മുല്ലപ്പെരിയാര്‍ ബഹളം അണക്കെട്ടില്‍ ഒലിച്ചുപോയപ്പോള്‍ തന്നെ ഇനിയെന്ത് എന്ന ചോദ്യമുയര്‍ന്നതാണ്. അന്ന് സമരത്തിന് ചാടിയിറങ്ങിയവരുടെയെല്ലാം ഉള്ളില്‍ ഇപ്പോഴും അത് കിടന്നുരുകുന്നുണ്ട്. അവരുടെ എല്ലാതരം നിരാശകള്‍ക്കും ആശ്വാസം പകരുന്ന വാര്‍ത്തയുമായാണ് ഇന്നലെ കേരള നിയമ സഭ പിരിഞ്ഞത്. മുല്ലപ്പെരിയാര്‍ പോലെ ഇതിന്റെയും മുഖ്യ പ്രായോജകന്‍ വകുപ്പ് മന്ത്രി പി.ജെ ജോസഫ് തന്നെ: 'കാവേരി ട്രിബ്യൂണല്‍ പ്രകാരം കേരളത്തിന് ആറ് ടി.എം.സി വെള്ളത്തിന് അവകാശമുണ്ട്. പഴയ കരാര്‍ പ്രകാരം കേരളത്തിന് അട്ടപ്പാടി പദ്ധതി നടപ്പാക്കാനും കഴിയും. അവിടെ ഒരു പ്രശ്‌നവുമുണ്ടാകില്ല.' അത്രകേട്ടപ്പോള്‍ തന്നെ സ്പീക്കര്‍ക്ക് കാര്യം മനസ്സിലായി: 'തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തന്നെ പ്രശ്‌നമായിട്ടുണ്ട്. ലോറികള്‍ ഇങ്ങോട്ട് വിടാതായി. വെറുതെ സഭയില്‍ ഇത്തരം വിഷയം കത്തിക്കരുത്.' മന്ത്രി പക്ഷെ പ്രതീക്ഷ കൈവിട്ടിട്ടില്ല: 'അട്ടപ്പാടിയുടെ വരള്‍ച്ച ഇതോടെ മാറും. പദ്ധതി തമിഴ്‌നാടിനെ ബാധിക്കില്ല. അവര്‍ വെറുതെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല.' മുല്ലപ്പെരിയാര്‍ പോലെ മറ്റിടത്ത് അബദ്ധം കാണിക്കരുതെന്ന് കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ ഉപദേശിച്ചിട്ടുണ്ട്. അതിനാല്‍ ഇനി മുഹൂര്‍ത്തം കുറിച്ചാല്‍ മാത്രം മതി.
പനിയും പ~ിപ്പും കഴിഞ്ഞ് ധനാഭ്യര്‍ഥന വെള്ളത്തിലെത്തിയപ്പോഴും അംഗങ്ങള്‍ക്ക് മുഖ്യം നാട്ടുകാര്യം തന്നെയായി. രാഷ്ട്രീയത്തിലെ കലക്കവെള്ളത്തില്‍ അവരത്രമേല്‍ ഇറങ്ങിക്കുളിച്ചില്ല. അതോടെ കുടിവെള്ളം, മാലിന്യം, കെട്ടിട നിര്‍മാണം, ജലസേചനം തുടങ്ങിയ ജീവല്‍പ്രശ്‌നങ്ങളില്‍ ഫലവത്തായ ചര്‍ച്ചകള്‍ നടന്നു. അടിയന്തിര പ്രമേയ നോട്ടീസില്‍ പ്രതിപക്ഷവും ഈ കാര്യഗൗരവം കാട്ടി. അവതാരകന്‍ തോമസ് ഐസക് പറഞ്ഞു: 'ഇറങ്ങിപ്പോകാനും ബഹളമുണ്ടാക്കാനുമല്ല ഈ അടിയന്തിര പ്രമേയം. കാര്യങ്ങള്‍ സഭ അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രമാണ്.' എന്നാല്‍, 'കാര്യങ്ങള്‍ മുഴുവനായി പ~ിക്കാതെ അടിയന്തിര പ്രമേയവുമായി വരരുതെന്ന്' ഐസക്കിനെ മുനീര്‍ പ~ിപ്പിച്ചു. പതിവായി വഞ്ചിപ്പാട്ടുപാടുന്ന സി.കെ സദാശിവന്‍ ഇന്നലെ പാടിയ പാട്ടുപോലും തികച്ചും ഗൗരവാര്‍ഹമായിരുന്നു: 'സ്‌കൂള്‍/കോളജ് കലോല്‍സവങ്ങളില്‍ വഞ്ചിപ്പാട്ട് ഉള്‍പെടുത്തണം.'
തൃശൂര്‍ വികസന അഥാറിറ്റി പിരിച്ചുവിട്ടപ്പോള്‍ കൈയ്യില്‍ കിട്ടിയ ആസ്തി കണ്ട് തൃശൂര്‍ കോര്‍പറേഷന്‍ അന്തംവിട്ടിരിക്കുകയാണെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ സഭയെ അറിയിച്ചു. അഞ്ചാളുകൂടി ട്രസ്റ്റുണ്ടാക്കി മന്ത്രിക്ക് അപേക്ഷ കൊടുത്താല്‍ സര്‍ക്കാര്‍ പണം കിട്ടുമെന്ന് വി.ശിവന്‍കുട്ടിയും. ജലപാത വേഗം വേണമെന്നാണ് തോമസ് ഉണ്ണിയാടന്റെ ആവശ്യം.വകുപ്പ് വെള്ളവും കൃഷിയുമായാല്‍ തോമസ് ചാണ്ടി അറിയാതെ ഉള്ളുതുറന്നുപോകും. ഇന്നലെ അത് ആത്മകഥയായിരുന്നു: 'പാടത്തെ മട പൊട്ടി കൃഷി നശിച്ച്, ജപ്തി ചെയ്യപ്പെട്ട് വീട്ടില്‍ നിന്നിറങ്ങിപ്പോകേണ്ടി വന്നവരാണ് എന്റെ പിതാക്കന്‍മാര്‍. കയ്യില്‍ കാശുണ്ടായപ്പോള്‍ ഞാനാദ്യം തിരിച്ചുപിടിച്ചത് അന്നിറക്കി വിട്ട വീടാണ്.' അതുകൊണ്ട് ഞങ്ങള്‍, കുട്ടനാട്ടുകാര്‍ പറയുന്നതുപോലെ മതി കാര്യങ്ങളെന്നര്‍ഥം: 'കുട്ടനാട്ടില്‍ കല്ലിട്ടിട്ട് കാര്യമില്ല. തണ്ണീര്‍മുക്കം ബണ്ടിന്റെ നടുവിലെ ചിറ തുറക്കണം. കര്‍ഷകരോട് ചോദിക്ക്, അവിടെയെന്ത് വേണമെന്ന്. ഇനി കല്ലുമായി വന്നാല്‍ പിന്നെ ആ വഴി വള്ളം പോകില്ല.' അവിടെ കല്ലിട്ടാലുമില്ലെങ്കിലും ചിറ്റൂരില്‍ കുറച്ച് കുളം വേണമെന്നാണ് കെ. അച്യുതന്റെ ആവശ്യം. പഞ്ചായത്തില്‍ ഒന്നുപോര. നാടാകെ കുളമാകണം.
ടി.പി വധത്തിന്റെ പേരില്‍ സി.പി.എമ്മിനെ ആക്രമിക്കുന്നവര്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പായപ്പോള്‍ പാര്‍ട്ടിയുടെ പിന്നാലെ നടക്കുകയാണെന്നാണ് എ.എം ആരിഫിന്റെ ധാരണ. വേറെ വഴിയില്ലാത്തതിനാല്‍ സി.പി.എം ഗതികെട്ട് വന്നതാണെന്ന് ജോസഫ് വാഴയ്ക്കന്‍ തിരുത്തി. ഇല്ലെങ്കില്‍ ബംഗാളില്‍ ആപ്പീസ് പൂട്ടുമായിരുന്നുവത്രെ. മാക് അലി മാലിന്യം നീക്കി കേരളത്തിന്റെ മാജിക് അലിയാകുമെന്ന് വാഴയ്ക്കന്‍ പ്രവചിച്ചിട്ടുണ്ട്. അതിന് സാധ്യതയില്ലെന്ന് മുല്ലക്കര രത്‌നകാരനും. കാരണം: 'അവസാന മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷായെപ്പോലെ ദുര്‍ബലനാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം കേരളത്തിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും.' പിന്നെയല്ലേ മാലിന്യം ഭരിക്കുന്ന മന്ത്രി. യമുനയില്‍ നിന്ന് അധിക നേരം കൈകഴുകിയപ്പോള്‍ വെള്ളം കൂടുതല്‍ ഉപയോഗിച്ചുവെന്ന് വിഷമിച്ച ഗാന്ധിജിയുടെ സംസ്‌കാരം ശീലിക്കണമെന്ന് ബെന്നി ബഹനാന്‍ ഉപദേശിച്ചു. ഗാന്ധി ശിഷ്യന്‍ ഉമ്മന്‍ചാണ്ടി ആ വഴിയിലാണെന്ന് സാജുപോള്‍ തെളിവ് ഹാജരാക്കി: 'ഇന്ത്യാടുഡേയില്‍ 26 പേജ് പരസ്യമാണ് ഉമ്മന്‍ചാണ്ടി കൊടുത്തിരിക്കുന്നത്. കോടികള്‍ ഇങ്ങനെ ധൂര്‍ത്തടിച്ചവരാണ് ഗാന്ധിയുടെ ലാളിത്യം പറയുന്നത്. പണ്ടൊക്കെ സ്യൂട്ട് കേസിലും ഓട്ടോയിലുമായിരുന്നു അഴിമതി പണം കടത്തിയിരുന്നത്. ഇന്ന് ജെ.സി.ബിയും ടിപ്പറും വച്ച് വാരുകയാണ്.' കോണ്‍ഗ്രസിലെ പുത്തന്‍ ഗാന്ധിയന്‍മാര്‍ ബെന്നിയുടെ ഉപദേശം സ്വീകരിച്ചാല്‍ കേരളത്തില്‍ എക്‌സൈസ് വകുപ്പ് പൂട്ടിപ്പോകും.
വകുപ്പ് മന്ത്രി ജോസഫായതിനാല്‍ മുല്ലപ്പെരിയാര്‍ പറയാതിരിക്കാന്‍ പറ്റില്ലെന്നത് കട്ടായം. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് എതിരാണെന്ന് മന്ത്രി തീര്‍ത്ത് പറഞ്ഞു. അങ്ങനെയല്ലെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഏതാണ് സര്‍ക്കാര്‍ നിലപാടെന്നായി പ്രതിപക്ഷം. മന്ത്രിയും മുഖ്യമന്ത്രിയും പലവട്ടം ഉരുണ്ടിട്ടും കോടിയേരി ബലകൃഷ്ണനും എ.കെ ബാലനും ഒരടി പിന്‍മാറിയില്ല. ഒടുവില്‍ ഉമ്മന്‍ചാണ്ടി തനി കോണ്‍ഗ്രസായി: 'ഇപ്പുറത്തും അപ്പുറത്തും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ്. അവിടയെുള്ളവരും ഇവിടെയള്ളവരും ഒറ്റക്കെട്ടാണ്. അതുതന്നെയാണ് മന്ത്രി പറഞ്ഞത്. അതുതന്നെയാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. ഒരുഭിന്നതയുമില്ല.' ആഹാ...എത്ര മനോഹരമായ സമന്വയം! പക്ഷെ ബാലന്‍ അത് കേട്ട് കുറച്ചുകൂടി ഷാര്‍പ്പായി: 'എന്നാലും ആ ഒറ്റ അഭിപ്രായം ഏതാണ്. അതൊന്ന് പറയൂ.' മറുപടിയില്ല. പകരം നമ്മളെല്ലാം ഒന്നല്ലേ...നമുക്കൊരേ വാക്കല്ലേ...എന്ന മട്ടില്‍ ഉമ്മന്‍ചാണ്ടി സീറ്റിലിരുന്ന് ചിരിച്ചു.
(29...06...12)
No comments:
Post a Comment