Showing posts with label ഒമാനീയം. Show all posts
Showing posts with label ഒമാനീയം. Show all posts

Sunday, January 3, 2016

ജീവിതത്തിനും രാഷ്ട്രീയത്തിനും ഇടയിലെ ഒമാന്‍ കവിത


'കൊടുങ്കാറ്റ് മരണത്തെ കണ്ടില്ല,
അതിന്റെ വഴികളില്‍.
മഹാസമുദ്രം മുറിച്ചുകടക്കാന്‍
മറ്റൊരു വഴിയുമില്ല,
ചെറുവരികളല്ലാതെ.' 

'ഉബൂര്‍'‍. അബ്ദുല്ല അര്‍റയാമിയുടെ ചെറുകവിത. ഒമാന്‍ കവിതയില്‍ പുതുവഴികള്‍ തുറക്കുന്ന കവിയാണ് അബ്ദുല്ല. പുരാതന ഒമാന്‍ ചരിത്രത്തിലെ ഒരു രാഷ്ട്രീയ നീക്കത്തിന്റെ പേരില്‍ കെയ്‌റോവിലേക്ക് നാടുകടത്തപ്പെട്ട കുടുംബത്തില്‍ 1965ല്‍ ജനനം. അഭയാര്‍ഥി ജീവിതം അവസാനിപ്പിച്ച് 2000ല്‍ മാതൃരാജ്യത്തേക്ക് തിരിച്ചുവന്ന അബ്ദുല്ല ഇവിടെ ഇപ്പോഴും സാംസ്‌കാരിക പ്രവര്‍ത്തനം തുടരുന്നു.
വരികളില്‍ കടുത്ത രാഷ്ട്രീയം കാണുന്നത് പ്രവാസ ജീവിതകാലത്ത് പരിചയപ്പെട്ട അറബിതര സാഹിത്യലോകത്തിന്‌റെ സ്വാധീനമാണെന്ന് നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. 1992ല്‍ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. സവിശേഷമായ ഒമാന്‍ രാഷ്ട്ര സംവിധാനത്തിനകത്തുനിന്ന് തീഷ്ണമായ ചിന്താലോകം വാക്കുകളിലൂടെ തറന്നുവക്കുന്ന എഴുത്തുകാരനാണ് അബ്ദുല്ല.
Abdulla Ar-ryami

'തുറന്ന ജാലകം
കുളിര്‍ കാറ്റ്
ഒഴുകുന്ന രാത്രി
(നിശ്ചലരായി നാം)
ഓട്ടം നിലച്ച ബസ്,
തളര്‍ന്നുമരവിച്ച പഥികന്‍
ഭയന്നുവിറച്ച്, ലണ്ടനോടൊട്ടി
നിന്റെ  കണ്ണുകള്‍ യാത്ര പറയുന്നു.'
(ദി കാര്‍)

ഗാലിയ അല്‍ സഈദിയുടെ കവിതയാണ് 'ദി കാര്‍'‍. ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഒമാനി എഴത്തുകാരി. അറബിയിലും ഇംഗ്ലീഷിലും എഴുതുന്നു. 2005, 2007, 2008 വര്‍ഷങ്ങളില്‍ ഓരോ നോവല്‍ പ്രസിദ്ധീകരിച്ചു. ചിത്രകാരി കൂടിയാണ് ഗാലിയ. ഒമാനിലെ മനഷ്യാവസ്ഥകളെ ആന്തരീകരിക്കുന്നതാണ് ഗാലിയയുടെ കവിതകള്‍. എല്ലാ സ്വപ്‌നങ്ങളും വിചിത്രമായ മോഹങ്ങളും ഒരിടത്ത് സംഗമിക്കുകയും അവിടെ പുറന്തള്ളപ്പെട്ടവരുടെ മേല്‍വിലാസങ്ങളെല്ലാം മനുഷ്യരുടേതായി മാറുകയും ചെയ്യുന്നൊരു ലോകത്തെ കവിതയിലൂടെ സ്വപ്‌നം കാണുന്ന ഒരാള്‍.
1978ല്‍ ജനിച്ച യുവ എഴുത്തുകാരിയാണ് റീം അല്‍ ലവാത്വി. 2006ല്‍ ഇന്‍വെന്റഡ് സ്റ്റുപ്പിഡിറ്റീസ് എന്ന പേരില്‍ ആദ്യ കവിതാ സമാഹാരം. തൂലികാ നാമത്തില്‍ പ്രണയ കവിതകള്‍ എഴുതിത്തുടങ്ങിയ റീം പിന്നീട് പ്രണയത്തിന്റെ കാവ്യ ഭാഷയില്‍ തന്നെ രാഷ്ട്രീയവും അതിന്റെ അതിരുകളില്‍ പിടയുന്ന മനുഷ്യാവസ്ഥകളും വിഷയമാക്കി.

'സ്വര്‍ഗത്തിന്റ വാതിലില്‍ മുട്ടിയത്
കുഴഞ്ഞുമറിഞ്ഞ 
അനാദിയായ ചിന്തകളായിരുന്നു.

കൈ കവിഞ്ഞൊഴുകുന്നു
മധ്യസ്ഥരുടെ ചുംബനങ്ങള്‍.
രാത്രിക്ക് നീളമേറുകയാണ്,
കാലത്തിന്റെ നോവലിലെ 
ദീര്‍ഘാധ്യായത്തേക്കാള്‍ ദൈര്‍ഘ്യം.

രഹസ്യ മന്ത്രം: 
ഉള്ളിന്റെയുള്ളില്‍ നിന്നുയരുന്ന 
ദീര്‍ഘ നിശ്വാസങ്ങള്‍ നിന്നെ വാഴ്ത്തുന്നു,
വരൂ, ഈ തീവ്രാഭിലാഷങ്ങളില്‍ നിന്ന് 
ഞങ്ങളെ രക്ഷിക്കൂ...'

(റീമിന്‌റെ കവിതയില്‍ നിന്ന്)

ഒമാനിയന്‍ സാംസ്‌കാരിക പാരന്പര്യമുള്ള മൂന്ന് കവികളുടെ രചനകള്‍. ഒരാള്‍ പ്രവാസി. മറ്റൊരാള്‍ തിരസ്‌കൃതനാക്കപ്പെട്ടവരുടെ തിരിച്ചെത്തിയ പിന്‍ഗാമി. മൂന്നാമത്തേത് പുറം ജീവിതാനുഭവങ്ങളേക്കാളേറെ തദ്ദേശീയമായ പശ്ചാത്തലത്തില്‍ തന്നെ വളരുന്ന എഴുത്തുകാരി. മൂന്ന് വ്യത്യസ്ത സാമൂഹികാവസ്ഥകളിലൂടെ വികസിച്ചുവന്നവരെങ്കിലും മൂവരുയും വരികള്‍ക്കിടയില്‍ ആശയപരമായി അഗാധമായ സാമനതകളുണ്ട്. തങ്ങള്‍ക്കുമേല്‍ നിറഞ്ഞുനില്‍ക്കുന്ന വ്യവസ്ഥകള്‍ സൃഷ്ടിക്കുന്ന സര്‍ഗാത്മകമായ ഏകാന്തതയും അതില്‍ നിന്ന് പുറത്തുകടക്കാനുള്ള വ്യഗ്രതയും അവയിലെന്പാടും കാണാം. അതിനെ പലരും രാഷ്ട്രീയമെന്ന് വിളിക്കുന്നുണ്ടെങ്കിലും അത്രമേല്‍ അത് പ്രത്യക്ഷമായിട്ടില്ല. എന്നാല്‍ അതല്ല രാഷ്ട്രീയം എന്ന് നിരാകരിക്കാനാകാത്ത വിധം ഗാംഭീര്യമാര്‍ന്ന ഉള്ളടക്കങ്ങളാല്‍ അവയൊക്കെയും ശ്രദ്ധേയവുമാണ്. ഒറ്റവരിയില്‍ പറഞ്ഞാല്‍ ഇതാണ് വര്‍ത്തമാനകാല ഒമാന്‍ കവിത.
Jokha Al Harthy
ഒമാന്‍ സാഹിത്യത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 9-11 നൂറ്റാണ്ടുകളിലാണ് അതിന്റെ വേരുകള്‍ ചെന്നുനില്‍ക്കുന്നത്. പതിനൊന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന അന്‍സബ് അല്‍ അറബില്‍ ഒമാനികളുടെ രചനകളുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. വാചാസാഹിത്യമായിരുന്നു ഒമാന്‍ പാരന്പര്യം. അതുതന്നെ മതപരമായ ആശയ പ്രചാരണങ്ങളിലും ചരിത്ര കദനങ്ങളിലും ഒതുങ്ങിനിന്നു. പിന്നീട് 1980കളിലാണ് ഒമാനില്‍ അച്ചടിക്കപ്പെട്ട സാഹിത്യ സൃഷ്ടികളുണ്ടായിട്ടുള്ളത്. 1981ല്‍ പ്രസദ്ധീകൃതമായ അബ്ദുല്ല ബിന്‍ മുഹമ്മദിന്‌റെ രചനയാണ് അദ്യമായി അച്ചടിക്കപ്പെട്ട സാഹിത്യ രചന എന്നാണ് കരതുന്നത്. 1927-1973 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആളാണ് അബ്ദുല്ല ബിന്‍ മുഹമ്മദ്. 1983ല്‍ പ്രസിദ്ധീകരിച്ച സെയ്ഫ് അര്‍റഹ്ബിയുടെ ജബലുല്‍ അഖ്ദറാണ് ആദ്യ നോവലായി പരിഗണിക്കപ്പെടുന്നത്. സൌദുല്‍ മുസഫ്ഫറിനെപ്പൊലുള്ള പല മുതിര്‍ന്ന എഴുത്തുകാരുടെ രചനകള്‍ അച്ചടിക്കപ്പെട്ടതുപൊലും എണ്‍പതുകള്‍ക്ക് ശേഷമാണ്. (ചരിത്ര വിവരങ്ങള്‍കക്അവലംബം-ലിറ്റററി ഹിസ്റ്ററ്റി റ്റുവാര്‍ഡ്‌സ് എ ഗ്ലോബല്‍ പെര്‍സ്‌പെക്ടിവ്). സാഹിത്യ പ്രസിദ്ധീകരണമായ നിസ്‌വയുടെ പത്രാധിപരും പ്രശസ്ത എഴുത്തുകാരനമാണ് സെയ്ഫ് അര്‍റഹ്ബി. 1975 ല്‍ രൂപം കൊണ്ട നാഷണല്‍ കള്‍ചറല്‍ ക്ലബും അതിന് ശേഷമുണ്ടായ അല്‍ ഗദീര്‍, നിസ്‌വ, ദി നൂണ്‍ പോലുള്ള സാഹിത്യ പ്രസിദ്ധീകരണങ്ങളുമാണ് ഒമാനില്‍ സമീപകാല സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. ഈ മുന്നേറ്റങ്ങള്‍ക്ക്  പിന്നീട് സര്‍ക്കാര്‍ പിന്തുണ കൂടി ലഭിച്ചതോടെയാണ് അച്ചടിക്കപ്പെട്ട സാഹിത്യങ്ങളിലേക്ക് ഒമാന്‍ വികസിക്കുന്നത്.

വാര്‍ഷിക കവിതാ അവാര്‍ഡ് മുതല്‍ വിദ്യാര്‍ഥികളായ എഴുത്തുകാര്‍ക്ക് വേണ്ടിയുള്ള യങ് ഒമാനി ഓഥര്‍ അവാര്‍ഡ് വരെയുള്ള പുരസ്‌കാരങ്ങള്‍ സമീപകാലങ്ങളില്‍ നിലവില്‍ വന്നതും എഴുത്തിന് ശക്തിയും സ്വീകാര്യതയും പകര്‍ന്നു. പ്രമുഖരും പ്രഗത്ഭരുമായ നിരവധി എഴുത്തുകാരുടെ വന്‍ നിരതന്നെയുള്ള സന്പന്ന സാംസ്‌കാരിക ചരിത്രം അവകാശപ്പെടാന്‍ കഴിയുന്ന രാജ്യമായി ഒമാന്‍ മാറിക്കഴിഞ്ഞു. മുഹമ്മദ് അല്‍ ഹര്‍ഥിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പുള്ള എഴുത്തുകാരന്‍. 1962ല്‍ ജനിച്ച അല്‍ ഹര്‍ഥിയുടെ ആദ്യ കവിതാ സമാഹാരം പുറത്തുവരുന്നത് 1992ല്‍ ആണ്. 2103ല്‍ പ്രസിദ്ധീകരിച്ച കാവ്യ സമാഹാരമടക്കം ആറ് കവിതാ പുസ്തകങ്ങള്‍. ഇവക്ക് പുറമെ ഒരു നോവല്‍. ഒരു യാത്രാ വിവരണം. ഒരു ലേഖന സമാഹാരം. ഇത്രയുമാണ് 53കാരനായ അല്‍ ഹര്‍ഥിയുടെ പ്രസിദ്ധീകൃത കൃതികള്‍. അറബിയിലും അറബിയിതര മേഖലകളിലുമുള്ള എഴുത്തുകാരുടെ കവിതകളുടെ സ്വാധീനം നിറഞ്ഞുനില്‍ക്കുന്ന അല്‍ ഹര്‍ഥിയുടെ രചനകളില്‍ ഒമാനില്‍ വലിയ സാന്നിധ്യമായ മലയാളികളെയും കേരളത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങളും കാണാം. നാല് ചെറുകഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച അബ്ദുല്‍ അസീസ് മുഹമ്മദ് മാജിദ് അല്‍ ഫര്‍സി, വനിതാ എഴുത്തുകാരിയായ ഝോഖ അല്‍ ഹര്‍ഥി, മുതിര്‍ന്ന എഴുത്തുകാരനായ സെയ്ഫ് അര്‍റഹ്ബി, സഹീര്‍ അല്‍ ഗാഫരി, അബ്ദുല്ല അല്‍ താഈ, ഹിലാല്‍ ബിന്‍ ബദര്‍ തുടങ്ങി എഴുത്തുകാരുടെ ഒരു നീണ്ട നിര തന്നെ ഇന്ന് ഒമാനിലുണ്ട്. അറബ്-ഒമാന്‍ പാരന്പര്യത്തില്‍ നിന്ന് എഴുത്താശയങ്ങള്‍ രൂപപ്പെടുത്തുന്ന ഒമാനി എഴുത്തുകാര്‍ അതേസമയം തന്നെ പാശ്ചാത്യന്‍ സാഹിത്യവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. പലരുടെയും രചനകളില്‍ ഈ സ്വാധീനവും വ്യക്തമാണ്. നജീബ് മെഹ്ഫൂസ് മുതല്‍ കാഫ്കയും സാര്‍ത്രും വരെ ഇക്കൂട്ടത്തിലുണ്ട്.


Abdul Aziz Farzi
എഴുത്തുകാരാല്‍ അതി സന്പന്നമാണെങ്കിലും സാഹിത്യ പ്രവര്‍ത്തനത്തിന്റെ ശൈശവദശ ഒമാന്‍ ഇനിയും പിന്നിട്ടിട്ടില്ല. എഴുത്തുകാര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി നല്ല പ്രസാധകരില്ല എന്നതുതന്നെയാണ്. പുസ്തകങ്ങല്‍ പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാര്‍ തന്നെ വന്‍ തുക മുടക്കേണ്ട അവസ്ഥയാണ്. ഇത് പണമുള്ളവര്‍ മാത്രം എഴത്തുകാരായിത്തീരുന്ന അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പ്രസാധകര്‍ മാത്രമല്ല, എഴുത്തുകാരെ നിലനിര്‍ത്തുന്ന മികച്ച തദ്ദേശീയരായ വയനാസമൂഹവും ഇവിടെ രൂപപ്പെട്ടിട്ടില്ല. സാഹിത്യ പ്രവര്‍ത്തനം പലപ്പോഴും ഉപരിവര്‍ഗ പരിപാടിയായി  മാറിപ്പോകുന്നുവെന്നാണ് അറബി സാഹിത്യവുമായി അടത്ത ബന്ധമുള്ളവര്‍ നടത്തുന്ന നിരീക്ഷണം. എഴുത്തുകാര്‍ക്ക് ലഭിക്കുന്ന പിന്തുണയും പ്രൊമോഷനും എഴുത്തിനെ വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ സുപ്രധാനമാണ്. ഇക്കാര്യത്തിലും ഒമാന്‍ ഏറെ ദുര്‍ബലമാണ്. അതേസമയം തന്നെ, ഗള്‍ഫ് മേഖലയില്‍ ഒമാന്‍ കവികള്‍ ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. മുഹമ്മദ് ഹര്‍ഥിയെപ്പോലുള്ളവരുടെ ചില വിവര്‍ത്തന കൃതികള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കവിതയിതര സാഹിത്യ ശാഖകള്‍ക്ക് ഈ സ്വീകാര്യത നേടാനായിട്ടില്ല.

അറബി സാഹിത്യത്തെ ഏറ്റവുമേറെ പ്രൊമോട്ട് ചെയ്യുന്ന ലണ്ടന്‍ കേന്ദ്രമായ പ്രസിദ്ധീകരണമാണ് ബാനിപാല്‍. ഇതിന്റെ സ്ഥാപകനും പത്രാധിപരുമാണ് സാമുവല്‍ ഷിമേണ്‍. ഒമാനില്‍ ഇനി ശക്തിപ്രാപിക്കുക നോവല്‍ സാഹിത്യമായിരിക്കുമെന്നാണ് ഷിമോണിന്റെ പ്രവചനം. ഒമാന്‍ കവിതക്ക് അറബ് ലോകത്ത് ഇപ്പോള്‍ ലഭിച്ച സ്വീകാര്യത നോവല്‍ ശാഖക്കും ഉടന്‍ കൈവരും. അത്രമേല്‍ പ്രാഗത്ഭ്യമുള്ള എഴുത്തുകാര്‍ ഈ രംഗത്തുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. വലിയ അവാര്‍ഡുകള്‍ക്ക് വേണ്ടി ലോബിയിങ് നടത്താനുള്ള ശേഷിയില്ലായ്മക്കും ഇക്കാര്യത്തില്‍ ഒമാനിന് പുറത്തുള്ള പ്രസാധകര്‍ കാണിക്കുന്ന അവഗണനക്കും വലിയ വിലയാണ് ഒമാന്‍ എഴുത്തുകാര്‍ നല്‍കേണ്ടി വരുന്നതെന്നും അദ്ദേഹം പറയുന്നു. ബെയ്‌റൂത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു ഒമാന്‍ വനിതയുടെ നോവല്‍ അറബ് ബുക്കര്‍ പ്രൈസിന് പരിഗണിക്കപ്പെടാത്തത് ചൂണ്ടിക്കാട്ടിയാണ് ഷിമോണ്‍ ഇക്കാര്യം ഉന്നയിക്കുന്നത് (ടൈംസ് ഓഫ് ഒമാന്‍). പ്രമുഖ ഒമാനി നോവലിസ്റ്റ് ഹുസൈന്‍ അല്‍ അബ്രിയും ഇതേ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് കാണാം. 'നോവല്‍ രചന ഇപ്പോള്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പിലാണ്. കഥയെഴുത്തുകാരും കവികളും നോവല്‍ രചനയിലേക്ക് വഴിമാറിത്തുടങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ഈ മേഖലയുടെ വിജയകരമായ വികാസം അതിവിദൂരമല്ല'. ബെയ്‌റൂത്ത് 39 ന് നല്‍കിയ അഭിമുഖത്തില്‍ നാല് നോവലുകളുടെ രചയിതാവായ ഹസൈന്‍ അല്‍ അബ്രി പറയുന്നു.



Muhammad Al Harthy
വായനക്കാരും പ്രസാധകരും പ്രായോജകരും വേണ്ടത്ര വളര്‍ന്നിട്ടില്ലാത്ത ഒരു സമൂഹത്തില്‍ സാഹിത്യ പ്രവര്‍ത്തനം അത്രമേല്‍ ലളിതമായ ഏര്‍പാടാകില്ല. ഈ പരിമിതികള്‍ക്ക് അകത്തുനിന്നുകൊണ്ടാണ് ഒമാനി എഴുത്തുകാര്‍ സര്‍ഗാത്മകമായ ഔന്നത്യം പ്രകടിപ്പിക്കുന്നത്. അതിനാകട്ടെ വലിയ രാഷ്ട്രീയമാനങ്ങളുമുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്ക് ജനാധിപത്യം നല്‍കുന്ന വിവക്ഷയല്ല മറ്റ് രാഷ്ട്രീയാവസ്ഥകള്‍ മുന്നോട്ടുവക്കുന്നത്. ഈ നിര്‍വചനങ്ങള്‍ക്കകത്തുനിന്നുകൊണ്ട് സാഹിത്യ ലോകത്തെ മാറ്റിപ്പണിയുകയാണ് ഒമാനി എഴുത്തുകാര്‍ ചെയ്യുന്നത്. അവര്‍ക്കാ പരിമിതകളെക്കുറിച്ച തിരിച്ചറിവുകളുണ്ട്. എങ്കിലും എഴുത്തില്‍ അവര്‍ക്ക് നിശ്ചയദാര്‍ഢ്യങ്ങളുമുണ്ട്. മുഹമ്മദ് അല്‍ ഹര്‍ഥി എഴുതിയത് പോലെ:

'വഴികളില്‍ കാലിടറിയാലും 
വഴിയടയാളങ്ങള്‍ പിന്തുടര്‍ന്ന്
ഒരിക്കല്‍ ഞാനാ-
ഉമ്മറപ്പടിയിലെത്തും,
വന്‍മതിലുകള്‍ ഞാന്‍ പണിയും.'
(പോസിങ് ഇന്‍ ദി ഗാര്‍ഡന്‍)
...........................................

(ഗള്‍ഫ് മാധ്യമം, മധുരം മലയാളം,
ഒമാന്‍ പ്രത്യേക പതിപ്പ്, ഡിസംബര്‍, 2015.)

Saturday, August 3, 2013

റോഡില്‍ 'ഭീഷണി'യായി വിദേശ വനിതകള്‍; അപകട നിരക്കിന് അതിവേഗം

മസ്‌കത്ത്: ഒമാനിലെ നിരത്തുകളില്‍ അപകട നിരക്ക് കുറയുമ്പോഴും വിദേശ വനിതകള്‍ റോഡിന് 'ഭീഷണി'യാകുന്നു. അപകട നിരക്ക് ഗണ്യമായി കുറയുന്ന ഒമാനിലെ പൊതു പ്രവണതക്ക് വിരുദ്ധമായി, വിദേശ വനിതകള്‍ അപകത്തില്‍പെടുന്നത് വന്‍ തോതില്‍ ഉയരുകയാണ്. അഞ്ചുമാസത്തെ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ മരണവും പരിക്കുമുണ്ടായതില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് വിദേശ വനിതകളില്‍ മാത്രമാണ്. അതാകട്ടെ ഏറെ ഉയര്‍ന്ന നിരക്കിലുമാണ്.

2013ലെ ആദ്യ അഞ്ചുമാസത്തെ കണക്കുകള്‍ പ്രകാരം വാഹനാപകടത്തില്‍പെട്ടത് 148 വിദേശ വനിതകളാണ്. മരണം സംഭവിച്ചത് 15 പേര്‍ക്കും. എന്നാല്‍ 2012ലെ ഇതേ കാലയളവില്‍ വിദേശ വനിതകള്‍ക്കുണ്ടായ അപകടം 103 മാത്രമാണ്. അഞ്ചുമാസത്തെ കണക്കിലുണ്ടായ വര്‍ധന 43.7 ശതമാനം. മരണസംഖ്യ 2012ല്‍ വെറും എട്ട് മാത്രമാണ്. വര്‍ധനയുടെ തോത് 87.5 ശതമാനം. അപകടത്തില്‍പെട്ടവരില്‍ എണ്ണത്തില്‍ കൂടുതല്‍  മറ്റ് വിഭാഗങ്ങളാണ് എങ്കിലും അവയിലെല്ലാം അഞ്ചുമാസത്തെ കണക്കില്‍ അപകട തോത് കുറയുകയാണ്. ഇതില്‍ നിന്ന് വ്യത്യസ്തമാണ് വിദേശ വനിതകളുടെ കകാര്യമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മൊത്തം അപകടങ്ങളില്‍ നേരിയ കുറവും (0.1 ശതമാനം) അപകട മരണങ്ങളില്‍ വലിയ  കുറവും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരണം മൂന്‍വര്‍ഷത്തേക്കാള്‍ 17.6 ശതമാനം കുറഞ്ഞു. 2012ലെ ആദ്യ ആറ് മാസം 438 പേരാണ് മരിച്ചത് എങ്കില്‍ ഈ വര്‍ഷം ഇക്കാലയളവില്‍ അത് 361 ആയി കുറഞ്ഞു. ഇതില്‍ അപകടത്തില്‍പെട്ട ഒമാനികളുടെ എണ്ണം 19.9 ശതമാനം കുറഞ്ഞു. ഒമാനി സ്ത്രീകള്‍ക്കുണ്ടാകുന്ന അപകടത്തില്‍ ആറ് ശതമാനത്തിന്റെയും അപകടത്തില്‍ പെടുന്ന പുരുഷന്‍മാരുടെ എണ്ണത്തില്‍ 22.8 ശതമാനത്തിന്റെയും കുറവുണ്ടായി. വിദേശികള്‍ക്കുണ്ടായ അപകട മരണത്തിന്റെ നിരക്ക് 12.9 ശതമാനം കുറഞ്ഞു. വിദേശ സ്ത്രീകളുടെ എണ്ണം ഉയര്‍ന്നപ്പോള്‍ പുരുഷന്‍മാടുടെ എണ്ണത്തില്‍ 18.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. പരിക്കുകളില്‍ അവസാനിച്ച വാഹനാപകടങ്ങളില്‍ 10.9 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ടത് ഒമാനി വനിതകളാണ് -11.7 ശതമാനത്തിന്റെ കുറവ്. ഈ സ്ഥാനത്താണ് വിദേശ വനിതകളുടെ അപകട വര്‍ധനാ നിരക്ക് കുത്തനെ ഉയര്‍ന്നത്. ഒമാനി പുരുഷന്‍മാരുടെ അപകട നിരക്ക് 13.6 ശതമാനം കുറഞ്ഞിട്ടുണ്ട്.

വിദേശ പുരുഷന്‍മാരുടെ ഡ്രൈവിംഗ് അപകടത്തില്‍ 7.3 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. മൊത്തം വിദേശികളുടെ അപകട നിരക്ക് 2.1 ശതമാനം കുറഞ്ഞിട്ടുണ്ട്. 2103ലെ ആദ്യ അഞ്ചുമാസം ഒമാനില്‍ ആകെയുണ്ടായത് 3,401 അപകടങ്ങളാണ്. മുന്‍ വര്‍ഷം ഇത് 3,406 ആയിരുന്നു. അപകടങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ സ്വദേശികള്‍ തന്നെയാണ്. പരിക്കേറ്റവരുടെ എണ്ണത്തില്‍ 13 ശതമാനം കുറവുണ്ടായി.

അപകടങ്ങള്‍ കുറയുന്നതിനൊപ്പം പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും കുറവ് വന്നിട്ടുണ്ട്. അഞ്ചുമാസ കാലയളവില്‍ മൊത്തം വാഹന രജിസ്‌ട്രേഷനില്‍ 7.4 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബൈക്കുകളില്‍ വന്‍ തോതില്‍ വര്‍ധനയുണ്ടയിട്ടുണ്ട് -48 ശതമാനം. ട്രാക്ടറുകളില്‍ 66.7 ശതമാനവും പരിശീലന വാഹനങ്ങളില്‍ 40 ശതമാനവും വാണിജ്യ വാഹനങ്ങളില്‍ 25.2 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ എണ്ണത്തില്‍ കൂടുതലുള്ള സ്വകാര്യ വാഹനങ്ങളില്‍ വന്ന കുറവാണ് മൊത്തം രജിസ്‌ട്രേഷനിലെ കുറവിന്കാരണമെന്നാണ് കരുതുന്നത്. ഈയിനത്തില്‍ 13.1 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 2102ല്‍ 44,353 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ ഈ വര്‍ഷം ഇത് വെറും 38,546 എണ്ണം മാത്രമാണ്. സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണത്തിലും വന്‍ കുറവുണ്ടയി -55.7 ശതമാനം.

(02..08..13)

Friday, August 2, 2013

ക്വാട്ട കുറഞ്ഞത് തിരിച്ചടിയായി; ഹജ്ജ് യാത്രാ ചിലവ് ഉയരുന്നു

മസ്‌കത്ത്: ഈ വര്‍ഷത്തെ ഹജ്ജിനുള്ള ക്വാട്ട കുറഞ്ഞത് സാധാരണക്കാരായ തീര്‍ഥാടകര്‍ക്ക് തരിച്ചടിയാകുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഒമാനില്‍ നിന്ന് യാത്രക്ക് ആവശ്യമായിരുന്നതിന്റെ ഇരട്ടിയോളം തുക അധികം നല്‍കേണ്ട അവസ്ഥയിലാണ് തീര്‍ഥാടകരിപ്പോള്‍. പലരും യാത്ര മാറ്റിവക്കുന്നതിനെപ്പറ്റി വരെ ആലോചിക്കുന്നുണ്ട്. ഹജ്ജ് യാത്ര സംഘാടകരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

കഅ്ബയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഈ വര്‍ഷം മൊത്തം ഹജ്ജ് യാത്രികരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തില്‍ കുറവുവരുത്തി. ഇതേതുടര്‍ന്ന് മുന്‍ വര്‍ഷത്തേക്കാള്‍ പകുതിയോളം സീറ്റ് ഒമാനിന് കുറഞ്ഞതായണ് കണക്കാക്കുന്നത്. ക്വാട്ട കുറഞ്ഞതോടെ ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ഇതാണ് ടിക്കറ്റ് നിരക്ക് ഉയരാന്‍ കാരണമായത്. ഹജ്ജ് ക്വാട്ട ലഭിച്ച മൂന്ന് വിഭാഗം കോണ്‍ട്രാക്ടര്‍മാരാണ് ഒമാനിലുള്ളത്. ഒമാനികളെ മാത്രം കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍, വിദേശികളെ കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍, വിദേശികളില്‍ തന്നെ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരെ കൊണ്ടുപോകാന്‍ അനുമതിയുള്ളവര്‍. ഇതില്‍ വിദേശികളില്‍ ഏഷ്യക്കാരെ കൊണ്ടുപോകാന്‍ അനുമതി ലഭിച്ചവര്‍ വഴിയോ അവര്‍ക്ക് വേണ്ടി ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നവര്‍ വഴിയോ ആണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഹജ്ജിന് പോകുന്നത്. ഏറ്റവുമേറെ തീര്‍ഥാടകരുണ്ടാകുന്നത് ഏഷ്യന്‍ വിഭാഗത്തിലാണ്. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിണ് യാത്രാ നരിക്ക് ഉയര്‍ന്നിരിക്കുന്നത്. മലയാളി സംഘങ്ങളിലും മറ്റുമായി കഴിഞ്ഞ തവണ ഹജ്ജിന് പോകാനായി ചിലവായത് 900 റിയാല്‍ മുതല്‍ പരമാവധി 1100 റിയാല്‍ വരെയായിരുന്നു. എന്നാല്‍ ഇത്തവണ പ്രാഥമിക കണക്കുകള്‍ പ്രകാരം തന്നെ  ഇത് 1700 റിയാലിന് മുകളിലാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ക്വാട്ട കുറഞ്ഞതോടെ പല ഹജ്ജ് സംഘാടകരും ഉയര്‍ന്ന തുക നല്‍കി സീറ്റ് സംഘടിപ്പിക്കാന്‍ തയാറായി.  ഇതാണ് നരിക്ക് ഉയരാന്‍ കാരണമായത്.

ഒമാനില്‍ നിന്ന് ഹജ്ജിന് തയാറെടുത്ത സാധാരണക്കാരെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 1000 റിയാല്‍ ഏകദേശ ചിലവ് പ്രതീക്ഷിച്ച് യാത്രക്ക് തയാറെടുത്തവര്‍ ഇപ്പോള്‍ ഏതാണ്ട് ഇരട്ടി തുക കണ്ടെത്തേണ്ട അവസ്ഥയിലാണ്. യാത്ര മാറ്റിവക്കേണ്ട അവസ്ഥ വരെ ചിലര്‍ അഭിമുഖീകരിക്കുന്നുണ്ട്. പ്രാദേശികാടിസ്ഥാനത്തിലും മറ്റും ഹജ്ജ് യാത്രക്ക് അവസരമൊരുക്കുന്നവരെയും ഇത് പ്രതിസന്ധിയിലാക്കി. നേരത്തേ കണക്കാക്കിയതിനേക്കാള്‍ ഉയര്‍ന്ന തുക ആവശ്യപ്പെടേണ്ട അവസ്ഥയിലാണ് അവരിപ്പോള്‍. യാത്രാസന്നദ്ധത അറിയിച്ചവരെ നേരില്‍ വിളിച്ച് ഉറപ്പാക്കിയ ശേഷം ആവശ്യക്കാരില്ലെങ്കില്‍ സീറ്റുകളുടെ എണ്ണം കുറക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്ന് ഒരു മലയാളി ഹജ്ജ് സംഘാടകന്‍ പറഞ്ഞു. ഏതാണ്ടെല്ലാ ഹജ്ജ് യാത്രാ സംഘാടകരും സമാനമായ അവസ്ഥയിലാണ്.

(1..08..13)

ഒമാനില്‍ ഇറക്കുമതി കൂടുന്നു; സംസ്‌കൃത എണ്ണ കയറ്റുമതി കുറഞ്ഞു


മസ്‌കത്ത്: ഒമാനിലേക്കുള്ള ഇറക്കുമതയില്‍ വന്‍ വര്‍ധന. സംസ്‌കൃത എണ്ണയുടെ കയറ്റുമതിയില്‍ കുറവുണ്ടായതായും കഴിഞ്ഞ രണ്ട് വര്‍ഷത്തെ വ്യാപരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

2012ല്‍ ഒമാനിലേക്ക് നടന്ന ഇറക്കുമതി 10,811.3 മില്ല്യണ്‍ റിയാലാണ്. തൊട്ടുമുന്‍വര്‍ഷം നടന്നതാകട്ടെ 9,081.8 മില്ല്യണ്‍ റിയാലിന്റെ ഇറക്കുമതി. അഥവ ഒരു വര്‍ഷത്തിനിടെയുണ്ടയത് 19 ശതമാനത്തിന്റെ വര്‍ധന. എന്നാല്‍ ഒമാനില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇത്ര വര്‍ധനയുണ്ടായിട്ടില്ല. 2011ല്‍ 18,106.8 മില്ല്യണ്‍ റിയാലായിരുന്നു കയറ്റുമതി. കഴിഞ്ഞ വര്‍ഷം അത് 20,047.1 മില്ല്യണ്‍ റിയാലായി ഉയര്‍ന്നു. എന്നാല്‍ ഇത് മുന്‍വര്‍ഷത്തേക്കാള്‍ 10.7 ശതമാനം മാത്രമാണ് അധികമുള്ളത്.

ഇതില്‍ തന്നെ സംസ്‌കരിച്ച എണ്ണയുടെ കയറ്റുമതി മുന്‍വര്‍ഷത്തേക്കാള്‍ 20.1 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. 2011ല്‍ 697.1 മില്ല്യണ്‍ റിയാലിന്റെ എണ്ണ കയറ്റുമതി നടന്ന രാജ്യത്ത്, 2012ല്‍ ആകെ 557.1 മില്ല്യണ്‍ റിയാലിന്റെ കയറ്റുമതി മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ന്റെ അവസാന മൂന്ന് മാസങ്ങളില്‍ 34.08 മില്ല്യണില്‍ നിന്ന് 58.8 മില്ല്യണിലേക്ക് കയറ്റുമതി വര്‍ധിച്ചെങ്കിലും മുന്‍വര്‍ഷത്തോളം എത്താന്‍ കഴിഞ്ഞില്ല. അതേസമയം മിനറല്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി 137.3 ശതാമനം വര്‍ധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെ കയറ്റുമതിയിലും 10.7 ശതമാനം വര്‍നധയുണ്ട്. പ്രകൃതി വാതകം 9.9 ശതമാനം കയറ്റുമതി വര്‍ധിച്ചു. സംസ്‌കൃത എണ്ണയുടെ കയറ്റുമതിയില്‍ കുറവുണ്ടായെങ്കിലും ാെമത്തത്തില്‍ എണ്ണ^വാതകങ്ങളുടെ കയറ്റുമതിയില്‍ 8.9 ശതമാനത്തിന്റെ വര്‍ധനയാണ് ഒരുവര്‍ഷത്തിനിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രധാന ഇറക്കുമതി ഇനങ്ങളിലെല്ലാം കഴിഞ്ഞ വര്‍ഷം കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഗതാഗത സാമഗ്രികളുടെ ഇറക്കുമതിയാണ് ഇതില്‍ കൂടുതല്‍ 36.2 ശതമാനം. കെമിക്കല്‍ ഉല്‍പന്നങ്ങള്‍, ബേസ് മെറ്റല്‍ ആന്റ് ആര്‍ട്ടിക്കിള്‍സ് എന്നിവ 28 ശതാമനവും കൂടുതല്‍ ഇറക്കുമതി ചെയ്തു. വളര്‍ത്തുമൃഗങ്ങളും അവയുടെ ഉല്‍പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്. ഇതിന്റെ വര്‍ധന 12.8 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിമാനം വഴിയുള്ള ചരക്ക് കടത്താണ് ഇക്കാലയളവില്‍ ഏറ്റുവം അധികം വര്‍ധിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 31.9 ശതമാനം വര്‍ധനയാണ് വിമാനക്കടത്തില്‍ ഉണ്ടായിരിക്കുന്നത്. കരമാര്‍ഗം 29.5 ശതമാനം  അധികം ചരക്ക് കൈമാറ്റം നടന്നപ്പോള്‍ കടല്‍ വഴിയുള്ള ചരക്ക് ഗതാഗതത്തില്‍ 23.4 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

(31..7..13)

ഒമാനിലെ കാര്‍ഷിക ഭൂ വിസ്തൃതിയില്‍ വന്‍ വര്‍ധന


മസ്‌കത്ത്: കൃഷി ഭൂമികള്‍ മരുവല്‍കരണ ഭീഷണി നേരിടുന്ന ലോകത്തിന് പാ~മായി മരുഭൂമിയില്‍ കൃഷി ഭൂമി വളരുന്നു. ഒമാനിലാണ് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഹരിതവല്‍കരണത്തില്‍ വന്‍ മുന്നേറ്റമ സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ തോട്ടക്കൃഷി രണ്ട് പതിറ്റാണ്ട് കൊണ്ട് 83,000 ഏക്കര്‍ ഭൂമിയിലേക്കാണ് കൂടുതലായി വ്യാപിച്ചത്. 

നവോത്ഥാന ദിനത്തോടനുബന്ധിച്ച് കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് രാജ്യം കൈവരിച്ച ഈ നേട്ടം വ്യക്തമാക്കുന്നത്. കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കുന്ന ഒമാന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണ് ഈ ഭൂ പരിവര്‍ത്തനം. 1992^93 കാലയളവില്‍ 2,14,000 ഏക്കറായിരുന്നു കൃഷി ഭൂമി. എന്നാല്‍ അവസാനം നടന്ന കാര്‍ഷിക സെന്‍സസ് പ്രകാരം ഇത് 3,24,000 ഏക്കറായി വര്‍ധിച്ചു. 34.4 ശതമാനത്തിന്റെ വര്‍ധന. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 44.2 ശതമാനം ഇപ്പോള്‍ കാര്‍ഷിക ഭൂമിയായി മാറിയിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തുന്ന കാര്‍ഷിക നയം പിന്തുടരുന്ന രാജ്യത്ത് 115 കൃഷിയിടങ്ങള്‍ തയാറായിക്കൊണ്ടിരിക്കുന്നുണ്ട്. 508 ഏക്കറിലാണ് ഇവ് രൂപപ്പെടുത്തുന്നത്. ആയിരത്തോളം ഏക്കറില്‍ 128 സ്വകാര്യ കൃഷിയിടങ്ങളും നിര്‍മാണത്തിലാണ്. 

കാര്‍ഷികോല്‍പാദനത്തിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012ല്‍ 462 മില്ല്യണ്‍ റിയാലിന്റെ കാര്‍ഷികോല്‍പാദനമാണ് രാജ്യത്തുണ്ടായത്. 2009ല്‍ 362.2 മില്ല്യണ്‍ റിയാലായിരുന്നു ഉത്പാദനം. 2009^13 കാലയളവില്‍ 8.5 ശതാമനം വാര്‍ഷിക വളര്‍ച്ച ഈ മേഖലയിലുണ്ടായി. രാജ്യത്തെ മൊത്തം കൃഷി^മത്‌സ്യ ഉപഭോഗത്തിന്റെ 39.5 ശതമാനവും ഇപ്പോള്‍ ഇവിടെ തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നു. 

മത്‌സ്യ മേഖലയിലും വന്‍തോതില്‍ ഉത്പാദനം വര്‍ധിച്ചു. 2012ല്‍ 1.42 ലക്ഷം റിയാലാണ് ഉത്പാദനം. 2009ല്‍ ഇത് 1.10 ലക്ഷം റിയാല്‍ മാത്രമായിരുന്നു. കന്നുകാലികളുട എണ്ണത്തിലും വലിയ വര്‍ധനയുണ്ട്. അവസാന കണക്കുകള്‍ പ്രകാരം മൊത്തം 26.73 ലക്ഷമാണ് കന്നുകാലി ശേഷി. ഇതില്‍ പശു 34,726 എണ്ണവും ഒട്ടകം 1,34,80 എണ്ണവുമാണ്. ബാക്കി ആടുകളും. മത്‌സ്യ മേഖലയുടെ വളര്‍ച്ചക്ക് വലിയ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഒമ്പത് പുതിയ മത്‌സ്യബന്ധന തുറമുഖങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ നാലെണ്ണത്തിന് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. 

(30..07..13)

ഒമാനിലെ വിദേശികളില്‍ പകുതിയോളം ഇന്ത്യക്കാര്‍; മൂന്നിലൊന്നിന് പ്രാഥമിക വിദ്യാഭ്യാസമില്ല

മസ്‌കത്ത്: ഒമാനിലെ വിദേശ തൊഴിലാളികളില്‍ നാല്‍പത് ശതമാനത്തിലധികം ഇന്ത്യന്‍ പൗരന്മാര്‍. ഓമനില്‍ ഏറ്റവുമധികമുള്ളതും ഇന്ത്യക്കാര്‍ തന്നെ. ബാക്കി വിദേശ തൊഴിലാളികള്‍ മൂന്ന് ശതമാനമൊഴികെ അ്വശേഷിക്കുന്നവര്‍ മറ്റ് എട്ട് രാജ്യങ്ങളില്‍ നിന്നായാണ് വരുന്നതെന്നും നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവിടെ ജോലി ചെയ്യുന്ന വിദേശികളില്‍ മൂന്നിലൊന്നിനും പ്രാഥമിക വിദ്യാഭ്യാസ മില്ല. 1.5 ശതമാനം പേര്‍ പൂര്‍ണ നിരക്ഷരരാണെങ്കില്‍ 27.58 ശതമാനം കേവലം എഴുത്തും വായനയും മാത്രം അറിയുന്നവരാണ്. സര്‍ള്‍വകലാശലാ തലത്തിലോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാകട്ടെ വെറും പത്ത് ശതമാനത്തില്‍ താഴെയാണ്. അടിസ്ഥാന/പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയാണ് വിദേശികളില്‍ മഹാഭൂരിഭാഗവും ഇവിടെ തൊഴില്‍ തേടിയെത്തുന്നത് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2013 മേയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 14.92 ലക്ഷം വിദേശികളാണ് ഒമാനില്‍ ജോലി ചെയ്യുന്നത്. ഇതില്‍ വെറും പത്ത് ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. 1.33 ലക്ഷം പേരും പുരുഷന്‍മാര്‍ തന്നെ. മൊത്തം വിദേശികളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ 6,03,761. ഇത് ഒമാനിലെ ആകെ വിദേശ തൊഴില്‍ ശേഷിയുടെ 40.46 ശതമാനം വരും. ബംഗ്ലാദേശികളാണ് ഇതിന് പിന്നില്‍: 4.68 ലക്ഷം. അഥവ 31.42 ശതമാനം. പാക്കിസ്ഥാനില്‍ നിന്ന് 2.22 ലക്ഷം പേരുണ്ട്. ഇത് 14.94 ശതമാനം വരും. ഒമാനിലേക്ക് തൊഴില്‍ ശേഷി കയറ്റി അയക്കുന്ന മറ്റ് പ്രധാന രാജ്യങ്ങള്‍ ഇവയാണ്: എത്യോപ്യ - 40,633 പേര്‍. ഇന്തോനേഷ്യ -27,808. ഫിലിപ്പൈന്‍ -27,543. ഈജിപ്ത് -24,207. നേപ്പാള്‍ -13,110. ശ്രീലങ്ക -12,393. മറ്റ് രാജ്യങ്ങള്‍ -50,944. ഇതില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ തൊഴിലാളികളില്‍ കഴിഞ്ഞ ഏപ്രില്‍-മേയ് മാസത്തിനിടെ നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ എത്യോപ്യയില്‍ നിന്ന് വന്‍ വര്‍ധനയുണ്ടായ ഒരുമാസത്തിനിടെ 4.4 ശതമാനം. ബംഗ്ലാദേശില്‍ നിന്ന് 1.3 ശതമാനം വര്‍ധനയുണ്ടായി.

എന്നാല്‍ വിദേശ തൊഴിലാളികളില്‍ സ്ത്രീ പ്രാതിനിധ്യം തീരെ കുറവാണ്. ആകെയുള്ളത് 1.61 ലക്ഷം മാത്രം. ബാക്കി 90 ശതമാനവും പരുഷ തൊഴിലാളികളാണ്. ഇന്ത്യന്‍ സ്ത്രീ തൊഴിലാളികളാകട്ടെ ആകെയുള്ളതിന്റെ 2.1 ശതമാനം മാത്രം. ഇന്ത്യയില്‍ നിന്ന് 5.71 ലക്ഷം പുരുഷന്‍മാര്‍ ഒമാനില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ 32,671 പേര്‍ മാത്രമാണ്. ബംഗ്ലാദേശില്‍ നിന്ന് 14,131 സ്ത്രീകള്‍. പാക്കിസ്ഥാനില്‍ നിന്നാകട്ടെ വെറും 957 പേരാണുള്ളത്. അതേസമയം എത്യോപ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും വന്ന തൊഴിലാളികളില്‍ സ്ത്രീകളാണ് മഹാ ഭൂരിഭാഗവും. എത്യോപ്യയില്‍ നിന്ന് 40,170 സ്ത്രീകള്‍ വന്നപ്പോള്‍ പരുഷന്‍മാര്‍ വെറും 463 പേര്‍ മാത്രം. ഇന്തോനേഷ്യയില്‍ നിന്ന് 700 പേര്‍ മാത്രമാണ് പുരുഷന്‍മാരുള്ളത്. സ്ത്രീകളാകട്ടെ 27,108 പേരും.

വിദേശ തൊഴിലാളികളില്‍ 1.5 ശതമാനം പേരും നിരക്ഷരരാണ്. എന്നാല്‍ എഴുത്തും വായനയും മാത്രം അറിയുന്നവര്‍ 4.11 ലക്ഷം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഈ രണ്ട് വിഭാഗങ്ങള്‍ ചേര്‍ന്നാല്‍ ഒമാനിലെ വിദേശ തൊഴില്‍ ശേഷിയുടെ 30 ശതമാനം വരും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ളവര്‍ 9.66 ശതമാനമുണ്ട്. പ്രൈമറിക്കും സെക്കന്ററിക്കുമിടയില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് തൊഴിലാളികളില്‍ ഭൂരിഭാഗവും. 5.24 ലക്ഷം. ഇത് മൊത്തം തൊഴിലാളികളുടെ 35.12 ശതമാനവും സെക്കന്ററി വിദ്യാഭ്യാസമുള്ളവര്‍ 14.36 ശതമാനമാണ്. ഡിപ്ലോമ യോഗ്യതയുള്ളവര്‍ 3.42 ശതമാനമുണ്ട്. സര്‍വകലാശാല യോഗ്യതയുള്ളവര്‍ 5.52 ശതമാനം മാത്രം. എന്നാല്‍ മാസ്റ്റര്‍ ബിരുദമുള്ളവരും പി.എച്ച്.ഡി യോഗ്യതയുള്ളവരും തീരെ കുറവാണ്. മാസ്റ്റര്‍ ബിരുദമുള്ളവര്‍ വെറും 0.37 ശതമാനം മാത്രമാണ്. പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ 0.16 ശതമാനവും. നിരക്ഷരരായവരില്‍ 20,322 പേരും പുരുഷന്‍മാരാണ്. സ്ത്രീകള്‍ വെറും 2001 പേരും.

(29..07...13)

Tuesday, July 30, 2013

തീപൊള്ളല്‍ അപകടം ഉയര്‍ന്ന നിരക്കില്‍; കൂടുതല്‍ കുട്ടികളില്‍

മസ്‌കത്ത്: തീ പൊള്ളലേറ്റുണ്ടാകുന്ന അപകടം ഒമാനില്‍ വ്യാപകമാണെന്ന് പ~നം. അന്താരാഷ്ട്ര നിരിക്കിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് ഒമാനിലെ അപകടങ്ങള്‍. ഇതില്‍ കൂടുതല്‍ ഇരയാകുന്നത് കുട്ടികളാണെന്നും കഴിഞ്ഞ 25വര്‍ഷത്തെ ആളുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ മഹാഭൂരിഭാഗവും 10 വയസ്സില്‍ താഴെയുള്ളവരുമാണ്.

ഒരുലക്ഷം പേര്‍ക്ക് 3 മുതല്‍ അഞ്ച് വരെ എന്നതാണ് പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തുന്നവരുടെ അന്താരഷ്ട്ര കണക്ക്. എന്നാല്‍ ഒമാനില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന അനുപാതമാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ലക്ഷത്തിന് ഏഴുപേര്‍. ആശുപത്രിയില്‍ എത്തുന്ന ആയിരം പേരില്‍ 82 പേര്‍ മരിക്കുന്നു.

റിപ്പോര്‍ട്ട് തയാറാക്കാന്‍ പ~ന വിധേയമാക്കിയ 1987-2011 കാലയളവില്‍ ഖൗല ആശുപത്രിയിലെ നാഷണല്‍ ബേണ്‍സ് യൂണിറ്റില്‍ ചികില്‍സക്കെത്തിയത് 3470 പേരാണ്. ഇതില്‍ 1625 പേരും കുട്ടികളാണ്. ഇതില്‍ തന്നെ 248 പേര്‍ ഒരു വയസ്സില്‍ താഴെയുള്ളവരാണ്. ആറുദിവസത്തിലൊരിക്കല്‍ ഒരു കുട്ടി എന്ന തോതിലാണ് ചികില്‍സ തേടിയെത്തുന്നത്. അവസാനത്തെ ഒന്നരവര്‍ഷത്തിനിടെ ഇത് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സമയത്ത് നാല് ദിവസത്തില്‍ ഒരാള്‍ എന്ന നിരക്കിലാണ് ഇതുണ്ടാകുന്നത്. റിപ്പോര്‍ട്ടില്‍ ഉള്‍പെടാത്ത 2012ല്‍ 209 പേരാണ് ആശുപത്രിയില്‍ എത്തിയിട്ടുള്ളത്. ഇതില്‍ 98 പേര്‍ കുട്ടികളാണ്. 2013ല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 39 കുട്ടികള്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ആകെ വന്നിരിക്കുന്നത് 96 പേരാണ്.

റിപ്പോര്‍ട്ട് പ്രകാരം ചികില്‍സ തേടിയെത്തിയവരില്‍ പത്ത് വയസ്സില്‍ താഴെയുള്ളവരാണ് ഏറ്റവും കൂടുതല്‍. 21 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ 879 പേരുണ്ട്. 10-20 വയസിനിയിലുള്ള 322 പേര്‍ ഈ കാലയളവില്‍ ആശുപത്രികളിലെത്തി. 41നും 60നും ഇടയില്‍ പ്രായമുള്ള 84 പേരും 60ല്‍ കൂടുതല്‍ പ്രായമുള്ള 84 പേരുമുണ്ടായിരുന്നു. പൊളളലേല്‍ക്കുന്നവരില്‍ പുരുഷന്‍മാരാണ് ഏറ്റവും കൂടുതല്‍. ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,470ല്‍ 2121 എണ്ണവും പുരുഷന്‍മാര്‍ തന്നെ. ഏത് പ്രായത്തില്‍ പെട്ട രോഗികളിലും പരുഷന്‍മാര്‍ തന്നെയാണ് കൂടുതല്‍. കുട്ടികളിലും ആണ്‍കുട്ടികള്‍ തന്നെ. 1-10 പ്രായത്തില്‍ പെട്ട 1625 പേരില്‍ ആണ്‍കുട്ടികള്‍ 989 ആണ്. 61 വയസിന് മുകളിലുള്ള ആകെ 84 പേരില്‍ 62ഉം ആണുങ്ങള്‍ തന്നെ. ഒരുവയസ്സിന് താഴെയുള്ളതില്‍ 168 എണ്ണം ആണ്‍കുട്ടികളാണ്. ഇതില്‍ ആകെയുള്ളത് 248 പേര്‍. പെണ്‍കുട്ടികളുടെ എണ്ണം ഇതില്‍ വെറും 80 മാത്രം.

അപകടങ്ങളില്‍ ഏറെയും വീട്ടിലെ അടുക്കളകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വീട്ടിലുള്ളവര്‍ പാചകം ചെയ്യുന്നതിനിടെ കുട്ടികള്‍ അപകടത്തില്‍പെടുകയാണ്. തണുപ്പ് കാലത്താണ് അപകടം കൂടുതലുണ്ടാകുന്നത്. ഈ സമയത്ത് ചൂടുള്ള ഭക്ഷണത്തിനായി കൂടുതല്‍ പാചകം നടക്കുന്നത് കൊണ്ടാകാമിതെന്നാണ് വിലയിരുത്തുന്നത്. കുളിക്കാനുള്ള ചൂട് വെള്ളത്തില്‍ നിന്നും അപകടം ഉണ്ടാകുന്നുണ്ട്. എന്നാല്‍ മൊത്തം അപകടത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ന്യുസിലാന്റിലെ ഒട്ടാഗോ സര്‍വകലാശാലയിലെ ഡോ. സുല്‍ത്താന്‍ അല്‍ ശഖ്‌സിയാണ് ഈ പ~നം നടത്തിയത്. അമേരിക്കയിലെ ബേണ്‍സ് ജേണലില്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കപ്പെട്ടിരുന്നു.

(28..07..13)

Monday, July 29, 2013

ഉള്‍പ്രദേശങ്ങള്‍ കത്തുന്നു; തലസ്ഥാനത്ത് ചൂട് കുറവ്


മസ്‌കത്ത്: ഒമാനില്‍ ഏറ്റവുമേറെ ചൂട് അനുഭവപ്പെടുന്ന ജൂലൈയിലെ വെയിലില്‍ നിന്ന് തലസ്ഥാനം രക്ഷപ്പെടുന്നു. ഉള്‍പ്രദേശങ്ങളില്‍ പതിവുപോലെ കനത്ത ചൂട് അനുഭവപ്പെടുമ്പോള്‍ മസ്‌കത്തില്‍ താരതമ്യേന ചൂട് കുറവാണ് രേഖപ്പെടുത്തുന്നത്. ഒമാനിലെ മൊത്തം ശരശരി ചൂടിനേക്കാളും കുറവാണ് ഇവിടെ അനുഭവപ്പെടുന്നത്. ഒറ്റപ്പെട്ട ദിവസങ്ങളില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പൊതുവെ പ്രതീക്ഷിച്ച ചൂടുണ്ടായില്ല. മലയാളികള്‍ക്ക് സ്വന്തം നാട്ടിശല വേനല്‍ പോലെ മാത്രമാണ് ഇതിപ്പോള്‍ അനുഭവപ്പെടുന്നത്. ചിലപ്പോള്‍ അതിനേക്കാള്‍ കുറവും. അതേസമയം ചൂട് പതിവുള്ള ഒമാനിലെ മറ്റ് പ്രദേശങ്ങളില്‍ ഈ പ്രവണതയില്ല. എന്നാല്‍ അപ്രതീക്ഷിതമായി ചില മേഖലകളില്‍ മഴയും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴചയില്‍ മസ്‌കത്തില്‍ രേഖപ്പെടുത്തിയ ചൂട് 30-35 ഡിഗ്രിയാണ്. കഴിഞ്ഞ 23ന് 39.5 ഡിഗ്രി ചൂട് രേഖപ്പെടുത്തിയതൊഴിച്ചാല്‍ മറ്റ് ദിവസങ്ങളിലെല്ലാം ഇതായിരുന്നു അവസ്ഥ. ഇന്നലെ 30 ഡിഗ്രിയായിരുന്നു ചൂട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 35ല്‍ താഴെയായിരിക്കും ഈ മാസത്തെ ശരാശരി ചൂടെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ കുറവാണിത്. മിക്ക ദിവസങ്ങളിലും അന്തരീക്ഷം മേഘാവൃതമായിന്നു. അടുത്ത ആഴ്ചയും ഇതേനില തുടരുമന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച 32 ഡിഗ്രിയായിരുന്നു ഉയര്‍ന്ന ചൂട്. കുറഞ്ഞത് 29ഉം. ഇന്ന് പരമാവധി 32 ആണ് പ്രതീക്ഷിക്കുന്നത്.

അതേസമയം മറ്റ് പ്രദേശങ്ങളില്‍ 40 ഡിഗ്രിക്ക് മുകളിലാണ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ചൂടുള്ള ഫഹൂദില്‍ ഇത് 48 ഡിഗ്രിവരെയും ഇബ്രയിലും ഇബ്രിയിലും 47 ഡിഗ്രിവരെയും ഇത് എത്തിയിട്ടുണ്ട്. ഇബ്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 44 ഡിഗ്രിയാണ്. ശനിയാഴ്ച 43ഉം. ഇന്ന് 44 തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്ക്. ഇബ്രിയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 45 ഡിഗ്രിയാണ്. ശനിയാഴ്ച 44 ഡിഗ്രിയും. ഇവിടെ ഇന്ന് പ്രതീക്ഷിക്കുന്നത് 45 ഡിഗ്രിയാണ്. ഇന്നലെ 45 ഡിഗ്രി രേഖപ്പെടുത്തിയ ബഹ്‌ലയില്‍ ഇന്നും അതേ ചൂണ്ടാകുമെന്നാണ് കരുതുന്നത്. ഇവിടെ ശനിയാഴ്ച 44 ഡിഗ്രി അനുഭവപ്പെട്ടിരുന്നു.

നിസ്‌വ, ബുറൈമി, സമൈല്‍ എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ തന്നെ ചൂട് അനുഭവപ്പെടുന്നതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. നിസ്‌വയില്‍ ശനിയാഴ്ച 44 ഡിഗ്രിയും ഞായറാഴ്ച 43 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് 42 ഡിഗ്രി ഉണ്ടാകുമെന്ന് കരുതുന്നു. കഴിഞ്ഞ രണ്ട് ദിവസവും 43 വീതം അനുഭവപ്പെട്ട ബുറൈമിയില്‍  ഇന്ന് പ്രതീക്ഷിക്കുന്നത് 40 ഡിഗ്രിയാണ്. സമൈലില്‍ ഇന്ന് 42 ഡിഗ്രി ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്നലെ 39 ആയിരുന്നു. ശനിയാഴ്ച 41 ഡിഗ്രിയും. ദുഖമിലും റുസ്താഖിലും ഏറെക്കുറെ 40 ഡിഗ്രി തന്നെയാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. അതേസമയം സലാലയില്‍ കഴിഞ്ഞ മൂന്ന് ദിവസവും 28 ഡിഗ്രി മാത്രമായിരുന്നു ചൂട്. ബി.ബി.സിയുടെ കണക്കുകള്‍ പ്രകാരം അടുത്ത നാല് ദിവസവും ഒമാനിലെ ശരാശരി ചൂട് 40-43 ഡിഗ്രിയാണ്. എന്നാല്‍ വേള്‍ഡ് വെതര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മസ്‌കത്തില്‍ അടുത്ത 15 ദിവസം 33 മുതല്‍ 36 ഡിഗ്രിവരെയാണ് ചൂടുണ്ടാകുക. ആഗസ്ത് 5നും 7നും ആയിരിക്കും ഉയര്‍ന്ന ചൂട്.

(28..7..13)

Thursday, July 25, 2013

എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവ്: ഇന്ത്യന്‍ മൃതദേഹങ്ങള്‍ ഒമാനില്‍ കെട്ടിക്കിടക്കുന്നു



മസ്‌കത്ത്: മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറിന്റെ കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഇറക്കിയ ഉത്തരവിനെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകാതെ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നു. ഉത്തരവിറങ്ങി ദിവസങ്ങള്‍ കഴിയും മുമ്പ് തന്നെ ഒമാനില്‍ മാത്രം നാല് മൃതദേഹങ്ങളാണ് കുടുങ്ങിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അയക്കേണ്ട ഒരു തമിഴ്‌നാട് സ്വദേശിയുടെയും മൂന്ന് ഉത്തരേന്ത്യക്കാരുടെയും മൃതദേഹങ്ങളാണ് ഇപ്പോള്‍ ഇവിടെ കുടുങ്ങിയിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലും സമാനമായ സ്ഥിതിവിശേഷമുണ്ടാകുമെന്നും വരും ദിവസങ്ങളില്‍ ഇത് ഏറെ രൂക്ഷമാകുമെന്നും ട്രാവലിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

തമിഴ്‌നാട്ടിലെ കന്യാകുമാരി സ്വദേശി ആന്റണി സാമിക്കുട്ടി മരിച്ചിട്ട് ഇപ്പോള്‍ 10 ദിവസവും അമൃത്‌സര്‍ സ്വദേശി മരിച്ചിട്ട് 12 ദിവസവും പിന്നിട്ടു. 2-4 ദിവസത്തിനകം നാട്ടില്‍ എത്തിക്കാന്‍ കഴിയുമായിരുന്ന മൃതദേഹങ്ങളാണ് ദിവസങ്ങളായി ഇവിടെ കിടക്കുന്നത്. റോയല്‍ ഒമാന്‍ പോലിസിന്റെ കത്തുസംഘടിപ്പിച്ച്, എയറിന്ത്യയില്‍ നിന്ന് പ്രത്യേക ഇളവ് വാങ്ങി ഈ രണ്ട് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോള്‍ സുഹൃത്തുക്കളും സാമൂഹ്യ പ്രവര്‍ത്തകരും മറ്റും ശ്രമിക്കുന്നത്. ഇവരുടെ രേഖകളില്‍ മരണകാരണം രേഖപ്പെടുത്തിയിട്ടില്ല. എയര്‍പേര്‍ട്ട് അഥോറിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം മരണകാരണം രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഏര്‍പെടുത്തിയതാണ് ഈ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 

വിദേശങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് രണ്ടാഴ്ച മുമ്പാണ് ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവിറങ്ങിയത്. ഇതനുസരിച്ച് മൃതദേഹം കൊണ്ടുപേകാന്‍ അനുമതി ലഭിക്കുന്നതിന് സമര്‍പിക്കുന്ന രേഖകളില്‍ മരണ കാരണം വ്യക്തമാക്കണമെന്നാണ് പുതിയ വ്യവസ്ഥ വച്ചത്. സ്വാഭാവിക മരണം സംഭവിക്കുന്ന കേസുകളില്‍ ഒമാനില്‍ രേഖകളില്‍ മരണകാരണം വ്യക്തമാക്കാറില്ല. ആശുപത്രിക്ക് പുറത്തുവച്ച് സംഭവിക്കുന്ന ഏത് മരണത്തിന്റെയും കാരണം രേഖകളില്‍ 'അജ്ഞാതം' എന്നോ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നോ ആയിരിക്കും രേഖപ്പെടുത്തുക. മറിച്ച് ഏതെങ്കിലും കാരണം രേഖപ്പെടുത്തണമെങ്കില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണം. 

എന്നാല്‍ ഒമാനിലെ നിയമപ്രകാരം ഏതെങ്കിലും തരത്തില്‍ കുറ്റകൃത്യവുമായി ബന്ധമില്ലാത്ത മരണമാണ് എങ്കില്‍ റോയല്‍ ഒമാന്‍ പോലിസ് പോസ്റ്റ് മോര്‍ട്ടം നടത്തുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാകട്ടെ അതത് പ്രദേശത്തെ പബ്ലിക് പ്രോസിക്യൂഷന്റെ കത്ത് ലഭിക്കുകയും വേണം. ഇതിനാല്‍ രേഖകളില്‍ കാരണം 'അഞ്ജാതം' എന്നാണ് സ്വാഭവിക മരണങ്ങള്‍ രേഖപ്പെടുത്തുക. ഇങ്ങിനെയുള്ള മൃതദേഹങ്ങള്‍ എയറിന്ത്യയും മറ്റ് വിമാനങ്ങളും ഇപ്പോള്‍ സ്വീകരിക്കുന്നില്ല. ഇതാണ് പ്രവാസികളെ അത്യന്തം പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എംബാമിംഗ് സര്‍ട്ടിഫിക്കറ്റ്, ക്വാറന്‍ൈറന്‍ സര്‍ട്ടിഫിക്കറ്റ്, കൊഫിന്‍ സീലിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യമായി വരുന്നത്. ഇതില്‍ ആദ്യ രണ്ടെണ്ണത്തിലും മരണകാരണം രേഖപ്പെടുത്തേണ്ട കോളം ഉണ്ട്. ഇതില്‍ കാരണം കാണിക്കാത്ത മൃതദേഹങ്ങളാണ് എയറിന്ത്യ ഇപ്പോള്‍ നിരാകരിച്ചിരിക്കുന്നത്. 

പുതിയ ഉത്തരവ് വന്ന ദിവസങ്ങള്‍ക്കകം നാല് മൃതദേഹങ്ങള്‍ അയക്കാന്‍ കഴിയാതയത് വലിയ പ്രതിസന്ധി നേരിട്ടേക്കുമെന്നതിന്റെ മുന്നറിയിപ്പാണെന്ന് റോയല്‍ ഒമാന്‍ പോലിസിന് വേണ്ടി മൃതദേഹങ്ങള്‍ അയക്കുന്ന അല്‍ ഗുബ്‌റയിലെ അല്‍ ഇബ്ഹാര്‍ ട്രാവല്‍ ആന്റ് ടൂറിസം കമേഴ്‌സ്യല്‍ മാനേജര്‍ സുരേഷ്‌കുമാര്‍ പറഞ്ഞു. എല്ലാ ഗള്‍ഫ് രാജ്യങ്ങളും സമാനമായ  പ്രതിസന്ധി നേരിടേണ്ടിവരും. ഈയിടെ സംഭവിച്ച പല മരണങ്ങളും കാരണം രേഖപ്പെടുത്താന്‍ കഴിയുന്നതായിരുന്നു. അതുകൊണ്ടാണ് അവ യഥാസമയം അയക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

(24..07...13)

Wednesday, July 24, 2013

ബഹലയില്‍ കടയില്‍ വന്‍ തീപിടുത്തം; എല്ലാം നഷ്ടപ്പെട്ട് മലയാളി സംഘം


മസ്‌കത്ത്: ബഹലയിലുണ്ടായ വന്‍ തീ പിടുത്തത്തില്‍ കാര്‍പെന്റെറി വര്‍ക്ക് ഷോപ്പും ഷോ റൂമും ജീവനക്കാര്‍ താമസിച്ച മുറികളും കത്തി നശിച്ചു. ബഹല ജിബ്രിന്‍ റോഡില്‍ സ്ഥതി  സ്വദേശിയുടെ മസ്‌റാത്ത് ജിബ്രീന്‍ ട്രേഡിംഗ് എന്ന കാര്‍പെന്റെറി വര്‍ക്ക് ഷോപ്പ് ആണ് രാത്രി ഉണ്ടായ തീ  പിടുത്തത്തില്‍ പൂര്‍ണ്ണമായി കത്തി നശിച്ചത്. വന്‍ നാശ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 

രാതി ഒന്‍പതോടെയാണ് തീ കണ്ടത്.  തീ അണക്കാന്‍  ജോലിക്കാര്‍ തന്നെ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. പത്ത് മിനിറ്റിനകം ആളിപ്പടരുകയും ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഫയര്‍ ഫോര്‍സിന് തീയണക്കാന്‍ കഴിഞ്ഞത്. ഫര്‍ണിച്ചര്‍ ഷോ റൂമും പുറകില്‍ വര്‍ക്ക് ഷോപ്പും ആയതിനാല്‍ വന്‍ നാശ നഷ്ടമാണ് കണക്കാക്കപെടുന്നത്. 13 മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ജോലിക്കാരുടെ താമസവും വര്‍ക്ക് ഷോപ്പിന്റെ സമീപത്താണ്. ജോലിക്കാരുടെ സാധന സാമഗ്രികളും പൂര്‍ണമായി അഗ്‌നിക്കിരയായി. ഉടുതുണി മാത്രമാണ് പലര്‍ക്കും ബാക്കിയായത്. ജോലിക്കാരില്‍ ചിലര്‍ നാട്ടില്‍ പോകാന്‍ വേണ്ടി വാങ്ങിയ സാധനങ്ങള്‍, മൊബൈല്‍ കമ്പ്യൂട്ടര്‍ തുടങ്ങി ശമ്പളം കിട്ടിയ പണം പോലും അഗ്‌നിക്കിരയായതായി തൊഴിലാളികള്‍ പറയുന്നു. ആളപായമില്ല.

തീപിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ടത് മലയാളികള്‍ക്കാണ്. രാത്രി പൊടുന്നനെ ആളിപ്പടര്‍ന്ന തീയില്‍ നിന്ന് തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. താമസ സ് സ്ഥലവും വ്‌സത്രങ്ങളും പണവുമെല്ലാം നഷ്ടമായ ഇവര്‍ സുഹൃത്തുക്കളുടെ സഹായത്താലാണ് ഇന്നലെ അന്തിയുറങ്ങിയത്. ഇവിടെ ആകെയുള്ള 16 ജോലിക്കാരില്‍ 13 പേരും മലയാളികളാണ്. മൂന്നുപേര്‍ തമിഴ്‌നാട് സ്വദേശികളും. ഇതില്‍ മൂന്ന് മലയാളികള്‍ അവധിക്ക് നാട്ടില്‍ പോയതാണ്. മറ്റുള്ളവര്‍ ജോലി കഴിഞ്ഞ് കടയോട് ചേര്‍ന്ന മുറിയില്‍ വിശമ്രിക്കുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായത്. രാത്രി ഒമ്പത് മണിക്കായിരുന്നു സംഭവം. കടയില്‍ പെയിന്റും മറ്റുമുണ്ടായിരുന്നതിനാല്‍ പത്ത് മിനിറ്റിനകം തീ ആളിപ്പടര്‍ന്നു. ഉടുത്തുനിന്നിരുന്ന വസ്ത്രങ്ങളുമായി എല്ലാവരും ഇറങ്ങിയോടി. അവര്‍ പുറത്തെത്തുമ്പോഴേക്ക് തീ ആളിപ്പടര്‍ന്നിരുന്നു. 

പുറത്തെത്തിയവര്‍ക്ക് ബാക്കി കിട്ടിയത് കൈയിലുള്ള സാധനങ്ങള്‍ മാത്രം. വസ്ത്രങ്ങളെല്ലാം കത്തിച്ചാമ്പലായി. ഒരാളുടേതൊഴികെ എല്ലാവരുടെയും മൊബൈല്‍ ഫോണ്‍ കത്തിപ്പോയി. സിം സഹിതം. 13 പേരുടെയും ലേബര്‍ കാര്‍ഡും പോയി. വന്‍തുകയും സ്വര്‍ണാഭരണങ്ങളും നഷ്ടമായിട്ടുണ്ട്. ഇവയുടെ നഷ്ടം കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. കണ്ണൂര്‍ സ്വദേശി ശ്രീജുവിന്റെ പാസ്‌പോര്‍ട്ട് കത്തി നശിച്ചു. ഭാഗ്യംകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് ശ്രീജു പയുന്നു. കണ്ണൂര്‍ സ്വദേശികളായ പ്രേമന്‍, റിനീഷ്, സുനീഷ്, അനൂപ്, വിനീഷ്, ചന്ദ്രകാന്ത് എന്നിവരാണ് ഇപ്പോള്‍ ഇവിടെ ജോലിചെയ്യുന്നത്. തമിഴ്‌നാട്ടുകാരായ രഘുനാഥന്‍, ഞ്ജാനസിംഗ്, നാഗരാജ് എന്നിവര്‍ കന്യകുമാരി സ്വദേശികളാണ്. 

(23...07...13)

മാലദ്വീപില്‍ ഗള്‍ഫാര്‍ ഐലന്റ്; നിക്ഷേപത്തിന് കമ്പനി


മസ്‌കത്ത്: ഗള്‍ഫാര്‍ നിക്ഷേപം ഇനി മാലദ്വീപിലും. ടൂറിസം മേഖല ശക്തമായ മാലദ്വീപില്‍ ഗള്‍ഫാര്‍ കമ്പനി ദ്വീപ് സ്വന്തമാക്കി. സാമ്പത്തികം, അടിസ്ഥാന വികസനം, ടൂറിസം എന്നീ മേഖലകളിലാകും മാല്‍ഡവീസിലെ ഗള്‍ഫാര്‍ നിക്ഷേപം. നിക്ഷേപവുമായി ബന്ധപ്പെട്ട് ഈയിടെ റിപ്പബ്ലിക് ഓഫ് മാല്‍ഡവീസ് പ്രസിഡന്റ് ഡോ. മുഹമ്മദ് വഹീദ് ഹസനുമായി ഗള്‍ഫാര്‍ എം.ഡി ഡോ. പി. മുഹമ്മദലി കൂടിക്കാഴ്ച നടത്തിയിരുന്നു. 150 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി ലക്ഷ്യമിടുന്നത്. 

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അരമണിക്കൂര്‍ ബോട്ട് യാത്രയുടെ ദൂരത്താണ് ഗള്‍ഫാര്‍ ഐലന്റ്. നിക്ഷേപത്തിനായി മാല്‍ഡവീസ് എംഫാര്‍ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്‌സ് എന്ന പേരില്‍ പുതിയ കമ്പനി രൂപവല്‍കരിച്ചു. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ഭൂപ്രകൃതിയാല്‍ സമ്പന്നമായ മാലദ്വീപില്‍ നിക്ഷേപ്പത്തിനുള്ള എല്ലാ അനുമതികളും കമ്പനിക്ക് ലഭിച്ചു. പരിസ്ഥിതി അനുമതിയും കിട്ടിക്കഴിഞ്ഞു. 300 കിടക്കകളുള്ള ദ്വീപാണ് എംഫാര്‍ നിര്‍മിക്കുക. ഇപ്പോഴുള്ളത് ഒറ്റ ദ്വീപാണ്. ഇതിനെ രണ്ടോ മൂന്നാ ദ്വീപുകളാക്കി  മാറ്റാനും അനുമതി ലഭിച്ചിട്ടുണ്ട്. എല്ലായിടത്തും ചേര്‍ന്നായിരിക്കും മൂന്നൂറ് മുറികള്‍ നിര്‍മിക്കുക. വില്ലകളും ചതുപ്പുകളില്‍ പൊയ്ക്കാലില്‍ നിര്‍മിക്കുന്ന കുടിലുകളുമാണ് നിര്‍മിക്കുക. സ്പാ അടക്കമുള്ള വിനോദ സൗകര്യങ്ങളുമുണ്ടാകും. മാല്‍ഡവീസിലെ ടൂറിസംവിപണിയിലെ സാധ്യതകള്‍ പ~ിക്കാന്‍ കെ.പി.എം.ജി.എസിനെ കമ്പനി ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുക. റിസോര്‍ട്ടുകളുടെ സ്ഥാനവും മറ്റും നിശ്ചയിക്കുക ഇതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗള്‍ഫാര്‍ അധികൃതര്‍ അറിയിച്ചു. 

ലോകത്തെ ഏറ്റവും ചെറുരാജ്യങ്ങളിലൊന്നയ മാല്‍ഡവീസ് സമുദ്രനിരപ്പില്‍നിന്ന് 1.5 മീറ്റര്‍ മാത്രം ഉയരത്തിലുള്ള ഭൂ പ്രദേശമാണ്. പ്രധാന വ്യവസായ ഖേമല ടൂറിസമാണെങ്കിലും ഈ മേഖലയില്‍ രാജ്യം ശ്രദ്ധയൂന്നിയിട്ട് മൂന്ന് പതിറ്റാണ്ടേ ആയിട്ടുള്ളൂ. എന്നാല്‍ ആഭ്യന്തരോല്‍പാദനത്തിന്റെ 28 ശതമാനവും വിദേശനാണ്യത്തിന്റെ 60 ശതമാനവും ഇപ്പോള്‍ ടൂറിസം മേഖലയില്‍ നിന്നാണ്. സര്‍ക്കാറിന്റെ പ്രധാന വരുമാനവും ടൂറിസം തന്നെയാണ്. പ്രതിവര്‍ഷം ആറ് ലക്ഷം വിനോസ സഞ്ചാരികള്‍ രാജ്യത്തെത്തുന്നുണ്ടെന്നാണ് കണക്ക്. 

(23...07...13)

Saturday, July 20, 2013

ഒമാനിലെ വിദേശ വിവാഹങ്ങളില്‍ 35 ശതമാനം വേര്‍പിരിയുന്നു

മസ്‌കത്ത്: ഒമാനില്‍ നടക്കുന്ന വിദേശ വിവാഹങ്ങളില്‍ മുപ്പത്തഞ്ച് ശതമാനം വേര്‍പിരയുന്നു. ഒമാനികളും വിദേശ സ്ത്രീകളും തമ്മിലുള്ള വിവഹത്തിലാണ് വിവാഹമോചനത്തിന്റെ തോത് കൂടുതല്‍ കാണപ്പെടുന്നത്. അതേമയം ഒമാനി വനിതകളെ വിവാഹം ചെയ്യുന്ന വിദേശ പുരുഷന്‍മാരില്‍ നിന്ന് വിവാഹമോചനം തീരെ കുറവാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മാരേജ് ആന്റ് ഡിവോഴ്‌സ് ബുളറ്റിനിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2011ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 2013ലെ ആദ്യ ഘട്ട റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

റിപ്പോര്‍ട്ട് കാലയളവില്‍ പതിനൊന്ന് പ്രവിശ്യകളിലായി ഒമാനില്‍ മൊത്തം 26,544 വിവാഹങ്ങളാണ് നടന്നത്. വിവാഹമോചനം 3,805 എണ്ണവും. ഇതില്‍ ഒമാനികള്‍ തമ്മിലുള്ള പരസ്പര വിവാഹം 25,768 എണ്ണമാണ്. ഇവര്‍ക്കിടയിലെ വിവാഹമോചനം 3,552 എണ്ണം മാത്രം. ഒരുവര്‍ഷത്തെ വിവാഹങ്ങളുടെ എണ്ണവും വിവാഹമോചനങ്ങളുടെ എണ്ണവും തമ്മിലെ അനുപാതം കണക്കാക്കിയാല്‍ 15 ശതമാനത്തില്‍ താഴെ മാത്രമാണിത്.

എന്നാല്‍ വിദേശ വിവാഹത്തില്‍ ഈ തോത് വളരെ ഉയര്‍ന്ന നിലയിലാണ്. 2011ല്‍ ഒമാനില്‍ നിന്നുള്ള 201 പുരുഷന്‍മാര്‍ വിദേശ സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതേസമയത്ത് ഇങ്ങിനെ വിവാഹിതരായ 75 പേര്‍ വേര്‍പിരിഞ്ഞതായി കണക്കുകള്‍ പറയുന്നു. ഇത് ഏതാണ്ട് 40 ശതമാനം വരും. ജി.സി.സിയേതര രാജ്യങ്ങളിലെ വിദേശ സ്ത്രീകളുടെ കണക്കാണിത്. ജി.സി.സിയിലെ സ്ത്രീകളുമായുള്ള വിവാഹത്തിലും ഈ തോത് തന്നെയാണ് നിലനില്‍ക്കുന്നത്. വിവാഹം നടന്നത് 81 എണ്ണം. വേര്‍പിരിഞ്ഞവര്‍ 33. ജി.സി.സി രാഷ്ട്രങ്ങളിലേക്ക് വിവാഹം ചെയ്യപ്പെട്ട ഒമാനി സ്ത്രീകളുടെ കാര്യത്തിലും ഈ പ്രവണതയുണ്ട്. 2011ല്‍ ഇത്തരം 249 വിവാഹങ്ങള്‍ നടന്നപ്പോള്‍ 68 എണ്ണം വേര്‍പിരിഞ്ഞു. ഒമാനിലെ ഈ കാലയളവിലെ മൊത്തം വിദേശ വിവാഹം 776 ആണ്. മൊത്തം വിദേശ വിവാഹ വിവാഹമോചനം 253ഉം. ഇതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് വിദേശ സ്ത്രീ വിവാഹമോചനങ്ങള്‍. വിദേശികള്‍ ഒമാനി സ്ത്രീകളെ വിവാഹം ചെയ്യുന്നത് തിരിച്ചുള്ള വിവാഹ ബന്ധത്തെ അപേക്ഷിച്ച് കുറവാണ്. 2011ല്‍ ഇത്തരം 53 വിവാഹങ്ങള്‍ മാത്രമാണ് നടന്നത്. ഇതില്‍ വിവാഹമോചനങ്ങളുടെ എണ്ണവും തീരെ കുറവാണ് -വെറും ഏഴെണ്ണം.

ജി.സി.സി രാജ്യങ്ങളിലേക്ക് ഒമാനിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതാണ് വിദേശ വൈവാഹിക ബന്ധത്തില്‍ ഏറ്റവും അധികം. ഇത്തരം 249 വിവാഹങ്ങളാണ് റിപ്പോര്‍ട്ട് കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരം വിവാഹങ്ങള്‍ ഏറ്റരുമധികം നടന്നിട്ടുള്ളത് നോര്‍ത്ത് ബതീന പ്രവിശ്യയിലാണ് -65 എണ്ണം. ബുറെമെിയില്‍ ഇത്തരം 52 വിവാഹങ്ങളുണ്ടായി. ദോഫാറില്‍ 39ഉം. വിദേശ വിവാഹങ്ങള്‍ ഏറ്റവുമധികം നടക്കുന്ന മസ്‌കത്തില്‍ പക്ഷെ ഈ വിഭാഗത്തില്‍ ആകെ 20 എണ്ണം മാത്രമേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളൂ. ഇതിന്റെ പകുതിയില്‍ താഴെ വിവാള്‍ങ്ങളാണ് ഒമാനിലെ പുരുഷനും ജി.സി.സി രാജ്യങ്ങളിലെ സ്ത്രീകളും തമ്മിലുണ്ടായിരിക്കുന്നത് -81 എണ്ണം. ഇതില്‍ മുന്നില്‍ ദോഫാര്‍ പ്രവിശ്യയാണ്. ഒമാനി പുരുഷനും വിദേശ സ്ത്രീയുമായി നടന്ന 201 വിവാഹങ്ങളില്‍ 105 എണ്ണവും നടന്നത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. ദോഫാറില്‍ 50 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹമോചനങ്ങള്‍ എറ്റവുമധികമുണ്ടായത് ദോഫാറിലാണ് -701 എണ്ണം. മസ്‌കത്തില്‍ 603 എണ്ണം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും വിദേശികളായ 192 വിവാഹങ്ങള്‍ ഈ കാലയളവില്‍ ഒമാനില്‍ നടന്നിട്ടുണ്ട്. ഇതില്‍ 131 എണ്ണം മസ്‌കത്തിലാണ്. ദോഫാറില്‍ 27 എണ്ണവും ബുറൈമയില്‍ 21 എണ്ണവുമുണ്ട്. ഇത്തരം ദമ്പതികളില്‍ 70 വിവാഹം വേര്‍പിരിയുകയും ചെയ്തു. ഇതും കൂടുതല്‍ മസ്‌കത്തിലാണ് -43. മസ്‌കത്തിനൊപ്പം ദോഫാര്‍, ബുറൈമി, നോര്‍ത്ത് ബത്തീന, ശര്‍ഖിയ്യ പ്രവജശ്യകളാണ് വിദേശ വിവഹാഹങ്ങളിലും വിവാഹമോചനങ്ങളിലും മുന്നില്‍ നില്‍ക്കുന്നത്. 



(19..07..13)

Friday, July 19, 2013

നിര്‍മാണ കരാര്‍ അംഗീകാരം: നടപടികള്‍ ലളിതമാക്കുന്നു


മസ്‌കത്ത്: ഒമാനിലെ നിര്‍മാണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലളിതമാക്കുന്നു. ഒരു മില്ല്യണ്‍ റിയാലില്‍ കുടുതല്‍ തുകയുടെ കരാറുകള്‍ക്ക് മാത്രം ധനമന്ത്രാലയത്തിന്റെ അനുമതി തേടിയാല്‍ മതിയെന്ന നിലയില്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഭരണ തലത്തില്‍ ധാരണയായിട്ടുണ്ട്. ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് ധനമന്ത്രി ഉറപ്പുതന്നതായി ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴ്‌സ് ചെയര്‍മാന്‍ ഡോ. പി.മുഹമ്മദലി 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. 

നിലവിലെ നിയമപ്രകാരം ഒരു ലക്ഷം റിയാലിന് മുകളിലുള്ള എല്ലാ നിര്‍മാണ കരാറുകള്‍ക്കും ധനമന്ത്രാലയത്തിന്റെ അനുമതി വേണം. ഈ വ്യവസ്ഥയിലാണ് മാറ്റം വരുത്തുന്നത്. ഇനി ഒരു മില്ല്യണ്‍ റിയാലില്‍ കുറവുള്ള കരാറുകള്‍ അതത് മന്ത്രലായങ്ങള്‍ക്ക് അനുവദിക്കാം. ഈ വ്യവസ്ഥ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. കരാറുകളുണ്ടാക്കുന്നത് സംബന്ധിച്ച നിയമാവലി പരിഷ്‌കരിക്കുന്നുണ്ട്. പുതിയ നിയമാവലിയോടെ ഇത് നടപ്പാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചെറിയ കരാറുകളെ ധനമന്ത്രാലയത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത് ചെറുകിട ഇടത്തരം നിര്‍മാണ സ്ഥാപനങ്ങള്‍ക്ക് വലിയ അനുഗ്രഹമാകും. കരാറുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ഇത് വേഗം കൂട്ടും. ചെറുകിട കമ്പനികള്‍ക്ക് എളുപ്പത്തില്‍ പണ ലഭ്യതയുണ്ടാകാനും ഇത് വഴിവക്കും. കരാറുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ ഏറ്റവും പ്രധാനമായിരുന്നു ധനമന്ത്രാലയ അനുമതി. കരാറുകള്‍ അംഗീകരിച്ചുകിട്ടുന്നതില്‍ പലപ്പോഴും ഏറെ സമയം വേണ്ടിവന്നിരുന്നതും ഇതിനുതന്നെയാണ്. ചെറുകിട നിര്‍മാണങ്ങളെയും ഇടത്തരം പ്രവൃത്തികളെയും ഇത് പ്രതികൂലമായി ബാധിച്ചിരുന്നു. ഇത്തരം പ്രവൃത്തികള്‍ ഏറ്റെടുത്തിരുന്ന ചെറിയ കമ്പനികള്‍ക്കും ഇത് പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ പ്രയാസങ്ങള്‍ പരിഹരിക്കാനാണ ഇത് നടപ്പാക്കുന്നത്. രാജ്യത്തെ നിര്‍മാണ മേഖലയില്‍ വലിയതോതില്‍ മാറ്റങ്ങളുണ്ടാക്കും. അതിവേഗം പദ്ധതികള്‍ നിശ്ചയിക്കാനും പൂര്‍ത്തിയാക്കാനും കഴിയും. 

പുതിയ തീരുമാനം എന്ന് നടപ്പാക്കുമെന്ന് അറിയില്ലെങ്കിലും ഉടന്‍ നിലവില്‍ വുരമെന്നാണ് ധനമന്ത്രി ദര്‍വീഷ് അല്‍ ബലൂഷി ഉറപ്പുതന്നതെന്ന് പി. മുഹമ്മദാലി വ്യക്തമാക്കി. തീരുമാനം ചെറുകിട കമ്പനികള്‍ക്ക് വലിയ ആശ്വാസമാകും. നടപടികള്‍ വേഗത്തിലാക്കാനും ഫണ്ട് ഫേഌ ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് നിലവിലെ കരാറുകളിലുണ്ടായ ചിലവ് വര്‍ധന സര്‍ക്കാര്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴസ് കഴിഞ്ഞദിവസം ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

(18..07..13)

Thursday, July 18, 2013

മിനിമം വേതന വര്‍ധന: നിര്‍മാണ കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചു

മസ്‌കത്ത്: ഒമാനില്‍ സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ വേതനം വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് നിര്‍മാണ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം തേടി കമ്പനികള്‍ സര്‍ക്കാറിനെ സമീപിച്ചു. വേതന വര്‍ധന നിലവില്‍ വന്നതോടെ നേരേത്തയുണ്ടാക്കിയ കരാറുകളുടെ ചിലവ് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇത് ചെറുകിട, ഇടത്തരം നിര്‍മാണ കമ്പനികളെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് കോണ്‍ട്രാക്ടിംഗ് കമ്പനികളുടെ കൂട്ടായ്മയായ ഒമാന്‍ സൊസൈറ്റി ഓഫ് കോണ്‍ട്രാക്‌ടേഴ്‌സ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദലി (ഗള്‍ഫാര്‍), സെക്രട്ടറി ജനറല്‍ ആമിര്‍ സുലൈമാന്‍, സി.ഇ.ഒ സലീം ഷീദി എന്നവിരുടെ നേതൃത്വത്തില്‍ ഭരണകൂടത്തെ സമീപിച്ചത്.  ധനകാര്യമന്ത്രി ദര്‍വീഷ് ബിന്‍ ഇ്‌സമാഈല്‍ ബിന്‍ അലി അല്‍ ബലൂഷിയും അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ജാവയും ആയി ഇവര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.

സ്വദേശി തൊഴിലാളികളുടെ കുറഞ്ഞ കൂലി ഏതാനും വര്‍ഷങ്ങള്‍ക്കിടെ വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 2011ല്‍ 220 റിയാല്‍ ആക്കി ഉയര്‍ത്തിയ കുറഞ്ഞ കൂലി, ഈ വര്‍ഷം ജൂലൈ മുതല്‍ 325 റിയാലായാണ് ഉയര്‍ത്തിയത്. പ്രവൃത്തി ദിനം ആറ് ദിവസമെന്നത് അഞ്ച് ദിവസമായി കുറക്കുയും ചെയ്തു. കൂലി വര്‍ധന ഉത്തരവ് വരുന്നതിന് മുമ്പ് നിലവില്‍ വന്ന കരാറുകളെ ഇത് വലിയ പ്രതിസന്ധിയിലാക്കി. അവയുടെ ആകെ ചിലവിന്റെ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടായി. ഇത് ചെറുകിട, ഇടത്തരം കമ്പനികളുടെ പ്രവര്‍ത്തനം താളംതെറ്റിക്കുകയാണ്. ശമ്പളയിനത്തില്‍ അപ്രതീക്ഷിതമായ വര്‍ധനയാണ് ഇതുണ്ടാക്കിയത്. ചെറിയ കമ്പനികള്‍ പലതും നഷ്ടത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിവിശേഷവുമുണ്ടയിട്ടുണ്ട്.

പ്രവൃത്തി ദിനം കുറച്ചതോടെ കരാറുകള്‍ പൂര്‍ത്തിയാക്കാനുള്ള നിശ്ചിത സമയം പാലിക്കുന്നതിലും പ്രയാസമുണ്ടായി. സ്വദേശിവല്‍കരണം ഈ വര്‍ഷം 30 ശതമാനം എത്തിക്കണമെന്ന നിര്‍ദേശവും കമ്പനികളെ വലക്കുകയാണ്. പരിശീലനം സിദ്ധിച്ച സ്വദേശികളെ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. നിലവിലെ നിയമപ്രകാരം സ്വദേശിവല്‍കരണ തോത് 30 ശതമാനമാണ്. എന്നാല്‍ ഒരു കമ്പനിക്കും ഈ മാനദണ്ഡം പൂര്‍ത്തിയാക്കാന്‍ കിയുന്നില്ല. തൊഴില്‍ ശേഷിയുടെ അഭാവമാണ് ഇതില്‍ ഏറ്റവും ഗുരുതരം. ഉയര്‍ന്ന ശമ്പളം നല്‍കിയിട്ടും ഈ രംഗത്തേക്ക് സ്വദേശികള്‍ കൂടുതലായി എത്തുന്നില്ല.

ഇത്തരം വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ സൊസൈറ്റി നേതാക്കള്‍ ഉന്നയിച്ചത്. നാല് പ്രധാന നിര്‍ദേശങ്ങള്‍ ഇവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സര്‍ക്കാറുമായി ബന്ധപ്പെട്ട കരാറുകാര്‍ക്ക് മിനിമം കൂലി വര്‍ധനമൂലമുണ്ടായ അധികച്ചിലവ് തിരിച്ചുനല്‍കുക എന്നതാണ് ഏറ്റവും പ്രധാന നിര്‍ദേശം. നിലവിലുള്ള കരാറുകളില്‍ മാത്രമാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വന്ന അധികച്ചിലവ് തിരിച്ചുനല്‍കാന്‍ ഒമാനില്‍ വ്യവസ്ഥയുണ്ട്. കരാറുകാര്‍ക്ക് പണം നല്‍കുന്നതിനുള്ള സമയപരിധി ഇപ്പോള്‍ 60 ദിവസമാണ്. അത് പദ്ധതി പൂര്‍ത്തിയാക്കി 30 ദിവസത്തിനകം നല്‍കുന്ന വിധം പുഃനക്രമീകരിക്കണം എന്നതാണ് രണ്ടാമത്തെ നിര്‍ദേശം. സ്വദേശിവല്‍കരണത്തിന്റെ തോത് ഈ വര്‍ഷം 20 ശതമാനം ആക്കി കുറക്കണമെന്നതാണ് മറ്റൊരു ആവശ്യം. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ ലഭ്യമാകുന്ന മുറക്ക് ഇത് വര്‍ധിപ്പിക്കും. കരുതല്‍ ധനമായി കരാര്‍ കമ്പനികളില്‍ നിന്ന് പിടിച്ചുവക്കുന്ന തുക (റിറ്റന്‍ഷന്‍ മണി) ഒഴിവാക്കണം. നിര്‍മാണത്തിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തുക പിടിച്ചുവക്കുന്നത്. കരാര്‍ തുകയുടെ 2.5 ശതമാനം വരെ ഇങ്ങനെ മാറ്റിവക്കാറുണ്ട്. ഇതും ഒഴിവാക്കണമെന്ന ആവശ്യവും നിര്‍മാണ കമ്പനികള്‍ ഉന്നയിച്ചിട്ടുണ്ട്.

(17...07...13)

സമഗ്ര ആരോഗ്യ പദ്ധതി വരുന്നു; വൃദ്ധര്‍ക്ക് ചികില്‍സ വീട്ടുപടിക്കല്‍

മസ്‌കത്ത്: രാജ്യത്തെ വൃദ്ധര്‍ക്ക് ആരോഗ്യ ചികില്‍സാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് സമഗ്ര നയം വരുന്നു. എട്ടാം പഞ്ചവല്‍സര പദ്ധതിയില്‍ പെടുന്ന പരിപാടിയില്‍ 2015ഓടെ എഴുപത് ശതമാനം വയോജനങ്ങള്‍ക്കും ആരോഗ്യ പരിരക്ഷ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അര്‍ഹരായവര്‍ക്ക് ചികില്‍സയും മറ്റ് ആരോഗ്യ സേവനങ്ങളും വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതടക്കം വിപുലമായ പദ്ധതികളാണ് ഇതില്‍ ആവിഷ്‌കരിക്കുന്നത്.

65 വയസ്സ് കഴിഞ്ഞവരെ രണ്ട് വിഭാഗങ്ങളായി തരം തിരിച്ചാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യപരമായി മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവരും അല്ലാത്തവരുമായാണ് ഇവരെ തരംതിരിക്കുക. രണ്ട് വിഭാഗങ്ങള്‍ക്കും അനുയോജ്യമായ തരത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വൃദ്ധ ജനസംഖ്യയില്‍ 60 ശതമാനവും ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് സര്‍ക്കാറിന്റെ സുരക്ഷാ പദ്ധതി വിഭാഗത്തിന്റെ കണക്ക്. 35 ശതമാനം പേര്‍ പലതരം രോഗങ്ങളുള്ളവരും ചികില്‍സ അനിവാര്യമായവരുമാണ്. അഞ്ച് ശതമാനം രോഗക്കടിക്കയില്‍ ആയവരും. രോഗക്കടിക്കയിലാവര്‍ക്ക് വേണ്ടി വന്‍ പദ്ധതിയാണ് ആവിഷ്‌കരിക്കുക. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്കും കഴിയുന്നവര്‍ക്കും പ്രത്യേകം പ്രത്യേകം പദ്ധതികളുണ്ടാകും.

രോഗക്കിടക്കിലയാവര്‍ക്കുള്ള ചികില്‍സാ ലഭ്യത ഇപ്പോള്‍ തീരെ കുറവാണ്. വെറും 3.2 ശതമാനം മാത്രം. ഇത് 70 ശതമാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വയോജനങ്ങള്‍ക്ക് ചികില്‍സ നല്‍കുന്ന സ്ഥാപനങ്ങളുടെ എണ്ണവും പരിതാപകരമാണ്. 6.6 ശതമാനം. ഇതിനെ 80 ശതമാനമെങ്കിലും ആക്കും.

വയോജന ആരോഗ്യ പദ്ധതിക്കായി വിപുലമായ രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 11 മേഖലാ കോഡിനേറ്റര്‍മാരുണ്ട്. 184 നഴസുമാരെയും 73 ഫിസിയോതെറാപിസ്റ്റുമാരെയും വയോജന പദ്ധതിക്ക് ാേണ്ടി മാത്രം ഉടന്‍ നിയമിക്കും. 2015ല്‍ 80 ശതമാനം നഴസുമാരും വയോജനാരോഗ്യത്തില്‍ പരിശീലനം നേടിയവരാക്കും. ഇതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പൊതുജനാരോഗ്യ കേന്ദ്രങങളില്‍ ഫിസിയോ തെറാപ്പി യൂണിറ്റുകള്‍ ആരംഭിക്കും. ആരോഗ്യ സേവന ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കും.

ആരോഗ്യ കേന്ദ്രത്തിലെത്തി ചികില്‍സ ആരംഭിക്കുന്നത് തൊട്ട് വീട്ടുപടിക്കല്‍ ചികില്‍സയെത്തിക്കുന്ന പദ്ധതി നടപ്പാക്കും. ഇവരുടെ വീട്ടുസാഹചര്യവും മറ്റും പരിശോധിക്കാന്‍ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം പരിശോധന നടത്തും.

(16..7..13)

ദോഫാര്‍, സോഹാര്‍ ബങ്കുകള്‍ ലയിക്കാന്‍ നീക്കം

മസ്‌കത്ത്: ഒമാനിലെ രണ്ട് പ്രമുഖ ബാങ്കുകളായ ബാങ്ക് ദോഫാറും ബാങ്ക് സോഹാറും ലയന നീക്കത്തില്‍. ഇതിനായി ബാങ്ക് ദോഫാര്‍, ബാങ്ക് സോഹാറിനെ സമീപിച്ചു. ലയന ചര്‍ച്ചകള്‍ക്കായി സോഹാറിനെ സമീപിക്കാന്‍ കഴഞ ദിവസം ചേര്‍ന്ന ദോഫാര്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗണ് തീരുമാനിച്ചത്. ഇവ ലയിക്കുന്നതോടെ ഒമാനിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇത് മാറും.

ലയനത്തിന് ഇരുബങ്കുകളും തമ്മില്‍ ധാരണയിലെത്തേണ്ടതുണ്ട്. പിന്നീട് ഒമാനിലെ ബന്ധപ്പെട്ട റഗുലറ്ററ്റി അഥോറിറ്റിയുടെ അനുമതി ലഭിക്കണം.  ലയനത്തോടെ ഒമാനിലെ സാമ്പത്തിക മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനകുമെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ കരുതലോടെയുള്ള നടപടികള്‍ മാത്രമേയുണ്ടാകൂ എന്നാണ് ബാങ്കുകളുമായി ബന്ധപ്പെട്ടവരുടെ നിലപാട്. ലയനത്തിന് ബാങ്ക് ദോഫാറിന് വലിയ താല്‍പര്യമുണ്ട്. ഇതുവഴി രാജ്യത്തെ എറ്റവും വലിയ ബാങ്കിംഗ് ശൃംഖലയാകാന്‍ കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. ലയന താല്‍പര്യം മസ്‌കറ്റ് ഓഹരി വിപണിയെ ദോഫാര്‍ അറിയിച്ചിട്ടുമുണ്ട്.

ആസ്തിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ബാങ്ക് ദോഫാറിന് നാലാം സ്ഥാനവും ബാങ്ക് സോഹാറിന് അഞ്ചാം സ്ഥാനവുമാണുള്ളത്. മാര്‍ക്കറ്റ് വാല്യു അനുസരിച്ച് ഇത് യഥാക്രമം രണ്ടും ഏഴൂമാണ്. രണ്ടും ചേര്‍ന്നാല്‍ മൊത്തം 4.13 ബില്ല്യണ്‍ റിയാലാകും ആസ്തി. നിക്ഷേപത്തില്‍ ബാങ്ക് സോഹാറിന്റെ പ്രവര്‍ത്തനമികവ് അന്താരാഷട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അന്താരഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സിന്റെ 3B+ പദവി കഴിഞ്ഞയാഴച ലഭിച്ചിരുന്നു. ആറുവര്‍ഷം കൊണ്ട് വലിയ വളര്‍ച്ചയാണ് സോഹാര്‍ ബാങ്കിനുണ്ടായത്. ലാഭകരമായ പ്രവര്‍ത്തനവും സ്ഥിര വളര്‍ച്ചയുമുള്ള ബാങ്കിന് 2012ല്‍ 58 ശതാമനം വരുമാന വര്‍ധനയാണ് ഉണ്ടായത്. പ്രാദേശിക ബാങ്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇങ്ങനെ മജകച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന ബാങ്കുകളുടെ ലയനം ബാങ്കിംഗ് മേഖലയില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.

(16..07..13)

മുഹമ്മദ് അബ്ദുല്ലയുടെ ഇഫ്താറിന് വിയര്‍പിന്റെ മാധുര്യം

 മസ്‌കത്ത്: മത്ര സൂഖിന്റെ വാതിലില്‍ റമദാനില്‍ ദിവസവും ഒരു നോമ്പുതുറയുണ്ട്. ഒമാനിയായ മുഹമ്മദ് അബ്ദുല്ല അല്‍ ബലൂശി വക. ഭക്ഷണം കൊണ്ടുവരുന്നതും അത് വിതരണത്തിന് തയാറാക്കുന്നതും വിളമ്പുന്നതുമെല്ലാം മുഹമ്മദ് അബ്ദുല്ല തന്നെ. ദിവസവും നൂറ്റമ്പതോളം പേരുടെ വിശപ്പാറ്റുന്ന ഈ ഇഫ്താറിന്റെ ചിലവ് വഹിക്കുന്നതും അദ്ദേഹം തന്നെ. അവിടെ നോമ്പ് തുറക്കാന്‍ വരുന്നരാകട്ടെ, മറ്റെങ്ങും കയറിയിരിക്കാന്‍ ഇടം കിട്ടാത്തവരും മറ്റിടങ്ങളിലേക്ക് പോകാന്‍ കഴിയാത്തവരുമായ സാധുക്കള്‍. അതിഥികളും ആതിഥേയരുമെല്ലാം ചേര്‍ന്നപ്പോള്‍ ഈ ഇഫ്താറിന് വിയര്‍പിന്റെ മാധുര്യമാണ്.

അല്‍ഖൂദില്‍ താമസിക്കുന്ന ഒമാനിയാണ് മുഹമ്മദ് അബ്ദുല്ല അല്‍ ബലൂശി. വാര്‍ധക്യത്തോടടുത്ത പ്രായം. മത്രയിലെ ചെരുപ്പ് വ്യാപാരി. തൊഴിലാളകിള്‍ക്കൊപ്പം ജീവിക്കുന്ന തൊഴിലുടമയുടെ അനുഭവങ്ങളാകാം മറ്റാരും കാണാത്ത നോമ്പുകാര്‍ക്കായി ഇത്തരമൊരു ഇഫ്താറിന് മുഹമ്മദ് അബ്ദുല്ലയെ പ്രേരിപ്പിച്ചത്. അല്‍ഖൂദിലെ വീട്ടിലാണ് ഇഫ്താറിനുള്ള വിഭവങ്ങള്‍ എല്ലാം തയാറാക്കുന്നത്. ഫ്രൂട്ട്‌സും പലഹാരങ്ങളുമെല്ലാം സഹിതം വിഭവ സമൃദ്ധമായ നോമ്പുതുറക്കുള്ള വിഭവങ്ങളുമായി വണ്ടിയില്‍ വൈകുന്നേരം നാല് മണിയോടെ മത്രയിലെത്തും. നോമ്പ് തുറക്കുള്ള സാധനങ്ങള്‍ പാത്രങ്ങളിലാക്കി വിതരണത്തിന് തയാറാക്കുന്നത് ഇവിടെ വച്ചാണ്. സഹായത്തിന് മുഹമ്മദ് അബ്ദുല്ലയുടെ കടയിലെ രണ്ട് തൊഴിലാളികളുണ്ടാകും. ഇതില്‍ മലയാളിയുമാണ് ^കാസര്‍കോട് സ്വദേശി മൂസ. സഹായികളുണ്ടെങ്കിലും എല്ലാത്തിനും മുമ്പില്‍ അബ്ദുല്ല തന്നെ. അബ്ദുല്ലയുടെ നോമ്പ് തുറയും ഇവര്‍ക്കൊപ്പമാണ്.

നോമ്പ് തുറ മാത്രമല്ല, അതിനൊപ്പം സുഭിക്ഷമായ ഭക്ഷണവും ഇവിടെയുണ്ട്. ദിവസവും ബിരിയാണി തന്നെ. എന്നാല്‍ ചിക്കനും മട്ടനുമൊക്കെയായി അത് മാറിക്കൊണ്ടിരിക്കും. ബിരിയാണി ഉണ്ടാക്കുന്നതും മുഹമ്മദ് അബ്ദുല്ലയുടെ വീട്ടില്‍ തന്നെ. കൊണ്ടുവരുന്നതും അദ്ദേഹം തന്നെ. രാത്രി തറാവീഹ് നമസ്‌കാരത്തിന് എത്തുന്നവര്‍ക്ക് വേണ്ടി കാവയും മുഹമ്മദ് അബ്ദുല്ലയുടെ വീട്ടില്‍ നിന്ന് വരുന്നുണ്ട്. ഫഌസ്‌കുകളില്‍ നിറച്ച് കൊണ്ടുവരുന്ന കാവ രാത്രയിലെ ആവശ്യക്കാര്‍ക്ക് ഒഴിച്ചുകൊടുക്കുന്നതും ഉടമ തന്നെ.

ഇവിടെ നോമ്പ് തുറക്കാന്‍ എത്തുന്നവരില്‍ മഹാഭൂരിഭാഗവും ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളാണ്. തന്റെ കടയിലെ തൊഴിലാളികള്‍ക്ക് നോമ്പ് തുറക്കാനായി ഭക്ഷണം കൊണ്ടുവന്നുതുടങ്ങിയതാണ് മുഹമ്മദ് അബ്ദുല്ല. കാലങ്ങള്‍ കടന്നുപോയപ്പോള്‍ അത് അത്താണിയില്ലാത്ത മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള വിഭമായി മാറി. ഇതിപ്പോള്‍ പത്ത് വര്‍ഷത്തിലധികം പിന്നിട്ടിരിക്കുന്നു. തുടക്കത്തിലെ നിശ്ചയം പോലെ തന്നെ ഇപ്പോഴും ഇവിടെ വരുന്നവരില്‍ മഹാഭൂരിഭാഗവും സാധാരണ തൊഴിലാളികാണ്. അധികവും ബംഗാളികളാണ്. ഒമാനികളും കുറവല്ല. ഇതില്‍ തന്നെ പകുതിയിലേറെ കയറ്റിറക്ക് ജോലിക്കാരാണ്. പിന്നെ അര്‍ബാന തൊഴിലാളികളും. അതുപോലുള്ള, വണ്ടികയറി സമീപത്തെ പള്ളികളിലേക്ക് പോലും പോകാന്‍ കെല്‍പില്ലാത്തവര്‍. തൊഴിലിടങ്ങളില്‍ നിന്ന് ദൂരേക്ക് മാറിപ്പോകാന്‍ പറ്റാത്തവര്‍. പണിസ്ഥലത്തുനിന്ന് വിയര്‍പ്പുമാറാത്ത ഉടലുമായി ഇഫ്താര്‍ വിരിപ്പിലേക്ക് കിതച്ചെത്തുന്നവര്‍. അതുകൊണ്ട് തന്നെയാണ് ഈ ഇഫ്താറിന് മധുരമിരിട്ടിക്കുന്നതും.

(15...7...13)

ചരിത്രത്തിലേക്ക് മുങ്ങിനിവര്‍ന്ന് ഒമാന്‍ വിദ്യാര്‍ഥി സംഘം

മസ്‌കത്ത്: മുങ്ങിക്കപ്പല്‍ മല്‍സരത്തില്‍ ഒമാന്‍ വിദ്യാര്‍ഥി സംഘത്തിന് ചരിത്ര നേട്ടം. അമേരിക്കയിലെ മേരിലാന്റില്‍ നടന്ന മല്‍സരത്തില്‍ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഏഴംഗ സംഘമാണ് ലോകത്തെ വിസ്മയിപ്പിച്ചത്. 12 റൗണ്ട് മല്‍സരത്തില്‍ 11ഉം വിജയകരമായി പൂര്‍ത്തയാക്കിയ ഒമാന്‍ മുങ്ങിക്കപ്പല്‍, നാലാം സ്ഥാനത്തെത്തുകയും ചെയ്തു. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ഈ പരീക്ഷണത്തിന് 'സുല്‍ത്താന ll' എന്നാണ് പേരിട്ടിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ അറിവും വൈദഗ്ദ്യവും പ്രകടമാക്കാനായി സംഘടിപ്പിക്കുന്നതാണ് ഈ മല്‍സരം. മുങ്ങിക്കപ്പല്‍ രൂപകല്‍പന, നിര്‍മാണം, പ്രവര്‍ത്തനം എന്നിവ അടിസ്ഥാനമാക്കിയാണ് വിജയികളെ നിശ്ചയിക്കുക. അമേരിക്ക, ബ്രിട്ടണ്‍, കാനഡ തുടങ്ങി 24 രാജ്യങ്ങളാണ് ഇത്തവണ ഇതില്‍ പങ്കെടുത്തത്. 2013ലെ മല്‍സരത്തില്‍ പങ്കെടുക്കാനായി രൂപകല്‍പന ചെയ്തതാണ് സുല്‍ത്താന ll. ഏതാണ്ട് രണ്ട് വര്‍ഷമെടുത്തു ഇത് പൂര്‍ത്തിയാകാന്‍. രണ്ട് സംഘങ്ങളാണ് ഇതിനായി പ്രവര്‍ത്തിച്ചത്. അഞ്ച് പേര്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും രണ്ട് മെക്കാട്രോണിക്‌സ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും.

മല്‍സരത്തില്‍ പങ്കെടുത്ത മുങ്ങിക്കപ്പലുകളില്‍ മികച്ച പ്രവര്‍ത്തന സ്ഥിരതയും അതിവേഗവും പ്രകടമാക്കാന്‍ സുല്‍ത്താന llന് കഴിഞ്ഞു. സുല്‍ത്താന l നേക്കാള്‍ 25 ശതാമനം വേഗതയും ഇരട്ടിപ്രവര്‍ത്തനക്ഷമതയും അനുഭവപ്പെട്ടതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജമീല്‍ അബ്ദു പറഞ്ഞു. സുല്‍ത്താന l ഫൈബര്‍ ഗ്ലാസുകൊണ്ട് നിര്‍മിച്ചതായിരുന്നു. 125 കിലോ ഭാരം. എന്നാല്‍ സുല്‍ത്താന ll കാര്‍ബണ്‍ ഫൈബര്‍കൊണ്ട് നിര്‍മിച്ചതോടെ ഭാരം വെറും 30 കിലോയാക്കി കുറക്കാന്‍ കഴിഞ്ഞു. ഭാരം കുറഞ്ഞത് വേഗം കൂട്ടാന്‍ സഹായിച്ചു. പബ്ലിക് അഥോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സിന്റെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്.

സലിം സുല്‍ത്താന്‍ അല്‍ മഅ്മരി, നവാഫ് ഹുസെന്‍ അല്‍ ബലൂശി, ഇയാദ് ഹാഷിം അല്‍ ബലൂശി, ഹംസ സലിം അല്‍ മഹ്‌റൂഖി, മുഹമ്മദ് ഹമദ് അല്‍ മഹ്‌റൂഖി, റാഷിദ് നസര്‍ അല്‍ ഷബീബി, സഈദ് ഹിലാല്‍ അല്‍ ജാബ്‌രി എന്നിവരാണ് വിദ്യാര്‍ഥി സംഘത്തിലുണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിലെ എന്‍ജിനീയറിംഗ് പാറ്റേണും രൂപകല്‍പനകളും ഇതിലൂടെ പ~ിക്കാന്‍ കഴിഞ്ഞതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

(14.7..13)

യാത്രാ രേഖകളില്ലാത്ത ഇന്ത്യന്‍ സംഘം റൂവിയില്‍ തമ്പടിച്ചു

മസ്‌കത്ത്: വിസയും ലേബര്‍ കാര്‍ഡുമടക്കമുള്ള യാത്രാ രേഖകളില്ലാതെ ഒമാനില്‍ തങ്ങുന്ന 50 ലധികം ഇന്ത്യക്കാര്‍ നാടണയാന്‍ മാര്‍ഗ്ഗം തേടുന്നു. റൂവി ക്ലോക് ടവറിനും പരിസരത്തുമായി തമ്പടിച്ചിരിക്കുകയാണിവര്‍. ഭൂരിജഭാഗവുാ ആന്ദ്രപ്രദേശുകാരാണ്. ഇവിടെ ദുരിത ജീവിതം തള്ളി നീക്കുന്ന ഇവര്‍ക്ക് എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നാണ്. പലരും രോഗികളാണ്. ചിലര്‍ വിസക്ക് വന്‍ സംഖ്യ നല്‍കി ഒമാനിലെത്തി വഞ്ചിക്കപ്പെട്ടവരുമാണ്. അനധികൃതമായി ഒമാനില്‍ തങ്ങുന്ന ഇവര്‍ രണ്ട് മൂന്ന് വര്‍ഷമായി നാടണയാന്‍ ശ്രമങ്ങള്‍ നടത്തുന്നെങ്കിലും വിജയിക്കുന്നില്ല. ചിലര്‍ ഒമാന് പുറത്ത് കടക്കാന്‍ ്രശമിച്ചെങ്കിലും പരാജയപ്പെട്ടു.

മാരകമായ ചര്‍മരോഗം പിടിപെട്ട് കാലിന് പഴുപ്പ് ബാധിച്ച മന്ദ രാജേശ്വരന്‍ ചികിത്സക്ക് വകയില്ലാതെ ഉഴലുകയാണെന്ന് സമൂഹിക ്രപവര്‍ത്തകര്‍ പറയുന്നു. 50 കാരനായ ഇദ്ദേഹം ്രപമേഹ രോഗിയുമാണ്. അസുഖം ബാധിച്ചതിനാല്‍ നിത്യജീവിതം തള്ളിനീക്കാന്‍ പോലും ്രപയാസപ്പെടുന്നു. 2006ല്‍ ഒമാനില്‍ നിയമാനുസൃതമായെത്തിയ ഇദ്ദേഹം നാല് മാസം കമ്പനിയില്‍ ജോലി ചെയ്തതിന് ശേഷം ഒളിച്ചോടുകയായിരുന്നു. നാട്ടില്‍ 80,000 രൂപ ഏജന്റിന് നല്‍കിയാണ് ഇദ്ദേഹം ഒമാനിലെത്തിയത്. എന്നാല്‍ 12മണിക്കൂര്‍ ജോലിക്ക് 39 റിയാലാണ് മാസാന്ത ശമ്പളം കിട്ടിയിരുന്നത്. ഇതിനാലാണ് നാല് മാസത്തിന് േശഷം കമ്പനിയില്‍ നിന്ന്  പുറത്ത് ചാടിയത്. പിന്നീട് വിവിധ നിര്‍മാണ കമ്പനികളില്‍ ദിവസ കൂലക്ക് ജോലി ചെയ്യുകയായിരുന്നു. ഇത് കൊണ്ട് നാട്ടിലേക്ക് പണമയക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും സമ്പാദ്യമൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ രോഗം ബാധിച്ചതിനാല്‍ നാട്ടിലേക്ക് തിരിക്കുക മാ്രതമെ മാര്‍ഗ്ഗമുള്ളൂവെന്ന് രാജേശ്വരന്‍ പറയുന്നു. ഇദ്ദേഹത്തിന് അടിയന്തിര ശസ്്രത ്രകിയ ആവശ്യമാണെന്ന് ചികിത്സിക്കുന്ന ഡോക്ടറും സാക്ഷ്യപ്പെടുത്തുന്നു.

ഒരു ലക്ഷിത്തി ഇരുപതിനായിരം ഇന്ത്യന്‍ രൂപ വിസക്ക് നല്‍കി ഒമാനിലെത്തിയ 35 കാരനായ മറ്റൊരു ആന്ദ്ര സ്വദേശി നാട്ടില്‍ പോവാന്‍ കഴിയാതെ ഉഴലുകയാണ്. 2008ല്‍ ഒമാനിലെത്തിയ ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ആരും വിമാനത്താവളത്തില്‍ പോലും എത്തിയില്ല. ഒരിക്കല്‍ പോലും സ്‌പോണ്‍സറെ കണ്ടിട്ടില്ലാത്ത ഇദ്ദേഹത്തിന് ഇപ്പോള്‍ നാട്ടില്‍ പോണമെങ്കില്‍ 1,800 റിയാല്‍ പിഴ അടക്കണം. 2010 ല്‍ ഔട് പാസ് എടുത്തിരുന്നെങ്കിലും പോയില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരം കഥകളുമായി നിരവധി പേരാണ് ക്ലോക് ടവര്‍ പരിസരത്ത് തങ്ങുന്നത്. അധികൃതര്‍ പിടികൂടിയാല്‍ രക്ഷപ്പടാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരും ഇതിലുണ്ട്.


(14...07,...13)

ഒമാനില്‍ ജി.സി.സി രാജ്യങ്ങളുടെ നിക്ഷേപം ഉയരുന്നു

മസ്‌കത്ത്: ഒമാനിലെ വിദേശ നിക്ഷേപകരില്‍ ജി.സി.സി രാജ്യങ്ങളുടെ പങ്കാളിത്തം ഉയരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ്  ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം മൊത്തം നിക്ഷേപത്തിന്റെ മുപ്പത് ശതമാനത്തോളം ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ നിന്നാണ്. 2010ല്‍ 24 ശതമാനമുണ്ടായിരുന്ന നിക്ഷേപ പങ്കാളിത്തം, തൊട്ടടുത്ത വര്‍ഷം 27 ശതമാനമായി ഉയര്‍ന്നു. റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന 2007^11 കാലയളവില്‍ ഇക്കാര്യത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.

2011ല്‍ ഒമാനിലുണ്ടായ ആകെ വിദേശ നിക്ഷേപം 5909.6 മില്ല്യണ്‍ റിയാലാണ്. ഇതിന്റെ 70 ശതമാനവും ഒമ്പത് രാജ്യങ്ങളില്‍ നിന്ന് മാത്രമാണ്. ഈ ഒമ്പത് രാജ്യങ്ങളില്‍ നാലെണ്ണവും ജി.സി.സി രാജ്യങ്ങളാണ്. യു.എ.ഇ, കുവൈത്ത്, ബഹറൈന്‍, ഖത്തര്‍ എന്നിവ. ഇവരുടെ ആകെ നിക്ഷേപം 1593.5 മില്ല്യണ്‍ റിയാല്‍ വരും. മൊത്തം ക്ഷേപകരില്‍ തന്നെ രണ്ടാം സ്ഥാനം യു.എ.ഇക്കാണ് ^980.8 മില്ല്യണ്‍ റിയാല്‍. 2011ല്‍ 228.2 മില്ല്യണ്‍ നിക്ഷേപിച്ച കുവൈത്ത് അഞ്ചാം സ്ഥാനത്താണ്. നിക്ഷേപകരില്‍ ആറും ഏഴും സ്ഥാനത്തുള്ള ബഹ്‌റൈനും ഖത്തറും യഥാക്രമം 211.6, 170.9 മില്ല്യണ്‍ റിയാല്‍ നിക്ഷേപിച്ചിട്ടുണ്ട്. വന്‍ തോതില്‍ നിക്ഷേപം നടത്തുന്ന യു.എ.ഇ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ക്രമാനുഗതമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2009ല്‍ ചെറിയ കുറവുണ്ടായെങ്കിലും പിന്നീട് വലിയ വര്‍ധനയാണ് നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. മറ്റ് മൂന്ന് രാജ്യങ്ങളും ഇതേതോതില്‍ തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്.

2011ലെ മൊത്തം നിക്ഷേപത്തില്‍ 17 ശതമാനവും യു.എ.ഇയുടെയാണ്. തൊട്ട് മുന്‍വര്‍ഷം ഇത് 15 ശതമാനമായിരുന്നു. കുവൈത്തിന്റെ നിക്ഷേപം മൂന്ന് ശതമാനത്തില്‍ നിന്ന് നാലായി ഉയര്‍ന്നു. ബഹറൈനും ഖത്തറും രണ്ട് വര്‍ഷവും മൂന്ന് ശതമാനം വീതം പങ്കാളിത്തം നിലനിര്‍ത്തുന്നുണ്ട്. മിക്ക നിക്ഷേപക മേഖലയിലും യു.എ.ഇ ഒന്നാം സ്ഥാനത്തുണ്ട്. ഒമാനിലെ എണ്ണ ഉത്പാദന മേഖലയില്‍ ഉയര്‍ന്ന പങ്കാളിത്തമുള്ള ഏക ജി.സി.സി രാജ്യവും യു.എ.ഇ.യാണ്. 41.5 മില്ല്യണ്‍ റിയാലാണ് ഈ രംഗത്ത് യു.എ.ഇയുടെ പങ്ക്. മാനുഫാക്ചുറിംഗ് മേഖലയിലാണ് യു.എ.ഇ ഏറ്റവുമധികം നിക്ഷേപം നടത്തുന്നത് ^420.7 മില്ല്യണ്‍ റിയാല്‍. ധനകാര്യ മേഖലയിലാണ് പിന്നീട് കൂടുതല്‍ നിക്ഷേപം. ബഹ്‌റൈനും ഖത്തറും കൂടുതല്‍ നിക്ഷേപം നടത്തുന്നതും ഈ രംഗത്തുതന്നെ. എന്നാല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്താണ് കുവൈത്തിന്റെ കൂടുതല്‍ നിക്ഷേപവും.

മാനുഫാക്ചുറിംഗ് മേഖലയില്‍ ജി.സി.സി രാജ്യങ്ങളുടെ പൂര്‍ണ മേധാവിത്വമുണ്ട്. യു.എ.ഇ, സൗദി, ജോര്‍ദാന്‍, കുെൈവത്ത്, ബഹ്‌റൈന്‍ എന്നിവയാണ് ഈ രംഗത്ത് മുന്നിലുള്ള രാജ്യങ്ങള്‍. ധനകാര്യ മേഖലയാണ് ജി.സി.സി രാജ്യങ്ങളുടെ മറ്റൊരു പ്രധാന നിക്ഷേപ രംഗം. ഇതില്‍ ആദ്യ ഒമ്പത് രാജ്യങ്ങളില്‍ എട്ടെണ്ണം ഗള്‍ഫ് മേഖലയില്‍ നിന്നാണ്. റിയല്‍ എസ്‌റ്റേറ്റില്‍ ഏറ്റവും അധികം നിക്ഷേപമുള്ള രാജ്യം കുവൈത്താണ്. ഇക്കൂട്ടത്തിലും യു.എ.ഇ,  ഖത്തര്‍, ബഹ്‌റൈന്‍, സൗദി രാജ്യങ്ങളുണ്ട്. വ്യാപാര മേഖലയില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ യു.എ.ഇയും കുവൈത്തുമാണ്. 7 മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍ സൗദി, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവയുണ്ട്.  ഈ രംഗത്തെല്ലാം തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ നിക്ഷേപം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

(13..07..13)

പാസ് മാർക്ക് വന്നാൽ പാഠ്യപദ്ധതി ജയിക്കുമോ?

 കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിലെ ഒരു സ്കൂളിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരു പദ്ധതി നടപ്പാക്കി. പേര് ലേണേഴ്സ്. ലക്ഷ്യം കുട്ടികളെ മലയാളത്തില...