ഒരു അടിയന്തിര പ്രമേയം പോലുമില്ലാതെ ശാന്തവും സമാധാനപരവും അത്രതന്നെ വിരസവുമായി നീങ്ങുകയായിരുന്ന സഭയെ ഞെട്ടിച്ചുകൊണ്ടാണ് ഉച്ചനേരത്ത് കോവൂര്‍ കുഞ്ഞുമോന്റെ പ്രഖ്യാപനം വന്നത്: 'ഇന്ന് അഭയാര്‍ഥി ദിനമാണ്. ഈ സഭയിലും ഒരു അഭയാര്‍ഥിയുണ്ട് ^ശെല്‍വരാജ്. അയാള്‍ എനിക്ക് ശേഷം പ്രസംഗിക്കും. പരിശീലകന്‍ എ.പി അബ്ദുല്ലക്കുട്ടിയാണ്.' അതോടെ സഭയൊന്നിളകി.
കുഞ്ഞുമോന്‍ കുഞ്ഞായതിനാല്‍ ആ പറഞ്ഞത് സീരിയസാക്കുന്നില്ലെന്ന് അറിയിച്ച ശെല്‍വരാജ് പക്ഷെ പഴയ പാര്‍ട്ടിയോട് അമ്മാതിരി ഒരു വിട്ടുവീഴ്ചയും കാട്ടിയില്ല. 'രണ്ടാം കന്നി പ്രസംഗ'ത്തിന് സ്പീക്കര്‍ ക്ഷണിച്ചപ്പോള്‍ സഭ സമ്പൂര്‍ണ നിശബ്ദതയിലായി. ശെല്‍വരാജ് അവരുടെ പ്രതീക്ഷ തെറ്റിച്ചുമില്ല: 'സി.പി.എമ്മിന്റെ ഉയര്‍ന്ന നേതാക്കള്‍ നെയ്യാറ്റിന്‍കരയില്‍ വന്ന് ബി.ജെ.പിക്ക് വോട്ട് മറിച്ചു. വോട്ട് ബി.ജെ.പിക്ക് ചോര്‍ന്നതായി സി.പി.എം നതാക്കള്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. രണ്ട് പ്രമുഖ നേതാക്കള്‍ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം ശക്തി കേന്ദ്രങ്ങളായ അതിയന്നൂരിലും പെരുമ്പഴുതൂരിലും വോട്ട് മറിക്കാന്‍ നീക്കം നടത്തി. ചില ജാതി വോട്ടുകള്‍ ബി.ജെ.പിക്ക് നല്‍കാന്‍ അവര്‍ ശ്രമിച്ചു. ഇത് ഭാവി കേരളത്തില്‍ വരാനിരിക്കുന്ന ബി.ജെ.പി^സി.പി.എം മുന്നണിക്കുള്ള നീക്കങ്ങളാണ്.' ശെല്‍വരാജിന്റെ പ്രസംഗത്തിനിടെ മുറുമുറുത്തും അപശബ്ദങ്ങളുണ്ടാക്കിയും പ്രതിപക്ഷം അമര്‍ഷം രേഖപ്പെടുത്തി. വി. ശിവന്‍കുട്ടി ക്രമപ്രശ്‌നം ഉന്നയിച്ചു. അബ്ദുല്ലക്കുട്ടിയുടെ പരിശീലനത്തിന്റെ മികവ് കൊണ്ടാകണം, ഇതെല്ലാം ശെല്‍വരാജ് അനായാസം അതിജീവിച്ചു.
പക്ഷെ ശെല്‍വരാജിനെ അങ്ങനെയങ്ങ് വിടാന്‍ സഖാക്കള്‍ തയാറായിരുന്നില്ല. തൊട്ട് പിന്നാലെ വന്ന കെ.വി വിജയദാസ് അരിശം മുഴുവന്‍ പറഞ്ഞുതീര്‍ത്തു: 'ഇപ്പുറത്തിരുന്ന് ഇത്രകാലം ഉറങ്ങിയ ശെല്‍വരാജിന് ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു. മുസ്‌ലി പവര്‍ കൊടുത്തിട്ടുണ്ടാകും.' മരുമകന് പിന്‍വാതില്‍ വഴി ജോലി നല്‍കിയെന്നത് അവാസ്തവമാണെന്ന് പി.സി വിഷ്ണുനാഥ് ക്രമപ്രശ്‌നമാക്കി. പിന്‍വാതില്‍ തെറ്റെങ്കില്‍ 'മുന്‍വാതില്‍' എന്നാക്കാമെന്ന് വിജയദാസ് വിനയാന്വിതനായി. ബി. സത്യന്‍ സി.പി.എമ്മിന്റെ കേരള ചരിത്രം ശെല്‍വരാജിനെ വായിച്ചു കേള്‍പിച്ചു. ഇവര്‍ നിര്‍ത്തിയേടത്തുനിന്നാണ് ഇ.കെ വിജയന്‍ തുടങ്ങിയത്. ഒക്‌ടോബര്‍ വിപ്ലവം മുതല്‍ കമ്യുണിസ്റ്റ് കഥ പറഞ്ഞ വിജയന്‍ ഉപസംഹരിച്ചു: 'ക്യൂബന്‍ വിപ്ലവം കഴിഞ്ഞപ്പോള്‍ ചെഗുവേര പായത് അധികാരത്തിലേക്കല്ല. ബൊളീവിയന്‍ കാട്ടിലേക്കാണ്.' മുടിക്കോഴി മലയിലേക്ക് കൊടി സുനി പോയപോലെ എന്ന് പറയാതിരുന്നത് ഭാഗ്യം.
സി.പി.എമ്മിനെ വിമര്‍ശിക്കാതിരിക്കാന്‍ ഭരണപക്ഷത്ത് ചര്‍ച്ചയാരംഭിച്ച ജോസഫ് വാഴക്കന്‍ ശ്രദ്ധിച്ചപ്പോള്‍ സി.മമ്മൂട്ടിയും സണ്ണി ജോസഫും എന്‍.എ നെല്ലിക്കുന്നും മൃദു വിമര്‍ശകരായി. ഈ കുറവ് പക്ഷെ പി.സി വിഷ്ണുനാഥ് തീര്‍ത്തു. വീരാന്‍കുട്ടി മുതല്‍ വിജയലക്ഷ്മി വരെയുള്ളവരുടെ ടി.പി കവിതകളും പ്രഭാത് പട്‌നായിക് മുതല്‍ 'സന്ദേശം ശങ്കരാടി' വരെയുള്ളവരുടെ ഉദ്ദരണികളുമായി വിഷ്ണുനാഥ് തകര്‍ത്താടി. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടതിനാല്‍ പാര്‍ട്ടി നടപടിയെടുത്ത ഒരാളുടെ പേര് ആരെങ്കിലും പറയണമെന്ന് വിഷ്ണുനാഥ് അഭ്യര്‍ഥിച്ചിട്ടുണ്ട്. കൊലക്ക് പകരം വെട്ടിനിരത്തല്‍ മതിയെങ്കില്‍ ആലപ്പുഴയില്‍ നിന്ന് തന്നെ ഉടന്‍ പേര് കിട്ടാന്‍ സാധ്യതയുണ്ട്.
അഞ്ച് ധനാഭ്യര്‍ഥനകളില്‍ ചര്‍ച്ച നടന്നിട്ടും ഭരണ പ്രതിപക്ഷാക്രമണത്തിന് മൂര്‍ച്ച കുറവായിരുന്നു. മിക്കവരും വിഷയത്തില്‍ ഒതുങ്ങി. ചിലര്‍ ഇടക്കൊന്ന് മാറിച്ചവിട്ടി. 'ഗീവര്‍ഗീസ് പുണ്യാളന്‍ കുന്തം പിടിച്ചുനില്‍ക്കുന്നു, ശാസ്താവ് പണം വാരുന്നു എന്നതാണ് ഭരണ ലൈനെന്ന് സാജുപോള്‍ നിരീക്ഷിച്ചു. പി.സി വിഷ്ണുനാഥ് അതിന് പകരം ഉപമപറഞ്ഞു: 'ഇന്ദുലേഖയില്ലെങ്കില്‍ തോഴി മതിയെന്ന് പറഞ്ഞ സൂരി നമ്പൂതിരിപ്പാടിനെപ്പോലെയാണ് ഇപ്പോള്‍ സി.പി.എം. വി.എസിനെ പിടിക്കാന്‍ പറ്റില്ലെങ്കില്‍ പി.എ സുരേഷ് മതിയെന്ന മട്ട്.' ഇതിനിടെ റോഷി അഗസ്റ്റിനും സാജുപോളും മുല്ലപ്പെരിയാറിനെ പറ്റി പറഞ്ഞു. ഇ.എസ് ബിജിമോള്‍ അത് കേട്ടില്ലെന്ന് നടിച്ചു.
സഭയുടെ വിരസതക്ക് തോമസ് ഐസകിന്റെ ധനശാസ്ത്രവും കെ.എം മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തവും വലിയ സംഭാവന നല്‍കി. നെടുങ്കന്‍ മറുപടിയിലൂടെ മന്ത്രി അടൂര്‍ പ്രകാശ് ഇരുവരെയും കടത്തിവെട്ടി. ബോറഡിയില്‍ അക്ഷമരായ അംഗങ്ങളെ ഒടുവില്‍ സ്പീക്കര്‍ക്ക് തന്നെ ആശ്വസിപ്പിക്കേണ്ടി വന്നു. മാണിയും ആര്യാടനും മന്ത്രിയാവുകയും വി.ഡി സതീശന്‍ മിണ്ടാതാകുകയും ചെയ്തതോടെ തോമസ് ഐസകുമായി സ്ഥിരം സംവാദത്തിന് ആളൊഴിവുണ്ടെന്ന് പി.സി ജോര്‍ജിന് മനസ്സിലായിട്ടുണ്ട്. ഇന്നലെ രണ്ടുമൂന്നുവട്ടം ജോര്‍ജ് ആ ദൗത്യം ഏറ്റെടുത്തു. ഒടുവില്‍ സഹികെട്ടിട്ടാകണം, ഐസക് ചോദിച്ചു: 'വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് എന്താണെന്നറിയുമോ?' സംവാദം അവിടെ അവസാനിച്ചു.
പ്രതിപക്ഷം മറന്നുപോകുന്ന ചില ചോദ്യങ്ങള്‍ ചോദിക്കുകയെന്നത് കെ. മുരളീധരന്റെ ശീലമാണ്. ഇന്നലെ ആ ചോദ്യം റവന്യു മന്ത്രിയോടായിരുന്നു: 'ഗോള്‍ഫ് ക്ലബില്‍ എന്താണ് സര്‍ക്കാര്‍ നിലപാട്.' അടൂര്‍ പ്രകാശ് ഉരുണ്ടുമറിയുന്നത് കണ്ടപ്പോള്‍ സി. ദിവകാരനും ആവേശമായി. അപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു: 'ഇ.എം.എസും പി.കെ.വിയും ഇ.കെ നായനാരും ഭരിച്ചപ്പോള്‍ ഉണ്ടായിരുന്നത് പോലെ തന്നെ ക്ലബ് ഉണ്ടാകും.' ഉത്തരം മൂന്നുവട്ടം ആവര്‍ത്തിച്ചിട്ടും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് ഉമ്മന്‍ചാണ്ടി പരാമര്‍ശിച്ചേയില്ല. ചോദ്യം ചോദിച്ചതിന് അച്ചനെ പറഞ്ഞുവെന്ന് നാട്ടുകാരറിയരുതല്ലോ?
(21..06..12)
No comments:
Post a Comment