യൂണിവേഴ്‌സിറ്റി കോളജിനെ ഭിന്ദ്രന്‍വാല കയറിയ സുവര്‍ണ ക്ഷേത്രം പോലെയാക്കിയെന്ന് കെ. മുരളീധരന്‍ ഉപമിച്ചത് എസ്.എഫ്.ഐ സമരത്തെപ്പറ്റിയായിരുന്നു. ലാത്തിച്ചാര്‍ജിന്റെ ചൂടും വെടിവപ്പിന്റെ ആവേശവും അനുഭവപ്പെട്ട ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന കഴിഞ്ഞപ്പോള്‍ സഭക്കും ആ ഉപമ ചേരുമെന്നായി. നാലുവട്ടം ബഹളം, പലവട്ടം വാക്കേറ്റം, ആരോപണം, അധിക്ഷേപം, വിലാപം, പരസ്പരാക്രമണം തുടങ്ങി ഇനിയൊരായുധവും ബാക്കിയില്ലാത്ത ചര്‍ച്ച. ഒടുവില്‍ ഇരുകൂട്ടരും പിണങ്ങിപ്പിരിഞ്ഞു. അനീഷ്‌രാജ് വധത്തില്‍ ഇറങ്ങിപ്പോകാന്‍ വന്നവരെ ഒഞ്ചിയത്തിന്റെ പേരില്‍ പടിയറിക്കി ഭരണപക്ഷം അവസാന മിനിട്ടില്‍ പ്രതിപക്ഷ മുഖത്ത് അമ്പത്തിയൊന്നാം വെട്ടും വെട്ടി.
പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ വി.എസ് അച്യുതാനന്ദനെ പിന്തുണക്കാന്‍ ഇനിയും ആളുണ്ടെന്ന് ഈ ബഹളത്തനിടയിലും കെ.എന്‍.എ ഖാദര്‍ വെളിപ്പെടുത്തി. പേര് വി.ഐ ലെനിന്‍. ഒക്‌ടോബര്‍ വിപ്ലവ പദ്ധതി ബോള്‍ഷെവിക് പാര്‍ട്ടി തള്ളിയപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നിറങ്ങിപ്പോന്ന ലെനിന്‍ പത്രത്തില്‍ ലേഖനവും എഴുതി. ആ വഴിയിലാണ് ഇപ്പോള്‍ വി.എസ്. അഥവ അതാണ് ലെനിനിസ്റ്റ് സംഘടനാ തത്വം. വി.എസിന് മാത്രമല്ല, പിണറായിക്കുമുണ്ടത്രെ അത്രതന്നെ തുല്ല്യമായ ചരിത്ര മാതൃക: 'സ്റ്റാലിനെ പേടിച്ച് പലായനം ചെയ്ത ട്രോട്‌സ്‌കിയെ ഗുണ്ടകള്‍ കോടാലികൊണ്ട് തലക്കടിച്ചുകൊന്നു. അത് ക്വട്ടേഷനായിരുന്നു. അന്നും അതുണ്ട്.' പിന്നെ ഒളിവിലെ ഓര്‍മകള്‍: 'പുലയച്ചാളയില്‍ പട്ടിണിക്കഞ്ഞി കുടിച്ചാണ് ഇ.എം.എസും എ.കെ.ജിയുമൊക്കെ ഒളിവില്‍ കഴിഞ്ഞത്. ഇപ്പോള്‍ ആ സ്ഥാനത്ത് കൊടി സുനിയും കിര്‍മാണി മനോജുമാണ്. കഴിക്കുന്നത് കോഴിമുട്ടയും വിദേശ മദ്യവും.'
ഖാദര്‍ അവിടെയും നിറുത്തിയില്ല. റഷ്യയില്‍ സ്റ്റാലിന്‍ കൊന്നവരുടെ പട്ടിക ആദ്യം പുറത്തുവിട്ടു. പിന്നെ സി.പി.എമ്മുകാര്‍ കൊന്ന സി.പി.ഐക്കാരുടെ പട്ടികയും. അതോടെ സഭയില്‍ രക്തസാക്ഷി പട്ടികകളുടെ പ്രളയമായിരുന്നു. ഒഞ്ചിയം രക്ഷസാക്ഷി പട്ടിക കെ.കെ ലതിക അവതരിപ്പിച്ചു. കോഴിക്കോട്ടെ പട്ടിക എളമരം കരീമും. കേരളമാകെ 510 രക്തസാക്ഷികളുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒപ്പം കണ്ണൂരിലെ ഉപ പട്ടികയും. ഇടുക്കിയില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ സംഭാവന ചെയ്ത രക്തസാക്ഷികളുടെ പേരുവിവരം കെ.കെ ജയചന്ദ്രന്‍ പ്രഖ്യാപിച്ചു. മറുപക്ഷവും ഒട്ടും കുറച്ചില്ല. കണ്ണൂരില്‍ നിന്ന് എ.പി അബ്ദുല്ലക്കുട്ടിയുടെ ബദല്‍ പട്ടിക. കെ. ശിവദാസന്‍ നായരുടെ ചൈനീസ് ചരിത്രം. പി.സി ജോര്‍ജ് ഇക്കാര്യത്തില്‍ ഒരു സര്‍വേ തന്നെ നടത്തിയിട്ടുണ്ട്: 'കോട്ടയം ജില്ലയില്‍ സി.പി.ഐക്ക് ഒമ്പത് രക്തസാക്ഷികളുണ്ട്. അതില്‍ എട്ടും സി.പി.എം വിട്ടുവന്നവര്‍. എട്ടും കൊന്നത് സി.പി.എം.' സര്‍വേയുടെ തിരക്കിലായതിനാല്‍ ജോര്‍ജിന് ഇവിടെയൊന്നും പുഷ്പാര്‍ച്ചന നടത്താന്‍ പറ്റിയില്ല. രക്തസാക്ഷികള്‍ക്ക് കല്ലെറിയാനാകാത്തതിനാല്‍ സന്ദര്‍ശനം തികച്ചും സമാധാനപരമായി പര്യവസാനിച്ചു.
നാല് ദിവസം മാറിനിന്ന കെ.കെ ജയചന്ദ്രന്റെ വരവും സഭ ശ്രദ്ധിച്ചു. വന്നു, സംസാരിച്ചു കീഴടക്കി എന്ന മട്ട്. മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രിക്കുപോലും അത് ഒഴിവാക്കാനായില്ല. എഫ്.ഐ.ആറില്‍ പേരുണ്ടെങ്കില്‍ ജയചന്ദ്രന്‍ ജാമ്യമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടെന്തായി എന്നറിയാന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി ക്രമപ്രശ്‌നം കൊണ്ടുവന്നു. ബഹളത്തിനൊടുവില്‍ അതവസാനിച്ചപ്പോള്‍ എം. ഉമ്മറിന് ആശ്ചര്യം: 'എഫ്.ഐ.ആറില്‍ പേരുള്ള ബഷീറിനെ പുറത്താക്കാന്‍ നാല് ദിവസം സഭാ സ്തംഭനം. ജയചന്ദ്രന് നേരിടേണ്ടി വന്നത് ഒരേയൊരു പോയിന്റ് ഓഫ് ഓര്‍ഡര്‍ മാത്രം.' എന്നാലും ഉമ്മറിനൊരു പേടിയുണ്ട്: 'ആര്യാടന്‍ മുഹമ്മദിനെ സി.പി.എമ്മുകാര്‍ 12 കൊല്ലം കൊലയാളി എന്ന് വിളിച്ചു. ഒടുവില്‍ എം.എല്‍.എ പോലുമാകാതെ അവര്‍ തന്നെ മന്ത്രിയാക്കി. അതിനാല്‍ പി.കെ ബഷീറും ചിലപ്പോള്‍ മന്ത്രിയായേക്കും.' ഇതിലേറെ ശ്രദ്ധിക്കപ്പെട്ടത് ആഭ്യന്തര ചര്‍ച്ചക്ക് സി.പി.എം നിയോഗിച്ചവരാണ്. എല്ലാം 'ഭീകരത'യുടെ ഇരകള്‍. എളമരം കരീമും കെ.കെ ജയചന്ദ്രനും. ചര്‍ച്ച തുടങ്ങിയതാകട്ടെ കെ.കെ ലതികയും. കോഴിക്കോട്ടെ 41 വിധവകളുടെ ചരിത്രമാണ് ലതിക പറഞ്ഞതില്‍ മുഖ്യം. ഭര്‍ത്താക്കന്‍മാരെ ജയിലിലടച്ച് ഭരണകൂടം 'വിധവകളാക്കി മാറ്റിയവരെ' പറ്റി അടുത്ത സഭാ സമ്മേളനത്തില്‍ പറയുമായിരിക്കും.
നടുറോഡില്‍ കേരള പോലിസ് ഗ്വാണ്ടനാമോ ഉണ്ടാക്കുന്നുവെന്ന് വിദ്യാര്‍ഥി സമരത്തെ മുന്‍നിറുത്തി വി.എസ് സുനില്‍കുമാര്‍ ചര്‍ച്ചയില്‍ പറഞ്ഞുവച്ചിരുന്നു. ആഭ്യന്തര മന്ത്രി മറുപടി പറയുന്നതിനിടെ സി. ദിവാകരന് അക്കാര്യം ഓര്‍ മവന്നു. അതേപറ്റി ഉടന്‍ വിശദീകരിക്കണമെന്നായി ദിവാകരന്‍. കോടിയേരിയും ഒപ്പം കൂടി. അതോടെ തിരവഞ്ചൂര്‍ ഒഞ്ചിയത്തേക്ക് പോയി. വിദ്യാര്‍ഥി ലാത്തിച്ചാര്‍ജും അനീഷ് വധവും പറഞ്ഞ് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ച് വന്നവര്‍ അതോടെ ഒഞ്ചിയത്തില്‍ കുരുങ്ങി. അത് അസമയത്തെ ഇറങ്ങിപ്പോക്കായി മാറി. ടി.പിയെ വധിക്കാനുള്ള സി.പി.എം ഗൂഡാലോചനയെപറ്റി മന്ത്രിയായിരുന്ന കോടിയേരിക്ക് പണ്ട് സ്വന്തം പോലിസ് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടായിരുന്നു തിരുവഞ്ചൂരിന്റെ ആയുധം. അത് വായിക്കുന്നതിനിടെ 'സി.പി.എം പ്രവര്‍ത്തകര്‍'ക്ക് പകരം 'ഗുണ്ടകള്‍' എന്നായി. അതില്‍ പ്രതിപക്ഷ ഇറങ്ങിപ്പോക്കുമായി. ടി.പിയെ കൊന്നവരെയും കൊല്ലിച്ചവരെയും നാട്ടുകാര്‍ നേരില്‍ കണ്ടതാണ്. അവരെ വെറും ഗുണ്ടകളെന്ന് ആഭ്യന്തര മന്ത്രി വിളിച്ചാല്‍ പാര്‍ട്ടിക്ക് സഹിക്കുമോ? പ്രതിഷേധം ഇറങ്ങിപ്പോക്കിലൊതുങ്ങിയത് തന്നെ ഭാഗ്യം. അല്ലെങ്കില്‍ കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നേനെ.
(20...06..12)
No comments:
Post a Comment