Thursday, July 21, 2011

അവസാന ദിവസത്തെ വീണവായന


റോമാ നഗരം കത്തുമ്പോള്‍ വീണ വായിച്ചവരെ പറ്റി പറയാത്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ തീരെ കുറവാണ്. സംഭവം റോമിലാണെങ്കിലും നീറോമാരെ അപലപിച്ചവര്‍വരെ ഇക്കൂട്ടത്തിലുണ്ട്. എന്നുവച്ച് സ്വന്തം പുര കത്തുമ്പോള്‍ വീണ വായിക്കാതിരിക്കാന്‍ അവര്‍ക്കാവില്ല. അതൊരു പാര്‍ട്ടി ശീലമാണ്. ഭരണത്തിലെങ്കില്‍ ആചാരവും. പാര്‍ട്ടി പിളരുമ്പോള്‍ മുഖ്യനേതാവും പള്ളി പൊളിക്കുമ്പോള്‍ പ്രധാന നേതാവും വീണയെടുത്ത് മുറിയിലേക്ക് പോയതായി ചരിത്രത്തില്‍ പറയുന്നുണ്ട്. ഈ പാരമ്പര്യം കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ കേരള സഭയിലും കാത്തുസൂക്ഷിച്ചു. ധനവിനിയോഗ ബില്‍ വോട്ടെടുപ്പില്‍ വിജയിക്കാന്‍ ഭൂരിപക്ഷമില്ലാതെ ഉമ്മന്‍ചാണ്ടിയും സര്‍ക്കാറും വെന്തെരിയുമ്പോള്‍ അംഗങ്ങള്‍ നാടാകെ പാട്ടുപാടി നടന്നു. അങ്ങനെ സ്വന്തം സര്‍ക്കാറിനെ മുള്‍മുനയില്‍ നിറുത്തിയ കോണ്‍ഗ്രസുകാരുടെ വീണവായന കണ്ടാണ് പതിമൂന്നാം സഭയുടെ ആദ്യ സമ്മേളനം അവസാനിച്ചത്.
നൂലിഴ ഭൂരിപക്ഷത്തില്‍ കഴിയുന്നുവെന്ന ആധിയൊന്നും കോണ്‍ഗ്രസുകാര്‍ക്കില്ല. കൂട്ടത്തില്‍ ചെറുപ്പമായ ഹൈബി ഈഡന് ദല്‍ഹിയിലായിരുന്നു വീണ കച്ചേരി. സഹോദരീ ഭര്‍ത്താവ് മരിച്ചതിനാല്‍ ടി.യു കുരുവിള അവധി. അപ്പോള്‍ അംഗബലം 70. ചര്‍ച്ച തീര്‍ന്ന് വോട്ടെടുപ്പടുത്തപ്പോഴാണ് രണ്ടുപേര്‍കുടി കച്ചേരിക്ക് പോയ കാര്യമറിഞ്ഞത്. ഭരണനിര അതോടെ നെട്ടോട്ടമായി. കാണാതായവരെ തേടി നാനാഭാഗത്തേക്കും ഓട്ടം. ആളെപിടുത്തക്കാരായ നാലുപേര്‍ കൂടി പുറത്ത് പോയതോടെ ഉടന്‍ വോട്ട് വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രസംഗം നിറുത്തരുതെന്ന് കെ.എം മാണിയെ കൂഞ്ഞാലിക്കുട്ടി ഉപദേശിച്ചു. പരമാവധി പ്രകോപിപ്പിക്കണമെന്നും. എതിര്‍ത്തും അനുകൂലിച്ചും ഒരക്ഷരം ഉരിയാടാതെ സമയം കളഞ്ഞ് സ്പീക്കറും സഹായിച്ചു. ഈ സമയത്തിനിടെ ആള്‍ പിടിയന്‍മാര്‍ തിരിച്ചെത്തി. പ്രതിപക്ഷത്തും ഒരാള്‍ കുറവായിരുന്നതിനാല്‍ അതോടെ സര്‍ക്കാര്‍ കസേര സുരക്ഷിതമായി.
വീണവായിക്കാന്‍ പോയ ഒരുവിദ്വാന്‍ വര്‍ക്കല കഹാറാണ്. കച്ചേരി മെഡിക്കല്‍ കോളജില്‍. എ.സി കാറില്‍ പരിപാടി കഴിഞ്ഞെത്തിയ കഹാര്‍ നിലാവത്തഴിച്ചിട്ട കോഴിയെ പോലെ താഴെ നിലയില്‍ കറങ്ങുകയായിരുന്നു. എല്ലാ അങ്കവും അവസാനിച്ചാണ് വിവരമറിഞ്ഞത്. ചിറ്റൂരുകാരന്‍ കെ. അച്യുതനാണ് മറ്റൊരു വിദ്വാന്‍. എം.എല്‍.എ ഹോസ്റ്റലിലെ മുറിയില്‍ ഉച്ചയുറക്കത്തിലായിരുന്നു അച്യുതന്‍. ആകെ മൂന്നീഴവരില്‍ പ്രമുഖനായിട്ടും മന്ത്രിസഥാനം കിട്ടാത്തതിന്റെ കെറുവുണ്ട്. നാട്ടുകാര്‍ക്കൊപ്പം കഴിയേണ്ട സമയം സഭയിലിരുന്ന് വെറുതെ കളയുന്നതില്‍ പണ്ടേ തന്നെ ഖിന്നനുമാണ്. തെങ്ങുമുതല്‍ തേങ്ങാ വെള്ളം വരെ കൃഷികളില്‍ വ്യാപൃതനായതിനാല്‍ നട്ടുച്ചക്കും ഓര്‍മപ്പിശകിന് സാധ്യതയുമുണ്ട്. ഈ രഹസ്യങ്ങള്‍ ഭരണ നിരയെ ബേജാറാക്കി. കടലാസുകീറിയും ചുരുട്ടിയെറിഞ്ഞും പ്രതിപക്ഷം നടുത്തളത്തില്‍ ബഹളംകൂട്ടുന്നതിനിടെ വീണവായിച്ച് വിവശനായ അച്യുതന്‍ കണ്ണുകള്‍ തിരുമ്മി ഓടിയെത്തി. സ്ഥാനം തെറ്റിയിട്ട കുപ്പായക്കുടുക്കുകളും നിരതെറ്റിയ മുണ്ടും ചീകിയൊതുക്കാത്ത മുടിയും കണ്ടാലറിയാം അച്യുതന്‍ കച്ചേരിയുടെ അധ്വാനഭാരം. പ്രതീക്ഷയറ്റ പ്രതിപക്ഷം അതോടെ ബഹളം നിറുത്തി. വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നു. നെല്‍വയല്‍ ബില്‍ ചര്‍ച്ച ബഹിഷ്കരിച്ചു.
പുരാണത്തിലെ അശ്വഥമാവ്, ബൈബിളിലെ സാത്താന്‍ തുടങ്ങിയ പ്രതിപക്ഷ സാക്ഷ്യപത്രങ്ങള്‍ അവസാന ദിവസവും കെ.എം മാണി ഏറ്റുവാങ്ങി. രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയാന്‍ ഒടുവിലൊരു കുട്ടിയുമുണ്ടായി. ആര്‍. രാജേഷ്: 'എന്റെ പ്രായത്തേക്കാള്‍ 17 വര്‍ഷം കൂടുതല്‍ നിയമസഭാ പരിചയമുള്ള മാണിസാറിന്റെ ബജറ്റ് പൂര്‍ണ നഗ്നമാണ്.' മര്‍ഡോക്കിന്റെ കഥ പറഞ്ഞും എന്തു പറഞ്ഞാലും ഞാന്‍ നിന്റേതല്ലേ വാവേ എന്നുപാടിയും പി.സി വിഷ്ണുനാഥ് വി.എസ് വിരുദ്ധ പോരാട്ടം സഭയില്‍ ആഘോഷിച്ചു. ഫിനിഷിംഗ് പോയന്റില്‍ കോടിയേരി ബാലകൃഷ്ണന് കൈപിഴ പറ്റിയതിനാലാണ് ഈ ആഘോഷം പാഴാകാതിരുന്നത്. മൂന്നാംവട്ടം പ്രസംഗിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞയുടന്‍ ബില്‍ വോട്ടിംഗിലേക്ക് പോയിരുന്നെങ്കില്‍ 73 പേര്‍ക്കും നാടാകെ വീണവായിച്ചും പാട്ടുപാടിയും നടക്കാമായിരുന്നു. പക്ഷെ കോടിയേരി അവിടെക്കയറി പ്രസംഗിച്ചു. ഇടക്ക് വി.എസ് അച്യുതാനന്ദനും സമയമെടുത്തു. അതില്‍ കയറി ടി.എം ജേക്കബും ആര്യാടന്‍ മുഹമ്മദും കയര്‍ത്തു. ഈ തര്‍ക്കത്തില്‍ അതിനിര്‍ണായകമായ 10 മിനുട്ടോളം പ്രതിപക്ഷം പാഴാക്കി. അല്ലായിരുന്നെങ്കില്‍ ഭരണക്കളി മാറിയേനെ. അസമയത്ത് ഉമ്മന്‍ചാണ്ടിയെ തള്ളിയിട്ട് സ്വന്തം തലവര വി.എസിന്റെ ശിരസിലേക്ക് മാറ്റിവരക്കേണ്ടെന്ന ജനാധിപത്യ മര്യാദ നിര്‍ണായക മുഹൂര്‍ത്തത്തില്‍ കോടിയേരി പാലിച്ചതുമാകാം. ഏതായാലും സഭ അതോടെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

(21...07...11)

Wednesday, July 20, 2011

കഴുകന്‍മാരും കോമണ്‍സെന്‍സും


ഇരുട്ടിലേക്ക് വെടിവച്ചാലും ഇര വീഴുമെന്ന കൈപ്പുണ്യമുണ്ട് ടി.എന്‍ പ്രതാപന്. ഏത് മരുന്നും പ്രയോഗിക്കാനുമുണ്ട് അത്രതന്നെ വൈഭവം. ഇന്നലെ എക്സൈസ് വകുപ്പിലേക്ക് വെടിവച്ച് നിയമസഭയില്‍ വട്ടമിട്ടുപറക്കുന്ന കഴുകനെ പ്രതാപന്‍ പിടികൂടി: 'ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ പേരില്‍ ബാര്‍ ലൈസന്‍സ് സംഘടിപ്പിക്കാന്‍ മന്ത്രിക്കുചുറ്റും കഴുകന്‍മാര്‍ വട്ടമിട്ടുപറക്കുന്നുണ്ട്. ഈ സമ്മര്‍ദം അതിജീവിക്കാനുള്ള കരുത്ത് മന്ത്രിക്കുണ്ടാകണം. പുതിയ മദ്യഷാപ്പ് ഉണ്ടാക്കരുത്. ഇക്കാര്യത്തില്‍ ആന്റണിയുടെ ആദര്‍ശവും ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘദൃഷ്ടിയും കാണിക്കണം' ^ഇതായിരുന്നു പ്രതാപന്റെ ആവശ്യം. സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കരുത്തില്ലാത്തതിനാലാകണം, പി.സി ജോര്‍ജ് ഉടന്‍ പറന്നു വീണു: 'എന്റെ നാട്ടില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലുണ്ട്. അതിന് ബാര്‍ ലൈസന്‍സ് കൊടുക്കണം.' വലിയൊരു കഴുകനെ കണ്ട് ഞെട്ടിയ മന്ത്രി കെ. ബാബുവിന് ഉടന്‍ പ്രതാപന്റെ മുന്നറിയിപ്പ് വന്നു: 'ഇതുപോലെ പല പി.സിമാരും വട്ടമിട്ടുപറക്കുന്നുണ്ട്.'
ജോര്‍ജിന്റെ ദുര്യോഗം അവിടെയും തീര്‍ന്നില്ല. ഈ പക്ഷിയെപറ്റി എ. പ്രദീപ്കുമാര്‍ ഒരു എസ്.എം.എസ് കഥ പറഞ്ഞു. കോടിയേരിവച്ച വക്കീലുണ്ടാക്കിയ കഥയില്‍, പിടിക്കപ്പെട്ടയാള്‍ പറയുംവരെ കാര്യമില്ലെന്ന് ജോര്‍ജ് വിശദീകരിച്ചപ്പോള്‍ പ്രദീപിന് ഒരു കാര്യം ബോധ്യമായി: 'ത്രേതായുഗത്തിലെ യാദവകുലത്തെ പോലെ യു.ഡി.എഫുകാര്‍ എസ്.എം.എസ് കൊണ്ട് ഏറ്റുമുട്ടി നശിക്കും'. വോട്ട് ഓണ്‍ അക്കൌണ്ട് ചര്‍ച്ചയില്‍ മറ്റൊരു കഴുകനെ കൊണ്ടുവന്ന ബെന്നി ബഹനാന്റെ വെടി കൊണ്ടതും കേരള കോണ്‍ഗ്രസിന് തന്നെ. അതുപക്ഷെ കെ.എം മാണിക്കുതന്നെയായി: 'മലകള്‍ക്കിടയില്‍ കെട്ടിയിട്ട് കഴുകന്‍ ഹൃദയം കൊത്തിവലിച്ച പ്രൊമിത്യൂസ് ഉണര്‍ന്നെണീറ്റതുപേലെ ഉമ്മന്‍ചാണ്ടി വരും.' അതിലെ കഴുകന്‍ കെ.എം മാണിയാണോ എന്നായി പ്രതിപക്ഷം. കഥ പറയണമെന്നേ ബെന്നിക്ക് വാശിയുള്ളൂ. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് തീരുമാനിക്കാമെന്ന മട്ട്.
മാണി^പ്രതിപക്ഷ ഏറ്റുമുട്ടലിലാണ് ഒടുവില്‍ ചര്‍ച്ച തീര്‍ന്നത്. ധവളപത്രത്തിന്റെ വ്യാഖ്യാനവുമായി മാണിയുടെ മറുപടി മുന്നേറുമ്പോള്‍ തോമസ് ഐസകിന് ഇടപെടണം. വഴങ്ങാന്‍ മാണിയൊരുക്കമല്ലെന്നായപ്പോള്‍ പ്രതിപക്ഷ ബഹളമായി. വി.ശിവന്‍കുട്ടിക്ക് നടുത്തളത്തില്‍ ഇറങ്ങാതെ വയ്യെന്നായി. ഐസകിന് ക്രമപ്രശ്നം കൊടുത്തപ്പോള്‍ നടുത്തളത്തിന്റെ വക്കില്‍ ശിവന്‍കുട്ടി ഒറ്റക്കായി. അതോടെ മെല്ലെ സീറ്റിലേക്ക് മടങ്ങി. മറുപടിക്കിടെ ചോദ്യത്തിന് വഴങ്ങുന്നതില്‍ ഉദാരനായ ഐസകിനെ മാണിയുടെ കടുംപിടുത്തം ചൊടിപ്പിച്ചു. ബാഗും പുസ്തകവുമെടുത്ത് ഇറങ്ങിപ്പോകാന്‍ വരെയൊരുങ്ങിയെങ്കിലും എളമരം കരീം പിടിച്ചിരുത്തി. മാണിയെ സഹായിക്കാതിരിക്കാന്‍ കേണ്‍ഗ്രസ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു.
ചര്‍ച്ചയില്‍ സുപ്രധാന നിര്‍ദേശങ്ങള്‍ വച്ചത് രണ്ടുപേരാണ്. എം.എ വാഹിദ്: ഇസ്ലാമിക് ബാങ്കിന് പകരം ട്രഷറിയില്‍ പലിശ രഹിത ബാങ്കിംഗ് സംവിധാനം ഏര്‍പെടുത്തണം. മറ്റൊന്ന് തോമസ് ചാണ്ടിയും: 'തോട്ടങ്ങള്‍ക്ക് നല്‍കിയ 5 ശതമാനത്തന്റെ ഇളവ് 10 ശതമാനമാക്കണം. അതില്‍നിന്ന് ടൂറിസത്തെ ഒഴിവാക്കണം. പകരം ലായങ്ങളിലുള്ളവര്‍ക്ക് പച്ചക്കറിയും മറ്റും കൃഷി ചെയ്യാന്‍ ആ ഭൂമികൊടുക്കണം.' വാഹിദിന്റെ നിര്‍ദേശം മന്ത്രി അംഗീകരിച്ചു. മറുപടിയില്‍ പ്രഖ്യാപനവുമുണ്ടായി. ചാണ്ടിയുടെ കാര്യം വരവ് വച്ചു. കെ.എന്‍.എ ഖാദറിനുമുണ്ടായിരുന്നു ഒരു പിടി നിര്‍ദേശങ്ങള്‍. വിമാനം മുതല്‍ തീവണ്ടി വരെ. അതുപക്ഷെ അഞ്ചാം മന്ത്രിക്കുള്ള വകുപ്പ് പ്രഖ്യാപനം പോലെയായി എന്നുമാത്രം. കാദറിന്റെ ഭാവന നേരത്തേ തന്നെ മാണിക്ക് കൊടുത്തിരുന്നെങ്കില്‍ ബജറ്റ് മെച്ചപ്പെടുമായിരുന്നുവെന്ന് സി. ദിവാകരന്‍ അസൂയപ്പെട്ടു. കോട്ടയം ഹബ്ബ് മകന്‍ മാണിയുടെ സ്വപ്ന പദ്ധതിയാണെന്ന് കെ.രാജു തെളിയിച്ചു. അഴിമതിയില്‍ ഒളിമ്പിക്സ് നടത്തിയാല്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലേതിനേക്കാള്‍ സ്വര്‍ണം ഇന്ത്യക്ക് കിട്ടുമെന്ന് വി. ചെന്താരമരാക്ഷനും. ഭരണമുന്നണി അഗ്നിപര്‍വതത്തിന്റെ മുകളിലാണെന്ന് എം. ഹംസ കണ്ടെത്തി. കെ.എം ഷാജി സര്‍ക്കാറിന് വേണ്ടി വീണ്ടും ധവളപത്രം വായിച്ചു.
സീതിഹാജിയുടെ മകനായതിനാലാകണം പരിസ്ഥിതിയിലാണ് പി.കെ ബഷീറിന് കുടുതല്‍ ശ്രദ്ധ: 'റോഡിലെ മരം കെട്ടിപ്പിടിച്ച് കരഞ്ഞ പരിസ്ഥിതി പ്രവര്‍ത്തകക്ക് സ്വന്തം മരം മുറിച്ച് ഫ്ലാറ്റ് കെട്ടാന്‍ ഒരുമടിയുമുണ്ടായില്ല. ഇങ്ങനെ കുറേയാളുകളുണ്ട്. പരിസ്ഥിതി നേതാക്കളുടെയും പ്രവര്‍ത്തകരുടെയുമൊക്കെ സ്വത്ത് വെളിപ്പെടുത്തണം. പുസ്തകം വായിച്ചാണ് ഇവിടെ പലരും പലതും പറയുന്നത്. കോമണ്‍സെന്‍സുകൊണ്ടല്ല. പരിസ്ഥിതിക്കും വികസനത്തിനുമൊക്കെ കമ്മിറ്റിയുണ്ടാക്കുമ്പോള്‍ കോമണ്‍സെന്‍സുള്ളവരെ ഉള്‍പെടുത്തണം.' അതിന് യോഗ്യരായവരുടെ പട്ടികയും ബഷീര്‍ പ്രഖ്യാപിച്ചു: 'കണ്ടല്‍ കാടുണ്ടാക്കിയ ഇ.പി ജയരാജന്‍, എളമരം കരീം, വേണമെങ്കില്‍ എന്നയും കൂട്ടാം.' പി.സി ജോര്‍ജ്, തോമസ് ചാണ്ടി, വി.ശിവന്‍കുട്ടി, ടി.യു കുരുവിള എന്നിവരെ കൂടി ചേര്‍ക്കണം. എന്നാലേ ആ കോമ്പിനേഷന്റെ കോമണ്‍സെന്‍സങ്ങ് തെളിയൂ.

(20...07...11)

Tuesday, July 19, 2011

പ്രത്യയശാസ്ത്രത്തിലെ പരിണാമ വഴികള്‍


കുത്തക വിരോധത്തിന്റെ കുത്തകക്കൊപ്പം മാര്‍ക്സിസ്സ് പാര്‍ട്ടി കുത്തകയാക്കിയ മേഖലയാണ് പ്രത്യയശാസ്ത്രവും. താത്വികവും സൈദ്ധാന്തികവുമായ വിശകലനങ്ങള്‍ നടത്താന്‍ മറ്റാര്‍ക്കും അവകാശമില്ലാത്തവിധം ഫിലോസഫിക്കലാണ് പാര്‍ട്ടി. മുഖ്യ എതിരാളിയായ കോണ്‍ഗ്രസില്‍നിന്ന് ഇക്കാര്യത്തില്‍ അവര്‍ക്ക് ഭീഷണിയുമില്ല. എന്നാല്‍ മുസ്ലിം ലീഗിലിപ്പോള്‍ അതല്ല സ്ഥതി. ആശമാത്രമല്ല, കുറച്ചൊക്കെ ആശയവുമാകാമെന്നായിരിക്കുന്നു അവര്‍ക്ക്. അതുകൊണ്ട് തന്നെ താത്വിക വിശകലനത്തിന് പ്രാപ്തിയുള്ളയാളുകളെ തെരഞ്ഞെടുപിടിച്ച് സഭയില്‍ എത്തിച്ചിട്ടുമുണ്ട്. ഈ തീരുമാനം സി.പി.എമ്മിനെ അഞ്ചുകൊല്ലം വേട്ടയാടുമെന്ന് ഇന്നലെ സഭക്ക് ബോധ്യമായി. ഖുര്‍ആനിലുറച്ച് ലീഗും മാനിഫെസ്റ്റോയില്‍ പിടിച്ച് മാക്സിസ്റ്റ് പാര്‍ട്ടിയും മുഖാമുഖം കൊമ്പുകോര്‍ത്തു.
നെല്‍വയല്‍ നികത്തുന്നതിന്റെ പരാതി കൈകാര്യം ചെയ്യാനുള്ള അധികാരം വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നതിനുള്ള ചെറിയൊരു നിയമ ഭേദഗതിയായിരുന്നു സഭയിലെ വിഷയം. പക്ഷെ ചര്‍ച്ച തുടങ്ങിയ ടി.എ അഹമ്മദ് കബീറിന്റെ വിഷയം ആഗോളം വ്യാപിച്ചു. തകിഷാമ ശില്‍പശാലയില്‍നിന്നായിരുന്നു തുടക്കം. വനവും വെള്ളവും വായുവുമുള്ള രാജ്യങ്ങളെല്ലാം കയറിയിറങ്ങി. ഇതിനിടെയാണ് പി. ശ്രീരാമകൃഷ്ണന്‍ സൈദ്ധാന്തികനായത്: 'ഫിലോസഫി എന്ന നിലയില്‍ ജൈവ വൈവിധ്യത്തെപറ്റി ലോകത്ത് ആദ്യം പറഞ്ഞത് ഏംഗല്‍സാണ്.' ഏംഗല്‍സിനോളം താത്വികനായ അഹമ്മദ് കബീറിന്റെ മറുപടി ഉടന്‍ വന്നു, തെളിവുസഹിതം: 'അല്ല, ഖുര്‍ആനാണ്. ശ്രീരാമകൃഷ്ണന്‍ എംഗല്‍സിന് മുമ്പുള്ളതൊന്നും പഠിക്കാത്തതാണ് പ്രശ്നം. ഈ സങ്കുചിതത്വം മാറ്റണം'. കമ്യൂണിസം നിരകരിക്കപ്പെട്ടു എന്ന പ്രയോഗം പിന്‍വലിക്കണമെന്ന് വി.എസ് സുനില്‍കുമാര്‍ ആവശ്യമുന്നയിച്ചപ്പോള്‍ അതിനപ്പുറവുമുണ്ട് കാര്യങ്ങള്‍ എന്നായി അബ്ദുസ്സമസദ് സമദാനി: 'ഡാര്‍വിനിസം തന്നെ ശാസ്ത്രമിപ്പോള്‍ തിരുത്തുകയാണ്. അത് നാളെ ലോകം തള്ളും.' എ.കെ ബാലന്‍ അതോടെ ചന്ദ്രനിലേക്ക് പോയി: 'പടച്ചോന്റെ വിളക്കാണ്. അവിടെ ഇറങ്ങാന്‍ പറ്റില്ലെന്ന വിശ്വാസം ഇപ്പോഴുമുണ്ടോ?' അതിനും മറുപടി ഖുര്‍ആന്‍ തന്നെ. ആദ്യം അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, പിന്നെ കബീര്‍: 'ആകാശ ഭൂമിക്കിടയിലുള്ളതെല്ലാം മനുഷ്യന് അധീനപ്പെടുത്തിയിട്ടുണ്ട്. രാപകലുകള്‍ മാറി വരുന്നതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തവുമുണ്ട്.' ചിന്തിക്കാതെയുള്ള ബാലന്റെ ചോദ്യത്തില്‍ കബീര്‍ ഖേദവും രേഖപ്പെടുത്തി. ഇതോടെ സഹികെട്ട എം.എ ബേബി 'പ്രോഫിറ്റ് ഓവര്‍ പീപ്പിള്‍' വായിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി കബീറിനെ ഒതുക്കാന്‍ നോം ചോംസ്കിയെ രംഗത്തിറക്കി. പക്ഷെ, ചോംസ്കിക്കൊപ്പം ഷൂള്‍സിനെക്കൂടി ഉദ്ദരിച്ച് ബേബിയെയും നിശബ്ദനാക്കിയാണ് കബീര്‍ അടങ്ങിയത്.
ലീഗും സി.പി.എമ്മും തമ്മില്‍ രാവിലെ നടന്ന താത്വിക പോര് ഉച്ചക്ക് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലായി. അച്ചടിച്ച പ്രത്യയശാസ്ത്രമില്ലെന്ന കുറവുണ്ടെങ്കിലും കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും കൃഷി ഭൂമിയില്‍ ചില സൈദ്ധാന്തിക പ്രശ്നങ്ങളുണ്ട്. 'കണ്ണൂര് പോകുന്നുവെന്ന് മാണി സാര്‍ പറഞ്ഞാല്‍ മണ്ണൂര് നോക്കിയാല്‍ മതി'യെന്ന് സാജുപോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രത കാട്ടി. കശുമാവ് കൃഷിയെ തോട്ടമാക്കി മാറ്റുന്നതായിരുന്നു ഇവര്‍ക്കിടയിലെ പ്രത്യയശാസ്ത്ര പ്രശ്നം. മനുഷ്യന്റെ ഉല്‍പത്തിയോളം ഗൌരവമുള്ളതല്ലെങ്കിലും രണ്ടുതരം കോണ്‍ഗ്രസുകാരായതിനാല്‍ ഉള്‍പോര് മൂത്തു. തുടങ്ങിയത് വി.ഡി സതീശന്‍: 'ഭൂ പരിഷ്കരണ നിയമം സമഗ്രമായി പരിഷ്കരണം. അതിന് റവന്യൂ വകുപ്പ് മുന്‍കൈയെടുക്കുമോ'. കാര്യം നയപരമായതിനാല്‍ ഇപ്പോള്‍ പറയനാകില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒഴിഞ്ഞു. സതീശന്‍ വിട്ടില്ല: 'ഇപ്പോഴുള്ള നിര്‍ദേശങ്ങളില്‍ ചില അപകടങ്ങളുണ്ട്. അത് പരിഹരിക്കാന്‍ സമവായമുണ്ടാക്കുമോ?' അതോടെ അപകടം മണത്ത പി.സി ജോര്‍ജും സി.എഫ് തോമസും സൈദ്ധാന്തികരായി മാറി. ഇത് മിച്ച ഭൂമി തട്ടാനുള്ള തന്ത്രമാണെന്ന് എ.കെ ബാലനും കോടിയേരി ബാലകൃഷ്ണനും തെളിച്ച് പറഞ്ഞു. ഉടന്‍ ടി.എന്‍ പ്രതാപനും സതീശനൊപ്പം കൂടി. തിരുവഞ്ചൂര്‍ സമവായത്തിന്റെ വക്കിലെത്തിയതോടെ ബെന്നി ബഹനാന്‍ അതങ്ങ് സിമന്റിട്ടുറപ്പിച്ചു. കേരള കോണ്‍ഗ്രസിന്റെ ആകെയുള്ള പ്രത്യശാസ്ത്ര പ്രശ്നത്തെ കോണ്‍ഗ്രസുകാരങ്ങനെ കുളിപ്പിച്ച് കിടത്തി.
പരിണാമം മുതലുള്ള പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസിന്റെ പരിണാമം സാജുപോള്‍ വിശദീകരിച്ചത്: സായിപ്പില്‍ തുടങ്ങി മദാമ്മയില്‍ അവസാനിക്കുമായിരുന്ന കോണ്‍ഗ്രസിനെ ഇടതുപക്ഷമാണ് രക്ഷിച്ചത്. എന്നാലിപ്പോള്‍ കോണ്‍ഗ്രസുകാരുടെ കൂട്ടത്തെ തട്ടി തലസ്ഥാനത്ത് നടക്കാന്‍ പറ്റുന്നില്ല. ആള്‍കൂട്ടമായിരുന്നു അത്. ഇപ്പോള്‍ മൃഗക്കൂട്ടംപോലെയായിരിക്കുന്നു.'
നാട്ടുകൃഷി കാര്യങ്ങളില്‍ പാട്ടും കവിതയും ചൊല്ലുന്നതിനിടെയാണ് സാജു ഈ പരിണാമം വെളിപ്പെടുത്തിയത്. പ്രഭാഷണ തിരക്കില്‍ വിട്ടുപോയ കണ്ണി വര്‍ക്കല കഹാര്‍ പൂരിപ്പിച്ചു: 'മൃഗക്കൂട്ടത്തില്‍ പി.ഐ പൌലോസ് ചേട്ടനുമണ്ടായിരുന്നു.' പൌലോസ് ചേട്ടനെന്നാല്‍ പഴയ കോണ്‍ഗ്രസുകാരന്‍. എം.എല്‍.എ. പിന്നെ സാജുപോളിന്റെ അച്ഛനെന്നും അറിയപ്പെടും. നോക്കണേ, പരിണാമ സിദ്ധാന്തത്തിന്റെയൊരു വ്യാപ്തി.

(19...07...11)

Sunday, July 17, 2011

നടന്‍മാരും കാരണവരും

ജനറേഷന്‍ ഗ്യാപാണ് തറവാട്ടു കാരണവന്‍മാരുടെ മുഖ്യ പ്രശ്നം. കുട്ടികളും ചെറുപ്പക്കാരും പറയുന്നതൊന്നും മനസിലാകില്ല. മനസ്സിലായാല്‍ തന്നെ അംഗീകരിക്കില്ല. അംഗീകാരിച്ചാലോ മുയിലന് മൂന്ന് കൊമ്പ് എന്ന മട്ടുമയിരിക്കും. കോണ്‍ഗ്രസുകാര്‍ ഈ വിഷയത്തില്‍ നേരത്തേ പരീക്ഷ പാസായതാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ട്യൂഷന്‍ ക്ലാസ് നടന്നുകൊണ്ടിരിക്കുന്നേയുള്ളൂ. ഈ പാര്‍ട്ടിക്ലാസിന് തുടക്കമിട്ടത് ആലപ്പുഴച്ചേരിയില്‍ നിന്നായതിനാലാകണം, കാരണവന്‍മാരുടെ കാര്യത്തില്‍ ജി. സുധാകരന് കൃത്യമായ ധാരണയുണ്ട്. പ്രാരാബ്ധ കുടുംബങ്ങളെ സംരക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്‍ അവതരിപ്പിച്ച പാര്‍ട്ടി അംഗം ആര്‍. ശെല്‍വരാജിനെ സംസ്ഥാന കമ്മിറ്റി അംഗമായ സുധാകരന്‍ ഇന്നലെ ഇക്കാര്യം പരസ്യമായി പഠിപ്പിച്ചു: 'കാരണവന്‍മാരുടെ സ്വാഭാവമറിയില്ലേ? അവരുടെ അനുമതി വേണമെന്ന ബില്ലിലെ വ്യവസ്ഥ നിയമം നടപ്പാക്കുന്നതില്‍ കോംപ്ലക്സിറ്റിയും ഇംപ്രാക്ടിക്കബിലിറ്റിയും ഉണ്ടാക്കും. കാരണവന്‍മാരുടെ അനുമതി കിട്ടിയിട്ട് ഇതൊന്നും നടപ്പാക്കാനാകില്ല. അതൊഴിവാക്കണം.' ശെല്‍വരാജ് സംസ്ഥാന കമ്മിറ്റി വരെ വളരാത്തതിന്റെ കുറവ് അവിടെ കണ്ടു: 'ഇത് വളര പ്രധാനമാണ്. ഒഴിവാക്കാനാകില്ല.' അതോടെ സുധാകരന്‍ വിധി പറഞ്ഞു: 'എന്നാല്‍ പിന്നെ ഒന്നും നടക്കില്ല.' പാര്‍ട്ടിയിലെ കാരണവര്‍ അന്നേരം സഭയില്‍ ഇല്ലാതിരുന്നതിനാല്‍ മുതിര്‍ന്നവരുടെ അവകാശം പറയാന്‍ ആരുമുണ്ടായില്ല.
സ്വകാര്യ ബില്ലുകള്‍ക്കുള്ള പതിമൂന്നാം സഭയുടെ ആദ്യ വെള്ളിയാഴ്ച ശെല്‍വരാജിന്റെ രണ്ടെണ്ണമടക്കം ഏഴ് ബില്ലാണ് എത്തിയത്. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ കര്‍ക്കശമായി ഇടപെട്ട് ഏഴിനും അവതരണാവസരമൊരുക്കി. ഈ ഇടപെടല്‍ പക്ഷെ വി. ശിവന്‍കുട്ടിക്ക് പിടിച്ചില്ല: 'ഇത് സപ്പീക്കറുടെ സമയമൊന്നുമല്ലല്ലോ? താങ്കള്‍ എന്തിനാണിങ്ങനെ അസ്വസ്ഥനാകുന്നത്?' സ്പീക്കര്‍: 'ചോദ്യം ചോദിക്ക്. വെറുതെ പ്രസംഗിച്ച് സമയം കളയരുത്.' കാര്യം നേരെ ചോദിച്ച് ശീലമില്ലാത്തതിനാല്‍ ശിവന്‍കുട്ടി നയം വ്യക്തമാക്കി: 'ഒരു അടിസ്ഥാനവുമില്ലാതെ ചോദ്യം ചോദിക്കാനാകില്ല.' തര്‍ക്കം കഴിഞ്ഞ് ചോദ്യം വന്നപ്പോള്‍ അടിസ്ഥാനമുണ്ടായിട്ടും കാര്യമില്ലെന്ന് വ്യക്തമായി. പണിമുക്ക് അവകാശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശെല്‍വരാജ് വീണ്ടും വന്നപ്പോള്‍ പി.കെ ഗുരുദാസന്‍ ഉഷാറായി. നയപ്രഖ്യാപനത്തില്‍ മിന്നല്‍ പണിമുടക്കിനെതിരായ പരാമര്‍ശമായിരുന്നു ഗുരുദാസന്റെ പ്രകോപനം.
കെ.എം മാണി മികച്ച നടനാണെന്ന് കഴിഞ്ഞ ദിവസം തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. നാടക ട്രൂപ്പുകള്‍ക്കും കലാകാരന്‍മാര്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പെടുത്തണമെന്ന ബില്ലുമായി വന്ന സിനിമാ നടനായ സാജുപോള്‍ ഐസകിനെ തിരുത്തി: 'രാഷ്ട്രീയക്കാരെല്ലാം മികച്ച നടന്‍മാരാണ്. അഭിനേതാക്കളാണ്.' പക്ഷെ കുട്ടികള്‍ക്കൊന്നും ഇപ്പോള്‍ നാടകത്തെ പറ്റി ഒരുവിവരവുമില്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. 'ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി കാലാനിലയം നാടക വേദി എന്ന ബോര്‍ഡ് 'കാള നിലയം, നാടാകെ വെടി' എന്ന് വായിച്ചതാണത്രെ തെളിവ്. ജനറേഷന്‍ ഗ്യാപ് തന്നെ.
എം. ഹംസയുടെ നെല്‍കൃഷി വികസന അഥോറിറ്റി ബില്ലില്‍ ഗവര്‍ണറുടെ അനുമതിയില്ലെന്ന് നിയമ മന്ത്രി പറഞ്ഞത് ഭരണഘടനാ പ്രിസന്ധി സൃഷ്ടിച്ചു. ആരാണ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടത് എന്നായി കോടിയേരി ബാലകൃഷ്ണന്‍. സ്വയം വാങ്ങണമെന്ന് ഭരണപക്ഷത്തെ ചട്ട വിദഗ്ദന്‍ ടി.എം ജേക്കബ്. ലജിസ്ലേറ്റിവ് സെക്രട്ടറി അറിയിക്കണമെന്ന് കോടിയേരിയുടെ മറുവാദം. ഇതിന് തെളിവുമായി ഭരണഘടനയുമായി ജി. സുധാകരനും. നാടാകെ പടരുന്ന പണത്തട്ടിപ്പുകാരെ പിടികൂടാനുള്ള നിയമമായിരുന്നു എം.ഹംസയുടെ മറ്റൊരു ബില്‍. കുട്ടികളെ പീഢനത്തില്‍ നിന്ന് രക്ഷിക്കാന്‍ കെ.കെ ലതികയും ബില്‍ അവതരിപ്പിച്ചു.
അകാലത്തില്‍ മരിച്ചു വീഴുന്ന സ്വകാര്യ ബില്ലുകളില്‍ ചവിട്ടിയാണ് ഓരോ ആഴ്ചയും സഭ പിരിയുക. അതുകാണ്ടുതന്നെ വെളിയാഴ്ചകള്‍ സഭക്കൊരു തമാശയാണ്. ഒരിക്കലും നടപ്പാകില്ലെന്നുറപ്പുള്ള നിരവധി സ്വപ്നങ്ങള്‍ ബില്ലായി വരികയും അവതാരകന്‍ ഘോരഘോരം പ്രസംഗിക്കുകയും അംഗങ്ങള്‍ സഗൌരവം വാഗ്വാദങ്ങള്‍ നടത്തുകയും ചെയ്ത് പിരിയും. ഈ പതിവ് ഒരിക്കലേ തെറ്റിയിട്ടുള്ളൂ. അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പണ്ടാരോ കൊണ്ടുവന്ന സ്വകാര്യ ബില്ലില്‍ മാത്രം. നാട്ടുകാര്‍ക്കാണ് ഗുണമെങ്കില്‍ സ്വകാര്യ ബില്‍ അനുവദിക്കേണ്ടെതില്ലെന്ന ഈ അപ്രഖ്യാപിത കീഴ്വഴക്കം ഇന്നലെ പാതി തെറ്റിച്ചു. സാജുപോള്‍ അവതരിപ്പിച്ച മാനസികാരോഗ്യ പരിപാലന ബില്ലിന്റെ ആശയം ഉള്‍കൊണ്ട് സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി പ്രഖ്യാപിച്ചു. അങ്ങനെ സ്വകാര്യ ബില്ലുകളുടെ ശവപ്പറമ്പില്‍ വച്ച് അരജീവന്‍ തിരിച്ചുകൊടുത്ത ചരിത്രമെഴുതിയാണ് സഭയിന്നലെ പിരിഞ്ഞത്.

(16..07..11)

മാണിയെത്ര നല്ലവന്‍

പാവപ്പെട്ട പണക്കാര്‍ക്കുവേണ്ടി ശബ്ദിക്കാന്‍ സഭയില്‍ ഒരൊറ്റയാളേയുള്ളൂ ^തോമസ് ചാണ്ടി. വിഷയം ഏതായാലും മുന്നണി മാറിയാലും ചാണ്ടിയുടെ നിലപാടില്‍ മാറ്റമില്ല. കൂടെയിരിക്കുന്നവര്‍ എന്ത് കാരണം പറഞ്ഞ് പ്രതിഷേധിച്ചാലും ചാണ്ടിക്ക് പുറത്തുപോകാന്‍ അതില്‍ പണക്കാരുടെ ദുരിതമുണ്ടായിരിക്കണം. ഇപ്പോള്‍ ഇരിപ്പ് പ്രതിപക്ഷത്താണ്. പാര്‍ട്ടി എന്‍.സി.പിയും. കൂടെയുള്ളത് പൊതുമേഖലാ മൌലികവാദികളായ ഇടതുസഖാക്കള്‍. എന്നിട്ടും ഇന്നലെ സ്വാശ്രയത്തില്‍ ഇറങ്ങിപ്പോകുമ്പോഴും ഈ സത്യസന്ധത തോമസ് ചാണ്ടി സൂക്ഷിച്ചു.
സ്വാശ്രയ കോളജ് അഴിമതിക്കെതിരായ വി.എസ് സുനില്‍കുമാറിന്റെ അടിയന്തിര പ്രമേയത്തില്‍ പ്രതിഷേധിച്ച് വാക്കൌട്ട് നടത്തുമ്പോള്‍ ചാണ്ടി നയം വ്യക്തമാക്കി: 'പരിയാരത്ത് ഒരഴിമതിയുമില്ല. അവര്‍ക്ക് കോളജ് നടത്തിക്കൊണ്ടുപേകാന്‍ കുറച്ച് സീറ്റില്‍ അധികം ഫീസ് വാങ്ങണം. അതിന് ശ്രീമതി ടീച്ചറോട് സംസാരിച്ച് തീരുമാനിച്ചു. സ്വാശ്രയത്തിലെ യഥാര്‍ഥ പ്രശ്നം തലവരിയല്ല. ഉടമകള്‍ക്ക് കോളജ് നടത്താനുള്ള വരുമാനമില്ലാത്തതാണ്. നന്നായി നടത്താന്‍ അവര്‍ക്ക് അവസരം കൊടുക്കണം. 5 ലക്ഷം ഫീസ് ഏഴ് ലക്ഷമെങ്കിലും ആക്കണം. ഇതൊന്നും ചെയ്യാതെ കോളജുകളെ അഴിമതിക്ക് നിര്‍ബന്ധിക്കുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഞാനും എന്റെ പാര്‍ട്ടിയും ഇറങ്ങിപ്പോകുന്നു.' എന്റെ പാര്‍ട്ടിയെന്നാല്‍ വേറെയൊരാളെയുള്ളൂ കൂടുതല്‍. എന്നാലും പറയുന്നതില്‍ ഒരുകുറവുമില്ല. നിലപാടില്‍ വിട്ടുവീഴ്ചയുമില്ല. എന്‍.സി.പിയെപ്പോലെ രണ്ടാള്‍ പങ്കിട്ടാല്‍ തീരുമാനമാകുന്നതല്ല കോണ്‍ഗ്രസ് നയം. എന്നാല്‍ സംവരണ ക്വാട്ടയില്‍ വന്നവര്‍ക്ക് ബാധകമല്ലത്രെ. അതിനാല്‍ എ.പി അബ്ദുല്ലക്കുട്ടിയും തോമസ് ചാണ്ടിക്കൊപ്പം കൂടി. ചില്ലറ ആവശ്യങ്ങളേയുള്ളൂ ഈ കുട്ടിക്ക്: 'കെട്ടിട^ഭൂ നികുതികള്‍ കുത്തനെ കൂട്ടണം. 2000 ചതുരശ്ര അടിയില്‍ കൂടുതലായാല്‍ വീടിന് ആര്‍ഭാട നികുതി വക്കണം. കാരണം ക്യൂബയില്‍ കാസ്ട്രോയുടെ അനിയന്‍ ഇതൊക്കെ ചെയ്യുന്നുണ്ട്.'
ബജറ്റ് ചര്‍ച്ചയുടെ അവസാന ദിവസം വിരസമായ ആവര്‍ത്തനങ്ങളില്‍ മടുത്ത സഭയെയുണര്‍ത്താന്‍ പറ്റിയ രാഷ്ട്രീയം പറയാന്‍ പോലും ആര്‍ക്കുമായില്ല. വിവാദങ്ങളില്‍ തൊടാതെ ഇരുകൂട്ടരും സംയമനം പാലിച്ചു. സദ്യ നന്നായപ്പോള്‍ പൂവന്‍പഴത്തിന് വലിപ്പംകൂടി എന്ന് കുറ്റം കണ്ടെത്തിയ കാരണവരുടെ അവസ്ഥയിലാണ് പ്രതിപക്ഷമെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് തോന്നിയതും അതുകൊണ്ടാണ്. എന്നാല്‍ കെ. അജിതും ആര്‍. ശെല്‍വരാജും കെ.കെ ജയചന്ദ്രനും ഒരുപോലെ പറഞ്ഞു: 'കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ സമഗ്ര വികസനത്തിന് വഴി തെളിയിച്ച നയങ്ങള്‍ തകര്‍ത്തെറിഞ്ഞ ബജറ്റാണിത്.' സ്വാശ്രയ സമരത്തില്‍നിന്ന് എസ്.എഫ്.ഐ പിന്‍മാറിയത് സംസ്ഥാന കമ്മിറ്റി തീരുമാനച്ചാണെന്നായിരുന്നു റോഷി അഗസ്റ്റിന്‍ കരുതിയത്. എസ്.എഫ്.ഐ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന് ആര്‍. രാജേഷ് തിരുത്തിയപ്പോള്‍ യഥാര്‍ഥ കാരണം റോഷിക്ക് മനസ്സിലായി: 'കാര്യം പിടികിട്ടിയപ്പോള്‍ കുട്ടികള്‍ സ്വയം പിരിഞ്ഞുപോയതാണ്.' മലയാളം സര്‍വകലാശാല പ്രഖ്യാപിച്ചതിനാല്‍ അതിന്റെ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ചിറ്റൂരില്‍ തരണമെന്നായിരുന്നു കെ. അച്യുതന്റെ ആവശ്യം. പറഞ്ഞ രീതിവച്ച് യുണിവേഴ്സിറ്റിക്ക് തറക്കല്ലിടും വരെ അച്യുതന്‍ കാത്തിരിക്കാനിടയില്ല. ചിറ്റയം ഗോപകുമാറും എന്‍.എ നെല്ലിക്കുന്നും അവസാന ദിവസത്തെ കന്നി പ്രസംഗകരായി സാന്നിധ്യമറിയിച്ചു.
അംഗങ്ങള്‍ മങ്ങിപ്പോയ ദിവസം പക്ഷെ ധനമന്ത്രി വേണ്ടത്ര തിളങ്ങി. ബജറ്റിന്റെ പേരില്‍ ഭരണപക്ഷം പോലും ചീത്ത വിളിച്ചത് ഈ മാണിയെയാണോ എന്ന് വി.എസ് അച്യുതാനന്ദന്‍ പോലും പറഞ്ഞുപോകുന്നത്ര വിനീത ഭാവം. ചോദിച്ചവര്‍ക്കെല്ലാം വാരിക്കോരി. പദ്ധതി പറഞ്ഞാല്‍ മതി, ആവശ്യമുള്ളത്ര പണം റെഡി. തീര്‍ന്നില്ല: രൂക്ഷ വിമര്‍ശം ഒഴിവാക്കിയ വി.എസിന് ഷേക്ഹാന്റ്. കയറിനും കൈത്തറിക്കും പഴയതുണ്ടായിട്ടും ആലപ്പുഴക്കാരെ ഐസക് പറഞ്ഞു പറ്റിച്ചതില്‍ അടങ്ങാത്ത ഹൃദയ വേദന. മഹിളകള്‍ക്ക് കൊടുത്തത് കുറഞ്ഞുപോയതില്‍ കടുത്ത മനോവിഷമം. മാത്യു ടി തോമസ് തിരുവല്ലക്ക് വേണ്ടി ചോദിച്ചപ്പോള്‍ അറിയാതെ കൈയയഞ്ഞുപോയി. ഗുരുദാസന്‍ പറയേണ്ട താമസം, വാഗ്ദാനം വേണ്ടത്ര. 'ആര്‍ക്കും ചോദിക്കാം, ചോദിച്ചാലുടന്‍ പണം' എന്ന മട്ടില്‍ തിരിഞ്ഞും മറിഞ്ഞും വെയ് രാജ...വെയ് എന്ന മട്ടില്‍ പദ്ധതികള്‍ വാരിവിതറി. കുറഞ്ഞുപോയ മേഖലകള്‍ക്കെല്ലം ബാക്കികൊടുത്തു. ഈ ദാനശീലം കണ്ടാല്‍ 'മാണിയെത്ര നല്ലവനെ'ന്ന് ആരും പറഞ്ഞുപോകേണ്ടതാണ്. പക്ഷെ അതുണ്ടായില്ല. അതിനാല്‍ മാണി തന്നെ പറഞ്ഞു: 'എ+ ബജറ്റാണിത്. ഞാനിതുവെര അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ചത്. ഇപ്പോള്‍ 99 കോടി കൂടി കൊടുക്കുന്നു. എന്നിട്ടും ഐസകിനേക്കാള്‍ കമ്മി കുറവ്. വരുമാനം കൂടുതല്‍. പദ്ധതികള്‍ അധികം. ഇങ്ങനെയൊക്കെ ചെയ്ത എന്നെ നിങ്ങളൊന്ന് അഭിനന്ദിക്കണ്ടേ?' വേണം. പക്ഷെ പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാന്‍ ചീഫ് വിപ്പായതിനാല്‍ ആള്‍ക്ഷാമമുണ്ട്. വിപ്പുകൊടുത്ത് മുന്നണി തന്നെ അത് പരിഹരിക്കാം.

(15...07...11)

Thursday, July 14, 2011

പെണ്‍ പോരാളികള്‍ക്കിതാ ഒരു പിന്‍മുറകാരി

നാടാകെ ദൈവത്തിന് തീറെഴുതി സ്വത്തുമുഴുവന്‍ നിലവറയില്‍ സൂക്ഷിച്ചാല്‍ പിന്നെ അതത്രയും നാട്ടുകാരുടേതല്ലാതാകുമെന്ന് തെറ്റിദ്ധരിക്കുന്ന ആരും കേരള സഭയിലില്ല. ശരപ്പൊളി മാലയും സ്വര്‍ണക്കട്ടിയും വെറുതെ കിട്ടിയാല്‍ ഖജാനയില്‍ മുതല്‍കൂട്ടാമെന്ന് അറിയാത്തവരും ഇവിടെയില്ല. പണ്ടൊക്കെ അവരത് പരസ്യമായി പറഞ്ഞിരുന്നു. അങ്ങനെയൊന്നും എവിടെയും സ്വര്‍ണം പ്രത്യക്ഷപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു ഈ ധൈര്യത്തിന്റെ കാതല്‍. പക്ഷെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറ തുറന്നപ്പോള്‍ കളിമാറി. അതോടെ ആദര്‍ശ ധീരരായ ഗാന്ധിയന്‍മാരും വിപ്ലവ കുതുകികളായ സഖാക്കളും നിലവറ കണ്ട് നാക്കുമുറിഞ്ഞെന്ന മട്ടില്‍ മൌനംപൂണ്ട് നടന്നു. വിശ്വാസത്തോട് കളിയില്ലെന്ന് കമ്യൂണിസ്റ്റുകാര്‍ പോലും പറയുന്ന കാലത്ത് ഇക്കാര്യത്തില്‍ മൌനമാണ് മികച്ച ഭരണമെന്ന് സര്‍ക്കാര്‍മുന്നണി നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇന്നലെ ഇരുമുന്നണികളെയും വെല്ലുവിളിച്ച് സഭയിലൊരു മറുവാദമുയര്‍ന്നത്. അതും പെണ്‍നിരയില്‍ നിന്ന്. പുതിയ അംഗമായ ജമീല പ്രകാശമാണ് സഭയെ ഞെട്ടിച്ച നിലപാട് പ്രഖ്യാപിച്ചത്.
ക്ഷേത്ര നിലവറയില്‍ കണ്ടെത്തിയ സ്വത്തിന്റെ ചരിത്രവും വര്‍ത്തമാനവും ചികഞ്ഞ് ജമീല നൂറ്റാണ്ടുകളോളം സഞ്ചരിച്ചു. അധസ്ഥിതന്റെയും അവര്‍ണന്റെയും കവര്‍ന്നെടുത്ത സ്വത്താണതെന്ന് ചരിത്ര പുസ്തകങ്ങളുദ്ധരിച്ച് അവര്‍ സ്ഥാപിച്ചു. 'അത് നിര്‍ബന്ധപൂര്‍വം അവരില്‍ നിന്ന് പിടിച്ചെടുത്തതാണ്. ഞങ്ങളുടെ പൂര്‍വികരുടെ മാറിടത്തിന് വരെ വിലയിട്ട് പിരിച്ച നികുതിയാണത്. സ്വന്തം മുല മുറിച്ചെറിഞ്ഞ് അതിനെതിരുനിന്ന അമ്മമാരുടെ ചോരയുടെയും കവര്‍ന്നെടുത്ത അവരുടെ അമ്മിഞ്ഞപ്പാലിന്റെയും പങ്കാണത്. അതവര്‍ക്ക് അവകാശപ്പെട്ടതാണ്. അത് നാടിന് വേണ്ടി ഉപയോഗപ്പെടുത്തണം.' മൌന വിദ്വാന്‍മാര്‍ക്കിടയില്‍ വേറിട്ടുയര്‍ന്ന ഈ ചരിത്രത്തിനുമുന്നില്‍ അംഗങ്ങള്‍ ഇരുഭാഗത്തും ഗൌരവം ഭാവിച്ച് വിദൂരതയില്‍ കണ്ണുനട്ടിരുന്നു. സമയം നിയന്ത്രിക്കാന്‍ ശ്രമിച്ച ചെയറിനോട് ജമീലക്ക് വേണ്ടി തര്‍ക്കിക്കാന്‍പോലും ആരുമുണ്ടായില്ല; എം.എ ബേബിയൊഴികെ. എന്നിട്ടുമവര്‍ കേരളം ഇതുവരെ കേള്‍ക്കാത്ത നിര്‍ദേശവും സഭയില്‍ വച്ചു: 'ഇതെല്ലാം ഫിനാന്‍ഷ്യല്‍ അസറ്റാക്കണം. അവ വിലയിട്ട് വിറ്റ് കോര്‍പസ് ഫണ്ടുണ്ടാക്കി നിക്ഷേപിക്കണം. അതിന്റെ വരുമാനം നാടിന് വേണ്ട പദ്ധതികള്‍ക്ക് ഉപയോഗിക്കണം. പണം സര്‍ക്കാറിനുമല്ല. ജനങ്ങള്‍ക്ക് കൊടുക്കണം. അതിന്റെ അവകാശികള്‍ക്ക്.'
സ്ത്രീ പോരാട്ടത്തിന്റെ വിപ്ലവാവേശം ഇന്നലെ സഭയില്‍ വേറെയും കണ്ടു ^ഇ.എസ് ബിജിമോള്‍ വക. അതിനുപക്ഷെ ജമീലയുടെയത്ര ചരിത്രവും പ്രത്യയശാസ്ത്രവും വീറുമുണ്ടയിരുന്നില്ലെന്ന് മാത്രം. 78 പിന്നിട്ട് മുത്തച്ഛനായ കെ.എം മാണി സ്ത്രീകളെ അവഗണിച്ചതാണ് ബിജിമോളുടെ പ്രശ്നം. രണ്ട് ഭാര്യമാരുണ്ടായിട്ടും മാണി സാര്‍ സത്രീ വിരുദ്ധനായത്രെ. ഒരു ഭാര്യ പാലയാണെന്ന് പിന്നെയവര്‍ വിശദീരിച്ചു. പിറക്കുന്ന കുട്ടികള്‍ക്ക് തോമസ് ഐസക് കൊടുത്ത 10,000 രൂപ മാറ്റിയതിലും ബിജിമോള്‍ക്ക് അതിയായ രോഷമുണ്ട്. ഇങ്ങനെ ചെയ്താല്‍ മോക്ഷം കിട്ടില്ലെന്ന് ശപിച്ചാണ് ഒടുവില്‍ പ്രസംഗം നിറുത്തിയത്. 10,000 രൂപ എടുത്തുമാറ്റിയതിന് പക്ഷെ മാണിക്ക് മതിയായ ന്യായമുണ്ട്: 'ജനിക്കാനിരിക്കുന്ന കുട്ടികളുടെ കണക്ക് കണ്ടുപിടിക്കാന്‍ എനിക്ക് കഴിവില്ല. എസ്റ്റിമേറ്റില്ലാതെ എങ്ങനെയാണ് ബജറ്റുണ്ടാക്കുക?'
മാണിയുടെ ബജറ്റിലെ അന്യാങ്ങളെ വഞ്ചിപ്പാട്ടില്‍ ഒഴുക്കിക്കളഞ്ഞ വി.എസ് സദാശിവന്‍, അച്യുതാനന്ദനെതിരായ ആരോപണത്തിനും പ്രതിരോധം തീര്‍ത്തു. ബജറ്റിന് ശവംനാറിപ്പൂവിന്റെ ദുര്‍ഗന്ധമാണെന്ന് എ.എം ആരിഫ് വെളിപ്പെടുത്തി. നയപ്രഖ്യാപനത്തില്‍ തുടങ്ങിയ ഭരണ മുന്നണിയിലെ യുദ്ധപ്രഖ്യാപനത്തിന്റെ രണ്ടാം ഘട്ടം കണ്ട സന്തോഷത്തിലായിരുന്നു എ.കെ ശശീന്ദ്രന്‍. ഭൂമി പിടിച്ചെടുക്കുന്നവര്‍ ആദ്യം പോകേണ്ടത് ശ്രേയാംസ്കുമാര്‍ കൈയേറിയിടത്തേക്കാണെന്ന് കെ.വി വിജയദാസ് ഓര്‍മിപ്പിച്ചു. ഈ വിമര്‍ശങ്ങളെല്ലാം കേട്ടപ്പോള്‍ വര്‍ക്കല കഹാറിന് ഒരു കാര്യം ഉറപ്പായി: 'ഉടുതുണിയില്ലാത്തവര്‍ അപ്പുറത്ത് കുടചൂടി നില്‍ക്കുകയാണ്.'
കൊടുത്താല്‍ കാസര്‍കോട്ടും കിട്ടുമെന്ന് എസ്. രാജേന്ദ്രന് ഇന്നലെ ബോധ്യപ്പെട്ടു. കടും തമിഴില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഭരണ നിരയെ വെള്ളം കുടിപ്പിച്ച രാജേന്ദ്രന് പി.ബി അബ്ദുറസാക്കിന്റെ അടികിട്ടിയത് കട്ടിക്കന്നഡയില്‍. എന്നിട്ടുമരിശം മാറാത്ത റസാക് തുളുവിലും ഉറുദുവിലും മലയാളത്തിലും മറുപടി പറഞ്ഞു. സ്ത്രീകളുട ദിവസമായതിനാല്‍ പത്മനാഭ സ്വാമി ക്ഷേത്രം വിട്ട് വി. ശിവന്‍കുട്ടി ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് വിഷയം മാറ്റി: 'ആറ്റുകാല്‍ വികസന പദ്ധതിക്ക് അനുകൂലമായി മാണിസാറിന്റെ മനസ്സ് മാറാന്‍ വേണ്ടി ലക്ഷക്കണക്കിന് സ്ത്രീകള്‍ അവരുടെ വീടുകളില്‍ ഇപ്പോള്‍ പൊങ്കാലയിടുകയാണ്.' ഈ വെളിപ്പെടുത്തലിന് ഫലസിദ്ധിയും ഉടനുണ്ടായി. മാണി പറഞ്ഞു: 'എന്റെ മനസ് ഇപ്പോള്‍ തന്നെ മാറിത്തുടങ്ങിയിരിക്കുന്നു.' തിരുവനന്തപുരത്തുകാര്‍ സൂക്ഷിക്കണം, ക്ഷേത്രം ചിലപ്പോള്‍ പാലായിലേക്ക് മാറ്റിയേക്കും.

(14..07..11)

പട്ടുടുപ്പ് മാറ്റിയ ബജറ്റിന്റെ വസ്ത്രാക്ഷേപം



ഭൂപരിഷ്കരണ നിയമത്തില്‍ പരിഷ്കരണം വേണമെന്ന് മന്ത്രിക്കസേരിയിലിരുന്ന് ആദ്യം പറഞ്ഞത് എളമരം കരീമാണ്. കാര്യം പറഞ്ഞ വഴിയല്‍പം വളഞ്ഞതായിരുന്നെങ്കിലും സംഭവം കത്തി. ഭൂപരിഷ്കരണത്തിന്റെ വിശുദ്ധിയെ വാഴ്ത്തി വളര്‍ന്നുവലുതായ പുതുതലമുറ കമ്യൂണിസ്റ്റുകാര്‍ ഇതിനെതിരെ രഹസ്യമായും പരസ്യമായും പ്രത്യയശാസ്ത്ര തര്‍ക്കങ്ങളുമായി പാഞ്ഞുനടന്നു. ഇത്തരം സൈദ്ധാന്തിക പ്രതിസന്ധികളൊന്നുമില്ലാത്ത കെ.എം മാണി പക്ഷെ ആദ്യ ബജറ്റില്‍ തന്നെ പരിഷ്കരണം പ്രഖ്യാപിച്ചു. കശുമാവിന്‍ കൃഷിയുടെ പേരുപറഞ്ഞ്, കരീമിന്റെ വളഞ്ഞ വഴിസൂത്രം തന്നെ മാണിയും പ്രയോഗിച്ചു. എന്നാല്‍ ഇടത് ശാഠ്യക്കാരായ പി. തിലോത്തമന്‍, എ.എ അസീസ്, ടി.വി രാജേഷ് തുടങ്ങിയവര്‍ മാണിയെ വെല്ലുവിളിച്ചു. കരീമിന്റെ തൊട്ടടുത്തിരിക്കുന്നതിനാലാകണം തോമസ് ഐസക് ഇക്കാര്യം പരാമര്‍ശിച്ചില്ല. എന്നാല്‍ ഇടതുസഖാക്കളുടെ അത്യാവേശത്തിനും കെ.എം മാണിയുടെ കടുംവെട്ടിനും കൂട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ് ബജറ്റ് ചര്‍ച്ചയുടെ ആദ്യ ദിനം പ്രത്യക്ഷമായ നയം മാറ്റം. വി.ഡി സതീശനായിരുന്നു നയപ്രഖ്യാപനം നടത്തിയത്: 'ഭൂ പരിഷ്കരണ നിയമത്തില്‍ സമഗ്ര പരിഷ്കരണം വേണം. അതില്‍ തൊടാന്‍ പാടില്ലെന്ന വാദം അംഗീകരിക്കാനാവില്ല. നിയമമുണ്ടാക്കിയ കാലം മാറി. അത് പരിഷ്കരിക്കണം. എന്നാല്‍ ഭൂ വിനിയോഗത്തെ പറ്റി ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഈ ചര്‍ച്ചക്കുള്ള തുടക്കം മാത്രമായി കണക്കാക്കിയാല്‍ മതി.' പണത്തിലും പദ്ധതിയിലുമല്ല, നയത്തിലാണ് ബജറ്റ് തര്‍ക്കമെന്നര്‍ഥം.
ഡപ്യുട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ പുതിയ സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ചര്‍ച്ചക്ക് തുടക്കമിട്ടു. പണക്കാരില്‍ നിന്ന് പണമെടുത്ത് പാവങ്ങള്‍ക്ക് കൊടുക്കുന്ന ബജറ്റില്‍ ശക്തന്‍ പൂര്‍ണ തൃപ്തനാണ്. എന്നാല്‍ പ്രതിപക്ഷത്തുനിന്ന് ചര്‍ച്ച തുടങ്ങിയ മുന്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റിനെ വെട്ടിമുറിച്ച് മീനച്ചിലാറ്റില്‍ തള്ളി. രാഷ്ട്രീയ തിമിരം ബാധിച്ച് മുന്‍സര്‍ക്കാര്‍ നടപടികളെ തള്ളിക്കളഞ്ഞിട്ട് കാര്യമില്ല. ഇതിനെ പാല^പാണക്കാട് ബജറ്റ് എന്നും പറയാനാവില്ല. അവര്‍ക്കും ഒന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ ബജറ്റ് നയം തുടര്‍ന്നിരുന്നെങ്കില്‍ ഇതിലേറെ കൊടുക്കാമായിരുന്നു. മാണി സാര്‍ വേഷക്കാരനായിരുന്നെങ്കില്‍ കേരളത്തിന് നല്ല നടനെ കിട്ടുമായിരുന്നു എന്നുകൂടി പറഞ്ഞാണ് ഐസക് അവസാനിപ്പിച്ചത്. ഇതിനിടയില്‍ കയറി കെ.എം മാണി നടത്തിയ പ്രതിരോധമെല്ലാം കരിയില പേലെയൊലിച്ചുപോയി. മാണിക്ക് മറുപടി പറഞ്ഞത് ഭരണ നിരയെ രക്ഷിച്ചത് വി.ഡി സതീശനാണ്. മൊത്തം 10,000 കോടി ബാധ്യത മുന്‍ സര്‍ക്കാര്‍ ബാക്കിയിട്ടിട്ടുണ്ടെന്ന് സതീശന്‍ കണക്കുകള്‍ സഹിതം സ്ഥാപിച്ചു. ഇതിനിടയില്‍ കയറി തടയിടാന്‍ തോമസ് ഐസക് ശ്രമിച്ചുമില്ല.
യു.ഡി.എഫിന്റെ എ നിലവറ തുറന്നപ്പോള്‍ തന്നെ പ്രതിപക്ഷത്തിന്റെ കണ്ണുതള്ളിയെന്നാണ് എം. ഉമ്മറിന്റെ കണ്ടെത്തല്‍. വിളയും വിത്തിന്റെ ഗുണം മുളയിലേ അറിയാവുന്നയാളായതിനാല്‍ പി.എ മാധവനും ബജറ്റില്‍ സന്തോഷം. എന്നാല്‍ പുരുഷന്‍ കടലുണ്ടിക്ക് ബജറ്റ്, ചിന്താമണ്ഡലം അധിനിവേശത്തിന് കീഴടങ്ങിയെന്നതിന്റെ തെളിവാണ്. മാനസിക ഐക്യത്തിന് ശ്ലോകം ചൊല്ലിയ മാണിയുടെ പ്രസംഗം തീരും മുമ്പ് യു.ഡി.എഫില്‍ കലഹം തുടങ്ങിയെന്ന് കെ. കുഞ്ഞിരാമന്‍. തുടക്കം തന്നെ പിഴച്ച സര്‍ക്കാറാണിതെന്ന് ബാബു പാലിശേãരിയും. ഈ വിമര്‍ശങ്ങളെല്ലാം നിരായുധരും പരിക്ഷീണിതരുമായവരുടെ നെടുവീര്‍പ്പുകളാണെന്ന് ടി.എ അഹമ്മദ് കബീര്‍ ആശ്വസിച്ചു.
സംസ്കൃത ശ്ലോകമുണ്ടായിരുന്നെങ്കിലും ബജറ്റ് ആകമാനം കവിതയാണെന്ന് കെ.എം മാണിക്ക് മനസ്സിലായത് ഇന്നലെയാണ്. സഭയില്‍ ഉറുദു കവിതയുടെ ആധികാരിക സ്രോതസ്സായ അബ്ദുസ്സമദ് സമദാനിയാണ് ധനമന്ത്രിയെ ഞെട്ടിച്ചത്. കവിതയില്‍ മാണി ആദ്യം കാറ്റായി വന്നു. 'നമ്മുടെ പാപരത്വം പട്ടുടയാട കൊണ്ട്മൂടിവച്ചതായിരുന്നു/കാറ്റ് വന്നപ്പോള്‍ ഉടയാട നീങ്ങി/പാപരത്വം പുറത്തായി'. പിന്നെ മാണി സൈദ്ധാന്തികനായെത്തി. അതുകഴിഞ്ഞ് സാമൂഹ്യ ശാസ്ത്രഞ്ജന്‍. ഒടുവില്‍ സാമ്പത്തിക വിദഗ്ദനും. എല്ലാം കവിത തന്നെ. സമദാനി കവിതയില്‍ സഭയാകെ മയങ്ങിയെങ്കിലും കെ.വി അബ്ദുല്‍ ഖാദറിന് അതത്ര വിശ്വാസമായില്ല. 'ഉറുദുവില്‍ മന്ത്രം ജപിച്ചാല്‍ മാണിയുടെ വെള്ളം മരുന്നാകില്ലെ'ന്ന ഭൌതിക വാദംകൊണ്ടായിരുന്നു അബ്ദുല്‍ ഖാദറിന്റെ മറുമരുന്ന്. ഈ വൈദ്യ ശാസ്ത്രത്തിനും ജി. സുധാനെ പിടിച്ചുനിര്‍ത്താനായില്ല: 'പട്ടുടുപ്പല്ല. പാഞ്ചാലിയുടെ വസ്ത്രാക്ഷേപമാണിവിടെ. ദുര്യോധനനും ദുശãാസനനും എന്ത് പറ്റിയെന്ന് ഓര്‍മയുണ്ടല്ലോ?'. ഭരണപക്ഷത്തെ ദുര്യോധനനും ദുശãാസനും മാത്രമല്ല, ഭീമസേനന്‍ വരെ ആരാകുമെന്ന ആശയക്കുഴപ്പം സഭയാകെ രാഷ്ട്രീയച്ചിരി പടര്‍ത്തി. ഗദയേന്തി നടക്കുന്ന ഭരണപക്ഷ ഭീമന്‍മാരെല്ലാം അതോടെ നിശãബ്ദരായി. ഈ നിശãബ്ദതക്ക് സാജുപോളിന്റെ സാംസ്കാരിക വ്യാഖ്യാനവുമുണ്ടായി: 'സണ്‍ ടി.വിയില്‍ വരുന്ന ഇംഗ്ലീഷ് സിനിമ പോലെയാണ് ഭരണപക്ഷമിപ്പോള്‍. ഇപ്പുറത്തായിരുന്നപ്പോള്‍ സ്പൈഡര്‍മാനായിരുന്ന പി.സി ജോര്‍ജ് ഭരണം കിട്ടിയപ്പോള്‍ 'ചിലന്തി മാപ്പിളൈ' ആയി. സൂപ്പര്‍മാനായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 'ജട്ടിമാപ്പിളൈ'യും. നിരൂപണ വ്യാഘ്രങ്ങള്‍ മൌനികളായി.'

(13...07...11)

ലോട്ടറിയില്‍ തോറ്റാല്‍ സ്പീക്കറോട്



കണ്ടാല്‍ കലൈഞ്ജറെപ്പോലിരിക്കുമെങ്കിലും ഇ.പി.ജയരാജന് ഡി.എം.കെയുമായോ കനിമൊഴിയുമായോ ബന്ധമുള്ളതായി പറയപ്പെട്ടിട്ടില്ല. എന്നാല്‍ കനിമൊഴിയും ജയരാജനും തമ്മില്‍ ചിലതുണ്ടെന്ന് വര്‍ക്കല കഹാര്‍ ഇന്നലെ നിയമസഭയില്‍ പ്രഖ്യാപിച്ചു. സ്പെക്ട്രത്തില്‍ കനിമൊഴി ചെയ്തതുതന്നെയാണ് ലോട്ടറിയില്‍ ജയരാജന്‍ ചെയ്തതത്രെ. കനിമൊഴി ടി.വി ചാനലിന് പണം വാങ്ങി. ജയരാജന്‍ ദേശാഭിമാനിക്കും. തുകയില്‍ വ്യത്യാസമുണ്ടെങ്കിലും ഏര്‍പാട് ഒന്നുതന്നെ. ഒച്ചയെടുക്കാന്‍ സദാസന്നദ്ധനായ ജയരാജന്‍ ഉടന്‍ ചാടിയെഴുന്നേറ്റു: 'പണം വാങ്ങിയത് പരസ്യത്തിനാണ്. വീക്ഷണവും വാങ്ങിയിട്ടുണ്ട്.' പരസ്യത്തിന് വാങ്ങിയ പണം ഇതുവരെ ആര്‍ക്കും തിരിച്ചുകൊടുത്തതായി ഓര്‍മയിലില്ലെന്ന് വിശദീകരിച്ച് വീക്ഷണം മാനേജര്‍ ബെന്നി ബഹനാന്‍ ജയരാജനെ ഒതുക്കി. കനിമൊഴി ജയിലില്‍ പോയെങ്കിലും ജയരാജന്‍ ഇവിടെതന്നെ നടക്കുന്നുവെന്ന് ജയരാജനെ ഒതുക്കിയിടിത്ത് വി.ഡി സതീശന്‍ ആണിയുമടിച്ചു. സാന്റിയഗോ മാര്‍ട്ടിനെ സംരക്ഷിച്ചതാര് എന്നൊക്കെ ചോദിച്ച് കോവൂര്‍ കുഞ്ഞിമോന്‍ പ്രതിപക്ഷത്തെ ഞെട്ടിച്ചിരുന്നെങ്കിലും തന്റ പ്രസംഗം ഈ വഴിക്കാകുമെന്ന് സുരേഷ് കുറുപ്പ് പോലും കരുതിയില്ല. അങ്ങനെ, കഴിഞ്ഞ സഭയെ പലതവണ തീപിടിപ്പിച്ച ലോട്ടറി വിവാദം ഭരണം മാറിയിട്ടും അണയാതെ കത്തുന്നുവെന്ന് അടിവരയിട്ടാണ് ഇന്നലെ സഭ പിരിഞ്ഞത്.
അടിയന്തിര പ്രമേയമായി വന്ന പനി ഒട്ടും ചൂടില്ലാതെ തണുത്തുചത്തതിന്റെ കെറുവ് പ്രതിപക്ഷം ലോട്ടറിയില്‍ തീര്‍ക്കുമെന്ന് പ്രതീക്ഷിച്ചാണ് ചര്‍ച്ചതുടങ്ങിയത്. സ്വന്തം ഭരണകാലത്തിറക്കിയ ഓര്‍ഡിനന്‍സാണെന്ന വിചാരം മാറ്റിവച്ച് അഞ്ച് പ്രതിപക്ഷ നേതാക്കള്‍ വിയോജനക്കുറിപ്പെഴുതി. അവരില്‍ മുതിര്‍ന്നവനായ തോമസ് ഐസക്ക് തന്നെയാണ് തുടങ്ങിയത്. വിയോജനത്തിന് പല ന്യായങ്ങള്‍ നിരത്തിയെങ്കിലും ഒന്നുമത്രക്കങ്ങേശിയില്ല. ഉള്ളത് തെളിയിച്ച് പറയുന്ന ഐസക്കിന്റെ പതിവ് വൈഭവം കൈവിട്ടുപോയെങ്കിലും പ്രസംഗ പാടവത്തിന്റെ ബലത്തില്‍ വാചകം മുറിയാതെ സൂക്ഷിക്കാനായി. പലതരം കോടതിവിധികളിലൂടെ കുഴച്ചുമറിച്ച വ്യാഖ്യാനങ്ങളാല്‍ ഒടുവില്‍ കേന്ദ്രത്തെ ചീത്ത വിളിച്ച് രക്ഷപ്പെട്ടു. രണ്ടാമത്തെ വിയോജകന്‍ മുല്ലക്കര രത്നകരന്‍ ഗാന്ധിജി മധുരം കഴിക്കാതിരുന്ന കഥ പറഞ്ഞ് സമയം കളഞ്ഞു.
അവിവാഹിതനാണെന്ന് കരുതി തന്റെ സീനിയോറിറ്റി മറക്കണ്ട എന്ന് മൂന്നാമനായ കോവൂര്‍ കുഞ്ഞിമോന്‍ ധനമന്ത്രിക്ക് സ്റ്റഡീ ക്ലാസ് കൊടുത്തു. വിഷയം ബില്ലായിരുന്നെങ്കിലും കുഞ്ഞുമോന് ബജറ്റും സീനിയോറിറ്റിയുമായിരുന്നു പ്രശ്നം. അപ്പോള്‍ സി.പി മുഹമ്മദിന് സംശയമായി: 'കുഞ്ഞുമോന്റെ സീനിയോറിറ്റി മറികടന്ന് കഴിഞ്ഞ തവണ പ്രേമചന്ദ്രനെ മന്ത്രിയാക്കിയതെങ്ങനെ?' എങ്കില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റിനെ മന്ത്രിയാക്കാതിരുന്നത് എന്തുകൊണ്ട് എന്നായി വി.എസ് സുനില്‍കുമാര്‍. അതിന് മറുപടി കെ. മുരളീധരന്‍ നേരിട്ട് പറഞ്ഞു: 'നിങ്ങള്‍ക്കൊപ്പം കൂടിയതിന്റെ ശിക്ഷയാണ്. ശിക്ഷ ഉടന്‍ തീരും.' മന്ത്രിപദം പോയതിന്റെ കാരണം കോണ്‍ഗ്രസില്‍ ഒരാള്‍ക്കെങ്കിലും പിടികിട്ടിയെന്നര്‍ഥം. വി.ഡി സതീശനെ തഴഞ്ഞത് ലോട്ടറി മാഫിയയുടെ സമ്മര്‍ദം കാരണമാണെന്ന് വി. ചെന്താമരാക്ഷനും വെളിപ്പെടുത്തി. പ്രൊഫ. സി രവീന്ദ്രനാഥിന്റെ വിയോജന ന്യായങ്ങള്‍ 'സൈദ്ധാന്തികവും നൈതികവും പ്രത്യയശാസ്ത്രപരവുമാണ്.' ഇക്കാരണങ്ങളാല്‍ ലോട്ടറി ചൂതാട്ടമാണെന്ന് അദ്ദേഹം സ്ഥാപിച്ചെങ്കിലും ലോട്ടറി മൊത്തം നിരോധിക്കണമെന്ന് മാത്രം ആവശ്യപ്പെട്ടില്ല. വിപ്ലവ മാധ്യമങ്ങളെ പ്രതിസന്ധിയിലാക്കുന്നത് വര്‍ഗവഞ്ചനയാകുമെന്ന് പഠിക്കാതെ പ്രൊഫസറാകില്ലല്ലോ? ഈ വര്‍ഗ സ്നേഹത്തിന്റെ കൂടുതല്‍ രഹസ്യം ഭേദഗതി അവതരിപ്പിച്ച വി.ഡി സതീശന്‍ പറഞ്ഞു: 'മാര്‍ട്ടിന്റെ ലോട്ടറി എവിടെ വച്ച് നറുക്കെടുക്കുന്നുവെന്ന് വകുപ്പ് ഭരിച്ച മന്ത്രിക്കും മുഖ്യമന്ത്രിക്കും പോലിസിനുമൊന്നുമറിയില്ലായിരുന്നു. ഇപ്പോഴും അറിയില്ല. എന്നാല്‍ കൈരളി ചാനലിലും പീപ്പിള്‍ ചാനലിലും നറുക്കെടുപ്പിന്റെ ലൈവ് സംപ്രേക്ഷണമുണ്ട്. തത്സമയം അതുകാണാവുന്ന മൂന്നാം ചാനല്‍ മാര്‍ട്ടിന്റെ എസ്.എസ് മ്യുസികും.'
ചിദംബരവും നളിനിയും സിംഗ്വിയുമൊക്കെ കൈയിലുണ്ടെങ്കിലും സതീശനോട് ലോട്ടറി കാര്യത്തില്‍ ഏറ്റുമുട്ടുന്നത് ബുദ്ധിയല്ലെന്ന് നന്നായറിയുന്നയാള്‍ തോമസ് ഐസക് തന്നെ. അതിനാല്‍ ആറുവട്ടം സംശയം ചോദിച്ച് സതീശന്റെ പ്രസംഗത്തില്‍ ഇടപെട്ടുകഴിഞ്ഞപ്പോള്‍ ഐസക് അടവുമാറ്റി; തര്‍ക്കം സ്പ്പീക്കറോടാക്കി: 'സതീശന് സമയം കൂടുതല്‍ കൊടുക്കുന്നു. ഇത് അനീതിയാണ്. എനിക്ക് ഇത്ര തന്നില്ല. എന്നെ സ്പീക്കര്‍ ഇടപെട്ട് നിയന്ത്രിച്ചു.' അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോടെങ്കിലും തീര്‍ക്കണമെന്നാണല്ലോ നാട്ടുനടപ്പ്. പാര്‍ട്ടിയെയും പത്രത്തെയും ചാനലിനെയും കഴിഞ്ഞ ഗവണ്‍മെന്റിനെയുമെല്ലാം കണക്കിന് കൊലവിളിച്ചിട്ടും അനക്കംകെട്ട് സീറ്റിലിരുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്ക് അതോടെ ജീവന്‍ വച്ചു. അവര്‍ ബഹളം തുടങ്ങി. ബഹളം വച്ച് ഭീഷണിപ്പെടുത്തേണ്ടെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ശബ്ദം കനപ്പിച്ചിട്ടും അതടങ്ങിയില്ല. പറഞ്ഞേ നിര്‍ത്തൂവെന്ന് സതീശനും. ഇതൊക്കെയാണെങ്കിലും ബില്‍ ഐകകണ്ഠ്യേന സഭ പാസാക്കി.

(12...07...11)

Friday, July 8, 2011

സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയില്‍ ദലിത് ഉദ്യോഗസ്ഥയെ തരംതാഴ്ത്തി

തിരുവനന്തപുരം: തിരുവന്തപുരം പബ്ലിക് ലൈബ്രറിയില്‍ ദലിത് ഉദ്യോഗസ്ഥയെ തരംതാഴ്ത്തി താഴെ തസ്തികയിലെ ജോലികള്‍ക്ക് നിയോഗിച്ചു. ലൈബ്രറിയിലെ സീനിയര്‍ ഡപ്യൂട്ടി ലൈബ്രേറിയന്‍ പി.കെ ശോഭനയെയാണ് സ്റ്റേറ്റ് ലൈബ്രേറിയന്‍ തരംതാഴ്ത്തിയത്. മെയ് 18 മുതല്‍ ബാധകമായ ഉത്തരവ് ലൈബ്രററിയുടെ പ്രവര്‍ത്തനങ്ങളെ തന്നെ ബാധിച്ചുതുടങ്ങി. വൈകുന്നേരം ഷിഫ്റ്റില്‍ ഉത്തരവാദിത്തമുള്ള ജീവനക്കാരില്ല എന്ന കാരണം പറഞ്ഞാണ് ഇവരെ തരംതാഴ്ത്തിയത്. ഡപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയനെതിരായ നീക്കങ്ങളുടെ ഭാഗമായാണ് ഈ ഉത്തരവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവിടെ ചുമതലയേറ്റ സമയത്ത് ഇവരെ സീറ്റ് നല്‍കാതെ പീഡിപ്പിച്ചത് മുമ്പ് വിവാദമായിരുന്നു. നിയമ പ്രകാരം അടുത്ത സ്റ്റേറ്റ് ലൈബ്രേറിയന്‍ ആകേണ്ട ദലിത് ഉദ്യോഗസ്ഥയെ അതില്‍ നിന്ന് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ ഉത്തരവിറക്കിയതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തന്റെ അധികാരം വിനിയോഗിക്കുന്നത് പലതവണ സ്റ്റേറ്റ് ലൈബ്രേറിയന്‍ തടസ്സപ്പെടുത്തിയിട്ടുണ്ടെന്ന് പുതിയ ഉത്തരവിനെതിരെ സര്‍ക്കാറിന് നല്‍കിയ പരാതിയില്‍ ശോഭന പറയുന്നു.
സീനിയര്‍ ഡപ്യൂട്ടി ലൈബ്രേറിയന്റെ ചുമതലകളും അധികാരങ്ങളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇതനുസരിച്ച് വിപുലമായ അധികാരങ്ങളുള്ള സീനിയര്‍ ഡപ്യുട്ടി ലൈബ്രേറിയനെ ഷിഫ്റ്റ് ചുമതല മാത്രമുള്ള ഡ്യുട്ടി ലൈബ്രേറിയന്റെ ജോലികള്‍ നിര്‍വഹിക്കാനാണ് ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. 2001ല്‍ ഫസ്റ്റ് ഗ്രേഡ്ലൈബ്രേറിയനായി സര്‍വീസില്‍ പ്രവേശിച്ച കാലത്ത് നിര്‍വഹിച്ച ജോലികളാണ് പുതിയ ഉത്തരവ് വഴി ശോഭന വീണ്ടും ചെയ്യേണ്ടിവരുന്നത്. സീനിയര്‍ ഡപ്യുട്ടി ലൈബ്രേറിയന്‍ എന്ന നിലയില്‍ ഇവര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക മുറിയില്‍ നിന്നും ഇവര്‍ ഇതോടെ പുറത്തായി. പേരെഴുതിവച്ച മുറിയുടെ മുന്നില്‍ മറ്റൊരു സീറ്റിലിരുന്ന് ജോലി ചെയ്യുകയാണിപ്പോള്‍. സര്‍ക്കാര്‍ ഉത്തരവ് വഴി നര്‍ണയിച്ച് നല്‍കിയ ഡലഗേഷന്‍ ഓഫ് പവര്‍ ഗവണ്‍മെന്റ് അനുമതിയില്ലാതെ ഭേദഗതി വരുത്തി, ലൈബ്രേറിയന്‍മാരെ പുനര്‍വിന്യസിക്കാന്‍ അധികാരമുള്ള ഡപ്യൂട്ടി ലൈബ്രേറിയന്‍ അറിയാതെ ഇതിനായി നടപടികളെടുത്തു തുടങ്ങിയ പരാതികളും സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്.
ഫസ്റ്റ് ഗ്രേഡ് ലൈബ്രേറിയന്‍മാരാണ് ഷിഫ്റ്റ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. കാലങ്ങളായി തുടരുന്ന ഈ രീതി മാറ്റിയാണ് സ്റ്റേറ്റ് ലൈബ്രേറിയന് തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥയെ ഇതിന് നിയോഗിച്ചത്. മുഴുവന്‍ ഷിഫ്റ്റുകളുടെയും ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥയാണിവര്‍. വൈകുന്നേരത്തെ ഷിഫ്റ്റില്‍ ഉത്തരവാദപ്പെട്ടവരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ലൈബ്രേറിയന്റെ നടപടി. ഗസറ്റഡ് തസ്തികയായ ഫസ്റ്റ് ഗ്രേഡ് ലൈബ്രേറിയന്‍മാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ല എന്ന് ലൈബ്രേറിയന്‍ തന്നെ പരോക്ഷമായി സമ്മതിക്കുകയാണ് ഈ ഉത്തരവില്‍ ചെയ്യുന്നത്. എന്നാല്‍ അവരുടെ വീഴ്ച പരിഹരിക്കാന്‍ നടപടികള്‍ എടുക്കാതെ, പകരം സീനിയര്‍ ഉദ്യോഗസ്ഥയെ താഴെ തസ്തികയിലുള്ളവരുടെ ജോലികൂടി ഏല്‍പിക്കുകയാണ് ചെയ്തത്.
ഉത്തരവിനെതിരെ പി.കെ ശോഭന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതില്‍ ഇവര്‍ക്കെതിരായാണ് റിപ്പോര്‍ട്ടുണ്ടായതെന്നാണ് വിവരം. പ്രമുഖ സി.പി.എം നേതാവിന്റെ ഏറ്റവുമടുത്ത ബന്ധുവായ സ്റ്റേറ്റ് ലൈബ്രേറിയന് അനുകൂലമായി രാഷ്ട്രീയ ഇടപെടുലുകള്‍ ഉണ്ടായതായും പറയപ്പെടുന്നു. സ്റ്റേറ്റ് ലൈബ്രേറിറയനും ഡപ്യുട്ടി ലൈബ്രേറിയനും അംഗങ്ങളായ ഉദ്യോഗസ്ഥ യൂനിയനും വിഷയത്തില്‍ ഇടപെടാന്‍ ഇതുവരെ തയാറായിട്ടില്ലത്രെ. ഉത്തരവിനെതിരെ വീണ്ടും പരാതി നല്‍കാനുള്ള നീക്കത്തിലാണ് ശോഭന. ഇതിനിടെ ഒരു ദലിത് സംഘടന എസ്.എസി^എസ്.ടി കമീഷനും പരാതി നല്‍കിയിട്ടുണ്ട്.

(madhyamam...08..07..11)

Thursday, July 7, 2011

സ്വാശ്രയം: ന്യൂനപക്ഷ പരിഗണന ഒഴിവാക്കുന്നു

..........മെഡിക്കലില്‍ നേട്ടം ഈഴവര്‍ക്ക്............

തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ നയം മാറുന്നു. ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന സുപ്രധാന അവകാശങ്ങള്‍ ഇനി എല്ലാ സമുദായങ്ങള്‍ക്കും ലഭിക്കും. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും സ്വാശ്രയ സ്കൂളുകളിലും ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതനുവദിച്ചു കഴിഞ്ഞു. മറ്റ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ന്യൂനപക്ഷ^ഭൂരിപക്ഷ വേര്‍തിരിവ് ഇനി സംസ്ഥാനത്ത് ഇല്ലാതാകും. കേളത്തില്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കിടയാക്കിയേക്കാവുന്ന അതിപ്രധാന നയം മാറ്റണ് ഇതോടെ നലിവില്‍വന്നത്.
സ്വന്തം സ്ഥാപനങ്ങളില്‍ അതത് മത വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് നിശ്ചിത ശതമാനം മെറിറ്റ് സീറ്റ് സംവരണം, സര്‍ക്കാര്‍ ഇടപെടലില്ലാതെ ഫീസ് നിശ്ചയിക്കാനുള്ള അധികാരം ഇവയാണ് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ക്ക് കിട്ടുന്ന പ്രധാന ആനുകൂല്യങ്ങള്‍. രണ്ട് ദിവസത്തിനിടെ ഈ രണ്ട് ആനുകൂല്യങ്ങളും ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് കൂടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളജില്‍ ന്യൂനപക്ഷേതര വിഭാഗങ്ങള്‍ക്ക് കൂടി കമ്യൂണിറ്റി ക്വാട്ട അനുവദിച്ചു. ന്യുനപക്ഷേതരരുടെ അംഗീകൃത അണ്‍എയിഡഡ് സ്കൂളുകളില്‍ ഫീസ് നിര്‍ണയിക്കാനുള്ള അവകാശം അതത് മാനേജ്മെന്റുകള്‍ക്ക് നല്‍കി. ആദ്യത്തേത് സ്വാശ്രയ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനിച്ചതെങ്കില്‍ രണ്ടാമത്തേത് ഇന്നലത്തെ മന്ത്രിസഭയിലാണുണ്ടായത്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്കുണ്ടായിരുന്ന പ്രത്യേക പരിഗണനകള്‍ ഇതോടെ എല്ലാ സമുദായങ്ങള്‍ക്കും ലഭ്യമായി.
വിദ്യാഭ്യാസ മേഖലയില്‍ ന്യൂനപക്ഷ^ഭൂരിപക്ഷ വിവചേനം എന്ന തരത്തില്‍ വരെ ഈ അവകാശങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഭൂരിപക്ഷ സമുദായങ്ങള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ ഉണ്ടാക്കാതിരിക്കാനും ഒരളവോളം ഈ ആനുകൂല്യം കാരണമാകുകയും ചെയ്തു. ഈ സാഹചര്യവും ഇതോടെ ഇല്ലാതാകുമെന്ന് വിലയിരുത്തപ്പെടുന്നു. സ്വാശ്രയ മെഡിക്കല്‍ കോളജില്‍ എല്ലാ സമുദായങ്ങള്‍ക്കും കമ്യൂണിറ്റി ക്വാട്ട ഏര്‍പെടുത്തിയതിന്റെ ആദ്യ നേട്ടം കേരളത്തില്‍ ഈഴവ വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് കിട്ടുന്നത്. സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ട 11 സ്വാശ്രയ കോളജുകളില്‍ മൂന്നെണ്ണം ഈഴവരുമായി ബന്ധപ്പെട്ടവയാണ്. ഈ സ്ഥാപനങ്ങളില്‍ മാത്രമായി ഇവര്‍ക്ക് 45 മെറിറ്റ് സീറ്റ് എം.ബി.ബി.എസിന് കിട്ടും. ഇതില്‍ 15 പേര്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ പഠിക്കാനുമാകും. എന്നാല്‍ തിരുവനന്തപുരത്തെ ഒരു കോളജ്, കമ്യൂണിറ്റി ക്വാട്ട എല്ലാ വിഭാഗം ഹിന്ദുക്കള്‍ക്കുമായി നീക്കിവക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച കേരള സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷേതര വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള 200ഓളം അണ്‍എയിഡഡ് സ്കൂളുകള്‍ക്കാണ് ഫീസ് നിര്‍ണയിക്കാന്‍ അധികാരം കിട്ടുന്നത്.
എല്ലാ സ്വാശ്രയ കോളജിലും പുതിയ കമ്യുണിറ്റി ക്വാട്ട ഏര്‍പെടുത്തുന്ന സമവാക്യത്തിന് മാനേജ്മെന്റുകള്‍ വഴങ്ങുന്നത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫീസ് തുകയില്‍ നഷ്ടം സഹിച്ചാണ്. ഇക്കൊല്ലത്തെ ഫീസ് ഘടന പ്രകാരം ഒരു ബാച്ചില്‍ ഒരു കോളജിന് 10 ലക്ഷം രൂപയോളം കുറവ് വരുന്നുണ്ട്. എന്നാല്‍ കമ്യുണിറ്റി ക്വാട്ടയില്‍ സ്വന്തം സമുദായത്തിലെ കുട്ടികള്‍ക്ക് സംവരണം ഏര്‍പെടുത്താന്‍ മാനേജ്മെന്റുകള്‍ക്ക് കഴിഞ്ഞു. അതേസമയം സ്വന്തമായി മെഡിക്കല്‍ കോളജ് ഇല്ലാത്ത ഭൂരിപക്ഷ വിഭാഗങ്ങളിലെ വിവിധ സമുദായങ്ങള്‍ക്ക് ഈ തീരുമാനം ഗുണംചെയ്യില്ല. ന്യൂനപക്ഷേതര കോളജുകളില്‍ ഇതുവരെയുണ്ടായിരുന്ന മെറിറ്റ് ക്വാട്ടയില്‍ കുറവ് വന്നതും ഈ വിഭാഗങ്ങള്‍ നഷ്ടമാണ്. എന്നാല്‍ എല്ലാ കോളജുകളിലും മത^ജാതി വ്യത്യാസമില്ലാതെ കുറഞ്ഞ വരുമാനക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. ഇതിന് നിശ്ചയിച്ച സീറ്റുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധന ഇക്കൊല്ലമുണ്ടായത് ന്യൂനപക്ഷേതര സമുദായങ്ങള്‍ക്ക് കൂടുതല്‍ നേട്ടവുമാകും.

(07...07...11)

Sunday, July 3, 2011

സ്വാശ്രയ പി.ജി: 50:50 അട്ടിമറിക്കാന്‍ വീണ്ടും ക്രിസ്ത്യന്‍സഭാ നീക്കം



തിരുവനന്തപുരം: സുപ്രീംകോടതിയിലൂടെ സര്‍ക്കാര്‍ സ്ഥാപിച്ചെടുത്ത സ്വാശ്രയ പി.ജി സീറ്റിലെ 50:50 തത്വം അട്ടിമറിക്കാന്‍ നാല് മെഡിക്കല്‍ കോളജുകളുടെ ഉടമകളായ ക്രിസ്ത്യന്‍ സഭ പുതിയ നീക്കം തുടങ്ങി. മെറിറ്റ് സീറ്റ് ഫീസിനെതിരെ കോടതിയെ സമീപിച്ച് ഉയര്‍ന്ന ഫീസ് തരപ്പെടുത്തുക വഴി 50:50 ഇല്ലാതാക്കാനാണ് ശ്രമം. ഫീസ് നിശ്ചയിക്കാന്‍ ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് അധികാരമില്ലെന്നും അവരുടെ ഫീസിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ കോഓഡിനേറ്റര്‍ പ്രഖ്യാപിച്ചത് ഈ നീക്കങ്ങളുടെ ഭാഗമായാണ്. സീറ്റ് തിരിച്ചുപിടിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും കൌണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. സഭയുടെ നടപടി മെറിറ്റില്‍ പ്രവേശം നേടിയ കുട്ടികളുടെ പഠനം പ്രതിസന്ധിയിലാക്കും.
ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഫീസുകളുടെയും കേരളത്തിലെ കോളജുകള്‍ കമ്മിറ്റിക്ക് നല്‍കിയ വരവ് ചെലവ് കണക്കുകളുടെയും അടിസ്ഥാനത്തിലാണ് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി ഫീസ് നിശ്ചയിച്ചത്. ഈ ഫീസിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രവേശം നടന്നത്. മെറിറ്റ് ക്വോട്ടയായി കണക്കാക്കുന്ന പകുതി സീറ്റില്‍ മാത്രമാണ് ഇത് ബാധകമാക്കുക. ബാക്കി പകുതിയില്‍ അതത് മാനേജ്മെന്റുകള്‍ക്ക് ഇഷ്ടാനുസരണം ഫീസ് നിശ്ചയിക്കാം.
എന്നാല്‍ ഇപ്പോള്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ വാദം, സര്‍ക്കാര്‍ സീറ്റിലെ ഫീസും തങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ഈടാക്കുമെന്നാണ്. നാല് ലക്ഷം മുതല്‍ 16 ലക്ഷം വരെയാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന ഫീസ്. ഇവരുടെ വാദം അംഗീകരിക്കപ്പെട്ടാല്‍ പകുതി സീറ്റില്‍ കുറഞ്ഞ ഫീസില്‍ മെറിറ്റ് യോഗ്യതയുള്ളവര്‍ക്ക് പഠനാവസരം എന്ന 50:50 തത്വം പൂര്‍ണമായി അട്ടിമറിക്കപ്പെടും. മെറിറ്റ് സീറ്റിനൊപ്പം തന്നെ 50:50 തത്വതത്തില്‍ പ്രധാനമാണ് കുറഞ്ഞ ഫീസും. അത് അട്ടിമറിക്കുക വഴി മെറിറ്റിനേക്കാള്‍ പണമുള്ളവര്‍ക്ക് മാത്രം പഠനാവസരം എന്ന തത്വം നടപ്പാക്കാനാകുമെന്ന് സഭകള്‍ കണക്കുകൂട്ടുന്നു.
ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് ഫീസ് നിശ്ചയിക്കാന്‍ അധികാരമില്ലെന്നാണ് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഇതിനായി ഉന്നയിക്കുന്ന വാദം. എന്നാല്‍ ഈ വാദം, കേരളത്തിലെ നിയമത്തിനും സുപ്രീംകോടതി വിധിക്കും വിരുദ്ധമാണ്. സുപ്രീംകോടതി വിധിപ്രകാരം സ്വാശ്രയ കോളജിലെ ഫീസ് നിശ്ചയിക്കാന്‍ ഫീ റെഗുലേറ്ററി കമ്മിറ്റിക്ക് പൂര്‍ണ അധികാരമുണ്ട്. ഇസ്ലാമിക് അക്കാദമി കേസില്‍ ജസ്റ്റിസ് വി.എന്‍. ഖരെയുടെ നേതൃത്വത്തിലെ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച്, ഫീ കമ്മിറ്റിയുടെയും മാനേജ്മെന്റിന്റെയും അധികാരങ്ങള്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.
ഇതനുസരിച്ച് തങ്ങള്‍ക്ക് ആവശ്യമായ ഫീസ് ഘടന മാനേജ്മെന്റിന് സമര്‍പ്പിക്കാം. ഇതിനൊപ്പം വരവ് ചെലവുകളുടെ രേഖകളും അക്കൌണ്ട്സും നല്‍കണം. ഇവ പരിശോധിച്ച് കമ്മിറ്റിക്ക് ഈ നിര്‍ദേശം അംഗീകരിക്കാം. അല്ലെങ്കില്‍ പുതിയ ഫീസ് ഘടന ഏര്‍പ്പെടുത്താം. സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം മാനേജ്മെന്റ് സമര്‍പ്പിച്ച ഫീസ് ഘടന ന്യായീകരിക്കത്തക്കതാണോ എന്നാണ് കമ്മിറ്റി പരിശോധിക്കേണ്ടത്. ലാഭമുണ്ടാക്കുന്ന ഘടകങ്ങളോ തലവരിയോ ഇല്ലെന്നും ഉറപ്പുവരുത്തണം. കോടതിവിധി പ്രകാരം മൂന്ന് വര്‍ഷത്തേക്കാണ് ഫീസ് ഘടന നിശ്ചയിക്കേണ്ടത്. എന്നാല്‍ കേരള നിയമത്തില്‍ ഇതില്‍ ഭേദഗതി വരുത്തി. ഒരിക്കല്‍ നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്ന് കോളജുകള്‍ക്ക് തോന്നിയാല്‍ ഏത് സമയത്തും കമ്മിറ്റിയെ സമീപിച്ച് ഫീസ് പുനര്‍നിര്‍ണയം ആവശ്യപ്പെടാമെന്നായിരുന്നു ഭേദഗതി. ഒരുവര്‍ഷത്തില്‍ തന്നെ പലതവണ വേണമെങ്കില്‍ ഇതുചെയ്യാം. പക്ഷെ മതിയായ രേഖകള്‍ നല്‍കുകയും അത് കമ്മിറ്റി അംഗീകരിക്കുകയും വേണമെന്നതാണ് ചട്ടം.
കമ്മിറ്റിയുടെ ഫീസ് പുനര്‍നിര്‍ണയത്തിനെതിരെ അവിടെത്തന്നെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടായിട്ടും ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ കോടതിയെ സമീപിക്കുകയാണ് പതിവ്. കമ്മിറ്റിയെ സമീപിച്ചാല്‍ മതിയായ രേഖകള്‍ സമര്‍പ്പിക്കേണ്ടിവരുമെന്നതിനാലാണിത്. സഭകളുടെ ചില കോളജുകളുടെ കണക്കില്‍ ചാപ്പലിന് സംഭാവന നല്‍കിയത് വരെ ഉള്‍പെടുത്തിയിരുന്നു. ഇത്തരം ചെലവുകള്‍ക്ക് വിശദീകരണം നല്‍കേണ്ടിവരുമെന്നതിനാലാണ് കമ്മിറ്റിയെ ഒഴിവാക്കി കോടതിയില്‍നിന്ന് അനുകൂല വിധിക്ക് ശ്രമം നടത്തുന്നത്. സഭയുടെ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനനിലപാടെടുത്തില്ലെങ്കില്‍ സ്വാശ്രയ പി.ജി വീണ്ടും സങ്കീര്‍ണമാകും.

(2...07...11)

Friday, July 1, 2011

സ്വാശ്രയം എന്നുകേട്ടാല്‍ തിളപ്പിക്കണം ചോര


കേരളത്തില്‍ സ്വാശ്രയം വന്നപ്പോള്‍ പഴയ വളളത്തോള്‍ കവിതയെ 'സ്വാശ്രയം എന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളില്‍' എന്ന് ഇടതുപക്ഷം ഭേദഗതി ചെയ്തിരുന്നു. ഭേദഗതി പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ചതോടെ തെരുവായ തെരുവെല്ലാം നിന്നുകത്തി. വാഹനങ്ങള്‍ തകര്‍ന്നുവീണു. നഗരങ്ങളില്‍ കല്ലുകള്‍ പറന്നു. വഴികളില്‍ തിളച്ചചോര തളംകെട്ടി. അതില്‍ വഴുതി സര്‍ക്കാര്‍ കടപുഴകി. അങ്ങനെ വി.എസ് അച്യുതാനന്ദന്‍ അധികാരസ്ഥനായി. എം.എ ബേബി സ്വാശ്രയ ഭരണക്കാരനും. കവിതയിലെ ഭേദഗതിയെപ്പറ്റി അപ്പോള്‍ ഉള്‍പാര്‍ട്ടി വിമര്‍ശമുണ്ടാകുകയും അത് ചര്‍ച്ചക്കായി മാറ്റി തല്‍ക്കാലം പഴയ വരികള്‍ ചൊല്ലാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ തെരുവുകള്‍ ശാന്തമാകുകയും ചോര തണുത്തുറയുകയും ചെയ്തുകൊണ്ടിരിക്കെ പിന്നെയും ആന്റണിയുടെ പിന്‍മുറക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തി.
ഭരണമാറ്റമായതോടെ കവിതയില്‍ തീരുമാനമാക്കും മുമ്പ് കുട്ടിസഖാക്കള്‍ വീണ്ടും തെരുവിലിറങ്ങി. അതോടെ പുതിയ സഭയുടെ രണ്ടാം ദിവസം അടിയന്തിര പ്രമേയവുമായി എം.എ ബേബി തന്നെ അവതരിച്ചു. ഇടക്കാലത്തെ ഭേദഗതിയെക്കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ എം.എ ബേബിക്കുപോലും പ്രമേയം വഴിയിലുപേക്ഷിച്ച് രക്ഷപ്പെണ്ടിേവന്നു. പിന്നെ കടമ്മിനിട്ടയുടെ വിവര്‍ത്തനക്കവിത ചൊല്ലി തൃപ്തനായി. എന്നിട്ടും തെരുവിലിറങ്ങിയവര്‍ക്ക് കാര്യം മനസിലായില്ല. അവിടെ കൊടികള്‍ പാറി. ലാത്തിവീണു.
സഭക്കകത്ത് കവിതകൊണ്ട് പിടിച്ചുനില്‍ക്കാനാവില്ലെന്ന് അപ്പോഴാണ് മുതിര്‍ന്ന സഖാക്കള്‍ക്ക് ബോധ്യമായത്. എങ്കില്‍ അകത്തും അടിതന്നെയാകാമെന്ന് യുവനിര തീര്‍പ്പാക്കി. ഇന്നലെ അതായിരുന്നു അങ്കം. മൂക്കിന്‍തുമ്പില്‍ പരസ്പരം അടിച്ചുനിന്നു. ബേബിയെ മാറ്റി അടിയന്തിരനോട്ടീസ് കോടിയേരി ബാലകൃഷ്കണന്‍ ഏറ്റെടുത്തു. ആര്‍. രാജേഷ് എം.എല്‍.എക്ക് കിട്ടിയ പോലിസ് അടിയും സുപ്രീംകോടതിയില്‍ കേസ് പോകാനെടുത്ത തീരുമാനം അട്ടിമറിച്ചതും ഊന്നിപ്പറഞ്ഞ് ഭരണനിരയെ കോടിയേരി വെട്ടിലാക്കി. കോടിയേരിയുടെ പിടി കൃത്യം മര്‍മത്തായിരുന്നു. സര്‍ക്കാറിന്റെ രണ്ട് വീഴ്ചകള്‍ക്ക് മറുപടി തപ്പിത്തടഞ്ഞ ഉമ്മന്‍ചാണ്ടി കിട്ടാവുന്ന വേഗത്തില്‍ ചര്‍ച്ചയെ സ്വാശ്രയം, സമരം, മുന്‍സര്‍ക്കാര്‍ നയം, പരിയാരം തുടങ്ങിയവയില്‍ കൊണ്ടുചെന്നു കൊളുത്തി. ചര്‍ച്ച വഴിതിരിക്കാന്‍ ഉമ്മന്‍ചാണ്ടിയിട്ട ഈ ചൂണ്ടയില്‍ പക്ഷെ ബേബി കയറിക്കൊത്തി. സര്‍ക്കാറിന് ഒരിക്കലും വഴങ്ങാത്ത ക്രിസ്ത്യന്‍ സഭകള്‍ക്ക് എന്തിന് പി.ജി അനുവദിച്ചുവെന്ന് പറയാനാകാതെ ബേബി കുഴങ്ങി. എം.വി രാഘവന്‍ ചെയ്തതാണ് പരിയാരം ഇപ്പോഴും ചെയ്യുന്നതെന്ന് വിശദീകരിച്ച് ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയുടെ കൈയില്‍ വേറെ വടി കൊണ്ടുകൊടുത്തു. അതോടെ കോടിയേരിയുടെ പോരാട്ടവും വഴിയടഞ്ഞെന്നായി.
തെരുവില്‍ ചിന്തിയ ചോര സഭാഹാളിലെ ശീതീകൃത മുറിയില്‍ കട്ടപിടിച്ചുപോകുന്നത് സഖാക്കള്‍ക്ക് സഹിക്കാനായില്ല. ഇന്നലെയാകട്ടെ, സഭ തുടങ്ങിയപ്പോള്‍ ആരംഭിച്ച പോരാണ്. ചോദ്യോത്തരമാകെ ബഹളം വച്ചുണ്ടാക്കിയ വീറ് കൈവിടുമെന്നായപ്പോള്‍ ബാബുപാലിശേãരിയും പ്രദീപ് കുമാറും ശ്രീരാമകൃഷ്ണനും സീറ്റില്‍നിന്നെഴുന്നേറ്റു. എം.എല്‍.എയെ പോലിസ് സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശം അതിന് നിമിത്തമായി. മുറിവ് വച്ചുകെട്ടിയ രാജേഷിന്റെ കൈ സ്വന്തം കൈകളിലെടുത്ത് ബാബുപാലശേãരി ഉമ്മന്‍ചാണ്ടിയുടെ നേരെ പാഞ്ഞു. പിന്നാലെ മറ്റുള്ളവരും. പ്രതിപക്ഷത്തിനനുവദിച്ച നടുത്തളവും പിന്നിട്ടതോടെ കളിമാറി. ഭരണനിരയിലെ യുവതാരങ്ങളായ അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, പി.കെ ബഷീര്‍, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിക്ക് പ്രതിരോധവേലി കെട്ടി. എളമരം കരീമും ശിവദാസന്‍ നായരും ഇടയില്‍ നിന്ന് ഇരുകൂട്ടരെയും അടക്കിനിറുത്തി. പോര്‍വിളി കൈയെത്തും ദൂരത്തായി. അതോടെ സഭ നിറുത്തി. പിന്നെ പര്സപരം മുദ്രാവാക്യം വിളി. പോലിസ് രാജിനെതിരെ പ്രതിപക്ഷം മുദ്രാവാക്യമുയര്‍ത്തിയപ്പോള്‍ മറ്റെല്ലാവരെയും വിട്ട് ഭരണപക്ഷം ബാബു പാലിശേãരിയെ മാത്രം പിടിച്ചു. 'ആര്‍.എസ്.എസിന്‍ നേതാവ്, സെയ്താലിയുടെ കൊലയാളി' തുടങ്ങിയ പഴയ രാഷ്ട്രീയം മുദ്രാവാക്യമായപ്പോള്‍ സി.പി.എം അംഗങ്ങളുടെ ആവേശം കെട്ടു.
രണ്ട്മണിക്കൂറിന് ശേഷം സഭ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷത്ത് പഴയ വീര്യമില്ലായിരുന്നു. കുട്ടികളെ അടിച്ച് പൊട്ടിയ ലാത്തിയും പോലിസ് വലിച്ചുകീറിയ ഷര്‍ട്ടും രക്തം പുരണ്ട ഉടുമുണ്ടുമെല്ലാം കൈയിലുണ്ടായിട്ടും അസാധാരണമായ തണുപ്പ്. പ്രതിപക്ഷ നേതാവിനുപോലും ഒരൊഴുക്കന്‍ മട്ട്. ഇത് സഹിക്കാനാകാതെ വി.എസ് സുനില്‍കുമാര്‍ ഒറ്റക്ക് നടുത്തളത്തിലേക്ക് നടന്നുപോയി. അതോടെ മറ്റുള്ളവര്‍ പിന്നാലെ കൂടി. സുനിലിന്റെ ആവേശം തല്‍ക്കാലം മാനംകാത്തുവെങ്കിലും ഒരുകാര്യം വ്യക്തമായി: സ്വാശ്രയമെന്ന് കേട്ടാല്‍ ഇനി ഹീറ്റര്‍ വച്ച് രക്തം തിളപ്പിക്കേണ്ടിവരും.

(30...06...11)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...