ഏറനാട്ടുകാരുടെ തമാശപോലെയാണ് പുന്നപ്രക്കാരുടെ ശരീര ഭാഷ. എപ്പോള്‍ ചിരിക്കുമെന്നോ ഏതുസമയത്ത് പൊട്ടിത്തെറിക്കുമെന്നോ ഒരു നിശ്ചയവുമില്ല. കേരളമാകെ തിളച്ചുമറിഞ്ഞ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊപ്പമെത്തിയ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പൊട്ടിത്തെറിയായിരുന്നു സര്‍വരും പ്രതീക്ഷിച്ചത്. പക്ഷെ പുന്നപ്രയില്‍ നിന്ന് വന്നത് പൊട്ടിച്ചിരി. ശരീരത്തില്‍ മാത്രമല്ല, വാക്കുളിലും നിറഞ്ഞുകവിഞ്ഞു ആ ചിരി. പനിച്ചുവിറക്കുന്ന കേരളമായിരുന്നു മുഖ്യ വിഷയം. എന്നിട്ടും വി.എസ് അച്യുതാനന്ദന്റെ ചിരിക്കൊരു കുറവുമുണ്ടായില്ല. മാലിന്യ നീക്കവും പനിക്കഥകളും പറയുന്നതിനിടെ ഇടപെട്ട മുഖ്യമന്ത്രിക്കുള്ള മറുപടിയിലും നിറഞ്ഞത് ചിരി തന്നെ. പനിച്ചൂടറിഞ്ഞ സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ മുന്‍ നിരയില്‍ നടന്ന വി.എസ് ഹാളിന് പുറത്തിറങ്ങിയിട്ടും ചിരിയൊഴിഞ്ഞുമില്ല.
പനിയും മാലിന്യ നീക്കവും കൂട്ടിക്കലര്‍ത്തി രണ്ട് മന്ത്രിമാരെ ഉന്നംവച്ച് വി.ശിവന്‍കുട്ടി കൊണ്ടുവന്ന അടിയന്തിര പ്രമേയം സമ്മേളനത്തുടക്കത്തിലെ ആവേശം പോലുമില്ലാതെയാണ് കെട്ടടങ്ങിയത്. മറുപടി പറഞ്ഞത് രണ്ട് മന്ത്രിമാര്‍. പുറമേ മുഖ്യമന്ത്രിയും. പറയാനുള്ളതും അതിലധികവും ഇവരെല്ലാം കൂടി പറഞ്ഞു. എന്നാലും ആദ്യ ദിവസം എങ്ങനെ ഇറങ്ങിപ്പോകാതിരിക്കുമെന്ന ചിന്ത പ്രതിപക്ഷത്തെ അലട്ടിയിരിക്കണം. അങ്ങനെയാണ് വി.എസ് അച്യുതാന്ദന്‍ രംഗത്തെത്തിയത്. വിഷയം പനിയാണെങ്കിലും വി.എസ് വളരെ സന്തോഷവാനായി കാണപ്പെട്ടു. സ്വയം ചിരിച്ചും സഭയെ ചിരിപ്പിച്ചും ഹ്രസ്വമായ പ്രസംഗം. ഒടുവില്‍ ഇറങ്ങിപ്പോക്ക്. പി.ബിയും സി.സിയും കഴിഞ്ഞപ്പോള്‍ വിട്ടൊഴിഞ്ഞ പനിയുടെ ആഴം ആ വാക്കിലും ചിരിയിലുമുണ്ടായിരുന്നു.
എന്നാല്‍ പാര്‍ട്ടി എം.എല്‍.എമാര്‍ അത്രക്ക് ഹാപ്പിയല്ല എന്നാണ് ആദ്യ ദിവസം വെളിപ്പെട്ടത്. അതുകൊണ്ടാകണം, പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും ഇരട്ട പദവി പ്രശ്‌നം പരിഹരിക്കാന്‍ കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലിനെ അവര്‍ രൂക്ഷമായി എതിര്‍ത്തത്. ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള ബില്ലില്‍ സംസാരിക്കേണ്ട സി.പി.എം അംഗങ്ങള്‍ ആ സമയത്ത് സഭയില്‍ ഹാജരാകാതെ സൂക്ഷിച്ചെങ്കിലും രണ്ടാം ബില്ലില്‍ അവര്‍ കരുതി തന്നെ വന്നു. ഇരട്ട പദവി ബില്‍ പി.സി ജോര്‍ജിനെ രക്ഷിക്കാനും ഭരണം നിലനിര്‍ത്താനുമുള്ളതാണെന്ന് വാദിച്ച പ്രതിപക്ഷം അത് അംഗീകരിക്കരുതെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിച്ചില്ല. കെ. രാജു, എസ്. രാജേന്ദ്രന്‍, സാജുപോള്‍ എന്നിവര്‍ പി.സി ജോര്‍ജിനെ പരമാവധി ചീത്ത വിളിക്കാനും ശ്രദ്ധിച്ചു. ഇതൊക്കെ കണ്ടപ്പോള്‍ ജോസഫ് വാഴക്കന് കാര്യം മനസ്സിലായി: 'ഇങ്ങനെയൊക്കെ പറഞ്ഞ് ബില്‍ നിരാകരിച്ചാല്‍ പ്രതിപക്ഷ നേതാവ് കൂടി ഇല്ലാതാകട്ടെ എന്നാണ് പ്രിതപക്ഷം കരുതുന്നത്. വി.എസിനെ അയോഗ്യനാക്കി പറഞ്ഞുവിടാനുള്ള തന്ത്രമാണിത്.' ഈ ബില്‍ കൊണ്ടുവന്നതിലൂടെ പി.സി ജോര്‍ജിന് നഷ്ടമായ സുവര്‍ണാവരസത്തെ പറ്റി സാജുപോള്‍ വാചാലനായി: 'ഇരട്ട പദവി കാരണം രാജിവച്ച നിരവധി പ്രമുഖരുണ്ട്. സോണിയ ഗാന്ധി, ജയാബച്ചന്‍, രാമകൃഷ്ണ ഹെഗ്‌ഡേ...ഇവരുടെ പിന്‍ഗാമിയാകാനുള്ള അവസരമാണ് ബില്‍ കൊണ്ടുവന്നതിലൂടെ ജോര്‍ജ് ഇല്ലാതാക്കിയത്.'
രണ്ട് ബില്ലും പത്ത് ഉപക്ഷേപവും രണ്ട് ശ്രദ്ധക്ഷണിക്കലും അടിയന്തിര പ്രമേയവുമെല്ലാമുണ്ടായിട്ടും ഉച്ചക്ക് രണ്ടിന് മുമ്പ് സഭ പിരിഞ്ഞു. കേരളത്തില്‍ കതിയാളുന്ന രാഷ്ട്രീയ വിവാദങ്ങളിലൊന്നും തൊടാതെ ഇരുകൂട്ടരും പരമാവധി സംയമനം പാലിച്ചു. അല്‍പമെങ്കിലും ആ വഴിക്ക് പോയത് ബെന്നിബഹനാന്‍ മാത്രം. അതും മഹാശ്വേത ദേവി-പിണറായി തര്‍ക്കം. എന്നാല്‍ ബെന്നി ബഹനാന്‍, വി.എസിനെപ്പോലെ സ്വന്തം നിലയില്‍ ചില 'സന്തോഷങ്ങള്‍' രേഖപ്പെടുത്തിയിട്ടുണ്ട്. അതും രണ്ടുവട്ടം. ആദ്യം വി.എസ് ശിവകുമാറിനെതിരെ. പിന്നെ കെ.എം മാണിക്കും. ആരോഗ്യ വകുപ്പ് പ്രവര്‍ത്തനം വളരെ മോശമെന്ന് തുറന്നടിച്ച ബെന്നി, മന്ത്രിമാര്‍ കൃത്യമായി മറുപടി പറയണമെന്ന താക്കീതും നല്‍കി. കെ.എം മാണിക്കെതിരെ കുറച്ചുകൂടി രൂക്ഷമായി പ്രസംഗം. ഭവന നിര്‍മാണ ബോര്‍ഡ് നിയമ ഭേദഗതി റിയല്‍എസ്‌റ്റേ്റ്റ് ലോബിക്കും സ്വകാര്യ കമ്പനികള്‍ക്കുമാണ് ഗുണം ചെയ്യുക, അതിനാല്‍ ഈ പണിക്ക് തല്‍ക്കാലം സര്‍ക്കാര്‍ പോകരുത് എന്നായിരുന്നു ആവശ്യം. കോണ്‍ഗ്രസിലും നേരനുയായികളുണ്ടായി വരുന്നത് കാണാന്‍ വി.എസ് അന്നേരം സഭയിലുണ്ടായിരുന്നില്ല. അതിന് മറുപടിയായി സി.പി.എമ്മിലുള്ള കേരള കോണ്‍ഗ്രസുകാരെ പറ്റി കെ.എം മാണി പറഞ്ഞതും വി.എസിന് കേള്‍ക്കാനായില്ല.
ഭവന ബില്ലില്‍ മറഞ്ഞിരിക്കുന്ന റിയല്‍ എസ്‌റ്റേറ്റുകാരെ പറ്റി ബെന്നി പറഞ്ഞതുതന്നെ നേരത്തേ എ.കെ ബാലനും പറഞ്ഞിരുന്നു. ബാലന്റെ മറപിടിച്ച് മാണി മറുപടി പറഞ്ഞത് ബെന്നിക്കാണെങ്കിലും സമയദോഷം കൊണ്ടാകണം, അത് കൊണ്ടത് സി.പി.എമ്മിന് തന്നെ: 'ഈ ബില്ലില്‍ പറയുന്ന അതേ വാചകങ്ങളുമായി തോമസ് ഐസക്കാണ് ആദ്യം ഓര്‍ഡിനന്‍സ് ഇറക്കിയത്. 2010ല്‍. മൂന്ന് തവണ അത് പുതുക്കി. അപ്പോള്‍ റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കൊപ്പം നില്‍ക്കുന്നത് തോമസ് ഐസക്കും കോടിയേരി ബാലകൃഷ്ണനുമാണ്. അവരാണ് മാഫിയയുടെ മക്കള്‍.' ഈ സമയത്ത് വി.എസ് സഭയില്‍ ഇല്ലാതിരുന്നതിനാല്‍ കേരളത്തിന് ഒരു പൊട്ടിച്ചിരി നഷ്ടമായി.
(12...06..12)
No comments:
Post a Comment