Thursday, October 13, 2011

അക്രമാസക്ത കാലത്തെ ട്രോട്സ്കി

പരക്കെ അക്രമം എന്ന വാര്‍ത്താ തലക്കെട്ടുകള്‍ കണ്ട് ഞെട്ടിയാണ് അംഗങ്ങള്‍ ഇന്നലെ സഭക്കകത്ത് കയറിയത്. അവിടെയപ്പോള്‍ അക്രമ ചര്‍ച്ചകളുടെ പന്തംകൊളുത്തി പടയായിരുന്നു. അടിയന്തിര പ്രമേയവും പ്രധാന സബ്മിഷനുകളുമെല്ലാം അക്രമമയം. ധനാഭ്യര്‍ഥന ചര്‍ച്ചയാകെ അക്രമ കഥകള്‍. അതിന്റെ പേരില്‍ രണ്ടുവട്ടം പ്രതിപക്ഷം ഇറങ്ങിപ്പോയി. മറുഭാഗത്തിനുമുണ്ട് വേണ്ടത്ര. ഇറങ്ങാന്‍ വകുപ്പില്ലാത്തതിനാല്‍ രോഷം പറഞ്ഞുതീര്‍ത്തുവെന്ന് മാത്രം. അക്രമാസക്ത കാലത്തെ ഈ ആവേശപ്പോരിനിടയിലൂടെ, കോര്‍പറേറ്റുകളും സാമ്രാജ്യത്വ ഏജന്‍സികളും വീതംവച്ചെടുക്കുന്ന കേരളത്തിലെ ജല മേഖലയുടെ ചര്‍ച്ച ഒഴുകിപ്പോയി. സഖാക്കള്‍ക്കുപോലുമുണ്ടായില്ല, അതിലിത്തിരി വേവലാതി.
പെരുമ്പാവൂര്‍ ബസ് സ്റ്റാന്റില്‍ യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചുകൊന്നതായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം. പ്രതിപ്പട്ടികയില്‍ കെ. സുധാകരന്റെ ഗണ്‍മാനുള്ളതിനാല്‍ അവതാരകനായ സാജുപോളിന് വിഷയ ദാരിദ്യ്രമേയുണ്ടായില്ല. വി.എസ് അച്യുതാനന്ദന്റെ വകയായിരുന്നു ഒന്നാം ഉപക്ഷേപം. വിഷയം കോഴിക്കോട് വെടിവെപ്പ്. അക്രമ കഥകള്‍ക്ക് അതിലുമുണ്ടായില്ല ക്ഷാമം. കണ്ണൂരില്‍ എസ്.എഫ്.ഐക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചതാണ് പി.സി വിഷ്ണുനാഥിന്റെ സബ്മിഷന്‍. കാമറ തകര്‍ത്തു. കുനിച്ചുനിര്‍ത്തി ഇടിച്ചു. പിന്നെ സി.പി.എം ഓഫീസില്‍ കയറി രക്ഷപ്പെട്ടു. ഇതിന് ബദല്‍ വന്നത് രണ്ട് സബ്മിഷനാണ്. രണ്ടും കാസര്‍കോട് നിന്ന്. കാഞ്ഞങ്ങാട് അക്രമം ഇ. ചന്ദ്രശേഖരനും അതിന്റെ തുടര്‍ച്ചയായ പള്ളിക്കര അക്രമം കെ. കുഞ്ഞിരാമനും. രണ്ടിലും പ്രതിസ്ഥാനത്ത് മുസ്ലിം ലീഗ്. അപ്പോള്‍ കെ. ശിവദാസന്‍ നായര്‍ അടൂര്‍ കൈതപ്പറമ്പ് കെ.വി.വി.എസ് കോളജിലെ എസ്.എഫ്.ഐ^ഡി.വൈ.എഫ്.ഐ അക്രമ വാര്‍ത്ത പുറത്തുവിട്ടു.
ഇതെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്ത കെ.കെ ലതികക്ക് അടിയന്തിരാവസ്ഥയാണ് ഓര്‍മ വന്നത്. നാടാകെ അടി. വെടി. പാരകയറ്റല്‍. ചവിട്ടിക്കൊല. അക്കാലത്തെ പോലിസിനെപ്പോലെ ഭരണപക്ഷ അംഗങ്ങളുടെ നെഞ്ചത്ത് ലതിക പാഞ്ഞുനടന്നു. കെ. കുഞ്ഞമ്മദ് മാസ്റ്റര്‍ക്കും ടി.വി രാജേഷിനും രാജുഎബ്രഹാമിനും ഇതില്‍ കവിഞ്ഞ് ഏറെ കാര്യങ്ങളുണ്ടായില്ല. ഭരണപക്ഷവും ഒട്ടും മോശമാക്കിയില്ല. എന്‍.ഡി.എഫിന് മുന്നില്‍ തലകുനിച്ച കോടിയേരി ബാലകൃഷ്ണന്റെ അഞ്ചുകൊല്ലത്തെ നിസ്സഹയാതയായിരുന്നു കെ.എം ഷാജിയുടെ പ്രമേയം. എസ്.എഫ്.ഐയുടെ അക്രമ ചരിത്രത്തിന് ഷാഫി പറമ്പില്‍ വേണ്ടത്ര തെളിവുനല്‍കി. അന്‍വര്‍ സാദത്തും കുറച്ചില്ല. കമ്യുണിസ്റ്റുകാരുടെ അക്രമത്തിന് കെ.എന്‍.എ ഖാദര്‍ അന്താരാഷ്ട്ര ബന്ധം കണ്ടെത്തി: '90 കേന്ദ്ര കമ്മിറ്റി അംഗങ്ങളെ സ്റ്റാലിന്‍ കൊന്നിട്ടുണ്ട്. ട്രോട്സ്കിയെ തലക്കടിച്ചാണ് കൊന്നത്.'
ഈ ഭീകര ചര്‍ച്ചകള്‍ക്കിടെ ഏക ആശ്വാസമായത് എന്‍. ജയരാജിന്റെ ചങ്ങമ്പുഴ അനുസ്മരണം മാത്രമാണ്. അല്‍പനേരത്തേക്കെങ്കിലും സഭയിലാകെ കവിതകളായി. ആസ്ഥാന കവി ജി. സുധാകരനാണ് ആദ്യം പിന്തുണച്ചത്. പിന്നാലെ എം.എ ബേബിയും പാലോട് രവിയും. ചര്‍ച്ച അടിമുടി അക്രമാസക്തമായിരുന്നുവെങ്കിലും മറുപടി പറഞ്ഞ മന്ത്രി പി.ജെ ജോസഫ് പതിവിലേറെ സൌമ്യനും ശാന്തനുമായി കാണപ്പെട്ടു. ഷെല്‍ഫില്‍ ഒരുപിടി പദ്ധതികളുള്ളതായി അദ്ദേഹം വെളിപ്പെടുത്തി. എ.ഡി.ബിയും ലോകബാങ്കും ജപ്പാനും ജലനിധിയുമൊക്കെ കേരള ചെക്പോസ്റ്റില്‍ പ്രവേശനാനുമതി കാത്തുകിടക്കുന്നുണ്ടത്രെ.
ലോകത്തെ കുത്തകകളും വെള്ള കച്ചവടക്കാരും കോര്‍പറേറ്റുകളും സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളുമൊക്കെയാണ് ഈ വരുന്ന സ്ഥാപനങ്ങളെന്ന് പണ്ട് ഇടതുപക്ഷം പറയുമായിരുന്നു. ഇവര്‍ വന്നാല്‍ കേരളത്തിലെ വെള്ളം വീതം വച്ചെടുക്കുമെന്ന് അവര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. കരിയോയില്‍ ഒഴിച്ച് ചിലരെ ഓടിച്ചിരുന്നു. ഇതൊന്നും പക്ഷെ സഭയിലെ ചര്‍ച്ചയില്‍ സഖാക്കളാരും പറഞ്ഞുകേട്ടില്ല. എ.ഡി.ബി വിരുദ്ധ വിപ്ലവ നായകരായ സഖാക്കള്‍ രാജു എബ്രഹാം, ടി.വി രാജേഷ്, എ.എം ആരിഫ്, ഇക്കാര്യത്തില്‍ മൌലികവദികളായ സഖാക്കള്‍ ജി.എസ് ജയലാല്‍, പി. തിലോത്തമന്‍ മുതല്‍ മുതിര്‍ന്ന കമ്യുണിസ്റ്റുകള്‍ വരെ ഈ വഴിക്ക് വാക്ക് തിരിച്ചേയില്ല. തെരുവുകള്‍ നിന്നുകത്തുമ്പോള്‍ ആര്‍ക്കുവേണം വോട്ടില്ലാത്ത ഈ ഏഡീബിയെ? ലോകത്താകെ വെള്ളത്തിന്റെ 0.36 ശതമാനം മാത്രമാണ് കുടിക്കാന്‍ കിട്ടുകയെന്ന് ജല രാഷ്ട്രീയം പറഞ്ഞ ടി.എ അഹമ്മദ് കബീറിനൊപ്പം നില്‍ക്കാന്‍ പോലും ഒരു കമ്യൂണിസ്റ്റുകാരനുണ്ടായില്ല. ദോഷം പറയരുതല്ലോ, എ.ഐ.സി.സിയെന്നാല്‍ ഓള്‍ ഇന്ത്യ കോര്‍പറേറ്റ് കമ്മിറ്റിയാണ് എന്നിടത്തോളം ടി.വി രാജേഷെത്തിയിരുന്നു. ഡി.വൈ.എഫ്.ഐ സെക്രട്ടറി അവിടെ നിറുത്തിയത് നന്നായി. അല്ലെങ്കില്‍ ട്രോട്സ്കിയിസ്റ്റെന്ന് വിളിച്ച് തലക്കടിച്ചേനെ.

(13...10...11)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...