Monday, February 25, 2013

സൂര്യനെല്ലിയിലെ രാഷ്ട്രീയ മുന്നറിയിപ്പുകള്‍




കേരളീയ സാമൂഹ്യ മണ്ഡലത്തില്‍ സൂര്യനെല്ലി പലതരത്തില്‍ സുപ്രധാനമാണ്. രണ്ട് പതിറ്റാണ്ടടുത്ത ‘സൂര്യനെല്ലി’യില്‍ നിന്ന് പക്ഷെ ഇപ്പോള്‍ കേള്‍ക്കുന്നത് ചില രാഷ്ട്രീയ മുന്നറിയിപ്പുകളാണ്. ഭരിക്കുന്നവര്‍ക്കും മറുപക്ഷത്തിരിക്കുന്നവര്‍ക്കും ഒരുപോലെ നിര്‍ണായകമായ മുന്നറിയിപ്പുകള്‍. അതില്‍ ചിലത് പതിമൂന്നാം കേരള സഭയുടെ ഏഴാം സമ്മേളനത്തിന്‍െറ തുടക്കത്തില്‍ തന്നെ കേള്‍ക്കാനായി. അതോടെ സഭ നിര്‍ത്തിവക്കലും സ്തംഭനവുമടക്കും ഗംഭീര വെടിക്കെട്ടോടെ സമ്മേളനം തുടങ്ങാനുമായി.
രാജ്യസഭാ ഉപാധ്യക്ഷനായ പി.ജെ കുര്യനെതിരെ പുനരന്വേഷണം വേണമെന്നതായിരുന്നു അടിയന്തിര പ്രമേയ നോട്ടീസില്‍ കോടിയേരി ബാലകൃഷ്ണന്‍െറ ആവശ്യം. പക്ഷെ ഇക്കാര്യത്തില്‍ പെണ്‍കുട്ടി അതിഗുരുതരമായ തെറ്റ് ചെയ്തതായി മുഖ്യമന്ത്രി കണ്ടത്തെി: ‘17 വര്‍ഷമായി ഒരേ കാര്യം തന്നെയാണ് പെണ്‍കുട്ടി പറയുന്നത്. പഴയ മൊഴിയില്‍ അന്വേഷണം നടത്തി സുപ്രീംകോടതി വരെ കുര്യനെ കുറ്റവിമുക്തനാക്കിയതാണ്. അതിനാല്‍ ഒരു മാറ്റവുമില്ലാത്ത മൊഴിയുമായി വീണ്ടും അന്വേഷിക്കാനാകില്ല.’  തെളിച്ച് പറഞ്ഞില്ളെന്നേയുള്ളൂ., വേണമെങ്കില്‍ കുട്ടി മാറ്റി പറയട്ടേ എന്ന മട്ട് തന്നെ.  ആഭ്യന്തര മന്ത്രി വേറെ വാക്കുകളില്‍ സഭക്കകത്തും പുറത്തും അത് ആവര്‍ത്തിച്ചു. മൊഴി മാറ്റി പറഞ്ഞതോടെ ഇരയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കണ്ടത്തെി മറ്റൊരു യു.ഡി.എഫ് നേതാവിനെ വേറൊരു പീഢന കേസില്‍ രക്ഷപ്പെടുത്തിയ യു.ഡി.എഫ് സംഘമാണ് പുതിയ ലോ പോയിന്‍റുമായി സഭയില്‍ ആട്ടം കളിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ പക്ഷെ ‘ഐസ്ക്രീം..’  എന്ന് ചോദിക്കുമ്പോഴേക്ക് ആഭ്യന്തര മന്ത്രി വിനീതനായി: ‘ഇപ്പോള്‍ ഈ ഒരൊറ്റ കേസേ എടുക്കുന്നുള്ളൂ. മറ്റുള്ളതൊന്നും ചോദിക്കണ്ട.’ മൊഴിമാറ്റിയാലും കുര്യനെ വിടില്ളെന്ന മുന്നറിയിപ്പ് തന്നെ. എന്‍.എസ്.എസിന് പ്രിയപ്പെട്ട സത്യക്രിസ്ത്യാനിയെ കയറൂരി വിടരുന്നത് ഉമ്മന്‍ചാണ്ടിയെ ആരും പഠിപ്പിക്കേണ്ടതില്ല.
സൂര്യനെല്ലിയില്‍ മാത്രമല്ല, കവിയൂര്‍, കിളിരൂര്‍ കേസിലും ഇതുതന്നെയാണ് നയമെന്ന് മുഖ്യമന്ത്രി പലവട്ടം സഭയില്‍ ആവര്‍ത്തിച്ചു. തിരുവഞ്ചൂര്‍ അത് സഭക്ക് പുറത്ത് മൂന്നുവട്ടം പറഞ്ഞുറപ്പിച്ചു. പ്രതിപക്ഷമാകട്ടെ സൂര്യനെല്ലിയിലും കുര്യനിലും മാത്രം തങ്ങിനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. മറ്റ് പീഢന കഥകളിലൊന്നും തൊട്ടതേയില്ല. എന്തോ ഒരു ഭയം പ്രതിപക്ഷ ബഞ്ചിനടിയില്‍ കെട്ടിക്കിടക്കും പോലെ. അതിന്‍െറ കാരണം ഉമ്മന്‍ചാണ്ടി വരികള്‍ക്കിടയില്‍ ഓര്‍മിപ്പിച്ചു: ‘ജനം പറയുന്നത് പോലെ സര്‍ക്കാറിന് പ്രവര്‍ത്തിക്കാനാകില്ല. ജനങ്ങള്‍ പറയുന്നവരെ പ്രതികളാക്കാന്‍ കഴിയില്ല.’ നാട്ടുകാരുടെ നാവില്‍ പേരുകള്‍ വേറെയുമുള്ളതിനാല്‍ ഇരുഭാഗത്തും ആരും എതിര്‍ത്തില്ല.
അംഗസംഖ്യ ഏറെയുണ്ടൊയിട്ടും സഭാതലത്തില്‍ പാളിപ്പോകുന്ന പ്രതിപക്ഷത്തിന് വീറും വാശിയും കരുത്തും പകര്‍ന്നു സൂര്യനെല്ലി. പ്രതിപക്ഷത്തെ ആറംഗ പെണ്‍പടയെ ഇറക്കിവിട്ട് സഭയെ ഇളക്കി മറിച്ചു. മറുപടി കേള്‍ക്കാതെ തന്നെ ബഹളം വക്കാന്‍ തീരുമാനിച്ചായിരുന്നു പെണ്‍സംഘം എത്തിയത്. മറുപടി കേട്ടാല്‍ കുറ്റബോധത്താല്‍ ക്ഷീണം ബാധിച്ചേക്കുമെന്ന് അവരും സംശയിച്ചിരിക്കണം. പ്ളക്കാര്‍ഡുമേന്തി ആദ്യം മുന്‍നിരയിലും പിന്നെ നടുത്തളത്തിലും അവരിറങ്ങി നടന്നു. പിന്നാലെ പിന്തുണയുമായി മറ്റംഗങ്ങളും. ഏറ്റവും മുന്നില്‍ കെ.കെ ലതിക. ഗീത ഗോപിക്ക് വരെ അപ്പോള്‍ ജീവന്‍ വച്ചു. ഒരുമണിക്കൂര്‍ നിറുത്തിയ സഭ തുടങ്ങിയപ്പോഴും വനിതാ അംഗങ്ങള്‍ക്ക് ആവേശക്കുറവില്ല. യുവ നിരക്കാകട്ടെ ആവേശം ഇരട്ടിയായി. ജയിംസ് മാത്യു, ആര്‍. രാജേഷ്, പ്രദീപ്കുമാര്‍, ബാബു പാലിശേരി, ശിവന്‍കുട്ടി എന്നിവര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറി. ഓടിയത്തെിയ വാച്ച് ആന്‍റ് വാര്‍ഡിനെ സ്പീക്കര്‍ തിരിച്ചയച്ചതോടെ ആവേശക്കമ്മിറ്റിക്കാര്‍ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ പ്രതിസന്ധയിലായി. സ്പീക്കറുടെ തന്ത്രപരമായ നീക്കത്തില്‍ പതറിപ്പോയവരെ ഒടുവില്‍ കോടിയേരി നിരുപാധികം പിടിച്ചിറക്കി. ആ ഇറക്കം ഭരണപക്ഷം കൂവലോടെ എതിരേറ്റു. നന്ദിപ്രമേയ ചര്‍ച്ചക്ക് തുടക്കമിടാനെഴുന്നേറ്റതോടെ പി.സി ജോര്‍ജിനെതിരെയായി പ്രതിഷേധം. ജോര്‍ജിനും അതോടെ സന്തോഷമായി. മൂന്നാം മണിക്കൂറില്‍ സഭപിരിഞ്ഞു.
ഈ ബഹളങ്ങള്‍ക്കിടയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് വി.എസ് അച്യുതാനന്ദന് സ്വന്തം പാര്‍ട്ടിക്കാര്‍ നല്‍കിയ മുന്നറിയിപ്പാണ്. കോടിയേരിയുടെ അവതരണവും മന്ത്രിയുടെ മറുപടിയും കഴിഞ്ഞിയുടന്‍ പ്രതിപക്ഷം ബഹളം ശക്തമാക്കി. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുക എന്നൊരു പതിവുണ്ട് സഭയില്‍. അതിന് സഖാക്കള്‍ സമയം കൊടുത്തില്ല. എ.കെ ബാലനും കോടിയേരിയും ചേര്‍ന്ന് പെട്ടെന്ന് പിന്‍നിരയെ കളത്തിലിറക്കി വി.എസിനെ വെട്ടിനിരത്തി. സഭ നിറുത്തിയപ്പോഴും കണ്ടു ഇതിന്‍െറ ബാക്കി. ചര്‍ച്ചയെല്ലാം നടന്നത് കോടിയേരിയുടെ സീറ്റിന് ചുറ്റും. മുഖം കടുപ്പിച്ച് ആള്‍കൂട്ടത്തില്‍ ഏകനായി വി.എസ്. സി.ദിവാകരന്‍ മുതല്‍ കെ.ടി ജലീല്‍ വരെ അവിടെ കൂടി. പക്ഷെ ആരും വി.എസിനോട് മിണ്ടിയില്ല. സ്പീക്കറുടെ ചര്‍ച്ച കഴിഞ്ഞത്തെിയപ്പോള്‍ കിട്ടിയ ചെറിയ സമയംകൊണ്ട് സൂര്യനെല്ലിയിലെ ഏറ്റവും നിര്‍ണായക പോയന്‍റില്‍ വി.എസ് കൊളുത്തി: ‘പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ഇരയുടെ മൊഴി പരിഗണിച്ച് പുനരന്വേഷിക്കണം. മറിച്ച്പറയുന്നത് നിയമ വിരുദ്ധമാണ്. അതിന് കൂട്ടുനില്‍ക്കാനാകില്ല. പുനരന്വേഷണം വരെ സന്ധിയില്ലാ സമരം നടത്തും.’ വി.എസിന്‍െറ സമരം എവിടെയൊക്കെ ചെന്നിടിക്കുമെന്ന് ഒരു നിശ്ചയവുമില്ല. പക്ഷെ സമരത്തില്‍ വി.എസ് ഏറെക്കുറെ ഏകനായിരിക്കുമെന്നതിന് സഭ സാക്ഷി. സൂര്യനെല്ലിയുടെ ഓരോ സാധ്യതകള്‍!

4...02...13

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...