ഉന്മൂലനം അംഗീകൃത സിദ്ധാന്തമാണെങ്കിലും കേരള സി.പി.എമ്മിന് അതേപറ്റി കേള്‍ക്കുന്നതേ ഇഷ്ടമല്ല. അപ്പോള്‍ പിന്നെ അന്യായമായ കൊലപാതകം കണ്ടാല്‍ പാര്‍ട്ടി കണ്ണുംകെട്ടി നോക്കിനില്‍ക്കില്ലെന്നുറപ്പ്. അത് രാഷ്ട്രീയക്കൊലയാണെങ്കില്‍ പറയുകയും വേണ്ട. ഒഞ്ചിയത്ത് ഒരു ചന്ദ്രശേഖരനെ വെട്ടിക്കൊന്നവരെ പിടികൂടാന്‍ പോലിസിനെ സഹായിക്കുകയാണ് ഈ മാസത്തെ പ്രധാന പാര്‍ട്ടി പരിപാടി. അതിനായി മറ്റ് ബഹുജന സമരങ്ങള്‍ വരെ നിറുത്തിവച്ചിരിക്കുകയാണ്. അറബി സ്റ്റിക്കറുള്ള കാറും ക്വട്ടേഷന്‍ കൊടുത്ത നേതാവിനെയുമൊക്കെ കണ്ടെത്തിയതുപോലും പാര്‍ട്ടിയാണ്. സ്വന്തം നിലയില്‍ കേന്ദ്ര തല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇമ്മാതിരി നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് നിയമസഭാസമ്മേളനത്തിന് നേതാക്കള്‍ വന്നിരിക്കുന്നത്. ആ സമയത്ത് ഇരട്ടക്കൊലയുണ്ടായാല്‍ പാര്‍ട്ടിയെങ്ങനെ സഹിക്കും? പ്രതിചേര്‍ക്കപ്പെട്ടവരിലൊരാള്‍ സഭയില്‍ എതിര്‍പക്ഷത്ത് ഇരിക്കുമ്പോള്‍ വിശേഷിച്ചും. അതുകൊണ്ട് മാത്രമാണ് അരീക്കോട്ടെ കൊലയാളികളെ പിടിച്ചിട്ട് മതി ഇനി നിയമസഭാ സമ്മേളനം എന്ന് ഇന്നലെ പ്രതിപക്ഷം തീരുമാനിച്ചത്. പതിമൂന്നാം സഭയുടെ അഞ്ചാം സമ്മേളനത്തിന്റെ രണ്ടാം ദിവസം അതോടെ സംഭവ ബഹുലമായി.
പ്രശ്‌നം ഉന്നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് കോടിയേരി ബാലകൃഷ്ണനെയാണ്. പോലിസ് അറസ്റ്റ് ചെയ്യേണ്ട ആറാം പ്രതി പി.കെ ബഷീര്‍ സഭയിലിരിക്കുന്നത് കോടിയേരിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. എഫ്.ഐ.ആറില്‍ പേരുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. അതിന് പറ്റുമോയെന്നന്വേഷിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെയും ഡി.ജി.പിയെയും വിളിച്ചുവരുത്തണം. നേരത്തേ കൊലവിളി നടത്തിയതിലെ കേസ് പിന്‍വലിച്ചതാണ് ബഷീര്‍ വീണ്ടും ഇങ്ങനെ പറയാന്‍ കാരണം. പ്രതിയും ആഭ്യന്തര മന്ത്രിയും സഭാതലവനും ഒന്നിച്ചിരിക്കുന്നത് കേരള സഭാ ചരിത്രത്തിലാദ്യമാണെന്ന് കോടിയേരി പ്രഖ്യാപിച്ചു. സഭയില്‍ ഒന്നിച്ചിരിക്കുന്നതിലെ ചരിത്ര പ്രാധാന്യത്തില്‍ വിയോജിക്കാതിരുന്ന തിരുവഞ്ചൂര്‍, പക്ഷെ മുമ്പൊരു ആഭ്യന്തര മന്ത്രിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും വീട്ടില്‍ ഒരുമിച്ച് ഇരുന്നിരുന്നുവെന്ന ചരിത്രം സഭയെ അറിയിച്ചു. അയാളുടെ എട്ട് കേസ് പിന്നെ പിന്‍വലിക്കുകയും ചെയ്തത്രെ. ആ ആഭ്യന്തര മന്ത്രി കോടിയരിയായിരുന്നുവെന്ന് തിരുവഞ്ചൂര്‍ സമ്മതിച്ചു. പക്ഷെ, പ്രതിയുടെ പേര്‍ വെളിപ്പെടുത്തിയില്ല. ഭരണപക്ഷ എം.എല്‍.എമാര്‍ വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ ഒരു ക്ലൂ പറഞ്ഞു: 'ആ പ്രതി എനിക്ക് മകനെപ്പോലെ സ്‌നേഹമുള്ളയാളാണ്.'
തിരുവഞ്ചൂരിങ്ങനെ ഉരുണ്ടും മറിഞ്ഞും പ്രതിപക്ഷത്തെ കുത്തിയും വാചകമേറെ ചിലവിട്ടിട്ടും ഭരണപക്ഷത്തെ കരക്കടുപ്പിക്കാനായില്ല. രാഷ്ട്രീയക്കൊലകളുടെ പേരില്‍ പ്രതിക്കൂട്ടിലായ സി.പി.എമ്മിനുമുന്നില്‍ സ്വയം കുരുങ്ങിപ്പോയ ഭരണപക്ഷം വാക്കുകള്‍ മുട്ടി നിലത്തിഴഞ്ഞു. ഒടുവില്‍ ഉമ്മന്‍ചാണ്ടി തന്നെ രംഗത്തുവന്നിട്ടും തടിയൂരാനായില്ല. എഫ്.ഐ.ആറില്‍ പേര് വന്നവരെയൊക്കെ പിടികൂടണോയെന്ന് പ്രതിപക്ഷം പറയണം എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തന്ത്രം. അക്കാര്യം അവര്‍ പറഞ്ഞില്ല. കൂടുതല്‍ പറയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് പറ്റിയുമില്ല. അറസ്റ്റില്ലെങ്കില്‍ സഭയുമില്ല എന്ന് അപ്പോഴേക്കും വി.എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു. അപ്പോള്‍ സമയം 10.20. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലുമായില്ല തീരുമാനം. കണ്ണൂര്‍ കൊലക്കേസില്‍ ജില്ലാ സെക്രട്ടറി പോലിസ് മുറിയില്‍ ചോദ്യത്തിനിരിക്കുമ്പോള്‍ അരീക്കോട് കൊലയില്‍ അനുരജ്ഞനമുണ്ടാക്കി പാര്‍ട്ടി അച്ചടക്കം ലംഘിക്കേണ്ടെന്ന് കോടിയേരിയും കരുതിക്കാണും.
ചോദ്യോത്തരം തീര്‍ന്നത് മുതല്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഇടതുപക്ഷ രോഷം അണപൊട്ടിയൊഴുകുകയായിരുന്നു. ആശേവക്കമ്മിറ്റിയില്‍ മുന്‍നിരയില്‍ വി. ശിവന്‍കുട്ടിയും ബാബു പാലിശ്ശേരിയും. ഇവര്‍ രണ്ടുമായാല്‍ അക്രമ വിരുദ്ധ പോരാട്ടത്തില്‍ മികച്ച കോമ്പിനേഷനാണ്. ഈ ആവേശം കണ്ടിട്ടാകണം സമ്മേളനം പുനരാരംഭിച്ച ഉടന്‍ വി.എസ് പ്രഖ്യാപിച്ചു: 'സഭയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കാന്‍ ഞങ്ങള്‍ ബഹിഷ്‌കരിക്കുകയാണ്.' പറഞ്ഞുതീര്‍ന്നയുടന്‍ വി.എസ് സഭ വിട്ടിറങ്ങി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും ബാക്കി പ്രതിപക്ഷം പോയില്ല. അവര്‍ മുദ്രവാക്യവുമായി അവിടെ തന്നെ നിന്നു. അപ്പോള്‍ ഭരണ നിയില്‍ നിന്ന്, വി.എസ് എവിടെയെന്ന മറുചോദ്യം മുദ്രാവാക്യമായി വന്നു. പ്രതിപക്ഷം ആശയക്കുഴപ്പത്തിലായെന്ന് ഉറപ്പായപ്പോള്‍ കെ.എം മാണി ഇടപെട്ടു: പ്രതിപക്ഷ നേതാവ് ബഹിഷ്‌കരിച്ചുപോയി. നിങ്ങള്‍ എന്താണ് പോകാത്തത്?' ഉത്തരം മുദ്രവാക്യം മാത്രം. എ.കെ ബാലന്‍ എന്തോ പറയാനാഞ്ഞപ്പോള്‍ സ്പീക്കര്‍ തടഞ്ഞു: 'ബഹിഷ്‌കരിച്ച ശേഷം സംസാരിക്കാന്‍ കഴിയില്ല.' അപ്പോള്‍ വീണ്ടും മുദ്രാവാക്യം. എന്നിട്ടും ബഹിഷ്‌കരണമില്ല. അങ്ങനെ സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നേതാവിനെ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ വച്ചുതന്നെ 'ബഹിഷ്‌കരിച്ചു'. സഭ പരിഞ്ഞപ്പോള്‍ അവര്‍ പ്രകടനമായിറങ്ങി. പുറത്ത് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടു. അകത്ത് വി.എസ് അച്യുതാനന്ദനും. ബഹിഷ്‌കരണത്തിന്റെ ഓരോരോ രീതികള്‍.
(13...06...12)
No comments:
Post a Comment