ആഗോളീകരണാനന്തര കാലത്തിന്റെ അടയാളങ്ങളെപ്പറ്റിയായിരുന്നു സഭയിലിന്നലെ പ്രൊഫ. സി രവീന്ദ്രാഥിന്റെ ക്ലാസ്: 'രുചികളില്‍ വരുന്ന അട്ടിമറിയാണ് അതില്‍ സുപ്രധാനം. നാടന്‍ രുചികളെ അട്ടിമറിച്ച് മാരക രോഗ വാഹികളായ കൃത്രിക രുചികള്‍ കേരളത്തിലെ അടുക്കളകള്‍ കീഴടക്കുന്നു. ഇതിന് പിന്നില്‍ വലിയ മാഫിയയുണ്ട്. പ്രതിവിപ്ലവ കാലത്തിന്റെ സൂചനയാണിത്.' നാലുദിവസ സ്തംഭനം കഴിഞ്ഞ് സാധാരണ നിലയിലെത്തിയ സഭയില്‍ ഇന്നലെ അജണ്ട ധനാഭ്യര്‍ഥനയായിരുന്നെങ്കിലും ആദ്യാവസാനം മുഖ്യ വിഷയം ഇതുപോലുള്ള പലതരം പ്രതിവിപ്ലവങ്ങളായിരുന്നു. ചര്‍ച്ചകള്‍ അതോടെ പൊടിപാറുകയും ചെയ്തു.
വീട്ടടുക്കളയിലെ രുചി മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ അടുക്കളകളില്‍ ചിതറിവീഴുന്ന കൊലച്ചോരയുടെ രുചികളിലും മാറ്റം വന്നിരിക്കുന്നുവെന്നാണ് ഈ ചര്‍ച്ചകളില്‍ നിന്ന് സഭക്കിന്നലെ ബോധ്യപ്പെട്ട പ്രധാന കാര്യം. ഭരണപക്ഷത്തിന്റെ പ്രധാന ആയുധം തന്നെ ആ രുചിമാറ്റമായിരുന്നു. അതിന് പിന്നില്‍ ഒരൊറ്റ മാഫിയയെ മാത്രമേ അവര്‍ കണ്ടുള്ളൂ -സി.പി.എം. സി.പി.എം കൊലക്കത്തിയില്‍ തെറിച്ചുവീഴുന്ന ചോരക്കിപ്പോള്‍ മതങ്ങളുടെ രുചിയും മറ്റ് സംഘടനകളുടെ മണവും നിറവും ചാര്‍ത്തുകയാണെന്ന് ടി.എ അഹമ്മദ് കബീര്‍ സമര്‍ഥിച്ചു. ഫസലിനെ കൊന്നിട്ട് അതിന് ആര്‍.എസ്.എസിന്റെ രുചിയുണ്ടാക്കാന്‍ ശ്രമിച്ചു. ടി.പി ചന്ദ്രശേഖരനെ വധിച്ചിട്ട് മുസ്‌ലിം രുചിയും. രക്തം പുരണ്ട തൂവാല അമ്പലത്തില്‍ കൊണ്ടിട്ടും കൊലയാളികളുടെ കാറില്‍ അറബി സ്റ്റിക്കര്‍ പതിച്ചും മാഫിയകള്‍ രുചിഭേദം വരുത്തുന്ന രീതികളും കബീര്‍ വിവരിച്ചു. ഫസലിന്റെയും ടി.പിയുടെയും പ്രതികളെ പിടികൂടിയില്ലായിരുന്നുവെങ്കില്‍ കേരളം ഗുജറാത്തുകുമായിരുന്നുവെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി ആശങ്കപ്പെട്ടു. പ്രതിവിപ്ലവകാലത്തെ മറ്റൊരു അടയാളം രണ്ടത്താണി രേഖപ്പെടുത്തി: 'സി.പി.എം മിന്നലേറ്റ മരം പോലെയായി. ഇനി തളിര്‍ക്കില്ല.' ഏഴുലോകത്തെ അത്തര്‍ പൂശിയാലും ഈ ചീത്തപ്പേര് പോകില്ലെന്ന് പാലോട് രവി പ്രവചിച്ചു. ഇവര്‍ മൂന്ന് പേരും നേരെ പറഞ്ഞ കാര്യങ്ങള്‍ സിനിമാപാട്ടുകളും ഉപമകളും അകമ്പടി ചേര്‍ത്ത് സി.പി മുഹമ്മദ് കാവ്യാത്മകമാക്കി. സി.പി.എം ജില്ലാ സെക്രട്ടറിയാകാനുള്ള മിനിമം യോഗ്യതയും സി.പി പ്രഖ്യാപിച്ചു: 'ഒന്നുകില്‍ കൊലക്കേസ്. അല്ലെങ്കില്‍ സ്ത്രീ പീഡനം.'
പ്രതിവിപ്ലവകാലത്തെ ഈ സി.പി.എം അവസ്ഥ കണ്ട് സാക്ഷാല്‍ രമേശ് ചെന്നിത്തല പോലും ലജ്ജിച്ച് തല താഴ്ത്തി. അതും രണ്ട് വട്ടം. ടി.പി വധക്കേസ് പ്രതികളെ പാര്‍ട്ടി സംരക്ഷിക്കുന്നത് കണ്ടപ്പോഴാണ് ആദ്യം ലജ്ജ തോന്നിയത്. മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ സി.പി.എം കോടതിയില്‍ പോയപ്പോള്‍ അത് വീണ്ടും സംഭവിച്ചു. രക്തത്തിന്റെ രുചിയുടെ കാര്യത്തിലും രമേശ് ഒട്ടും കുറച്ചില്ല: 'സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധമാണ്. ജയകൃഷ്ണന്റെ അമ്മയുടെ പരാതി പിന്‍വലിക്കപ്പെട്ടത് കണ്ണൂര്‍ ജയിലിലെ ആര്‍.എസ്.എസുകാരെ വിട്ടയക്കാന്‍ നടത്തിയ ഗൂഡാലോചനയിലാണ്. ടി.പി വധത്തെ മോഡി അപലപിച്ചെങ്കിലും രാജഗോപാല്‍ മിണ്ടിയിട്ടില്ല.'
ശെല്‍വരാജിന്റെ സത്യപ്രതിജഞ്ജയാണ് സഭയെ പ്രതിവിപ്ലവ കാലത്തേക്ക് ആദ്യം കൊണ്ടുപോയത്. നാട്ടുകാര്‍ ജയിപ്പിച്ച് വിട്ടതാണെങ്കിലും അതൊന്നും പ്രതിപക്ഷത്തിന് സ്വീകാര്യമായിരുന്നില്ല. ആരോപണങ്ങള്‍ ആവര്‍ത്തിച്ചും അപശബ്ദങ്ങള്‍ പുറപ്പെടുവിച്ചും ശെല്‍വരാജ് മുന്നില്‍ വന്ന് കൈകൂപ്പിയപ്പോള്‍ അനക്കമറ്റിരുന്നും അവര്‍ പ്രതിവിപ്ലവം ആഘോഷിച്ചു. അടിയന്തിര പ്രമേയത്തില്‍ രണ്ട് ഉഗ്രന്‍ ഗ്രനേഡ് ഹാജരാക്കി ഇ.പി ജയരാജന്‍ പ്രതിവിപ്ലവത്തിന്റെ പുതിയ രൂപരേഖ അവതരിപ്പിച്ചു. അത് പൊട്ടിക്കരുതെന്ന് കണ്ടുയടന്‍ സപീക്കര്‍ റൂളിംഗ് നല്‍കി. സ്‌ഫോടനാത്മക അവസ്ഥയെന്ന് ആഭ്യന്തര മന്ത്രി ഞെട്ടല്‍ രേഖപ്പെടുത്തി. ജയരാജന്‍ അതുകൊണ്ടുവന്നപ്പോള്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാനാകുമെന്നാണ് സര്‍വരും കരുതിയത്. അതിന്റെ കാരണം സി.പി മുഹമ്മദ് പറഞ്ഞു: 'കണ്ടാല്‍ ഭയങ്കരന്‍ ഇ.പിയാണ്. പക്ഷെ മറ്റ് ജയരാജന്‍മാരെ അപേക്ഷിച്ച് പാവമാണ്.' ഇ.പിയുടെ പ്രശ്‌നം വിദ്യാര്‍ഥി മര്‍ദനമായിരുന്നു. ഗ്രനേഡ് സഭക്ക് വിട്ടുകൊടുത്ത് ഒടുവില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി.
കോണ്‍ഗ്രസുകാരും ലീഗുകാരും ഒരുപോലെ സി.പി.എമ്മിനെ നന്നാക്കാന്‍ ശ്രമിക്കുമ്പോഴും അങ്ങനെയൊരു പ്രതിവിപ്ലവം എളുപ്പം നടക്കില്ലെന്ന് സഖാക്കളും തെളിയിച്ചു. ചര്‍ച്ചയില്‍ സംസാരിച്ച എം. ചന്ദ്രനും പി. ശ്രീരാമകൃഷ്ണനും എ. പ്രദീപ്കുമാറും സി. രവീന്ദ്രനാഥും പതിവുപോലെ സ്വപ്‌നലോകത്തെപ്പറ്റി വാചാലരായി. കോണ്‍ഗ്രസിന്റെ വര്‍ഗീയ കൂട്ടുകെട്ടുകളെയും ലീഗിന്റെ സാമുദായികതയെയും രൂക്ഷമായി വിമര്‍ശിച്ചു. പട്ടാമ്പിയിലെ സെയ്ദാലിയൊഴികെയുള്ള, മൊയ്യാരത്ത് ശങ്കരന്‍ മുതല്‍ അനീഷ്‌രാജ് വരെയുള്ള രക്ഷസാക്ഷിപ്പട്ടിക നിരത്തി. ടി.പി വധത്തില്‍ പ്രവര്‍ത്തകരുണ്ടോയെന്നറിയാന്‍ പാര്‍ട്ടിക്ക് സംവിധാനമുണ്ടെന്ന് സഭയെ അറിയിച്ചു. സി. ദിവാകരനും എ.എ അസീസും ജമീല പ്രകാശവും പ്രതിവപ്ലവ കാലത്തെ മുന്നണി മര്യാദ കണക്കിലെടുത്ത് ഇക്കാര്യങ്ങളില്‍ മൗനംപാലിച്ചു.
എന്നിട്ടും സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാതിരിക്കാന്‍ സി. ദിവാകരനായില്ല. ദിവാകരന്റെ പ്രസംഗം കേട്ടപ്പോള്‍ പാലോട് രവിക്ക് കാര്യം മനസ്സിലായി: 'ദിവാകരന്‍ ഇതേ പ്രസംഗം നെയ്യാറ്റിന്‍കരയിലെ പഴയകടയില്‍ നടത്തിയത് ഞാന്‍ കേട്ടതാണ്. എന്നിട്ടും ജനം വോട്ട് ചെയ്തിട്ടില്ല'. അരിക്ക് പകരം പാലും മുട്ടയും പോരെയെന്ന് ചോദിച്ചയാളാണ് ദിവാകരന്‍. തോറ്റതിന്റെ കാരണമന്വേഷിച്ച് ഇടതുമുന്നണി വേറെയെങ്ങും പോകണമെന്നില്ല. അതാണ് പ്രതിവിപ്ലവ കാലമെന്ന് രവീന്ദ്രനാഥിനെങ്കിലും മനസ്സിലായിക്കാണും.
(19...06...12)
No comments:
Post a Comment