Monday, July 8, 2013

ഒമാന്‍ റയില്‍വേ നിക്ഷേപകരുടെ ട്രാക്കിലേക്ക്

 മസ്‌കത്ത്: ഒമാനിന്റെ വികസനക്കുതിപ്പില്‍ വലിയ ചുവടുവപ്പായി മാറിയേക്കാവുന്ന ഒമാന്‍ റയില്‍വേ ഇനി നിക്ഷേപകരുടെ ട്രാക്കില്‍. പദ്ധതിക്ക് നിക്ഷേപകരെ കണ്ടെത്താന്‍ ഒമാന്‍ നടപടികള്‍ തുടങ്ങി. നിക്ഷേപകരെ കണ്ടെത്താന്‍ സെപ്തംബറില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കാന്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം തീരുമാനിച്ചതോടെ ഇതിന്റെ നടപടികള്‍ക്ക് അതിവേഗം കൈവന്നിരിക്കുന്നു.

സെപ്തംബര്‍ 15, 16 തീയ്യതികളിലാണ് നിക്ഷേപക സംഗമം നടക്കുക. പദ്ധതിയുടെ രൂപരേഖ, നിര്‍മാണം, ഉല്‍പാദനം, പദ്ധതി നടത്തിപ്പ്, പരിശീലനം, അറ്റകുറ്റ പണി എന്നീ മേഖലകളിലാണ് പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ അിറയിപ്പുമായി കഴിഞ്ഞ ദിവസം ഗതാഗത മന്ത്രാലയം ഒമാന്‍ പത്രങ്ങളില്‍ പരസ്യം പുറപ്പെടുവിച്ചിരുന്നു. ഇതിനായി സോഷ്യല്‍ മീഡിയകളില്‍ പേജും തുറന്നിട്ടുണ്ട്.

1061 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ട പദ്ധതിയാണ് ഇപ്പോള്‍ വിഭാവനം ചെയ്യുന്നത്. 5.305 ബില്ലണ്‍ ഡോളറാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്.  റയില്‍വേ പദ്ധതി നടപ്പാകുന്നതോടെ ഉത്പാദന-തൊഴില്‍ മേഖലകളില്‍ വന്‍ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപക സംഗമത്തിന് പിന്നാലെ പദ്ധതിയുടെ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കും. നിയമനം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് പ്രൊജകട് ഡയറക്ടര്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹാത്മി നേരത്തേ വ്യക്തമാക്കിയിരുന്നു. ജൂലൈ 29 ഇതിന്റെ ടെന്റര്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ പ്രാഥമിക രൂപകല്‍പനക്കുള്ള കണ്‍സള്‍ട്ടന്‍സിയെയും ഉടന്‍ നിയമിച്ചേക്കും. നിരവധി ബഹുരാഷ്ട്ര കുത്തകകള്‍ ഇതിനായി രംഗത്തെത്തിയിട്ടുണ്ട്. സ്‌പെയിനിലെ സെനര്‍, ഇറ്റാല്‍ഫെര്‍, ദൊഹ്‌വ എന്‍ജിനീയറിംഗ്, എസ്.എന്‍.സി ലവ്‌ലിന്‍, ഓഡിംഗ് ഇന്‍ട്രേസ, ടെക്‌നികാസ് റിയൂനിഡാസ് തുടങ്ങിയവര്‍ മല്‍സര രംഗത്തുണ്ട്. നിലവിലുള്ള പ~ന റിപ്പോര്‍ട്ടുകളുടെ അവലോകനം, അടിസ്ഥാന സൗകര്യ രൂപകല്‍പന, സിസ്റ്റം ഡിസൈന്‍, ടെന്റര്‍ രേഖകള്‍ തയാറാക്കല്‍ തുടങ്ങിയവയാണ് പ്രാഥമിക കണ്‍സള്‍ട്ടന്‍സിയില്‍ നിര്‍വഹിക്കേണ്ടിവരിക.

പല ഭാഗങ്ങളായാണ് ഒമാന്‍ റയില്‍വേ രൂപകല്‍പന ചെയ്തിരിക്കുന്നത്. സോഹാര്‍ തുറഖത്തെ അല്‍ മിസ്ഫാഹുമായി ബന്ധിപ്പിക്കുന്നതാണ് ഒന്ന്. ഇത് 242 കിലോമീറ്റര്‍ നീളള്ള റെയില്‍വേ ലൈനായിരിക്കും. അല്‍ മിസ്ഫാഹില്‍ നിന്ന് ദുഖം വരെ മറ്റൊരതു പാതയുണ്ടാകും. ഇത് 486 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. സോഹാറിനെയും അല്‍ അയ്‌നെയും ബന്ധിപ്പിച്ച് 136 കിലോമീറ്റര്‍ നീളമുള്ള പാത വരും. ഇതില്‍ ഏറ്റവും ചെറിയ പാത സോഹാറിനും ഖത്മത് മിലാഹയെയും ബന്ധിപ്പിക്കുന്നതാണ്. യു.എ.ഇ അതിര്‍ത്തിയിലുള്ള ഖത്മത് മിലാഹയിലേക്കുള്ള പാതക്ക് 58 കിലോമീറ്ററാണ് ദൈര്‍ഘ്യം. സോഹാര്‍, ബര്‍ക, മസ്‌കത്ത്, ഇസ്‌കി, സിനാവ്, ദുഖം, ബുറൈമി, സുനെയ്‌നാഹ്, ഖത്മത് മിലാഹ എന്നിവിടങ്ങളിലാണ് പ്രധാന യാത്രാ സ്‌റ്റേഷനുകള്‍ ആലോചിക്കുന്നത്. ബര്‍ക, അല്‍മിസ്ഫാഹ്, സോഹാര്‍, ദുഖം, സുനെയ്‌നാഹ് എന്നിവിടങ്ങളില്‍ ചരക്ക് കടത്തുസ്‌റ്റേഷനുകളുമുണ്ടാകും. വൈദ്യുതി ഉപയോഗിച്ച് ഓടിക്കാവുന്ന ഇരട്ടപ്പാതയാണ് എല്ലായിടത്തുമുണ്ടാകുക. ലവല്‍ ക്രോസിംഗുകള്‍ ഉണ്ടാകില്ല.

സെപ്തംബറില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദേശീയ സെമിനാര്‍ സംഘടിപ്പിക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാകും ഇന്‍വെസ്‌റ്റേഴ്‌സ് ഫോറവും സംഘടിപ്പിക്കപ്പെടുക എന്നാണ് കരുതുന്നത്. 2010ല്‍ ആണ് രൂപകല്‍പനയുമായി ബന്ധപ്പെട്ട പ~നം പൂര്‍ത്തിയായത്. എന്നാല്‍ 2009ല്‍ കുവൈറ്റ്-മസ്‌കത്ത് പാതക്കായി പ~നം നടത്തിയിരുന്നു. 2010ല്‍ യമനിലേക്കുള്ള സാധ്യതാ പ~നവും നടന്നു. നിക്ഷേപക സംഗമത്തോടെ റയില്‍വേ പദ്ധതിയുടെ നടപടികള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

(4..7...13)

No comments:

Post a Comment

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ

കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ...