Monday, February 25, 2013

മലയാള സിനിമയുടെ ‘ജാതി’ വെളിപ്പെടുത്തി സെല്ലുലോയ്ഡ് വിവാദംതിരുവനന്തപുരം: മലയാള സിനിമയിലെ ജാതീയത വെളിപ്പെടുത്തി ‘സെല്ലലോയ്ഡ്’ വിവാദം. കേരളത്തിന്‍െറ സാംസ്കാരിക രംഗത്ത് ആധിപത്യം ചെലുത്തുന്ന ജാതി വിവേചനവും മേധാവിത്തവും ജനാധിപത്യ സംവിധാനത്തിലും വര്‍ഷങ്ങളായി തുടരുന്നുണ്ടെന്ന് വിവാദം വ്യക്തമാക്കുന്നു. ജെ.സി ഡനിയേലിന്‍െറ ‘വിഗതകുമാരന്‍’ മുതല്‍ ഏറ്റവും പുതിയ സിനിമയായ പാപ്പിലിയോ ബുദ്ധ വരെ ഈ വിവേചനത്തിന് ഇരകളായി. അവര്‍ണരുടെയും പിന്നാക്കക്കാരുടെയും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ക്ക് ഇപ്പോഴും അയിത്തം കല്‍പിക്കപ്പെടുന്നത് യാദൃശ്ചികതയല്ളെന്നും കേരളം ‘ഒൗദ്യോഗിക’മായി പിന്തുടരുന്ന സാംസ്കാരിക നയങ്ങളുടെ തുടര്‍ച്ചയാണെന്നും പുതിയ വെളിപ്പെടുത്തലുകള്‍ അടിവരയിടുന്നു.
 ആദ്യ മലയാള സിനിമയായ ‘വിഗതകുമാരന്‍’ സംവിധാനം ചെയ്ത ജെ.സി ഡാനിയേലിന്‍്റെ ജീവിതം ആസ്പദമാക്കി കമല്‍ നിര്‍മിച്ച ‘സെല്ലുലോയ്ഡി’ല്‍ മലയാള സിനിമയുടെ പിതാവ് നേരിട്ട കടുത്ത വിവേചനങ്ങള്‍ വ്യക്തമാക്കുന്നു. സാംസ്കാരിക മന്ത്രിയായിരുന്ന കെ. കരുണാകരനും വകുപ്പ് സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനും സിനിമാ ചരിത്രത്തില്‍ നിന്ന് ഡാനിയേലിനെ വെട്ടിമാറ്റാന്‍ നടത്തിയ നീക്കങ്ങള്‍ ചിത്രം ചൂണ്ടിക്കാട്ടുന്നു. ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ സിനിമാ ചരിത്രകാരന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ഡാനിയേലിന്‍െറ ജീവിത കഥയില്‍ നിന്നാണ് ഈ വിവരം കമല്‍ സിനിമയിലേക്ക് പകര്‍ത്തിയത്. ഇതിനെതിരെ കെ. മുരളീധരന്‍ എം.എല്‍.എ രംഗത്തത്തെി. സിനിമയില്‍ പറഞ്ഞതെല്ലാം സത്യസന്ധമെന്ന മറുപടിയുമായി കമലും രംഗത്തു വന്നതോടെയാണ് വിവാദം ചൂടുപിടിച്ചത്.
1970-ല്‍ മലയാള സിനിമ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ച കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയാണ് അതില്‍ അംഗമായിരുന്ന ഗോപാലകൃഷ്ണന്‍ ‘ഡാനിയേലിന്‍െറ ജീവിത കഥയില്‍’ രേഖപ്പെടുത്തിയത്. 1938ല്‍ നിര്‍മിച്ച ’ബാലന്‍’ മുതലാണ് മലയാള സിനിമാ ചരിത്രം തുടങ്ങുന്നതെന്ന് ആദ്യ യോഗത്തില്‍ മലായറ്റൂര്‍ പ്രഖ്യാപിച്ചുവെന്ന് പുസ്തകത്തില്‍ പറയുന്നു. ഇതിനെ എതിര്‍ത്ത ഗോപാലകൃഷ്ണന്‍ 1930ല്‍ നിര്‍മിച്ച വിഗതകുമാരനാണ് ആദ്യ ചിത്രമെന്നും ഫാല്‍ക്കെയുടെ നിശബ്ദ ചിത്രമാണ് ഇന്ത്യയില്‍ ആദ്യ സിനിമയായി കണക്കാക്കുന്നതെന്നും മറുപടി പറഞ്ഞു. ഇത് കേട്ട മലയാറ്റൂര്‍ കോപാകുലനായതോടെ രംഗം വഷളായി. മറ്റുള്ളവര്‍ ഇടപെട്ടാണ് ശാന്തമാക്കിയത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ സിനിമയായി ബാലനെ തന്നെ മലയാറ്റൂര്‍ രേഖപ്പെടുത്തിയാതയും പുസ്തകം പറയുന്നു. ‘നാടാരായ’ ഡാനിയേലിന് മേലെ ‘ബാലന്‍’ എടുത്ത സ്വന്തം ജാതിയില്‍ പെട്ടവരെ പ്രതിഷ്ടിക്കുകയായിരുന്നു മലയാറ്റൂര്‍ എന്നറിയപ്പെട്ട രാമകൃഷ്ണ ഐയ്യരുടെ ലക്ഷ്യമെന്നാണ് സിനിമയും പറയുന്നത്.
പിന്നീട് സാംസ്കാരിക മന്ത്രി കെ. കരുണാകരനും ഇതേ വാദങ്ങള്‍ ആവര്‍ത്തിച്ചതായി പത്രപ്രവര്‍ത്തകന്‍ കൂടിയായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതുന്നു. തമിഴ്നാട്ടുകാരനാണ്, ജീവിച്ചിരുന്നതിന് തെളിവില്ല, ഇങ്ങനെയാരു സിനിമയെ കുറിച്ച് താന്‍ കേട്ടിട്ടില്ല തുടങ്ങിയ വാദങ്ങളും കരുണാകരന്‍ ഉന്നയിച്ചതായി പുസ്തകത്തിലുണ്ട്. ചേലങ്ങാട്ട് ഗോപാലകൃഷ്ണനായി സിനമയില്‍ എത്തുന്നത് ശ്രീനിവാസനാണ്.
അന്നുതുടങ്ങിയ സിനിമയുടെ ജാതി ചരിത്രം ഇപ്പോഴും തുടരുന്നുണ്ട്. മലയാളത്തിലെ പാഠപുസ്തകങ്ങളും രേഖകളുമെല്ലാം ഇപ്പോഴും ശബ്ദ-നിശബ്ദ ചിത്രങ്ങളെന്ന വേര്‍തിരിവോടെയാണ് ആദ്യ സിനിമാ ചരിത്രത്തെ പരിചയപ്പെടുത്തുന്നത്. ഇന്ത്യന്‍ സിനിമയില്‍ പോലും ഈ വേര്‍തിരിവില്ല. മലയാള സിനിമയിലാകട്ടെ സവര്‍ണ ജാതീയ സ്വാധീനം ഇന്നും ഏറെ സജീവമാണ്. ദലിത് ജീവിതത്തെ ആസ്പദമാക്കി മലയാളത്തില്‍ ആദ്യമായി നിര്‍മിച്ച പാപ്പിലിയോ ബുദ്ധക്ക് കഴിഞ്ഞ കേരള ചലച്ചിത്ര മേളയില്‍ അവസരം നിഷേധിക്കപ്പെട്ടതങ്ങനെയാണ്. എം.ജി സര്‍വകലാശാലയില്‍ അത് പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞത് ഇടത് വിദ്യാര്‍ഥി സംഘടനയാണ്. തിരുവനന്തപുരത്ത് പോലിസ് ഇടപെട്ടും തടഞ്ഞു. ചരിത്ര രേഖകള്‍ പകര്‍ത്തിയ സംഭാഷണങ്ങള്‍ സെന്‍സര്‍ ചെയ്യാനും നിര്‍ബന്ധിതമായി. ചരിത്രത്തിനൊപ്പം മലയാള സിനിമകളുടെ ഉള്ളടക്കവും പൊതുവെ പിന്തുടരുന്നത് സവര്‍ണ പൊതുധാരണകള്‍ തന്നെയാണെന്ന നിരീക്ഷണത്തിന് ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത്തരം പ്രവണതകള്‍ക്കെതിരായ പ്രതിരോധം കൂടിയാണ് സെല്ലുലോയ്ഡിന്‍െറ ഉള്ളടക്കം. അതിനാല്‍ ഈ വിവാദം മലയാള സിനിമയുടെ ജാതീയ സ്വഭാവത്തെ കൂടുതല്‍ തുറന്നുകാണിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

(madhyamam)

ചെന്താമരാക്ഷന്‍െറ (വീട്ടിലേക്കുള്ള) പാതസഭ അവസാനിക്കുന്ന ദിവസം അംഗങ്ങള്‍ തികച്ചും മര്യാദക്കാരായിരിക്കും. പിറ്റേന്ന് പണിമുടക്കുണ്ടെങ്കില്‍ വിശേഷിച്ചും. അരമണിക്കൂറില്‍ കുറച്ച് ബില്ലില്‍ സംസാരിച്ച് ശീലമില്ലാത്ത വി. ചെന്താമരാക്ഷന്‍ പോലും അത്യന്തം അച്ചടക്കവും സമയനിഷ്ടയും പാലിക്കുന്നിടത്തോളമത്തെി, ആ മര്യാദ. ഈ മര്യാദക്കാരെല്ലാം ചേര്‍ന്ന് ഇന്നലെ നാല് ബില്‍ നിയമമാക്കി. 47 ഉപക്ഷേപം കേട്ടു. അടിയന്തിരവും ശ്രദ്ധക്ഷണിക്കലും പതിവുപോലെ. എന്നിട്ടും വൈകുന്നേരത്തെ ചായക്ക് മുമ്പ് അവര്‍ പിരിഞ്ഞു. വീട്ടിലേക്ക് പോകേണ്ട ദിവസം കാണിക്കുന്ന ഈ ഒൗചിത്യം എന്നുമുണ്ടായിരുന്നെങ്കിലെന്ന് സഭയിലെ മേശയും കസേരയും പോലും ആഹ്രഗിച്ചിട്ടുണ്ടാകും. അത്ര മാന്യം. മാതൃകാപരം.
അടിയന്തിര പ്രമേയത്തില്‍ ഇറങ്ങിപ്പോക്കുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരെ ഞെട്ടിച്ച് രാവിലെ തന്നെ പ്രതിപക്ഷം സഹകരണം പ്രഖ്യാപിച്ചു. വൈദ്യുതി ബോര്‍ഡ് സ്വകാര്യവല്‍കരണമായിരുന്നു വിഷയം. അങ്ങനെയൊരു പരിപാടി ഉണ്ടാകില്ളെന്ന് തീര്‍ത്തുപറഞ്ഞ മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഇടതുപക്ഷം വല്ലപ്പോഴും ഭരണത്തില്‍ വന്നാല്‍ അത് ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുകകൂടി ചെയ്തു. ഈ ആത്മാര്‍ഥതയെ അംഗീകരിക്കാതിരിക്കാന്‍ വി.എസ് അച്യുതാനന്ദന് പോലും കഴിഞ്ഞില്ല. അതോടെ അജണ്ടകള്‍ വേഗം തീര്‍ക്കാമെന്ന ആശേവത്തിലായി സ്പീക്കര്‍. ഉപക്ഷേപങ്ങള്‍ അവതരിപ്പിക്കാതെ മന്ത്രിമാര്‍ അംഗങ്ങള്‍ക്ക് മറുപടി എത്തിച്ചാല്‍ മതിയെന്ന പി.സി ജോര്‍ജിന്‍െറ നിര്‍ദേശം പ്രതിപക്ഷം അംഗീകരിച്ചു. സ്പീക്കര്‍ സമ്മതവും കൊടുത്തു. ജോര്‍ജിനെക്കൊണ്ടും സഭക്ക് പ്രയോജനമുണ്ടാകുമെന്ന് തോന്നിയ ഘട്ടത്തില്‍ പി.സി വിഷ്ണുനാഥും വി.പി സജീന്ദ്രനും ഇടപെട്ടു. അതോടെ സ്പീക്കര്‍ പിന്‍വാങ്ങി. ഒരു നന്മ ചെയ്യാനുള്ള പി.സി ജോര്‍ജിന്‍െറ അത്യപൂര്‍വ ശ്രമം അങ്ങനെ പാഴായി.
അവസാന ദിവസത്തെ അധികഭാരം ഓര്‍മിപ്പിച്ച് ശൂന്യവേളയുടെ തുടക്കത്തില്‍ അഞ്ച് മിനിട്ട് സപീക്കര്‍ ഉദ്ബോധന പ്രസംഗം നടത്തി. തൊട്ടുടനെ മൈക്കെടുത്ത തോമസ് ഉണ്ണിയാടന്‍ ആറ് മിനിട്ട് പ്രസംഗിച്ച് ആ ഉദ്ബോധനം തത്ക്ഷണം തള്ളിക്കളഞ്ഞു. രണ്ടമനായ വി. ശിവന്‍കുട്ടി അതിലേറെ സമയമെടുത്തു. മറുപടി പറഞ്ഞ മന്ത്രി കെ.ബി ഗണേഷ്കുമാര്‍ പത്ത് മിനിട്ടും. ഇത് കണ്ട് ഡപ്യുട്ടി സ്പീക്കര്‍ നിരാശനായി: ‘ഇത്രയൊക്കെ പറഞ്ഞിട്ടും അംഗങ്ങള്‍ ഒരു ഒൗചിത്യവും കാണിക്കുന്നില്ല. അത് കൊണ്ട് ചെയര്‍ ഇനി നിയന്ത്രിക്കുന്നേയില്ല. ഇഷ്ടമുള്ളപോലെ പ്രസംഗിച്ചോളൂ. എത്ര സമയം വേണമെങ്കിലും ഇവിടെയിരിക്കാം.’ അതോടെ സഭക്ക് ഒരല്‍പം വകതിരിവുണ്ടായി. ചോദ്യം ചുരുക്കാനും മറുപടി കാര്യമാത്ര പ്രസക്തമാക്കാനും മിക്കവരും സഹകരിച്ചു. എന്നാലും എഴുതിയതെല്ലാം വായിച്ചേ അടങ്ങൂവെന്ന വാശിക്കാര്‍ പതിവുപോലെ സമയം കളയാന്‍ മല്‍സരിച്ചു.
ബില്‍ ചര്‍ച്ചയില്‍ അംഗങ്ങള്‍ അവിശ്വസിനീയമായ സംയമനമാണ് പ്രകടിപ്പിച്ചത്. ആദ്യ ബില്ലില്‍ വിയോജനം രേഖപ്പെടുത്തിയ വി. ചെന്താമരാരക്ഷന്‍ അഞ്ചാം മിനിട്ടില്‍ പ്രസംഗം നിറുത്തി. ചെന്താമരാക്ഷനില്‍ നിന്ന് ഇത് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ സ്പീക്കര്‍ വികാരഭരിതനായി: ‘കണ്‍ഗ്രാജുലേഷന്‍. ചെന്താമരാക്ഷന്‍െറ പാത എല്ലാവരും പിന്തുടരണം.’ ആ പാത വീട്ടിലേക്കുള്ള എളുപ്പ വഴിയാണെന്ന് അറിയാവുന്നവരായിരുന്നു പിന്നീട് വന്നവരും. മുല്ലക്കര രത്നാകരനും വി.എസ് സുനില്‍കുമാറും കെ. മുരളീധരനും അതേസമയ ക്രമം പാലിച്ചു. രണ്ടാം ബില്ലില്‍ ഇ.പി ജയരാജനും എസ്. ശര്‍മയും ജയിംസ് മാത്യുവും സംയമനം പാലിച്ചപ്പോള്‍ വി.ടി ബല്‍റാം ഒൗചിത്യക്കുറവിലെ ‘കോണ്‍ഗ്രസ് പാരമ്പര്യം’ നിലനിര്‍ത്തി. മറ്റ് ബില്ലുകളും തിരക്കിട്ട ചര്‍ച്ചകളാല്‍ സമ്പന്നമായി.
നയപ്രഖ്യാപനത്തോടെ തുടങ്ങിയ സമ്മേളനം പതിമൂന്നാം കേരള സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ദമായ ദിവസങ്ങളിലൂടെയാണ് കടന്നുപോയത്. 12 ദിവസത്തെ സെഷനില്‍ അഞ്ച് ദിവസം പൂര്‍ണമായി സ്തംഭിച്ചു. മൂന്ന് ദിവസം അംഗങ്ങള്‍ നടുത്തളലത്തിലിറങ്ങി. വനിതാ അംഗങ്ങള്‍ സത്യഗ്രഹമിരുന്നു. പകുതി ദിവസം മാത്രമാണ് നടപടികള്‍ പൂര്‍ത്തിയാക്കാനായത്. 10 വട്ടം ഇറങ്ങിപ്പോയി. ബഹളമില്ലാത്ത ദിവസം ഒന്നോ രണ്ടോ മാത്രം. 10 ബില്ലുകള്‍ സഭ നിയമമാക്കി. ഏറ്റവും സുപ്രധാനമായിരുന്ന വനിതാ സംരക്ഷണ ബില്‍ പൊതുചര്‍ച്ചക്ക് അയച്ചു. സഹകരണ ഭേദഗതി ബില്ല് അര്‍ധരാത്രി വരെ സഭ ചര്‍ച്ച ചെയ്തു. നദീതീരം സംരക്ഷണ ബില്ലിലും വിശദ ചര്‍ച്ചയുണ്ടായി. സാമാജികര്‍ക്ക് പുസ്തകം വാങ്ങാന്‍ പ്രതിവര്‍ഷം 15,000 രൂപ അനുവദിക്കുന്ന ബില്‍ മാത്രം ഇരുചെവിയറിയാതെ കഭ കടന്നുപോയി.
സഭയെ സംഘര്‍ഷ ഭരിതമാക്കിയ സംഭവങ്ങളെല്ലാം സംഭാവന ചെയ്തത് ആഭ്യന്തര വകുപ്പ് തന്നെ. കഴിഞ്ഞ സമ്മേളനത്തില്‍ ടി.പി വധാന്വേഷണത്തിന്‍െറ പേരില്‍ സഭയില്‍ അംഗീകാരമേറ്റുവാങ്ങിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത്തവണ തുടര്‍ച്ചയായ അബദ്ധങ്ങളാല്‍ പ്രതിപക്ഷത്തിന് മുതല്‍കൂട്ടായി. സൂര്യനെല്ലിയും വനിതാ അംഗങ്ങളുടെ ആരോപണവും വയലാര്‍ രവിയുടെയും കെ. സുധാകരന്‍െറയും പ്രസംഗങ്ങളുമെല്ലാം വന്നുവീണത് തിരുവഞ്ചൂരിന്‍െറ നെഞ്ചില്‍. ഉരുണ്ടുമറിഞ്ഞും കുതര്‍ക്കങ്ങളുന്നയിച്ചും തിരുവഞ്ചൂര്‍ പലവഴികളിലൂടെ സന്ദര്‍ഭോചിതമായി തടിയൂരി. അവസാന ദിവസവും കണ്ടു ഈ വൈഭവം. കെ. സുധാകരന്‍െറ സൂര്യനെല്ലി പ്രസംഗത്തിനെതിരെ കെ.എസ് സലീഖ ഉന്നയിച്ച ഉപക്ഷേപത്തിന്‍െറ മറുപടിയിങ്ങനെ: ‘ഈ പ്രസംഗം സര്‍ക്കാര്‍ അംഗീകരിക്കുന്നേയില്ല. സ്ത്രീകളോടുള്ള മാന്യതയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. പാര്‍ട്ടി നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ പ്രസംഗം രാജ്യത്തിന് പുറത്തായതിനാല്‍ കേസെടുക്കാന്‍ കഴിയില്ല.’ ഇത്രയൊക്കെ കേട്ടിട്ടും പ്രതിപക്ഷം അനങ്ങിയില്ല. അല്ളെങ്കിലും വീട്ടില്‍ പോകുന്ന ദിവസം സൂര്യനെല്ലിക്കെന്ത് പ്രസക്തി! അതിനാല്‍ ഇപ്പോള്‍ സന്തോഷപൂര്‍വം പിരിയുന്നതും ഉടന്‍ ചേരുന്ന ബജറ്റ് അവതരണ സെഷനില്‍ ബാക്കി സമരം തുടരുന്നതുമായിരിക്കും.


19...02...13

പ്രളയകാലത്തെ മൂര്‍ഖനും കാളയുംപ്രസംഗിച്ച് കാടുകയറുക എന്നത് മലയാളത്തില്‍ അറിയപ്പെടുന്ന പ്രയോഗമാണ്. നദീതീരം സംരക്ഷിക്കാനും മണല്‍ വാരല്‍ നിയന്ത്രിക്കാനും വേണ്ടി അംഗങ്ങള്‍ നടത്തിയ നാല് മണിക്കൂര്‍ നീണ്ട പ്രസംഗത്തിന് പക്ഷെ ഈ ഉപമ ഒട്ടും ചേരില്ല. അത്രമേല്‍ ഗൗരവത്തോടെ അംഗങ്ങള്‍ പ്രസംഗിച്ചത് കൊണ്ടല്ല ഈ അനൗചിത്യം. മറിച്ച് ആ പ്രയോഗത്തിന്‍െറ വ്യാപ്തി കുറഞ്ഞുപോകുമെന്നത് കൊണ്ട് മാത്രം. കാട്ടിലെ മൃഗങ്ങള്‍ക്ക് അതൊരു നാണക്കേടായേക്കുമെന്ന ആശങ്കയും. പുഴപോലെ അറ്റമില്ലാതൊഴുകിയും മണല്‍ കുഴിപോലെ ഉള്ളിലാന്നുമില്ലാത്ത മഹാ ഗര്‍ത്തമായി മാറിയും ആ പ്രസംഗങ്ങള്‍ സഭയില്‍ വാക്കുകളുടെ പ്രളയമുണ്ടാക്കി. ‘കയറൂരിവിട്ട കാളയല്ല നിയമസഭ’ എന്ന് ഒടുവില്‍ സ്പീക്കര്‍ക്ക് പറയേണ്ടിവന്നു. അത്രകേമം.
ദിവസങ്ങളോളം സഭയെ നടുത്തളത്തിലിരുത്തിയ എം.എല്‍.എ മര്‍ദനത്തിന് ശുഭാന്ത്യമായതോടെ തന്നെ സഭയില്‍ പ്രസംഗ പ്രളയം പ്രവചിക്കപ്പെട്ടു. അമ്പതിലധികം ഉപക്ഷേപങ്ങളും ചട്ടപ്പടി ചര്‍ച്ചകളുമായി അത് സമൃദ്ധമായി. സഭയുടെ ചട്ടത്തില്‍ തൊട്ടാല്‍ വല്ലാതെ മനസ് വേദനിക്കുന്ന ഒരുപാട് പേരുണ്ട് സഭയില്‍. സുരേഷ് കുറുപ്പാണ് മികച്ച ചട്ടക്കാരന്‍. എ.കെ ബാലനും ഒട്ടും മോശമല്ളെങ്കിലും കുറുപ്പിനോളമത്തെില്ല. അടിയന്തിര ചോദ്യം അനുവദിച്ചതിനാല്‍ നിലവിലെ റൂള്‍സ് തന്നെ മാറ്റണമെന്നായിരുന്നു കുറുപ്പിന്‍െറ പുതിയ ആവശ്യം. മുപ്പത് കൊല്ലത്തെ കീഴ്വഴക്കം വേറെയാണെന്ന് സ്പീക്കര്‍ ആവുംപോലെ പറഞ്ഞെങ്കിലും കുറുപ്പ് വിട്ടില്ല.
നദീതീര സംരക്ഷണ ബില്‍ വന്നപ്പോഴും കുറുപ്പ് ചട്ടത്തില്‍ പിടിച്ചു. ധനകാര്യ മെമ്മോറാണ്ടത്തെപ്പറ്റി പറയാത്തതിനാല്‍ ബില്‍ തന്നെ നിലനില്‍ക്കില്ളെന്നായിരുന്നു വാദം. അത്പറയേണ്ട സമയം കഴിഞ്ഞുവെന്ന് സ്പീക്കര്‍ വിധി പറഞ്ഞിട്ടും വിട്ടില്ല. കുറുപ്പിന്‍െറ ആവശ്യം പരിഗണിച്ച് എ. പ്രദീപ്കുമാര്‍ ഇക്കാര്യം അവതരിപ്പിച്ചു. അപ്പോള്‍ പക്ഷെ ചെയറില്‍ സുരേഷ് കുറുപ്പ് തന്നെ. അതോടെ ചട്ടം ചെയറിനൊപ്പമായി: ‘ഇക്കാര്യത്തില്‍ നേരത്തേ റൂളിംഗ് വന്നതാണ്. പുതുതായി എന്തെങ്കിലുമുണ്ടെങ്കില്‍ വീണ്ടും പറയാം.’ നില്‍ക്കുന്നിടമാണല്ളോ നിയമം? ഇതിനിടെയാണ് സഭയുണ്ടാക്കുന്ന നിയമത്തിനൊന്നും ചട്ടമുണ്ടാകുന്നില്ളെന്ന പരാതിയുമായി സബോര്‍ഡിനേറ്റ് ലജിസ്ലേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എം. ഉമ്മര്‍ രംഗത്തുവന്നത്. പിന്നെ അരമണിക്കൂര്‍ അതായി ചര്‍ച്ച.
ബില്‍ ചര്‍ച്ചക്ക് നിയന്ത്രണമില്ളെന്നത് അവകാശമാണെന്ന് അംഗങ്ങള്‍ക്കറിയാം. എന്നാല്‍ ബില്ലിന്‍െറ വിഷയത്തില്‍ ഒതുങ്ങി നില്‍ക്കണമെന്ന കാര്യം ആര്‍ക്കുമറിയില്ല. ഇങ്ങനെ വിഷയത്തില്‍ മാത്രം സംസാരിച്ചാല്‍ കീഴ്വഴക്കം ലംഘിക്കലാകുമെന്ന് ധരിച്ചുവശായവരില്‍ ഒരാളാണ് എ. പ്രദീപ് കുമാര്‍. കോഴിക്കോട് കലക്ടറേറ്റിലെ മരം മുറിച്ചതാണ് നദീതീരം സംരക്ഷിക്കുന്നതില്‍ മുഖ്യപ്രശ്നമായി പ്രദീപിന് തോന്നിയത്. രാവിലെ ഉപക്ഷേപത്തില്‍ പറഞ്ഞത് തന്നെ വിശദമായി വീണ്ടും പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതായി അവകാശപ്പെട്ടപ്പോള്‍ ചെയറിലുണ്ടായിരുന്ന സുരേഷ് കുറുപ്പ് ചട്ടത്തില്‍ പിടിച്ചു: ‘എഴുതിത്തരാത്തതിനാല്‍ രേഖയില്‍ നിന്ന് നീക്കും.’
ബില്ലിനെ പറ്റി ഒരക്ഷരം മിണ്ടില്ളെന്ന കടുത്ത ശാഠ്യക്കാരനാണ് ബാബു എം. പാലിശ്ശേരി. പുഴക്ക് മുഴുവന്‍ അരികുകെട്ടണമെന്നതാണ് ആകെ പറഞ്ഞ കാര്യം. അത് സി.പി മുഹമ്മദ് ആധികാരികമായി ചോദ്യംചെയ്തതോടെ ബാബു കരക്കുകയറി. പിന്നെ കരയിലൂടെ ഒരൊഴുക്കായിരുന്നു. സകലരെയും പരമാവധി പ്രകോപിപ്പിക്കുകയാണ് പ്രധാന പരിപാടി. സംഘകാലത്തിന്‍െറ തിരുശേഷിപ്പ്. അത് അംഗങ്ങളുടെ വര്‍ഗീകരണത്തിലത്തെി: ‘എം.എല്‍.എമാര്‍ പലതരമുണ്ട്. ഹരിതം. മഞ്ഞ. കടുംപച്ച. ഗാന്ധിയന്‍മാര്‍ അഥവ ഗാന്ധി നോട്ടിന് പുറകേ പോകുന്നവര്‍. ഉറക്കക്കാര്‍...’ അത്രയുമായപ്പോള്‍ ഭരണപക്ഷ ബഹളമായി. ‘കാവി എം.എല്‍.എമാരുടെ ഒരു കൂട്ടമുണ്ടെന്ന്’ വര്‍ക്കല കഹാര്‍ വിളിച്ചുപറഞ്ഞതോടെ ബാബു ആ വിഷയം വിട്ടതാണ്. പക്ഷെ ഡൊമിനിക് പ്രസന്‍േറഷനും ബെന്നി ബഹനാനും ശിവദാസന്‍ നായരും വിട്ടില്ല. ഒടുവില്‍ ക്ഷമ പറഞ്ഞ് ബാബു പിന്‍വാങ്ങി.
പ്രതിപക്ഷത്തുനിന്ന് മൈക്കിന് മുന്നിലൂടെ വഴി നടക്കുന്നവര്‍ക്കെല്ലം കൊട്ടാന്‍ പാകത്തില്‍ ഒരു ചെണ്ട സഭയിലുണ്ട്. പി.സി ജോര്‍ജ്. പ്രതിപക്ഷത്തിന്‍െറ ‘ജോര്‍ജ് ആമ്രകണ’ങ്ങളുടെ കൈ്ളാമാക്സായിരുന്നു വി.എസ് സുനില്‍കുമാറിന്‍െറ ബില്‍ പ്രസംഗം. കൊള്ളമുതല്‍ പങ്കുവക്കുന്നതില്‍ ജോര്‍ജും ഹരിത അംഗങ്ങളും തമ്മില്‍ തര്‍ക്കമാണെന്നായിരുന്നു സുനിലിന്‍െറ ആദ്യ കണ്ടത്തെല്‍. അംഗങ്ങളെ തെണ്ടികളെന്ന് വിളിച്ചതിനാല്‍, തെണ്ടികളെ എം.എല്‍.എ എന്ന് വിളിക്കാമോ എന്ന സംശയവും. ഇത്രയുമായപ്പോള്‍ സാജുപോള്‍ രംഗത്തിറങ്ങി: ‘നാഗക്ഷേത്രത്തില്‍ ജോര്‍ജ് തുലാഭാരം നടത്തിയതില്‍ പ്രതിഷേധിച്ച് നാഗരാജാക്കന്‍മാര്‍ മൂര്‍ഖനെ സഭയിലേക്ക് അയച്ചു. അതിനെയാണ് ലൈബ്രറിയില്‍ നിന്ന് പിടിച്ചത്.’ ‘നാഗശാപമേറ്റ സഭയില്‍ രാജവെമ്പാല തന്നെ വരുമെന്ന്’ സുനില്‍കുമാറും. അപ്പോള്‍ സാജുപോള്‍ മറ്റൊരു രഹസ്യം വെളിപ്പെടുത്തി: ‘പാമ്പിനെപ്പേടിച്ച് ഗരുഡന്‍ ഏലസ് അരയില്‍ കെട്ടിയാണ് ജോര്‍ജ് നടക്കുന്നത്. അതാണ് വയറിനിത്ര തടി.’ സുനില്‍കുമാറിനും അതോടെ ആവേശമായി: ‘മഞ്ഞള്‍കൊണ്ട് തുലാഭാരം നടത്തിയിട്ടും വിഷം കുറഞ്ഞിട്ടില്ല. ജോര്‍ജ് അവിടത്തെന്നെയിരുന്ന് നശിക്കണം. അതിനൊപ്പം ഈ സര്‍ക്കാര്‍ കൂടി നശിക്കും.’ ഇത്രയുമായപ്പോള്‍ ജോര്‍ജ് വിനയാന്വിതനായി: ‘എന്തിനാണ് എന്‍െറ മുതുകത്തേക്കിങ്ങനെ കയറുന്നത്? ഇതൊന്ന് നിറുത്തിക്കൂടെ?’
പി.സി ജോര്‍ജിന്‍െറ ചോദ്യം വളരെ പ്രസക്തമാണ്. പ്രത്യേകിച്ച് ആര്യാടന്‍ മുഹമ്മദിനെപ്പോലൊരു മന്ത്രി ഗതാഗതം ഭരിക്കുമ്പോള്‍. കെ.എസ്.ആര്‍.ടി.സിയുടെ കാര്യം ചോദിച്ചപ്പോഴായിരുന്നു ആര്യാടന്‍ സ്വന്തം പ്രാഗത്ഭ്യം വെളിപ്പെടുത്തിയത്: ‘ഇങ്ങനെപോയാല്‍ ഷെഡ്യൂളുകള്‍ എനിക്ക് വെട്ടിക്കുറക്കേണ്ടി വരില്ല. അത് താനേ നിന്നോളും. ഹാര്‍ട്ട് അറ്റാക്ക് വരുംപോലെ അത് വരും. അതാണ് കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥ.’ ഗതാഗത മന്ത്രിയെ ഗരുഡന്‍ തൂക്കം തൂക്കേണ്ട നേരത്താണ് പ്രതിപക്ഷം ചെണ്ടക്കൊട്ടി കളിക്കുന്നത്. ഗ്രഹണസമയത്തുതന്നെ വാക് പ്രളയമുണ്ടായിട്ടും നീര്‍ക്കോലിയുടെപോലും കടിയേല്‍ക്കാതെ പായുന്ന ഈ മന്ത്രിയെ കണ്ടിട്ടാകണം കയറൂരിയ കാളയെക്കുറിച്ച് സ്പീക്കര്‍ ഓര്‍മിപ്പിച്ചത്.


18...02....13

ഭരണം വാചകീയംകണ്ണെത്തുന്നിടത്ത് കൈ എത്തണമെന്നതാണ് കേരള സര്‍ക്കാറിന്‍െറ പ്രഖ്യാപിത ഭരണ നയം. അതിവേഗമാണ് സിദ്ധാന്തം. ലക്ഷ്യം ബഹുദൂരവും. മുഖ്യമന്ത്രിയാണെങ്കില്‍ ഇക്കാര്യത്തില്‍ അതീവ കര്‍ക്കശക്കാരന്‍. പൊതുഭരണവും ആഭ്യന്തരവും കൂടി അതിവേഗം ഒത്തുപോകാതായപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സഹായത്തിന് വച്ചത് തന്നെ അതിന് തെളിവാണ്. കണ്ടക്ടര്‍ക്കൊപ്പം ബസില്‍ കിളിയെക്കൂടി നിയമിക്കും പോലെ. തിരുവഞ്ചൂരാണെങ്കില്‍ അതിവേഗത്തിന്‍െറ കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം നില്‍ക്കും. സംസാരത്തില്‍ ബഹുദൂരം മുന്നിലും. അതോടെ ഭരണം വാചകീയമായി. എന്തിനും ഏതിനും കുതര്‍ക്കങ്ങളാല്‍ പരിഹാരമുണ്ടാക്കാനുള്ള തിരുവഞ്ചൂരിന്‍െറ വൈദഗ്ദ്യത്തിന് മുന്നില്‍ സന്തോഷ് പണ്ഡിറ്റ് പോലും തോറ്റുപോയി. ശൂന്യവേള തുടങ്ങി ഒരു മണിക്കൂറിനകം അതിവേഗം സഭ പിരിച്ചുവിടാന്‍ കഴിയും വിധം ആ വാചക വൈഭവം വളര്‍ന്നുവെന്ന് ഇന്നലെ തെളിയുകയും ചെയ്തു.
പതിമൂന്നാം സഭയുടെ ഏഴാം സമ്മേളനത്തില്‍ മൂന്ന് ദിവസം മാത്രമാണ് സഭാ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബാക്കിയെല്ലാം സ്തംഭിച്ച് പിരിഞ്ഞു. ദിവസവും സ്തംഭനം സംഭാവന ചെയ്തത് ആഭ്യന്തര വകുപ്പ് തന്നെ. ഈ ദിവസങ്ങളിലെല്ലാം വകുപ്പ് മന്ത്രിയുടെ വാചാ വൈദഗ്ദ്യം സഭ കണ്ടു. ഒറ്റ വരിയില്‍ തൂങ്ങി ദിവസങ്ങളോളം കുര്യനെ രക്ഷിച്ചു. അതേ മട്ടില്‍ തന്നെ എം.എല്‍.എ മര്‍ദന വിവാദത്തില്‍ പൊലിസുകാരെയും. ചൊവ്വാഴ്ച വനിതാ അംഗങ്ങള്‍ സഭയില്‍ സമരമിരിക്കുകയും ബുധനാഴ്ച തുടര്‍സമരം പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ തിരുവഞ്ചൂര്‍ വാചാലനായി: ‘ജുഡീഷ്യല്‍ അന്വേഷണം വേണ്ടെങ്കില്‍ ഉപേക്ഷിക്കാം. പകരം എ.ഡി.ജി.പി റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കാം.’ നടപടിയെന്ന് കേട്ടപാടെ പ്രതപക്ഷം സമരം പിന്‍വലിച്ചു. വ്യാഴാഴ്ച പ്രതിപക്ഷ നേതാവ് വീണ്ടും ചോദിച്ചു: ‘എന്തായി നടപടി.’ അതിവേഗം വന്നു മറുപടി: ‘നളെ സഭയില്‍ അറിയിക്കും.’
അങ്ങനെ ആ സുദിനമത്തെി. പതിവുപോലെ വി.എസ് അച്യുതാനന്ദന്‍ ശൂന്യവേളയുടെ തുടക്കത്തില്‍ ചോദ്യമുന്നയിച്ചു. മറുപടിക്ക് അല്‍പം പോലും കാത്തുനില്‍ക്കേണ്ടി വന്നില്ല, മന്ത്രിക്ക്: ‘കെ.പി.ഡി.ഐ.പി ആന്‍റ് എ നിയമപ്രകാരം വാചകീയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.’ തിരുവഞ്ചൂരിന്‍െറ ശുദ്ധ മലയാളത്തില്‍ പ്രതിപക്ഷം പകച്ചുപോയി. ‘ഞാന്‍ പറഞ്ഞതില്‍ മറുഭാഷന്നെുമില്ലല്ളോ’ എന്ന് വിശദീകരണവും. പ്രതിപക്ഷം അതോടെ പ്രകോപിതരായി. ബഹളം നിയന്ത്രിക്കാന്‍ ഡപ്യൂട്ടി സ്പീക്കര്‍ പാടുപെടുമ്പോള്‍ വി.എസ് ക്ഷുഭിതനായി: ‘ഇത് സഭയെയും പ്രതിപക്ഷത്തെയും കളിയാക്കലാണ്. വാചകീയം എന്നാല്‍ എന്താണെന്ന് ഡപ്യൂട്ടി സ്പീക്കര്‍ക്ക് മനസ്സിലോയോ? എങ്കില്‍ അങ്ങ് വിശദീകരിച്ചു തന്നാല്‍ മതി.’ മറുപടിയില്ലാതെ കുഴങ്ങിയ എന്‍.ശക്തന്‍ സ്പീക്കറുടെ വരവോടെ രക്ഷപ്പെട്ടു.
വെള്ളിയാഴ്ച മറുപടി പറയാമെന്ന് സഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നും വീണ്ടും അന്വേഷണം നടത്തുകയല്ല വേണ്ടതെന്നുമുള്ള കടുത്ത നിലാപടിലേക്ക് പ്രതിപക്ഷം മാറിയതോടെ സഭ ബഹളമയമായി. കോടിയേരി ബാലകൃഷ്ണനും സി.ദിവാകരനും മാറിമാറി വാദങ്ങളുന്നയിച്ചു. ഇതിനകം മുന്‍ നിരയിലത്തെിയ പ്രതിപക്ഷ അംഗങ്ങള്‍ അപ്പോഴേക്കും നടത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. വി.എസ് കുറച്ചുകൂടി കര്‍ക്കശക്കാരനായി: ‘ഇനിയും സഭയില്‍ സമരം വേണമെങ്കില്‍ സ്പീക്കറുടെ അനുമതിയോടെ തുടങ്ങാം. രണ്ട് എം.എല്‍.എമാരുടെ പരാതിയില്‍ നടപടിയില്ലാത്തത് സഭയെ അവഹേളിക്കലാണ്. 10 ദിവസായിട്ടും പുതിയ അന്വേഷണമാണ് മന്ത്രി പറയുന്നത്’. അതോടെ സ്പീക്കര്‍ ജി. കാര്‍ത്തികേയനും പ്രതിപക്ഷ വദം ശരിവച്ചു: ‘ഈ ആവശ്യം ന്യായമാണ്. നടപടി പറയാമെന്ന് പറഞ്ഞിരുന്നു. അതേ പറ്റി പറയണ്ടേ?’ അപ്പോഴും കണ്ടു തിരുവഞ്ചൂരിന്‍െറ ഭരണ നൈപുണ്യം: ‘ആ പൊലിസുകാരുടെ പേര് കിട്ടിയാല്‍ മതി, നടപടി ഉറപ്പ്. അതിനാണ് വാചകീയ അന്വേഷണം.’ പേര് കണ്ട് പിടിക്കല്‍ ആഭ്യന്തര വകുപ്പിന്‍െറ നടപടിയാണെന്നും അത് ചെയറിന് പറ്റില്ളെന്നും തീര്‍ത്ത് പറഞ്ഞ സ്പീക്കര്‍ പിന്നാലെ സഭാ നടപടികള്‍ അവസാനിപ്പിച്ചു.
സംഘര്‍ഷവും ബഹളവും സ്തംഭനവും തീര്‍ന്ന് മീഡിയ റൂമിലെ  വാര്‍ത്താസമ്മേളനവും കഴിഞ്ഞപ്പോഴാണ് നടപടിയുടെ രഹസ്യം മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്: ‘നടപടി എന്ന് കേട്ടപ്പോള്‍ അവര്‍ സസ്പന്‍ഷനാണെന്ന് കരുതി. സസ്പെന്‍റ് ചെയ്യണമെങ്കില്‍ കുറ്റം കണ്ടത്തെണമല്ളോ? കണ്ടത്തെിയാല്‍ നടപടിയുണ്ടാകും. അങ്ങനെ കണ്ടത്തൊനുള്ള നടപടിയാണ് സഭയില്‍ പ്രഖ്യാപിച്ചത്.’ ഹൊ...എന്തൊരു സ്പീഡ്! ഈ അതിവേഗത്തിന്‍െറ രഹസ്യം പുറത്തിറങ്ങിയ വി.എസ് വെട്ടിത്തുറന്ന് പറഞ്ഞു: ‘ആ്യന്തര വകുപ്പ് ഭരിക്കാന്‍ കൊള്ളരുതാത്തവനെ ഏല്‍പിച്ചതിനാലാണ് നാണംകെട്ട മറുപടി കേള്‍ക്കേണ്ടി വരുന്നത്. വേറെ ഏത്  മീഖ്യമന്ത്രിയാണെങ്കിലും ചെവിക്ക് പിടിച്ച് പുറത്താക്കുമായിരുന്നു.’ ഭരണം വാചകീയമാണെന്ന് ധരിച്ചുവശായ തിരവഞ്ചൂര്‍ തത്സമയം അതിന് മറുപടി പറഞ്ഞു: ‘പ്രതിപക്ഷ നേതാവിന്‍െറ പാര്‍ട്ടി തന്നെ അദ്ദേഹം കഴിവില്ലാത്തവനാണെന്ന് പറയുന്നു.’ വെറും നാക്കുകൊണ്ട് നാടുഭരിക്കാമെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടിയുടെ ധീരതയെ ഭാവി ചരിത്രം വിലമതിക്കുക തന്നെ ചെയ്യും.


15...02....13

സ്ത്രീകളേ, നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുംഒരു ബില്‍ എങ്ങനെ അവതരിപ്പിക്കരുതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബില്‍ ചര്‍ച്ചയിലെങ്ങനെ പങ്കെടുക്കണമെന്ന് അംഗങ്ങളും മാതൃകാപരമായി തെളിയിച്ചാണ് സ്ത്രീ സംരക്ഷണ ബില്‍ സഭ കടന്നുപോയത്. പരസ്പരം പറയാമായിരുന്ന പെണ്‍ കഥകളെല്ലാം മാറ്റിവച്ച് ഇരുവിഭാഗവും ഗൗരവക്കാരായി. സ്ത്രീ സമൂഹത്തെയാകമാനം സംരക്ഷിക്കാന്‍ ഇറങ്ങിത്തരിച്ച അംഗങ്ങളുടെ ആത്മാര്‍ഥത കണ്ട് സഭാതലം കുളിരണിഞ്ഞു. ശ്ളീലാശ്ളീലങ്ങള്‍ക്കിടയിലെ നിയന്ത്രണ രേഖയും പീഢനങ്ങളുടെ വൈവിധ്യവും പലരെയും ആശയക്കുഴപ്പത്തിലാഴ്ത്തി. പുരുഷാധിപത്യത്തിനെതിരെ വനിതാ അംഗങ്ങള്‍ യുദ്ധ മുഖം തുറന്നു. ഈ സ്ത്രീകളെയെല്ലാം ഞങ്ങള്‍ സംരക്ഷിച്ചുകളയും എന്ന ഭാവത്തില്‍ ആണുങ്ങളും. മഹാഭൂരിഭാഗം പേരും പങ്കെടുത്ത മൂന്ന് മണിക്കൂര്‍ ചര്‍ച്ചക്കൊടുവില്‍ ബില്‍ തല്‍ക്കാലം നിയമമാക്കില്ളെന്ന് തീരുമാനിച്ചാണ് സഭ പിരിഞ്ഞത്.
സ്ത്രീ സംരക്ഷണ കാര്യത്തില്‍ കേരളത്തിലെ ചാമ്പ്യനായ വി.എസ് അച്യുതാനന്ദനായിരുന്നു ഉച്ചവരെ സഭയുടെ വിഷയം. പ്രതിപക്ഷ നേതാവിനെ പാര്‍ട്ടിക്കാര്‍ പീഢിപ്പിക്കുന്നതില്‍ അതീവ ദു$ഖിതനായ ബെന്നിബഹനാന്‍ ‘പോടാ പുല്ളേ എന്ന് പറഞ്ഞ് ഇറങ്ങിപ്പോരണ’മെന്ന് വി.എസിനെ ഉപദേശിച്ചു. അത് പി.സി ജോര്‍ജ് അനുവദിക്കില്ല. മക്കള്‍ രാഷ്ട്രീയത്തിന്‍െറ ചില കേടുകള്‍ വി.എസിനുണ്ടെങ്കിലും ഒരു കാരണവശാലും ആ കസേര വിട്ടുകൊടുക്കരുതെന്നായി ജോര്‍ജ്. ആ കസേരയില്‍ കണ്ണുനട്ട് പലരുമുണ്ടത്രെ. മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങള്‍ വച്ച് നിയമസഭയില്‍ ചര്‍ച്ച നടത്തരുതെന്ന് എം.എ ബേബി തിരിച്ചുപറഞ്ഞു.
ഇങ്ങനെ രാഷ്്ട്രീയ ആരോപണങ്ങള്‍ നിറഞ്ഞുനിന്ന ധനവിനിയോഗ ബില്ലുപോലെ നീലക്കഥകളാടിത്തിമിര്‍ക്കുമെന്ന് കരുതിയ നേരത്താണ് ‘കേരള വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷണ ബില്‍’ ചര്‍ച്ചക്ക് കെ. മുരളീധരന്‍ തുടക്കമിട്ടത്. പെണ്‍കഥകളുടെ രാഷ്ട്രീയ അപവാദ വ്യവസായത്തില്‍ കക്ഷി ചേരാത്ത മുരളിയുടെ പ്രസംഗമാണ് ചര്‍ച്ചയുടെ ഗതി നിര്‍ണയിച്ചത്. വിലകുറഞ്ഞ കമന്‍റുകളും ദ്വയാര്‍ഥ പ്രയോഗങ്ങളും നീല വിമര്‍ശങ്ങളും പിന്നെ സഭയില്‍ കാര്യമായത്തെിയില്ല. കെ.കെ ലതികയും ബിജിമോളും അല്‍പം രാഷ്ട്രീയം കലര്‍ത്തിയെങ്കിലും അധികം ഓടിയില്ല. മികച്ച നിര്‍ദേശങ്ങളും നിയമ പ്രശ്നങ്ങളും ഉന്നയിക്കപ്പെട്ട ചര്‍ച്ചയില്‍ ബില്ലിന്‍െറ പ്രാതിലോമകരമായ സാംസ്കാരിക ഉള്ളടക്കത്തിലേക്ക് കടന്നത് എം.എ ബേബി മാത്രം: ‘ഇതിന്‍െറ പേര് തന്നെ മാറ്റണം. പുരുഷന്‍മാര്‍ സ്ത്രീകളുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കണ്ട. ആ രീതിയിലാണ് ഈ ബില്‍. അവരെ തുല്ല്യരായി കാണണം. പുരുഷാധിപത്യ സഭയാണ് ഇത് ചര്‍ച്ച ചെയ്യുന്നത്. സ്ത്രീ വസ്ത്രം ധരിക്കാന്‍ പാടില്ല എന്ന് ഒരിക്കല്‍ പറഞ്ഞവരാണ് കേരളത്തിലെ ആണുങ്ങള്‍. അവരിപ്പോള്‍ ലജ്ജിക്കണം. പകുതി ആകാശവും പകുതി ഭൂമിയും സ്ത്രീകള്‍ക്ക് അവകാശപ്പെട്ടതാണ്.’
ബേബി വിശകലനം ചെയ്ത മനോഭാവം പക്ഷെ ചര്‍ച്ചകളില്‍ പലവട്ടം തെളിഞ്ഞു.  സ്ത്രീകളേ, നിങ്ങളെ ഞങ്ങള്‍ സംരക്ഷിക്കാം എന്നായിരുന്നു പൊതുഭാവം. തോണ്ടിയാലും നോക്കിയാലും ബലാല്‍സംഘം ചെയ്താലും ഏഴ് വര്‍ഷം തടവ് നല്‍കുന്നതില്‍ ആണംഗങ്ങള്‍ ബേജാറായി. ഈ നിയമം വന്നാല്‍ ശുദ്ധമായ പ്രണയം അസാധ്യമാകുമെന്ന് ടി.എന്‍ പ്രതാപന്‍ പേടിച്ചു. കൂട്ടിന് സ്പീക്കറെക്കൂടി ചേര്‍ത്തെങ്കിലും ജി. കാര്‍ത്തികേയന്‍ തത്സമയം തടയൂരി. രാമനിലയത്തില്‍ ഒരു സിനിമാ നടി വന്നുപോയതിന് പഴി കേള്‍ക്കേണ്ടി വന്നതിന്‍െറ വേദന പങ്കുവച്ച മുരളീധരന്‍ പുരുഷ ഇരകള്‍ക്ക് വേണ്ടി സധൈര്യം വാദിച്ചു. അശ്ളീല സാഹിത്യവും അശ്ളീല വസ്തുക്കളും സ്വകാര്യതയും സ്വാതന്ത്ര്യവുമെല്ലാം കൃത്യമായി നിര്‍വചിക്കണമെന്ന് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. നാട്ടില്‍ നിലവിലുള്ള ധാരണകള്‍ തന്നെയാണ് അതിന്‍െറ നിര്‍വചനമെന്ന് മന്ത്രി വ്യാഖ്യാനിച്ചു. നിയമം കൊണ്ട് ഇത് നേരിടാനാകില്ളെന്ന് ഇ.പി ജയരാജനും. വ്യവസ്ഥിതി തന്നെ മാറണമെന്ന് ബിജിമോളും. ബോധവല്‍കരണം നടത്തണമെന്ന് ബെന്നി ബഹനാന്‍ വാദിച്ചു. സൂര്യനെല്ലി മുതല്‍ ശ്വേത മേനോന്‍െറ പ്രസവം വരെ സഭയിലത്തെി. പീഡനകാരണങ്ങളില്‍ ഒന്നായി മുരളീധരന്‍ പെണ്‍കുട്ടികളുടെ അല്‍പ വസ്ത്ര ധാരണത്തെ കണ്ടത്തെിയതോടെ സഭയൊന്നിളകി. കാണുന്നവന്‍െറ മനോഭാവമാണ് പ്രശ്നമെന്ന് ബിജിമോള്‍ ഉടക്കി. പിന്തുണയുമായി വി.എസ് സുനില്‍കുമാറും കെ.എസ് സലീഖയും. പക്ഷെ മുരളീധരന്‍െറ യഥാര്‍ഥ വിഷമം അതൊന്നുമായിരുന്നില്ല: ‘മണ്ഡലത്തിലെ വോട്ടര്‍മാരെ കണ്ടാല്‍ പരിചയമില്ളെങ്കിലും ഇനിയെങ്ങനെ ചിരിക്കും? വശീകരിച്ചതാണെന്ന് പറഞ്ഞാല്‍ എന്തുചെയ്യും?’ അതിന് സ്പീക്കര്‍ മറുപടി പറഞ്ഞു: ‘അതൊക്കെയിനി സൂക്ഷിച്ച് ചെയ്താല്‍ മതി.’
ബില്ലിലെ നിയമപരമായ പാളിച്ചകള്‍ ഇരുപക്ഷത്തുനിന്നും ചൂണ്ടിക്കാണിച്ചതോടെ ചര്‍ച്ചയിലുടനീളം മറുപടികള്‍ പറഞ്ഞുകൊണ്ടിരുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിരായുധനായി. കോടിയേരി ബാലകൃഷ്ണനും എ.കെ ബാലനും എസ്. ശര്‍മയും കെ. രാജുവും പറഞ്ഞതുതന്നെ വി.ഡി സതീശനും കെ.എന്‍.എ ഖാദറും ബെന്നി ബഹനാനും ആവര്‍ത്തിച്ചപ്പോള്‍ ബില്‍ കൈവിട്ടെന്ന് ബോധ്യമായി. ഇതിനിടെ ഇ.കെ വിജയന്‍െറ ചോദ്യത്തിന് മുന്നില്‍ സഭക്ക് ഉത്തരംമുട്ടി: ‘മുന്നാം ലിംഗക്കാര്‍ക്കെതിരായ പീഢനം എങ്ങനെ നേരിടും? അവരെക്കൂടി ഇതില്‍ ചേര്‍ക്കണ്ടേ?’ അതിന് വേറെ ബില്ലുണ്ടാക്കിക്കോയെന്ന ബിജിമോളുടെ മറുപടി സ്ത്രീ വാദികളുടെ വര്‍ഗബോധവും ‘തൊട്ടുകൂടായ്മയും’ വെളിപ്പെടുത്തി.
കേന്ദ്ര ഓര്‍ഡിനന്‍സിനും നിലവിലെ വിവിധ നിയമങ്ങള്‍ക്കും വിരുദ്ധമാണ് ബില്ളെന്ന വാദമായിരുന്നു കക്ഷി ഭേദമന്യേ ഉയര്‍ന്നത്. അതില്‍ ശരിയുണ്ടെന്ന് ചര്‍ച്ച കേട്ടിരുന്നവര്‍ക്കും ബോധ്യപ്പെട്ടു. സമീപകാലത്തൊന്നും സഭ കണ്ടിട്ടില്ലാത്തത്ര വിശദവും ഗൗരവതരവുമായ ചര്‍ച്ചാണ് അരങ്ങേറിയത്. ഒടുവില്‍ അത് ഈ സമ്മേളനത്തില്‍ തിരക്കിട്ട് പാസേക്കെണ്ടെന്ന് തീരുമാനവുമായി. ദുര്‍ബലമായ ബില്ലുമായി മന്ത്രി സഭയില്‍ വന്നതെന്തിനെന്ന് ഭരണപക്ഷക്കാര്‍ മുഖാമുഖം നോക്കി. മന്ത്രിയുടെ മറുപടിയില്‍ ഈ തിടുക്കത്തിന്‍െറ കാരണമുണ്ടായിരുന്നു: ‘കേരളം ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കണം.’ സ്ത്രീ സംരക്ഷകരായി മുന്നില്‍ നില്‍ക്കാനുള്ള ഈ ആണധികാര ബോധം മന്ത്രിയുടെ ബില്‍ അവതരണത്തിലും കണ്ടു. പീഢകരെല്ലാം നമ്മുടെ വര്‍ഗമാണെന്ന സ്പീക്കറുടെ കമന്‍റിന് മന്ത്രി പറഞ്ഞ മറുപടിയില്‍ അതുണ്ടായിരുന്നു: ‘അതാണ് ഈ ബില്ലിന്‍െറ പ്രാധാന്യം. അതേവര്‍ഗത്തില്‍ നിന്നാണ് ഈ ബില്ല്. അവരെ സംരക്ഷിക്കുന്നവരും ഈ വര്‍ഗത്തിലുണ്ട് എന്നതിന് തെളിവ്. അതാണ് വര്‍ഗബോധം.’ സ്ത്രീ വിഷയത്തില്‍ പോളിറ്റ് ബ്യൂറൊയിലെടുക്കാവുന്നവര്‍ തന്നെയാണ് കോണ്‍ഗ്രസിലുമുള്ളതെന്ന് ഇതോടെ എം.എ ബേബിക്കെങ്കിലും മനസ്സിലായിക്കാണും.


14...02...13

രാപകല്‍ ഭേദമില്ലാത്ത പകര്‍ന്നാട്ടങ്ങള്‍പാര്‍വതിയായും രാവണനായും വേഷം മാറി അരങ്ങിലത്തെുന്നവര്‍ കഥകളിക്കാരില്‍ സാധാരണമാണ്. അതുപോലൊരു പകര്‍ന്നാട്ടക്കാരനെ സഭയില്‍ കണ്ടതിന്‍െറ സന്തോഷത്തിലായിരുന്നു പി. ശ്രീരാമകൃഷ്ണന്‍. രണ്ടാഴ്ചയായി സഭക്കകത്തും പുറത്തും സൂര്യനെല്ലി കേസില്‍ കുരുങ്ങിക്കിടക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ടപ്പോഴാണ് പകര്‍ന്നാട്ടക്കാരന്‍ കണ്‍മുന്നില്‍ വന്നത്. രാത്രി പത്ത് മണിയോളം തുടര്‍ന്ന സഭ കണ്ടിരുന്നവര്‍ പക്ഷെ, ഇതിലേറെ വലിയ പകര്‍ന്നാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പലതരം വിവാദങ്ങളാല്‍ തുടര്‍ച്ചയായി അലങ്കോലപ്പെട്ട സഭയില്‍ നടപടികള്‍ പൂര്‍ണമായി നടന്നപ്പോള്‍ അത് സംഭവബഹുലവുമായി.
ഹാംലറ്റും കഥകളിയും കൂട്ടുപിടിച്ച് കടുത്ത ഭാഷയില്‍ ആക്ഷേപമുന്നയിച്ച ശ്രീരാമകൃഷ്ണനോട് മറുപടി പറഞ്ഞ തിരുവഞ്ചൂര്‍ തന്നെയാണ് അതി വിനയത്തിലേക്ക് വേഷം മാറി സഭയെ ആദ്യം ഞെട്ടിച്ചത്: ‘എന്‍െറ സഹോദരന്‍ വ്യക്തിപരമായി പറഞ്ഞതിന് ദൈവം അദ്ദേഹത്തോട് ക്ഷമിക്കട്ടെ.’ കുര്യനെ രക്ഷിക്കാന്‍ ഉദ്ദരിച്ച സി.ആര്‍.പി.സിയിലെ വകുപ്പുകൊണ്ട് വി.എസ് സുനില്‍ കുമാര്‍ തിരിച്ചടിച്ചപ്പോഴും മന്ത്രിയില്‍ കണ്ടു, ഇതേ വിനയം: ‘സുനില്‍ എന്‍െറ അടുത്ത സുഹൃത്താണ്. ഞാന്‍ തര്‍ക്കിക്കാനില്ല. ചോദ്യം ചോദിക്കാന്‍ അവസരം കൊടുത്തത് പാപമാണോ?’ സ്ത്രീ സംരക്ഷണ നിയമത്തില്‍ പെണ്‍കുട്ടി എന്നതിനെ വ്യക്തിയായി വ്യാഖ്യാനിക്കാവുന്ന വിധം ‘ഇര’ എന്നാക്കി മാറ്റിയതായി തിരുവഞ്ചൂര്‍ പ്രഖ്യാപിച്ചപ്പോള്‍ സാജുപോളിന് സംശയം: ‘അപ്പോള്‍ പെണ്‍കുട്ടി കുര്യനെ ബലാല്‍സംഘം ചെയ്യുകയായിരുന്നോ?’ ഇത് കേട്ടപ്പോഴുമുണ്ടായി വേഷപ്പകര്‍ച്ച: ‘സാജു എന്താണ് എന്ന് നാട്ടുകാര്‍ അറിഞ്ഞോട്ടെയെന്ന് കരുതി  പറയാന്‍ അവസരം കൊടുത്തതാണ്.’ തരംപോലെ മാറിമറിയുന്ന ന്യാവാദങ്ങള്‍ക്കൊപ്പം കൈപ്പത്തിയും ചൂണ്ടിവിരലും ദോശ ചുടുംപോലെ തിരിച്ചും മറിച്ചുമിട്ട് കുതര്‍ക്കങ്ങളുന്നയിക്കുന്ന തിരുവഞ്ചൂരിനെ കാണുന്നവര്‍ നന്നേ ചുരുങ്ങിയത് കാഫ്കയുടെ ‘മെറ്റമോര്‍ഫൊസിസ്’ എങ്കിലും ഓര്‍ത്തുപോകും. ഇത്തിരി മാന്യനായതിനാലാകണം, ശ്രീരാമകൃഷ്ണന്‍ അത്രക്കങ്ങത്തെിയില്ല.
ചൊവ്വാഴ്ചയിലെ സമരത്തുടര്‍ച്ച പ്രതീക്ഷിച്ചുവന്നവരെ നിരാശപ്പെടുത്തി  പ്രതിപക്ഷവും പൊടുന്നനെ വേഷം മാറി. അകത്തില്ല സമരം, വനിതകള്‍ പുറത്തിരിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സമരച്ചൂടൊഴിഞ്ഞിരുന്നു. വനിതാ അംഗങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ എ.ഡി.ജി.പി റിപ്പോര്‍ട്ട് പ്രകാരം നടപടിയെടുക്കാമെന്ന് തിരുവഞ്ചൂര്‍ പ്രാ്യാപിച്ചതോടെ പിണാമ സാധ്യതകള്‍ ഇരുഭാഗത്തുമുണ്ടെന്ന് വ്യക്തമായി. ഈ റിപ്പോര്‍ട്ട് കൈയ്യില്‍ വച്ചാണ് പലവട്ടം സഭയെ നടുത്തളത്തില്‍ തളച്ചിട്ടത്. ഇത് നേരത്തേ പറഞ്ഞിരുന്നെങ്കില്‍ എത്രയോ നേരത്തേ  പ്രശ്നം തീര്‍ക്കാമായിരുന്നു. ശാസ്ത്രപ്രകാരം പരിണാമത്തില്‍ സമയവും കാലവും സുപ്രധാനമാണല്ളോ? അതിനാല്‍ ഇതുവരെ റിപ്പോര്‍ട്ടില്‍ കാണാതിരുന്ന പ്രതികളെയും ഇനി കണ്ടത്തൊനാകും.
നദീതീര സംരക്ഷണ-മണല്‍ വാരല്‍ നിയന്ത്രണ ഭേദഗതി ബില്‍ ചര്‍ച്ചക്ക് വന്നപ്പോഴാണ് സഭാംഗങ്ങളില്‍ അതി വ്യാപകമായി അത്യന്തം ഗൗരവരതരമായും സംഭവിച്ച വേഷപ്പകര്‍ച്ച പ്രത്യക്ഷപ്പെട്ടത്. അനധികൃത ക്വാറികള്‍ക്കെതിരെ ഉപക്ഷേപം അവതരിപ്പിച്ച കടുംപച്ച വാദിയായ ടി.എന്‍ പ്രതാപന്‍ രാവിലത്തെന്നെ പരിസ്ഥിതി ചര്‍ച്ചക്ക് വഴി തുറന്നിരുന്നു. ക്വാറി ഇടപാട് തടയുമെന്ന് പറയാതിരുന്ന മന്ത്രി അടൂര്‍ പ്രകാശ് പണം തട്ടാന്‍ കേസ് നടത്തുന്ന പരിസ്ഥിതി വാദികളുടെ പേരില്‍ കാടടച്ച്  ആക്ഷേപമുന്നയിച്ചപ്പോള്‍ തന്നെ വി.ഡി സതീശനും സംഘവും ചാടി വീണ് തടഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ബില്‍ വന്നത്. ഭേദഗതിക്കെതിരെ സംസാരിച്ച മാക്സിസ്റ്റുകാരനായ ഇ.കെ വിജയന്‍, മതങ്ങളുടെ പരിസ്ഥിതി നയത്തില്‍ വാചാലനായി. രാഷ്ട്രീയക്കാര്‍ക്ക് അത് ഇപ്പോഴാണത്രെ മനസ്സിലായത്.
ചര്‍ച്ചയില്‍ പിന്നെ ഇടപെടലുകാരുടെ വാക്കെടുത്താട്ടമായിരുന്നു. പി. തിലോത്തമന്‍, കെ.കെ ലതിക, കെ.വി അബ്ദുല്‍ ഖാദര്‍, പാലോട് രവി, ഡൊമിനിക് പ്രസന്‍േറഷന്‍, എം. ചന്ദ്രന്‍, കെ.ശിവദാസന്‍ നായര്‍, വി.ടി ബല്‍റാം, ബാബു പാലിശ്ശേരി, പി.ടി.എ റഹീം, ജി.എസ് ജയലാല്‍ തുടങ്ങി പി.സി ജോര്‍ജ് വരെ പ്രകൃതി സംരക്ഷണത്തിനായി രംഗത്തിറങ്ങി. എല്ലാവരിലും അടങ്ങാത്ത പരിസ്ഥിതി പ്രണയം അണപൊട്ടിയൊഴുകി. ഇതിനിടെ ആരാണ് ആദ്യത്തെ പരിസ്ഥിതി വാദിയെന്ന തര്‍ക്കമുണ്ടായി. ടി.എന്‍ പ്രതാപന് മുസ്ലിം ലീഗ് വരെയുള്ള ചരിത്രമേ ഓര്‍മയിലുള്ളൂ. വി.ഡി സതീശന്‍ മഹാത്മാഗാന്ധി മുതല്‍ രാജീവ് ഗാന്ധി വരെയുള്ളവരുടെ പാരമ്പര്യം ഓര്‍മിപ്പിച്ചു. എം. ചന്ദ്രന്‍ ഏംഗല്‍സില്‍ തട്ടി നിന്നു. ഡൊമിനിക് വോള്‍ഗ നദിക്കയിലും. ജി. സുധാകരന്‍ അത് വാല്‍മീകിയും. പ്രകൃതിയെ രക്ഷിച്ചേ അടങ്ങൂവെന്ന് വാശിപിടിച്ച് കളത്തിലിറങ്ങിയവരുടെ കൂട്ടത്തില്‍ കെ.എം ഷാജിയെ കണ്ടപ്പോഴാണ് പകര്‍ന്നാട്ടത്തിന്‍െറ ആഴം വെളിവായത്. ഇതൊക്കെ കണ്ട് സഹികെട്ട കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍ ഒടുവില്‍ ഇ.കെ വിജയനോട് ചോദിച്ചു: ‘മണല്‍ മാഫിയയെ രക്ഷിക്കാന്‍ പോലിസ് സ്റ്റേഷനില്‍ പോയ എം.എല്‍.എയെക്കുറിച്ച് കേട്ടിട്ടുണ്ടോ?  ഹരിതക്കുപ്പായമിട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു.’
സഭയിലെ ഏറ്റവും ശാന്തനായ അംഗമാണ് എം. ഹംസ. പക്ഷെ അഡ്വക്കേറ്റ്സ് ക്ളര്‍ക്ക് ക്ഷേമനിധി ബില്‍ ചര്‍ച്ചയില്‍ ഹംസ ബില്‍ കൊണ്ടുവന്ന മന്ത്രി കെ.എം മാണിയുടെ കഴുത്തിന് പിടിച്ചു. സഭാ ജീവിതത്തില്‍ അരനൂറ്റാണ്ടിന്‍െറ അനുഭവ സമൃദ്ധിയുള്ള മാണി സാര്‍ അതിലൊന്ന് പിടഞ്ഞു. ധനകാര്യ മെമ്മോറാണ്ടത്തില്‍ പറയുന്നതിന് വിരുദ്ധമായി ബില്ലിലെ വകുപ്പില്‍ പറയുന്നുണ്ടെന്നായിരുന്നു ഹംസയുടെ വെടി. വീഴചയില്ളെന്ന് വാദിച്ച മാണി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞില്ളേ എന്നുപറഞ്ഞ് രണ്ടുവട്ടം ഉരുണ്ടെങ്കിലും തലയൂരാനായില്ല. ഒടുവില്‍ ഡപ്യുട്ടി സ്പീക്കറുടെ റൂളിംഗ് വന്നു: മന്ത്രി പറഞ്ഞത് പരിഗണിച്ച് ബില്‍ അവതരിപ്പിക്കാം. ആക്ഷേപം സംബന്ധിച്ച് പരിശോധിക്കും.’
സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് മൈക്കിന് മുന്നിലത്തെിയ ജി. സുധാകരന്‍ സഹകരണ ബില്ലിനെതിരെ അഴിഞ്ഞാടി. മുന്നില്‍ വന്നവരെല്ലാം തലകുത്തി വീണു. ഷേകസ്പിയറായും ചങ്ങമ്പുഴയായും വൈലോപ്പിള്ളിയായും കുമാരനാശാനായും സുധാകരന്‍ പകര്‍ന്നാടി: ‘സഹരകണ മേഖലയെ സൂര്യനെല്ലി പെണ്‍കുട്ടിയെപ്പോലെ പിച്ചിച്ചീന്തി. ഗ്രാമീണരുടെ ഗുരുവായൂരപ്പനാണ് സഹകരണ മേഖല. അത് കണികണ്ടുണുന്നവരാണ് മലയാളികള്‍. ഇയാഗോ പറഞ്ഞ പോലെ ‘ഞാന്‍ ഞാനല്ല’ എന്ന് മന്ത്രി പറയരുത്.’  നാല് ബില്‍ പരിഗണിച്ച സഭാ നടപടികള്‍ രാത്രി പത്ത് മണിയോടടുത്തിട്ടും ചര്‍ച്ചക്ക് ഒട്ടും കുറവുണ്ടായില്ല. സഭ പൂര്‍ണമായി നടന്നത് ഏതായാലും നന്നായി. ഞങ്ങളൊന്നും ഞങ്ങളല്ളേ എന്ന മട്ടിലുള്ള പകര്‍ന്നാട്ടങ്ങള്‍ കാണാന്‍ മറ്റൊരവസരം കിട്ടിയില്ളെങ്കിലോ?


13...02...13

ഒറ്റയാള്‍ വിപ്ളവം -അകത്തും പുറത്തുംവി.എസ് അച്യുതാനന്ദന്‍െറ വാര്‍ധക്യം പാര്‍ട്ടിക്ക് ബാധ്യതായായി മാറിയിട്ട് ഏറെക്കാലമായി. എങ്ങനെയെങ്കിലും ഈ ബാധയൊഴിപ്പിക്കാനുള്ള ഉദ്യമങ്ങള്‍ക്കുമുണ്ട് അത്രതന്നെ പഴക്കം. പക്ഷെ ഈ വാര്‍ധക്യം പാര്‍ലമെന്‍ററി പോരാട്ടത്തില്‍ മുതല്‍ കൂട്ടാണെന്ന് പര്‍ട്ടി സഖാക്കള്‍ക്കിന്നലെ ബോധ്യമായിരിക്കണം. സഭയില്‍ പ്രതിപക്ഷത്തെ ഒറ്റക്ക് നയിച്ച് വിജയത്തിലത്തെിച്ചു വി.എസ്. പ്രതിപക്ഷത്തെ പ്രമുഖരുടെ ഒത്തുതീര്‍പ്പുകളില്‍ കുരുങ്ങി തോറ്റ് മടങ്ങുക പതിവാക്കിയ പ്രതിപക്ഷത്തിന് ഈ നേട്ടം വീറും വാശിയും പകര്‍ന്നിട്ടുണ്ട്. അതിന്‍െറ ബാക്കി ഇന്ന് സഭയില്‍ കാണും.
കുടിവെള്ളം സ്വകാര്യവല്‍കരണത്തില്‍ ഇറങ്ങിപ്പോയ പ്രതിപക്ഷം തിരിച്ചുവന്നതിന് പിന്നാലെ വി.എസ് അച്യുതാനന്ദന്‍ സഭയിലത്തെിയപ്പോള്‍ തന്നെ അപകടം മണത്തിരുന്നു. ഉപക്ഷേപത്തിനിടയിലാണ് വി.എസ് വനിതാ എം.എല്‍.എ മര്‍ദനവുമായി എഴുന്നേറ്റത്. വയലാര്‍ രവി വഴി അത് വേണ്ടിടത്തത്തെി. എന്നാല്‍ നാലുവട്ടം ചര്‍ച്ച ചെയ്തതിന്‍െറ വേദനയിലായിരുന്നു ആഭ്യന്തര മന്ത്രി. പോലിസിനെതിരെ നടപടിയെടുക്കാത്തതില്‍ ഒട്ടും മനപ്രയാസമില്ളെന്ന് മറുപടിയില്‍ തെളിയുകയും ചെയ്തു. സംഭവ ദിവസം ശേഖരിച്ച ചിത്രങ്ങളായിരുന്നു ഇതുവരെ തിരുവഞ്ചുരിന്‍െറ ആയുധം. ബദല്‍ ചിത്രങ്ങള്‍ പ്രതിപക്ഷവും ശേഖരിച്ചതോടെ ഇപ്പോള്‍ ആ പാട്ട് തിരുവഞ്ചൂര്‍ അവസാനിപ്പിച്ചു. പകരം രണ്ട് ന്യായമാണിപ്പോള്‍ കൈയ്യിലുള്ളത്. ജുഡീഷ്യല്‍ അന്വേഷണം, അത് വേണ്ടെങ്കില്‍ എ.ഡി.ജി.പി റിപ്പോര്‍ട്ട് -ഇതാണ് ന്യായം. ഇതു രണ്ടിലും പൊതുവയുള്ളത് ഒറ്റ കാര്യമാണ്: പോലിസുകാരെ തല്‍ക്കാലം രക്ഷിക്കാം. അത് വേണ്ടെന്ന് പ്രഖ്യാപിച്ച വി.എസിനോട് കയര്‍ത്തും ക്ഷുഭിതനായും തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും സമയം കളഞ്ഞെങ്കിലും ഒടുവില്‍ വി.എസ് പ്രഖ്യാപിച്ചു: സര്‍ക്കാര്‍ നയം ഇതാണെങ്കില്‍ രണ്ട് വിനതകള്‍ നടുത്തളത്തിലിരിക്കും. അവരിരുന്നു.
വനിതകള്‍ ഇരുന്നപ്പോള്‍ അകത്ത് സമരം നിരോധിച്ച പഴയ ഉത്തരവ് സ്പീക്കര്‍ വായിച്ചു. വായന തുടങ്ങും മുമ്പ് വി.എസ് വെടി പൊട്ടിച്ചു: ‘അത് വായിച്ച് ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് ഉദ്ദേശമെങ്കില്‍ ഇവിടെ ഇരിക്കുന്ന എല്ലാവര്‍ക്കുമെതിരെയും നടപടി എടുക്കേണ്ടി വരും.’ സ്പീക്കര്‍ അത് വായനയിലൊതുക്കി. ബഹളത്തിനിടയില്‍ സി. ദിവാകരന്‍ പലവട്ടം ചാടിയെഴുന്നേറ്റു. ക്ഷുഭിതനായ സ്പീക്കര്‍ ‘ചിലര്‍ക്ക് മാത്രമായി സഭ നടത്താനാകില്ളെന്ന്’ കയര്‍ത്തു. ‘സി. ദിവാകരന് പ്രത്യേക പരിഗണനയില്ളെന്ന്’ റൂള്‍ ചെയ്തു. എന്നിട്ടും ബഹളത്തിന് കുറവില്ല.
ഇതിനിടെ സഭാ നടപടികള്‍ മുടക്കമില്ലാതെ തുടര്‍ന്നു. ആര്‍. രാജേഷും എ.പി അബ്ദുല്ലക്കുട്ടിയും ഉപക്ഷേപങ്ങള്‍ തുടര്‍ന്നു. കിട്ടിയ സമയത്ത് അബളദുല്ലക്കുട്ടി കണ്ണൂരിലെ സി.പി.എം അക്രമത്തിലേക്ക് സഭയുടെ ശ്രദ്ധ തിരിച്ചു: ‘ടി.പി വധത്തിന് ശേഷം ശാന്തമായ കണ്ണൂരില്‍ ഇപ്പോള്‍ സി.പി.എം കൊലയല്ല, കൊല്ലാക്കൊലയാണ് നടത്തുന്നത്. തെളിവ് പഴയ കോളജ് യൂണിയന്‍െറയും എസ്.എഫ്.ഐയുടെയും നേതാവിനെതിരായ അക്രമം.’ അബ്ദുല്ലക്കുട്ടിയോടുള്ള അമര്‍ഷം ചെറുകൂവലിലൊതുങ്ങി. ബില്‍ പിന്‍വലിക്കുന്നതിപ്പെറ്റി നെടുങ്കന്‍ ചട്ടപ്പടി ചര്‍ച്ചയും അരങ്ങേറി. പ്രശ്നമുന്നയിച്ചത് എ.കെ ബാലന്‍. മറുപടിയുമായി കെ.എംമാണി മുതല്‍ കെ. ശിവദാസന്‍ നായര്‍ വരെ. അതോടെ ബാലന് വയറ് നിറഞ്ഞു. സ്പീക്കറുടെ റൂളിംഗിന് കാക്കാതെ ബാലന്‍ സ്ഥലം വിട്ടു. ചട്ടത്തില്‍ മുറുക്കിയ ചര്‍ച്ചകള്‍കൊണ്ട് അതാണ് ഗുണം, വെറുതെ സമയം കളയാം.
ഇതിനിടെ രംഗം ഏറ്റെടുത്ത ഉമ്മന്‍ചാണ്ടി കുറ്റം ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കാനാകില്ളെന്ന് നീതിമാനായി. പിന്നെ ദയാലുവും: ‘ഈ വനിതകള്‍ ഇങ്ങിനെ ഇരിക്കുമ്പോള്‍ സഭ നടത്തുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. പ്രതിപക്ഷ നേതാവിന് വിഷമമില്ളെങ്കിലും. അതിനാല്‍ ചര്‍ച്ച ഒഴിവാക്കി ബില്‍ പാസാക്കണം.’ ഈ ഏറ് വി.എസ് നേരത്തേ കണ്ടിരുന്നതിനാല്‍ മുന്‍കൂര്‍ മറുപടിയും കൊടുത്തിരുന്നു: ‘ഇവരെ താഴെയിരുത്തി ഞങ്ങള്‍ ഇങ്ങനെ ഇരിക്കുമെന്ന് കരുതണ്ട.’ വി.എസിന്‍െറ ഈ ആവേശം സഭക്ക് പുറത്തും തെളിഞ്ഞുകണ്ടു. വാര്‍ത്താ സമ്മേളനത്തിനത്തെിയ വി.എസ് ഭരണ പക്ഷത്തെയും പാര്‍ട്ടിയിലെ ഒൗദ്യോഗിക പക്ഷത്തെയും ഒരുപോലെ വെല്ലുവിളിച്ചു: ‘സഭയില്‍ സമരം രൂക്ഷമാകും. നാളെ കാണാം.’ പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യത്തെ പറ്റിയും അതേമറുപടി:  ‘ഉത്തരമുണ്ട്. നാളെ പറയാം.’ അതിനാല്‍ ഒറ്റയാന്‍ വിപ്ളവം ഇന്നും തുടരും, സഭക്കകത്തും പുറത്തും.
സഭയിലെ പുതുമുഖങ്ങളിലൊരാളാണ് ഗീത ഗോപി. ഈ സഭ വന്നിട്ട് വര്‍ഷം രണ്ട് പിന്നിട്ടെങ്കിലും കന്നിയങ്കത്തിന്‍െറ അമ്പരപ്പും കൗതുകവും ഇനിയും വിട്ടുമാറിയിട്ടില്ല. അതിനാല്‍ തന്നെ സഭാ നടപടികള്‍ കണ്ടും കേട്ടും സീറ്റിലിരിക്കുന്ന പതിവും ഗീതക്കില്ല. വലത് വാതിലിലൂടെ സഭയില്‍ വന്ന് അല്‍പ നേരം സീറ്റിലിരുന്ന്, ഇടത്തേ വാതിലിലൂടെ പുറത്തേക്ക് പോകുകയാണ് ഇതുവരെ കാണപ്പട്ട പാര്‍ലമെന്‍ററി ജീവിതം. ഈ നടപ്പ് ഓരോ അര മണിക്കൂറിലും മുറതെറ്റാതെ ആവര്‍ത്തിക്കും. ദാ വന്നൂ..ദേ പോയി എന്ന മട്ടില്‍. ഇങ്ങനെ ഓടി നടക്കുന്ന ഗീത ഗോപിയാണ് ഇന്നലെ ഒരു മണിക്കൂര്‍ സഭയില്‍ കുത്തിയിരുന്നത്. അതും വെറും നിലത്ത്. സമരം ഗീത ഗോപിക്ക് ഇരിക്കാന്‍ പഠിക്കാനുള്ള മികച്ച സ്റ്റഡീ ക്ളാസായി മാറി. സഭ നേരത്തേ പിരിഞ്ഞതിന്‍െറ നഷ്ടം, ഈ നേട്ടം പരിഹരിക്കും. അതാകും സപീക്കര്‍ക്കുള്ള ഏക ആശ്വാസം.

12....02....13

കൈവിട്ടുപോയ ആയുധങ്ങള്‍
വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ളെന്ന് അംഗങ്ങളെ ഓര്‍മപ്പിച്ച് കൊണ്ടാണ് സ്പീക്കര്‍ ഇന്നലെ ശൂന്യവേളക്ക് തുടക്കമിട്ടത്. കെട്ട വാക്കുകള്‍ക്ക് കുപ്രസിദ്ധനായ പി.സി ജോര്‍ജിനെ മാന്യത പഠിപ്പിക്കാനുള്ള ട്യൂഷന്‍ ക്ളാസായിരുന്നു സ്പീക്കറുടെ ഈ സാഹസം. ജോര്‍ജിന്‍െറ കാര്യത്തില്‍ വലിയ പ്രതീക്ഷയില്ളെങ്കിലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി മികച്ച മാതൃകയാകുമെന്ന് സഭക്ക് ബോധ്യമായി. ഒരു വാക്കും വെറുതെ പോകരുതെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഉമ്മന്‍ചാണ്ടി എത്തിയിരുന്നത്. അടിയന്തിര പ്രമേയ വിഷയം സൂര്യനെല്ലിയായതിനാല്‍ പ്രതിപക്ഷ ചോദ്യങ്ങളോടെല്ലാം സ്പീക്കറുടെ ഉത്തരവ് പാലിക്കാന്‍ ഉമ്മന്‍ചാണ്ടി പ്രത്യേകം ശ്രദ്ധിച്ചു. പക്ഷെ ഉമ്മന്‍ചാണ്ടി മാന്യനാകും മുമ്പേ ആയുധം കൈവിട്ടുപോയിരുന്നു -കേന്ദ്രത്തിന്‍െറ ഓര്‍ഡിനന്‍സ്.
സ്ത്രീ സംരക്ഷണ ഓര്‍ഡിനന്‍സ് ഇത്ര വലിയ ചതിയാണെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സ്വപ്നത്തില്‍ പോലും കരുതിയിരിക്കില്ല. അതിറങ്ങിയ ശേഷം ഒരു ദിവസം പോലും ഇവിടെ നിയമ സഭ നേരേ ചൊവ്വേ നടന്നിട്ടില്ല. കൈവിട്ട ആയുധമെന്ന് ജി. കാര്‍ത്തികേയന്‍ പറഞ്ഞത് ഇതേ പറ്റിയായിരുന്നോ എന്നേ ഇപ്പോള്‍ സംശയമുള്ളൂ. ഇതുവരെ പി.ജെ കുര്യനെ പിടിക്കാനായിരുന്നു പ്രതിപക്ഷം ഈ ആയുധം പ്രയോഗിച്ചിരുന്നതെങ്കില്‍ ഇന്നലെയത് ജസ്റ്റിസ് ആര്‍. ബസന്തിന് നേരെയായി. പെണ്‍കുട്ടിയെ പറ്റി ബസന്ത് പറഞ്ഞതെല്ലാം പുതിയ ഓര്‍ഡിനന്‍സിലെ 354 (എ) വകുപ്പിന് വിരുദ്ധമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കണ്ടത്തെി. എന്നിട്ട് മൂന്ന് കാര്യങ്ങള്‍ ആവശ്യപ്പെട്ടു: ബസന്തിനെ കേരളത്തിന്‍െറ വക്കീല്‍ പാനലില്‍ നിന്ന് നീക്കുക, ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുക, കോടതിയലക്ഷ്യത്തിന് കേസെടുക്കുക. ഒരു വാക്കും വാ വിട്ടുപോകാതെ സൂക്ഷിച്ച ഉമ്മന്‍ചാണ്ടി ഈ മൂന്ന് കാര്യത്തിന് മാത്രം മറുപടി പറഞ്ഞില്ല. പകരം മറ്റു പലതും പറയാന്‍ മറന്നുമില്ല. ഇക്കാര്യത്തില്‍ മൗനം കൊണ്ട് ഇത്രയേറെ മാന്യത കാട്ടാന്‍ കുര്യനുപോലും കഴിയില്ല. മരിച്ചുപോയ ജസ്റ്റിസ് അബ്ദുല്‍ ഗഫൂറിനെയും ബസന്ത് വാദിച്ച ലോട്ടറി കേസിനെയും പരാമര്‍ശിച്ച് കെ.എം മാണിയും കുര്യനോടുള്ള കടപ്പാട് തെളിയിച്ചു.
പക്ഷെ കാര്യം പറയേണ്ടതെങ്ങനെയെന്ന് വി.എസ് അച്യൂതാനന്ദന്‍ തെളിച്ച് പറഞ്ഞു: ‘ബാല വേലക്ക് പോലും ഇവിടെ നിരോധമുണ്ട്. എന്നിരിക്കെ ബാല്യ വേശ്യാവൃത്തി നടക്കുന്നുവെന്ന് ബസന്തിന് എങ്ങനെ വിവരം കിട്ടി? അദ്ദേഹത്തിന്‍െറ വീട്ടില്‍ നിന്ന് ആരെങ്കിലും പങ്കെടുത്ത് വിവരം കൊടുത്തതാണോ?’ ഭരണപക്ഷത്തെ മാന്യന്മാരെല്ലാം ഉടന്‍ ബഹളമായി. പരാമര്‍ശം നീക്കണമെന്ന് സ്പീക്കറും. അപ്പോള്‍, പറഞ്ഞത് ഒന്നുകൂടി തറപ്പിച്ച് പറഞ്ഞു, വി.എസ്. അതോടെ എല്ലാവര്‍ക്കും കാര്യം മനസ്സിലായി.
പറയേണ്ടത് സ്പീക്കറോടായാലും പറയണമന്ന് വി.ഡി സതീശനുമറിയാം. ദിവസം നാല് വീതം ബില്ലുകളുമായി ഒരാഴ്ചത്തെ പരസ്പര സഹകരണ സഭാ പരിപാടിക്ക് തീരുമാനിച്ച് വന്ന ഇരുഭാഗത്തെയും കക്ഷി നേതാക്കളോടായിരുന്നു സതീശന്‍െറ രോഷവും പ്രതിഷേധവും. ബില്ലുകള്‍ ദോശയുടെ വേഗത്തില്‍ ചുട്ടെടുക്കാനാകില്ളെന്ന് സഹകരണ ബില്ലില്‍ ഇടപെട്ട സതീശന്‍ പ്രഖ്യാപിച്ചു:  ‘അതിനാല്‍ പറയാനുള്ളതെല്ലാം പറയും. ഒരു അംഗത്തിനുള്ള അവകാശം ഞാനെടുക്കും.’ ഒരുമണിക്കൂര്‍ നീണ്ടു ആ അവകാശം. കേള്‍ക്കാനും പ്രതികരിക്കാനും കെ. ശിവദാസന്‍ നായര്‍ മാത്രം. വകുപ്പ് മന്ത്രിക്കുപോലും അത്ര താല്‍പര്യം കണ്ടില്ല. നട്ടുച്ചക്ക് പ്രസംഗം മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സ്പീക്കര്‍ വിശ്രമ മുറിയിലേക്ക് മാറി. പണി ഏറ്റെന്ന് ബോധ്യമായ സതീശനും അതോടെ ഉപസംഹാരത്തിലത്തെി. വാ വിട്ട വാക്കും കൈവിട്ട തീരുമാനവുമാണെങ്കിലും ഇരുവരും തമ്മിലെ ഇരുപ്പുവശം വച്ച് അതവിടെ തീര്‍ന്നു. എന്നാലും സതീശന്‍െറ നിലപാട് സഭക്കൊരന്തസ്സായി.
നാല് ബില്ലുകളാണിന്നലെ മണിക്കൂറുകള്‍ക്കകം സഭ കടന്ന് പോയത്. അതിലൊന്ന് ഭരണ ഘടനാ ഭേദഗതിയുടെ തുടര്‍ച്ചയായി വന്ന സഹകരണ ബില്ലും. എല്ലാം ചുട്ടെടുക്കാന്‍ ഇരുപക്ഷത്തെയും നേതാക്കള്‍ നേരത്തേ ധാരണയിലത്തെിയിരുന്നു. അതിനാല്‍ എല്ലാവരും വളരെ മാന്യമായി സഹകരിച്ചു -ഒരു വാക്കും കൈ വിടാതെ, ഒരായുധവുമെടുക്കാതെ. ചട്ടവും വകുപ്പും തലനാരിഴ കീറിയില്ല. നിരാകരണവും വിയോജനവുമില്ല. എല്ലാം മുന്‍ ധാരണ പ്രകാരം നീങ്ങി. സഹകരണ ബില്ലില്‍ ജനാധിപത്യ കശാപ്പാണെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ നടപടികള്‍ കുറച്ചുകൂടി എളുപ്പമായി. ഇതിനൊപ്പം ഗീത ഗോപിയുടെ സങ്കട ഹരജിയുമുണ്ടായി. സമരത്തിലെ പോലിസ് പീഢനമായിരുന്നു വിഷയം. എം.എല്‍.എയായിട്ടും പ്രത്യേക പരിഗണന കിട്ടിയില്ളെന്നായിരുന്നു പരാതി. അടികൊണ്ട പാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കില്ലാത്ത ‘പ്രിവിലേജാ’ണെങ്കിലും അതില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ജനാധിപത്യത്തിന് നാണക്കേടാണല്ളോ?
നാല് ബില്ലില്‍ ഒരെണ്ണം ഒട്ടും ചര്‍ച്ചയില്ലാതെയാണ് സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. അംഗങ്ങള്‍ക്ക് പുസ്തകം വാങ്ങാന്‍ പ്രതിവര്‍ഷം 15,000 രൂപ അനുവദിക്കാനായിരുന്നു ഭേദഗതി ബില്‍. സ്വന്തം കാര്യമായതിനാല്‍ മറ്റ് മൂന്ന് ബില്ലില്‍ കാട്ടിയതിന്‍െറ നാലിരട്ടി മാന്യത അംഗങ്ങള്‍ പ്രകടിപ്പിച്ചു. പരിചയക്കാരുടെ കടയില്‍ നിന്നുള്ള ബില്‍ മാത്രം ഹാജരാക്കരുതെന്ന് സ്പീക്കര്‍ പ്രത്യേകം ഓര്‍മിപ്പിച്ചിട്ടുണ്ട്. പറഞ്ഞതിന്‍െറ അര്‍ഥം മനസിലായില്ളേ എന്ന് ആവര്‍ത്തിച്ചുറപ്പാക്കുകയും ചെയ്തു. വകമാറ്റാന്‍ വകുപ്പില്ലാത്തതിനാല്‍ അംഗങ്ങള്‍ പുസ്തകം വാങ്ങാനാണ് കൂടുതല്‍ സാധ്യത. കൈ വിട്ടുപോയ ആയുധമാണോ ഈ ഭേദഗതിയെന്ന് കാത്തിരുന്ന് കാണാം. എന്നാലും വാങ്ങിയ പുസ്തകം വായിക്കാന്‍ വാര്‍ഷിക അലവന്‍സ് പ്രഖ്യാപിക്കേണ്ട ഗതികേട് വരാതിരുന്നാല്‍ മതിയായിരുന്നു.


11...02...13

മാപ്പ്, ശാസന -തികച്ചും ഗ്രാമീണം
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറയുമ്പോള്‍ പി.സി ജോര്‍ജ് ജനിച്ചിട്ടുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ അത് പറയില്ലായിരുന്നു. സൗമ്യതയും നിഷ്കളങ്കതയും സത്യസന്ധതയുമൊക്കെയാണ് ഗ്രാമീണതയെന്നാണ് കേരളീയരുടെയും പൊതുവിശ്വാസം. പക്ഷെ ഗാന്ധിജിയുടെ വിവേകം ഗാന്ധിയന്‍മാര്‍ക്കുണ്ടാകണമെന്നില്ല. അതിനാല്‍ പാപത്തിന്‍െറ ശമ്പളം പറ്റുകയാണിപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും. ഒരാഴ്ചയായി ദിവസമായി സ്തംഭിപ്പിച്ച് പിരിയുന്ന പ്രതിപക്ഷത്തെ ഒരുവിധം മെരുക്കിയതാണ് സ്പീക്കര്‍. അപ്പോഴതാ വരുന്നു, വാ നിറയെ വഴിവിട്ട വാക്കുമായി പി.സി ജോര്‍ജ്. പക്ഷെ ജോര്‍ജിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം: ‘ഞാനൊരു ഗ്രാമീണനാണ്.’ മാപ്പും ശാസനയും ബഹളവും സ്തംഭനവുമായി സഭ നാലാം ദിവസവും അലങ്കോലമായി.
ഈ ഗ്രാമീണ നിഷ്കളങ്കതയുടെ ചില മാതൃകകള്‍ ഇന്നലെ സഭയില്‍ വി.എസ് അച്യുതാനന്ദന്‍ തുറന്നുവച്ചു: ‘പ്രതിപക്ഷ അംഗങ്ങളെ ചീഫ് വിപ് തെണ്ടികള്‍ എന്നുവിളിച്ചിരിക്കുന്നു. നേരത്തേ എ.കെ ബാലനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതാണ്. സൂര്യനെല്ലി പെണ്‍കുട്ടിയെ അവഹേളിച്ചു. ദലിതുകളെ ആക്ഷേപിച്ചു. സംവരണം കൊണ്ടൊന്നും അവര്‍ നന്നാകില്ളെന്ന് പ്രഖ്യാപിച്ചു. ദലിതര്‍ അനാഥാലയത്തില്‍ നിന്ന് വിവാഹം ചെയ്യുന്നത് ‘വെളുപ്പ്’ കണ്ടിട്ടാണെന്ന് പറഞ്ഞു. അനാഥാലയങ്ങളിലെ അന്തേവാസികളെല്ലാം ജാര സന്തതികളാണെന്ന ധ്വനിയോടെ പ്രസംഗിച്ചു.’ ജോര്‍ജിനെ കേട്ടുപരിചയിച്ചവര്‍ക്കറിയാം ഇതൊന്നും അത്ര വലിയ ചാര്‍ജല്ളെന്ന്. എന്നാലും പ്രതിപക്ഷം വിട്ടില്ല. മാപ്പ് പറയണം, സ്പീക്കര്‍ നടപടിയെടുക്കണം, നിയമ നടപടി വേണം, ചീഫ് വിപ് സ്ഥാനത്തുനിന്ന് മാറ്റണം എന്നീ ആവശ്യങ്ങളുമായി അവര്‍ നടുത്തളത്തിലത്തെി. വിശദീകരിക്കാനെഴുനേറ്റ ജോര്‍ജ് നിരുപാധികം ഖേദം പറഞ്ഞു. പക്ഷെ അതിനൊപ്പം പിഴവ് പറ്റാനിടയായ കാരണവും വെളിപ്പെടുത്തി: ‘ഞാനൊരു ഗ്രാമീണനാണ്. പ്രസംഗിക്കുന്നതിനിടയില്‍ അങ്ങനെയൊരു വാക്ക് വന്നുപോയതാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞ മറ്റ് കാര്യങ്ങളെല്ലാം തെറ്റാണ്.’ മുക്കാലിയില്‍ കെട്ടിയടിക്കുക തുടങ്ങിയ ചില ആചാരങ്ങളും ഗ്രാമങ്ങളിലുണ്ടെന്ന് ജോര്‍ജിന് അറിയുമായിരിക്കും. അല്ലാതെ ഇത്രവേഗം ഇത്രയേറെ വിനീതനാകില്ല, ഈ ഗ്രാമീണന്‍.
എന്നാലും ജോര്‍ജിന്‍െറ നിഷ്കളങ്കതയെ ആദരിക്കണം! യു.ഡി.എഫില്‍ നിന്നോ സ്വന്തം പാര്‍ട്ടിയില്‍ നിന്നോ ഒരു പിന്തുണയും ജോര്‍ജിന് സഭയില്‍ കിട്ടിയിരുന്നില്ല. മുഖ്യമന്ത്രിയാകട്ടെ തള്ളിപ്പറഞ്ഞു. അതിന് ഭരണപക്ഷം കൈയ്യടിച്ചു. പ്രതിപക്ഷം കൂവിവിളിച്ച് പരസ്യമായി ആക്ഷേപിച്ചു. സ്തംഭന സമയത്ത് സൗഹൃദം കൂടാന്‍ ചെന്നപ്പോള്‍ ചീത്ത വിളിച്ച് അവര്‍ തിരിച്ചോടിച്ചു. നാണം കെടാന്‍ ഇനി അധികമൊന്നുമില്ല. എന്നിട്ടും ആ നിഷ്കളങ്കതക്ക് ഒരു കുറവുമുണ്ടായില്ല. ഖേദം പ്രകടിപ്പിക്കാന്‍ ഒട്ടും മടിച്ചുമില്ല. അതാണ് ഗ്രാമീണത. അതൊന്നും പക്ഷെ പ്രതിപക്ഷത്തിന് ബോധ്യമായില്ല. അതോടെ 50 മനിട്ട് സ്തംഭനമായി. പുനരാരംഭിക്കുമ്പോള്‍ സ്പീക്കര്‍ പ്രഖ്യാപിച്ചു: ‘സഭക്ക് പുറത്താണ് പറഞ്ഞതെങ്കിലും ജോര്‍ജിന്‍െറ പ്രസംഗ സി.ഡി പരിശോധിക്കും.’
വനിതാ എം.എല്‍.എമാരെ കൈകാര്യം ചെയ്യുന്ന പോലിസുകാരുടെ ചിത്രവുമായാണ് ഇന്നലെ സി.ദിവാകരന്‍ സഭയിലത്തെിയലത്. അതച്ചടിച്ച പത്രം പഴയതായിരുന്നുവെങ്കിലും ആ നേരത്ത് ശ്രദ്ധിച്ചത് താലിയിലായിരുന്നു. അതിനാല്‍ കാര്യം പറയാന്‍ കഴിഞ്ഞില്ളെന്ന് വീട്ടില്‍ ചെന്നപ്പോള്‍ ദിവാകരന് തോന്നിയിരിക്കണം. ആ ചിത്രത്തില്‍ കാണുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് സഭ തീരാന്‍ 20 മിനിട്ട് ബാക്കിയിരിക്കുമ്പോഴാണ്. അതില്‍ 15 മിനിട്ട് ബഹളവും ഒടുവില്‍ ബഹിഷ്കരണവും. കഴിഞ്ഞ ദിവസം ഡയസില്‍ കയറിയതിന് ശാസന നേരിട്ട കെ.കെ ലതിക പഴയ പത്രവുമായി വീണ്ടും സ്പീക്കറുടെ മുന്നിലത്തെി. ഡയസില്‍ കയറി അത്രക്കങ്ങ് ഗ്രാമീണയായില്ളെങ്കിലും ഒച്ചയെടുപ്പിനും ആവേശത്തിനും ഒട്ടും കുറവുണ്ടായില്ല.
രാവിലെ അടിയന്തിര പ്രമേയത്തില്‍ ഇ.പി ജയരാജന്‍ കോലീബി സഖ്യവും മറ്റുമായി സഹകരണ തെരഞ്ഞെടുപ്പിന്‍െറ പേരില്‍  ആഞ്ഞടിച്ചെങ്കിലും വെറും മൂന്ന് മിനിറ്റ് മറുപടി കൊണ്ട് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അത് തള്ളിക്കളഞ്ഞു. ജയരാജന്‍ പറയാന്‍ തുടങ്ങിയാല്‍ വഴിയില്‍ നിന്ന് മാറിനില്‍ക്കുന്നതാണ് നല്ലത്. സ്പീക്കര്‍ക്കും അതില്‍ ഇളവില്ല: ‘സ്പീക്കര്‍ ഞങ്ങളെ ശാസിച്ചാല്‍ മാത്രം പോര. ഞങ്ങള്‍ക്ക് ചില അവകാശങ്ങളുമുണ്ട്. എന്‍െറ പേര് ഇടക്കിടെ വിളിച്ചിട്ട് കാര്യമില്ല. ഇത് ജനം അറിയണം.’ ആറോളിയും ഒരു ഗ്രാമമായതിനാല്‍ സ്പീക്കര്‍ പിന്നെ കാര്യമായി ഇടപെട്ടില്ല.
തിങ്കളാഴ്ച അഞ്ച് ആണുങ്ങള്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചിരുന്നു. പിറ്റേന്ന് അത് സപീക്കര്‍ ക്ഷമിച്ചു. കോണ്‍ഗ്രസുകാരുടെ പരാതി തള്ളിയാണ് സ്പീക്കര്‍ ഉദാരവാനായത്. അതിന്‍െറ ഫലം വ്യാഴാഴ്ച കണ്ടു. ആണുങ്ങള്‍ക്കൊപ്പം അവസര സമത്വം പ്രഖ്യാപിച്ച് നാല് പെണ്ണുങ്ങള്‍ ഡയസിലത്തെി. കെ.കെ ലതികയായിരുന്നു നേതാവ്. പിന്നില്‍ ജമീല പ്രകാശം, കെ. എസ് സലീഖ, അയിഷ പോറ്റി എന്നിവരും. ആണുങ്ങളോട് ക്ഷമിച്ചതിനാല്‍ പെണ്ണുങ്ങളോട് രണ്ട് വട്ടം ക്ഷമിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതുപക്ഷെ തെറ്റി. കടുത്ത സ്വരത്തില്‍ നാലുപേരെയും സ്പീക്കര്‍ ശാസിച്ചു. ലോകം മുഴുവന്‍ സ്ത്രീ പുരുഷ സമത്വത്തിനായി ‘ജന്‍ഡര്‍ വാര്‍’ നടക്കുന്ന ഇക്കാലത്താണ് ഈ ലേഡീസ് ഒണ്‍ലി ശാസന. അതും അതി വിപ്ളവ വനിതകളോട്. അതിനാല്‍ തിങ്കളാഴ്ചയും സ്തംഭനോല്‍വസത്തിന് വകുപ്പുണ്ട്.

8...02...13

കെട്ടുതാലി വിപ്ളവംകല്ല്യാണത്താലിയില്‍ പലതരം വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. കെട്ടിയാല്‍ അഴിക്കരുത്, കെട്ടുമ്പോള്‍ തിരിയരുത് തുടങ്ങി പലതരം വിശ്വാസങ്ങളാണ് താലിയുടെ പ്രത്യയശാസ്ത്രം. മതവും ജാതിയുമാണ് അടിത്തറ. എന്നാല്‍ കമ്യൂണിസ്റ്റ് വിശ്വാസപ്രകാരം അത് പിന്തിരിപ്പനും അന്ധ വിശ്വാസവുമാണ്. ആചാരമായി അനുവദിച്ചതാകട്ടെ രക്തഹാരവും. ഇത്രമേല്‍ മാക്സിസ്റ്റ് വിരുദ്ധമായ കെട്ടുതാലി കൊണ്ടും വിപ്ളവം സാക്ഷാല്‍കരിക്കും കേരള സഖാക്കള്‍. അതിനാല്‍ വിപ്ളവം വരുന്ന വഴികളില്‍ താലി ഒരു തടസ്സമാകാന്‍ പാടില്ല. വലതുകമ്യൂണിസ്റ്റുകളുടെ സഭാതലവനായ സി. ദിവാകരനാണെങ്കില്‍ അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഒരുക്കവുമല്ല. ലക്ഷ്യമാണല്ളോ പ്രധാനം. അങ്ങനെ തുടര്‍ച്ചയായ മൂന്നാം ദിവസവും സഭ സ്തംഭിച്ചു.
സൂര്യനെല്ലിയില്‍ നിന്ന് തിങ്കളാഴ്ച തുടങ്ങിയതാണ് നടുത്തളത്തിലെ ഇടതുവിപ്ളവം. ആദ്യം സൂര്യനെല്ലിയും കുര്യനും. ഇതിനൊപ്പം മഹിളാസമരം സമം ചേര്‍ത്ത് രണ്ടാം ദിവസം. ഇന്നലെയത് കെട്ടുതാലിയായി. തെരുവില്‍ സമരം നടത്തിയ ഇടത് വനിതകളുടെ മുന്‍നിരയില്‍ മലപോലെയുറച്ചുനിന്ന പോരാളിയാണ് ഇ.എസ് ബിജിമോള്‍. ആ ധീരതക്ക് മുന്നില്‍ പോലിസ് വാനൊഴികെ മറ്റെല്ലാം തോറ്റു. പിടിവലിയില്‍ പരിക്കേറ്റ ബിജിമോളുടെ സങ്കടം സഭ ബുധനാഴ്ച തന്നെ നേരില്‍ കേട്ടതാണ്. തള്ളിനിടെ താലി പോയതും. ആ മാല പെറുക്കിയെടുത്ത് പി.കെ ശ്രമീതി തിരിച്ചുകൊടുക്കുന്നത് ചിത്രങ്ങളില്‍ കാണുകയും ചെയ്തു. പക്ഷെ വിപ്ളവം വരുമ്പോള്‍ പഴങ്കഥകള്‍ക്ക് പ്രസക്തിയില്ലല്ളോ? അടിയന്തിര പ്രമേയത്തില്‍ സി. ദിവാകരനങ്ങ് തുടങ്ങി: ‘കെട്ടുതാലിയെന്നാല്‍ സ്ത്രീകള്‍ക്ക് ഏറ്റവും വൈകാരികമായ ഒന്നാണ്. നമ്മുടെ വീട്ടിലും അങ്ങനെയാണ്. ഇവിടെ ഒരു വനിതാ എം.എല്‍.എയുടെ താലി പോലിസ് പൊട്ടിച്ചിരിക്കുന്നു. ദല്‍ഹിയില്‍ നടന്നതിനേക്കാള്‍ വലിയ പീഢനം ഇതാണ്. നിയമസഭയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ താലി പൊട്ടിച്ച സംഭവമുണ്ടോ?’ ഉള്ളില്‍ കെട്ടിക്കിടക്കുന്ന വിശ്വാസത്തിന്‍െറ നൂലാമാലകള്‍ പൊട്ടിയ വേദനയില്‍ ദിവാകരന്‍ വികാരഭരിതനായി.
ആഭ്യന്തര മന്ത്രി പക്ഷെ ആ മാക്സിസ്റ്റ് വേദനയുള്‍കൊണ്ടു: ‘താലി എത്രയോ പവിത്രമാണ്. ആ മാല തിരിച്ചുകിട്ടിയിട്ടുണ്ട്. എന്നാലും ഈ പറഞ്ഞത് ഗൗരവപൂര്‍വം മുഖവിലക്കെടുക്കുന്നു.’ താലിയുടെ പവിത്രതയില്‍ അതീവ സൂക്ഷ്മാലുവായ കോടിയേരി ബാലകൃഷ്ണന് എന്നിട്ടും വേദന ബാക്കി: ‘മാല കിട്ടിയെന്നേ പറയുന്നുള്ളൂ. താലി കിട്ടിയോ?’ അപ്പോള്‍ തിരുവഞ്ചൂര്‍ സൈദ്ധാന്തികനായി: ‘മാല കിട്ടി. മാലയുടെ പ്രസക്തി തന്നെ താലി കിടക്കുന്നതിനാല്‍ ആണ്.’ സഖാക്കളുടെ കെട്ടുതാലി വിലാപം ദിവാകരന്‍ പാടിത്തീര്‍ത്തപ്പോള്‍ അതിഗുരുതരമായ എം.എല്‍.എ-സ്ത്രീ മര്‍ദനം കോമഡി ഷോയായി മാറി. നാല്‍പതുപേര്‍ വന്നുപോയിട്ടും ഒരു കൊച്ചുമാല പോലും തെളിവായി ഹാജരാക്കാനില്ലാത്ത പെണ്‍കുട്ടിയുടെ ദുരിത ജീവിതം ഈ വിലാപത്തില്‍ അപ്രധാനമായി.
എം.എല്‍.എ മര്‍ദനത്തില്‍ പക്ഷെ സര്‍ക്കാര്‍ രണ്ടടി മുന്നോട്ടെറിഞ്ഞ് പ്രതിപക്ഷത്തെ കുഴക്കി. ‘സഭാ രേഖ പരിശോധിച്ചു, ചിത്രങ്ങള്‍ നോക്കി, സി.ഡി കണ്ടു, പരാതി പലവട്ടം വായിച്ചു...ഒന്നിലും പ്രതികളുടെ പേരില്ല. ദൃശ്യങ്ങളില്‍ നിന്ന് അത് കാണുന്നുമില്ല. അതിനാല്‍ പെട്ടെന്ന് നടപടിയെടുക്കാനാകില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്താം.’ ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം ചോദ്യോത്തരം തൊട്ടേ ഇളകി നിന്നിരുന്ന പ്രതിപക്ഷ നിരയെ നിശ്ശബ്ദമാക്കി. സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചുവന്നവര്‍ക്കിടയില്‍ നിരാശ പടര്‍ന്നു. ബസിനിടിക്കുന്ന ബിജിമോളുടെ ചിത്രവുമായി വന്ന ഭരണ പക്ഷക്കാര്‍ക്ക് അതാവേശം പകര്‍ന്നു. ഇടക്കിടെയുയര്‍ന്ന ബഹളത്തില്‍ അവര്‍ സ്വന്തം ഭാഗം കൃത്യതയോടെ നടപ്പാക്കി.
പിന്നെ പതിവുപോലെ പ്രതിപക്ഷ മുന്‍നിരയും മന്ത്രി-മുഖ്യമന്ത്രി സഖ്യവും തമ്മിലെ വാക്കുതര്‍ക്കമായി. പണ്ട് ഇടതുസര്‍ക്കാര്‍ കൈയടിച്ചുതകര്‍ത്തതില്‍ നിര്‍വ്യാജം ക്ഷമിക്കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. എന്നാല്‍  വിഷ്ണുനാഥിനെയും അടൂര്‍ പ്രകാശിനെയുമൊക്കെ അടിച്ചുതകര്‍ത്തിട്ട് നടപടിയെടുക്കാത്തതില്‍ ക്ഷമിക്കാനാകില്ല. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണമുണ്ട്. പക്ഷെ പെട്ടെന്ന് നടപടിയില്ല. മുഖ്യമന്ത്രിക്കാകട്ടെ ഒരേയൊരു പരാതിയേയുള്ളൂ: ‘ആക്രമിച്ചവരുടെ പേര് രണ്ട് എം.എല്‍.എമാരുടെ പരാതികളിലുമില്ല. പരിശോധിച്ച രേഖകളില്‍ ആരെയും കാണാനുമില്ല. അത് കൊണ്ടാണ് നടപടിയെടുക്കാത്തത്.’ കുര്യന്‍െറ പേരെഴുതിയ സൂര്യനെല്ലി പെണ്‍കുട്ടിയുടെ കത്ത് മുഖ്യമന്ത്രി വായിക്കുന്നതോടെ ആ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് ഇതോടെ ഉറപ്പായി.
ജുഡീഷ്യല്‍ അന്വേഷണം വന്നതോടെ തണുത്തുപോയ പ്രതിപക്ഷ പ്രതിഷേധം വി.എസ് അച്യുതാനന്ദന്‍െറ ഇറങ്ങിപ്പോക്ക് പ്രഖ്യാപനത്തില്‍ കെട്ടടങ്ങുമെന്ന് തോന്നിച്ച അവസാന മിനിട്ടിലാണ് വി.എസ് സുനില്‍കുമാര്‍ മുദ്രാവാക്യവുമായി എഴുന്നേറ്റത്. പോലിസുകാരെ സസ്പെന്‍റ് ചെയ്തേ പറ്റൂവെന്ന ആവശ്യത്തില്‍ പ്രതിപക്ഷ പിന്‍നിര സംഘടിച്ച് നേരെ നടുത്തളത്തിലേക്ക് നീങ്ങി. എം.എല്‍.എമാരെ കൈയേറ്റം ചെയ്യുന്ന ചിത്രങ്ങളടങ്ങിയ പത്രങ്ങളുമായി അവര്‍ സ്പീക്കര്‍ക്കരികിലേക്ക് നീങ്ങി. ഇതിലേറെ ശേഖരിച്ച ആഭ്യന്തര മന്ത്രിക്ക് കിട്ടാത്ത ചിത്രങ്ങള്‍ കാണാന്‍ സ്പീക്കറും താല്‍പര്യപ്പെട്ടില്ല. അതോടെ സഭയിലെ സ്ത്രീകള്‍ ക്ഷുഭിതരായി. കെ.കെ ലതിക, കെ.എസ് സലീഖ, ജമീല പ്രകാശം, അയിഷ പോറ്റി എന്നിവര്‍ സ്പീക്കറുടെ ഡയസില്‍ കയറി. ആവശ്യം ഒന്നേയുള്ളൂ: ‘നീതി തരൂ, നീതി തരൂ.’ പെണ്‍പട വളഞ്ഞ കസേരയില്‍ മുദ്രാവാക്യങ്ങള്‍ക്കിടയിലിരുന്ന് സ്പീക്കര്‍ അതി വേഗം നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിച്ചുവിട്ടു. പിന്നെ, അതിനേക്കാള്‍ വേഗത്തില്‍ ഇരിപ്പിടം വിട്ട് പുറത്തേക്ക് പാഞ്ഞു. നീതി എന്ന് പേരിട്ട സ്വന്തം വീടായിരിക്കണം അപ്പോള്‍ സ്പീക്കറുടെ മനസ്സില്‍ തെളിഞ്ഞത്. വിപ്ളവ കാലത്തും അത്ര പ്രധാനമാണല്ളോ കെട്ടുതാലി?

7...02...13

ന്യൂജനറേഷന്‍ കരി ഓയില്‍
തോറ്റുപോകുന്ന സി.പി.എമ്മിന്‍െറ പുതതലമുറ സമരങ്ങളെപ്പറ്റി കെ. മുരളീധരന്‍ പറഞ്ഞുവച്ചതിന് പിന്നാലെയായിരുന്നു അബ്ദുസ്സമദ് സമദാനിയുടെ പുതുതലമുറ രാഷ്ട്രീയത്തിന്‍െറ സൈദ്ധാന്തിക വിശകലനം: ‘അത് ന്യൂ ജനറേഷന്‍ സിനിമ പോലെയാണ്. കൊടിയും നിറവുമില്ല. പാര്‍ട്ടിയുമില്ല. ജനങ്ങളിറങ്ങും.’ കേരളത്തില്‍ പക്ഷെ ന്യൂജനറേഷന്‍ സമരത്തിന് വേറെ വഴിയാണെന്ന് ഇത്പറഞ്ഞുതീരും മുമ്പ് സമദാനിക്കും സഭക്കും ബോധ്യമായി. തോല്‍ക്കാത്ത സമരങ്ങള്‍ സി.പി.എമ്മിന്‍െറ കൈയ്യിലുണ്ടെന്ന് മുരളീധരന് മനസ്സിലായി. ദൃശ്യ സാധ്യതകളുടെ ന്യൂജനറേഷന്‍ കാല സമരമെന്തെന്ന് കേരത്തിനും. ഉരുണ്ടുകളിയും ഒഴിഞ്ഞുമാറലുമായി മന്ത്രിനിര അതിന് കരുത്ത് പകര്‍ന്നു. അങ്ങനെ സൂര്യനെല്ലിയും കുര്യനും കൂടി രണ്ടാം ദിവസവും സഭയെ സംഭവബഹുലമാക്കി. സൂര്യനെല്ലി പുതുതലമുറത്തീയായി സഭയില്‍ പടര്‍ന്നു.
അടിയന്തിര പ്രമേയത്തിന് പിന്നാലെയാണ് വി.എസ് അച്യുതാനന്ദന്‍െറ ഉപക്ഷേപം വന്നത്. വിഷയം കുര്യനെതിരായ പുതിയ സാക്ഷി മൊഴികള്‍. സഭയിലുരുളാന്‍ നേര്‍ച്ച നേര്‍ന്ന പോലെയായി അതോടെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും. പുതിയ സംഭവങ്ങളൊന്നും അറിഞ്ഞ മട്ടേയില്ല.  നേരത്തേ പറഞ്ഞതു മാത്രം ആവര്‍ത്തിച്ചു. എല്ലാത്തിനും തുറന്ന മനസ്സാണെന്ന വിനീത ഭാവമായിരുന്നു ആഭ്യന്തര മന്ത്രിയുടെ പുതിയ നമ്പര്‍. പക്ഷെ വി.എസ് വിട്ടില്ല:  ‘ഇടിക്കുളയുടെ സഹധര്‍മിണി പറഞ്ഞതോടെ കുര്യന്‍ വേറെ എവിടെയോ പോയിരിക്കുന്നു എന്ന് വ്യക്തമായിരിക്കുന്നു.’ കോടതിയരിക്കട്ടെ, നിങ്ങളുടെ നയം എന്താണ് എന്ന തോമസ് ഐസകിന്‍െറ ചോദ്യം മുഖ്യമന്ത്രി ‘സൗകര്യപൂര്‍വം’ കേട്ടില്ല. കുര്യനെ എവിടെയും വിചാരണ ചെത്തിട്ടില്ളെന്ന കോടിയേരിയുടെ പോയിന്‍റ് മുഖ്യമന്ത്രി ‘അറിഞ്ഞുമില്ല’. ഒരു സ്തംഭനം മണത്തുതുടങ്ങിയ നേരത്ത് പക്ഷെ ചൂടും ചൂരുമില്ലാത്ത ഇറങ്ങിപ്പോക്കില്‍ പ്രതിപക്ഷം അവസാനിപ്പിച്ചു. ഈ സൗമനസ്യംകണ്ട് ഭരണപക്ഷം പോലും വിസ്മയിച്ചു.
അങ്ങനെയിരിക്കെയാണ് സഭക്ക് പുറത്ത് സമരം ചെയ്ത വനിതകള്‍ക്കെതിരെ പോലിസ് നടപടിയുണ്ടായത്. ‘മൂന്ന് പേര്‍ ആശുപത്രിയില്‍ അബോധാവസ്ഥയിലാണ്’ എന്ന ആമുഖത്തോടെ വി.എസ് അച്യുതാനന്ദന്‍ വീണ്ടും തുടങ്ങിയപ്പോള്‍ പാലോട് രവിയുടെ മകളുടെ കല്ല്യാണത്തിന് പോകാനിരുന്നവര്‍ക്കെല്ലാം പ്രതീക്ഷയായി. പക്ഷെ ആഭ്യന്തര മന്ത്രിയുടെ മറുപടിയോടെ അതും തണുത്തു.
ഇതിന് പിന്നാലെ കോടിയേരി ബാലകഷ്ണന്‍ രംഗത്തത്തെി. രണ്ട് വനിതാ എം.എല്‍.എമാരെ പോലിസ് മര്‍ദിച്ചു എന്നായിരുന്നു ആരോപണം. അതോടെ സഭയിളകി. തന്ത്രം മെനയാന്‍ മുന്‍ നിരക്കാരില്ലാതെ ഭരണപക്ഷവും മുന്നോട്ടുനീങ്ങാനാകാതെ ചെയറിലിരുന്ന സുരേഷ് കുറുപ്പും ആശയക്കുഴപ്പത്തിലായ സന്ദര്‍ഭത്തില്‍ പ്രതിപക്ഷം ആവേശം കൂട്ടിയതോടെ സഭ സ്തംഭനത്തിലേക്ക് നീങ്ങി. ഏറെ നേരത്തെ തര്‍ക്കവും ആശയക്കുഴപ്പവും തീര്‍ക്കാനത്തെിയ ആഭ്യന്തര മന്ത്രിയുടെ വാദം വിചിത്രമായിരുന്നു: ‘ഗീത ഗോപി പോലിസ് ക്യാമ്പിലേക്കുള്ള വണ്ടിയില്‍ കയറിപ്പോയി. എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. ബിജിമോള്‍ ഇപ്പോഴും റോഡില്‍ കുത്തിയിരിക്കുന്നുണ്ട്.’ പോലിസ് ക്യാമ്പിലേക്ക് ഗീത ടാക്സി വിളിച്ച് പോയതാണോ എന്നുപോലും കേട്ടിരുന്നവര്‍ സംശയിച്ചുപോയി. അറസ്റ്റാണെന്ന് പ്രതിപക്ഷം ആണയിട്ടിട്ടും മന്ത്രിക്ക് ഭാവമാറ്റമില്ല. ഇക്കാര്യത്തില്‍ തീരുമാനമാകും വരെ സഭ വേണ്ടെന്നായി കോടിയേരി. തര്‍ക്കത്തിനിടെ സമദാനിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ ക്ഷണിച്ചതോടെ വീണ്ടും ശാന്തത.
ഇതിനിടെ പുറത്തേക്ക് പോയ വി.എസ് അച്യുതാനന്ദനും സംഘവും കൊടുങ്കാറ്റുപോലെ സഭയില്‍ തിരിച്ചത്തെി. മുന്നില്‍ മുദ്രവാക്യവുമായി സുനില്‍കുമാര്‍. കൂടെ സി. ദിവാകാരന്‍ മുതല്‍ കെ.ടി ജലീല്‍ വരെയുണ്ട്. അവര്‍ക്കിടയില്‍ കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വച്ച്, വേച്ചുവേച്ച് ബിജിമോള്‍. എന്തും സംഭവിക്കാമെന്ന ആശങ്കയില്‍ സഭ നിശ്ശബ്ദമായി. ബിജിമോള്‍ക്ക് ചുറ്റും അംഗങ്ങള്‍ ഓടിക്കൂടി. ബിജിമോളെ സംസാരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഉടനെ നടുത്തളത്തില്‍ സംഘടിച്ചു. അവശയായ ബിജിമോള്‍ക്ക് വെള്ളം കൊടുക്കാന്‍ ഓടിനടന്നത് ഭരണപക്ഷക്കാരായ കെ. ശിവദാസന്‍ നായരും എന്‍ ഷംസുദ്ദീനും. പരിക്കേറ്റെങ്കില്‍ രാഷ്ട്രീയം കളിക്കാതെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വിഷ്ണുനാഥിന്‍െറ ഉപദേശം. ബഹളമയമായ നാടകീയതകള്‍ക്കൊടുവില്‍ ബിജി മോള്‍ സംസാരിച്ചു: ‘ജീവിക്കാനുള്ള അവസരം വേണം. അപമാനകരമാണിത്. പോലിസ് താലിപോലും പൊട്ടിച്ചു.’ ശരീര ഭാവവും ശബ്ദ നിയന്ത്രണവും കൊണ്ട് അവശത അങ്ങേയറ്റം ഫലിപ്പിച്ചു, ബിജിമോള്‍. പിന്നെ ആശുപത്രിയിലേക്ക്. പിന്നാലെ സഭ സ്തംഭിച്ചു. സമയം 1.40.
പതിവുപോലെ രണ്ട് മണിക്കൂര്‍ പുറം ചര്‍ച്ച. വീണ്ടും ചേര്‍ന്നപ്പോള്‍ തിരുവഞ്ചൂരിന് ഒരു കാര്യം മനസ്സിലായി: ‘ഗീത ബസില്‍ കയറിപ്പോയതല്ല. പോലിസ് നീക്കം ചെയ്തതാണ്.’ ബാക്കിയെല്ലാം പഴയതുതന്നെ -റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും. അതിനും കുറ്റം ബിജിമോള്‍ക്ക് തന്നെ: ‘ആരുടെ പേരും പ്രസ്താവനയലില്ല. പിന്നെയെങ്ങനെ നേരിട്ട് നടപടിയെടുക്കും?’ പഴയകാലമല്ല, എല്ലാം പെട്ടെന്നറിയാം, പിന്നെയെന്തിന് നടപടിക്ക് സമയം കളയണമെന്ന വാദവുമായി പ്രതിപക്ഷവും. അര മണിക്കൂര്‍ തര്‍ക്കം. എങ്ങുമത്തെില്ളെന്നുറപ്പായപ്പോള്‍ സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. എല്ലാത്തിനും വിഷ്വലുണ്ട് എന്ന മന്ത്രിയുടെ ഭീഷണിയും ഗീത ഗോപി എവിടെയെന്ന പ്രതിപക്ഷ ചോദ്യവും കേട്ടാണ് സഭ പിരിഞ്ഞത്. അതിനാല്‍ കളിയിന്നും തുടര്‍ന്നേക്കും.
ഇത്രയൊക്കെയുണ്ടെങ്കിലും പുതുതലമുറ രാഷ്ട്രീയത്തിനൊത്ത മികച്ച പ്രസ്താവന ഇന്നലെ നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്: ‘ഫീസ് കൂട്ടിയതിന് ഉദ്യോഗസ്ഥനെ കരി ഓയില്‍ ഒഴിച്ചിട്ടെന്ത് കാര്യം? തീരുമാനം സര്‍ക്കാറിന്‍േറതാണ്. പ്രതിഷേധമുണ്ടെങ്കില്‍ എന്‍െറ മുഖത്തായിരുന്നു അത് ഒഴിക്കേണ്ടിയിരുന്നത്.’ എല്ലാം തത്സമയം കാണുന്ന പുതിയ കാലത്ത് സൂര്യനെല്ലിയേക്കാള്‍ വലിയ കരിയോയില്‍ കിട്ടാനില്ളെന്ന് ന്യൂ ജനറേഷന്‍ ഗാന്ധിയന്മാര്‍ക്ക് പോലും മനസ്സിലായിട്ടുണ്ട്.

6...02...13

സൂര്യനെല്ലിയിലെ രാഷ്ട്രീയ മുന്നറിയിപ്പുകള്‍
കേരളീയ സാമൂഹ്യ മണ്ഡലത്തില്‍ സൂര്യനെല്ലി പലതരത്തില്‍ സുപ്രധാനമാണ്. രണ്ട് പതിറ്റാണ്ടടുത്ത ‘സൂര്യനെല്ലി’യില്‍ നിന്ന് പക്ഷെ ഇപ്പോള്‍ കേള്‍ക്കുന്നത് ചില രാഷ്ട്രീയ മുന്നറിയിപ്പുകളാണ്. ഭരിക്കുന്നവര്‍ക്കും മറുപക്ഷത്തിരിക്കുന്നവര്‍ക്കും ഒരുപോലെ നിര്‍ണായകമായ മുന്നറിയിപ്പുകള്‍. അതില്‍ ചിലത് പതിമൂന്നാം കേരള സഭയുടെ ഏഴാം സമ്മേളനത്തിന്‍െറ തുടക്കത്തില്‍ തന്നെ കേള്‍ക്കാനായി. അതോടെ സഭ നിര്‍ത്തിവക്കലും സ്തംഭനവുമടക്കും ഗംഭീര വെടിക്കെട്ടോടെ സമ്മേളനം തുടങ്ങാനുമായി.
രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ കുര്യനെതിരെ പുനരന്വേഷണം വേണമെന്നതായിരുന്നു അടിയന്തിര പ്രമേയ നോട്ടീസില്‍ കോടിയേരി ബാലകൃഷ്ണന്‍െറ ആവശ്യം. പക്ഷെ ഇക്കാര്യത്തില്‍ പെണ്‍കുട്ടി അതിഗുരുതരമായ തെറ്റ് ചെയ്തതായി മുഖ്യമന്ത്രി കണ്ടത്തെി: ‘17 വര്‍ഷമായി ഒരേ കാര്യം തന്നെയാണ് പെണ്‍കുട്ടി പറയുന്നത്. പഴയ മൊഴിയില്‍ അന്വേഷണം നടത്തി സുപ്രീംകോടതി വരെ കുര്യനെ കുറ്റവിമുക്തനാക്കിയതാണ്. അതിനാല്‍ ഒരു മാറ്റവുമില്ലാത്ത മൊഴിയുമായി വീണ്ടും അന്വേഷിക്കാനാകില്ല.’  തെളിച്ച് പറഞ്ഞില്ളെന്നേയുള്ളൂ., വേണമെങ്കില്‍ കുട്ടി മാറ്റി പറയട്ടേ എന്ന മട്ട് തന്നെ.  ആഭ്യന്തര മന്ത്രി വേറെ വാക്കുകളില്‍ സഭക്കകത്തും പുറത്തും അത് ആവര്‍ത്തിച്ചു. മൊഴി മാറ്റി പറഞ്ഞതോടെ ഇരയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കണ്ടത്തെി മറ്റൊരു യു.ഡി.എഫ് നേതാവിനെ വേറൊരു പീഢന കേസില്‍ രക്ഷപ്പെടുത്തിയ യു.ഡി.എഫ് സംഘമാണ് പുതിയ ലോ പോയിന്‍റുമായി സഭയില്‍ ആട്ടം കളിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പക്ഷെ ‘ഐസ്ക്രീം..’  എന്ന് ചോദിക്കുമ്പോഴേക്ക് ആഭ്യന്തര മന്ത്രി വിനീതനായി: ‘ഇപ്പോള്‍ ഈ ഒരൊറ്റ കേസേ എടുക്കുന്നുള്ളൂ. മറ്റുള്ളതൊന്നും ചോദിക്കണ്ട.’ മൊഴിമാറ്റിയാലും കുര്യനെ വിടില്ളെന്ന മുന്നറിയിപ്പ് തന്നെ. എന്‍.എസ്.എസിന് പ്രിയപ്പെട്ട സത്യക്രിസ്ത്യാനിയെ കയറൂരി വിടരുന്നത് ഉമ്മന്‍ചാണ്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല.
സൂര്യനെല്ലിയില്‍ മാത്രമല്ല, കവിയൂര്‍, കിളിരൂര്‍ കേസിലും ഇതുതന്നെയാണ് നയമെന്ന് മുഖ്യമന്ത്രി പലവട്ടം സഭയില്‍ ആവര്‍ത്തിച്ചു. തിരുവഞ്ചൂര്‍ അത് സഭക്ക് പുറത്ത് മൂന്നുവട്ടം പറഞ്ഞുറപ്പിച്ചു. പ്രതിപക്ഷമാകട്ടെ സൂര്യനെല്ലിയിലും കുര്യനിലും മാത്രം തങ്ങിനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മറ്റ് പീഢന കഥകളിലൊന്നും തൊട്ടതേയില്ല. എന്തോ ഒരു ഭയം പ്രതിപക്ഷ ബഞ്ചിനടിയില്‍ കെട്ടിക്കിടക്കും പോലെ. അതിന്‍െറ കാരണം ഉമ്മന്‍ചാണ്ടി വരികള്‍ക്കിടയില്‍ ഓര്‍മിപ്പിച്ചു: ‘ജനം പറയുന്നത് പോലെ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകില്ല. ജനങ്ങള്‍ പറയുന്നവരെ പ്രതികളാക്കാന്‍ കഴിയില്ല.’ നാട്ടുകാരുടെ നാവില്‍ പേരുകള്‍ വേറെയുമുള്ളതിനാല്‍ ഇരുഭാഗത്തും ആരും എതിര്‍ത്തില്ല.
അംഗസംഖ്യ ഏറെയുണ്ടൊയിട്ടും സഭാതലത്തില്‍ പാളിപ്പോകുന്ന പ്രതിപക്ഷത്തിന് വീറും വാശിയും കരുത്തും പകര്‍ന്നു സൂര്യനെല്ലി. പ്രതിപക്ഷത്തെ ആറംഗ പെണ്‍പടയെ ഇറക്കിവിട്ട് സഭയെ ഇളക്കി മറിച്ചു. മറുപടി കേള്‍ക്കാതെ തന്നെ ബഹളം വക്കാന്‍ തീരുമാനിച്ചായിരുന്നു പെണ്‍സംഘം എത്തിയത്. മറുപടി കേട്ടാല്‍ കുറ്റബോധത്താല്‍ ക്ഷീണം ബാധിച്ചേക്കുമെന്ന് അവരും സംശയിച്ചിരിക്കണം. പ്ളക്കാര്‍ഡുമേന്തി ആദ്യം മുന്‍നിരയിലും പിന്നെ നടുത്തളത്തിലും അവരിറങ്ങി നടന്നു. പിന്നാലെ പിന്തുണയുമായി മറ്റംഗങ്ങളും. ഏറ്റവും മുന്നില്‍ കെ.കെ ലതിക. ഗീത ഗോപിക്ക് വരെ അപ്പോള്‍ ജീവന്‍ വച്ചു. ഒരുമണിക്കൂര്‍ നിറുത്തിയ സഭ തുടങ്ങിയപ്പോഴും വനിതാ അംഗങ്ങള്‍ക്ക് ആവേശക്കുറവില്ല. യുവ നിരക്കാകട്ടെ ആവേശം ഇരട്ടിയായി. ജയിംസ് മാത്യു, ആര്‍. രാജേഷ്, പ്രദീപ്കുമാര്‍, ബാബു പാലിശേരി, ശിവന്‍കുട്ടി എന്നിവര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറി. ഓടിയത്തെിയ വാച്ച് ആന്‍റ് വാര്‍ഡിനെ സ്പീക്കര്‍ തിരിച്ചയച്ചതോടെ ആവേശക്കമ്മിറ്റിക്കാര്‍ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ പ്രതിസന്ധയിലായി. സ്പീക്കറുടെ തന്ത്രപരമായ നീക്കത്തില്‍ പതറിപ്പോയവരെ ഒടുവില്‍ കോടിയേരി നിരുപാധികം പിടിച്ചിറക്കി. ആ ഇറക്കം ഭരണപക്ഷം കൂവലോടെ എതിരേറ്റു. നന്ദിപ്രമേയ ചര്‍ച്ചക്ക് തുടക്കമിടാനെഴുന്നേറ്റതോടെ പി.സി ജോര്‍ജിനെതിരെയായി പ്രതിഷേധം. ജോര്‍ജിനും അതോടെ സന്തോഷമായി. മൂന്നാം മണിക്കൂറില്‍ സഭപിരിഞ്ഞു.
ഈ ബഹളങ്ങള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വി.എസ് അച്യുതാനന്ദന് സ്വന്തം പാര്‍ട്ടിക്കാര്‍ നല്‍കിയ മുന്നറിയിപ്പാണ്. കോടിയേരിയുടെ അവതരണവും മന്ത്രിയുടെ മറുപടിയും കഴിഞ്ഞിയുടന്‍ പ്രതിപക്ഷം ബഹളം ശക്തമാക്കി. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുക എന്നൊരു പതിവുണ്ട് സഭയില്‍. അതിന് സഖാക്കള്‍ സമയം കൊടുത്തില്ല. എ.കെ ബാലനും കോടിയേരിയും ചേര്‍ന്ന് പെട്ടെന്ന് പിന്‍നിരയെ കളത്തിലിറക്കി വി.എസിനെ വെട്ടിനിരത്തി. സഭ നിറുത്തിയപ്പോഴും കണ്ടു ഇതിന്‍െറ ബാക്കി. ചര്‍ച്ചയെല്ലാം നടന്നത് കോടിയേരിയുടെ സീറ്റിന് ചുറ്റും. മുഖം കടുപ്പിച്ച് ആള്‍കൂട്ടത്തില്‍ ഏകനായി വി.എസ്. സി.ദിവാകരന്‍ മുതല്‍ കെ.ടി ജലീല്‍ വരെ അവിടെ കൂടി. പക്ഷെ ആരും വി.എസിനോട് മിണ്ടിയില്ല. സ്പീക്കറുടെ ചര്‍ച്ച കഴിഞ്ഞത്തെിയപ്പോള്‍ കിട്ടിയ ചെറിയ സമയംകൊണ്ട് സൂര്യനെല്ലിയിലെ ഏറ്റവും നിര്‍ണായക പോയന്‍റില്‍ വി.എസ് കൊളുത്തി: ‘പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഇരയുടെ മൊഴി പരിഗണിച്ച് പുനരന്വേഷിക്കണം. മറിച്ച്പറയുന്നത് നിയമ വിരുദ്ധമാണ്. അതിന് കൂട്ടുനില്‍ക്കാനാകില്ല. പുനരന്വേഷണം വരെ സന്ധിയില്ലാ സമരം നടത്തും.’ വി.എസിന്‍െറ സമരം എവിടെയൊക്കെ ചെന്നിടിക്കുമെന്ന് ഒരു നിശ്ചയവുമില്ല. പക്ഷെ സമരത്തില്‍ വി.എസ് ഏറെക്കുറെ ഏകനായിരിക്കുമെന്നതിന് സഭ സാക്ഷി. സൂര്യനെല്ലിയുടെ ഓരോ സാധ്യതകള്‍!

4...02...13

പരിസ്ഥിതി പ്രണയം പറഞ്ഞുതീരാതെ സഭനിയമ നിര്‍മാണം മാത്രം ലക്ഷ്യമിട്ട് പത്ത് ദിവസത്തേക്ക് ചേര്‍ന്നതായിരുന്നു പതിമൂന്നാം സഭയുടെ ആറാം സമ്മേളനം. നിയമ നിര്‍മാണം ഒരുവഴിക്കും അതിന്‍െറ ചര്‍ച്ച വേറെ വഴിക്കും നടക്കുന്നതിനിടയിലും സഭയില്‍ മിക്ക ദിവസവും നിറഞ്ഞുനിന്നത് പരിസ്ഥിതിയായിരുന്നു. അവസാന ദിവസവും അതിലൊട്ടും കുറവുണ്ടായില്ല. പ്രകൃതി സ്നേഹികളുടെ പരിസ്ഥിതി പ്രണയം പറഞ്ഞുതീരാതെയാണ് ഒടുവില്‍ സഭ പിരിഞ്ഞതും.
അവസാന ദിവസത്തെ ചൂടും ചൂരുമില്ലാതെയാണ് ഇന്നലെ സഭ തുടങ്ങിയത്. ധന വിനിയോഗാവലോകന റിപ്പോര്‍ട്ടിലെ ശിപാര്‍ശകളുടെ പേരിലായിരുന്നു എസ്. ശര്‍മയുടെ അടിയന്തിര പ്രമേയം. ആഗോളവല്‍കരണത്തിന്‍െറ നടത്തിപ്പുകാരായ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഡയറക്ടറാണ് അവലോകന സമിതി അധ്യക്ഷനെന്നതായിരുന്നു പ്രധാന ചാര്‍ജ്. ശിപാര്‍ശ വരുമ്പോഴേക്ക് പ്രമേയവുമായി ഇറങ്ങിപ്പുറപ്പെടേണ്ടതുണ്ടോ എന്ന ഒറ്റച്ചോദ്യത്തിലൊതുങ്ങി മുഖ്യമന്ത്രിയുടെ മറുപടി. പിന്നെ ഉപദേശവും: ‘ഇതെടുക്കണോയെന്ന് തോമസ് ഐസകിനോടെങ്കിലും ചോദിക്കണമായിരുന്നു.’ പതിവില്‍ നിന്ന് വ്യത്യസ്തമായി ഐസക് അപ്പോള്‍ മൗനം പാലിച്ചു. അതിന് വേറെ കാരണമുണ്ടെന്ന് ഉമ്മന്‍ചാണ്ടി മറുപടിയുടെ രണ്ടാം ഘട്ടത്തിലത്തെിയതോടെ തെളിഞ്ഞു: ‘തോമസ് ഐസക്കും ശര്‍മയും മന്ത്രിയായിരിക്കേ പ്രസിദ്ധീകരിച്ച ധനവിനിയോഗ അവലോകന റിപ്പോര്‍ട്ടിലും ഇതേ ശിപാര്‍ശകളുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ വേണമെന്ന് പറയുന്നുണ്ട്. ആഗോളവല്‍കരണം നടപ്പാക്കുന്നവരായിരുന്നില്ല ഈ കമ്മിറ്റികള്‍.’ വിപ്ളവത്തിന്‍െറ കാര്യത്തില്‍ ‘ഞങ്ങളെപ്പോലെയല്ല നിങ്ങളെ’ന്ന് മാക്സിസ്റ്റുകാര്‍ക്കുറപ്പുണ്ട്. അതിനാല്‍ ശിപാര്‍ശ തന്നാലും ‘നടപ്പാക്കില്ളെന്നുറപ്പാണ്’ എന്ന് വാദിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്തിറങ്ങി. വിദേശനിക്ഷേപം അനുവദിച്ചവര്‍ക്ക് ഇരട്ടമുഖമാണെന്ന അടിക്കുറിപ്പോടെ പ്രതിപക്ഷം ശാന്തരായി ഇറങ്ങിപ്പോയി. വമ്പന്‍മാരിറങ്ങിയിട്ടും കളിതോറ്റ് മടങ്ങാനായിരുന്നു വിധി.
അനൗദ്യോഗിക പ്രമേയത്തിലും നേരിട്ടു ഈ മട്ടിലൊരു തിരിച്ചടി. 2006 വരെ ലഭിച്ചിരുന്ന 13.92 ലക്ഷം ടണ്‍ കേന്ദ്ര അരി വിഹിതം പുനസ്ഥാപിക്കാനായിരുന്നു വി.എസ് സുനില്‍കുമാറിന്‍െറ പ്രമേയം. 1964ലെ പോലെ ഒന്നിച്ചുനില്‍ക്കണം, അരി വിഹിതം കേന്ദ്ര ഒൗദാര്യമല്ല, റേഷന്‍ കടകള്‍ പൂട്ടിക്കാന്‍ നീക്കം, ആഗോളവല്‍കരണമാണ് യഥാര്‍ഥ പ്രശ്നം തുടങ്ങി പ്രത്യയശാസ്ത്രപരവും അല്ലാത്തതുമായ കാര്യങ്ങളെല്ലാം വിശദീകരിച്ച സുനില്‍കുമാറിനോടും മന്ത്രി അനൂപ് ജേക്കബ് ഒറ്റ വരിയില്‍ മറുപടി പറഞ്ഞു: ‘ഇപ്പോള്‍ മൊത്തം 16 ലക്ഷം കിട്ടുന്നുണ്ട്. പ്രമേയം പാസാക്കിയാല്‍ അത് കുറയും.’ 36,000 ടണ്‍ മാത്രമേ കിട്ടുന്നുള്ളൂവെന്ന സുനില്‍കുമാറിന്‍െറ വാദം കണക്കുകൊണ്ട് കളിച്ച് മന്ത്രി തള്ളി. മൊത്തക്കണക്ക് മാറ്റി വില തിരിച്ച് പറഞ്ഞ് സ്വന്തം ഭാഗം ഫലപ്രദമായി സമര്‍ഥിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുമില്ല. ഇതേ വിഷയത്തിലെ അടിയന്തിര പ്രമേയ ചര്‍ച്ചയുടെ മറുപടി കേള്‍ക്കാന്‍ ഇരിക്കാതെ ഇറങ്ങിപ്പോയതാണ് വീണ്ടും പ്രമേയവുമായി വരാന്‍ കാരണമെന്ന് ബെന്നി ബഹനാന്‍ വാദിച്ചു. സംഭരണ ശേഷി കൂട്ടി കൂടുതല്‍ അരി ശേഖരിക്കണമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണിയും. 16 ലക്ഷം കിട്ടുന്നതിനാല്‍ പ്രമേയം പിന്‍വലിക്കണമെന്നായിരുന്നു പി.സി ജോര്‍ജിന്‍െറ ആവശ്യം. ഇതുകൊണ്ടൊന്നും തീരില്ല, ഈ വ്യവസ്ഥ തന്നെ മാറ്റണമെന്ന് പതിവുപോലെ സി. രവീന്ദ്രനാഥ് ആവശ്യപ്പെട്ടു. പ്രമേയം സഭ തള്ളി. വോട്ടിംഗ് നില 16:48.
പരിസ്ഥിതി മുഖ്യ പ്രമേയമായി മാറിയ ഈ സെഷനില്‍ പരിസ്ഥിതി പ്രധാനമായ കാര്‍ഷിക കടാശ്വാസ നിയമമടക്കം ആറ് ഓര്‍ഡിനന്‍സുകളാണ് നിയമമാക്കിയത്. ഗവര്‍ണര്‍ തിരിച്ചയച്ച രജിസ്ട്രേഷന്‍ ബില്‍ വീണ്ടും പാസാക്കി. എട്ട് അടിയന്തിര പ്രമേയ നോട്ടീസ് വന്നതില്‍ വിലക്കയറ്റം പ്രത്യേകം ചര്‍ച്ച ചെയ്തു. 18 ശ്രദ്ധ ക്ഷണിക്കല്‍, 177 ഉപക്ഷേപം എന്നിവ അവതരിപ്പിക്കപ്പെട്ടു. 300 ചോദ്യങ്ങള്‍ സഭക്കകത്തുവന്നു. ഇതില്‍ മറുപടി കിട്ടിയത് 39 എണ്ണത്തില്‍. നക്ഷത്ര ചിഹ്നമിടാതെയത്തെിയത് 3547. ദിവസം ശരാശരി 385 ചോദ്യം. സഭക്കകത്ത് പ്രസംഗ ആവശ്യത്തിനായി അംഗങ്ങള്‍ക്ക് ഐ പാഡും ലാപ്ടോപ്പും ഉപയോഗിക്കാന്‍ അനുമതി നല്‍കിയതാണ് ഈ സെഷന്‍െറ ചരിത്ര പ്രാധാന്യം. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു നടപടി. ചട്ടം 49 പ്രകാരം നടന്ന ചര്‍ച്ച അഞ്ചുവര്‍ഷത്തിന് ശേഷം ആദ്യമായിരുന്നു.
വ്യാഴാഴ്ച രാത്രി വൈകിയും നടന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാണ് പരിസ്ഥിതി പ്രമേയത്തില്‍ ഏറ്റവും ശ്രദ്ധേയമായത്. വികസന വാദികളും പരിസ്ഥിതി വാദികളും തമ്മില്‍ പാര്‍ട്ടികള്‍ക്കതീതമായി ഏറ്റുമുട്ടിയ ചര്‍ച്ചയുടെ അലയൊലി അവസാന ദിവസവും സഭയെ വിട്ടുമാറിയിരുന്നില്ല. പശ്ചിമ ഘട്ടത്തിലെ അനധികൃത ക്വാറികള്‍ തടയണമെന്ന വി.ഡി സതീശന്‍െറ ഉപക്ഷേപം പരിസ്ഥിതി ചര്‍ച്ചക്ക് വീണ്ടും വഴി തുറന്നു. നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണവും നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് ടി.എന്‍ പ്രതാപന്‍ കൊണ്ടുവന്ന അനൗദ്യോഗിക പ്രമേയത്തിലും വിഷയം പരിസ്ഥിതി തന്നെയായിരുന്നു. ചട്ട പ്രകാരം സമയം തീര്‍ന്നതോടെ ചര്‍ച്ച വഴിയില്‍ നിറുത്തിവച്ചാണ് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. അടുത്ത സെഷനില്‍ ആരൊക്കെയുണ്ടാകും പരിസ്ഥിതി വാദിക്കൂട്ടത്തിലെന്ന് കാത്തിരുന്നുകാണാം.

21....12....12

കോത്താമ്പ്ര കമ്മീഷന്‍െറ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
അകത്തും പുറത്തും വൈദ്യുത വിളിക്കുകള്‍ നിറഞ്ഞുകത്തുന്ന ഉദ്യാനമാണ് നിയമസഭ. ബഹുനില മന്ദിരം. കേന്ദ്രീകൃത എയര്‍കണ്ടീഷന്‍. സുഭിക്ഷമായ ഭക്ഷണം. നാനാഭാഗത്തും വിളിപ്പുറത്ത് സേവകര്‍. പ്രത്യേക അവകാശങ്ങള്‍. സമൃദ്ധമായ ആഡംബര ജീവിതത്തിന് വേണ്ട ചേരുവകളെല്ലാം കൈയ്യത്തെുംദൂരത്ത് ലഭ്യമായാല്‍ ആരും ദാര്‍ശനീകനായിപ്പോകും. അവസരം കിട്ടിയാലുടന്‍ ബൗദ്ധിക വ്യായാമം ചെയ്തുപോകും. പ്രസംഗമാകട്ടെ അതിനുള്ള എളുപ്പവഴിയുമാണ്. സഭയിലെ നിയമ നിര്‍മാണ ചര്‍ച്ചയാണെങ്കില്‍ പ്രസംഗം നിയന്ത്രിക്കാന്‍ സ്പീക്കര്‍ക്കുപോലും അവകാശമില്ലാത്ത വകുപ്പും. അംഗങ്ങളുടെ ഈ ബൗദ്ധിക വ്യവഹാരത്തിന് മുന്നില്‍ നിസ്സഹായനായിപ്പോയ സ്പീക്കറെ സാക്ഷിനിര്‍ത്തി സഭാംഗങ്ങളിന്നലെ 14 മണിക്കൂറാണ് സംസാരിച്ചു തകര്‍ത്തത്. രാവിലെ എട്ടരക്ക് തുടങ്ങിയ ഇടപാട് അവസാനിച്ചത് രാത്രി ഒമ്പത് മണിക്ക്. രണ്ട് നിയമ നിര്‍മാണം, ധന വിനിയോഗ ബില്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്നിവയില്‍ ചര്‍ച്ച, രാവിലെ പതിവുകള്‍ക്കൊപ്പം 50 ഉപക്ഷേപം എന്നിവ സഭ കടന്നുപോയി.
കാര്‍ഷിക കടാശ്വാസ നിയമത്തില്‍ ഒരു വാക്ക് തിരുത്താനും ആധാരമെഴുത്തുകാര്‍ക്ക് ക്ഷേമനിധി ഏര്‍പെടുത്താനുമായിരുന്നു നിയമ നിര്‍മാണം. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക് പക്ഷെ ഈ രണ്ട് വിഷയങ്ങളിലും കാര്യമായി പറയാനൊന്നുമില്ല. എന്നുവച്ച് ബൗദ്ധിക വ്യായാമം ഉപേക്ഷിക്കാനുമാകില്ല. കൊച്ചി ബിനാലെ, ഹിമാചല്‍-ഗുജറാത്ത് തെരഞ്ഞെടുപ്പ്, ക്വിറ്റിന്ത്യാ സമരം, ആഫ്രിക്കന്‍ സാഹിത്യം, യസൂനാരി കവാബത്ത, മിലന്‍ കുന്ദേര, മഹാത്മാഗാന്ധി, ഭഗത് സിംഗ്, മൊറാര്‍ജി ദേശായി, ഫ്ളോറന്‍സ് നൈറ്റിംഗേല്‍ തുടങ്ങി നാവിന് വഴങ്ങിയതെല്ലാം രണ്ട് ബില്ലിലും വിഷയമായി. ബില്ലിന്‍െറ വിഷയം വിട്ട് സംസാരിക്കരുതെന്നാണ് ചട്ടം. ദാര്‍ശനീക ലോകത്ത് വ്യവഹരിക്കുന്നതിനാലാകണം, അംഗങ്ങള്‍ അത് നേരേ മറിച്ചാണ് മനസ്സിലാക്കിയിരിക്കുന്നത്. സഭ രാവിലെ അവസാനിച്ചിരുന്നെങ്കില്‍ സംസ്ഥാനത്തിന് വൈദ്യുതിയെങ്കിലും ലാഭിക്കാമായിരുന്നു. അക്കാര്യം സ്പീക്കര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. സൂര്യന്‍ അസ്തമിച്ചപ്പോള്‍ ജി. കാര്‍ത്തികേയന്‍ രോഷം കൊണ്ടു: ‘സമയം നീളുന്നതില്‍ രണ്ടുകൂട്ടര്‍ക്കും തുല്ല്യ പങ്കാളിത്തമുണ്ട്. ആരും വിഷയത്തില്‍ ഒതുങ്ങിയല്ല സംസാരിക്കുന്നത്. എന്ത് വിഷയം? എന്ത് പ്രസംഗം?’ എന്ത് സഭ എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാതിരുന്നാല്‍ മതി.
കള്ളത്തരമാണെന്ന് പ്രഖ്യാപിച്ച ബിനാലെക്ക് പോയി ഞെളിയാന്‍ മന്ത്രിക്കും കോണ്‍ഗ്രസുകാര്‍ക്കും ഉളുപ്പില്ളേയെന്നായിരുന്നു തോമസ് ഐസകിന്‍െറ സംശയം. ഹിമാചല്‍ ഭരണം തിരിച്ചുപിടിച്ചതില്‍ സി.പി മുഹമ്മദിന് സന്തോഷം. ഇതുവഴി കേന്ദ്ര ഭരണം പിടിക്കുമെന്നാണ് ബെന്നി ബഹനാന്‍െറ പ്രതീക്ഷ. അടിയന്തിരമായി നവീകരിച്ചില്ളെങ്കില്‍ രജിസ്ട്രേഷന്‍ ഓഫീസുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ക്ഷേമനിധി വേറെ ഏര്‍പെടുത്തേണ്ടി വരുമെന്ന് ഷാഫി പറമ്പിലിന്‍െറ പ്രവചനം. ഇതിനിടയില്‍ കാസര്‍ഗോഡ് യൂത്ത് ലീഗ് സമ്മേളനത്തിന് വേണ്ടി മദ്യ നിരോധം ഏര്‍പെടുത്തിയത് വീണ്ടും സഭയിലത്തെി. ബുധനാഴ്ച ലീഗുകാരുടെ ബഹളത്തില്‍ തോറ്റുപോയ പ്രതിപക്ഷം കലക്ടറുടെ ഉത്തരവിന്‍െറ പകര്‍പ്പുമായാണ് എത്തിയത്. ലീഗുകാര്‍ മറുത്തൊന്നും പറഞ്ഞുമില്ല. കോടിയേരി ബാലകൃഷ്ണനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നയിച്ച തര്‍ക്കം ഏറെ നേരം നീണ്ടു.
ഇടതുപക്ഷത്തെ മൊത്തത്തില്‍ ആക്രമിച്ച് പി.കെ ബഷീര്‍ ഒറ്റക്ക് മന്നേറുന്നതിനിടയിലാണ് വി.എസ് സുനില്‍കുമാറിന് സംശയമുണ്ടായത്: ‘എന്താണ് മുസ്ലിം ലീഗിന്‍െറ സാമ്പത്തിക നയം?’ ഒട്ടും വൈകാതെ ബഷീറിന്‍െറ മറുപടി വന്നു: ‘അത് ഞങ്ങള്‍ പണ്ടേ തീരുമാനിച്ചിട്ടുണ്ട്. കോത്താമ്പ്ര കമീഷന്‍ എന്നൊരു കമ്മിറ്റിയുണ്ടായിരുന്നു. അതുണ്ടാക്കിയതാണ് സാമ്പത്തിക നയം.’ ജിന്നയുടെ കാലം തൊട്ട് ഇന്നുവരെയുള്ള ലീഗ് ചരിത്രത്തിലൊന്നും കേള്‍ക്കാത്ത കമീഷന്‍െറ പേര് കേട്ട് കുഞ്ഞാലിക്കുട്ടി വരെ ഞെട്ടി. അതിന്‍െറ കോപ്പി വേണമെന്നായി എളമരം കരീം. ഇംഗ്ളീഷിലായതിനാല്‍ തന്നിട്ട് കാര്യമില്ളെന്ന് ബഷീറും.
കോത്താമ്പ്ര കമീഷനും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും തമ്മില്‍ ചില്ലറ ബന്ധങ്ങളുണ്ടെന്ന് സഭയില്‍ രാത്രി നടന്ന പ്രത്യേക ചര്‍ച്ചയില്‍ വ്യക്തമായി. ഘോരഘോരം പ്രസംഗിക്കുകയും തലങ്ങും വിലങ്ങും ഇടപെടുകയും ചെയ്ത ബൗദ്ധിക വ്യായമാക്കാരില്‍ പലരും അത് ‘കോത്താമ്പ്ര കമീഷന്‍’ പോലൊന്ന് എന്നാണ് ധരിച്ചിരുന്നത്. റിപ്പോര്‍ട്ട് മുഴുവന്‍ കണ്ടവര്‍ സഭയില്‍ ചുരുക്കം. ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇ.എസ് ബിജിമോളാകട്ടെ ചുമക്കാന്‍ ആളില്ലാത്തതിനാല്‍ പ്രയാസപ്പെടുന്നുവെന്ന് സമ്മതിച്ചു. മലയോര മേഖലയില്‍ നിന്ന് ആളുകളെ ഇക്കിവിടേണ്ടി വരുമെന്നായിരുന്നു മുഖ്യ പ്രഭാഷകനായ കോടിയേരി ബാലകൃഷ്ണന്‍െറ പ്രഖ്യാപനം. ജനവാസം അസാധ്യമാക്കും. മനുഷ്യനെ കാണാത്ത റിപ്പോര്‍ട്ടെന്ന് അടിക്കുറിപ്പും. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് പശ്ചിമഘട്ട ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്ന് വി.ഡി സതീശന്‍ ഓര്‍മിപ്പിച്ചു. റിപ്പോര്‍ട്ടിന്‍െറ പേരിലെ കിംവദന്തികള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണ്. അവരുടെ സമ്മര്‍ദങ്ങളെ ചെറുക്കണം. അവിടെയുള്ള മുഴുവന്‍ അനധികൃത നിര്‍മാണങ്ങളും നിര്‍ത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വികസനത്തിന് മുട്ടി ഇടത്തും വലത്തും നില്‍ക്കുന്നവര്‍ക്ക് പക്ഷെ അതൊന്നും ദഹിച്ചിട്ടില്ളെന്ന് പിന്നാലെ വന്നവരില്‍ പലരും തെളിയിച്ചു. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണ്ടെന്ന് പറയുന്നത്ര എളുപ്പമല്ല, ഉള്ള റിപ്പോര്‍ട്ടിനെപ്പറ്റി ഇല്ലാത്തത് പറയുന്നത്. അതുകൊണ്ട് അവര്‍ക്കിഷ്ടം കോത്താമ്പ്ര കമ്മീഷനാണ്. ബൗദ്ധിക വ്യായാമത്തില്‍ ഏറെ സഹായകരവും. അതിന് പറ്റിയൊരു പ്രമേയം പാസാക്കിയാണ് പതിനാലാം മണിക്കൂറില്‍ സഭപിരിഞ്ഞത്.

20...12...12

കൂറുമാറ്റത്തിനിടയിലെ ബാര്‍ അടക്കല്‍എഴുതിക്കഴിഞ്ഞ ഒരു വാചകത്തില്‍ ‘മൂന്ന്’ എന്ന അക്കം ‘15’ എന്നാക്കി മാറ്റാന്‍ എത്രസമയമെടുക്കുമെന്ന ചോദ്യം തികച്ചും ബാലിശമാണ്. എന്നാല്‍ കേരള നിയമസഭയെ പറ്റിയാണെങ്കില്‍ അതിനേക്കാള്‍ സുപ്രധാന ചോദ്യം വേറെയില്ല. പഞ്ചായത്തീരാജ് നിയമത്തില്‍ ഇത്രയും മാറ്റം വരുത്താന്‍ ഇന്നലെ വേണ്ടിവന്നത് രണ്ട് മണിക്കൂറിലേറെ സമയം. എഴുത്ത് തെളിയാഞ്ഞിട്ടല്ല ഈ ദൈര്‍ഘ്യം. മറിച്ച് അങ്ങനെ മാറ്റിയെഴുതുന്നതിന്‍െറ ന്യായാന്യാതകളെ പറ്റി നിയമനിര്‍മാണ പ്രഗത്ഭര്‍ ഘോരഘോരം നടത്തിയ പ്രസംഗം തീരാന്‍ അത്രയും സമയമെടുത്തുവെന്നത് തന്നെ. മൂന്ന് വരി മാറ്റാനുണ്ടായിരുന്ന തദ്ദേശ സ്ഥാപനങ്ങളിലെ കൂറുമാറ്റ നിരോധ ഭേദഗതി ബില്‍ ചര്‍ച്ചക്കുമെടുത്തു, അത്രതന്നെ സമയം. ആകാശത്തിന് താഴെയുള്ള സകലമാന വിഷയങ്ങളിലും അഭിപ്രായം രേഖപ്പെടുത്താന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്താന്‍ മാത്രം മണ്ടന്‍മാരല്ല തങ്ങളെന്ന് തെളിയിക്കാന്‍ അവര്‍ക്ക് വേറെ അവസരം ഇല്ലല്ളോ?
ചര്‍ച്ചയങ്ങനെ പൊടിപൊടിക്കുമ്പോഴാണ് കാസര്‍കോട് ജില്ലയില്‍ യൂത്ത് ലീഗ് സമ്മേളനം പ്രമാണിച്ച് ബാറുകള്‍ക്ക് കലക്ടര്‍ അര ദിവസം അവധി കൊടുത്ത കാര്യം ഉദുമയിലെ കെ. കുഞ്ഞിരാമന് ഓര്‍മ വന്നത്. അതോടെ സഭയാകെ ബാറില്‍ കയറിയ മട്ടിലായി. ലീഗ് അംഗങ്ങള്‍ ഒറ്റക്കെട്ടായി ബഹളംവച്ചു. അത്തരമൊരു ഉത്തരവില്ളെന്ന് പി.സി വിഷ്ണുനാഥ് ക്രമപ്രശ്നമുന്നയിച്ചു. ചെയറിലിരുന്ന വി.എസ് സുനില്‍കുമാര്‍ മാന്യമായി അത് തീര്‍ത്തു: ‘ഒരുരാഷ്ട്രീയ പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുന്ന അനാവശ്യ പരാമര്‍ശങ്ങള്‍ അംഗങ്ങള്‍ നടത്തരുത്. അവാസ്തവ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യും.’ ചെയര്‍ തള്ളിയാലും പ്രാസംഗികന്‍ പി.ടി.എ റഹീമാണെങ്കില്‍ ലീഗിന് വരാനുള്ളത് വഴിയില്‍ തങ്ങില്ല: ‘അഞ്ചാം മന്ത്രിക്ക് കാട്ടിയ ഉശിരും വാശിയും മദ്യ നിരോധത്തിന് കാട്ടിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു’വെന്ന് ചൂണ്ടിക്കാട്ടിയ റഹീം, കലക്ടര്‍ ഉത്തരവിന് വാര്‍ത്തയുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ വീണ്ടും ബഹളമായി. ഒടുവില്‍ അതും നീക്കി. അന്ന് ബാറുണ്ടായിരുന്നുവെന്ന് സമ്മേളനത്തിന് പോയ ലീഗുകാര്‍ തറപ്പിച്ച് പറയുന്നതിനാല്‍ അതുതന്നെയാകും ശരി.
എന്നാല്‍ എല്ലാ അലവലാതികളും വരുന്നതിനാല്‍ കലക്ടര്‍ അങ്ങിനെ തീരുമാനിക്കാനിടയുണ്ടെന്നാണ് കെ.എന്‍.എ ഖാദറിന്‍െറ വിശ്വാസം. പറയാന്‍ കാരണമുണ്ട്. ‘പണ്ടൊരു പോക്കറ്റടിക്കാരന്‍ കേസ് വിചാരണ മാറ്റിവക്കാന്‍ കോടതിയോട് അപേക്ഷിച്ചു. കാരണം യൂത്ത് ലീഗ് സമ്മേളനം. ആളുകൂടുന്ന സ്ഥലത്തെല്ലാം തനിക്കും പോകണമെന്നാണ് അയാളുടെ ആവശ്യം.’ സി.പി.ഐക്കാരനായിരുന്ന ഖാദര്‍ പാര്‍ട്ടി മാറിയപ്പോഴാണോ പോക്കറ്റടിക്കാരുടെ കേസ് കിട്ടിയതെന്നായി വി.എസ് സുനില്‍കുമാറിന്‍െറ സംശയം. അതിനുത്തരം കിട്ടാതെ വലയുമ്പോഴാണ് ‘സി.പി.എം സമ്മേളനത്തിന് ബാര്‍ അടക്കാതിരുന്ന കാര്യം’ എ. പ്രദീപ്കുമാര്‍ ഓര്‍ത്തത്. കള്ളുകുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ കോട്ടയം വിളംബരം വായിച്ചതോടെ പ്രദീപിന് ആവേശം തീര്‍ന്നു.
ബാറിനൊപ്പം സഭയില്‍ നിറഞ്ഞുനിന്നത് കൂറുമാറ്റമായിരുന്നു. ലോനപ്പന്‍ നമ്പാടന്‍ത് മുതല്‍ ശെല്‍വരാജ് വരെയുള്ളവരുടെ പട്ടിക ഇരുപക്ഷവും ആവര്‍ത്തിച്ചു. കൂറുമാറ്റം ആരുടേതായാലും ആശയപരമല്ളെന്നായിരുന്നു വി.ഡി സതീശന്‍െറ നിലപാട്. എന്നാല്‍ ശെല്‍വരാജ് രാജിവച്ചതിനാല്‍ അതില്‍ മാന്യതയുണ്ട്. ഒട്ടും മാന്യതയില്ലാതെ കൂറുമാറ്റത്തിന് കേരള ചരിത്രത്തില്‍ തുടക്കമിട്ടത് നമ്പാടനാണെന്നും സതീശന്‍ വാദിച്ചു. പഴയ നേതാവാണെങ്കിലും അന്നത്തെ കാര്യങ്ങളില്‍ എ.കെ ശശീന്ദ്രന് ഓര്‍മക്കുറവുണ്ട്. അത്തരമൊരു പിഴവും സതീശന്‍ തിരുത്തി: ‘അന്ന് നിങ്ങളെടുത്ത നിലാപാട് ആശയപരമായിരുന്നു. അതിനെ നമ്പാടന്‍െറ പേരിനൊപ്പം കൂട്ടിപ്പറഞ്ഞ് സ്വയം അപഹാസ്യനാകരുത്.’ കൂറുമാറ്റക്കച്ചവടത്തിലെ കമ്പോളക്കണക്ക് പറഞ്ഞ പി. ശ്രീരാമകൃഷ്ണനോട് നമ്പാടന് എന്ത് വിലകൊടുത്തുവെന്നായി പി.സി ജോര്‍ജ്. ശെല്‍വരാജിനെന്ത് കൊടുത്തുവെന്ന് കെ.കെ ജയചന്ദ്രനും. എല്ലാവരും പരസ്പരം കൊടുക്കുന്നുണ്ടെന്ന് തന്നെ.
പലവട്ടം പറഞ്ഞുതേഞ്ഞതാണെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ വഴിയില്‍ വിലങ്ങനെ കിടന്നിരുന്ന ‘ടാഗ്’ സമ്പ്രദായത്തെപ്പറ്റി ഒരിക്കല്‍ കൂടി സഭയില്‍ വിശദമായ ചര്‍ച്ച നടന്നു. തോമസ് ഐസക് കുതര്‍ക്കങ്ങള്‍ കൊണ്ടും പ്രൊഫ. സി രവീന്ദ്രനാഥ് സിദ്ധാന്തങ്ങള്‍ കൊണ്ടും മന്ത്രിമാരായ എം.കെ മുനീറിനെയും കെ.സി ജോസഫിനെയും നേരിട്ടു. രണ്ടുതരം വാദങ്ങളും ജനകീയ ആസൂത്രണത്തിനും സുതാര്യതക്കും വേണ്ടി മാത്രം. ആസ്തി വികസന ഫണ്ടിന്‍െറ അധികാരത്തര്‍ക്കത്തിലുമുണ്ടായി അത്രതന്നെ വിശദമായ ചര്‍ച്ച. പി.ടി.എ റഹീം തുടങ്ങിവച്ചപ്പോള്‍ സി. ദിവാകരന്‍, മോന്‍സ് ജോസഫ്, ഐഷ പോറ്റി, ഇ.കെ വിജയന്‍, പാലോട് രവി മുതല്‍ ചെയറിലിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ വരെ സജീവമായി.
ബില്‍ ചര്‍ച്ച തീര്‍ന്നപ്പോള്‍ സഭയില്‍ പ്രത്യേക ചര്‍ച്ച വന്നു. ചട്ടം 49. പന്ത്രണ്ട് വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം നടന്ന ഈ അരമണിക്കൂര്‍ ചര്‍ച്ചയുടെ വിഷയം പെന്‍ഷന്‍ പരിഷ്കരണം. ഇരുപത്തെട്ടാം മിനിറ്റില്‍ ഇറങ്ങിപ്പോയി പ്രതിപക്ഷം രാവിലത്തെ കുറവുതീര്‍ത്തു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഉരുണ്ടുമറിഞ്ഞ കെ.എം മാണിക്ക് ഇറങ്ങിപ്പോക്ക് അനുഗ്രഹമായി. ചര്‍ച്ചാ ബഹളങ്ങള്‍ക്കിടെ സ്പീക്കറുടെ ഒരു ശ്രദ്ധേയ വിധി വന്നു. മദ്യ നിരോധ അധികാരം പഞ്ചായത്തുകള്‍ക്ക് കൊടുക്കാന്‍ ഹിത പരിശോധന നടത്തണമെന്ന് കെ.എന്‍.എ ഖാദര്‍ നിര്‍ദേശിച്ചപ്പോഴായിരുന്നു അത്: ‘അത്രക്ക് പോകണ്ട. ഹിത പരിശോധനക്ക് പോകാതിരിക്കലാണ് ആരോഗ്യത്തിന് നല്ലത്.’ പ്രസംഗിച്ച് വശംകെടുന്ന അംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കൂടി സ്പീക്കര്‍ക്ക് ദയവുണ്ടാകണം.


19...12...12

നിയമസഭയിലെ കശാപ്പുകാര്‍ഉക്രൈനിലെ കശാപ്പുകാരന്‍ എന്ന് പേരുകേട്ട ക്രൂഷ്ചേവിന്‍െറയും അതേ ക്രൂഷ്ചേവ് രേഖാമൂലം കശാപ്പുകാരനെന്ന് വിളിച്ച സ്റ്റാലിന്‍െറയും ആലപ്പുഴയിലെ പിന്മുറക്കാരനാണ് ജി. സുധാകരന്‍. പൂര്‍വഗാമികളെപ്പോലെ തോക്കും ടാങ്കുമൊന്നും സുധാകരന് നിര്‍ബന്ധമില്ല. എഴുതാനൊരു കടലാസ്. അല്ളെങ്കില്‍ പറയാനൊരു മൈക്ക്. ആരെയും വധിക്കാന്‍ അത്രമതി. ആഗോള കമ്യൂണിസത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി സുധാകരന്‍ ഇന്നലെ പറഞ്ഞതത്രയും കശാപ്പുകാരെ പറ്റിയായിരുന്നു. വിഷയം കേരള സര്‍ക്കാര്‍: ‘ഇവര്‍ മനുഷ്യരെയല്ല കൊല്ലുന്നത്. രാഷ്ട്രമീമാംസയെയാണ്. ബുച്ചേഴ്സ് ഓഫ് കോ ഓപറേഷന്‍. ബുച്ചേഴ്സ് ഓഫ് ഡിമോക്രസി. ബുച്ചേഴ്സ് ഓഫ് കൊണ്‍സ്റ്റിറ്റ്യുഷന്‍. ബുച്ചേഴ്സ് ഓഫ് ഈക്വല്‍ ജസ്റ്റിസ്. മന്ത്രിമാരെല്ലാം ബുച്ചേഴ്സ്. ഉമ്മന്‍ചാണ്ടി മേജര്‍ ബുച്ചര്‍.’ ഇത് പുലഭ്യം പറച്ചിലാണെന്ന് പറയാന്‍ കൊടുങ്ങല്ലുര്‍ ഭഗവതിയെ കൂട്ടുപിടിച്ച സി.പി മുഹമ്മദിനെ സഖാക്കള്‍ വട്ടം ചേര്‍ന്ന് കശാപ്പുചെയ്തു. ഇരുഭാഗത്തെയും വമ്പന്‍മാര്‍ ഏറ്റുമുട്ടിയ ഉപധനാഭ്യര്‍ഥന ചര്‍ച്ച അങ്ങനെ കൊലവിളിയും നിലവിളിയും ബഹിഷ്കരണവുമൊക്കെയായി സംഭവബഹുലമായി.
സുധാകരന് തൊട്ടുപിന്നാലെ വന്ന സണ്ണിജോസഫ് കേരള കമ്യൂണിസത്തിന്‍െറ കൊലക്കഥകള്‍ കെട്ടഴിച്ചു. മനുഷ്യനെക്കൊല്ലുന്ന കശാപ്പുകാരാണ് സ്ഥാപിക്കാന്‍ സണ്ണി ജോസഫിന് വിയര്‍ക്കേണ്ടി വന്നില്ല. കെ. ശിവദാസന്‍ നായര്‍ സഹകരണക്കശാപ്പിന്‍െറ കണക്കുപറഞ്ഞു: ‘പിരിയാരം, ചേര്‍ത്തല, എരുകേശി, വനിതാസംഘം...’ സുധാകരനും പാര്‍ട്ടിക്കാരും ചേര്‍ന്ന് കൊന്നുകളഞ്ഞ സഹകരണ കുഞ്ഞുങ്ങളുടെ പട്ടിക. പിന്നെ ആര്‍ ബ്ളോക്കിലെ ഭൂമി തട്ടിയവരുടെ കണക്ക്. ഇതൊക്കെ പറയുന്നതിനിടയിലും സി.എന്‍ ബാലകൃഷ്ണനെയാണ് ‘ബുച്ചറെ’ന്ന് വിളിച്ചത് എന്ന് നൂറ്റൊന്നാവര്‍ത്തിച്ച് സ്ഥാപിച്ചു. ആര്‍ ബ്ളോക്ക് ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍െറ പിന്തുണയും ഉറപ്പാക്കി. കിട്ടിയ അവസരം ഉപയോഗിച്ച് സ്വന്തം പാര്‍ട്ടിക്കാരെ കശാപ്പുചെയ്യുന്നതില്‍ സുധാകരനും ശിവദാസന്‍ നായരും ഒരുപോലെ മികവുകാട്ടി.
സമീപകാലത്ത് വാര്‍ത്തയായ മുഴുവന്‍ വിഷയങ്ങളും പരാമര്‍ശിച്ച് ചര്‍ച്ച തുടങ്ങിയ കോടിയേരി ബാലകൃഷ്ണന്‍ ചെന്നത്തെിയത് തലസ്ഥാന നഗരത്തെ വിറപ്പിക്കുന്ന ബ്ളാക് മാന്‍ കഥയില്‍. നാട്ടുകാരുടെ സ്വസ്ഥ ജീവിതം  തകര്‍ത്ത ആഭ്യന്തര മന്ത്രിയാണ് ഈ ‘കറുത്ത മനുഷ്യനെ’ന്ന് എളമരം കരീമിന് സംശയമുണ്ട്. പ്രതിപക്ഷ നിരയുടെ മുന്നിലിരിക്കുന്നയാളാണ് ‘കറുത്ത മനുഷ്യനെ’ന്നും അയാളെ മറിച്ചിടാന്‍ തൊട്ടടുത്തിരിക്കുന്ന വെളുത്ത മനുഷ്യന്‍ ശ്രമിക്കുന്നുണ്ടെന്നും കെ.എന്‍.എ ഖാദറും. ദലിതുകളെ വേട്ടയാടാനുള്ള കുതന്ത്രമാണ് ബ്ളാക്മാന്‍ കെട്ടുകഥയെന്ന് സമര്‍ഥിച്ച പി.സി ജോര്‍ജ് സ്വത്വ രാഷ്ട്രീയത്തില്‍ എത്തി: ‘പട്ടിക വര്‍ഗക്കാര്‍ക്ക് വേണ്ടി പ്രത്യേക തൊഴുത്തുണ്ടാക്കുകയാണ് സി.പി.എം. പട്ടികജാതിക്കാരെ സംഘടിപ്പിക്കാന്‍ സി.പി.എം നടക്കുമ്പോള്‍ ഡി.വൈ.എഫ്.ഐ ജാതി രഹിത സമരം നടത്തുന്നു.’ സി.പി.എം സൈദ്ധാന്തികരൊന്നും ഇതിന് മറുടി പറഞ്ഞില്ല്ള. പക്ഷെ വര്‍ഗരാഷ്ട്രീയത്തില്‍ നവാഗതനായ കെ.ടി ജലീലിന് അത് സഹിച്ചില്ല: ‘വ്യക്തിനിഷ്ടമായ മതവും ജാതിയുമെല്ലാം യു.ഡി.എഫ് പൊതു വിഷയമാക്കുന്നു. ഭരിക്കുന്നവരുടെയും ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയുമെല്ലാം ജാതിയാണ് ചര്‍ച്ചയാക്കുന്നത്.’
സി.പി.എമ്മിലെ അച്ചടക്കമായിരുന്നു കെ. മുരളീധരന്‍െറ വിഷയം: ‘കൂടംകുളത്ത് പോകരുതെന്ന് കാരാട്ട് പറഞ്ഞത് അനുസരിക്കാത്ത അച്യുതാനന്ദന്‍, ‘അയ്യാ തിരുമ്പിപ്പോ...’യെന്ന് നാഗര്‍കോവില്‍ ഡി.വൈ.എസ്.പി പറഞ്ഞപ്പോള്‍ മടങ്ങിപ്പോന്നു.’ മുരളീധരന്‍െറ ഈ ആത്മവിശ്വാസത്തിന്‍െറ രഹസ്യം എളമരം കരീം വെളിപ്പെടുത്തി: ‘അനാഥരെ ദത്തെടുക്കുന്ന പദ്ധതിയില്‍ ഒന്നും നടന്നില്ല. ഒരുഗതിയുമില്ലാതെ അലഞ്ഞുതിരിഞ്ഞിരുന്ന മുരളീധരനെ ദത്തെടുത്തതാണ് ഏക നേട്ടം.’ കൊച്ചിയില്‍ നഗ്നനായി ഓടിയ യുവാവിന്‍െറ രഹസ്യം വി.എസ് സുനില്‍കുമാറും വെളിപ്പെടുത്തി: ‘കെ.എസ്.യു യൂണിറ്റ് യോഗത്തില്‍ നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ഥിയാണ്. അതിനാല്‍ നടപടിയെടുക്കാന്‍ പറ്റാതായി.’ പാമ്പാടിക്കും പുതുപ്പള്ളിക്കും വേണ്ടി 121 പോസ്റ്റ് അനുവദിച്ചത് കണ്ട് മാത്യു ടി തോമസ് രോഷാകുലനായി. വാള്‍മാര്‍ട്ട്, കെ.എഫ്.സി, ടോള്‍ ബൂത്ത് തുടങ്ങി സകലതും ചൈനയിലെമ്പാടും കാണാന്‍ കഴിഞ്ഞതിന്‍െറ സന്തോഷത്തിലാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി.  സി.പി.എം പറയുംപോലുള്ള മാക്സിസം മാത്രം അവിടെ കണ്ടില്ലത്രെ. ചൈനീസ് മോഡലിന്‍െറ ചെറിയൊരു പകര്‍പ്പ് കാണാനായതില്‍ പി.സി വിഷ്ണുനാഥിനുമുണ്ട് സന്തോഷം: ‘റിലയന്‍സിന്‍െറ 43 ഒൗട്ട്ലറ്റുകള്‍ കേരളത്തില്‍ വന്നതെങ്ങനെയെന്ന് കുത്തക വിരുദ്ധ സമരസഖാക്കള്‍ ജനങ്ങളോട് പറയണം.’
രാഷ്ട്രീയ കശാപ്പുകളുടെ വര്‍ത്തമാന കാല ചരിത്രത്തിലെ ചര്‍ച്ച തീര്‍ന്നത് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനിലായത് സ്വാഭാവികം. എം.എം മണിക്ക് കിട്ടിയതിന് തത്തുല്ല്യമായ നീതി സുധാകരന് ലഭ്യമാക്കാനായി കമ്യൂണിസ്റ്റുകാര്‍ അവസാന മിനിറ്റില്‍ സഭ ബഹിഷ്കരിച്ചു. എന്നിട്ടും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടങ്ങിയില്ല: ‘ഭരണം മാറിയാല്‍ തട്ടിക്കളയും എന്നൊക്കെ എളമരം കരീമും മറ്റും ഭീഷണിപ്പെടുത്തുന്നത് കേട്ടു. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്‍െറ കൈയ്യും കാലും വെട്ടിക്കളയാം. തൂക്കിക്കൊല്ലാം. എന്നാലും ടി.പി വധക്കേസ് നടപടികളില്‍ നിന്ന് ഒരടി പിന്നോട്ട് പോകുന്ന പ്രശ്നമില്ല.’ റയോണ്‍സില്‍ നിന്ന് കശാപ്പുകളി പഠിച്ചയാളാണ് കരീമെന്ന് തിരുവഞ്ചൂര്‍ ഓര്‍ത്താല്‍ നന്ന്.

(18...12...12)

നാക്കുകൊണ്ട് ഇരുട്ടുണ്ടാക്കുന്നവര്‍മനുഷ്യ അവയവങ്ങളെല്ലാം രണ്ടെണ്ണം വീതമാണ് ശരീരത്തിലുള്ളതെന്ന ശാസ്ത്രീയ വിഞ്ജാനം പങ്കുവച്ചത് സ്വകാര്യ ബില്‍ അവതരിപ്പിച്ച ബെന്നി ബഹനാന്‍ ആയിരുന്നു. രണ്ട് കൈ, രണ്ട് കാല്‍, കണ്ണ്, ചെവി അങ്ങിനെ ഉദാഹരണങ്ങളും. നാവിന്‍െറ കാര്യം പ്രത്യേകം പറഞ്ഞില്ളെങ്കിലും പ്രസംഗം കേട്ടാലറിയാം, അത് രണ്ടില്‍ ഒതുങ്ങില്ളെന്ന്. അക്കാര്യത്തില്‍ ബെന്നി ഒറ്റക്കുമല്ല. അടിയന്തിര പ്രമേയം അനുമതി തേടിയ എ.കെ ബാലന്‍, അതിന് മറുപടി പറഞ്ഞ ആര്യാടന്‍ മുഹമ്മദ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരെല്ലാം കൂട്ടുണ്ട്. പവര്‍കട്ട് ആര്യാടന്‍െറ കെടുകാര്യസ്ഥതയാണെന്ന് ബാലന്‍ സമര്‍ഥിച്ചു. ബാലനേക്കാള്‍ മികച്ചതാണ് ഈ കെടുകാര്യസ്ഥതയെന്ന് ആര്യാടനും. രണ്ടുപേരും പറഞ്ഞുകഴിഞ്ഞപ്പോള്‍ കോടിയേരിയുടെ വക ഉപസംഹാരം: ‘കണക്കുകള്‍ കൊണ്ട് കസര്‍ത്തുകാട്ടി മനുഷ്യനെ ഇരുട്ടിലാക്കാന്‍ സമര്‍ഥനാണ് വൈദ്യുത മന്ത്രി.’ നാക്കുകൊണ്ട് ഇരുട്ടുണ്ടാക്കി അതുകൊണ്ട് ഓട്ടയടക്കുന്നതെങ്ങനെയെന്നാണ് ഈ ചര്‍ച്ചകളില്‍ വ്യക്തമായത്.
വൈദ്യുതി വില വര്‍ധനക്കെതിരെ ബാലന്‍ നടത്തിയ പ്രസംഗം സര്‍ക്കാറിന്‍െറ പരാജയപ്പെട്ട പവര്‍ മാനേജ്മെന്‍റിലേക്കാണ് വിരല്‍ ചൂണ്ടിയത്. എല്ലാത്തിനും തെളിവ് വൈദ്യുതി റഗുലേറ്ററി കമീഷന്‍െറ രേഖകള്‍ തന്നെ: ‘പ്രതിസന്ധിയുണ്ടാക്കിയത് ആസൂത്രണമില്ലായ്മയാണ്. ബോര്‍ഡ് ഈ അവസ്ഥ ഗൗരവമായി കണ്ടില്ല. ഇതിനേക്കാള്‍ കുറഞ്ഞ നീരൊഴുക്കായിരുന്ന വര്‍ഷങ്ങളില്‍പോലും പവര്‍കട്ടുണ്ടായിട്ടില്ല...’ ഇത്തരം വിമര്‍ശങ്ങള്‍ സംശയലേശമന്യേ നിരത്തിയപ്പോള്‍ ആര്യാടന്‍ രാജിവക്കേണ്ടി വരുമെന്ന് വരെ തോന്നിപ്പോയി. മറുപടി പറഞ്ഞ ആര്യാടനും പറയാനുണ്ടായിരുന്നത് കണക്കുകള്‍ തന്നെ. ആ കണക്കുകള്‍ കേട്ടപ്പോള്‍ ബാലന്‍ പറഞ്ഞതെല്ലാം പൊളിയായിരുന്നുവെന്ന സംശയമായി. എന്നിട്ടും ആര്യാടന്‍ അത് പറഞ്ഞില്ല. പകരം പറഞ്ഞതാകട്ടെ: ‘ബാലന്‍ മികച്ച മന്ത്രിയായിരുന്നു. ചിലതൊക്കെ ചെയ്തിട്ടുണ്ട്. പലതും പരാജയപ്പെട്ടെങ്കിലും നല്ല മന്ത്രി തന്നെയായിരുന്നു.’ തര്‍ക്കം തീര്‍ന്നിട്ടും അധികം വൈദ്യുതി വന്നില്ല. വിലയൊട്ട് കുറഞ്ഞുമില്ല. പവര്‍കട്ടില്‍ മാറ്റവുമില്ല. എന്നാലും മന്ത്രിക്ക് എല്ലാം പരിഹരിച്ച മട്ടും ഭാവവുമായിരുന്നു. ബാലനെ തോല്‍പിച്ചതില്‍ ബഹുസന്തോഷവും. അതാണ് നാക്കിന്‍െറ ഗുണം. ആ വൈഭവത്തില്‍ ഒട്ടും പിന്നിലല്ലാത്തതിനാല്‍ പ്രതിപക്ഷത്തിന്  ഇറങ്ങിപ്പോകാനുമായി.
സ്വകാര്യ ബില്ലുകളുടെ കാര്യത്തില്‍ സഭയിത്തവണ സമൃദ്ധമാണ്. ചര്‍ച്ചകള്‍ക്ക് ശേഷം ചത്തുവീഴാനാണ് വിധിയെന്ന് ഉറപ്പുണ്ടെങ്കിലും അംഗങ്ങള്‍ ഇക്കാര്യത്തില്‍ വലിയ ആവേശത്തിലാണ്. ഇന്നലെ സഭയിലത്തെിയത് 14 എണ്ണം. മുന്‍ ബാക്കി മൂന്നും. ഇവക്ക് ആകെ കിട്ടിയതാകട്ടെ 30 മിനിട്ട്. സംസാര വൈദഗ്ദ്യവും വിഷയ വൈപുല്യവും കാരണം ശൂന്യവേള തീര്‍ന്നപ്പോള്‍ അത്രയേ ബാക്കിയുണ്ടായുള്ളൂ. എന്നിട്ടും ചര്‍ച്ചകള്‍ക്ക് കുറവുണ്ടായില്ല. അഞ്ചെണ്ണം പരിഗണിക്കുകയും ചെയ്തു. രണ്ടെണ്ണം വീതം പി. ശ്രീരാമകൃഷ്ണനും ബെന്നി ബഹനാനും. ഒന്ന് ഹൈബി ഈഡനും. ബില്ലുകളുടെ വിഷയ വൈവിധ്യം സ്പീക്കര്‍ ആഹ്ളാദ ചിത്തനായി: ‘രാഷ്ട്രീയം വിട്ട് അംഗങ്ങള്‍ ജനങ്ങളുടെ നിത്യ ജീവിത പ്രശ്നങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത് സന്തോഷകരമാണ്.’ അനര്‍ഹരായ ബി.പി.എല്ലുകാര്‍ക്കെതിരെ നടപടി നിര്‍ദേശിക്കുന്ന ഹൈബി ഈഡന്‍െറ ബില്ലിലെ നിര്‍ദേശങ്ങള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തില്‍ ഉള്‍പെടുത്താമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. കാര്‍ത്തികേയന്‍െറ സന്തോഷം അവിടെയും തീര്‍ന്നില്ല: ‘വെള്ളിയാഴ്ചയായിട്ടും മികച്ച ഹാജര്‍ നില അവസാനം വരെയുണ്ടായി. അതിന് അംഗങ്ങളെ അഭിനന്ദിക്കുന്നു.’
അവയവദാന ലൈസന്‍സിംഗ് ബോര്‍ഡ് ബില്‍ മുന്നോട്ടുവച്ച ബെന്നി ബഹനാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെയും ഫാ. ഡേവിസ് ചിറമ്മേലിന്‍െറയും ത്യാഗ സന്നദ്ധതയെ പ്രകീര്‍ത്തിക്കുമ്പോഴാണ് പി.സി ജോര്‍ജിന് പ്രസക്തമായ നിര്‍ദേശം വച്ചത്: ‘അവരൊക്കെ വൃക്ക ദാനം ചെയ്തിട്ടാണ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. എം.എല്‍.എമാര്‍ക്കും സമ്മത പത്രം നല്‍കി മാതൃക കാട്ടിക്കൂടെ?’ ബെന്നിയുടെ വാചകമടി കേട്ടാല്‍ ആരും ചോദിച്ചുപോകുന്ന സാദാ ചോദ്യം. ശരീരത്തില്‍ തൊട്ടുള്ള വിപ്ളവത്തിനൊന്നും ബെന്നി ബഹനാനെ കിട്ടില്ല. അതിനാല്‍ ജോര്‍ജിന്‍െറ ചോദ്യം ആവിയായി. പകരം ഞ്ഞത് ‘ചീഫ് വിപ് തന്നെ മാതൃക കാട്ടണ’മെന്ന്. എല്ലാം കൊടുക്കാമെന്ന് പി.സി ജോര്‍ജും. കൊള്ളാവുന്ന ഏതവയവമുണ്ടെന്ന് പരിശോധിക്കണമെന്നായി ബെന്നി ബഹനാന്‍. ജോര്‍ജിന്‍െറ നാവ് കൊടുക്കാമെന്ന് അശിരീരിയുണ്ടായി. നിയമപ്രകാരം അതുപറ്റില്ളെന്ന് ബെന്നി ബഹനാന്‍ വെളിപ്പെടുത്തിയതോടെ ആ പ്രതീക്ഷയറ്റു. അല്ളെങ്കില്‍ ബെന്നിക്ക് തന്നെ നാലഞ്ചെണ്ണം ദാനം ചെയ്യാന്‍ കഴിഞ്ഞേനേ.
ഫിസിയോതെറാപ്പി കൗണ്‍സില്‍ രൂപവല്‍കരിക്കണമെന്ന പി. ശ്രീരാമകൃഷ്ണന്‍െറ ബില്ലിലും ചര്‍ച്ച പൊടിപൊടിച്ചു. പി.സി ജോര്‍ജ്, ജമീല പ്രകാശം, എന്‍. ജയരാജ്, എ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ക്ക് അവസരം കിട്ടി. സമയക്കുറവുകൊണ്ട് മാത്രമാണ് മഹാഭൂരിഭാഗവും എഴുന്നേല്‍ക്കാതിരുന്നത്. അല്ളെങ്കില്‍ ഓടിയും ചാടിയും തിരുമ്മിയും നടത്തുന്ന ചികില്‍സയില്‍ അഭിപ്രായം പറയാതിരിക്കാന്‍ അവര്‍ക്കാകുമോ?

(14...12...12)

ഗാന്ധിയന്‍ മാതൃകാ ജീവിതങ്ങള്‍അഹിംസാ സിദ്ധാന്ത പ്രകാരം നാവ് മാരകായുധമായി പ്രഖ്യാപിക്കാത്തതിനാല്‍ സഭയില്‍ സര്‍വരും ഗാന്ധിയന്‍മാരാണ്. അടിയന്തിര പ്രമേയം പോലും തികച്ചും ശാന്തമായും സമാധാനപരമായും കടന്നുപോയപ്പോള്‍ തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തിലെ ഗാന്ധിയന്‍ മാതൃകകളുടെ ശുഭ സൂചനകള്‍ ലഭച്ചുതുടങ്ങിയിരുന്നു. വളരെ സൗമ്യനായ പി.കെ ഗുരുദാസന്‍െറ പ്രമേയത്തിന് അത്ര തന്നെ സൗമ്യതയോടെ മുഖ്യമന്ത്രിയുടെ മറുപടി. കടുത്ത പരിഹാസങ്ങളെ ഹാസ്യം ചേര്‍ത്ത് നേര്‍പിച്ച് വി.എസ് അച്യുതാനന്ദന്‍െറ സംയമനം. ഇറങ്ങിപ്പോകുക പോലും ചെയ്യാതെ പ്രതിപക്ഷ സഹകരണം. ബില്‍ ചര്‍ച്ചയാകട്ടെ മദ്യവിരുദ്ധ ഗാന്ധിയന്‍ സമരമുറ പോലെ ആര്‍ക്കുമൊരു അലോസരവുമുണ്ടാക്കാതെ ഒരുവഴിക്ക്. അതിനിടല്‍ തികച്ചും അവിചാരിതമായി സഭയിന്നലെ ഏതാനും ഗാന്ധിയന്‍ മാതൃകാ ജീവിതങ്ങളെ പരിചയപ്പെട്ടു.
അിടയന്തിര പ്രമേയത്തിന് പലവിഷയങ്ങള്‍ അനുവദിക്കുക പതിവില്ളെന്ന് ഓര്‍മിപ്പിച്ച് മേലില്‍ ആവര്‍ത്തിക്കരുതെന്ന്  സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സൗമനസ്യം കാട്ടി. പരത്തിപ്പറഞ്ഞ് കേട്ടിരുന്നവരെ കിടത്തിക്കളഞ്ഞ ഗുരുദാസന് അതേ മട്ടില്‍ മുഖ്യമന്ത്രിയുടെ മറുപടി. ഉറക്കം കളയേണ്ടെന്ന് കരുതിയാകണം പ്രതിപക്ഷം ഇറങ്ങിപ്പോക്കൊഴിവാക്കിയത്. വാള്‍മാര്‍ട്ടിന്‍െറ 125 കോടിയില്‍ കേരള എം.പിമാര്‍ക്ക് വിഹിതം കിട്ടിയോയെന്ന് ചോദിച്ച വി.എസ് ഉടന്‍ തന്നെ അത് പിന്‍വലിച്ച് മര്യാദക്കാരനായി. രാഷ്ട്രപതി തിരച്ചയച്ച ബില്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പുകാട്ടിയ എ.കെ ബാലന്‍ പോലും അസാധാരണമായ സംയമനം പാലിച്ചു. രാവിലെ ചോദ്യത്തില്‍ ചട്ടം തെറ്റിച്ചതിനും അത് ചോദ്യം ചെയ്ത എ.കെ ശശീന്ദ്രനോട് ക്ഷോഭിച്ചതിനും ഖേദം പ്രകടിപ്പിച്ച് സ്പീക്കറും. ആധാരമെഴുത്തുകാരുടെ ക്ഷേമനിധി ബില്‍ ചര്‍ച്ചയാകട്ടെ ഈ മാതൃകകള്‍ പൂര്‍ണമായി ശരിവച്ചു. കുത്തും കോമയുമില്ലാത്ത ആധാര ഭാഷ പോലെ പ്രഭാഷണങ്ങള്‍ നീണ്ടെങ്കിലും എല്ലാം ശാന്തം. അപ്പനപ്പൂപ്പന്‍മാരുടെ കുടുംബ വിവരങ്ങള്‍ സഹിതം നീണ്ട വരികളില്‍ ദേശ ചരിത്രമെഴുതുന്നത് ഒരു കലയാണെന്ന് സമര്‍ഥിച്ച കെ. രാജു, വിരസതയുടെ കലാമൂല്യം വ്യക്തമാക്കി.
ഉണര്‍ന്നിരുന്നവരെ ഉറക്കിയും ഉറങ്ങിയവര്‍ക്ക് ഗാഢ നിദ്രയൊരുക്കിയും ചര്‍ച്ച മുന്നേറുന്നതിനിടെയാണ് കെ.എന്‍.എ ഖാദര്‍ ലോകത്തുണ്ടായ മാറ്റങ്ങളെ പറ്റി പറഞ്ഞത്. അതോടെയാണ് യഥാര്‍ഥ ഗാന്ധിയന്‍മാര്‍ വെളിപ്പെട്ടത്. ‘1987ല്‍ ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടു. എന്‍െറ പിന്നാലെ യു.എസ്.എസ്.ആര്‍ കമ്യൂണിസം വിട്ടു. അതിന്‍െറ പിന്നാലെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും. കാലം ഒരുപാട് മാറി. ഗാന്ധിജിയുടെ രാമരാജ്യവും നെഹ്റുവിന്‍െറ സോഷ്യലിസവും ഇന്ദിരയുടെ ക്ഷേമരാഷ്ട്രവും പണ്ട് പറഞ്ഞതുപോലെ ഇനി നടക്കില്ല.’ ഖാദര്‍ ഇത്രയുമത്തെിയപ്പോള്‍ സി.കെ നാണു ഓടിവന്നു: ‘നിങ്ങള്‍ ആരെയും തള്ളിപ്പറഞ്ഞോളൂ. പക്ഷെ ഗാന്ധിജിയെ വേണ്ട. ലോകം മുഴുവന്‍ ഗാന്ധിയിലേക്ക് തിരിച്ചുപോകുകയാണ്. ഗാന്ധിജി പഴയതാണെന്ന് പറയരുത്.’ അതോടെ കെ.എന്‍.എ ഖാദര്‍ സ്വന്തം ഗാന്ധി സ്നേഹത്തെപ്പറ്റി വാചാലനായി: ‘ഞാന്‍ ഗാന്ധിജിയുടെ പുസ്തകങ്ങള്‍ എല്ലാം വായിച്ചിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും റേഡിയോയില്‍ ഗാന്ധിമാര്‍ഗം കേള്‍ക്കുന്നുണ്ട്. തല്ലുകൊണ്ടാലും ഗാന്ധിയെ ആക്ഷേപിക്കില്ല.’ ഗാന്ധിയെക്കുറിച്ചെഴുതിയ കവിതകളും ലേഖനങ്ങളും പുസ്തകങ്ങളും അകമ്പടിയായി സേവിച്ചതോടെ സ്പീക്കര്‍ വരെ ഞെട്ടി: ‘നാണു പോലും ഇത്രയും പ്രതീക്ഷിച്ചിട്ടില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി.’
മുന്‍ മാക്സിസ്റ്റുകാരന്‍ മുസ്ലിംലീഗ് വഴി ഗാന്ധിയനായി മാറിയതുകണ്ട് സകലരും വിസ്മയ ഭരിതരായി. സാജുപോളിനാകട്ടെ രോഷം അണപൊട്ടി: ‘സാത്വികനായ എന്‍.ഇ ബലറാം ചെവിക്കുറ്റിക്കടിച്ചിട്ട് നന്നാകാത്തയാള്‍ ഞാന്‍ പറഞ്ഞാല്‍ നന്നാകുമോ? ഗാന്ധിജിയുടെ കൗപീനം കഴുകിയ വെള്ളം കുടിക്കാന്‍ യോഗ്യതയില്ലാത്തോനാണ് രാമരാജ്യത്തെ പറ്റി പറയുന്നത്.’ ഈ രോഷത്തിന്‍െറ രഹസ്യം സാജു തന്നെ വെളിപ്പെടുത്തി: ‘കഴിഞ്ഞ ദിവസം സംസാരിക്കാന്‍ സമയം ചോദിച്ചപ്പോള്‍ വഴങ്ങിയില്ല. അലവലാതി മനസ്സുമായി നടക്കുന്ന ഒരാള്‍ വഴങ്ങിയില്ളെങ്കില്‍ എനിക്കൊന്നുമില്ല.’ അപ്പോഴേക്കും സഭ ഉറക്കമുണര്‍ന്നിരുന്നു. പറഞ്ഞതെല്ലാം പിന്‍വലിക്കണമെന്നായി ഭരണപക്ഷം. പ്രസംഗം തന്നെ നീക്കണമെന്ന് പി.സി വിഷ്ണുനാഥും. പ്രതിഷേധം ശക്തമായപ്പോള്‍ ‘അലവലാതി’ പിന്‍വലിച്ചു. ‘കൗപീനം കഴുകിയ വെള്ള’ത്തിന് പകരം ‘ചെരിപ്പിന്‍െറ വാര്‍ അഴിക്കാന്‍’ എന്ന് തിരുത്തി. അപ്പോഴാണ് സാജുവിന്‍െറ ഗാന്ധിയന്‍ ചരിത്രം സി.പി മുഹമ്മദ് ഓര്‍ത്തത്: ‘കാമധേനുവിന്‍െറ വയറ്റില്‍ കഴുത പിറന്നതുപോലെ കോണ്‍ഗ്രസ് നേതാവിന്‍െറ മകനായി ജനിച്ച കമ്യൂണിസ്റ്റുകാരനാണ് സാജു.’ പറഞ്ഞത് സാജുപോളിനെപ്പറ്റി ആയതിനാലാകണം അത് തിരുത്തണമെന്ന് സഖാക്കള്‍ പോലും ആവശ്യപ്പെട്ടില്ല. കാട്ടാന മേഞ്ഞ വാഴത്തോട്ടം പോലെയായിരുന്നു ഗാന്ധിയന്‍ സാജുവിന്‍െറ പരാക്രമങ്ങളെന്ന് എം. ഉമ്മര്‍ സങ്കടപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോള്‍ ജോസ് തെറ്റയിലിന് അത്യന്തം ഗൗരവതരമായ ഒരു സംശയമുണ്ടായി: ‘സര്‍, കൗപീനം അണ്‍ പാര്‍ലമെന്‍ററിയാണോ?’
പ്രതിപക്ഷത്തുനിന്ന് പ്രസംഗിക്കുന്നവരെല്ലാം പി.സി ജോര്‍ജിന്‍െറ നെഞ്ചിലൂടെ കയറിറങ്ങുക പതിവാണ്. സഹികെട്ട പി.സി ജോര്‍ജ് ക്ഷോഭിച്ചു. സാജുപോള്‍ ആ പതിവിന്‍െറ കാരണം വെളിപ്പെടുത്തി: ‘എത്ര വരണ്ട മണ്ണിലും വിത്തിടുക കര്‍ഷക ശീലമാണ്. എത്ര പറഞ്ഞാലും നന്നാകില്ളെന്നുറപ്പുണ്ടെങ്കിലും ജോര്‍ജ് എപ്പോഴെങ്കിലും നന്നായാലോ എന്ന പ്രതീക്ഷയില്‍ പറഞ്ഞുപോകുന്നതാണ്.’ സാജു മുതല്‍ ജോര്‍ജ് വരെയുണ്ട് എന്നതാണ് ഈ സഭയുടെ പുണ്യം. ഗാന്ധിജി പോലും ഇത്രയ്ക്ക് ഗാന്ധിയനായിരുന്നില്ലല്ളോ?

(13...12...12)

ഉച്ഛിഷ്ടം കഴിക്കുന്നവരുടെ അരിപ്രശ്നംറോട്ടി, കപ്ട, മകാന്‍ കിഥര്‍ ഹേ എന്നൊക്കെ ചോദിച്ച് മലയാളവും ഇംഗ്ളീഷും ഹിന്ദിയും കലര്‍ത്തി സി. ദിവാകരന്‍ നടത്തിയ ബഹുഭാഷാ അരിപ്രസംഗത്തോടെയാണ് അടിയന്തിര പ്രമേയത്തില്‍ പ്രത്യേക ചര്‍ച്ച തുടങ്ങിയത്. ‘നാന്‍ നിനൈന്താന്‍ വിടമാട്ടെ, ഉയിരെപ്പോയാലും നിനക്കമാട്ടെ’യെന്ന് ജയിംസ് മാത്യു അത് തമിഴില്‍ അവസാനിപ്പിച്ചു. വിചാരിച്ചാല്‍ ചെയ്യും, പക്ഷെ ജീവന്‍പോയാലും വിചാരിക്കില്ല -അതാണ് സര്‍ക്കാര്‍ നയമെന്നാണ് ജയിംസ് മാത്യു ഉദ്ദേശിച്ചത്. തമിഴ് ചൊല്ലിന്‍െറ ആദ്യ പാതി പ്രതിപക്ഷ ആത്മഗതമായിരുന്നുവെന്ന് അധികം വൈകാതെ വ്യക്തമായി. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് മന്ത്രി മറുപടി പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ ബഹളംകൂട്ടി അവര്‍ സഭ അലങ്കോലമാക്കി. രാവിലെ തന്നെ പ്രതിപക്ഷം അത് വിചാരിച്ചിരുന്നു. നടപ്പാക്കാന്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് മാത്രം.
രവിലത്തെ ‘പ്രക്ഷുബ്ദത’ ഒഴിവാക്കാന്‍ ഭരണപക്ഷം വച്ച കെണി കൂടിയായിരുന്നു അതെങ്കിലും ചര്‍ച്ചയില്‍ അത് മറികടക്കാന്‍ പ്രതിപക്ഷത്തിനായി. ഭരണപക്ഷക്കാര്‍ പരോക്ഷമായും പി.സി ജോര്‍ജ് പരസ്യമായും വിലക്കയറ്റത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നിടത്തോളം കാര്യങ്ങളത്തെി. എന്നിട്ടും പ്രതിപക്ഷത്തിന് അവസാന മിനിട്ടില്‍ സെല്‍ഫ് ഗോളടിച്ച് സ്വയം പരാജയമേറ്റുവാങ്ങേണ്ടി വന്നു. ഈ അബദ്ധത്തില്‍ രക്ഷപ്പെട്ടത് മന്ത്രി അനൂപ് ജേക്കബാണ്. മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ തന്നെ തപ്പിത്തടഞ്ഞ് നിന്നിടത്തുനിന്ന് അനൂപ് വട്ടം കറങ്ങിയതാണ്. അല്‍പ നേരം കൂടി സംസാരിച്ചിരുന്നുവെങ്കില്‍ അത് സര്‍ക്കാറിന്‍െറ ആത്മഹത്യ ആകുമായിരുന്നുവെന്ന് തോന്നിത്തുടങ്ങിയ നേരത്താണ് ബഹളം കൂട്ടാന്‍ പ്രതിപക്ഷ മുന്‍നിര ആഹ്വാനം ചെയ്തത്. അതോടെ മന്ത്രിയും രക്ഷപ്പെട്ടു. സര്‍ക്കാറും. ക്രിക്കറ്റായിരുന്നെങ്കില്‍ ഒത്തുകളിയാണെന്ന് പരാതിപ്പെടാമായിരുന്നു. ഇതുപക്ഷെ പാര്‍ലമെന്‍ററി ജനാധിപത്യമായിപ്പോയി. അതിനാല്‍ ചര്‍ച്ചകളിനിയും മുറപോലെ തുടരും, വില തടയില്ലാതെ ഉയരും.
വിലയില്‍ ഒരു മാറ്റവും വരുത്തിയില്ളെങ്കിലും അരി പ്രമേയ പ്രഭാഷണങ്ങള്‍ ഗൗരവതരമായിരുന്നു. സി. ദിവാകരന്‍ പതിവിലേറെ മകിവുകാട്ടി. സപൈ്ളകോയില്‍ കച്ചവടം കൂടിയതാണ് വിലക്കയറ്റ കാരണമെന്ന് വി.ഡി തീശന്‍ സമര്‍ഥിച്ചു. സതീശന്‍ കണ്ടത് ബിവറേജസിലെ ക്യൂ ആണെന്ന് കോവൂര്‍ കുഞ്ഞിമോന്‍ തിരുത്തി. നടപടിയൊന്നുമെടുക്കാത്തവര്‍ ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചതിലെ തന്‍േറടം കണ്ട് തോമസ് ഐസക് ഞെട്ടി. ബംഗാള്‍ അരി കൊണ്ടുവന്ന് കഴിഞ്ഞ സര്‍ക്കാര്‍ വില നിയന്ത്രിച്ചുവെന്ന് വി.എസ് സുനില്‍കുമാര്‍ വെളിപ്പെടുത്തിയപ്പോള്‍ അതിലേറെ ബംഗാളികള്‍ വന്ന് അതെല്ലാം തിന്നുതീര്‍ത്തെന്ന് പി.സി ജോര്‍ജും. ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച ജോര്‍ജിന് മറുപടി പറഞ്ഞ് ബെന്നി ബഹനാന്‍ സര്‍ക്കാറിന്‍െറ മാനം കാത്തു.
പ്രത്യേക ചര്‍ച്ചക്ക് തീരുമാനമായതിനാല്‍ രാവിലെ മുതല്‍ സഭ ശാന്തമായാണ് നീങ്ങിയത്. തദ്ദേശ സ്ഥാപന കൂറുമാറ്റ നിരോധ ഭേദഗതി ബില്‍ രാവിലെ തന്നെ പരിഗണനക്ക് വന്നു. ഏതുബില്ലും വേണ്ടെന്നുപറയുക എന്ന പ്രതിപക്ഷ ആചാരത്തിന്‍െറ കാര്‍മികത്വം ഇ.എസ് ബിജിമോള്‍ക്കായിരുന്നു. കേരളത്തിലും ഇന്ത്യയിലുമുള്ള സകലമാന പ്രശ്നങ്ങളും പരത്തിപ്പറഞ്ഞ് മുന്നേറിയ ബിജിമോള്‍ കൂറുമാറ്റത്തെ പറ്റി മാത്രം ഒന്നും പറഞ്ഞില്ല. സ്കൂള്‍ ഉച്ചക്കഞ്ഞി, ബെഞ്ചും ഡസ്കും ഇല്ലായ്മ, കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിലക്കയറ്റവും അടുക്കള കലാപവും, കുടുംബ സംഘര്‍ഷം, സൂനാമി ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് തുടങ്ങിയവയിലെ പ്രശ്നങ്ങള്‍ കാരണമാണ് ഈ ബില്‍ വേണ്ടെന്ന് ബിജിമോള്‍ക്ക് തോന്നിത്. കൂറുമാറ്റ ബില്ലില്‍ ഇതൊന്നും ഒട്ടും അപ്രസക്തമല്ല എന്ന് ചര്‍ച്ചയിലിടപെട്ട സഖാക്കള്‍ എസ്. രാജേന്ദ്രന്‍, പി. ശ്രീരാമകൃഷ്ണന്‍, വി.എസ് സുനില്‍കുമാര്‍, എ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ക്കും തോന്നിയില്ല. ഇടതുപക്ഷത്തുനിന്ന് മറുകണ്ഠം ചാടിപ്പോയവരുടെ പട്ടികയും  നരസിംഹ റാവു മുതല്‍ മന്‍മോഹന്‍ സിംഗ് വരെ ഇക്കാര്യത്തില്‍ നല്‍കുന്ന സംഭാവനകളും വിവരിച്ച എ.എം ആരിഫ് കുറച്ചുകൂടി സത്യസന്ധത കാട്ടി. തിരിച്ച് ചാടിയവരുടെ പട്ടിക സി.പി മുഹമ്മദ് അവതരിപ്പിച്ചു.
സഭ തുടങ്ങിയത് മുതല്‍ ശാന്തനായി കാണപ്പെട്ട ജി. സുധാരകന്‍ പെട്ടെന്നാണ് ഇന്നലെ പൊട്ടിത്തെറിച്ചത്: ‘ദേവസ്വം നിയമനം പി.എസ്.സിക്ക് വിടാനുള്ള കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനം ഹിന്ദുമതത്തിന്‍െറ പേര് പറഞ്ഞ് വകുപ്പ് മന്ത്രി റദ്ദാക്കിയിരിക്കുന്നു. സമുദായ നേതാക്കളുടെ ഉച്ഛിഷ്ടം ഭക്ഷിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ദൈവത്തിന്‍െറ പേരിലാണ് ചെയ്യുന്നത് എന്നോര്‍ക്കണം. ഈ മനുഷ്യന്‍ ഏത് ലോകത്താണ് ജീവിക്കുന്നത്?’ സുധാകരനുള്ള തന്‍േറടം മറ്റാര്‍ക്കുമില്ലാത്തതിനാല്‍ ആരും എതിര്‍ത്തില്ല. പറഞ്ഞതില്‍ പതിരില്ളെന്ന് അവരുടെ മുഖഭാവം ശരിവച്ചു. അര മനസ്സോടെയാണെങ്കിലും പാലോട് രവി പക്ഷെ ഒരു ചോദ്യമെറിഞ്ഞു: ‘സുധാകരന്‍ മികച്ച ദേവസ്വം മന്ത്രിയായിരുന്നു. നല്ല ഭരണം കാഴ്ചവച്ചു. പക്ഷെ ഏതൊക്കെ സമുദായ നേതാക്കളുടെ ഉച്ഛിഷ്ടം ഭക്ഷിച്ചാണ് ഇടക്കാലത്ത് ആ വകുപ്പില്‍ നിന്ന് സുധാകരനെ മാറ്റിയത്? ആരൊക്കെയാണ് അത് ഭക്ഷിച്ചവര്‍?’ അതിനും ആരും മറുപടി പറഞ്ഞില്ല. സുധാകരന്‍ അക്കൂട്ടത്തില്‍ പെടില്ളെങ്കിലും ഈ പണി ചെയ്യുന്നവര്‍  ഇരുഭാഗത്തുമുണ്ടെന്ന് രണ്ടുകൂട്ടരുടെയും തര്‍ക്കം കേട്ടവര്‍ക്ക് ബോധ്യമായി. പക്ഷെ അരിയുടെ അടിയന്തിര പ്രമേയ ചര്‍ച്ചകള്‍ കേട്ടാല്‍ അങ്ങനെയൊന്നും സംശയിക്കുകയേയില്ല. അത് സ്വന്തം അരി പ്രശ്നമാണല്ളോ?

(12....12....12)

ആക്ട് നിര്‍മാണ സഭയിലെ മുതലും പലിശയും
സഭയെ ഹൈടെക് ആക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയ ദിവസം സഭയില്‍ നിറഞ്ഞുനിന്നത് ഭാഷാ പ്രശ്നങ്ങള്‍. മഅ്ദനി മുതല്‍ മൊറാര്‍ജി വരെ സഗൗരവം കടന്നുവന്ന ദിവസം ഭാഷയുടെ സങ്കീര്‍ണതയില്‍ തട്ടി അംഗങ്ങള്‍ വട്ടം കറങ്ങി. അമിത പലിശ നിരോധ ബില്‍ ചര്‍ച്ചയില്‍ ഭാഷാപ്രശ്നം ആദ്യം ഉന്നയിച്ചത് മുല്ലക്കര രത്നാകരന്‍: ‘കടം വാങ്ങുന്നവനെ അധമനും അവന്‍െറ പലിശ കൊണ്ട് കൊട്ടാരം കെട്ടുന്നവനെ ഉത്തമനും ആക്കുന്ന അധമര്‍ണന്‍-ഉത്തമര്‍ണന്‍ പ്രയോഗങ്ങള്‍ മാറ്റണം. കഴിയുമെങ്കില്‍ മാണിസാര്‍ ഇവയുടെ മലയാള  അര്‍ഥം തന്നെ മാറ്റണം.’
മലയാളത്തോടുള്ള കെ.എം മാണിയുടെ പ്രണയം പ്രഖ്യാപിതമായതിനാലാണ് മുല്ലക്കര ഈ ആവശ്യം ഉന്നയിച്ചത്. മാണിക്ക് പക്ഷെ സ്വന്തം കാര്യം പറയാന്‍ മലയാളം പോര. മന്ത്രിയുണ്ടാക്കുന്ന എല്ലാ നിയമങ്ങളുടെയും പേരിന്‍െറ അവസാനം വരുന്നത് ‘ആക്ട്’. ഈ വൈരുദ്ധ്യം പാടില്ളെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് തോന്നി. പക്ഷെ മാണിക്ക് ബോധ്യപ്പെട്ടില്ല: ‘നിയമസഭയിലും പാര്‍ലമെന്‍റിലും എല്ലാം ആക്ട് എന്നാണ് പറയുന്നത്. അതിനാല്‍ മാറ്റാനാവില്ല.’ ആക്ടുകളില്‍ മാണിക്കുള്ള ഈ വൈഭവം കണ്ട് ജി. സുധാരകന്‍ പുതിയ നിര്‍ദേശം വച്ചു: ‘എങ്കില്‍ ഈ സഭയെ ആക്ട് നിര്‍മാണ സഭ എന്നാക്കണം.’ ആക്ട് വകുപ്പ് മന്ത്രി പക്ഷെ അതിന് ഉത്തരം പറഞ്ഞില്ല.
ഭാഷാപ്രശ്നം നിലനില്‍ക്കുന്നുവെങ്കിലും ബില്‍ ചര്‍ച്ചക്ക് ഒരു കുറവുമുണ്ടായില്ല. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയാണ് പലിശക്ക് കാരണമെന്നാണ് പ്രെഫ. സി. രവീന്ദ്രനാഥിന്‍െറ നിലപാട്. അത് മാറ്റാതെ നിയമം ഉണ്ടാക്കിയിട്ട് കാര്യമില്ല. പലിശയില്ലാത്ത ലോകം വേണമെന്നതാണ് പ്രൊഫസറുടെ സ്വപ്നം. സൈദ്ധാന്തികനായ രവീന്ദ്രനാഥിനേക്കാള്‍ ഗൗരവത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പുതുതലമുറ ബാങ്കുകളുടെ ഗുണ്ടായിസത്തിലേക്കും പണക്കൊള്ളയിലേക്കും സഭയുടെ ശ്രദ്ധ ക്ഷണിച്ച കോടിയേരി ബാങ്ക് ദേശസാല്‍കരണത്തിലത്തെിയപ്പോള്‍ സി.കെ നാണു പിടികൂടി. ആ പറഞ്ഞതിലെവിടേയോ മൊറാര്‍ജി ദേശായി വിരുദ്ധതയുണ്ടെന്ന് നാണുവിന് തോന്നിയപ്പോള്‍ വെട്ടിലായത് കോടിയേരി. ‘ദേശായിയെ പറഞ്ഞാല്‍ നാണുവേട്ടന്‍ വിടില്ളെന്ന് എനിക്കറിയാം’ എന്ന് കുമ്പസരിച്ചിട്ടും പിടി അയഞ്ഞില്ല. ആ വിടവില്‍  ആര്യാടന്‍ മുഹമ്മദ് മുളക് തേച്ചു: ‘ബാങ്ക് ദേശസാല്‍കരണം അംഗീകരിക്കാതെ ദേശായി പാര്‍ട്ടി വിട്ടതാണെന്ന് ലോകത്ത് എല്ലാവര്‍ക്കും അറിയാം.’ ചരിത്രവുമായി നാണു വീണ്ടും എണീറ്റു: ‘കോണ്‍ഗ്രസ് അംഗീകരിച്ചത് ദേശസാല്‍കരണമല്ല. സാമൂഹ്യവല്‍കരണമാണ്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പുരോഗമന വാദിയാകാന്‍ ഇന്ദിര അത് ചെയ്തതാണ്. അത് ഇന്ദിരാഗാന്ധിയുടെയും കോണ്‍ഗ്രസിന്‍െറയും മഹത്വമായി പറയരുത്.’ കോണ്‍ഗ്രസുകാരോട് പറയുംപോലെ എല്ലാവരോടും വായില്‍ തോന്നിയത് ചരിത്രമാക്കരുതെന്ന് ആര്യാടന് ബോധ്യമായെങ്കിലും നാണു അവിടെയും നിറുത്തിയില്ല: ‘വാടകക്കാരന്‍ ഇറക്കി വിട്ടപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നതാണ് ദേശായിയുടെ മരുമകളുടെ ചരിത്രം. ഒറ്റത്തവണ മന്ത്രിയാകുമ്പോഴേക്ക് തലമുറകള്‍ക്ക് കഴിയാനുള്ള സ്വത്തുണ്ടാക്കുന്നവര്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വന്നവരെ പരിഹസിക്കരുത്.’ അത്രയായപ്പോള്‍ ആര്യാടന്‍െറ ചിരി മാഞ്ഞു. കെ.സി ജോസഫും ബെന്നി ബഹനാനും ചേര്‍ന്ന് ഒന്നുകൂടി ശ്രമിച്ചെങ്കിലും ചരിത്രം പറഞ്ഞ് നാണുവിനോട് മുട്ടാനുള്ള കോപ്പ് കൈയ്യിലില്ലായിരുന്നു. കോടിയരിയേക്കാള്‍ ഗൗരവത്തിലായിരുന്നു എന്‍. ഷംസുദ്ദീന്‍. ബില്ല് പഠിച്ച് അതിലൊതുങ്ങി നിന്ന് വിശദമായി സംസാരിച്ച ഷംസുദ്ദീനെ അഭിനന്ദിച്ച സ്പീക്കര്‍ ഇതുപോലെ ഗൃഹപാഠം ചെയ്യണമെന്ന് മറ്റുള്ളവരെ ഓര്‍മിപ്പിക്കുകയും ചെയ്തു. അംഗങ്ങളുടെ ഗൃഹപാഠം പക്ഷെ വോട്ടിംഗിലായിരുന്നു. ഏഴ് വട്ടമാണ് സഭയില്‍ ഇന്നലെ വോട്ടെടുപ്പ് നടന്നത്.
മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍ പക്ഷെ മാലിന്യത്തില്‍ കുരുങ്ങിക്കിടന്നു. പി.ടി.എ റഹീം വിളപ്പില്‍ശാലയിലേക്ക് നീങ്ങിയപ്പോള്‍ ചെയറിലിരുന്ന് എന്‍. ശക്തന്‍ വിയോജിച്ചു. അവിടെപോയ സാംസ്കാരിക നായകര്‍ ഓരോകവറ് ചവറ് കൊണ്ടുവന്നിരുന്നെങ്കില്‍ പ്രശ്നം തീരുമായിരുന്നുവെന്ന് സി.എസ് സുനില്‍കുമാറും. കിട്ടിയ അവസരം മുതലെടുത്ത് ‘വിളപ്പില്‍ശാലയുടെ പിതാവായ’ വി. ശിവന്‍കുട്ടി വിളപ്പില്‍ശാലയെ കെ. കരുണാകരന്‍െറ തലയില്‍ കെട്ടിവക്കാന്‍ ശ്രമിച്ചു. അത് വേണ്ടെന്ന് അല്‍പം നീട്ടിത്തന്നെ ഡപ്യുട്ടി സ്പീക്കര്‍ എതിര്‍ത്തു.  വിളപ്പില്‍ശാല കഴിഞ്ഞപ്പോള്‍ റഹീം മുസ്ലിം ലീഗിനെ പിടിച്ചു. കെ.എം ഷാജി അത് ചോദ്യം ചെയ്തതിന് തല്‍ക്ഷണം മറുപടയുണ്ടായി: ‘ഇത് മണലിന്‍െറ കാര്യമല്ല. അതുവരുമ്പോള്‍ ഷാജിക്ക് ഇടപെടാം.’
 അംഗങ്ങള്‍ക്ക് കാലത്തിനനസുരിച്ച് മാറാന്‍ സഭക്ക് അകത്ത് ഐ-പാഡും ലാപ്ടോപ്പും ഉപയോഗിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. കര്‍ണാടക ഓര്‍ണ വേണമെന്ന ഉപാധിയോടെയാണ് തീരുമാനം. അനുമതി കിട്ടി രണ്ട് മണിക്കൂറിനകം സഭയില്‍ ഫോട്ടോ ഫ്ളാഷ് മിന്നി. ആ പണി പറ്റില്ളെന്ന് സ്പീക്കറുടെ താക്കീത് പിന്നാലെ വന്നു. ഹൈടെക്കായിക്കൊണ്ടിരിക്കുന്ന സഭയുടെ ഓജസ്സും തേജസ്സും കേരള കോണ്‍ഗ്രസിന്‍െറ ശക്തിയും എല്ലാം മാണിസാറാണത്രെ. പലിശ ബില്‍ ചര്‍ച്ചയില്‍ മുല്ലക്കര രത്നാകരനോട് ഇക്കാര്യം പറഞ്ഞത് പി.സി ജോര്‍ജാണ്. അപ്പോള്‍ പി.സി ജോര്‍ജോ? അതിനുത്തരം മുല്ലക്കര തന്നു: ‘മാണിസാര്‍ മുതലാണ്. പി.സി ജോര്‍ജ് പലിശയാണോ അമിത പലശയാണേ എന്നേ സംശയമുള്ളൂ.’ ജോര്‍ജിന്‍െറ വളര്‍ച്ച കണ്ടാല്‍ മീറ്റര്‍ പലിശയാണെന്ന് ആരും സംശയിച്ചുപോകും.

(11...12...12)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...