Monday, February 25, 2013

ഗാന്ധിയന്‍ മാതൃകാ ജീവിതങ്ങള്‍



അഹിംസാ സിദ്ധാന്ത പ്രകാരം നാവ് മാരകായുധമായി പ്രഖ്യാപിക്കാത്തതിനാല്‍ സഭയില്‍ സര്‍വരും ഗാന്ധിയന്‍മാരാണ്. അടിയന്തിര പ്രമേയം പോലും തികച്ചും ശാന്തമായും സമാധാനപരമായും കടന്നുപോയപ്പോള്‍ തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തിലെ ഗാന്ധിയന്‍ മാതൃകകളുടെ ശുഭ സൂചനകള്‍ ലഭച്ചുതുടങ്ങിയിരുന്നു. വളരെ സൗമ്യനായ പി.കെ ഗുരുദാസന്‍െറ പ്രമേയത്തിന് അത്ര തന്നെ സൗമ്യതയോടെ മുഖ്യമന്ത്രിയുടെ മറുപടി. കടുത്ത പരിഹാസങ്ങളെ ഹാസ്യം ചേര്‍ത്ത് നേര്‍പിച്ച് വി.എസ് അച്യുതാനന്ദന്‍െറ സംയമനം. ഇറങ്ങിപ്പോകുക പോലും ചെയ്യാതെ പ്രതിപക്ഷ സഹകരണം. ബില്‍ ചര്‍ച്ചയാകട്ടെ മദ്യവിരുദ്ധ ഗാന്ധിയന്‍ സമരമുറ പോലെ ആര്‍ക്കുമൊരു അലോസരവുമുണ്ടാക്കാതെ ഒരുവഴിക്ക്. അതിനിടല്‍ തികച്ചും അവിചാരിതമായി സഭയിന്നലെ ഏതാനും ഗാന്ധിയന്‍ മാതൃകാ ജീവിതങ്ങളെ പരിചയപ്പെട്ടു.
അിടയന്തിര പ്രമേയത്തിന് പലവിഷയങ്ങള്‍ അനുവദിക്കുക പതിവില്ളെന്ന് ഓര്‍മിപ്പിച്ച് മേലില്‍ ആവര്‍ത്തിക്കരുതെന്ന്  സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സൗമനസ്യം കാട്ടി. പരത്തിപ്പറഞ്ഞ് കേട്ടിരുന്നവരെ കിടത്തിക്കളഞ്ഞ ഗുരുദാസന് അതേ മട്ടില്‍ മുഖ്യമന്ത്രിയുടെ മറുപടി. ഉറക്കം കളയേണ്ടെന്ന് കരുതിയാകണം പ്രതിപക്ഷം ഇറങ്ങിപ്പോക്കൊഴിവാക്കിയത്. വാള്‍മാര്‍ട്ടിന്‍െറ 125 കോടിയില്‍ കേരള എം.പിമാര്‍ക്ക് വിഹിതം കിട്ടിയോയെന്ന് ചോദിച്ച വി.എസ് ഉടന്‍ തന്നെ അത് പിന്‍വലിച്ച് മര്യാദക്കാരനായി. രാഷ്ട്രപതി തിരച്ചയച്ച ബില്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പുകാട്ടിയ എ.കെ ബാലന്‍ പോലും അസാധാരണമായ സംയമനം പാലിച്ചു. രാവിലെ ചോദ്യത്തില്‍ ചട്ടം തെറ്റിച്ചതിനും അത് ചോദ്യം ചെയ്ത എ.കെ ശശീന്ദ്രനോട് ക്ഷോഭിച്ചതിനും ഖേദം പ്രകടിപ്പിച്ച് സ്പീക്കറും. ആധാരമെഴുത്തുകാരുടെ ക്ഷേമനിധി ബില്‍ ചര്‍ച്ചയാകട്ടെ ഈ മാതൃകകള്‍ പൂര്‍ണമായി ശരിവച്ചു. കുത്തും കോമയുമില്ലാത്ത ആധാര ഭാഷ പോലെ പ്രഭാഷണങ്ങള്‍ നീണ്ടെങ്കിലും എല്ലാം ശാന്തം. അപ്പനപ്പൂപ്പന്‍മാരുടെ കുടുംബ വിവരങ്ങള്‍ സഹിതം നീണ്ട വരികളില്‍ ദേശ ചരിത്രമെഴുതുന്നത് ഒരു കലയാണെന്ന് സമര്‍ഥിച്ച കെ. രാജു, വിരസതയുടെ കലാമൂല്യം വ്യക്തമാക്കി.
ഉണര്‍ന്നിരുന്നവരെ ഉറക്കിയും ഉറങ്ങിയവര്‍ക്ക് ഗാഢ നിദ്രയൊരുക്കിയും ചര്‍ച്ച മുന്നേറുന്നതിനിടെയാണ് കെ.എന്‍.എ ഖാദര്‍ ലോകത്തുണ്ടായ മാറ്റങ്ങളെ പറ്റി പറഞ്ഞത്. അതോടെയാണ് യഥാര്‍ഥ ഗാന്ധിയന്‍മാര്‍ വെളിപ്പെട്ടത്. ‘1987ല്‍ ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടു. എന്‍െറ പിന്നാലെ യു.എസ്.എസ്.ആര്‍ കമ്യൂണിസം വിട്ടു. അതിന്‍െറ പിന്നാലെ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും. കാലം ഒരുപാട് മാറി. ഗാന്ധിജിയുടെ രാമരാജ്യവും നെഹ്റുവിന്‍െറ സോഷ്യലിസവും ഇന്ദിരയുടെ ക്ഷേമരാഷ്ട്രവും പണ്ട് പറഞ്ഞതുപോലെ ഇനി നടക്കില്ല.’ ഖാദര്‍ ഇത്രയുമത്തെിയപ്പോള്‍ സി.കെ നാണു ഓടിവന്നു: ‘നിങ്ങള്‍ ആരെയും തള്ളിപ്പറഞ്ഞോളൂ. പക്ഷെ ഗാന്ധിജിയെ വേണ്ട. ലോകം മുഴുവന്‍ ഗാന്ധിയിലേക്ക് തിരിച്ചുപോകുകയാണ്. ഗാന്ധിജി പഴയതാണെന്ന് പറയരുത്.’ അതോടെ കെ.എന്‍.എ ഖാദര്‍ സ്വന്തം ഗാന്ധി സ്നേഹത്തെപ്പറ്റി വാചാലനായി: ‘ഞാന്‍ ഗാന്ധിജിയുടെ പുസ്തകങ്ങള്‍ എല്ലാം വായിച്ചിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും റേഡിയോയില്‍ ഗാന്ധിമാര്‍ഗം കേള്‍ക്കുന്നുണ്ട്. തല്ലുകൊണ്ടാലും ഗാന്ധിയെ ആക്ഷേപിക്കില്ല.’ ഗാന്ധിയെക്കുറിച്ചെഴുതിയ കവിതകളും ലേഖനങ്ങളും പുസ്തകങ്ങളും അകമ്പടിയായി സേവിച്ചതോടെ സ്പീക്കര്‍ വരെ ഞെട്ടി: ‘നാണു പോലും ഇത്രയും പ്രതീക്ഷിച്ചിട്ടില്ല. ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി.’
മുന്‍ മാക്സിസ്റ്റുകാരന്‍ മുസ്ലിംലീഗ് വഴി ഗാന്ധിയനായി മാറിയതുകണ്ട് സകലരും വിസ്മയ ഭരിതരായി. സാജുപോളിനാകട്ടെ രോഷം അണപൊട്ടി: ‘സാത്വികനായ എന്‍.ഇ ബലറാം ചെവിക്കുറ്റിക്കടിച്ചിട്ട് നന്നാകാത്തയാള്‍ ഞാന്‍ പറഞ്ഞാല്‍ നന്നാകുമോ? ഗാന്ധിജിയുടെ കൗപീനം കഴുകിയ വെള്ളം കുടിക്കാന്‍ യോഗ്യതയില്ലാത്തോനാണ് രാമരാജ്യത്തെ പറ്റി പറയുന്നത്.’ ഈ രോഷത്തിന്‍െറ രഹസ്യം സാജു തന്നെ വെളിപ്പെടുത്തി: ‘കഴിഞ്ഞ ദിവസം സംസാരിക്കാന്‍ സമയം ചോദിച്ചപ്പോള്‍ വഴങ്ങിയില്ല. അലവലാതി മനസ്സുമായി നടക്കുന്ന ഒരാള്‍ വഴങ്ങിയില്ളെങ്കില്‍ എനിക്കൊന്നുമില്ല.’ അപ്പോഴേക്കും സഭ ഉറക്കമുണര്‍ന്നിരുന്നു. പറഞ്ഞതെല്ലാം പിന്‍വലിക്കണമെന്നായി ഭരണപക്ഷം. പ്രസംഗം തന്നെ നീക്കണമെന്ന് പി.സി വിഷ്ണുനാഥും. പ്രതിഷേധം ശക്തമായപ്പോള്‍ ‘അലവലാതി’ പിന്‍വലിച്ചു. ‘കൗപീനം കഴുകിയ വെള്ള’ത്തിന് പകരം ‘ചെരിപ്പിന്‍െറ വാര്‍ അഴിക്കാന്‍’ എന്ന് തിരുത്തി. അപ്പോഴാണ് സാജുവിന്‍െറ ഗാന്ധിയന്‍ ചരിത്രം സി.പി മുഹമ്മദ് ഓര്‍ത്തത്: ‘കാമധേനുവിന്‍െറ വയറ്റില്‍ കഴുത പിറന്നതുപോലെ കോണ്‍ഗ്രസ് നേതാവിന്‍െറ മകനായി ജനിച്ച കമ്യൂണിസ്റ്റുകാരനാണ് സാജു.’ പറഞ്ഞത് സാജുപോളിനെപ്പറ്റി ആയതിനാലാകണം അത് തിരുത്തണമെന്ന് സഖാക്കള്‍ പോലും ആവശ്യപ്പെട്ടില്ല. കാട്ടാന മേഞ്ഞ വാഴത്തോട്ടം പോലെയായിരുന്നു ഗാന്ധിയന്‍ സാജുവിന്‍െറ പരാക്രമങ്ങളെന്ന് എം. ഉമ്മര്‍ സങ്കടപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോള്‍ ജോസ് തെറ്റയിലിന് അത്യന്തം ഗൗരവതരമായ ഒരു സംശയമുണ്ടായി: ‘സര്‍, കൗപീനം അണ്‍ പാര്‍ലമെന്‍ററിയാണോ?’
പ്രതിപക്ഷത്തുനിന്ന് പ്രസംഗിക്കുന്നവരെല്ലാം പി.സി ജോര്‍ജിന്‍െറ നെഞ്ചിലൂടെ കയറിറങ്ങുക പതിവാണ്. സഹികെട്ട പി.സി ജോര്‍ജ് ക്ഷോഭിച്ചു. സാജുപോള്‍ ആ പതിവിന്‍െറ കാരണം വെളിപ്പെടുത്തി: ‘എത്ര വരണ്ട മണ്ണിലും വിത്തിടുക കര്‍ഷക ശീലമാണ്. എത്ര പറഞ്ഞാലും നന്നാകില്ളെന്നുറപ്പുണ്ടെങ്കിലും ജോര്‍ജ് എപ്പോഴെങ്കിലും നന്നായാലോ എന്ന പ്രതീക്ഷയില്‍ പറഞ്ഞുപോകുന്നതാണ്.’ സാജു മുതല്‍ ജോര്‍ജ് വരെയുണ്ട് എന്നതാണ് ഈ സഭയുടെ പുണ്യം. ഗാന്ധിജി പോലും ഇത്രയ്ക്ക് ഗാന്ധിയനായിരുന്നില്ലല്ളോ?

(13...12...12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...