Monday, February 25, 2013

മാറിച്ചിന്തിക്കുന്ന അസംതൃപ്തര്‍




അധികാര രാഷ്ട്രീയത്തില്‍ അസംതൃപ്തര്‍ അപൂര്‍വതയല്ല. അവരുടെ ഊരും പേരും തെളിഞ്ഞുവരാന്‍ പ്രയാസമാണെന്നേയുള്ളൂ. പതിമൂന്നാം സഭയുടെ ആറാം സമ്മേളനം തുടങ്ങിയയുടന്‍ കേരള നിയമസഭക്ക് പക്ഷെ ആ വിലപ്പെട്ട വിവരം കിട്ടി. നട്ടുച്ചക്കാണ് വെളിപാടുകള്‍ പ്രത്യക്ഷത്തില്‍ വന്നതെങ്കിലും രാവിലെ അടിയന്തിര പ്രമേയത്തില്‍ തന്നെ അതിന്‍െറ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെയാകണം, തീയും പുകയും പ്രതീക്ഷിച്ച് വന്നവര്‍ക്ക് നിരാശരാകേണ്ടി വന്നതും. പ്രതിപക്ഷ നേതാവിന്‍െറ കേസെടുത്തിട്ടും പ്രതിപക്ഷം പാടേ ശാന്തരായി കാണപ്പെട്ടു. തുടക്കത്തിന്‍െറ ആവേശം പോലും കണ്ടില്ല. മറുഭാഗത്തുമില്ല പഴയ ആത്മവിശ്വാസം. ഒന്നിറങ്ങിപ്പോയെങ്കിലും പിന്നീട് എല്ലാവരും ചേര്‍ന്ന് വൈകുന്നേരം വരെ ഗഹന ഗംഭീര ചര്‍ച്ചകള്‍ നടത്തി.
ബില്‍ ചര്‍ച്ചക്കിടെ അസംതൃപ്തരെ കുറിച്ച് വെളിപ്പെടുത്തിയത് സാജുപോളാണ് -തെളിവ് മാണി കോണ്‍ഗ്രസിന്‍െറ മുഖമാസിക ‘പ്രതിച്ഛായ’:  ‘ഇത്രയേറെ അസംതൃപ്തനും വ്രണിത ഹൃദയനുമായി മാണിസാര്‍ മറ്റൊരു ബില്ലും ഈ സഭയില്‍ അവതരിപ്പിച്ചിട്ടില്ല. എല്ലാം യാന്ത്രികമായാണ് ചെയ്യുന്നത്.’ എം. ഹംസക്കാകട്ടെ കുറച്ചുകൂടി കാര്യങ്ങളിറയാം: ‘മാണിസാര്‍ ഇപ്പോള്‍ മാറി മാറി ചിന്തിക്കുന്നതായി ഞങ്ങള്‍ക്കൊക്കെ മനസ്സിലായിട്ടുണ്ട്. ആ മാറ്റം ശക്തിപ്പെടുത്തണം.’ മാറ്റത്തിന്‍െറ ഈ കാറ്റ് വി.എസ് അച്യുതാനന്ദനും കിട്ടിയിരുന്നു. അതിനാല്‍ അടിയന്തിര പ്രമേയത്തില്‍ കിട്ടിയ ആദ്യാവസരത്തില്‍ തന്നെ ഭൂമിദാന കേസിന്‍െറ എല്ലാ വകുപ്പും വഴികളും വി.എസ് വിശദീകരിച്ചു. ഒടുവില്‍, സ്വന്തം മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുകയാണ് തന്‍െറ നിലപാട് എന്ന ഉമ്മന്‍ചാണ്ടി സിദ്ധാന്തത്തില്‍ പിടിച്ച് സ്വയം കുറ്റവിമുക്തി പ്രഖ്യാപിച്ചു:  ‘മറ്റു മുഖ്യമന്ത്രിമാര്‍ക്കും അങ്ങനെ ചെയ്യാനുള്ള അവകാശമില്ളേ?’ കൈയ്യിലെ കടലാസില്‍ തറച്ചുനോക്കിയിരുന്ന ഉമ്മന്‍ചാണ്ടി ആ ചോദ്യം വിഴുങ്ങിയപ്പോള്‍ പാമോയിലും സൈന്‍ ബോര്‍ഡും പറഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍ തര്‍ക്കം തുടങ്ങി. പ്രതിപക്ഷ നേതാവായി മറ്റൊരാളെ പ്രതിഷ്ടിക്കാനുള്ള തന്ത്രമാണ് ഭൂമിക്കേസെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചയാളാണ് വി.എസ്. അത് കോടിയേരിയാണോയെന്ന് ദോഷൈകദൃക്കുകള്‍ അടക്കം ചോദിക്കുന്നുമുണ്ട്. അതിനിടയിലാണ് വി.എസിന്‍െറ പേരില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്നത്. എന്നിട്ടോ, ലാവ്ലിനടക്കം മൊത്തം ഒമ്പത് കേസുകള്‍ പറഞ്ഞുവച്ചു. ഒന്നുമെവിടെയുമത്തെിയുമില്ല. മാറിച്ചിന്തിക്കുന്നതിന്‍െറ മാക്സിസ്റ്റ് രീതകള്‍ ഇപ്രകാരമായിരിക്കണം.
നിയമ നിര്‍മാണത്തിനായി മാത്രം ചേര്‍ന്ന ആറാം സമ്മേളനത്തിന്‍െറ ആദ്യ ദിവസമത്തെിയത് അമിത പലിശ നിരോധ ബില്ലും മുനിസിപ്പാലിറ്റി ഭേദഗതി ബില്ലും. പാകത്തിന് രാഷ്ട്രീയം ചേര്‍ത്ത് എല്ലാവരും പക്വത പാലിച്ചപ്പോള്‍ ചര്‍ച്ച പൊടിപാറി. സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന കുതന്ത്രങ്ങളുടെ സമഗ്ര വിവരണമായിരുന്നു ആദ്യ ബില്ലില്‍ എം. ഹംസ അവതരിപ്പിച്ചത്. മന്‍മോഹന്‍െറ യു.എസ് ഇടപാടുകള്‍ക്ക് വേണ്ടി കേന്ദ്രം റിസര്‍വ് ബാങ്കിനെ പണയപ്പെടുത്തിയിരിക്കുന്നു എന്ന് ജി. സുധാകരന് തോന്നിയത് അപ്പോഴാണ്. അത്രക്കങ്ങ് പോകേണ്ടെന്ന് കെ. ശിവദാസന്‍ നായരും.  പറഞ്ഞതില്‍ ശരിയുണ്ടെന്ന്, സുധാകരന്‍െറ കാര്യത്തില്‍ ചില അസംതൃപ്തികളുള്ള തോമസ് ഐസക് പിന്തുണച്ചു. ഇക്കാര്യത്തില്‍ പി.സി ജോര്‍ജും കെ.എം മാണിയും രണ്ട് തരം അഭിപ്രായം പറഞ്ഞപ്പോള്‍ അതും അസംതൃപ്തരുടെ മാറിച്ചിന്തയാണെന്ന് രാജു എബ്രഹാം കണ്ടത്തെി. ബില്ളൊക്കെ കൊള്ളാം, എന്നാലും എതിര്‍ക്കാതിരിക്കാനാകില്ല എന്നായിരുന്നു പ്രതിപക്ഷ നിലപാട്. അതിന് ഏല്‍പിച്ചതാകട്ടെ കെ.കെ ലതികയെയും. പെണ്‍കുട്ടികളും സ്ത്രീകളും പീഢനത്തിനിരയാകുന്നതിനെ പറ്റി ഷാഫി പറമ്പില്‍ സബ്മിഷന്‍ ഉന്നയിച്ചതിലായിരുന്നു ലതികക്ക് ഏറെ വിഷമം: ‘ഞങ്ങള് കൊണ്ടുവരേണ്ട സബ്മിഷനായിരുന്നു അത്. അത്രക്കാണ് ഭരണം.’ ശരിയാണ്; പക്ഷെ അകത്തായവരെ പുറത്തിറക്കാനുള്ള തിരക്കിനടയില്‍ വിട്ടുപോയിയെന്ന് മാത്രം.
രണ്ടാമത്തെ ബില്ലിനെ തോമസ് ഐസക്ക് എതിര്‍ത്തത് പക്ഷെ കാര്യകാരണ സഹിതമായിരുന്നു. പി. ശ്രീരാമകൃഷ്ണനും കെ.കെ ജയചന്ദ്രനും സി.പി മുഹമ്മദും വി.ഡി സതീശനും അതില്‍ ചേര്‍ന്നതോടെ ചര്‍ച്ചക്ക് ഗൗരവമേറി. മാലിന്യ സംസ്കരണം വഴി വിളപ്പില്‍ ശാലയില്‍ ചര്‍ച്ചയത്തെിയപ്പോള്‍ വി. ശിവന്‍കുട്ടിക്ക് പലവട്ടം ഇടപെടല്‍ രോഗമുണ്ടായി. അപ്പോഴാണ് എം.എ വാഹിദിന് പഴയ കാര്യം ഓര്‍മ വന്നത്: ‘വി.ശിവന്‍കുട്ടിയാണ് വിശപ്പില്‍ശാലയുടെ പിതാവ്.’ പുത്രലഭ്യതയില്‍ സന്തുഷ്ടനായ ശിവന്‍കുട്ടി പിന്നെ സഭ പരിഞ്ഞപ്പോഴാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റത്.
മാലിന്യ സംസ്കരണത്തിന്‍െറ എല്ലാ സിദ്ധാന്തങ്ങളും പറഞ്ഞിട്ടും നഗര മാലിന്യം ഗ്രാമങ്ങളില്‍ തള്ളുന്നതിനെ പറ്റി മാത്രം സി.പി.എം അംഗങ്ങള്‍ മൗനം പാലിച്ചു. അതേപറ്റി പറയണമെന്ന് വി.ഡി സതീശനും ടി.എന്‍ പ്രതാപനും സി.പി മുഹമ്മദും ചെയറിലിരുന്ന് എന്‍.ശക്തനും നിര്‍ബന്ധിച്ചെങ്കിലും ഫലം കണ്ടില്ല. അതുപറഞ്ഞാല്‍ വിളപ്പില്‍ശാലയുടെ പിതൃത്വം ശിവന്‍കുട്ടിയില്‍ നിന്ന് പാര്‍ട്ടിയിലേക്കത്തെുമെന്ന് അവര്‍ക്കറിയാം.
ഗഹനമായ ഈ രാഷ്ട്രീയ ചലനങ്ങള്‍ക്കിടയിലും കേരളം ഇതുവരെ കണ്ടത്തെിയിട്ടില്ലാത്ത സിദ്ധൗഷധത്തെ പറ്റിയുള്ള വെളിപ്പെടുത്തലിന്‍െറ പേരിലാകും ആറാം സമ്മേളനത്തിന്‍െറ ആദ്യ ദിനം ചരിത്രത്തില്‍ അറിയപ്പെടുക. അത് സംഭാവന ചെയ്തത് മന്ത്രി കെ.പി മോഹനന്‍: ‘വെളിച്ചെണ്ണ സിദ്ധൗഷധമാണ്. ആഫ്റ്റര്‍ ഷേവായും ബിഫോര്‍ ഷേവായും അത് ഉപയോഗിക്കാം.’ കളരിമുറ പ്രകാരം മെയ് വഴക്കത്തിനുകൂടി പറ്റിയ മരുന്നാണത്. മോഹനനും മാണിസാറിനും ഈ സീസണില്‍ ഒരുപോലെ ഉപയോഗ പ്രദവും.

(10/12/12)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...