Sunday, July 17, 2011

നടന്‍മാരും കാരണവരും

ജനറേഷന്‍ ഗ്യാപാണ് തറവാട്ടു കാരണവന്‍മാരുടെ മുഖ്യ പ്രശ്നം. കുട്ടികളും ചെറുപ്പക്കാരും പറയുന്നതൊന്നും മനസിലാകില്ല. മനസ്സിലായാല്‍ തന്നെ അംഗീകരിക്കില്ല. അംഗീകാരിച്ചാലോ മുയിലന് മൂന്ന് കൊമ്പ് എന്ന മട്ടുമയിരിക്കും. കോണ്‍ഗ്രസുകാര്‍ ഈ വിഷയത്തില്‍ നേരത്തേ പരീക്ഷ പാസായതാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ട്യൂഷന്‍ ക്ലാസ് നടന്നുകൊണ്ടിരിക്കുന്നേയുള്ളൂ. ഈ പാര്‍ട്ടിക്ലാസിന് തുടക്കമിട്ടത് ആലപ്പുഴച്ചേരിയില്‍ നിന്നായതിനാലാകണം, കാരണവന്‍മാരുടെ കാര്യത്തില്‍ ജി. സുധാകരന് കൃത്യമായ ധാരണയുണ്ട്. പ്രാരാബ്ധ കുടുംബങ്ങളെ സംരക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സ്വകാര്യ ബില്‍ അവതരിപ്പിച്ച പാര്‍ട്ടി അംഗം ആര്‍. ശെല്‍വരാജിനെ സംസ്ഥാന കമ്മിറ്റി അംഗമായ സുധാകരന്‍ ഇന്നലെ ഇക്കാര്യം പരസ്യമായി പഠിപ്പിച്ചു: 'കാരണവന്‍മാരുടെ സ്വാഭാവമറിയില്ലേ? അവരുടെ അനുമതി വേണമെന്ന ബില്ലിലെ വ്യവസ്ഥ നിയമം നടപ്പാക്കുന്നതില്‍ കോംപ്ലക്സിറ്റിയും ഇംപ്രാക്ടിക്കബിലിറ്റിയും ഉണ്ടാക്കും. കാരണവന്‍മാരുടെ അനുമതി കിട്ടിയിട്ട് ഇതൊന്നും നടപ്പാക്കാനാകില്ല. അതൊഴിവാക്കണം.' ശെല്‍വരാജ് സംസ്ഥാന കമ്മിറ്റി വരെ വളരാത്തതിന്റെ കുറവ് അവിടെ കണ്ടു: 'ഇത് വളര പ്രധാനമാണ്. ഒഴിവാക്കാനാകില്ല.' അതോടെ സുധാകരന്‍ വിധി പറഞ്ഞു: 'എന്നാല്‍ പിന്നെ ഒന്നും നടക്കില്ല.' പാര്‍ട്ടിയിലെ കാരണവര്‍ അന്നേരം സഭയില്‍ ഇല്ലാതിരുന്നതിനാല്‍ മുതിര്‍ന്നവരുടെ അവകാശം പറയാന്‍ ആരുമുണ്ടായില്ല.
സ്വകാര്യ ബില്ലുകള്‍ക്കുള്ള പതിമൂന്നാം സഭയുടെ ആദ്യ വെള്ളിയാഴ്ച ശെല്‍വരാജിന്റെ രണ്ടെണ്ണമടക്കം ഏഴ് ബില്ലാണ് എത്തിയത്. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ കര്‍ക്കശമായി ഇടപെട്ട് ഏഴിനും അവതരണാവസരമൊരുക്കി. ഈ ഇടപെടല്‍ പക്ഷെ വി. ശിവന്‍കുട്ടിക്ക് പിടിച്ചില്ല: 'ഇത് സപ്പീക്കറുടെ സമയമൊന്നുമല്ലല്ലോ? താങ്കള്‍ എന്തിനാണിങ്ങനെ അസ്വസ്ഥനാകുന്നത്?' സ്പീക്കര്‍: 'ചോദ്യം ചോദിക്ക്. വെറുതെ പ്രസംഗിച്ച് സമയം കളയരുത്.' കാര്യം നേരെ ചോദിച്ച് ശീലമില്ലാത്തതിനാല്‍ ശിവന്‍കുട്ടി നയം വ്യക്തമാക്കി: 'ഒരു അടിസ്ഥാനവുമില്ലാതെ ചോദ്യം ചോദിക്കാനാകില്ല.' തര്‍ക്കം കഴിഞ്ഞ് ചോദ്യം വന്നപ്പോള്‍ അടിസ്ഥാനമുണ്ടായിട്ടും കാര്യമില്ലെന്ന് വ്യക്തമായി. പണിമുക്ക് അവകാശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശെല്‍വരാജ് വീണ്ടും വന്നപ്പോള്‍ പി.കെ ഗുരുദാസന്‍ ഉഷാറായി. നയപ്രഖ്യാപനത്തില്‍ മിന്നല്‍ പണിമുടക്കിനെതിരായ പരാമര്‍ശമായിരുന്നു ഗുരുദാസന്റെ പ്രകോപനം.
കെ.എം മാണി മികച്ച നടനാണെന്ന് കഴിഞ്ഞ ദിവസം തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. നാടക ട്രൂപ്പുകള്‍ക്കും കലാകാരന്‍മാര്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പെടുത്തണമെന്ന ബില്ലുമായി വന്ന സിനിമാ നടനായ സാജുപോള്‍ ഐസകിനെ തിരുത്തി: 'രാഷ്ട്രീയക്കാരെല്ലാം മികച്ച നടന്‍മാരാണ്. അഭിനേതാക്കളാണ്.' പക്ഷെ കുട്ടികള്‍ക്കൊന്നും ഇപ്പോള്‍ നാടകത്തെ പറ്റി ഒരുവിവരവുമില്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. 'ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി കാലാനിലയം നാടക വേദി എന്ന ബോര്‍ഡ് 'കാള നിലയം, നാടാകെ വെടി' എന്ന് വായിച്ചതാണത്രെ തെളിവ്. ജനറേഷന്‍ ഗ്യാപ് തന്നെ.
എം. ഹംസയുടെ നെല്‍കൃഷി വികസന അഥോറിറ്റി ബില്ലില്‍ ഗവര്‍ണറുടെ അനുമതിയില്ലെന്ന് നിയമ മന്ത്രി പറഞ്ഞത് ഭരണഘടനാ പ്രിസന്ധി സൃഷ്ടിച്ചു. ആരാണ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടത് എന്നായി കോടിയേരി ബാലകൃഷ്ണന്‍. സ്വയം വാങ്ങണമെന്ന് ഭരണപക്ഷത്തെ ചട്ട വിദഗ്ദന്‍ ടി.എം ജേക്കബ്. ലജിസ്ലേറ്റിവ് സെക്രട്ടറി അറിയിക്കണമെന്ന് കോടിയേരിയുടെ മറുവാദം. ഇതിന് തെളിവുമായി ഭരണഘടനയുമായി ജി. സുധാകരനും. നാടാകെ പടരുന്ന പണത്തട്ടിപ്പുകാരെ പിടികൂടാനുള്ള നിയമമായിരുന്നു എം.ഹംസയുടെ മറ്റൊരു ബില്‍. കുട്ടികളെ പീഢനത്തില്‍ നിന്ന് രക്ഷിക്കാന്‍ കെ.കെ ലതികയും ബില്‍ അവതരിപ്പിച്ചു.
അകാലത്തില്‍ മരിച്ചു വീഴുന്ന സ്വകാര്യ ബില്ലുകളില്‍ ചവിട്ടിയാണ് ഓരോ ആഴ്ചയും സഭ പിരിയുക. അതുകാണ്ടുതന്നെ വെളിയാഴ്ചകള്‍ സഭക്കൊരു തമാശയാണ്. ഒരിക്കലും നടപ്പാകില്ലെന്നുറപ്പുള്ള നിരവധി സ്വപ്നങ്ങള്‍ ബില്ലായി വരികയും അവതാരകന്‍ ഘോരഘോരം പ്രസംഗിക്കുകയും അംഗങ്ങള്‍ സഗൌരവം വാഗ്വാദങ്ങള്‍ നടത്തുകയും ചെയ്ത് പിരിയും. ഈ പതിവ് ഒരിക്കലേ തെറ്റിയിട്ടുള്ളൂ. അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പണ്ടാരോ കൊണ്ടുവന്ന സ്വകാര്യ ബില്ലില്‍ മാത്രം. നാട്ടുകാര്‍ക്കാണ് ഗുണമെങ്കില്‍ സ്വകാര്യ ബില്‍ അനുവദിക്കേണ്ടെതില്ലെന്ന ഈ അപ്രഖ്യാപിത കീഴ്വഴക്കം ഇന്നലെ പാതി തെറ്റിച്ചു. സാജുപോള്‍ അവതരിപ്പിച്ച മാനസികാരോഗ്യ പരിപാലന ബില്ലിന്റെ ആശയം ഉള്‍കൊണ്ട് സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി പ്രഖ്യാപിച്ചു. അങ്ങനെ സ്വകാര്യ ബില്ലുകളുടെ ശവപ്പറമ്പില്‍ വച്ച് അരജീവന്‍ തിരിച്ചുകൊടുത്ത ചരിത്രമെഴുതിയാണ് സഭയിന്നലെ പിരിഞ്ഞത്.

(16..07..11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...