മന്ത്രിപ്പണി പോയിയെന്ന് ഇടക്കിടെ മറന്നുപോകുന്ന ഒരാളാണ് എ.കെ ബാലന്‍. ആ മറവി സംഭവിച്ചുകഴിഞ്ഞാല്‍ പിന്നെ കുഴങ്ങി. പറയാനുള്ളതെല്ലാം പറഞ്ഞങ്ങ് തീര്‍ക്കും. മൈക്കും വേണ്ട, പറയാന്‍ അനുമതിയും വേണ്ട. മണിക്കൂറില്‍ ആറുവട്ടമെങ്കിലും ബാലന് ഈ ബാധയുണ്ടാകും. വേറെയാര്‍ക്ക് ഇത് സംഭവിച്ചാലും സ്പീക്കര്‍ സഹിക്കും. പക്ഷെ ബാലന്റെ കാര്യത്തില്‍ ഒരാനുകൂല്യവുമില്ല. സഭ തുടങ്ങിയ അന്നുമുതല്‍ ഇതൊരു പ്രതിദിന കാഴ്ചയാണ്.
ഇന്നലെ ബാലന് മറവി കലശലായി. അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് കഴിഞ്ഞപ്പോള്‍ കൈയ്യിലുള്ള രേഖ മേശപ്പുറത്ത് വക്കണമെന്ന് മോഹം. അങ്ങനെയങ്ങ് വക്കാന്‍ പറ്റില്ലെന്ന് സ്പീക്കറും. വച്ചേ പറ്റൂവെന്ന് ബാലന്റെ ബഹളം. അതോടെ രൂക്ഷമായ വാക്കേറ്റമായി. ഇംഗ്ലീഷിലും മലയാളത്തിലും സ്പീക്കര്‍ താക്കീത് ചെയ്തിട്ടും ബാലന്‍ അടങ്ങിയില്ല. സഹികെട്ട കാര്‍ത്തികേയന്‍, കുട്ടി ഹെഡ്മാഷെ തല്ലാതെ നോക്കണണെന്ന് രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു: 'സകല നിയന്ത്രണങ്ങളും വിട്ട് ഒച്ചയെടുത്ത് ബാലന്‍ സഭയെ കൈയ്യിലെടുക്കാന്‍ ശ്രമിക്കുന്നു. ഇത് പലപ്പോഴും ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാക്കള്‍ ശ്രദ്ധിക്കണം.'
മന്ത്രിപ്പണിയുടെ ഹാങ്ങോവര്‍ ബാക്കികിടന്നാലുള്ള അത്രതന്നെ പ്രശ്‌നമാണ് ആ പണി അറിയാത്തവരെ അതേല്‍പിക്കുന്നതും. ധനാഭ്യര്‍ഥന ചര്‍ച്ചക്ക് വി.എസ് ശിവകുമാര്‍ മറുപടി പറഞ്ഞപ്പോള്‍ ആ ദുരന്തവും സഭ നേരിട്ടു. എഴുതിക്കൊണ്ടുവന്ന കടലാസുകെട്ട് ഒരക്ഷരം വിടാതെ മുക്കാല്‍ മണിക്കൂര്‍ വായിച്ചുകൊണ്ടേയിരുന്നു ശിവകുമാര്‍. എത്ര പറഞ്ഞിട്ടും തീരാതെ അത് ഇഴഞ്ഞിഴഞ്ഞ് നീങ്ങി. സമയത്തിന് പ്രസംഗം നിറുത്തിയ അംഗങ്ങളെ മറുപടിയില്‍ മന്ത്രി കുളിപ്പിച്ച് കിടത്തി. എന്നിട്ടും അവര്‍ ചോദിച്ചതിനും പറഞ്ഞതിനുമൊന്നും ഉത്തരമുണ്ടായുമില്ല. ഉച്ചത്തില്‍ പറയുകയെങ്കിലും വേണമെന്ന് ജി. കാര്‍ത്തികേയന്‍ മന്ത്രിയോടഭ്യര്‍ഥിച്ചു. എന്നിട്ടും വാക്കുകളുരുട്ടി നിന്നിടത്തുനിന്ന് തിരുവാതിര കളിച്ചപ്പോള്‍ സ്പീക്കര്‍ ഇടപെട്ടു: 'മന്ത്രി, ഇതൊന്ന് പാസാക്കി തരണമെന്ന് ആവശ്യപ്പെടൂ. എങ്കിലല്ലേ എനിക്ക് ക്ലോസ് ചെയ്യാന്‍ പറ്റൂ.' എന്നെയൊന്ന് രക്ഷിക്കണേ എന്ന മട്ട്. അതോടെ ബാക്കി കടലാസുകള്‍ മേശപ്പുറത്ത് വച്ച് ശിവകുമാര്‍ നിറുത്തി. മന്ത്രിയാകുന്നവര്‍ വകുപ്പ് പ~ിച്ചില്ലെങ്കിലും മിനിമം വാ തുറന്ന് സംസാരിക്കണമെന്ന് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വ്യവസ്ഥ വക്കണം.
മറുപടി പോലെയായിരുന്നില്ല പക്ഷെ ധനാഭ്യര്‍ഥന ചര്‍ച്ച. ആരോഗ്യത്തില്‍ ഒതുങ്ങിനിന്ന ചര്‍ച്ചയെ ഭരണപക്ഷം രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെങ്കിലും പ്രതിപക്ഷം അതില്‍ കയറിപ്പിടിക്കാതെ സ്വന്തം നില ഭദ്രമാക്കി. മലയാളത്തില്‍ പിടിപാടില്ലാത്ത പി.ബി അബ്ദുറസാഖ് വരെ സി.പി.എമ്മിന്റെ നെഞ്ചില്‍ ഉടുക്കുകൊട്ടി. തുളു പാട്ടായിരുന്നു റസാഖിന്റെ ആയുധം. പാടിത്തീര്‍ന്നപ്പോള്‍ പ്രതിപക്ഷത്ത് ആധി. അര്‍ഥം പറഞ്ഞപ്പോള്‍ അത് കൈയ്യടിയായി: 'ജന്മിമാര്‍ അടിച്ച ചൂരല്‍ വടി കമ്യൂണിസമായി തിരിച്ചുവരുന്നു....'. അതിന്റെ വ്യാഖ്യാനം വന്നപ്പോള്‍ കൈയ്യടിയുടെ സൈഡ് മാറി: 'ആ ചൂരലിപ്പോള്‍ മൂര്‍ച്ച കൂട്ടി പാവങ്ങളുടെ കഴുത്തില്‍ ആഴ്ത്തുകയാണ്.' സി.പി.എം വിമര്‍ശത്തിനുള്ള 'ലീഗ് വിപ്പ്' എന്‍. ഷംസുദ്ദീനും ലംഘിച്ചില്ല: 'എ.കെ.ജിയുടെ ചിരി, നായനാരുടെ പൊട്ടിച്ചിരി, ഇ.എം.സിന്റെ കണ്ണട ഇതൊക്കെയാണ് സി.പി.എം എന്ന് കേട്ടാല്‍ ഓര്‍മ വന്നിരുന്നത്. ഇപ്പോള്‍ അത് കുഞ്ഞനന്തന്റെ ഇളിഭ്യന്‍ ചിരിയും എം.എം മണിയുടെ കൊലവിളിയുമായി.' പകയുടെ കനലെരിയുന്ന സി.പി.എമ്മിന്റെ രോഗം മാറ്റാന്‍ എം.പി വിന്‍സെന്റ് സൈക്കോ തെറാപ്പി ശിപാര്‍ശ ചെയ്തു. തലസ്ഥാനത്തെ പട്ടികളെ പിടിക്കണമെന്നായിരുന്നു കെ. മുരളീധരന്റെ ആവശ്യം. പട്ടികള്‍ വിഹരിക്കുന്ന കേന്ദ്രങ്ങളും മുരളീധരന്‍ വെളിപ്പെടുത്തി: 'നഗരത്തിലാകെ പട്ടിയാണ്. എം.എല്‍.എ ഹോസ്റ്റലിലുണ്ട്. സഭാഹാളില്‍ പോലും പട്ടികള്‍ കയറുന്നു.'
ചര്‍ച്ച തുടങ്ങിയ രാജു എബ്രഹാം മരുന്നുമാഫിയയുടെ പകല്‍ കൊള്ള സഭയെ ബോധ്യപ്പെടുത്തി. ഒപ്പം വ്യാജ മരുന്ന് ലോബിക്ക് വേണ്ടി കേരളത്തിലെ ആശുപത്രികളെ തകര്‍ക്കുകയാണെന്ന ആരോപണവും. ആശുപത്രിയില്‍ പോയാല്‍ ചുമയും കിടന്നാല്‍ പനിയും അവിടെ നിന്നുണ്ടാല്‍ വയറിളക്കവും പിടിപെടുകയാണെന്ന് ടി.വി രാജേഷ് വെളിപ്പെടുത്തി. സമഗ്ര ആരോഗ്യ നയം വേണമെന്ന് പാലോട് രവിയും കേരളം സ്വന്തമായി മരുന്ന് ഉത്പാദനം തുടങ്ങണമെന്ന് സുരേഷ് കുറുപ്പും നിര്‍ദേശിച്ചു. എല്ലാ ചികില്‍സകളും തൊലിപ്പുറത്താണെന്ന് ഓര്‍മിപ്പിച്ച വി.ഡി സതീശന്‍ മാഫിയകളെ നേരിട്ട് രോഗികളെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ചിറ്റയം ഗോപകുമാര്‍, ഗീത ഗോപി, കെ.എസ് സലീഖ, ജമീല പ്രകാശം എന്നിവരും ആരോഗ്യം വിടാതെ ചര്‍ച്ചയില്‍ പങ്കാളികളായി.
പ്രതിപക്ഷ നേതാക്കളോടും മന്ത്രിയോടും രക്ഷാവഴി തേടിയ സ്പീക്കര്‍ പക്ഷെ ഭരണപക്ഷ അംഗങ്ങളുടെ മുന്നില്‍ ഒരുരക്ഷയുമില്ലെന്ന് നിസ്സഹായനായത് കണ്ടാണ് സഭയിന്നലെ പിരിഞ്ഞത്. സഭ അലങ്കോലമാക്കാതെ അടങ്ങിയിരുന്ന് മിനിമം മര്യാദ കാണിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. പലവട്ടം റൂളിംഗ് നല്‍കി. ഡപ്യൂട്ടി സ്പീക്കറും ഒരിക്കല്‍ ഇത് പറഞ്ഞു. പ്രതിപക്ഷം ഇതേചൊല്ലി പലതവണ പ്രതിഷേധമുയര്‍ത്തി. 'എത്ര പറഞ്ഞിട്ടും രക്ഷയില്ല. ഇനി വയ്യ' എന്ന് ഒരിക്കല്‍ സുരേഷ് കുറുപ്പിനോട് സ്പീക്കര്‍ നിസ്സഹായനായി. സമാന്തര ചര്‍ച്ചകളും കൂട്ടം കൂടിയുള്ള കലപിലകളും കണ്ട് മേശക്കും കസേരക്കും വരെ നാണം വന്നുതുടങ്ങിയിട്ടുണ്ട്. എന്നിട്ടും ഭരണപക്ഷ സഖാക്കള്‍ക്ക് ഒരുളുപ്പുമുണ്ടായിട്ടില്ല. ഇന്നലെ 'അലങ്കോലം' അതിരുവിട്ടപ്പോള്‍ സ്പീക്കര്‍ സഭ നിറുത്തി: 'മന്ത്രി ഇനി മറുപടി പറയണ്ട. കേള്‍ക്കാന്‍ അംഗങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ മറുപടി മേശപ്പുറത്ത് വച്ചാല്‍ മതി.' ഒരു മിനിട്ടിലേറെ നീണ്ടു ഈ സ്തംഭനം. ഞങ്ങളും സഭ സ്തംഭിപ്പിച്ചു എന്ന് ഭരണപക്ഷ അംഗങ്ങള്‍ ഇന്ന് പത്ര സമ്മേളനം ആഘോഷം നടത്താതിരുന്നാല്‍ മതിയായിരുന്നു. ആസനത്തില്‍ ആലുമുളക്കുന്നത് ഏത് നേരത്താണെന്ന് ആര്‍ക്കുമറിയില്ലല്ലോ?
(28...06...12)
No comments:
Post a Comment