്‍ഥി എഴുതിയത് പോലെ:

'വഴികളില്‍ കാലിടറിയാലും 
വഴിയടയാളങ്ങള്‍ പിന്തുടര്‍ന്ന്
ഒരിക്കല്‍ ഞാനാ-
ഉമ്മറപ്പടിയിലെത്തും,
വന്‍മതിലുകള്‍ ഞാന്‍ പണിയും.'
(പോസിങ് ഇന്‍ ദി ഗാര്‍ഡന്‍)
...........................................

(ഗള്‍ഫ് മാധ്യമം, മധുരം മലയാളം,
ഒമാന്‍ പ്രത്യേക പതിപ്പ്, ഡിസംബര്‍, 2015.)

Monday, November 23, 2015

ബിഹാറിൽ ഇടതുപക്ഷത്തിന്റെ ദൗത്യമെന്തായിരുന്നു?

(From left) CPI-ML (Liberation) general secretary Dipankar Bhattacharya,
CPM general secretary Sitaram Yechuri and CPI's AB Bardhan in Patna
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയത് ബിജെപിക്കെതിരെ രൂപവത്കരിച്ച വിശാല മതേതര സഖ്യത്തിന്റെ സാന്നിധ്യം കൊണ്ടാണ്. രാജ്യത്തെയാകമാനം വിഴുങ്ങിക്കൊണ്ടിരിക്കുന്ന വര്‍ഗീയ ഫാഷിസത്തിനെതിരെ കൈകോര്‍ത്ത മതേതര പാര്‍ട്ടികള്‍ പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനാണ് ബിഹാറിനെ വേദിയാക്കിയത്. ഡല്‍ഹിയിലെ അധികാരത്തിന്റെ ബലത്തില്‍ സംഘ്പരിവാരങ്ങള്‍ അഴിച്ചുവിട്ട വര്‍ഗീയാതിക്രമങ്ങളും ജനാധിപത്യത്തെ തന്നെ അവഹേളിക്കുന്ന നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണതകളും അസഹിഷ്ണുതയുടെ പേരില്‍ ആവര്‍ത്തിക്കപ്പെട്ട കൊലപാതകങ്ങളും കണ്ട് നിസ്സഹായനായ ഇന്ത്യക്കാരന്‍ ആഗ്രഹിച്ച ജനാധിപത്യപരമായ ഒരു പ്രതിരോധത്തിനാണ് ഇവിടെ തുടക്കമിട്ടത്. ലാലു പ്രസാദ് യാദവും നിതീഷ്‌കുമാറും ചേര്‍ന്ന് മുന്നോട്ടുനയിച്ച മതേതര സഖ്യത്തിനൊപ്പമായിരുന്നു കോണ്‍ഗ്രസും. ബിഹാറിലെ സ്വന്തം ശേഷിയും ദേശീയ രാഷ്ട്രീയ സാഹചര്യവും മുന്‍നിര്‍ത്തി ഈ സഖ്യത്തില്‍ അണി ചേരാന്‍ കോണ്‍ഗ്രസെടുത്ത തീരുമാനം സമീപകാല ഇന്ത്യയിലെ ഏറ്റവും പക്വമായ രാഷ്ട്രീയ ചുവടുവപ്പായിരുന്നു. ഈ മഹാസഖ്യത്തിന്, അര്‍ഹിക്കുന്ന പിന്തുണ ബിഹാര്‍ ജനത നല്‍കുകയും ചെയ്തു.

ലോകം തന്നെ അതി സൂക്ഷ്മം നിരീക്ഷിച്ച ഈ സുപ്രധാന രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം നിര്‍വഹിച്ച സാമൂഹിക ദൗത്യമെന്തായിരുന്നു? ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് നടത്തുന്ന പ്രത്യയശാസ്ത്ര വിശകലനങ്ങള്‍ക്കപ്പുറം ഒരു ജനാധിപത്യ കൂട്ടായ്മക്കൊപ്പം നിന്ന് പ്രായോഗികവും ജനകീയവുമായ വഴികളിലൂടെ അതിനെ നേരിടുന്നതിന്‍ തടസ്സമാകുന്ന ആന്തരിക വൈരുധ്യങ്ങളെ മറികടക്കാനുള്ള ശേഷി ഇടതുപക്ഷത്തിനില്ലെന്ന വിമര്‍ശം ശരിവക്കുന്നതായിരുന്നു അവരുടെ ബിഹാര്‍ നയം. ലാലുവും നിതീഷും നയിച്ച മതേതര സഖ്യത്തിനൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. പകരം, സി പി ഐ, സി പി എം, സി പി ഐ എം എല്‍‍, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക്, എസ് യു സി ഐ എന്നീ ആറുപാര്‍ട്ടികള്‍ ചേര്‍ന്ന ഇടതുമുന്നണിയുണ്ടാക്കി ഒറ്റക്ക് മത്സരിച്ചു. ആകെ 243 സീറ്റുള്ള ബിഹാറില്‍ 221 എണ്ണത്തിലും ഇടത് സ്ഥാനാര്‍ഥികളുണ്ടായി. ഒറ്റക്ക് മത്സരിക്കുന്നതിന് രണ്ട് കാരണങ്ങളാണ് ഇടതുപക്ഷം പറഞ്ഞത്. മതേതര മുന്നണിക്ക് 'ഫ്യൂഡല്‍ - ജാതി' സ്വഭാവമുണ്ടെന്നും ബിജെപിയില്‍ നിന്ന് വ്യത്യസ്തമായ സാന്പത്തിക നയം ഈ മുന്നണിക്കില്ല എന്നും. ഫാസിസ്റ്റ് തേരോട്ടത്തിന് മുന്നില്‍ ഭയവിഹ്വലമായ ഒരു രാജ്യം രാഷ്ട്രീയ പരിഹാരം അന്വേഷിക്കുന്പോള്‍ അവിടെ ഏറ്റവുമാദ്യം ഉന്നയിക്കേണ്ട രണ്ട് അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇവയാണ് എന്ന് മനസ്സിലാക്കാനേ ബിഹാറില്‍ ഇടതുപക്ഷത്തിന് കഴിഞ്ഞുള്ളു.

മതേതര ചേരിയിലെത്തേണ്ട വോട്ടുകള്‍ ഭിന്നിപ്പിച്ച് പ്രത്യക്ഷത്തില്‍ തന്നെ ഫാഷിസ്റ്റ് മുന്നണിയുടെ സഹായിയായി സ്വയം മാറേണ്ട അവസ്ഥയിലേക്കാണ് ഈ പരിമിതി ഇടതുപക്ഷത്തെ എത്തിച്ചത്.  ഫാസിസം ഏറ്റവും അക്രമാസക്തമായ കാലത്ത് ഇടതുപക്ഷം കാണിച്ച ഈ ചരിത്രപരമായ വിഢ്ഢിത്തം എത്രമേല്‍ അപകടകരം കൂടി ആയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. 221 മണ്ഡലങ്ങളില്‍ മത്സരിച്ച മുന്നണിക്ക് ആകെ കിട്ടിയത് 3 സീറ്റ് മാത്രം. മൂന്നും സി പി ഐ എം എല്ലിന്. തെരഞ്ഞെടുപ്പ് വിജയമല്ല രാഷ്ട്രീയ പ്രസക്തി നിശ്ചയിക്കുന്നത് എന്നത് ശരിയാണ്. എന്നാല്‍ വലിയ ആശയങ്ങളുടെ പേരില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഫാസിസ്റ്റ് ചേരിക്ക് നിയമസഭയില്‍ കരുത്തുപകര്‍ന്നു. ആകെ 53 സീറ്റാണ് ബിജെപിക്ക് ബിഹാറില്‍ കിട്ടിയത്. ഇതില്‍ 10 സീറ്റെങ്കിലും സംഭാവന ചെയതത് അവിടെ ഒറ്റക്ക് മത്സരിച്ച ഇടതുമുന്നണിയാണ്. ചേന്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി ജയിച്ചത് വെറും 671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഇടതുമുന്നണിക്ക് വേണ്ടി ഇവിടെ മത്സരിച്ചത് സി പി എം. ആറാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാര്‍ഥി രംഗ്‌ലാല്‍ പസ്വാന്‍ പിടിച്ചത് 2573 വോട്ട്. മതേതര പക്ഷത്തുനിന്ന് ഇടതുമുന്നണി ഒറ്റ തിരിച്ചെടുത്ത വോട്ടുകള്‍ ബിജെപിയെ വിജയിപ്പിക്കുന്നത് എങ്ങനെയെന്ന് ഇതിലേറെ പറയേണ്ടതില്ല.

ഇത് ഒരിടത്തെ മാത്രം അനുഭവമല്ല. പിപ്ര മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ സിപിഎം പിടിച്ചത് 8,366 വോട്ട്. അവിടെ ബിജെപി ജയിച്ചത് 3,930 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ചന്‍പാട്ടിയയില്‍ ഇടതുമുന്നണി സീറ്റ് സി പി ഐക്കായിരുന്നു. മൂന്നാമതെത്തിയ സി പി ഐ സ്ഥാനാര്‍ഥി പിടിച്ചത് 10,136 വോട്ട്. ഇവിടെ ബിജെപി ജയിച്ചത് വെറും 404 വോട്ടിന്. ഗോഹില്‍ സിപിഐക്ക് കിട്ടിയത് 18,951 വോട്ട്. ബിജെപി ജയിച്ചത് 7,672 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇതുപോലെ നിരവധി മണ്ഡലങ്ങള്‍. ബിജെപിയും മതേതര ചേരിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കണമെന്ന രാഷ്ട്രീയ ബോധവും ഇടതുപാര്‍ട്ടികള്‍ പ്രകടിപ്പിച്ചില്ല. മണ്ഡലങ്ങളുടെ സ്വഭാവവും ബിജെപിയുടെ സാധ്യതകളും തിരിച്ചറിഞ്ഞ് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ സഹായിക്കാനുള്ള രാഷ്ട്രീയ ഔചിത്യവും ഇടതുപക്ഷം പ്രകടിപ്പിച്ചില്ല. ബിഹാര്‍ ഷരീഫ്, ലാഖിസറൈ പോലുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷത്തോടടുത്ത് നില്‍ക്കുന്ന വോട്ട് ഇടതുപാര്‍ട്ടികള്‍ നേടിയിട്ടുണ്ട്. ഇത്തരം മണ്ഡലങ്ങളിലെങ്കിലും വോട്ട് ചിതറിപ്പോകാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രജ്ഞതയും  ഇടതുപക്ഷത്ത് നിന്നുണ്ടായില്ല.

ജാതി-സാന്പത്തിക നയങ്ങളുടെ പേരില്‍  മതേതര ചേരിക്കെതിരെ രംഗത്തിറങ്ങിയ ഇടതുപക്ഷം പലയിടത്തും പരസ്പരം മത്സരിക്കുക കൂടി ചെയ്തു. സ്വന്തം നിലപാടുകള്‍ക്ക് പരമാവധി സ്വീകാര്യതയുണ്ടാക്കാന്‍ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ പോലും ഒന്നിച്ച് നിന്നില്ലെന്നര്‍ഥം. ബിഹാറിന്റെ പശ്ചാത്തലത്തില്‍ ഈ ഭിന്നത അവരുടെ രാഷ്ട്രീയത്തെ കൂടുതല്‍ ദുരൂഹവും സംശയാസ്പദമാക്കുന്നുണ്ട്. ഒന്നിലധികം ഇടതുപാര്‍ട്ടികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ പോലും ബിജെപി വിരുദ്ധ രാഷ്ട്രീയ സാധ്യതയെ സഹായിക്കാന്‍ ഒരൊറ്റ ഇടതുപാര്‍ട്ടിയും തയാറായില്ല. പട്‌ന സാഹിബ് മണ്ഡലം ഇതിന് മികച്ച ഉദാഹരണമാണ്. ഇവിടെ മൂന്ന് ഇടത് പാര്‍ട്ടികളാണ് പരസ്പരം മത്സരിച്ചത്. ആര്‍ എസ് പി, സി പി ഐ എം എല്‍‍, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ. യഥാക്രമം നാല്, അഞ്ച്, ഒന്പത് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് 4,305 വോട്ട് നേടി. ഇവിടെ ആര്‍ജെഡിയെ തോല്‍പിച്ച് ബിജെപി സ്ഥാനാര്‍ഥി വിജയിച്ചത് 2,792 വോട്ടിന്റെ ഭൂരിപക്ഷത്തിന്. സുഗൗലിയില്‍ പരസ്പരം മത്സരിച്ചത് സി പി എമ്മും സി പി ഐയും. അഞ്ചും ആറും സ്ഥാനത്തെത്തിയ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് 7000ല്‍ അധികം വോട്ട് പിടിച്ചു. ഇവിടെ ബിജെപിയുടെ ഭൂരിപക്ഷം 7,756. ഇത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമുണ്ടായ സ്ഥിതി വിശേഷമല്ല. ബിജെപി ജയിച്ച മറ്റ് പല മണ്ഡലങ്ങളിലും ഇടതുപാര്‍ട്ടികള്‍ ഇങ്ങിനെ പരസ്പരം മത്സരിച്ചിട്ടുണ്ട്. കുംഹറാറിലും മോട്ടിഹറിലും സിപിഎമ്മും സിപിഐയും തമ്മില്‍. ബങ്കിപ്പൂരില്‍ സി പി ഐയും ആര്‍ എസ് പിയും തമ്മില്‍. കുര്‍ഹാനി, ജാലെ, തറൈയ തുടങ്ങി വിവിധ മണ്ഡലങ്ങളിലും ഇതുകാണാം. മണ്ഡലത്തിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും മുന്നണി സംവിധാനത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ശൈഥില്യങ്ങളും പരസ്പരം മത്സരിക്കുന്നതിന് കാരണമായിട്ടുണ്ടാകാം. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മുഖ്യ പ്രമേയമായ ഒരു തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഇങ്ങനെ മൂപ്പിളമത്തര്‍ക്കത്തില്‍ അഭിരമിച്ച് ബിജെപിയെ സഹായിച്ചത് എന്നോര്‍ക്കണം. ബിഹാറില്‍ വോട്ട് പിളര്‍ത്തിയതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഇടതുപക്ഷം മാത്രമല്ല. ബി എസ് പിയും എസ് പിയും മുതല്‍ മുസ്‌ലിം ലീഗും എം ഐ എമ്മും എസ് ഡി പി ഐയും വരെ ഇക്കൂട്ടത്തിലുണ്ട്. എസ് പിയും ബി എസ് പിയും വ്യാപകമായി തന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ പിളര്‍ത്തി. മറ്റുള്ളവര്‍ അവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലും. ഇവരെല്ലാം അപകടകരമായ സ്വത്വ രാഷ്ട്രീയം മുന്നോട്ടുവക്കുന്നവരാണെന്നും ഇത് ഇന്ത്യയില്‍ വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ചക്കാണ് സഹായകരമാകുകയെന്നും വാദിക്കുന്നവരാണ് ഇടതുപക്ഷം. എന്നാല്‍ ബിഹാറില്‍ ഈ പാര്‍ട്ടികള്‍ അവരവരുടെ സ്വാധീന മേഖലകളില്‍ സ്വീകരിച്ച സമീപനത്തിലപ്പുറമൊന്നും വിശാലമായ വര്‍ഗ രാഷ്ട്രീയം പറയുന്ന ഇടതുപക്ഷത്തുനിന്ന് ഉണ്ടായില്ല.

ഇടതുപക്ഷം മതേതര സഖ്യത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ മഹാ സഖ്യത്തിന്  സ്വാഭാവികമായി ലഭിക്കുന്ന ചില വോട്ടുകള്‍ നഷ്ടപ്പെടുമായിരുന്നെന്ന് ബിഹാറില്‍ ഏറെ പ്രവര്‍ത്തന പരിചയമുള്ള മാധ്യമ പ്രവര്‍ത്തകനായ ഷാജി ജോസഫ് നിരീക്ഷിച്ചിട്ടുണ്ട്. നേരത്തെ ഇടതുപക്ഷത്തിനൊപ്പമുണ്ടായിരുന്ന ദലിത് പിന്നാക്ക വിഭാഗങ്ങള്‍ അവിടെ നിന്ന് മാറി പൂര്‍ണമായി നിതീഷിനും ലാലുവിനൊപ്പമായി എന്നത് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു പാര്‍ട്ടികളോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്ന ചില ജാതികളും വന്‍ തോതില്‍ പിന്നാക്ക-ദലിത് പിന്തുണ ആര്‍ജിച്ച മതേതര സഖ്യത്തെ പിന്തുണക്കുന്ന വിവിധ വിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെട്ടു. തങ്ങള്‍ മത്സരിച്ചതിനാല്‍, ഭരണ വിരുദ്ധ വികാരത്തിന്റെ പേരില്‍ ബിജെപിക്ക് ലഭിക്കുമായിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിഞ്ഞെന്നും അത് മതേതര സഖ്യത്തിന് സഹായകരമായെന്നുമുള്ള (വിചിത്രമായ) ന്യായം ഇടത് നേതാക്കളും  മുന്നോട്ടുവക്കുന്നുണ്ടത്രെ (ബിസിനസ് ലൈന്‍, നവംബര്‍ എട്ട്). ഇവ രണ്ടും പരിഗണിച്ചാല്‍ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ കൂട്ടായ്മക്ക് ഒപ്പം നില്‍ക്കുന്നതിന് ഇടതുപക്ഷത്തെ തടഞ്ഞ ഘടകങ്ങള്‍ അത്ര ലളിതമോ നിസ്സാരമോ അല്ലെന്ന് വ്യക്തമാകും. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സ്വീകരിക്കേണ്ട സൂക്ഷ്മമായ രാഷ്ട്രീയ നിലപാടുകള്‍ പ്രത്യയശാസ്ത്ര ദുശ്ശാഠ്യങ്ങളാല്‍ അട്ടിമറിക്കപ്പെടുന്നത് ബിഹാറിലായാലും കേരളത്തിലായാലും ബിജെപിയെ മാത്രമാണ് സഹായിക്കുകയെന്ന് ഇടതുപക്ഷം തിരിച്ചറിയണം. അതിന് പറ്റിയ പാഠമാണ് ബിഹാര്‍.

(Madhyamam November -16-2015)

Thursday, November 12, 2015

സ്വകാര്യ സര്‍വകലാശാല വരുന്നത് ആര്‍ക്കുവേണ്ടി?


പൊതു വിദ്യാഭ്യാസ സംവിധാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വലിയ മുന്നേറ്റം നടന്ന സ്ഥലമാണ് കേരളം. പൊതുവിദ്യാഭ്യാസം താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ഏറെക്കുറെ എല്ലായിടത്തും എത്തിക്കാനും അത് വിജയകരമായി നിലനിര്‍ത്താനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച സര്‍ക്കാര്‍ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നില്ല. അതില്‍ സംഭവിച്ച ക്രമാനുഗതമായ മാറ്റങ്ങള്‍ ഏറെക്കുറെ സ്വകാര്യവത്കരണത്തിലേക്ക് എത്തുകയും ചെയ്തു.  സ്ഥാപനങ്ങളുടെ ഉടമാവകാശം, നിയമനാധികാരം എന്നിവ  സ്വകാര്യ വ്യക്തികള്‍ക്കും ശമ്പള ബാധ്യത സര്‍ക്കാറിനുമെന്ന രീതിയില്‍ രൂപപ്പെട്ട എയിഡഡ് വിദ്യാലയങ്ങളാണ് സമ്പൂര്‍ണ പൊതു ഉടമസ്ഥതാ സങ്കല്‍പത്തിന് പുറത്ത് സ്ഥാപിതമായ ആദ്യതലമുറ സ്ഥാപനങ്ങള്‍. പിന്നീട് സര്‍ക്കാര്‍ അംഗീകാരത്തോടെ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അണ്‍ എയിഡഡ് അഥവ സ്വാശ്രയ സ്ഥാപനങ്ങളുണ്ടായി. അടുത്ത ഘട്ടത്തില്‍ അംഗീകാരം എന്നത് സര്‍ക്കാറിന്‌റെ എന്‍ ഒ സി മാത്രമായി പരിമിതപ്പെട്ടു. സര്‍ക്കാറിന്റെ ഒരു അനുമതിയും ആവശ്യമില്ലാതെ തന്നെ ആരംഭിക്കാവുന്ന വിധത്തില്‍ പിന്നീട് ഇത് സര്‍ക്കാര്‍ ഉദാരമാക്കി. ഈ മാറ്റങ്ങളുണ്ടാകുമ്പോഴും ഫീസ്, പ്രവേശം, സിലബസ് തുടങ്ങി വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം തീരുമാനാധികാരം  സര്‍ക്കാറില്‍ തന്നെ നിക്ഷിപ്തമായിരുന്നു. സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ വരവും അവക്ക് ഭരണഘടനാ പരമായി തന്നെ ലഭിച്ച ചില അവകാശങ്ങെളുമെല്ലാം ഈ നിയന്ത്രണങ്ങളെയും ദുര്‍ബലമാക്കി. ഇതെല്ലാം സ്വകാര്യ മേഖലയിലാണ് സംഭവിച്ചതെങ്കില്‍, ഇതിന് സമാന്തരമായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അപ്പോഴും ഇത്തരം സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം സര്‍ക്കാറില്‍ അവശേഷിച്ചിരുന്നു. സമ്പൂര്‍ണ സ്വതന്ത്രരെന്ന് വാദിക്കുന്ന സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍പോലും സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാക്കുന്ന സംവിധാനങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നുണ്ട്. ഇച്ഛാശക്തിയുള്ള സര്‍ക്കാറുകളാണെങ്കില്‍ പുതിയ നിയമ നിര്‍മാണത്തിന് പോലും അവസരമുണ്ട്. ചുരുക്കത്തില്‍, സമ്പൂര്‍ണമായ പൊതു വിദ്യാഭ്യാസം എന്നതില്‍ നിന്ന് സമ്പൂര്‍ണ സ്വകാര്യവത്കരണത്തിലേക്ക് പടിപടിയായി മാറുമ്പോഴും ജനാധിപത്യ സംവിധാനങ്ങളിലൂടെ അവയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സ്ഥിതി വിശേഷം കേരളത്തില്‍ അവശേഷിച്ചിരുന്നുവെന്ന് വ്യക്തം.

അങ്ങേയറ്റം പരിമിതമായ ഈ നിയന്ത്രണം പോലും ഇല്ലാതാക്കുന്നതാണ് പുതുതായി സര്‍ക്കാര്‍ മുന്നോട്ടുവക്കുന്ന സ്വകാര്യ സര്‍വകലാശാല സങ്കല്‍പം. വിദ്യാഭ്യാസ മന്ത്രിയുടെ വിയോജിപ്പ് മറികടന്ന്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി മുഖ്യമന്ത്രി നേരിട്ട് നിയമിച്ച വിദഗ്ധ സമിതിയാണ് സ്വകാര്യ സര്‍വകലാശാല എന്ന നിര്‍ദേശം സര്‍ക്കാറിന് സമര്‍പിച്ചിരിക്കുന്നത്. ഒരു സര്‍വകലാശാല സ്ഥാപിക്കാന്‍ വേണ്ട മാനദണ്ഡങ്ങളായി വിദഗ്ധ സമിതി മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ തന്നെ അതിന്റെ സ്വഭാവം നിര്‍ണയിക്കുന്നതാണ്. നഗരത്തില്‍ 20 ഏക്കര്‍ ഭൂമി, ഗ്രാമത്തിലാണെങ്കില്‍ 30 ഏക്കര്‍, 5000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു കെട്ടിടം, 50 കോടി രൂപ, ഇതില്‍ 20 കോടി സര്‍ക്കാറുമായി സംയുക്ത അക്കൗണ്ടുണ്ടാക്കി ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കണം, ആണ്‍പെണ്‍ ഹോസ്റ്റല്‍, ചുരുങ്ങിയത് അഞ്ച് പ്രധാന ഫാക്കല്‍റ്റികള്‍, വാഹനം മുതല്‍ ടീ ഷോപ് വരെയുള്ള അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍. കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം സമര്‍പിച്ച നിയമ നിര്‍മാണത്തിനുള്ള ബില്ലിന്റെ കരടില്‍, വിദ്യാഭ്യാസ മേഖലയില്‍ 10 വര്‍ഷം പരിചയമുള്ള ഏജന്‍സിയാകണം സര്‍വകലാശാലയുടെ സ്‌പോണ്‍സര്‍ എന്ന വ്യവസ്ഥയുണ്ട്. ഏത് കോര്‍പറേറ്റ് സ്ഥാപനത്തിനും അനുയോജ്യനായ ഒരു സ്്‌പോണ്‍സറോട് സഹകരിച്ച് സര്‍വകലാശാല സ്ഥാപിക്കാം. ഇവയെല്ലാം സര്‍ക്കാറിന് സമര്‍പിച്ച ശിപാര്‍ശകള്‍ മാത്രമാണ്. തീരുമാനം നടപ്പില്‍ വരുമ്പോള്‍ ഇതില്‍ ഏതൊക്കെ വ്യവസ്ഥകളാണ് ഉണ്ടാകുക എന്നത് കണ്ടറിയണം. ഇതേ രീതിയില്‍ നടപ്പായാല്‍ പോലും വന്‍ സാമ്പത്തിക പിന്‍ബലമുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു സര്‍വകലാശാല സ്ഥാപിക്കാന്‍ കഴിയൂ എന്ന് വ്യക്തം. ഒരു കാരണവശാലും സര്‍ക്കാറില്‍ നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ലഭിക്കില്ല എന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം റിപ്പോര്‍ട്ട് പറയുന്നുമുണ്ട്.



പണം മുടക്കുന്നയാള്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്നതാണ് ഇതിന്റെ ഘടന. ആ ഏജന്‌സി തന്നെയായിരിക്കും ചാന്‍സിലറെ നിയമിക്കുക. അവിടന്ന് താഴോട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള അധികാരം ചാന്‍സിലര്‍ക്ക് തന്നെ. വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സെര്‍ച് കമ്മിറ്റി പോലുള്ള സംവിധാനങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. എല്ലാം പക്ഷെ ആത്യന്തികമായി ഉടമസ്ഥന്റെ നിയന്ത്രണത്തില്‍ തന്നെ നില്‍ക്കുംവിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മറിച്ചൊരു രീതി പ്രതീക്ഷിക്കേണ്ടതുമില്ല.
ഫീസ്്്, സിലബസ്, ബിരുദം തുടങ്ങി മുഴുവന്‍ പാഠ്യ-പാഠ്യേതര മേഖലകളും രൂപകല്‍പന ചെയ്യാനും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുമുള്ള പൂര്‍ണ അധികാരവും സര്‍വകലാശാലാ ഉടമക്കാണ്. സ്വകാര്യ സര്‍വകലാശാല കേരളത്തില്‍ അനിവാര്യമാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നുണ്ട്. അതില്‍ ആവര്‍ത്തിച്ച് പറയുന്നത് സര്‍ക്കാര്‍ പണം നല്‍കുന്നതിനാല്‍ നിലവിലെ സര്‍വകലാശാലകള്‍ നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ്. എന്നല്ല, നിലവിലെ സര്‍വകലാശാലകള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിമിതികള്‍ക്കും കാരണം സര്‍ക്കാര്‍ നിയന്ത്രണവും അതുമൂലമുണ്ടാകുന്ന അസ്വാതന്ത്ര്യങ്ങളുമാണെന്നാണ് കണ്ടെത്തല്‍. അക്കാദമികമായ പോരായ്മകളുടെയും പരീക്ഷാ നടത്തിപ്പ് മുതല്‍ കോളജ് പ്രവേശം വരെയുള്ള സര്‍വ കാര്യങ്ങളിലുമുള്ള പരാധീനതകളുടെയും അടിസ്ഥാനവും സര്‍ക്കാര്‍ നിയന്ത്രണം തന്നെയാണത്രെ. ഇത് പരിഹരിക്കാനാണ് സ്വകാര്യ സര്‍ലകലാശാലകളെ മുന്നോട്ടുവക്കുന്നത് എന്നാണ് വിദഗ്ധമതം. നിയമ നിര്‍മാണം വഴിയാണ് സ്വകാര്യ സര്വകലാശാല സ്ഥാപിക്കുക. അഥവ, സര്‍വ  അധികാരങ്ങളും നിയമസഭ പാസാക്കുന്ന ഒരു നിയമം വഴി കോളജ് ഉടമക്ക് വകവച്ചുകൊടുക്കുന്നതിലൂടെ അയാളുടെ അവകാശങ്ങളെ കോടതിപോലുള്ള എല്ലാതരം നിയമ സംവിധാനങ്ങളുടെയും പുറത്ത് പ്രതിഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സ്വാകര്യ വിദ്യാഭ്യാസം വലിയ പാപമല്ല. എന്നാല്‍ കേരളത്തിന്റെ സാമൂഹ്യഘടനയില്‍ അതെത്രമാത്രം അനുയോജ്യവും ഫലപ്രദവും ആകുമെന്നതും എത്രമാത്രം ജനവിരുദ്ധമായിത്തീരുമെന്നതുമാണ് അതിന്റെ സ്വീകാര്യതയെ നിര്‍ണയിക്കേണ്ടത്. കേരളത്തിലെ ഏറ്റവും കുത്തഴിഞ്ഞ അടിസ്ഥാന സൗകര്യ മേഖലയാണ് ഉന്നത വിദ്യാഭ്യാസം. അതിന് പല ഘടകങ്ങള്‍ കാരണമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സ്വാശ്രയ മേഖല സജീവമായതോടെ  സംഭവിച്ച ഏറ്റവും പ്രതികൂലമായ മാറ്റം, വിദ്യാഭ്യാസ മേഖലയെ ലാഭ നഷ്ടക്കണക്കുകള്‍ നിയന്ത്രിക്കാന്‍ തുടങ്ങി എന്നതാണ്. ഫീസ്, പ്രവേശനം, സീറ്റുകളുടെ വിതരണം തുടങ്ങി കോഴ്‌സും സിലബസും നിശ്ചയിക്കുന്നതില്‍ വരെ സ്ഥാപന ഉടമയുടെ സാമ്പത്തിക ലാഭം നിര്‍ണായക ഘടകമായി മാറി. വ്ിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തിലേക്ക് നയിച്ച ഈ മാറ്റം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ആക്‌സസിബിലിറ്റിയാണ് അതില്‍ പ്രധാനം. ഒരു കോഴ്‌സിലേക്ക് അല്ലെങ്കില്‍ ഒരു കോളജിലേക്ക് ഒരു വിദ്യാര്‍ഥിക്ക് കടന്നുചെല്ലാവുന്ന വഴികളിലെല്ലാം സാമ്പത്തിക ബാധ്യത വന്‍ മതിലായി മാറി. ഒരു കോഴ്‌സിന് പ്രവേശനം കിട്ടാനുള്ള പ്രധാന മാനദണ്ഡം പണം മുടക്കാനുള്ള ശേഷിയായിത്തീര്‍ന്നു. മത്സര പരീക്ഷകളില്‍ മുന്‍ നിരയിലെത്തുന്നവര്‍പോലും വന്‍ തുകകള്‍ മുടക്കാനില്ലാത്തതിനാല്‍ മികച്ച കോഴ്‌സുകളില്‍ നിന്നും കോളജുകളില്‍ നിന്നും പുറന്തള്ളപ്പെട്ടു. സ്ഥാപനം നടത്താനുള്ള ചിലവ് കണ്ടെത്താന്‍ കുട്ടികളല്ലാതെ മറ്റൊരു സ്രോതസ്സുമില്ലാത്ത മുതലാളിമാര്‍, അവരുടെ ബിസിനസിന്റെ ലാഭകരമായ നടത്തിപ്പിന് വേണ്ട ഫീസാണ് നിശ്ചയിച്ചത്. അതോടെ മെറിറ്റുള്ള എല്ലാ കുട്ടികള്‍ക്കും അവസരം ലഭിക്കുക എന്ന സാമൂഹിക നീതി അട്ടിമറിക്കപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും സാമൂഹികമായി ദുര്‍ബലരായവരും ഇവിടെ ഒരുപോലെ പുറന്തള്ളപ്പെട്ടു.



ഈ അപ്രഖ്യാപിത പ്രവേശ വിലക്ക് വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തെ തന്നെ  അതീവ ദുര്‍ബലമാക്കി മാറ്റി. പ്രവേശന മാനദണ്ഡം പണമായതോടെ, പഠിക്കാനുള്ള ശേഷി കുട്ടികളുടെ തെരഞ്ഞെടുപ്പില്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയാതായി. എന്നല്ല, അത്തരത്തിലൊരു സ്ൂക്ഷ്മ പരിശോധന വേണമെന്ന് സ്ഥാപന ഉടമകളും ആഗ്രഹിക്കാതായി. കഴിഞ്ഞ 10 വര്‍ഷത്തെ സ്വാശ്രയ മേഖലയില്‍ നിന്നുള്ള പരീക്ഷാഫലം പരിശോധിച്ചാല്‍ നിലവാരത്തകര്‍ച്ച പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടും. ഇതിന്റെ മറ്റൊരു പ്രത്യാഘാതമായിരുന്നു സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന. കോഴ്‌സുകളുടെ ആവശ്യകതയോ അനിവാര്യതയോ ആയിരുന്നില്ല ഒരു സ്ഥാപനം തെരഞ്ഞെടുക്കുന്ന പഠന മേഖലയുടെ മാനദണ്ഡം. കേരളത്തില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ ഒഴികെ ഒരു സ്്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലും ഇന്ന് ലഭ്യമായ മുഴുവന്‍ സീറ്റിലും പഠിക്കാന്‍ കുട്ടികളെ കിട്ടുന്നില്ല. മുടക്കുന്ന പണം തിരി്ച്ചുകിട്ടുമെന്ന് ഉറപ്പുള്ള കോഴ്‌സുകളില്‍ മാത്രമെ 'ഉപഭോക്താക്കളും' പണം ഇറക്കുന്നുള്ളൂവെന്നായിരിക്കുന്നു കേരളത്തില്‍. കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. 'വ്യാവസായികമായി പരാജയപ്പെ്ട്ട്്്' കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് സ്വാശ്രയ എഞ്ചിനീറിങ്ങ് കോളജുകള്‍. സാമൂഹികമായ അസന്തുലിതത്വവും അരക്ഷിതാവസ്ഥയും ഇതിന്റെ ഉപോല്#പന്നമായി കേരളത്തില്‍ രൂക്ഷമായിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് മലയാളികള്‍ക്ക്്്് വന്‍ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കുമുള്ള എളുപ്പവഴികളിലൊന്നായി മാറിയിരിക്കുന്നു.

സ്വാകാര്യ സര്‍വകാലശാലകള്‍ അനിവാര്യമാണെന്ന്്്് സമര്‍ഥിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന അതേ ന്യായങ്ങള്‍ തന്നെയാണ് സ്വാശ്രയ കോളജുകള്‍ കൊണ്ടുവരുന്ന സമയത്തും സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇന്നും സ്വാശ്രയ സ്ഥാപനങ്ങള്‍ അവരുടെ സ്വീകാര്യത ഉറപ്പാക്കാന്‍ പറയുന്നതും ഇതേ ന്യായങ്ങള്‍ തന്നെ. സ്വാശ്രയ കോളജുകള്‍ ഒന്നര പതിറ്റാണ്ടുകൊണ്ട് തന്നെ അപ്രതിരോധ്യമായ ദുന്തങ്ങളാണ് സൃഷ്ടിച്ചത്. ഈ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന്്് മാത്രമല്ല, അവയെ അതിജീവിക്കുമെന്ന നേരിയ സൂചനപോലും നമ്മുടെ വിദ്യാഭ്യാസ രംഗത്തുനിന്ന് ലഭിക്കുന്നുമില്ല. എന്നിരിക്കെയാണ് ഏറെക്കുറെ അതേ ന്യായവാദങ്ങളുന്നയിച്ച്, അവയേക്കാള്‍ വലിയ സ്വാതന്ത്ര്യവും അധികാരവും ഉറപ്പുനല്‍കി സ്വകാര്യ സര്‍വകലാശാലകളെ ഇറക്കുമതി ചെയ്യുന്നത്. എല്ലാതരം വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രാപ്യമായ, ഗുണനിലവാരവും സാമൂഹ്യ പുരോഗതിയും ലക്ഷ്യമിടുന്ന സര്‍വകലാശാലകളായിരിക്കും ഇവയെന്ന് സര്‍ക്കാര്‍ പോലും കരുതുന്നില്ല. വിദ്യാര്‍ഥികളുടെ ആക്‌സസിബിലിറ്റി, കോഴ്‌സുകളുടെ ക്വാളിറ്റി എന്നീ രണ്ട്്് അടിസ്ഥാന ഘടകങ്ങളെങ്കിലും ഈ സര്‍വകലാശാലകളില്‍ ഉറപ്പുവരുത്തുമെന്ന് പറയാനും സര്‍ക്കാറിന് കഴിയുന്നില്ല. എന്നിട്ടും ഭാവി കേരളത്തെ രക്ഷിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ വേണമെന്ന് വാദിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തം. നിലവിലെ സര്‍വകലാശാലകള്‍ നേരിടുന്ന എല്ലാതരം പ്രതിസന്ധികളെയും വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരാമര്‍ശിച്ചിച്ചുണ്ട്. എന്നാല്‍, എല്ലാ പരിമിതികള്‍ക്കും അകത്തുനിന്ന് കൊണ്ട് ആ സര്‍വകലാശാലകള്‍ നിര്‍വഹിക്കുന്ന ഗുണപരമായ പങ്കാളിത്തത്തെ റിപ്പോര്‍ട്ട് വിദഗ്ധമായി മറച്ചുവക്കുന്നു. വെറും ബിരുദങ്ങള്‍ക്കപ്പുറം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ അവ നല്‍കിയ സംഭാവനകളെ അത് അവഗണിക്കുന്നു. ഇവ സ്വകാര്യ സര്‍വകലാശാലകള്‍ എങ്ങിനെ ഉറപ്പാക്കുമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട്്് മൗനം പാലിക്കുകയും ചെയ്യുന്നു. അത്തരം സാമൂഹിക നേട്ടങ്ങള്‍ സ്വകാര്യ സര്‍വകാശാലകളില്‍ നിന്ന്പ്ര തീക്ഷിക്കുന്നില്ല എന്ന് തന്നെയാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരികള്‍ക്കിടയിലൂടെ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇത് കണ്ണടച്ച് അംഗീകരിക്കാവുന്ന ഭരണ പരിഷ്‌കാരമല്ല എന്ന് പറയേണ്ടിവരുന്നതും.

(WELFARE VOICE -OCT-2015)

Wednesday, October 28, 2015

പൊതുവിഭവങ്ങളുടെ വിതരണവും സാമൂഹിക വളര്‍ച്ചയും


സംവരണ വിരുദ്ധ പ്രചാരണം രാജ്യമെങ്ങും അതി ശക്തമായ പ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയാണ്. മെറിറ്റ് വാദമാണ് ഇതിനായി ഉന്നയിക്കപ്പെടുന്ന പ്രധാന ന്യായം. എന്നാല്‍ കേരളത്തിലെ സംവരണ വിരുദ്ധ വാദക്കാരുടെ മുഖ്യ ആയുധം മെറിറ്റല്ല. പകരം 'വളര്‍ച്ചാവാദ'മാണ് ഉന്നയിക്കുന്നത്. അഥവ, കേരളത്തില്‍ ഇപ്പോള്‍ സംവരണം ലഭിക്കുന്ന സമുദായങ്ങളില്‍ ബഹുഭൂരിപക്ഷവും, സംവരണത്താല്‍ പരിഗണിക്കപ്പെടേണ്ട സാമൂഹിക പിന്നാക്കാവസ്ഥ തരണം ചെയ്തുകഴിഞ്ഞിരിക്കുന്നു എന്ന വാദം. സംവരണം സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ഉപാധിയാണ് എന്ന ഭരണഘടനാപരമായ ന്യായത്തെ പ്രതിരോധിക്കാന്‍ വളര്‍ച്ചാവാദമാണ് ശക്തമായ ഉപാധിയെന്നത് ഇതിന് ഒരു കാരണമാകുന്നുണ്ടാകാം. അതിലുപരി ഈ വളര്‍ച്ചാ വാദത്തിലൂടെ ചില സമുദായങ്ങളെ ഒറ്റ തിരിച്ച് ആക്രമിക്കാമെന്ന സൗകര്യമുണ്ട്. കേരളത്തില്‍ മുസ്ലിംകളാണ് 'വളര്‍ച്ച പ്രാപിച്ചതിന്റെ പഴി' ഏറ്റവുമേറെ കേള്‍ക്കേണ്ടിവരുന്നത്. സാമ്പത്തികം, വിദ്യാഭ്യാസം, ഭൂവുടമസ്ഥത, രാഷ്ട്രീയം, സര്‍ക്കാര്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ സമീപകാലത്ത് കേരള മുസ്ലിംകള്‍ കൈവരിച്ച വളര്‍ച്ചയെ ആസ്പദമാക്കിയാണ് ഇത്തരമൊരു ആക്രമണത്തിന് ഈ വിഭാഗം ഇരയാക്കപ്പെടുന്നത്.

പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നുന്നതാണ് ഈ വളര്‍ച്ചാ വാദം. ഭൗതികമായ കണക്കെടുപ്പുകള്‍ ഇത് ശരിവക്കുകയും ചെയ്യും. കേരളത്തില്‍ സമീപകാലത്ത് ഏറ്റവും വേഗത്തില്‍ സാമ്പത്തികോന്നമനം നേടിയ വിഭാഗങ്ങളില്‍ മുസ്ലിംകള്‍ മുന്‍ നിരയില്‍തന്നെയാണ്. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥകളാല്‍ സ്വന്തം നാട്ടിലെ തൊഴില്‍വിപണിയില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍, വിദേശ തൊഴില്‍ മേഖലകളിലൂടെയാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. ഇങ്ങനെ വന്‍തോതില്‍ സംഭവിച്ച ഗള്‍ഫ് പ്രവാസത്തിലൂടെ കൈവന്ന സാന്പത്തിക ഭദ്രത, വലിയ ആസ്തികളുടെ ഉടമകളാക്കി അവരെ മാറ്റി. ചില പ്രത്യേക സമുദായങ്ങളുടെ കുത്തകയായിരുന്ന ഭൂവുടമസ്ഥതയിലെ ആധിപത്യം ക്രയശേഷി വര്‍ധിച്ച പ്രവാസികളിലേക്ക് മാറിയതോടെ ഈ മേഖലയില്‍ നിലനിന്നിരുന്ന മേധാവിത്തത്തിലെ സാമൂദായിക ഘടകങ്ങളില്‍ തന്നെ പ്രകടമായ മാറ്റങ്ങളുണ്ടായി. ഇങ്ങനെ ആര്‍ജിച്ച സാന്പത്തി വളര്‍ച്ചയിലൂടെ സന്പന്നരോ ഇടത്തരക്കാരോ ആയി മാറിയവരുടെ രണ്ടാം തലമുറക്ക് വലിയതോതിലുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിച്ചു.  ഉന്നത വിദ്യാഭ്യാസം നേടിവരുടെയും ആ മേഖലയില്‍ പഠനം നടത്തുന്നവരുടെയും എണ്ണത്തില്‍ ഇന്ന് മുസ്ലിം സമുദായം ഒട്ടും പിന്നിലല്ല. സമുദായത്തിന്റെ പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും മറ്റാരേക്കാളും കൂടുതലാണ്. വ്യക്തികളും ഏജന്‍സികളും മാത്രമല്ല, ചെറുതും വലുതുമായ എല്ലാ മുസ്ലിം സംഘടനകളും സവിശേഷ ശ്രദ്ധയോടെ തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മാധ്യമ മേഖലയിലും സര്‍ക്കാര്‍ തൊഴില്‍ രംഗത്തും ഇതിന്റെ സ്വാഭാവികമായ ചലനങ്ങളുണ്ടായി. കേരളത്തിലെ രാഷ്ട്രീയാധികാര ഘടനയിലാകട്ടെ, സമുദായത്തിന്റെ പേരില്‍ ഒരുപാര്‍ട്ടി തന്നെ സജീവമാണ്. മുസ്ലിംകള്‍ ആവശ്യത്തിനും അതിലധികവും വളര്‍ന്നുകഴിഞ്ഞുവെന്ന വാദത്തിന് എളുപ്പത്തില്‍ സ്വീകാര്യത കിട്ടാവുന്ന എല്ലാ ഘടകങ്ങളും കേരളീയ പൊതുസമൂഹത്തില്‍ പ്രകടമാണ്. ഇവയെ ഉദാഹരിച്ച് മുസ്ലിം വളര്‍ച്ചാവാദത്തെക്കുറിച്ച ഭീതിജനകമായ പൊതുധാരണകള്‍ മുസ്ലിംവിരുദ്ധ കേന്ദ്രങ്ങള്‍ ഉത്പാദിപ്പിക്കുന്നുമുണ്ട്.



ഗുജറാത്തിലെ പട്ടേല്‍ സമുദായം നടത്തിയ സംവരണ (വിരുദ്ധ) സമരത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വളര്‍ച്ചാ വാദം മുന്പത്തേക്കാള്‍ രൂക്ഷമായി ആവര്‍ത്തിക്കപ്പെടുന്നതിനിടയലാണ് കേരളത്തില്‍ ഇത്തവണ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിവാദമുണ്ടായത്. വിവാദത്തിന്റെ ഒരറ്റത്ത് ന്യൂനപക്ഷ പദവിയുള്ള കത്താലിക്ക സഭാ കോളജുകളും മറുഭാഗത്ത് ന്യൂനപക്ഷ പദവിയുള്ള വിവിധ മുസ്ലിം ഏജന്‍സികളും/വ്യക്തികളും നടത്തുന്ന കോളജുകളുമായിരുന്നു. എല്ലാ ജനാധിപത്യ മര്യാദകളും അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക സഭാ കോളജുകളുമായി, അവരുടെ ഇഷ്ടപ്രകാരമുള്ള വ്യവസ്ഥകളോടെ പ്രവേശന കരാറിലെത്തി. ഇതേ വ്യവസ്ഥകളോടെ കരാറിന് സന്നദ്ധമായ മുസ്ലിം കോളജുകള്‍ക്ക് ആ അവസരം നിഷേധിച്ച സര്‍ക്കാര്‍, പകരം കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളുള്ള കരാറിന് തയാറായില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന ഭീഷണ ഉയര്‍ത്തുകയും ചെയ്തു. പ്രത്യക്ഷത്തില്‍ തന്നെ വിവേചനം എന്ന് പറയാവുന്ന നടപടി. ഇങ്ങിനെ രണ്ടുതരം മാനദണ്ഡം പാടില്ലെന്ന് കേരള ഹൈക്കോടതി വരെ വിലക്കിയിട്ടും ഒരവകാശവും സര്‍ക്കാറില്‍നിന്ന് മുസ്ലിം മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ചില്ല. അതിസന്പന്നരായ കേരളത്തിലെ ഒരുപറ്റം മുസ്ലിം മുതലാളിമാരാണ് മഹാ ഭൂരിപക്ഷം കോളജുകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പലരും ഉന്നത ബിരുദമുള്ളവര്‍. ഏതുതരം നിയമ വ്യവഹാരങ്ങളെയും നേരിടാന്‍ പ്രാപ്തിയുള്ളവര്‍. രാഷ്ട്രീയമായും സാന്പത്തികമായും സമ്മര്‍ദ ശേഷിയുള്ളവര്‍. എന്നിട്ടും കത്തോലിക്ക സഭാ കോളജുകളോട് താരതമ്യം ചെയ്താല്‍, മുസ്‌ലിം മാനേജ്‌മെന്റ് കോളജുകള്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ ഏജന്‍കളിലൊന്നായ എംഇഎസിന് പരസ്യമായി പറയേണ്ടിവന്നു. വളര്‍ച്ചാ വാദികളുടെ ഏത് മാനദണ്ഡത്തെയും തൃപ്തിപ്പെടുത്താന്‍ ശേഷിയുള്ള 'ലക്ഷണമൊത്ത' മുസ്ലിം കോളജുകള്‍ക്കാണ് തങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് പാരാതിപ്പെടേണ്ടി വന്നത്. ഒരു സമൂദായം എന്ന നിലയില്‍ മുസ്ലിംകള്‍ നേടിയ വളര്‍ച്ചയിലെ ദൗര്‍ബല്യങ്ങള്‍ ഇത് തുറന്നുകാണിക്കുന്നുണ്ട്.

കേരളീയ പൊതുമണ്ഡലത്തില്‍ നിന്ന് നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള സാമൂഹിക ശേഷി ആര്‍ജിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണ് പറയപ്പെടുന്ന 'വളര്‍ച്ചയുണ്ടായിട്ടും' കടുത്ത വിവേചനവും അവഗണനയും ഇവര്‍ക്ക് നേരിടേണ്ടിവന്നത്. ഇത് വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല അനുഭവപ്പെടുന്നത്. മുസ്ലിംകള്‍ സ്വാഭാവിക വളര്‍ച്ച പൂര്‍ത്തിയാക്കി എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഏത് മേഖലയെടുത്താലും സാമൂഹികാതിജീവന ശേഷിയുടെ അഭാവം പ്രകടമാണ്. പല മേഖലകളിലും വിജയകരമായ സാമൂഹിക സംരഭങ്ങള്‍ ഉണ്ടായിട്ടും മൂസ്ലിം വിരുദ്ധതയിലൂന്നിയ  വിമര്‍ശങ്ങളെ നേരിടുന്നതില്‍ പരാജയപ്പെട്ടത് ഈ ശേഷിയില്ലായ്മകൊണ്ടാണ്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ പഠന നിലവാരം കോപ്പിയടി മൂലമാണ് എന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്ന നാടാണ് കേരളം. മുസ്ലിംകളിലെ സാന്പത്തിക വളര്‍ച്ചക്ക് പിന്നില്‍ അജ്ഞാതമായ ഒരു മഹാ സ്രോതസ്സുണ്ടെന്ന പൊതുധാരണ കേരളത്തിലെ ഏത് സാധാരണക്കാരനുമുണ്ട്. കേരളത്തിലെവിടെ ഹവാല കേസുകളുണ്ടാകുന്പോഴും, ഒരു സമുദായമെന്ന നിലയില്‍ തന്നെ മുസ്ലിംകള്‍ പരോക്ഷമായി പ്രതിക്കൂട്ടിലാക്കപ്പെടുന്നത് കാണാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭൂമിയുടെയും മറ്റ് ആസ്തികളുടെയും ഉടമസ്ഥതകളിലെല്ലാം ഒരുതരം ദുരൂഹതയുടെ കരിനിഴല്‍ സദാവീണുകിടക്കുന്നുണ്ട്. സാന്പത്തികമായ ഉടമാവകാശത്തില്‍ മാത്രമല്ല, സാമൂഹികമായ വ്യവഹാരങ്ങളിലും ഈ അതിജീവനശേഷിയില്ലായ്മ പ്രകടമാണ്. ലൗ ജിഹാദ് മുതല്‍ ഭീകര ബന്ധം വരെ മുസ്ലിം വളര്‍ച്ചക്കെതിരെ ആസൂത്രിതമായി സൃഷ്ടിക്കപ്പെടുന്ന വിഘാതങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും നിസ്സഹായരാവുകയാണ് കേരളത്തിലെ മുസ്ലിംകള്‍. രാഷ്ട്രീയത്തിലാകട്ടെ മുസ്ലിംലീഗ് അല്ലാത്ത ഒരു മുസ്ലിം രാഷ്ട്രീയ പരീക്ഷണത്തെയും അംഗീകരിക്കാനുള്ള മാനസികാവസ്ഥ കേരളത്തിലെ പൊതുസമൂഹത്തിനില്ല. ഇടതുപക്ഷം പോലും ഇക്കാര്യത്തില്‍ ഈ പൊതുധാരയില്‍നിന്ന് വ്യത്യസ്തമല്ല. ഇനി മുസ്ലിം ലീഗ് തന്നെ, മുസ്ലിം ഇതര വിഭാഗങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടക്ക് പുറത്തുകടക്കാന്‍ ശ്രമിച്ചാല്‍ ഒറ്റതിരിച്ച് ആക്രമിക്കപ്പെടുമെന്നതിന് അഞ്ചാം മന്ത്രി വിവാദമടക്കം തെളിവുകളുമുണ്ട്. (തീര്‍ച്ചയായും ഈ മേഖലകളിലെല്ലാം പിഴവുകളും കുറ്റകൃത്യങ്ങളും കുറ്റവാളികളും ഉണ്ടാകും. എന്നാല്‍ അത് കേരളത്തിലെ സ്വാഭാവിക ശരാശരിക്ക് മുകളില്‍പോലുമാകില്ല.) ചുരുക്കത്തില്‍, കേരളത്തില്‍ മുസ്ലിംകളുടെ വളര്‍ച്ചയുടെ അടയാളമായി ഉദാഹരിക്കുന്ന മേഖലകളെല്ലാം തന്നെ, മുസ്ലിംകളെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ഉപാധിയായി മാറുകയാണ് ചെയ്യുന്നത്. അഥവ ഈ വളര്‍ച്ചയെ  ആ സമുദായത്തിന്റെ സാമൂഹിക വികാസത്തിന് തടയിടുന്ന ഘടകങ്ങളാക്കി മാറ്റുന്നു.



ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരു ജനവിഭാഗം (പ്രത്യേകിച്ച് ന്യൂനപക്ഷം പോലുള്ളവ) കൈവരിക്കേണ്ട സന്തുലിതമായ വളര്‍ച്ച കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ടായില്ല എന്നതാണ് ഉണ്ടായ വളര്‍ച്ച അവര്‍ക്കുതന്നെ ബാധ്യതയായി മാറുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടതിലെ പ്രധാന കാരണങ്ങളിലൊന്ന്. ഭൗതിക വളര്‍ച്ച കൈവരിച്ചതിനൊപ്പം സാമൂഹിക വികാസം സംഭവിച്ചില്ല. ജനാധിപത്യ സര്‍ക്കാറിന്റെ പിന്തുണയും വിഭവങ്ങളും ഈ വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായില്ല എന്നതാണ് ഈ അസന്തുലിതത്വത്തിന് കാരണമായത്. ജനാധിപത്യ സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സമതുലിതമായ വളര്‍ച്ചക്ക് സ്റ്റേറ്റ് മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. മറ്റ് വഴികളിലൂടെ ആര്‍ജിക്കാവുന്ന വിഭവങ്ങളെല്ലാം ഒരു ദുര്‍ബല സമൂഹം സമാഹരിച്ചാലും സാമൂഹികമായ സ്വീകാര്യത അവക്ക് ലഭിക്കുന്നത്, സ്റ്റേറ്റ് അതിനെ പിന്തുണക്കുകയും ആ സമാഹരണത്തില്‍ പങ്കാളിയാവുകയും ചെയ്യുന്പോഴാണ്. ജനാധിപത്യത്തിന്റെ കാവല്‍ തൂണുകളായി സങ്കല്‍പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ നിന്നെല്ലാം തന്നെ ഇത്തരത്തില്‍ സമതുലിതമായ പിന്തുണ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാത്രമല്ല, ലജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാം ഇതില്‍ പങ്കുവഹിക്കണം. നിര്‍ഭാഗ്യവശാല്‍, ഈ സംവിധാനങ്ങളെല്ലാം, പിന്നാക്ക വിഭാഗങ്ങളുടെ വളര്‍ച്ചയെയും പരിണാമ ഘട്ടങ്ങളെയും വികാസ മേഖലകളെയുമൊക്കെ സംശയ ദൃഷ്ടിയോടെയാണ് സമീപിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമായതാണ്. പിന്നാക്കാവസ്ഥകള്‍ കാരണം നേരിടേണ്ടിവരുന്ന വിവേചനങ്ങളെയും ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ ഇത്തരം സമൂഹങ്ങള്‍ക്ക് ആത്മവിശ്വാസവും ആത്മ ധൈര്യവും കൈവരുന്നതും സ്റ്റേറ്റില്‍ നിന്ന് പൂര്‍ണാര്‍ഥത്തിലുള്ള പിന്തുണ ലഭിക്കുന്പോഴാണ്. അത്തരം ആത്മവിശ്വാസം പകരുന്നതിന് ഭരണഘടന ഉറപ്പുനല്‍കുന്ന ഉപാധികളിലൊന്നാണ് സംവരണം. കേരളത്തില്‍ സംവരണ വിരുദ്ധ വാദം ന്യായീകരിക്കുന്നത്, സ്റ്റേറ്റിന്റെ കാര്യമായ പിന്തുണയില്ലാതെ കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്നതാണ് ഏറെ അപകടകരം.

കേരള മുസ്ലിംകളുടെ വളര്‍ച്ച, പലകാരണങ്ങളാല്‍ സംഭവിച്ച പിന്നാക്കാവസ്ഥകളെ മറികടക്കാനുള്ള ഒരു പ്രതിരോധം കൂടിയായിരുന്നു. പുറന്തള്ളപ്പെട്ടുപോയ മേഖലകളിലേക്കെല്ലാം സ്വയാര്‍ജിത ശേഷികളാല്‍ കടന്നുചെല്ലാനുള്ള വ്യഗ്രത ഈ വളര്‍ച്ചയില്‍ കാണാം. അതുകൊണ്ടുതന്നെ സ്‌റ്റേറ്റിന്റ സഹായങ്ങളും പിന്തുണയും വിഭവങ്ങളും വന്നുചേരുന്നത് വരെ കാത്തുനില്‍ക്കാന്‍ അവര്‍ തയാറായിരുന്നില്ല. വ്യത്യസ്ത സമുദായങ്ങളും അവയുടെ സങ്കീര്‍ണമായ ശാക്തിക സമ്മര്‍ദങ്ങളും വലിയ തോതില്‍ അധീശത്വം സ്ഥാപിച്ച കേരളീയ പൊതുമണ്ഡലത്തില്‍ സാമൂഹിക സ്വീകാര്യതയും പ്രതിരോധ-അതിജീവന ശേഷിയും കൈവരിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും മറ്റ് മേഖലകളില്‍ വിജയം വരിക്കാന്‍ കഴിഞ്ഞത് സ്റ്റേറ്റിനെ കാത്തുനില്‍ക്കാതെ നടത്തിയ ഈ മുന്നേറ്റം തന്നെയാണ്. എന്നാല്‍ അത് അസന്തുലിതമായിരുന്നു എന്ന വസ്തുത അംഗീകരിക്കാതെ വയ്യ. ഭൗതിക മേഖലകളിലുണ്ടായ വളര്‍ച്ച യഥാര്‍ഥ സാമൂഹിക വികാസമായിരുന്നില്ല. വിവേചനങ്ങളും വംശീയാക്രമണങ്ങളും നേരിടേണ്ടിവരുന്നതും ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ വിധത്തിലുള്ള സാമൂഹിക വികാസം ആര്‍ജിക്കാത്തതുകൊണ്ടുകൂടിയാണ്. (ആക്രമിക്കുന്നവരുടെ രാഷ്ട്രീയം മറന്നുകൊണ്ടല്ല ഇതുപറയുന്നത്.)



അതിനാല്‍ വളര്‍ച്ചയില്‍ സംഭവിച്ച ഈ അസന്തുലിതത്വം പരിഹരിക്കാനുള്ള നടപടികള്‍ മുസ്ലിം സമൂഹം അടിയന്തിരമായി ഏറ്റെടുക്കേണ്ടതുണ്ട്. മുസ്ലിംകളുടെ വളര്‍ച്ചയുടെ രീതി ശാസ്ത്രവും വളര്‍ച്ചയുടെ തോതും അതില്‍ സ്റ്റേറ്റിന്റെ പങ്ക് എത്രയെന്നതും പരിശോധിക്കപ്പെടണം. ഈ ഘടകങ്ങള്‍ പഠനവിധേയമാക്കുന്ന തരത്തിലുള്ള സമഗ്രമായ സോഷ്യല്‍ ഓഡിറ്റിംഗിന് കേരളത്തിലെ മുസ്ലിം സമുദായത്തെ വിധേയമാക്കണം. കേരളത്തിന്റെ പൊതുസ്വത്ത്, ഇവിടെയുള്ള വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഏതേത് അനുപാതത്തിലാണ് വിതരണം ചെയ്യപ്പെട്ടത് എന്നത് സുപ്രധാനമാണ്. ഒരു വിഭാഗത്തിന് സാമൂഹ്യ സ്വീകാര്യത ഉറപ്പാക്കുന്നതില്‍ പൊതുസ്വത്തിന്റെ ലഭ്യത നിര്‍ണായകമാണ്. ഒരു പ്രദേശത്തെ അണ്‍എയിഡഡ് സ്‌കൂള്‍ ഉടമക്കും എയിഡഡ് സ്‌കൂള്‍ ഉടമക്കും പൊതു സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും തോതിലെ വ്യത്യാസം തന്നെ പൊതുസ്വത്തിന്റെ ലഭ്യത സാമൂഹിക വളര്‍ച്ചയില്‍ എങ്ങനെ നിര്‍ണായകമാകുന്നു എന്നത് ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താവുന്ന ഉദാഹരണമാണ്. പൊതുസ്വത്ത് അസന്തുലിതമായാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ സാമൂഹിക വികസനം ഉറപ്പാക്കാന്‍ അവയുടെ നീതിപൂര്‍വമായ പുനര്‍വിതരണവും നടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആ കണക്കെടുപ്പ് പൊതുവിഭവങ്ങളുടെ വിന്യാസത്തെ കേന്ദ്രീകരിച്ച് തന്നെ നടക്കുകയും വേണം.

(SOLIDARITY PATHRIKA -Oct-2015)

നേപ്പാൾ: അവരുടേതല്ലാത്ത കാരണത്താൽ ഒഴുകിമായുന്ന മനുഷ്യർ

 ലോകത്ത് ധ്രുവപ്രദേശം കഴിഞ്ഞാൽ ഏറ്റവും വലിയ ഹിമശേഖരം സ്ഥിതിചെയ്യുന്നത് ഇന്ത്യയും ചൈനയും നേപ്പാളുമടക്കം എട്ടുരാജ്യങ്ങളുൾക്കൊള്ളുന്ന ഹിന്ദുകുഷ...