Thursday, July 18, 2013

ചരിത്രത്തിലേക്ക് മുങ്ങിനിവര്‍ന്ന് ഒമാന്‍ വിദ്യാര്‍ഥി സംഘം

മസ്‌കത്ത്: മുങ്ങിക്കപ്പല്‍ മല്‍സരത്തില്‍ ഒമാന്‍ വിദ്യാര്‍ഥി സംഘത്തിന് ചരിത്ര നേട്ടം. അമേരിക്കയിലെ മേരിലാന്റില്‍ നടന്ന മല്‍സരത്തില്‍ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഏഴംഗ സംഘമാണ് ലോകത്തെ വിസ്മയിപ്പിച്ചത്. 12 റൗണ്ട് മല്‍സരത്തില്‍ 11ഉം വിജയകരമായി പൂര്‍ത്തയാക്കിയ ഒമാന്‍ മുങ്ങിക്കപ്പല്‍, നാലാം സ്ഥാനത്തെത്തുകയും ചെയ്തു. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ഈ പരീക്ഷണത്തിന് 'സുല്‍ത്താന ll' എന്നാണ് പേരിട്ടിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ അറിവും വൈദഗ്ദ്യവും പ്രകടമാക്കാനായി സംഘടിപ്പിക്കുന്നതാണ് ഈ മല്‍സരം. മുങ്ങിക്കപ്പല്‍ രൂപകല്‍പന, നിര്‍മാണം, പ്രവര്‍ത്തനം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുക. അമേരിക്ക, ബ്രിട്ടണ്‍, കാനഡ തുടങ്ങി 24 രാജ്യങ്ങളാണ് ഇത്തവണ ഇതില്‍ പങ്കെടുത്തത്. 2013ലെ മല്‍സരത്തില്‍ പങ്കെടുക്കാനായി രൂപകല്‍പന ചെയ്തതാണ് സുല്‍ത്താന ll. ഏതാണ്ട് രണ്ട് വര്‍ഷമെടുത്തു ഇത് പൂര്‍ത്തിയാകാന്‍. രണ്ട് സംഘങ്ങളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. അഞ്ച് പേര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും രണ്ട് മെക്കാട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും.

മല്‍സരത്തില്‍ പങ്കെടുത്ത മുങ്ങിക്കപ്പലുകളില്‍ മികച്ച പ്രവര്‍ത്തന സ്ഥിരതയും അതിവേഗവും പ്രകടമാക്കാന്‍ സുല്‍ത്താന llന് കഴിഞ്ഞു. സുല്‍ത്താന l നേക്കാള്‍ 25 ശതാമനം വേഗതയും ഇരട്ടിപ്രവര്‍ത്തനക്ഷമതയും അനുഭവപ്പെട്ടതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജമീല്‍ അബ്ദു പറഞ്ഞു. സുല്‍ത്താന l ഫൈബര്‍ ഗ്ലാസുകൊണ്ട് നിര്‍മിച്ചതായിരുന്നു. 125 കിലോ ഭാരം. എന്നാല്‍ സുല്‍ത്താന ll കാര്‍ബണ്‍ ഫൈബര്‍കൊണ്ട് നിര്‍മിച്ചതോടെ ഭാരം വെറും 30 കിലോയാക്കി കുറക്കാന്‍ കഴിഞ്ഞു. ഭാരം കുറഞ്ഞത് വേഗം കൂട്ടാന്‍ സഹായിച്ചു. പബ്ലിക് അഥോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സിന്റെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്.

സലിം സുല്‍ത്താന്‍ അല്‍ മഅ്മരി, നവാഫ് ഹുസെന്‍ അല്‍ ബലൂശി, ഇയാദ് ഹാഷിം അല്‍ ബലൂശി, ഹംസ സലിം അല്‍ മഹ്‌റൂഖി, മുഹമ്മദ് ഹമദ് അല്‍ മഹ്‌റൂഖി, റാഷിദ് നസര്‍ അല്‍ ഷബീബി, സഈദ് ഹിലാല്‍ അല്‍ ജാബ്‌രി എന്നിവരാണ് വിദ്യാര്‍ഥി സംഘത്തിലുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിലെ എന്‍ജിനീയറിംഗ് പാറ്റേണും രൂപകല്‍പനകളും ഇതിലൂടെ പ~ിക്കാന്‍ കഴിഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

(14.7..13)

No comments:

Post a Comment

ഉപതെരഞ്ഞെടുപ്പിൽ പൊളിഞ്ഞുവീണ മിഥ്യകൾ

കേരള സർക്കാറിനെതിരായ കടുത്ത ഭരണ വിരുദ്ധ വികാരവും വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിഷേധത്തിന്റെ  പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരായ ശക്തമായ...