Tuesday, December 6, 2011

തെരുവില്‍നിന്ന് തിരശ്ശീലയിലേക്ക്

പ്രതിപാദന രീതികളിലെ വൈവിധ്യവും ആകര്‍ഷണീയതയും കൊണ്ടാണ് അറബ് സിനിമകള്‍ കാഴ്ചക്കാര്‍ക്കിടയില്‍ വ്യത്യസ്തയാര്‍ന്ന സ്വീകാര്യത നേടിയത്. അതിസൂക്ഷ്മ ജീവിത ചലനങ്ങളെ പോലും തിരിച്ചും മറിച്ചും ആവര്‍ത്തിക്കുന്നത് അത്യന്തം വിരസമാകുമായിരുന്നിട്ടും ഒട്ടും മടുപ്പനുഭവിപ്പിക്കാതെ അവയെ തിരശ്ശീലയില്‍ വിന്യസിക്കാനായി എന്നതാണ് അതിന്റെ സവിശേഷത. പ്രമേയപരമായ ദൗര്‍ബല്യങ്ങളെ സിനിമയുടെ സൗന്ദര്യവും അവതരണ മികവും കൊണ്ട് അവ മറച്ചുപിടിച്ചു. റിയലിസ്റ്റിക് സമീപനങ്ങളാല്‍ തന്നെ ആഗോള കാഴ്ചാ സംസ്‌കാരത്തില്‍ അത് പുതിയ അഭിരുചികള്‍ സൃഷ്ടിച്ചു.

എന്നാല്‍ സാംസ്‌കാരിക സംഘര്‍ഷങ്ങളുടെയും ലിംഗ സമരങ്ങളുടെയും കുടുംബ ശൈഥില്യങ്ങളുടെയും ചുറ്റുവട്ടത്ത് മാത്രമായിരുന്നു ഇവയുടെ ഉള്ളടക്കം കറങ്ങിത്തിരിഞ്ഞത്. യുദ്ധവും മനുഷ്യാവകാശങ്ങളും വംശീയതയും പ്രമേയമായി വന്നുവെങ്കിലും അവയെയും കാല്‍പനികമായ പ്രണയ സംരഭങ്ങളിലും മറ്റും ഇഴചേര്‍ത്തുകിടത്തുകയായിരുന്നു അറബ് സിനിമകളുടെ ശീലം. ഇടക്കാലത്ത് ഫലസ്ത്വീന്‍ പ്രമേയമായി വന്ന ചില സിനിമകള്‍ ഒഴിച്ചാല്‍ രാഷ്ട്രീയത്തെ ഏറെക്കുറെ ഇവ പൂര്‍ണമായി അകറ്റിനിറുത്തി. ജനാധിപത്യ വിരുദ്ധമായ നിലപാടുകളിലൂടെ രാജാധികാരം സംരക്ഷിച്ചു നിര്‍ത്തേണ്ടിവന്ന ഭരണ കൂടങ്ങള്‍ അറബ് ദേശീയതയുടെ പേരില്‍ മുന്നോട്ടുവച്ച സാംസ്‌കാരിക നിയന്ത്രണങ്ങളാണ് പ്രമേയ പരമായ ഈ സ്വയം പരിമിതപ്പെടലിലേക്ക് നയിച്ചത്. ഇതാകട്ടെ ഒരു തരത്തില്‍ അരാഷ്ട്രീയമെന്ന് വിളിക്കാവുന്ന സിനിമകളുടെ പ്രളയം സൃഷ്ടിച്ചു. ഇത്തരം സിനിമകള്‍ നിര്‍മിച്ചവര്‍ പക്ഷെ അവരുടെ സംവിധാന വൈദഗ്ദ്യത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാകാത്ത വിധം ലോകത്ത് സമര്‍ഥിച്ചു. എന്നല്ല, ആനുകാലിക സിനിമയിലെ അതികായരായി അവരില്‍ പലരും വളരുകയും ചെയ്തു. ഏകാധിപത്യത്തിന്റെ ആവിഷ്‌കാര നിയന്ത്രണങ്ങളെ അതി ക~ിനമായ സാഹസങ്ങളിലൂടെ അതിജീവിക്കുന്നവരാണ് ഈ സംവിധായകരെന്ന് ലോകം ഇവരെ വാഴ്ത്തി. ഭരണകൂടത്തിന്റെ രാഷ്ട്രീയ നിയന്ത്രണങ്ങളെ പരോക്ഷമായി മറികടക്കുന്നുണ്ട് എന്ന ആനുകൂല്യവും അവര്‍ക്ക് വകവച്ചുകൊടുത്തു. എന്നിട്ടും ഒറ്റപ്പെട്ട സിനിമകളല്ലാതെ മറ്റൊന്നും ഭരണകൂടങ്ങളെ അലോസരപ്പെടുത്തും വിധം രൂപപ്പെട്ടില്ലഌ അങ്ങനെ ലിംഗ നീതി, സാംസ്‌കാരിക സംഘര്‍ഷം, കുടുംബ ബന്ധം, സൗഹൃദം, പ്രണയം തുടങ്ങിയവയില്‍ കേന്ദ്രീകരിച്ച്, അതി വൈകാരികതളും ദൃശ്യ ഭംഗിയും സമാസമം ചേര്‍ത്ത് ആസ്വാദകരെ പിടിച്ചിരുത്തുന്ന സിനിമകള്‍ അറബ് കാഴ്ചയുടെ അടയാളമായി. ഏകാധിപത്യത്തിന് അഹിതകരമായ രാഷ്ട്രീയ സിനിമകള്‍ അതോടെ ഇല്ലാതായി.

ഈ സാംകാരിക പശ്ചാത്തലത്തിലാണ് അറബ് രാജ്യങ്ങളില്‍ ജനകീയ മുന്നേറ്റത്തിന്റെ പുതിയ വസന്തം വിരിയുന്നത്. ജനാധിപത്യത്തിനും ആവിഷ്‌കാരാവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും വേണ്ടി മുറവിളിയുയര്‍ത്തിയ പൊതുസമൂഹം തെരുവുകള്‍ പിടിച്ചടക്കുകയും ഏകാധിപതികളെ അധികാരത്തില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അറബ് മേഖലായാകെ പടര്‍ന്ന മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രത്യാഘാതം തിരശ്ശീലയില്‍ പ്രത്യക്ഷപ്പെട്ടത് തീര്‍ത്തും രാഷ്ട്രീയമായ സിനിമകളുടെ പറിവിയോടെണ്. കഥയും തിരക്കഥയുമുള്ള സിനിമയുടെ സാമ്പ്രദായിക രീതികളില്‍ നിന്ന് വ്യത്യസ്തമായി ഡോക്യുമെന്ററികളായാണ് അവയിപ്പോള്‍ പുറത്തുവരുന്നത്. ഭാവനാതീതമായ രാഷ്ട്രീയാവസ്ഥകള്‍ നേരിട്ടനുഭവിച്ച ഒരു തലമുറക്ക് കാല്‍പനികത കുത്തിനിറച്ച് വിപ്ലവത്തെ ദൃശ്യവല്‍കരിക്കുക പ്രയാസകരമായതിനാലാകും തത്‌സ്ഥല വിവരണങ്ങളടങ്ങിയ ചരിത്ര രേഖകളായി ഈ സിനിമകള്‍ രൂപപ്പെടുന്നത്. സ്വന്തം അനുഭവങ്ങളെ ഡോക്യുമെന്റ് ചെയ്യുക എന്ന ദൗത്യംകൂടി ഇത്തരം സിനിമകള്‍ക്ക് പ്രചോദനമായിട്ടുണ്ടാകാം. എന്നാല്‍ ജനാധിപത്യ ലോകത്തിന് അത് കൈമാറുന്നത് സമാനതകളില്ലാത്ത ജനകീയ പ്രതിരോധങ്ങളുടെ സമര ചിത്രങ്ങളാണ്. തിരുവനന്തപുരം അന്താരാഷ്ട്ര മേളയില്‍ ഉള്‍പെടുത്തിയ അറബ് പാക്കേജില്‍ പ്രദര്‍ശനത്തിനെത്തുന്ന രണ്ട് ചിത്രങ്ങളെങ്കിലും ഈയര്‍ഥത്തില്‍ ഏറ്റവും സമകാലികമായ ആഗോള രാഷ്ട്രീയ ചലനങ്ങളുടെ ദൃശ്യാവിഷ്‌കാരം എന്ന നിലയില്‍ സവിശേഷമാകും.

അറബ് വസന്തത്തിന് തുടക്കമിട്ട ടുണീഷ്യയില്‍ നിന്ന് ഇല്യാസ് ബഖര്‍ സംവിധാനം ചെയ്ത 'റഫ് പരോള്‍' വിപ്ലവത്തിന് തിരികൊളുത്തിയത് മുതല്‍ പ്രസിഡന്റ് ബിന്‍ അലിയുടെ പുറത്താകല്‍ വരെ ചിത്രീകരിക്കുന്നുണ്ട്. ജനമുന്നേറ്റത്തിന് നിമിത്തമായി സ്വയം രക്തസാക്ഷിത്വം വരിച്ച മുഹമ്മദ് ബുഐസിസിയുടെ മാതാവിലൂടെയാണ് ഈ ഡോക്യുമെന്ററി പുരോഗമിക്കുന്നത്. ബുഐസിസിയെ മയക്കുമരുന്ന് അടിമയെന്ന് വിളിച്ച് ആക്ഷേപിക്കുകയും പിന്നീട് പണം വാഗ്ദാനം ചെയ്ത് കുടുംബത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രസിഡന്റിനെ നേരില്‍ കണ്ട സംഭ്രമജനകമായ നിമിഷങ്ങള്‍ അവര്‍ വിവരിക്കുന്നുണ്ട്. അറബ് തെരുകുളകില്‍ കത്തിപ്പടര്‍ന്ന സ്വപ്‌നങ്ങളും ആശയങ്ങളും ഇതില്‍ ഏറെ ചര്‍ച്ച ചെയ്യുന്നു. സ്വാതന്ത്ര്യമാണോ ഭക്ഷണമാണോ പ്രാഥമികാവശ്യമെന്ന ചോദ്യമാണ് അറബ് തെരുവുകള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്. നിശബ്ദരാകാന്‍ ഇനി വയ്യെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും അവര്‍ ആവശ്യപ്പെടുന്നു. ഏകാധിപത്യം ഒളിപ്പിച്ചുവച്ച പുതിയ ലോകങ്ങളിലേക്ക് അവര്‍ കടന്നുചെല്ലുന്നു. കണ്‍മുന്നില്‍ അനുഭവിച്ച വിപ്ലവത്തിന്റെ അവിശ്വസിനീയമായ കാഴ്ചകളാല്‍ അന്ധാളിച്ചുപോയ ജനക്കൂട്ടത്തെ ഈ ദൃശ്യങ്ങളിലെമ്പാടും കാണാം. പ്രതിഷേധക്കാരുടെ ചെറു സംഘങ്ങള്‍ സമരം തുടങ്ങുന്നതും അത് വന്‍ ജനസാഗരമായൊഴുകി നിയറയുന്നതും ആവേശകരമായ കാഴ്ചയാണ്. അധികാരം നഷ്ടപ്പെട്ട രാജ കുടുംബങ്ങളുടെ, വിപ്ലവകാരികള്‍ തകര്‍ത്ത വീടുകളിലേക്കും കാമറ തിരിയുന്നുണ്ട്. അയല്‍ രാജ്യങ്ങളിലേക്ക് പടര്‍ന്ന വിപ്ലവക്കാറ്റില്‍ ഈജിപ്തും ലിബിയയും മറ്റും ആടിയുലയുന്നതിന്റെ ടുനീഷ്യന്‍ കാഴ്ചയും പ്രതികരണങ്ങളും ഇല്യാസ് ബഖര്‍ അവതരിപ്പിക്കുന്നു.

ജനകീയ വിപ്ലവത്തെ കൂടുതല്‍ ആഴത്തില്‍ ദൃശ്യവല്‍കരിക്കുന്ന ചിത്രമാണ് ഈജിപ്തില്‍ നിന്നെത്തുന്ന 'തഹരീര്‍ 2011: ദി ഗുഡ്, ദി ബാഡ് ആന്റ് ദി പൊളിറ്റീഷ്യന്‍' എന്ന ഡോക്യുമെന്ററി. മൂന്ന് സംവിധായകര്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളില്‍, മൂന്ന് വ്യത്യസ്ത പ്രമേയങ്ങളിലൂന്നി നിര്‍മിച്ച ചിത്രങ്ങളുടെ സംയോജിത രൂപമാണിത്. 18 ദിവസത്തെ തഹ്‌രീര്‍ ഉപരോധം ഇതില്‍ ചുരുള്‍ നിവരുന്നു. മൂന്ന് പ്രമുഖ യുവ സംവിധായകരുടെ ഈ പരിശ്രമവും ജനകീയ സമര ചരിത്ര രേഖയെന്ന നിലയിലാണ് കൂടുതല്‍ പ്രസക്തമാകുക. തഹ്‌രീര്‍ ചത്വരത്തില്‍ തടിച്ചുകൂടിയ ജനങ്ങളും അവരുടെ സ്വപ്‌നങ്ങളും ആകുലതകളും ആവേശങ്ങളുമാണ് തമര്‍ ഇസ്സത്ത് സംവിധാനം ചെയ്ത 'ദി ഗുഡ്' എന്ന ആദ്യ ഭാഗം. വിശ്വാസവും വിപ്ലവവും ഇഴചേര്‍ന്ന ഈജിപ്ഷ്യന്‍ സമരത്തെരുവിലിരുന്ന് പ്രക്ഷോഭകര്‍ ലോകത്തോട് സംസാരിക്കുകയാണിവിടെ. ഹുസ്‌നി മുബാറക്കിന് വേണ്ടി സമരം നേരിടാന്‍ രംഗത്തിറങ്ങിയ നാല് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരിലൂടെ ഭരണകൂട മനോഭാവങ്ങളെ അനവാരണം ചെയ്യുന്നതാണ് രണ്ടാം ഭാഗമായ 'ദി ബാഡ്'. കാമറക്ക് മുന്നില്‍ വരാന്‍ തയാറാല്ലാത്ത 12 പേരെ അഭിമുഖം നടത്തിയും ചിത്രീകരിച്ചുമാണ് ഐതീന്‍ അമന്‍ ഇത് പൂര്‍ത്തിയാക്കിയത്. സമരത്തെ ഭരണകൂടം നേരിട്ട വഴികളും തന്ത്രങ്ങളും ഇതില്‍ കാണാം. ഭരണം തകരുന്നതിന്റെ അവസാന നിമിഷം വരെ ഭരണകൂടത്തിന്റെ ഉപകരണങ്ങളായി പ്രവര്‍ത്തിച്ചത് സൈന്യമാണ്. എന്നാല്‍ സമരക്കാര്‍ക്കൊപ്പം നിന്ന് രഹസ്യങ്ങള്‍ കൈമാറിയവരും ഇക്കൂട്ടത്തിലുണ്ട് എന്ന് സംവിധായിക വിശദീകരിക്കുന്നു. അമര്‍ സലാമ സംവിധാനം ചെയ്ത ഹുസ്‌നി മുബാറക്കിന്റെ ഭരണവും ജീവിതവുമാണ് മൂന്നാം ഭാഗാമയ ദി പൊളിറ്റീഷ്യന്‍. ഏകാധിപത്യവും എകാധിപതിയുടെ പിറവിയും വളര്‍ച്ചയും ആക്ഷേപ ഹാസ്യം ചേര്‍ത്ത് ഇതില്‍ വിമര്‍ശ വിധേയമാക്കുന്നു. മൂന്നര പതിറ്റാണ്ട് നീണ്ട മുബാറക് ഭരണ കാലത്തെ അപനിര്‍മിക്കുന്നതിലൂടെ ഒരാള്‍ക്ക് ഏകാധിപതിയായിത്തീരാനുള്ള 10 ചുവടുകള്‍ അമര്‍ സലാമ അടയാളപ്പെടുത്തുന്നു. മുബാറകിന്റെ അനുകൂലികളും പ്രതിയോഗികളുമായ പ്രമുഖരുടെ അഭിമുഖങ്ങളും ഇതിലുണ്ട്.

രാഷ്ട്രീയ സിനിമകളെന്ന് സംവിധായകര്‍ അവകാശപ്പെടുന്ന ബഹ്ജി ഹുജൈജിയുടെ ഇവിടെ മഴപെയ്യുമ്പോള്‍ (ലബനന്‍), ഹിഷാം ലസ്‌രിയുടെ ദി എന്‍ഡ് (മൊറോക്കോ) എന്നിവയടക്കം എട്ട് ചിത്രങ്ങളാണ് മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ മേളയില്‍ അവതരിപ്പിക്കുന്ന അറബ് പാക്കേജില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. യുദ്ധാരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയ ലബനന്‍ ജീവിതത്തെ അനാവരണം ചെയ്യുന്നതാണ് ഹുജൈജിയുടെ ചിത്രം. യുദ്ധം കവര്‍ന്നെടുത്ത തലമുറ പില്‍കാലത്ത് സ്വന്തം പിന്‍മുറക്കാരാല്‍ തിരസ്‌കരിക്കപ്പെടുന്നതിന്റെ സാമൂഹികപ്രത്യാഘാതങ്ങളാണ് സിനിമ അന്വേഷിക്കുന്നത്. തെരുവുയുദ്ധക്കാര്‍ തട്ടിക്കൊണ്ടുപോയ ഒരാളുടെ ഇരുപത് വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ ഇത് കേന്ദ്രീകരിക്കുന്നു. മറ്റിടങ്ങളിലെ പോലെ വലിയ തെരുവ് യുദ്ധമകാതെ തന്നെ സമകാലിക സാമൂഹ്യ മാറ്റങ്ങള്‍ക്കൊപ്പം ചേര്‍ന്ന മൊറോക്കന്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നതാണ് ദി എന്‍ഡ്. ഹസന്‍ രജാവിന്റെ മരണ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമ മൊറോക്കന്‍ ചരിത്രത്തെയും അനിവാര്യമായ പരിവര്‍ത്തനങ്ങളെയും അടയാളപ്പെടുത്തുന്നു. വിപ്ലവാനന്തരമാണ് ടുനീഷ്യന്‍-ഈജിപ്ത് രാഷ്ട്രീയ ചിത്രങ്ങള്‍ പിറന്നത്. എന്നാല്‍ ഒരു പരിവര്‍ത്തനത്തിന് സജ്ജമായ സാമൂഹികാവസ്ഥകളെയാണ് ഈ മൊറോക്കന്‍ ചിത്രം പ്രതിനിധീകരിക്കുന്നത്.

യുദ്ധം, സംസ്‌കാരം, പ്രണയം, ജീവിതം, സ്ത്രീ, ഗ്രാമം തുടങ്ങിയ പതിവ് പ്രമേയങ്ങള്‍ തന്നെയാണ് മറ്റ് നാല് സിനിമയുടെയും കേന്ദ്ര വിഷയങ്ങള്‍. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള സഹ നിര്‍മാണം (കൊ-പ്രൊഡക്ഷന്‍) എന്ന പതിവ് രീതി ഉപേക്ഷിച്ച് മിക്ക രാജ്യങ്ങളും സ്വന്തം നിലയില്‍ സിനിമകള്‍ നിര്‍മിക്കുന്ന പ്രവണത പുതിയ ചിത്രങ്ങളില്‍ കാണുന്നുണ്ട്. പണം മുടക്കുന്ന സമ്പന്നരാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങളെ തൃപ്തിപ്പെടുത്തുക എന്ന കൊളോണിയല്‍ കുതന്ത്രത്തില്‍ നിന്ന് അറബ് സിനമികള്‍ വിമോചിപ്പിക്കപ്പെടുന്നതിന്റെ സൂചന കൂടിയാകാമിത്. പണം മുടക്കുന്ന യൂറോ-അമേരിക്കന്‍ വാര്‍പ്പുമാതൃകകളെ മഹത്വവല്‍കരിക്കുക എന്നതായിരുന്നു അറബ് സിനിമകളില്‍ നിറയുന്ന സാംസ്‌കാരിക സംഘര്‍ഷങ്ങളുടെ പ്രത്യയശാസ്ത്രം. ഇതിലൂടെ അറബ് ദേശീയതയുടെ പിന്നിലെ മതാത്മകമായ അംശങ്ങള്‍ അപഹസിക്കാനും നാഗരികതളുടെ സംഘര്‍ഷമെന്ന സാമ്രാജ്യത്വ അജണ്ടയുടെ പ്രചാരണോപകരണങ്ങളായി സിനിമകളെ മാറ്റാനും ഈ സഹ നിര്‍മാണത്തിലൂടെ കഴിഞ്ഞിരുന്നു. ജനാധിപത്യവല്‍കരിക്കപ്പെടുന്ന അറബ് സമൂഹങ്ങളുടെ സാംസ്‌കാരിക അസ്തിത്വം നിര്‍ണയിക്കുന്നതില്‍ സഹ നിര്‍മാണത്തില്‍ നിന്നുള്ള ഈ വേര്‍പെടല്‍ നിര്‍ണായകമാകും. വിപ്ലവം പ്രമേയമായ സിനിമകളില്‍ ഈ സാംസ്‌കാരിക പുനര്‍നിര്‍മിതിയുടെ സൂചകങ്ങള്‍ കാണുന്നുമുണ്ട്.

എന്നാല്‍ അതിനേക്കാള്‍ പ്രധാനമാണ് വിപ്ലവാനന്തര അറബ് ലോകത്ത് പ്രത്യക്ഷപ്പെട്ട സിനിമകളുടെ ഉള്ളടക്കം. അതിന് മുമ്പുള്ള കാലത്തെ സിനിമകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി തികഞ്ഞ രാഷ്ട്രീയവും ജനാധിപത്യവും സ്വാതന്ത്ര്യബോധവും അവയില്‍ ഉള്‍ചേരുന്നു. ഇത് വിപ്ലവ പൂര്‍വ സിനിമകളെ മറ്റൊരു തരത്തില്‍ റദ്ദാക്കുകയാണ് ചെയ്യുന്നത്. ഏകാധിപത്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഭേദിച്ചുവെന്ന് ലോകം വിശേഷിപ്പിച്ച വിപ്ലവ പൂര്‍വ അറബ് സംവിധായകരില്‍ നിന്ന് രാജാധിപത്യത്തെ അലോസരപ്പെടുത്തുന്ന കാര്യമായ ചലനങ്ങളൊന്നുമുണ്ടായില്ല എന്നതിനാല്‍ തന്നെയാണ് ആ റദ്ദാക്കല്‍. ജനാധിപത്യ വിരുദ്ധരായ ഭരണകൂടങ്ങള്‍ക്ക് ഏതോതരത്തില്‍ താങ്ങായി മാറുന്ന പ്രമേയങ്ങളിലായിരുന്നു അറബ് സംവിധായകര്‍ ചുറ്റിക്കറങ്ങിയത് എന്ന് ഈ മാറ്റം ഇപ്പോള്‍ വിളിച്ചുപറയുന്നുണ്ട്. ഏകാധിപത്യം ഏര്‍പെടുത്തിയ നിയന്ത്രണങ്ങളെ വെല്ലുവിളിക്കുന്നതിന് പകരം അവയോട് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു അവര്‍. ഇതിനെ അറബ് സംവിധായകര്‍ക്കെതിരായ വിമര്‍ശമായി ഉന്നയിക്കുന്നതിന് പകരം, അവരുടെ നിസ്സഹായതയായി ലഘൂകരിച്ച് അതിന്റെ പേരിലും അവരെ മഹത്വവല്‍കരിക്കുകയാണ് മുഖ്യധാര മാധ്യമ-സിനിമ ലോകം ചെയ്തത്.

അതിസാഹസികമെന്ന നാട്യത്തില്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട സിനിമകളിലെ 'സാംസ്‌കാരിക വിപ്ലവങ്ങളുടെ' കാപട്യം വിപ്ലവാനന്തര ചിത്രങ്ങള്‍ തുറന്നുകാട്ടുന്നു. പുറംലോത്തിന് മുന്നില്‍ അറബ് നാടുകളിലെ മുഖ്യധാര സിനിമക്കാരായി രംഗത്തെത്തിയവര്‍ അവിടത്തെ ഏകാധിപത്യ ഭരണകൂടത്തോട് ബോധപൂര്‍വമായ അനുരഞ്ജനത്തിലായിരുന്നുവെന്നാണ് ഉള്ളടക്കത്തില്‍ പൊടുന്നനെ വന്ന മാറ്റം വ്യക്തമാക്കുന്നത്. സാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഇത്രയേറെ ദാഹിച്ച ഒരു ജനതയുടെ രാഷ്ട്രീയാവിഷ്‌കാരങ്ങള്‍ വിപ്ലവദിവസങ്ങളുടെ തലേന്നിറങ്ങിയ ചിത്രങ്ങളില്‍ പോലും പ്രത്യക്ഷമാകാതിരുന്നതിന് മറ്റൊരു ന്യായം കണ്ടെത്തുക പ്രയാസമാണ്. ജനാഭിലാഷമായിരുന്നില്ല ആ സിനിമകള്‍ പ്രതിനിധീകരിച്ചത്. വിഷയമാക്കിയതും. എന്നല്ല, ജനകീയ രാഷ്ട്രീയത്തെ ആ സംവിധായകര്‍ തിരസ്‌കരിക്കുക കൂടി ചെയ്തുവെന്ന് വേണം കരുതാന്‍. വിപ്ലവാനന്തര അറബ് നാടുകളില്‍ സംഭവിച്ച പ്രത്യയശാസ്ത്രപരവും ജനാധിപത്യപരവുമായ പരിവര്‍ത്തനങ്ങള്‍ ഈ നിരാകരണത്തിന്റെ നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. അതല്ലെങ്കില്‍ ഇത്ര വലിയ ജനകീയ വിപ്ലവം ഗര്‍ഭം ധരിച്ചുനടന്ന വലിയൊരു ജനതയുടെ സാമൂഹിക ബോധത്തെയും ജനാധിപത്യ വളര്‍ച്ചയെയും കൃത്യമായി വായിച്ചെടുക്കാന്‍ വിപ്ലവ പൂര്‍വ അറബ് സംവിധായകര്‍ക്ക് കഴിഞ്ഞില്ല എന്ന് പറയേണ്ടിവരും. അഥവ ഒന്നുകില്‍ അനുരഞ്ജനം. അല്ലെങ്കില്‍ പരാജയം. വിപ്ലവാനന്തര സിനിമകള്‍ ഈ രണ്ടവസ്ഥകളെയും തിരുത്തുന്നു. രാജകൊട്ടാരങ്ങളിലെ തമ്പുരാക്കന്‍മാര്‍ക്കൊപ്പം, സാംസ്‌കാരിക കലാപകാരികളുടെ വേഷം കെട്ടി ഒത്തുതീര്‍പ്പുകളുടെ തിരശ്ശീലയില്‍ അഭിരമിച്ച സിനിമാ പ്രമാണിമാരെ അവരുടെ അരമനകളില്‍ നിന്ന് ഇറക്കി വിടുന്നു എന്നതാകാം അറബ് വസന്തം വെള്ളിത്തിരയില്‍ സൃഷ്ടിക്കുന്ന വിപ്ലവം.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2011 ഡിസംബര്‍ 12)

Friday, November 4, 2011

ജാതി പറയേണ്ട വിധം


ആവേശം വന്നാല്‍ അനാവശ്യം പറഞ്ഞുപോകുന്നത് പി.സി ജോര്‍ജിനൊരു ശീലമാണ്. ഇക്കാര്യത്തില്‍ ഏത് പക്ഷത്തിരിക്കുന്നു എന്നതൊന്നും ജോര്‍ജിനെ അലട്ടാറില്ല. വാര്‍ത്താസമ്മേളനത്തില്‍ പോലും അതാണ് രീതി. 'പച്ചക്ക് പറയുക'യാണ് എന്ന ആമുഖമാണ് ആദ്യം വരിക. പിന്നെ 'തുറന്നുപറയുന്നു' എന്ന വിശദീകരണവും. കേള്‍ക്കുന്നവര്‍ വിശ്വസിക്കുന്നില്ലേ എന്ന സംശയം ഉള്ളിലിടക്കിടെ ഉയരുന്നതിനാലാകണം, 'സത്യം മാത്രമേ പറയുന്നുള്ളൂ' എന്ന അടിക്കുറിപ്പുമുണ്ടാകും. ഇടത് മുന്നണിയിലായിരുന്നപ്പോഴും ഈ പതിവുകളൊന്നും തെറ്റിച്ചിരുന്നില്ല. അന്ന് വി.എസ് അച്യുതാനന്ദനായിരുന്നു ആത്മീയ ഗുരു. ഇന്നത് ഉമ്മന്‍ചാണ്ടിയായി. ബാക്കിയെല്ലാം പഴയപടി. ഇരുപക്ഷത്തുമിരുന്ന് നിഷ്പക്ഷത തെളിയിച്ചതിനാല്‍ വിശ്വാസ്യതയുടെ കാര്യത്തിലുമില്ല സംശയം.
അധസ്ഥിതരോടുള്ള സ്‌നേഹത്തിന്റെ കാര്യത്തിലും പി.സി ജോര്‍ജിനോളം വരില്ല മറ്റാരും. വീട്ടിലെ ജോലിക്കാര്‍പോലും ഈ വിഭാഗക്കാരാണത്രെ. സഖാക്കള്‍ 'മോഷ്ടാക്കള്‍' എന്നാക്ഷേപിച്ച ചെങ്ങറ സമരക്കാര്‍ക്ക് ലോറി വിളിച്ച് അരിയും പയറും കൊണ്ടുകൊടുത്തിട്ടുമുണ്ടത്രെ. 'എന്നെയൊന്ന് പട്ടിക ജാതിയില്‍ ചേര്‍ക്കൂ'വെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. അത്രവലിയ വിപ്ലവകാരി.
ഇങ്ങനെയുള്ള ഒരാള്‍ അമിതാവേശത്തില്‍ എന്തനാവശ്യം പറഞ്ഞാലും ജാതി പറഞ്ഞ് അധിക്ഷേപിക്കില്ലെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. അതുകൊണ്ട് തന്നെ കോടിയേരി ബാലകൃഷ്ണന്റെ അടിയന്തിര പ്രമേയം തള്ളിക്കളയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയും വന്നില്ല. ഇതിലപ്പുറം വല്ലതും വേണമെങ്കില്‍ ജോര്‍ജ് തന്നെ അത് പറയുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. അങ്ങനെ ഇത് അവസാനിപ്പിക്കാമെന്ന ഉപായവും.
പ്രതിപക്ഷം പക്ഷെ അതില്‍ വീണില്ല. ഒത്തുതീര്‍പ്പ് ഏശില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ പ്രസംഗ ഭാഷയുടെ മര്യാദയെപ്പറ്റി ചെറിയൊരു സ്റ്റഡീ ക്ലാസും മുഖ്യമന്ത്രി നടത്തി. ഇക്കാര്യത്തില്‍ ഒരു വിരല്‍ ഇങ്ങോട്ട് ചൂണ്ടുമ്പോള്‍ ബാക്കി നാലും സ്വന്തം നെഞ്ചിലേക്കാണ് എന്നായിരുന്നു ആദ്യ അധ്യായം. സ്വന്തം മന്ത്രിക്ക് മുമ്പൊരു മുഖ്യമന്ത്രി പേരിട്ടതും അതേ മുഖ്യമന്ത്രി പഴയൊരു പ്രസിഡന്റിനെ പറ്റി പറഞ്ഞതുമായിരുന്നു ഉദാഹരണങ്ങള്‍. ഈ ക്ലാസ് കട്ട് ചെയ്ത ഇന്നത്തെ പ്രതിപക്ഷ നേതാവ് മാപ്പ് കൊണ്ടും തീരില്ല ഇപ്പോഴത്തെ പ്രശ്‌നമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ പ്രതിഷേധവും ബഹളവുമായി. എന്നാല്‍ നടുത്തളത്തിലിറങ്ങി അബദ്ധത്തില്‍ ചാടാതിരിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിനാല്‍ ഇരുന്നിടത്തിരുന്നായി മുദ്രാവാക്യം വിളി. അതോടെ സ്പീക്കര്‍ സഭ നിറുത്തി. അര മണിക്കൂര്‍ കഴിഞ്ഞ് തിരിച്ചെത്തി ബാക്കി നടപടികള്‍ തീര്‍ത്ത് പിരിഞ്ഞു. പ്രതിപക്ഷം വളരെ സമാധാനപരാമയി മുദ്രാവാക്യം വിളിച്ച് സഹകരിച്ചു.
ജാതി പറഞ്ഞാല്‍ അത് അധിക്ഷേപമായി പരിഗണിക്കാന്‍ ചില സാങ്കേതിക വ്യവസ്ഥകളുണ്ടെന്ന് ഈ ചര്‍ച്ചയോടെ സഭക്ക് ബോധ്യപ്പെട്ടു. ആവേശം വന്നാലും ആഹ്ലാദം വന്നാലും അധസ്ഥിതനെ ജാതി പറഞ്ഞുപോകുന്നത് സവര്‍ണ യുക്തിയാണെന്ന വര്‍ഗ സിദ്ധാന്തം പോലും ഈ സാങ്കേതികത്വത്തില്‍ അപ്രസക്തമായി. ജാതി വിളിയിലെ വ്യവസ്ഥകള്‍ ഇരുകൂട്ടര്‍ക്കും അത്രമേല്‍ സുപ്രധാനമായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ആദ്യം പറഞ്ഞത്: 'പട്ടിക ജാതി എന്ന് പറഞ്ഞാല്‍ അത് ജാതി അധിക്ഷേപമാകില്ല. പട്ടികയില്‍ ഉള്‍പെട്ട ജാതിയുടെ പേര് പറയണം. അതിനാല്‍ നിയമപരാമയി കേസ് എടുക്കാനുമാകില്ല.' തീര്‍ന്നില്ല, ഒരു കോടതി വിധികൂടിയുണ്ട്: 'ജാതി വിളി അധിക്ഷേപമാകണമെങ്കില്‍ അതിനിരയാക്കപ്പെട്ടയാളുടെ സാന്നിധ്യത്തില്‍ അത് പറഞ്ഞിരിക്കണമെന്നാണ് കോടതി വിധി. ഇത് സുപ്രീംകോടതിയും ശരിവച്ചിട്ടുണ്ട്. ഇ.കെ നായനാര്‍ക്കെതിരായ കേസ് തള്ളിയാണ് ഈ വിധി. പരാതിക്കാരന്‍ എം.എ കുട്ടപ്പനും.' വര്‍ഗ വിപ്ലവത്തിന്റെ ആവേശത്തിനിടെയാണ് നായനാര്‍ ജാതി പറഞ്ഞുപോയത്. അത് കോടതി തള്ളിയത് ന്യായമാണെങ്കിലും ആ ന്യായം ഇവിടെ പറ്റില്ലെന്ന് കോടിയേരി സമര്‍ഥിച്ചു. തികച്ചും സാങ്കേതികമായ കാരണങ്ങളാല്‍ തന്നെ: 'നായനാര്‍ അത് പറഞ്ഞത് കുട്ടപ്പന്‍ കേട്ടിട്ടില്ല. എന്നാല്‍ പി.സി ജോര്‍ജ് പറഞ്ഞത് ലോകം മുഴുവന്‍ ചാനലുകളിലൂടെ കണ്ടു. എം.എല്‍.എ ഹോസ്റ്റലിലിരുന്ന് എ.കെ ബാലനും കേട്ടു. അതിനാല്‍ ഈ വിധി ഇവിടെ ബാധകമാകില്ല. അത് കാലഹരണപ്പെട്ടതാണ്.'
അധിക്ഷേപം ലക്ഷ്യമിട്ട് ജാതി പറയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്കാകെ അവബോധമുണ്ടായി എന്നതാണ് ഈ ചര്‍ച്ചയുടെ ചരിത്രപരമായ സവിശേഷത. സഭാ രേഖകളില്‍ നിന്ന് അതിങ്ങനെ സംഗ്രഹിക്കാം: 'വിളിക്കാനുദ്ദേശിക്കുന്നയാളെ സ്ഥലത്ത് ഹാജരാക്കു, വിളി പട്ടിക ജാതിയില്‍ ഒതുക്കാതിരിക്കുക, പ്രസംഗ വേദിയില്‍ ചാനല്‍ കമാറകള്‍ ഉറപ്പാക്കുക.' ജന നേതാക്കളുടെ ഈ സാങ്കേതിക വൈഭവത്തിന് മുന്നില്‍ ആരും തോറ്റുപോകും -ജാതി പറയണമെന്ന് കല്‍പിച്ച ശ്രീനാരായണ ശിഷ്യന്‍ പോലും.

(4....11...11)

Saturday, October 29, 2011

പറയാന്‍മറന്ന കാര്യങ്ങള്‍ പറയുന്നവിധം

സഭയിലെ തിരക്കിനും ബഹളത്തിനുമിടയില്‍ പറയാനുദ്ദേശിച്ച പലതും വിട്ടുപോകുക പതിവാണ്. പലരുടെ പ്രസംഗങ്ങളും പാതിവഴിയിലങ്ങനെ ഗതിമാറുന്നതും പതിവാണ്. സഭയില്‍ കൈവിട്ട അവസരം എറിഞ്ഞുപോയ കല്ലുപോലെയാണ്. തിരിച്ചുപിടിക്കുക നന്നേ പ്രയാസം. ടൈറ്റാനിയം ചര്‍ച്ചയില്‍ അതിനിര്‍ണായകമായൊരു വിവരം മുഖ്യമന്ത്രിയുടെ കൈവിട്ടുപോയി. ഇതുപോലെ ഗതിതെറ്റിയതായിരുന്നു ഇതേവിഷയത്തില്‍ ടി.എന്‍ പ്രതാപന്‍ നടത്തിയ പ്രസംഗവും. സാധാരണഗതിയില്‍ നികത്താനാകാത്ത നഷ്ടം. പക്ഷെ സഭാനേതാവും ശിഷ്യനും ചേര്‍ന്ന് ഈ കുറവ് പരിഹരിക്കാന്‍ ഇന്നലെയൊരു പിന്‍വാതില്‍ വഴിയുണ്ടാകി -ഉപക്ഷേപം. ശൂന്യവേളയില്‍ലെ സബ്മിഷന്‍ പട്ടിക വന്നപ്പോള്‍ അതിലുണ്ട് കാര്യം. വിഷയം -ടൈറ്റാനിയം മലിനീകരണ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഹെകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അവതാരകന്‍ -ടി.എന്‍ പ്രതാപന്‍. മറുപടി -മുഖ്യമന്ത്രി. ആദ്യ ദിവസത്തെ ക്ഷീണം തീര്‍ത്ത പ്രതാപന്‍ എതിര്‍ ഗോള്‍മുഖത്ത് നിറഞ്ഞാടി. മറുപടിയില്‍ മുഖ്യമന്ത്രിയും. കിട്ടേണ്ടത് കിട്ടിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്കെതിരെ തിരിഞ്ഞു: കഴിഞ്ഞ ദിവസം പറയാന്‍ പറ്റാത്തത് പറയാന്‍ സബ്മിഷന്‍ അനുവദിക്കണോ?
ഉമ്മന്‍ചാണ്ടി സബ്മിഷന്‍ പ്രയോഗിച്ചാല്‍ കെ.എം മാണി ബില്‍ ചര്‍ച്ചയെങ്കിലും ഇതിന് ഉപയോഗിക്കണമെന്നാണ് യു.ഡി.എഫിലെ ചട്ടം. മാണിക്കാകട്ടെ പല തവണ കൈവിട്ട അവസരങ്ങള്‍ തിരിച്ചുപിടിക്കാനുണ്ടായിരുന്നു. ഒന്നിലേറെ തവണ വെല്ലുവിളിച്ച് തോല്‍പിച്ചുകളഞ്ഞ തോമസ് ഐസകാണ് ലക്ഷ്യം. ധന ഉത്തരവാദിത്ത ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ മാണി ഗോളടിക്കാന്‍ അവസരമൊരുക്കി: ഐസക്, നിങ്ങള്‍ സംസ്ഥാനത്തിന് കിട്ടേണ്ട 812 കോടി കളഞ്ഞു. ഇതിന് മറുപടി പറയാണം. നിങ്ങള്‍ ഈ ചര്‍ച്ചയില്‍ സംസാരിക്കണം. ഈ നഷ്ടത്തിന് ഉത്തരവാദിയാണ് ഐസക്. ഒഴിഞ്ഞുമാറരുത്. ഞാന്‍ വെല്ലുവിളിക്കുന്നു.' സമയം മോശമാണെന്ന് ഐസകിനും തോന്നിയിരിക്കണം: 'അധിക ധനാഭ്യര്‍ഥനയില്‍ നമുക്ക് ചര്‍ച്ചയാകാം. ഇപ്പോള്‍ വേണ്ട.' മാണി പക്ഷെ വിടാന്‍ തയാറല്ലായിരുന്നു: 'പോര, ഇവിടെ, ഇന്ന് സംസാരിക്കണം.' വീണ്ടും വെല്ലുവിളി. ഇത്തവണ അത് ഇംഗ്ലീഷിലായി. ആംഗലേയം ഐസകിനൊരു വീക്‌നെസ്സാണ്. അതിനാല്‍ തര്‍ക്കിക്കാന്‍ സമ്മതമായി. ചര്‍ച്ചയില്‍ അത് മുറുകി. ഇത്തവണ പക്ഷെ മാണിയുടെ കൊടി പാറി. കമ്മി കുറക്കല്‍ നിയമം സംബന്ധിച്ച് ഐസകിന്റെ അഞ്ച് ബജറ്റിലെ വൈരുദ്ധ്യങ്ങള്‍ തന്നെ ധാരളം. കിട്ടിയ അവസരം മുതലെടുത്ത് ഐസകിനൊപ്പം കെയിന്‍സ്, ഫ്രീഡ്മന്‍ തുടങ്ങിയ സാമ്പത്തിക ശാസ്ത്രഞ്ജരെയും ചീത്ത വിളിച്ചു. ഇതിനിടെ സ്വകാര്യ ബാങ്കുകളുടെ പേരില്‍ കഴിഞ്ഞ ആഴ്ച ഐസക് കൊണ്ടുവന്ന അടിയന്തിര ചര്‍ച്ചയില്‍ വിട്ടുപോയതുകൂടി പറഞ്ഞു.
വി.എസ് അച്യുതാനന്ദനെപ്പറ്റി പരസ്യമായി എതിര് പറയാത്തയാളാണ് എ.കെ ബാലന്‍. എന്നുവച്ച് പയണമെന്ന് ഉദ്ദേശിച്ചതൊന്നും ബാലന്‍ പുറത്തെത്തിക്കാതിരുന്നിട്ടുമില്ല. കേന്ദ്ര സഹായങ്ങള്‍ വിശദീകരിച്ച വി.ഡി സതീശനോട് കഴിഞ്ഞ സര്‍ക്കാറിന്റെ വൈദ്യുതി മേഖലയിലെ കൊറിയന്‍ കമ്പനി പദ്ധതി മുക്കിയത് എന്തിനാണെന്ന് ബാലന്‍ ചോദിച്ചപ്പോള്‍ അസമയത്തെ ഈ അന്വേഷണത്തിന്റെ പൊരുള്‍ ആര്‍ക്കും പിടികിട്ടിയില്ല. പക്ഷെ സതീശന്റെ ഉത്തരം വന്നപ്പോള്‍ കാര്യം വ്യക്തമായി: 'അത് എതിര്‍ത്തത് ഉമ്മന്‍ചാണ്ടിയായിരുന്നില്ല. രണ്ടാം ലാവ്‌ലിന്‍ എന്ന് പറഞ്ഞ് എതിര്‍ത്തത് ആദ്യം നിങ്ങളുടെ മുഖ്യമന്ത്രി തന്നെയായിരുന്നു.' ഒരുമുന്നറയിപ്പുമില്ലാതെ ഉമ്മന്‍ചാണ്ടിയുടെ സ്വജനപക്ഷപാതത്തെ പറ്റി തോമസ് ഐസക് ഭരണ നിരയെ അങ്ങേയറ്റം പ്രകോപിപ്പിച്ചതിന്റെ ലക്ഷ്യം തൊട്ടുടനെ പി.സി വിഷ്ണുനാഥ് പ്രസംഗിച്ചപ്പോള്‍ സംശയകരമായി വെളിപ്പെട്ടു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥ രണ്ടാം ഭാഗം വയിച്ച വിഷ്ണുനാഥ് റിലയന്‍സ് ഫ്രഷ് ഔട്ട്‌ലറ്റ് വഴി ദല്ലാള്‍ കുമാറിലൂടെ വി.എസ് അച്യുതാനന്ദനിലെത്തി. പതിവുപോലെ അരുണ്‍കുമാറില്‍ നിര്‍ത്തി. ആര് പറഞ്ഞു എന്നതല്ല, എന്ത് പറയുന്നു എന്നതാണ് കാര്യം.കമ്യൂണിസ്റ്റുകാര്‍ക്ക് പ്രത്യേകിച്ചും.
രണ്ട് ബില്ലുകളായിരുന്നു ഇന്നലെ സഭയുടെ അജണ്ട. ഒന്ന് വരുമാനക്കമ്മി കുറക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്‍. മറ്റേത് ഉയര്‍ന്ന ഉദ്യോഗസ്ഥനെ വരെ അസിസ്റ്റന്റായി നിയമിക്കാന്‍ എം.എല്‍.എമാര്‍ക്ക് അനുമതി നല്‍കുന്നതും. രണ്ടാമത്തെ ബില്ല് വളരെ അനിവാര്യമാണെന്ന് രാവിലെ തന്നെ സഭക്ക് അനുഭവപ്പെട്ടു. അടിയന്തിര പ്രമേയം കഴിഞ്ഞയുടന്‍ അംഗങ്ങള്‍ സീറ്റുവിട്ടു. തലങ്ങും വിലങ്ങും നടപ്പ്. മന്ത്രിമാരെ കാണല്‍. ചര്‍ച്ച. തമാശ പങ്കിടല്‍. ഈ തിരക്കില്‍ സ്വന്തം കാര്യം നോക്കാന്‍ ഉയര്‍ന്ന നിലയിലുള്ള സഹായി ഇല്ലാതെ പറ്റില്ല. ഭരണ പക്ഷത്തേയുള്ളൂ ഈ ആഘോഷം. അതുകൊണ്ടാകണം ഇത്ര വലിപ്പം വേണോ അസിസ്റ്റന്റിന് എന്ന് കോടിയേരി സംശയിച്ചത്. അംഗങ്ങള്‍ക്ക് ഇമ്മാതിരി തിരക്കായാല്‍ മന്ത്രിമാര്‍ക്ക് നാലിരട്ടി ഉറപ്പാണ്. 17പേരും ശൂന്യവേള പകുതിയാകും മുമ്പേ പുറത്തുപോയി. ഒഴിഞ്ഞ കസേരകളെ നേരിട്ട് സഹികെകെട്ടപ്പോള്‍ എ.കെ ബാലന്‍ സ്പീക്കറോട് പരാതിപ്പെട്ടു. സഭയെ പരിഹസിക്കരുതെന്ന് എം.എ ബേബിയും. ക്ഷുഭിതനായ സ്പീക്കര്‍, എവിടെ മന്ത്രിമാരെന്ന് മൈക്കിലൂടെ ചോദിച്ചു. ആ വിളി കേട്ട് ആരും വന്നില്ല. മറുപടിയുമുണ്ടായില്ല. അല്ലെങ്കിലും ഉല്‍സവ പറമ്പിലെ മൈക്ക് അനൗണ്‍സ്‌മെന്റുകള്‍ക്ക് ആരും മറുപടി പ്രതീക്ഷിക്കാറില്ലല്ലോ?

(28...10...11)

Wednesday, October 26, 2011

ഉലക്ക വിഴുങ്ങിയ ബ്രേക്കിംഗ് ന്യൂസുകള്‍

എതിരാളികളോട് പക പാടില്ലെന്നാണ് ഭരണമുന്നണിയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍ സഭയിലെ കാരണവരായ വി.എസ് അച്യുതാനന്ദനെ അവരീ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പതിവുചര്‍ച്ചക്ക് പുറമേ അടിയന്തിര ചര്‍ച്ചയാല്‍ സവിശേഷമായ ഇന്നലത്തെ സഭയില്‍, അതിനാല്‍ തന്നെ വി.എസ് വധത്തിലുമുണ്ടായി വിശേഷം. ആക്രമണത്തിന്റെ മുന്‍നിരയില്‍ മുഖ്യമന്ത്രി തന്നെയെത്തി.
ബില്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ കെ.ശിവദാസന്‍ നായരാണ് ഇന്നലെ വി.എസ് വിരുദ്ധ ഇനിംഗ്‌സ് തുടങ്ങിയത്: 'ആള്‍ദൈവമാക്കി മാറ്റി അച്യുതാനന്ദനെ ഇപ്പോള്‍ വാഴ്ത്തപ്പെട്ടവനാക്കിയിരിക്കുന്നു. റഊഫും അസീസും ദല്ലാള്‍ കുമാറുമൊക്കെയാണവിടെ സന്ദര്‍ശകര്‍. കന്ന് ചെന്നാല്‍ കന്നിന്‍കൂട്ടത്തിലേ നില്‍ക്കൂ.' അടിയന്തിര ചര്‍ച്ചയില്‍ മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടി ഇതിന് തിലകക്കുറി ചാര്‍ത്തി: 'കമ്പനി പൂട്ടാതെ സംരക്ഷിക്കണമെന്നും തൊഴിലാളികളെ രക്ഷിക്കണമെന്നും സി.ഐ.ടി.യു അടക്കം എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി നേരില്‍ വന്ന് ആവശ്യപ്പെട്ടാല്‍ ഞാനെന്ത് ചെയ്യണം? ഉലക്ക വിഴുങ്ങിയ പോലെയിരിക്കണോ? അങ്ങനെയാണോ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്?' ഉലക്കയടിയേറ്റ പോലെ പ്രതിപക്ഷ നിരയാകെ ഇതില്‍ സ്തബ്ദരായി. രാപകല്‍നീണ്ട കൊടിപാറിയ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പറിവികൊണ്ട അടിയന്തിര പ്രമേയത്തിലെ തീയണഞ്ഞു തുടങ്ങിയെന്ന സൂചനകൂടിയായിരുന്നു അത്.
ബ്രേക്കിംഗ് ന്യൂസില്‍ പുനരാരംഭിച്ച ടൈറ്റാനിയം അഴിമതി ചര്‍ച്ച സഭയെ ഇളക്കി മറിക്കുമെന്ന പ്രതീതി രാവിലെ തന്നെ സഭാകവാടത്തില്‍ ദൃശ്യമായി. തത്‌സമയ സംപ്രേക്ഷണ ചാനല്‍ വാഹനങ്ങള്‍ നേരത്തെയെത്തി. ഇന്ന് അവധിയായതിനാല്‍ ഇരുട്ടും മുന്നെ വീടുപിടിക്കാമെന്ന ആഹ്ലാദം ഇരുപക്ഷത്തെ അംഗങ്ങളിലും ഒളിമിന്നി. വാര്‍ത്താ സമ്മേളനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി നേതാക്കളും മാധ്യമ പ്രവര്‍ത്തകരും അരമുറുക്കി. അതിനിടയിലാണ് പ്രതീക്ഷകള്‍ തകിടംമറിച്ച് പ്രത്യേക ചര്‍ച്ച വച്ചത്. അതിലാകട്ടെ ചാനല്‍ സംപ്രേക്ഷണവും വന്നു. പ്രമേയം അവതരിപ്പിച്ച തോമസ് ഐസകിന്റെ വാഗ്‌വൈഭവത്തിന് മുന്നില്‍ ടി.എന്‍ പ്രതാപന്റെ പ്രതിരോധം അതീവ ദുര്‍ബലമായി. കെ.എന്‍.എ ഖാദറും പി.സി ജോര്‍ജും പി.സി വിഷ്ണുനാഥും ചേര്‍ന്ന് ആ കുറവ് പിന്നെ പരിഹരിച്ചു. എ.കെ ശശീന്ദ്രനും സി.കെ നാണുവും എ.എ അസീസും പ്രതാപനേക്കാള്‍ ദയനീയമായി. എന്നാല്‍ വി.എസ് സുനില്‍കുമാറും എളമരം കരീമും അവര്‍ക്കെല്ലാം മികച്ച ബദലായി.
പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രബലരോടെതിരിടാന്‍ മറുപക്ഷത്ത് ഉമ്മന്‍ചാണ്ടി മാത്രമേയുണ്ടായുള്ളൂ. അതുതന്നെ ധാരാളമെന്ന് ഉമ്മന്‍ചാണ്ടി ഒടുവില്‍ തെളിയിക്കുകയും ചെയ്തു. ചോദ്യവും സംശയവും ആരോപണവുമായി എതിരിട്ടവരെയെല്ലാം ഒറ്റതിരിച്ച് വെട്ടിനിരത്തി. അഞ്ചുകൊല്ലം ഭരിച്ചിട്ടും സി.ബി.ഐ അന്വേഷണം സംഘടിപ്പിക്കാന്‍ കഴിയാത്തതും വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടാകാത്തതും കോടിയേരിയെ നിശബ്ദനാക്കി. അവസാന മന്ത്രിസഭാ നോട്ട് എളമരം കരീമിനെയും. മറുപടി തീര്‍ന്നപ്പോള്‍ ഇതൊന്നുമല്ല താന്‍ പറഞ്ഞത് എന്നായി തോമസ് ഐസക്. ഐസകിനും പിടിവിട്ടപ്പോള്‍ കോടിയേരി മികച്ച തന്ത്രമിറക്കി: 'സി.ബി.ഐ അന്വേഷണം വേണം.' അത് ഇറങ്ങിപ്പോക്ക് വരെ എത്തിക്കാന്‍ പിന്നെ ബുദ്ധിമുട്ടുണ്ടായില്ല. മുഖ്യമന്ത്രിയുടെ രാജി ചോദിച്ച് തുടങ്ങിയ അംഗത്തിന് അങ്ങനെ അന്വേഷണാവശ്യത്തില്‍ സമാപ്തിയായി. ഭരണപക്ഷം കൈവീശിയും ആര്‍പുവിളിച്ചും അവരെ യാത്രയാക്കി. 'നാണം കെട്ടാണ് ഇറങ്ങിപ്പോകുന്നതെന്ന്' ഉമ്മന്‍ചാണ്ടി അതിന് വ്യാഖ്യാനമെഴുതി. അത് ശരിവക്കുന്നതായിരുന്നു പിന്നെ കണ്ട ആശയക്കുഴപ്പം. ഇറങ്ങിയവരില്‍ പകുതി പേര്‍ വഴിയില്‍ തങ്ങി. അവര്‍ മുദ്രാവക്യം വിളിച്ചു. പിന്നെ അവരുമിറങ്ങി. അപ്പോള്‍ അകത്തെ ചാനല്‍ കാമറകളുടെ ലൈവില്‍ നിന്ന് പ്രതിപക്ഷം ഔട്ടായി. പെട്ടെന്ന് ഇറങ്ങിപ്പോയവര്‍ ഒന്നിച്ച് മടങ്ങിയെത്തി. വീണ്ടും മുദ്രാവാക്യമായി. ആ വരവിന്റെ കാരണം പി.കെ കുഞ്ഞാലിക്കുട്ടി വെളിപ്പെടുത്തി: 'ചാനല്‍ ലൈവുള്ളതിനാലാണ് അവര്‍ തിരിച്ചുവന്നത്. കാമറക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്.' ഇങ്ങനെയൊക്കെയായിരിക്കും കാമറാ കാലത്തെ ജനകീയ ജനാധിപത്യ വിപ്ലവം.
അടിയന്തിര ചര്‍ച്ചയുടെ പ്രതിഫലനം പിന്നീട് നടന്ന ധനബില്‍ ചര്‍ച്ചയിലും പ്രകടമായി. അരുണ്‍കുമാര്‍ വിവാദത്തില്‍ വി.എസിന് വേണ്ടി ഇ.പി ജയരാജന്‍ പ്രതിരോധമുയര്‍ത്തിയതാണ് ഇതിലെ ഒരേയൊരു വേറിട്ട കാഴ്ച. ടൈറ്റാനിയം ചര്‍ച്ചയില്‍ പക്ഷെ ആകെ കുഴങ്ങിയത് വി.ശിവന്‍കുട്ടിയാണ്. ഇതേവിഷയത്തില്‍ രണ്ടാഴ്ച മുമ്പ് എഴുതിക്കൊടുത്ത് സഭയില്‍ അഴിമതിയാരോപണം ഉന്നയിച്ചയാളാണ് ശിവന്‍കുട്ടി. പുറത്ത് വാര്‍ത്താസമ്മേളനവും നടത്തി. എന്നിട്ടിപ്പോള്‍ എവിടെ നിന്ന് വന്നു ഈ ബ്രേക്കിംഗ് വാര്‍ത്തയും പുതിയ രേഖയും എന്ന ആധി സ്വാഭാവികം. അതിനാല്‍ കൈയ്യില്‍ കിട്ടിയ കടലാസുകളെല്ലാം ശിവന്‍കുട്ടി സഭയുടെ മേശപ്പുറത്ത് വച്ചു. പണ്ടെങ്ങോ വന്ന സി.എ.ജി റിപ്പോര്‍ട്ട് വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എളമരം കരീം കാര്യം കുറച്ചുകൂടി തെളിച്ചു പറഞ്ഞു: 'ഈ വിഷയത്തില്‍ പുതിയതൊന്നുമില്ല. മുമ്പ് പലതവണ സഭയില്‍ ഇത് ചര്‍ച്ച ചെയ്തിട്ടുണ്ട്.' ടൈറ്റാനിയം പറഞ്ഞതിന് എളമരം കരീം സഭയില്‍ തന്നെ അടിച്ചിരുത്തിയത് പി.സി ജോര്‍ജ് അനുസ്മരിച്ചു. ഇതെല്ലാം മുഖ്യമന്ത്രി ഉപസംഹരിച്ചു: 'ഒന്നുമില്ലാതായപ്പോള്‍ അടിയന്തിര പ്രമേയം കൊണ്ടുവരാന്‍ ഉണ്ടാക്കിയ ബ്രേക്കിംഗ് ന്യൂസാണിത്. ഇതില്‍ പുതിയതൊന്നുമില്ല.' കൊണ്ടുപിടിച്ച ചര്‍ച്ചക്കൊടുവില്‍ ഇരുകൂട്ടരും ധാരണയിലെത്തിയതും ഈയൊരു വിഷയത്തില്‍ മാത്രമാണ് എത്ര ചര്‍ച്ച ചെയ്താലും ഈ വിവാദം ഇനി ഒരടി മുന്നോട്ടനങ്ങില്ല; കാരണം അതൊരു ഉലക്ക വിഴുങ്ങിയ ബ്രേക്കിംഗ് ന്യൂസാണ്.

(26...10...11)

കോമ്പാരപ്പാമ്പിന്‍ കൂട്ടിലെ പെരുമാറ്റ ചട്ടം

സഭയുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇപ്പോള്‍ ലഭ്യമായ അംഗങ്ങളില്‍ ഏറ്റവും മുമ്പനാണ് ജയിംസ് മാത്യു. സൗമ്യമായ സംസാരം. പതിഞ്ഞ സ്വരം. സ്പീക്കറോട് എന്തെന്നില്ലാത്ത ആദരവ്. ഉപയോഗിക്കുന്ന വാക്കുകളില്‍ പോലും സ്വര്‍ണപ്പണിക്കാരന്റെ സൂക്ഷ്മത. ധനമന്ത്രിയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയതിങ്ങനെ: 'ഞാന്‍ പറയാന്‍ പോകുന്ന വാക്ക് അണ്‍പാര്‍ലമെന്ററി ആണെങ്കില്‍ അങ്ങ് തന്നെ നീക്കണം. പിന്‍വലിക്കേണ്ടതാണെങ്കില്‍ പിന്‍വലിക്കാം.' വിഷയം എസ്.എ.ടി ആയപ്പോള്‍ ഇരട്ടി മര്യാദ: 'വിനയപൂര്‍വം, ആദരവോടെ പറയുന്നു, മനുഷ്യത്വം എന്താണെന്ന് ആരോഗ്യമന്ത്രിയെ പ~ിപ്പിക്കണം.' സഭയിലെ പെരുമാറ്റ മര്യാദകളെറിച്ചും ജയിംസ് മാത്യുവിന് ചിലത് പറയാനുണ്ട്: 'സഭയുടെ അന്തസ്സ് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെയുണ്ടായ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചതും വഷളാക്കിയതും ആരാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം എനിക്ക് പകയില്ല. അതില്‍ ഓരോരുത്തര്‍ക്കുമുള്ള പങ്ക് ഓര്‍മിക്കണം. എല്ലാവരും സഭയുടെ അന്തസ്സ് പാലിക്കണം.'
തുടക്കക്കാരനായി കോടിയേരി ബാലകൃഷ്ണനെയാണോ ഉദ്ദേശിച്ചത് എന്ന് ജയിംസ് വ്യക്തമാക്കിയിരുന്നില്ല. പക്ഷെ അത് വി.എസ് അച്യുതാനന്ദനാണെന്ന് ഭരണപക്ഷം ഒറ്റയടിക്ക് തീര്‍പ്പുകല്‍പിച്ചു. പിന്നെ പെരുമാറ്റച്ചട്ടം ചര്‍ച്ചക്ക് വച്ച് അവര്‍ പ്രതിപക്ഷ നേതാവിനെ ജീവനോടെ കടിച്ചുകുടഞ്ഞു. കാറ്റുള്ള നേരം നോക്കി പി.സി ജോര്‍ജ് വരെ പാറ്റി. പെരുമാറ്റച്ചട്ടമാകാം, പക്ഷെ കാല് പൊക്കിയാല്‍ മുണ്ട് പൊക്കിയെന്നും വരാന്‍ വൈകിയാല്‍ കള്ളുകുടിക്കാന്‍ പോയിയെന്നും പറയുന്ന മനോവൈകൃതമുള്ളയാളോട് എങ്ങനെ പെരുമാറുമെന്നയിരുന്നു കെ.എം ഷാജിയുടെ സംശയം: 'വയനാട്ടില്‍ ഒരിനം പാമ്പുണ്ട്. കോമ്പാരപ്പാമ്പ്. ആരെയെങ്കിലും കടിച്ചാല്‍ ഉടന്‍ മരത്തില്‍ കയറി തലകീഴായി കിടക്കും. കടിയേറ്റയാള്‍ മരിച്ചുവെന്നുറപ്പാക്കാനാണീ കിടപ്പ്. ദഹിപ്പിക്കുന്ന പുക കണ്ടാലേ പിന്നെയത് ഇറങ്ങൂ. ഈ സഭയിലെ കോമ്പാരപ്പാമ്പാണ് വി.എസ് അച്യുതാനന്ദന്‍.' അബ്ദുറഹ്മാന്‍ രണ്ടത്താണി ഒ.വി വിജയനെ കൂട്ടുപിടിച്ചു: 'ചിലന്തിയെങ്ങനെ വലകെട്ടുന്നു, പൊട്ടിക്കുന്നു എന്നുമാത്രം നോക്കി നടക്കുന്ന അപ്പുക്കിളിയെപ്പോലെ ചിലരുടെ പിന്നാലെ നടക്കുകയാണ് പ്രതിപക്ഷ നേതാവ്.' ദല്ലാള്‍ കുമാര്‍ മുതല്‍ മക്കാവു യാത്രവരെ രണ്ടത്താണി കഥകള്‍ പലതും പറഞ്ഞു.

കമ്യുണിസ്റ്റ് പാര്‍ട്ടി ഇത്രകാലം പ്രവര്‍ത്തിച്ചിട്ടും ഇന്ത്യയാകെ വളര്‍ന്നത് കമ്യൂണിസ്റ്റ് പച്ച മാത്രമാണെന്നായിരുന്നു സി.പി മുഹമ്മദിന്റെ നിരീക്ഷണം. വൈരനിര്യാതന ബുദ്ധിക്കാരുടെയിടയിലെ പെരുമാറ്റച്ചട്ടത്തെപ്പറ്റി ആശങ്കപ്പെട്ട സി.പി മുഹമ്മദ് വി.എസ് അച്യുതാനന്ദനെ മുണ്ടക്കല്‍ ശേഖരനോട് ചേര്‍ത്തുവച്ചാണ് നിര്‍ത്തിയത്. വാളെടുത്തവന്‍ വാളാല്‍ എന്ന ബൈബിള്‍ വാക്യം എം. ഉമ്മര്‍ ഓര്‍മപ്പെടുത്തി. പാര്‍ട്ടി സമ്മേളനം മുന്നില്‍ കണ്ടാകണം, ബൈബിളില്‍ എവിടെയാണതുള്ളതെന്ന് ജി. സുധകാരന്‍ ഉമ്മറിനോട് ചോദിച്ച് മനസ്സിലാക്കി.
ഉന്മൂലന രാഷ്ട്രീയം കളിക്കുന്ന വി.എസ് അച്യുതാനന്ദനും കൂട്ടാളികളും ചെയ്ത മുഴുവന്‍ ഫയലും യു.ഡി.എഫ് പരിശോധിച്ച് കഴിഞ്ഞതായി ചീഫ് വിപ്പ് പി.സി ജോര്‍ജ് വെളിപ്പെടുത്തി. വലിയ തിരച്ചടിക്ക് കാത്തിരിക്കൂ എന്ന മുന്നറിയിപ്പും. ഫാരിസ് അബൂബക്കറിനേക്കാള്‍ വെറുക്കപ്പെട്ടവനല്ലേ ദല്ലാള്‍ കുമാര്‍ എന്ന സംശയവും ജോര്‍ജിനുണ്ട്. ഇത്രയായിട്ടും പ്രതിപക്ഷ നിരയിലെ ആരും മറുടപടി പറയാന്‍ മെനക്കെട്ടില്ല. വി.എസ് പ്രതിരോധത്തിന് പാര്‍ട്ടിവക പെരുമാറ്റച്ചട്ടമുണ്ടെന്ന് തോന്നിപ്പിക്കും വിധം പ്രതിപക്ഷത്ത് സമ്പൂര്‍ണ മൗനം. പ്രസംഗത്തില്‍ പോലുമില്ല, പേരിനെങ്കിലുമൊരു മറുപടി. ആകെ ഈ വിഷയം പരാമര്‍ശിച്ച ഇടതംഗം കെ.വി അബ്ദുല്‍ഖാദറാകട്ടെ മറുഭാഗത്ത് ചേര്‍ന്നോയെന്ന് സംശയവുമായി: 'പെരുമാറ്റം നന്നായില്ലെങ്കില്‍ ശക്തമായ പ്രതികരണം വേണ്ടിവരും. മര്യാദരാമന്‍മാരായ പലരും ഇതിലും വലുത് ഇവിടെ ചെയ്തിട്ടുണ്ട്. അതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കരുത്.'
ഒരുമന്ത്രി എങ്ങനെ പെരുമാറണമെന്ന സ്റ്റഡീ ക്ലാസും ഇന്നലെ സഭയിലുണ്ടായി. ക്ലാസെടുത്തത് ഇ.എസ് ബിജിമോള്‍: 'ആര്‍ക്കും ചോദ്യത്തിന് വഴങ്ങാതെയാണ് മാണിസാര്‍ മറുപടി പറയുന്നത്. അവസാനം വഴങ്ങാമെന്ന് പറയും. പക്ഷെ അവസരം തരില്ല. ചോദ്യം ചോദിക്കാനുമാകില്ല. സഭയില്‍ ആരോഗ്യപരമായ ബന്ധംവേണം. മുഖത്തോടുമുഖം നോക്കി ചര്‍ച്ചക്ക് തയാറാകണം.' ക്ലാസിന് ഉടന്‍ ഫലമുണ്ടായി. കെ.എം മാണി: 'ഇന്ന് എന്തായാലും ബിജിമോള്‍ക്ക് വഴങ്ങും.' ഇതുകേട്ട സന്തോഷത്തില്‍ വന്ന തോമസ് ഐസകിന് പക്ഷെ പ്രതീക്ഷ തെറ്റി. അതോടെ ഐസക് ഹെഡ്മാഷായി 'ഡിബേറ്റ് ചെയ്യാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. എപ്പോള്‍ വേണമെങ്കിലും ഇരിക്കാം. വഴങ്ങാം. ചോദിച്ചാല്‍ മതി. എന്തും ചോദിക്കാം.' ക്ലാസിലിരുന്ന കുട്ടി പക്ഷെയത് കേട്ട ഭാവം നടിച്ചില്ല. ഐസക് വീണ്ടും ഇതുതന്നെ പറഞ്ഞപ്പോള്‍ നിര്‍ബന്ധിക്കുകയാണോ എന്ന് സ്പീക്കര്‍ക്കും സംശയം. അതെയെന്ന് ഐസക്കും. എന്നിട്ടുമില്ല പ്രതികരണം. മറുപടി തുടങ്ങിയപ്പോള്‍ രണ്ടുവട്ടം മാണി വഴങ്ങി. മൂന്നാമതും ചോദ്യമായപ്പോള്‍ പെരുമാറ്റം പ~ിച്ച പുസ്തകം മാണി പൂട്ടി. ഭരിക്കുമ്പോള്‍ വഴങ്ങേണ്ട രീതി വേറെയാണെന്ന് മാണിയെപ്പോലെ മറ്റാര്‍ക്കാണ് അറിയുക?

(25...10...11)

Saturday, October 22, 2011

വാര്‍ധക്യസഹജമായ ആകുലതകള്‍

രാഷ്ട്രീയം ചേര്‍ക്കാതെ സി.പി.എമ്മുകാര്‍ പൊതുകാര്യം പറഞ്ഞാല്‍ അതിലെന്തെങ്കിലും വിശേഷമുണ്ടായിരിക്കും. ബഹളം വക്കാതെ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നതിലുമുണ്ട് അതേ വിശേഷം. ശൂന്യവേളയില്‍ ഇറങ്ങിപ്പോയില്ലെങ്കില്‍ പിന്നെ പറയാനുമില്ല. ഇതുമൂന്നും ഇന്നലെ സഭയില്‍ കണ്ടു. രാജു എബ്രഹാമായിരുന്നു അടിയന്തിര പ്രമേയ അവതാരകന്‍. വിഷയം ജയിലിലെ ഫോണ്‍ വിളികളും അതിലെ തീവ്രവാദ സാധ്യതകളും. പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപിത ശത്രുക്കളിലൊരാളായ ബാലകൃഷ്ണ പിള്ള ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചതിന്റെ ആരവമടങ്ങും മുമ്പാണ് പുതിയ വിവാദം. എന്നിട്ടുമില്ല വിവാദത്തിന് ചൂടും രാഷ്ട്രീയച്ചൂരും. രാഷ്ട്രീയം പറയുന്നേയില്ലെന്ന് രാജു എബ്രഹാം രണ്ടുവട്ടം എടുത്തുപറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയം കാണരുതെന്ന് ആവര്‍ത്തിച്ച് അപേക്ഷിച്ചു. സഖാക്കളെല്ലാം അത് തലകുലുക്കി ശരിവച്ചു. രാഷ്ട്രീയമുണ്ടെന്ന് തെറ്റിദ്ധരിക്കാതിരിക്കാനായി പ്രസംഗാവസാനത്തെ നിര്‍ബന്ധാചാരമായ ഡസ്‌കിലടി പോലും പ്രതിപക്ഷം ഒഴിവാക്കി. ആകെക്കൂടി ഗൗരവം ബാധിച്ച് അവര്‍ ആകുലപ്പെട്ടിരുന്നു. ഈ ഗൗരവഭാവം കണ്ടവരെല്ലാം അവരുടെ ആത്മാര്‍ഥതയില്‍ അങ്ങേയറ്റം കൃതാര്‍ഥരായി. അഭിമാനഭാരത്താല്‍ സഭയാകെ കുളിരണിഞ്ഞു.
അതില്‍ പിന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ മറുപടി വന്നത്: 'ദേഹപരിശോധന ഒഴിവായപ്പോഴാണ് ജയിലിലേക്ക് ഫോണ്‍ കടത്തല്‍ വ്യാപകമായത്. ഇതെങ്ങനെയാണ് ഒഴിവായത്? ഒരിക്കല്‍ പരിശോധനക്കിടെ ഒരു തടവുകാരന്‍ മുണ്ടഴിച്ച് പ്രതിഷേധിച്ചു. പിന്തുണയുമായി സി.പി.എം നേതാക്കള്‍ സമരം ചെയ്തു- ഫലം മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഇത് 2007ല്‍. തൊട്ടടുത്ത വര്‍ഷവുമുണ്ടായി സി.പി.എം സമരം. വീണ്ടും സസ്‌പെന്‍ഷന്‍. ഇക്കൊല്ലം ഒരു സി.പി.എം എല്‍.എ തന്നെ ജയിലില്‍ കുത്തിയിരുന്നു. അതിലും വന്നു സസ്‌പെന്‍ഷന്‍.' പാര്‍ട്ടി പാരമ്പര്യപ്രകാരം അരാഷ്ട്രീയമാകാന്‍ ഇതൊന്നും അത്രവലിയ കാരണമല്ല. അതിനാലാകണം, ഉമ്മന്‍ചാണ്ടി തുടര്‍ന്നു: 'പിടിച്ച ഫോണില്‍ 29 എണ്ണം മാത്രമേ പരിശോധിച്ചിട്ടുള്ളൂ. അതില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍ വിളി മാത്രമാണ് പരിശോധിച്ചത്.' വരാനിരിക്കുന്നത് ചെറുതല്ല എന്ന രാഷ്ട്രീയ മുന്നറിയിപ്പ്. മടിയില്‍ അത്രയേറെ കനമുണ്ടെങ്കിലേ ഇടതുപക്ഷമിങ്ങനെ അടങ്ങിയിരിക്കൂവെന്ന ചരിത്രത്തിന് ഒരുതിരുത്തുമുണ്ടായില്ല.
ഈ മര്യാദയിന്നലെ സഭാന്ത്യം വരെ നീണ്ടു. രണ്ടാം സെഷന്‍ തുടങ്ങിയ ശേഷം സ്തംഭനമൊഴിഞ്ഞ് കിട്ടിയ ആദ്യ വെള്ളിയാഴ്ചയുടെ അരദിവസമങ്ങനെ കക്ഷി ഭേദമന്യേ എല്ലാ അംഗങ്ങളും വീതിച്ചെടുത്തു. അനൗദ്യോഗിക അംഗങ്ങളുടെ പത്ത് ബില്ലാണ് അനുമതി തേടിയെത്തിയത്. എല്ലാവര്‍ക്കും കിട്ടി അവതരണാവസരം. അവസാനമെത്തിയ എം. ഹംസയും ഹൈബി ഈഡനും ഓരോമിനിട്ട് പങ്കിട്ട് പിരിഞ്ഞു. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും എജന്റുമാര്‍ക്കും ക്ഷേമനിധി, നദീസംരക്ഷണ അഥോറിറ്റി, സ്വകാര്യ ആശുപത്രി ഗുണനിലവാരം മെച്ചപ്പെടുത്തല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍. സാജുപോളും ആര്‍.സെല്‍വരാജും രണ്ട് വീതം. പാലോട് രവി ഒന്നും. ബില്ല് പത്തെണ്ണമുണ്ടായിരുന്നുവെങ്കിലും ചര്‍ച്ചക്ക് ഒരുകുറവുമില്ല. തത്വത്തില്‍ അംഗീകരിക്കലും ബില്ല് നിരാകരിക്കലും തമ്മിലെ അതിര്‍വരമ്പ് മനസ്സിലാകാതെ മന്ത്രി ഷിബു ബേബിജോണ്‍ മൂന്ന് വട്ടം സഭയെ വട്ടം കറക്കി. സ്പീക്കറടക്കം അതില്‍ കുഴങ്ങി. കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ ഒടുവില്‍ റൂളിംഗ് വേണ്ടി വന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ പ്രായം കടന്നുപോയ അംഗങ്ങളുടെ ആധിയും വേവലാതിയും സഭയിന്നലെ നേരില്‍ കണ്ടു. വൃദ്ധജന സംരക്ഷണ കമീഷന്‍ വേണമെന്നാവശ്യപ്പെട്ട ബെന്നി ബഹനാന്റെ സ്വകാര്യ ബില്ലിലാണ് വാര്‍ധക്യത്തിലേക്ക് പാഞ്ഞുപോകുന്നവര്‍ ആപത്കാല ആകുലതകള്‍ പങ്കിട്ടത്. അറുപതിലെത്തിയ ബെന്നിയുടെ വേദന മനസ്സിലാക്കിയായായിരുന്നു തൊട്ടുപിന്നില്‍ യാത്ര ചെയ്യുന്ന എം.കെ മുനീറിന്റെ മറുപടി: 'ബില്ല് ഇപ്പോള്‍ വേണ്ട. കാലക്രമത്തില്‍ വേണ്ടിവന്നേക്കാം. അപ്പോള്‍ പരിഗണിക്കാം.' ബെന്നിക്ക് പിന്തുണയുമായി സമപ്രായക്കാരനായ അബ്ദുസ്സമദ് സമദാനി വന്നു. മുതിര്‍ന്ന പൗരന്‍മാരുടെ ആനുകൂല്യം വാങ്ങാന്‍ സമയമായ ടി.എന്‍ പ്രതാപനും ഐഷാ പോറ്റിയും മുതല്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനും താരതമ്യേന ചെറുപ്പമായ വി.ഡി സതീശനും വരെ അതില്‍ പങ്കുചേര്‍ന്നു. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വാര്‍ധക്യത്തിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങളായിരുന്നു സി.പി മുഹമ്മദിന്റെ വേദന: 'വൃദ്ധന്‍മാരെ രാഷ്ട്രീയ പാര്‍ട്ടികളും അവഗണിക്കുകയാണ്. വയസ്സാല്‍ പിന്നെ പാര്‍ട്ടിയില്‍ സ്ഥാനമില്ല. അഭിപ്രായം കേള്‍ക്കില്ല. ഉയര്‍ന്ന സമിതികളില്‍നിന്ന് പുറത്താക്കും.' ഈ ചര്‍ച്ച മുന്നില്‍ കണ്ടാകണം ശ്രദ്ധക്ഷണിക്കലില്‍ പി.കെ ബഷീറിന്റെ നിര്‍ദേശം വന്നത്: 'കുട്ടികളെ ജീവിതം പ~ിപ്പിക്കാന്‍ സ്‌കൂളുകളില്‍ ഒരു പിരീഡ് തുടങ്ങണം.' സി.പി മുഹമ്മദ് പറഞ്ഞ പ്രകാരം രാഷ്ട്രീയ കുട്ടികള്‍ക്ക് ഇത് ബാധകമാണെന്ന് ബഷീര്‍ പറഞ്ഞില്ല. അല്ലെങ്കില്‍ മലപ്പുറത്ത് സ്‌പെഷല്‍ സ്‌കൂള്‍ തുടങ്ങേണ്ടി വന്നേനെ.

(22...10...11)

Friday, October 21, 2011

അതിവേഗം അഥവ വെറുമൊരു സ്വപ്നം

സര്‍ക്കാറിന്റെ പോക്ക് കണ്ടാല്‍ 'ഹൊ...എന്തൊരു സ്പീഡ്!' എന്ന് ആരും പറഞ്ഞുപോകും. അമ്മാതിരിയാണ് വേഗം. പക്ഷെ കഴിഞ്ഞയാഴ്ച ഈ വേഗത്തിന് അല്‍പം നിയന്ത്രണം ഏര്‍പെടുത്തി. ഉമ്മന്‍ചാണ്ടി സ്വയം വേഗപ്പൂട്ട് ഘടിപ്പിച്ചതാണെന്ന് വിമര്‍ശകര്‍ പറയുന്നുണ്ട്. അതെന്തായാലും, കോഴിക്കോട്ടേക്ക് പോയ ഭരണം തിരിച്ച് തലസ്ഥാനത്തെത്താന്‍ പത്തുദിവസമെടുത്തു. അവിടെയൊരാള്‍ റോഡില്‍ വെടിപൊട്ടിച്ചതാണ് പ്രശ്നം.അയാളെ സസ്പെന്റ് ചെയ്യണമെന്ന് ആ കാഴ്ച കണ്ടവരൊക്കെ ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടിക്ക് വേഗം വച്ചില്ല്ല. പലതരം ആളുകള്‍ പലവിധം നടത്തി അന്വേഷണങ്ങള്‍. ഇതിനിടെ ഒരുപെണ്ണിനെ ചൂരല്‍കൊണ്ടടിച്ച പോലിസുകാരനെതിരെ അതിവേഗ നടപടിയുണ്ടായി. എന്നിട്ടും കോഴിക്കോട്ട് ഒരനക്കവുമില്ല. ഒടുവിലിന്നലെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കിയതായി മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ചു. പി.ടി.എ റഹീം പറഞ്ഞതാണ് ശരി: 'എന്തൊരു സ്പീഡ് എന്ന് പറയാന്‍ നാട്ടുകാരെല്ലാം കാടിയേറ്റത്തിലെ ഗോപിയാകണം.'
നടപടിക്ക് മാത്രമല്ല, അന്വേഷണ റിപ്പോര്‍ട്ടിനുമുണ്ട് വേഗപ്പൂട്ടെന്നും ഇന്നലെ സഭക്ക് ബോധ്യമായി. കോഴിക്കോട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ മേശപ്പുറത്ത് വക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബലത്തിന് ചട്ടം ഉദ്ദരിച്ചത് പക്ഷെ കോടിയേരിക്ക് വിനയായി. ചട്ട വിദഗ്ദരായ ആര്യാടന്‍ മുഹമ്മദും വി.ഡി സതീശനും അതേ ന്യായത്താല്‍ അതുവേണ്ടെന്ന് സമര്‍ഥിച്ചു. അതോടെ സഭയാകെ ചട്ടപ്പടി ചര്‍ച്ചയായി. കോടിയേരി തിരിച്ചും മറിച്ചും ചട്ടം പറഞ്ഞു. ഇടക്ക് ശക്തര്‍ ആന്റ് കൌള്‍ എന്നും പറഞ്ഞ് കേട്ടു. അതേപടി ആര്യാടനും. ചട്ടത്തിന് ജി.സുധാകരന്‍ സ്വന്തം വ്യാഖ്യാനം നല്‍കി. സി.കെ നാണുവും വി. ചെന്താമരാക്ഷനും അതില്‍ പങ്കുചേര്‍ന്നു. ചട്ടപ്പടി ചര്‍ച്ചക്ക് സമയം പോയതല്ലാതെ റിപ്പോര്‍ട്ട് മാത്രം മേശപ്പുറത്ത് വന്നില്ല. ഒടുവില്‍ പ്രതിപക്ഷം രണ്ടാം ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് സഭയില്‍ വക്കേണ്ടതില്ലെന്ന് വൈകീട്ട് സ്പീക്കര്‍ റൂളിംഗ് നല്‍കി. എന്നാല്‍ വേഗത്തില്‍ ഉമ്മന്‍ചാണ്ടിയെ വെട്ടിക്കുമെന്ന് ആര്യാടന്‍ സഭയെ ബോധ്യപ്പെടുത്തി. വൈദ്യുതി സര്‍ചാര്‍ജ് കൂടുതല്‍ ഏര്‍പെടുത്തിയത് കഴിഞ്ഞ സര്‍ക്കാറാണെന്ന് പറഞ്ഞത് എ.കെ ബാലനിഷ്ടമായില്ല. തെളിവ് മേശപ്പുറത്ത് വക്കാന്‍ ബാലന്‍ ആവശ്യപ്പെട്ടു. ഉടന്‍ ഉത്തരവ് വായിച്ച ആര്യാടന്‍, അത് നേരിട്ട് എ.കെ ബാലന് കൈമാറുന്നതായി പ്രഖ്യാപിച്ചു. ഈ അതിവേഗത്തിന് മുന്നില്‍ ബാലന്‍ തലകുനിച്ചു.
വൈദ്യുതിയും പഞ്ചായത്തും സാമൂഹ്യ ക്ഷേമവുമായിരുന്നു ധനാഭ്യര്‍ഥനക്ക് എത്തിയത്. എന്നാല്‍ ഇരുപക്ഷത്തും പങ്കെടുത്തവരില്‍ ഭൂരിഭാഗാഗവും കേന്ദ്രീകരിച്ചത് പഞ്ചായത്തിലും സാമൂഹ്യക്ഷേമത്തിലും. കുടുംബശ്രീ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് നോമിനേഷന്‍ നടത്താന്‍ അനുവദിക്കില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി. ഗ്രാമവികസനം വിഭജിച്ചതിനെതിരായ പരാമര്‍ശം കെ.സി ജോസഫിനെ ക്ഷുഭിതനാക്കി: 'എന്നെ പഠിപ്പിക്കാന്‍ ഐസക് വരേണ്ട.' അട്ടിമറി സാധ്യത ഐസകിന്റെ ബോധപൂര്‍വമായ ഭാവനാ സൃഷ്ടിയാണെന്ന് ടി.എന്‍ പ്രതാപന്‍ ഓര്‍മിപ്പിച്ചു. തന്നെക്കൊണ്ട് വയ്യാത്ത പെരുച്ചാഴി പത്തായം ഏറ്റിയ അവസ്ഥയിലായിരുന്നു കഴിഞ്ഞ സര്‍ക്കാറിലെ തദ്ദേശ മന്ത്രിയെന്ന് എം. ഉമ്മര്‍ പരിഹസിച്ചു. മുള്ളില്‍ വീണ വിത്താണ് സുന്ദരനായ പഞ്ചായത്ത് മന്ത്രിയെന്ന് ഇ.എസ് ബിജിമോള്‍ ബൈബിള്‍ ഉദ്ദരിച്ചു. അഞ്ചാം മന്ത്രി വന്നാല്‍ ജല്ലാപഞ്ചായത്ത് പോകുമെന്ന് കെ.കെ നാരായണന്‍ മുന്നറിയിപ്പ് നല്‍കി. എ.എ അസീസും മമ്മുണ്ണിഹാജിയും ജോസ് തെറ്റയിലും പി.എ മാധവനും ധനാഭ്യര്‍ഥന വിട്ടുപോയില്ല. നല്ല പ്രസംഗത്തിന് റോഷി അഗസ്റ്റിന് വൈദ്യുത മന്ത്രിയുടെ കൈയ്യടിയും കിട്ടി.
വെള്ളവും വൈദ്യുതിയും വന്നപ്പോള്‍ സഭയാകെ പരിസ്ഥിതി ചര്‍ച്ചയായി. അതിരപ്പള്ളിയെയും പാത്രക്കടവിനെയും വേദനിപ്പിക്കരുതെന്ന് ടി.എന്‍ പ്രതാപനും സി.പി മുഹമ്മദും ആവശ്യപ്പെട്ടു. ഇതുപക്ഷെ വികസനത്തിന്റെ വെള്ളച്ചാട്ടത്തില്‍ ഒലിച്ചുപോയി. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം തന്നെ അതോടെ ഇല്ലാതായി. പരിസ്ഥിതി പറഞ്ഞ് സമയം കളയരുതെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. അതാണ് ശരിയെന്ന് ആര്യാടന്‍ മുഹമ്മദ് ഊന്നിപ്പറഞ്ഞു. അതുമാത്രമാണ് ശരിയെന്ന് എ.കെ ബാലന്‍ അടവരയിട്ടു. സി.പി.എമ്മിലെ ഗ്രൂപ്പിസവും ഇതോടൊപ്പം ഇല്ലാതാകുമെങ്കില്‍ നന്നായി. വെള്ളമില്ലെങ്കിലും അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ ജനം അതിരപ്പള്ളിയെ പിന്തുണക്കും.
തുടര്‍ച്ചയായ രണ്ടാം ദിവസവും തീര്‍ത്തും സമാധാനപരമായി നീങ്ങിയ സഭയെ ഒന്നിളക്കിയത് അബ്ദുറഹ്മാന്‍ രണ്ടത്താണിയായിരുന്നു. പ്രകാശ് കാരാട്ടും വൃന്ദയും ചേര്‍ന്നാല്‍ അവൈലബിള്‍ പി.ബിയായെന്ന് രണ്ടത്താണിക്ക് തോന്നി. ഉടന്‍ വന്നു ബഹളം. എങ്കില്‍ ദുഃഖമുണ്ടാക്കിയ ഭാഗം പിന്‍വലിക്കാമെന്ന് രണ്ടത്താണി സമാധാനിപ്പിച്ചു. നഗര^ഗ്രാമ വികസന വകുപ്പുകള്‍ കൈവിട്ടുപോയ മുനീറിന് പാടി നടക്കാന്‍ പറ്റിയൊരു പാട്ട് മുല്ലക്കര രത്നാകരന്‍ നിര്‍ദേശിച്ചു: 'നഷ്ട സ്വപ്നങ്ങളേ...' അങ്ങനെ സര്‍ക്കാറിനെ പിളര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് മറുപടി പറഞ്ഞ മുനീര്‍ പകരം പാടുന്ന പാട്ടും പ്രഖ്യാപിച്ചു: 'സ്വപ്നം....വെറുമൊരു സ്വപ്നം...' പഞ്ചായത്ത് വകുപ്പ് കൈയില്‍ കിട്ടിയ ദിവസം നടത്തിയ ആത്മഗതമാണ്. അന്നുതൊട്ട് ദിവസവും രാവിലെ മുനീറിത് പാടുന്നുണ്ട്. അഞ്ചുകൊല്ലവും അത് തുടരേണ്ടിവരും.

(21...10...11)

Thursday, October 20, 2011

മരംപോലും പെയ്യാതെ വനം

ചെറുമഴക്ക് പിന്നാലെപോലും മരം പെയ്യുന്നത് നാട്ടുനടപ്പാണ്. അതിനാല്‍ കൊടുങ്കാറ്റോടെ തകര്‍ത്തുപെയ്ത രണ്ടുദിവസത്തെ പേമാരിക്ക് പിറകേ സഭയിലിന്നലെ ചാറ്റല്‍ മഴയെങ്കിലും പ്രതീക്ഷിച്ചിരുന്നു. പക്ഷെയവിടെ മരം പോലും പെയ്തില്ല. മരം തിങ്ങിയ വനമായിരുന്നു ചര്‍ച്ചയുടെ വകുപ്പ്. എന്നിട്ടുമുണ്ടായില്ല ഇലയനക്കം. രണ്ടുദിവസം അകത്തും പുറത്തും ഇടിമുഴക്കം സൃഷ്ടിച്ചവര്‍ ഉച്ചത്തില്‍ സംസാരിക്കുക പോലും ചെയ്യാതെ മര്യാദയുടെ മാതൃകക്കാരായി. തലേന്ന് നടുത്തളത്തില്‍ കിടന്നുറങ്ങിയവര്‍ ആ വഴിക്ക് അറിയാതെപോലും കണ്ണയച്ചില്ല. പരമശാന്തരായാണ് രണ്ടുവട്ടം ഇറങ്ങിപ്പോയതുതന്നെ. രണ്ടാമത്തെ പോക്കില്‍ വാതില്‍ കടന്ന് അധികദൂരം നടന്നുമില്ല. ഇവരില്‍ രണ്ടാളെയാണോ സസ്‌പെന്റ് ചെയ്തത് എന്ന് കണ്ടവരെല്ലാം സങ്കടപ്പെട്ടുപോകും. അത്രക്ക് സമാധാന പരം. സസ്‌പെന്‍ഷന്റെ സാങ്കേതികതയുടെ പേരില്‍ എ.കെ ബാലനും കോടിയേരി ബാലകൃഷ്ണനും നയിച്ച വാക്കുതര്‍ക്കം വരെ ചട്ടത്തില്‍ ഒതുങ്ങിനിന്നു.സ്വന്തം നിരയിലെ ഈ നിശ്ചലാവസ്ഥ കണ്ടിട്ടാകണം ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ സുരേഷ് കുറുപ്പ് പെട്ര കെല്ലിയെ ഉദ്ദരിച്ചത്: 'അസാധ്യമായത് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് അചിന്ത്യമായത് അഭിമുഖീകരിക്കേണ്ടി വരും.'
പക്ഷെ ഭരണപക്ഷത്തെ പതിവില്‍ മാറ്റമൊന്നുമുണ്ടായില്ല. പുതിയ വിവാദങ്ങള്‍ മുതലെടുക്കാന്‍ തീരുമാനിച്ചാണ് അവരിന്നലെ വന്നത്. കന്നഡയിലും തുളുവിലും അതുകഴിഞ്ഞാല്‍ ഉറുദുവിലും പ്രസംഗിക്കുന്ന പി.ബി അബ്ദുല്‍ റസാഖ് ഒന്നാം ഭാഷ മലയാളമാക്കിയത് തന്നെ അതിനാണെന്ന് സംശയിക്കണം. 18 വര്‍ഷമായി മറ്റുള്ളവരുടെ മേല്‍ സ്ത്രീ വിഷയം പറഞ്ഞ് കുതിരകയറുന്നവര്‍ ഒരിക്കലിത് തിരിഞ്ഞുകുത്തുമെന്ന് മനസ്സിലാക്കണമെന്നായിരുന്നു റസാഖിന്റെ ഉപദേശം. കമ്യുണിസ്റ്റുകാരുടെ സഹനശക്തിയെക്കുറിച്ച് പി.കെ ബഷീറിനുണ്ടായിരുന്ന മതിപ്പ് പൊട്ടിക്കരച്ചില്‍ കണ്ടതോടെ ഇല്ലാതായി. ഇ.പി ജയരാജനെപ്പോലെ നല്ല കമ്യുണിസ്റ്റുകാരനാകാന്‍ രാജേഷിന് ഉപദേശവും കൊടുത്തു. നുള്ളി, പിച്ചി, മാന്തി എന്നൊക്കെ പറഞ്ഞ് നിലവിളിക്കുന്ന ഡി.വൈ.എഫ്.ഐക്കാരെ കണ്ടപ്പോള്‍ വി.എസ് പണ്ടുപറഞ്ഞ അമൂല്‍ബേബികള്‍ ആരൊക്കെയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി വി.ടി ബലറാം പ്രഖ്യാപിച്ചു. വന്യമൃഗ ആക്രമണം പറയുന്നതിനിടെ സി.പി മുഹമ്മദ് പുതിയ നിര്‍ദേശം വച്ചു: 'സ്പീക്കറുടെ ചേംബറിന് ചുറ്റും വൈദ്യുത വേലി കെട്ടണം.'

പ്രതിപക്ഷ അംഗങ്ങളില്‍ പുരുഷന്‍ കടലുണ്ടി മാത്രമാണ് രണ്ടുദിവസത്തെ പേമാരിയെക്കുറിച്ച് പേരിനെങ്കിലും ഓര്‍ത്തത്. സഭയില്‍ കയറിയ പൂതനയെ തുരത്താനാണ് രാത്രി ഇതിനകത്ത് കിടക്കേണ്ടി വന്നതെന്ന് പുരുഷന്‍ വ്യാഖ്യാനിച്ചു. മോഹിനി വേഷത്തില്‍ വന്ന് ഫാക്‌സയച്ച പൂതനയെ തുരത്താനായിരുന്നു വടക്കന്‍ കളരിക്കാരനായ കെ.പി മോഹനന്‍ ചുവട് വക്കേണ്ടിയിരുന്നത് എന്ന് നിരീക്ഷിക്കുകയും ചെയ്തു. എ.സി കാറില്‍ സഞ്ചരിച്ചും എ.സി മുറിയില്‍ ഉറങ്ങിയും പുത്തന്‍ സഖാക്കള്‍ ശീലിച്ചതിനാലാണ് സമരം ചെയ്യാനും എ.സി മുറി വേണ്ടിവന്നതെന്ന് എ.പി അബ്ദുല്ലട്ടി അതിനെ തിരുത്തി. ഒപ്പം, മരുമകനെ കോടതി ശിക്ഷിച്ചപ്പോള്‍ വിതുമ്പിയ ടി. ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ പാര്‍ട്ടി, പശു കരയുമ്പോലെ നിലവിളിച്ച രാജേഷിനെ എന്തുചെയ്യുമെന്ന ചോദ്യവും. ഗോവിന്ദനെ മാറ്റാന്‍ ഇറക്കിയ സര്‍ക്കുലറിലെ വരികളും അബ്ദുല്ലക്കുട്ടി വായിച്ചു. അതുകേട്ട കെ.എന്‍.എ ഖാദര്‍ വര്‍ഗമസരത്തെപ്പറ്റി തന്നെ സംശയാലുവായി: 'വാള്‍സ്ട്രീറ്റ് പിടിക്കാന്‍ നടക്കുന്ന മഹത്തായ സമരത്തില്‍ ഇവിടെയുള്ള കൊടികളൊന്നുമില്ല. ഈ കൊടികളുടെ കീഴിലാകട്ടെ ഫാണ്‍ വിളി, കാറിടി, അടി, വെടി, അഡ്മിഷന്‍ വിഷയങ്ങളിലാണ് സമരം. ഇതാണോ വര്‍ഗ സമരം?' കലാവസ്ഥ മോശമായതിനാലാകണം, ഇത്രയൊക്കെയായിട്ടും പ്രതിപക്ഷത്തെ പ്രതിനിധീകരിച്ച കെ. രാജു, ജമീല പ്രകാശം, ബി.ഡി ദേവസ്സി, ആര്‍. സെല്‍വരാജ് എന്നിവര്‍ വനത്തിന് പുറത്ത് കടന്നേയില്ല.
വിഷയം വനമായതിനാല്‍ ബിജിമോള്‍ക്കിന്നലെ ഇരിപ്പുറച്ചില്ല. ചര്‍ച്ചക്കിടെ അടിക്കടി ഇടപെടല്‍. മുലയൂട്ടുന്ന കാട്ടുപന്നിയുടെ ജീവിതം തൊട്ട് തുടങ്ങിയതാണ്. മന്ത്രിയുടെ മറുപടിക്കിടെ അവസാന മിനിട്ട് വരെ ചോദ്യങ്ങള്‍. ഇത്രയൊക്കെ പോരെയെന്ന് ഒടുവില്‍ സ്പീക്കര്‍ തന്നെ ചോദിച്ചു. ഈ മൃഗസ്‌നേഹം പക്ഷെ പി.സി ജോര്‍ജിന് സഹിച്ചില്ല: 'മനുഷ്യനേക്കാള്‍ വലുതാണോ മൃഗജീവന്‍?' അതോടെ വി.എസ് സുനില്‍കുമാറിന് ഒരു കാര്യം ബോധ്യപ്പെട്ടു: 'കാട്ടുപന്നിക്ക് എം.എല്‍.എയാകാന്‍ പറ്റില്ല. അതിനാല്‍ അവര്‍ക്ക് വേണ്ടി ഞാന്‍ പറയുന്നു.' നിയമസഭക്ക് സ്വന്തമായ അസുലഭ സ്വത്ത് വിവരം വെളിപ്പെടുത്തിയാണ് സുനില്‍കുമാര്‍ അവസാനിപ്പിച്ചത്: 'സഭയുടെ മേശപ്പുറത്ത് എന്തെങ്കിലും വച്ചാല്‍ അത് സഭയുടെ സ്വത്താകും എന്നാണ് ചട്ടം. കെ.പി മോഹനന്‍ കാലടക്കം വച്ചിട്ടുണ്ട്. ഇനി അദ്ദേഹത്തിന് അതിന്റെ ഫോട്ടോസ്റ്റാറ്റിനേ അവകാശമുള്ളൂ.' രണ്ടുദിവസം പരസ്പരം അടിച്ചുനിന്നവര്‍ അങ്ങനെ ഒന്നിച്ചുചിരിച്ച് പിരിഞ്ഞു.

(20...10...11)

Tuesday, October 18, 2011

മാനം കാക്കല്‍ സമരം, സസ്‌പെന്‍ഷന്‍


പതിവുകള്‍ തെറ്റുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. അതെപ്പോള്‍, എത്രത്തോളം എന്നറിയാനുള്ള കാത്തിരിപ്പ് ഉച്ചവരെ നീണ്ടു. വലുതെന്തോ വരാനിരിക്കുന്നുവെന്ന പ്രതീതി സഭക്കകത്തും പുറത്തും തങ്ങിനിന്നു. അതിനാല്‍ അകത്തെ നടപടികള്‍ പതിവിലേറെ ശാന്തവും സമാധാനപരവുമായി മുന്നോട്ടുനീങ്ങി. ചര്‍ച്ചകള്‍ മാന്യതയുടെ ഇങ്ങേയറ്റംപോലും തെറ്റിച്ചില്ല. സഭാതലം പൊട്ടിത്തെറിച്ചതുപോലും തീര്‍ത്തും ശാന്തമായിട്ടായിരുന്നു. പിന്നീടത് ഒറ്റരാത്രിയിലൊതുങ്ങാത്ത സമരമായി വളര്‍ന്നു. സഭാചരിത്രത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്താണ് പതിമൂന്നാം സഭയുടെ രണ്ടാം സമ്മേളനത്തിന്റെ പതിനാറാം ദിവസം പിന്നിട്ടത്.
വനിതാ വാച്ച് ആന്റ് വാര്‍ഡ് കൈയ്യേറ്റവും അംഗങ്ങളുടെ മര്‍ദനവും ആരോപിക്കപ്പെട്ട വെള്ളിയാഴ്ച തുടങ്ങിയ വിവാദങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ രാവിലെ ഏഴരക്ക് തന്നെ സ്പീക്കറുടെ ഓഫീസ് തുറന്നു. കക്ഷിനേതാക്കള്‍ എത്തിയതോടെ ചര്‍ച്ചകളുടെ പ്രളയമായി. കാര്യോപദേശക സമിതി ഹാളിന് മുന്നില്‍ വെളുത്തപുക കാത്ത് മാധ്യമപ്പടയും ആള്‍ക്കൂട്ടവും തിങ്ങിനിറഞ്ഞു. ഇടക്കിടെ വിവരം തേടി അംഗങ്ങള്‍ സഭാഹാളില്‍നിന്ന് ഇറങ്ങി വന്നു. എങ്ങുമെത്താതെ ചര്‍ച്ച നീണ്ടുകൊണ്ടേയിരുന്നു.
അകത്തപ്പോള്‍ നടപടികള്‍ തുടര്‍ന്നു. പ്രധാനികളെല്ലാം പുറം ചര്‍ച്ചക്കിറങ്ങിയപ്പോള്‍ അകത്ത് എല്ലാ സ്ഥാനത്തും പകരക്കാരാണ് കളിക്കിറങ്ങിയത്. രാവിലെ മുതല്‍ ഡപ്യുട്ടി സ്പീക്കര്‍ എന്‍.ശക്തനാണ് സഭ നിയന്ത്രിച്ചത്. അക്കാര്യത്തിലെ ശക്തന്റെ വൈഭവം സഭയെയാകെ ആശ്ചര്യപ്പെടുത്തി. അടിയന്തിര പ്രമേയത്തില്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കാന്‍ വി.എസ് അച്യുതാനന്ദനില്ല. രണ്ടാമനായ കോടിയേരി ബാലകൃഷ്ണന്‍ ഹാജരുമില്ല. അതോടെ ഇ.പി ജയരാജന്‍ ആ ചുമതലയേറ്റു. സി.ദിവാകരനില്ലാത്തതിനാല്‍ ഇ. ചന്ദ്രഖേരന്‍ സഭാനേതാവായി. സി.കെ നാണുവായിരുന്നു ജനതാദളിന്റെ പകരക്കാരന്‍. ആര്‍.എസ്.പിയും എന്‍.സി.പിയും ഏകാംഗ പാര്‍ട്ടികളായി മാറി.
വരാനുള്ളത് ഉടനെത്തുമെന്ന പ്രതീതി സഭയെ തുടക്കം മുതല്‍ മൂകമാക്കിയിരുന്നു. ശൂന്യവേള കഴിഞ്ഞ് ധനാഭ്യര്‍ഥന ചര്‍ച്ച തുടങ്ങിയേതാടെ അത് 'എപ്പോള്‍ സംഭവിക്കു'മെന്ന് സഭക്കകത്തും പുറത്തും ആശയക്കുഴപ്പമായി. പുറത്തെ ചര്‍ച്ച അപ്പോള്‍ നാല് മണിക്കൂര്‍ പിന്നിട്ടിരുന്നു. സഭാവരാന്തയില്‍ പുതിയ കഥകളും സൂചനകളും വന്നുപൊയ്‌ക്കൊണ്ടിരുന്നു. ചര്‍ച്ചാമുറിയില്‍ നിന്നിറങ്ങുന്ന കക്ഷിനേതാക്കളെ മാധ്യമപ്രവര്‍ത്തകരും മറ്റംഗങ്ങളും വട്ടമിട്ടു. ഇതിനിടെ നിയമസഭാകവാടത്തില്‍ ഇടതുയുവജന സംഘടനയുടെ പ്രകടനം വന്നു. പറയാനുള്ളതെല്ലാം ഇ.പി ജയരാജന്‍ അവിടെപ്പോയി പറഞ്ഞു. എന്നിട്ടും സ്പീക്കറുടെ കൂടിയാലോചന തീര്‍ന്നില്ല.

ചര്‍ച്ച തുടങ്ങിയ എ.കെ ബാലന്‍ പോലും അങ്ങേയറ്റം സംയമനം പാലിച്ചു. എന്നാല്‍ ഭരണപക്ഷം മറുഭാഗത്തെ പ്രകോപിപ്പിക്കാനിറങ്ങി. കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് ശശി രോഗം ബാധിച്ചിരിക്കുന്നുവെന്നും അതിന് ചികില്‍സ നടത്തിയില്ലെങ്കില്‍ സഭ നടത്താന്‍ കഴിയാതാകുമെന്നും വി.പി സജീന്ദ്രന്‍ ഓര്‍മിപ്പിച്ചു. രാജേഷിന്റെ കരച്ചില്‍ ഇടതുപക്ഷത്തിന്റെ കൂട്ടക്കരച്ചിലാകുമെന്ന് സി. മോയിന്‍കുട്ടി പ്രവചിച്ചു. എന്നിട്ടും പ്രതിപക്ഷം ഒന്നും വിട്ടുപറഞ്ഞില്ല. എല്ലാം ഒന്നിച്ച് തരാമെന്ന ഭാവം. ആ പ്രതീക്ഷ സഫലമാകാന്‍ പിന്നെ അധിക നേരം വേണ്ടിവന്നില്ല.
പതിനൊന്ന് പേര്‍ സംസാരിച്ച് തീര്‍ന്നപ്പോള്‍ സഭയിലെത്തിയ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വെള്ളിയാഴ്ച വിവാദങ്ങള്‍ക്ക് തീരുമാനം പറഞ്ഞു: 'വനിതാവാച്ച് ആന്റ് വാര്‍ഡ് അക്രമിക്കപ്പെട്ടത് ചരിത്രത്തില്‍ ആദ്യം. എന്നാല്‍ അത് മനപ്പൂര്‍വമായിരുന്നില്ല. സംഭവിച്ചതിന് രാജേഷും ജയിംസ് മാത്യുവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ കടുത്ത നടപടിയില്ല.' തീര്‍ത്തും ന്യായമായ വിധി. അതുപക്ഷെ ജയിംസ് മാത്യുവിനും രാജേഷിനും ബോധിച്ചില്ല: 'ഞാന്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലഌ സ്പീക്കര്‍ കള്ളം പറയുന്നു' എന്ന് അത്യന്തം ക്ഷുഭിതരായി അവര്‍ വിളിച്ചുപറഞ്ഞു. ആ ക്ഷോഭം പ്രതിപക്ഷം ഏറ്റുപിടിച്ചില്ല. പകരം, നടുത്തള സത്യഗ്രഹം തുടങ്ങുന്നു എന്ന് പ്രതിപക്ഷ നേതാവ് വളരെ ശാന്തമായി പ്രഖ്യാപിച്ചു. അപ്പോഴേക്കും മുഖ്യമന്ത്രിയുടെ സസ്‌പെന്‍ഷന്‍ പ്രമേയം വന്നു. പിന്നാലെ സഭ പിരിഞ്ഞു. സമരം തുടര്‍ന്നു. രണ്ടുദിസത്തിനിടെ വനിതാ കൈയ്യേറ്റം എന്ന ആക്ഷേപം ഭരണപക്ഷം വിഴുങ്ങി. വാച്ച് ആന്റ് വാര്‍ഡ് വാക്കിടോക്കികൊണ്ടടിച്ചതും വനിതാ അംഗത്തെ വയറ്റില്‍ കുത്തിയതും പ്രതിപക്ഷവും വിഴുങ്ങി. ഇനി സമരവും തര്‍ക്കവും മാത്രം. അതിന് സസ്‌പെന്‍ഷന്‍ ധാരാളം.
ആറുമണിക്കൂര്‍ ചര്‍ച്ചയില്‍ ഉണ്ടാക്കിയതെല്ലാം ഒറ്റസെക്കന്റില്‍ പൊട്ടിത്തകര്‍ന്നത് കണ്ട് ഒടുവില്‍ സ്പീക്കര്‍ സങ്കടപ്പെട്ടു: 'എല്ലാകക്ഷി നേതാക്കളുമായും സംസാരിച്ചുണ്ടാക്കിയ ധാരണപ്രകാരമാണ് റൂളിംഗ് നടത്തിയത്. പിന്നെയിത് എങ്ങനെ സംഭവിച്ചുവെന്ന് മനസ്സിലാകുന്നില്ല.' നടുത്തളത്തില്‍ നില്‍ക്കുന്നവര്‍ക്ക് പക്ഷെ ഈ സങ്കടം മനസ്സിലായില്ല. ജയിംസ് മാത്യുവിന്റെ കാര്‍മികത്വത്തില്‍ അവര്‍ സ്പീക്കര്‍ക്കെതിരെ പറയാനുള്ളതെല്ലാം പറഞ്ഞുവച്ചു. ഇതുകേട്ട് സഹികെട്ട മന്ത്രി കെ.പി മോഹനന്‍ മുന്നിലെ മേശയില്‍ കളരിച്ചുവട് വച്ചു. സംഭവിച്ചത് എന്തെന്ന് മനസ്സിലായില്ലെങ്കിലും സ്പീക്കര്‍ക്ക് ഒരുകാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും: അരങ്ങിന് പിന്നില്‍ പാര്‍ട്ടികള്‍ക്കിടയില്‍ എന്തുധാരണയും നടക്കും. നാലാളറിഞ്ഞ വിവാദത്തില്‍ പക്ഷെ രാഷ്ട്രീയ ഒത്തുതീര്‍പ്പില്ല. അവിടെ രണ്ട് വഴിയേള്ളൂ. ഒന്നുകില്‍ മാനം കാക്കല്‍ സസ്‌പെന്‍ഷന്‍; അല്ലെങ്കില്‍ മാനം കാക്കല്‍ സമരം.

(18...10....11)

Saturday, October 15, 2011

ഒരടിക്ക് രണ്ട് പ്രകടനം, നാല് പത്രസമ്മേളനം

ആദിവാസികളും നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍ രണ്ടുകൂട്ടരും തമ്മില്‍ ചില സമാനതകളുണ്ട്. നാട്ടില്‍ തുല്യ പൌരത്വമുണ്ടെങ്കിലും നാലാള്‍ കൂടുന്നിടത്ത് വന്നുനിന്ന് വര്‍ത്തമാനം പറയാവുന്നത്ര വളര്‍ന്നിട്ടില്ല ആദിവാസികള്‍. അതിനാല്‍ അവര്‍ക്ക് പ്രത്യേക സംരക്ഷണ നിയമമുണ്ട്. എം.എല്‍.എയല്ലാത്ത ഒരാള്‍ക്കും കയറാന്‍ അനുവാദമില്ലാത്തിടമാണ് നിയമസഭാ സമ്മേളന മുറി. പക്ഷെ അവിടേക്ക് കടന്നുചെല്ലാന്‍ നിയമപരമായി അനുവാദമുള്ള അത്യപൂര്‍വ വിഭാഗമാണ് വാച്ച് ആന്റ് വാര്‍ഡ്. എന്നാല്‍ സഭക്കകത്ത് അവര്‍ക്കൊരക്ഷരം മിണ്ടാന്‍ അനുവാദമില്ല. വലിയ അവകാശങ്ങള്‍ക്കൊപ്പം വന്നുപെട്ട രണ്ടുതരം നിസ്സഹായതകള്‍. അതുകൊണ്ടാണ്, ആദിവാസി സ്ത്രീയെ പോലിസ് മര്‍ദിച്ചതിന് അടിയന്തിര പ്രമേയവുമായി വന്ന പ്രതിപക്ഷത്തിന് വാച്ച് ആന്റ് വാര്‍ഡ് സ്ത്രീയെ കൈയ്യേറ്റം ചെയ്തെന്ന ആക്ഷേപം ഏറ്റുവാങ്ങി മടങ്ങേണ്ടി വന്നത്.
രണ്ട് ദിവസത്തെ അവധിക്ക് പിരിയുന്ന വെള്ളിയാഴ്ച ഉച്ചയാകുന്നതിന് മുമ്പേ വീട്ടിലേക്കുള്ള വണ്ടി പിടിക്കാന്‍ അവസരമുണ്ടാക്കുന്നതില്‍ പ്രതിപക്ഷം ഇത്തവണ പ്രത്യേകം ശ്രദ്ധവക്കുന്നുണ്ട്. അതിനാല്‍ ഇന്നലെയും സ്തംഭനം പ്രതീക്ഷിച്ചിരുന്നു. ചാലക്കുടിയില്‍ ആദിവാസി സ്ത്രീക്ക് പോലിസ് മര്‍ദനമേറ്റതായിരുന്നു അടിയന്തിര പ്രമേയം. അത് ഇറങ്ങിപ്പോക്കില്‍ അവസാനിച്ചു. തിരിച്ചുവന്നവര്‍ കോഴിക്കോട് വെടിവപ്പില്‍ ഉപക്ഷേപത്തിനിറങ്ങി. അതോടെ സഭ ബഹളമായി. അതിവേഗം സഞ്ചരിക്കുന്ന മുഖ്യമന്ത്രി പുതിയ അന്വേഷണ റിപ്പോര്‍ട്ട് ബുധനാഴ്ച കിട്ടുമെന്ന് ഉറപ്പ് നല്‍കി. അതിലപ്പുറം ഒന്നും പറയാനില്ലെന്ന് തീര്‍ച്ചയാക്കി. അതോടെ പ്രതിപക്ഷം നടുത്തളത്തിലെത്തി. സ്തംഭനം ഉറപ്പായതോടെ സ്പീക്കര്‍ മറ്റുനടപടികളിലേക്ക് നീങ്ങി.
നടുത്തളത്തിലെ കുത്തിയിരിപ്പും മുദ്രാവാക്യം വിളിയും ഒരുവഴിക്കും നടപടികള്‍ മറ്റൊരു വഴിക്കും. ഇതിനിടെ ഒരു അനൌദ്യോഗിക പ്രമേയം പാസായി. ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് കോടിയരി ബാലകൃഷ്ണന് തോന്നിയത് അപ്പോഴാണ്. കുട്ടിസഖാക്കള്‍ക്കുനേരെ കോടിയേരിയുടെ ചൂണ്ടുവിരല്‍ പാഞ്ഞു. അതിന് പിന്നാലെ ടി.വി രാജേഷും ജയിംസ് മാത്യുവും സപീക്കറുടെ ചേംബറിലേക്ക് പാഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേടായിരിക്കണം അപ്പോള്‍ രാജേഷിന്റെ ഓര്‍മയില്‍ തെളിഞ്ഞത്. ഒരൊറ്റ തള്ള്. വെള്ള യൂണിഫോമിട്ട പെണ്‍കുട്ടിയുടെ തലയിലെ തൊപ്പി പറന്നു. അവര്‍ വീഴാനാഞ്ഞു. മറ്റുള്ളവരുമായി കൈയ്യാങ്കളിയായി. അപ്പോള്‍ പ്രസംഗിക്കുകയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതിന് തത്സമയ ശബ്ദസംപ്രേഷണം നല്‍കി: 'അതാ, ആ സ്ത്രീയെ കൈയ്യറ്റം ചെയ്തു. അടിച്ചു. അക്രമം. കൈയ്യേറ്റം. അയ്യോ. തടയണം. ആ സ്ത്രീയെയാണ് കൈയ്യേറ്റം ചെയ്തത്.' അതോടെ ഭരണപക്ഷം ചാടിയിറങ്ങി. മുന്‍ നിരയില്‍ വന്നുനിന്ന് ബഹളം തുടങ്ങി. സ്ത്രീയെ കൈയ്യേറ്റം ചെയ്ത എം.എല്‍.എമാരെ സസ്പെന്റ് ചെയ്യണമെന്ന് മുദ്രാവാക്യം വിളിച്ചു. സംഭവം കൈവിട്ടെന്നായപ്പോള്‍ പ്രതിപക്ഷം പതിയെ പുറത്തേക്ക് പിന്‍വലിഞ്ഞു. അപ്പോഴേക്കും സഭ പിരിഞ്ഞിരുന്നു.
പിന്നെയാണ് രാഷ്ട്രീയ പ്രചാരകരുടെ വൈദഗ്ദ്യം വെളിപ്പെട്ടത്. വാച്ച് ആന്റ് വാര്‍ഡ് ആക്രമിച്ചു എന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നേരെ സഭാകവാടത്തിലേക്ക് പ്രകടനം നയിച്ചു. അക്രമത്തിലേറ്റ മുറിവ് രാജേഷ് കാമറിയില്‍ പ്രദര്‍ശിപ്പിച്ചു. പിന്നെ അകത്തുകയറി വാര്‍ത്താസമ്മേളനം വിളിച്ചു. വയറിന് കുത്തേറ്റ കാര്യം കെ.കെ ലതിക അവിടെ വെളിപ്പെടുത്തി. വാച്ച് ആന്റ് വാര്‍ഡിനെ വിട്ട് അക്രമിക്കുന്നുവെന്ന് ആരോപിച്ചു. എം.എല്‍.എമാരുടെ അവകാശത്തെ പറ്റി വാചാലമായി. സ്പീക്കര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടികളുടെ കാര്യത്തില്‍ വലിയ ആധിയുള്ള വനിതാ പോരാളികളായ ഇ.എസ് ബിജിമോളും ഗീതഗോപിയും രാജേഷിന്റെ നിരപരാധിത്വം ആവര്‍ത്തിച്ചുറപ്പിച്ചു.
അങ്ങോട്ടോടിക്കയറി തള്ളിയത് ഇങ്ങോട്ടുള്ള ആക്രമണമായി മാറുന്നത് കണ്ട് അന്തം വിട്ടിരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലേക്ക് അപ്പോള്‍ കെ.സി ജോസഫും പി.സി ജോര്‍ജും നയിച്ച ഭരണപക്ഷ പ്രകടനം കടന്നുവന്നു. സഭാകവാടത്തില്‍ അവര്‍ രോഷംപൂണ്ടു: 'ചരിത്രത്തിലില്ലാത്ത വിധം സുരക്ഷാ ജീവനക്കാരിയെ ആക്രമിച്ചിരിക്കുന്നു. വനിതയെ കൈയേറ്റം ചെയ്തത് അത്യന്തം ഗുരുതരമാണ്. രണ്ട് എം.എല്‍.എമാരെ സസ്പെന്റ് ചെയ്യണം.' ചേംബറിലേക്കുള്ള തള്ളിക്കയറ്റം അതോടെ കൈയ്യേറ്റമായി. അത് പെണ്ണിനെയാണെന്ന വിശേഷവുമുണ്ടായി. അധികം വൈകാതെ മുഖ്യമന്ത്രിയും പ്രമുഖ പിന്നണിക്കാരായ പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും ഷിബുബേബിജോണും വാര്‍ത്താസമ്മേളനം വിളിച്ചു.
പതിവുപോലൊരു സ്തംഭനവും അതില്‍ പതിവുള്ള ഉന്തും തള്ളുമാണ് മിനുട്ടുകള്‍ക്കകം ആക്രമണമായും കൈയ്യേറ്റമായും രണ്ട് വഴിയില്‍ രൂപമാറ്റം പ്രാപിച്ചത്. ഒരൊറ്റ അടിക്ക് കേരളത്തിന് കിട്ടിയത് രണ്ട് പ്രകടനം. നാല് വാര്‍ത്താസമ്മേളനം. ഇത് വെറുമൊരു തള്ളായിരുന്നു എന്ന് സഭാ രേഖയിലെങ്ങുമുണ്ടാകില്ല. രേഖയിലുള്ള കാര്യങ്ങള്‍ പുറത്തുപറയാന്‍ പറ്റുന്നതുമാകില്ല. അത്ര നിഷ്കളങ്കരാണ് ിരുഭാഗത്തെയും അംഗങ്ങള്‍. നിയമനിര്‍മാണ സഭയുടെ പുണ്യം.

(15...10...11)

സി.പി.ഐക്കാര്‍ ഒരു മന്ത്രിക്ക് അയച്ച കത്തുകള്‍

കേരളത്തിന് സ്വന്തമായി വനിതാകമീഷനുണ്ട്. പോലിസിന് സൈബര്‍ സെല്ലും. ഇതുപോരെന്നാണ് വര്‍ക്കല കഹാറിന്റെ പക്ഷം. കാരണം: 'രണ്ട് ജില്ലാ സെക്രട്ടറിമാര്‍ പുറത്തായി. ഏരിയ സെക്രട്ടറി അകത്തായി. പരാതിക്കാരുടെ ബാഹുല്യംകാരണം പുതിയ കേസുള്‍ പരിഗണിക്കാന്‍ കഴിയാതെയുമായി. അതിനാല്‍ സി.പി.എമ്മിന് മാത്രമായി ഒരു വനിതാകമീഷനും സൈബര്‍ സെല്ലും വേണം.' പരമ ശാന്തവും അതിലെറെ വിരസവുമായി നീങ്ങിയ വ്യവസായ^തൊഴില്‍ വകുപ്പുകളുടെ ചര്‍ച്ചക്കും അതോടെ ചൂട് പിടിച്ചു. എന്നിട്ടും കഹാര്‍ വിട്ടില്ല: 'യുദ്ധം അവസാനിക്കാന്‍ എന്തുവേണമെന്ന് ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും വരട്ടുചൊറി വരണം എന്നായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ മറുപടി. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും നന്നാകണമെങ്കില്‍ അവര്‍ക്ക് വരട്ടുചൊറി വരണം.'
പ്രതിപക്ഷത്തിന് ചൊറി പിടിപെടാന്‍ തല്‍ക്കാലം ഒരു സാധ്യതയുമില്ലെന്ന് തെളിയിച്ചായിരുന്നു സഭയിന്നലെ തുടങ്ങിയത്. ചോദ്യോത്തരത്തിലേ തുടങ്ങി ബഹളം. വിഷയം കോഴിക്കോട്ടെ വെടിവെപ്പുകാരന്‍ തന്നെ. പ്രതിപക്ഷത്തിന്റെ നടുത്തള യാത്രയോടെയാണ് അത് സമാപിച്ചത്. വിലക്കയറ്റത്തിന്റെ പേരിലെ അടിയന്തിര പ്രമേയത്തിലും പ്രതിപക്ഷത്താര്‍ക്കും ചൊറിയുണ്ടായില്ല. അത് ഇറങ്ങിപ്പോക്കിലെത്തി. വീണ്ടും വന്നു കോഴിക്കോട്, കോടിയേരിയുടെ സബ്മിഷനായി. അതിവേഗം ബഹുദൂരം പായുന്ന മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ വേഗപ്പൂട്ട് പിടിപ്പിച്ചത് അപ്പോഴാണ് സഭയറിഞ്ഞത്: 'ഡി.ജി.പി റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ഇനി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കും.' മൂന്നാം ദിവസം കിട്ടിയ ഈ മറുപടി കേട്ടിട്ടും പ്രതിപക്ഷത്തിന് പക്ഷെ കാര്യമായ അനക്കമുണ്ടായില്ല. ഇറങ്ങിപ്പോകുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആദ്യം പറഞ്ഞു. പിന്നെയത് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാക്കി. ഒടുവില്‍ പുറത്തുപോയി തിരിച്ചുകയറി. ആകെപ്പാടെ വരട്ടുചൊറി പിടിച്ച മട്ട്.
ഈ പ്രതിപക്ഷ തണുപ്പ് മാറാന്‍ അവസാന സമയം വരെ കാത്തിരിക്കേണ്ടി വന്നു. കയര്‍ വകുപ്പിന് അടൂര്‍ പ്രകാശ് മറുപടി പറയുന്നതിനിടെ ജി. സുധാകരനാണ് ഒറ്റക്ക് പടക്കിറങ്ങിയത്. മന്ത്രി കള്ളം പറയുന്നു എന്ന് വിളിച്ചുപറഞ്ഞ് രോഷപ്പെട്ട് തുടങ്ങിയ സുധാകരന്‍ മറുപടി തീരുംവരെ ആ ക്ഷോഭം തുടര്‍ന്നു. രണ്ട് തവണ ക്രമപ്രശ്നം ഉന്നയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ചട്ട വിരുദ്ധ നിയമനം നടത്തിയെന്ന പ്രസ്താവന തിരുത്താന്‍ മന്ത്രിയെ വെല്ലുവിളിച്ചു. മന്ത്രിയത് കേട്ടഭാവം നടിക്കാതായപ്പോള്‍ വാക്കുകള്‍ പ്രവഹിച്ചു. ഇങ്ങനെയൊന്നും പറയരുതെന്ന സ്പീക്കറുടെ ഉപദേശം ആവിയായി. അപ്പോള്‍ സുധാകരന് വീണ്ടും ക്രമപ്രശ്നമുണ്ടായി: 'മന്ത്രി വിഷയം പഠിച്ചിട്ടില്ലെങ്കില്‍ പള്ളിക്കൂടത്തില്‍ പോകണം. ഇല്ലെങ്കില്‍ പോയി കയറ് പിരിക്ക്.'
അമേരിക്കയില്‍ ജനകീയ സമരം തുടങ്ങിയ ആവേശത്തിലാണ് ചര്‍ച്ച തുടങ്ങിയ പി.കെ ഗുരുദാസന്‍. എന്നാല്‍ ഐസ്ക്രീം കേസ് പറഞ്ഞതോടെ ഗുരുദാസന്‍ ഗീബല്‍സിന്റെ പണി ഏറ്റെടുത്തതായി അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രഖ്യാപിച്ചു. മണലൂറ്റിന്റെ കഥ പറയിപ്പിക്കരുത് എന്ന ഭീഷണിയും മുഴക്കി. കഥ പറയിപ്പിക്കാന്‍ ആരും ശ്രമിക്കാതിരുന്നത് മലയാള സാഹിത്യത്തിന് വലിയ നഷ്ടമായി. പ്രവാസികള്‍ക്ക് വേണ്ടി വിശദമായി സംസാരിച്ച മഞ്ഞളാംകുഴി അലി തമിഴ്നാട്ടില്‍ പണ്ട് സിനിമ പിടിച്ച ചതുപ്പുകള്‍ ഐ.ടി പട്ടണങ്ങളായത് നേരില്‍ കണ്ട വിസ്മയത്തിലാണ്. രണ്ട് ദിവസമായി ഒഴിഞ്ഞുകിടക്കുകയായിരുന്ന പി.സി ജോര്‍ജിന്റെ നെഞ്ചത്തേക്കാണ് കെ. ദാസന്‍ ഉന്നംവച്ചത്. കേരളീയരെയാകെ വാക്കുകള്‍കൊണ്ട് ആട്ടുകയും തുപ്പുകയുമാണത്രെ ജോര്‍ജ്. രാവിലെ രണ്ടുവട്ടം മുഖ്യമന്ത്രി തന്നെ ചീഫ് വിപ്പിനെ തള്ളിക്കളഞ്ഞതാകണം കെ. ദാസന്റെ ധൈര്യം. സി.കൃഷ്ണന്‍ പക്ഷെ പ്രസംഗം ദിനേശ് ബീഡിയിലൊതുക്കി. പോലിസുദ്യോഗസ്ഥനായ രാധാകൃഷ്ണപിള്ളയുടെ ഭീഷണിയില്‍ മുട്ടുവിറച്ചാണ് ഇയാള്‍ക്കെതിരായ നടപടി ഉമ്മന്‍ചാണ്ടി മെല്ലെപ്പോക്കിലാക്കിയതെന്ന് എ. പ്രദീപ്കുമാര്‍ ആരോപിച്ചു.
ചര്‍ച്ചയിലെ വിരസത മറുപടിയില്‍ മന്ത്രിമാര്‍ പരിഹരിച്ചു. പൊതുമേഖലാ വക്താവായി ചമയരുതെന്ന് മുന്‍ മന്ത്രി എളമരം കരീമിന്റെ പ്രവര്‍ത്തന ചരിത്രം വായിച്ച് പി.കെ കുഞ്ഞാലിക്കുട്ടി സഖാക്കളെ പഠിപ്പിച്ചു. മറുപടി കൊണ്ടുള്ള ആറാട്ടായിരുന്നു ഷിബു ബേബിജോണിന്റെ വക. സി.പി.ഐക്കാരന്‍ എ. രാജുവും ആര്‍.എസ്.പിക്കാരന്‍ എ.എ അസീസും കൊണ്ടുവന്ന 'ജോലിക്ക് ശിപാര്‍ശ നല്‍കി മന്ത്രി അയച്ച കത്ത്' ആരോപണത്തിന് മറുപടിയായി ഒരുകെട്ട് ശിപാര്‍ശ കത്തുകളുമായാണ് ഷിബു വന്നത്. അതില്‍ വി.എസ് അച്യുതാനന്ദന്‍ അയച്ചത് മേശപ്പുറത്ത് വച്ചു: 'എന്റെ കത്തിന് ഇതുമായി ഒരൊറ്റ വ്യത്യാസമേയുള്ളൂ. ഞാനയച്ചത് ഇംഗ്ലീഷിലാണ്. ഇത് മലയാളത്തിലും.' അപ്പോള്‍ കോവൂര്‍ കഞ്ഞിേമോന്‍ ക്ഷുഭിതനായി. അതോടെ ഷിബു എ.എ അസീസിന്റെ കത്ത് പുറത്തെടുത്തു. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന യുവജനങ്ങളുടെ അധ്വാനം പാഴായേക്കുമെന്ന് അതോടെ സി.പി.ഐക്കാര്‍ക്ക് ബോധ്യമായി. ബഹളവുമായി അവര്‍ ചാടിയെഴുനേറ്റു. തര്‍ക്കം. വാക്കേറ്റം. സംഭവബഹഹുലം. ഇതിനിടെ ഷിബു പറഞ്ഞു: 'ശിപാര്‍ശക്കത്ത് നല്‍കാത്തവര്‍ ഇവിടെ ആരുമില്ല. സി.പി.ഐക്കാര്‍ എനിക്കയച്ച കത്തുകള്‍ ഞാന്‍ പുറത്തുവിട്ടാല്‍ അവര്‍ക്ക് സഭയില്‍ ഒരു അംഗം കുറയും.' അതോടെ എല്ലാം ശാന്തമായി. ആര്‍ക്കുമില്ല പ്രതിഷേധം. കക്ഷി നേതാവിന്റെ പക്വതയോടെ പാതി വിരിഞ്ഞ പുഞ്ചിരിയുമായി സി. ദിവാകരന്‍ പോലും അപ്പോള്‍ തീവ്ര മൌനംപാലിച്ചു.

(14...10...11)

Thursday, October 13, 2011

അക്രമാസക്ത കാലത്തെ ട്രോട്സ്കി

പരക്കെ അക്രമം എന്ന വാര്‍ത്താ തലക്കെട്ടുകള്‍ കണ്ട് ഞെട്ടിയാണ് അംഗങ്ങള്‍ ഇന്നലെ സഭക്കകത്ത് കയറിയത്. അവിടെയപ്പോള്‍ അക്രമ ചര്‍ച്ചകളുടെ പന്തംകൊളുത്തി പടയായിരുന്നു. അടിയന്തിര പ്രമേയവും പ്രധാന സബ്മിഷനുകളുമെല്ലാം അക്രമമയം. ധനാഭ്യര്‍ഥന ചര്‍ച്ചയാകെ അക്രമ കഥകള്‍. അതിന്റെ പേരില്‍ രണ്ടുവട്ടം പ്രതിപക്ഷം ഇറങ്ങിപ്പോയി. മറുഭാഗത്തിനുമുണ്ട് വേണ്ടത്ര. ഇറങ്ങാന്‍ വകുപ്പില്ലാത്തതിനാല്‍ രോഷം പറഞ്ഞുതീര്‍ത്തുവെന്ന് മാത്രം. അക്രമാസക്ത കാലത്തെ ഈ ആവേശപ്പോരിനിടയിലൂടെ, കോര്‍പറേറ്റുകളും സാമ്രാജ്യത്വ ഏജന്‍സികളും വീതംവച്ചെടുക്കുന്ന കേരളത്തിലെ ജല മേഖലയുടെ ചര്‍ച്ച ഒഴുകിപ്പോയി. സഖാക്കള്‍ക്കുപോലുമുണ്ടായില്ല, അതിലിത്തിരി വേവലാതി.
പെരുമ്പാവൂര്‍ ബസ് സ്റ്റാന്റില്‍ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചുകൊന്നതായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം. പ്രതിപ്പട്ടികയില്‍ കെ. സുധാകരന്റെ ഗണ്‍മാനുള്ളതിനാല്‍ അവതാരകനായ സാജുപോളിന് വിഷയ ദാരിദ്യ്രമേയുണ്ടായില്ല. വി.എസ് അച്യുതാനന്ദന്റെ വകയായിരുന്നു ഒന്നാം ഉപക്ഷേപം. വിഷയം കോഴിക്കോട് വെടിവെപ്പ്. അക്രമ കഥകള്‍ക്ക് അതിലുമുണ്ടായില്ല ക്ഷാമം. കണ്ണൂരില്‍ എസ്.എഫ്.ഐക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചതാണ് പി.സി വിഷ്ണുനാഥിന്റെ സബ്മിഷന്‍. കാമറ തകര്‍ത്തു. കുനിച്ചുനിര്‍ത്തി ഇടിച്ചു. പിന്നെ സി.പി.എം ഓഫീസില്‍ കയറി രക്ഷപ്പെട്ടു. ഇതിന് ബദല്‍ വന്നത് രണ്ട് സബ്മിഷനാണ്. രണ്ടും കാസര്‍കോട് നിന്ന്. കാഞ്ഞങ്ങാട് അക്രമം ഇ. ചന്ദ്രശേഖരനും അതിന്റെ തുടര്‍ച്ചയായ പള്ളിക്കര അക്രമം കെ. കുഞ്ഞിരാമനും. രണ്ടിലും പ്രതിസ്ഥാനത്ത് മുസ്ലിം ലീഗ്. അപ്പോള്‍ കെ. ശിവദാസന്‍ നായര്‍ അടൂര്‍ കൈതപ്പറമ്പ് കെ.വി.വി.എസ് കോളജിലെ എസ്.എഫ്.ഐ^ഡി.വൈ.എഫ്.ഐ അക്രമ വാര്‍ത്ത പുറത്തുവിട്ടു.
ഇതെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്ത കെ.കെ ലതികക്ക് അടിയന്തിരാവസ്ഥയാണ് ഓര്‍മ വന്നത്. നാടാകെ അടി. വെടി. പാരകയറ്റല്‍. ചവിട്ടിക്കൊല. അക്കാലത്തെ പോലിസിനെപ്പോലെ ഭരണപക്ഷ അംഗങ്ങളുടെ നെഞ്ചത്ത് ലതിക പാഞ്ഞുനടന്നു. കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും ടി.വി രാജേഷിനും രാജുഎബ്രഹാമിനും ഇതില്‍ കവിഞ്ഞ് ഏറെ കാര്യങ്ങളുണ്ടായില്ല. ഭരണപക്ഷവും ഒട്ടും മോശമാക്കിയില്ല. എന്‍.ഡി.എഫിന് മുന്നില്‍ തലകുനിച്ച കോടിയേരി ബാലകൃഷ്ണന്റെ അഞ്ചുകൊല്ലത്തെ നിസ്സഹയാതയായിരുന്നു കെ.എം ഷാജിയുടെ പ്രമേയം. എസ്.എഫ്.ഐയുടെ അക്രമ ചരിത്രത്തിന് ഷാഫി പറമ്പില്‍ വേണ്ടത്ര തെളിവുനല്‍കി. അന്‍വര്‍ സാദത്തും കുറച്ചില്ല. കമ്യുണിസ്റ്റുകാരുടെ അക്രമത്തിന് കെ.എന്‍.എ ഖാദര്‍ അന്താരാഷ്ട്ര ബന്ധം കണ്ടെത്തി: '90 കേന്ദ്ര കമ്മിറ്റി അംഗങ്ങളെ സ്റ്റാലിന്‍ കൊന്നിട്ടുണ്ട്. ട്രോട്സ്കിയെ തലക്കടിച്ചാണ് കൊന്നത്.'
ഈ ഭീകര ചര്‍ച്ചകള്‍ക്കിടെ ഏക ആശ്വാസമായത് എന്‍. ജയരാജിന്റെ ചങ്ങമ്പുഴ അനുസ്മരണം മാത്രമാണ്. അല്‍പനേരത്തേക്കെങ്കിലും സഭയിലാകെ കവിതകളായി. ആസ്ഥാന കവി ജി. സുധാകരനാണ് ആദ്യം പിന്തുണച്ചത്. പിന്നാലെ എം.എ ബേബിയും പാലോട് രവിയും. ചര്‍ച്ച അടിമുടി അക്രമാസക്തമായിരുന്നുവെങ്കിലും മറുപടി പറഞ്ഞ മന്ത്രി പി.ജെ ജോസഫ് പതിവിലേറെ സൌമ്യനും ശാന്തനുമായി കാണപ്പെട്ടു. ഷെല്‍ഫില്‍ ഒരുപിടി പദ്ധതികളുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. എ.ഡി.ബിയും ലോകബാങ്കും ജപ്പാനും ജലനിധിയുമൊക്കെ കേരള ചെക്പോസ്റ്റില്‍ പ്രവേശനാനുമതി കാത്തുകിടക്കുന്നുണ്ടത്രെ.
ലോകത്തെ കുത്തകകളും വെള്ള കച്ചവടക്കാരും കോര്‍പറേറ്റുകളും സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളുമൊക്കെയാണ് ഈ വരുന്ന സ്ഥാപനങ്ങളെന്ന് പണ്ട് ഇടതുപക്ഷം പറയുമായിരുന്നു. ഇവര്‍ വന്നാല്‍ കേരളത്തിലെ വെള്ളം വീതം വച്ചെടുക്കുമെന്ന് അവര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. കരിയോയില്‍ ഒഴിച്ച് ചിലരെ ഓടിച്ചിരുന്നു. ഇതൊന്നും പക്ഷെ സഭയിലെ ചര്‍ച്ചയില്‍ സഖാക്കളാരും പറഞ്ഞുകേട്ടില്ല. എ.ഡി.ബി വിരുദ്ധ വിപ്ലവ നായകരായ സഖാക്കള്‍ രാജു എബ്രഹാം, ടി.വി രാജേഷ്, എ.എം ആരിഫ്, ഇക്കാര്യത്തില്‍ മൌലികവദികളായ സഖാക്കള്‍ ജി.എസ് ജയലാല്‍, പി. തിലോത്തമന്‍ മുതല്‍ മുതിര്‍ന്ന കമ്യുണിസ്റ്റുകള്‍ വരെ ഈ വഴിക്ക് വാക്ക് തിരിച്ചേയില്ല. തെരുവുകള്‍ നിന്നുകത്തുമ്പോള്‍ ആര്‍ക്കുവേണം വോട്ടില്ലാത്ത ഈ ഏഡീബിയെ? ലോകത്താകെ വെള്ളത്തിന്റെ 0.36 ശതമാനം മാത്രമാണ് കുടിക്കാന്‍ കിട്ടുകയെന്ന് ജല രാഷ്ട്രീയം പറഞ്ഞ ടി.എ അഹമ്മദ് കബീറിനൊപ്പം നില്‍ക്കാന്‍ പോലും ഒരു കമ്യൂണിസ്റ്റുകാരനുണ്ടായില്ല. ദോഷം പറയരുതല്ലോ, എ.ഐ.സി.സിയെന്നാല്‍ ഓള്‍ ഇന്ത്യ കോര്‍പറേറ്റ് കമ്മിറ്റിയാണ് എന്നിടത്തോളം ടി.വി രാജേഷെത്തിയിരുന്നു. ഡി.വൈ.എഫ്.ഐ സെക്രട്ടറി അവിടെ നിറുത്തിയത് നന്നായി. അല്ലെങ്കില്‍ ട്രോട്സ്കിയിസ്റ്റെന്ന് വിളിച്ച് തലക്കടിച്ചേനെ.

(13...10...11)

Wednesday, October 12, 2011

വി.എസിന്റെ വെടി, ചാണ്ടിയുടെ മറുവെടി


വെടിവക്കേണ്ടത് എങ്ങനെയെന്ന് കോഴിക്കോട്ടെ പോലിസുകാരന്‍ വഴിനീളെ നടന്ന് നാട്ടുകാരെ പഠിപ്പിച്ചത് നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് സഭയിന്നലെ തുടങ്ങിയത്. പതിവില്ലാത്ത വിധം ചോദ്യോത്തര സമയത്തുതന്നെ അതിന്റെ പുക പടര്‍ന്നു തുടങ്ങിയിരുന്നു. റോഡ് നിര്‍മാണം മുതല്‍ ടൂറിസം വരെ എല്ലാ ചോദ്യവും കോഴിക്കോട്ടുചെന്നാണ് അവസാനിച്ചത്. റോഡ് നിര്‍മാണ കമ്പനിയുണ്ടാക്കുന്നതിനെപ്പറ്റി എസ്. ശര്‍മ സംശയിച്ചു: 'ഇതുവഴി നല്ല റോഡുകളുണ്ടാക്കിയാല്‍ അവിടെ രാധാകൃഷ്ണനെപ്പോലുള്ളവര്‍ ഓടി നടന്ന് വെടിവക്കുമോ? അത് തടയാന്‍ സംവിധാനം ഉണ്ടാക്കുമോ?' എം. ഹംസയുടെ ചോദ്യം കുറച്ചുകൂടി കഠിനമായിരുന്നു: 'കശ്മീരിലെ ടൂറിസം നശിപ്പിച്ചത് ടററിസ്റ്റുകളാണ്. ഇവിടെ രാധാകൃഷ്ണനെപ്പോലുള്ളവര്‍ വെടിവച്ച് അത് നശിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?' എല്ലാ ചോദ്യവും ഈ വഴി നീങ്ങിയപ്പോള്‍ സ്പീക്കറും ഇടപെട്ടു. എന്നിട്ടും അതില്‍ മാറ്റമുണ്ടായില്ല. വരാനിരിക്കുന്ന കൂട്ടവെടിയുടെ സൂചകമായി ചോദ്യോത്തര സെഷന്‍.
ചോദ്യോത്തരത്തില്‍ ഉന്നം പിഴക്കാതെ വെടിവച്ചവര്‍ക്ക് പക്ഷെ അടിയന്തിര പ്രമേയത്തില്‍ അടിതെറ്റി. ചോരപുരണ്ട തെളിവുകളെല്ലാം ഉണ്ടായിട്ടും ഉമ്മന്‍ചാണ്ടിയുടെ മറുവെടി വൈദഗ്ദ്യത്തിന് മുന്നില്‍ അവര്‍ പകച്ചു. ഒടുവില്‍ വി.എസ് അച്യുതാനന്ദന്റെ ഷാര്‍പ് ഷൂട്ട് വേണ്ടി വന്നു, പ്രതിപക്ഷത്തിന് രക്ഷപ്പെടാന്‍. അടിയന്തിര പ്രമേയത്തിന് നോട്ടീസ് കൊടുത്ത എ. പ്രദീപ് കുമാര്‍ അമിതാവേശത്താല്‍ സംഭ്രമംകൊണ്ടു. കൈയാംഗ്യത്തിന്റെ വേഗത്തിനൊപ്പം വാക്കുകള്‍ വന്നില്ല. നിര്‍മല്‍ മാധവിന്റെ പ്രവേശനത്തില്‍ പ്രദീപ് ഏറെനേരം ചുറ്റിക്കറങ്ങിയതോടെ വെടിവെപ്പ് അരുക്കായി. ആ വെടിയുടെ ഉന്നം തെറ്റിയെന്ന് അതോടെ ബോധ്യവുമായി.
മറുപടി പറഞ്ഞ ഉമ്മന്‍ചാണ്ടിയാകട്ടെ പ്രദീപിന്റെ എല്ലാ ചോദ്യത്തിനും മുന്‍ മന്ത്രിമാര്‍ക്കെതിരായ മറുവെടികള്‍ സഹിതമാണ് ഉത്തരം നല്‍കിയത്: 'നിര്‍മല്‍ മാധവിനെതിരെ റാഗിംഗ് നടന്നുവെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തിയത് എം.എ ബേബി മന്ത്രിയായ കാലത്താണ്. റാഗിംഗിന്റെ പേരില്‍ പോലിസ് കേസെടുത്തത് കോടിയേരി ബാലകൃഷ്ണന്‍ ഭരിച്ചപ്പോഴാണ്. റാഗിംഗും കേസും കള്ളക്കഥയാണെന്ന് പ്രദീപ് പറഞ്ഞതിന് മറുപടി പറയേണ്ടത് ഇവരാണ്. ഈ സര്‍ക്കാറല്ല.' അടിയന്തിര പ്രമേയാവതരണത്തില്‍ ആകെ കാതലായുണ്ടായിരുന്ന പ്രദീപിന്റെ രണ്ട് വെല്ലുവിളികള്‍ അതോടെ പൊളിഞ്ഞു. തീര്‍ന്നില്ല ചാണ്ടിയുടെ മറുവെടി: 'കുത്ത് കേസില്‍ പ്രതിയായ എസ്.എഫ്.ഐ പ്രവര്‍ത്തകന് 2007ല്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് ഇടുക്കി സര്‍ക്കാര്‍ കോളജിലേക്ക് കഴിഞ്ഞ സര്‍ക്കാര്‍ മാറ്റം കൊടുത്തു. അതേമാതൃകയിലാണ് ഇപ്പോള്‍ ചെയ്തത്.' മൂന്നാമത്തെ സമര കാരണവും അതോടെ ചീറ്റി. കോഴിക്കോട്ടെ തെരുവില്‍ ചോരയില്‍ കുതിര്‍ന്നുകിടന്ന തുണിയും കുപ്പായവും വരെ ഹാജരാക്കിയ പ്രതിപക്ഷ വീര്യം ഈ മറുവെടികളില്‍ തട്ടിപ്പൊളിഞ്ഞു.
തിരിച്ചുകടിക്കുന്നവയെ തിന്നാന്‍ ശ്രമിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയെപ്പോലെ അറിയുന്നൊരാള്‍ വേറെയില്ല. അതിനാല്‍ നിര്‍മല്‍ മാധവിന്റെ രാഷ്ട്രീയ ബന്ധങ്ങളെയും വിവാദ പ്രവേശത്തെയും അതിന്റെ പൂര്‍വ മാതൃകകളെയും സംബന്ധിച്ച് വാതോരാതെ സംസാരിച്ച ഉമ്മന്‍ചാണ്ടി പക്ഷെ വെടിവെപ്പ് ഒറ്റ വരിയില്‍ ഒതുക്കി: 'വിദ്യാര്‍ഥി സമരത്തിന് നേരെ വെടിവക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിച്ചതല്ല.' അവിടെനിന്നാണ് വി.എസ് അച്യുതാനന്ദന്‍ ഉന്നം പിടിച്ചത്. ആ വെടിയില്‍ ഭരണപക്ഷം വീണു, തിരിച്ചെഴുന്നേല്‍ക്കാനാകാത്ത വിധം. വെടിപിഴച്ച നിരാശയില്‍ നിശബ്ദരായിപ്പോയ പ്രതിപക്ഷത്തിനും അതോടെ ശ്വാസം തിരിച്ചുകിട്ടി. കെ.ടി ജലീല്‍, വി.എസ് സുനില്‍കുമാര്‍, കെ.കെ ലതിക, സാജുപോള്‍ തുടങ്ങിയവര്‍ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് നടന്നു. 'വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച ഉദ്യോഗസ്ഥനെപ്പറ്റി പറയണ'മെന്ന ഒറ്റപോയന്റില്‍ വി.എസ് ഉന്നം ഉറപ്പിച്ചതോടെ സഭ സ്തംഭിച്ചു. അകത്തെ കുത്തിയിരിപ്പ് സമരമായി പിന്നീടത് വികാസം പ്രാപിച്ചു. സഭപിരിഞ്ഞിട്ടും കുത്തിയിരിപ്പ് തുടര്‍ന്നു. ഒടുവില്‍ സ്പീക്കര്‍ 'സമരസ്ഥലം' സന്ദര്‍ശിച്ചാശ്വസിപ്പിക്കുകയും ചെയ്തു.
സമരം നടത്തുന്നതില്‍ മാത്രമല്ല, ചോരപടര്‍ന്ന ഉടുമുണ്ട് സംഘടിപ്പിക്കുന്നതിലെ ഇടത് വൈദഗ്ദ്യവും ഇന്നലെ സഭക്ക് ബോധ്യപ്പെട്ടു. കോഴിക്കോട്ടെ കുട്ടികളുടെ ഉടുമുണ്ടും കുപ്പായവുമായാണ് ടി.വി രാജേഷും ആര്‍. രാജേഷും സഭയില്‍ എത്തിയത്. ഇത് ഉയര്‍ത്തിക്കാട്ടി ഇടക്കിടെ അവര്‍ സഭയില്‍ ഓടിനടന്നു. ഒടുവില്‍ പ്രകടനത്തിന് മുന്നില്‍ ബാനറിന് പകരം പിടിച്ചു. സമരക്കാരെ മാത്രമല്ല, അവരുടെ വസ്ത്രങ്ങളെയും സമ്മതിക്കണം. മണിക്കൂര്‍ 24 തികയും മുമ്പാണ് നാനൂറ്റമ്പത് കിലോമീറ്റര്‍ താണ്ടി അവയിങ്ങ് തലസ്ഥാനത്തെത്തിയത്. എന്തൊരാവേശം!

(12...10...11, madhyamam)

Tuesday, October 11, 2011

പഠിച്ചതെല്ലാം മറക്കുമ്പോള്‍ ബാക്കിയാകുന്നത്

വിദ്യാഭ്യാസം ഭരിച്ചതിന്റെ ഗുണം എം.എ ബേബിക്കുണ്ടായിട്ടുണ്ട്. നന്നേ ചുരുങ്ങിയത് എന്താണ് വിദ്യാഭ്യാസം എന്ന് പറയാനുള്ള വിവരമെങ്കിലും നേടാനായി എന്നത് തന്നെയാണ് വലിയ നേട്ടം. വകുപ്പൊഴിഞ്ഞതോടെ ഇക്കാര്യത്തില്‍ ചില ധാരണകള്‍ ഉണ്ടാക്കാനായിയെന്ന് രണ്ട് നിര്‍വചനങ്ങള്‍ മനപാഠം പറയുക വഴി ബേബി ഇന്നലെ സഭയെ ബോധ്യപ്പെടുത്തി: 'മാനസികവും കായികവുമായ അധ്വാന ശക്തിയുടെ സംസ്കരണമാണ് വിദ്യാഭ്യാസം.' തീര്‍ന്നില്ല, ഇതേപറ്റി ഐന്‍സ്റ്റീനും പറഞ്ഞിട്ടുണ്ടത്രെ: 'സ്കൂളില്‍ പഠിച്ചതെല്ലാം മറന്നിട്ടും ബാക്കികിടക്കുന്നതെന്തോ അതാണ് വിദ്യാഭ്യാസം.' അങ്ങനെ മറക്കാതെ കിടന്ന ചില തിയറികളെപ്പറ്റിയും ബേബി വാചാലനായി: 'എസ്.എഫ്.ഐ നേതാവായിരിക്കെ ഞങ്ങളൊക്കെ ആവശ്യപ്പെട്ടിരുന്നത് അധ്യാപക വിദ്യാര്‍ഥി അനുപാതം 1:28 ആക്കാനായിരുന്നു. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ 1:30 ആക്കിയത് വലിയ കാര്യമൊന്നുമല്ല.' മറക്കാതെ ബാക്കികിടക്കുന്ന കാര്യങ്ങള്‍ ഓര്‍മയിലെത്താന്‍ അഞ്ചുകൊല്ലം മന്ത്രിയായിരിക്കണമെന്ന് ഈ സിദ്ധാന്തത്തില്‍ വ്യവസ്ഥയുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ അങ്ങനെയുമുണ്ട് ചട്ടങ്ങള്‍ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ സഭയിലെ ബേബി സാന്നിധ്യം.
മന്ത്രി മറുപടി പറയുന്ന ഓരോ വരിയിലും ബേബി ഇടപെട്ടുകൊണ്ടിരുന്നു. എത്ര ചോദിച്ചിട്ടും പിന്നെയും സംശയങ്ങള്‍ ബാക്കിയായി. ഓരോ ഉത്തരവും ബേബിക്ക് പുതിയ പുതിയ ഓര്‍മകള്‍ തിരിച്ചുകൊടുത്തുകൊണ്ടിരുന്നു. അതിനാല്‍ ചോദ്യങ്ങള്‍ അടിക്കടി ആവര്‍ത്തിച്ചു. ഇങ്ങനെയാകല്ലേ എന്ന് സ്പീക്കര്‍ ഉപദേശിച്ചിട്ടും ഓര്‍മകള്‍ തികട്ടി വന്നപ്പോള്‍ ബേബി സ്വയമറിയാതെ എഴുന്നേറ്റുകൊണ്ടിരുന്നു. ഈ മികവ് തിരച്ചറിഞ്ഞത് പക്ഷെ ഷാഫി പറമ്പില്‍ മാത്രാമണ്: 'കേരളത്തിന് ഇനിയൊരു ഓസ്കാര്‍ കിട്ടുമെങ്കില്‍ അത് എം.എ ബേബിയുടെ അഭിനയത്തിനായിരിക്കും' എന്നായിരുന്നു ഷാഫിയുടെ പ്രവചനം. ചോദ്യങ്ങളെല്ലാം ഇത്രയേറെ 'സയുക്തിക'മായി അവതരിപ്പിച്ചിട്ടും പിന്‍നിര സഖാക്കള്‍ വലിയ ആവേശം കാട്ടിയില്ല. ആകെ സഹായിച്ചത് തോമസ് ഐസക് മാത്രം. ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഡയറക്ടറെ പിരിച്ചുവിട്ട കാര്യം ഓര്‍മ വന്നപ്പോഴാണ് ഐസകിനും ആവേശമുണ്ടായത്. അതാകട്ടെ ഭരണ പ്രതിപക്ഷ വാക്കേറ്റത്തിലും മൂക്കിന്‍ തുമ്പോളമെത്തിയ വഴക്കിലുമാണ് അവസാനിച്ചത്. മുക്കാല്‍ മണിക്കൂര്‍ സ്തംഭനം തീര്‍ന്നപ്പോള്‍ മന്ത്രി കെ.സി ജോസഫ് ഈ ആവേശത്തിന്റെ രഹസ്യം വെളിപ്പെടുത്തി: 'യോഗ്യതയില്ലാതെ നിയോഗിച്ച ഡയറക്ടറുടെ മുറി ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായിരുന്നു. അവിടുത്തെ കമ്പ്യൂട്ടറില്‍ നിന്ന് തോമസ് ഐസകിന്റെയും സുജ സൂസന്‍ ജോര്‍ജിന്റെയും പ്രചാരണത്തിനുണ്ടാക്കിയ ലഘുലേഘകള്‍ കണ്ടെത്തിയിട്ടുണ്ട്.'
ഷെല്ലിയുടെ കവിതയായിരുന്നു ചര്‍ച്ച തുടങ്ങിയ കെ.ടി ജലീലിന്റെ ആയുധം: സര്‍ക്കാറിന്റെ 'മധുര സംഗീതങ്ങളെല്ലാം ഏറ്റവും വിഷാദഭരിതമായ ചിന്തകളാണ'ത്രെ. 'കണ്ണടച്ചിരുന്നാല്‍ പിന്നെ പകലും രാത്രിയാണ്; ഇതില്‍ സൂര്യനെന്ത് പിഴച്ചു'വെന്ന ഹിന്ദുസ്ഥാനി കവിതയാണ് ഇതിന് അബ്ദുസ്സമദ് സമദാനിയുടെ മറുപടി. 'ഭാവിയെ കരുപ്പിടിപ്പിക്കാന്‍ ഞങ്ങള്‍ മുള്ളിലൂടെ നടക്കുന്നു' എന്ന മറ്റൊരു കവിതകൂടി സമദാനി സര്‍ക്കാറിന് സംഭാവന ചെയ്തിട്ടുണ്ട്. അടുത്ത പരസ്യത്തില്‍ ഇത് പരീക്ഷിക്കാം. സമദാനിയുടെ കവിത കേട്ടപ്പോഴാണ് അഞ്ചാം മന്ത്രി എന്തായെന്ന് സാജുപോളിന് സംശയമുണ്ടായത്. ആളാരായാലും അതിന് വകുപ്പുണ്ടെന്ന് ഹൈബി ഈഡന്‍ സമര്‍ഥിച്ചു: 'വിദ്യാഭ്യാസ വകുപ്പിനെ ഉന്നത വിദ്യാഭ്യാസമെന്നും പൊതു വിദ്യാഭ്യാസമെന്നും രണ്ടായി വിഭജിക്കണം. പലയിടത്തും അങ്ങനെയുണ്ട്.' വിദ്യാഭ്യാസ ചര്‍ച്ചയില്‍ വിദ്യാര്‍ഥി യുവജന നേതാക്കളായിരുന്നു നിറഞ്ഞുനിന്നത്. യൂണിവേഴ്സിറ്റി കോളജില്‍ മല്‍സരിച്ച് ജയിക്കാന്‍ ആര്‍. രാജേഷ് കെ.എസ്.യുവിനെ വെല്ലുവിളിച്ചു. കേന്ദ്ര^കേരള പ്രസിഡന്റുമാരുണ്ടായിട്ടും അവര്‍ വെല്ലുവിളി ഏറ്റെടുത്തില്ല. എന്നാല്‍ എ.ഐ.എസ്.എഫുകാരെയെങ്കിലും അവിടെ മല്‍സരിക്കാന്‍ അനുവദിക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. കാര്യങ്ങളെല്ലാം ആ അഭ്യര്‍ഥനയിലുണ്ട്.
വകുപ്പ് ഏതായാലും പി.സി വിഷ്ണുനാഥിന് വിഷയം വി.എസ് അച്യുതാനന്ദനും അരുണ്‍കുമാറും തന്നെയാണ്. അരുണ്‍കുമാര്‍ വധം നാലാം ദിവസം പി.എച്ച്ഡി റദ്ദാക്കലും വ്യാജ സര്‍ട്ടിഫിക്കറ്റുമായിരുന്നു കഥ. ആദാമിന്റെ മകന്‍ അബുവിനേക്കാള്‍ കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് 'അച്യുതാനന്ദന്റെ മകന്‍ അരുണ്‍' ആണെന്ന് എ.പി അബ്ദുല്ലക്കുട്ടി അതിന് തലക്കെട്ടുമിട്ടു. വെച്ചുകെട്ടിയ വേദിയില്‍ നിന്ന് കോളനിക്കാരെ ചീത്ത വിളിക്കുമ്പോലെ അനായാസമല്ല സഭക്കകത്തെ കാര്യങ്ങളെന്ന് വി. ശിവന്‍കുട്ടി നേരിട്ട് മസ്സിലാക്കുന്ന കാഴ്ച കണ്ടാണ് സഭയിന്നലെ പിരിഞ്ഞത്. സ്തംഭന ബഹളം ശാന്തമാകുന്നതിനിടെ മുഖ്യമന്ത്രിക്കസേരക്കരികിലേക്കോടിയ ശിവന്‍കുട്ടിയെ ഭരണപക്ഷത്തെ ചെറുപ്പക്കാര്‍ സംഘടിതമായി വിരട്ടി. ഇരുപക്ഷത്തെയും മുതിര്‍ന്ന അംഗങ്ങള്‍ ഒരിട കാര്‍ക്കശ്യം കൈവിട്ടിരുന്നെങ്കില്‍ അവിടെ അടിപൊട്ടുമായിരുന്നു. അത്രകേമം ഏറ്റുമുട്ടല്‍. കേരള നിയമസഭയിലിരുന്നായിരിക്കണം വിദ്യാഭ്യാസത്തെക്കുറിച്ച് ഐന്‍സ്റ്റീന്‍ സ്വന്തം നിര്‍വചനമുണ്ടാക്കിയത്.

(11...10...11, madhyamam)

വിജിലന്‍സ് സ്വത്വ പ്രതിസന്ധിയും ഭൂദാന പ്രസ്ഥാനവും

ഭരണം മാറിയ ശേഷം പ്രജകള്‍ ഏറ്റവുമധികം കേട്ട വാക്ക് 'വിജിലന്‍സാ'ണ്. ദിനംപ്രതി മൂന്നുവട്ടം വീതം നൂറുദിവസവും അതാവര്‍ത്തിച്ചിരുന്നു. ഇപ്പോഴും തുടരുന്നു. വിജിലന്‍സ് കാരണം ഭരിക്കുന്ന മന്ത്രിക്ക് തന്നെ വകുപ്പ് പോയി. നാട്ടുകാര്‍ക്കിത്ര പരിചിതമായിട്ടും സഭക്കകത്ത് വിജലന്‍സ് ചര്‍ച്ചക്ക് വന്ന വിവരം എല്‍.എ.എമാര്‍ പലരും അറിഞ്ഞില്ല. സ്റ്റേഷനറിയും അച്ചടിയും മറ്റ് ഭരണപരമായ സര്‍വീസുകളും എന്ന തലക്കെട്ടിന് കീഴില്‍ ഉടലാകെ മറച്ചാണ് വിജിലന്‍സ് സഭയിലെത്തിയത്. മുഖമില്ലാത്ത ഈ വമ്പന്‍ സ്രാവിനെ മറക്കകത്തുനിന്ന് പുറത്തുകൊണ്ടുവന്നത് ബാബു എം പാലിശേãരിയും കോലിയക്കോട് കൃഷ്ണന്‍ നായരും. ഇതിങ്ങനെ മറച്ചുപിടിച്ചതില്‍ ഇരുവരും സംശയാലുക്കളായി. അംഗങ്ങളൊന്നും വിജിലന്‍സിനെപ്പറ്റി പറയാതിരുന്നത് അവരുടെ സംശയം ഇരട്ടിയാക്കി. എന്നാല്‍ ഇതൊരു പുതിയ അടവല്ലെന്ന് വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലമായി ഈ സ്വത്വ പ്രതിസന്ധി വിജിലന്‍സ് അനുഭവിക്കുന്നുണ്ട്. 'ഈ സര്‍ക്കാര്‍ പുതുതായൊന്നും ചെയ്തിട്ടില്ല. ഇത്രയും കാലം അത് അരൂപിയായിരുന്നു. രൂപമാറ്റം വേണമെങ്കില്‍ ആലോചിക്കാം.'
ധനാഭ്യര്‍ഥന ചര്‍ച്ച കേന്ദ്രീകരിച്ച കൃഷി വകുപ്പിന് പക്ഷെ ഇത്തരം പ്രതിസന്ധിയൊന്നുമുണ്ടായിരുന്നില്ല. വിഷയങ്ങളും വിവാദങ്ങളും വേണ്ടത്ര. പങ്കെടുക്കാന്‍ 17 അംഗങ്ങളും. എന്നിട്ടും ചര്‍ച്ച പക്ഷെ കേരളത്തിലെ കൃഷിയെ പോലെ തന്നെ വരണ്ടുണങ്ങി. വിവാദങ്ങള്‍ക്ക് മണ്ഡരി ബാധിച്ചു. രാഷ്ട്രീയം പോലും വിളയാത്ത തരിശുഭൂമിയായത് മാറി. എം. ചന്ദ്രനാണ് ചര്‍ച്ച തുടങ്ങിയത്. കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദനെതിരെ നടത്തിയ വിമര്‍ശങ്ങളായിരുന്നു ചന്ദ്രന്റെ പ്രചോദനം. അതിനാല്‍ മുരളീധരന് കണക്കിന് കേട്ടു. 'സ്വന്തം അച്ചനെ തള്ളിപ്പറയാന്‍ മടിയില്ലാത്തയാളാണ്' എന്നുവരെ പറഞ്ഞിട്ടുണ്ട്. മുരളിക്ക് കരുണാകരന്‍ പോലെയാണ് ചന്ദ്രന് അച്യുതാനന്ദന്‍. ഇപ്പറഞ്ഞതൊന്നും പ്രവചനമാകാതിരുന്നാല്‍ മതി. ജീവിത സംതൃപ്തി സൂചിക എന്ന ഒരിനം പ്രയോഗത്തിലുണ്ടെന്നും അത് തകരുകയാണെന്നും ഗീത ഗോപി വെളിപ്പെടുത്തി. ബാബരി മസ്ജിദും പത്മനാഭ സ്വാമി ക്ഷേത്രവും കൃഷിയുമായി ബന്ധമെങ്ങനെയെന്ന് വ്യക്തമല്ലെങ്കിലും കെ. കുഞ്ഞിരാമന്റെ പ്രമേയം അതായിരുന്നു. കൃഷിയായതിനാലാകണം മുല്ലക്കര രത്നാകരന്‍ വികാരാധീനനായി.
ഭരണപക്ഷ അംഗങ്ങള്‍ വി.എസ് അച്യുതാനന്ദന്‍ വധത്തില്‍ തന്നെയാണ് ഇന്നലെയും ശ്രദ്ധിച്ചത്. ഒരുമകന്‍ ജയിലില്‍ കിടക്കുമ്പോള്‍ ഒരച്ഛന്‍ കസരേയിലിരിക്കുന്നത് കാണേണ്ടിവരുമെന്ന് പി.എ മാധവന്‍ പ്രവചിച്ചു. ഉമ്മന്‍ചാണ്ടിയുടെ പരാതിയില്‍ അന്നത്തെ മുഖ്യമന്ത്രി സ്വന്തം പങ്ക് മറച്ചുവച്ചു എന്ന ജഡ്ജിയുടെ പരാമര്‍ശമാണ് കോണ്‍ഗ്രസുകാരുടെ പുതിയ ആയുധം. മുസ്ലിം ലീഗ് അംഗങ്ങള്‍ക്ക് ഇക്കാരയത്തില്‍ ആയുധം പുതിയത് വേണമെന്ന് നിര്‍ബന്ധമില്ല. ചര്‍ച്ചയുടെ വകുപ്പനുസരിച്ച് ദിവസവും ആമുഖം മാറുമെന്ന് മാത്രം. 'ഇവിടെ ചിലര്‍ക്ക് കേസ് കൊടുക്കലാണ് കൃഷി' എന്നായിരുന്നു ഇന്നലെ. ഒളിവിലിരുന്ന് പാര്‍ട്ടിയെ വളര്‍ത്തിയവര്‍ക്ക് ഇന്ന് ഒളികാമറയാണ് ആയുധമെന്ന് സി. മോയിന്‍കുട്ടി പറഞ്ഞു. പി.ബിയില്‍ നിന്നല്ല, പാര്‍ട്ടിയില്‍നിന്ന് തന്നെ മാറ്റണമെന്ന് എന്‍. ഷംസുദ്ദീനും. പി.ബി അബ്ദുല്‍ റസാഖ് പാതി മലയാളത്തില്‍ ഇതുരണ്ടും ആവര്‍ത്തിച്ചു.
ചട്ടവും നിയമവും തമ്മിലെ ബന്ധത്തെപ്പറ്റി തര്‍ക്കിച്ചാണ് ഇന്നലെ സഭ തുടങ്ങിയത്. ജയിലില്‍ നിന്ന് ബാലകൃഷ്ണ പിള്ള ഫോണ്‍ വിളിച്ചത് നിയമ ലംഘനമല്ല. ചട്ട ലംഘനം മാത്രമാണത്രെ. ചട്ടവും നിയമവും പരസ്പര ശത്രുക്കളാണെന്ന് മുഖ്യമന്ത്രി പറഞ്ഞില്ല. പക്ഷെ ബാക്കിയെല്ലാം പറഞ്ഞു. ഈ നിയമ^ചട്ടങ്ങളുടെ ഉപഞ്ജാതാവായ കോടിയേരി ബാലകൃഷ്ണന്‍ അത് കേട്ട് സംതൃപ്തനായി ഇറങ്ങിപ്പോയി. നിയമം നടപ്പാക്കാനാണ് ചട്ടമെന്ന് മാത്യു ടി തോമസ് മാത്രമാണ് ഓര്‍മിപ്പിച്ചത്. നേരത്തേ ഒരേപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാലാകണം ഇത്തരം പരസ്പര ബന്ധങ്ങളെ പറ്റി എം.വി ശ്രേയാംസ്കുമാറും ബോധവാനാണ്. ശ്രേയാംസിന്റെ വിഷയം പക്ഷെ ഭൂമിയാണ്: 'വയനാട്ടിലുള്ള കോടതി, സിവില്‍ സ്റ്റേഷന്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍, ചര്‍ച്ചുകള്‍, ശ്മശാനങ്ങള്‍ തുടങ്ങി ഏത് പൊതു ആവശ്യത്തിനും ഏക്കറുകണക്കിന് ഭൂമി വെറുതെ കൊടുത്ത പാരമ്പ്യമുള്ള കുടുംബമാണ് എന്റേത്. എന്നിട്ടും ഞങ്ങളെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു.' തികച്ചും ന്യായമായ പരാതി. വിനോഭ ഭാവെ പ്രസ്ഥാനമുണ്ടാക്കിയത് തന്നെ വയനാട്ടിലെ ഈ ഉദാരമായ ഭൂദാനം നിയന്ത്രിക്കാനാണ്. ഹൈമവത ഭൂവില്‍ വായിക്കാത്തതിനാല്‍ ആദിവാസി ക്ഷേമ സമിതി ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മാത്രം.

(04...10...11, madhyamam)

Thursday, September 29, 2011

സൈക്കിളില്‍ പോയാല്‍ കിട്ടുന്ന വിവരങ്ങള്‍

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എങ്ങനെയാണ് വി.എസ് അച്യുതാനന്ദന്‍ ഇത്രയേറെ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് കേരളമാകെ ഏറെക്കാലമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന രഹസ്യമാണ്. ഇന്നലെ നിയമസഭയില്‍ മുസ്ലിം ലീഗ് അംഗം പി.കെ ബഷീര്‍ തന്നെ അത് വെളിപ്പെടുത്തി: 'നേരം വെളുക്കുമ്പം തന്നെ എറങ്ങും. ഒരു സൈക്കിളെടുത്ത് ഒരാളെ പിന്നാലെ കൂടിയാല്‍ അയാളെപ്പറ്റി പറയാന്‍ ഇഷ്ടം പോലെ കിട്ടും. അതാരായാലും കിട്ടും. ആര്‍ക്കും കിട്ടും. ആരാന്റെ കുട്ടിക്കാകുമ്പോള്‍ നല്ല രസമാണ്. സ്വന്തം കുട്ടിക്കായാല്‍ എടങ്ങേറ് മനസ്സിലാകും.'
പി.സി വിഷ്ണുനാഥില്‍ നിന്നാകണം ബഷീര്‍ ഈ രഹസ്യം പഠിച്ചത്. കാരണം സര്‍ക്കാര്‍ മാറിയ ശേഷം വിഷ്ണുനാഥ് പുതിയ സൈക്കിള്‍ വാങ്ങിയിട്ടുണ്ട്. ആ സൈക്കിള്‍ ദിവസവും രാവിലെ മുതല്‍ ഓടുന്നത് പ്രതിപക്ഷ നേതാവിന്റെയും മകന്റെയും പിന്നാലെയാണ്. പുതിയ സഭയുടെ ആദ്യ സമ്മേനത്തില്‍ തന്നെ അതിന്റെ ഫലം കണ്ടു. എന്നിട്ടും വിഷ്ണുനാഥ് ഓട്ടം നിറുത്തിയിട്ടില്ല. ഐ.സി.ടിയെ പറ്റി പറയാന്‍ പാടില്ലെങ്കില്‍ കഥകള്‍ വേറെയുണ്ട്. ഇത്തവണ, രണ്ടെണ്ണമാണ്. രണ്ടിലും വിജിലന്‍സ് അന്വേഷണമാണ് ആവശ്യം. സംസ്ഥാന ഡാറ്റ സെന്റര്‍ റിലയന്‍സിന്റെ കൈവശമെത്തിച്ചതിന് പിന്നില്‍ അന്ന് വി.എസ് അച്യുതാനന്ദന്‍ ഭരിച്ച ഐ.ടി വകുപ്പ് വഴിവിട്ട് പ്രവര്‍ത്തിച്ചതാണൊന്ന്. മറ്റൊന്ന് സെര്‍ട്ട്^കെയുടെ (കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം^കേരള) ഡയറക്ടറെ തിടുക്കപ്പെട്ട് നിയമിച്ചത്. തീര്‍ന്നില്ല, ഇപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ താമസിക്കുന്നത് ആക്കുളം കായല്‍ കയ്യേറ്റത്തിന് ലോകായുക്തയില്‍ കേസ് നേരിടുന്നയാളുടെ വീട്ടിലാണത്രെ. ഐ.സി.ടിയിലെ മകന്റെ നിയമനത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതായും വിഷ്ണുനാഥ് വെളിപ്പെടുത്തി: 'റൂളിംഗ് വിലക്കുള്ളതിനാല്‍ അതൊന്നും പറയുന്നില്ല.' വ്യവസായ വകുപ്പ് ഒരു സൈക്കിള്‍ കൂടി സ്പോണ്‍സര്‍ ചെയ്താല്‍ ഭരണം ഇതിലേറെ സുഗമമാകും.
ഇത്തരം വിലക്കൊന്നും പക്ഷെ ഇടതുപക്ഷത്തിന് ബാധകമല്ല. സഭാസമിതി അന്വേഷിക്കുന്ന വിഷയത്തില്‍ സഭയില്‍ ചര്‍ച്ചയേ പാടില്ലെന്ന് വാദിച്ച് സ്പീക്കറുടെ ഉത്തരവ് വാങ്ങിയവര്‍, ഇന്നലെ പാമോയില്‍ കേസിലെ കോടതി നടപടികളെ പറ്റിയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. 'ഈ ഇരട്ടത്താപ്പ് ജനം കാണുന്നുണ്ടെന്ന്' ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചപ്പോള്‍ അടിയന്തിര പ്രമേയത്തിലെ ആവേശം ചോര്‍ന്നു. അല്ലെങ്കിലും ഇടതുപക്ഷമായതിനാല്‍ ഇത്തരം ചില പ്രത്യയശാസ്ത്രപരമായ അവകാശങ്ങളവര്‍ക്കുണ്ട്. അതേതൊക്കെയെന്ന് അറിയണമെങ്കില്‍ പി.ശശിയെ പറ്റി ആരെങ്കിലും പറയണം. അല്ലെങ്കില്‍ ഗോപി കോട്ടമുറിക്കലിനെപ്പറ്റി. സി.കെ.പി പത്മനാഭനെപ്പറ്റിയായാലും മതി. ഇത്തരം അസംബന്ധങ്ങള്‍ പറയാനുള്ള സ്ഥലമല്ല നിയമസഭയെന്ന് ഇന്നലെ ഇ.പി ജയരാജന്‍ ക്രമപ്രശ്നം വഴിയാണ് പ്രഖ്യാപിച്ചുകളഞ്ഞത്. 'സംബന്ധവും അസംബന്ധവും ജയരാജന്‍ തീരുമാനിക്കുന്നതിനേക്കാള്‍ വലിയ അസംബന്ധം ഇല്ലെന്നാ'യിരുന്നു ഇതിന് കെ. ശിവദാസന്‍ നായരുടെ അടിക്കുറിപ്പ്. എല്ലാ സംസ്ഥാനത്തും ഡി.എന്‍.എ ടെസ്റ്റ് നേരിടുന്ന നേതാക്കളുടെ ചാരിത്യ്രത്തെപ്പറ്റി പറയിപ്പിക്കരുതെന്ന് കെ.കെ ജയചന്ദ്രന്‍ ഓര്‍മിപ്പിച്ചതോടെ കോണ്‍ഗ്രസുകാരുടെ നാവടങ്ങി. പി.സി ജോര്‍ജിന്റെ വായടക്കാന്‍ 'ശിഖണ്ഡി' പുരാണവും ജയചന്ദ്രന്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് സിം കാര്‍ഡ് കൊടുത്തത് വരെയുള്‍പെട്ട നുറുദിന പരിപാടിയില്‍ നിന്ന് വിട്ടുപോയ ഏതാനും ഐറ്റങ്ങള്‍ സാജുപോള്‍ ചൂണ്ടിക്കാട്ടി: 'മോഹന്‍ലാല്‍ 300 സിനിമ തികച്ചു. സലിംകുമാര്‍ ദേശീയ പുരസ്കാരം നേടി. 12 ഇനം തവളയെ കണ്ടെത്തി.' ഇത് കേട്ടതിനാലാകണം, ഈ പരിപാടികള്‍ കൊണ്ടാന്നും വികസനത്തിന്റെ പരിപ്രേക്ഷ്യമായില്ലെന്ന് പ്രൊഫ. സി രവീന്ദ്രനാഥ് കാര്യകാരണ സഹിതം സമര്‍ഥിച്ചു. ദീര്‍ഘകാല പദ്ധതി വേണമെന്ന് വാദിച്ച പ്രൊഫസര്‍ അതിന് ഭരണമാറ്റം പാടില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. രവീന്ദ്രനാഥിനെപ്പോലെ ഗൌരവത്തില്‍ സംസാരിച്ച എം. ഹംസക്കും സി. മമ്മുട്ടിക്കും ഇ. ചന്ദ്രശേഖരനും അര്‍ഹിക്കുന്ന ഗൌരവത്തില്‍ മന്ത്രിമാര്‍ മറുപടിയും പറഞ്ഞു. തോമസ് ഐസകിന്റേതായിരുന്നു മറ്റൊരു സുപ്രധാന മറുപടി. വിജലന്‍സ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന ശിവദാസന്‍ നായരുടെ ആരോപണത്തില്‍ ഐസക് വിശദമായി മറുപടി നല്‍കി. ഒടുവില്‍ 'വിജിലന്‍സിനെക്കാട്ടി' പേടിപ്പിക്കരുതെന്ന് ' മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി'ക്ക് ഭീഷണിയും. തൃശൂരിലെ വ്യാപാരിയുടെ പ്രശ്നമായിട്ടും വ്യാപാരി വ്യവസായി നേതാവായ ഇ.പി ജയരാജന്‍ ഇതില്‍ ഒട്ടും താല്‍പര്യം പ്രകടിപ്പിച്ചില്ല.
'അധ്വാന വര്‍ഗ സിദ്ധാന്തം' വഴി കമ്യുണിസ്റ്റുകാരെ ഞെട്ടിച്ച കെ.എം മാണി, ലോക മുതലാളിത്തത്തിനും വലിയ ഭീഷണിയാണെന്ന് തെളിയിച്ചാണ് ഇന്നലെ ധാഭ്യര്‍ഥന ചര്‍ച്ച അവസാനിച്ചത്. കമ്യൂണിസ്റ്റുകാര്‍ 'ഒരിക്കലും മാറാത്ത നവ യാഥാസ്തികരായ മൌലിക വാദികളാ'ണെന്നാണ് മാണിസാറുടെ പുതിയ സിദ്ധാന്തം. ഈ 'നിയോ കണ്‍സര്‍വേറ്റിസ'ത്തെപ്പറ്റി പഠിക്കാവുന്ന പുസ്തകമേതെന്ന് തോമസ് ഐസക് സംശയിച്ചു. ഉടന്‍ വന്നു മറുപടി: 'ഓരോ വാക്കും ഓരോരുത്തര്‍ കണ്ടെത്തുന്നതാണ്. ഇത് കെ.എം മാണിയുടെ വകയാണ്. ഇന്ന് മുതല്‍ ഇത് ലോക ചരിത്രത്തിലുണ്ടാകും.' കേരള കോണ്‍ഗ്രസിന്റെ ഉദാര ജനാധിപത്യത്തിന് ശേഷവും ചരിത്രം അവസാനിക്കില്ലെന്ന് ഇതോടെ ഉറപ്പായി. ഫ്രാന്‍സിസ് ഫുകുയാമ പാലായില്‍ വന്ന് ട്യൂഷന്‍ ക്ലാസിന് ചേരേണ്ടി വരും.

(30...10...11)

തറവാട്ടുസ്വത്തിലെ അവകാശത്തര്‍ക്കങ്ങള്‍


കൈയ്യേറ്റഭൂമിയാണെങ്കിലും ഏറെക്കാലം കൈവശംവച്ചാല്‍ പിന്നെ കൈവശാവകാശം കൊടുക്കുമെന്നതാണ് കേരള ഭൂ വിനിമയങ്ങളിലെ നടപ്പുരീതി. ശെകവശാവകാശം കിട്ടിയാല്‍ തന്നെ സവിശേഷ അധികാരങ്ങളുണ്ടാകും. പാരമ്പര്യമായി പിന്തുടര്‍ച്ചാവകാശവും കിട്ടും. കേരള രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാര്‍ട്ടികള്‍ക്കും കിട്ടിയിട്ടുണ്ട് ഇങ്ങനെ ചില കൈവശാവകാശങ്ങള്‍. മലപ്പുറം ജില്ല അത്തരത്തിലൊന്നാണ്. അധികാരി മുസ്ലിം ലീഗും. ഒരു കൈയ്യേറ്റത്തിന് സി.പി.എം ശ്രമിച്ചെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. അതിന്റെ കെറുവ് ബാക്കികിടക്കുന്നുണ്ട്. ഇതിനിടയിലാണ് ചവറയിലെ കൈവശാവകാശിയായ ആര്‍.എസ്.പി മലപ്പുറത്ത് കൈവക്കാന്‍ ശ്രമിച്ചത്. അതോടെ സഭ ബഹളമയമായി. ആഭ്യന്തര വകുപ്പിന്റെ ചര്‍ച്ചയായിട്ടും വരണ്ടുണങ്ങിക്കിടന്ന സഭാതലം പെട്ടെന്ന് പ്രക്ഷുബ്ദവും സജീവവുമായി. അതില്‍ പിന്നെ അവകാശത്തര്‍ക്കം അരങ്ങുതകര്‍ക്കുകയും ചെയ്തു. രണ്ട് വട്ടം ഇറങ്ങിപ്പോയും ചോദ്യോത്തര സമയത്ത് തന്നെ ബഹളം വച്ചും പ്രതിപക്ഷം വീറുകാട്ടുകയും ചെയ്തു.
മൂന്ന് മാസത്തിനിടെ കുത്തനെ കൂടിയ കുറ്റകൃത്യങ്ങളുടെ കണക്കായിരുന്നു കോവൂര്‍ കുഞ്ഞിമോന്റെ വിഷയം. ഇതില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യം മലപ്പുറത്താണത്രെ. 'മലപ്പുറമെന്നാല്‍ ഖുര്‍ആന്‍ പറഞ്ഞുനടക്കുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ ജില്ല' എന്ന് പ്രത്യേകം വിശദീകരിക്കുകയും ചെയ്തു. ഇതില്‍ പുതിയ കൈയ്യേറ്റം മണത്ത ലീഗ് അംഗങ്ങള്‍ അത്യുച്ചത്തില്‍ ബഹളവുമായി ചാടിപ്പുറപ്പെട്ടു. ഒരു ജില്ലയെയും ഒരു വിശ്വാസത്തെയും ഒരു മത ഗ്രന്ഥത്തെയും അപമാനിച്ചുവെന്ന് വരെ ക്രമപ്രശ്നമായി. മലപ്പുറത്തെ പറ്റി പറഞ്ഞാല്‍ അതെങ്ങനെ മത വിഭാഗത്തെയാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടു. മതം പിടിച്ച് രാഷ്ട്രീയം പറഞ്ഞവരെ പ്രതിരോധിക്കരുതെന്ന് തിരിച്ച് ഉമ്മന്‍ചാണ്ടിയും. ഇതിനിടയിലാണ് പി. ശ്രീരാമകൃഷ്ണന്റെ കാതലായ ചോദ്യം: 'മലപ്പുറം ജില്ല ആരുടെയെങ്കിലും തറവാട്ട് സ്വത്താണോ?'
വായില്‍ തോന്നിയത് കുഞ്ഞുമോന് പാട്ടാണെന്ന് മറുപടി പറഞ്ഞു തുടങ്ങിയ എം.എ വാഹിദ് തിരിച്ച് സി.പി.എമ്മിന്റെ തറവാട്ടു സ്വത്തില്‍ അവകാശവാദമുന്നയിച്ചു. ഫാസിസം പരിശീലിക്കാന്‍ എസ്.എഫ്.ഐക്ക് പാര്‍ട്ടി വിട്ടുകൊടുത്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജാണ് വാഹിദിന്റെ ഉന്നം: 'അത് സാമൂഹ്യ വിരുദ്ധരുടെ താവളമാക്കി. അവിടെ മൂരിക്കുട്ടന്‍മാരെ ഇറക്കിയിരിക്കുന്നു. പെരുമ്പാമ്പിനെ കാട്ടി കുട്ടികളെ വിരട്ടുന്നു. യൂണിയന്‍ ഓഫീസ് ആയുധപ്പുരയാണ്. ജയരാജ മൂര്‍ത്തികളേക്കാള്‍ ഭീകരരായ മൂരിക്കുട്ടന്‍മാരാണവിടെ. തലസ്ഥാന നഗരിയില്‍ അവരുടെ രാഷ്ട്രീയ റൌഡിസമാണ്. ഗുണ്ടാനിയമത്തില്‍ അറസ്റ്റിലായവര്‍ വരെയുണ്ടവിടെ. കാമ്പസില്‍ കമ്യൂണിസ്റ്റുകാരുടെ സ്വേച്ഛാധിപത്യമണ്.' തറവാട്ടുസ്വത്തിലേക്കുള്ള വാഹിദിന്റെ കൈയ്യേറ്റ ശ്രമത്തിനെതിരെ അധികാരികള്‍ ചാടിയിറങ്ങി. വീണ്ടും ബഹളവും ക്രമപ്രശ്നവും മറുപടിയും. പറഞ്ഞതൊന്നും തിരുത്തില്ല എന്ന് വാഹിദ് തീര്‍ത്ത് പറഞ്ഞു. ശ്രീരാമകൃഷ്ണന് ബദലായി അപ്പോള്‍ ഷാഫി പറമ്പില്‍ ചോദ്യവുമുന്നയിച്ചു.
ഇരുകൂട്ടരും പ്രത്യയശാസ്ത്രപരമായി തന്നെ പാരമ്പര്യ സ്വത്താക്കി വച്ച രണ്ട് അവകാശങ്ങളാണ് അഴിമതി വിരോധവും കോടതി ബഹുമാനവും. കോടതിയെ ബഹുമാനിക്കല്‍ കോണ്‍ഗ്രസിന് മാത്രമായി ഇനി കിട്ടില്ലെന്ന് ഇടതുപക്ഷം സഭയില്‍ രണ്ടാം ദിവസവും തെളിയിച്ചു. ചീഫ് വിപ്പ് നല്‍കിയ കേസിന്റെ മറുവശത്ത് ഉമ്മന്‍ചാണ്ടിയുടെ തലയാണെന്ന് ഇ.എസ് ബിജിമോള്‍ ചൂണ്ടിക്കാട്ടി. ഇനിയിവിടെ വിജിലന്‍സിന്റെ ആവശ്യം തന്നെയില്ലെന്ന് കോടിയേരി ബാലകൃഷ്ണനും. സി.കെ നാണു മുതല്‍ വി ശിവന്‍കുട്ടി വരെ ഇക്കാര്യത്തില്‍ ആത്മാര്‍ഥത കാട്ടി. അഴിമതി വിരോധം സി.പി.എം തറവാട്ടുപേരില്‍ ചേര്‍ക്കണ്ട എന്നായിരുന്നു ഇന്നലെയും ഡി.എഫ് നിലപാട്. സ്വന്തം മകനെ വഴിവിട്ട് നിയമിച്ചവര്‍ അഭിസാരികയുടെ ചാരിത്യ്ര പ്രസംഗമാണ് നടത്തുന്നതെന്ന് ബെന്നിബഹനാന്‍ പറഞ്ഞു. സഭാസമിതി അന്വഷണം നടക്കുന്ന ഐ.സി.ടി വിഷയം ചര്‍ച്ച ചെയ്യരുതെന്ന് എസ്.ശര്‍മ അതിന് തടസ്സ റൂളിംഗ് വാങ്ങി. മന്ത്രിപുത്രന്‍മാരുടെ തട്ടിപ്പ് ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ഹൈബി ഈഡന്‍ വാദിച്ചു. വി.എസും പിണറായിയും കാരാട്ടും ചേര്‍ന്ന് സി.പി.എമ്മിനെ തകര്‍ക്കുന്നുവെന്ന് ടി.എ അഹമ്മദ് കബീറും.
ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ഭരണപക്ഷത്തിന് മികച്ച ഉപദേശം നല്‍കിയത് സി. ദിവാകരനാണ്: 'നിങ്ങള്‍ ഭരണത്തിന്റെ അഹങ്കാരം കാണിക്കരുത്'. അഹങ്കാരം എങ്ങനെ കാണിക്കാമെന്ന് അറിയാത്തവര്‍ക്ക് വേണമെങ്കില്‍ ട്യൂഷന്‍ ക്ലാസ് കൊടുക്കാന്‍ തന്നെ പ്രാപ്തനാണെങ്കിലും ഇപ്പോള്‍ ദിവാകരന്‍ വിനീതനാണ്. അഹങ്കാരിയെന്ന ആക്ഷേപം ഭയന്ന് സ്വന്തം മണ്ഡലത്തിലെ ആശുപത്രിയില്‍ മരുന്നുണ്ടോയെന്ന് അന്വേഷിക്കുന്നതുവരെ ഉപേക്ഷിച്ച നേതാവാണ്. ബഹുമാനിക്കാത്തയാളുടെ മുഖത്തടിച്ച പഴയ മന്ത്രിയെ പറ്റി ബെന്നി ബഹനാനും കണ്ണടച്ച് പാലുകുടിക്കുന്ന കമ്യൂണിസ്റ്റുകാരെപ്പറ്റി തോമസ് ഉണ്ണിയാടനും ആക്ഷേപിച്ചിട്ടും എതിര്‍ത്തൊരു വാക്കുപോലും പറഞ്ഞുമില്ല. അത്രയേറെയാണ് വിനയം.

(madhyamam....29...09...11)

Wednesday, September 28, 2011

ലിയാങ്ക് വെങ്കണും ആലപ്പുഴയിലെ സായിപ്പും

കോടീശ്വരനായ പി.കെ കുഞ്ഞാലിക്കുട്ടിയെ ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറൊയിലെടുക്കാമെന്ന് കെ.എന്‍.എ ഖാദറിന് നല്ല ബോധ്യമുണ്ട്. അതത്രക്കങ്ങ് തെളിച്ച് പറഞ്ഞില്ലെങ്കിലും അതിനാവശ്യമായ സൈദ്ധാന്തിക വാദങ്ങളെല്ലാം ധനാഭ്യര്‍ഥന ചര്‍ച്ചയുടെ ആദ്യ ദിവസം തന്നെ അദ്ദേഹം മുന്നോട്ടുവച്ചു. റിട്ടയേര്‍ഡ് കമ്യൂണിസ്റ്റുകാരനായതിനാല്‍ തെളിവ് സഹിതമായിരുന്നു വാദം: '46,000 കോടി ആസ്തിയുള്ള കോടീശ്വരന്‍ ലിയാങ്ക് വെങ്കണെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ എടുത്തിരിക്കുന്നു. ഇങ്ങനെ കോടീശ്വരന്‍മാരെ നേതാക്കളാക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുമുണ്ട്. ഇത് കണ്ടുപഠിച്ച് കേരളത്തിലെ പാര്‍ട്ടി നന്നാകണം.' വിവാദങ്ങള്‍ കേരളത്തില്‍ നഗറ്റീവ് എനര്‍ജിയുണ്ടാക്കുന്നു എന്ന ഊര്‍ജശാസ്ത്രവും വികസന നയങ്ങള്‍ നിശ്ചയിക്കാന്‍ പ്രതിപക്ഷത്തെ കൂടി ഉള്‍പെടുത്തിയ സ്ഥിരം സമിതിയെന്ന സാമൂഹ്യ ശാസ്ത്രവും തുല്ല്യ പ്രാധാന്യത്തോടെ ഖാദര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ സഹകരിക്കാവുന്ന മേഖലകളായി ഖാദര്‍ നിര്‍ദേശിച്ച ഐ.ടി, ടൂറിസം എന്നിവയില്‍ സി.പി.എമ്മിനും താല്‍പര്യമുണ്ട്. ലിയാങ്ക് വെങ്കണോളമില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയും കോടീശ്വരന്‍ തന്നെയാണെന്ന് സര്‍ക്കാര്‍ ഔദ്യാഗികമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. അപ്പോള്‍ ഇനി പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുകയേ വേണ്ടൂ. എല്ലാം അലിഞ്ഞൊന്നാകുക തന്നെ ചെയ്യും.
ഈ സഹകരണത്തിന്റെ ലക്ഷണങ്ങള്‍ ചര്‍ച്ചയിലുടനീളം കണ്ടുതുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളെല്ലാം ലക്ഷ്യമിട്ടത് വി.എസ് അച്യുതാനന്ദനെ മാത്രം. സി.പി.എമ്മുകാരെല്ലാം ഇതിനോട് സഹകരിച്ചോ എന്ന് സഭയില്‍ മുഴുവന്‍ സമയമിരുന്നവര്‍ സംശയിച്ചുപോകുകയും ചെയ്യും. പാമോയിലും പി.സി ജോര്‍ജുമെല്ലാം പറഞ്ഞെങ്കിലും ചര്‍ച്ച തുടങ്ങിയ ഇ.പി ജയരാജന്‍ ഊന്നിയത് സര്‍ക്കാറിന്റെ 'സെക്ടേറിയന്‍' നയങ്ങളിലാണ്. പ്രതിപക്ഷത്തെ ഒട്ടും സഹകരിപ്പിക്കുന്നില്ല. ദല്‍ഹിക്ക് പോകുമ്പോള്‍ പോലും കൂടെ വിളിച്ചില്ല. ഇത്രയും സെക്ടേറിയനായ ഭരണം ജയരാജന്‍ വേറെ കണ്ടിട്ടുമില്ലത്രെ. ഇക്കാര്യത്തില്‍ ജയരാജന് പറയാന്‍ പറ്റാത്തത് കെ. മുരളീധരന്‍ പൂരിപ്പിച്ചു: 'പാര്‍ട്ടിക്കകത്തെ എതിരാളികളെ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന അച്യുതാനന്ദന്‍ സ്വന്തം കാര്യത്തിന് വേണ്ടി ഭരണം നടത്തിയയാളാണ്. മക്കളുടെ അഴിമതി വന്നപ്പോള്‍ നാവുപൂട്ടി. ഗ്രൂപ്പ് മാറിയപ്പോള്‍ കിടപ്പുമുറിയില്‍ ഒളികാമറ വച്ചു. ലൈഫ് ബോയ് പരസ്യം പോലെ എവിടെ ബ്രാഞ്ച് സമ്മേളനമുണ്ടോ അവിടെയെല്ലാം അടി എന്നായി കാര്യങ്ങള്‍.'
വി.എസ് വിമര്‍ശത്തില്‍ മുസ്ലിം ലീഗുകാര്‍ പ്രത്യേക ഗവേഷണം തന്നെ നടത്തുന്നുണ്ടെന്ന് പി. ഉബൈദുല്ലയും അബ്ദുറഹ്മാന്‍ രണ്ടത്താണിയും അടിവരയിട്ടു. അമ്പലപ്പുഴയിലെ ഐ.ടി നിക്ഷേപത്തെ പറ്റി ഹൈപിച്ചില്‍ നടത്തിയ സ്റ്റഡീ ക്ലാസായിരുന്നു രണ്ടത്താണി സ്പെഷല്‍. സി.എഫ് തോമസും സണ്ണിജോസഫും പാലോട് രവിയും ഇവര്‍ക്കൊപ്പം നിന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവും ക്ഷുഭിതനായി കാണപ്പെട്ടത് സി.പി മുഹമ്മദായിരുന്നു. 15 മിനിട്ട് നീണ്ട പ്രസംഗത്തില്‍ അച്യുതാനന്ദ അധിക്ഷേപമൊഴികെ മറ്റൊന്നും പറയാതിരിക്കാന്‍ സി.പി മുഹമ്മദ് പ്രത്യേകം ശ്രദ്ധിച്ചു. വി.എസിനെ ശല്ല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നുവരെ സി.പി. മുഹമ്മദ് നിര്‍ദേശിച്ചു. ആത്മരോഷത്താല്‍ കലിതുള്ളിയ സി.പിയെ കണ്ടവര്‍ എം.എല്‍.എ ഏതോ കേസില്‍ കുടുങ്ങിയോയെന്ന് വരെ സംശയിച്ചുപോയി. അവസാനം അച്യുതാനന്ദന്‍ പ്രസംഗിച്ചപ്പോഴാകട്ടെ അടിക്കടി ബഹളവും വാക്കേറ്റവുമായി. ഭരണപക്ഷം അലമ്പുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷം മൂന്നുവട്ടം ബഹളം വച്ചു.
കേസ് നടത്തുന്ന കാര്യത്തില്‍ വി.എസിനെപ്പോലെ തന്നെയാണ് പി.സി ജോര്‍ജും. ഭരണപക്ഷത്തെ ശല്ല്യക്കാരനായ വ്യവഹാരി. അതുകൊണ്ടാകണം പ്രതിപക്ഷ പ്രസംഗകരെല്ലാം ശ്രദ്ധിച്ചത് ഈ ശല്ല്യക്കാരനിലായിരുന്നു. കാളക്കൂറ്റന്‍ പിഞ്ഞാണക്കടയില്‍ കയറിയ പേലെയാണ് പി.സി ജോര്‍ജെന്ന് പി. തിലോത്തമന്‍. ഇല്ലാത്ത വാറിന്റെ വല്ലാത്ത ജാഡയാണ് ചീഫ് വിപ്പിനെന്ന് മാത്യു ടി തോമസ്. ആരാണീ കാളയുടെ ഉടമസ്ഥനെന്നും ആരിതിന് മുക്കുകയറിടുമെന്നും പി. ശ്രീരാമകൃഷ്ണന്‍.
എന്നാല്‍ ജോര്‍ജിനെ ഒഴിവാക്കിയ ജി. സുധാകരന്‍ ഭരണബഞ്ചില്‍ കയറി നിരങ്ങി. ഒരുമൂക്കുകയറുമില്ലാത്ത അശ്വമേധം. ഓരോ മന്ത്രിയെയും പേരെടുത്ത് പറഞ്ഞ് മാര്‍ക്കിട്ടു സുധാകരന്‍. ഈ മൂല്യനിര്‍ണയത്തില്‍ പക്ഷെ കൂട്ടത്തോല്‍വിയാണ് ഫലം. ഒടുവില്‍ സ്വന്തം കവിതയും. അതുകൂടി കേട്ടതാടെ ഭരണപക്ഷം അക്ഷരാര്‍ഥത്തില്‍ തളര്‍ന്നു. ഇങ്ങനെ വിധി പറയാനുള്ള വിവരം സുധാകരന് കിട്ടിയത് ആലപ്പുഴ കടപ്പുറത്തുനിന്നാണ്. അവിടെ കണ്ടുമുട്ടിയ ഒരു സായിപ്പ് പറഞ്ഞത്രെ: ഏത് സമയത്തും തകര്‍ന്നുവീഴാവുന്ന സര്‍ക്കാറാണിത്. ഫ്യൂഡല്‍ സ്വഭാവമുണ്ട്. ഡിസാസ്റ്ററസ്. ഡേഞ്ചറസ്. ഡാംഡ് ആന്റ് ഡൂംഡ്.' ഇനി തോമസ് ഐസക് സൂക്ഷിക്കണം; സുധാകരനും സായിപ്പുമായി സംബന്ധം തരപ്പെട്ടിരിക്കുന്നു.

(28...09...11, madhyamam)

Tuesday, September 27, 2011

പാമോലിനില്‍ വഴുതി, സ്തംഭനം

ഭരണം മാറിയതിന്റെ ഹാങ്ഓവര്‍ പ്രതിപക്ഷത്തിനിനിയും മാറിയിട്ടില്ല. അല്ലെങ്കില്‍ സഭക്കകത്ത് എങ്ങനെ നീങ്ങണമെന്ന പാഠം പഠിച്ചുകഴിഞ്ഞിരിക്കില്ല. ഇതുരണ്ടുമുണ്ടെങ്കില്‍ തന്നെ അക്കാര്യങ്ങളൊന്നും പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുമില്ല. എത്രയാവേശത്തോടെ വന്നാലും ഇടക്കാകെ ആശയക്കുഴപ്പമാകും. വീര്യം ചോരും. ഒടുക്കം മെനക്കെട്ട് തടിയൂരും. ആദ്യ സമ്മേളനകാലത്തെ ഈ പതിവ് പരിഹരിച്ച് കുടുതല്‍ മികവിത്തവണ കാട്ടുമെന്ന പ്രതീക്ഷ രണ്ടാം സഭാസമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രതിപക്ഷം തകര്‍ത്തുകളഞ്ഞു. പാമോലിന്‍ പോലെ ആളിക്കത്തുന്ന വിഷയമായിട്ടും സഭാതലത്തില്‍ പ്രതിപക്ഷം തളര്‍ന്നു. അസമയത്തിടപെട്ട വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷത്തെയാകെ അങ്കലാപ്പിലുമാക്കി. എന്നാലുമൊടുവില്‍, സഭ സ്തംഭിപ്പിച്ച് രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മുഖം തുറക്കാന്‍ അവര്‍ക്കായി.
പ്രക്ഷുബ്ദമായ രാഷ്ട്രീയ കാലാവസ്ഥയില്‍ സഭയും ഇളകിമറിയുമെന്ന പ്രതീക്ഷ ശരിവക്കുംവിധാമായിരുന്നു സമ്മേളനം തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ പ്രതിപക്ഷ നീക്കം. ചീഫ് വിപ്പിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് അവര്‍ വന്നത്. ചോദ്യോത്തര സമയമയത്തേ ബഹളം തുടങ്ങി. ഐസ്ക്രീം ചോദ്യങ്ങളൊഴിവാക്കി എന്നാരോപിച്ചായിരുന്നു തുടക്കം. ശൂന്യവേളയില്‍ പാമോലിന്‍ വിവാദം വന്നു. പതിവ് തെറ്റിച്ച് കോടിയേരി ബാലകൃഷ്ണന് 23 മിനിട്ട് സമയം സ്പീക്കര്‍ നല്‍കി. 'നാളെ ആരൊക്കെ ഏത് കേസില്‍ പെടുമെന്ന് ആര്‍ക്കുമറിയില്ല. അതിനാല്‍ അങ്ങേക്കുകൂടി സഹായകരമായ വിവരങ്ങളാണ് പറയുന്നത്. അതിനാല്‍ കുറച്ചുകൂടി സമയം അനുവദിക്കണം' എന്നുവരെ കോടിയേരി പറഞ്ഞുവെങ്കിലും പ്രസംഗംത്തില്‍ രണ്ട് ആവശ്യമേ ഉന്നയിച്ചുള്ളു: പി.സി ജോര്‍ജിനെ പുറത്താക്കുക, ഉമ്മന്‍ചാണ്ടി രാജിവക്കുക. എന്നാല്‍ പി.സി ജോര്‍ജന്റെ കത്തിനപ്പുറം ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആദ്യ പ്രതികരണം. പിന്നെ പതിവുപോലെ ചോദ്യോത്തരം. പ്രതിപക്ഷത്തെ ചോദ്യങ്ങളില്‍ കുരുക്കി നിര്‍വീര്യമാക്കുന്ന ചാണ്ടി സൂത്രത്തില്‍ ഒരിക്കല്‍കൂടി പ്രതിപക്ഷം വീഴുന്നതാണ് പിന്നെ സഭ കണ്ടത്. ടി.എച്ച് മുസ്തഫയുടെ വിടുതല്‍ ഹരജി ഭരണപക്ഷം ബഹളം വച്ച് കോടിയരിയെക്കൊണ്ട് വായിപ്പിച്ചതോടെ ആ പതനം പൂര്‍ണമായി. അപ്പോഴേക്കും തര്‍ക്കം ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു.
പൊടുന്നനെയായിരുന്നു വി.എസ് അച്യുതാനന്ദന്റെ വരവ്. താനിവിടെയിരിക്കുമ്പോള്‍ ഉപനേതാവ് ചര്‍ച്ച നയിക്കുന്നോ എന്ന മട്ടിലൊരു ഇടിച്ചുകയറ്റം. കോടിയേരി അടക്കം പ്രതിപക്ഷമാകെ അതുകണ്ട് അമ്പരന്നു. ചോദ്യം ചോദിക്കാനെന്നു പറഞ്ഞ് എഴുനേറ്റ വി.എസ് പക്ഷെ പ്രസംഗിക്കാന്‍ എഴുതിത്തയാറാക്കിയ കുറിപ്പ് വായിക്കാന്‍ തുടങ്ങി. അതുപറ്റില്ലെന്ന് സ്പീക്കര്‍ വിധി പറഞ്ഞു. വാക്കൌട്ട് പ്രസംഗം വായിക്കുന്നുവെന്ന് ഭരണനിരയുടെ പരിഹാസവും ബഹളവും. എന്തുചെയ്യണമെന്നറിയാതെ പ്രതിപക്ഷ നിരയാകെ ആശയക്കുഴപ്പത്തിലും. ഒടുവില്‍ ക്ഷുഭിതനായി സ്പീക്കര്‍ സീറ്റില്‍ നിന്ന് ഏഴുനേല്‍ക്കുക വരെ ചെയ്തു. ഏറെനേരത്തേ തര്‍ക്കങ്ങള്‍ക്ക് ശേഷം വി.എസ് അച്യുതാനന്ദന്‍ ഇരുന്നു. ഉടന്‍ വന്നു ഉമ്മന്‍ചാണ്ടിയുടെ ബാക്കി ചോദ്യങ്ങള്‍. പിന്നാലെ കോടിയേരിക്കും വി.എസിനുമായി ഉപസംഹാരവും: 'ലാവ്ലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ പ്രതീകാത്മകമായി നാടുകടത്തിയവരാണ് നിങ്ങള്‍. ആ ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ചട്ടം മറികടന്ന് ശിപാര്‍ശ നല്‍കിയയാളാണ് തൊട്ടടുത്ത്. ഇതാണ് ജുഡീഷ്യറിയോടുള്ള ബഹുമാനം'
നേരത്തെ തെറ്റിവായിച്ച പ്രസംഗം വീണ്ടും വായിക്കാനുള്ള അച്യുതാനന്ദന്റെ ഊഴമായിരുന്നു പിന്നെ. അപ്പോഴേക്കും പിരിമുറുക്കമയഞ്ഞ് സഭാതലം സൌഹൃദാന്തരീക്ഷത്തിലേക്ക് മാറുന്നുമുണ്ടായിരുന്നു. ആവേശം കെട്ടടങ്ങിയ മട്ടില്‍ പ്രതിപക്ഷത്ത് നിരാശ കണ്ടുതുടങ്ങിയപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കായി പലയിടത്തായി കൂട്ടം കൂടി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഉല്‍സവ പറമ്പിലെ അനൌണ്‍സ്മെന്റുപോലെ അന്തരീക്ഷത്തില്‍ അലിഞ്ഞു. അപ്പോള്‍ വീണ്ടും സ്പീക്കര്‍ ക്ഷുഭിതനായി. യു.പി സ്കൂള്‍ കുട്ടികളെപ്പോലെ പെരുമാറരുതെന്ന് ശാസിച്ചാണ് ആ ബഹളമടക്കിയത്.
ഇറങ്ങിപ്പോകാതെ വി.സ് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ വീണ്ടും പ്രതിപക്ഷം മുഖാമുഖം നോക്കി. ഉടന്‍ സി. ദിവാകരന്‍ മൈക്കെടുത്തു. ഇറങ്ങിപ്പോകുന്നുവെങ്കില്‍ മാത്രം പ്രസംഗിച്ചാല്‍ മതിയെന്ന് സ്പീക്കറും. 'എന്നാല്‍ ആയിക്കോളൂ' എന്ന് പിന്‍നിരയോട് വി.എസ് തലയാട്ടി. അതോടെ അവര്‍ നടുത്തളത്തിലിറങ്ങി. ഒരുതണുപ്പന്‍ സ്തംഭനത്തിന് അതോടെ തുടക്കമായി. ഒന്നരമണിക്കൂറിന് ശേഷം പുനരാരംഭിച്ച സഭയിലും അവര്‍ നടുത്തളത്തില്‍ തന്നെ നിന്നു. ഒടുവില്‍ സഭ സ്തംഭിപ്പിച്ചെന്ന പ്രതിപക്ഷ സന്തോഷത്തോടെ ഒന്നാം ദിവസം പിരിഞ്ഞു.
ഇത്രയൊക്കെ സഭ ബഹളമയമായിട്ടും പി.സി ജോര്‍ജ് പരമശാന്തനും നിശãബ്ദനുമായി കാണപ്പെട്ടു. പറയാനുള്ളതെല്ലാം എഴുതി തരാമെന്ന് ബഹളത്തിനിടയില്‍ വിശദീകരിക്കുക മാത്രം ചെയ്തു. പിന്നെയും മൌനം. അസാധാരണമായ സംയമനം. പി.സി ജോര്‍ജിന്റെ ഈ മാറ്റത്തിന് കാരണം കോടിയേരി പറഞ്ഞതാകണം: 'മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരാള്‍ കയറിയിരുന്നു. അതുപോലെയുള്ള ആളാണോ പി.സി ജോര്‍ജ്? ചീഫ് വിപ്പല്ലേ?' അതെ. പൂഞ്ഞാറിലെ വെറും പൌരന്‍മാര്‍ക്കുമിപ്പോള്‍ എന്തൊരു പക്വതയാണ്!

madhyamam...27...09...11)

Thursday, September 22, 2011

അസാധാരണ സമരവീര്യം; കേരളത്തിനും കരുതല്‍ (കൂടംകുളം-3)

കൂടംകുളത്തേക്കുള്ള വഴികളെല്ലാം 12 ദിവസമായി പോലിസ് നിയന്ത്രണത്തിലാണ്. പുറംലോകത്തുനിന്ന് ഇവിടേക്കെത്താവുന്ന മൂന്ന് റോഡുകളിലെ ബസ് സര്‍വീസ് 25 കിലോമീറ്ററകലെ വച്ച് പോലിസ് തടഞ്ഞിരന്നു. സ്വകാര്യ വാഹനങ്ങള്‍ക്കുപോലും കര്‍ശന നിയന്ത്രണം. എന്നിട്ടും സമരത്തിനൊരു തളര്‍ച്ചയുമുണ്ടായില്ല. എന്നല്ല, ദിവസവും അത് കുടുതല്‍ രൂക്ഷമാകുകയും ചെയ്തു. ഈ വഴികള്‍താണ്ടിയെത്തുന്നവരെ സമര ഭൂമിയിലെത്തിക്കാന്‍ നാട്ടുകാര്‍ സദാ സന്നദ്ധരാണ്. സമരത്തെ അനുകൂലിക്കുന്ന ആരെയും അവരേറ്റെടുക്കും. റോഡില്‍ കാണുന്നവരോട് വഴി ചോദിച്ചാല്‍ മറുപടിക്കൊപ്പം അത്യാവേശത്തോടെ അവര്‍ നിലപാടും പറയും: 'ഞങ്ങളും സമരത്തിലാണ്.'
ഇവര്‍ക്കിത് വെറും സമരമല്ല. നിത്യജീവിതം അടിമുടി നിശ്ചലമാക്കിയാണവര്‍ പോരാട്ടത്തിനിറങ്ങിയത്. മല്‍സ്യത്തൊഴിലാളികള്‍ വള്ളവും ബോട്ടും കരക്കുകയറ്റി. കര്‍ഷകര്‍ പണിയായുധം ഒതുക്കി. കച്ചവടക്കാര്‍ കടകള്‍ പൂട്ടി. വിദ്യാര്‍ഥികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ചു. ആരാധനാലയങ്ങള്‍ സമരകേന്ദ്രങ്ങളായി. മൂന്ന് ജില്ലകളിലെ ഗ്രാമങ്ങളില്‍ കല്ല്യാണവും ശവസംസ്കാരവും വരെ സമരപ്പന്തലിലെ പരിപാടികള്‍ക്കനുസരിച്ച് നിശ്ചയിക്കുന്നു. ഈ ഗ്രാമീണ ജനത അത്രമേല്‍ ഈ സമരത്തെ ചുമലിലേറ്റിയിരിക്കുന്നു. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് വഴങ്ങുകയല്ലാതെ സര്‍ക്കാറിനും മറ്റുവഴികളില്ലായിരുന്നു.
തുടക്കത്തില്‍ സമരത്തെ തള്ളിയ മുഖ്യമന്ത്രി ജയലളിത പിന്നീട് ചര്‍ച്ചക്ക് തയാറായതും അതുകൊണ്ട് തന്നെ. പ്ലാന്റ് പൂട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് ഉറപ്പും കൊടുത്തു. എന്നാല്‍ ഈ വാര്‍ത്തകേട്ടിട്ടും സമരപ്പന്തല്‍ ഒഴിഞ്ഞിട്ടില്ല. ചര്‍ച്ചക്ക് പോയവര്‍ തിരിച്ചെത്തിയ ശേഷം അക്കാര്യം തീരുമാനിക്കാമെന്നാണ് അവരുടെ നിലപാട്. ഇന്ന് നിരാഹാരം അവസാനിപ്പിച്ച് മറ്റുസമരങ്ങള്‍ തുടരാനാണ് സമിതി ആലോചിക്കുന്നത്. അതിനും പക്ഷെ ഈ നാട്ടുകാരുടെ സമ്മതം വേണം.
നിരാഹരം കിടക്കുന്ന 127 പേര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദിവസവും 15,000ഓളം പേര്‍ ഉപവാസത്തിനായി എത്തുന്നത്. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലെ 60ഓളം ഗ്രാമങ്ങളില്‍നിന്നായിരുന്നു ഇവരെത്തിയത്. ഗ്രാമങ്ങള്‍ മാറിമാറിഇതില്‍ പങ്കെടുത്തു. സമരപ്പന്തലിന് ഉള്‍കൊള്ളാനാകുംവിധം സംഘാടകര്‍ തന്നെ വരുത്തിയ ക്രമീകരണമായിരുന്നു ഇത്. എന്നാല്‍ ഏറ്റവുമടുത്ത ഗ്രാമങ്ങളായ കൂത്തങ്കളി, തോമയാര്‍പുരം, കൂട്ടപ്പള്ളി, പെരുമണല്‍, വൈറാവി തുടങ്ങിയ ഗ്രാമങ്ങള്‍ ദിവസവും രാവിലെ ഇവിടെ എത്തും. വൈകുന്നേരം അഞ്ച് മണിവരെ ഉപവാസം. പുന്നക്കായല്‍ മുതല്‍ തുടപ്പുള്ളി വരെയുള്ള 120 കിലോമീറ്റര്‍ പ്രദേശത്ത് ഇവര്‍ മല്‍സ്യബന്ധനം നിര്‍ത്തിവച്ചു. 20 കിലോമീറ്റര്‍ പരിധിയില്‍ മുഴുവന്‍ കടകളും അടച്ചിട്ടു. വീടുകളില്‍ കരിങ്കൊടി കെട്ടി. ചില ഗ്രാമങ്ങള്‍ റേഷന്‍ കാര്‍ഡ് സര്‍ക്കാറിന് തിരിച്ചുകൊടുത്തു. തെരുവിലും കടവരാന്തകളിലും തീരത്തുമെല്ലാം കൂട്ടംകൂടിയിരിക്കുന്നവരുടെ വാക്കിലും പ്രതിഷേധം തന്നെ. ഇടിന്തരകരയിലെ സമരപ്പന്തലില്‍ മാത്രമല്ല, അക്ഷരാര്‍ഥത്തില്‍ നാടാകെ സമരം. സമരത്തെ സാമ്പത്തികമായി നിലനിര്‍ത്തിയതും ഈ ഗ്രാമങ്ങള്‍ ശേഖരിച്ചെത്തിക്കുന്ന പണമാണ്. ദൂരദിക്കുകളില്‍നിന്നുപോലും അവര്‍ സ്വയം ഓടിയെത്തിയതും സ്വന്തം ചിലവില്‍.
പന്തലില്‍ നിറയെ സ്കൂള്‍ യൂണിഫോമിട്ട കുട്ടികളുണ്ട്. നിരാഹരം തുടങ്ങിയത് മുതല്‍ ഇവരിവിടെ ദിവസവുമെത്തുന്നു. സ്വയം ക്ലാസുകള്‍ ബഹിഷ്കരിച്ചിറങ്ങിയതാണവര്‍. ബാഗും പുസ്തകക്കെട്ടുമായി വീട്ടില്‍നിന്നവര്‍ സമരപ്പന്തലിലേക്കാണ് വരുന്നത്. കുടംകുളം, കൂട്ടപ്പള്ളി, കൂത്തങ്കളി, തോമയാര്‍പുരം, ഓവറി, മണപ്പാട്, ആളന്തലൈ, അമലൈ നഗര്‍ എന്നിവിടങ്ങളിലെ 12 സ്കൂളുകള്‍ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടില്ല. അധ്യാപകര്‍ ഒപ്പിട്ട് മടങ്ങുന്നു. പ്രദേശത്തെ ഏക കോളജിലും കുട്ടികള്‍ കയറുന്നില്ല.
സമരം നടക്കുന്നത് ഇടിന്തകരെ ലൂര്‍ദ് ചര്‍ച്ച് മുറ്റത്താണ്. ഈ മുറ്റം അവസാനിക്കുന്നത് വിനായകര്‍ കോവില്‍ മുറ്റത്തും. ഈ പ്രദേശത്തെ എല്ലാ മതകേന്ദ്രങ്ങളും സമരത്തില്‍ തന്നെയാണ്. സമരം റിലേ നിരാഹാരമാക്കാന്‍ ഇടക്ക് സമരസമിതി ആലോചിച്ചു. എന്നാല്‍ അത്തരമൊരു ഇളവ് വേണ്ടെന്ന് ജനങ്ങളൊന്നടങ്കം വാശിപിടിച്ചതോടെ സംഘാടകര്‍ക്ക് പിന്‍മാറേണ്ടിവന്നു. സമരം മറ്റിടങ്ങളിലേക്കും പടരുകയാണ്. കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ വഴിതടഞ്ഞു. പലസമയത്തായി ഇത് പലയിടത്തും ആവര്‍ത്തിക്കുന്നു. ഗ്രാമീണ നിഷ്കളങ്കതയുടെ സ്വാഭാവിക വീറും വാശിയുമാണ് ഈ സമരത്തിന്റെ കരുത്ത്.ഈ സമരവീര്യത്തിന് മുന്നില്‍ മുട്ടുമടക്കുകയല്ലാതെ സമസ്ഥാന സര്‍ക്കാറിനും മറ്റ് വഴികളില്ലായിരുന്നു.
പ്ലാന്റ തമിഴ്നാട്ടിലാണെങ്കിലും ഇതിന്റെ അപകട ഭീഷണയില്‍ കേരളത്തിനും തുല്ല്യ സാധ്യതയാണ്. സ്വാഭാവിക വികിരണം പോലും തിരുവനന്തപുരം ജില്ലയിലെ പ്രദേശങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പ്രൊഫ. എസ്.പി ഉദയകുമാര്‍ പറയുന്നു. 'വലിയ അപകടമുണ്ടായാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ അത് കവര്‍ന്നെടുക്കും. അതിനാല്‍ ഞങ്ങളുടെ ഈ സമരം കേരളത്തിനുകൂടി വേണ്ടിയാണ്. കേരളത്തിലെ ഈ മൂന്ന് ജില്ലകളിലെ കലക്ടര്‍മാര്‍ക്കും സമിതി കത്തയച്ചിരുന്നു. ആരും ഇതേപറ്റി ബോധവാന്‍മാരല്ല എന്നാണ് മനസ്സിലാകുന്നത്. ഒരു സുരക്ഷാ മുന്‍കരുതലും എവിടെയുമില്ല. കേരളീയര്‍കൂടി ഈ സമരത്തില്‍ പങ്കാളികളാകണം. കേരളത്തില്‍ നിന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷനും ഇവിടെ വന്നിരുന്നു. എന്നാല്‍ ഇതുപോലൊരു ജനമുന്നേറ്റം അവിടെയും ആവശ്യമാണ്. ഫുകുഷിമ ദുരന്തം കൂടംകുളത്തിന്റെ കാര്യത്തില്‍ കേരളത്തിന് നല്ല പാഠമാണ്. 5000 മൈല്‍ ദൂരെ വരെ വികിരണമുണ്ടായതായാണ് റിപ്പോര്‍ട്ട്. 130 കിലോമീറ്റര്‍ അകലെയും പ്ലാന്റിനകത്തും ഒരേ അളവില്‍ വികിരണം സംഭവച്ചു' ^ഉദയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
സോളിഡാരിറ്റിക്കും മത്സ്യത്തൊഴിലാളി ഫെഡറേഷനും ഏതാനും ആക്ടിവിസ്റ്റുകള്‍ക്കുമപ്പുറം, വരാനിരിക്കുന്ന വന്‍ദുരന്തം കേരളീയര്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. നിത്യവൃത്തി നിറുത്തിവച്ച്, മക്കളുടെ പാഠപുസ്തകം പൂട്ടിവച്ച്, കടകള്‍ക്ക് താഴിട്ട്, പട്ടിണികിടന്നാണ് ഇവിടെ തമിഴ് ജനത വരുംതലമുറകള്‍ക്കായി സ്വജീവിതം സമര്‍പിക്കുന്നത്. ലോകമാകെ നിരാകരിക്കുന്ന ആണവ മോഹങ്ങള്‍ക്കെതിരെ ഈ മല്‍സ്യത്തൊഴിലാളികള്‍ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതക്കൊപ്പമെത്താന്‍ പ്രബുദ്ധ മലയാളിക്ക് ഇനിയുമായിട്ടില്ല. ആണവ ദുരന്തത്തിന്റെ വ്യാപ്തി തെളിയിച്ച ഫുകുഷിമക്ക് ശേഷവും.

(madhyamam 22...09...11)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...