Oman's first airport. foto in 1960 |
സീബിലെ ആകാശത്തിനിപ്പോള്‍ സ്വപ്‌നങ്ങളുടെ ചിറകുകളാണ്. ലോകത്തേക്കാകെ പറന്നുപരക്കാനുള്ള യന്ത്രപ്പറവകള്‍ക്ക് പുതിയ കൂടൊരുക്കുന്നതിന്റെ സ്വപ്‌നങ്ങള്‍. സര്‍ക്കസുകാരന്റെ കൂടാരംപേലെ കണ്ടുകണ്ടങ്ങിരിക്കെ അതവിടെ ഉയര്‍ന്നുപൊങ്ങുകയാണ്. നീലാകാശം മേലാപ്പിടുന്ന ആ മോഹക്കൂട്ടിലേക്ക് പറന്നിറങ്ങാന്‍ ലോകമാകെ കാത്തിരിക്കുന്നുണ്ട്. ഒരുരാജ്യത്തിന്റെ വ്യോമ സങ്കല്‍പങ്ങള്‍ക്ക് അത് പുതിയ ചിറകേകും. ആകാശ യാത്രകളുടെ സകീര്‍ണതകളൊഴിഞ്ഞ വഴികള്‍ സഞ്ചാരികളാല്‍ നിറയും. മരുഭൂമിപോലെ പടര്‍ന്നുകിടക്കുന്ന മണല്‍പരപ്പുകളില്‍ സാമൂഹ്യ വികാസത്തിന്റെ പുതിയ ചക്രവാളങ്ങള്‍ പണിയും. ഇതൊരു നാടിന്റെ പകല്‍ക്കിനാവല്ല. നാല്‍പതാണ്ട് മുമ്പ് കണ്ട സ്വപ്‌നങ്ങളുടെ തനിയാവര്‍ത്തനമാണ്. അതിന്റെ സാഫല്യങ്ങളില്‍നിന്ന് കെട്ടിപ്പടുത്ത പുതുമോഹങ്ങളുടെ സാകല്യമാണ്.
റൂവിയിലെ താഴ്‌വാരം
റൂവിയിലെ വാദിയുടെ ഒരറ്റത്ത് അടുത്തകാലം വരെ അടര്‍ന്നിളകിയ നേര്‍ത്തൊരു ടാറുറോഡിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഒരുകാലത്ത് ഒമാനിലേക്കുള്ള വിമാനങ്ങള്‍ കുതിച്ചുപൊങ്ങാന്‍ ഓടിത്താണ്ടിയ വഴികളായിരുന്നു അത്. പണ്ട് വിമാനം വന്നിറങ്ങിയേടത്ത് ഇപ്പോള്‍ മഴക്കാലത്തെ കലക്കവെള്ളം കടത്തിവിടാനുള്ള ഓവുചാലാണ്. ചരിത്രത്തിലിതൊരു വിമാനത്താവളമായിരുന്നു എന്ന് സങ്കല്‍പിക്കാന്‍പോലും കഴിയാത്ത വിധം ആ പ്രദേശമാകെ രൂപംമാറിയിരിക്കുന്നു. ഇന്ന് വാണിജ്യ കേന്ദ്രങ്ങളും താമസക്കെട്ടിടങ്ങളും ഉയര്‍ന്നുനില്‍ക്കുന്ന നഗരഹൃദയത്തിലൂടെയായിരുന്നു ആ ടാര്‍റോഡ് നീണ്ടുപോയത്. അവിടെയാണ് ഒമാനിലേക്കുള്ള ആദ്യകാല വിമാനങ്ങള്‍ വന്നിറങ്ങിയത്. അവിടെ നിന്നാണ് പഴയ ഒമാന്‍ ലോകത്തേക്ക് ആകാശച്ചുവടുവച്ചത്.
റുവിയിലെ ഈ വിമാനത്താവളത്തിന് ആ പ്രദേശത്തിന്റെ സ്ഥലപ്പേര് തന്നെയായിരുന്നു -ബൈത്തുല്‍ ഫലജ്. ഒമാനിലെ ഒന്നാം വിമാനത്താളവം. നിര്‍മാണം പൂര്‍ത്തിയായത് 1929ല്‍. സുല്‍ത്താന്‍ ഭരണത്തിന്റെ മൂന്നാം തലമുറയായിരുന്നു അന്ന് നാട് ഭരിച്ചിരുന്നത്. ഇന്ന് കാണുന്ന വിമാനത്താളവങ്ങളോട് ചേര്‍ത്ത് അതിനെ സങ്കല്‍പിക്കാനേ കഴിയില്ല. വിമാനങ്ങള്‍ക്ക് കഷ്ടിച്ച് വന്നിറങ്ങാവുന്ന വളരെ നേര്‍ത്ത ഒരു വഴി. ഒട്ടും വീതിയില്ലാത്ത ഒരു തുണ്ട് സ്ഥലം. അതുതന്നെയായിരുന്നു പരമാവധി സൗകര്യം. സൈനികാവശ്യങ്ങള്‍ക്കായാണ് അന്നത് തുറന്നത്. അതിനാല്‍ അത്രസൗകര്യം തന്നെ അധികമായിരുന്നിരിക്കണം. പിന്നീട് പെട്രോളിയം ഡിവലപ്‌മെന്റ് ഒമാന്‍ കമ്പനി എന്ന എണ്ണ ഉല്‍പാദകര്‍ കൂടി വിമാനത്താവളം ഉപയോഗിച്ചുതുടങ്ങി. സൈനിക വ്യോമ വാഹനങ്ങള്‍ക്കുപുറമേ ഇവരുടെ വിമാനങ്ങളാണ് ഇവിടെ ആദ്യമിറങ്ങിയിരിക്കുക. എന്നാല്‍ എണ്ണക്കമ്പനിക്കും ഒമാനിന് പുറത്തേക്കുള്ള യാത്രകളുണ്ടായിരുന്നില്ല. ഫഹൂദിലും ഖുറുല്‍ അലാമിലുണ്ടായിരുന്ന എണ്ണപ്പാടങ്ങള്‍ക്കും മസ്‌കത്തിനുമിടയില്‍ അവ പറന്നൊതുങ്ങി.
airport @ 1970 |
സീബിലേക്ക് പറന്ന പക്ഷി
സുല്‍ത്താന്‍ ഖാബൂസ് ഭരണമേറ്റെടുത്തതിന് പിന്നാലെ ഒമാനിന്റെ ആകാശ യാത്രക്ക് പുതിയ വേഗവും താളവും വന്നു. പുതിയ ഭരണാധികാരിയുടെ ആദ്യ തീരുമാനങ്ങളിലൊന്നുതന്നെ വിമാത്താവളത്തിന്റെ ചുവടുമാറ്റമായിരുന്നു. മസ്‌കത്തില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരെയുള്ള സീബാണ് ഇതിനായി തെരഞ്ഞെടുത്തത്. മൂന്ന് വര്‍ഷത്തിനകം സീബില്‍ പുതിയ വിമാനത്താവളമൊരുങ്ങി. 1973 ഡിസംബര്‍ 23ന് അത് യാത്രക്കാര്‍ക്കായി തുറന്നു. മസ്‌കത്തിലേക്കുള്ള പക്ഷികള്‍ പിന്നെ സീബില്‍ പറന്നിറങ്ങി. വലിയ വിമാനങ്ങള്‍ ആദ്യകാലത്തുതന്നെ ഇവിടെയെത്തി. ആദ്യവര്‍ഷം 87,200 യാത്രക്കാര്‍ സീബ് കടന്നുപോയി. അവിടുന്നങ്ങോട്ട് പ്രളയംപോലെ സഞ്ചാരികള്‍ വര്‍ഷാവര്‍ഷം ഒഴുകിയെത്തി. ഓമനിന്റെ ടൂറിസ-വ്യവസായ-വാണിജ്യ മേഖലകളില്‍ അത് വികാസത്തിന്റെയും വൈവിധ്യങ്ങളുടെയും പുതിയ ആകാശം തുറന്നുവച്ചു. 1977ല്‍ സലാലയില്‍ ആഭ്യന്തര സര്‍വീസുകളുടെ താവളം തുറന്നു.
പത്താം വര്‍ഷം വിമാനത്താവളത്തില്‍ വലിയ നവീകരണങ്ങളുണ്ടായി. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും പുതിയ ടെര്‍മനിലുകള്‍ നിര്‍മിച്ചു. പുതിയ ട്രാന്‍സിറ്റ് ഹാള്‍ വന്നു. വിമാനത്താവളം പതിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പറക്കുകയായിരുന്നു അപ്പോള്‍. പിന്നെയും പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ അത്യാധുനിക സൗകര്യങ്ങളുള്ള കാര്‍ഗോ ടെര്‍മിനലുണ്ടായി. ഇതിന് പിന്നാലെയാണ് ഒമാന്‍ എയര്‍ സ്ഥാപിതമാകുന്നത്. രാജ്യത്തിന് സ്വന്തമായൊരു വിമാനക്കമ്പനി വന്നതോടെ താവളത്തിന്റെ വളര്‍ച്ചക്ക് വിമാനവേഗം കൈവന്നു. 1993ല്‍ തന്നെ ദുബൈ, ഇന്ത്യന്‍ സര്‍വീസുകള്‍ തുടങ്ങി. തിരുവനന്തപുരത്തേക്കുള്ള വിമാനം ഒമാന്‍ എയറിന്റെ ആദ്യ ഉപഭൂഖണ്ഡാന്തര സര്‍വീസുകൂടിയായിരുന്നു. 2003ല്‍ സലാലയില്‍നിന്നും അന്തരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങി. ഇവടേക്കെത്തിയ ആദ്യ വിദേശ വിമാനം എയറിന്ത്യയായിരുന്നു. 2004ല്‍, അതും കോഴിക്കോട്ടുനിന്ന്.
airport @ 1980 |
പുതിയ ആകാശം, പുതിയ ഭൂമി
മസ്‌കത്ത് വിമാനത്താവളം ലോക സഞ്ചാരികളുടെ ഏറ്റവും തിരക്കേറിയ സംഗമ സ്ഥാനമാണിപ്പോള്‍. കഴിഞ്ഞ 12 വര്‍ഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തില്‍ അരക്കോടിയോളം വര്‍ധന. ആളെണ്ണം പ്രതിവര്‍ഷം ഉയരുക തന്നെയാണ്. വിമാനങ്ങളുടെ എണ്ണത്തിലും ചരക്ക് കടത്തിലും ഇതേതോതില്‍ വളര്‍ച്ചയുണ്ടായി. രണ്ടായിരത്തില്‍ 27.71 ലക്ഷമായിരുന്നു ഇതുവഴി വന്ന യാത്രക്കാര്‍. കടന്നുപോയത് 69,696 ടണ്‍ സാധനങ്ങളും 36,082 വിമാന സര്‍വീസുകളും. അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ അത് 37.78 ലക്ഷം സഞ്ചാരികളായി മാറി. 40,192 വിമാനങ്ങള്‍ വന്നുപോയി. 76,044 ടണ്‍ ചരക്കുകളും. 2010ല്‍ യാത്രക്കാര്‍ 57.51 ലക്ഷവും ചരക്ക് കടത്ത് 96,390 ടണ്ണും സര്‍വീസുകള്‍ 67,160ഉം ആയി മാറി. കഴിഞ്ഞവര്‍ഷം യാത്രക്കാര്‍ 75.46 ലക്ഷമാണ്. രണ്ടുകൊല്ലത്തിനിടെ കൂടിയത് ഏതാണ്ട് ഇരുപത് ലക്ഷം പേര്‍. ചരക്ക് കടത്ത് ലക്ഷം ടണ്‍ പിന്നിട്ടു. സര്‍വീസുകള്‍ മുക്കാല്‍ ലക്ഷത്തോളമെത്തിയിരിക്കുന്നു. രണ്ടായിരത്തോളം കാറുകള്‍ ഒരേസമയം നിര്‍ത്തിയിടാവുന്ന പാര്‍ക്കിംഗ് മേഖലയും ഇപ്പോഴുണ്ട്.
airport @ 1990 |
വിമാനങ്ങളുടെ കാര്യത്തിലും കാണാം ഇത്രതന്നെ വൈവിധ്യവും വികാസവും. ഒരാഴ്ചയില്‍ 727 സര്‍വീസുകളാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. അതില്‍ 424 എണ്ണവും ഒമാന്‍ എയര്‍ സര്‍വീസുകള്‍ തന്നെ. അതുകഴിഞ്ഞാല്‍ എയറിന്ത്യക്കാണ് സ്ഥാനം. എക്‌സ്പ്രസടക്കം നാല്‍പത് സര്‍വീസുകള്‍. ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവയടക്കം മുപ്പത് വിമാനക്കമ്പനികളാന് മസ്‌കത്തിലേക്ക് പറന്നിറങ്ങുന്നത്. ഇരുപത്തെട്ട് രാജ്യങ്ങളിലായി 58 കേന്ദ്രങ്ങളിലേക്ക് ഇവ തിരിച്ച് പറക്കുന്നുമുണ്ട്. ആഫ്രിക്ക, മിഡിലീസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ജി.സി.സി തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ട് യാത്രാസംവിധാനം. ഇന്ത്യയില്‍ കേളരത്തിലെ മൂന്ന് വിമാനത്താവളങ്ങളടക്കം പന്ത്രണ്ട് കേന്ദ്രങ്ങള്‍. ലോകത്തെവിടെനിന്നും ഒമാനിലേക്കെത്താനും തിരിച്ചുപോകാനും കഴിയുംവിധം ക്രമീകരിച്ചിരിക്കുന്ന വ്യോമ ഗതാഗതത്തിനായി രാപകലില്ലാതെ ഇത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.
ബൈത്തുല്‍ ഫലജിലെ മണ്‍പാതയില്‍ നിന്ന് സീബിലെ ആസ്ഫല്‍റ്റ് കോണ്‍ക്രീറ്റിലേക്കെത്താന്‍ അവികസിത ഒമാന് വേണ്ടിവന്നത് നാലുപതിറ്റാണ്ടായിരുന്നു. സീബിനുമിപ്പോള്‍ അതേ പ്രായമായിരിക്കുന്നു. നാല്‍പതാണ്ടിന്റെ ആയുസ് വാര്‍ധക്യത്തിലേക്കുള്ള വാതിലാണെന്നാണ് മനുഷ്യ സങ്കല്‍പം. മസ്‌കത്ത് വിമാനത്താവളത്തിന് പക്ഷെ ഈ പ്രായം തിരിച്ചുനല്‍കിയത് ഇരട്ടി യൗവ്വനമാണ്. ആകാശത്തുപറന്നും ഭൂമിയില്‍ പടര്‍ന്നും പന്തലിച്ച വിമാനത്താവളം ആ യൗവ്വന തീക്ഷ്ണതയില്‍ വളര്‍ച്ചയുടെ പുതിയ ദൂരവും ഉയരവും തേടുകയാണിപ്പോള്‍. സീബിലെ വിമാനത്താവളത്തിനോട് ചേര്‍ന്ന് അതിനുള്ള ഭൂമിയും ആകാശവും കണ്ടെത്തിക്കഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ ഇത് യാഥാര്‍ഥ്യമാകും. പുതിയ ചക്രവാളങ്ങളില്‍ പുതിയ പുതിയ സൂര്യോദയങ്ങള്‍ മോഹിക്കുന്ന ഒരുനാടിന്റെ നാലോരങ്ങളിലും നാല്‍പതാം വയസില്‍ നാമ്പെടുത്ത സ്വപ്‌നങ്ങളുടെ ചിറകുകളിലേറിയാണ് ഒമാന്‍ ഇതിലേക്ക് സഞ്ചരിക്കുന്നത്.
(23...07...13 Oman renaissance day Special Issue)
No comments:
Post a Comment