Friday, July 19, 2013

നിര്‍മാണ കരാര്‍ അംഗീകാരം: നടപടികള്‍ ലളിതമാക്കുന്നു


മസ്‌കത്ത്: ഒമാനിലെ നിര്‍മാണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലളിതമാക്കുന്നു. ഒരു മില്ല്യണ്‍ റിയാലില്‍ കുടുതല്‍ തുകയുടെ കരാറുകള്‍ക്ക് മാത്രം ധനമന്ത്രാലയത്തിന്റെ അനുമതി തേടിയാല്‍ മതിയെന്ന നിലയില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഭരണ തലത്തില്‍ ധാരണയായിട്ടുണ്ട്. ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് ധനമന്ത്രി ഉറപ്പുതന്നതായി ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴ്‌സ് ചെയര്‍മാന്‍ ഡോ. പി.മുഹമ്മദലി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. 

നിലവിലെ നിയമപ്രകാരം ഒരു ലക്ഷം റിയാലിന് മുകളിലുള്ള എല്ലാ നിര്‍മാണ കരാറുകള്‍ക്കും ധനമന്ത്രാലയത്തിന്റെ അനുമതി വേണം. ഈ വ്യവസ്ഥയിലാണ് മാറ്റം വരുത്തുന്നത്. ഇനി ഒരു മില്ല്യണ്‍ റിയാലില്‍ കുറവുള്ള കരാറുകള്‍ അതത് മന്ത്രലായങ്ങള്‍ക്ക് അനുവദിക്കാം. ഈ വ്യവസ്ഥ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. കരാറുകളുണ്ടാക്കുന്നത് സംബന്ധിച്ച നിയമാവലി പരിഷ്‌കരിക്കുന്നുണ്ട്. പുതിയ നിയമാവലിയോടെ ഇത് നടപ്പാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചെറിയ കരാറുകളെ ധനമന്ത്രാലയത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ചെറുകിട ഇടത്തരം നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് വലിയ അനുഗ്രഹമാകും. കരാറുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ഇത് വേഗം കൂട്ടും. ചെറുകിട കമ്പനികള്‍ക്ക് എളുപ്പത്തില്‍ പണ ലഭ്യതയുണ്ടാകാനും ഇത് വഴിവക്കും. കരാറുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു ധനമന്ത്രാലയ അനുമതി. കരാറുകള്‍ അംഗീകരിച്ചുകിട്ടുന്നതില്‍ പലപ്പോഴും ഏറെ സമയം വേണ്ടിവന്നിരുന്നതും ഇതിനുതന്നെയാണ്. ചെറുകിട നിര്‍മാണങ്ങളെയും ഇടത്തരം പ്രവൃത്തികളെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്ന ചെറിയ കമ്പനികള്‍ക്കും ഇത് പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ പ്രയാസങ്ങള്‍ പരിഹരിക്കാനാണ ഇത് നടപ്പാക്കുന്നത്. രാജ്യത്തെ നിര്‍മാണ മേഖലയില്‍ വലിയതോതില്‍ മാറ്റങ്ങളുണ്ടാക്കും. അതിവേഗം പദ്ധതികള്‍ നിശ്ചയിക്കാനും പൂര്‍ത്തിയാക്കാനും കഴിയും. 

പുതിയ തീരുമാനം എന്ന് നടപ്പാക്കുമെന്ന് അറിയില്ലെങ്കിലും ഉടന്‍ നിലവില്‍ വുരമെന്നാണ് ധനമന്ത്രി ദര്‍വീഷ് അല്‍ ബലൂഷി ഉറപ്പുതന്നതെന്ന് പി. മുഹമ്മദാലി വ്യക്തമാക്കി. തീരുമാനം ചെറുകിട കമ്പനികള്‍ക്ക് വലിയ ആശ്വാസമാകും. നടപടികള്‍ വേഗത്തിലാക്കാനും ഫണ്ട് ഫേഌ ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് നിലവിലെ കരാറുകളിലുണ്ടായ ചിലവ് വര്‍ധന സര്‍ക്കാര്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴസ് കഴിഞ്ഞദിവസം ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

(18..07..13)

No comments:

Post a Comment

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ

കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ...