കുഞ്ഞനന്തനെ പിടിച്ചപ്പോള്‍ വാളും ബോംബുമായിരുന്നു വി.പി സജീന്ദ്രന്‍ പ്രതീക്ഷിച്ചത്. പക്ഷെ പോലിസിന് കിട്ടിയത് ചാന്തും പൊട്ടും പര്‍ദയും. അവ്വൈഷണ്‍മുഖിയെപ്പോലെ പെണ്‍വേഷത്തിലായിരുന്നത്രെ കുഞ്ഞനന്തന്‍. എല്ലാ സി.പി.എം നേതാക്കളുമിപ്പോള്‍ ഇങ്ങനെ വേഷം മാറി നടക്കുകയാണെന്നും സജീന്ദ്രന്‍ വെളിപ്പെടുത്തി. വേഷപ്പകര്‍ച്ച പക്ഷെ സി.പി.എമ്മില്‍ ഒതുങ്ങില്ലെന്നാണ് ഇന്നലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ വ്യക്തമായത്. ഇരുഭാഗത്തെയും അംഗങ്ങളെല്ലാം ധനാഭ്യര്‍ഥന നടന്ന വകുപ്പുകളില്‍ മാത്രം ഒതുങ്ങി നിന്നു. ആര്‍ക്കും രാഷ്ട്രീയം വേണ്ടേവേണ്ട. രാഷ്ട്രീയം പറഞ്ഞവര്‍ തന്നെ ഏതാനും വാക്കിലൊതുക്കി. പതിവില്ലാത്ത തരത്തിലായിരുന്നു ഈ വേഷപ്പകര്‍ച്ച. പറഞ്ഞ വിഷയങ്ങളിലെല്ലാം എന്തെന്നില്ലാത്ത പരസ്പര സമ്മതവും. ശരിക്കും നിയമസഭയിലിരിക്കുന്ന പ്രതീതി.
രണ്ട് ഭാഗത്തെയും പ്രസംഗങ്ങളെല്ലാം കേന്ദ്ര സര്‍ക്കാറിനെ കേന്ദ്രീകരിച്ചായിരുന്നു. അതില്‍ മുഖ്യം കര്‍ഷക സ്‌നേഹവും കുത്തക വിരോധവും. ഇവ രണ്ടുമായാല്‍ തന്നെ കേന്ദ്രത്തിനെതിരാകും. എന്നിട്ടും കോണ്‍ഗ്രസുകാര്‍ പോലും വിട്ടുവീഴ്ച കാണിച്ചില്ല. പ്ലാച്ചിമടയായിരുന്നു ഒന്ന്. പണ്ട് പാസാക്കിയ ബില്ലന് പ്രസിഡന്റിന്റെ സമ്മതം കിട്ടാന്‍ കേരളം ശ്രമിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ടി.എന്‍ പ്രതാപന്‍. വേണമെങ്കില്‍ ഇനിയും പ്രമേയം പാസാക്കാമെന്നും അത് ഇന്ന് തന്നെ ആകാമെന്നും കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ പിന്തുണച്ചു. എല്ലാപാര്‍ട്ടിക്കാരെയും ഇക്കാര്യത്തില്‍ ഒരുപോലെ കാണരുതെന്ന് പി. ശ്രീരാമൃഷ്ണന്‍ പ്രതാപനെ ഉപദേശിച്ചു. എല്ലാവരും ഒരുപൊലെ തന്നെയാണെന്ന് കോണ്‍ഗ്രസിലെ മുഖ്യ പരിസ്ഥിതിവാദി സി.പി മുഹമ്മദ് തെളിവ് നിരത്തി: കോളയെ കൊണ്ടുവന്നത് ടി. ശിവദാസമേനോന്‍. അംഗീകാരം കൊടുത്തത് ഇടതുമുന്നണിയുടെ പഞ്ചായത്ത്. അത് സി.പി.എമ്മിന്റെ വ്യവസായ നയമായിരുന്നുവെന്ന് പി.സി വിഷ്ണുനാഥും. ഇത് രണ്ടിലും പെടാത്തതിനാല്‍ ഇ. ചന്ദ്രശേഖരന്‍ കുറച്ചുകൂടി കര്‍ക്കശക്കാരനായി: 'ഉത്തരവാദികള്‍ ആരെന്ന് പൊതിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ല. വന്‍ മന്ത്രിമാരുടെ ഇടപെടലാണ് ഇതിന് പിന്നില്‍.' ബില്ല് ഇവിടെ ഗസറ്റില്‍ പ്രസിദ്ധീകരിക്കാതെ ദല്‍ഹിക്കയച്ച പഴയ മന്ത്രി എം.വിജയകുമാറിനെയും ചന്ദ്രശേഖരന് ഓര്‍മ വന്നുകാണും.
കാര്‍ഷിക മേഖലയിലെ കുത്തകവല്‍കരണമായിരുന്നു രണ്ടാമത്തേത്. അന്തക വിത്തുകളെയും കുത്തക കമ്പനികളെയും നാട്ടിലേക്ക് അടുപ്പിക്കരുതെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി ഉപദേശിച്ചു. ഹരിത വിപ്ലവമാണ് കൃഷി നശിപ്പിച്ചതെന്ന് സി.പി മുഹമ്മദ് പ്രഖ്യാപിച്ചു. പ്രണബ് മുഖര്‍ജിയെ മാറ്റുന്നത് കുത്തകകള്‍ക്ക് വേണ്ടിയാണെന്ന് ജമീല പ്രകാശവും. കേരളകോണ്‍ഗ്രസുകാര്‍ വരെ കുത്തക വിരുദ്ധ പ്രസംഗം നടത്തിയിട്ടും സി.പി.എമ്മുകാര്‍ പക്ഷെ ജനികത വിത്തിന്റെ കാര്യത്തില്‍ മൗനംപാലിച്ചു. കോണ്‍ഗ്രസുകാരെ പോലെ സ്വന്തം കേന്ദ്ര കമ്മിറ്റിയെ വിമര്‍ശിക്കാന്‍ അവര്‍ക്ക് വകുപ്പില്ലല്ലോ? കോളയായലും അന്തക വിത്തായാലും കുത്തകകളുടെ കുളിമുറിയില്‍ എല്ലാവരും ഉടുപ്പഴിച്ചിറങ്ങിയിട്ടുണ്ടെന്ന് ചര്‍ച്ച കേട്ടവര്‍ക്ക് ബോധ്യമായി.
വിമര്‍ശം മുഴുവന്‍ കേന്ദ്രത്തിന് നേരെ പോയപ്പോള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ സര്‍വരും മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അഭിനന്ദിക്കാന്‍ മല്‍സരിച്ചു. മികച്ച ഭരണം നടക്കുന്നതിന്റെ സന്തോഷം എല്ലാവരും പ്രകടിപ്പിച്ചു. ഒച്ചയും ബഹളവുമുണ്ടാക്കാതെ നന്നായി ജോലി ചെയ്യുന്ന മന്ത്രിയാണ് ഇബ്രാഹിം കുഞ്ഞെന്ന് ബാബു പാലിശ്ശേരി വരെ പറഞ്ഞു. ഭരണപക്ഷക്കാര്‍ക്ക് കേമത്തം പറഞ്ഞിട്ടും പറഞ്ഞിട്ടും തീര്‍ന്നുമില്ല. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതില്‍ പിന്നെ ഇപ്പോഴാണ് കാര്യങ്ങള്‍ നടക്കുന്നതെന്നായിരുന്നു പണ്ട് വകുപ്പ് ഭരിച്ച മോന്‍സ് ജോസഫിന്റെ ന്യായം. സന്തോഷത്തിന്റെ വര്‍ഷമാണ് കേരളത്തില്‍ കഴിഞ്ഞുപോയതെന്ന് പി.എ മാധവന്റെ ആശ്വാസവും. പോലിസിനെ പേടിച്ച് മഴപോലും വരുന്നില്ലെന്ന് വിമര്‍ശിച്ച് കെ. കുഞ്ഞിരാമന്‍ രക്ഷപ്പെട്ടു. എല്ലാവരും മന്ത്രിയെ പ്രശംസിക്കുന്നത് കണ്ടിട്ട് കെ. രാജുവിന് സഹിച്ചില്ല: 'റോഡിലെ കുഴികള്‍ കാരണം നാട്ടുകാരിപ്പോള്‍ ഇബ്രാഹിം കുണ്ട് എന്നാണ് മന്ത്രിയെ വിളിക്കുന്നത്. സിനിമാ നടിമാരുടെ മുഖംപോലെ വേണമെന്നില്ല, പക്ഷെ മന്ത്രിയുടെ മുഖം പോലെയെങ്കിലും റോഡുകളെയാക്കണം.' മികച്ച പേരെടുത്തതിന്റെ ആത്മവിശ്വാസം മന്ത്രിയുടെ മറുപടിയില്‍ കണ്ടു. ആ ആത്മവിശ്വാസത്തിന് ഭരണപക്ഷത്തുനിന്ന് അസാധാരണമായ പിന്തുണയും കിട്ടി.
'തീവണ്ടി പാതക്ക് മുകളില്‍ പുതിയ പാതയുണ്ടാക്കണം. ഇ. ശ്രീധരനെ ഓടിക്കരുത്.' പതിവില്ലാതെ ഇ.പി ജയരാജന്‍ വിസനത്തില്‍ ഊന്നിയപ്പോള്‍ കെ.എം മാണിക്ക് സന്തോഷം: 'സി.പി.എമ്മിന്റെ ഈ മനംമാറ്റം നമ്മള്‍ സ്വാഗതം ചെയ്യണം.' ജയരാജന്‍: 'ഞങ്ങളുടെ ചിന്തയെ പറ്റി നിങ്ങള്‍ക്ക് മനസ്സിലാകില്ല. അതാണ് നിങ്ങളുടെ പ്രശ്‌നം.' ധനാഭ്യര്‍ഥനയില്‍ മറ്റാരും തൊടാതിരുന്ന വിജിലന്‍സില്‍ ജയരാജന്‍ കൈവച്ചപ്പോള്‍ ആ മനസ്സും മനസ്സിലാകായ്മയും കൂടുതല്‍ വ്യക്തമായി: 'രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ വിജലന്‍സിനെ ഉപയോഗിക്കുകയാണ്. കേസും ജയിലും അടിയും വെടിയും കുറേ കണ്ടവരാണ് ഞങ്ങള്‍.' തൃശൂരില്‍ നിന്ന് തോമസ് ഐസക്കിനെതിരെ പുതുതായി വന്ന വിജിലന്‍സ് കേസായിരിക്കണം അപ്പോള്‍ ജയരാജന്റെ മനസ്സില്‍. സ്വന്തം പാര്‍ട്ടിക്കാരുടെ മനസ്സറിഞ്ഞിരുന്നെങ്കില്‍ ഈ കേസേ ഉണ്ടാകുമായിരുന്നില്ലെന്ന് ഐസക്കും കരുതിക്കാണും. ആര്‍ക്കറിയാം. എല്ലാവരും വേഷം മാറിയാണല്ലോ ഇപ്പോള്‍ നടക്കുന്നത്.
(26...06...12)
No comments:
Post a Comment