Friday, July 21, 2023

പലായകരുടെ പറുദീസ


ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷരാർഥത്തിൽ ധരംശാലയാണ്. ചൈനീസ് ഏകാധിപത്യത്തിന്റെ ചെങ്കുത്തേറ്റ് പിടഞ്ഞോടിയ നിസ്സഹായരുടെ  രാജ്യാതിർത്തികൾ പിളർന്നെത്തിയ നിലവിളിക്ക് അഭയംനൽകിയ ചരിത്ര ഭൂമി. ധരംശാലയുടെ പ്രാചീന ചരിത്രത്തിൽ തന്നെ വന്നുപോകുന്നവരുടെ അടയാളങ്ങളുണ്ട്. വ്യത്യസ്ത ഭരണ സംവിധാനങ്ങളുടെ അനുഭവ പാഠങ്ങളുണ്ട്. ധരംശാലയിലെ തദ്ദേശീയ ജനത തന്നെ ദേശാന്തരങ്ങളിലലഞ്ഞു ജീവിച്ചവരായിരുന്നു.


ലാഹോർ ആസ്ഥാനമായി ഭരിച്ച സിഖ് രാജവംശത്തിന് കീഴിലായിരുന്ന ധരംശാല ബ്രിട്ടീഷ് ഭരണകാലമായപ്പോൾ പഞ്ചാബ് പ്രവിശ്യയുടെ ഭാഗമായി. ഹിമാചൽ പ്രദേശിലും കശ്മീരിലും കാണപ്പെടുന്ന ഗദ്ദിസ് എന്ന് വിളിക്കുന്ന ഗോത്ര വിഭാഗമായിരുന്നു 1800കളിൽ ഇവിടത്തെ തദ്ദേശീയർ. നാടോടികളെപ്പോലെ അലഞ്ഞും കാലികളെ മേച്ചും കൃഷി ചെയ്തും ജീവിച്ചവർ. കാലികൾക്കിണങ്ങിയ പുൽത്തകിടികൾ തേടി നടന്നവർ. അവരുടെ ദേശാന്തര യാത്രകൾക്കിടെ ധരംശാലയിൽ ബ്രിട്ടീഷുകാരും പിന്നാലെ ഗൂർഖകളും എത്തി. അവരുടെ ആവാസ സംവിധാനം വിരുന്നുവന്നവർ കവർന്നെടുത്തപ്പോൾ അവർ പതിയെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് നിഷ്ക്രമിച്ചു. 1850ൽ ആഗ്ലോ സിഖ് യുദ്ധത്തിന്റെ ഭാഗമായി ധരംശാലയെ ബ്രിട്ടീഷുകാർ സൈനിക താവളമാക്കി. പത്ത് കൊല്ലം പിന്നിട്ടപ്പോൾ അത് ഗൂർഖ സൈനിക വിഭാഗത്തിന്റെ കേന്ദ്രമായി. എന്നാൽ 1905ൽ ഉണ്ടായ ഭൂകമ്പം ധരംശാലയെ സമ്പൂർണമായി തകർത്തു. ഇരുപതിനായിരത്തോളം മനുഷ്യർ മരിച്ചു. ധരംശാലയെ ബ്രിട്ടീഷിന്ത്യയുടെ ഗ്രീഷ്മകാല ആസ്ഥാനമാക്കാനുള്ള പദ്ധതി ഭൂകമ്പത്തെത്തുടർന്നാണ് ഷിംലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.  എന്നാൽ ഈ ദുരനുഭവങ്ങളിൽ നിന്ന് അര നൂറ്റാണ്ടിന് ശേഷം ധരംശാല പുതിയ മേൽവിലാസത്തിലേക്ക് ഉയിർത്തെഴുന്നേറ്റു.  ചൈനീസ് അധിനിവേശത്തിൽ അഭയാർഥികളായി മാറിയ തിബത്തുകാർക്ക് ഇന്ത്യ നൽകിയ അഭയ സ്ഥാനമായി മാറി ധരംശാല. 1959ൽ ആയിരുന്നു ഇത്. ലാസയിലെ തിബത്തൻ ഭരണ കേന്ദ്രം ആക്രമിക്കപ്പെട്ട രാത്രി അടുത്ത അനുയായികളോടൊപ്പം പലായനം തുടങ്ങിയ പതിനാലാം ദലൈലാമ പടുത്തുയർത്തിയ ബഹിഷ്കൃതരുടെ ഭരണകൂടം ഇവിടെയാണ് പ്രവർത്തിക്കുന്നത്. നാനാദിക്കിലേക്ക് ചിതറിയോടിയ തിബത്തുകാരുടെ ആഗോള ഭരണ കേന്ദ്രമാണിത്.


ഇപ്പോൾ ധരംശാലയിലേക്കുള്ള വഴികൾ താരതമ്യേന മികച്ചതും അനായാസം എത്തിപ്പെടാൻ കഴിയുന്നതുമാണ്. മലമുകളിലേക്ക് ഒഴുകിക്കയറുന്ന റോഡുകളാണെങ്കിലും അവ യാത്രാക്ഷമമാണ്. അസാധാരണമായ പ്രകൃതി ഭംഗിയാൽ ഇരുവോരങ്ങളും കാഴ്ചാ സമൃദ്ധമാകയാൽ റോഡ് യാത്ര ആകർഷകവും അതീവ ഹൃദ്യവുമാണ്. എന്നാൽ ധരംശാലക്ക് പുതിയ മേൽവിലാസമുണ്ടാക്കിയവർ ഇത്രയെളുപ്പം ഇവിടെ എത്തിച്ചേർന്നവരല്ല.  കഠിനതരമായ വഴികൾ താണ്ടിയും മരണമുഖത്തുനിന്ന് കുതറിയോടിയും വന്നുചേർന്നവരാണവർ. 24-ാം വയസ്സിൽ ഒരു രാജ്യത്തിന്റെ നായക സ്ഥാനം ഉപേക്ഷിച്ച് അധികാമില്ലാത്ത ഭരണാധിപനായി മാറേണ്ടിവന്ന ദലൈലാമ തന്നെ ആ സഞ്ചാരവഴികൾ വിവരിക്കുന്നുണ്ട്: 'നോർബുലിങ്ക വിടുമ്പോഴും, യാത്രയുടെ ആദ്യഘട്ടത്തിലെ ഈ ധൃതികൾക്കിടയിലും, നേരെ ഭാരതത്തിലേക്ക് പോകേണ്ടിവരുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ടിബറ്റിൽത്തന്നെ ഏതെങ്കിലും ഒരു ഭാഗത്ത് താമസിക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. ലാസയിൽ നിന്ന് തെക്കേട്ടും കിഴക്കോട്ടുമായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്. ആ പ്രദേശങ്ങൾ മിക്കതും ഖമ്പകളുടെയും ഒളിപ്പോരാളികളായി അവർക്കൊപ്പം ചേർന്ന ഇതര ടിബറ്റുകാരുടെയും ശക്തിദുർഗങ്ങളായിരുന്നു. ആ ഗിരിനിരകളുടെ ഹൃദയാന്തർഭാഗത്തുനിന്ന് പുറപ്പെട്ട് ഹിമാലയത്തിന്റെ പ്രധാന പർവത പംക്തി കടന്ന് ഭൂട്ടാനിലും ഇന്ത്യയിലും എത്തിച്ചേരുന്ന പാതകളുണ്ട്.... അർധരാത്രി 12 മണിയോടെ ഞങ്ങൾ ചീലായുടെ അടിവാരത്തിലെത്തി. അതിരാവിലെ മലന്പാതയിലേക്ക് കുത്തനെയുള്ള കയറ്റം കയറാൻ ആരംഭിക്കുമ്പൾ പർവത നിരകളുടെ തണലുണ്ടായിരുന്നു. വഴി തികച്ചും പരുക്കനും ദുർഘടവും. ഹിമവിതാനത്തിനും മുകളിലൂടെ അത് ഞങ്ങളെക്കൊണ്ടുപോയി..... മൈലുകൾ താണ്ടിയപ്പോൾ നദിക്കക്കരെ ഒരു ചെറു ഗ്രാമത്തിലെത്തി. പേര് കിഷോങ്. കിഷോങ് എന്നാൽ സന്തോഷത്താഴ്വാരം.അന്ന് രാത്രി അവിടെ തങ്ങി. അപ്പോഴേക്കും യാത്രാ സംഘം നൂറായി വളർന്നു. സംരക്ഷകരായി നാനൂറോളം പടയാളികളും. അടുത്ത അഞ്ച് ദിവസം പൂർണമായി പുരാതന ടിബറ്റിന്റെ പ്രത്യേകതയായ ഇടുങ്ങിയ ചരൽപ്പതകളിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ചു. ലുൻസെസോങ് എത്തുംവരെ യാത്ര തുടരാൻ ഈ സമയത്താണ് തീരുമാനിച്ചത്.' (എന്റെ നാടും എന്റെ ജനങ്ങളും - ദലൈലാമയുടെ ആത്മകഥ- അധ്യായം 11ൽ നിന്ന്).


1959 മാർച്ച് 17ന് രാത്രിയാണ് ദലൈലാമയും അടുത്ത അനുയായികളും കുടുംബാംഗങ്ങളുമായി 20 പേരുടമങ്ങുന്ന സംഘം ലാസയിൽ നിന്ന് ചൈനീസ് സൈനിക വേഷമണിഞ്ഞ് പലായനം തുടങ്ങുന്നത്. നടന്നും കുതിരപ്പുറത്തേറിയും പകലൊളിച്ചും രാത്രിയുണർന്ന് നടന്നും ദിവസങ്ങൾ നീണ്ട യാത്രക്ക് ശേഷം അവർ ഇന്ത്യനതിർത്തിയെത്തി. കഠിനതരമായ ആ യാത്ര ഒരു വർഷത്തിന് ശേഷമാണ് ഇന്ത്യൻ സർക്കാറിന്റെ ഔദ്യോഗിക അംഗീകാരത്തോടെ ധരംശാലയിൽ തമ്പടിക്കുന്നത്. ആസ്ഥാനമാക്കിയത് മക്‍ലോഡ് ഗഞ്ച് എന്ന അപ്പർ ധരംശാലയും. അവരവിടെ അവരുടേതായ ഒരു സന്തോഷത്താഴ്വര പണിതു. മക്‍ലോഡ് ഗഞ്ച് ഇപ്പോൾ വെറുമൊരു ഗ്രാമമല്ല, അതൊരു രാജ്യം തന്നെയാണ്. ഇന്ത്യക്കകത്തെ ഒരു 'അഭയ രാജ്യം'. 


ധരംശാലയെ അന്താരാഷ്ട്ര പ്രശസ്തകമാക്കിയത് മക്‍ലോഡ് ഗഞ്ചിലെ ദലൈലാമ ആശ്രമം തന്നെയാണ്. സുഗ്‍ലാക് ഖാങ് എന്നറിയപ്പെടുന്ന ബുദ്ധമത തീർഥാടന കേന്ദ്രം തേടി പതിനായിരങ്ങളാണ് ഓരോ വർഷവും ധരംശാലയിലെത്തുന്നത്. ദലൈലാമയുടെ സ്വകാര്യ ആശ്രമമെന്ന് അറിയപ്പെടുന്ന നംഗ്യാൽ മൊണാസ്ട്രിയും മുഖ്യ ആകർഷണമാണ്. രണ്ടാം ദലൈലാമ സ്ഥാപിച്ച  നംഗ്യാൽ മൊണാസ്ട്രി,  1959ലാണ് ധരംശാലയിലേക്ക് മാറ്റി സ്ഥാപിക്കുന്നത്. തിബത്തൻ ചരിത്രത്തിന്റെ ബൃഹദ് ശേഖരവും സൂക്ഷിപ്പ് കേന്ദ്രവുമായി പ്രവർത്തിക്കുന്ന ലൈബ്രറി ഓഫ് ടിബറ്റൻ വർക്സ് ആന്റ് ആർകൈവ്സ്  (LTWA) 1970ൽ സ്ഥാപിതമായതാണ്. തിബത്ത് ചരിത്രവും സംസ്കാരവും രേഖപ്പെടുത്തിയ കൈയ്യെഴുത്തു പ്രതികളും ചരിത്ര ഗ്രന്ഥങ്ങളും അടക്കം 80,000ൽ അധികം രേഖകൾ ഇവിടെയുണ്ട്. ടാങ്‍ക എന്നറിയപ്പെടുന്ന തിബത്തൻ പെയിന്റിങ്ങുകളുടെ അപൂർവ ശേഖരം. ബുദ്ധ പാരമ്പര്യം അടയാളപ്പെടുത്തുന്ന  പ്രതിമകൾ, കരകൗശല വസ്തുക്കൾ. 10,000ൽ അധികം ചിത്രങ്ങൾ. ഇത്തരം ചരിത്ര രേഖകളുടെ മറ്റൊരു കേന്ദ്രമാണ് 1998ൽ സ്ഥാപിച്ച ടിബറ്റ് മ്യൂസിയം. ചൈനീസ് അധിനിവേശത്തിന്റെ നേർ ചിത്രങ്ങളും തിബത്തൻ പോരാട്ടത്തിന്റെ വീരകഥകളും കേൾക്കാൻ ഇവിടെയെത്തണം. മ്യൂസിയത്തിൽ 30,000 ൽ അധികം ചിത്രങ്ങളുമുണ്ട്. ലാസയിൽ നിന്ന് ധരംശാലവരെയെത്തിയ തിബത്തുകാരുടെ അഭയാർഥി ജീവിതം ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ പ്രദർശനം ദിവസവും നടക്കും. അധിനിവേശകർക്കെതിരെ പൊരുതിമരിച്ചവരുടെ ഓർമക്കായി രക്തസാക്ഷി സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്.  മുഷ്ടി ചുരുട്ടി പോരാടാനുറച്ചുനിൽക്കുന്ന തിബത്തുകാരുടെ ചിത്രം ഒരുപക്ഷെ മറ്റെവിടെയും കാണാനായെന്ന് വരില്ല. ലോകമാകെ ചിതറിപ്പിരിഞ്ഞ തിബത്തുകാരുടെ പ്രവാസി സർക്കാറും ഇവിടെ പ്രവർത്തിക്കുന്നു. അതിനാൽ അന്താരാഷ്ട്ര അതിഥികളുടെയും നയതന്ത്ര പ്രതിനിധികളുടെയും വിദേശകാര്യ വിദഗ്ധരുടെയും പതിവ് സന്ദർശന സ്ഥലംകൂടിയാണ് ധരംശാല. സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ എന്ന പേരിൽ പ്രവർത്തിക്കുന്ന ബഹിഷ്കൃതരുടെ സർക്കാറിന് താങ്ങായി ജുഡീഷ്യറിയും എക്സിക്യൂട്ടിവും ലജിസ്ലേറ്റിവും ഇവരുടേതായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തലവൻ ദലൈലാമ തന്നെ. 

അനാകായിരങ്ങളുടെ ജീവത്യാഗവും ചോരപ്പാടുകളും ത്യാഗാർപ്പണങ്ങളും കൂട്ടിച്ചേർത്താണ് തിബത്തുകാർ ഈ ബഹിഷ്കൃതരുടെ രാജ്യം പണിതുയർത്തിയത്. ദലൈലാമ ആത്മകഥയിൽ എഴുതുന്നു: 'ചെന്യെയിൽ നിന്ന് പുറപ്പെട്ട ശേഷമാണ് ആദ്യമായി ലാസയിലെ സംഭവവികാസങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുന്നത്. സായുധ പോരാട്ടത്തിൽനിന്ന് ഖമ്പകളെ പിന്തിരിപ്പിക്കാൻ മന്ത്രിസഭ നിയോഗിച്ച ഡപ്പോൺ നാംസെലിങിൽനിന്നാണ് ആദ്യ വിവരം ലഭിച്ചത്. ചർച്ചക്ക് പയ നാംസെലിങ് പിന്നീട് ഖമ്പകൾക്കൊപ്പം ചേർന്നിരുന്നു. അധികം വൈകാതെ എന്റെ പ്രൈവറ്റ് സെക്രട്ടറി ഖഞ്ചുങ് താരയിൽ നിന്ന് വിശദമായ കത്ത് ലഭിച്ചു. നോർബുലിങ്കക്ക് അകത്തായിരുന്നിട്ട് കൂടി വെടിവപ്പിൽ അദ്ദേഹത്തിന് മുറിവേറ്റു. തടഞ്ഞുനിർത്താൻ ഞാൻ ആവതുശ്രമിച്ച മഹാവിനാശത്തിന്റെ കഥ ഞങ്ങൾക്ക് പൂർണമായി ഗ്രഹിക്കാനായി. മാർച്ച് 20ന് പുലർച്ചെ രണ്ട് മണിക്കാണ് വെടി ആരംഭിച്ചത്. അതായത് ഞാൻ പോന്നുകഴിഞ്ഞ് 48 മണിക്കൂറുകൾക്ക് ശേഷം. അതും ഞാൻ പുറപ്പെട്ട വിവരം ചൈനക്കാർ കണ്ടുപിടിക്കും മുമ്പ്. ആ ദിവസം മുഴുവൻ അവർ നോർബുലിങ്കക്ക് നേരെ വെടിവച്ചുകൊണ്ടിരുന്നു. അതിന് ശേഷം നഗരത്തിലേക്കും പോടാല, ക്ഷേത്രം, വിഹാരങ്ങൾ എന്നിവയിലേക്കും വെടിക്കോപ്പുകൾ തിരിച്ചുവച്ചു. ലാസയിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന് പറയാൻ സാധ്യമല്ല. ആയിരക്കണക്കിന് മൃതദേഹങ്ങങൾ നോർബുലിങ്കക്ക് അകത്തും പുറത്തുമായി കാണപ്പെട്ടു. നോർബുലിങ്കക്കുള്ളിലെ പ്രധാനകെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടു. നഗരത്തിനുള്ളിലെ വീടുകൾ ഇടിച്ചുനിരത്തുകയോ തീവക്കുകയോ ചെയ്തിരുന്നു. ഞാൻ ഉപയോഗിച്ചിരുന്ന മുറികളുടെ ഏതാനും ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. പതിമൂന്നാം ദലൈലാമയുടെ സ്വർണനിർമിത ശവകുടീരം സൂക്ഷിച്ച മുറിയിൽ ഷെല്ലുകൾ പതിച്ചു. ചാക്പോറി മെഡിക്കൽ കോളജ് നിലംപരിശായി. പുകയും മൃതശരീരങ്ങളും നിറഞ്ഞുകുമിഞ്ഞ നശിച്ച വിജനമായ നോർബുലിങ്കയിലേക്ക് ആദ്യദിവസത്തിന്റെ അവസാനം ചീനക്കാർ പ്രവേശിച്ചു. അവർ ഓരോ മൃതദേഹത്തിന്റെയും - പ്രത്യേകിച്ച് സന്യാസിമാരുടെ- മുഖം പരിശോധിച്ചു. ഞാൻ അപ്രത്യക്ഷമായി എന്ന് അന്ന് രാത്രി അവർ സ്ഥിരീകരിച്ചു. ഞാൻ അവിടെയില്ലെന്ന് കണ്ടുപിടിച്ച ശേഷവും നഗരവും വിഹാരങ്ങളും തകർക്കുന്നത് അവർ തുടർന്നു. ഞങ്ങളുടെ സാധാരണ ജനത മുവുവൻ വിദേശാധിപത്യം അംഗീകരിക്കില്ലെന്ന് ചീനക്കാരെ ബോധ്യപ്പെടുത്തി. അതുകൊണ്ട് നിർദയമായ കശാപ്പുകൊണ്ട് അതംഗീകരിപ്പിക്കാൻ അവർ ശ്രമിച്ചു. ലുൻസെൻ സോങിലേക്ക് യാത്ര തുടർന്ന ഞങ്ങൾ അവിടെ ഭരണകേന്ദ്രം സ്ഥാപിക്കാമെന്ന ആശയിലായിരുന്നു അപ്പോഴും.' (അതേ പുസ്തകം, അതേ അധ്യായം).


ഇത്രമേൽ യാതനാപൂർണമായ രാജ്യഭ്രഷ്ട് അനുഭവിച്ചവർക്ക് അപരരാജ്യം പണിയാൻ പ്രകൃതി പ്രത്യേകം അണിയിച്ചൊരുക്കിയ താഴ്വാരമാണിതെന്ന് ധരംശാല കണ്ടാൽ തോന്നിപ്പോകും. തിബത്തൻ സാന്നിധ്യത്താലാണ് അത്  അന്താരാഷ്ട്ര പ്രശസ്തമായതെങ്കിലും പ്രകൃതി സൗന്ദര്യത്തിൽ ധരംശാല ലേകത്തേറ്റവും മനോഹരമായ മലടയടിവാരങ്ങളിലൊന്നാണ്. ഹിമാലയൻ സാനുക്കളിലെ ധലാധൗർ  മലനിരകളുടെ താഴ്വാരത്താണ് ഈ സ്വപ്ന ഭൂമി. ഹിമാചലിനെ ചുറ്റിവളഞ്ഞ് മഞ്ഞുമേലാപ്പുപോലെ അനേക മൈൽ ദൂരത്തിൽ തലയുയർത്തി നിൽക്കുന്നതാണ് ധലാധൗർ നിരകൾ. 3,500 മീറ്റർ മുതൽ 6,000 മീറ്റർ വരെ ഉയരമുള്ള ധലാധൗർ ഹിമാചലിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളെയെല്ലാം തൊട്ടുനിൽക്കുന്ന മലനിരയാണ്. മലകയറ്റക്കാരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ട്രിയുണ്ട് ധലാധൗറിൽപെട്ട സ്ഥലമാണ്. ധരംശാലയിൽ നിന്ന് 7 കിലോമീറ്റർ അകലെ ഗല്ലു ക്ഷേത്രം എന്ന സ്ഥലത്തുനിന്നാണ് ട്രിയുണ്ടിലെ മഞ്ഞുവര തേടിയുള്ള മലകയറ്റം തുടങ്ങുന്നത്. ധരംശാലയിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഭാഗ്സു വെള്ളച്ചാട്ടത്തിനരികിലൂടെ മലയകയറാവുന്ന ഒരുവഴിയുണ്ട്. ട്രക്കിങ് വഴികളിലെ ഏറ്റവും മനോഹരമായ പാതയിതാണ്. പക്ഷെ ആ ഭംഗിയോളംതന്നെ അത് ദുഷ്കരവും അപകടകരവുമാണ്. കുത്തനെയുള്ള കയറ്റമാണ് ഇതിന്റെ സവിശേഷത. ട്രക്കിങ്ങിനുള്ള വഴി വ്യക്തവും കൃത്യവുമാണ് എന്നത് വഴിതെറ്റാനുള്ള സാധ്യതയില്ലാതാക്കുന്നു. വഴിയിൽ ഒന്നുരണ്ടിടത്ത് ചായക്കടകളും ചെറിയ വിശ്രമ കേന്ദ്രങ്ങളുമുണ്ട്. മലകയറ്റത്തിന്റെ അവസാന ഭാഗം ചെങ്കുത്തായ കയറ്റമാണ്.   അത് സ്നോ ലൈനിലേക്ക് അടുക്കുന്തോറും അതീവ കഠിനതരവും അത്യന്തം അപകടകരവുമായിക്കൊണ്ടിരിക്കും. ധരംശാലയിലേക്കുള്ള യാത്രയും അത്രതന്നെ കാഴ്ചാസമൃദ്ധമാണ്. പൈൻ മരങ്ങൾ ആകാശത്തും ചായത്തോട്ടങ്ങൾ ഭൂമിയിലും പച്ചപ്പ് വിരിച്ച് യാത്രികരെ സ്വീകരിക്കും. വളഞ്ഞുതിരിഞ്ഞുയർന്ന് മുകളിലേക്ക് കയറുന്ന റോഡിലെ ഭയാനകത ഇരുവശത്തെയും കാഴ്ചകളിലലിഞ്ഞില്ലാതാകും. ധരംശാലയിൽ നിന്ന് മക്‍ലോഡ് ഗഞ്ചിലേക്കുള്ള  കേബിൾ കാർ ഈ കാഴ്ചകളുടെ വേറിട്ട ദൃശ്യത നൽകും. ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്രിക്കറ്റ് സ്റ്റേഡിയം, നഡ്ഢി വ്യൂ പോയിന്റ്, കാംഗ്ര താഴ്വര, ഭാഗ്സുനാഥ് ക്ഷേത്രം തുടങ്ങി മറ്റേറെ കാഴ്ചാ കേന്ദ്രങ്ങളും ധരംശാലയിലുണ്ട്. പക്ഷെ സ്വന്തം മണ്ണിൽ നിന്ന് പിഴുതെറിയപ്പെട്ട ഒരു ജനവിഭാഗത്തിന്റെ അതിജീവനപ്പരീക്ഷണങ്ങളും അതിന്റെ അടയാളങ്ങളും തന്നെയാണ് ഈ നഗരത്തെ ആകർഷണീയമാക്കുന്നത്.  

 

' രണ്ടാം ദിവസം രാവിലെയും കുതിരപ്പുറത്ത് സഞ്ചരിക്കാൻ കഴിയാത്ത വിധം അസഖത്തിലായിരുന്നെങ്കിലും യാത്ര തുടരാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. എന്റെ അനുയായികൾ എന്നെ ഒരു സോവിന്റെ പരപ്പുള്ള പുറത്തേറ്റി. യാക്കും പശുവും ചേർന്നുള്ള സങ്കര സൃഷ്ടിയായ സോ, ശാന്ത പ്രകൃതിയും മൃദു ചലനവുമുള്ള ഒരു മൃഗമാണ്. അങ്ങനെ, ടിബറ്റിലെ ആ പ്രാചീന വാഹനത്തിലേറി ഞാൻ എന്റെ നാടുവിടുകയായി. അതിർത്തി കടന്നപ്പോൾ നാടകീയമായ യാതൊന്നും തന്നെ സംഭവിച്ചില്ല. ഭൂപ്രദേശം ഇരുഭാഗത്തും ഒരേവിധം വിസ്തൃതവും ആവാസശൂന്യവുമായിരുന്നു. അസുഖത്തിന്റെയും തളർച്ചയുടെയും മൂച്ഛയോടെ, അനിർവചനീയമാംവിധം അഗാധമായ വിഷാദത്തോടെ ഞാനതു നോക്കിക്കണ്ടു' - പലായനത്തിന്റെ ചരിത്രം ദലൈലാമ ഉപസംഹരിക്കുന്നത് ഇങ്ങിനെയാണ്. അനുഭവിച്ചറിഞ്ഞ ഏതുനാട് വഴിയിലുപേക്ഷിക്കുമ്പോഴും ഓരോ യാത്രികന്റെയുള്ളിലും  ഈ വിഷാദം നിറയും. പക്ഷെ മേൽവിലാസമില്ലാതാകുന്നുവെന്ന്  തീർച്ചപ്പെട്ട നിമിഷാർധത്തിൽ  പുറപ്പെട്ടു പോരേണ്ടിവരുന്നവരുടെ അനന്വിതമായ അനിശ്ചിതത്ത്വങ്ങളാൽ വിഷാദഭരിതമായ ധരംശാലയോട് വിടപറയുമ്പോൾ  അത് പലായകരെപ്പോലെത്തന്നെ ഓരോ സഞ്ചാരിയെയും വിടാതെ പിന്തുടരും. 

(ഹിമാചൽ പ്രദേശിനെക്കുറിച്ച പ്രത്യേക പുസ്തകത്തിന് വേണ്ടി തയാറാക്കിയത്.)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...