Monday, November 23, 2015

ബിഹാറിൽ ഇടതുപക്ഷത്തിന്റെ ദൗത്യമെന്തായിരുന്നു?

(From left) CPI-ML (Liberation) general secretary Dipankar Bhattacharya,
CPM general secretary Sitaram Yechuri and CPI's AB Bardhan in Patna
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ രാജ്യം മുഴുവന്‍ ഉറ്റുനോക്കിയത് ബിജെപിക്കെതിരെ രൂപവത്കരിച്ച വിശാല മതേതര സഖ്യത്തിന്റെ സാന്നിധ്യം കൊണ്ടാണ്. രാജ്യത്തെയാകമാനം വിഴുങ്ങിക്കൊണ്ടിരിക്കുന്ന വര്‍ഗീയ ഫാഷിസത്തിനെതിരെ കൈകോര്‍ത്ത മതേതര പാര്‍ട്ടികള്‍ പുതിയൊരു രാഷ്ട്രീയ പരീക്ഷണത്തിനാണ് ബിഹാറിനെ വേദിയാക്കിയത്. ഡല്‍ഹിയിലെ അധികാരത്തിന്റെ ബലത്തില്‍ സംഘ്പരിവാരങ്ങള്‍ അഴിച്ചുവിട്ട വര്‍ഗീയാതിക്രമങ്ങളും ജനാധിപത്യത്തെ തന്നെ അവഹേളിക്കുന്ന നരേന്ദ്ര മോദിയുടെ ഏകാധിപത്യ പ്രവണതകളും അസഹിഷ്ണുതയുടെ പേരില്‍ ആവര്‍ത്തിക്കപ്പെട്ട കൊലപാതകങ്ങളും കണ്ട് നിസ്സഹായനായ ഇന്ത്യക്കാരന്‍ ആഗ്രഹിച്ച ജനാധിപത്യപരമായ ഒരു പ്രതിരോധത്തിനാണ് ഇവിടെ തുടക്കമിട്ടത്. ലാലു പ്രസാദ് യാദവും നിതീഷ്‌കുമാറും ചേര്‍ന്ന് മുന്നോട്ടുനയിച്ച മതേതര സഖ്യത്തിനൊപ്പമായിരുന്നു കോണ്‍ഗ്രസും. ബിഹാറിലെ സ്വന്തം ശേഷിയും ദേശീയ രാഷ്ട്രീയ സാഹചര്യവും മുന്‍നിര്‍ത്തി ഈ സഖ്യത്തില്‍ അണി ചേരാന്‍ കോണ്‍ഗ്രസെടുത്ത തീരുമാനം സമീപകാല ഇന്ത്യയിലെ ഏറ്റവും പക്വമായ രാഷ്ട്രീയ ചുവടുവപ്പായിരുന്നു. ഈ മഹാസഖ്യത്തിന്, അര്‍ഹിക്കുന്ന പിന്തുണ ബിഹാര്‍ ജനത നല്‍കുകയും ചെയ്തു.

ലോകം തന്നെ അതി സൂക്ഷ്മം നിരീക്ഷിച്ച ഈ സുപ്രധാന രാഷ്ട്രീയ സന്ദര്‍ഭത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷം നിര്‍വഹിച്ച സാമൂഹിക ദൗത്യമെന്തായിരുന്നു? ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് നടത്തുന്ന പ്രത്യയശാസ്ത്ര വിശകലനങ്ങള്‍ക്കപ്പുറം ഒരു ജനാധിപത്യ കൂട്ടായ്മക്കൊപ്പം നിന്ന് പ്രായോഗികവും ജനകീയവുമായ വഴികളിലൂടെ അതിനെ നേരിടുന്നതിന്‍ തടസ്സമാകുന്ന ആന്തരിക വൈരുധ്യങ്ങളെ മറികടക്കാനുള്ള ശേഷി ഇടതുപക്ഷത്തിനില്ലെന്ന വിമര്‍ശം ശരിവക്കുന്നതായിരുന്നു അവരുടെ ബിഹാര്‍ നയം. ലാലുവും നിതീഷും നയിച്ച മതേതര സഖ്യത്തിനൊപ്പം നില്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. പകരം, സി പി ഐ, സി പി എം, സി പി ഐ എം എല്‍‍, ആര്‍ എസ് പി, ഫോര്‍വേഡ് ബ്ലോക്ക്, എസ് യു സി ഐ എന്നീ ആറുപാര്‍ട്ടികള്‍ ചേര്‍ന്ന ഇടതുമുന്നണിയുണ്ടാക്കി ഒറ്റക്ക് മത്സരിച്ചു. ആകെ 243 സീറ്റുള്ള ബിഹാറില്‍ 221 എണ്ണത്തിലും ഇടത് സ്ഥാനാര്‍ഥികളുണ്ടായി. ഒറ്റക്ക് മത്സരിക്കുന്നതിന് രണ്ട് കാരണങ്ങളാണ് ഇടതുപക്ഷം പറഞ്ഞത്. മതേതര മുന്നണിക്ക് 'ഫ്യൂഡല്‍ - ജാതി' സ്വഭാവമുണ്ടെന്നും ബിജെപിയില്‍ നിന്ന് വ്യത്യസ്തമായ സാന്പത്തിക നയം ഈ മുന്നണിക്കില്ല എന്നും. ഫാസിസ്റ്റ് തേരോട്ടത്തിന് മുന്നില്‍ ഭയവിഹ്വലമായ ഒരു രാജ്യം രാഷ്ട്രീയ പരിഹാരം അന്വേഷിക്കുന്പോള്‍ അവിടെ ഏറ്റവുമാദ്യം ഉന്നയിക്കേണ്ട രണ്ട് അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇവയാണ് എന്ന് മനസ്സിലാക്കാനേ ബിഹാറില്‍ ഇടതുപക്ഷത്തിന് കഴിഞ്ഞുള്ളു.

മതേതര ചേരിയിലെത്തേണ്ട വോട്ടുകള്‍ ഭിന്നിപ്പിച്ച് പ്രത്യക്ഷത്തില്‍ തന്നെ ഫാഷിസ്റ്റ് മുന്നണിയുടെ സഹായിയായി സ്വയം മാറേണ്ട അവസ്ഥയിലേക്കാണ് ഈ പരിമിതി ഇടതുപക്ഷത്തെ എത്തിച്ചത്.  ഫാസിസം ഏറ്റവും അക്രമാസക്തമായ കാലത്ത് ഇടതുപക്ഷം കാണിച്ച ഈ ചരിത്രപരമായ വിഢ്ഢിത്തം എത്രമേല്‍ അപകടകരം കൂടി ആയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. 221 മണ്ഡലങ്ങളില്‍ മത്സരിച്ച മുന്നണിക്ക് ആകെ കിട്ടിയത് 3 സീറ്റ് മാത്രം. മൂന്നും സി പി ഐ എം എല്ലിന്. തെരഞ്ഞെടുപ്പ് വിജയമല്ല രാഷ്ട്രീയ പ്രസക്തി നിശ്ചയിക്കുന്നത് എന്നത് ശരിയാണ്. എന്നാല്‍ വലിയ ആശയങ്ങളുടെ പേരില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ഫാസിസ്റ്റ് ചേരിക്ക് നിയമസഭയില്‍ കരുത്തുപകര്‍ന്നു. ആകെ 53 സീറ്റാണ് ബിജെപിക്ക് ബിഹാറില്‍ കിട്ടിയത്. ഇതില്‍ 10 സീറ്റെങ്കിലും സംഭാവന ചെയതത് അവിടെ ഒറ്റക്ക് മത്സരിച്ച ഇടതുമുന്നണിയാണ്. ചേന്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി ജയിച്ചത് വെറും 671 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ഇടതുമുന്നണിക്ക് വേണ്ടി ഇവിടെ മത്സരിച്ചത് സി പി എം. ആറാം സ്ഥാനത്തെത്തിയ സിപിഎം സ്ഥാനാര്‍ഥി രംഗ്‌ലാല്‍ പസ്വാന്‍ പിടിച്ചത് 2573 വോട്ട്. മതേതര പക്ഷത്തുനിന്ന് ഇടതുമുന്നണി ഒറ്റ തിരിച്ചെടുത്ത വോട്ടുകള്‍ ബിജെപിയെ വിജയിപ്പിക്കുന്നത് എങ്ങനെയെന്ന് ഇതിലേറെ പറയേണ്ടതില്ല.

ഇത് ഒരിടത്തെ മാത്രം അനുഭവമല്ല. പിപ്ര മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ സിപിഎം പിടിച്ചത് 8,366 വോട്ട്. അവിടെ ബിജെപി ജയിച്ചത് 3,930 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. ചന്‍പാട്ടിയയില്‍ ഇടതുമുന്നണി സീറ്റ് സി പി ഐക്കായിരുന്നു. മൂന്നാമതെത്തിയ സി പി ഐ സ്ഥാനാര്‍ഥി പിടിച്ചത് 10,136 വോട്ട്. ഇവിടെ ബിജെപി ജയിച്ചത് വെറും 404 വോട്ടിന്. ഗോഹില്‍ സിപിഐക്ക് കിട്ടിയത് 18,951 വോട്ട്. ബിജെപി ജയിച്ചത് 7,672 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ഇതുപോലെ നിരവധി മണ്ഡലങ്ങള്‍. ബിജെപിയും മതേതര ചേരിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കണമെന്ന രാഷ്ട്രീയ ബോധവും ഇടതുപാര്‍ട്ടികള്‍ പ്രകടിപ്പിച്ചില്ല. മണ്ഡലങ്ങളുടെ സ്വഭാവവും ബിജെപിയുടെ സാധ്യതകളും തിരിച്ചറിഞ്ഞ് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ സഹായിക്കാനുള്ള രാഷ്ട്രീയ ഔചിത്യവും ഇടതുപക്ഷം പ്രകടിപ്പിച്ചില്ല. ബിഹാര്‍ ഷരീഫ്, ലാഖിസറൈ പോലുള്ള മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷത്തോടടുത്ത് നില്‍ക്കുന്ന വോട്ട് ഇടതുപാര്‍ട്ടികള്‍ നേടിയിട്ടുണ്ട്. ഇത്തരം മണ്ഡലങ്ങളിലെങ്കിലും വോട്ട് ചിതറിപ്പോകാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രജ്ഞതയും  ഇടതുപക്ഷത്ത് നിന്നുണ്ടായില്ല.

ജാതി-സാന്പത്തിക നയങ്ങളുടെ പേരില്‍  മതേതര ചേരിക്കെതിരെ രംഗത്തിറങ്ങിയ ഇടതുപക്ഷം പലയിടത്തും പരസ്പരം മത്സരിക്കുക കൂടി ചെയ്തു. സ്വന്തം നിലപാടുകള്‍ക്ക് പരമാവധി സ്വീകാര്യതയുണ്ടാക്കാന്‍ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ പോലും ഒന്നിച്ച് നിന്നില്ലെന്നര്‍ഥം. ബിഹാറിന്റെ പശ്ചാത്തലത്തില്‍ ഈ ഭിന്നത അവരുടെ രാഷ്ട്രീയത്തെ കൂടുതല്‍ ദുരൂഹവും സംശയാസ്പദമാക്കുന്നുണ്ട്. ഒന്നിലധികം ഇടതുപാര്‍ട്ടികള്‍ മത്സരിച്ച സ്ഥലങ്ങളില്‍ പോലും ബിജെപി വിരുദ്ധ രാഷ്ട്രീയ സാധ്യതയെ സഹായിക്കാന്‍ ഒരൊറ്റ ഇടതുപാര്‍ട്ടിയും തയാറായില്ല. പട്‌ന സാഹിബ് മണ്ഡലം ഇതിന് മികച്ച ഉദാഹരണമാണ്. ഇവിടെ മൂന്ന് ഇടത് പാര്‍ട്ടികളാണ് പരസ്പരം മത്സരിച്ചത്. ആര്‍ എസ് പി, സി പി ഐ എം എല്‍‍, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ. യഥാക്രമം നാല്, അഞ്ച്, ഒന്പത് സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് 4,305 വോട്ട് നേടി. ഇവിടെ ആര്‍ജെഡിയെ തോല്‍പിച്ച് ബിജെപി സ്ഥാനാര്‍ഥി വിജയിച്ചത് 2,792 വോട്ടിന്റെ ഭൂരിപക്ഷത്തിന്. സുഗൗലിയില്‍ പരസ്പരം മത്സരിച്ചത് സി പി എമ്മും സി പി ഐയും. അഞ്ചും ആറും സ്ഥാനത്തെത്തിയ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് 7000ല്‍ അധികം വോട്ട് പിടിച്ചു. ഇവിടെ ബിജെപിയുടെ ഭൂരിപക്ഷം 7,756. ഇത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമുണ്ടായ സ്ഥിതി വിശേഷമല്ല. ബിജെപി ജയിച്ച മറ്റ് പല മണ്ഡലങ്ങളിലും ഇടതുപാര്‍ട്ടികള്‍ ഇങ്ങിനെ പരസ്പരം മത്സരിച്ചിട്ടുണ്ട്. കുംഹറാറിലും മോട്ടിഹറിലും സിപിഎമ്മും സിപിഐയും തമ്മില്‍. ബങ്കിപ്പൂരില്‍ സി പി ഐയും ആര്‍ എസ് പിയും തമ്മില്‍. കുര്‍ഹാനി, ജാലെ, തറൈയ തുടങ്ങി വിവിധ മണ്ഡലങ്ങളിലും ഇതുകാണാം. മണ്ഡലത്തിലെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും മുന്നണി സംവിധാനത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ശൈഥില്യങ്ങളും പരസ്പരം മത്സരിക്കുന്നതിന് കാരണമായിട്ടുണ്ടാകാം. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മുഖ്യ പ്രമേയമായ ഒരു തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഇങ്ങനെ മൂപ്പിളമത്തര്‍ക്കത്തില്‍ അഭിരമിച്ച് ബിജെപിയെ സഹായിച്ചത് എന്നോര്‍ക്കണം. ബിഹാറില്‍ വോട്ട് പിളര്‍ത്തിയതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഇടതുപക്ഷം മാത്രമല്ല. ബി എസ് പിയും എസ് പിയും മുതല്‍ മുസ്‌ലിം ലീഗും എം ഐ എമ്മും എസ് ഡി പി ഐയും വരെ ഇക്കൂട്ടത്തിലുണ്ട്. എസ് പിയും ബി എസ് പിയും വ്യാപകമായി തന്നെ ബിജെപി വിരുദ്ധ വോട്ടുകള്‍ പിളര്‍ത്തി. മറ്റുള്ളവര്‍ അവര്‍ക്ക് പറ്റിയ സ്ഥലങ്ങളിലും. ഇവരെല്ലാം അപകടകരമായ സ്വത്വ രാഷ്ട്രീയം മുന്നോട്ടുവക്കുന്നവരാണെന്നും ഇത് ഇന്ത്യയില്‍ വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ചക്കാണ് സഹായകരമാകുകയെന്നും വാദിക്കുന്നവരാണ് ഇടതുപക്ഷം. എന്നാല്‍ ബിഹാറില്‍ ഈ പാര്‍ട്ടികള്‍ അവരവരുടെ സ്വാധീന മേഖലകളില്‍ സ്വീകരിച്ച സമീപനത്തിലപ്പുറമൊന്നും വിശാലമായ വര്‍ഗ രാഷ്ട്രീയം പറയുന്ന ഇടതുപക്ഷത്തുനിന്ന് ഉണ്ടായില്ല.

ഇടതുപക്ഷം മതേതര സഖ്യത്തില്‍ ചേര്‍ന്നിരുന്നെങ്കില്‍ മഹാ സഖ്യത്തിന്  സ്വാഭാവികമായി ലഭിക്കുന്ന ചില വോട്ടുകള്‍ നഷ്ടപ്പെടുമായിരുന്നെന്ന് ബിഹാറില്‍ ഏറെ പ്രവര്‍ത്തന പരിചയമുള്ള മാധ്യമ പ്രവര്‍ത്തകനായ ഷാജി ജോസഫ് നിരീക്ഷിച്ചിട്ടുണ്ട്. നേരത്തെ ഇടതുപക്ഷത്തിനൊപ്പമുണ്ടായിരുന്ന ദലിത് പിന്നാക്ക വിഭാഗങ്ങള്‍ അവിടെ നിന്ന് മാറി പൂര്‍ണമായി നിതീഷിനും ലാലുവിനൊപ്പമായി എന്നത് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതു പാര്‍ട്ടികളോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്ന ചില ജാതികളും വന്‍ തോതില്‍ പിന്നാക്ക-ദലിത് പിന്തുണ ആര്‍ജിച്ച മതേതര സഖ്യത്തെ പിന്തുണക്കുന്ന വിവിധ വിഭാഗങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെട്ടു. തങ്ങള്‍ മത്സരിച്ചതിനാല്‍, ഭരണ വിരുദ്ധ വികാരത്തിന്റെ പേരില്‍ ബിജെപിക്ക് ലഭിക്കുമായിരുന്ന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിഞ്ഞെന്നും അത് മതേതര സഖ്യത്തിന് സഹായകരമായെന്നുമുള്ള (വിചിത്രമായ) ന്യായം ഇടത് നേതാക്കളും  മുന്നോട്ടുവക്കുന്നുണ്ടത്രെ (ബിസിനസ് ലൈന്‍, നവംബര്‍ എട്ട്). ഇവ രണ്ടും പരിഗണിച്ചാല്‍ ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ കൂട്ടായ്മക്ക് ഒപ്പം നില്‍ക്കുന്നതിന് ഇടതുപക്ഷത്തെ തടഞ്ഞ ഘടകങ്ങള്‍ അത്ര ലളിതമോ നിസ്സാരമോ അല്ലെന്ന് വ്യക്തമാകും. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സ്വീകരിക്കേണ്ട സൂക്ഷ്മമായ രാഷ്ട്രീയ നിലപാടുകള്‍ പ്രത്യയശാസ്ത്ര ദുശ്ശാഠ്യങ്ങളാല്‍ അട്ടിമറിക്കപ്പെടുന്നത് ബിഹാറിലായാലും കേരളത്തിലായാലും ബിജെപിയെ മാത്രമാണ് സഹായിക്കുകയെന്ന് ഇടതുപക്ഷം തിരിച്ചറിയണം. അതിന് പറ്റിയ പാഠമാണ് ബിഹാര്‍.

(Madhyamam November -16-2015)

Thursday, November 12, 2015

സ്വകാര്യ സര്‍വകലാശാല വരുന്നത് ആര്‍ക്കുവേണ്ടി?


പൊതു വിദ്യാഭ്യാസ സംവിധാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വലിയ മുന്നേറ്റം നടന്ന സ്ഥലമാണ് കേരളം. പൊതുവിദ്യാഭ്യാസം താരതമ്യേന മെച്ചപ്പെട്ട രീതിയില്‍ ഏറെക്കുറെ എല്ലായിടത്തും എത്തിക്കാനും അത് വിജയകരമായി നിലനിര്‍ത്താനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച സര്‍ക്കാര്‍ മേഖലയില്‍ മാത്രം ഒതുങ്ങി നിന്നില്ല. അതില്‍ സംഭവിച്ച ക്രമാനുഗതമായ മാറ്റങ്ങള്‍ ഏറെക്കുറെ സ്വകാര്യവത്കരണത്തിലേക്ക് എത്തുകയും ചെയ്തു.  സ്ഥാപനങ്ങളുടെ ഉടമാവകാശം, നിയമനാധികാരം എന്നിവ  സ്വകാര്യ വ്യക്തികള്‍ക്കും ശമ്പള ബാധ്യത സര്‍ക്കാറിനുമെന്ന രീതിയില്‍ രൂപപ്പെട്ട എയിഡഡ് വിദ്യാലയങ്ങളാണ് സമ്പൂര്‍ണ പൊതു ഉടമസ്ഥതാ സങ്കല്‍പത്തിന് പുറത്ത് സ്ഥാപിതമായ ആദ്യതലമുറ സ്ഥാപനങ്ങള്‍. പിന്നീട് സര്‍ക്കാര്‍ അംഗീകാരത്തോടെ മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അണ്‍ എയിഡഡ് അഥവ സ്വാശ്രയ സ്ഥാപനങ്ങളുണ്ടായി. അടുത്ത ഘട്ടത്തില്‍ അംഗീകാരം എന്നത് സര്‍ക്കാറിന്‌റെ എന്‍ ഒ സി മാത്രമായി പരിമിതപ്പെട്ടു. സര്‍ക്കാറിന്റെ ഒരു അനുമതിയും ആവശ്യമില്ലാതെ തന്നെ ആരംഭിക്കാവുന്ന വിധത്തില്‍ പിന്നീട് ഇത് സര്‍ക്കാര്‍ ഉദാരമാക്കി. ഈ മാറ്റങ്ങളുണ്ടാകുമ്പോഴും ഫീസ്, പ്രവേശം, സിലബസ് തുടങ്ങി വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം തീരുമാനാധികാരം  സര്‍ക്കാറില്‍ തന്നെ നിക്ഷിപ്തമായിരുന്നു. സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ വരവും അവക്ക് ഭരണഘടനാ പരമായി തന്നെ ലഭിച്ച ചില അവകാശങ്ങെളുമെല്ലാം ഈ നിയന്ത്രണങ്ങളെയും ദുര്‍ബലമാക്കി. ഇതെല്ലാം സ്വകാര്യ മേഖലയിലാണ് സംഭവിച്ചതെങ്കില്‍, ഇതിന് സമാന്തരമായി പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അപ്പോഴും ഇത്തരം സ്ഥാപനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം സര്‍ക്കാറില്‍ അവശേഷിച്ചിരുന്നു. സമ്പൂര്‍ണ സ്വതന്ത്രരെന്ന് വാദിക്കുന്ന സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍പോലും സര്‍ക്കാര്‍ ഇടപെടല്‍ സാധ്യമാക്കുന്ന സംവിധാനങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നുണ്ട്. ഇച്ഛാശക്തിയുള്ള സര്‍ക്കാറുകളാണെങ്കില്‍ പുതിയ നിയമ നിര്‍മാണത്തിന് പോലും അവസരമുണ്ട്. ചുരുക്കത്തില്‍, സമ്പൂര്‍ണമായ പൊതു വിദ്യാഭ്യാസം എന്നതില്‍ നിന്ന് സമ്പൂര്‍ണ സ്വകാര്യവത്കരണത്തിലേക്ക് പടിപടിയായി മാറുമ്പോഴും ജനാധിപത്യ സംവിധാനങ്ങളിലൂടെ അവയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സ്ഥിതി വിശേഷം കേരളത്തില്‍ അവശേഷിച്ചിരുന്നുവെന്ന് വ്യക്തം.

അങ്ങേയറ്റം പരിമിതമായ ഈ നിയന്ത്രണം പോലും ഇല്ലാതാക്കുന്നതാണ് പുതുതായി സര്‍ക്കാര്‍ മുന്നോട്ടുവക്കുന്ന സ്വകാര്യ സര്‍വകലാശാല സങ്കല്‍പം. വിദ്യാഭ്യാസ മന്ത്രിയുടെ വിയോജിപ്പ് മറികടന്ന്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വഴി മുഖ്യമന്ത്രി നേരിട്ട് നിയമിച്ച വിദഗ്ധ സമിതിയാണ് സ്വകാര്യ സര്‍വകലാശാല എന്ന നിര്‍ദേശം സര്‍ക്കാറിന് സമര്‍പിച്ചിരിക്കുന്നത്. ഒരു സര്‍വകലാശാല സ്ഥാപിക്കാന്‍ വേണ്ട മാനദണ്ഡങ്ങളായി വിദഗ്ധ സമിതി മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ തന്നെ അതിന്റെ സ്വഭാവം നിര്‍ണയിക്കുന്നതാണ്. നഗരത്തില്‍ 20 ഏക്കര്‍ ഭൂമി, ഗ്രാമത്തിലാണെങ്കില്‍ 30 ഏക്കര്‍, 5000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു കെട്ടിടം, 50 കോടി രൂപ, ഇതില്‍ 20 കോടി സര്‍ക്കാറുമായി സംയുക്ത അക്കൗണ്ടുണ്ടാക്കി ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കണം, ആണ്‍പെണ്‍ ഹോസ്റ്റല്‍, ചുരുങ്ങിയത് അഞ്ച് പ്രധാന ഫാക്കല്‍റ്റികള്‍, വാഹനം മുതല്‍ ടീ ഷോപ് വരെയുള്ള അനുബന്ധ സൗകര്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന നിബന്ധനകള്‍. കമ്മിറ്റി റിപ്പോര്‍ട്ടിനൊപ്പം സമര്‍പിച്ച നിയമ നിര്‍മാണത്തിനുള്ള ബില്ലിന്റെ കരടില്‍, വിദ്യാഭ്യാസ മേഖലയില്‍ 10 വര്‍ഷം പരിചയമുള്ള ഏജന്‍സിയാകണം സര്‍വകലാശാലയുടെ സ്‌പോണ്‍സര്‍ എന്ന വ്യവസ്ഥയുണ്ട്. ഏത് കോര്‍പറേറ്റ് സ്ഥാപനത്തിനും അനുയോജ്യനായ ഒരു സ്്‌പോണ്‍സറോട് സഹകരിച്ച് സര്‍വകലാശാല സ്ഥാപിക്കാം. ഇവയെല്ലാം സര്‍ക്കാറിന് സമര്‍പിച്ച ശിപാര്‍ശകള്‍ മാത്രമാണ്. തീരുമാനം നടപ്പില്‍ വരുമ്പോള്‍ ഇതില്‍ ഏതൊക്കെ വ്യവസ്ഥകളാണ് ഉണ്ടാകുക എന്നത് കണ്ടറിയണം. ഇതേ രീതിയില്‍ നടപ്പായാല്‍ പോലും വന്‍ സാമ്പത്തിക പിന്‍ബലമുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇത്തരമൊരു സര്‍വകലാശാല സ്ഥാപിക്കാന്‍ കഴിയൂ എന്ന് വ്യക്തം. ഒരു കാരണവശാലും സര്‍ക്കാറില്‍ നിന്ന് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ലഭിക്കില്ല എന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം റിപ്പോര്‍ട്ട് പറയുന്നുമുണ്ട്.



പണം മുടക്കുന്നയാള്‍ക്ക് പൂര്‍ണ അധികാരം നല്‍കുന്നതാണ് ഇതിന്റെ ഘടന. ആ ഏജന്‌സി തന്നെയായിരിക്കും ചാന്‍സിലറെ നിയമിക്കുക. അവിടന്ന് താഴോട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള അധികാരം ചാന്‍സിലര്‍ക്ക് തന്നെ. വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സെര്‍ച് കമ്മിറ്റി പോലുള്ള സംവിധാനങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. എല്ലാം പക്ഷെ ആത്യന്തികമായി ഉടമസ്ഥന്റെ നിയന്ത്രണത്തില്‍ തന്നെ നില്‍ക്കുംവിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മറിച്ചൊരു രീതി പ്രതീക്ഷിക്കേണ്ടതുമില്ല.
ഫീസ്്്, സിലബസ്, ബിരുദം തുടങ്ങി മുഴുവന്‍ പാഠ്യ-പാഠ്യേതര മേഖലകളും രൂപകല്‍പന ചെയ്യാനും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുമുള്ള പൂര്‍ണ അധികാരവും സര്‍വകലാശാലാ ഉടമക്കാണ്. സ്വകാര്യ സര്‍വകലാശാല കേരളത്തില്‍ അനിവാര്യമാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നുണ്ട്. അതില്‍ ആവര്‍ത്തിച്ച് പറയുന്നത് സര്‍ക്കാര്‍ പണം നല്‍കുന്നതിനാല്‍ നിലവിലെ സര്‍വകലാശാലകള്‍ നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളുമാണ്. എന്നല്ല, നിലവിലെ സര്‍വകലാശാലകള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിമിതികള്‍ക്കും കാരണം സര്‍ക്കാര്‍ നിയന്ത്രണവും അതുമൂലമുണ്ടാകുന്ന അസ്വാതന്ത്ര്യങ്ങളുമാണെന്നാണ് കണ്ടെത്തല്‍. അക്കാദമികമായ പോരായ്മകളുടെയും പരീക്ഷാ നടത്തിപ്പ് മുതല്‍ കോളജ് പ്രവേശം വരെയുള്ള സര്‍വ കാര്യങ്ങളിലുമുള്ള പരാധീനതകളുടെയും അടിസ്ഥാനവും സര്‍ക്കാര്‍ നിയന്ത്രണം തന്നെയാണത്രെ. ഇത് പരിഹരിക്കാനാണ് സ്വകാര്യ സര്‍ലകലാശാലകളെ മുന്നോട്ടുവക്കുന്നത് എന്നാണ് വിദഗ്ധമതം. നിയമ നിര്‍മാണം വഴിയാണ് സ്വകാര്യ സര്വകലാശാല സ്ഥാപിക്കുക. അഥവ, സര്‍വ  അധികാരങ്ങളും നിയമസഭ പാസാക്കുന്ന ഒരു നിയമം വഴി കോളജ് ഉടമക്ക് വകവച്ചുകൊടുക്കുന്നതിലൂടെ അയാളുടെ അവകാശങ്ങളെ കോടതിപോലുള്ള എല്ലാതരം നിയമ സംവിധാനങ്ങളുടെയും പുറത്ത് പ്രതിഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സ്വാകര്യ വിദ്യാഭ്യാസം വലിയ പാപമല്ല. എന്നാല്‍ കേരളത്തിന്റെ സാമൂഹ്യഘടനയില്‍ അതെത്രമാത്രം അനുയോജ്യവും ഫലപ്രദവും ആകുമെന്നതും എത്രമാത്രം ജനവിരുദ്ധമായിത്തീരുമെന്നതുമാണ് അതിന്റെ സ്വീകാര്യതയെ നിര്‍ണയിക്കേണ്ടത്. കേരളത്തിലെ ഏറ്റവും കുത്തഴിഞ്ഞ അടിസ്ഥാന സൗകര്യ മേഖലയാണ് ഉന്നത വിദ്യാഭ്യാസം. അതിന് പല ഘടകങ്ങള്‍ കാരണമായിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സ്വാശ്രയ മേഖല സജീവമായതോടെ  സംഭവിച്ച ഏറ്റവും പ്രതികൂലമായ മാറ്റം, വിദ്യാഭ്യാസ മേഖലയെ ലാഭ നഷ്ടക്കണക്കുകള്‍ നിയന്ത്രിക്കാന്‍ തുടങ്ങി എന്നതാണ്. ഫീസ്, പ്രവേശനം, സീറ്റുകളുടെ വിതരണം തുടങ്ങി കോഴ്‌സും സിലബസും നിശ്ചയിക്കുന്നതില്‍ വരെ സ്ഥാപന ഉടമയുടെ സാമ്പത്തിക ലാഭം നിര്‍ണായക ഘടകമായി മാറി. വ്ിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണത്തിലേക്ക് നയിച്ച ഈ മാറ്റം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ആക്‌സസിബിലിറ്റിയാണ് അതില്‍ പ്രധാനം. ഒരു കോഴ്‌സിലേക്ക് അല്ലെങ്കില്‍ ഒരു കോളജിലേക്ക് ഒരു വിദ്യാര്‍ഥിക്ക് കടന്നുചെല്ലാവുന്ന വഴികളിലെല്ലാം സാമ്പത്തിക ബാധ്യത വന്‍ മതിലായി മാറി. ഒരു കോഴ്‌സിന് പ്രവേശനം കിട്ടാനുള്ള പ്രധാന മാനദണ്ഡം പണം മുടക്കാനുള്ള ശേഷിയായിത്തീര്‍ന്നു. മത്സര പരീക്ഷകളില്‍ മുന്‍ നിരയിലെത്തുന്നവര്‍പോലും വന്‍ തുകകള്‍ മുടക്കാനില്ലാത്തതിനാല്‍ മികച്ച കോഴ്‌സുകളില്‍ നിന്നും കോളജുകളില്‍ നിന്നും പുറന്തള്ളപ്പെട്ടു. സ്ഥാപനം നടത്താനുള്ള ചിലവ് കണ്ടെത്താന്‍ കുട്ടികളല്ലാതെ മറ്റൊരു സ്രോതസ്സുമില്ലാത്ത മുതലാളിമാര്‍, അവരുടെ ബിസിനസിന്റെ ലാഭകരമായ നടത്തിപ്പിന് വേണ്ട ഫീസാണ് നിശ്ചയിച്ചത്. അതോടെ മെറിറ്റുള്ള എല്ലാ കുട്ടികള്‍ക്കും അവസരം ലഭിക്കുക എന്ന സാമൂഹിക നീതി അട്ടിമറിക്കപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും സാമൂഹികമായി ദുര്‍ബലരായവരും ഇവിടെ ഒരുപോലെ പുറന്തള്ളപ്പെട്ടു.



ഈ അപ്രഖ്യാപിത പ്രവേശ വിലക്ക് വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തെ തന്നെ  അതീവ ദുര്‍ബലമാക്കി മാറ്റി. പ്രവേശന മാനദണ്ഡം പണമായതോടെ, പഠിക്കാനുള്ള ശേഷി കുട്ടികളുടെ തെരഞ്ഞെടുപ്പില്‍ കര്‍ശനമായി പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കഴിയാതായി. എന്നല്ല, അത്തരത്തിലൊരു സ്ൂക്ഷ്മ പരിശോധന വേണമെന്ന് സ്ഥാപന ഉടമകളും ആഗ്രഹിക്കാതായി. കഴിഞ്ഞ 10 വര്‍ഷത്തെ സ്വാശ്രയ മേഖലയില്‍ നിന്നുള്ള പരീക്ഷാഫലം പരിശോധിച്ചാല്‍ നിലവാരത്തകര്‍ച്ച പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടും. ഇതിന്റെ മറ്റൊരു പ്രത്യാഘാതമായിരുന്നു സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന. കോഴ്‌സുകളുടെ ആവശ്യകതയോ അനിവാര്യതയോ ആയിരുന്നില്ല ഒരു സ്ഥാപനം തെരഞ്ഞെടുക്കുന്ന പഠന മേഖലയുടെ മാനദണ്ഡം. കേരളത്തില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ ഒഴികെ ഒരു സ്്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലും ഇന്ന് ലഭ്യമായ മുഴുവന്‍ സീറ്റിലും പഠിക്കാന്‍ കുട്ടികളെ കിട്ടുന്നില്ല. മുടക്കുന്ന പണം തിരി്ച്ചുകിട്ടുമെന്ന് ഉറപ്പുള്ള കോഴ്‌സുകളില്‍ മാത്രമെ 'ഉപഭോക്താക്കളും' പണം ഇറക്കുന്നുള്ളൂവെന്നായിരിക്കുന്നു കേരളത്തില്‍. കേരളത്തിലെ എഞ്ചിനീയറിങ് കോളജുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. 'വ്യാവസായികമായി പരാജയപ്പെ്ട്ട്്്' കൂട്ടത്തോടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് സ്വാശ്രയ എഞ്ചിനീറിങ്ങ് കോളജുകള്‍. സാമൂഹികമായ അസന്തുലിതത്വവും അരക്ഷിതാവസ്ഥയും ഇതിന്റെ ഉപോല്#പന്നമായി കേരളത്തില്‍ രൂക്ഷമായിക്കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് മലയാളികള്‍ക്ക്്്് വന്‍ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കുമുള്ള എളുപ്പവഴികളിലൊന്നായി മാറിയിരിക്കുന്നു.

സ്വാകാര്യ സര്‍വകാലശാലകള്‍ അനിവാര്യമാണെന്ന്്്് സമര്‍ഥിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന അതേ ന്യായങ്ങള്‍ തന്നെയാണ് സ്വാശ്രയ കോളജുകള്‍ കൊണ്ടുവരുന്ന സമയത്തും സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇന്നും സ്വാശ്രയ സ്ഥാപനങ്ങള്‍ അവരുടെ സ്വീകാര്യത ഉറപ്പാക്കാന്‍ പറയുന്നതും ഇതേ ന്യായങ്ങള്‍ തന്നെ. സ്വാശ്രയ കോളജുകള്‍ ഒന്നര പതിറ്റാണ്ടുകൊണ്ട് തന്നെ അപ്രതിരോധ്യമായ ദുന്തങ്ങളാണ് സൃഷ്ടിച്ചത്. ഈ പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ഇതുവരെ കഴിഞ്ഞില്ലെന്ന്്് മാത്രമല്ല, അവയെ അതിജീവിക്കുമെന്ന നേരിയ സൂചനപോലും നമ്മുടെ വിദ്യാഭ്യാസ രംഗത്തുനിന്ന് ലഭിക്കുന്നുമില്ല. എന്നിരിക്കെയാണ് ഏറെക്കുറെ അതേ ന്യായവാദങ്ങളുന്നയിച്ച്, അവയേക്കാള്‍ വലിയ സ്വാതന്ത്ര്യവും അധികാരവും ഉറപ്പുനല്‍കി സ്വകാര്യ സര്‍വകലാശാലകളെ ഇറക്കുമതി ചെയ്യുന്നത്. എല്ലാതരം വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രാപ്യമായ, ഗുണനിലവാരവും സാമൂഹ്യ പുരോഗതിയും ലക്ഷ്യമിടുന്ന സര്‍വകലാശാലകളായിരിക്കും ഇവയെന്ന് സര്‍ക്കാര്‍ പോലും കരുതുന്നില്ല. വിദ്യാര്‍ഥികളുടെ ആക്‌സസിബിലിറ്റി, കോഴ്‌സുകളുടെ ക്വാളിറ്റി എന്നീ രണ്ട്്് അടിസ്ഥാന ഘടകങ്ങളെങ്കിലും ഈ സര്‍വകലാശാലകളില്‍ ഉറപ്പുവരുത്തുമെന്ന് പറയാനും സര്‍ക്കാറിന് കഴിയുന്നില്ല. എന്നിട്ടും ഭാവി കേരളത്തെ രക്ഷിക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ വേണമെന്ന് വാദിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് വ്യക്തം. നിലവിലെ സര്‍വകലാശാലകള്‍ നേരിടുന്ന എല്ലാതരം പ്രതിസന്ധികളെയും വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരാമര്‍ശിച്ചിച്ചുണ്ട്. എന്നാല്‍, എല്ലാ പരിമിതികള്‍ക്കും അകത്തുനിന്ന് കൊണ്ട് ആ സര്‍വകലാശാലകള്‍ നിര്‍വഹിക്കുന്ന ഗുണപരമായ പങ്കാളിത്തത്തെ റിപ്പോര്‍ട്ട് വിദഗ്ധമായി മറച്ചുവക്കുന്നു. വെറും ബിരുദങ്ങള്‍ക്കപ്പുറം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തില്‍ അവ നല്‍കിയ സംഭാവനകളെ അത് അവഗണിക്കുന്നു. ഇവ സ്വകാര്യ സര്‍വകലാശാലകള്‍ എങ്ങിനെ ഉറപ്പാക്കുമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട്്് മൗനം പാലിക്കുകയും ചെയ്യുന്നു. അത്തരം സാമൂഹിക നേട്ടങ്ങള്‍ സ്വകാര്യ സര്‍വകാശാലകളില്‍ നിന്ന്പ്ര തീക്ഷിക്കുന്നില്ല എന്ന് തന്നെയാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് വരികള്‍ക്കിടയിലൂടെ പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇത് കണ്ണടച്ച് അംഗീകരിക്കാവുന്ന ഭരണ പരിഷ്‌കാരമല്ല എന്ന് പറയേണ്ടിവരുന്നതും.

(WELFARE VOICE -OCT-2015)

Wednesday, October 28, 2015

പൊതുവിഭവങ്ങളുടെ വിതരണവും സാമൂഹിക വളര്‍ച്ചയും


സംവരണ വിരുദ്ധ പ്രചാരണം രാജ്യമെങ്ങും അതി ശക്തമായ പ്രക്ഷോഭമായി മാറിക്കൊണ്ടിരിക്കുകയാണ്. മെറിറ്റ് വാദമാണ് ഇതിനായി ഉന്നയിക്കപ്പെടുന്ന പ്രധാന ന്യായം. എന്നാല്‍ കേരളത്തിലെ സംവരണ വിരുദ്ധ വാദക്കാരുടെ മുഖ്യ ആയുധം മെറിറ്റല്ല. പകരം 'വളര്‍ച്ചാവാദ'മാണ് ഉന്നയിക്കുന്നത്. അഥവ, കേരളത്തില്‍ ഇപ്പോള്‍ സംവരണം ലഭിക്കുന്ന സമുദായങ്ങളില്‍ ബഹുഭൂരിപക്ഷവും, സംവരണത്താല്‍ പരിഗണിക്കപ്പെടേണ്ട സാമൂഹിക പിന്നാക്കാവസ്ഥ തരണം ചെയ്തുകഴിഞ്ഞിരിക്കുന്നു എന്ന വാദം. സംവരണം സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ഉപാധിയാണ് എന്ന ഭരണഘടനാപരമായ ന്യായത്തെ പ്രതിരോധിക്കാന്‍ വളര്‍ച്ചാവാദമാണ് ശക്തമായ ഉപാധിയെന്നത് ഇതിന് ഒരു കാരണമാകുന്നുണ്ടാകാം. അതിലുപരി ഈ വളര്‍ച്ചാ വാദത്തിലൂടെ ചില സമുദായങ്ങളെ ഒറ്റ തിരിച്ച് ആക്രമിക്കാമെന്ന സൗകര്യമുണ്ട്. കേരളത്തില്‍ മുസ്ലിംകളാണ് 'വളര്‍ച്ച പ്രാപിച്ചതിന്റെ പഴി' ഏറ്റവുമേറെ കേള്‍ക്കേണ്ടിവരുന്നത്. സാമ്പത്തികം, വിദ്യാഭ്യാസം, ഭൂവുടമസ്ഥത, രാഷ്ട്രീയം, സര്‍ക്കാര്‍ സര്‍വീസ് തുടങ്ങിയ മേഖലകളില്‍ സമീപകാലത്ത് കേരള മുസ്ലിംകള്‍ കൈവരിച്ച വളര്‍ച്ചയെ ആസ്പദമാക്കിയാണ് ഇത്തരമൊരു ആക്രമണത്തിന് ഈ വിഭാഗം ഇരയാക്കപ്പെടുന്നത്.

പ്രത്യക്ഷത്തില്‍ ശരിയെന്ന് തോന്നുന്നതാണ് ഈ വളര്‍ച്ചാ വാദം. ഭൗതികമായ കണക്കെടുപ്പുകള്‍ ഇത് ശരിവക്കുകയും ചെയ്യും. കേരളത്തില്‍ സമീപകാലത്ത് ഏറ്റവും വേഗത്തില്‍ സാമ്പത്തികോന്നമനം നേടിയ വിഭാഗങ്ങളില്‍ മുസ്ലിംകള്‍ മുന്‍ നിരയില്‍തന്നെയാണ്. വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥകളാല്‍ സ്വന്തം നാട്ടിലെ തൊഴില്‍വിപണിയില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍, വിദേശ തൊഴില്‍ മേഖലകളിലൂടെയാണ് ഈ മുന്നേറ്റം സാധ്യമാക്കിയത്. ഇങ്ങനെ വന്‍തോതില്‍ സംഭവിച്ച ഗള്‍ഫ് പ്രവാസത്തിലൂടെ കൈവന്ന സാന്പത്തിക ഭദ്രത, വലിയ ആസ്തികളുടെ ഉടമകളാക്കി അവരെ മാറ്റി. ചില പ്രത്യേക സമുദായങ്ങളുടെ കുത്തകയായിരുന്ന ഭൂവുടമസ്ഥതയിലെ ആധിപത്യം ക്രയശേഷി വര്‍ധിച്ച പ്രവാസികളിലേക്ക് മാറിയതോടെ ഈ മേഖലയില്‍ നിലനിന്നിരുന്ന മേധാവിത്തത്തിലെ സാമൂദായിക ഘടകങ്ങളില്‍ തന്നെ പ്രകടമായ മാറ്റങ്ങളുണ്ടായി. ഇങ്ങനെ ആര്‍ജിച്ച സാന്പത്തി വളര്‍ച്ചയിലൂടെ സന്പന്നരോ ഇടത്തരക്കാരോ ആയി മാറിയവരുടെ രണ്ടാം തലമുറക്ക് വലിയതോതിലുള്ള വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിച്ചു.  ഉന്നത വിദ്യാഭ്യാസം നേടിവരുടെയും ആ മേഖലയില്‍ പഠനം നടത്തുന്നവരുടെയും എണ്ണത്തില്‍ ഇന്ന് മുസ്ലിം സമുദായം ഒട്ടും പിന്നിലല്ല. സമുദായത്തിന്റെ പേരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും മറ്റാരേക്കാളും കൂടുതലാണ്. വ്യക്തികളും ഏജന്‍സികളും മാത്രമല്ല, ചെറുതും വലുതുമായ എല്ലാ മുസ്ലിം സംഘടനകളും സവിശേഷ ശ്രദ്ധയോടെ തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. മാധ്യമ മേഖലയിലും സര്‍ക്കാര്‍ തൊഴില്‍ രംഗത്തും ഇതിന്റെ സ്വാഭാവികമായ ചലനങ്ങളുണ്ടായി. കേരളത്തിലെ രാഷ്ട്രീയാധികാര ഘടനയിലാകട്ടെ, സമുദായത്തിന്റെ പേരില്‍ ഒരുപാര്‍ട്ടി തന്നെ സജീവമാണ്. മുസ്ലിംകള്‍ ആവശ്യത്തിനും അതിലധികവും വളര്‍ന്നുകഴിഞ്ഞുവെന്ന വാദത്തിന് എളുപ്പത്തില്‍ സ്വീകാര്യത കിട്ടാവുന്ന എല്ലാ ഘടകങ്ങളും കേരളീയ പൊതുസമൂഹത്തില്‍ പ്രകടമാണ്. ഇവയെ ഉദാഹരിച്ച് മുസ്ലിം വളര്‍ച്ചാവാദത്തെക്കുറിച്ച ഭീതിജനകമായ പൊതുധാരണകള്‍ മുസ്ലിംവിരുദ്ധ കേന്ദ്രങ്ങള്‍ ഉത്പാദിപ്പിക്കുന്നുമുണ്ട്.



ഗുജറാത്തിലെ പട്ടേല്‍ സമുദായം നടത്തിയ സംവരണ (വിരുദ്ധ) സമരത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വളര്‍ച്ചാ വാദം മുന്പത്തേക്കാള്‍ രൂക്ഷമായി ആവര്‍ത്തിക്കപ്പെടുന്നതിനിടയലാണ് കേരളത്തില്‍ ഇത്തവണ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന വിവാദമുണ്ടായത്. വിവാദത്തിന്റെ ഒരറ്റത്ത് ന്യൂനപക്ഷ പദവിയുള്ള കത്താലിക്ക സഭാ കോളജുകളും മറുഭാഗത്ത് ന്യൂനപക്ഷ പദവിയുള്ള വിവിധ മുസ്ലിം ഏജന്‍സികളും/വ്യക്തികളും നടത്തുന്ന കോളജുകളുമായിരുന്നു. എല്ലാ ജനാധിപത്യ മര്യാദകളും അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക സഭാ കോളജുകളുമായി, അവരുടെ ഇഷ്ടപ്രകാരമുള്ള വ്യവസ്ഥകളോടെ പ്രവേശന കരാറിലെത്തി. ഇതേ വ്യവസ്ഥകളോടെ കരാറിന് സന്നദ്ധമായ മുസ്ലിം കോളജുകള്‍ക്ക് ആ അവസരം നിഷേധിച്ച സര്‍ക്കാര്‍, പകരം കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളുള്ള കരാറിന് തയാറായില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്ന ഭീഷണ ഉയര്‍ത്തുകയും ചെയ്തു. പ്രത്യക്ഷത്തില്‍ തന്നെ വിവേചനം എന്ന് പറയാവുന്ന നടപടി. ഇങ്ങിനെ രണ്ടുതരം മാനദണ്ഡം പാടില്ലെന്ന് കേരള ഹൈക്കോടതി വരെ വിലക്കിയിട്ടും ഒരവകാശവും സര്‍ക്കാറില്‍നിന്ന് മുസ്ലിം മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ചില്ല. അതിസന്പന്നരായ കേരളത്തിലെ ഒരുപറ്റം മുസ്ലിം മുതലാളിമാരാണ് മഹാ ഭൂരിപക്ഷം കോളജുകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പലരും ഉന്നത ബിരുദമുള്ളവര്‍. ഏതുതരം നിയമ വ്യവഹാരങ്ങളെയും നേരിടാന്‍ പ്രാപ്തിയുള്ളവര്‍. രാഷ്ട്രീയമായും സാന്പത്തികമായും സമ്മര്‍ദ ശേഷിയുള്ളവര്‍. എന്നിട്ടും കത്തോലിക്ക സഭാ കോളജുകളോട് താരതമ്യം ചെയ്താല്‍, മുസ്‌ലിം മാനേജ്‌മെന്റ് കോളജുകള്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ ഏജന്‍കളിലൊന്നായ എംഇഎസിന് പരസ്യമായി പറയേണ്ടിവന്നു. വളര്‍ച്ചാ വാദികളുടെ ഏത് മാനദണ്ഡത്തെയും തൃപ്തിപ്പെടുത്താന്‍ ശേഷിയുള്ള 'ലക്ഷണമൊത്ത' മുസ്ലിം കോളജുകള്‍ക്കാണ് തങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് പാരാതിപ്പെടേണ്ടി വന്നത്. ഒരു സമൂദായം എന്ന നിലയില്‍ മുസ്ലിംകള്‍ നേടിയ വളര്‍ച്ചയിലെ ദൗര്‍ബല്യങ്ങള്‍ ഇത് തുറന്നുകാണിക്കുന്നുണ്ട്.

കേരളീയ പൊതുമണ്ഡലത്തില്‍ നിന്ന് നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള സാമൂഹിക ശേഷി ആര്‍ജിക്കാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ടാണ് പറയപ്പെടുന്ന 'വളര്‍ച്ചയുണ്ടായിട്ടും' കടുത്ത വിവേചനവും അവഗണനയും ഇവര്‍ക്ക് നേരിടേണ്ടിവന്നത്. ഇത് വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല അനുഭവപ്പെടുന്നത്. മുസ്ലിംകള്‍ സ്വാഭാവിക വളര്‍ച്ച പൂര്‍ത്തിയാക്കി എന്ന് പ്രചരിപ്പിക്കപ്പെടുന്ന ഏത് മേഖലയെടുത്താലും സാമൂഹികാതിജീവന ശേഷിയുടെ അഭാവം പ്രകടമാണ്. പല മേഖലകളിലും വിജയകരമായ സാമൂഹിക സംരഭങ്ങള്‍ ഉണ്ടായിട്ടും മൂസ്ലിം വിരുദ്ധതയിലൂന്നിയ  വിമര്‍ശങ്ങളെ നേരിടുന്നതില്‍ പരാജയപ്പെട്ടത് ഈ ശേഷിയില്ലായ്മകൊണ്ടാണ്. മുസ്ലിം ഭൂരിപക്ഷ മേഖലയിലെ പഠന നിലവാരം കോപ്പിയടി മൂലമാണ് എന്ന ആക്ഷേപം കേള്‍ക്കേണ്ടിവന്ന നാടാണ് കേരളം. മുസ്ലിംകളിലെ സാന്പത്തിക വളര്‍ച്ചക്ക് പിന്നില്‍ അജ്ഞാതമായ ഒരു മഹാ സ്രോതസ്സുണ്ടെന്ന പൊതുധാരണ കേരളത്തിലെ ഏത് സാധാരണക്കാരനുമുണ്ട്. കേരളത്തിലെവിടെ ഹവാല കേസുകളുണ്ടാകുന്പോഴും, ഒരു സമുദായമെന്ന നിലയില്‍ തന്നെ മുസ്ലിംകള്‍ പരോക്ഷമായി പ്രതിക്കൂട്ടിലാക്കപ്പെടുന്നത് കാണാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭൂമിയുടെയും മറ്റ് ആസ്തികളുടെയും ഉടമസ്ഥതകളിലെല്ലാം ഒരുതരം ദുരൂഹതയുടെ കരിനിഴല്‍ സദാവീണുകിടക്കുന്നുണ്ട്. സാന്പത്തികമായ ഉടമാവകാശത്തില്‍ മാത്രമല്ല, സാമൂഹികമായ വ്യവഹാരങ്ങളിലും ഈ അതിജീവനശേഷിയില്ലായ്മ പ്രകടമാണ്. ലൗ ജിഹാദ് മുതല്‍ ഭീകര ബന്ധം വരെ മുസ്ലിം വളര്‍ച്ചക്കെതിരെ ആസൂത്രിതമായി സൃഷ്ടിക്കപ്പെടുന്ന വിഘാതങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും നിസ്സഹായരാവുകയാണ് കേരളത്തിലെ മുസ്ലിംകള്‍. രാഷ്ട്രീയത്തിലാകട്ടെ മുസ്ലിംലീഗ് അല്ലാത്ത ഒരു മുസ്ലിം രാഷ്ട്രീയ പരീക്ഷണത്തെയും അംഗീകരിക്കാനുള്ള മാനസികാവസ്ഥ കേരളത്തിലെ പൊതുസമൂഹത്തിനില്ല. ഇടതുപക്ഷം പോലും ഇക്കാര്യത്തില്‍ ഈ പൊതുധാരയില്‍നിന്ന് വ്യത്യസ്തമല്ല. ഇനി മുസ്ലിം ലീഗ് തന്നെ, മുസ്ലിം ഇതര വിഭാഗങ്ങള്‍ നിശ്ചയിക്കുന്ന അജണ്ടക്ക് പുറത്തുകടക്കാന്‍ ശ്രമിച്ചാല്‍ ഒറ്റതിരിച്ച് ആക്രമിക്കപ്പെടുമെന്നതിന് അഞ്ചാം മന്ത്രി വിവാദമടക്കം തെളിവുകളുമുണ്ട്. (തീര്‍ച്ചയായും ഈ മേഖലകളിലെല്ലാം പിഴവുകളും കുറ്റകൃത്യങ്ങളും കുറ്റവാളികളും ഉണ്ടാകും. എന്നാല്‍ അത് കേരളത്തിലെ സ്വാഭാവിക ശരാശരിക്ക് മുകളില്‍പോലുമാകില്ല.) ചുരുക്കത്തില്‍, കേരളത്തില്‍ മുസ്ലിംകളുടെ വളര്‍ച്ചയുടെ അടയാളമായി ഉദാഹരിക്കുന്ന മേഖലകളെല്ലാം തന്നെ, മുസ്ലിംകളെ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള ഉപാധിയായി മാറുകയാണ് ചെയ്യുന്നത്. അഥവ ഈ വളര്‍ച്ചയെ  ആ സമുദായത്തിന്റെ സാമൂഹിക വികാസത്തിന് തടയിടുന്ന ഘടകങ്ങളാക്കി മാറ്റുന്നു.



ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരു ജനവിഭാഗം (പ്രത്യേകിച്ച് ന്യൂനപക്ഷം പോലുള്ളവ) കൈവരിക്കേണ്ട സന്തുലിതമായ വളര്‍ച്ച കേരളത്തിലെ മുസ്ലിംകള്‍ക്കുണ്ടായില്ല എന്നതാണ് ഉണ്ടായ വളര്‍ച്ച അവര്‍ക്കുതന്നെ ബാധ്യതയായി മാറുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടതിലെ പ്രധാന കാരണങ്ങളിലൊന്ന്. ഭൗതിക വളര്‍ച്ച കൈവരിച്ചതിനൊപ്പം സാമൂഹിക വികാസം സംഭവിച്ചില്ല. ജനാധിപത്യ സര്‍ക്കാറിന്റെ പിന്തുണയും വിഭവങ്ങളും ഈ വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായില്ല എന്നതാണ് ഈ അസന്തുലിതത്വത്തിന് കാരണമായത്. ജനാധിപത്യ സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സമതുലിതമായ വളര്‍ച്ചക്ക് സ്റ്റേറ്റ് മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. മറ്റ് വഴികളിലൂടെ ആര്‍ജിക്കാവുന്ന വിഭവങ്ങളെല്ലാം ഒരു ദുര്‍ബല സമൂഹം സമാഹരിച്ചാലും സാമൂഹികമായ സ്വീകാര്യത അവക്ക് ലഭിക്കുന്നത്, സ്റ്റേറ്റ് അതിനെ പിന്തുണക്കുകയും ആ സമാഹരണത്തില്‍ പങ്കാളിയാവുകയും ചെയ്യുന്പോഴാണ്. ജനാധിപത്യത്തിന്റെ കാവല്‍ തൂണുകളായി സങ്കല്‍പിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ നിന്നെല്ലാം തന്നെ ഇത്തരത്തില്‍ സമതുലിതമായ പിന്തുണ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ മാത്രമല്ല, ലജിസ്ലേച്ചറും ജുഡീഷ്യറിയും മാധ്യമങ്ങളുമെല്ലാം ഇതില്‍ പങ്കുവഹിക്കണം. നിര്‍ഭാഗ്യവശാല്‍, ഈ സംവിധാനങ്ങളെല്ലാം, പിന്നാക്ക വിഭാഗങ്ങളുടെ വളര്‍ച്ചയെയും പരിണാമ ഘട്ടങ്ങളെയും വികാസ മേഖലകളെയുമൊക്കെ സംശയ ദൃഷ്ടിയോടെയാണ് സമീപിക്കുന്നത് എന്ന് പല സന്ദര്‍ഭങ്ങളിലും വ്യക്തമായതാണ്. പിന്നാക്കാവസ്ഥകള്‍ കാരണം നേരിടേണ്ടിവരുന്ന വിവേചനങ്ങളെയും ആക്രമണങ്ങളെയും പ്രതിരോധിക്കാന്‍ ഇത്തരം സമൂഹങ്ങള്‍ക്ക് ആത്മവിശ്വാസവും ആത്മ ധൈര്യവും കൈവരുന്നതും സ്റ്റേറ്റില്‍ നിന്ന് പൂര്‍ണാര്‍ഥത്തിലുള്ള പിന്തുണ ലഭിക്കുന്പോഴാണ്. അത്തരം ആത്മവിശ്വാസം പകരുന്നതിന് ഭരണഘടന ഉറപ്പുനല്‍കുന്ന ഉപാധികളിലൊന്നാണ് സംവരണം. കേരളത്തില്‍ സംവരണ വിരുദ്ധ വാദം ന്യായീകരിക്കുന്നത്, സ്റ്റേറ്റിന്റെ കാര്യമായ പിന്തുണയില്ലാതെ കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്നതാണ് ഏറെ അപകടകരം.

കേരള മുസ്ലിംകളുടെ വളര്‍ച്ച, പലകാരണങ്ങളാല്‍ സംഭവിച്ച പിന്നാക്കാവസ്ഥകളെ മറികടക്കാനുള്ള ഒരു പ്രതിരോധം കൂടിയായിരുന്നു. പുറന്തള്ളപ്പെട്ടുപോയ മേഖലകളിലേക്കെല്ലാം സ്വയാര്‍ജിത ശേഷികളാല്‍ കടന്നുചെല്ലാനുള്ള വ്യഗ്രത ഈ വളര്‍ച്ചയില്‍ കാണാം. അതുകൊണ്ടുതന്നെ സ്‌റ്റേറ്റിന്റ സഹായങ്ങളും പിന്തുണയും വിഭവങ്ങളും വന്നുചേരുന്നത് വരെ കാത്തുനില്‍ക്കാന്‍ അവര്‍ തയാറായിരുന്നില്ല. വ്യത്യസ്ത സമുദായങ്ങളും അവയുടെ സങ്കീര്‍ണമായ ശാക്തിക സമ്മര്‍ദങ്ങളും വലിയ തോതില്‍ അധീശത്വം സ്ഥാപിച്ച കേരളീയ പൊതുമണ്ഡലത്തില്‍ സാമൂഹിക സ്വീകാര്യതയും പ്രതിരോധ-അതിജീവന ശേഷിയും കൈവരിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും മറ്റ് മേഖലകളില്‍ വിജയം വരിക്കാന്‍ കഴിഞ്ഞത് സ്റ്റേറ്റിനെ കാത്തുനില്‍ക്കാതെ നടത്തിയ ഈ മുന്നേറ്റം തന്നെയാണ്. എന്നാല്‍ അത് അസന്തുലിതമായിരുന്നു എന്ന വസ്തുത അംഗീകരിക്കാതെ വയ്യ. ഭൗതിക മേഖലകളിലുണ്ടായ വളര്‍ച്ച യഥാര്‍ഥ സാമൂഹിക വികാസമായിരുന്നില്ല. വിവേചനങ്ങളും വംശീയാക്രമണങ്ങളും നേരിടേണ്ടിവരുന്നതും ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമായ വിധത്തിലുള്ള സാമൂഹിക വികാസം ആര്‍ജിക്കാത്തതുകൊണ്ടുകൂടിയാണ്. (ആക്രമിക്കുന്നവരുടെ രാഷ്ട്രീയം മറന്നുകൊണ്ടല്ല ഇതുപറയുന്നത്.)



അതിനാല്‍ വളര്‍ച്ചയില്‍ സംഭവിച്ച ഈ അസന്തുലിതത്വം പരിഹരിക്കാനുള്ള നടപടികള്‍ മുസ്ലിം സമൂഹം അടിയന്തിരമായി ഏറ്റെടുക്കേണ്ടതുണ്ട്. മുസ്ലിംകളുടെ വളര്‍ച്ചയുടെ രീതി ശാസ്ത്രവും വളര്‍ച്ചയുടെ തോതും അതില്‍ സ്റ്റേറ്റിന്റെ പങ്ക് എത്രയെന്നതും പരിശോധിക്കപ്പെടണം. ഈ ഘടകങ്ങള്‍ പഠനവിധേയമാക്കുന്ന തരത്തിലുള്ള സമഗ്രമായ സോഷ്യല്‍ ഓഡിറ്റിംഗിന് കേരളത്തിലെ മുസ്ലിം സമുദായത്തെ വിധേയമാക്കണം. കേരളത്തിന്റെ പൊതുസ്വത്ത്, ഇവിടെയുള്ള വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഏതേത് അനുപാതത്തിലാണ് വിതരണം ചെയ്യപ്പെട്ടത് എന്നത് സുപ്രധാനമാണ്. ഒരു വിഭാഗത്തിന് സാമൂഹ്യ സ്വീകാര്യത ഉറപ്പാക്കുന്നതില്‍ പൊതുസ്വത്തിന്റെ ലഭ്യത നിര്‍ണായകമാണ്. ഒരു പ്രദേശത്തെ അണ്‍എയിഡഡ് സ്‌കൂള്‍ ഉടമക്കും എയിഡഡ് സ്‌കൂള്‍ ഉടമക്കും പൊതു സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരത്തിന്റെയും സ്വീകാര്യതയുടെയും തോതിലെ വ്യത്യാസം തന്നെ പൊതുസ്വത്തിന്റെ ലഭ്യത സാമൂഹിക വളര്‍ച്ചയില്‍ എങ്ങനെ നിര്‍ണായകമാകുന്നു എന്നത് ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താവുന്ന ഉദാഹരണമാണ്. പൊതുസ്വത്ത് അസന്തുലിതമായാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ സാമൂഹിക വികസനം ഉറപ്പാക്കാന്‍ അവയുടെ നീതിപൂര്‍വമായ പുനര്‍വിതരണവും നടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആ കണക്കെടുപ്പ് പൊതുവിഭവങ്ങളുടെ വിന്യാസത്തെ കേന്ദ്രീകരിച്ച് തന്നെ നടക്കുകയും വേണം.

(SOLIDARITY PATHRIKA -Oct-2015)

Wednesday, October 7, 2015

ദാദ്രിയില്‍ നിന്ന് കേരളത്തിലേക്കുള്ള ദൂരം


പ്രാചീന ഇന്ത്യയോ (സംഘ്പരിവാരം പറയുന്ന) സനാതന ഇന്ത്യയോ ഒരിക്കലും മാംസ ഭക്ഷണ വിരുദ്ധരും സസ്യാഹാര മൗലിക വാദികളും ആയിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. അംബേദ്കര്‍ മുതല്‍ ഡി എന്‍ ഝാ വരെയുള്ള ചരിത്ര പണ്ഡിതന്മാര്‍ ഇക്കാര്യം സംശയങ്ങള്‍ക്കിടമില്ലാത്ത വിധം തങ്ങളുടെ ഗവേഷണങ്ങളിലൂടെ സമര്‍ഥിച്ചിട്ടുണ്ട്. വേദങ്ങള്‍ തൊട്ട് ചരിത്രാവശിഷ്ടങ്ങളില്‍ നിന്നുവരെ തെളിവുകള്‍ ശേഖരിച്ചവയാണ് ഈ പഠനങ്ങള്‍. ഇക്കൂട്ടത്തില്‍ ഏറ്റവും ആധികാരികമായ രചനയാണ് ഡി എന്‍ ഝായുടെ ദി മിത്ത് ഓഫ് ഹോളി കൗ എന്ന പുസ്തകം. ഋഗ്വേദത്തിലെ മാംസാഹാര പരാമര്‍ശങ്ങള്‍, മൃഗബലിയുടെ വിശദാംശങ്ങള്‍, ഹാരപ്പന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ആഹാര രീതികളെക്കുറിച്ചുള്ള തെളിവുകള്‍, പുരാണങ്ങളിലും ഉപനിഷത്തുകളിലുമുള്ള മൃഗബലിയുടെ വിവരങ്ങള്‍, ബ്രാഹ്മണരുടെ മാംസാഹാര രീതികള്‍, മനുസ്മൃതി മുതല്‍ രാമായണം വരെയുള്ളവയിലെ മാംസാഹാര സങ്കല്‍പങ്ങള്‍ തുടങ്ങിയവയെല്ലാം പഠന വിധേയമാക്കുന്നതാണ് ഝായുടെ പുസ്തകം. ഇത്രയൊക്കെ പ്രത്യക്ഷമായ തെളിവുകളുണ്ടെങ്കിലും പതിറ്റാണ്ടുകളായി വിശുദ്ധ പശുവാദം ഇന്ത്യയില്‍ ശക്തിപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. ചരിത്രപരമായി ഒരു സാധൂകരണവുമില്ലാത്ത ഒരു സങ്കല്‍പത്തിന് എങ്ങിനെയാണ് ഇത്രമേല്‍ സ്വീകാര്യത നേടാനായത്?  ഏത് ആശയവും ദിവ്യത്വം കല്‍പിച്ച്  ആള്‍ക്കൂട്ടം ഏറ്റെടുക്കുന്നതോടെ യുക്തിരഹിതമായ വിശ്വാസവും വൈകാരികമായ ആവേശവുമായി മാറുക സ്വാഭാവികമാണ്. എന്നാല്‍, അത്ര ലളിതമായല്ല വിശുദ്ധ പശു വാദം ഇന്ത്യയില്‍ ഇടം നേടിയത്.


ഇന്ത്യന്‍ ഫാസിസം അതിന്റെ ശത്രുക്കളെ നിര്‍ണയിച്ചതോടൊപ്പം തന്നെ അവരെ നേരിടാനുള്ള വൈകാരിക ചിഹ്നങ്ങളും അവരെ കുറ്റവാളികളായി പ്രഖ്യാപിച്ച് ആക്രമിക്കാനുള്ള എളുപ്പവഴികളും കണ്ടെത്തിയിട്ടുണ്ട്. അതിലൊന്നാണ് ഗോവധം. പശു, ഹൈന്ദവതയുടെ വിശുദ്ധ ചിഹ്നമാണെന്നും അതിനെതിരെ നീങ്ങുന്നവരെല്ലാം ഹിന്ദു വിരുദ്ധരാണെന്നും അവരെല്ലാം വധിക്കപ്പെടാന്‍ അര്‍ഹരാണെന്നുമുള്ള രാഷ്ടീയ ആശയമാണ് പശുവാദത്തിലൂടെ ഫാസിസം മുന്നോട്ടുവച്ചത്. പശുവിനെ ദൈവമായി കാണാത്ത ഇന്ത്യന്‍ മുസ്ലിംകളെ എളുപ്പത്തില്‍ ശത്രുപക്ഷത്തെത്തിക്കാന്‍ ഇതിലൂടെ ഫാസിസത്തിന് കഴിഞ്ഞു. വിശ്വാസപരമായി തന്നെ മൃഗബലി പിന്തുടരുന്ന വിഭാഗമായതിനാല്‍ ഏത് സന്ദര്‍ഭത്തിലും ആക്രമിക്കപ്പെടാന്‍ യോഗ്യരാണെന്ന പ്രതീതിയും  സൃഷ്ടിക്കാനായി. ബ്രിട്ടീഷ് ഇന്ത്യയില്‍ തന്നെ പശുവിനെ ആയുധമാക്കിയുള്ള വര്‍ഗീയ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. 1870കളില്‍ രൂപംകൊടുത്ത പഞ്ചാബിലെ പശുരക്ഷാ പ്രസ്ഥാനവും ഇതിനുപിന്നാലെ ദയാനന്ദ സരസ്വതി സ്ഥാപിച്ച ഗോരക്ഷിണി സഭയും ഇക്കൂട്ടത്തില്‍ ശ്രദ്ധേയമാണ്. മുസ്ലിംകളില്‍ നിന്ന് പശുവിനെ രക്ഷിക്കാനുള്ള പ്രസ്ഥാനങ്ങളായിരുന്നു ഇവ. പില്‍ക്കാലത്തുണ്ടായ ഒട്ടുമിക്ക വര്‍ഗീയ കലാപങ്ങളുടെയും പിന്നില്‍ കായികമായും ആശയപരമായും ഇവ വഹിച്ച പങ്ക് ചെറുതല്ല. സ്വതന്ത്ര ഇന്ത്യയിലും വിശുദ്ധ പശു വാദം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രധാന ആയുധമായിരുന്നു. ഹിന്ദുത്വ ഫാസിസത്തിന് മേല്‍ക്കൈ കിട്ടിയ സ്ഥലങ്ങളിലെല്ലാം പശു ഒരു കലാപ ചിഹ്നമായി മാറി. 1995ല്‍ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാറാണ് ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് ഗോവധ നിരോധത്തിന് നിയമപ്രാബല്യം കൊടുക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഇത്തരം നിയമനിര്‍മാണങ്ങളുടെ എണ്ണവും വേഗവും കൂടിയതായി കാണാം. ഏതെങ്കിലും മതങ്ങളുടെയോ വിഭാഗങ്ങളുടെയോ ആചാരവുമായി ബന്ധപ്പെടുത്തി താല്ക്കാലികമായ നിരോധം ഏര്‍പെടുത്തുന്നത് മുതല്‍ സ്ഥിരമായ നിരോധം വരെ ഇക്കൂട്ടത്തില്‍ സംഭവിക്കുന്നുണ്ട്. ഇങ്ങിനെ ഫാസിസം വിശുദ്ധ പശുവാദത്തിന്റെ പേരില്‍ കാലങ്ങളായി തുടരുന്ന മുസ്ലിം വിരുദ്ധതയിലൂടെ രൂപപ്പെടുത്തിയ ഹിംസാത്മക പ്രത്യയശാസ്ത്രം അതിന്റെ സ്വാഭാവിക രൂപം പ്രാപിച്ചതാണ് യുപിയിലെ ദാദ്രിയില്‍ കണ്ടത്. മുഹമ്മദ് അഖ്‌ലാഖ്, പ്രകോപിതരായ ഒരു ആള്‍കൂട്ടത്തിന്റെ കൈയബദ്ധല്ല, മറിച്ച് ആസൂത്രിതമായ കാവി ഭീകരതയുടെ ഇരയാണെന്നര്‍ഥം.

അഖ്‌ലാഖിന്റെ മരണത്തെതുടര്‍ന്നുണ്ടായ നാലുതരം പ്രതികരണങ്ങള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. സംഘ്പരിവാര്‍ നേതാക്കള്‍ സ്വാഭാവികമായും സംഭവത്തെ ന്യായീകരിച്ചു. അവരെ സംബന്ധിച്ചേടത്തോളം ഈ കലാലപും അതിനെതിരായ പ്രതിഷേധവും പൊലീസ് നടപടിയുമെല്ലാം കൂടുതല്‍ രൂക്ഷമായ വര്‍ഗീയവത്കരണത്തിനുള്ള ഉപാധികളാണ്. പ്രധാനമന്ത്രി മുതല്‍ അധികാരത്തിലിരിക്കുന്ന സംഘ്പരിവാര്‍ നേതാക്കളെല്ലാം ഇതിനോട് മൗനംപാലിച്ചതും അതുകൊണ്ടുതന്നെയാണ്. എന്നല്ല, കൊലപാതകത്തെ ന്യായീകരിച്ചും കൂടുതല്‍ കലാപത്തിന് ആഹ്വാനം ചെയ്തും അവര്‍ സന്ദര്‍ഭം മുതലെടുക്കുകയും ചെയ്യുന്നു. രാജ്യമാകെ പ്രതിഷേധമുയര്‍ത്തുന്ന സന്ദര്‍ഭത്തിലും നിര്‍ഭയം കലാപാഹ്വാനം നല്‍കാന്‍ ഫാസിസത്തെ പ്രാപ്തമാക്കുന്ന തരത്തിലേക്ക് ഇന്ത്യന്‍ സാമൂഹ്യ സാഹചര്യം പരിവര്‍ത്തിപ്പിക്കപ്പെട്ടിരിക്കുന്നു.

ഈ ഫാസിസ്റ്റ് അനുകൂല സാഹചര്യങ്ങള്‍ക്ക് ഇണങ്ങുംവിധമാണ് ഫാസിസത്തിനെതിരെ നിലപാടെടുക്കുന്നവരില്‍ നിന്നുപോലുമുണ്ടാകുന്ന പ്രതികരണങ്ങള്‍. രണ്ടുതരത്തിലാണ് ഇത്തരം പ്രതികരണങ്ങളുണ്ടായത്. സ്വന്തം ഭക്ഷണം നിര്‍ണയിക്കാനുള്ള ഒരാളുടെ അവകാശത്തിന് മേലുള്ള കൈയ്യേറ്റമായാണ് ഒരുവിഭാഗം ഇതിനെ കണ്ടത്. ഭക്ഷണ സ്വാതന്ത്ര്യം, പൗരാവകാശം തുടങ്ങിയവക്കെതിരായ വെല്ലുവിളി എന്ന നിലയില്‍  ഇവര്‍ ഈ സംഭവത്തെ സമീപിക്കുന്നു. എന്നാല്‍ മറ്റൊരു വിഭാഗം മത വര്‍ഗീയത ഒരു സമൂഹത്തെ നശിപ്പിക്കുകയും നിന്ത്രിക്കുകയും ചെയ്യുന്നതിന്റെ ദുരന്തഫലമാണിതെന്ന രീതിയിലാണ് ഇതിനെ നേരിടുന്നത്.  അതുകൊണ്ടുതന്നെ ഈ കൊലപാതകത്തിനെതിരായ ഏതുപ്രതികരണവും എല്ലാ തരം മത വര്‍ഗീയതകള്‍ക്കുമെതിരായ സമരം കൂടിയായിരിക്കണമെന്നതായിരുന്നു അവരുടെ സമീപനം. പന്നിയിറച്ചി കഴിക്കരുതെന്ന മുസ്‌ലിം മത വിശ്വാസം ഇന്ത്യയില്‍ പാലിക്കരുതെന്നും അവരും ഇനി പന്നിയിറച്ചി കഴിച്ചുതുടങ്ങണമെന്നും വരെ വാദങ്ങളുണ്ടായി. ഇന്ത്യന്‍ ഫാസിസത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കഡ്ജു പോലും ഈ വിഷയത്തില്‍ നടന്ന സംവാദത്തിന്റെ ഒരു ഘട്ടത്തില്‍ ഇത്തരമൊരു നിലപാടെടുത്തു. ഭക്ഷണ സ്വാതന്ത്ര്യത്തെനെതിരായ കയ്യേറ്റവും മതവര്‍ഗീയതയുമെല്ലാം പ്രതിരോധിക്കേണ്ട അപകടങ്ങള്‍ തന്നെയാണ്. എന്നാല്‍ ഒരു വ്യാജ പ്രചാരണം മറയാക്കി ഇന്ത്യന്‍ ഫാസിസം അതിന്റെ പ്രഖ്യാപിത ഒന്നാം ശത്രുവായ മുസ്ലിമിനെ കൊലക്കത്തിരിയാക്കുന്പോള്‍ ഭക്ഷ്യ സംസ്‌കാരവും ആഹാരാവകാശവും പ്രതി വര്‍ഗീയതയുമല്ല പ്രശ്‌നവല്‍കരിക്കേണ്ടത്. മറിച്ച് ഫാസിസെത്തയും അതിന്റെ പ്രത്യയശാസ്ത്രത്തെയും തന്നെയാണ്. അതുവിട്ട് പ്രതിരോധം ഉപ വിഷയങ്ങളിലേക്ക് വഴിമാറുന്പോള്‍ ഫാസിസത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ക്ക് പരോക്ഷമായ സ്വീകാര്യതയാണ് ലഭിക്കുന്നത്. മതേതര പക്ഷമെന്ന് അറിയപ്പെടുന്നവരില്‍നിന്ന് തന്നെ ഇത്തരം പ്രതികരണങ്ങളുണ്ടാകുന്പോള്‍ വിശേഷിച്ചും.


മതേതര പക്ഷത്ത് നിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങള്‍ ഫാസിസത്തിനെതിരായ പ്രതിരോധത്തെ എത്രമാത്രം ദുര്‍ബലപ്പെടുത്തുമെന്നതിന് തെളിവാണ് അഖ്‌ലാഖിന്റെ മകള്‍ സാജിദയുടെ പ്രതികരണം. ഞങ്ങളുടെ വീട്ടില്‍ ആട്ടിറച്ചിയേയുള്ളു, പശുവിറച്ചി ഉണ്ടായിരുന്നില്ല എന്ന് വിശദീകരിച്ച സാജിദ പരിശോധനക്ക് അയച്ചത് പശു ഇറച്ചിയല്ലെന്ന് തെളിഞ്ഞാല്‍ ഞങ്ങളുടെ ഉപ്പയെ തിരിച്ചുതരാന്‍ നിങ്ങള്‍ക്കാകുമോ എന്നായിരുന്നു ചോദിച്ചത്. അങ്ങേയറ്റം ദുര്‍ബലമായിപ്പോയ ഇന്ത്യന്‍ മതേതര പൊതു ഇടത്തില്‍ ഒരു മുസ്‌ലിം കുടുംബം അനുഭവിക്കുന്ന നിസ്സഹായതയാണ് ഈ ചോദ്യം. ഞങ്ങള്‍ സൂക്ഷിച്ചത് പശുവിറച്ചിയായിരുന്നുവെങ്കില്‍ ഈ കൊലപാതകത്തില്‍ ഞങ്ങളും കുറ്റക്കാരാണ് എന്ന പരോക്ഷ സമ്മതമാണ് ഈ ചോദ്യത്തില്‍ ഉള്ളടങ്ങിയിട്ടുള്ളത്. അഥവ ഗോമാംസം കഴിക്കുന്നത് കുറ്റകരമാണ് എന്ന ഫാസിസ്റ്റ് പ്രചാരണം ശരിയാണെന്ന് ഇവര്‍ക്ക് (പറയാതെ) പറയേണ്ടിവരുന്നു.
ഫാസിസം അതിന്റെ വര്‍ഗീയായുധങ്ങള്‍ക്ക് വ്യാജ പ്രചാരണത്തിലൂടെ നേടിയെടുത്ത പൊതുസമ്മിതിയാണ് ഈ പ്രസ്താവനകള്‍ സൃഷ്ടിക്കുന്നത്.

ഞങ്ങള്‍ കഴിച്ചത് പശു ഇറച്ചിയാണെങ്കില്‍പോലും ഞങ്ങളുടെ പിതാവിനെ വധിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം എന്ന് ചോദിക്കാനുള്ള കരുത്താണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ മതേതര ഇടം സാജിദക്ക് നല്‍കേണ്ടിയിരുന്നത്. ഈ ചോദ്യമുന്നയിച്ചാല്‍ തന്നെ അതിനെ ജനാധിപത്യ പരമായി സ്വീകരിക്കാനുള്ള ശേഷിയും ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തിനില്ല. എന്നല്ല, ആ ചോദ്യം തന്നെ ഫാസിസത്തിന്റെ ഇരകളെ വീണ്ടും ആക്രമിക്കാനുള്ള മതിയായ ന്യായമായി മാറുകയും ചെയ്യും. ഫാസിസത്തിന്റെ വ്യാജ പ്രചാരണങ്ങള്‍ക്ക് പലകാരണങ്ങളാല്‍ പൊതുസമൂഹം നല്‍കിയ സ്വീകാര്യതകളാല്‍ അങ്ങേയറ്റം ദുര്‍ബലമായിപ്പോയ മതേതര ഇടത്തില്‍ നിന്നുകൊണ്ട് അത്തരമൊരു ചോദ്യമുന്നയിക്കാന്‍ പോലും ഒരു സാധാരണ മുസ്ലിമിന് ഇന്ന് കഴിയില്ല. ഈ നിസ്സഹായത മറികടക്കാന്‍ ഇന്ത്യന്‍ മതേതര സമൂഹം പ്രാപ്തരാകണമെങ്കില്‍ ഫാസിസത്തിനെതിരായ പ്രതിരോധം സൂക്ഷ്മവും  ജാഗ്രത്തുമായിരിക്കണം. അഖ്‌ലാഖിന്റെ കൊലപാതകം ഭക്ഷ്യ സ്വാതന്ത്ര്യത്തിനെതിരായ കൈയ്യേറ്റമോ കേവല മത വര്‍ഗീയതയുടെ അഴിഞ്ഞാട്ടമോ അല്ലെന്നും പ്രോപഗണ്ടകള്‍ വഴി ഫാസിസം ആത്യന്തികമായി ലക്ഷ്യമിടുന്ന മുസ്ലിം/ശത്രു ഉന്മൂലനം തന്നെയായിരുന്നു എന്ന രാഷ്ട്രീയ തിരിച്ചറിവ് നേടുകയും ആ രീതിയില്‍ കാവി ഭീകരതതയെ പ്രതിരോധിക്കുകയുമാണ് അതിന് വേണ്ടത്.

ഫാസിസം അതിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രം രൂപപ്പെടുത്താനും അതിന് സ്വീകാര്യതയുണ്ടാക്കാനും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ ആസൂത്രിതമായ കലാപമാക്കി മാറ്റുന്നതെങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് ദാദ്രി. പശുവിറച്ചിയുടെ ഒരു കഷണം പോലുമെടുക്കാനില്ലാത്ത ഒരു വീടിനുമേല്‍ ഗോഹത്യയെന്ന 'വന്‍പാപം' ചാര്‍ത്തുന്നതും അതിന് ശിക്ഷ വിധിക്കുന്നതും ആ ശിക്ഷ നടപ്പാക്കുന്നതുമെല്ലാം മിനുട്ടുകള്‍ കൊണ്ടാണ് സാധ്യമാക്കിയത്. വധിക്കുന്നതിന് ഏതാനും ദിവസം മുന്പ് ചില സമീപവാസികള്‍ തന്റെ മകനെ പാക്കിസ്ഥാനി എന്ന് വിളിച്ച് അധിക്ഷേപിക്കുകയും പ്രകോപനങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്ന് അഖ്‌ലാഖിന്റെ ഉമ്മ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഒരാളെ വധിക്കാന്‍ തീരുമാനിച്ച ശേഷം ഗോമാംസം ഒരു കാരണമാക്കി മാറ്റുകയാണ് അവിടെ കാവി ഭീകരര്‍ ചെയ്തത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഫാസിസം അതിന്റെ പ്രവര്‍ത്തന മേഖലയില്‍ നടത്തുന്ന എത്ര ചെറിയ വ്യാജ പ്രചാരണവും സുസംഘടിതവും ആസൂത്രിതവുമായ ഒരു കലാപത്തിനുള്ള ദീര്‍ഘകാല നിക്ഷേപമാണ്. ആ പ്രചാരണത്തിന് വശംവധരായവര്‍ അനുയോജ്യമായ ഒരു സന്ദര്‍ഭത്തില്‍ ഫാസിസത്തിന്റെ കൈയ്യിലെ ആയുധങ്ങളായി മാറും. ലറ്റര്‍ ബോംബ് മുതല്‍ ലൗജിഹാദ് വരെ കാവി ഭീകര കേന്ദ്രങ്ങള്‍ അഴിച്ചുവിട്ട മുസ്ലിം വിരുദ്ധ വ്യാജ പ്രചാരണങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയ നാടാണ് കേരളം. മുഖ്യധാരാ മാധ്യമങ്ങള്‍ തൊട്ട് മുസ്ലിം നേതാക്കള്‍ വരെ ഈ പ്രചാരണങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തിരുന്നു. ഇത് കേരളത്തില്‍ വലിയ തോതിലുള്ള വര്‍ഗീയ ദ്രുവീകരണത്തിനാണ് വഴിതുറന്നത്. അത് നാള്‍ക്കുനാള്‍ ശക്തിപ്പെടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ, ഒരു രാഷ്ട്രീയ വകതിരിവുമില്ലാത്തവിധം ഫാസിസത്തിന്റെ പ്രോപഗണ്ടകളില്‍  നിരന്തരം വീണുകൊണ്ടിരിക്കുന്ന കേരളീയ പൊതുസമൂഹത്തിന് ദാദ്രി വലിയ വിപത്‍സന്ദേശവും നല്‍കുന്നുണ്ട്.

(സുപ്രഭാതം, 07..10..2015)

Thursday, October 1, 2015

സ്വാശ്രയം : ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ നിയന്ത്രിക്കുന്നതാര്?


കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും വിവാദങ്ങളില്ലാത്ത സ്വാശ്രയ വിദ്യാഭ്യാസ വര്‍ഷാരംഭം ഉണ്ടായിട്ടില്ല. ഫീസും സീറ്റും നിശ്ചയിക്കുതില്‍ കോളജ് ഉടമകളും സര്‍ക്കാറും നടത്തുന്ന ചര്‍ച്ചകളെയും അതിനെത്തുടര്‍ന്ന് രൂപപ്പെടുത്തുന്ന കരാറുകളെയും ചുറ്റിപ്പറ്റിയാണ് എല്ലാ വിവാദങ്ങളും അരങ്ങേറുക. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെക്കുറിച്ച ചര്‍ച്ചകള്‍ ത െഈ വിഷയങ്ങളിലേക്ക് പരിമിതപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഈ പതിവ് ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ സങ്കീര്‍ണമായ പ്രതിസന്ധിയാണ് സ്വാശ്രയ മെഡിക്കല്‍ മേഖലയിലുണ്ടായിരിക്കുന്നത്. സര്‍ക്കാറിന്റ പ്രഖ്യാപിത സ്വാശ്രയ നയങ്ങള്‍ക്ക് വിരുദ്ധമായി ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് അനുകൂലമായെടുത്ത തീരുമാനം സ്വാകാര്യമായി നടപ്പാക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുസ്ലിം മാനേജ്‌മെന്റുകളോട് വിവേചനപരമായി പെരുമാറുന്നു എന്ന് കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളിലൊന്നായ എം ഇ എസ് പരസ്യമായി വിമര്‍ശമുയിക്കുന്നിടത്തോളം കാര്യങ്ങള്‍ എത്തുകയും ചെയ്തു. 

രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതായിരുന്നു സ്വാശ്രയ കോളജുകള്‍ ആരംഭിക്കുമ്പോള്‍ മുന്നോട്ടുവച്ച ആശയം. വിദ്യാഭ്യാസം പൊതുസംവിധാനത്തിലൂടെ മാത്രമെന്ന വിശ്വാസത്തിലുറച്ചുപോയ കേരളീയ പൊതുമനസ്സാക്ഷിയെ സ്വാശ്രയ മേഖലയോട് ഇണക്കിയെടുക്കാന്‍ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയാണ് ഈ തത്വം മുന്നോട്ടുവച്ചത്. പില്‍ക്കാല സ്വാശ്രയ വ്യവഹാരങ്ങളില്‍ 50-50 എന്നറിയപ്പെട്ട ഫോര്‍മുലയായിരുന്നു ഇതിന്റെ കാതല്‍. കോളജുകള്‍ പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കുക, അതില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന (കുറഞ്ഞ) ഫീസ് ഈടാക്കി മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റടിസ്ഥാനത്തില്‍ പ്രവേശം നല്‍കുക, അവശേഷിക്കുന്ന പകുതി സീറ്റില്‍ മാനേജ്മന്റുകള്‍ തന്നെ ഫീസ് നിശ്ചയിക്കുകയും കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുക -ഇതായിരുന്നു 50-50 സങ്കല്‍പത്തിന്റെ അടിസ്ഥാനം. തുടക്കത്തില്‍ ഇതിനനുസൃതമായ രീതിയില്‍ തെയാണ് കാര്യങ്ങള്‍ ഏറെക്കുറെ നീങ്ങിയത്. എന്നാല്‍ സ്വകാര്യ നിക്ഷേപകര്‍ അവരുടെ വ്യവസായത്തിന് കൂടുതല്‍ ലാഭകരമായ വഴികളന്വേഷിച്ച് തുടങ്ങിയതോടെ സ്വാശ്രയം അപരിഹാര്യമായ സങ്കീര്‍ണതകളിലേക്ക് വഴിതിരിഞ്ഞു. വിവിധ ഹൈക്കോടതികളിലും സുപ്രിംകോടതിയിലുമായി നൂറുകണക്കിന് കേസുകള്‍ വന്നു. 50-50യെ എതിര്‍ത്തും അനുകൂലിച്ചും വിധികളുണ്ടായി. ഇതിനിടയിലാണ് മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്മന്റുകള്‍ ന്യൂനപക്ഷ പദവിയെന്ന പുതിയ ആയുധം പുറത്തെടുത്തത്.

ന്യൂനപക്ഷ പദവി സ്വകാര്യ കോളജ് ഉടമകള്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളാണ് നല്‍കിയത്. ഫീസ് നിശ്ചയിക്കാനും പ്രവേശം നടത്താനും കോളജുകള്‍ക്ക് പൂര്‍ണ അധികാരം ലഭിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് വേണ്ടി അനുവദിച്ചുകൊടുത്ത ഭരണഘടനാപരമായ അവകാശങ്ങള്‍, അനിയന്ത്രിതമായ വിദ്യാഭ്യാസ കച്ചവടത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഭൂരിഭാഗം കോളജുടമകളും ചെയ്തത്. കേരളത്തില്‍ ഈ അവകാശം ആദ്യം ആയുധമാക്കിയത് കത്തോലിക്ക സഭയുടെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജുകളാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് കത്തോലിക്ക സഭ സര്‍ക്കാറുമായുള്ള സ്വാശ്രയ ബന്ധങ്ങള്‍ പൂര്‍ണമായി വിച്ഛേദിക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളുടെ മറപറ്റി, മെഡിക്കല്‍ പ്രവേശനവും ഫീസ് നിശ്ചയിക്കലുമെല്ലാം അവ സ്വയം നിര്‍വഹിച്ചു. സഭക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കാനേ ഇടതുസര്‍ക്കാറിന് കഴിഞ്ഞുള്ളൂ. പ്രതിപക്ഷത്തായിരിക്കെ നടത്തിയ സ്വാശ്രയ വിരുദ്ധ സമരങ്ങള്‍ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള നിക്ഷേപമാക്കി മാറ്റി അധികാരത്തിലെത്തിയവര്‍ക്ക് കൈയ്യിലുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള രാഷ്ട്രീയ ധീരത പോലുമുണ്ടായില്ല. സ്വാശ്രയത്തില്‍ കോളജുടമകളാണ് സര്‍വാധികാരികളെന്ന ധാരണ കേരത്തില്‍ സൃഷ്ടിക്കുതില്‍ ഈ സര്‍ക്കാര്‍ നിലപാട് വലിയ പങ്കുവഹിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാറുമയി കരാറുണ്ടാക്കുക എന്ന വാര്‍ഷിക പദ്ധതിയില്‍നിന്ന് കത്തോലിക്ക സഭ പിന്മാറുന്നത്. എല്ലാ സീറ്റിലും ഒരേ ഫീസ് വാങ്ങാനും പ്രവേശം സ്വന്തം റാങ്ക് ലിസ്റ്റില്‍ നിന്ന് നടത്താനും സഭ തീരുമാനിച്ചു. അതേസമയം തന്നെ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ 50-50 പാലിച്ച് സര്‍ക്കാറുമായി കരാറുണ്ടാക്കാന്‍ സന്നദ്ധമായി. സര്‍ക്കാറിനോട് സഹകരിക്കുന്ന മെഡിക്കല്‍ കോളജ് മാനേജ്മന്റ് അസോസിയേഷനും സര്‍ക്കാറിനെ വെല്ലുവിളിക്കുന്ന ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനുമായി കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ മേഖല രണ്ടായി പിളര്‍ന്നു.


രണ്ടുചേരിയിലായ സ്വാശ്രയ മാനേജ്‌മെന്റുകളെ ഒരുപോലെ സര്‍ക്കാറിനൊപ്പം നിര്‍ത്താനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യ വര്‍ഷം ശ്രമിച്ചത്. 50-50 യില്‍ ഊന്നിനിന്നാണ് ആദ്യകാല ചര്‍ച്ചകളത്രയും നടന്നത്. എന്നാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ വഴങ്ങിയില്ല. ഫീസ് നിശ്ചയിക്കാനും കുട്ടികളെ തെരഞ്ഞെടുക്കാനുമുള്ള പൂര്‍ണാധികാരമില്ലെങ്കില്‍ കരാറിനില്ലെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. രണ്ടാം വര്‍ഷം കത്തോലിക്ക സഭയുടെ എല്ലാ അവകാശവാദങ്ങളും അംഗീകരിച്ചുകൊണ്ട് തന്നെ കരാറിന് സര്‍ക്കാര്‍ സന്നദ്ധമായി. ഇതോടെ 50-50 എന്ന യുഡിഎഫിന്റെ പ്രഖ്യാപിത നയം അട്ടിമറിക്കപ്പെട്ടു. ക്രോസ് സബ്‌സിഡി എന്ന് വിളിക്കുന്ന മെറിറ്റ് സീറ്റിലെ കുറഞ്ഞ ഫീസ് എന്ന് തത്വുവും അട്ടിമറിച്ചു. ഈ വ്യവസ്ഥകളെല്ലാം മറച്ചുവച്ച്, കത്തോലിക്ക സഭക്ക് പൊതുജന മധ്യത്തില്‍ സ്വീകാര്യതയുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്്. ഇതോടെ സര്‍ക്കാറുമായി വര്‍ഷങ്ങളായി സഹകരിച്ചിരുന്ന ആറ് കോളജുകള്‍ ഇടഞ്ഞു. സ്വാശ്രയ കോളജുകളുടെ എല്ലാ ദുഷിപ്പുകളും ഉണ്ടെങ്കിലും പരിമിതമായ രീതീയിലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തിന് ഗുണകരമാകുന്ന നിലപാട് സ്വീകരിച്ചവയായിരുന്നു ഈ കോളജുകള്‍. എല്ലാ തരം സാമൂഹ്യ പ്രതിബദ്ധതയും മാറ്റിവച്ച്, സ്വാശ്രയത്തില്‍ കത്തോലിക്ക സഭയുടെ അഭിമാനം സംരക്ഷിക്കല്‍ മാത്രം സര്‍ക്കാര്‍ മുഖ്യ അജണ്ടയാക്കിയതോടെയാണ് കരാറില്‍ നിന്ന് പിന്മാറാന്‍ ഈ കോളജുകള്‍ തീരുമാനിക്കുന്നത്. പക്ഷെ, ന്യൂനപക്ഷ പദവിയില്ലാത്ത കോളജുകളെയെല്ലാം നിയമനടപടിയുടെ ഭീഷണിയുയര്‍ത്തി സര്‍ക്കാര്‍ കൂടെ നിര്‍ത്തി. ന്യൂനപക്ഷ പദവിയുള്ളവരാകെട്ട നേരത്തെ ക്രിസ്ത്യന്‍ കോളജുകള്‍ സ്വീകരിച്ചതുപോലെ, സര്‍ക്കാറിനെ വെല്ലുവിളിച്ച് സ്വന്തം നിലയിലെ പ്രവേശ നടപടികളുമായി മുന്നോട്ടുപോയി. ന്യൂനപക്ഷ പദവി ഉണ്ടായിരിക്കെ തന്നെ 13 വര്‍ഷമായി സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്.  

മുസ്ലിം, ക്രിസ്ത്യന്‍ കോളജുകള്‍ക്ക് രണ്ടുതരം വ്യവസ്ഥകള്‍ ഏര്‍പെടുത്താന്‍ തുടങ്ങിയതോടെ തന്നെ സര്‍ക്കാറുമായി സഹകരിക്കുന്ന കോളജുകള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ വര്‍ഷത്തെ കരാറില്‍ നിന്ന് രണ്ട് മുസ്ലിം മാനേജ്‌മെന്റ് കോളജുകള്‍ ഇക്കാരണത്താല്‍ മാത്രം പിന്മാറി. ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അനുവദിച്ച അതേ വ്യ്വസ്ഥകളോടെയാണെങ്കില്‍ കരാറിന് സന്നദ്ധമാണെ് അറിയിച്ചാണ് ഇവ പിന്‍മാറിയത്. എന്നാല്‍ ക്രിസ്ത്യന്‍ കോളജ് മോഡല്‍ കരാര്‍ ഇവരുമായുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതില്‍ ഒരു കോളജ്, കരാറിന് സന്നദ്ധമാണെും അതിന് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട്് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് കക്ഷികള്‍ തമ്മില്‍ കരാറിലെത്താന്‍ ആവശ്യപ്പെടാന്‍ കോടതിക്ക് കഴിയില്ലെന്ന് ചീണ്ടിക്കാട്ടി കോടതി ആ കേസ് അവസാനിപ്പിച്ചു. എന്നാല്‍ അതിന്റെ വിധിയില്‍ മുസ്ലിം, ക്രിസ്ത്യന്‍ മാനേജ്‌മെന്‌റുകളോട് വിവേചനപരമായ വ്യവസ്ഥകള്‍ വക്കുന്നതിനെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു. ''സര്‍ക്കാര്‍ ഒരു നയപരമായ തീരുമാനമെടുക്കുമ്പോള്‍ അത് നീതിപൂര്‍വവും യുക്തിസഹവും നിഷ്പക്ഷവുമായിരിക്കണം. വ്യ്ത്യസ്ത മാനേജ്‌മേന്റുകള്‍ക്ക് വ്യത്യസ്ത മാനദണ്ഡം എന്നത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ല''  (WP(C) NO. 19149 OF 2013 (P), KERALA HIGH COURT) എന്നായിരുന്നു കോടതിയുടെ താക്കീത്. എന്നിട്ടും അതേ വിവേചനം ഈ വര്‍ഷവും തുടരാന്‍ തന്നെ സര്‍്ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന്റെ ഈ നിലപാടാണ് ഇത്തവണ സ്വാശ്രയ മെഡിക്കല്‍ മേഖലയെ താറുമാറാക്കിയത്. 

സ്വാശ്രയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്നും ആരാണ് ഈ നയങ്ങള്‍ നിശ്ചയിക്കുന്നത് എന്നുമുള്ള മൗലികമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തുന്നത്. സര്‍ക്കാറിന്റെ പ്രഖ്യാപിത സ്വാശ്രയ നയം 50-50 ആണ്. ഒരുപാട് ദൗര്ബല്യങ്ങളും പരിമിതികളുമുണ്ടെങ്കിലും സാമൂഹ്യ നീതി സംരക്ഷിക്കുന്ന നിലപാടും അതുതന്നെയാണ്. ആ നയത്തിലേക്ക് എല്ലാ സ്വാശ്രയ കോളജുകളെയും എത്തിക്കുക എന്നതാണ് സര്‍്ക്കാര്‍ ചെയ്യേണ്ടിരുന്നത്. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്. എല്ലാതരം സാമൂഹ്യ പ്രതിബദ്ധതാ ഘടകങ്ങളെയും നിരാകരി്ച്ച് ഏകപക്ഷീയമായി മുന്നോട്ടുപേകുന്ന കത്തോലിക്ക സഭാ കോളജുകളുടെ താല്‍പര്യത്തിന് വഴങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങിനെ വഴങ്ങുന്നതിലൂടെ കേരളീയ സമൂഹത്തിന് സവിശേഷമായി എന്തെങ്കിലും പ്രയോജനം ലഭിച്ചിരുന്നെങ്കില്‍ അതിനെ ന്യായീകരിക്കാമായിരുന്നു. ഇവിടെ അതുമുണ്ടായില്ല. കരാര്‍ പ്രകാരം, എല്ലാ സീറ്റിലും പ്രവേശനം നടത്താനുള്ള അധികാരം സഭക്ക് തന്നെയാണ്. ഫീസ് നിശ്ചയിക്കുന്നതും സഭ തന്നെയാണ്. മെറിറ്റ് സീറ്റ് എന്ന സങ്കല്‍പമേ ഇല്ല. ആകെയുള്ളത്, പ്രവേശന പരീക്ഷാ കമ്മീഷണര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് 50 ശതമാനം സീറ്റിലേക്ക് കുട്ടികളെ പരിഗണിക്കുമെന്നത് മാത്രമാണ്. അതില്‍പോലും കൃത്യമായി റാങ്ക് പാലിക്കണെമെന്നുമില്ല. റാങ്ക് പാലിച്ചാലും പണം മുടക്കാന്‍ കഴിയുന്നവര്‍ക്കേ അവസരം ലഭിക്കൂ. പ്രതിലോമകരമായ സ്വാശ്രയ നിലപാടുകളിലൂടെ പൊതുസമൂഹത്തിന് മുന്നില്‍ കുറ്റവാളികളെപ്പോലെ നില്‍ക്കുകയായിരുന്ന കത്തോലിക്ക സഭയെ കരാറിന്റെ പേരില്‍ മാന്യതയുടെ മൂഖംമൂടിയണിയിച്ച് കേരളത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വഴിയൊരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. അതിലൂടെ കേരളത്തിന് നഷ്ടപ്പെട്ടതാകട്ടെ പരിമിതമായെങ്കിലും സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ നിലനിന്നുപോന്ന സാമൂഹ്യനീതി സങ്കല്‍പമാണ്. ഏതാനും മിടുക്കരായ കുട്ടികള്‍ക്ക് കിട്ടുമായിരു കുറഞ്ഞ ചിലവിലെ പഠനാവസരമാണ്. സര്‍ക്കാറിന്റെ മുന്‍ഗണനകള്‍ ഇതൊന്നുമല്ലെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെടുമ്പോഴാണ് സെക്രട്ടേടിയറ്റിലല്ല, കത്തോലിക്കാ സഭയുടെ അരമനകളിലാണ് ഉമ്മന്‍ചാണ്ടിയുടെ സ്വാശ്രയ നയം തീരുമാനിക്കപ്പെടുത് എന്ന്് സംശയിക്കേണ്ടിവരുന്നത്.



സര്‍വത്ര ലാഭ കേന്ദ്രിതമായ സ്വാശ്രയ പ്രൊഫഷണല്‍ മേഖലയില്‍ താരതമ്യേന മെച്ചപ്പെട്ട ഫോര്‍മുല എന്ന നിലക്കാണ് 50-50ക്ക് കേരളത്തില്‍ സ്വീകാര്യത ലഭിച്ചത്. പകുതി മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസെന്ന തത്വം തന്നെയായിരുന്നു തുടക്കത്തില്‍ നടപ്പായത്. എന്നാല്‍ സ്വാശ്രയ കോളജ് ഉടമകളുടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ അധികകാലം സര്‍ക്കാറിനായില്ല. സര്‍ക്കാര്‍ ഫീസ് എന്നത് പിന്നീട്, സര്‍ക്കാര്‍ നിശ്ചയിക്കുന്ന താരതമ്യേന കുറഞ്ഞ ഫീസെന്ന നിലയിലേക്ക് മാറി. അതുതന്നെ ഓരോ വര്‍ഷവും പരിഷ്്്കരിച്ചുകൊണ്ടിരുന്നു. പരിഷ്‌കരണം എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ മാറ്റം എന്നതല്ല പ്രയോഗത്തില്‍ സംഭവിച്ചത്. മറിച്ച്് ഉടമകള്‍ക്ക് കൂടുതല്‍ ലാഭകരമായ രീതിയിലാണ് ഓരോതവണയും പരിഷകരിക്കപ്പെട്ടത്. മെറിറ്റില്‍ തന്നെ മൂന്നുതരം ഫീസ് ഒടുക്കേണ്ടി വരുന്ന സ്ഥിതിവ്ിശഷമാണ് ഇപ്പോള്‍. എങ്കില്‍ തന്നെയും യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട പഠനാവസരം നല്‍കാന്‍ കഴിയുന്നുണ്ട്. ഇക്കാര്യം മറ്റാരേക്കാളും നന്നായി അറിയുന്നയാളും ഉമ്മന്‍ചാണ്ടി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഈ രീതിയില്‍ ഇതുവരെ കരാറിന് സന്നദ്ധമായിരുന്ന മുസ്ലിം മാനേജ്‌മെന്റുകള്‍, ക്രിസ്ത്യന്‍ കോളജുകളുടെ മാതൃകയിലേക്ക് മാറുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. അതേകാരണത്താലാണ്, സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായിട്ടും ക്രിസ്ത്യന്‍ കോളജുകള്‍ക്ക് അവരുടെ താല്‍പര്യപ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചത് ദുരൂഹമാകുന്നതും. കരാറാകട്ടെ തികച്ചും ഏകപക്ഷീയവും സര്‍ക്കാറിന്റെ എല്ലാ അവകാശങ്ങളും നിരാകരിക്കുന്നതുമാണ്. കരാറിലെ മൂന്നാം വ്യവസ്ഥ ഇക്കാര്യം സ്പഷ്ടമായി പറയുന്നുണ്ട്. ക്രിസ്ത്യന്‍ കോളജ് മാനേജ്‌മേന്റേ ഫെഡറേഷനോ അതിലെ അംഗങ്ങള്‍ക്കോ പ്രവേശനകാര്യത്തിലുള്ള ഉപാധിരഹിതമായ അവകാശത്തെ കരാര്‍ ഒരുതരത്തിലും ബാധിക്കില്ല എന്നതാണ് ഈ വകുപ്പ്. ഒരു കരാറുമില്ലാതെ ഈ കോളജുകള്‍ ചെയത്ുകൊണ്ടിരിക്കുന്നത് തന്നെയാണ് കരാറിന് ശേഷവും സംഭവിക്കുക എന്നാണെങ്കില്‍ കേരളത്തിലെ ആറ് പ്രമുഖ സ്വാശ്രയ കോളജുകളെ പിണക്കി ഇത്തരെമൊരു കരാറുണ്്ാ്‌ക്കേണ്ടിവന്നതിന്റെ അടിയന്തിര സാഹചര്യം കേരളത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് ഏറെ പ്രയാസപ്പെടേണ്ടിവരും. 

ഒരു സര്‍ക്കാര്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകള്‍കൂടി അട്ടിമറിച്ചാണ് ക്രിസ്ത്യന്‍ മാനേജ്മ്ന്റുകളുമായി ഉമ്മന്‍ചാണ്ടി കരാറുണ്്ക്കിയിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി മൂന്നുകൊല്ലത്തേക്കാണ് ഇത്തവണത്തെ കരാര്‍. ഓരോവര്‍്ഷവുമുണ്്ടാകുന്ന അനിശ്ചിതത്വത്തിന് ഇത് പരിഹാരമാകുമെന്ന് സര്‍ക്കാറിന് വാദിക്കാം. എന്നാല്‍ അടുത്ത രണ്ട് വര്‍ഷം കൂടി ഫീസ് വര്ധിപ്പിക്കാനുള്ള അനുമതിയും ഇതിലൂടെ നല്‍കിയിട്ടുണ്ട്. കാലാവധി തീരാനിരിക്കുന്ന ഒരു സര്‍ക്കാറാണ് ജനോപകാരപ്രദമല്ലാത്ത ഒരു കരാറിന് ദീര്‍ഘകാല പ്രാബല്യം നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ കോളജുകളുടെ നിലപാടിനോട് വിയോജിപ്പുള്ളവര്‍ അധികാരത്തിലെത്തിയാലും കത്തോലിക്ക സഭയുടെ ആവശ്യങ്ങള്‍ക്ക് ഭംഗം വരരുതെന്ന കാര്യത്തില്‍ ഒരുതരം അമിത താല്പര്യം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചിട്ടുണ്ടെന്ന് വ്യക്തം. ന്യൂനപക്ഷ പദവിയുള്ള മുസ്്‌ലിം കോളജുകളില്‍ ഒന്നിനുപോലും നിസ്വാര്‍ഥമായ സമുദായ സേവനമോ സാമൂഹിക നീതിയോ കച്ചവടത്തേക്കാള്‍ വലിയ ലക്ഷ്യമല്ലെന്ന് പൂര്‍ണ ബോധ്യമുള്ളപ്പോള്‍ തന്നെ  അവ സാമൂദായിക വിവേചനം നേരിടുന്നുവെന്നും ക്രൈസ്തവ സഭാ കോളജുകള്‍ക്ക് അവിഹിതമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്നും പറയേണ്ടിവരുന്നതും ഇക്കാരണത്താലാണ്.

(MADHYAMAM ... 21..09..2015)

Sunday, August 9, 2015

അസിസ്റ്റന്റ് പ്രൊഫസറുടെ വിപണി വില


കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല സ്​കൂള്‍ ഓഫ്​ ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡിവലപ്മെന്‍റ് സ്റ്റഡീസില്‍ ഗാന്ധിയന്‍ തോട്ടിലുള്ള എംഎ കോ‍ഴ്സ്​ ലോകത്ത് മറ്റെങ്ങും കിട്ടാത്ത അപൂര്‍വ ബിരുദമാണ്​. എംജിയിലുള്ള ഏതെങ്കിലും ഒരു ജോലിക്ക്‌ ഈ ബിരുദം ഒരു യോഗ്യതയായി അവര്‍പോലും അംഗീകരിച്ചിട്ടില്ല. ഇവിടെ പഠിച്ചിറങ്ങിയവര്‍ സ്വന്തം ഭാവിയോര്‍ത്ത് പെരുവ‍ഴിയില്‍ സ്തംഭിച്ചുനില്‍ക്കെയാണ്​ ഒരു എം എ ബിരുദധാരി ഇതേ സര്‍കലാശാലക്ക്‌ കീ‍ഴില്‍ കോട്ടയം നഗരത്തിലുള്ള പ്രമുഖ എയിഡഡ്​ കോളജില്‍ ചരിത്ര വിഭാഗം അധ്യാപകനായി ജോലി നേടുന്നത്​. ഈ കോ‍ഴ്സിനെക്കുറിച്ച് അറിയുന്നവരെയെല്ലാം ഞെട്ടിച്ച നിയമനത്തിന്‍റെ പൊരുള്‍ തേടിയവര്‍ക്ക്‌ കിട്ടിയത്​ സര്‍വകലാശാലയുടെ പ്രത്യേക ഉത്തരവാണ്​. ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഈ കോ‍ഴ്സിനെ എംഎ ഹിസ്റ്ററിക്ക്‌ തത്തുല്ല്യമായി അംഗീകരിക്കുന്നു എന്നതായിരുന്നു ഉത്തരവ്​. ഉത്തരവ്​ വ‍ഴി ജോലി നേടിയത്​ കോണ്‍ഗ്രസ്​ വിദ്യാര്‍ഥി സംഘടനാ നേതാവായതിനാല്‍ സംഭവം വിവാദമാകാന്‍ അധിക സമയമെടുത്തില്ല. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ഉടന്‍ സമരവും തുടങ്ങി. എന്നാല്‍ ആളിക്കത്തും മുന്പെ ആ സമരം കെട്ടടങ്ങി. അതിന്‍റെ കാരണം തേടിയവര്‍ ചെന്നെത്തിയത്​ കോട്ടയം ജില്ലയിലെ തന്നെ മറ്റൊരു എയിഡിഡ്​ കോളജിന്‍റെ മുറ്റത്താണ്​. സമരം ചെയത ഇടതു വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന നേതാവിന്റെ ഇതേ കോ‍ഴ്സ്​ പഠിച്ച ഭര്‍ത്താവതാ അവിടെ അധ്യാപകനായി നില്‍ക്കുന്നു. മൂന്നാമതൊരാള്‍ കൂടി ജോലി നേടിയതോടെ തുല്ല്യതാ ഉത്തരവ്​ സര്‍വകലാശാല പിന്‍വലിച്ചു. ഇനിയൊരാള്‍ക്കും ഈ ഉത്തരവ്​ വച്ച് ഇതുപോലൊരു ജോലി സംഘടിപ്പിക്കാനാകില്ല. ഒരു കോ‍ഴ്സിനെ മറ്റൊന്നിന്​ തുല്ല്യമാക്കി ഉത്തരവ്​ ഇറക്കി എന്നതല്ല വിഷയം. മറിച്ച്, അങ്ങിനെ ഒരു ഉത്തരവ്​ സംഘടിപ്പിക്കാന്‍ ഉദ്യോഗാര്‍ഥിക്ക്‌ ആത്മവിശ്വാസം നല്‍കുന്ന കോളജുളും അതിന് തയാറാകുന്ന ഉദ്യോഗാര്‍ഥികളും അതിന് വഴങ്ങുന്ന സര്‍വകലാശാലയും ഇവിടെയുണ്ട് എന്നതാണ്. സര്‍വകലാശാല അംഗീകരിക്കാത്ത കോ‍ഴ്സ്​ പഠിച്ചിറങ്ങിയയാളെ കോളജ്​ അധ്യാപകനായി നിയമിക്കാമെന്ന് ഉറപ്പുകൊടുക്കാന്‍ മാനേജ്​മന്‍റുകള്‍ക്ക്‌ ക‍ഴിയുന്നുവെന്നതാണ്​. പണം മുടക്കാന്‍ ക‍ഴിയുന്ന ആരെയും യോഗ്യത പോലും പരിഗണിക്കാതെ അധ്യാപകരായി സ്വീകരിക്കാന്‍ കോളജ്​ മാനേജ്മെന്‍റുകള്‍ക്ക്‌ ഒട്ടും സംശയംപോലുമുണ്ടാകുന്നില്ല എന്നതാണ്​. അധ്യാപനത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ദിനംപ്രതി ഉത്തരവുകള്‍ മാറ്റിമാറ്റിയിറക്കുന്ന ഒരു Ûഗ്രാന്‍റ്സ് കമ്മീഷനുള്ള നാട്ടിലാണ്​ ഈ നിയമനങ്ങളെല്ലാം നടക്കുന്നത്​ എന്നത്​ ശരാശരി മലയാളിയെ ആശ്ചര്യപ്പെടുത്തുന്നുപോലുമില്ല. പണവും പിടിപാടുമാണ്​ എല്ലാ നിയമനങ്ങളുടെയും പിന്നിലെന്നും ഈ ബിസിനസ്​ സംരഭത്തിലെ ഒരു ഉപോത്പന്നം മാത്രമാണ്​ കോളജ്​ അധ്യാപകനെന്നുമുള്ള പൊതുധാരണ കേരളത്തില്‍ അത്രമേല്‍ ആ‍ഴത്തില്‍ വ്യാപകമായിട്ടുണ്ട്.


യുജിസി പറയുന്നത്​

കോളജ്​ അധ്യാപക നിയമനത്തിന്​ പലതരത്തിലും തലത്തിലുമുള്ള മാനദണ്ഡങ്ങള്‍ യൂനിവേ‍ഴ്സിറ്റി Ûഗ്രാന്‍റ്സ്​ കമ്മീഷന്‍ നിഷ്​കര്‍ഷിക്കുന്നുണ്ട്. നെറ്റ് അല്ലെങ്കില്‍ സെറ്റ്​ പോലുള്ള യോഗ്യതാ പരീക്ഷയിലെ വിജയമായിരുന്നു പ്രധാന യോഗ്യത. പിന്നീട്​ പിഎച്ചഡിയുള്ളവരെക്കൂടി നേരിട്ട് പരിഗണിക്കാമെന്ന് പരിഷ്​കരിച്ചു. എയിഡഡ് കോളജുകളില്‍ അധ്യാപകരെ അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്നതിനും കര്‍ശനമായ മാനദണ്ഡങ്ങളാണ്​ യുജിസി മുന്നോട്ടുവക്കുന്നത്​. ഇന്‍റര്‍വ്യു ബോഡില്‍ സര്‍ക്കാര്‍ പ്രതിനിധി, വിഷയ വിദഗ്ധന്‍, സര്‍വകലാശാല പ്രതിനിധി തുടങ്ങിവര്‍ഉണ്ടായിരിക്കണമെന്നാണ്​ വ്യവസ്ഥ. ഒരു ഉദ്യോഗാര്‍ഥിയുടെ അഭിമുഖത്തില്‍ പരിഗണിക്കേണ്ട ഘടകങ്ങളും ഓരോന്നിനും നല്‍കേണ്ട മാര്‍ക്കുകളും പ്രത്യേകം നിശ്ചയിച്ചിച്ചുണ്ട്. 
നെറ്റും എംഫില്ലും ഉണ്ടങ്കെില്‍ 5 മാര്‍ക്ക്‌, നെറ്റും പി എച്ച്ഡിയുമാണങ്കില്‍ 10 മാര്‍ക്ക്‌, ജെ ആര്‍ എഫ്​, ഡിഎസ്​സി പോലുള്ളവക്ക്‌ 5 മാര്‍ക്ക്‌, ദശീയ-അന്തര്‍ദശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്ക്‌ ഒരു മാര്‍ക്ക്‌ വീതം (പരമാവധി 8), സെമിനാറുകളിലെ പ്രബന്ധാവതരണത്തിന്​ ഒരു മാര്‍ക്ക്‌ വീതം പരമാവധി 4, ഗവേഷണ പദ്ധതികള്‍ക്ക്‌ പരമാവധി 5 മാര്‍ക്ക്‌ തുടങ്ങിയ രീതിയിലാണ് അതിന്‍റെ വിഭജനം.
അഭിമുഖത്തിലെ പ്രകടനത്തിന്​ 25 മാര്‍ക്ക്‌ ലഭിക്കും. ഈ മാര്‍ക്കാണ്​ മാനേജ്മെന്‍റിന്‍റെ ആയുധം. സീറ്റ്​ ഉറപ്പാക്കാന്‍ പണം മുടക്കിയവര്‍ക്ക്‌ അര്‍ഹമായ പരിഗണന ഇവിടെ കിട്ടും. മറ്റ്​ മേഖലകളില്‍ പിന്നാക്കം പോയാലും അതിന്‍റെ കുറവും അഭിമുഖത്തിലൂടെ പരിഹരിക്കും. ഓരോമാനേജ്മെന്‍റും അവര്‍ക്കിഷ്ടപ്പെട്ടവരെ മാത്രമാണ്​ ഇന്‍റര്‍വ്യു ബോഡില്‍ ഉള്‍പെടുത്തുക. കേരളത്തിലെ പ്രമുഖ കോര്‍പറേറ്റ്​ മാനേജ്​മെന്‍റുകളെല്ലാം ഏതെങ്കിലും സമുദായവുമായി ബന്ധപ്പെട്ടവയാണ്​. അവരുടെ സമുദായാംഗങ്ങളെയോ ഇഷ്ടക്കാരെയോ മാത്രം ബോഡില്‍ എത്തിക്കാനുള്ള ജാഗ്രത ഓരോതവണയും ഇവര്‍ കാണിക്കാറുണ്ട്. ചില മാനേജ്​മെന്‍റുകള്‍ക്ക്‌ അഭിമുഖം നടത്താന്‍ സ്ഥിരം 'വിദഗ്ധര്‍'തന്നെയുണ്ട്. അധ്യാപക നിയമനത്തിലെ ഏറ്റവും അനായാസകരമായ അട്ടിമറി നടക്കുന്നത്​ അഭിമുഖങ്ങളിലാണ്​. യുജിസി പറയുന്നതും സര്‍ക്കാര്‍ ഏര്‍്പ്പെടുത്തിയതും ഒന്നുമല്ല യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്​.

നാട്ടില്‍ നടക്കുന്നത്​

ഈ വ്യവസ്ഥകളൊക്കെ നിലനില്‍ക്കെയാണ്​ വയനാട്​ ജില്ലയിലെ ഒരു എയിഡഡ്​ കോളജ്​, അധ്യാപക നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചത്​. അപേക്ഷ സ്വീകരിക്കലും മറുപടി അയക്കലും അഭിമുഖവും എല്ലാം പതിവുപോലെ നടന്നു. ഒടുവില്‍ 'യോഗ്യനായ' ഒരാളെ കണ്ടെത്തി. എന്നാല്‍ അയാളെ നിയമിക്കും മുന്പ് കോളജ്​ വീണ്ടും അതേ പോസ്റ്റിലേക്ക്‌ നിയമനത്തിന്​ അപേക്ഷ ക്ഷണിച്ചു. 
അഭിമുഖം വരെയുള്ള മറ്റ്​ നടപടികളെല്ലാം മുറപോലെ നടന്നു. രണ്ടാം തവണയും നിയമനത്തിന്​ 'യോഗ്യനായി' കോളജ്​ കണ്ടെത്തിയത്​ ആദ്യം തെരഞ്ഞെടുക്കപ്പെട്ടയാളെത്തന്നെ. 
സംഭവം യാദൃശ്ചികമെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നിയ ചിലര്‍ വിശദമായി അന്വേഷണം നടത്തി. അവര്‍ കണ്ടെത്തിയത്​ ഇത്രയുമാണ്​ - ആദ്യ വിജ്ഞാപനപ്രകാരം നിയമനം നടത്തി, സര്ക്കാര്‍ അംഗീകാരത്തിന് വേണ്ട പേപ്പറുകള്‍ തയാറാക്കുന്പോ‍ഴാണ്​ ഗുരുതരമായ ക്രമപ്രശ്നം ശ്രദ്ധയില്‍പെട്ടത്​. ആദ്യ വിജ്ഞാപനത്തിന്റെ നടപടിക്രമങ്ങളുടെ സമയപരിധി കഴിഞ്ഞ ശേഷമാണ് തെരഞ്ഞെടുക്കപ്പെട്ടയാള്‍ അധ്യാപക നിയമനത്തിന്​ വേണ്ട യോഗ്യത നേടിയത്​ എന്നതായിരുന്നു പ്രശ്നം. അഥവ, അഭിമുഖം നടത്തുന്പോള്‍ നിയമപ്രകാരം അയോഗ്യനായ ഒരാളെയാണ്​ ഇന്‍റര്‍വ്യൂ ബോഡ്​ യോഗ്യനായി കണ്ടെത്തിയത്​ എന്നര്‍ഥം. തസ്തിക നേരത്തെ തന്നെ പണം മുടക്കി ഉറപ്പാക്കിയതായതിനാല്‍ നടപടിക്രമങ്ങള്‍ പാലിച്ച് വീണ്ടും അയാളെ തന്നെ നിയമിക്കുകയല്ലാതെ മാനേജ്​മന്‍റിന്​ വേറെ വ‍ഴിയുണ്ടായിരുന്നില്ല. 
ഏറെക്കുറെ എല്ലാ കോളജുകളിലും ഇതുതന്നെയാണ്​ നിയമനങ്ങളില്‍ നടക്കുന്നത്​. മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാരായ ഒരു ട്രസ്റ്റ് ഇത്തവണ പരീക്ഷിച്ചത്​ മോക്​ ഇന്‍റര്‍വ്യൂ ആണ്​. അപേക്ഷകരെ നേരത്തെ വിളിച്ചുവരുത്തി അഭിമുഖം നടത്തുക. യോഗ്യരായവരോട്​ പണം പറഞ്ഞ് ഉറപ്പിക്കുക. പിന്നീട്​ സര്‍ക്കാര്‍ പ്രതിനിധികളുമായി 'ഔദ്യോഗിക' അഭിമുഖം നടത്തി അയാളെത്തന്നെ തെരഞ്ഞെടുക്കുക. ഇങ്ങിനെ മോക്കില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം ആവശ്യപ്പെട്ട പണം നല്‍കാന്‍ ക‍ഴിയാത്ത ഒരു ഉദ്യോഗാര്‍ഥി 'ഔദ്യോഗിക'അഭിമുഖം നടക്കുന്ന സ്ഥലത്ത് നോട്ടീസ്​ വിതരണം നടത്തിയത്​ കോ‍ഴിക്കോട്ട് ഈയിടെ വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. 
അക്കാദമിക നിലവാരവും മികച്ച ഉള്ളടക്കവും മതിയായ യോഗ്യതകളുമുള്ള പ്രത്ഭരായ ഉദ്യോഗാര്‍ഥികളെ പുറന്തളളിയാണ്​ പണം മുടക്കാന്‍ ക‍ഴിവുള്ളവര്‍ അധ്യാപകരായി എത്തുന്നത്​. ഇങ്ങനെ വരുന്നവരെല്ലാം നിര്‍ദിഷ്ട യോഗ്യതകളുള്ളവരായിരിക്കും. അതിനാല്‍ സര്‍വകലാശാലകളെപ്പോലുള്ള സ്ഥാപനങ്ങളെ സംബന്ധിച്ചെടത്തോളം ഇതില്‍ നിയമവിരുദ്ധ നടപടികള്‍ ഉണ്ടാകുന്നില്ല. ഇവ പരിശോധിക്കേണ്ട സര്‍വകലാശാലകളുടെ ഇക്കാര്യത്തിലെ പ്രവര്‍ത്തന പാരന്പര്യമാകട്ടെ, ഒട്ടും വിശ്വസിനീയവുമല്ല.

സര്‍വകലാശാലകളുടെ മാതൃക

എം ജി സര്‍വകലാശാലയില്‍ 20 വര്‍ഷത്തോളമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പഠന വിഭാഗം ഇപ്പോ‍ഴും താല്‍ക്കാലിക അധ്യാപകര്‍ മാത്രമുള്ള സ്വാശ്രയ ഡിപ്പാര്‍ട്ട്മന്‍റാണ്​. ഇതിനൊപ്പം തുടങ്ങിയ മറ്റ്​ ഡിപ്പാര്‍ട്ട്മന്റുകളെല്ലാം റഗുലര്‍ പഠന വിഭാഗമായി മാറിയിട്ടും ഇവിടെ മാത്രം മാറ്റമുണ്ടായിട്ടില്ല. പിഎച്ച്ഡിയും ഡിഎസ്​സിയുമൊക്കെയായി ഇവിടെ വന്ന അധ്യാപകര്‍ക്ക്‌, ഇത്തരം 'ആഢംഭരങ്ങളൊ'ന്നുമില്ലാത്ത ഡയറക്​ടറുടെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പിന്‍വാങ്ങേണ്ടി വന്നു. ഈ ഡയറക്ടര്‍ക്ക്‌ തന്നെ പുനര്‍നിയമനം ലഭിക്കത്തക്ക രീതിയിലുള്ള മാനണ്ഡങ്ങള്‍ മാത്രം ഉപാധിയാക്കിയാണ്​ഈ തസ്തികയിലേക്ക്‌ ഓരോതവണയും സര്‍വകലാശാല അപേക്ഷ ക്ഷണിക്കുക. കോ‍ഴ്സ്​ റഗുലറാക്കിയാല്‍ നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കേണ്ടിവരുമെന്നതിനാല്‍ അതിന്‍റെ കേടും കെടുതിയുമെല്ലാം കുട്ടികളുടെ ചുമലിലിറക്കിവച്ച് ഡയറക്ടറും സര്‍വകലാശാലയും സസുഖം വാ‍ഴുകയാണ്​. ഡയറക്ടറേക്കാള്‍ കൂടുതല്‍ യോഗ്യതയുള്ള അധ്യാപകരെയും ഇവിടെ നിയമിക്കില്ല. 'അധിക' യോഗ്യതയുള്ളവരെ പുകച്ചു പുറത്തുചാടിക്കുകയും ചെയ്യും. 
ഒരു സ്ഥാപനം എന്ന നിലക്കുള്ള വ്യവസ്ഥാപിത ദുശ്ശീലങ്ങളുടെ സ്വാഭാവിക പരിണിതികളാണ്​ ഇവയെല്ലാം എന്ന ന്യായവാദമാണ്​ ഇത്തരം അനുഭവങ്ങളെക്കുറിച്ച് അക്കാദമിക ലോകം പൊതുവെ പറഞ്ഞൊ‍ഴിയുന്നത്​. കേരളത്തിലെ ഏറ്റവും മികച്ച അക്കാദമിക വിദഗ്ധര്‍ സര്‍വകലാശാല ഭരിച്ചപ്പോള്‍പോലും ഇത്തരം നിയമനങ്ങളും നടപടികളും ആവര്‍ത്തിക്കപ്പെട്ടു. വിദ്യാര്‍ഥികളെയും അക്കാദമിക നിലവാരം പോലുള്ള വിദ്യാഭ്യാസത്തിന്‍റെ ഗുണപരമായ ഘടകങ്ങളെയും പരിഗണിച്ചാകണം അധ്യാപക നിയമനമടക്കമുള്ള വിദ്യാഭ്യാസ നയം രൂപീകരിക്കേണ്ടതെന്ന പ്രാഥമിക മര്യാദ കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെല്ലാം ഒരുപോലെ അട്ടിമറിക്കപ്പെടുകയാണ്​. പരിസ്ഥിതി പഠനം ഒരു ശാസ്ത്ര ശാഖയായി വികസിച്ചുവരുന്ന സമയത്താണ്​ കേരളത്തിലെ ഒരു പ്രമുഖ സര്‍വകലാശാല ഇതിനായി പ്രത്യേക പഠന വിഭാഗം ആരംഭിക്കുന്നത്​. ഈ രംഗത്ത് അക്കാദമിക യോഗ്യതകളാലും അതിലുപരിയായ പ്രവര്‍ത്തനാനുഭവങ്ങളാലും സന്പന്നമായ വിദഗ്ധരുടെ വലിയൊരു നിരതന്നെ കേരളത്തിലും ഇന്ത്യയിലുമുണ്ട്. എന്നാല്‍ പുതിയ വകുപ്പ് തുടങ്ങിയപ്പോള്‍ അതിന്റെ ഡയറക്ടറായി അന്നത്തെ വൈസ്​ചാന്‍സിലര്‍ കണ്ടെത്തിയത്​ സര്‍കലാശാലയിലെ കെമിസ്ട്രി വിഭാഗത്തിലെ ജൂനിയര്‍ അധ്യാപകനെയാണ്​. ഇതിന്​ നിമിത്തമായത്​ ഇരുവരും തമ്മിലെ രാഷ്​Ûടീയ ബന്ധവും. കേരളത്തിലെ ഏറ്റവും മികച്ച അക്കാമദമീഷ്യന്‍മാരിലൊരാളായി അറിയപ്പെടുന്നയാള്‍ വിസി ആയിരിക്കുന്പോ‍ഴാണ്​ ഈ നിയമനം നടന്നത്​. കളത്തിന്​ പുറത്തിരുന്ന് മൂല്യവത്തായ വിദ്യാഭ്യാസ സംസ്കാരത്തെക്കുറിച്ച് സിദ്ധാന്തങ്ങള്‍ ചമക്കുന്നവര്‍പോലും സര്‍വകലാശാല ഭരിച്ചപ്പോള്‍ അക്കാദമിക മേഖലയോട്​ അങ്ങേയറ്റത്തെ നെറികേടാണ്​ കാട്ടിയതെന്ന് ഈ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

തസ്തികകള്‍ ഉണ്ടാകുന്ന വിധം

വെസ്റ്റേഷ്യന്‍ സ്റ്റഡീസില്‍ കാലിക്കറ്റ്​ സര്‍വകലാശാല പണ്ടൊരു കോ‍ഴ്സ്​ തുടങ്ങി. അഞ്ചോ ആറോ ബാച്ച് മാത്രമേ അതിന് ആയുസ്സുണ്ടായുളളൂ. ഹിസ്റ്ററിയിലാണോ പൊളിറ്റിക്കല്‍ സയന്‍സിലാണോ അതോ അറബിക്കിലാണോ കോഴ്സിനെ ഉള്‍പെടുേത്തണ്ടതെന്ന ചര്‍ച്ചയും തര്‍ക്കവും കോ‍ഴ്സ്​അവസാനിപ്പിക്കുംവരെ പരിഹരിക്കാന്‍ സര്‍വകലാശാലക്ക്‌ ക‍ഴിഞ്ഞിരുന്നില്ല. അപകടം മുന്നില്‍കണ്ട പലരും പാതിവ‍ഴിയില്‍ പഠനം നിര്‍ത്തി മറ്റു കോ‍ഴ്സുകളിലേക്ക്‌ മാറി. മറ്റ്​ വ‍ഴികളില്ലാതെ അത്​ പൂര്‍ത്തിയാക്കാന്‍ വിധിക്കപ്പെട്ടവരാകട്ടെ പഠനം ക‍ഴിഞ്ഞതോടെ പെരുവ‍ഴിയിലുമായി. ഇങ്ങിനെ, പഠിച്ചിറങ്ങിയവര്‍ കടുത്ത പ്രതിസന്ധിയിലിരിക്കെയാണ്​കാലിക്കറ്റ്​ സര്‍വകലാശാല ചില എയിഡഡ്​ കോളജുകളില്‍ ഹിസ്റ്ററി കോ‍ഴ്സ്​അനുവദിക്കാന്‍ തീരുമാനിച്ചത്​. ഈ കോ‍ഴ്സ്​ പഠിച്ചിറങ്ങിയ ഒരാള്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. അതോടെ മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ കോളജില്‍ പുതിയ കോ‍ഴ്സുണ്ടായി. വെസ്റ്റേഷ്യന്‍ സ്റ്റഡീസില്‍ ബിഎ. പൊളിറ്റിക്കല്‍ സയന്‍സില്‍പെടുന്ന ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിന്‍റെ ഭാഗമായ ഏരിയ സ്റ്റഡീസിലെ ഒരു ഏരിയ മാത്രമാണ്​ വെസ്​റ്റേഷ്യന്‍ സ്റ്റഡീസ്​. അതിനെ ഇവിടെ ചേര്‍ത്തതാകട്ടെ ഹിസ്റ്ററിയുടെ കൂടെ. ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെയും ഫങ്ഷണല്‍  അറബിക്കിന്റെയും ഇസ്‌ലാമിക് ഹിസ്റ്ററിയുടെയും കന്പ്യൂട്ടര്‍ ആപ്ളിക്കേഷന്റെയും വരെ പേപ്പറുകള്‍ ഇതിലുണ്ട്. സര്‍വകലാശാലയില്‍ നിന്ന് വെസ്റ്റേഷ്യന്‍ പാഠം പഠിച്ചിറങ്ങിവര്‍ക്കുള്ള ജീവനോപാധിയായതിനാല്‍ ആരും പരിഭവിച്ചില്ല. അവിടെ നിയമനവും മറ്റും മുറപോലെ നടന്നു. 
സ്വാധീനശേഷിയുള്ളവരുടെ അടിയന്തിര പ്രശ്​നങ്ങള്‍ പരിഹരിക്കാന്‍ ഇങ്ങിനെ കോ‍ഴ്സുകളും തസ്തികകളും അനുവദിക്കുന്നത്​ കേരളത്തിലെ സര്‍വകലാശാലകളില്‍ സര്‍വ സാധാരണമാണ്​. ഇത്തരം തസ്തികകളിലേക്കുള്ള നിയമനങ്ങളിലും പണം തന്നെയാണ്​ മുഖ്യ ഘടകം.
അധ്യാപക യോഗ്യത നേടിയ ശേഷം തൊ‍ഴിലന്വേഷിച്ചെത്തുന്നവരെ തന്നെ തസ്തിക സൃഷ്​ടിച്ചെടുക്കാന്‍ മാനേജ്​മന്‍റുകള്‍ നിയോഗിക്കുന്നതും കേരളത്തില്‍ പതിവാണ്​. ഇങ്ങിനെ സ്ഥാപന ഉടമക്ക്‌ വേണ്ടി സര്‍ക്കാറാപ്പീസുകള്‍ കയറിയിറങ്ങാന്‍ കരാറെടുക്കുന്നതിന്​ പോലും ലക്ഷങ്ങള്‍ മുന്‍കൂര്‍ നല്‍കണം. ഒരു തസ്തിക അനുവദിക്കാന്‍ ആ‍ഴ്ചയില്‍ 12 മണിക്കൂര്‍ ജോലി വേണമെന്നതാണ്​ നിലവിലെ നിയമം. അതിന്​ താ‍ഴെയുള്ളതിനെല്ലാം ഗസ്റ്റ് ലക്​ചറര്‍മാരെ അനുവദിച്ചാല്‍ മതിയെന്നാണ്​ സര്‍ക്കാര്‍ നയം. എന്നിട്ടും ആറ്​ മണിക്കൂര്‍ മാത്രമുള്ള വിഷയങ്ങളിലെ തസ്തികകളിലേക്ക്‌ പണം നല്‍കിയ ശേഷം വര്‍ഷങ്ങളായി സെക്രട്ടേറിയറ്റില്‍ കാത്തുനില്‍ക്കുന്ന നിരവധിപേര്‍ കേരളത്തിലുണ്ട്. ഈ നിയന്ത്രണമെല്ലാം നിലനില്‍ക്കെ നിലന്പൂരിലെ ഒരു എയിഡഡ്​ കോളജിന്​ ഈയിടെ സംസ്ഥാന സര്‍ക്കാര്‍ 9 തസ്തിക ഒറ്റയടിക്ക്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 
മാനേജ്​മന്‍റിന് പണം നല്‍കുന്നവര്‍ക്ക് നിയമനം ഉറപ്പാക്കാന്‍ യുക്തിരഹിതമായി കോ‍ഴ്സുകളും കോന്പിനേഷനുകളും സൃഷ്​ടിച്ച് തസ്തികകളുണ്ടാക്കുന്നതാണ്​ മറ്റൊരു രീതി. കോ‍ഴിക്കോട്ടെ ഒരു പ്രമുഖ എയിഡഡ്​ കോളജില്‍ ഹിസ്റ്ററിക്കൊപ്പം സബ്​സിഡിയറിയായി മള്‍ട്ടി മീഡിയ കോ‍ഴ്സുണ്ട്. മലപ്പുറത്തൊരു കോളജില്‍ ഹിസ്റ്ററിക്കൊപ്പം പഠിപ്പിക്കുന്നത്Ûട്രാവല്‍ ആന്‍റ് ടൂറിസമാണ‌്‍. ഇംഗ്ലീഷിനൊപ്പം പൊളിറ്റിക്കല്‍ സയന്‍സും. മലപ്പുറത്തെ പ്രമുഖ വനിതാ കോളജില്‍ ഇതിനേക്കാള്‍ വിചിത്രമാണ്​ കാര്യം. ഇവിടെ ഹിസ്റ്ററിക്ക്‌ അധ്യാപകനെ നിയമിച്ചു. ക്ലാസ്​ ആ‍ഴ്ചയില്‍ 6 മണിക്കൂര്‍ മാത്രം. തസ്തിക അംഗീകരിക്കാന്‍ പക്ഷെ 12 മണിക്കൂര്‍ വേണം. ഇതിന്​ മാനേജ്​മെന്‍റ് കണ്ടെത്തിയ എളുപ്പ വ‍ഴി ഈ അധ്യാപകന തന്നെ പൊളിറ്റിക്കല്‍ സയന്‍സ്​ പഠിപ്പിക്കാന്‍ നിയോഗിക്കുക എന്നതായിരുന്നു. സര്‍ക്കാറിനും സര്‍വകലാശാലക്കും ഒരുപോലെ സന്തോഷം. എല്ലാം ഹ്യുമാനറ്റീസാണല്ലോ എന്നാശ്വസിക്കുകയും ഈ നടപടികളെല്ലാം ഹ്യുമാനിറ്റേറിന്‍ ഗ്രൗണ്ടിലാണ്​ എന്ന് വിശ്വസിക്കുകയും ചെയ്യുക എന്നതുമാത്രമാണ്​ വിദ്യാര്‍ഥികളുടെ മുന്നിലുള്ള ഏകവ‍ഴി.

പുറന്തള്ളപ്പെടുന്നവര്‍

പണത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമല്ല യോഗ്യരായവര്‍ പുറന്തള്ളപ്പെടുന്നത്​. എയിഡഡില്‍ സാമുദായിക ഘടകങ്ങളും സര്‍വകലാശാലകളില്‍ സംവരണ അട്ടിമറിയും ഇതിന്​ വലിയ കാരണങ്ങളായി മാറുന്നുണ്ട്. കേരളത്തിലെ മിക്കവാറും സ്വകാര്യ കോളജുകളെല്ലാം എതെങ്കിലും സാമുദായിക സംഘടനയുടെ നിയന്ത്രണത്തിലാണ്​. സംഘടിതരായ എല്ലാ ജാതി-മത വിഭാഗങ്ങള്‍ക്കും കോര്‍പറേറ്റ്​ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്​മെന്‍റ് സംഘടനകള്‍ തന്നെയുണ്ട്. എംഇഎസ്​, എസ്​ എന്‍ ഡി പി, എന്‍ എന്‍ എസ്​, വിവിധ ക്രൈസ്തവ സഭകള്‍... ഇവക്കെല്ലാം നിരവധി കോളജുകളുമുണ്ട്. എന്നാല്‍ ഇവരുടെ എല്ലാം നിയമനങ്ങളില്‍ നിന്ന് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി തന്നെ പുറന്തള്ളപ്പെടുകയാണ്​. എന്‍ എസ്​ എസും ക്രൈസ്തവ സഭകളും ഇതര ജാതി, മത വിഭാഗങ്ങളെ അധ്യാപക തസ്തികകളിലേക്ക്‌ പരിഗണിക്കാറില്ല. ആനുപാതികമായി മറ്റ്​ മതസ്തരെ നിയമിക്കണം എന്ന് നയപരമായി തീരുമാനമെÓടുത്തിട്ടുള്ളത്​ എം ഇ എസ്​ മാത്രമാണ്​. എസ്​ എന്‍ ഡി പിയുടെ കോളജുകളിലും ഇതര വിഭാഗങ്ങള്‍ക്ക്‌ കാര്യമായ പ്രാതിനിധ്യം ലഭിക്കാറില്ല, എന്നാല്‍ പൂര്‍ണമായി നിരാകരിക്കപ്പെടാറുമില്ല. അതേമസയം മാനേജ്മെന്റുകളുടെ സമുദായാംഗങ്ങളാണെങ്കിലും പണം നല്‍കണമെന്ന കാര്യത്തില്‍ ഈ പറഞ്ഞ സംഘങ്ങളൊന്നും അല്‍പം പോലും വിട്ടുവീഴ്ച ചെയ്യാറില്ല. കോളജ് അധ്യാപനം സ്റ്റാറ്റസ് അടയാളമായി കണക്കാക്കുന്ന സന്പന്നര്‍ വന്‍ തുക മുടക്കി തസ്തികകള്‍ വാങ്ങുന്നതും കോളജുകളില്‍ വന്നുപോകുന്നവര്‍ മാത്രമായി മാറുന്നതും ഇത്തരം സ്ഥാപനങ്ങളില്‍ കാണാം. കോളജുകള്‍ ഇത്തരത്തില്‍ സാമുദായിക അധ്യാപകരുടെ തുരുത്തുകളായി മാറുന്നതും കോളജുകളിലെ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളെയും അതിന്റെ വൈവിധ്യങ്ങളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. 

അക്കാദമിക്​ വ്യവസായം

അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ യുജിസി പലതരം മാനദണ്ഡങ്ങളും നിന്ത്രണങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. പുസ്തക പ്രസിദ്ധീകരണത്തിന് െഎ എസ് ബി എന്‍ നന്പറും പ്രബന്ധങ്ങള്‍ക്ക് െഎ എസ് എസ് എന്‍ നന്പറും നിര്‍ബന്ധമാക്കിയത് ഇത്തരമൊരു നിയന്ത്രണത്തിന്റെ ഭാഗമായാണ്.  ഇതെല്ലാം അനായാസം മറികടന്നാണ് പണം മുടക്കി അധ്യാപകരാകാന്‍ ഉദ്യോഗാര്‍ഥികള്‍ എത്തുന്നത്.  ഇത് കേരളത്തിലും ഇന്ത്യയിലും പുതിയൊരു ബിസിനസ് മേഖലക്കും തുടക്കംകുറിച്ചിട്ടുണ്ട് - അക്കാദമിക് വ്യവസായം. പണം മുടക്കിയാല്‍ ഏത് പ്രബന്ധവും സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കാന്‍ സൌകര്യമോരുക്കുന്ന ഏജന്‍സികള്‍ ഇന്ന് രാജ്യത്ത് വ്യാപകമാണ്. സ്വന്തമായി വെബ്സൈറ്റും പരസ്യബോഡും മറ്റും സ്ഥാപിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. 
ISSN നന്പറുള്ള ഒരു പ്രസിദ്ധീകരണത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കാന്‍ 2000-5000 രൂപയുടെ ചിലവേയുള്ളൂ. 25000 രൂപ മുടക്കിയാല്‍ ISBN നന്പര്‍ സഹിതം പുസ്തകം പ്രസിദ്ധീകരിക്കാം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ 10 ISBN നന്പര്‍ ലഭിക്കും. ഇത് മറിച്ചുവിറ്റ് പണമുണ്ടാക്കുന്നവര്‍ മുതല്‍ സെമിനാര് സംഘടിപ്പിച്ച് കൊടുക്കുന്നവര്‍ വരെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സെമിനാറുകള്‍ സംഘടിപ്പിക്കാന്‍ യുജിസി തന്നെ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ഫണ്ട് നല്‍കുന്നുണ്ട്. ഈ ഫണ്ടുപയോഗിച്ച് സെമിനാറുകള്‍ നടത്തിക്കൊടുക്കുകയാണ് ഏജന്‍സികള്‍ ചെയ്യുന്നത്. ഇങ്ങിനെ 'മികവ്' തെളിയിക്കുന്നവരാണ് ഇപ്പോള്‍ അധ്യാപകരായി എത്തുന്നവരില്‍ ഒരുവിഭാഗം. 
അംഗീകൃത പ്രസിദ്ധീകരണങ്ങളില്‍ അധ്യാപകര്‍ പ്രബന്ധം എഴുതുന്നതും സെമിനാറുകള്‍ സംഘടിപ്പിക്കുന്നതുമെല്ലാം കോളജുകള്‍ക്ക് നാക്ക് അക്രഡിറ്റേഷന്‍, സ്വയംഭരണ പദവി തുടങ്ങിയവ നല്‍കുന്നതില്‍ പ്രാധാന്യപൂര്‍വം പരിഗണിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് കോളജുകള്‍ തന്നെ ഇപ്പോള്‍ ഇതൊരു വരുമാന മാര്‍ഗമായി വികസിപ്പിക്കുകയാണ്. ISSN, ISBN രജിസ്ട്രേഷനുകളുള്ള പ്രസിദ്ധീകരണങ്ങളോ വെബ്സൈറ്റുകളോ സ്വന്തമായി തുടങ്ങുകയാണ് കോളജുകള്‍. അതേ കോളജിലുള്ള അധ്യാപകര്‍ക്ക് മാത്രമേ അതില്‍ എഴുതാന്‍ അഴസരം കൊടുക്കൂ. പുറത്തുനിന്നുള്ളവര്‍ക്ക് അവസരം കൊടുക്കുന്നതിനെ അധ്യാപകര്‍ സംഘടിതമായി തന്നെ എതിര്‍ത്ത സംഭവങ്ങള്‍ വരെ കേരളത്തിലുണ്ട്. ഇങ്ങിനെ ലേഖനമെഴുതുന്നതിന് പണം വാങ്ങുന്ന മാനേജ്മെന്റുകളും കേരളത്തിലുണ്ടത്രെ. പണം കൊടുത്ത് അധ്യാപകരായി മാറുന്നവര്‍ അവരുടെ തൊഴില്‍ കാലയളവിലുടനീളം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ സ്വന്തം 'മികവ്' നിലനിര്‍ത്താന്‍ പണം മുടക്കിക്കൊണ്ടേയിരിക്കുക എന്നതാണ് ഇവിടെ സംഭവിക്കുന്നത്. അര്‍ഹരായവര്‍ക്ക് അവസരം നിഷേധിക്കപ്പെടുകയും പാതി പഴുപ്പിച്ചെടുത്തവര്‍ക്ക് സ്ഥലം കയ്യടക്കാന്‍ അവസരങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന അക്കാദമിക് സംവിധാനത്തിന്റെ ദൌര്‍ബല്യങ്ങളില്‍ നിന്നാണ് ഇത്തരം സമാന്തര ബിസിനസ് മേഖലകള്‍ ശക്തിപ്പെടുന്നത്.
നിശ്ചിത മണിക്കൂര്‍ ജോലി ചെയ്യേണ്ടതില്ലാത്ത വിഷയങ്ങളിലെ തസ്തികകള്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നില്ല. പകരം എയിഡഡ്, സര്‍ക്കാര്‍ കോളജുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കാനാണ് നിര്‍ദേശം, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് 25,000 രൂപയും അല്ലാത്തവര്‍ക്ക് 15,000 രൂപയുമാണ് ശന്പളം നിശ്ചയിച്ചിരുക്കുന്നത്. എന്നാല്‍ ഈ തുക പലയിടത്തും ഗസ്റ്റ് അധ്യാപകര്‍ക്ക് ലഭിക്കാറില്ല. 7000 മുതല്‍ 10,000 വരെയാണ് പൊതു നിലവാരം. ഇതുതന്നെ യഥാസമയം അനുവദിക്കാറുമില്ല. ഈ രംഗത്തെ അനിശ്ചിതത്വം മികച്ച ഉദ്യോഗാര്‍ഥികളെ അധ്യാപനത്തില്‍ നിന്ന് അകറ്റുകയാണ്. ഗസ്റ്റ് തസ്തികകള്‍ മറിച്ചുകൊടക്കുന്ന രീതിയും  നിലവിലുണ്ട്. അവധിയില്‍ പോകുന്ന സ്ഥിരം അധ്യാപകര്‍ നിശ്ചിത തുക ഈടാക്കി ഗസ്റ്റുകളെ നിയമിക്കുകയും അധ്യാപകര്‍ ഇതിന് വേണ്ടി മാത്രം അവധിയെടുക്കുകയും ചെയ്യുന്നുണ്ട്. ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (എഫ് െഎ പി)  ഇതിന് പറ്റിയ പദ്ധതിയായി മാറിയിട്ടുമുണ്ട്. ഇങ്ങിനെ സര്‍ക്കാറിന്റെ പണം ലഭിക്കുന്ന ഏത് സാഹചര്യത്തെയും കൂടുതല്‍ ലാഭകരമാക്കി മാറ്റാന്‍ കഴിയുന്ന ഇടപാടുകളായി വികസിപ്പിക്കുകയാണ് അക്കാദമിക രംഗത്തുള്ളവര്‍ ഇപ്പോള്‍ ചെയ്യുന്നത്. 


ഫാമിലി ഇംപ്രൂവ്മെന്റ് പ്രോഗ്രാം

സര്‍വീസിലുള്ള കോളജ് അധ്യാപകര്‍ക്ക് ഗവേഷണം നടത്താനും നേരത്തെയുള്ള ഗവേഷണം പൂര്‍ത്തിയാക്കാനും അവസരം നല്‍കുന്ന പദ്ധതിയാണ് ഫാക്കല്‍റ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (എഫ് െഎ പി). ഒരു കോളജിലെ 20 ശതമാനം അധ്യാപകര്‍ക്ക് ഒരേ സമയം അതിന് അമുമതി  ലഭിക്കും. മൂന്ന് വര്‍ഷമാണ് കാലാവധി. ഈ സമയത്ത് അധ്യാപകര്‍ക്ക് ശന്പളത്തോടുകൂടിയ അവധി ലഭിക്കും. പകരം ഒരാളെ അധ്യാപകനായി കോളജില്‍ നിയമിക്കാം. അതിനുള്ള വേതനവും യുജിസി നല്‍കും. 
കേരളത്തിലെ ഒരുപിടി അധ്യാപകര്‍ ഇപ്പോള്‍ എഫ് ഐ പിക്കാരാണ്. മൂന്നുവര്‍ഷം വെറുതെ നടക്കാമെന്ന സൌകര്യമാണ് അധ്യാപകരെ ഇതിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. പകരം പഠിപ്പിക്കാന്‍ ആളില്ലെന്ന ആധിയോ അവര്‍ക്ക് വേതനം കിട്ടാതാകുമെന്ന ആകുലതയോ ഇല്ലാതെ, സ്വന്തം വരുമാനം തടസ്സപ്പെടില്ലെന്ന സമാധാനത്തോടെ ദീര്‍ഘകാല 'പാഠ്യേതര പരിപാടി'കള്‍ക്ക് ധൈര്യപൂര്‍വം ഇറങ്ങിത്തിരിക്കാനുള്ള അവസരമാണ് ഇത് കൊണ്ടുവന്നത്. 
വീടുപണി, റിയല്‍ എസ്റ്റേറ്റ് കച്ചവടം, വിദേശ യാത്ര, ബിസിനസുകള്‍ തുടങ്ങിയ പദ്ധതികള്‍ അധ്യാപകര്‍ ആസൂത്രണം ചെയ്യുന്നത് എഫ് ഐ പി അവധിയുടെ അടിസ്ഥാനത്തിലായിരിക്കുന്നു. അതുകൊണ്ടുതന്നെ അധ്യാപകര്‍ക്കിടയില്‍ ഫാമിലി ഇംപ്രൂവ്മെന്റ് പ്രോഗ്രാം എന്നാണ് ഇത് അറിയപ്പെടുന്നത്. ജോലിത്തിരക്കുകള്‍ക്കിടയില്‍ വിട്ടുപോകുന്ന വീട്ടുകാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അവധിക്കാലം. ഇങ്ങിനെ അവധിയില്‍പോകുന്നവരില്‍ ഗവേഷണം പൂര്‍ത്തിയാക്കുന്നവര്‍ തന്നെ വിരളമാണ്. സാന്പത്തിക ബാധ്യതയില്ലാതെ  താല്‍ക്കാലിക അധ്യാപകരെ നിയമിക്കാന്‍ അവസരം കിട്ടുകയും അതില്‍ തന്നെ സാന്പത്തിക നേട്ടത്തിന് ചില സാധ്യതകള്‍ ഉള്ളടങ്ങിയിരിക്കുകയും ചെയ്യുന്നതിനാല്‍ മാനേജ്മെന്റുകള്‍ക്കും ഈ അവധിയുടെ കാര്യത്തില്‍ സന്തോഷമേയുള്ളൂ. 
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോഴുള്ള വൈസ്ചാന്‍സിലര്‍ ചുമതലയേറ്റതുമുതല്‍ ഗവേഷകരും വിസിയും ഇരുചേരിയിലായി കടുത്ത പോര് നടക്കുന്നുണ്ട്. സംഘര്‍ഷത്തോളമെത്തിയ ഈ ചേരിപ്പോരിലെ ഒരു പ്രധാന വിഷയം എഫ് ഐ പിയാണ്. എഫ് ഐ പി ആനുകൂല്യം പറ്റിയ ശേഷം തിസീസ് സമര്‍പിക്കാത്തവരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ വിസി തീരുമാനിച്ചു. 102 അധ്യാപകരില്‍ നിന്നായി ഈയിനത്തില്‍ 10 കോടി രൂപ തിരിച്ചുകിട്ടാനുണ്ടെന്നാണ് സര്‍വകലാശാലയുടെ കണക്ക്. പണം പറ്റിയ ശേഷം സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അതിനാല്‍ പെന്‍ഷന്‍ തടയണമെന്നുവരെ സര്‍വകലാശാല ശിപാര്‍ശ ചെയ്തു. ഇത് കാലിക്കറ്റ് സര്‍വകലാശാലയിലെ മാത്രം കാര്യമല്ല. എല്ലായിടത്തും സമാനമായ സ്ഥിതിവിശേഷം തന്നെയാണെന്ന് ബോധ്യപ്പെട്ട  ലോക്കല്‍ ഫണ്ട് ഒാഡിറ്റ് വിഭാഗം, എഫ് ഐ പി പദ്ധതിയെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. ചെയ്തിരുന്നു. 

നിക്ഷേപകരും ഉപഭോക്​താക്കളും

പണവും രാഷ്ട്രീയ സ്വാധീനവുമുള്ള ഒരുപറ്റം തൊ‍ഴിലന്വേഷകര്‍ക്കും അവരെ കാത്തിരിക്കുന്ന കുറേ തൊ‍ഴിലുടമകള്‍ക്കും ഇവരിരുവര്‍ക്കും ഭൗതിക പശ്ചാത്തലമൊരുക്കാന്‍ 'സന്നദ്ധരായ' അനുബന്ധ ഇടപാടുകാര്‍ക്കും മേല്‍ക്കൈയുള്ള വിവിധ തരം സാന്പത്തിക വ്യവഹാരങ്ങളുടെ ഭൂമികയാണ്​ ഇന്ന് കോളജ്​ അധ്യാപന മേഖല. തെ‍ഴിലാളിക്ക്‌ ശന്പളം കൊടുക്കേണ്ടതില്ലാത്ത തൊ‍ഴിലുടമ, ഇറക്കുന്ന പണത്തിന്റെ ലാഭകരമായ തിരുച്ചുവരവിന് സര്‍ക്കാര്‍ ഗ്യാരണ്ടി ലഭിക്കുന്ന തൊ‍ഴിലന്വേഷകന്‍, ഒരിക്കലും നഷ്ടത്തിലാകില്ലെന്ന് ഉറപ്പുള്ള ഇടപാടിനിറങ്ങുന്ന ഇരുവിഭാഗത്തിനും സ്വീകാര്യമായ പശ്ചാത്തല സൗകര്യമൊരുക്കുന്ന അക്കാദമിക്​ വ്യവസായികള്‍... ഇവരെല്ലാം ചേര്‍ന്ന് വന്‍തോതില്‍ പണവും രാഷ്ട്രീയ സ്വാധീനവും നിക്ഷേപിക്കുന്പോള്‍ അതില്‍നിന്ന് സ്വാഭാവികമായും ഉണ്ടാകുന്ന ഉത്പന്നങ്ങളില്‍ ഒന്നു മാത്രമായാണ്​ ഇന്ന് അധ്യാപക സമൂഹം  രൂപപ്പെടുന്നത്; സ്വകാര്യ കോളജുകളില്‍ വിശേഷിച്ചും.അതുകൊണ്ടുതന്നെയാണ്​ നവീന വിദ്യാഭ്യാസ സങ്കല്പങ്ങളോട്​അധ്യാപകരില്‍ വലിയ വിഭാഗം മുഖം  തിരിഞ്ഞുനില്‍ക്കുന്നതും. കേരളത്തില്‍ ഏറ്റവുമൊടുവില്‍ നടപ്പായ   ക്രഡിറ്റ്​ ആന്‍റ് സെമസ്റ്റര്‍   സന്പ്രദായത്തോട് ഒരുപറ്റം അധ്യാപകര്‍ ഇപ്പോഴും തുടരുന്ന വിമുഖത ഇതോട്​ ചേര്‍ത്തുവായിക്കണം.  ഗവേഷണ മേഖലയിലും മറ്റും അനുഭവപ്പെടുന്ന മുരടിപ്പിന്‍റെ കാരണങ്ങളിലൊന്നും ഇതുതന്നെയാണ്​. 
ഈ വ്യവസായത്തില്‍ തൊ‍ഴിലുടമയും തൊ‍ഴിലന്വേഷകനും ഒരേ സമയം നിക്ഷേപകനും ഉപഭോക്താവുമാണ്​. പണമിറക്കുന്നവന്‍ തന്നെ ഉപഭോക്താവായി മാറുന്ന ഒരു കച്ചവടവും നഷ്ടത്തില്‍ പര്യവസാനിക്കില്ല. എന്നാല്‍ ഇവിടെ നഷ്ടം സഹിക്കേണ്ടി വരുന്നത്​ പൊതുഖജനാവാണ്​. അതിലേക്ക്‌ മുതല്‍കൂട്ടുന്ന സാധാരണക്കാരനാണ്​. അതിന്‍റെ നഷ്ടം അനുഭവിക്കേണ്ടി വരുന്നത്​ അവിടെ പഠിക്കാനെത്തുന്ന വിദ്യാര്‍ഥികളാണ്​. അവര്‍ക്ക്‌ സ്റ്റേറ്റ്​ കൊടുക്കേണ്ട ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന അടിസ്ഥാന അവകാശമാണ്​ അട്ടിമറിക്കപ്പെടുന്നത്​. കരിക്കുലം രൂപകല്‍പന മുതല്‍ നിയമനം വരെയുള്ള സമസ്ത മേഖലകളിലും 'ഗുണമേന്മയുള്ള വിദ്യാഭ്യാസം' എന്ന നയത്തില്‍ മാത്രമൂന്നി നിന്നുകൊണ്ടുള്ള പരിഷ്​കാരങ്ങള്‍ക്ക്‌ ഭരണകൂടം ധൈര്യം കാണിച്ചാല്‍ മാത്രമേ പണമിടപാടുകാര്‍ പരസ്പര സഹായത്തോടെ നിയന്ത്രിക്കുന്ന അക്കാദമിക്​ വ്യവസായമെന്ന ഈ ദൂഷിതവലയത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ പുറത്തെടുക്കാന്‍ ക‍ഴിയൂ.

(മാധ്യമം ആഴ്ചപ്പതിപ്പ്, ആഗസ്ത് 3 -2015)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...