Thursday, December 29, 2016

യുഎപിഎ: സിപിഎമ്മിന്റെ സെലക്ടീവ് നിര്‍വചനത്തില്‍ പുറന്തള്ളപ്പെടുന്നവര്‍

കേരളത്തില്‍ നിന്ന് മലയാളികളെ കാണാതായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട്
യു എ പി എ ചുമത്തി മുംബൈയില്‍ ജയിലിലടക്കപ്പെട്ടയാളാണ് വയനാട്
സ്വദേശി ഹനീഫ് മൌലവി. തന്റെ മകന്‍ ആഷിഖിനെ തീവ്രവാദത്തിലേക്ക്
നയിച്ചത് ഹനീഫ് മൌലവിയാണെന്ന് പിതാവ് മജീദ് നല്‍കിയ മൊഴിയുടെ
അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍ താന്‍ അങ്ങിനെ മൊഴി
നല്‍കിയിട്ടില്ലെന്നും പോലീസ് ആവശ്യപ്പെട്ട കടലാസുകളില്‍
ഒപ്പിട്ടുകൊടുക്കുകമാത്രമാണ് ചെയ്തതെന്നും ഹനീഫ് മൌലവിക്കെതിരെ
തനിക്ക് ഇങ്ങിനെയൊരു പരാതിയില്ലെന്നും മൂന്നുമാസത്തിന് ശേഷം
പടന്ന സ്വദേശിയായ മജീദ് തന്നെ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തല്‍
പുറത്തുവരുന്നതിന് ഏതാനും ദിവസം മുന്പാണ് കണ്ണൂര്‍ നാറാത്ത്
കേസില്‍ കേരള പൊലീസ് ചുമത്തിയിരുന്ന യു എ പി എ ഹൈക്കോടതി
റദ്ദാക്കിയത്. ആയുധ പരിശീലനം നടത്തി എന്നാരോപിച്ച് 21 എസ് ഡി പി
ഐപോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഈ കേസില്‍ യു എ
പി എ ചുമത്തിയിരുന്നത്. ഇതിനും ഏതാനും ദിവസം മുന്പാണ് എം എന്‍
രാവുണ്ണിക്ക് മുറിയെടുത്തുകൊടുത്തുവെന്നാരോപിച്ച് സര്‍ക്കാര്‍
ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിക്കെതിരെ കേരള പോലീസ് യു എ
പി എ ചുമത്തിയത്. രജീഷ് എടുത്തുകൊടുത്തുവെന്ന് പറയുന്ന മുറിയില്‍
താമസിച്ചും അല്ലാതെയും പൊലീസിന്റെ കണ്‍വെട്ടത്ത് തന്നെ
പൊതുപ്രവര്‍ത്തനം നടത്തിയിരുന്ന രാവുണ്ണിയെ സഹായിച്ചതിനാണ്
യുഎപിഎ. രാവുണ്ണിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത
ശേഷമായിരുന്നു രജീഷിനെ പിടികൂടിയത്. രാവുണ്ണിയെ
അറസ്റ്റ് ചെയ്തതാകട്ടെ, മാവോവേട്ടയില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെ
മൃതദേഹം ഏറ്റുവാങ്ങാനെത്തിയ അമ്മക്കും സഹോദരനും കോഴിക്കോട്
മുറിയെടുത്തുകൊടുത്തതിനും!

കേരളത്തിലും ഇന്ത്യയിലും എങ്ങിനെയാണ് യു എ പി എ
ചുമത്തപ്പെടുന്നത് എന്ന് പറയുന്നതാണ് ഈ സംഭവങ്ങള്‍.
കാല-ദേശ-ഭരണകൂട വ്യത്യാസമില്ലാതെ കുറ്റാരോപണവും യുഎപിഎ
ചുമത്തലും നടക്കുന്നുവെന്ന് ഇവയുടെയെല്ലാം അണിയറക്കഥകള്‍
വ്യക്തമാക്കുന്നു. കേരളത്തില്‍ യു എ പി എയെക്കുറിച്ച ചര്‍ച്ചകള്‍
സജീവമായ സമയത്താണ് ഈ വാര്‍ത്തകള്‍ പുറത്തുവന്നത്. യു എ
പി എ തന്നെ പിന്‍വലിക്കണമെന്നാണ് ഒരു വാദം. സി പി എമ്മും കോണ്‍ഗ്രസും അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍
ദുരുപയോഗം തടഞ്ഞാല്‍ മതിയെന്ന നിലപാടുകാരണ്. സി പി എം ആകട്ടെ ഒരുപടികൂടി കടന്ന്, യു എ പി എ രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രയോഗിക്കുന്നതിനെയും എതിര്‍ക്കുന്നു.  ഇടതുപക്ഷത്തിന്റെ കേരളത്തിലെ
ഏറ്റവും കരുത്തനായ നേതാവ് ആഭ്യന്തര വകുപ്പ് കൈകാര്യം
ചെയ്യുന്‌പോഴും പൊലീസ് കാവി അജണ്ട നടപ്പാക്കുന്നുവെന്ന ആരോപണം
അതിശക്തമായി ഉയരുകയും പൊതുസമൂഹത്തിന് അത് കണ്ണടച്ച്
വിശ്വസിക്കാന്‍ തക്ക സംഭവങ്ങള്‍ അടിക്കടി ആവര്‍ത്തിക്കപ്പെടുകയും
ചെയ്യുന്നതിനിടെയാണ് യുഎപിഎയില്‍ സിപിഎം ഈ നിലപാട്
സ്വീകരിക്കുന്നത്. തീവ്രവാദ കേസുകളില്‍ യു എ പി
എ സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി തന്നെയും വ്യക്തമാക്കിയിട്ടുമുണ്ട്.

കേരളത്തില്‍ യു എ പി എ വിരുദ്ധ സമരത്തിന് അതിന്റെ ആരംഭ കാലം
മുതല്‍ രംഗത്തുണ്ടായിരുന്നത് ഏതാനും മുസ്ലിം സംഘടനകളും ചെറിയ
ചില ഇടത് ഗ്രൂപ്പുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ്.
അന്നൊന്നും യു എ പി എയില്‍ കൃത്യമായ നിലപാട് പോലും
സ്വീകരിക്കാതിരുന്ന സിപിഎം, അവരുടെ ഭരണകാലത്ത് അത് ആദ്യമായി
കേരളത്തില്‍ പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ കണ്ണൂരിലെ സിപിഎം
നേതാക്കള്‍ പ്രതിചേര്‍ക്കപ്പെട്ട കൊലപാതകക്കേസുകളില്‍ കഴിഞ്ഞ
യുഡിഎഫ് സര്‍ക്കാര്‍ യു എ പി എ ചുമത്തി. കേരളത്തിലെ
മുസ്ലിംകള്‍ക്കൊ ദലിതുകള്‍ക്കോ മാവോയിസ്റ്റുകള്‍ക്കോ നേരെ മാത്രമല്ല,
തങ്ങള്‍ക്കെതിരെയും പ്രയോഗിക്കപ്പെടാവുന്ന ഒന്നാണ് യുഎപിഎ എന്ന തിരിച്ചറിവ് അപ്പോള്‍ സിപിഎമ്മിനുണ്ടായി. അന്നുമുതലാണ് യുഎപിഎയുടെ
ദുരുപയോഗം തടയുക എന്ന മുദ്രാവാക്യം കേരളത്തില്‍ സിപിഎം
ഉയര്‍ത്തിയത്. ഇതാണ്, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ
ചുമത്തരുത് എന്ന കുറച്ചുകൂടി വിശാലമെന്ന് തോന്നിപ്പിക്കുന്ന
നിലപാടായി സിപിഎം ഇപ്പോള്‍ വികസിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ക്കെതിരെ യു എ പി എ ചുമത്തരുത് എന്ന വാദം അതിന്റെ സ്വാഭാവികതയില്‍ തന്നെ ഒരുപറ്റം ആളുകള്‍ യു എ പി എക്ക് അര്‍ഹരാണെന്ന് പ്രഖ്യാപിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറത്തുള്ളവരെല്ലാം യു എ പി എ ചുമത്താവുന്ന
രാജ്യദ്രോഹപരമായ കുറ്റങ്ങള്‍ ചെയ്യാനിടയുള്ളവരാണ് എന്ന്, രാഷ്ട്രീയ പ്രവര്‍ത്തകര്‍ അല്ലാത്തവരെല്ലാം യുഎപിഎക്ക് യോഗ്യരാണ് എന്ന്, രാഷ്ട്രീയ
പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും രാജ്യദ്രോഹം ചെയ്യില്ലെന്ന്,
അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ ചെയ്യുന്നതൊന്നും
രാജ്യദ്രോഹം ആകില്ലെന്ന്, സിപിഎമ്മിന്റെ ഈ നിലപാട് ഏകപക്ഷീയമായി
പ്രഖ്യാപിക്കുന്നു. കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രീയം
പറയുന്നവരൊന്നും 'യഥാര്‍ഥ രാഷ്ട്രീയക്കാര്‍' അല്ലെന്ന അപരവത്കരണ
യുക്തിയാണിത്. സി പി എം വിരുദ്ധ നിലപാടുകളുള്ളവരെ ഒതുക്കാനുള്ള എളുപ്പവഴിയും. ഇന്ത്യയില്‍
തീവ്രവാദവിരുദ്ധ നടപടികളുടെ പേരില്‍ നടക്കുന്ന മുസ്ലിം വിരുദ്ധ
ഭരണകൂട-പൊലീസ് ഭീകരവേട്ടക്ക് പറഞ്ഞിരുന്നത് എല്ലാ ഭീകരരും
മുസ്ലിംകളാണ് എന്നതുപോലുള്ള സംഘ്പരിവാര്‍ ന്യായങ്ങളാണ്. ഇത്തരം
വാദങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് മുസ്!ലിം വേട്ടക്കെതിരായ
പൊതുസമൂഹത്തിന്റെ പ്രതിരോധങ്ങളെ ദുര്‍ബലമാക്കിയത്.
അപരവത്കരണത്തിനുള്ള ഈ സംഘ-ഭരണകൂട കുതന്ത്രത്തിന്റെ ഇടത്
വേര്‍ഷനാണ് യുഎപിഎയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടവര്‍ രാഷ്ട്രീയക്കാര്‍
മാത്രമാണെന്ന സി പി എം നിലപാട്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ യുഎ പിഎ പ്രയോഗിക്കരുത് എന്ന
വാദമുന്നയിക്കുന്നിടത്തും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പ്രകടമാണ്.
ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ പരിരക്ഷ ലഭിക്കുമെന്ന
ചോദ്യത്തിന് സിപിഎം ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല. എന്നല്ല, സിപിഎം
ഭരണകാലത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്
കേസെടുത്തപ്പോള്‍ അതില്‍ എസ് ഡി പി ഐയുടെ പേരുകൂടി
ചേര്‍ത്തിരുന്നു. ഈ രണ്ട് സംഘടനകള്‍ തമ്മിലുള്ള ബന്ധം
ഏവര്‍ക്കുമറിയാം. എങ്കില്‍ തന്നെയും കുറ്റപത്രത്തില്‍ പോപുലര്‍
ഫ്രണ്ടിനൊപ്പം എസ് ഡി പി ഐ എന്നുകൂടി എഴുതിച്ചേര്‍ക്കുന്‌പോള്‍
രാഷ്ട്രീയ പ്രവര്‍ത്തകരെന്ന സിപിഎം നിര്‍വചനത്തില്‍ ഉള്‍പെടാന്‍
യോഗ്യതയില്ലാത്ത രാഷ്ട്രീയക്കാര്‍ ആരൊക്കെയെന്ന് വ്യക്തമാകും. എം എന്‍ രാവുണ്ണിക്കും രജീഷ് കൊല്ലക്കണ്ടിക്കുമെതിരെ യുഎപിഎ
ചുമത്തുന്നതിലേക്ക് നയിച്ചത് മാവോവേട്ടയില്‍ കൊല്ലപ്പെട്ട
കുപ്പുദേവരാജിന്റെ മൃതദേഹം ഏറ്റവുവാങ്ങുന്നതും
സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ്. അന്നവിടെയുണ്ടായ
പ്രതിഷേധത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുതല്‍ മാവോയിസ്റ്റ്
അനുകൂലികള്‍ വരെയുണ്ടായിരുന്നു. പൊലീസ് വേട്ടയില്‍
കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് മാന്യമായ സംസ്‌കാരമെങ്കിലും
ഒരുക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ഇത്തരം
ആവശ്യങ്ങളുന്നയിക്കുന്നത് 'ശരിയായ' രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും
അത് യു എ പി എ തന്നെ ചുമത്താവുന്ന കുറ്റകൃത്യമായി
കണക്കാക്കുമെന്നുമാണ് ഇവര്‍ക്കെതിരായ കേസ് വ്യക്തമാക്കുന്നത്.പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമുണ്ടായതാണ് കൊടിഞ്ഞിയിലെ ഫൈസല്‍ വധം. ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ച ഫൈസലിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസുകാരാണെന്ന് സംഭവം നടന്ന ആ നിമിഷം മുതല്‍ ഫൈസലിന്‌റെ അമ്മ് വിളി്ച്ചുപറയുന്നുണ്ട്. ഇതുവരെ പിടിയിലായവരെല്ലാം ആര്‍ എസ് എസുകാരുമാണ്. ഈ കേസില്‍ യുഎപിഎ ചുമത്തിയില്ല എന്നതല്ല ആക്ഷേപം. മറിച്ച് ഇത്രയേറെ പ്രത്യക്ഷമായിട്ടും കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്നുപോലും കേസ് രേഖകളിലൊന്നും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കണ്ണൂരിലെ മൂന്ന് സ്‌കൂളുകളില്‍ ആര്‍ എസ് എസ് ആയുധ പരിശീലന
ക്യാന്പ് നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. പരാതിയുടെ പകര്‍പ് സഹിതം ഡിസംബര്‍ 25ന് ആണ് ജയരാജന്‍ ഈ വിവരം പുറത്തുവിട്ടത്.
ആയുധവും രാജ്യദ്രോഹവുമെല്ലാം ഉള്‍പെട്ട കേസുകളാണെങ്കില്‍
പരാതികിട്ടുന്‌പോഴേക്കും പാഞ്ഞുചെന്ന് കേസെടുക്കുന്ന ബഹ്‌റയുടെയും
പിണറായിയുടെയും പൊലീസ് ഈ പരാതിയില്‍ ഇതുവരെ
കേസെടുത്തിട്ടില്ല. ഇനി കേസെടുത്താല്‍ തന്നെ അതില്‍ ആര്‍ എസ്
എസിനൊപ്പം ബിജെപിയെ ഉള്‍പെടുത്തുമെന്ന് പ്രതീക്ഷിക്കേണ്ടതുമില്ല.
ഈ രണ്ടുസംഘടനകളും തമ്മിലുള്ള ബന്ധം
പോപുലര്‍ഫ്രണ്ട്എസ്ഡിപിഐ പോലെതന്നെ സുവ്യക്ത്യമെങ്കിലും ഒരു
മുസ്ലിം സംഘടനക്കില്ലാത്ത പ്രിവ!്!ലജ് ബിജെപിക്ക് കിട്ടുമെന്നുറപ്പ്. അഥവ
യുഎപിഎ ചുമത്തേണ്ടതില്ലാത്ത സാധുക്കളായ രാഷ്ട്രീയക്കാരെന്ന്
സിപിഎം നിര്‍വചിക്കുന്ന സംഘത്തില്‍ ബിജെപിക്ക് വലിയ
സ്ഥാനമുണ്ടെന്നര്‍ഥം. താടിയും തൊപ്പിയുമുള്ളതിനാല്‍ അബ്#ദുന്നാസിര്‍ മഅ്ദനിയെ ഇതുവരെ രാഷ്ട്രീയ നേതാവായി അംഗീകരിക്കാന് പോലും തയാറാകാത്ത കേരളീയ പൊതുസമൂഹത്തിലാണ് യുഎപിഎയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടവരാണ് രാഷ്ട്രീയക്കാരെന്ന നിലപാട് സിപിഎം മന്നോട്ടുവക്കുന്നത്. ഈ പശ്ചാത്തലമാണ് ഏതുതരം രാഷ്ട്രീയകാകരാണ് ഒഴിവാക്കപ്പെടുക എന്ന ന്യായമായ സംശയമുയര്‍ത്തുന്നത്. വിയോജിക്കുന്നവരുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി നേരിടുക എന്നതാണ് ഫലത്തില്‍ സിപിഎമ്മിന്റെ യു എ പി എ നിലപാടിന്റെ താത്പര്യമെന്ന സംശയം പ്രസക്തമാകുന്നതും.

രാഷ്ട്രീയക്കാരെ ഒഴിവാക്കണമെന്നതിനൊപ്പം തീവ്രവാദ കേസുകളില്‍ യു എ പി എ സ്വാഭാവികമാണെന്ന വാദവും സിപിഎമ്മിനുണ്ട്. പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതും. (നേരത്തെ ഉമ്മന്‍ചാണ്ടിയും ഇതേ വാദം ഉന്നയിച്ചിരുന്നു.) എന്നാല്‍
കേരളത്തിലും ഇന്ത്യയിലും ഇതുവരെയുണ്ടായ 'തീവ്രവാദ കേസുകളുടെ' ചരിത്രം പരിശോധിച്ചാല്‍ ഇതെത്രത്തോളം അരാഷ്ട്രീയമായ
നിലപാടാണെന്ന് ബോധ്യമാകും. ഭീകരവാദിയെന്നാരോപിച്ച് ജയിലിലടച്ച നിരപരാധികളായ ഒരുപിടി മുസ്#ലിം ചെറുപ്പക്കാരുല്‌ള നാടാണ് കേരളം. ഈയിടെ ജയില്‍ മോചിതനായ യഹ്‍യ കമ്മുക്കുട്ടി, പരപ്പനങ്ങാടിയിലെ സക്കരിയ്യ, പാനായിക്കുളം കേസില്‍ യുഎപിഎ ചുമത്തപ്പെട്ടവര്, കണ്ണൂരിലെ മുഹമ്മദ് ഷമീര്‍, ഷറഫുദ്ദീന്‍, മനാഫ്....തുടങ്ങി അബ്ദുന്നാസിര്‍ മഅ്ദനി വരെ. സഹോദരന് വേണ്ടി കേസ് നടത്തിയതിനാണ്, പ്രതികളെ സഹായിച്ചുവെന്നാരോപിച്ച് ഷറഫുദ്ദീന്‌റെ സോഹദരന്‍ തസ്‌നീമിനെ യുഎപിഎ ചുമത്തി ജയിലിടച്ചത്. രജീഷ് കൊല്ലക്കണ്ടിയുടെയും എംഎന്‍ രാവുണ്ണിയുടെയും കേസുകള്‍ കേരളീയര്‍ക്ക് മറക്കാന്‍ സമയമായിട്ടില്ല. പൊതുസമൂഹത്തിന്റെ അതിജാഗ്രത കൊണ്ട് മാത്രം രണ്ടുപേര്‍ - കമല്‍ സി ചവറയും കെ എം നദീറും - യുഎപിഎയില്‍ നിന്ന് കഷ്ടിച്ച് (അതും തല്‍ക്കാലത്തേക്ക്) രക്ഷപ്പെട്ടിട്ട് അധികദിവസമായിട്ടുമില്ല. വ്യാജ കേസുകളാണെന്ന് ബോധ്യപ്പെട്ടിട്ടും നിയമം നിയമത്തിന്റെ വഴിക്കങ്ങ് പൊയ്‌ക്കോട്ടെയെന്ന് എത്ര ആഴമേറിയ നീതിബോധമുള്ളവരും നിസ്സഹായരാകേണ്ടിവരുന്ന കേസുകള്‍. ഇത്തരം കേസുകളൊക്കെയും പിണറായി പറയുംപ്രകാരം യുഎപിഎക്ക് അര്‍ഹമായ 'തീവ്രവാദ' കേസുകളാണ്.

തീവ്രവാദമെന്നതിന്‌റെ പാര്‍ട്ടി നിര്‍വചനവും നിലപാടുകളും ഇതിലേറെ സങ്കീര്‍ണവും വിചിത്രവുമാണ്. പോപുലര്‍ഫ്രണ്ടുകാര്‍ ഒരാളുടെ കൈവെട്ടിയത് കേരള പൊലീസിന് (കൊടിയേരിയുടെ ഭരണാകാലത്ത്) തീവ്രവാദമാണ്. എന്നാല്‍
കൊടിഞ്ഞിയിലെ ഫൈസലിന്റെ തല ആറ്! എസ് എസുകാര്‍ വെട്ടിയത് (പിണറായിയുടെ ഭരണകാലത്ത്) പൊലീസ് നിര്‍വചനത്തില്‍ തീവ്രവാദമല്ല. സലഫി നേതാവ് ശംസുദ്ദീന്‍ പാലത്തിന്റെ യൂ ടൂബ് പ്രസംഗം തന്നെ തീവ്രവാദക്കേസിന് ധാരാളമാണ്. ബിജെപി നേതാവ് ശശികലയുടെ വിഷലിപ്തമായ പൊതുപ്രഭാഷണങ്ങള്‍ പക്ഷെ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. വോട്ട് ബഹിഷ്‌കരണം എല്ലാതെരഞ്ഞെടുപ്പിലും കേരളത്തില്‍ പതിവുള്ള പ്രതിഷേധ രീതിയാണ്.
എന്നാല്‍ ചാത്തുവും ഗൌരിയും വോട്ട് ബഹിഷ്‌കരിക്കാന്‍ പോസ്റ്ററൊട്ടിച്ചാല്‍ അവര്‍ യുഎപിഎക്ക് അര്‍ഹരാണ്. സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും കല്ലെറിഞ്ഞും കത്തിച്ചും തകര്‍ത്ത വാഹനങ്ങള്‍ ജനകീയ വികാരങ്ങളുടെ അനിവാര്യമായ രാഷ്ട്രീയ പ്രകടനമാണ്. എന്നാല്‍ അബ്ദുന്നാസിര്‍ മഅ്ദനിയുണ്ടാക്കിയ രാഷ്ട്രീയ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ ഒരു ബസ് കത്തിച്ചാല്‍ അത് തീവ്രവാദമാണ്. അതിലെ പ്രതികളെന്ന് സംശയിക്കുന്നവരോട് ടെലഫോണില്‍ നടത്തുന്ന സംഭാഷണം മതി, സൂഫിയ മഅ്ദനി ഭീകരവാദിയാകാന്‍.

(google image)

തീവ്രവാദം എന്നത് ഭരണകൂടം ശത്രുവായി നിശ്ചയിക്കുന്നവരെ നേരിടാനും എതിര്‍പക്ഷത്തുള്ളവരെ വേട്ടയാടാനുമുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമാണ് എന്ന വിമര്‍ശത്തിന് അടിവരയിടുന്നതാണ് മേല്‍സംഭവങ്ങള്‍. ഇക്കാര്യങ്ങള്‍ അറിയാത്തവരല്ല സിപിഎം. രാഷ്ട്രീയ പക്ഷഭേദങ്ങളാല്‍ യുഎപിഎക്ക് സിപിഎം നേതാക്കള്‍ തന്നെ ഇരയായിട്ടുമുണ്ട്. എന്നിട്ടും യുഎപിഎയുടെ കാര്യത്തില്‍ ഇത്രമേല്‍ അരാഷ്ട്രീയമായ നിലപാട് സ്വീകരിക്കാന്‍ സിപിഎം നിര്‍ബന്ധിതമാകുന്നത്, യുഎപിഎയുടെ പ്രാരംഭ കാലത്തെ പാര്‍ട്ടി നയങ്ങള്‍ ബാധ്യതയായി മാറുന്നതിനാലാണ്. എതിരാളികളെ നേരിടാനുള്ള ആയുധമായി യുഎപിഎയെ നിലനിര്‍ത്തുകയും എന്നാല്‍ തങ്ങള്‍ക്കെതിരെ അത് പ്രയോഗിക്കപ്പെടുന്നത് തടയുകയും ചെയ്യുക എന്ന ഇരട്ടത്തന്ത്രമാണ് ഈ നിലപാടിന്റെ അടിത്തറ. ജനാധിപത്യവും ഭരണഘടനയും ഉറപ്പുനല്‍കുന്ന എല്ലാതരം സ്വാതന്ത്ര്യവും പൗരാവകാശങ്ങളും മറികടന്ന് സമ്പൂര്‍ണ പൊലീസ് രാജിന് അനുമതി കൊടുക്കുന്ന വ്യവസ്ഥകളാലാണ് യു എ പി എ രൂപപ്പെടുത്തിയിരിക്കുന്നത്. ആരെയും രണ്ടാമതൊന്നാലോചിക്കാതെ രാജ്യദ്രോഹിയാക്കാനും എത് സംഘത്തെയും സംഘടനെയെയും നിരോധിക്കാനും ഏത് തരം എതിര്‍പുകളെയും അനായാസം നിയമവിരുദ്ധമാക്കി മാറ്റാനും ഈ നിയമം പൊലീസിന്-ഭരണകൂടത്തിന് അധികാരം നല്‍കുന്നുണ്ട്. വാറന്‌റില്ലാതെ തെരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും 30 ദിവസം കസ്റ്റഡിയില്‍വക്കാനും ജാമ്യമില്ലാതെ ആറുമാസം തടവിലിടാനും അനുമതിയുണ്ട്. കുറ്റം ചെയ്തില്ല എന്ന് സമര്‍ഥിക്കാന്‍ തെളിവുകള്‍ ഹാജരാക്കേണ്ട ബാധ്യതയും കുറ്റാരോപിതനാണ്. ഇത്തരം വിചിത്രമായ നിയമങ്ങളുടെ സമാഹാരം എന്ന നിലക്കാണ് രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും യു എ പി എയെ എതിര്‍ക്കുന്നത്. ഈ രാഷ്ട്രീയത്തെ തിരിച്ചറിയാതിരിക്കുകയും പൗരാവകാശ വിരുദ്ധതയെ അവഗണിക്കുകയും ഭരണഘടനാ വിരുദ്ധമെന്ന് പോലും പറയാവുന്ന ഈ നിയമത്തില്‍ നിന്ന് രാഷ്ട്രീയക്കാരെ മാത്രം ഒഴിവാക്കിയാല്‍ മതിയെന്ന് വാദിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നിലപാടാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടിയുടെ ദിനംപ്രതിയുള്ള പരിപാടിയായി മാറിയകാലത്ത്, സ്വന്തം തടി രക്ഷിക്കുക എന്ന മിനിമം പരിപാടിയിലൂന്നുന്നതുകൊണ്ടാണ് ഇത്രമേല്‍ ജനാധിപത്യവിരുദ്ധമായി സിപിഎമ്മിന് സംസാരിക്കേണ്ടി വരുന്നത്. മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കന്നു എന്ന് അവകാശപ്പെടുന്ന ഒരു പാര്‍ട്ടിക്ക് ഒട്ടും ചേര്‍ന്നതല്ല, ഈ 'രാഷ്ട്രീയ' സങ്കുചിതത്വം.

Wednesday, December 28, 2016

പരീക്ഷ, പ്രവേശം, സോഫ്റ്റ്‍വെയര്‍

('ഇങ്ങിനെ പഠിച്ചാല്‍ കേരളം എവിടെയെത്തും' എന്ന ലേഖനത്തിനൊപ്പം ചേര്‍ത്ത കുറിപ്പുകള്‍.)

1. കമ്മിറ്റി തടഞ്ഞ പ്രവേശവും കുട്ടികള്‍ തടഞ്ഞ പരീക്ഷയും

ഈ അധ്യയന വര്‍ഷം തുടങ്ങി ആദ്യപാദം പിന്നിടും മുന്പെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയില്‍ രണ്ട് സുപ്രധാന സംഭവങ്ങളുണ്ടായി. നിയമവിരുദ്ധമായി പ്രവേശം നേടിയ 360 വിദ്യാര്‍ഥികളുടെ പ്രവേശം, ജയിംസ് കമ്മിറ്റി റദ്ദാക്കിയതാണ് ഒന്ന്. സര്‍ക്കാര്‍ കര്‍ശനമായ വ്യവസ്ഥകളും നിബന്ധനകളും ഏര്‍പെടുത്തിയിട്ടും എഞ്ചിനീയറിങ് പ്രവേശത്തിലെ വഴിവിട്ട ഇടപാടുകള്‍ക്ക് ഒരറുതിയും വരുത്താനായില്ലെന്നാണ് ജയിംസ് കമ്മിറ്റിയുടെ ഉത്തരവ് വ്യക്തമാക്കുന്നത്. എഞ്ചിനീയറിങ് പ്രവേശത്തിലെ അനഭിലഷണീയ പ്രവണതകളുടെ വ്യാപ്തിയെത്രയെന്നും ഇതില്‍നിന്ന് വ്യക്തം. കോളജുകളുടെ നഷ്ടം നികത്താന്‍ സഹായകരമാംവിധത്തില്‍ ഇത്രയും കുട്ടികളെയെടുക്കാന്‍ സര്‍ക്കാറും അവര്‍ക്ക് 'കഴിയുന്ന' സഹായം നല്‍കിയെന്നാണ് വിവരം. മേല്‍നോട്ട കമ്മിറ്റി ഉത്തരവുകളെ കോടതി വഴി അനായാസം മറികടക്കാനാകുമെന്നതാണ് മുന്‍കാല അനുഭവങ്ങള്‍. ഈ ആത്മവിശ്വാസമാണ് ഇത്തവണയും മാനേജ്മെന്റുകളെ നയിച്ചത്. 

പണംകൊണ്ടും പഠന മികവുകൊണ്ടും വഴിവിട്ടും അല്ലാതെയും പ്രവേശം നേടിയ കുട്ടികള്‍ സംഘടിതമായി ബി ടെക് പരീക്ഷ മുടക്കാന്‍ നടത്തിയ നീക്കങ്ങളും ഒരു സംഘം പരീക്ഷ തടഞ്ഞതുമാണ് മറ്റൊന്ന്. എഞ്ചിനീയറിങ് കോളജുകളെ സാങ്കേതിക സര്‍വകലാശാലക്ക് കീഴിലാക്കിയ ശേഷം കൊണ്ടുവന്ന പരിഷ്കാരങ്ങളോടുള്ള വിദ്യാര്‍ഥികളുടെ എതിര്‍പാണ് പരീക്ഷ തടയലില്‍ കലാശിച്ചത്. ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിനുള്ള സോഫ്റ്റ്‍വെയര്‍ തയാറാക്കാന്‍ സാങ്കേതിക സര്‍വകലാശാല കെല്‍ട്രോണിനെ ഏല്‍പിച്ചിരുന്നു. കെല്‌‍ട്രോണ്‍ സ്വകാര്യ ഏജന്‍സി വഴിയാണ് സോഫ്റ്റ്‍വെയര്‍ തയാറാക്കിയത് എന്നും അത് പരീക്ഷാ ക്രമക്കേടിന് കാരണമാകുമെന്നും വാദിച്ചാണ് എസ് എഫ് ഐയും മറ്റും  ആദ്യം രംഗത്തുവന്നത്. ഇവരുടെ പരാതിയെത്തുടര്‍ന്ന് ഡിസംബര്‍ 2ന് നടത്താനിരുന്ന പരീക്ഷ സര്‍ക്കാര്‍ ഇടപെട്ട് മാറ്റിവച്ചു. പിന്നീട് പരീക്ഷാ സംവിധാനത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പരിശോധന നടത്തുകയും അത് നിലനിര്‍ത്താന്‍ തീരുമാനിക്കുയും ചെയ്തു. ഇങ്ങിനെയാണ് ഡിസംബര്‍ 13ന് പരീക്ഷ  നടത്താന്‍ തീരുമാനിച്ചത്. 

എന്നാല്‍ പുതിയ തിയതി പ്രഖ്യാപനിച്ചതോടെ പ്രശ്നങ്ങള്‍ മറ്റൊരു രീതിയില്‍ പുനരാരംഭിച്ചു. പരീക്ഷ മാറ്റിയപ്പോള്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്കും മറ്റും പോയെന്നും പെട്ടെന്ന് തിയതി പുതുക്കി നിശ്ചയിച്ചതിനാല്‍ അവര്‍ക്ക് പരീക്ഷയെഴുതാന്‍ പറ്റില്ലെന്നും പറഞ്ഞായിരുന്നു വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്. ഏതുവിധേനയും പരീക്ഷ മാറ്റിവപ്പിക്കാന്‍ അവര്‍ തീവ്രശ്രമം തുടങ്ങി. മാറ്റിയ പരീക്ഷ ജനുവരിയിലേ നടക്കൂവെന്ന പ്രതീക്ഷ തെറ്റിയതാണ് അവരുടെ പ്രകോപനം. അങ്ങേയറ്റം സാമൂഹിക വിരുദ്ധമായ രീതിയില്‍ വരെ വിദ്യാര്‍ഥികള്‍ ഇതിനായി ശ്രമിച്ചു. പരീക്ഷക്കെതിരെ വാര്‍ത്ത ചെയ്യിപ്പിക്കാനായി കേരളത്തിലെ നിരവധി മാധ്യമ പ്രവര്‍ത്തകരുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് സംഘടിതവും ആസൂത്രിതവുമായ നീക്കങ്ങള്‍ നടത്തി. ഒരുതരം സൈബര്‍ ആക്രമണമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ ഭീകരമായിരുന്നു അതിന്റെ സ്വഭാവം. എ ഐ സി ടി ഇ ഉദ്യോഗസ്ഥര്‍ക്കും സര്‍കലാശാല ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെല്ലാം സമാനമായ ഫോണ്‍ അനുഭവമുണ്ടായി. ഇക്കാര്യം വാര്‍ത്തയാക്കിയ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ സൈബര്‍ പ്രചാരണവും വിദ്യാര്‍ഥികള്‍ നടത്തി. തങ്ങള്‍ ഉദ്ദേശിച്ച സമയത്ത് മാത്രമേ പരീക്ഷ നടത്താവൂവെന്നും അല്ലെങ്കില്‍ അതെഴുതാന്‍ തയാറല്ലെന്നുമുള്ള അങ്ങേയറ്റം വിദ്യാഭ്യാസ വിരുദ്ധമായ ഒരുസംഘം വിദ്യാര്‍ഥികളുടെ നിലപാടുകളാണ് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചത്. എന്നാല്‍ സര്‍വകലാശാല ഇതിന് വഴങ്ങിയില്ല. 

ഈ സമയത്താണ് പരീക്ഷാ നടത്തിപ്പിലെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ച് എസ് എഫ് ഐ വീണ്ടും രംഗത്തുവരുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പരീക്ഷ മാറ്റിവപ്പിക്കാന്‍ ശ്രമിച്ചവരുടെ താത്പര്യം സംരക്ഷിക്കാന്‍, സ്വാകര്യ സ്ഥാപനത്തെയും സുതാര്യതയെയും പ്രശ്നവത്കരിക്കുകയാണ് എസ് എഫ് ഐ ചെയ്തതെന്ന സംശയം ശക്തമാണ്. പരീക്ഷ തടയാന്‍ അവരുന്നയിച്ച ന്യായവാദങ്ങളുടെ ദൌര്‍ബല്യം ഈ നിഗമനത്തെ ശരിവക്കുകയും ചെയ്യുന്നു. അക്കാദമിക് മുന്‍ഗണനകളാല്‍ അല്ലാതെ പ്രവേശം നേടിയവര്‍ക്ക് കാന്പസുകളില്‍ ലഭിച്ച പ്രാമുഖ്യം, വിദ്യാര്‍ഥി വിരുദ്ധമായ നിലപാടിലേക്കും സമരരീതിയിലേക്കും വിദ്യാര്‍ഥി സംഘടനകളെപ്പോലും കൊണ്ടെത്തിക്കുന്നത് എങ്ങിനെയെന്നും പരീക്ഷാതടയല്‍  സമരം വ്യക്തമാക്കുന്നു. സംസ്ഥാന ഐടി മിഷന്റെ സര്‍വര്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം  സാങ്കേതിക സര്‍വകലാശാല നടപ്പാക്കിയത്. നടപടികളില്‍ അതീവ സൂക്ഷ്മതയും സുതാര്യതയും ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു. ചോദ്യപേപ്പറിനേക്കാള്‍ വലിയ രഹസ്യ സ്വഭാവമുള്ള സംസ്ഥാന സര്‍ക്കാറിന്റെ സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം, കെല്‌ട്രോണ്‍ വഴി സ്വകാര്യ ഏജന്‍സി തന്നെ രൂപകല്‍പന ചെയ്ത സോഫ്റ്റവെയര്‍ ഉപയോഗിച്ചാണ് നടക്കുന്നത് എന്നും സര്‍വകലാശാല ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. 

സ്വാകാര്യ ഏജന്‍സിക്ക് ചോദ്യപേപ്പര്‍ കിട്ടുമെന്നും അവര്‍ സ്വാശ്രയ കോളജുകള്‍ക്ക് അത് ചോര്‍ത്തിക്കൊടുക്കുമെന്നും അങ്ങിനെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നുമാണ് സമരക്കാര്‍ പറയുന്നത്. എന്നാല്‍ അത്ര ലളിതവും നിസ്സാരവുമായല്ല കെ ടി യു ഇത് കൈകാര്യം ചെയ്യുന്നതെന്ന് പരീക്ഷാനടത്തിപ്പിന്റെ വ്യവസ്ഥകള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടും. അധ്യാപകര്‍ തയാറാക്കുന്ന നാലോ അഞ്ചോ സെറ്റ് ചോദ്യപേപ്പര്‍ പരീക്ഷാ കണ്‍ട്രോളറെ ഏല്‍പിക്കും. പരീക്ഷ തുടങ്ങുന്നതിന്റെ ഒരുമണിക്കൂര്‍ 10 മിനിറ്റ് മുന്പ് കണ്‍ട്രോളര്‍ അതില്‍ നിന്ന് ഏതെങ്കിലും മൂന്നെണ്ണം അപ്‍ലോഡ് ചെയ്യും. ഇതില്‍ നിന്ന് ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ് ഒരു ചോദ്യപേപ്പര്‍ തെരഞ്ഞെടുക്കുക. എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രത്യേകം പാസ്‍വേര്‍ഡ് നല്‍കിയിട്ടുണ്ട്. അതുപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഒ ടി പിയും (വണ്‍ ടൈം പാസ്‍വേര്‍ഡ്) വേണം. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ എല്ലാ കോളജിലും സര്‍വകലാശാല ഉദ്യോഗസ്ഥനുണ്ടാകും. ഈ നടപടികളെല്ലാം വീഡിയോ കാമറയില്‍ പകര്‍ത്തുകയും വേണം. 2015 ജൂലൈ മുതല്‍ ഈ രീതിയിലാണ് കെ ടി യുവിന്റെ എല്ലാ പരീക്ഷകളും നടക്കുന്നത്. എംടെക്, എം ബി എ, എം സി എ, ബിആര്‍ക്, പരീക്ഷകളെല്ലാം നടത്തിയത് ഇങ്ങിനെതന്നെ. ബിടെകിന്റെ ഒന്നൊഴികെയുള്ള പരീക്ഷകളും ഈ രീതിയില്‍തന്നെയായിരുന്നു. 

കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ അലംഭാവവുമൊക്കെയായി അങ്ങേയറ്റം താളംതെറ്റിയ കേരളത്തിലെ സര്‍വകലാശാലാ പാരന്പര്യങ്ങളെ പൊളിച്ചെഴുതിയാണ് കെ ടി യു പരീക്ഷാ നടത്തിപ്പില്‍ ഈ മാറ്റം കൊണ്ടുവന്നത്. പരീക്ഷ നടന്ന് വര്‍ഷം പിന്നിട്ടിട്ടും ഫലം പ്രസിദ്ധീകരിക്കാത്ത സര്‍വകലാശാലകളുള്ള കേരളത്തില്‍ മൂന്നാഴ്ചക്കകം ഫലം പ്രസിദ്ധീകരിക്കുന്ന തരത്തില്‍ പരീക്ഷാ സംവിധാനം കെ ടി യു പരിഷ്കരിച്ചു. വിദ്യാര്‍ഥികളുടെ അധ്വാനവും ആയുസും വിലമതിക്കുന്ന ഏറെ ഗുണകരമായ ഈ മാറ്റത്തെയാണ് തൊടുന്യായങ്ങളുന്നയിച്ച് വിദ്യാര്‍ഥികള്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.  പഠന നിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ ഇയര്‍ ഔട്ട് സംവിധാനത്തിനെതിരെ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭം കൂടി ഇതോട് ചര്‍ത്ത് വായിക്കണം. ഒരുഭാഗത്ത് മാനേജ്മെന്റുകളുടെ സാന്പത്തിക നഷ്ടം നികത്താന്‍ കഴിയുംവിധത്തില്‍ ഉദാരമായ നിയമങ്ങളുമായി സര്‍ക്കാര്‍-മാനേജ്മെന്റ് മുന്നണി. ഈ സഖ്യത്തിന്റെ വിദ്യാര്‍ഥി വിരുദ്ധമായ നിലപാടുകള്‍ക്കിരയാകേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ തന്നെ  അക്കാദമിക് മികവിന് വേണ്ടി കൊണ്ടുവരുന്ന പരിഷ്കാരങ്ങളെ അട്ടിമറിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷം മറുവശത്ത്. ഇതിനിടയിലാണ് ഇന്ന് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസം.


2. 

അത്ര സോഫ്റ്റല്ല, സോഫ്റ്റ്‍വെയര്‍

ഇതൊക്കെയാണെങ്കിലും ഒരുപരീക്ഷ നടത്താന്‍ കഴിയുന്ന സോഫ്റ്റവെയറുണ്ടാക്കാന്‍ ശേഷിയുളള പൊതു സ്ഥാപനം കേരളത്തില്‍ ഇല്ലേയെന്ന ചോദ്യം പ്രസക്തമാണ്. സാങ്കേതിക സര്‍വകലാശാല തന്നെ ഇതിന് കഴിയുന്ന തരത്തിലേക്ക് വളരണമെന്ന വിദ്യാര്‍ഥികളുടെ വാദം തള്ളിക്കളയേണ്ടതല്ല. എന്‍ ഐസി പോലുള്ള സ്ഥാപനങ്ങളെ ഒഴിവാക്കി സര്‍കലാശാലകള്‍ സ്വാകാര്യ സ്ഥാപനങ്ങളെ അമതിമായി ആശ്രയിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് നഷ്ടം വരുത്തിയേക്കാമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. സര്‍വകലാശാലയുടെ ദീര്‍ഘകാല പ്രവര്‍ത്തനത്തില്‍ മറ്റൊരു സ്ഥാപനത്തിന് ഇടംകൊടുക്കേണ്ടിവരുന്ന തരത്തില്‍ ഇത് ബാധ്യതയായി മാറിയേക്കുമെന്നാണ് ഇവരുടെ ആശങ്ക. സര്‍ക്കാര്‍ സംവിധാനങ്ങളിലെ സോഫ്റ്റ്‍വെയര്‍ രൂപകല്‍പനക്ക് പിന്നില്‍ നടക്കുന്ന വലിയ കച്ചവടങ്ങളും ഈ ആശങ്കക്ക് പിന്നിലുണ്ട്. 

സംസ്ഥാന  സെക്രട്ടേറിയറ്റിലെ ഫയല്‍ നീക്കം നടക്കുന്ന ഓണ്‍ലൈന്‍ സംവിധാനം രൂപകല്‍പന ചെയ്ത ഏജന്‍സി തന്നെയാണ് പരീക്ഷാ സോഫ്റ്റ്‍വെയറും തയാറാക്കിയത് എന്നാണ് കെ ടി യുവിന്റെ വാദം. മന്ത്രിസഭാ തീരുമാനങ്ങളടക്കം കൈകാര്യം ചെയ്യുന്ന ഡി ഡി എഫ് എസ് (ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയല്‍ സിസ്റ്റം)  ആണ് കെ ടി യു ഉദാഹരിക്കുന്നത്. എന്നാല്‍ അത്ര സുതാര്യമായിരുന്നില്ല,  സെക്രട്ടേറിയറ്റിലേക്കുള്ള ഡി ഡി എഫ് എസിന്റെ വരവ്. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററ്‍ (എന്‍ ഐ സി) രൂപകല്‍പന ചെയ്ത മെസേജ് എന്ന സോഫ്റ്റ്‍വെയറായിരുന്നു ആദ്യം സെക്രട്ടേറിയറ്റില്‍ ഉപയോഗിച്ചിരുന്നത്. ഇത് തയാറാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഉദ്യോഗസ്ഥന്‍ പിന്നീട് എന്‍ ഐ സി വിട്ടുപോയ ശേഷം തുടങ്ങിയ സ്വന്തം സ്ഥാപനമാണ് ഡി ഡി എഫ് എസ് കൊണ്ടുവരുന്നത്. ഏറെക്കുറെ മെസേജിന്റെ സംവിധാനങ്ങളോട് സമാനമായിരുന്നു ഡി ഡി എഫ് എസും. ഈ നീക്കം തടയാന്‍ എന്‍ ഐ സി ഒരുപാട് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

സെക്രട്ടേറിയറ്റില്‍ ഡി ഡി എഫ് എസ് നടപ്പാക്കുന്നതിന് മുന്നോടിയായി അത് പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലായിരുന്നു. പിന്നീട് അത് സെക്രട്ടേറിയറ്റില്‍ നടപ്പാക്കി. ഡി ഡി എഫ് എസ് നടപ്പാക്കിയ അതേ സ്ഥാപനം തന്നെയാണ് ഇപ്പോള്‍ സാങ്കേതിക സര്‍വകലാശാലയിലെ വിവാദ സോഫ്റ്റ്‍വെയറും രൂപകല്‍പന  ചെയ്തിരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് വഴി സെക്രട്ടേറിയറ്റില്‍ എത്തിയവരാണ് ഇപ്പോള്‍ സാങ്കേതിക സര്‍വകലാശാലയിലും എത്തിയിരിക്കുന്നത് എന്നര്‍ഥം. ഇത് അത്രമേല്‍ യാദൃശ്ചികമാണെന്ന് കരുതുക വയ്യ. (മാധ്യമം ആഴ്ചപ്പതിപ്പ്, ജനുവരി-2-2017)

സ്വാശ്രയ എഞ്ചിനീയറിങ്: ഇങ്ങിനെ പഠിച്ചാല്‍ കേരളം എവിടെയെത്തും?

കോഴിക്കോട് ജില്ലയിലെ ഒരു പ്രമുഖ സ്വകാര്യ സ്ഥാപനം റിസപ്ഷനിസ്റ്റ് തസ്തികയിലേക്ക് കഴിഞ്ഞ മാസം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവികളുള്ള സ്ഥാപനത്തിലേക്ക് വന്നത് നൂറിനടുത്ത് അപേക്ഷകള്‍. ഇതില്‍ 24 പേര്‍ ബി ടെക് ബിരുദധാരികളായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ കേരളം നടത്തിയ കുതിച്ചുചാട്ടത്തിന്റെ അനന്തരഫലമാണ് അസ്ഥാനത്തെത്തിയ ഈ അപേക്ഷാ പ്രളയം. എന്‍ജിനീയറിങ് യോഗ്യത വേണ്ടിടത്ത് തൊഴിലെടുക്കാന്‍ കഴിയാത്തവരോ അതിന് അവസരം ലഭിക്കാത്തവരോ കേരളത്തില്‍ എത്രയുണ്ടെന്ന് ഊഹിക്കാന്‍ ഈ കണക്ക് മതിയാകും. എന്നാല്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത തസ്തികകളില്‍ നിയമിക്കാന്‍ കേരള പി എസ് സി എന്‍ജിനീയറിങ് ബിരുദധാരികളെത്തേടി നടക്കുന്നുമുണ്ട്. എന്‍ സി എ വിഭാഗത്തില്‍ നിയമനത്തിന് വേണ്ടി പി എസ് സി ആവര്‍ത്തിച്ച് ഇറക്കുന്ന വിഞ്ജാപനങ്ങള്‍ അവരുടെ വെബ് സൈറ്റില്‍ കാണാം. ഒരുഭാഗത്ത് ഏത് ജോലിക്കും ബിടെക് ബരുദധാരികള്‍ കൂട്ടത്തോടെ അപേക്ഷകാരയി വരുന്നു, മറുഭാഗത്ത് ആവശ്യമുള്ള തസ്തികകളിലേക്ക് യോഗ്യരായ ആളുകളെ കിട്ടാതെ വരുന്നു. കുതിച്ചുചാട്ടമെന്ന് കേരളം മേനിനടിക്കുന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ദൌര്‍ബല്യം വ്യക്തമാക്കുന്നതാണ് ഈ വൈരുദ്ധ്യം.

ആഗോളവത്കരണാനന്തര തൊഴില്‍ വിപണിയില്‍ സാങ്കേതിക വിദ്യാഭ്യാസ യോഗ്യയുള്ളവരെത്തേടിയെത്തിയ വന്പിച്ച തൊഴിലവസരങ്ങളാണ് കേരളത്തിലും എഞ്ചിനീയറിങ് കോളജുകളുടെ പെട്ടന്നുള്ള വളര്‍ച്ചക്ക് കാരണമായത്. വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നിക്ഷേപം കുറക്കണമെന്ന നയം കേരളത്തില്‍ കക്ഷിഭേദമന്യേ സ്വീകരിച്ച സമയംകൂടിയായരിന്നു അത്. ഈ രണ്ട് കാരണങ്ങളും‍ സ്വകാര്യമേഖലക്ക് തുണയായി. കേരളത്തില്‍ അങ്ങോളമിങ്ങോളം സ്വകാര്യ എഞ്ചിനീയറിങ് കോളജുകള്‍ പിറന്നു. കാലിത്തൊഴുത്ത് മുതല്‍ കശുവണ്ടി ഗോഡൌണ്‍ വരെ എഞ്ചിനീയറിങ് കോളജുകളായി രൂപാന്തരം പ്രാപിച്ചു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവരെല്ലാം ബി ടെക് വിദ്യാര്‍ഥികളായി മാറുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. കോളജിന്റെ നിലവാരമോ പഠന മികവോ അടിസ്ഥാന സൌകര്യങ്ങളോ പരിഗണിക്കാതെ കുട്ടികള്‍ ഒഴുകിയെത്തി. തുടക്കത്തില്‍ ബിടെക് യോഗ്യത നേടിയവരെത്തേടി മികച്ച അവസരങ്ങള്‍ കൂടി എത്തിയതോടെ എത്രപണം മുടക്കാനും രക്ഷിതാക്കളും  സന്നദ്ധമായി. ഒരു വ്യവസായം എന്ന നിലയില്‍ പണം മുടക്കുന്നവര്‍ക്കും നിരാശരാകേണ്ടി വന്നില്ല. അതോടെ കേരളത്തില്‍ കോളജുകളുടെ പ്രളയമായി. ഇന്ന് 25,000 കോടിയുടെ മുതല്‍മുടക്കുള്ള 'വാണിജ്യ' മേഖലയായി സ്വാശ്രയ എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗം മാറിക്കഴിഞ്ഞു.

സ്വാകാര്യ സ്വാശ്രയ വിദ്യാഭ്യാസം ഇരുപത് വര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തില്‍ ബാക്കിയായത് 153 കോളജുകള്‍. വിവിധ ബ്രാഞ്ചുകളിലായി ആകെ 58,000ല്‍ അധികം ബിടെക് സീറ്റും. ഇതില്‍ 5000 സീറ്റ് മാത്രമാണ് സര്‍ക്കാര്‍-എയിഡഡ് മേഖലയിലുള്ളത്. ബാക്കിയെല്ലാം സ്വകാര്യ സ്വാശ്രയ കോളജുകളില്‍ തന്നെ‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പകുതിയോളം സീറ്റില്‍ കുട്ടികളെ കിട്ടാത്ത അവസ്ഥയിലാണ് ഈ കോളജുകള്‍; വിശേഷിച്ചും സ്വകാര്യ സ്വാശ്രയ കോളജുകള്‍. ഈ വര്‍ഷത്തെ പ്രവേശം പൂര്‍ത്തിയായപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് 19,834 സീറ്റ്. അഥവ ആകെയുള്ള സീറ്റിന്‌റെ 35 ശതമാനം. കഴിഞ്ഞ വര്‍ഷം 32 ശതമാനമായിരുന്നു ഒഴിവ്. ഓരോവര്‍ഷവും ഒഴിവുവരുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 23 കോളജുകളില്‍ 30 ശതമാനത്തിന് താഴെയാണ് വിദ്യാര്‍ഥി പ്രവേശം. 300 സീറ്റുള്ള കോളജില്‍ വെറും 16 പേര്‍ മാത്രം പ്രവേശം നേടിയ സ്ഥലങ്ങളുണ്ട്. ഇതില്‍ തന്നെ പല കോളജുകളിലും ചില ബ്രാഞ്ചുകളില്‍ വട്ടപ്പൂജ്യമാണ് വിദ്യാര്‍ഥി പ്രാതിനിധ്യം. സംസ്ഥാനത്തെ അഞ്ച് കോളജുകളില്‍ ഇലക്ട്രിക്കല്‍ ആന്‌റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ഒരൊറ്റ കുട്ടിപോലും എത്തിയില്ല. ഈ ബ്രാഞ്ചില്‍ 10 കോളജുകളിലായി 510 സീറ്റിലേക്ക് ആകെ വന്നത് 14 കുട്ടികള്‍ മാത്രം. ഇലക്ട്രോണിക്‌സ് ആന്‌റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ 10 കോളജുകളിലായി ആകെ എത്തിയത് 35 പേര്‍. ഇങ്ങിനെ നിരവധി ബ്രാഞ്ചുകളുണ്ട്. മുഴുവന്‍ സീറ്റിലും കുട്ടികളെത്തിയത് ആകെ 19 സ്വാശ്രയ കോളജുകളില്‍ മാത്രം. കച്ചവടത്തില്‍ പോലും പാലിക്കേണ്ട സാമാന്യ മര്യാദ സ്വാശ്രയ എഞ്ചിനീയറിങ്ങില്‍ മുതല്‍മുടക്കിയവര്‍ കാണിക്കാതിരുന്നുവെന്നതാണ് അത്യന്തം ഗുരുതരമായ ഈ സ്ഥിതി വിശേഷം സൃഷ്ടിച്ചതിലെ മുഖ്യ കാരണം.

ആവശ്യത്തിനനുസരിച്ച് വിതരണം - ഡിമാന്റും സപ്ലൈയും - എന്നത് ഏതുകച്ചവടത്തിന്‌റെയും പ്രാഥമിക തത്വമാണ്. എന്നാല്‍ കേരളത്തിലെ സ്വാശ്രയ വ്യവസായത്തില്‍ അതുപോലും പാലിക്കപ്പെട്ടില്ല. പണം വാരാന്‍ കഴിയുന്ന നിക്ഷേപ മേഖലയായി ഇത് പെട്ടെന്ന് വികസിച്ചതോടെ മുതലാളിമാര്‍ കണ്ണടച്ച് പണമിറക്കി. ആവശ്യത്തില്‍ കവിഞ്ഞ സീറ്റുകളും കോഴ്‌സുകളുമായതോടെ കുട്ടികളെ കിട്ടാതായി. എഞ്ചിനീയറിങ് മേഖലയിലെ കേരളത്തിന്‌റെ ആവശ്യം, പുറത്തേക്ക് കയറ്റിയയക്കാവുന്ന വിഭവ ശേഷിയുടെ സാധ്യത തുടങ്ങിയവയൊന്നും പരിഗണിക്കാതെ, അപേക്ഷിക്കുന്നവര്‍ക്കെല്ലാം കോളജുകള്‍ അനുവദിക്കുന്നതില്‍ കേരളത്തിലെ ഭരണ നേതൃത്വം അത്യുത്സാഹം കാട്ടി. ഇക്കാര്യത്തില്‍ ഇടത്-ഐക്യമുന്നണി വ്യത്യാസവും ഉണ്ടായില്ല. എന്നല്ല, ഉടമകളെ പിണക്കാതിരിക്കാന്‍ മാറിമാറി വന്ന സര്‍ക്കാറുകള്‍ ജാഗ്രത കാണിക്കുകയും ചെയ്തു. ഇത്രയും എഞ്ചിനീയര്‍മാരെക്കൊണ്ട് കേരളമെന്തുചെയ്യുമെന്ന ചോദ്യം സര്‍ക്കാറുകള്‍ കേട്ടില്ലെന്ന് നടിച്ചു. വോട്ടുറപ്പിക്കാനും വോട്ടുതന്നവരെ പ്രീതിപ്പെടുത്താനും ജാതിമതസമുദായം തിരിച്ചും കോളജുകള്‍ അനുവദിക്കപ്പെട്ടു. നിക്ഷേപകരുടെ കച്ചവട താത്പര്യങ്ങളും ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യങ്ങളുമെല്ലാം ചേര്‍ന്ന് നിഗൂഢമായ ഒരു വ്യവസായ മേഖലയായി ഇത് മാറി. ഇങ്ങിനെ ഡിമാന്‌റ്- സപ്ലൈ അനുപാതം പോലും പരിഗണിക്കാതെ നടത്തിയ പരിഷ്‌കാരങ്ങളുടെ അനിവാര്യമായ ദുരന്തമാണ് ഇന്ന് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖല നേരിടുന്നത്.

പിഴക്കുന്ന പാഠം

ലക്കുകെട്ട കച്ചവടത്തിന്റെ പ്രത്യാഘാതം, കുട്ടികള കിട്ടാതെ കോളജുകള്‍ ഒഴിച്ചിടേണ്ടി വന്നതില്‍ ഒതുങ്ങുന്നതല്ല. വിദ്യാര്‍ഥി ക്ഷാമം പരിഹരിക്കാന്‍ പരമാവധി കുട്ടികളെ കോളജുകളിലേക്ക് എത്തിക്കുക എന്നത് കോളജ് ഉടമകളുടെ ബാധ്യതയായി മാറി. പ്ലസ്ടൂ കഴിഞ്ഞിറങ്ങുന്നവരെയെല്ലാം കോളജിലെത്തിക്കുക എന്നതായി അവരുടെ പദ്ധതി. ഇതോടെ എഞ്ചിനീയറിങ് പഠനത്തിന് വേണ്ട ഗണിത-ശാസ്ത്ര വിഷയങ്ങളിലെ അടിസ്ഥാന ധാരണപോലും ഇല്ലാത്തവര്‍ വരെ ബിടെക് വിദ്യാര്‍ഥികളായി മാറി. പ്ലസ്ടുവിന് എത്ര കുറഞ്ഞ മാര്‍ക്ക് നേടിയാലും ബിടെകിന് സീറ്റ് കിട്ടുമെന്നുറപ്പായി. എന്നാല്‍ പഠിച്ചിറങ്ങുന്നവരില്‍ ഭൂരിപക്ഷവും തൊഴില്‍ നൈപുണിയില്ലാത്തവരും എഞ്ചിനീയറിങ് അഭിരുചിയില്ലാത്തവരുമായിരുന്നു. ഒരു ബിരുദമെന്നതിനപ്പുറം മറ്റൊന്നും സമൂഹത്തിന് നല്‍കാന്‍ കഴിയാത്തവിധം ഉപയോഗശൂന്യമായ യോഗ്യതയായി ബിടെക് മാറി. തൊഴില്‍ചെയ്യാനുള്ള ശേഷി നഷ്ടമായ ഈ തലമുറയാണ് റിസപ്ഷനിസ്റ്റ് മുതല്‍ കണ്ടക്ടര്‍ വരെയുള്ള ഒഴിവുകളിലേക്ക് ബിടെക് സര്‍ട്ടിഫിക്കറ്റുമായി ചെന്നുകയറുന്നത്.

എഞ്ചിനീയറിങ് പഠിക്കാനുള്ള അഭിരുചിയില്ലാത്ത വിദ്യാര്‍ഥികള്‍ വര്‍ധിച്ചതോടെ കോളജുകളുടെ വിജയനിലവാരവും കുത്തനെ ഇടിഞ്ഞു. കോളജുകളില്‍ കൂട്ടത്തോല്‍വി പതിവായി. മൂന്ന് വര്‍ഷം മുമ്പുള്ള ഒരു വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടി പ്രകാരം ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ എഞ്ചിനീയറിങ് കോളജുകളിലെ തോല്‍വി 60 മുതല് 90 ശതമാനം വരെയാണ്. കേരള സര്‍വകലാശാലയില്‍ അന്ന് അത് 56-80 ശതമാനമായിരുന്നു. വിജയശതമാനം ഓരോ വര്‍ഷവും കുത്തനെ കുറഞ്ഞ് 25 ശതമാനത്തില്‍ വരെ എത്തിയിട്ടുണ്ട്. അഥവ കേരളത്തിലെ ഏത് സര്‍വകലാശാലയിലാണെങ്കിലും പണം മുടക്കി ബിടെക് പഠിക്കാനെത്തുന്നവരില്‍ മഹാ ഭൂരിഭാഗവും പരാജയപ്പെടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിരുദം നേടുന്ന 30 ശതമാനത്തില്‍ പകുതിയോളം ജോലി ചെയ്യാന്‍ ശേഷിയില്ലാത്തവരുമാണ്. ഫലത്തില്‍ ഒരു ബാച്ചില്‍ പഠിക്കാനിറങ്ങുന്ന 85 ശതമാനം കുട്ടികളും വഴിയാധാരമാകുന്നുവെന്നര്‍ഥം. ഇതില്‍ തന്നെ, ദലിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങളുടെ വിജയനിരക്ക് അതിദയനീയമാണ്. ഒരുകുട്ടിപോലും വിജയിക്കാത്ത കോളജുകള്‍ കേരളത്തിലുണ്ട്. മതിയായ നിലവാരവും അടിസ്ഥാന സൗകര്യവുമില്ലാത്തതിനാല്‍ അഞ്ച് കോളജുകള്‍ക്ക് സാങ്കേതിക സര്‍വകലാശാല ഈ വര്‍ഷം അഫിലിയേഷന്‍ നിഷേധിച്ചു. എന്നാല്‍ ഇതില്‍ രണ്ട് കോളജുകള്‍ ഹൈക്കോടതി വിധി സന്പാദിച്ച് ഇത്തവണയും പ്രവേശം നടത്തി. ഇതില്‍ ഒരു കോളജില്‍ ആകെ 26 വിദ്യാര്‍ഥികളാണ് എത്തിയത്. വിവിധ കോളജുകളിലായി 92 ബാച്ചുകള്‍ക്കും അഫിലിയേഷന്‍ നിഷേധിച്ചു. ഇതില്‍ ചില ബാച്ചുകള്‍ക്ക് എ ഐ സി ടി ഇയും അനുമതി നിഷേധിച്ചിരുന്നു. ഇതെല്ലാം മുറക്ക് നടന്നിട്ടും കോളജുകളില്‍ മിനിമം നിലവാരം ഉറപ്പാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല.
കുറഞ്ഞ റാങ്ക് വാങ്ങിയിട്ടും പ്രവേശം ലഭിച്ചവരാണ് എഞ്ചിനീയറിങ് കോളജുകളില്‍ തോല്‍ക്കുന്നവരില്‍ ഭൂരിഭാഗവുമെന്ന ഒരു പഠനം നേരത്തെ പാലക്കാട് ഐ ആര്‍ ടി സി നടത്തിയിരുന്നു.

പഠന നിലവാരവും അടിസ്ഥാന സൌകര്യങ്ങളുമില്ലാതായതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അതിരൂക്ഷമായി. ഒരുബാച്ചില്‍ മൂന്ന് കുട്ടികളെങ്കിലും കൊഴിഞ്ഞുപോകുക സ്വാഭാവികമാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. എന്നാല്‍ കേരളത്തില്‍ ഇത് 10 കുട്ടികള്‍ വരെയാകുന്നുണ്ട്. പഠിച്ചുതീര്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെടുന്ന കുട്ടികളാണ് പഠനം വഴിയില്‍ ഉപേക്ഷിക്കുന്നത്. കച്ചവടം നഷ്ടമാകാതിരിക്കാന്‍ ആട്ടിത്തെളിച്ച് കൊണ്ടുവരുന്ന കുട്ടികളാണ് കൈകാലിട്ടടിക്കുന്നവരിലേറെയും. വിജയ ശതമാനം കുത്തനെ ഇടിയുന്നത് തടയാന്‍ സാങ്കേതിക സര്‍വകലാശാല ഇയര്‍ ഔട്ട് സംവിധാനം ഏര്‍പെടുത്തി. ഇതോടെ പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ നഷ്ടപെട്ട് പുറത്തുപോകുന്നവരുടെ എണ്ണം 20 വരെ എത്തി. പഠിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടാല്‍ നിര്‍ത്തിപ്പോകാന്‍ കുട്ടികള്‍ക്ക് ഇതൊരു ഔദ്യോഗിക കാരണമായി മാറുകയും ചെയ്തു. എന്നല്ല, മാനേജ്മെന്റുകളുടെ അത്യാര്‍ത്തിക്കും രക്ഷിതാക്കളുടെ അത്യാഗ്രഹത്തിനുമിടയില്‍ കുരുങ്ങി സ്വന്തം ഭാവി അനിശ്ചിതത്വത്തിലായ വിദ്യാര്‍ഥികള്‍ ഇതൊരു രക്ഷാ വഴിയായാണ് കാണുന്നത്. പഠനം നിര്‍ത്താന്‍ രക്ഷിതാക്കളുടെ സമ്മതം നേടിയെടുക്കാന്‍ ഇയര്‍ ഔട്ട് സംവിധാനം അവര്‍ക്ക് സഹായകരമാകുകയും ചെയ്തു. അതവര്‍ വിജയകരമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളും ഇടിയുന്ന പഠന നിലവാരവും കുട്ടികളുടെ കൊഴിഞ്ഞുപോക്കുമെല്ലാം സൃഷ്ടിച്ച വന്പന്‍ നഷ്ടം നികത്തി, കച്ചവടം ലാഭകരമാക്കാന്‍ മാനേജ്മെന്റുകളും സര്‍ക്കാറും നടത്തുന്ന രഹസ്യവും പരസ്യവുമായ ഇടപാടുകളാണ് ഓരോവര്‍ഷവും ഉയര്‍ന്നുവരുന്ന സ്വാശ്രയ ചര്‍ച്ചകളും വിവാദങ്ങളും. അക്കാദമിക് താത്പര്യങ്ങളോ പഠന മികവോ ഇതിലെവിടെയും പരിഗണിക്കപ്പെടുന്നില്ല. ഈ മേഖലയില്‍ ഉയര്‍ന്നുവന്ന പരിഷ്കരണ നിര്‍ദേശങ്ങളുടെ പിറകില്‍പോലും ധനനഷ്ടം ഒഴിവാക്കാനുളള വ്യഗ്രതകള്‍ കാണാം. എല്ലാ പരിഷ്കരണവും ഒടുവില്‍ ചെന്നെത്തുന്നത് പരമാവധി കുട്ടികളെ കോളജിലെത്തിക്കുകയും ഒരിക്കല്‍ കോളജിലെത്തിക്കഴിഞ്ഞാല്‍ അവരില്‍ നിന്ന് ഏതുവഴിയിലൂടെയും പണം പിടിക്കാന്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതിലാണ്. വര്‍ഷാവര്‍ഷം സര്‍ക്കാറുണ്ടാക്കുന്ന സ്വാശ്രയ കരാര്‍ പോലും ഫലത്തില്‍ മാനേജ്മെന്റുകളുടെ നഷ്ടം നികത്താന്‍ സഹായിക്കുന്നതായി മാറുന്നുവെന്നതാണ് അനുഭവം.

വെയ് രാജാ വെയ്

വിദ്യാര്‍ഥികളെ ഏതുവിധേയനയും കോളജുകളിലെത്തിക്കുക എന്നതാണ് സാന്പത്തിക നഷ്ടം നികത്താനുള്ള എളുപ്പവഴിയെന്ന് മാനേജ്മെന്റുകള്‍ എന്നേ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പരമാവധി തടസ്സങ്ങളൊഴിവാക്കി ഏറ്റവുമാനായാസേന സീറ്റുറപ്പാക്കാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയാണ് കോളജുകള്‍ ചെയ്യുന്നത്. മെറിറ്റ്, മാനേജ്മെന്റ്, എന്‍ ആര്‍ ഐ എന്നീ വിഭാഗങ്ങളിലായി സീറ്റുകള്‍ തരംതിരിച്ചത് തന്നെ ഇത് മുന്നില്‍കണ്ടാണ്. മെറിറ്റില്‍ സര്‍ക്കാര്‍ അലോട്ട്മെന്റാണെങ്കില്‍ മാനേജ്മെന്റ് സീറ്റില്‍ കോളജുകള്‍ നേരിട്ട് പ്രവേശം നല്‍കുകയാണ് ചെയ്യുന്നത്. പ്രവേശ പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരെ മാത്രമെ പ്രവേശിപ്പിക്കാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ ഒരുകാലത്തും ഇത് കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല. പകുതി സീറ്റ് വിട്ടുകിട്ടുന്നതിനാല്‍ സര്‍ക്കാറും ഇക്കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്താറില്ല. കരാറില്‍ ഇത്തരമൊരു വ്യവസ്ഥ വക്കുകയും പ്രയോഗത്തില്‍ അത് അവഗണിക്കുകയുമാണ് കീഴ്‍വഴക്കം.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ അധ്യയന വര്‍ഷമാണ് ഇക്കാര്യത്തില്‍ അല്‍പമെങ്കിലും കര്‍ശനമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരെ മാത്രമെ പ്രവേശിപ്പിക്കാവൂ എന്ന കര്‍ശന നിലപാടിന് മാനേജ്മെന്റുകള്‍ വഴങ്ങിയത് സര്‍ക്കാറിന്റെ നേട്ടമായി വാഴ്ത്തപ്പെടുകയും ചെയ്തു. എന്നാല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പെടുക എന്നത് മാത്രമാണ് ഇതിലെ വ്യവസ്ഥ എന്നതാണ് രസകരം. യോഗ്യത നേടിയവര്‍ ലിസ്റ്റിലെ ഏറ്റവും അവസാനത്തെയാളായാലും മുടക്കാന്‍ പണമുണ്ടെങ്കില്‍ സീറ്റ് ലഭിക്കും. എന്നാല്‍ ഇത്തവണയും ഇത് കൃത്യമായി പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പ്രത്യേക ഉത്തരവുകള്‍ സന്പാദിച്ചുപോലും പ്രവേശം തരപ്പെടുത്തിയവരുണ്ടെന്നാണ് വിവരം.

സര്‍ക്കാര്‍ എത്ര കര്‍ശന നിലപാട് എടുത്താലും കോളജുകള്‍ക്ക് തോന്നിയപോലെ പ്രവേശം നടത്തുന്നതിന് നിലവിലെ നിയമങ്ങള്‍ പ്രകാരം ഒരു തടസ്സവുമില്ല. മാനേജ്മെന്റ് സീറ്റില്‍ പ്രവേശം നേടിയ വിദ്യാര്‍ഥികളുടെ റാങ്ക് വിവരങ്ങള്‍ ഒരു സര്‍വകലാശാലയും പരിശോധിക്കുന്നില്ല. പ്ലസ് ടു അടക്കമുള്ള മറ്റ് അടിസ്ഥാന യോഗ്യതകളാണ് ഇവര്‍ പരിശോധിക്കുന്നത്. നേരത്തെ കേരള സര്‍വകലാശാലയില‍്‍ ഇതിന് സംവിധാനമുണ്ടായിരുന്നു. സ്വാശ്രയ കോളജുകളുടെ വരവോടെ ഇതില്‍
അയവ് വന്നു. പിന്നീട് കോളജുകള്‍ സാങ്കേതിക സര്‍വകലാശാലക്ക് കീഴിലായതോടെ പരിശോധന തന്നെ ഇല്ലാതായി. മാനേജ്മെന്റ് സീറ്റില്‍ പ്രവേശം നേടുന്നവരുടെ പട്ടിക മേല്‍നോട്ട കമ്മിറ്റിക്കാണ് സമര്‍പിക്കുന്നത്. കമ്മിറ്റി ഇത് പരിശോധിച്ച് ഉറപ്പുവരുത്തുന്നുവെന്നാണ് സങ്കല്‍പം. എന്നാല്‍ പ്രയോഗത്തില്‍ ഇത് നടക്കാറില്ല. കമ്മിറ്റിയുടെ നിലവിലെ ഘടനയും വ്യാപ്തിയും വച്ച് മുഴുവന്‍ കോളജുകളിലെയും കുട്ടികളുടെ രേഖകള്‍ പരിശോധിക്കുക അപ്രായോഗികവുമാണ്. പരാതിയോ ആരോപണങ്ങളോ ഉയരുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കുന്നതിലൊതുങ്ങുന്നു മേല്‍നോട്ട കമ്മിറ്റി പ്രവര്‍ത്തനം.

മാനേജ്മെന്റ് സീറ്റിലെ ഫീസ് ഘടനയും മാനേജ്മെന്‍റുകളുടെ വിലപേശലുകള്‍ക്ക് സഹാകരമാകുന്ന തരത്തിലാണ് സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. പരമാവധി ഒരുലക്ഷം രൂപ വരെ എന്ന രീതിയിലായിരിക്കും കരാര്‍. ഇതനുസരിച്ച് കോളജുകള്‍ക്ക് ഫീസ് കുറച്ചുകൊടുക്കാനും കൂടുതല്‍  കുട്ടികള്‍ വന്നാല്‍ ഫീസ് കൂട്ടാനുമെല്ലാം സൌകര്യപ്രദമായ 'ഫ്ലക്സിബിലിറ്റി' ഇതില്‍ നിലനിര്‍ത്തുന്നുണ്ട്. ഫ്ലക്സിബിലിറ്റിയെന്നാല്‍ വിലപേശി വില്‍ക്കുകയെന്നു തന്നെ. പ്ലസ് ടുവില്‍ പ്രവേശം കഴിഞ്ഞയുന്‍ സീറ്റ് വില്‍പന ആഭിക്കുന്ന കോളജുകളുണ്ട്. മെറിറ്റില്‍ സീറ്റില്‍ കുറവും മോനേജ്മെന്റ് സീറ്റില്‍ കൂടുതലുമാണ് നേരത്തെ ഈടാക്കിയിരുന്ന ഫീസ്. കുട്ടികള്‍ കുറഞ്ഞതോടെ ഇത് ഏകീകരിച്ചു. ഈ തീരുമാനം മാനേജ്മെന്റുകള്‍ക്ക് വലിയ നേട്ടമായി. ഒരേ ഫീസായതിനാല്‍ മാനേജ്മെന്റ് സീറ്റ് നേരത്തെ തന്നെ വില്‍ക്കാന്‍ കോളജുകള്‍ക്ക് അവസരം ലഭിച്ചു. മെറിറ്റ് സീറ്റിലേക്ക് അലോട്ട്മെന്റ് വഴി കുട്ടികളെ ഉറപ്പാക്കാനും കഴിഞ്ഞു.

മാനേജ്മെന്റ് സീറ്റിലെ പരിമിതമായ ഈ നിയന്ത്രണം പോലും എന് ആര്‍ ഐ ക്വാട്ടയിലില്ല, അവിടെ പ്രവേശ പരീക്ഷയില്ല. റാങ്ക് ലിസ്റ്റില്ല. യോഗ്യതാ പരീക്ഷയില്‍ കാര്‍ക്കശ്യമില്ല. പണം മുടക്കാനുണ്ടെങ്കില്‍ സീറ്റുറപ്പ്. ഏതെങ്കിലും പ്രവാസി മലയാളിയുടെ ശിപാര്‍ശക്കത്ത്, അയാളുടെ വിസ, പാസ്പോര്‍ട്ട് കോപി എന്നിവ സഹിതം അപേക്ഷിക്കണമെന്നേയുള്ളൂ. പ്രവാസികളുടെ മക്കള്‍ക്ക് വേണ്ടി എന്ന പേരിലാണ് ഈ ക്വാട്ട തുടങ്ങുന്നത്. പിന്നീടത് പ്രവാസികളുടെ ബന്ധുക്കള്‍ക്ക് നല്‍കാമെന്ന് പരിഷ്കരിച്ചു. പിന്നെ ഏതെങ്കിലും പ്രവാസിയുടെ ശിപാര്‍ശ മതിയെന്നായി. ഒരേ പ്രവാസിയുടെ പേരില്‍ എല്ലാ കൊല്ലവും കുട്ടികള്‍ പ്രവേശം നേടുന്ന സ്ഥിതി വരെ സംസ്ഥാനത്തുണ്ട്. പ്രവാസികളെ കണ്ടെത്താനാകാത്ത കുട്ടികള്‍ക്ക് വേണ്ടി ചില കോളജുകള്‍ തന്നെ ആളുകളെ ഏര്‍പാടാക്കി കൊടുക്കുന്നുമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ശിപാര്‍ശക്കത്ത് നല്‍കിയവരുടെ പേരില്‍ തന്നെ ചില കോളജുകള്‍ പില്‍ക്കാലങ്ങളില്‍ കുട്ടികളെ ചേര്‍ക്കുന്നുണ്ട്. എന്‍ ആര്‍ ഐ ക്വാട്ടയില്‍ മറ്റ് സീറ്റുകളിലേതിനേക്കാള്‍ ഉയര്‍ന്ന ഫീസാണ് ഈടാക്കുന്നത്. എന്നാല്‍ പ്രവേശ പരീക്ഷ നിര്‍ബന്ധമില്ലാത്തതിനാല്‍ ഈ വിഭാഗത്തില്‍ കുട്ടികളെയെടുത്ത് ഒഴിവുള്ള സീറ്റുകള്‍ കോളജുകള്‍ നികത്തുന്നുണ്ട്. അവിടെയും ഫീസ് തോന്നിയപോലെ ഈടാക്കുകുയും ചെയ്യും. ചുരുക്കത്തില്‍ കൈയ്യില്‍ പണമുണ്ടെങ്കില്‍ നേരത്തെ തന്നെ സീറ്റ് ഉറപ്പാക്കാനും കഴിവുപോലെ വിലപേശാനും കഴിയുന്ന സ്ഥിതിയിലാണ് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖല.

പണമീടാക്കാന്‍ പല വഴി

കുട്ടികള്‍ കോളജിലെത്തിക്കിട്ടേണ്ട പ്രയാസമേ മാനേജ്മെന്റുകള്‍ക്കുള്ളൂ. പിന്നെ പണം എങ്ങിനെ ഈടാക്കണമെന്ന് കോളജുകള്‍ക്കറിയാം. വിചിത്രമായ വഴികളാണ് അതിന് കോളജുകള്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ ഒരു പ്രശസ്ത ധനകാര്യ ഏജന്‍സിയുടെ പേരിലുള്ള കോളജ് കുട്ടികള്‍ക്ക് വന്‍ തുകയുടെ സ്കോളര്‍ഷിപാണ് വാഗ്ദാനം ചെയ്യുന്നത്. പ്ലസ്ടുവിന് 90 ശതമാനം മാര്‍ക്കുള്ള കുട്ടികള്‍ക്ക് ഫീസിന്റെ 75 ശതമാനം വരെയാണത്രെ സ്കോളര്‍ഷിപ് വാഗ്ദാനം. മാര്‍ക്ക് 80 ശതമാനമാണെങ്കില്‍ ഫീസ് പകുതി നല്‍കിയാല്‍ മതി. ഉയര്‍ന്ന മാര്‍ക്കുള്ള കുട്ടികളെല്ലാം ഈ വാഗ്ദാനത്തില്‍ എളുപ്പം വീഴും. എന്നാല്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയായാലാണ് വാഗ്ദാനത്തിലെ ചതിക്കുഴികള്‍ പുറത്തുവരിക. ഒന്നാം വര്‍ഷം ഏതെങ്കിലും ഒരു വിഷയത്തില്‍ തോറ്റാല്‍ പിന്നീട് അവര്‍ക്ക് സ്കോളര്‍ഷിപ് ലഭിക്കില്ല. ഏത് മികച്ച കോളജിലായാലും എഞ്ചിനീയറിങിന്റെ ഒന്നാം വര്‍ഷം ഒരു പേപ്പര്‍ നഷ്ടപ്പെടുകയെന്നത് സര്‍വ സാധാരണമാണ്. കോഴ്സുമായി ഇണങ്ങുന്നതോടെ പിന്നീട് അവര്‍ക്കുതന്നെ എളുപ്പത്തില്‍ എഴുതിയെടുക്കാവുന്നതേയുള്ളൂ ഇത്. എന്നാല്‍ ഇതൊന്നും കച്ചവടത്തിലെ വാഗ്ദാനത്തിന് ബാധകമല്ല. ഇത് കര്ശനമായി നടപ്പാക്കുന്നതോടെ സ്കോളര്‍ഷിപ് വിരലിലെണ്ണാവുന്ന കുട്ടികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടു്ത്താന്‍ കോളജുകള്‍ക്ക് കഴിയും. 'തോറ്റ' കുട്ടികളായതിനാല്‍ രക്ഷിതാക്കളും ചോദ്യം ചെയ്യില്ല.  പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ കുട്ടികള്‍ മുഴുവന്‍ ഫീസ് നല്‍കാന്‍ നിര്‍ബന്ധിതമാകും. കോളജിന് ഇരട്ടി ലാഭം. ഈ തന്ത്രം പയറ്റുന്ന നിരവധി കോളജുകള്‍ കേരളത്തിലുണ്ട്.

ഏതെങ്കിലും വിഷയത്തില്‍ തോറ്റാല്‍ അവര്‍ക്കും ചിലവ് ഇരട്ടിയാണ്. ഇങ്ങിനെ തോല്‍ക്കുന്നവര്‍ക്ക് വേണ്ടി കോളജുകള്‍ തന്നെ ട്യൂഷന്‍ ഏര്‍പാടാക്കും. അതും അതേ കോളജിലെ അധ്യാപകരെക്കൊണ്ട് തന്നെ. ഈ ട്യൂഷന് വന്‍ ഫീസാണ് പല കോളജുകളും ഈടാക്കുന്നത്. കുട്ടികളെ പഠിപ്പിച്ച് വിജയിപ്പിക്കേണ്ട കോളജുകള്‍ തന്നെ, ആ ബാധ്യത മാറ്റിവച്ച് തോല്‍വി പണമുണ്ടാക്കാനുള്ള ഉപാധിയാക്കി മാറ്റുകയണ് ചെയ്യുന്നത്. ഈ സമാന്തര കോളജ് സംവിധാനത്തില്‍ ബലിയാടാക്കപ്പെടുന്നതില്‍ അധ്യാപകരുമുണ്ട്. ഇത്തരം കുട്ടികളെ പഠിപ്പിച്ച് വിജയിപ്പിക്കേണ്ടത്  'ട്യൂഷന്‍ ടീച്ചര്‍' വേഷംകെട്ടുന്നവരുടെ ബാധ്യതയാണ്. ഒരുവര്‍ഷം എത്രകുട്ടികളെ വിജയിപ്പിക്കണമെന്ന ടാര്‍ജറ്റ് അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവരുടെ ജോലിയെ തന്നെ അത് ബാധിക്കും.

നിലവിലുള്ള അധ്യാപകരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിക്കുന്നതും മാനേജ്മെന്റുകള്‍ക്ക് ലാഭം നല്‍കുന്ന ഇടപാടാണ്. മുതിര്‍ന്ന അധ്യാപകരെ ഒഴിവാക്കി പകരം പുതു ബിരുദധാരികളെ നിയമിക്കുന്നതോടെ ശന്പള നിരക്കില്‍  വന്‍ കുറവാണ് സംഭവിക്കുക. പുതിയ ആളുകളാകട്ടെ, കൂടുതല്‍ ജോലി ചെയ്യുകയും ചെയ്യും. ബിരുദധാരികള്‍ നാടെങ്ങും സുലഭമായതിനാല്‍  ഇക്കാര്യത്തില്‍ കോളജുകള്‍ക്ക് ആളെകിട്ടാത്ത
പ്രശ്നവുമില്ല. എ ഐ സി ടി ഇ നിബന്ധന പ്രകാരം ഉണ്ടാകേണ്ട തസ്തികകള്‍ക്ക് വിരമിച്ചവരുടെ പേരില്‍ വ്യാജ തസ്തികകളുണ്ടാക്കിയാണ് പല കോളജുകളും പുതുബിരുദക്കാരെ നിയമിക്കുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകളും ഗ്രാന്റുകളും സമാഹരിക്കാന്‍ ഊര്‍ജിത ശ്രമങ്ങളാണ് സ്വാശ്രയ കോളജുകള്‍ നടത്തുന്നത്. റൂസ പോലുള്ളവയുടെ ഫണ്ടുകള്‍ ലക്ഷ്യമിട്ട്  കഴിഞ്ഞ വര്‍ഷങ്ങളില്‍  കരുനീക്കങ്ങള്‍ നടത്തിയിരുന്നു. ക്ലസ്റ്റര്‍ കോളജുകളുണ്ടാക്കിയാല്‍ ലൈബ്രറി, ലാബ് പോലുള്ളവക്ക് പ്രത്യേക ഫണ്ട് ലഭിക്കും. ഇത് സംഘടിപ്പിക്കാന്‍ മതാടിസ്ഥാനത്തിലും ജാതി അടിസ്ഥാനത്തിലും മാനേജ്മെന്റുകള്‍ ഒന്നിച്ച് ക്ലസ്റ്ററുണ്ടാക്കിയ സംഭവങ്ങള്‍ വരെയുണ്ട് കേരളത്തില്‍. ക്ലസ്റ്ററിന് ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളായാല്‍ മതി എന്ന വ്യവസ്ഥ ഉപയോഗിച്ചാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള കോളജുകള്‍ ഒരുക്ലസ്റ്ററായി ഗ്രാന്റുകള്‍ നേടിയെടുക്കുന്നത്.കച്ചവടത്തിന് സര്‍ക്കാര്‍ കൂട്ട്

മാനേജ്മെന്റുകളുടെ നിക്ഷേപം ലാഭകരമാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ലോഭമായ പിന്തുണയാണ് നല്‍കുന്നത്. മാനേജമെന്റുകളുമായി ഉണ്ടാക്കുന്ന കരാര്‍ മുതല്‍ ഈ രംഗത്ത് കൊണ്ടുവരുന്ന ഭരണ പരിഷ്കാരങ്ങള്‍ വരെ കോളജുകളില്‍ പരമാവധി കുട്ടികളെ എത്തിക്കാനും അവരില്‍നിന്ന് പണം ഈടാക്കാനും കഴിയുംവിധത്തിലുള്ളതാണ്.

സ്വാശ്രയ കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ് ലിക്വിഡിറ്റി ഡാമേജസ്. ഒരിക്കല്‍ കോളജില്‍ ചേര്‍ന്നാല്‍ കോഴ്സ് കഴിയുംവരെ അവിടെ പഠിച്ചിരിക്കണമെന്നാണ് ഈ വ്യവസ്ഥയുടെ ഫലം. അഥവ മറ്റൊരു കോളജില്‍ പ്രവേശം കിട്ടിയാലോ മികച്ച കോളജില്‍ സീറ്റ് ലഭിച്ചാലോ ഇവിടെനിന്ന് വെറുതെയങ്ങ് പോകാനാകില്ല. കോളജിന് നഷ്ടപരിഹാരം നല്‍കണം. പഠനം നിര്‍ത്തേണ്ടി വന്നാല്‍പോലും ഇളവില്ല. ഒരു കോഴ്സ് കാലയളവിലേക്കുള്ള മുഴുവന്‍ ഫീസും നല്‍കണമെന്നാണ് വ്യവസ്ഥ. സര്‍ക്കാര്‍ അലോട്ട്മെന്റ് വഴി വരുന്ന കുട്ടികള്‍ക്ക് പോലും നിശ്ചിത തിയതി കഴിഞ്ഞാല്‍ ഉയര്‍ന്ന ഓപ്ഷന്‍ സ്വീകരിച്ച് കോളജ് മാറാനാകില്ല. വിദ്യാര്‍ഥികളുടെ ഏറ്റവും മൌലികമായ അവകാശമാണ് മാനേജ്മെന്റുകളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ബലികൊടുക്കുന്നത്. അങ്ങേയറ്റം വിദ്യാര്‍ഥി വിരുദ്ധമായ ഈ വ്യവസ്ഥ വര്‍ഷങ്ങളായി കരാറില്‍ ഇടംപിടിച്ചിട്ടും കേരളത്തിലെ ഒരു മുഖ്യധാരാ വിദ്യാര്‍ഥി സംഘടനക്കും അതില്‍ തെല്ലും അലോസരവും അനിഷ്ടവുമുണ്ടായിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തെ പോലെ തന്നെ വിദ്യാര്‍ഥി സംഘടനകള്‍ക്കും കോളജുടമകള്‍ അത്രമേല്‍ പ്രിയങ്കരരായിക്കഴിഞ്ഞിരിക്കുന്നു.

ഇടക്ക് കൊഴിഞ്ഞുപോകുന്നവരും നേരിടുന്നുണ്ട് ഈ പ്രതിസന്ധി. ഇയര്‍ ഔട്ട് സംവിധാനം ഏര്‍പെടുത്തിയതോടെ പഠനം നിര്‍ത്താന്‍ വിദ്യാര്‍ഥികള്‍ തന്നെ നിര്‍ബന്ധിതരാകുന്നുണ്ട്. എന്നാല്‍ ഇങ്ങിനെ പഠനം നിര്‍ത്തേണ്ടി വരുന്നവരും കോളജിന് നഷ്ടപരിഹാരം നല്‍കേണ്ടി വരുന്നുണ്ട്. ഇത്തരം വിദ്യാര്‍ഥികളുടെ ഭരണപരമായ കാര്യങ്ങള്‍ കോളജിന് തന്നെ തലവേദനയാണ്. അതിനാല്‍ അവര്‍ ഒഴിഞ്ഞുപോകട്ടെ എന്ന് കരുതുന്നവരാണ് ഏറെയും. എന്നിട്ടും നഷ്ടപരിഹാരം നല്‍കാതെ ഇവരെ വിട്ടയക്കാന്‍ കോളജുകള്‍ തയാറല്ല. പരീക്ഷ എഴുതി വിജയിക്കില്ലെന്ന് ഉറപ്പായ ഒരു കോഴ്സില്‍ പഠനം ഉപേക്ഷിക്കാനും കോളജുകള്‍ക്ക് പണം നല്‍കേണ്ടിവരുന്ന വിദ്യാഭ്യാസ സന്പ്രദായമാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരളത്തില്‍ നിലവിലുള്ളത് എന്നതാണ് വിചിത്രം.

പ്രവേശ പരീക്ഷ, എഞ്ചിനീയറിങ് പ്രവേശം, യോഗ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന എല്ലാ ചര്‍ച്ചകളിലും നിര്‍ദേശങ്ങളിലും പരിഷ്കാരങ്ങളിലും മാനേജ്മെന്റ് താത്പര്യങ്ങള്‍ ഉള്ളടങ്ങിയിരിക്കുന്നത് കാണാം. കുട്ടികളില്ലാതെ പ്രതിസന്ധിയിലായ കോളജുകളെ സര്‍ക്കാര്‍ തന്നെ രക്ഷിക്കണമെന്ന ലളിതമായ യുക്തിയാണ് സമീപകാലത്ത് മാനേജ്മെന്റുകളെടുക്കുന്ന എല്ലാ നിലപാടുകളുടെയും കാതല്‍. സ്വാശ്രയ മേഖലയില്‍ വലിയ അധികാരമൊന്നുമില്ലാത്ത സര്‍ക്കാറുകളാകട്ടെ, കുറച്ചുകുട്ടികളെ അലോട്ട്മെന്റ് വഴി കോളജുകളിലെത്തിക്കാന്‍ കഴിയുന്നതിന്റെ രാഷ്ട്രീയ നേട്ടം മാത്രം മുന്നില്‍കണ്ട് അവരുടെ വാദങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. ഈ വര്‍ഷം തന്നെ പ്രവേശത്തിന്റെ തൊട്ടുമുന്പ് ഉയര്‍ന്നുവന്ന പ്രധാന ആവശ്യം റാങ്ക് ലിസ്റ്റിന് പുറത്തുനിന്ന് കുട്ടികളെയെടുക്കാന്‍ അനുവദിക്കണമെന്നതായിരുന്നു. ഇത്തരം ആവശ്യങ്ങളുയരുന്നത് ഇതാദ്യവുമല്ല.

പ്രവേശ പരീക്ഷയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം നടന്ന പ്രധാന ചര്‍ച്ച ഒരു പേപ്പറില്‍ കുറഞ്ഞത് 10 മാര്‍ക്ക് വേണമെന്ന നിബന്ധന പിന്‍വലിക്കുന്നതിനെക്കുറിച്ചായിരുന്നു. പ്രവേശ പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടവരെയെല്ലാം പഠിക്കാന്‍ യോഗ്യരാക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം. കുട്ടികളുടെ കുറവ് മറികടക്കാന്‍ ഇതിലൂടെ കഴിയുമെന്നും മാനേജ്മെന്റുകള്‍ കണക്കുകൂട്ടി. ഒരു ചോദ്യത്തിന് പോലും ഉത്തരമെഴുതാത്തവരെക്കൂടി റാങ്ക് ലിസ്ററില്‍ എത്തിക്കുന്ന തരത്തിലുള്ള പരിഷ്കാരം. ഇതിന് സര്‍ക്കാറും അനുകൂല നിലപാട് സ്വീകരിച്ചു. ഒടുവില്‍ പൊതുസമൂഹത്തില്‍നിന്നുയര്‍ന്ന കടുത്ത പ്രതിഷേധത്തേതുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നീക്കത്തില്‍നിന്ന് പിന്‍മാറിയത്. കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍ പ്ലസ്ടുവിന് കുറ‍ഞ്ഞത് 50 ശതമാനം മാര്‍ക്കെങ്കിലും വേണമെന്ന വ്യവസ്ഥ ഭേദഗതി ചെയ്യാനും നീക്കം നടന്നു. ഇത് 45 ശതമാനമാക്കി കുറക്കാനായിരുന്നു തീരുമാനം. ഇതാകട്ടെ മാനേജ്മെന്റ് സീറ്റിലേക്ക് മാത്രവും. അലോട്ട്മെന്റ് വഴി പ്രവേശം നേടുന്നവര്‍ക്ക് ഈ ഇളവ് കിട്ടില്ലെന്നര്‍ഥം. ഇതില്‍നിന്ന് തന്നെ വ്യക്തമാണല്ലോ പരിഷ്കാരത്തിന്റെ ലക്ഷ്യം.

എഞ്ചിനീയറിങ് പ്രവേശത്തിന്, പ്രവേശ പരീക്ഷ തന്നെ വേണ്ടെന്നായിരുന്നു ഇതിന്റെ മുന്‍വര്‍ഷം നടന്ന പ്രധാന ചര്‍ച്ച. പ്രവേശം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത് കോളജ് ഉടമകളുടെ സംഘടന തന്നെ. അത് സ്വീകരിക്കാന്‍ അന്നത്തെ സര്‍ക്കാറിനും ഒരു വൈമനസ്യവുമുണ്ടായില്ല. എന്നല്ല, ഇത് നടപ്പാക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് ഇതുപേക്ഷിച്ചു. ഇതിനിടെയാണ് നഗറ്റിവ് മാര്‍ക്ക് ഉപേക്ഷിക്കാനുള്ള തീരുമാനമുണ്ടായത്. ഇത് നടപ്പാക്കുകയും ചെയ്തു. എന്നാല്‍ കടുത്ത വിമര്‍ശമുയര്‍ന്നതോടെ ഈ തീരുമാനം പിന്‍വലിച്ചു. പ്രവേശ പരീക്ഷയില്‍ കുട്ടികള്‍ അയോഗ്യരാക്കപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നഗറ്റിവ് മാര്‍ക്കാണ്. ഇതില്ലാതാക്കാനുള്ള ശ്രമമായിരുന്നു അന്ന് നടത്തിയത്. പിന്നീട് പ്ലസ്ടു പരീക്ഷയുടെ മൂല്യനിര്‍ണയം ഉദാരമാക്കി കൂടുതല്‍ വിജയശതമാനം ഉറപ്പാക്കാനും ശ്രമം നടന്നു. സ്കൂളിലെ ഉയര്‍ന്ന വിജയം ഭരണ നേട്ടമായി കണക്കാക്കുന്ന സംസ്ഥാനമായതിനാല്‍ സര്‍ക്കാറിനും ഇതില്‍ സന്തോഷമേയുണ്ടായിരുന്നുള്ളൂ. ഇത് പൂര്‍ണമായി നടപ്പായില്ലെങ്കിലും പ്ലസ് ടു മാര്‍ക്കുകൂടി ചേര്‍ത്ത് റാങ്ക് ലിസ്റ്റ് തയാറാക്കുന്ന തരത്തില്‍ പിന്നീട് തീരുമാനമുണ്ടായി. ഈ രീതിയിലാണ് ഇപ്പോള്‍ പിന്തുടരുന്നത്.

വേണം, സാങ്കേതിക വിദ്യാഭ്യാസ നയം

മാനേജ്മെന്റ്-സര്‍ക്കാര്‍ കൂട്ടുകച്ചവടമാണ് ഇന്ന് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയെ നയിക്കുന്ന സുപ്രധാന നയം. മാനേജ്മെന്റുകളുടെ സാന്പത്തിക നഷ്ടം നികത്തുകയും അവരുടെ സ്ഥാപനത്തെ എങ്ങിനെയെങ്കിലും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് സമീപകാലങ്ങളില്‍ കേരളത്തില്‍ ഈ മേഖലയിലുണ്ടായ എല്ലാ ചര്‍ച്ചകളുടെയും കാതല്‍. അക്കാദമിക താത്പര്യങ്ങള്‍ക്കപ്പുറം, ചര്‍ച്ചകളെയും പരിഷ്കാരങ്ങളെയും ലാഭ-നഷ്ട കേന്ദ്രിതമായി നിലനിര്‍ത്താന്‍ നിര്‍ബന്ധിതമാക്കുംവിധം കച്ചവട ലോബി പിടിമുറുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇത് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ മാത്രം ഒതുങ്ങന്നതല്ല. അനുബന്ധ മേഖലകളെയും കച്ചവട കേന്ദ്രീകൃതമായ വ്യവഹാരങ്ങളാണ് നിയന്ത്രിക്കുന്നത്.

എല്ലാം പണം നിശ്ചയിക്കുന്നുവെന്നത് ഇപ്പോള്‍ എഞ്ചിനീയറിങ് കോളജുകളില്‍ മാത്രം ഒതുങ്ങി നിലനില്‍ക്കുന്ന പ്രവണതയല്ല. പ്രവേശ പരീക്ഷ മുതല്‍ മുഴുവന്‍ ഘട്ടങ്ങളിലും പണം തന്നെയാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. നിലവിലെ പ്രവേശ പരീക്ഷ തന്നെ പണം മുടക്കി പരിശീലനം നേടുന്നവര്‍ക്ക് അനായാസം കടന്നുകൂടാന്‍ കഴിയുന്നതാണ്. പ്രവേശ പരീക്ഷയെക്കുറിച്ച് നടത്തിയ പഠനങ്ങളെല്ലാം ഇത് അടിവരയിട്ടിട്ടുമുണ്ട്. പരീക്ഷാ രീതി പരിഷ്‌കരണത്തിന് വേണ്ടി ഉയര്‍ന്ന മുറവിളികളെല്ലാം ഫലശൂന്യമായി അവസാനിച്ചതും ഇക്കാരണത്താല്‍ തന്നെ. പരീക്ഷയെ ചുറ്റിപ്പറ്റി രൂപപ്പെട്ട പരിശീലകരുടെ വ്യവസായ സാമ്രാജ്യമാണ് ഇപ്പോള്‍ ഇത് നിലനിര്‍ത്താന്‍ അത്യധ്വാനം ചെയ്യുന്നത്. പ്രവേശം നേടുന്നവര്‍ക്ക് ലോണ്‍ സംഘടിപ്പിച്ചുകൊടുക്കുന്ന ഏജന്‍സികള്‍ മുതല്‍ സീറ്റുകള്‍ മുഴുവന്‍ ഏറ്റെടുത്ത് മറിച്ചുവില്‍ക്കുന്നവര്‍ വരെ  ഈ രംഗത്തുണ്ട്. എല്ലാ തലങ്ങളിലും പണമിറക്കിയവര്‍ നിയന്ത്രിക്കുന്ന സാന്പത്തിക സംവിധാനമായി എഞ്ചിനീയറിങ് വിദ്യാഭ്യാസം മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സാമാന്യമായുണ്ടാകേണ്ട മാനവികമൂല്യങ്ങളെല്ലാം അട്ടിമറിച്ച്, പണം മുടക്കാനുള്ളവര്‍ക്ക് പലതരം പരിഗണനകള്‍ നല്‍കാനും ഒരു വിട്ടുവീഴ്ചയുമില്ലാതെ ലാഭമുറപ്പാക്കി മുന്നോട്ടുപോകാനും സ്വാശ്രയ കോളജുടമകള്‍ക്ക് ധൈര്യം നല്‍കുന്നത്, എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖല സാന്പത്തിക താല്‍പര്യങ്ങള്‍ക്ക് അടിമുടി വിധേയമാണെന്ന തിരിച്ചറിവ് തന്നെയാണ്.

ഈ കച്ചവടത്തിരക്കിനിടെ പുറന്തള്ളപ്പെടുന്നത് പണം മുടക്കാനില്ലാത്തവരും പഠനമികവ് പുലര്‍ത്താന്‍ കഴിയാത്തവരുമാണ്.
മാനേജ്‌മെന്‌റുകളുടെ കഴുത്തറപ്പന്‍ കച്ചവടത്തിന് പൂര്‍ണാര്‍ഥത്തില്‍ വിധേയരാകാന്‍ കഴിയാത്തവര്‍ക്ക് ഇവിടെ പിടിച്ചുനില്‍ക്കുക എളുപ്പമല്ല. അവരുടെ സാമ്പത്തിക സ്ഥിതി, ഈ വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് പുറത്തുപോകാന്‍ അവരെ നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. അത്രമേല്‍ രൂക്ഷവും അസന്തുലിതവും അപകടകരമാംവിധം സങ്കീര്‍ണവുമാണ് കോളജുകളിലെ അന്തരീക്ഷം. പണം മുടക്കി പഠിക്കാന്‍ വന്നവരും സമാനമായ പ്രതിസന്ധി ഇവിടെ നേരിടുന്നുണ്ട്. അവരെ വെട്ടിലാക്കുന്നത് അക്കാദമികമായ പരാജയമാണ്. എഞ്ചിനീയറിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമായ പഠന വൈഭവം പണംകൊണ്ട് നികത്തിയെടുക്കാനാകില്ലെന്ന് തിരിച്ചറിയാന്‍  അവരില്‍ പലരും വര്‍ഷങ്ങളെടുക്കുന്നുണ്ട്. അവസാന പരീക്ഷക്ക് കൂട്ടത്തോല്‍വി സംഭവിക്കുന്നതും അതുകൊണ്ടാണ്.

ഈ രണ്ട് ദൗര്‍ബല്യങ്ങളെയും മറികടക്കാന്‍ ശേഷിയുള്ള വിദ്യാഭ്യാസ പദ്ധതിയാണ് എഞ്ചിനീയറിങ് പഠന മേഖല ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ഏക പരിഹാരം. അതിന് ആദ്യം വേണ്ടത് സാന്പത്തിക താത്പര്യങ്ങളില്‍നിന്ന് മുക്തമായ എഞ്ചിനീയറിങ് വിദ്യാഭ്യാസ നയമാണ്. സംസ്ഥാനത്തിന് ആവശ്യമുള്ളതെന്ത്, പഠിച്ചിറങ്ങുന്നവര്‍ വഴിയാധാരമാകാത്ത തൊഴില്‍ വിപണിയെത്ര, ഗുണപരമായ ഉള്ളടക്കം നിലനിര്‍ത്താനെന്തുവേണം തുടങ്ങിയ കാര്യങ്ങളെല്ലാം നേരത്തെ നിശ്ചയിക്കാന്‍ കഴിണം. അതിന്‌റെ അടിസ്ഥാനത്തില്‍ നിലവിലുള്ള കോളജുകളെയും കോഴ്‌സുകളെയും പുനക്രമീകരിക്കണം. അനാവശ്യമായവ അടച്ചുപൂട്ടണം. അക്കാദമികമായ മുന്‍ഗണനകള്‍ നല്‍കി പ്രവേശ പരീക്ഷയും സിലബസും കോഴ്‌സുമെല്ലാം പുനസംഘടിപ്പിക്കണം. അതിന് പക്ഷെ ആദ്യം വേണ്ടത്, കോളജുകളെ മാനേജ്‌മെന്‌റിന്‌റെ വ്യവസായ സംരംഭം എന്നതില്‍നിന്ന് മാറ്റി, ഒരു വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുക എന്നത് തന്നെയാണ്.

(മാധ്യമം ആഴ്ചപ്പതിപ്പ്, ജനുവരി -2 -2017)

Monday, November 7, 2016

സംവരണം: ഒളിയുദ്ധങ്ങള്‍ കരുതിയിരിക്കുക

സരിത മാഹീന്‍ എന്ന ദലിത് മാധ്യമ പ്രവര്‍ത്തകയും കുടുംബവും അയല്‍വാസിയില്‍നിന്നും നിയമ സംവിധാനങ്ങളില്‍ നിന്നും നിരന്തരമായി നേരിടുന്ന ജാതി പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന കഥകള്‍ ഈയിടെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ മാധ്യമ പ്രവര്‍ത്തക, ഒരാള്‍ പൊലീസ് ഉദ്യോഗസ്ഥ, ഒരാള്‍ ദന്ത ഡോക്ടര്‍, ആണ്‍കുട്ടി ഗവേഷക വിദ്യാര്‍ഥി. മൂവരും കേരളീയ പൊതുസമൂഹം ഉയര്‍ന്ന സാമൂഹ്യ പദവി നല്‍കി ആദരിക്കുന്ന തൊഴില്‍ ചെയ്യുന്നവര്‍. ഒരാള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ വിദ്യാഭ്യാസം നേടുന്നയാള്‍. വരുമാനം കൊണ്ടും സാമൂഹ്യ പദവി കൊണ്ടും സാന്പത്തികമായി ശരാശരിക്ക് മുകളില്‍ വരാവുന്ന തൊഴില്‍ ചെയ്യുന്നവര്‍. എന്നിട്ടും, അയല്‍വാസിയില്‍ നിന്ന് കടുത്ത ജാതി അധിക്ഷേപവും പീഡനവുമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്. പൊലീസ്, പ്രാദേശിക രഷ്ട്രീയ നേതൃത്വം തുടങ്ങിയ സംവിധാനങ്ങളും ഈ കുടുംബത്തിന് എതിരാണ്.

സംവരണം പുനപ്പരിശോധിക്കണമെന്നും ജാതി സംവരണം പുനക്രമീകരിക്കണമെന്നും സംവരണേതര സമുദായങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നല്‍കണമെന്നുമുള്ള വാദം ശക്തമാകുന്ന കാലത്തുതന്നെയാണ് സരിതയുടെ ജീവിതം നമുക്ക് മുന്നിലെത്തുന്നത്. സാന്പത്തിക സംവരണം രാഷ്ട്രീയ നയമായി പ്രഖ്യാപിച്ച സിപിഎം നയിക്കുന്ന, മുന്നാക്ക വിഭാഗക്കാര്‍ക്കും സാന്പത്തികാടിസ്ഥാനത്തില്‍ സംവരണം ഏര്‍പെടുത്തുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത, ഇടുമുന്നണി സംസ്ഥാനം ഭരിക്കുന്ന കാലം കൂടിയാണിത്. ഇത്തരം വാദങ്ങളുടെ മുന്നില്‍ എഴുനേറ്റുനില്‍ക്കാന്‍ ശ്രമിക്കുന്ന സരിതയുടെ കുടുംബത്തിന്റെ അനുഭവങ്ങള്‍, സാന്പത്തിക സംവരണം എന്ന 'പുരോഗമന' ആശയം എത്ര മേല്‍ അധസ്ഥിത വിരുദ്ധവും സാമൂഹ്യ ദ്രോഹവുമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ദരിദ്രരുടെ സാന്പത്തിക ദൌര്‍ബല്യം പരിഹരിക്കലല്ല, അധസ്ഥിതരെ സാമൂഹികമായി ശാക്തീകരിക്കുകയാണ് സംവരണത്തിന്റെ താല്‍പര്യമെന്ന് ഇത് ഒരിക്കല്‍ കൂടി അടിവരയിടുന്നു.

ഇന്ത്യയില്‍ സംവരണം രൂപപ്പെട്ടത് തന്നെ ഈ സാമൂഹിക വീക്ഷണത്തില്‍നിന്നാണ്. സംവരണം നടപ്പാക്കാന്‍ നടന്ന ശ്രമങ്ങളും അതിനെതിരായ രൂക്ഷമായ പ്രക്ഷോഭങ്ങളും ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ കൂടി ഭാഗമാണ്. ഗാന്ധിയുടെ ഉപവാസ സമരം 'അഹിംസാ ഭീകരത'യെന്ന് വിശേഷിപ്പിക്കാവുന്ന വിധത്തില്‍ കഠിനതരമായി മാറിയതുപോലും ഇവ്വിഷയത്തിലാണ്. ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത്, പിന്നാക്ക, ഗിരിവര്‍ഗ, മുസ്ലിം വിഭാഗങ്ങള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്ന 1882 ലെ ഹണ്ടര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് സംവരണമെന്ന തത്വത്തില്‍ ആദ്യ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച ഔദ്യോഗിക രേഖ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബോര്‍ഡുകള്‍ക്ക് കൈമാണമെന്ന ശിപാര്‍ശയാണ്, ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്‌കോട്ടിഷ് ചരിത്രകാരനായിരുന്ന വില്യം വില്‍സണ്‍ ഹണ്ടര്‍ നല്‍കിയത്. ഇത്തരം വിഭാഗങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ഫണ്ട് വകയിരുത്തുക, സര്‍ക്കാര്‍ നിയമനങ്ങളില്‍ ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍്ടിലുണ്ടായിരുന്നു. 1909 ലെ മിന്റോ മോര്‍ലി ഭരണ പരിഷ്‌കാരങ്ങളുടെ ഭഗമായി ഈ വിഭാഗങ്ങള്‍ക്ക് നിയമ നിര്‍മാണ സഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി.

എന്നാല്‍ ദേശീയ പ്രസ്ഥാനത്തിലും അതിന്റെ നേതൃത്വത്തിലും ഇത്ര തന്നെ എളുപ്പത്തില്‍ സംവരണ സങ്കല്‍പം സ്വീകരിക്കപ്പെട്ടില്ല. സംവരണം അനിവാര്യമാക്കുന്ന പതിതാവസ്ഥക്ക് ആര്യാധിനിവേശത്തോളം പഴക്കമുണ്ടെന്ന ചരിത്രമപരമായ കാരണങ്ങളില്‍ നിന്നാണ് സംവരണത്തെക്കുറിച്ച വീക്ഷണം ഡോ. ബി ആര്‍ അംബേദ്കര്‍ രൂപപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അദ്ദേഹം മുന്നോട്ടുവച്ച സംവരണ വാദത്തിന് കടുത്ത എതിര്‍പാണ് ദേശീയ പ്രസ്ഥാന നേതൃത്വത്തില്‍ നിന്നുയര്‍ന്നത്. അയിത്തോച്ചാടന പരിപാടികളിലൂടെ ബ്രിട്ടീഷ് വിരുദ്ധ സമരമുഖത്തേക്ക് അധസ്ഥിത വിഭാഗങ്ങളെ എത്തിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു. ബ്രിട്ടീഷ് അനുകൂലികളായ സന്പന്ന ജന്മി വിഭാഗങ്ങള്‍ക്കെതിരായ പ്രതിരോധം എന്ന നിലയില്‍കൂടിയായിരുന്നു ഗാന്ധിജിയുടെ ഈ തന്ത്രം. എന്നാല്‍ 1930കളോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഏറെക്കുറെ സംവരണ വിരുദ്ധ സവര്‍ണ നിലപാടുകള്‍ക്ക് പ്രാമുഖ്യം ലഭിച്ചു. അംബേദ്കറുടെ ഉറച്ച നിലപാടുകളായിരുന്നു ഇവര്‍ക്ക് വെല്ലുവിളിയുയര്‍ത്തിയത്.

1928ലാണ് സൈമണ്‍ കമ്മീഷന്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലുണ്ടാകുന്ന ഭരണ സംവിധാനത്തില്‍ ഭൂരിപക്ഷമായ ദലിതുകള്‍ക്ക് പങ്കാളിത്തമുണ്ടായിരിക്കണമെന്ന് കമ്മീഷനില്‍ അംബേദ്കര്‍ വാദിച്ചു. കമ്മീഷന് അംബേദ്കര്‍ സമര്‍പിച്ച അവകാശ പത്രിക 'ദലിത് മാഗ്‌നാകാര്‍ട്ട' എന്നാണ് അറിയപ്പെടുന്നത്. രണ്ടാം വട്ട മേശ സമ്മേളനത്തിലും ഇതേ വാദങ്ങള്‍ അംബേദ്കര്‍ ആവര്‍ത്തിച്ചു. ഭരണഘടനയില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ എഴുതിച്ചേര്‍ക്കണം, ന്യൂനപക്ഷ പ്രാതിനിധ്യം, പ്രത്യേക ക്ഷേമവകുപ്പ്, നിയമസഭകളില്‍ മതിയായ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില്‍ അദ്ദേഹം ഉന്നയിച്ചു. ഇവ അംഗീകരിച്ച് ഒരുവര്‍ഷത്തിനകം ബ്രിട്ടീഷ് പ്രധാനമന്ത്രി മക്‌ഡൊണാള്‍ഡ് 'കമ്മ്യൂണല്‍ അവാര്‍ഡ് ' പ്രഖ്യാപിച്ചു. ഇത് കോണ്‍ഗ്രസിനകത്തും പുറത്തും വലിയ കോളിളക്കം സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിലായിരുന്നു ഗാന്ധിജിയുടെ 'വിഖ്യാതമായ' ഉപവാസ സമരം. ഗാന്ധിയെ മരണത്തിലേക്ക് തള്ളിവിടണോ അതോ പതിത ജനതക്കൊപ്പം നില്‍ക്കണോ എന്ന ആശയക്കുഴപ്പം ഇക്കാലത്ത് തന്നെ കഠിനമായി വേട്ടയാടിയിരുന്നുവെന്നാണ് പിന്നീട് അംബേദ്കര്‍ ഇതേക്കുറിച്ച് എഴുതിയത്; ഒടുവില്‍ മനുഷ്യത്വത്തിന് മുന്‍ഗണന നല്‍കി വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്നും. ഈ വിട്ടുവീഴ്ചയാണ് പിന്നീട് പൂന കരാര്‍ എന്ന പേരില്‍ പ്രസിദ്ധമായത്. അയിത്തം അനുഭവിച്ചിരുന്നവര്‍ക്ക് അനുവദിച്ച പ്രത്യേക വോട്ടവകാശം ഉപേക്ഷിച്ച്, സംയുക്ത വോട്ടവകാശത്തിന് അംബേദ്കര്‍ സമ്മതിച്ചു.

സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ ചെയര്‍മാന്‍ കൂടിയായ നിയമ മന്ത്രിയായി അംബേദ്കര്‍ തന്നെ എത്തിയതോടെയാണ് ഭരണഘടനയില്‍ സംവരണ തത്വങ്ങള്‍ക്ക് ഇടംകിട്ടിയത്. ഭരണഘടനാ രൂപീകരണത്തിനിടെ ഏറ്റവുമധികം ചര്‍ച്ചകളും വിവാദങ്ങളുമുണ്ടായത് സംവരണത്തെക്കുറിച്ചായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ എതിര്‍പുകളുടെയും വിവാദങ്ങളുടെയും തുടര്‍ച്ച തന്നെയാണ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിനും നേരിടേണ്ടിവന്നത്. 1953ല്‍ നിയോഗിക്കപ്പെട്ട കാക്കാ കലേക്കര്‍ കമ്മീഷന്‍ പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് 33% ശതമാനം സംവരണം ശിപാര്‍ശ ചെയ്‌തെങ്കിലും നെഹ്‌റു സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞു. ഈ പശ്ചാത്തലം നിലനില്‍ക്കെയാണ് 1979 ലെ മൊറാര്‍ജി ദേശായിയുടെ ജനതാ സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷനെ നിയമിക്കുന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ റിപ്പോര്‍ട്ട് സമര്‍പിച്ചെങ്കിലും അപ്പോഴത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അത് നടപ്പാക്കിയില്ല. പിന്നീട് വന്ന രാജീവ് ഗാന്ധി സര്‍ക്കാറും അത് കോള്‍ഡ് സ്റ്റോറേജില്‍ തന്നെ സൂക്ഷിച്ചു. 1990ല്‍ വി പി സിങ് അധികാരത്തിലെത്തിയപ്പോഴാണ് റിപ്പോര്‍ട്ട് പുറത്തെത്തിയത്. സാമൂഹിക മായും വിദ്യാഭ്യാസ പരമായും പിന്നാക്കം നില്ക്കുന്ന വിഭാഗ ങ്ങള്‍ക്ക് സര്‍ക്കാര്‍-പൊതു മേഖലാ സ്ഥാപനങ്ങളില്‍ 27% ജോലി സംവരണം പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കിയത് ഭാഗികമായാണെങ്കിലും രാജ്യത്തെ സംവരണ വിരുദ്ധര്‍ ഒന്നടങ്കം അതിനെതിരെ രംഗത്തിറങ്ങി. സുപ്രിംകോടതിയുടെ ഇടപെടല്‍, വിദ്യാര്‍ഥി സമരം, ആത്മാഹുതി, ബന്ദ്, കലാപം അങ്ങിനെയങ്ങിനെ സമരം ആളിക്കത്തി. വി പി സിങിന്റെ രാജിയിലാണ് ഒടുവില്‍ അതവസാനിച്ചത്.

ആദ്യം സ്റ്റേ ചെയ്ത സുപ്രിംകോടതി 1992ല്‍ അന്തിമ വിധിയിലൂടെ മണ്ഡല്‍ ഉത്തരവ് ശരിവച്ചു. 10 അംഗ ബഞ്ചില്‍ 7 പേര്‍ അനുകൂലിച്ചപ്പോള്‍, മൂന്നുപേര്‍ അതി ശക്തമായ വിയോജനം രേഖപ്പെടുത്തി. എന്നാല്‍ കോടതി വിധി ഇന്ത്യന്‍ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു: 'ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സാമൂഹിക പിന്നാക്കാവസ്ഥ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥയിലേക്ക് നീങ്ങുന്നു. രണ്ടും ചേര്‍ന്ന് ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. വീണ്ടും സാമൂഹിക പിന്നാക്കാവസ്ഥ വളരാനും തുടരാനും അത് വീണ്ടും കാരണമാകുന്നു. പരസ്പരം ഭക്ഷണമാക്കി ഇവ ഒരു വിഷമ വൃത്തം സൃഷ്ടിക്കുന്നു. ശൂദ്രര്‍, പട്ടികജാതി, പട്ടികവര്‍ഗം എന്നിവര്‍ക്കും പിന്നാക്കക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ഭരണ യന്തത്തില്‍ പങ്കാളിത്തമില്ല. സംവരണം വഴി ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നത്' എന്ന് കോടതി തീര്‍ത്തുപറഞ്ഞു. (ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി, രാമചന്ദ്ര ഗുഹ). പുനസംഘടനാ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം, ഇന്ത്യന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുകളില്‍ താഴെ തട്ടില്‍ വ്യാപകമായി ചര്‍ച്ച ചെയ്ത ഏക റിപ്പോര്‍ട്ടാണ് മണ്ഡല്‍ റിപ്പോര്‍ട്ടെന്നും രാമചന്ദ്ര ഗുഹ നിരീക്ഷിക്കുന്നുണ്ട്. വലിയ വിവാദങ്ങളുയര്‍ത്തിയ സംവരണം 50 ശതമാനത്തില്‍ അധികമാകരുതെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം പാടില്ലെന്നുമുള്ള വ്യവസ്ഥയോടെയായിരുന്നു കോടതി വിധി. ഇതിന് മുന്പ് തന്നെ, പിന്നാക്ക വിഭാഗങ്ങളില്‍ ക്രീമിലെയര്‍ വിഭാഗമുണ്ടെന്നും അവര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്നുമുള്ള ഭേദഗതി പി വി നരസിംഹറാവു കൊണ്ടുവന്നിരുന്നു. സംവരണത്തിന്റെ സാമൂഹിക പ്രസക്തിയെ പരോക്ഷമായി ചോദ്യം ചെയ്യുന്നതാണ് ക്രീമിലെയര്‍ വ്യവസ്ഥ എന്ന വിമര്‍ശവും ഇത് നേരിട്ടു.സംവരണ വിരുദ്ധ ചേരി എത്രമാത്രം ശക്തവും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുറപ്പിച്ചവരുമാണെന്ന് രാജ്യത്തെ സംവരണ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. സ്വതന്ത്ര ഇന്ത്യക്ക് 70 പിന്നിട്ടിട്ടും ഇതില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. എന്നല്ല, കൂടുതല്‍ ശക്തി പ്രാപിക്കുകയും അതി സങ്കീര്‍ണമായ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നുവെന്ന് കരുതാവുന്ന അനുഭവങ്ങള്‍ രാജ്യത്ത് അടിക്കടി ആവര്‍ത്തിക്കുന്നുമുണ്ട്. ഗുജറാത്തില്‍ കഴിഞ്ഞവര്‍ഷം പട്ടേല്‍ വിഭാഗം സംവരണം ആവശ്യപ്പെട്ട് നടത്തിയ സമരം പോലും സംവരണ വിരുദ്ധ സമരമായിരുന്നു എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 'മാര്‍ക്ക് കുറവായതിനാല്‍ ഞങ്ങള്‍ക്ക് എന്‍ജിനീയറിങ്ങ് പ്രവേശനം ലഭിച്ചില്ല. എന്നാല്‍ ഞങ്ങളേക്കാള്‍ മാര്‍ക്കു കുറഞ്ഞ ഒ.ബി.സി. വിദ്യാര്‍ത്ഥിക്കു സീറ്റു കിട്ടി. എന്തുകൊണ്ടാണ് എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് ജോലി കിട്ടുന്നതും അവരേക്കാള്‍ കൂടുതല്‍ മാര്‍ക്കും യോഗ്യതയുമുള്ള ഞങ്ങള്‍ക്ക് കിട്ടാത്തതും' എന്നൊക്കെയായിരുന്നു സമരം നയിച്ച ഹാര്‍ദിക് പട്ടേല്‍ മുന്നോട്ടുവക്കുന്ന ചോദ്യങ്ങള്‍. തങ്ങളുടെ അവസരങ്ങളെക്കുറിച്ച വേവലാതിയേക്കാള്‍, സംവരണം വഴി അവസരങ്ങള്‍ കിട്ടുന്നവരോടുള്ള അസഹിഷ്ണുതയാണ് ഇതില്‍ നിറഞ്ഞുനില്‍ക്കുന്നതെന്ന് വ്യക്തം. ഗുജറാത്തില്‍ ഏതാണ്ട് 15 ശതമാനം മാത്രം ജനസംഖ്യയുള്ള പട്ടേല്‍ വിഭാഗമാണ്, അവിടത്തെ  വ്യാപാരത്തിന്റെ ഏതാണ്ട് സിംഹഭാഗവും കൈയ്യടക്കിവച്ചിരിക്കുന്നത്. പട്ടേലുകള്‍ രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വളരെ ശക്തമാണെന്ന അഹമ്മദാബാദിലെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ആള്‍ട്ടര്‍നേറ്റീവ് എക്കണോമിക്‌സിന്റെ പഠനവും ഇതോട് ചേര്‍ത്ത് വായിക്കണം. ഗുജറാത്തില്‍ പിന്നാക്ക സംവരണം നടപ്പായ 1975-86 കാലഘട്ടത്തില്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളും പട്ടേല് സമുദായത്തിന്റെ നേതൃത്വത്തിലായിരുന്നു. അന്ന് പിന്നാക്ക ജാതിക്കാര്‍ക്കെതിരെ നിരവധി തെരുവ് കലാപങ്ങളും ആക്രമണങ്ങളുമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അല്‍പമെങ്കിലും സാമൂഹികപുരോഗതി നേടിയ പിന്നാക്കക്കാരായിരുന്നു ഇതില്‍ ഏറെയും ആക്രമിക്കപ്പെട്ടത്. ഇങ്ങിനെ പ്രത്യക്ഷമായും പരോക്ഷമായും സംവരണ വിരുദ്ധ സംഘടിത പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് അരങ്ങേറുന്നുണ്ട് എന്ന് മനസ്സിലാക്കണം.

കേരളത്തിലും ഇതേ അവസ്ഥ തന്നെയാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നാക്ക വിഭാഗങ്ങള്‍ക്ക് താരതമ്യേന  മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായിട്ടും സംവരണ വിരുദ്ധരെ പ്രതിരോധിക്കാന്‍ ഒരു ഘട്ടത്തിലും കഴിഞ്ഞിട്ടില്ല. സംവരണം അട്ടിമറിക്കാനാകട്ടെ കേരളത്തിലും നിരന്തര ശ്രമങ്ങളുണ്ടാകുന്നുമുണ്ട്. 2000ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച നരേന്ദ്രന്‍ കമ്മീഷന്‍ വിവിധ സംവരണ വിഭാഗങ്ങളുടെ പ്രാതിനിധ്യ കുറവ് പരിഹരിക്കാന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് ശിപാര്‍ശ ചെയ്തു. മുസ്!ലിംകള്‍ക്കാണ് ഏറ്റവും കുറവ് കണ്ടെത്തിയത്. എന്നാല്‍ ബാക്ക് ലോഗ് നികത്താനുള്ള നടപടി എന്ന പേരില്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ മുന്നാക്ക സംവരണം കൂടി സംസ്ഥാനത്ത് ഏര്‍പെടുത്തുകയാണ് ചെയ്തത്. പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പരസ്പരം കടംകൊടുക്കല്‍ സംവിധാനവും നിര്‍ത്തലാക്കി. ഈ ഇടപാടില്‍ ഒരു കക്ഷി പോലുമല്ലാത്ത മുന്നാക്കക്കാര്‍ക്ക് ഇതിന്റെ മറവില്‍ സാന്പത്തിക സംവരണം ഏര്‍പെടുത്തിയതോടെ കേരള രൂപീകരണം തൊട്ട് സംവരണ വിരുദ്ധ ശക്തികള്‍ നടത്തുന്ന അട്ടിമറി ശ്രമമാണ് ഭാഗികമായെങ്കിലും യാഥാര്‍ഥ്യമായത്. സംവരണ വിരുദ്ധ നിലപാടുള്ള ഒരു വൈസ് ചാന്‍സിലറെ നിയോഗിച്ച്, കേരള സര്‍വകലാശാല വകുപ്പുകളിലെ അധ്യാപക തസ്തികകളില്‍ സംവരണം ഒഴിവാക്കി നിയമനം നടത്താനുള്ള നീക്കം നടപ്പാക്കിയതും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ്. ഈ തീരുമാനം മറികടക്കാന്‍ സര്‍ക്കാറിന് പിന്നീട് നിയമ നിര്‍മാണം തന്നെ നടത്തേണ്ടി വന്നു. 2015ല്‍ മുന്നാക്ക സമുദായ കമ്മീഷന്‍ രൂപീകരണത്തിന് കൊണ്ടുവന്ന ബില്ലിലും സംവരണം മുന്നാക്ക വിഭാഗങ്ങളുടെ അവസരം പരിമിതപ്പെടുത്തുന്നുവെന്ന് പാരമര്‍ശിച്ചിരുന്നു. പിന്നാക്ക വിഭാഗക്കാര്‍ മുന്നിലെത്തുന്ന പി എസ് സി റാങ്ക് ലിസ്റ്റുകള്‍ വരെ അട്ടിമറിക്കപ്പെടുന്ന സ്ഥിതിവിശേഷം സംസ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം സുപ്രിംകോടതി വിധിയിലൂടെ സാധുത നേടിയ എസ് ഐ റാങ്ക് ലിസ്റ്റ് ഇതിന്റെ മികച്ച ഉദാഹരണമാണ്.

കേരളത്തില്‍ മുന്നാക്ക വിഭാഗക്കാര്‍ക്ക് ഏര്‍പെടുത്തിയ സാന്പത്തിക സംവരണത്തിനെതിരെ ഒരു മുസ്ലിം സംഘടന കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് ശരിവച്ചു. എന്നാല്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സമാനമായ സംവരണ ക്വാട്ട പ്രഖ്യാപിച്ച ഗുജറാത്തി സര്‍ക്കാര്‍ ഒര്‍ഡിനന്‍സ് അവിടത്ത ഹൈക്കോടതി ഈയിടെ റദ്ദാക്കി. സര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വിധി വിശേഷിപ്പിക്കുന്നത്. ഭരണഘടനാ തത്വങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ തന്നെ എതിരായ സംവരണ ഉത്തരവിനെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ശേഷിപോലും കേരളത്തിലെ സംവരണ വിഭാഗങ്ങള്‍ക്കില്ല എന്ന് വ്യക്തമാക്കുന്നതാണ് കേരള സര്‍ക്കാറിനെതിരായ കേസും അതിലെ വിധിയും മറ്റ് നടപടികളും. സംവരണ വിരുദ്ധ നീക്കങ്ങളെ തയുന്നതില്‍ കൂടുതല്‍ സവിശേഷമായി ഇടപെടുമെന്ന് പ്രതീക്ഷിക്കാവുന്ന ഭരണ സംവിധാനമല്ല ഇപ്പോഴത്തെ ഇടത് സര്‍ക്കാറും. ഈ ദൌര്‍ബല്യങ്ങള്‍ക്കൊപ്പം തന്നെ, സാന്പത്തികാടിസ്ഥാനത്തിലുള്ള മുന്നാക്ക സംവരണം നടപ്പാക്കണമെന്ന പ്രഖ്യാപിത നയവും ഇടതുപക്ഷത്തിനുണ്ട്. 'ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണ ആനുകൂല്യം മുഴുവന്‍ അവര്‍ക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പെടുത്തുകയും വേണം. ഇതിന് ഉചിതമായ ഭരണഘടനാ ഭേദഗതി നടപ്പാക്കാന്‍ എല്‍ ഡി എഫ് പരിശ്രമിക്കു'മെന്നാണ് ഇടതുമുന്നണി പ്രകടന പത്രിക പറയുന്നത്.

കേരളത്തിലെ രണ്ട് മുഖ്യധാരാ മുന്നണികളും അവയിലംഗമായ രാഷ്ട്രീയ പാര്‍ട്ടികളും ഒളിഞ്ഞും തെളിഞ്ഞും സംവരണ വിരുദ്ധ സംഘങ്ങളെ പിന്തുണക്കുന്നവരാണെന്ന് ഇതുവരെയുള്ള ചരിത്രത്തില്‍ നിന്ന് വ്യക്തമാണ്. കേരളത്തിലെ ഭരണ സംവിധാനവും എക്സിക്യൂട്ടിവും ജന്മനാ തന്നെ സംവരണ വിരുദ്ധവുമാണ്. ഇവരുടെ ഒളിയുദ്ധങ്ങള്‍ കൂടി പ്രതിരോധിച്ചുകൊണ്ട് മാത്രമേ കേരളത്തിലും സംവരണം നിലനിര്‍ത്താന്‍പോലും കഴിയൂ. അതിനൊപ്പം പുതിയ മേഖലകളിലേക്ക് സംവരണം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുമുണ്ടാകണം. സ്വകാര്യ മേഖലയില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ സംവരണത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. പിന്നാക്ക് വിഭാഗങ്ങള്‍ക്കുകൂടി പ്രയോജനകരമായ തരത്തിലാകണം ഈ സംവരണ പദ്ധതി നടപ്പാക്കേണ്ടത്. നിരവധി സര്‍ക്കാര്‍ തസ്തികകള്‍ ഇപ്പോഴും പി എസ് സ്ി നിയമനത്തിന്‌റെ പരിധിയില്‍ വരാതെ കിടക്കുന്നുണ്ട്. ഓരോ കാലത്തും അധികാരത്തില്‍ വരുന്നവരുടെ അനുയായികളെ കുടിയിരുത്താനുള്ള 'പുനരധിവാസ കേന്ദ്ര'ങ്ങളായാണ് ഇവ ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഇവിടത്തെ ജാതി തിരിച്ച കണക്കെടുത്താല്‍ അറിയാം, സംവരണ വിഭാഗങ്ങള്‍ എത്രമാത്രം പുറന്തള്ളപ്പെട്ടിട്ടുണ്ട് എന്ന്. ഇത്തരം തസ്തികകളെക്കൂടി സംവരണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ നീക്കങ്ങളുണ്ടാകണം. എയിഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കണമെന്ന ആവശ്യത്തിന് കാലപ്പഴക്കമേറെയുണ്ട്. എന്നാല്‍ ഇതും ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ല. ഇത് യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുന്നതിനൊപ്പം തന്നെ, സര്‍ക്കാര്‍ ജോലിയില്‍ വന്നിട്ടുള്ള ബാക്ക് ലോഗ് നികത്തുന്ന തരത്തിലുള്ള നിയമന വ്യവസ്ഥ എയിഡഡില്‍ കൊണ്ടുവരാനും നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്. സാമൂഹിക നീതിയുടെ പല മാര്‍ഗങ്ങളില്‍ ഒന്നുമാത്രമാണ് സംവരണം. സാമൂഹിക നീതി നിരന്തരമായി നിഷേധിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക്, അവരുടെ സുപ്രധാന ആയുധമായ സംവരണം കൂടി നഷ്ടമാകുക എന്നത് അത്രമേല്‍ അസംഭവ്യമായ ഒന്നല്ല. ഈ അപകടം പ്രതിരോധിക്കാനാവശ്യമായ ജാഗ്രതയായിരിക്കണം രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ മുഖ്യ രാഷ്ട്രീയ അജണ്ടയായിരിക്കണം.

(സോളിഡാരിറ്റി പത്രിക-2016)

Sunday, July 3, 2016

വേണം, സ്‌കൂളുകളുടെ പുനക്രമീകരണം

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ഉപജില്ലക്ക് കീഴിലെ ഒരു ഹയര്‍ സക്കന്ററി
സ്‌കൂള്‍ വന്‍ വിലക്ക് ഈയിടെ വിറ്റു. നാല് പതിറ്റാണ്ടോളം പ്രവര്‍ത്തന
പാരമ്പര്യമുള്ള സ്‌കൂള്‍, സ്ഥലത്തെ മുസ്#ലിം ജമാഅത്ത് കമ്മിറ്റിക്ക്
1979ല്‍ അനുവദിച്ചതായിരുന്നു. എന്നാല്‍ സ്‌കൂള്‍
നടത്തിക്കൊണ്ടുപോകാന്‍ ശേഷിയില്ലാതിരുന്ന മഹല്ല് കമ്മിറ്റി സ്ഥലത്തെ
പ്രധാന രാഷ്ട്രീയ നേതാവിനെ അതിന് ചുമതലപ്പെടുത്തി. സമീപ
പ്രദേശങ്ങളിലൊന്നും ഒരുഹൈസ്‌കൂള്‍ ഇല്ലാതിരുന്ന കാലത്ത്
അനുവദിച്ചുകിട്ടിയ സ്‌കൂളിനെ ആ ഗ്രാമീണര്‍ തന്നെയാണ് അധ്വാനിച്ച്
വളര്‍ത്തിയതും നിലനിര്‍ത്തിയതും. വീട്ടിലെ തെങ്ങ് മുറിച്ച് സ്‌കൂളിന്
സംഭാവന ചെയ്തവര്‍ മുതല്‍ കെട്ടിടം പണിയാന്‍ കൂലിയില്ലാതെ
പണിയെടുത്തവര്‍ വരെ അവിടെയുണ്ട്. എന്നാല്‍ സ്‌കൂള്‍ വില്‍ക്കാന്‍
തീരുമാനിച്ച ആ മാനേജറുടെ പിന്‍മുറക്കാര്‍ക്ക് പക്ഷെ ഒരു വിദ്യാഭ്യാസ
സ്ഥാപനം രൂപപ്പെട്ടുവന്ന ഇത്തരം സാമൂഹിക സാസ്‌കാരിക
ഘടകങ്ങളും തദ്ദേശീയമായ അതി്‌ന്റെ രാഷ്ട്രീയ പ്രാധാന്യവും ഒട്ടുമേ
വിഷയമായിരുന്നില്ല. അതുവാങ്ങിയയാള്‍ക്കും അത് അത്രമേല്‍
സുപ്രധാനമായ ഒരു ഘടകമായിരുന്നില്ല. പണം കൊണ്ട് തീര്‍ക്കാവുന്ന
ഇടപാടുകള്‍ മാത്രമായി അത് പരിണമിച്ചു. ഒരു പ്രദേശത്തിന്‌റെ
ഒന്നാകെയുള്ള സാമൂഹിക അധ്വാനത്തെ ഒറ്റയടിക്ക് ആ ഇടപാട്
നിരാകരിച്ചു കളഞ്ഞു.
ഈ സ്‌കൂളിന് സമീപം ഒരു സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയമുണ്ട്.
സര്‍്കകാര്‍ മാനദണ്ഡ പ്രകാരം ഏറെക്കുറെ അടതച്ചുപൂട്ടാറായ
അവസ്ഥയിലാണ്. ഇപ്പോള്‍ പഠി്ക്കുന്നവരില്‍ പകുതിയോളം ദാരിദ്ര്യ
രേഖക്ക് താഴെയുള്ളവര്‍. മൂന്നിലൊന്ന് പട്ടികജാതി വിഭാഗത്തില്‍
പെട്ടവര്‍. സമീപവാസിയായ ഒരാള്‍ വിട്ടുകൊടുത്ത 50 സെന്റിലേറെ
സ്ഥലത്താണ് ഒരുനൂറ്റാണ്ട് പഴക്കമുള്ള ഈ യു പി സ്‌കൂള്‍
പ്രവര്‍ത്തിക്കുന്നത്. പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെടുകയും
നിലനിര്‍ത്തിപ്പോരുകയും ചെയ്യുന്ന പശ്ചാത്തലങ്ങള്‍ക്കുള്ള സാമൂഹ്യ
പ്രാധാന്യമെത്രയെന്നതിനുള്ള കൃത്യമായ സൂചകമാണ് ഒരൊറ്റ
ഗ്രാമത്തിലെ ഈ രണ്ട് മാതൃകകള്‍. ഇത്തരം സ്‌കൂളുകളാണ്
കേരളത്തിലെ മഹാഭൂരിഭാഗം പൊതു വിദ്യാലയങ്ങളും. സമൂഹത്തിലെ
ഏറ്റവും അടിത്തട്ടില്‍ കഴിയുന്നവര്‍ ഇന്നും ആശ്രയിക്കുന്ന
സ്ഥാപനങ്ങള്‍. ഇത്തരം സാമൂഹിക ഘടകങ്ങളൊന്നും
പരിഗണിക്കാതെയാണ് അവയെ അടച്ചുപൂട്ടണമെന്ന വാദം ഉയരുന്നത്.
അതേസമയം തന്നെ അടച്ചുപൂട്ടല്‍ പ്രതിരോധിക്കാന്‍ ഉന്നയിക്കുന്ന
വാദങ്ങള്‍ കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളെയും
വികാസത്തെയും എത്രമേല്‍ പരിഗണിച്ചുകൊണ്ടാണെന്ന
പുനരാലോചനയും അനിവാര്യമായിരിക്കുന്നു.
പൂട്ടുന്ന സ്‌കൂളുകള്‍

കേരളത്തിലാകെയുള്ളത് 11,954 സ്‌കൂളുകളാണ്. ഇതില്‍ 57
ശതമാനവും എയിഡഡ് സ്‌കൂളുകളാണ്. 36 ശതമാനമാണ് സമ്പൂര്‍ണ
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍. 1066 എച്ച് എസും 899
യുപിയും 2539 എല്‍പിയും. സര്‍ക്കാര്‍ കണക്കിലുള്ള അണ്‍എയിഡഡ്
സ്‌കൂളുകളുടെ എണ്ണം ആകെ 863. അടിസ്ഥാന സൗകര്യങ്ങളുടെ
കാര്യത്തില്‍ ഈ സ്‌കൂളുകളെല്ലാം ഏറെ മുന്നിലാണ്. മികച്ച
കെട്ടിടങ്ങളും ഉപകരണങ്ങളമെല്ലാം ഒട്ടുമിക്ക സ്‌കൂളുകളിലുമുണ്ട്.
പലതരം പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ
കാലത്തും സര്‍ക്കാറുകള്‍ ശ്രമിച്ചിട്ടുമുണ്ട്. എസ് എസ് എ പോലുള്ള
പദ്ധതികള്‍ ഇക്കാര്യത്തില്‍ കേരളത്തിന് ഏറെ സഹാകരമാകുകയും
ചെയ്തിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാലായിരത്തിലധികം
സ്‌കൂളുകളില്‍ മഹാഭൂരിഭാരവും സ്വന്തം കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്. ആകെ 128 സ്‌കൂളുകള്‍ മാത്രമാണ് വാടക
കെട്ടിടത്തിലുള്ളത്.
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം മെച്ചപ്പെട്ട കരിക്കുലവും
എല്ലാകാലത്തും പൊതുവിദ്യാലയങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്. അവസാനം
വന്ന ഡി പി ഇ പി സൃഷ്ടിച്ച ആശയക്കുഴപ്പം ഒഴിച്ചാല്‍ ഏറെക്കുറെ
സുസ്ഥിരമായ പാഠ്യപദ്ധതിയും ഇവിടെയുണ്ട്. ഡി പി ഇ പി വിലയൊരു
വിഭാഗത്തെ പൊതു വിദ്യാലയങ്ങളില്‍നിന്ന് അകറ്റിയെങ്കിലും ആ
ബോധനശാസ്ത്രം പലരെയും ആകര്‍ഷിക്കുകയും ചെയ്തു.
അധ്യാപകരുടെ കാര്യത്തിലും ഒരുകാലത്തും കേരളത്തില്‍
അപര്യാപ്തതയുണ്ടായിട്ടില്ല. കുട്ടികള്‍ കുറഞ്ഞ് തസ്തിക
നഷ്ടപ്പെട്ടവരുള്ള സംസ്ഥാനമാണിത് (അധ്യാപക വിന്യാസത്തിലെ
അശാസ്ത്രീയത സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും).
ഇങ്ങിനെ മികച്ച അടിസ്ഥാന സൗകര്യമുള്ള, മികച്ച അധ്യാപകരും നല്ല
പാഠ്യപദ്ധതിയും താരതമ്യേന മെച്ചപ്പെട്ട ഭരണ സംവിധാനവുമുള്ള
സ്‌കൂളുകളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത് എന്നതാണ്
കേരളത്തിലെ സവിശേഷത.

ലാഭം വേണ്ട വിദ്യാഭ്യാസം

സമൂഹത്തിന്റെ അതിജീവനവും സാംസ്‌കാരികോന്നമനവുമാണ്
വിദ്യാഭ്യാസ ക്രമത്തെയും ബോധന രീതികളെയും രൂപപ്പെടുത്തുന്നത്.
ഓരോ കാലത്തും അതിനനുസരിച്ച വിദ്യാഭ്യാസ സന്പ്രദായങ്ങള്‍
രൂപപ്പെട്ടതും അങ്ങിനെയാണ്. കേരളത്തിലും ഇത്തരം സാമൂഹ്യ
വീക്ഷണങ്ങളെയും രാഷ്ട്രീയ വികാസത്തെയും അടിസ്ഥാനമാക്കി
തന്നെയാണ് വിദ്യാഭ്യാസ ഉള്ളടക്കം രൂപപ്പെട്ടത്. അതില്‍ സംഭവിച്ച
പുറംതള്ളലുകളും മറ്റും വേറെ തന്നെ പരിഗണിക്കേണ്ടതാണെങ്കിലും
പൊതുവെ സാമൂഹിക പ്രസക്തമായ ഉള്ളടക്കം കേരളത്തിലെ
വിദ്യാഭ്യാസമേഖലയില്‍ എക്കാലത്തും നിലനിന്നിട്ടുണ്ട്. 1980കളിലാണ്
വിദ്യാഭ്യാസം തൊഴില്‍ നേടാനുള്ള ഉപാധിയെന്ന തലത്തിലേക്ക്
കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. ആഗോളവത്കരണത്തെ തുടര്‍ന്ന്
തൊഴില്‍വിപണിയിലുണ്ടായ മാറ്റങ്ങള്‍ ഈ പ്രവണതക്ക് ആക്കം കൂട്ടി.
അങ്ങേയറ്റം മത്സരക്ഷമമായ ആഗോള തൊഴില്‍
വിപണിയിലേക്കിറങ്ങാനുള്ള ആത്മവിശ്വാസമാര്‍ജിക്കല്‍
വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായി മാറുകയും ചെയ്തു.
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന താത്പര്യമായി മാറേണ്ട സാമൂഹിക
കാരണങ്ങള്‍, വ്യക്തി തലതത്തിലേക്ക് ചുരുക്കപ്പെടുകയായിരുന്നു
ഇതിലൂടെ സംഭവിച്ചത്. വ്യക്തി കേന്ദ്രീകൃതവും താല്‍ക്കാലികവും
ലാഭാധിഷ്ടിതവുമായ വിദ്യാഭ്യാസ രീതിയെ ശക്തി്‌പെടുത്തുകയാണ് ഇത്
ചെയ്തത്. എ ഡിബിയും ലോക ബാങ്കുംപോലുള്ള കേരളത്തിന്
സാന്പത്തിക സഹായംനല്‍കിയ അന്താരാഷ്ട്ര ധനകാര്യ ഏജന്‌സികള്‍
ഈ രീതിയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും സര്‍ക്കാര്‍ നയം
തന്നെ ഇതിനിണങ്ങുംവിധം പരിവര്‍ത്തിപ്പിക്കപ്പെടുകയും ചെയ്തു.

തുറക്കുന്ന സ്‌കൂളുകള്‍

ഈ പശ്ചാത്തലത്തിലാണ് കേളത്തില് അണ്‍എയിഡഡ് എന്ന പേരില്‍
സ്വാശ്രയ സ്‌കൂളുകള്‍ വ്യാപകമാകുന്നത്. വലിയ സൌകര്യങ്ങള്‍
വാഗ്ദാനം ചെയ്ത് വന്‍ തുക ഫീസ് ഈടാക്കിയാണ് അണ്‍ എയിയിഡഡ്
സ്‌കൂളുകള്‍ കേരള വിദ്യാഭ്യാസ മേഖലയില്‍ ഇടംപിടിച്ചത്. ആഗോള
തൊഴില്‍ വിപണിയിലേക്കിറങ്ങാനാവശ്യമായ ഭാഷാപരവും
സാങ്കേതികവുമായ യോഗ്യതകള്‍ ഇതിന്റെ മുഖ്യ ആകര്‍ഷണമായി. ഇന്ന്
എല്‍ കെ ജി പ്രവേശത്തിന് രണ്ട് ലക്ഷം വരെ തലവരി വാങ്ങുന്നവരും
ഒരു ലക്ഷം വരെ വാര്‍ഷിക ഫീസ് ഈടാക്കുന്നവരും ഈ രംഗത്തുണ്ട്.
പേരെടുത്ത എയിഡഡ് സ്ഥാപനങ്ങള്‍ പോലും പതിനായിരങ്ങള്‍
ഫീസീടാക്കുന്ന സ്വാശ്രയവിഭാഗം തുടങ്ങി. ഇംഗ്ലീഷ് പ്രാവീണ്യം മുതല്‍
ഉയര്‍ന്ന വിജയശതമാനം വരെയുള്ള ഘടകങ്ങള്‍ സി ബി എസ് ഇ ഐ
സി എസ് ഇ സ്‌കൂളുകളെ അതിവേഗം ജനപ്രിയമാക്കി. വിദേശ
രാജ്യങ്ങളിലെ തുടര്‍പഠന സാധ്യതയടക്കം കുട്ടികളുടെ ഭാവി
സാധ്യതകള്‍ കേരളത്തിലെ രക്ഷിതാക്കളെ കൂടുതല്‍ ഈ
മേഖലയിലേക്ക് ആകര്‍ഷിച്ചു. മികച്ച വിദ്യാഭ്യാസ പദ്ധതിയാണിതെന്ന
പൊതുധാരണ കേരളത്തില്‍ ശക്തമാകുകയും ചെയ്തു.
പൊതുസമൂഹം മികച്ചതെന്ന് കരുതുന്ന സ്‌കൂളുകള്‍ തുറക്കുന്നതോടെ
പൊതു വിദ്യാലയങ്ങള്‍ വിട്ട് അവര്‍ അങ്ങോട്ട് മാറാനും തുടങ്ങി.
ഇത്തരം സ്‌കൂളുകളില്‍ പഠിക്കാന്‍ പ്രാപ്തിയുള്ള രക്ഷിതാക്കളെയും
വിദ്യാര്‍ഥികളെയും സംബന്ധിച്ചേടത്തോളം ഒരുപരുധിവരെ ഇത്
ഗുണകരമായ മാറ്റമായിത്തീരുകയും ചെയ്തു.
എന്നാല്‍ പൊതുവിദ്യാഭ്യാസം മാത്രം മതിയെന്ന് വാദിക്കുന്നവര്‍
പ്രചരിപ്പിക്കും പാലെ കേരളത്തിലെ എല്ലാ അണ്‍എയിഡഡ്
സ്‌കൂളുകളും വെറും വാണിജ്യ താല്‍പര്യത്താല്‍ മാത്രം
സ്ഥാപിക്കപ്പെട്ടവയല്ല. പൊതു വിദ്യാഭ്യാസ സംവിധാനത്തിന്റെ അഭാവം
കേരളത്തില് വലിയ അളവില്‍ അണ്‍എയിഡഡ് സ്‌കൂളുകളുടെ
ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ട്. ഇവയില്‍ പലതും വലിയ നഷ്ടം
സഹിച്ചാണ് നടത്തിക്കൊണ്ടുപോകുന്നത്. കേരളത്തിലെ വിദ്യാഭ്യാസ
സംവിധാനങ്ങളുടെ വിന്യാസത്തിലെ അതിരൂക്ഷമായ അസന്തുലിതത്വം
പരിഹരിക്കാന്‍ സര്‍ക്കാറുകള്‍ തയാറാകാതിരുന്നപ്പോഴാണ്
രക്ഷിതാക്കളും നാട്ടുകാരും ബദല്‍ വഴികള്‍ അന്വേഷിക്കാന്‍
നിര്‍ബന്ധിതരായത്. പൊതുവിദ്യാലയങ്ങളെപ്പോലെ തന്നെ ഒരുവിഭാഗം അണ്‍എയിഡഡ് സ്‌കൂളുകളുടെ പിറവിക്കും വളര്‍ച്ചക്കും പിന്നിലും വലിയ സാമൂഹിക ന്യായങ്ങളും തദ്ദേശീയമായ അതിജീവനശ്രമങ്ങളും ഉണ്ടെന്നര്‍ഥം.
ഇത്തരം സാഹചര്യങ്ങളിലൂടെ വികസിച്ചുവന്ന കേരളത്തിലെ
അണ്‍എയിഡഡ് മേഖല ഇന്ന് ഏറ്റവും ആകര്‍ഷകമായ വിദ്യാഭ്യാസ
സംവിധാനമായിമാറിക്കഴിഞ്ഞു. ഉയര്‍ന്ന ഫീസും തലവരിപ്പണവും
മൂന്നാം വയസിലെ പ്രവേശന പരീക്ഷയുമെല്ലാം കടന്നാണ് കുട്ടികള്‍
ഇവിടേക്ക് എത്തുന്നത്. അത്രമേല്‍ കേരളീയര്‍ ഇതിനെ
സ്വീകരിച്ചുകഴിഞ്ഞു. വേതനം തീരെ കുറവാണങ്കിലും
സാമൂഹ്യാംഗീകരാമുള്ള തൊഴിലിടവുമാണ് ഇത്. പൊതുവിദ്യാഭ്യാസ
സംരക്ഷണം അനിവാര്യമാകുന്‌പോഴും ഈ സാഹചര്യങ്ങള്‍
അവഗണിക്കാന്‍ കഴിയാത്തതായി മാറിക്കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ ആകെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍
കണക്കുപ്രകാരം 7 ശതമാനത്തിലധികം ഇന്ന് അണ്‍എയിഡഡ്
സ്‌കൂളുകളാണ്. കണക്കില്‍പെടാത്തത് വേറെയും.
പൂട്ടാന്‍ കാരണങ്ങള്‍ പലത്

കുട്ടികള്‍ കൂട്ടത്തോടെ അണ്‍ എയിഡഡ് സ്‌കൂളുകളിലേക്ക്
ഒഴുകുന്നതാണ് പൊതുവിദ്യാഭ്യാസം തകരാനുള്ള ഏക കാരണമായി
കാലങ്ങളായി കേരളത്തില്‍ നടക്കുന്ന എല്ലാ വിദ്യാഭ്യാസ
ചര്‍ച്ചകളുടെയും 'കണ്ടെത്തല്‍'. പൊതുവിദ്യാഭ്യാസത്തോടുള്ള
അമിതാഭിനിവേശത്തില്‍ ഇത്തരം വാദങ്ങള്‍ വൈറലായി
മാറാമെങ്കിലും യാഥാര്‍ഥ്യം അതിനുമപ്പുറത്താണ്. സൌജന്യ
വിദ്യാഭ്യാസം സാര്‍വത്രികമാക്കിയ കേരളത്തില്‍ ആ
ആനുകൂല്യങ്ങളെല്ലാം ഉപേക്ഷിച്ച് എല്ലാവരും സ്വയം
പ്രതിസന്ധിവരിക്കുന്നതല്ല. മറിച്ച് നിരവധി സാമൂഹിക കാരണങ്ങള്‍
കുട്ടികള്‍ ഇല്ലാതാകുന്നതിന് പിന്നിലുണ്ട്.
പറയ വിഭാഗത്തില്‍പെട്ടവര്‍ കൂടുതല്‍ പഠിക്കുന്നതിനാല്‍
മറ്റുസമുദായങ്ങളില്‍ നിന്നുള്ളവര്‍ ഉപേക്ഷിച്ചുപോയ കോഴിക്കോട്
പേരാന്പ്ര വെല്‍ഫെയര്‍ ഗവ.എല്‍ പി സ്‌കൂളിനെപ്പറ്റി കേരളം ഏറെ ചര്‍ച്ച
ചെയ്തതാണ്. കഴിഞ്ഞ അധ്യയന വര്‍ഷമായിരുന്നു ഈ സംഭവം
കേരളത്തിന്റെ പൊതുശ്രദ്ധയിലെത്തിയത്. എന്നാല്‍ ഇത്തവണയും
അവിടത്തെ അവസ്ഥക്ക് ഒരു മാറ്റവുമില്ല. ഇടതുപക്ഷ സംഘടനകള്‍ക്ക്
ആധിപത്യമുള്ള, കര്‍ഷക പോരാട്ടങ്ങളുടെ പേരില്‍ പ്രസിദ്ധമായ
കയ്യൂരിലെ ചെറായിക്കര എല്‍ പി സ്‌കൂളില്‍ ആകെയുള്ളത് 16
വിദ്യാര്‍ഥികള്‍. സ്‌കൂളിലേക്ക് കൊള്ളാവുന്ന ഒരു
റോഡുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ കുട്ടികള്‍ വരുമായിരുന്നുവെന്ന്
നാട്ടുകാര്‍ തന്നെ പറയുന്നു.
കാസര്‍കോട്ടെ കൊട്ടംകുഴി എഎല്‍പി സ്‌കൂളില്‍ ആകെ
വിദ്യാര്‍ഥികകള്‍ 12. രണ്ട് പതിറ്റാണ്ടായി ഇവിടെ പ്രധാന അധ്യാപകനില്ല.
തിരുവനന്തപുരം പാങ്ങോട് അടപ്പുപാറ സര്‍ക്കാര്‍ ട്രൈബല്‍ എല്‍പി
സ്‌കൂളില്‍ ഒരുകാലത്തും ആവശ്യത്തിന് അധ്യാപകരുണ്ടാകാറില്ല.
ഇവിടേക്ക് നിയോഗിക്കപ്പെടുന്നവര്‍ വന്നയുടന്‍ സ്ഥലംമാറ്റം
വാങ്ങിപ്പോകും. 10 ആദിവാസി കോളനികള്‍ക്കുള്ള ഏക
ആശ്രമയമാണീ വിദ്യാലയം. പഠിപ്പിക്കാന്‍ ആളില്ലാത്തിടത്ത് പഠിക്കാന്‍
കുട്ടികള്‍ വരണമെന്ന് ശഠിക്കുന്നതെങ്ങനെ? ചില ഫിഷറീസ് സ്‌കൂളില്‍
ഹോസ്റ്റലിലല്‍ താമസിച്ച് പഠിക്കാനെത്തുന്നവര്‍ പോലും മത്സ്യബന്ധന
സീസണില്‍ പഠനം നിര്‍ത്തി പണിക്ക് പോകാറുണ്ട്. അവരുടെ ജീവിതം
അതുകൂടിയാണ്.
കുട്ടികളുടെ ജനന നിരക്കിലുണ്ടായ കുറവും ഒരു പരിധിവരെ
സ്‌കൂളുകളെ ബാധിക്കുന്നുണ്ട്. എല്ലാ കൊല്ലവും പുതുതായി പ്രവേശം
നേടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. ആലപ്പുഴയില്‍ ഒരു
സ്‌കൂള്‍ കൂടുതല്‍ കുട്ടികളെ ചുറ്റുവട്ടത്തുനിന്ന് കണ്ടെത്തിയപ്പോള്‍ സമീപത്തെ രണ്ട് പൊതു വിദ്യാലയങ്ങളെ അത് ബാധിച്ചു.
എയിഡഡിലേക്കുള്ള ഒഴുക്ക് പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ കാരണമാകുന്നു എന്ന കേവല വാദത്തിലുപരിയായി അതിന് നിരവധി കാരണങ്ങള്‍ വേറെയുമുണ്ടെന്നാണ് ഈ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതില്‍ വഴിയില്ലായ്മ മുതല്‍ അധ്യാപകരുടെ സന്നദ്ധതയില്ലായ്മ വരെയുണ്ട്. ഇവയെയൊന്നും അഭിമുഖീകരിക്കാതെയുള്ള പൊതിവിദ്യാഭ്യാസ സംരക്ഷണ മുദ്രാവാക്യങ്ങള്‍ നമ്മുടെ ശ്രമങ്ങളെ ഫലശൂന്യമായ അഭ്യാസമാക്കിമാറ്റുകയാണ് ചെയ്യുന്നത്. അതേസമയം തന്നെ കുട്ടികളില്ലാതെ പൂട്ടല്‍
ഭീഷണി നേരിടുന്ന വിദ്യാലയങ്ങളില്‍ പഠിക്കുന്നവരില്‍ മഹാഭൂരിഭാഗവും
ദരിദ്രരും പിന്നാക്കക്കാരുമാണെന്ന വസ്തുതയും കാണാതിരുന്നുകൂട.

പൂട്ടുന്നിടത്ത് പോകുന്നവര്‍

നാല് സ്‌കൂളുകളാണ് പൂട്ടാന്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ അനുമതി
നേടിയത്. അതില്‍ ആദ്യം പൂട്ടുവീണ മലപ്പുറം മാങ്ങാട്ടുമുറി യു പി
സ്‌കൂളില്‍ ആകെയണ്ടായിരുന്നത് 67 പേര്‍. ഇതില്‍ 42 പേരും ദാരിദ്ര്യ
രേഖക്ക് താഴെയുളള കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍. 6 പേര്‍
പട്ടികജാതി വിഭാഗത്തില്‍പെട്ടവരും 24 പേര്‍ മുസ്ലിം വിദ്യാര്‍ഥികളും.
തൃശൂര്‍ കിരാലൂര്‍ എല്‍ പി എസില്‍ ആകെയുള്ള കുട്ടികളില്‍
പകുതിയോളം പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവരാണ്. വിവാദമായ
കോഴിക്കോട്ടെ മലാപ്പറന്പ് സ്‌കൂളില്‍ ആകെയുള്ള 58 പേരില്‍ 35
പേരും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. 14 പേര്‍ പട്ടിക ജാതി
വിഭാഗത്തില്‍പെട്ടവരും. 14 പേര്‍ സമീപത്ത വിവിധ അനാഥാലയങ്ങളില്‍
നിന്നുള്ളവരും. സ്‌കുളുകളുടെ അഭാവവും 'ഉയര്‍ന്ന' സ്‌കൂളുകളില്‍
എത്തിപ്പെടാനുള്ള സാമ്പത്തികസാമൂഹിക സാഹചര്യങ്ങളുടെ
അപര്യാപ്തതയും ദരിദ്രപിന്നാക്ക വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരുന്ന്
പഠിക്കാനുള്ള ജാതി കേരളത്തിന്റെ വിമുഖതയുമാണ് ദലിതരുടെയും
ദരിദ്രരുടെയും കേന്ദ്രമാക്കി ഇത്തരം സ്‌കൂളുകളെ മാറ്റുന്നത്.
കേരളത്തില്‍ ഏറ്റവുമേറെയുള്ള എയിഡഡ് സ്‌കൂളുകളില്‍ വെറും 1.47
ശതമാനമാണ് പട്ടിക ജാതി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം. 36 ശതമാനം മാത്രമുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രാതിനിധ്യം 3.92 ശതമാനം. സ്വാശ്രയ സ്‌കൂളുകളില്‍ അത് നാമമാത്രമാണ്  0.35 ശതമാനം. അവമതിയും അവഗണനയും പോലുള്ള പരോക്ഷ വിവേചനങ്ങള്‍ ഭയന്ന്
വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍, അവര്‍ തന്നെ മികച്ചതെന്ന്
കരുതുന്ന സ്‌കൂളുകളില്‍ പോകാന്‍ തയാറാകുന്നില്ലെന്ന് കേരളത്തില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. യൂണിഫോം
മുതല്‍ ചില സ്‌കൂളുകളിലെ പുസ്തകങ്ങള്‍ വരെ ഇത്തരം വിദ്യാര്‍ഥികളെ
ഭയപ്പെടുത്തുന്നുവെന്നും സര്‍വേകളില്‍ വ്യക്തമായിരുന്നു.
എന്നാല്‍ ഇവയേക്കാളേറെ പ്രധാനപ്പെട്ട പ്രതിസന്ധി സ്‌കൂളുകളുടെ
ലഭ്യതയാണ്. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനല്‍കുന്ന
സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട നാടാണ് കേരളം. ഇതിലേക്ക്
നയിച്ചതായി കേരളീയര്‍ തന്നെ വിശ്വസിച്ചുപോരുന്നത് 'പുരോഗമന'
നിലപാടുകളുമാണ്. ഈ വീമ്പു പറച്ചിലിന് മോടി കൂട്ടാന്‍ നാം
ബോധപൂര്‍വം മറച്ചുവച്ച യാഥാര്‍ഥ്യങ്ങളിലൊന്നാണ് ദരിദ്ര പിന്നാക്ക
വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളിലെ പ്രാഥമിക
വിദ്യാഭ്യാസത്തിനുള്ള അപര്യാപ്തത. വിദ്യാഭ്യാസ അവകാശ
നിയമപ്രകാരം അയല്‍പക്ക സ്‌കൂളുള്‍ നിര്‍ബന്ധമാണ്. എന്നാല്‍
എസ്.സി വിഭാഗത്തില്‍ ഒരു കിലോമീറ്റര്‍ ദൂര പരിധിയില്‍ ഏതെങ്കിലും
തരം സ്‌കൂള്‍ ലഭ്യമല്ലാത്തവര്‍ കേരത്തില്‍ 53.93 ശതമാനമാണെന്ന്
'റൈറ്റ്‌സ്' നടത്തിയ പഠനത്തില്‍ പറയുന്നു. നിയമപ്രകാരം ഈ ദൂര
പരിധിക്കുള്ളില്‍ ഒരു എല്‍.പി സ്‌കൂള്‍ വേണം. 16.88 ശതമാനത്തിന് ഒരു
സ്‌കൂള്‍ കാണാന്‍ നാല് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യണം. 10.02
ശതമാനത്തിന് 24 കിലോമീറ്ററും. പട്ടിക വര്‍ഗത്തിന് ഇത് കൂടുതല്‍
രൂക്ഷമാണ്: 65.53 ശതമാനത്തിന് ഒരു കിലോമീറ്ററിനകത്ത് സ്‌കൂള്‍
ലഭ്യമല്ല. 29.55 ശതമാനത്തിന് സ്‌കൂളിലത്തൊന്‍ നാല് കിലോമീറ്ററിലധികം
ദൂരമുണ്ട്. മല്‍സ്യത്തൊഴിലാളി മേഖലയില്‍ 30.88 ശതമാനത്തിന് ഒരു
സ്‌കൂള്‍ കണ്ടെത്താന്‍ ഒരു കിലോമീറ്ററില്‍ അധികം യാത്ര ചെയ്യണം.
2.23 ശതമാനത്തിന് നാല് കിലോമീറ്റില്‍ കൂടുതലും.
ഇതിനെല്ലാം പുറമെയാണ് സ്‌കൂളില്‍ ഒട്ടും പോകാത്തവര്‍.
എസ്.സിയില്‍ 6.85 ശതമാനവും എസ്.ടിയില്‍ 3.93 ശതമാനവും മല്‍സ്യ
മേഖലയില്‍ 5.21 ശതമാനവും ഇക്കൂട്ടത്തിലാണ്. പട്ടിക ജാതി
വിഭാഗത്തിലെ 16.08 ശതമാനവും പട്ടികവര്‍ഗത്തില്‍പെട്ട 11
ശതമാനവും പഠിക്കുന്നത് ലാഭകരമല്ലെന്ന്
പ്രഖ്യാപിക്കപ്പെട്ട സ്‌കൂളുകളിലാണ്. എന്നാല്‍ മല്‍സ്യ മേഖലയില്‍ നിന്ന്
ഇത്തരമൊരു കണക്ക് തന്നെ സര്‍ക്കാറിന്റെ കൈവശമില്ല. അതേസമയം
മത്സ്യത്തൊഴിലാളി മേഖലകളിലെ 34 ശതമാനം സ്‌കൂളുകളും
ലാഭകരമല്ലാത്തവയുടെ പട്ടികയിലാണെന്നും റൈറ്റ്‌സിന്റെ പഠനം
പറയുന്നു. (അവലംബം മാധ്യമം 01/2013).
പ്രതിസന്ധിയിലാകുന്ന എല്ലാ സ്‌കൂളുകളിലും അവസാനം
അവശേഷിക്കുന്നത് അതി ദരിദ്രരും സാമൂഹികമായി പിന്നാക്കം
നില്‍ക്കുന്നവരും മാത്രമാണ്. എന്നാല്‍ അണ്‍
എയിഡഡുകളാകട്ടെ, അതിന്‌റെ എല്ലാ വാണിജ്യ
താത്പര്യങ്ങള്‍ക്കുമപ്പുറം സാമൂഹികമായ അനിവാര്യതയായി
മാറിക്കഴിഞ്ഞിട്ടുമുണ്ട്. ഒരുവര്‍ഷം ഏതാണ്ട് 3 ലക്ഷം വിദ്യാര്‍ഥികള്‍
പൊതു വിദ്യാലയത്തിലെത്തുമ്പോള്‍ ഒരു ലക്ഷം പേര്‍ സബിഎസ്ഇ,
ഐ സി എസ് ഇ സിലബസുകളിലേക്ക് പോകുന്നുണ്ട്. ഈ
സാഹചര്യങ്ങളെ മുന്‍നിര്‍ത്തി വേണം ഒരു സ്‌കൂളുന്‌റെ
അതിജീവനത്തിന് വഴികളന്വേഷിക്കേണ്ടത്.

ലാഭ നഷ്ടം നിശ്ചയിക്കുന്ന വിധം

കേരളത്തില്‍ ഒരു സ്‌കൂള്‍ ലാഭകരമാണോ എന്ന് നിശ്ചയിക്കാനുള്ള
ഏക മാനദണ്ഡം അവിടെ കുറഞ്ഞത് ഒരു ക്ലാസില്‍ 15കുട്ടികള്‍
എങ്കിലും ഉണ്ടായിരിക്കുക എന്നതാണ്. കഴിഞ്ഞ വര്‍ഷം വരെ മിനിമം 25
കുട്ടികള്‍ എന്നായിരുന്നു കണക്ക്. കുട്ടികളുടെ പരിധി കുറച്ചുവക്കുക
വഴി രണ്ടായിരത്തോളം സ്‌കൂളുകളെ കഴിഞ്ഞ സര്‍ക്കാര്‍
ആദായകരമാക്കി മാറ്റി! എന്നിട്ടും 3500ാളം സ്‌കൂളുകള്‍ ഇപ്പോഴും
അനാദായകര പട്ടികയിലാണ്. 10ല്‍ താഴെ മാത്രം കു്ട്ടികളുള്ള 150ാളം
സ്‌കൂളുകള്‍ കേരളത്തിലുണ്ട്.
സമീപ ഭാവിയില്‍ തന്നെ ഇവയെല്ലാം പൂട്ടുകയോ പൂട്ടല്‍ വിവാദത്തില്‍
അകപ്പെടുകയോ ചെയ്യുമെന്നുറപ്പ്.
ഇപ്പോള്‍ തന്നെ കേരള്ത്തില്‍ ആയിരത്തോളം സ്‌കൂളുകള്‍ പൂട്ടാന്‍
അപേക്ഷ സമര്‍പിച്ചുകഴിഞ്ഞുവെന്നാണ് വിദ്യാഭ്യാസ വകപ്പുമായി
ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. ഓരോവര്‍ഷവും നിരവധി സ്‌കൂളുകള്‍
പൂട്ടിപ്പോകുന്നുമുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 12 സ്‌കൂളുകളാണ്
കേരളത്തില്‍ പൂട്ടിയത്. കുട്ടികളുടെ എണ്ണം മാത്രം മുന്നില്‍വച്ച് ഒരു
വിദ്യാലയത്തെ ലാഭകരമെന്നോ പൂട്ടേണ്ടതാണ് എന്നോ വിധിക്കുന്നത്
സാമൂഹിക വിരുദ്ധമായ നടപടിയാണ്. അങ്ങേയറ്റം നഷ്ടം സഹിച്ചിട്ടും
സാമൂഹിക പ്രതിബദ്ധത കൊണ്ട് മാത്രം നടത്തിക്കൊണ്ടുപോകുന്ന
നിരവധി അണ്‍എയിഡഡ് സ്‌കൂളുകളുള്ള കേരളത്തിലാണ്, സര്‍ക്കാര്‍
തലത്തില്‍ ഇ്ത്തരം തീരുമാനങ്ങളുണ്ടാകുന്നത് എന്നതാണ്
വൈരുദ്ധ്യം. കേവലം കെ ഇ ആര്‍ പരിഷ്‌കരണം കൊണ്ട് ഇത് മറികടക്കാനാകില്ല. മറിച്ച് സര്‍ക്കാറുകളുടെ നയം തന്നെ ഈ രീതിയില്‍ പുനരാവിഷ്‌കരക്കണം.
അടച്ചൂപൂട്ടുക എന്നതിലുപരി ഇത്തരം സ്‌കൂളുകളെ നവീകരിക്കാനുള്ള
സംസ്ഥാന വ്യാപകമായ പദ്ധതികള്‍ ഇതുവരെ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല.
പ്രാദേശികമായി നാട്ടുകാരും രക്ഷിതാക്കളും ജനപ്രതിനിധികളും എല്ലാം
ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ പലയിടത്തും വിജയംകണ്ടിട്ടുണ്ട്. ആയിരം കുട്ടികളുള്ള സ്‌കൂളായി മാറിയ സ്ഥാപനങ്ങള് കേരളത്തിലുണ്ട്. എന്നാല്‍ ഇത്തരം പദ്ധതികള്‍ സംസ്ഥാന വ്യാപകമായി വിപുലമായി നടപ്പാക്കുന്ന പരിപാടിയായി ഇതുവരെ മാറിയിട്ടില്ല.
കാലാനുസൃതമായ മാറ്റങ്ങളണ്ടാകുന്നില്ല എന്നതാണ്
പൊതു വിദ്യാലയങ്ങളെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതിലെ മുഖ്യ
കാരണം. ഇടക്കാലത്ത് സ്‌റ്റേറ്റ് സിലബസില്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം വിഭാഗത്തിന്, അണ്‍എയിഡഡ് സ്‌കൂളുകളിലേക്കുള്ള ഒഴുക്കിന് അല്‍പം തടയിടാന്‍ കഴിഞ്ഞിരുന്നു. മത്സരക്ഷമമായ
സമൂഹത്തില്‍ ജേതാവാകാനുതകുംവിധമുള്ള വിദ്യാഭ്യാസം ലഭിക്കാത്ത
ഒരിടത്തേക്ക് പുതുതലമുറ കടന്നുവരുമെന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. പാഠ്യപദ്ധതിയോട് ആശയപരമായി വിയോജിപ്പുള്ളവരുടെയും പാഠപുസ്തകങ്ങള്‍ വഴി വിതരണം ചെയ്യപ്പെടുന്ന വിവരങ്ങള്‍, തങ്ങളുടെ ചരിത്രത്തെ നിരാകരിക്കുന്നുവെന്ന് വിശ്വസിക്കുന്നവരുടെയും തലമുറകൂടിയാണിത്. സാമൂഹിക വളര്‍ച്ചക്ക് ഉതകുന്ന രീതിയില്‍ പൊതു വിദ്യാഭ്യാസത്തെ നവീകരിക്കണമെന്ന് കരുതുന്ന
ഭരണകൂടത്തിന്‌റെ പരിഗണനയില്‍ ഇത്തരം ഘടകങ്ങള്‍ കൂടിയുണ്ടാകണം. കേവലമായ
അക്കങ്ങള്‍ക്കകത്തുനിന്ന് ധനവകുപ്പ് നിശ്ചയിക്കുന്ന ലാഭക്കണക്കിലെ പ്രലോഭനമോ
നഷ്ടക്കണക്കിലെ മോഹഭംഗമോ ആകരുത് നയരൂപീകരണത്തിന്‌റെ അടിസ്ഥാനം.

പരിഹാരമല്ലാത്ത ഏറ്റെടുക്കല്‍

ഈ പശ്ചാത്തലത്തിലാണ്, ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് സ്‌കൂളുകളുടെ ഏറ്റെടുക്കല്‍ തീരുമാനത്തെ വിലയിരുത്തേണ്ടത്. പ്രത്യക്ഷത്തില്‍ ്അങ്ങേയറ്റം പ്രശംസനീയമായ നടപടിയാണ് സര്‍ക്കാറില്‍ നിന്നുണ്ടായത്. അതേസമയം തന്നെ എയിഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കുക പോലുള്ള ജനപ്രിയ
നടപടികളിലൂടെ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിച്ചുകളയാമെന്ന് കരുതുന്നത്
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് അത്രമേല്‍
ഗുണകരമാകില്ല. പൂട്ടാനുറപ്പിച്ച സ്‌കൂളുകള്‍ ഏറ്റെടുക്കുന്നത്
അവിടത്തെ വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകും. അവരെ
സംബന്ധിച്ച് ഇതിനേക്കാള്‍ വലിയ പരിഹാരവുമില്ല. മധുവിധു
ആഘോഷിക്കുന്ന ഒരു സര്‍ക്കാറിന് കൈയ്യടി നേടാമങ്കിലും സംസ്ഥാനത്തിന്‌റെ
വിദ്യാഭ്യാസ മേഖലയില്‍ ഇത് ചില പ്രത്യാഘാതങ്ങളും
സൃഷ്ടിക്കും.
കേരളത്തില്‍ ഒരു സ്‌കൂള്‍ തുടങ്ങുന്നതിന് ഭൂമിശാസ്ത്ര പരമായ
മാനദണ്ഡങ്ങളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല. എയിഡഡും
അണ്‍എയിഡഡും ആര്‍ക്കും എവിടെയും തുടങ്ങാം. സര്‍ക്കാര്‍
വിദ്യാലയങ്ങളാകട്ടെ നേരത്തെ തന്നെ തുടങ്ങിയവയുമാണ്. അഥവ,
വിദ്യാര്‍ഥികളുടെ ലഭ്യത, അനിവാര്യത തുടങ്ങിയ ഘടകങ്ങളൊന്നും
പരിഗണിക്കാതെയാണ് കേരളത്തിലെ ഓരോ സ്‌കൂളും
സ്ഥാപിച്ചിരിക്കുന്നത്. നിലവിലുള്ള മൂന്നുതരം സ്‌കൂളുകളും ഒരൊറ്റ
സ്ഥലത്ത് തന്നെ പ്രവര്‍ത്തിക്കുന്ന എത്രയോ ഗ്രാമങ്ങള്‍
കേരളത്തിലുണ്ട്. അതേസമയം തന്നെ സമീപത്തൊന്നും ഒരു എല്‍ പി
സ്‌കൂള്‍ പോലുമില്ലാത്ത നിരവധി ഗ്രാമങ്ങളും കേരളത്തിലുണ്ട്. ഈ
അസന്തുലിതത്വം പരിഹരിക്കാന്‍ കഴിയുംവിധമാകണം ഇനിയുള്ള
നടപടികള്‍. സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഒരു സ്‌കൂള്‍ ആ സ്ഥലത്ത് അനിവാര്യമാണോ എന്ന ആലോചന കൂടി നടക്കണം.
ഇതിന്റെ അടിസ്ഥാനത്തിലd നിലവിലുള്ള സ്‌കൂളുകളുടെ ശാസ്ത്രീയമായ പുനര്‍വിന്യാസവും പുനക്രമീകരണവുമാണ് കേരളത്തില്‍ ഇനി നടക്കേണ്ടത്.
സ്‌കൂളുകള്‍ ആവശ്യമുള്ള സ്ഥലങ്ങള്‍ കണ്ടെത്താനും നിലവിലെ
സ്‌കൂളുകളുടെ സ്ഥാനം നിര്‍ണയിക്കാനും അവ അവിടെത്തന്നെ ആവശ്യമാണോ എന്ന് നിശ്ചയിക്കാനും ഉതകുന്ന തരത്തിലുള്ള
സ്‌കൂള്‍ മാപ്പിംഗ് കേരളത്തില്‍ ഉടന്‍ നടത്തണം. ഇങ്ങിനെ
കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ ഇനി പുതിയ സ്‌കൂളുകള്‍
അനുവദിക്കാവൂ. കുട്ടികളില്ലാതെ പൂട്ടുമെന്നുറപ്പായ ഒരു സ്‌കൂള്‍ കോടികള്‍ മുടക്കി അതേ ദൈന്യതയോടെ കാലാകലം നിലനിര്‍ത്തുന്നതിന് പകരം, അവിടെയുള്ള വിദ്യാര്‍ഥികള്‍ക്ക് അതേരീതിയില്‍ പഠനം തുടരാനുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ണന നല്‍കേണ്ടത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം, സര്‍്ക്കാര്‍
തന്നെ ഫീസ് നല്‍കി കുട്ടികളെ അവരുടെ അയല്‍പക്ക സ്‌കൂളുകളില്‍
പ്രവേശിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. സ്വാശ്രയ സ്‌കൂളുകളില്‍ ഈ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇതിന്, പെരുവഴിയിലായ കുട്ടികളുടെ വിദ്യാഭ്യാസം
ഉറപ്പുവരുത്താന്‍ ഇപ്പോള്‍ മുടക്കുന്ന കോടികളുടെ നാലിലൊന്ന്
മതിയാകും.. അതേസമയം തന്നെ, സ്‌കൂളകള്‍ ഏറ്റെടുത്ത് നിലനിര്‍ത്തേണ്ട സ്ഥലങ്ങളില്‍ മലാപ്പറമ്പ് മാതൃക നടപ്പാക്കാന്‍ മടിക്കുകയും ചെയ്യരുത്.
പൂട്ടുമെന്നുറപ്പായ നിലവിലെ എയിഡഡ് സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന്
പകരം ഇവയെ ആവശ്യമായ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള
സാധ്യതകളും പരിശോധിക്കണം. പൊതുവിദ്യാലയങ്ങളുടെ അഭാവത്തില്‍ സ്വാശ്രയ സ്‌കൂളുകളുടെ കടുത്ത ചൂഷണത്തിന് വിധേയരാകാന്‍ നിര്‍ബന്ധിതമാകുന്ന എത്രയോ പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. അത്തരം 'ചൂഷകര്‍' പോലുമില്ലാത്ത സ്ഥലങ്ങളുമുണ്ട്. പൂട്ടിപ്പോകുന്ന സ്‌കൂളുകളും തസ്തികകളും (അല്ലെങ്കില്‍ ഇവക്ക് പകരം സ്‌കൂളും തസ്തികകളും) ഇത്തരം സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിയുമോയെന്നും ആലോചിക്കണം. ആവശ്യമായ സ്ഥലങ്ങളില്‍ അണ്‍എയിഡഡ് സ്‌കൂളുകള്‍ ഏറ്റെടുത്ത്
എയിഡഡാക്കാനും എയിഡിഡ്-സര്‍ക്കാര്‍ കൂളകളെ പരസപരം
ലയിപ്പിക്കാനും അനാവശ്യമായവ അടച്ചുപൂട്ടാനും ഒക്കെ
കഴിയുംവിധമുള്ള ഒരു സമഗ്രമായ സ്‌കൂള്‍ പുനക്രമീകരണ നയം
ആവിഷ്‌കരിക്കണം. സ്വകാര്യ മാനേജര്‍മാരും അധ്യാപക സംഘടനകളും
ഇതിനെ പിന്തുണക്കണമെന്നില്ല. ഇത്രകാലവും കേരളത്തിലെ
വിദ്യാഭ്യാസ നയം രൂപീകരിച്ചതെല്ലാം ഈ രണ്ട് വിഭാഗങ്ങളുടെ
താല്‍പര്യങ്ങളെ കന്ദ്രീകരിച്ചായിരുന്നു. ഇനിയെങ്കിലും അതവസനിപ്പിച്ച്
വിദ്യാര്‍ഥി കേന്ദ്രിതമായ സമീപനം ആവിഷ്‌കരിക്കാനും തയാറാകണം.
അടച്ചുപൂട്ടലിന്റെ വക്കില്‍നിന്ന് കരകയറിയ എത്രയോ പൊതുവിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. സ്മാര്‍ട്ട് ക്ലാസ് റൂമുകളും മികച്ച ലബോറട്ടറികളും തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ മുകവുറ്റതാക്കുകയും ഗുണനിലവാരുള്ള അധ്യയനം ഉറപ്പാക്കുകയും ചെയ്തപ്പോഴാണ് ഈ മാറ്റം സംഭവിച്ചത്. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഇതിന്റെ മികച്ച ഉദാഹരണമാണ്. അതുകൊണ്ട്, കേരളത്തില്‍ അണ്‍എയിഡഡ് സ്‌കൂളുകള്‍ മാത്രമല്ല തുറക്കുന്നത് എന്നും ചിലരുടെ ജാഗ്രത ഒരുപാട് പൊതുവിദ്യാലയങ്ങളുടെ അടഞ്ഞപോയ വാതിലുകള്‍ തുറക്കാന്‍ കാരണമായിട്ടുണ്ടെന്നുമുള്ള തിരിച്ചറിവുകൂടി ഭരണകര്‍ത്താക്കള്‍ക്കുണ്ടാകണം.

(മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ 27 2016)

Tuesday, May 17, 2016

ബീമാപള്ളിക്കാരെ ‘കേരളം’ ഇപ്പോഴും വെടിവെച്ചുകൊണ്ടിരിക്കുന്നു

മലയാളികളുടെ ജനാധിപത്യ ബോധത്തിലെ കാപട്യങ്ങള്‍ സ്വയം വെളിപ്പെടുത്തിയതായിരുന്നു 2009 മെയ് 17ന് ബീമാപള്ളിയില്‍ നടന്ന പോലിസ് വെടിവപ്പ്. നിരപരാധികള്‍ക്കുനേരെ പോലിസ് നടത്തിയ വെടിവപ്പില്‍ പൊലിഞ്ഞത് ആറു ജീവന്‍. പരിക്കേറ്റത് അമ്പതോളം പേര്‍ക്ക്. ആശ്രിതര്‍ നഷ്ടപ്പെട്ട് നിത്യ ദുരിതത്തിലേക്കെടുത്തെറിയപ്പെട്ടവര്‍ അതിലേറെ. ഒരു ഗുണ്ടയുടെ താന്തോന്നിത്തത്തെ യഥാവിധി നേരിടാതെ നിഷ്ക്രിയരായ പോലിസിന്‍റെ നിരുത്തരവാദിത്തത്തിനെതിരെ സംഘടിച്ച പ്രദേശ വാസികളെ
തോക്കുകൊണ്ട് നേരിടുകയായിരുന്നു പോലിസ്. ഈ നരനായാട്ടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച് നീതിന്യായ നിര്‍വഹണത്തിന് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് മലയാളികള്‍ അന്ന് ‘മാതൃകാപരമായ’ മൗനം പാലിച്ചു. മലയാളിത്തത്തിന് അവര്‍ സ്വയം നിര്‍ണയിച്ചുനല്‍കിയ ശ്രേണീഘടന പ്രകാരം മുഖ്യധാരയില്‍ അടുപ്പിക്കാന്‍ അയോഗ്യരായ ഒരുപറ്റം ‘പ്രാകൃതര്‍ക്ക്’ നേരെയുണ്ടായ വെടിവപ്പിന് തീവ്രത കുറഞ്ഞുപോയോ എന്ന സംശയമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. രക്തസാക്ഷികളെ ഏറ്റെടുക്കാനും അണികളെ നിരത്തി പ്രതിരോധിക്കാനും ശേഷിയില്ലാത്ത ജനത അത് നിശ്ശബ്ദം ഏറ്റുവാങ്ങി. തീരവാസികള്‍, മല്‍സ്യത്തൊഴിലാളകിള്‍, വിദ്യാഹീനര്‍, നിയമ സംവിധാനത്തിന് വിധേയരാകാത്തവര്‍, എല്ലാത്തിനുമൊപ്പം മുസ്‌ലിംകള്‍…ഇങ്ങനെ അപരനിര്‍മിതിക്ക് ആവശ്യമായ എല്ലാ ചേരുവകളും ഒത്തിണങ്ങിയ സമൂഹമാണ് വെടിയേറ്റു വീണത്. അതിനാല്‍ മുഖ്യധാരാ മലയാളികളുടെ വേവലാതികളില്‍ ആ ആറുപേര്‍ക്ക് ഒട്ടും ഇടമുണ്ടായില്ല. ആ വെടിയുണ്ട അവരര്‍ഹിക്കുന്നു എന്ന് സ്വന്തം സാമൂഹ്യ ബോധത്തിന് താഴെ അടിക്കുറിപ്പെഴുതി വച്ച് അവര്‍ ഭീകരമായ നിസ്സംഗത പാലിച്ചു. പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, ജുഡീഷ്യല്‍ അന്വേഷണം, കലകടറുടെയും ആര്‍.ഡി.ഒയുടെയും പോലിസ് വിരുദ്ധ വെളിപ്പെടുത്തലുകള്‍, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി വെടിവപ്പിന്റെ ന്യായാന്യാതകള്‍ പലവഴികളില്‍ വിശകലനം ചെയ്യപ്പെട്ടിട്ടും നിരപരാധികളായ പൗരന്‍മാര്‍ക്കെതിരായ ഭരണകൂട കൈയ്യേറ്റമായി മൂന്നാം വര്‍ഷവും അത് ചരിത്രത്തിലിടം നേടിയിട്ടില്ല.
വെടിയേറ്റ് മരിക്കാന്‍ യോഗ്യരായ അപരിഷ്‌കൃതരായ ജനതയാണ് ബീമാപള്ളിക്കാരെന്ന മുന്‍ വിധിയാണ് സംഭവ സമയത്തെ കേരളത്തെ നയിച്ച പൊതുവികാരം. രാഷ്ട്രീയ പാര്‍ട്ടികളുടെ ചില കോലാഹലങ്ങളും ഏതാനും മുസ്‌ലിം സംഘടനകളുടെ ഒറ്റപ്പെട്ട സമര-പ്രതിഷേധവും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ചില ഇടപെടലുകളും ഒഴിച്ചുനിര്‍ത്തിയാല്‍ തീര്‍ത്തും ‘സമാധാനപരമായ’ വെടിവപ്പായാണ് കേരളത്തിന് അത് അനുഭവപ്പെട്ടത്. മൂന്ന് വര്‍ഷത്തെ വിശകലനങ്ങള്‍ക്ക് ശേഷവും ഈ അവസ്ഥയില്‍ മാറ്റമുണ്ടായിട്ടില്ല. എന്നല്ല അന്വേഷണ ഏജന്‍സികള്‍ തന്നെ ഈ മുന്‍വിധികളെ സാധൂകരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പോലിസ് ഭാഷ്യ പ്രകാരം ‘കലാപ’മായ സംഘര്‍ഷത്തില്‍ നിയോജല്‍ എന്ന സ്ഫോടക വസ്തു കണ്ടെത്തിയെന്നാണ് പോലിസ് രേഖ. ഇതേപറ്റി അന്വേഷിക്കാന്‍ സി.ബി.ഐയെ ഏല്‍പിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം ഏല്‍പിക്കാന്‍ കേരള സര്‍ക്കാര്‍ കാരണമായി പറഞ്ഞത്, നിയോജല്‍ തീരദേശത്ത് എത്തിയതാണ്. നിയോജല്‍ എത്തിയതിനേക്കാള്‍ അപകടരമായ അവസ്ഥ, അത് തീരദേശത്ത് എത്തിയതാണത്രെ! അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ‘തീരദേശം’ എന്ന അവരുടെ ജന്മദേശം സ്വയം തന്നെ വലിയ കുറ്റവാളിയായാണ് പരിഗണിക്കപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് പിന്നീട് വന്ന എല്ലാ മാധ്യമ വാര്‍ത്തകളുടെ വരികള്‍ക്കടിയിലും ഈ ‘കുറ്റവാളി’യെ പ്രത്യേകം കണ്ടെത്താന്‍ കഴിയും.
പോലിസ് ഭീകരതയെ പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത് അതേ വകുപ്പിന്‍റെ ഭാഗമായ ക്രൈംബ്രാഞ്ചിനെയാണ്. വെടിയേറ്റു വീണ ജനതക്ക് നേരെ വീണ്ടും നിറയൊഴിക്കുന്നതെങ്ങനെയന്ന് അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും ക്രൈംബ്രാഞ്ച് തെളിയിക്കുന്നുണ്ട്. സംഘര്‍ഷത്തിന് കാരണക്കാരനായ ഗുണ്ടക്കെതിരായ രണ്ട് കേസുകള്‍ രഹസ്യമായി എഴുതിത്തള്ളി. പോലിസിനെതിരായ കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചു, അതും രഹസ്യമായി തന്നെ. പോലിസിനെതിരെ കൊലക്കുറ്റം ആരോപിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധു നല്‍കിയ കേസാണിത്. ഇതിനെതിരെ പരാതിക്കാരനും ജമാഅത്ത് കമ്മിറ്റിയും കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവം നടന്നയുടന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്ന് പ്രതിപക്ഷത്തിരുന്ന് ബഹളം വച്ചവരുടെ കൈയ്യിലേക്കാണ് റിപ്പോര്‍ട്ട് കൊടുത്തത്. എന്നിട്ടും അത് വെളിച്ചം കണ്ടില്ല. പോലിസ് വെടവപ്പിനെതിരെ കലക്ടറും ആര്‍.ഡി.ഒയും മൊഴി നല്‍കുക വഴി ഏറെ ശ്രദ്ധിക്കപ്പെട്ട റിപ്പോര്‍ട്ടാണ് പൂഴ്ത്തിവക്കപ്പെട്ടത്.
സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരുമായ ഒരു സമൂഹമാണ് പോലിസ് ഭീകരതക്കിരയായത്. അതിനെതിരായ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടത്തെ ഈ പിന്നാക്കാവസ്ഥ തെല്ലൊന്നുമല്ല തളര്‍ത്തിക്കളഞ്ഞത്. നിയമ നടപടികളുടെ സങ്കീര്‍ണതകള്‍ക്കുമുന്നില്‍ നിസ്സഹായരായിപ്പോകുന്ന ഇരകളെയാണ് ബീമാപള്ളിയില്‍ കാണാനാകുക. ഈ നിസ്സഹായതകള്‍ മറികടക്കാന്‍ അവിടത്തെ രാഷ്ട്രീയ-മത നേതൃത്വത്തിനും കഴിയുന്നില്ല. വലിയൊരു ഭരണകൂട ഭീകരത ഏറ്റുവാങ്ങേണ്ടി വന്ന ജനത അതിന്‍റെ ഓര്‍മകള്‍പോലും സൂക്ഷിക്കാന്‍ പ്രാപ്തിയില്ലാതെ അധികാര കേന്ദ്രങ്ങളോട് സമരസപ്പെടുകയാണ്. ഓര്‍മകള്‍ നിലനിര്‍ത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിയാനുള്ള ശേഷിയും ഈ മല്‍സ്യത്തൊഴിലാളി ഗ്രാമത്തിനില്ല. മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിന് ആക്കം കൂട്ടുകയും ചെയ്യുന്നു.
വെടിവപ്പിനെ ന്യായീകരിക്കാന്‍ പോലിസ് തുടക്കം മുതല്‍ വര്‍ഗീയ കലാപ കഥകളാണ് അഴിച്ചുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങളും ഇതേറ്റുപിടിച്ചാണ് പോലിസിനൊപ്പം നിന്നത്. ഇതിലെ ശരിതെറ്റുകള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇത്രയേറെ ഭീകരമായ -പോലിസ് ഭാഷ്യമനുസരിച്ച് യുദ്ധസമാനമായ- വര്‍ഗീയ കലാപ നീക്കം നടന്ന ഈ പ്രദേശത്ത് അതിന് ശേഷം സാമുദായികത പറഞ്ഞ് ഒരു ചെറിയ വാക്കേറ്റം പോലുമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പഴയ സൗഹൃദാന്തരീക്ഷം പൂര്‍ണാര്‍ഥത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. പോലിസിനെയും അവരുടെ ഭാഷ്യം ഏറ്റുപിടിച്ച മാധ്യമങ്ങളെയും അതിനൊത്ത് മൗനംപാലിച്ച പൊതുസമൂഹത്തെയും ഈ സാമൂഹ്യാന്തരീക്ഷം അങ്ങേയറ്റം പരിഹാസ്യമാക്കുന്നുണ്ട്. ഒരുവെടിവപ്പ് കൊണ്ട് നിശേഷം വര്‍ഗീയതയെ തുടച്ചുനീക്കാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നതിനേക്കാള്‍, കേരളീയ സമൂഹത്തിലേക്ക് പോലിസ് പൊട്ടിച്ചുവിട്ട നുണയുണ്ടകള്‍ അറബിക്കടലില്‍ വീണടിഞ്ഞുവെന്ന് കരുതാനാണ് കുടുതല്‍ ന്യായം.

(ഉത്തരകാലം വെബ് - 16-മെയ്-2012)

അസന്തുലിത വളര്‍ച്ച, അവസാനിക്കാത്ത പോരാട്ടം

ശ്രീമൂലം പ്രജാസഭയുടെ അയ്യന്‍ കാളി പങ്കെടുത്ത ആദ്യ അഷ്ടമയോഗം നടന്നത് 1912 ല്‍. ആ യോഗത്തിന്റെ ഏഴാം ദിവസം മാര്‍ച്ച് 4 ന് നടത്തിയ പ്രസംഗത്തി...