Tuesday, July 19, 2011

പ്രത്യയശാസ്ത്രത്തിലെ പരിണാമ വഴികള്‍


കുത്തക വിരോധത്തിന്റെ കുത്തകക്കൊപ്പം മാര്‍ക്സിസ്സ് പാര്‍ട്ടി കുത്തകയാക്കിയ മേഖലയാണ് പ്രത്യയശാസ്ത്രവും. താത്വികവും സൈദ്ധാന്തികവുമായ വിശകലനങ്ങള്‍ നടത്താന്‍ മറ്റാര്‍ക്കും അവകാശമില്ലാത്തവിധം ഫിലോസഫിക്കലാണ് പാര്‍ട്ടി. മുഖ്യ എതിരാളിയായ കോണ്‍ഗ്രസില്‍നിന്ന് ഇക്കാര്യത്തില്‍ അവര്‍ക്ക് ഭീഷണിയുമില്ല. എന്നാല്‍ മുസ്ലിം ലീഗിലിപ്പോള്‍ അതല്ല സ്ഥതി. ആശമാത്രമല്ല, കുറച്ചൊക്കെ ആശയവുമാകാമെന്നായിരിക്കുന്നു അവര്‍ക്ക്. അതുകൊണ്ട് തന്നെ താത്വിക വിശകലനത്തിന് പ്രാപ്തിയുള്ളയാളുകളെ തെരഞ്ഞെടുപിടിച്ച് സഭയില്‍ എത്തിച്ചിട്ടുമുണ്ട്. ഈ തീരുമാനം സി.പി.എമ്മിനെ അഞ്ചുകൊല്ലം വേട്ടയാടുമെന്ന് ഇന്നലെ സഭക്ക് ബോധ്യമായി. ഖുര്‍ആനിലുറച്ച് ലീഗും മാനിഫെസ്റ്റോയില്‍ പിടിച്ച് മാക്സിസ്റ്റ് പാര്‍ട്ടിയും മുഖാമുഖം കൊമ്പുകോര്‍ത്തു.
നെല്‍വയല്‍ നികത്തുന്നതിന്റെ പരാതി കൈകാര്യം ചെയ്യാനുള്ള അധികാരം വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നതിനുള്ള ചെറിയൊരു നിയമ ഭേദഗതിയായിരുന്നു സഭയിലെ വിഷയം. പക്ഷെ ചര്‍ച്ച തുടങ്ങിയ ടി.എ അഹമ്മദ് കബീറിന്റെ വിഷയം ആഗോളം വ്യാപിച്ചു. തകിഷാമ ശില്‍പശാലയില്‍നിന്നായിരുന്നു തുടക്കം. വനവും വെള്ളവും വായുവുമുള്ള രാജ്യങ്ങളെല്ലാം കയറിയിറങ്ങി. ഇതിനിടെയാണ് പി. ശ്രീരാമകൃഷ്ണന്‍ സൈദ്ധാന്തികനായത്: 'ഫിലോസഫി എന്ന നിലയില്‍ ജൈവ വൈവിധ്യത്തെപറ്റി ലോകത്ത് ആദ്യം പറഞ്ഞത് ഏംഗല്‍സാണ്.' ഏംഗല്‍സിനോളം താത്വികനായ അഹമ്മദ് കബീറിന്റെ മറുപടി ഉടന്‍ വന്നു, തെളിവുസഹിതം: 'അല്ല, ഖുര്‍ആനാണ്. ശ്രീരാമകൃഷ്ണന്‍ എംഗല്‍സിന് മുമ്പുള്ളതൊന്നും പഠിക്കാത്തതാണ് പ്രശ്നം. ഈ സങ്കുചിതത്വം മാറ്റണം'. കമ്യൂണിസം നിരകരിക്കപ്പെട്ടു എന്ന പ്രയോഗം പിന്‍വലിക്കണമെന്ന് വി.എസ് സുനില്‍കുമാര്‍ ആവശ്യമുന്നയിച്ചപ്പോള്‍ അതിനപ്പുറവുമുണ്ട് കാര്യങ്ങള്‍ എന്നായി അബ്ദുസ്സമസദ് സമദാനി: 'ഡാര്‍വിനിസം തന്നെ ശാസ്ത്രമിപ്പോള്‍ തിരുത്തുകയാണ്. അത് നാളെ ലോകം തള്ളും.' എ.കെ ബാലന്‍ അതോടെ ചന്ദ്രനിലേക്ക് പോയി: 'പടച്ചോന്റെ വിളക്കാണ്. അവിടെ ഇറങ്ങാന്‍ പറ്റില്ലെന്ന വിശ്വാസം ഇപ്പോഴുമുണ്ടോ?' അതിനും മറുപടി ഖുര്‍ആന്‍ തന്നെ. ആദ്യം അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, പിന്നെ കബീര്‍: 'ആകാശ ഭൂമിക്കിടയിലുള്ളതെല്ലാം മനുഷ്യന് അധീനപ്പെടുത്തിയിട്ടുണ്ട്. രാപകലുകള്‍ മാറി വരുന്നതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തവുമുണ്ട്.' ചിന്തിക്കാതെയുള്ള ബാലന്റെ ചോദ്യത്തില്‍ കബീര്‍ ഖേദവും രേഖപ്പെടുത്തി. ഇതോടെ സഹികെട്ട എം.എ ബേബി 'പ്രോഫിറ്റ് ഓവര്‍ പീപ്പിള്‍' വായിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി കബീറിനെ ഒതുക്കാന്‍ നോം ചോംസ്കിയെ രംഗത്തിറക്കി. പക്ഷെ, ചോംസ്കിക്കൊപ്പം ഷൂള്‍സിനെക്കൂടി ഉദ്ദരിച്ച് ബേബിയെയും നിശബ്ദനാക്കിയാണ് കബീര്‍ അടങ്ങിയത്.
ലീഗും സി.പി.എമ്മും തമ്മില്‍ രാവിലെ നടന്ന താത്വിക പോര് ഉച്ചക്ക് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലായി. അച്ചടിച്ച പ്രത്യയശാസ്ത്രമില്ലെന്ന കുറവുണ്ടെങ്കിലും കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും കൃഷി ഭൂമിയില്‍ ചില സൈദ്ധാന്തിക പ്രശ്നങ്ങളുണ്ട്. 'കണ്ണൂര് പോകുന്നുവെന്ന് മാണി സാര്‍ പറഞ്ഞാല്‍ മണ്ണൂര് നോക്കിയാല്‍ മതി'യെന്ന് സാജുപോള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രത കാട്ടി. കശുമാവ് കൃഷിയെ തോട്ടമാക്കി മാറ്റുന്നതായിരുന്നു ഇവര്‍ക്കിടയിലെ പ്രത്യയശാസ്ത്ര പ്രശ്നം. മനുഷ്യന്റെ ഉല്‍പത്തിയോളം ഗൌരവമുള്ളതല്ലെങ്കിലും രണ്ടുതരം കോണ്‍ഗ്രസുകാരായതിനാല്‍ ഉള്‍പോര് മൂത്തു. തുടങ്ങിയത് വി.ഡി സതീശന്‍: 'ഭൂ പരിഷ്കരണ നിയമം സമഗ്രമായി പരിഷ്കരണം. അതിന് റവന്യൂ വകുപ്പ് മുന്‍കൈയെടുക്കുമോ'. കാര്യം നയപരമായതിനാല്‍ ഇപ്പോള്‍ പറയനാകില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒഴിഞ്ഞു. സതീശന്‍ വിട്ടില്ല: 'ഇപ്പോഴുള്ള നിര്‍ദേശങ്ങളില്‍ ചില അപകടങ്ങളുണ്ട്. അത് പരിഹരിക്കാന്‍ സമവായമുണ്ടാക്കുമോ?' അതോടെ അപകടം മണത്ത പി.സി ജോര്‍ജും സി.എഫ് തോമസും സൈദ്ധാന്തികരായി മാറി. ഇത് മിച്ച ഭൂമി തട്ടാനുള്ള തന്ത്രമാണെന്ന് എ.കെ ബാലനും കോടിയേരി ബാലകൃഷ്ണനും തെളിച്ച് പറഞ്ഞു. ഉടന്‍ ടി.എന്‍ പ്രതാപനും സതീശനൊപ്പം കൂടി. തിരുവഞ്ചൂര്‍ സമവായത്തിന്റെ വക്കിലെത്തിയതോടെ ബെന്നി ബഹനാന്‍ അതങ്ങ് സിമന്റിട്ടുറപ്പിച്ചു. കേരള കോണ്‍ഗ്രസിന്റെ ആകെയുള്ള പ്രത്യശാസ്ത്ര പ്രശ്നത്തെ കോണ്‍ഗ്രസുകാരങ്ങനെ കുളിപ്പിച്ച് കിടത്തി.
പരിണാമം മുതലുള്ള പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസിന്റെ പരിണാമം സാജുപോള്‍ വിശദീകരിച്ചത്: സായിപ്പില്‍ തുടങ്ങി മദാമ്മയില്‍ അവസാനിക്കുമായിരുന്ന കോണ്‍ഗ്രസിനെ ഇടതുപക്ഷമാണ് രക്ഷിച്ചത്. എന്നാലിപ്പോള്‍ കോണ്‍ഗ്രസുകാരുടെ കൂട്ടത്തെ തട്ടി തലസ്ഥാനത്ത് നടക്കാന്‍ പറ്റുന്നില്ല. ആള്‍കൂട്ടമായിരുന്നു അത്. ഇപ്പോള്‍ മൃഗക്കൂട്ടംപോലെയായിരിക്കുന്നു.'
നാട്ടുകൃഷി കാര്യങ്ങളില്‍ പാട്ടും കവിതയും ചൊല്ലുന്നതിനിടെയാണ് സാജു ഈ പരിണാമം വെളിപ്പെടുത്തിയത്. പ്രഭാഷണ തിരക്കില്‍ വിട്ടുപോയ കണ്ണി വര്‍ക്കല കഹാര്‍ പൂരിപ്പിച്ചു: 'മൃഗക്കൂട്ടത്തില്‍ പി.ഐ പൌലോസ് ചേട്ടനുമണ്ടായിരുന്നു.' പൌലോസ് ചേട്ടനെന്നാല്‍ പഴയ കോണ്‍ഗ്രസുകാരന്‍. എം.എല്‍.എ. പിന്നെ സാജുപോളിന്റെ അച്ഛനെന്നും അറിയപ്പെടും. നോക്കണേ, പരിണാമ സിദ്ധാന്തത്തിന്റെയൊരു വ്യാപ്തി.

(19...07...11)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...