Thursday, July 18, 2013

മിനിമം വേതന വര്‍ധന: നിര്‍മാണ കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചു

മസ്‌കത്ത്: ഒമാനില്‍ സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് നിര്‍മാണ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം തേടി കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചു. വേതന വര്‍ധന നിലവില്‍ വന്നതോടെ നേരേത്തയുണ്ടാക്കിയ കരാറുകളുടെ ചിലവ് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇത് ചെറുകിട, ഇടത്തരം നിര്‍മാണ കമ്പനികളെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് കോണ്‍ട്രാക്ടിംഗ് കമ്പനികളുടെ കൂട്ടായ്മയായ ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴ്‌സ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍), സെക്രട്ടറി ജനറല്‍ ആമിര്‍ സുലൈമാന്‍, സി.ഇ.ഒ സലീം ഷീദി എന്നവിരുടെ നേതൃത്വത്തില്‍ ഭരണകൂടത്തെ സമീപിച്ചത്.  ധനകാര്യമന്ത്രി ദര്‍വീഷ് ബിന്‍ ഇ്‌സമാഈല്‍ ബിന്‍ അലി അല്‍ ബലൂഷിയും അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ജാവയും ആയി ഇവര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.

സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ കൂലി ഏതാനും വര്‍ഷങ്ങള്‍ക്കിടെ വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2011ല്‍ 220 റിയാല്‍ ആക്കി ഉയര്‍ത്തിയ കുറഞ്ഞ കൂലി, ഈ വര്‍ഷം ജൂലൈ മുതല്‍ 325 റിയാലായാണ് ഉയര്‍ത്തിയത്. പ്രവൃത്തി ദിനം ആറ് ദിവസമെന്നത് അഞ്ച് ദിവസമായി കുറക്കുയും ചെയ്തു. കൂലി വര്‍ധന ഉത്തരവ് വരുന്നതിന് മുമ്പ് നിലവില്‍ വന്ന കരാറുകളെ ഇത് വലിയ പ്രതിസന്ധിയിലാക്കി. അവയുടെ ആകെ ചിലവിന്റെ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടായി. ഇത് ചെറുകിട, ഇടത്തരം കമ്പനികളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുകയാണ്. ശമ്പളയിനത്തില്‍ അപ്രതീക്ഷിതമായ വര്‍ധനയാണ് ഇതുണ്ടാക്കിയത്. ചെറിയ കമ്പനികള്‍ പലതും നഷ്ടത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിവിശേഷവുമുണ്ടയിട്ടുണ്ട്.

പ്രവൃത്തി ദിനം കുറച്ചതോടെ കരാറുകള്‍ പൂര്‍ത്തിയാക്കാനുള്ള നിശ്ചിത സമയം പാലിക്കുന്നതിലും പ്രയാസമുണ്ടായി. സ്വദേശിവല്‍കരണം ഈ വര്‍ഷം 30 ശതമാനം എത്തിക്കണമെന്ന നിര്‍ദേശവും കമ്പനികളെ വലക്കുകയാണ്. പരിശീലനം സിദ്ധിച്ച സ്വദേശികളെ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവിലെ നിയമപ്രകാരം സ്വദേശിവല്‍കരണ തോത് 30 ശതമാനമാണ്. എന്നാല്‍ ഒരു കമ്പനിക്കും ഈ മാനദണ്ഡം പൂര്‍ത്തിയാക്കാന്‍ കിയുന്നില്ല. തൊഴില്‍ ശേഷിയുടെ അഭാവമാണ് ഇതില്‍ ഏറ്റവും ഗുരുതരം. ഉയര്‍ന്ന ശമ്പളം നല്‍കിയിട്ടും ഈ രംഗത്തേക്ക് സ്വദേശികള്‍ കൂടുതലായി എത്തുന്നില്ല.

ഇത്തരം വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ സൊസൈറ്റി നേതാക്കള്‍ ഉന്നയിച്ചത്. നാല് പ്രധാന നിര്‍ദേശങ്ങള്‍ ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സര്‍ക്കാറുമായി ബന്ധപ്പെട്ട കരാറുകാര്‍ക്ക് മിനിമം കൂലി വര്‍ധനമൂലമുണ്ടായ അധികച്ചിലവ് തിരിച്ചുനല്‍കുക എന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം. നിലവിലുള്ള കരാറുകളില്‍ മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വന്ന അധികച്ചിലവ് തിരിച്ചുനല്‍കാന്‍ ഒമാനില്‍ വ്യവസ്ഥയുണ്ട്. കരാറുകാര്‍ക്ക് പണം നല്‍കുന്നതിനുള്ള സമയപരിധി ഇപ്പോള്‍ 60 ദിവസമാണ്. അത് പദ്ധതി പൂര്‍ത്തിയാക്കി 30 ദിവസത്തിനകം നല്‍കുന്ന വിധം പുഃനക്രമീകരിക്കണം എന്നതാണ് രണ്ടാമത്തെ നിര്‍ദേശം. സ്വദേശിവല്‍കരണത്തിന്റെ തോത് ഈ വര്‍ഷം 20 ശതമാനം ആക്കി കുറക്കണമെന്നതാണ് മറ്റൊരു ആവശ്യം. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ ലഭ്യമാകുന്ന മുറക്ക് ഇത് വര്‍ധിപ്പിക്കും. കരുതല്‍ ധനമായി കരാര്‍ കമ്പനികളില്‍ നിന്ന് പിടിച്ചുവക്കുന്ന തുക (റിറ്റന്‍ഷന്‍ മണി) ഒഴിവാക്കണം. നിര്‍മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തുക പിടിച്ചുവക്കുന്നത്. കരാര്‍ തുകയുടെ 2.5 ശതമാനം വരെ ഇങ്ങനെ മാറ്റിവക്കാറുണ്ട്. ഇതും ഒഴിവാക്കണമെന്ന ആവശ്യവും നിര്‍മാണ കമ്പനികള്‍ ഉന്നയിച്ചിട്ടുണ്ട്.

(17...07...13)

1 comment:

  1. .
    ഭാരതീയർ ഉള്പ്പെടുന്ന (സ്വധേശീയരെ outnumber ചെയ്യുന്ന) വിദേശ തൊഴിലാളികള്ക്ക് മിനിമം വേതന നിയമം വല്ലതും ഉണ്ടോ ?
    സ്വദേശിക്ക് 325 ആകുമ്പോ അതെ ജോലി ചെയ്യുന്ന വിദേശിക്കു ..????????????

    ReplyDelete

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ

കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ...