Saturday, April 25, 2020

വിദ്യാഭ്യാസ നയം: ആശയം, അനുഭവം, ആശങ്ക




  • ആശയം



രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ അടിമുടി അഴിച്ചുപണിയുന്ന തരത്തിലുള്ള സമഗ്രമായ വിദ്യാഭ്യാസ നയം മാറ്റത്തിന് രണ്ടാം മോദി സര്‍ക്കാര്‍ തറക്കല്ലിട്ട് കഴിഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഗവേഷണം വരെ എല്ലാ തലത്തിലും പൂര്‍ണാര്‍ഥത്തിലുള്ള തരംമാറ്റമാണ് വരുന്നത്. അധ്യയന ഘടന, പഠന മാധ്യമം, പാഠ്യപദ്ധതി, മൂല്യനിര്‍ണയം, പരീക്ഷ തുടങ്ങി പുതിയനയം തിരുത്തല്‍ നിര്‍ദേശിക്കാത്ത മേഖലകളൊന്നുമില്ല. വിദ്യാഭ്യാസത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുകയും എല്ലാവര്‍ക്കും ലഭ്യമാകും വിധം അത് സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കുകയും ചെയ്യുകയാണ് കരട് നയരേഖ മുന്നോട്ടുവക്കുന്ന അടിസ്ഥാന ആശയം. വിദ്യാഭ്യാസ മേഖലയെ ഏറെക്കുറെ സമഗ്രമായി സമീപിക്കുകയും എല്ലാ വിഭാഗത്തെയും പരിഗണിക്കുകയും ഒട്ടുമിക്ക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്യുന്ന കരട് നയരേഖ  ഏറെക്കുറെ സ്വതന്ത്രമായ സമീപനമാണ് പിന്തുടരുന്നത്. ബജറ്റ് വിഹിതം 20 ശതമാനമാക്കി ഉയര്‍ത്തണമെന്നത് മുതല്‍ ഗ്രോസ് എന്‍‍റോള്‍മെന്‍റ് റേഷ്യോ 50 ശതമാനത്തില്‍ എത്തിക്കണമെന്നതുവരെയുള്ള ശിപാര്‍ശകള്‍ ഈ സമീപനത്തിന് അടവരയിടുന്നു.

എല്ലാവര്‍ക്കും തുല്യ അവസരം നല്‍കുക (ഇക്വിറ്റി),  എല്ലാവര്‍ക്കും പ്രാപ്യമായിരിക്കുക (ആക്സസ്), എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക (ക്വാളിറ്റി)  എന്നീ ആശയങ്ങളാണ് കരട് രേഖയിലൂടെ മുന്നോട്ടുവക്കുകുന്നത്. ഇവക്ക് താരതമ്യേന പ്രായോഗികമായ വഴികള്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുമുണ്ട്. അത് കുട്ടികളുടെ പ്രായംതൊട്ടേ തുടങ്ങുന്നു. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ആറുവയസ്സുമുതലാണ് നിര്‍ബന്ധിത വിദ്യാഭ്യാസം. പുതിയ നയം ഇത് മൂന്ന് വയസ്സ് മുതല്‍ എന്നാക്കി തിരുത്തുന്നു. രണ്ട് തരത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് ഇതിനായുണ്ടാക്കണമെന്ന് നയരേഖ നിര്‍ദേശിക്കുന്നു. ഒന്ന് 0-3 പ്രായത്തിലുള്ള കുട്ടികളുടെ രക്ഷിതാക്കളെയും അങ്കണവാടി അധ്യാപകരെയും ലക്ഷ്യമിട്ടും രണ്ടാമത്തേത് 3 മുതല്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയും.
അരനൂറ്റാണ്ടിലേറെയായി രാജ്യം പിന്തുടരുന്ന 10+2+3 എന്ന വിദ്യാഭ്യാസ ക്രമം പൊളിച്ചെഴുതണം. മൂന്ന് വയസ്സ് മുതല്‍ ആരംഭിച്ച് 18 വയസ് വരെ നീണ്ടുനില്‍ക്കുന്ന തരത്തില്‍ 4 ഘട്ടമായാണ് അത് പുനക്രമീകരിക്കുന്നത്. ഇതിനെ Foundational stage, Preparatory/Latter Primary stage, Middle/Upper Primary stage, High/Secondary stage എന്നിങ്ങനെ തരംതിരിക്കുന്നു. പ്രവര്‍ത്തനാധിഷ്ഠിത പാഠ്യപദ്ധതിയാണ് സ്കൂള്‍ മേഖലയിലാകെ നടപ്പാക്കുക.

ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ്, ആട്സ്, വൊക്കേഷണല്‍ വിഷയങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തുടരുന്ന തരത്തിലുള്ള 'ശത്രുതാപരമായ' വേര്‍തിരിവ് ഇല്ലാതാക്കണം. എല്ലാവര്‍ക്കും എല്ലാ വിഷയവും പഠിക്കാവുന്ന തരത്തിലുള്ള ഉദാര പാഠ്യപദ്ധതി വേണം. പാഠ്യ-പാഠ്യേതര മേഖല,  അക്കാമദിക്-വൊക്കേഷണല്‍ മേഖല എന്നിങ്ങനെ നിലവിലുള്ള വ്യത്യസ്ത ധാരകളും ഇല്ലാതാക്കും. കായികം മുതല്‍ പൂന്തോട്ട നിര്‍മാണം വരെ എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും. പരീക്ഷാ രീതിയിലും ഘടനയിലും സമൂലമായ അഴിച്ചുപണിയാണ് കരട് നയരേഖ ശിപാര്‍ശ ചെയ്യുന്നത്. അതിന് മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്: വ്യത്യസ്ത വിഷയങ്ങള്‍ പരീക്ഷക്ക് വേണ്ടി നിശ്ചയിക്കണം.  ഇതില്‍നിന്ന്, ഒരു വിദ്യാര്‍ഥിക്ക് അവന്‍റെ അഭിരുചിക്കിണങ്ങുന്ന  പരീക്ഷക്കായി തെരഞ്ഞെടുക്കാം. പരീക്ഷ, വിഷയത്തിന്‍റെ മര്‍മം മാത്രം പരിശോധിക്കുന്നതും വിദ്യാര്‍ഥിക്ക് അനായാസം നേരിടാന്‍ കഴിയുന്നതും ആകണം. തരക്കേടില്ലാതെ പഠിക്കുന്നവര്‍ക്ക്  അനായാസം വിജയിക്കാന്‍ കഴിയണം. പരീക്ഷക്ക് സജ്ജനാണെന്ന് കുട്ടിക്ക് ബോധ്യമായാലാണ് പരീക്ഷ നടത്തേണ്ടത്.  കൂടുതല്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. സ്കൂള്‍ ഫൈനല്‍ പരീക്ഷ തന്നെ ബോര്‍ഡ് പരീക്ഷയായി കണക്കാക്കാം. ബോര്‍ഡ് പരീക്ഷ കോര്‍ വിഷയങ്ങളില്‍ മാത്രം. കന്പ്യൂട്ടറൈസ്ഡ് അഡാപ്റ്റിവ് ടെസ്റ്റ് വ്യാപകമാക്കണം.

നിലവിലെ സര്‍വകലാശാല-അഫിലിയേറ്റഡ് കോളജ് സങ്കല്‍പം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിന്ന് എടുത്തുകളയുന്നതാണ് നയരേഖ. ഗവേഷണ സര്‍വകലാശാലകള്‍ (research universities)‍, അധ്യാപന സര്‍വകലാശാലകള്‍ (teaching universities), കോളജുകള്‍ എന്നിങ്ങനെ മൂന്നുതരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പകരം വരുന്നത്. എല്ലാം സ്വയം ഭരണാധികാരമുള്ളവ. ഭരണപരമായും അക്കാദമുകമായും സ്വയം ഭരണം ഉണ്ടാകും. കരിക്കുലം മുതല്‍ ഫീസ് വരെ എല്ലാം അരവര്‍ക്ക് നിശ്ചയിക്കാം. 2032 ന് ശേഷം രാജ്യത്ത് അഫിലിയേറ്റഡ് കോളജുകളോ അഫിലിയേറ്റിങ് സര്‍വകലാശാലകളോ ഉണ്ടാകില്ല. 12 കൊല്ലത്തിനകം ഇങ്ങിനെ മാറാത്ത കോളജുകളെ അഡല്‍റ്റ് എജുക്കേഷന്‍ കേന്ദ്രങ്ങളോ ലൈബ്രറികളോ തൊഴിലധിഷ്ടിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളോ ആക്കി മാറ്റും. ബിരുദ പഠനം കൂടുതല്‍ ഉദാരമാക്കണം. നാല് വര്‍ഷ ബിരദു കോഴ്സുകള്‍ ആരംഭിക്കണം. അതില്‍ ഒന്നിലധികം വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിയണം. അഥവ ഒരേ വിഷയത്തില്‍ സ്പെഷലൈസേഷനോടുകൂടി പഠിക്കുന്ന നിലവിലെ രീതിക്ക് പകരം, കുറേ വിഷയങ്ങള്‍ (multi disciplinary) പഠിക്കുകയും അതില്‍ നിന്ന് കൂടുതല്‍ താത്പര്യമുള്ള വിഷയം ആഴത്തില്‍  പഠിക്കുകയും ചെയ്യുക. ഗവേഷണ രംഗത്ത് യു ജി സി ഇല്ലാതാക്കുകയും പകരം നാ,ണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ സ്ഥാപിക്കുകയും ചെയ്യും.  ഇത്രയുമാണ് കരട് നയരേഖ മൊത്തത്തില്‍ നിര്‍ദേശിക്കുന്ന സുപ്രധാന മാറ്റങ്ങള്‍.


  • അനുഭവം



ഇന്ത്യയില്‍ വിദ്യാഭ്യാസ രംഗത്ത് താരതമ്യേന മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ കരട് നയ രേഖ മുന്നോട്ടുവക്കുന്ന പല നിര്‍ദേശങ്ങളും കേരളത്തില്‍ നടപ്പാക്കിയതോ നടപ്പാക്കിക്കൊണ്ടിരിക്കുന്നതോ ആണ്. 2007ലെ  കേരള കരിക്കുലം ഫ്രെയിംവര്‍ക്ക് (പാഠ്യപദ്ധതി ചട്ടക്കൂട്) തന്നെ അതില്‍ പ്രധാനം. പ്രവര്‍ത്തനാധിഷ്ഠിത പഠനവും  വിമര്‍ശനാത്മക ബോധനശാസ്ത്രവും നിരന്തര മൂല്യനിര്‍ണയവുമെല്ലാം കേരളം പരീക്ഷിച്ചു. കളിച്ച് പഠിക്കുക എന്ന സങ്കല്‍പമായിരുന്നു ഡിപിഇപി. എന്നാല്‍ പ്രവര്‍ത്തനാധിഷ്ഠിത പഠനം എന്ന തത്വം അങ്ങേയറ്റം വികലവും അശാസ്ത്രീയവുമായാണ് കേരളത്തില്‍ നടപ്പാക്കിയത്. അക്ഷരാഭ്യാസമില്ലാത്ത തലമുറയാണ് ഈ പാഠ്യക്രമത്തിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്ന വിമര്‍ശം ഇപ്പോള്‍ ശക്തമാണ്. പ്രവര്‍ത്തനാധിഷ്ഠിത പഠനം എന്ന സങ്കല്‍പവും നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണമായി വിജയിച്ചില്ല.

സ്വയം ഭരണത്തിലും കേരളം മികച്ച പരീക്ഷണശാലയാണ്. പ്രധാന സര്‍ക്കാര്‍ കോളജുകള്‍ പോലും സ്വയംഭരണത്തിലേക്ക് നീങ്ങുകയും ഫീസിലടക്കം അതിന്റെ പ്രത്യാഘാതം പ്രതിഫലിക്കുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. സ്വയംഭരണമില്ലാത്ത സ്വാശ്രയ കോളജുകളെപ്പോലും നിയന്ത്രിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ നട്ടം തിരിയുകയും താങ്ങാനാകാത്ത ഫീസ് കാരണം പഠനമികവുള്ള കുട്ടികള്‍ക്ക് വരെ പ്രവേശനം നിഷേധിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് നിലവിലെ സ്ഥിതി വിശേഷം. കേരളത്തില്‍ ഇതിനകം നിലവില്‍വന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും അപ്രാപ്യമായിത്തുടങ്ങിയിരിക്കുന്നു എന്നതാണ് മറ്റൊരു  അനുഭവം. പൊതു സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒരേനിയമം ബാധകമാക്കണമെന്ന നിര്‍ദേശം കരടിലുണ്ട്. എന്നാല്‍ ഇതെത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന ആശങ്ക തള്ളിക്കളയാനാകില്ല. കഴിഞ്ഞ ഒന്നര പതിറ്റാണ്ടനിടയിലെ കേരളത്തിലെ മാത്രം സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിക്കുന്നവര്‍ക്ക് അത് എളുപ്പം ബോധ്യപ്പെടും. സര്‍ക്കാര്‍ പണം മുടക്കുന്ന പബ്ലിക് സ്ഥാപനങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും എയ്ഡഡ് മേഖല പോലെ കേരളത്തിലും മറ്റും നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളെക്കുറിച്ച് നയത്തില്‍ വ്യക്തതയില്ല. ഇവയുടെ ഭാവിയും സര്‍ക്കാര്‍ ധനസഹായ സാധ്യതകളും എത്രവരെയെന്ന ആശയക്കുഴപ്പവും നയം ബാക്കിവക്കുന്നു.

സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങളും വിഭവ ശേഷിയും പങ്കിട്ട് ഉപയോഗിക്കുന്നതിനായി ഒരു പ്രദേശത്തെ സമീപ സ്കൂളുകള്‍ ചേര്‍ത്ത് സ്കൂള്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം കരട് രേഖയിലുണ്ട്. കേരളത്തില്‍ ക്ലസ്റ്റര്‍ കോളജുകളെന്ന പേരില്‍ സമാനമായൊരു പരീക്ഷണം നേരത്തെ നടത്തിയിരുന്നു. ഇത് ഏറെക്കുറെ പരാജയമായി മാറിയ പരീക്ഷണമാണ്. ഈ പരിപാടിയാണ് ഇപ്പോള്‍ മറ്റൊരു പേരില്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. നിരവധി പ്രായോഗിക കടന്പകള്‍ അവശേഷിക്കുന്ന ഈ പദ്ധതി ഫലത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് തിരിച്ചടിയായിത്തീരും.  ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാതെ ഏതുതരം നയം രൂപീകരിച്ചിട്ടും ഫലമുണ്ടാകില്ല.

വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഒട്ടുമിക്ക പരീക്ഷണങ്ങളും അതിന്റെ നടത്തിപ്പിലെ വീഴ്ചകള്‍കൊണ്ട് മാത്രം പരാജയമായപ്പെട്ടവയാണ്. കാര്യക്ഷമതയില്ലാത്ത ഭരണ സംവിധാനങ്ങളാണ് അതില്‍ പ്രധാനം. അവിടെയാണ് പരീക്ഷയും പഠനവുമെല്ലാം അത്യന്തം ഉദാരവും വിദ്യാര്‍ഥി സൌഹൃദവുമാക്കുന്നത്. ഇതുവരെയുള്ള അനുഭവങ്ഹല്‍ മുന്നില്‍വച്ച് ആലോചിച്ചാല്‍ പുതിയ മാറ്റങ്ങല്‍ വിപരീതഫലം ചെയ്യുമെന്നേ കരുതാനാകൂ. മറിച്ച് സംഭവിക്കാന്‍ അത്രമേല്‍ സൂക്ഷ്മമവും ജാഗ്രത്തുമായ നിര്‍വഹണ സംവിധാനം കൂടി ഇതോടൊപ്പം ആവിഷ്കരിക്കണം.


  • ആശങ്ക



1986ല്‍ നിലവില്‍ വന്ന നയപ്രകാരമാണ് ഇപ്പോള്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖല നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും. രാഷ്ട്രഘടനയെ ശാക്തീകരിക്കുകയും വഴിനടത്തുകയും ചെയ്യുന്ന ഭരണാഘടനാ ‌മൂല്യങ്ങളിലധിഷ്ഠിതമായ നയരേഖയാണ് അന്നത്തെ സര്‍ക്കാര്‍ വിഭാവനം ചെയ്തത്. ഏറെക്കുറെ ആ ലക്ഷ്യം യാഥാര്‍ഥ്യമാക്കാനുതകുന്ന തരത്തിലുള്ള പാഠ്യപദ്ധതി തന്നെയാണ് പിന്നീട് നിലവില്‍വന്നതും. എന്നാല്‍ പുതിയ കരട് നയം അത്തരമൊരു വീക്ഷണമല്ല മുന്നോട്ടുവക്കുന്നത്. എന്ന് മാത്രമല്ല, ആധുനികവും ഭരണഘടനാധിഷ്ഠിതവുമായ മൂല്യ സങ്കല്‍പങ്ങളോട് നിശ്ചിത ദൂരം പാലിക്കാന്‍ നയരേഖ അതിന്റെ വരികളിലുടനീളം ശ്രദ്ധിക്കുന്നുമുണ്ട്. പുരാതന ഇന്ത്യയിലാണ് അതിന് കൂടുതല്‍ താത്പര്യം‍. മത്സരാധിഷ്ഠിത ലോക കന്പോളത്തിനും തൊഴില്‍ വിപണിക്കും ഇണങ്ങുന്ന മനുഷ്യ ഫാക്ടറികള്‍ സ്ഥാപിക്കലാണ്  വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന സന്ദേശമാണ് നയരേഖ പുറത്തേക്ക് നല്‍കുന്നത്. അതിനിണങ്ങുന്ന പൌര സമൂഹത്തെയും മാനവവിഭവ ശേഷിയെയും സൃഷ്ടിക്കുന്ന തരത്തിലാണ് പലപദ്ധതികളും ആവിഷ്കരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലേക്ക് അപകടകരാംവിധം വികസിക്കാന്‍ വേണ്ട എല്ലാ വഴികളും ഉള്ളടങ്ങിയതാണ് അതിന്റെ ആശയാടിത്തറ. കരട് നയ രേഖയിലെ ഭാഷാ പഠനവുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് ഇത് പ്രത്യക്ഷമാകുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ രാജ്യമാകെ ഹിന്ദി വിരുദ്ധ പ്രക്ഷോഭമുയര്‍ന്നു. ഭാഷാ വൈവിധ്യത്തെ നിരാകരിച്ച് നയം ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. ഹിന്ദിയേതര സംസ്ഥാനങ്ങളിലെല്ലാം എതിര്‍ ശബ്ദങ്ങളുയര്‍ന്നു. വലിയ പ്രതിഷേധമവും അരങ്ങേറി.  ഹിന്ദി നിര്‍ബന്ധമാക്കില്ലെന്നും നിലവില്‍ പിന്തുടരുന്ന ത്രിഭാഷാ പഠന പദ്ധതി തന്നെയാണ് പുതിയ നയവും പിന്തുടരുക എന്നും സര്‍ക്കാറിന് തിരുത്തേണ്ടിവന്നു. അത് മുഖവിലക്കെടുത്താല്‍ പോലും പുതിയ നയത്തിലൂടനീളം ഭാഷ, ഒരു പ്രശ്നമേഖലയായി നിറഞ്ഞുനില്‍ക്കുന്നവെന്ന ആശങ്ക അവഗണിക്കാനാകില്ല. ഇംഗ്ലീഷിനെ ഒഴിവാക്കുകയും പ്രാദേശിക ഭാഷയിലേക്ക് വ്യവഹാരം ചുരുക്കുകയും ചെയ്യുക എന്നതിനാണ് കരട് നയം ഊന്നല്‍ നല്‍കുന്നത്.  വികസിത രാജ്യങ്ങളെ മാതൃകയാക്കി ഇംഗ്ലീഷ് വിരുദ്ധ, ഇന്ത്യന്‍ ഭാഷാ വാദമാണ് കരട് നയം ശിപാര്‍ശ ചെയ്യുന്നത്. അത്തരംരാജ്യങ്ങളിലെല്ലാം ഒരു പൊതുഭാഷയുണ്ട് എന്നും ഇന്ത്യക്ക് അങ്ങിനെയൊന്നില്ല എന്നും ഭാഷാ വൈവിധ്യമാണ് രാജ്യത്തിന്റെ സവിശേഷതയെന്നുമുള്ള വസ്തുത നയം കണ്ടില്ലെന്ന് നടിക്കുന്നു. ഇന്ത്യക്കാരന് അതിജീവനത്തിന് അന്താരാഷ്ട്ര ഭാഷ അനിവാര്യമാണെന്ന വസ്തുതയും കരട് രേഖയുണ്ടാക്കിയവര്‍ മറച്ചുവക്കുന്നു.

ഭാഷാ പഠനം എന്നാല്‍ സംസ്കാരവും സാഹിത്യവും പഠിക്കല്‍ കൂടിയാണ്. ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകളോട് കഠിനമായ വിയോജിപ്പും ഇന്ത്യന്‍ ഭാഷകളില്‍ അമതിമായ ഊന്നലുമാണ് നയത്തില്‍. ഭാഷാ പഠനത്തിലൂടെ തുറക്കപ്പെടുന്ന സാംസ്കാരിക വിനിമയ സാധ്യതകളെക്കൂടി ഇത് ഇല്ലാതാക്കും. ആഗോള നിലവാരവും സാധ്യതയുമുള്ള വിദ്യാഭ്യാസം സ്വപ്നംകാണുന്ന നയത്തിന് പക്ഷെ, ഭാഷയുടെ കാര്യത്തില്‍  ഈ വിശാല വീക്ഷണമില്ല. ഇംഗ്ലീഷിനോട് ശത്രുതാപരമായ നിലപാടാണ് കരട് നയം സ്വീകരിക്കുന്നത്. ഇംഗ്ലീഷിന്‍റെ പ്രാമുഖ്യം മറികടക്കണം, ഇംഗ്ലീഷ് ഇന്ത്യന്‍ ഉപരിവര്‍ഗത്തിന്‍റെ ഭാഷയാണ്, മറ്റുള്ളവരെ അത് അരികുവത്കരിക്കുന്നു, വിദ്യാഭ്യാസ നിലവാരത്തിന്റെ മാനദണ്ഡമായി മാറുന്നു, ഇംഗ്ലീഷറിയാത്തവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ നഷ്ടമാകുന്നു, പ്രതിഭകള്‍ക്ക് വളരാന്‍ ഇംഗ്ലീഷ് തടസ്സമാകുന്നു,  രക്ഷിതാക്കളില്‍ ഇംഗ്ലീഷ് ഭ്രമം സൃഷ്ടിക്കുന്നു തുടങ്ങി അതിരൂക്ഷമായ ഭാഷയില്  ഇംഗ്ലീഷിനെതിരെ ദീര്‍ഘമായ ഒരു കുറ്റപത്രം തന്നെ കരട് നയത്തിലുള്‍പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ആധിപത്യം അവസാനിപ്പിക്കണം, ഇന്ത്യന്‍ ഭാഷകളുടെ പ്രതാപം തിരിച്ചുപിടിക്കണം, ഭാഷാ-സാഹിത്യ പഠനം ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാകണം എന്നിങ്ങനെ ഒരു കര്‍മ പദ്ധതിയും കരട് മുന്നോട്ടുവക്കുന്നു. ഇന്ത്യക്കാര്‍ തമ്മിലെ ആശയ വിനിമയം ഇന്ത്യന്‍ ഭാഷയിലായിരിക്കണം എന്നതാണ് നയരേഖ മുന്നോട്ടുവക്കുന്ന മറ്റൊരു സുപ്രധാന നിര്‍ദേശം. ഇതെല്ലാം പരോക്ഷമായ ഹിന്ദിവത്കരണത്തിനുള്ള നീക്കമാണെന്ന ആരോപണം വസ്തുതാപരമായി നിഷേധിക്കാനോ ഹിന്ദേയതര സംസ്ഥാനങ്ങളുന്നയിച്ച ആശങ്കകള്‍ ദൂരീകരിക്കാനോ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

മലയാളിയോ തമിഴനോ മറാഠിയോ ഗുജറാത്തിയോ മണിപ്പൂരിയോ അവരവരുടെ സംസ്ഥാനത്തിന് പുറത്തുപോയാല്‍ പിന്നെ പൊതുവായ ആശയവിനിമയത്തിന് ആശ്രയിക്കുന്നത് ഇംഗ്ലീഷിനെയാണ് എന്ന വസ്തുത ഹിന്ദി ഭ്രമത്തിനിടെ കസ്തൂരിരംഗന്‍ കമ്മിറ്റി വിസ്മരിച്ചു. ഒരു രാജ്യം ഒരൊറ്റ ഭാഷ എന്ന തത്വമാണ് കരട് നയത്തിലെ പരോക്ഷമായ സമീപനം. അധ്യയന മാധ്യമം പ്രാദേശിക ഭാഷയാകണമെന്ന നിബന്ധനക്കൊപ്പം, സംസ്കൃത്തതിന് മുന്‍ഗണന നല്‍കണമെന്നും പറയുന്നു. എല്ലാ അറിവുകളുടെയും സ്രോതസ്സാണ് സംസ്കൃതം എന്ന ധ്വനി നയരേഖയുടെ വരികള്‍ക്കിടയില്‍ കാണാം. സംസ്കൃതം അടക്കം ക്ലാസിക്കല്‍ ഭാഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അതിലെ സാഹിത്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ശാസ്ത്രവും ഗണിത ശാസ്ത്രവും വൈദ്യ ശാസ്ത്രവും ഒക്കെയുള്ള സംസ്കൃതം പഠിപ്പിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കണം. മറ്റ് സ്കൂള്‍ വിഷയങ്ങളുമായി സംസ്കൃതത്തെ ബന്ധിപ്പിക്കണം. ഹിന്ദി വിട്ടാല്‍ പിന്നെ സംസ്കൃതത്തിലാണ് കരട് നയത്തിന്റെ ശ്രദ്ധ.

എന്നാല്‍ ഏറ്റവും കനത്ത ആശങ്ക നിലനില്‍ക്കുന്നത് പുതിയ നയം നടപ്പാക്കുന്നതിന് കമ്മിറ്റി മുന്നോട്ടുവക്കുന്ന അതികേന്ദ്രിത സംവിധാനത്തിലാണ്. ഗവേഷണമടക്കം വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ മാറ്റങ്ങളുടെയും നിയന്ത്രണം പ്രധാനമന്ത്രിയിലായിരിക്കണമെന്നാണ് കരടിലെ ശിപാര്‍ശ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ അധികാരമുള്ള കണ്‍കറന്‍റ് പട്ടികയില്‍ പെട്ട വിദ്യാഭ്യാസം, പുതിയ നയം നടപ്പാക്കുന്നതോടെ ഏറെക്കുറെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക് മാറും. നയരൂപീകരണത്തില്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് നയം വിഘാതം സൃഷ്ടിക്കും. അത് നടപ്പാക്കാനുള്ള ഭരണസംവിധാനത്തിന്റെ ഘടനയും രൂപകല്‍പനയും വീകേന്ദ്രീകരണം എന്ന തത്വത്തെ നിരാകരിക്കുന്നതും സംസ്ഥാന അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണ്. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ (എന്‍ ഇ സി) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കായിരിക്കും ഇതിന്റെ ചുമതല. സമിതിയുടെ തലവനാകട്ടെ പ്രധാനമന്ത്രിയും. വിദ്യാഭ്യാസ മേഖലയിലെ ഏത് പദ്ധതിയും ഏത് സമയത്തും പുനരാലോചിക്കാനും പരിഷ്കരിക്കാനും കമ്മീഷന് അധികാരമുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏത് സ്ഥാനപത്തിന്റെയും ബഡ്ജറ്റും ധനവിനിയോഗം അടക്കം എല്ലാ സാന്പത്തിക ഇടപാടുകളും കമ്മീഷന് നിയന്ത്രിക്കാം.  ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കാനുള്ള നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ഗവേണിങ് ബോഡിയെ നിയമിക്കുന്നതും എജുക്കേഷന്‍ കമ്മീഷനായിരിക്കും. ഫലത്തില്‍ രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് പൂര്‍ണാധികാരവും അവസരവും നല്‍കുന്ന, രാഷ്ട്രീയ അജണ്ടകള്‍ അനായാസം നടപ്പാക്കാന്‍ കഴിയുന്ന തരത്തിലാണ് ദേശീയ കമ്മീഷന്റെ  രൂപകല്‍പന.

അനിയന്ത്രിതമായ സ്വകാര്യവത്കരണത്തിന് വഴിവക്കുന്ന തരത്തിലുള്ള സന്പൂര്‍ണ സ്വയംഭരണം ശിപാര്‍ശ ചെയ്യുന്നുവെന്നതാണ് കരട് നയ രേഖയിലെ ആശങ്കയുയര്‍ത്തുന്ന മറ്റൊരു മേഖല. എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാകുന്ന തരത്തില്‍ പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നും വിദ്യാഭ്യാസ മേഖലയില്‍ പൊതുപണം ചിലവിടുന്നതിന്‍റെ തോത് വര്‍ധിപ്പിക്കണമെന്നും കരട് രേഖ നിര്‍ദേശിക്കുന്നുണ്ടെങ്കിലും എല്ലായിടത്തും സ്വയംഭരണം വേണമെന്നതിലാണ് നയത്തിന്റെ ഊന്നല്‍. സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തടയിട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങളാണ് സ്വയംഭരണമെന്ന ആശയത്തിന് തടസ്സമായതെന്ന വിമര്‍ശം നയം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നവീനമായ ആശയങ്ങള്‍ കൊണ്ടുവരുന്നതിന് വിഘാതമായി. ഈ പ്രതിബന്ധം മറികടക്കാന്‍ സ്വയംഭരണത്തോട് ഉദാര സമീപനം സ്വീകരിക്കണമെന്നാണ് ശിപാര്‍ശ. സ്വകാര്യ നിക്ഷേപത്തില്‍ ചെറു നിയന്ത്രണങ്ങള്‍ മതി.

സന്പൂര്‍ണ സ്വയംഭരണമാണ് നയം വിഭാവനം ചെയ്യുന്നത്. അത് അക്കാദമികമായ സ്വയം ഭരണം മാത്രമല്ല. ഫീസ് നിര്‍ണയിക്കാനും ശന്പളം നിശ്ചയിക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനുമുള്ള പൂര്‍ണ അധികാരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ പാഠ്യപദ്ധതി സ്വയം നിശ്ചയിക്കാം. അവര്‍ക്കുവേണ്ട ഫീസും ഈടാക്കാം. അധ്യാപക പരിശീലനത്തിലടക്കം സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹായം നല്‍കണം. എല്ലാവര്‍ക്കും എത്തിപ്പിടിക്കാവുന്ന വിദ്യാഭ്യാസ സംവിധാനമെന്ന എന്ന നയരേഖ തന്നെ മുന്നോട്ടുവക്കുന്ന സങ്കല്‍പത്തെ അപ്പാടെ അട്ടിമറിക്കുന്നതാണ് ഈ സ്വാശ്രയവത്കരണം. ക്രമേണ എല്ലാ സ്ഥാപനങ്ങളും സ്വയംഭരണത്തിലെത്തണമെന്ന് നയം സ്വപ്നം കാണുന്നു.  സ്വകാര്യ മേഖലയെ ചൂഷണരഹിതമാക്കി മാറ്റാനുതകുന്ന ഒന്നും നയത്തിലില്ല. വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും സംവരണം നിലനിര്‍ത്തുന്നിനെപ്പറ്റി നയത്തില്‍ വ്യക്തതയില്ല. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ കാര്യത്തില്‍ പലയിടത്തും പരാമര്‍ശമുണ്ട്. സ്വകാര്യവത്കരണം ശക്തമാകുന്നതോടെ സാമൂഹികമായി ദുര്‍ബലരായവര്‍ വിദ്യാഭ്യാസ മേഖലയില്‍നിന്ന് അതിവേഗം പുറന്തള്ളപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതും അപ്രാപ്യമായതും അതുവഴി തുല്യാവസരം നിഷേധിക്കപ്പെടുന്നതുമായി വിദ്യാഭ്യാസം മാറും.

ഇതുവരെയുള്ള അനുഭവങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാല്‍ ആശങ്കകള്‍ക്കൊപ്പം ഒരുതരം അവിശ്വാസംകൂടി നയരേഖയെക്കുറിച്ചുണ്ടാകുന്നുണ്ട്. കരട് പങ്കുവക്കുന്ന നയങ്ങള്‍ രൂപീകരിക്കപ്പെട്ട ആശയാടിത്തറ വരികള്‍ക്കിടയിലൂടെ വ്യക്തമാണ്. ഈ സൈദ്ധാന്തിക ചട്ടക്കൂടും ആശയാടിത്തറയും ജനാധിപത്യത്തെയും മേതതരത്വത്തെയും പിന്തുടരുന്നവരെ ഭയപ്പെടുത്തുന്നുമുണ്ട്.
നയം നടപ്പാക്കാനുള്ള സംവിധാനവും അതിനുണ്ടാക്കേണ്ട കമ്മീഷനുകളും വഴി ഫലത്തില്‍ അധികാരം കേന്ദ്ര സര്‍ക്കാറില്‍ കേന്ദ്രീകരിക്കുകയാണ്. അതാകട്ടെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും. ഹിന്ദുത്വ അജണ്ടക്ക് അനുസൃതമായ തരത്തില്‍ നയ നിലപാടുകളെ വ്യാഖ്യാനിച്ച് നടപ്പാക്കാന്‍ ശേഷിയുള്ളവരാണ് ഇന്ന് ഇന്ത്യന്‍ ഭരണരംഗത്തും അതിന്റെ അനുബന്ധവേദികളിലും എത്തുന്നത് എന്നത് ഈ ആശങ്കയെ ഇരട്ടിയാക്കുന്നു. കരട് നയരേഖ തുടങ്ങുന്നത് ഡോ. അംബേദ്കറെ ഉദ്ദരിച്ച് കൊണ്ടാണ്: 'ഭരണഘടന എത്രനല്ലതാണെങ്കിലും നടപ്പാക്കുന്നത് മോശം ആളുകളാണെങ്കില്‍ അത് മോശമാകും' എന്നാണ് ആമുഖത്തിലെ ഉദ്ദരണി. നയം നടപ്പാക്കുന്നവരെക്കുറിച്ചും ഇതുതന്നെയാണ് പറഞ്ഞുവക്കേണ്ടത്.

(രിസാല വാരിക, 2019 ജൂലൈ)

Sunday, April 19, 2020

കൊറോണകേറാ തുരുത്തുകള്‍

ടുവാലു ദ്വീപ് സമൂഹത്തിലെ ഒരു പ്രദേശം- ഗൂഗ്ള്‍ ചിത്രം

 രാജ്യങ്ങള്‍

  • ടുവാലു.  സമോവ. ടോങ്ക. ലസോതോ
  • കിരിബാസ്. കൊമോറോസ്. നഊറു. 
  • പലാവു. വനുവാറ്റു. മൈക്രൊനേഷ്യ. 
  • മാര്‍ഷല്‍ ഐലന്റ്സ്. സോളമന്‍ ഐലന്റ്സ്.


ലോകമാകെ പടര്‍ന്നുപിടിച്ച കോവിഡെന്ന മഹാമാരിക്ക്  മുന്നില്‍ മനുഷ്യരെല്ലാം അടിയറവ് പറഞ്ഞുകഴിഞ്ഞു. കരയും കടലും ആകാശവുമെല്ലാം അടച്ചുകെട്ടിയിട്ടും എല്ലാ വന്‍കരകളിലും കൊറോണ വൈറസ് നിശ്ശബ്ദം നടന്നെത്തിയിരിക്കുന്നു. മരണമായും മഹാമാരിയായും അത് ചുടലനൃത്തം ചവിട്ടുകയാണ്. ലോകമാകെ ചാന്പലാക്കാന്‍ ശേഷിയുള്ള ആയുധപ്പുരകളുടെ കാവലുണ്ടെന്ന് വീരസ്യം പറഞ്ഞിരുന്നവര്‍പോലും  നെഞ്ചില്‍ തീപിടിച്ച് പരക്കംപായുന്നു. വാക്ക് മുട്ടിയവരുടെ നിസ്സാഹയമായ നിലവിളികളും രക്ഷാവഴികളടഞ്ഞവരുടെ നിരാശാഭരിതമായ നെടുവീര്‍പുകളും മരണമുറച്ചവരുടെ നിശ്ശബ്ദതയുമെല്ലാം ഇഴചേര്‍ന്ന് രൂപപ്പെട്ട ഭയത്തിന്റെ കരിന്പടത്തില്‍ പൊതിഞ്ഞ ഒരു സെമിത്തേരിയാണിന്ന് ലോകം. ഇത്തരമൊരു ലോകത്ത് ഇനിയും കോവിഡ് ആക്രമണത്തിനിരയാകാത്ത ഒരു രാജ്യമുണ്ടോ എന്ന ചോദ്യത്തിലെ അവിശ്വസനീയത ആരെയും വിസ്മയിപ്പിക്കും.

പക്ഷെ, അങ്ങനെയുമുണ്ട് രാജ്യങ്ങള്‍. ഒന്നല്ല, പന്ത്രണ്ട് രാജ്യം‍!! പേരുകേട്ട വന്പന്‍മാരെല്ലാം കീഴടങ്ങിയിട്ടും പിടിച്ചുനില്‍ക്കുന്നവര്‍. ഒരുപക്ഷെ കോവിഡ് വന്നില്ലായിരുന്നെങ്കില്‍ മലയാളികള്‍ അവരുടെ ജീവിതത്തിനിടെ പേരുപോലും കേള്‍ക്കാനിടയില്ലാത്ത രാജ്യങ്ങള്‍. ജനസംഖ്യ തീരെ കുറഞ്ഞ കൊച്ചുകൊച്ചു രാജ്യങ്ങളാണവ‍. ഇതുവരെ കോവിഡ് ബാധിച്ചില്ലെങ്കിലും ഇനി വൈറസ് വന്നുകയറില്ലെന്ന അമിതമായ ആത്മവിശ്വാസമൊന്നും ഇവര്‍ക്കില്ല. പലരും വന്പന്‍ രാജ്യങ്ങളെ വെല്ലുന്ന മുന്‍കരുതലുകളെടുത്തിട്ടുമുണ്ട്. എല്ലാവരും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ്. പരിമതിമായ ആരോഗ്യ അടിസ്ഥാന സൌകര്യവും ദരിദ്രമായ സാന്പത്തികാവസ്ഥയുമാണ് പല കുട്ടിരാജ്യങ്ങളിലുമുള്ളത്. ഇതില്‍ ഒന്നൊഴികെ എല്ലാ രാജ്യങ്ങളും ചിതറിക്കിടക്കുന്ന ചെറു ദ്വീപുകളുടെ സംഘാതമാണ്. വിദഗ്ധ ചികിത്സക്ക് വിദേശത്തെ ആശ്രയിക്കേണ്ടവര്‍. എന്നിട്ടും മറ്റെല്ലാ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് ഈ 12 കുഞ്ഞു രാഷ്ട്രങ്ങള്‍ ആത്മവിശ്വാസത്തോടെ കൊറോണയെ അകറ്റിനിര്‍ത്തുകയാണ്.

പുറം മനുഷ്യരെത്താത്ത മണ്ണ്

ഭൂവിസ്തൃതിയില്‍ ലോകത്തെ രണ്ടാമത്തെ ചെറു രാജ്യമാണ് നഊറു. ജനസംഖ്യ പതിനായിരം. രാജ്യത്താകെയുള്ളത് ഒരു ആശുപത്രി. വെന്റിലേറ്റര്‍ സൌകര്യമേയില്ല. ആരോഗ്യ വിദഗ്ധരും നന്നേ കുറവ്. കൊറോണയെങ്ങാനും വന്നാല്‍ പിന്നെ രക്ഷയില്ലെന്നര്‍ഥം. അതിനാല്‍ രാജ്യമൊന്നാകെ വൈറസ് പടികടക്കാതെ കാക്കുകയാണ്. വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചും വിദേശങ്ങളില്‍നിന്ന് വരുന്ന നാട്ടുകാരെ കര്‍ശനമായ ഏകാന്തവാസത്തിനയച്ചും അവര്‍ ജാഗ്രതപാലിച്ചു. ഇതിപ്പോഴും തുടരുന്നുമുണ്ട്. സാന്പിളെടുത്താല്‍ പരിശോധനക്ക് ആസ്ത്രേലിയയില്‍ പോകണം. എങ്കിലും ഇതുവരെ എല്ലാം ഭദ്രം. 1968ല്‍ നിലവില്‍ വന്ന രാജ്യാണെങ്കിലും ഭൂമിയില്‍ ഏറ്റവും കുറവ് മനുഷ്യര്‍ പുറത്തുനിന്നെത്തുന്ന രാജ്യമാണിത്. ഒരുവര്‍ഷം ഇവിടെ വരുന്നത് ശരാശരി നൂറ് വിദേശ സന്ദര്‍ശകര്‍ മാത്രം. അതുകൊണ്ട് തന്നെ ഇനി രോഗം ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യതയും തീരെ കുറവ്.

പൊണ്ണത്തടിയോട് മുട്ടാനില്ല


കിങ്ഡം ഓഫ് ടോങ്കയാണ് കൊറോണക്ക് ബാലികേറാമലയായ മറ്റൊരു രാജ്യം. 748 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള രാജ്യം 169 ദ്വീപുകള്‍ ചേര്‍ന്നതാണ്. 1970ല്‍ സ്വതന്ത്രമായി. തുറമുഖങ്ങള്‍ അടച്ചും കര്‍ശനമായ യാത്രാവിലക്ക് ഏര്‍പെടുത്തിയും കോവിഡിനെ തടയാന്‍ നടത്തിയ നീക്കങ്ങള്‍ ഇവിടെ ഫലംകണ്ടു. കൊറോണയെ പുല്ലുപോലെ നേരിടുന്ന ടോങ്കക്കാര്‍ പക്ഷെ പൊണ്ണത്തടിയോട് മുട്ടാന്‍ നില്‍ക്കില്ല. ലോകാരോഗ്യ സംഘനയുടെ കണക്ക് പ്രകാരം രാജ്യത്തെ 60 ശതമാനം മനുഷ്യരും പൊണ്ണത്തടിയന്‍മാരാണ്. ലോകത്തില്‍ ഏറ്റവുമേറെ പൊണ്ണത്തടിയന്‍മാരുള്ള രാജ്യങ്ങളുടെ മുന്‍നിരിയിലുണ്ട് ടോങ്ക.

ഓര്‍മയിലുണ്ട് മഹാമാരി

ന്യൂസിലാന്റില്‍നിന്ന് സ്വാതന്ത്ര്യം നേടിയ നാല് ദ്വീപുകളുടെ കൂട്ടമാണ് സമൊവ എന്ന രാജ്യം. 1.95 ലക്ഷമാണ് ജനസംഖ്യ. സമൊവക്ക് പക്ഷെ പകര്‍ച്ചവ്യാധിയുടെ ഒരു ഭീകരചരിത്രമുണ്ട്. 1918 ല്‍ ഉണ്ടായ സ്പാനിഷ് ഫ്ലൂ എന്ന പകര്‍ച്ചപ്പനിയില്‍ രാജ്യത്തെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് മനുഷ്യര്‍ മരിച്ചിരുന്നു. ആ ഓര്‍മകള്‍കൂടിയുണ്ട്, അവരുടെ കോവിഡ് മുന്‍കരുതലുകളില്‍. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു എന്നൊരു വ്യാജ ഫേസ്ബുക്ക് പ്രചാരണമാണ് സമൊവയില്‍ ആദ്യമെത്തിയത്. ഒരു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന വകുപ്പില്‍ ഇതിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മഹമാരിയുടെ ഓര്‍മയുള്ള നാട്ടില്‍ നടപടികള്‍ക്ക് ഒരിളവുമുണ്ടാകില്ലെന്നുറപ്പ്. കോവിഡ് രഹിത രാജ്യങ്ങളില്‍ താരതമ്യേന അല്‍പം മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ളത് ഫെഡറേറ്റഡ് സ്റ്റേറ്റ് ഓഫ് മൈക്രൊനേഷ്യയിലാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വര്‍ണാന്ധത ബാധിച്ചവരുള്ളത് ഈ രാജ്യത്തെ പോണ്‍പെ സ്റ്റേറ്റിലാണ്.

തെരഞ്ഞെടുപ്പില്‍ കലക്കും


പസിഫിക് ഓഷ്യനിലെ ദ്വീപ് രാജ്യങ്ങളിലൊന്ന് ടുവാലു. ജനസംഖ്യ 11,192 ആണെങ്കിലും രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം നിലവിലുണ്ട്. 15 അംഗ പാര്‍ലമെന്റും. ഭരണഘടനയും നിയമ വ്യവസ്ഥയും ഭദ്രമായ രാജ്യത്ത് 2023ല്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കും. കൊറോണ കയറാതെ രാജ്യത്തെ സംരക്ഷിച്ച പ്രധാനമന്ത്രിക്ക് അതൊരു ഭരണ നേട്ടമാകാതെ തരമില്ല. എന്നാല്‍ ഹൃദ്രോഗവും പ്രമേഹവും രക്തസമ്മര്‍ദവും കാര്‍ന്നുതിന്നുന്ന സമൂഹമാണ് ടുവാലു ജനത. എല്ലാ പൌരന്‍മാര്‍ക്കും ചികിത്സ സൌജന്യമാണെങ്കിലും മരണനിരക്ക് ഇത്തിരി ഉയര്‍ന്നതാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കാകട്ടെ 25/1000  ആണ്.

പുകവലിയാണ് പേടി

ഗില്‍ബേര്‍ട്ട് ഐലന്റ് രണ്ട്  രാജ്യങ്ങളായി പിരിഞ്ഞാണ് ടുവാലു പിറന്നത്. ഒപ്പം പിറന്നത് കിരിബാസ്. ടുവാലുവിനെപ്പോലെ തന്നെ കിരിബാസിലും കൊറോണക്ക് കയറാനായിട്ടില്ല. 32 ദ്വീപുകളടങ്ങിയതാണ് കിരിബാസ്. ആകെ ജനസംഖ്യ 1.10 ലക്ഷം. രാജ്യത്തെ 54 ശതമാനം ജനങ്ങളും പുകവലിക്കാരാണ്. പുകവലിക്കാര്‍ക്ക് കോവിഡ് വലിയ ഭീഷണിയാണെന്ന കഥകള്‍ ഇവിടെയുമുണ്ട്. അതിന്റെ പേടിയും. ഏതാണ്ട് 25 ഡോക്ടര്‍മാര്‍ മാത്രമുള്ള രാജ്യത്തെ, കൊറോണ വരാതെ സംരക്ഷിക്കല്‍ തന്നെയാണ് നല്ലത്.

കൊമോറോസിലെ ഒരു തീരം

ഡോക്ടര്‍മാരെ വേണം

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് സമൂഹ രാജ്യമാണ് ജസ്റുല്‍ ഖമര്‍. ഇംഗ്ലീഷില്‍ കൊമോറോസ് എന്നറിയപ്പെടുന്ന ഈ രാജ്യത്ത് ആകെ ജനം 8.55 ലക്ഷം. അതി ദരിദ്ര രാജ്യാണെങ്കിലും ആഘോഷത്തിന് ഇവിടെ ഒരുകുറവുമില്ല. അത്യാഡംബരപൂര്‍വം വിവാഹം നടത്തുന്നവര്‍ക്ക് മാത്രം ധരിക്കാന്‍ അനുമതിയുള്ള പ്രത്യേക രീതിയിലുള്ള ചില ദേശീയ വസ്ത്രങ്ങള്‍ വരെ ഇവിടെയുണ്ടത്രെ.  ലോക്ക്ഡൌണും ക്വാറന്റൈനും നടപ്പാക്കുന്ന കാര്യത്തിലും ജസ്റുല്‍ ഖമര്‍ ഇത്തിരി ആര്‍ഭാടത്തിലാണ്. അനിശ്ചിതകാലത്തേക്കാണ് ലോക്ക്ഡൌണ്‍. രാജ്യത്താകെയുള്ളത് 100-120 ഡോക്ടര്‍മാര്‍ മാത്രം. ആശുപത്രി സൌകര്യങ്ങളും പരിമിതം. അപ്പോള്‍ കല്യാണം പോലെത്തന്നെ ലോക്ക്ഡൌണും അല്‍പം അധികമാകുന്നതില്‍ തെറ്റില്ല.

ആണവ വികിരണത്തോളമില്ല വൈറസ്

കോവിഡ് സാധ്യതയുള്ളവരെ നേരത്തെതന്നെ കണ്ടെത്തിയ രണ്ട് രാജ്യങ്ങളാണ് പലാവുവും മാര്‍ഷല്‍ ഐലന്റ്സും. രണ്ടിടത്തും പരിശോധിച്ച കേസുകള്‍ നഗറ്റിവ് ആയി. 17,907 മനുഷ്യരാണ് ആകെ പലാവുവിലുള്ളത്. ഇന്ത്യയുടെ പ്രായമുള്ള ഈ രാജ്യം പക്ഷെ കോവിഡ് മുന്‍കരുതല്‍ നടപടികളില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. ഒരാശുപത്രി മറ്റെല്ലാ രോഗ ചികിത്സകളും കുറച്ച് കോവിഡ് സാഹചര്യം നേരിടാന്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. 29 ദ്വീപുകളുണ്ടെങ്കിലും മാര്‍ഷല്‍ ഐലന്റില്‍ ആകെ ജനസംഖ്യ 58,000 മാത്രം. 1954ല്‍ അമേരിക്ക നടത്തിയ തെര്‍മോന്യൂക്ലിയര്‍ പരീക്ഷണത്തിന് വേദിയായ ദ്വീപാണിത്. അതിന്റെ വികിരണത്തിനിരയായവരുടെ പിന്‍തലമുറയാണ് ഈ ദ്വീപിലെ ഒരുവിഭാഗം. ആണവ പരീക്ഷണത്തിന്റെ ദുരിതം വേട്ടയാടുന്നവര്‍ക്ക് കോവിഡ് ഒരു വെല്ലുവിളിയേ ആകാനിടയില്ല!

വാര്‍ത്തകള്‍ക്ക് വിലക്ക്

80 ദ്വീപുകളിലായി കഴിയുന്ന രണ്ടുലക്ഷം മനുഷ്യരുടെ രാജ്യമാണ് വനുവാറ്റു എങ്കിലും ചൈനയില്‍ രോഗം വന്നപ്പോള്‍ തന്നെ അവര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നു. വ്യാജ പ്രചാരണം തടയാന്‍ വാര്‍ത്താ പ്രസിദ്ധീകരണത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ദുരന്തനിവാരണ വിഭാഗമാണ് പ്രസിദ്ധീകരണാനുമതി നല്‍കുക. ഇതിനെതിരെ രാജ്യത്ത് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ വനുവാറ്റു കഴിഞ്ഞ വര്‍ഷം സോളമന്‍ ഐലന്റില്‍നിന്ന് നഴ്സുമാരെ വാടകക്കെടുത്തിരുന്നു. സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ളവരാണ് സോളമന്‍ ഐലന്റിലെ ഒരുവിഭാഗം ജനങ്ങള്‍. 900ല്‍ അധികം ദ്വീപുകളിലായി 6.50 ലക്ഷംപേര്‍ വസിക്കുന്ന സോളമന്‍ ഐലന്റും ഇതുവരെ കോവിഡ് രഹിത രാജ്യമാണ്. വളരെ നേരത്തെ തുടങ്ങിയ ബോധവത്കരണ പരിപാടികളാണ് ഇവിടെ വിജയംകണ്ടത്.

ആഫ്രിക്കയിലെ ഐ.സി.യു

ദക്ഷിണാഫ്രിക്കയുടെ ഉള്ളില്‍ കുടുങ്ങിപ്പോയ ഒരു കൊച്ചു രാജ്യമാണ് ലസോതോ. 20 ലക്ഷം ജനങ്ങള്‍. ചുറ്റും ഒരൊറ്റ രാഷ്ട്രം അതിരിടുന്ന ലോകത്തെ മൂന്ന് രാജ്യങ്ങളിലൊന്ന്. അടിക്കടിയുണ്ടാകുന്ന വരള്‍ച്ചയേക്കാള്‍ അവര്‍ക്ക് വലുതല്ല കോവിഡ്. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണെങ്കിലും രോഗാതുരതയാല്‍ ലോകത്തിന്റെ മരണ മുനന്പാണീ രാജ്യം. എച്ച് ഐ വി/എയിഡ്സ്  രോഗ ബാധയിലും ക്ഷയരോഗ ബാധയിലും ലോകത്തെ രണ്ടാംസ്ഥാനക്കാര്‍. മരണനിരക്കില്‍ ലസോതോക്ക് മുന്നിലുള്ളത് സൌത്ത് സുഡാന്‍ മാത്രം. ഇവിടെ കൊറോണ വന്നാല്‍ എളുപ്പം മടങ്ങില്ലെന്നര്‍ഥം. കോവിഡ് ബാധിച്ച് ഇതിനകം 25പേര്‍ മരിച്ചുകഴിഞ്ഞ ദക്ഷിണാഫ്രിക്കയോട് ഒട്ടിക്കിടക്കുന്പോഴും കണിശമായ നിയന്ത്രണങ്ങളേര്‍പെടുത്തിയാണ് ലസോതോയുടെ പ്രതിരോധം. 


വൈറസെത്തിയാല്‍ പിടിവിട്ടുപോകുമെന്നുറപ്പുള്ളവയാണ് ഈ പന്ത്രണ്ട് രാജ്യങ്ങളും. അത്രമേല്‍ ദുര്‍ബലമാണ് അവിടങ്ങളിലെ അടിസ്ഥാന സൌകര്യം. അതുകൊണ്ട് തന്നെ വൈറസിനെ അകറ്റിനിര്‍ത്തുക എന്നതുമാത്രമാണ് ഇവരുടെ മുന്നിലുള്ള ഏക പോംവഴി. ഇവയില്‍ ഒന്നൊഴികെയെല്ലാ രാജ്യങ്ങളും ദ്വീപ് സമൂഹ രാഷ്ട്രങ്ങളാണ്. മഹാസമുദ്രങ്ങള്‍ക്കിടയില്‍ പ്രകൃതിതന്നെ ഒരുക്കിയ സ്വാഭാവികമായ ഐസൊലേഷനില്‍ ആജന്മം കഴിയുന്നവര്‍. അതും അവരുടെ കോവിഡ് പ്രതിരോധ രഹസ്യങ്ങളിലൊന്നാകാം. മഹാസമുദ്രങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നതിന്റെ വേവലാതി ഈ കുഞ്ഞുരാജ്യങ്ങള്‍ക്ക് ഇപ്പോള്‍ സ്വകാര്യ അഹങ്കാരമാണ്. ആഗോളഗ്രാമമായി മാറിയ ലോകത്ത് ഇങ്ങിനെയും ചില തുരുത്തുകള്‍ സാംസ്കാരികമായും സാമൂഹികമായും അവശേഷിക്കുന്നുണ്ട് എന്നതും ആശ്ചര്യകരം തന്നെ.

(ഉത്തരകൊറിയ, തജിക്കിസ്താന്‍, തുര്‍ക്ക്മെനിസ്താന്‍ എന്നീ രാജ്യങ്ങളും കോവിഡ് ഇല്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇതില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.) 

(മാധ്യമം വാരാദ്യ പതിപ്പ്, 19-04-2020)

Saturday, April 18, 2020

കാസര്‍കോട്ടുകാര്‍ യുദ്ധം ചെയ്യേണ്ടത് ആരോട്?

  • കോവിഡ്     
  • കര്‍ണാടക   
  • കേരളം
തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച ലോ ഫ്ലോര്‍ ബസില്‍ പുറപ്പെട്ട ഒരുമെഡിക്കല്‍ സംഘത്തിന് കേരളത്തിന്റെ പല ഭാഗത്തും വലിയ സ്വീകരണങ്ങള്‍ നല്‍കിയത് വാര്‍ത്തയായിരുന്നു.  കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കാസര്‍കോട്ടേക്ക് പ്രത്യേക സേവനത്തിന് നിയോഗിക്കപ്പെട്ടവരായിരുന്നു ആ സംഘം. ലോക്ക്ഡൌണായതിനാല്‍ ഗതാഗത തടസ്സ സാധ്യതകള്‍ ഒന്നുമുണ്ടായിരുന്നില്ലെങ്കിലും വഴിയിലുടനീളം പൊലീസ് അവര്‍ക്ക് സുരക്ഷയും സുഗമമായ യാത്രാ സൌകര്യവും ഉറപ്പാക്കിക്കൊണ്ടിരുന്നു. സാധാരണ കേരളത്തിലുടനീളം ഇങ്ങനെ ഗതാഗതം നിയന്ത്രിച്ച് വണ്ടി കടത്തിവിടാന്‍ സൌകര്യം ഒരുക്കാറുള്ളത് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കൊ കൊച്ചിയിലേക്കോ പോകുന്ന ആംബുലന്‍സുകള്‍ക്കാണ്. അത്യാസന്ന നിലയില്‍ അടിയന്തര ചികിത്സ വേണ്ട രോഗിയുമായി മരണപ്പാച്ചില്‍ പായുന്ന ആംബുലന്‍സുകളായിരിക്കുമത്. ഒറ്റക്കൊറ്റക്കുള്ള രോഗികളെ തെക്കോട്ട് കൊണ്ടുപോകുന്ന പതിവിന് പകരം ഡോക്ടര്‍മാരെയും ആരോഗ്യ ജീവനക്കാരെയും കൂട്ടത്തോടെ വടക്കോട്ടേക്ക് കൊണ്ടുവരേണ്ടി വന്നുവെന്നതാണ് ഇത്തവണയുണ്ടായ വ്യത്യാസം. അതിന് കാരണം ഒരുനാടിനാകെ  പനിപിടിച്ചുവെന്നതുതന്നെ. വണ്ടി തെക്കോട്ടേക്കോടിയാലും വടക്കോട്ടേക്കോടിയാലും അതത് സമയത്തെ സര്‍ക്കാറുകള്‍ക്കും മാധ്യമങ്ങള്‍ക്കും അതൊരു ആഘോഷമാണ്. ഈ ആഘോഷത്തിനപ്പുറം കാസര്‍കോടുകാരുട മരണപ്പാച്ചിലിന്റെ യഥാര്‍ഥ കാരണങ്ങളിലേക്ക് ഭരണകൂടവും കേരളീയ പൊതു സമൂഹവും ഒരിക്കലും ഇറങ്ങിച്ചെല്ലാറില്ല.

കോവിഡ് ബാധിച്ച് കേരളത്തില്‍ ഇതുവരെ ആകെ മരിച്ചത് രണ്ടുപേരാണ്. എന്നാല്‍ ലോക്ക്ഡൌണ്‍ തുടങ്ങി 10 ദിവസത്തിനകം ചികിത്സകിട്ടാതെ കാസര്‍കോട്ട് ഒന്പതുപേര്‍ മരിച്ചുകഴിഞ്ഞു. അതിന്റെ കാരണക്കാരായി കേരള സര്‍ക്കാറും പൊതുസമൂഹവും കണ്ടെത്തിയത്  മംഗലാപുരത്തേക്ക് കടക്കാനാകാതെ അതിര്‍ത്തിയടച്ച കര്‍ണാടകയെയാണ്! കേരളത്തിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന വികസനം ലോകമാതൃകയാണെന്നാണ് കേരള സര്‍ക്കാറിന്റെയും മലയാളികളുടെയും അവകാശവാദം.  ഇത് ശരിയാണെങ്കില്‍ കര്‍ണാടക അതിര്‍ത്തിയടച്ചാല്‍ ചികിത്സ കിട്ടാതെ എന്തിനാണ് മലയാളികള്‍ മരിച്ചുതീരുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണം. എന്നാല്‍ ഈ ചോദ്യത്തെ അഭിമുഖീകരിക്കാന്‍ പോലും കാസര്‍കോടേതര കേരളം സന്നദ്ധമല്ല. മറ്റൊരു ജില്ലയിലുമില്ലാത്തവിധം കോവിഡ് പരന്ന കാസര്‍കോട്ട് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇപ്പോഴും ഒരു ഡി എം ഒ ഇല്ല. കാസര്‍കോടിനോടുള്ള ഭരണകൂടത്തിന്റെ പൊതുസമീപനം വ്യക്തമാക്കുന്നതാണ് ഇത്. വിഭവ വിതരണത്തിലെ വിവേചനവും ആരോഗ്യ സൌകര്യ വികസനത്തിലെ അസന്തുലിതത്വവുമാണ് കാസര്‍കോട് നേരിടുന്ന അടിസ്ഥാന പ്രശ്നം. ഇതിന് ഇതുവരെ അധികാരത്തിലിരുന്ന എല്ലാ സര്‍ക്കാറുകളും അവരവരുടേതായ പങ്ക് സംഭാവന ചെയ്തിട്ടുണ്ട്.

ജനസംഖ്യയില്‍ കാസര്‍കോടിന്റെ തൊട്ടുതാഴെ നില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അതിന് താഴെ ഇടുക്കി. കാസര്‍കോടിന്റെ തൊട്ടുമുകളിലുള്ളത് കോട്ടയവും. കാസര്‍കോട് ജനസംഖ്യ 13.07 ലക്ഷം. പത്തനംതിട്ടയില്‍ 11.97 ലക്ഷം. ഇടുക്കിയില്‍ 11.08 ലക്ഷം. കോട്ടയത്ത് 19.74 ലക്ഷം. ഈ നാല് ജില്ലകളിലെയും ആരോഗ്യമേഖലയിലെ അടിസ്ഥാന സൌകര്യവികസനവും വിഭവശേഷിയും താരതമ്യം ചെയ്താല്‍ കാസര്‍കോട് നേരിടുന്ന ഞെട്ടിക്കുന്ന വിവേചനം വ്യക്തമാകും. 12 ലക്ഷത്തോളം ജനസംഖ്യയുള്ള കാസര്‍കോട്ട് ആകെ സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം 304 (ഇതില്‍ ആശുപത്രി 57. ബാക്കി 247 സബ്സെന്ററുകളാണ്). ഇടുക്കിയില്‍ അത് 371 ആണ്. ജനസംഖ്യാനുപാതികമായ വിഹിതം കാസര്‍കോടിന് കിട്ടിയില്ല എന്നത് പോട്ടെ. അവിടത്തേക്കാള്‍ കുറഞ്ഞ ജനസംഖ്യയുള്ള ജില്ലകള്‍ക്ക് അനുവദിച്ച അത്രയെണ്ണം പോലും കാസര്‍കോടിന് ലഭിച്ചിട്ടില്ല.  ജില്ലാ ആശുപത്രികള്‍ മുതല്‍ പി എച്ച് എസി വരെയുള്ള പത്ത് പൊതുവിഭാഗം ആശുപത്രികളും അ‍ഞ്ച് പ്രത്യേക വിഭാഗം ആശുപത്രികളും ചേര്‍ന്നതാണ് ഈ കണക്ക്.

ജനറല്‍ ആശുപത്രികളിലെ കിടക്കകളുടെ എണ്ണമെടുത്താല്‍ വ്യത്യാസം ഇതിലേറെ രൂക്ഷമാണ്. പത്തനംതിട്ടയില്‍ രണ്ട് ജില്ലാ ആശുപത്രികളിലായി 714 കിടക്കകളും കോട്ടയത്ത് അഞ്ചിടത്തായി 1064 കിടക്കകളുമുണ്ടെങ്കില്‍ കാസര്‍കോട്ട് അത് 212 കിടക്കയുള്ള ഒരു ആശുപത്രി മാത്രമാണ്. സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലാ ആസ്ഥാന ആശുപത്രിയും കാസര്‍കോട്ടേതാണ്.  വലിപ്പത്തിലും സൌകര്യത്തിലും. താലൂക്ക് ആസ്ഥാന ആശുപത്രികള്‍ പത്തനംതിട്ടയില്‍ നാലെണ്ണമുണ്ട്. അതില്‍ ആകെ കിടക്കകള്‍ 432. ഇടുക്കിയില്‍ മൂന്ന് ആശുപത്രികളിലായി 224 കിടക്ക. എന്നാല്‍ കാസര്‍കോട്ട് ആകെയുള്ളത് 89 കിടക്ക മാത്രം. അതും മൂന്നിടത്തായി. ഇത്ര ദയനീയമായ അപര്യാപ്തത കേരളത്തിലെ മറ്റൊരു ജില്ലയിലുമില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ കാര്യം ഇതിനേക്കാള്‍ ഞെട്ടിപ്പിക്കുന്നതാണ്. പത്തനംതിട്ടയില്‍ 33 പി എച്ച് സികളിലായി 192 കിടക്കയുണ്ട്. ഇടുക്കിയില്‍ 25 പി എച്ച് സികളിലായി 108 കിടക്ക. കാസര്‍കോടെത്തുന്പോള്‍ പി എച്ച് സികളുടെ എണ്ണം 26. അതില്‍ ഒരിടത്തും കിടത്തി ചിക്തിസാ സൌകര്യം ഇല്ല! കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കണക്കും സമാനമാണ്. പത്തനംതിട്ട 8 എണ്ണം, 120 കിടക്ക. ഇടുക്കി 6 എണ്ണം, 62 കിടക്ക. കാസര്‍കോട് ഏഴിടത്തായി ആകെയുള്ളത് 24 കിടക്ക. ശരാശരി ഒരു  ആശുപത്രിയിലുള്ളത് 3.43 കിടക്ക മാത്രം!! കാസര്‍കോട് ജില്ലയില്‍ ആകെ ആശുപത്രികളിലായി മൊത്തം ലഭ്യമായ കിടക്കകളുടെ എണ്ണം 1087. കേരളത്തില്‍  ഏറ്റവും കുറഞ്ഞ കിടത്തി ചികിത്സാ സൌകര്യമുള്ള ജില്ലയാണിത്. സംസ്ഥാനത്ത്  ജനസംഖ്യ ഏറ്റവും കുറഞ്ഞ വയനാട്ടില്‍ പോലും 1357 കിടക്കകളുണ്ട്. പത്തനംതിട്ടയില്‍ ആകെ കിടക്ക 1938 ഉം കോട്ടയത്ത് 2817ഉം ആണ്.



ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ രണ്ടെണ്ണമുണ്ട്. ഇടുക്കിയില്‍ ജില്ലാ ആശുപത്രി രണ്ടെണ്ണമാണ്. കാസര്‍കോട് ഇവ രണ്ടും ഓരോന്ന് മാത്രം. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പത്തനംതിട്ടയില്‍ നാലും കാസര്‍കോട്ട് മൂന്നുമാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും 12 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ വീതം പ്രവര്‍ത്തിക്കുന്പോള്‍ കാസര്‍കോട്ട് അത് ആറെണ്ണം മാത്രമാണ്. എട്ട് ലക്ഷം മാത്രം ജനസംഖ്യയുള്ള വയനാട്ടില്‍ ഇത് ഒന്പതെണ്ണമുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമകിരോഗ്യ കേന്ദ്രങ്ങള്‍ ഇടുക്കിയില്‍ ഒന്പതും കാസര്‍കോട് ഏഴുമാണ്. പി എച്ച് സികള്‍ യഥാക്രമം 33 ഉം 26ഉം ആണ്. പ്രത്യക്ഷത്തില്‍ തന്നെ ജനസംഖ്യാനുപാതികമായ പരിഗണന ലഭിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ തന്നെ ഈ ഔദ്യോഗിക കണക്കുകള്‍. കാസര്‍കോട്ടേക്ക് നിയോഗിക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ അവിടെ ജോലി ചെയ്യാന്‍ തയാറാകാതെ അവധിയില്‍പോകുന്നുവെന്ന പരാതിക്ക് ആ ജില്ലയോളം പഴക്കമുണ്ട്. ഇത്തരം പ്രായോഗിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്.

കാസര്‍കോട് ജില്ലക്ക് അനുവദിക്കപ്പെട്ട ഡോക്ടര്‍മാരുടെ എണ്ണം 198 ആണ്. ജില്ലയില്‍ ഡോക്ടര്‍- ബെഡ് അനുപാതം 5.49 ആണ്. പത്തനംതിട്ടയില്‍ 280 ഡോക്ടര്‍മാരും ഇടുക്കിയില്‍ 219 ഡോക്ടര്‍മാരുമുള്ളപ്പോഴാണിത്. ഇടുക്കിയിലെ ഡോക്ടര്‍- ബെഡ് അനുപാതം 5.00 ആണ്.  കിടത്തി ചികിത്സാ സൌകര്യം സാധാരണ വിലയിരുത്തുക ജനസംഖ്യാനുപാതികമായാണ്. ഇനുസരിച്ച് കാസര്‍കോട്ട് ഒരു ബെഡിന് 1203 പേരുണ്ട്.  ഒരുബെഡിന് 879 പേര്‍ എന്നതാണ് സംസ്ഥാന ശരാശരി. പത്തനംതിട്ടയില്‍ ഈ അനുപാതം ഒരു ബെഡിന് 615 പേരും കോട്ടയത്ത് 702 പേരുമാണ്. അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. 2016-17ലെ കണക്കനുസരിച്ച് മെറ്റേണല്‍ മോര്‍ട്ടാലിറ്റി റേഷ്യോ 42 ആണ്. പത്തനംതിട്ടയില്‍ ഇത് 15 മാത്രം. നവജാത ശിശു മരണ നിരക്കും കാസര്‍കോടിന്റെ കാര്യത്തില്‍ ഒരു സൂചികയാണ്. 2016-17ല്‍ IMR കാസര്‍കോട് 10 ഉം പത്തനംതിട്ടയില്‍ മൂന്നുമാണ്. കാസര്‍കോടിന്റെ സാമൂഹിക ആരോഗ്യം എത്രമേല്‍ ദുര്‍ബലമാണെന്ന് ഈ കണക്കുകളില്‍നിന്ന് വ്യക്തമാകും.

കണക്കില്‍ കാണുന്ന ഈ ആശുപത്രികളിലെ സൌകര്യങ്ങളും സംവിധാനങ്ങളും എത്രത്തോളമുണ്ട് എന്നതും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ ആരോഗ്യ മേഖലയുടെ ഘടന മൂന്ന് തട്ടായാണ് ക്രമീകരിച്ചിരിക്കുന്നത്. പി എച്ച് സികളും സബ്സെന്ററുകളും ഉള്‍കൊള്ളുന്ന പ്രൈമറി ലവല്‍. ഇവിടെ നിന്ന് റഫര്‍ ചെയ്യുന്നവര്‍ ചികിത്സ തേടേണ്ട സെക്കന്ററി ലവല്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എല്ലാതരം മെഡിക്കല്‍ പരിശോധനാ സൌകര്യങ്ങളും ഇതില്‍ ഉണ്ടാകണം.  മെഡിക്കല്‍ കോളജ് പോലെയുള്ള സ്പെഷ്യാലിറ്റി ചികിത്സാ സൌകര്യങ്ങളാണ് ലെവല്‍ മൂന്നില്‍ വേണ്ടത്. ഈ മൂന്ന് തട്ടിലും മതിയായ സംവിധാനങ്ങള്‍ കാസര്‍കോട്ടില്ല. സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ ആയി കേരളത്തില്‍ മെഡിക്കല്‍ കോളജ് ഇല്ലാത്ത ഏക ജില്ലയാണ് കാസര്‍കോട്. ജില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി തുടങ്ങിയ വിഭാഗങ്ങളില്‍ ആശുപത്രികള്‍ ഉണ്ടെങ്കിലും അവിടെയും സൌകര്യങ്ങള്‍ പരിമിതമാണ്. കാസര്‍കോട് താലൂക്ക് ആശുപത്രി അപ്ഗ്രേഡ് ചെയ്തതാണ് ജില്ലയിലെ ഏക ജനറല്‍ ആശുപത്രി. താലൂക്ക് ആശുപത്രിയായിരുന്നപ്പോഴുണ്ടായിരുന്ന സ്റ്റാഫ് പാറ്റേണ്‍ മുതല്‍ കിടക്കകളുടെ എണ്ണം വരെ ഏറെക്കുറെ അതേപടി നിലനിര്‍ത്തിയാണ് ജില്ലാ ആശുപത്രിയാക്കി മാറ്റിയത്. ഫലത്തില്‍ മാറ്റം പേരില്‍ മാത്രം. ഇതുതന്നെയാണ് പല ആശുപത്രികളുടെയും പൊതു അവസ്ഥ. മതിയായ ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ലാതെയാണ് പല ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്. പി എച്ച് സികളിലെ കുറവ് പരിഹരിക്കാന്‍ സി എച്ച് സികളില്‍നിന്ന് താത്ക്കാലികമായി സംവിധാനമുണ്ടാക്കും. ഇതുപോലെ അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറി ഒപ്പിച്ച് കൊണ്ടുപോകുക എന്ന പരിപാടിയാണ് കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ പൊതുരീതി.

അടിയന്തര-തീവ്ര പരിചരണ ചികിത്സകള്‍ക്കാവശ്യമായ മിനിമം ഉപകരണങ്ങളുടെ അഭാവം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്ന് 'കാസര്‍കോടിനൊരിട'ത്തിന് വേണ്ടി ഡോ.മുഹമ്മദ് ഷമീം തയാറാക്കി സര്‍ക്കാറിന് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനാപകടക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ട്രോമകെയര്‍ പോലും ഇവിടെയില്ല. മികച്ച ചികിത്സ ഉറപ്പാക്കാന്‍ സഹായിക്കുന്ന റേഡിയോ-ഇമേജിങ് സംവിധാനങ്ങള്‍, 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സി ടി സ്കാന്‍ സംവിധാനം, എം ആര്‍ ഐ സൌകര്യം, അള്‍ട്രസോനോഗ്രഫി ആന്റ് ഡോപ്ലര്‍, 24 മണിക്കൂറും സേവനസജ്ജമായ സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍, പൂര്‍ണ സജ്ജമായ ബ്ലഡ് ബാങ്ക് തുടങ്ങിയവയുടെ അഭാവവും ഈ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. ഇതുപരിഹരിക്കാന്‍ ഒന്നാമതായി വേണ്ടത് ഭരണകൂടത്തിന്റെ സന്നദ്ധതയാണ്. ജില്ലയില്‍ മെഡിക്കല്‍ കോളജിനായി പണിത കെട്ടിടത്തില്‍ നാല് ദിവസം കൊണ്ടാണ് താത്ക്കാലിക സംവിധാനങ്ങളോടെ കോവിഡ് ആശുപത്രി സജ്ജീകരിച്ചത്. ഇനിയും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലാത്ത എട്ട് കൊല്ലംമുന്പ് പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന്റെ  ഉദ്ഘാടനം ചെയ്യപ്പെടാത്ത കെട്ടിടമാണ് അത്. രാഷ്ട്രീയ അവകാശത്തര്‍ക്കങ്ങളില്‍ കുടുങ്ങി കാസര്‍കോട്ടുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ മെഡിക്കല്‍ കോളജ്. സര്‍ക്കാര്‍ മനസ്സുവച്ചാല്‍ അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ ക്ഷണനേരം മതിയെന്നതിനും തെളിവ് ഇതേ ആശുപത്രി തന്നെ.

കോവിഡ് നിയന്ത്രണത്തിന് ലോക മാതൃക സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ കാസര്‍കോട് ജില്ല മാത്രം ഇതിനപവാദമായി രോഗബാധിതരാല്‍ നിറഞ്ഞു. അച്ചടക്ക രഹിതവും അമാന്യവുമായ പെരുമാറ്റത്താല്‍ അവര്‍ സ്വയം സൃഷ്ടിച്ച രോഗവ്യാപനമാണ് അതെന്ന തീര്‍പിലാണ് കാസര്‍കോടേതര കേരളമെത്തിയത്. പത്തനംതിട്ടയിലെ കുടുംബവും മൂന്നാറിലെ വിദേശിയും കണ്ണൂരിലെ പ്രവാസിയും പാലക്കാട്ടെ സാമൂഹിക പ്രവര്‍ത്തകനും കൊല്ലത്തെ സബ്കലക്ടറും ചെയ്തതില്‍ അപ്പുറമൊന്നും കാസര്‍കോട്ടെ രോഗബാധിതരില്‍നിന്ന് ഉണ്ടായിട്ടില്ല. എന്നിട്ടും കാസര്‍കോട്ടെ രോഗവ്യാപനം മാത്രം അവിടത്തുകാരുടെ കുറ്റകൃത്യം മാത്രമായി ചിത്രീകരിക്കപ്പെട്ടു. അവര്‍ ഈ പകര്‍ച്ചവ്യാധി അനുഭവിക്കേണ്ടവര്‍ തന്നെയെന്ന മനോഭാവത്തിലേക്ക് കേരളീയ പൊതുബോധം പെട്ടെന്നുമാറി. കാസര്‍കോട്ടുകാരോട് കാലങ്ങളായി 'ഇതര കേരളം' വച്ചുപുലര്‍ത്തുന്ന വംശീയതയോളം വളര്‍ന്ന അപര സമീപനത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ് ഈ മനോഭാവം. കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഏറെക്കുറെ അടക്കിനിര്‍ത്താന്‍ കഴിഞ്ഞ കോവിഡ് 19 കാസര്‍കോടെത്തിയപ്പോള്‍ കൈവിട്ട് പോയതിന് അവിടത്തെ അപര്യാപ്തതകളും ആരോഗ്യകേരളത്തിന്റെ ഘടനാപരമായ അസന്തുലിതത്വവും കാരണമായോ എന്ന അന്വേഷണത്തിനുള്ള സാധ്യതപോലും ഈ മനോഭാവം ഇല്ലാതാക്കി. ചികിത്സകിട്ടാതെ ജനം മരിച്ചുവീഴുന്നതിന് കാരണക്കാരായി കര്‍ണാടകയെ കണ്ടെത്തിയതോടെ ആ പ്രശ്നവും പരിഹരിച്ചമട്ടായി. അതിര്‍ത്തി തുറക്കാന്‍ അവരോട് കേരള സര്‍ക്കാര്‍ വാക് യുദ്ധവും കാസര്‍കോട്ടെ എംപി നിയമ യുദ്ധവും തുടങ്ങി. അയല്‍ക്കാരന്റെ പറന്പിലേക്ക് നോക്കി ബഹളംവക്കുന്നതിലൂടെ പൌരന്റെ അടിസ്ഥാനവാശ്യമായ ചികിത്സ ഉറപ്പാക്കുന്നതിലെ പരാജയം മൂടിവക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചേക്കും. എന്നാല്‍ കാസര്‍കോട്ടുകാര്‍ കാലങ്ങളായി അനുഭവിക്കുന്ന വികസന വിവേചനത്തിന് അത് പരിഹാരമാകില്ല. അടിസ്ഥാന സൌകര്യ വികസനത്തിലെ അസന്തുലിതത്വം പരിഹരിക്കുക മാത്രമേ ഇതിന് പോംവഴിയുള്ളു. അതിന് കര്‍ണാടകയോട് ഗുസ്തിപിടിച്ചിട്ട് കാര്യമില്ല. തലപ്പാടിയല്ല പോര്‍ക്കളമാകേണ്ടത്, തിരുവനന്തപുരമാണ്. യുദ്ധം ചെയ്യേണ്ടത് കേരളത്തോടാണ്. 
.....................

(കണക്കുകള്‍ക്ക് അവംലംബം ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം 2017, 2018 വര്‍ഷങ്ങളില്‍ തയാറാക്കിയ റിപ്പോര്‍ട്ടുകള്‍)

(മാധ്യമം ദിനപ്പത്രം, 11-04-2020)

Monday, April 13, 2020

കുഞ്ഞുമോന്‍ മാസ്റ്ററുടെ വിദ്യാര്‍ഥി, നാട്ടുകാരുടെ ഹെഡ്മാഷ്






അഭിമുഖം: എം കെ ഷംസുദ്ദീന്‍ മാസ്റ്റര്‍. (റിട്ട. പ്രിന്‍സിപ്പല്‍, AIHSS, പാടൂര്‍)


ഹൈസ്കൂളിലെ ഹെഡ്മാഷെന്നാല്‍ ഒരു ഭീകര ജീവിയാണെന്ന വാമൊഴിക്കഥകള്‍ കേട്ടുപേടിച്ചാണ് കാല്‍നൂറ്റാണ്ടിലേറെക്കാലം പാടൂരിലെ കുരുന്നുകള്‍ അവരുടെ സ്കൂള്‍ ജീവിതം തുടങ്ങിയിരുന്നത്. പ്രൈമറി സ്കൂളില്‍വച്ചുതന്നെ അത്തരം കഥകള്‍ കുട്ടികളുടെ ചെവിയിലെത്തും. എത്ര ഭയന്നാലും ആ വല ഭേദിക്കാനാകില്ലെന്നുറപ്പുള്ളതിനാല്‍ മെല്ലെ മെല്ലെ ആ കഥയോടങ്ങിഴുകിച്ചേരും.

പ്രൈമറി സ്കൂളില്‍ പഠിക്കുന്പോള്‍ എല്ലാ വൈകുന്നേരവും എന്റെ ഇടത്താവളമായിരുന്ന കുഞ്ഞിപ്പാടെ വീട്ടിലെ (എന്‍ പി അബൂബക്കര്‍) സ്ഥിരം സന്ദര്‍ശകനായിരുന്നു ഷംസുദ്ദീന്‍ മാഷ്. കുഞ്ഞിപ്പാടെ അടുത്ത സുഹൃത്തും. ഒട്ടുമിക്ക ദിവസവും ഞാനവിടെ നിന്ന് പോകുംമുന്പ് മാഷവിടെയെത്തും.
അടുത്തകൊല്ലം ഈ ഹെഡ്മാഷുടെ മുന്നിലേക്ക് പോകണമല്ലോ എന്ന ആധിയുമായി നടന്നിരുന്ന ഏഴാംക്ലാസുകാലത്ത് ഒരുകാരണവശാലും മാഷ്ക്ക് മുഖം കൊടുക്കാതിരക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മുഖപരിചയമുണ്ടാകാതിരിക്കാനുള്ള ഒടിവിദ്യ. അങ്ങിനെ ഭയന്നുഭയന്ന് എട്ടിലെത്തിയ ഞാന്‍ പിന്നെ കാണുന്നത് അസാധാരണമായ അധ്യാപന ശേഷിയുള്ള, സ്നേഹനിധിയായ ഒരധ്യാപകനെയാണ്. ഇടഞ്ഞും പിടഞ്ഞും കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ ജീവിതത്തെ പലരീതിയില്‍ മാഷ് മാറ്റി മറിച്ചു. വഴിതെറ്റിയ തിരിവില്‍ എന്നേക്കാള്‍ മുന്പേയെത്തി കാത്തുനിന്ന് കൈപിടിച്ച് തിരികെ നടത്തി. എസ് എസ് എല്‍ സി പരീക്ഷാ തലേന്ന് ക്രിക്കറ്റ് കളിക്കളത്തില്‍നിന്ന് ഓടിച്ച് വീട്ടിലെത്തിച്ചതായിരുന്നു മാഷെന്ന നിലയില്‍ ഞങ്ങള്‍ തമ്മിലെ അവസാന ഔദ്യോഗിക ഇടപാട്! ഇതൊരാളുടെ മാത്രം കഥയാകില്ല. പാടൂരിലെയും സമീപ ഗ്രാമങ്ങളിലെയും അക്കാലത്തെ എല്ലാ കുട്ടികള്‍ക്കുമുണ്ടാകും ഇതുപോലുള്ള അനുഭവങ്ങള്‍. അതായിരുന്നു ഷംസുദ്ദീന്‍ മാഷ്. നാട്ടുകാരുടെയാകെ ഹെഡ്മാഷ്.

ഒരുപ്രദേശത്തിന്റെയാകെ തലവര മാറ്റിവരച്ച അധ്യാപകനാണ് മാഷ്. പല തലമുറകളെ സ്വപ്നസമാനമായ ഭാവിയിലേക്ക് പറത്തിവിട്ട മാന്ത്രികന്‍. പാഠപുസ്തകത്തിലെ കെമിസ്ട്രിക്കപ്പുറം ജീവിതത്തിന്റെ രസതന്ത്രം പഠിപ്പിച്ച അധ്യാപകന്‍. സിലബസിന് പുറത്തെ സംസ്കാരവും മൂല്യബോധവുംകൊണ്ട് വേറിട്ടുനില്‍ക്കുന്നവരുടെ പുതിയൊരു ഭൂമിക മാഷ് പണിതുയര്‍ത്തി. ആ ഐതിഹാസികമായ ജീവിതകാലത്തെക്കുറിച്ച ഓര്‍മകളാണ് മാഷ് ഈ അഭിമുഖത്തില്‍ പങ്കുവക്കുന്നത്.  ഒരധ്യാപകനോട്, ഒരു വിദ്യാര്‍ഥി ചോദിക്കാന്‍ പാടില്ലാത്ത തരത്തില്‍ അഭിമുഖത്തില്‍ ചോദിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനെന്ന അമിത സ്വാതന്ത്ര്യമെടുത്ത് ഉന്നയിച്ച ആ ചോദ്യത്തോടും പക്ഷേ, അക്ഷോഭ്യനായി പുഞ്ചിരിച്ച് മറുപടി പറഞ്ഞു മാഷ്. ഈ സൌമ്യത തന്നെയാകാം അദ്ദേഹത്തെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാക്കുന്നതും. എക്കാലത്തും മാതൃകയാക്കാവുന്ന ഒരു തുറന്ന പുസ്തകമാണ് ആ ജീവിതം. ഈ അഭിമുഖം, അതിവിപുലമായ ആ ജീവിതാനുഭവങ്ങള്‍ക്കുള്ള ഒരടിക്കുറിപ്പ് മാത്രമേ ആകൂ.



1. ചോദ്യം: എങ്ങിനെയാണ് ഈ സ്കൂളിലേക്ക് എത്തുന്നത്? എത്രകാലം പ്രവര്‍ത്തിച്ചു?

ഉത്തരം: തികച്ചും അപ്രതീക്ഷിതമായാണ് പാടൂര്‍ സ്കൂളിലെത്തുന്നത്. പഠിച്ചത് സംസ്ഥാനത്തിന് പുറത്തായിരുന്നു. എസ് എസ് എല്‍ സി കഴിഞ്ഞ്, തൃശൂര്‍ സെന്റ് തോമാസില്‍ പ്രീഡിഗ്രി. പിന്നെ മൈസൂര്‍ റീജയണല്‍ കോളജില്‍ 4 വര്‍ഷ ഇന്‍റ്ഗ്രേറ്റഡ് കോഴ്സ്. ദക്ഷിണേന്ത്യയിലെ ഏക കോളജായിരുന്നു അത്. ഒരു സംസ്ഥാനത്തുനിന്ന് 16 കുട്ടികള്‍ക്ക് മാത്രമാണ് പ്രേവശനം കിട്ടുക. പഠനം കഴിഞ്ഞ്
ആന്ധ്രയില്‍ ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകനായി പോയി. 4 കൊല്ലം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള ആഗ്രഹവുമായി നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ ഉപ്പാടെ ആഗ്രഹം എന്നെ നാട്ടില്‍ തന്നെ അധ്യാപകനാക്കണം എന്നായിരുന്നു.
ഒരുദിവസം ചൊവ്വല്ലൂര്‍പടിയിലെ ഭാര്യാവീട്ടന്റെ അടുത്തിരിക്കുന്പോള്‍  അബ്ദുറഹ്മാന് മാഷ്, ഇബ്രാഹിംകുട്ടിക്ക., ആലി അഹമദ്ക്ക എന്നിവര്‍ വന്നു. ഒരു രാത്രിയായിരുന്നു അത്. പുതിയൊരു സ്കൂളിന് അനുമതിയായിട്ടുണ്ട് എന്നും അതിന്റെ സാരഥ്യം ഏറ്റെടുക്കണമെന്നും അവരാണ് ആദ്യം ആവശ്യപ്പെടുന്നത്. ആവശ്യം കേട്ടപാടെ ഞാന്‍ ഞട്ടി. ഒരു സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കാനുള്ള മനാസികാവസ്ഥ അന്നുണ്ടായിരുന്നില്ല. ഉപ്പയോട് സംസാരിക്കട്ടെ എന്ന് പറഞ്ഞ് അവരില്‍നിന്ന് രക്ഷപ്പെട്ടു. വീട്ടിലെത്തി വിവരം പറയുന്പോഴേക്ക്
സീതിതങ്ങള്‍ തന്നെ ഉപ്പാനെ കാണാന്‍ വന്നിരുന്നു. അന്ന് തങ്ങള്‍ എം എല്‍ എയാണ്. പിറ്റേന്ന് തങ്ങളെ കാണാന്‍ ഉപ്പയോടൊപ്പം പോയി. മറുപടിയെല്ലാം പറഞ്ഞത്  ഉപ്പ തന്നെ. ഞാന്‍ കാര്യമായൊന്നും പറഞ്ഞില്ല. അന്നമുതല്‍- 1979 മുതല്‍ - 2006 വരെ 27 കൊല്ലം ഇവിടെത്തന്നെ പ്രവര്‍ത്തിച്ചു.

പ്രയാസം നിറഞ്ഞ തുടക്കമായിരുന്നു. ഉപ്പ നല്ല അധ്യാപകനും നല്ല മാര്‍ഗദര്‍ശിയുമായിരുന്നു. അത് ജീവിതത്തിലുടനീളം തുണയായിട്ടുണ്ട്. അധ്യാപക ജീവിതം സന്പന്നമാണെന്നും കാലം അത് തെളിയിക്കുമെന്നും ഉപ്പ പറഞ്ഞത് വലിയ ആത്മവിശ്വാസം തന്നു. ജീവിതത്തില്‍ അത് അനുഭവിച്ചു.

2. ഇവിടെയെത്തുന്നതിന് മുന്പ്, വിശാഖപട്ടണം കെ വിക്ക് പുറമേ വേറെ എവിടെയൊക്കെ ജോലി ചെയ്തു?

മച്ചാട് ഗവ.ഹൈസ്കൂളിലായിരുന്നു തുടക്കം. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയുള്ള നിയമനം. അവിടെനിന്ന് ആന്ധ്രയിലെ വിശാഖപട്ടണം കേന്ദ്രീയ വിദ്യാലയത്തിലേക്ക് പോയി. അത് എല്‍ പി ആയിരുന്നു. പിന്നീട് ഏനാമാവ്, കാരാഞ്ചിര സ്കൂളുകളിലും പഠിപ്പിച്ചു. എന്നാല്‍ ഏറ്റവും നല്ല അനുഭവം മൈസൂരിലെ റീജിയണല്‍ കോളജ് ഓഫ് എജുക്കേഷനിലെ പഠനകാലമാണ്. യു ആര്‍ അനന്തമൂര്‍ത്തിയെപോലുള്ള രാജ്യത്തെ ഏറ്റവും നല്ല അധ്യാപകര്‍. നാല് വര്‍ഷവും ട്രെയിനിങ്ങുണ്ടായിരുന്നു. ജോലിയിലിരിക്കെ എം എ ലിറ്ററേച്ചറും എം എഡും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവുമെടുത്തു.

ഏങ്ങണ്ടിയൂര്‍ സെന്റ്തോമാസ് ഹൈസ്കൂളിലെ അവസാന ഇംഗ്ലീഷ് മീഡിയം ബാച്ച് വിദ്യാര്‍ഥിയായിരുന്നു. അന്ന് ഡോക്ടറാകാന്‍ ആയിരുന്നു ഉദ്ദേശം. മെഡിസിന് കിട്ടുമെന്ന് ഉറപ്പുള്ളതിനാല്‍ ഒരു വര്‍ഷം കാത്തിരുന്നു. എന്നാല്‍ പിഡിസിയുടെ മാര്‍ക്കില്‍  അരമാര്‍ക്കിന്റെ കുറവുണ്ടായിരുന്നതിനാല്‍ സീറ്റ് കിട്ടിയില്ല. അന്നൊരുപാട് കരഞ്ഞു. എന്നാല്‍ ആ അരമാര്‍ക്ക് പോയത് പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി മാറി.  

3. പാടൂര്‍ സ്കൂളില്‍ പ്രധാനാധ്യാപകനായി തന്നെയാണോ ആദ്യ നിയമനം?

അതെ. തുടക്കം മുതല്‍ അങ്ങിനെയായിരുന്നു. പൂജ്യത്തില്‍നിന്നായിരുന്നു തുടക്കം. മതിയായ സര്‍വീസ് ഇല്ലാതിരുന്നതിനാല്‍ ടീച്ചര്‍ ഇന്‍ചാര്‍ജ് എന്ന തസ്തകയിലാണ് ആദ്യം നിയമനം ലഭിച്ചത്. 12 വര്‍ഷം കഴിഞ്ഞാണ് എച്ച് എം തസ്തികയിലെത്തുന്നത്.

4. വളരെ പരിമിതമായ സൌകര്യങ്ങളോടെ മദ്രയസിലാണല്ലോ സ്കൂളിന്റെ തുടക്കം? തുടക്കത്തില്‍ എത്ര കുട്ടികളുണ്ടായിരുന്നു? എങ്ങിനെയാണ് അക്കാലം മാനേജ് ചെയ്തത്?

വളരെ ശരിയാണ്. വളരെ പരിമിതിമായ തുടക്കമായിരുന്നു. ആദ്യമായി എച്ച് എം ഇരിക്കുന്നത് ഒരു കൈയ്യില്ലാത്ത കസേരയിലാണ്. മദ്രസ കഴിഞ്ഞാലാണ് കസേര കിട്ടുക. അതുവരെ അത് മദ്രസയിലെ സദറിനുള്ള കസേരയാണ്. ആദ്യ കാലത്തെ അധ്യാപകര് ഇരുന്നിരുന്നതും അതുപോലെ തന്നെ വളരെ ചെറിയ സൌകര്യത്തിലായിരുന്നു.  

മറ്റെല്ലാ സ്ഥലത്തും പ്രവേശനം കഴിഞ്ഞ് എവിടെയും കിട്ടാത്ത കുട്ടികളാണ ആദ്യ കൊല്ലം വന്നത്. കാരണം. മെയിലാണ് പ്രവേശനം. എന്നാല്‍ സ്കൂള്‍ അനുവദിച്ച് ഉത്തരവ് വന്നത് ജൂണ്‍ 6ന്. മറ്റിടത്തെല്ലാം ക്ലാസ് തുടങ്ങിയിരുന്നു. സ്കൂള്‍ വന്നു എന്നറിഞ്‍പ്പോള്‍ കുറേ പേര്‍ വന്നു. പാടൂര്‍ സെന്ററിലെ അബ്ബാസാണ് ആദ്യത്തെ വിദ്യാര്‍ഥി. പലരും എന്നേക്കാള്‍ ഉയരമുള്ള കുട്ടികള്‍. ഈ ആശങ്ക ഉപ്പയോട് പറഞ്ഞപ്പോള്‍ കിട്ടിയ ഉഫദേശം ഇതാണ്: ആകാരത്തിലല്ല, മനസ്സിലാണ് കാര്യം, ഹൃദയം കൊണ്ട് അടുത്താല്‍ അവരുടെ വലിപ്പം കുറയും, കുട്ടികള്‍ നിന്നിലേക്ക് വരും. അത് വളരെ ഫലപ്രദമായ ഉപദേശമായിരുന്നു.
ആദ്യ ബാച്ചില്‍ 181 കുട്ടികള്‍ ഉണ്ടായിരുന്നു എന്നാണോര്‍മ. മാനേജ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പ്രായം തന്നെ കൂടുതലായിരിക്കും. 16- 18 വയസ്സൊക്കെ. സാധാരണ 12 വയസ്ണല്ലോ. 23 -ാം വയസില്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ വരെ അക്കാലത്തുണ്ടായിരുന്നു. വാക്കുകള്‍ കൊണ്ട് മാനേജ് ചെയ്യാന്‍ പാടായിരുന്നു. ശക്തമായ സമീപനം കൊണ്ടാണ് പിടിച്ചുനിര്‍ത്തിയത്. ഈ കുട്ടികള്‍ക്കൊക്കെ പിന്നീട് ദേഷ്യമുണ്ടാകുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍ ഒന്നുമുണ്ടായില്ല.


5. എങ്ങിനെയാണ് ആ മുതിര്‍ന്ന കുട്ടികളെയൊക്കെ മെരുക്കിയെടുത്തത്?
കുട്ടികളുടെ വളര്‍ച്ചയെന്നാല്‍ സ്വഭാവ ശുദ്ധി തന്നെയാണ്. സ്ഥാപനത്തിന്റെ ഭൌതിക സൌകര്യമല്ല ആലോചിക്കേണ്ടത്. കുട്ടികള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് എന്തിനാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. രക്ഷിതാക്കളുമായി ഉണ്ടാക്കിയ നിരന്തര സന്പര്‍ക്കം അതില്‍ വലിയ സഹായം ചെയ്തു.  അധ്യാപകര്‍-രക്ഷിതാക്കള്‍-കുട്ടികള്‍ - ഈ മൂന്ന് ഘടകങ്ങള്‍  കോര്‍ത്തിണക്കി കൊണ്ടുപോകാനാണ് ശ്രമിച്ചത്. അതില്‍ വിജയിച്ചു. അത് സ്ഥാപനത്തിന്റെ വിജയത്തിനും കാരണമായി. കുട്ടികളുടെ വീട്ടില്‍ പോയി രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും അവരുടെ ചുറ്റുപാടുകള്‍ പഠിക്കുകയും ചെയ്തു. അക്കാലത്ത് ഞാന്‍ മാത്രമായിരിക്കും അങ്ങിനെ ചെയ്തിരുന്നത്. നാട്ടുകാര്‍ക്ക് എന്ത് തോന്നുമെന്നക്കെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ തിരിച്ചുതന്ന സ്നേഹം അസാധാരണമായിരുന്നു. മനസ്സ് തളിര്‍ത്തുപോകുന്ന തരത്തില്‍ അതീവ ഹൃദ്യമായിരുന്നു അത്. പ്രധാനാധ്യാപകന്‍ ചെല്ലുന്പോള്‍ കുട്ടികള്‍ക്ക് ഭയപ്പാടുണ്ടാകും. എല്ലാ പ്രശ്നങ്ങളും രക്ഷിതാക്കളോട് പറയും എന്ന പേടിയും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തിരിച്ചായിരുന്നു ചെയ്തിരുന്നത്. ഇവന്‍ നല്ല കുട്ടിയാണ്, പഠിച്ചാല്‍ മിടുക്കനാകും എന്നൊക്കെ പ്രോത്സാഹിപ്പിക്കും. പലരും പരാതിയായി
സീതി തങ്ങളുടെ അടുത്ത് എത്തും. എന്നാല്‍ എല്ലാം മാഷോട് പറ‍യൂ പറഞ്ഞ് അവരെ തിരിച്ചയക്കും.

6. സീതി തങ്ങളുമായുള്ള ബന്ധം എങ്ങിനെയായിരുന്നു?


തങ്ങളായിരുന്നു യഥാര്‍ഥ ശക്തിയും പ്രചോദനവും. എല്ലാ ദിവസവും സ്കൂളില്‍ വരും. എന്ത് തിരക്കുണ്ടെങ്കിലും വന്ന്, ഓഫീസില്‍ അല്‍പനേരം ചിലവഴിച്ചേ പോകു. ഓഫീസിലെ എന്റെ സീറ്റിന്റെ അരരികിലെ കസേരയിലിരിക്കാത്ത ദിവസങ്ങള്‍ കുറവാണ്. ഞായറാഴ്ചയാണെങ്കില്‍ പോലും ഞാനുണ്ടെങ്കില്‍ ഓഫീസില്‍ വരും, സംസാരിക്കും. എം എല്‍ എ സ്ഥാനം ഒഴിഞ്ഞ ശേഷവും പിന്നീട് ഔഷധി ചെയര്‍മാനായപ്പോഴും ഈ പതിവ് തെറ്റിച്ചിട്ടില്ല. ഈ അധ്വാനത്തിന് പ്രതിഫലമുണ്ടാകുമെന്ന് നിരന്തരം ഓര്‍മിപ്പിക്കും. അതുതന്നെ വലിയ പ്രോത്സാഹനമായിരുന്നു. പല കാര്യങ്ങളിലും നാട്ടുകാരും രക്ഷിതാക്കളും പരാതിയുമായി തങ്ങളുടെ അടുത്ത് ചെല്ലും. എന്നാല്‍ പരാതിക്കാരോട് മാഷുടെ അടുത്ത് തന്നെ ചെല്ലാനാകും തങ്ങള്‍ പറയുക. അത്രക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യവും തങ്ങള്‍ തന്നിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തെ അകറ്റി നിര്‍ത്താനായി എന്നതും സ്കൂളിന്റെ വിജയത്തിന് വലിയ കാരണമായിട്ടുണ്ട്. എം എസ് എഫിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ലീഗ് നേതാവായിട്ട് പോലും സീതി തങ്ങള്‍ അതിന് വഴങ്ങിയില്ല. അതെല്ലാം മാഷോട് സംസാരിച്ച് തീരുമാനമാനിച്ചോ എന്നായിരുന്നു തന്നെ സമീപിച്ചവരോട് തങ്ങള്‍ പറഞ്ഞ മറുപടി. അതോടെ അതും ഒഴിവായി. സര്‍ക്കാര്‍ കാര്യങ്ങള്‍ എളുപ്പം നടത്തിക്കിട്ടാന്‍ സീതിതങ്ങളും പ്രതിച്ഛായ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.

7. മദ്രസയില്‍ തന്നെ തുടരാന്‍ പറ്റുമായിരുന്നോ? അക്കാലത്തെ സൌകര്യങ്ങളെങ്ങിനെ ആയിരുന്നു?

ഇല്ല. മദ്രസയില്‍ തന്നെ തുടരാന്‍ പറ്റില്ലായിരുന്നു. സ്കൂളിന് കൂടുതല്‍ സ്ഥലം വേണം. സ്വന്തം സ്ഥലം വേണം. തൊട്ടടുത്ത വര്‍ഷം തന്നെ തങ്ങളുടെ സ്വന്തം സ്ഥലത്ത് കെട്ടിടം പണി തുടങ്ങി. എന്നാലും തുടക്ക കാലത്തെ സാന്പത്തിക സ്ഥിതിയും അടിസ്ഥാന സൌകര്യങ്ങളും വളരെ പരിതാപകരമായിരുന്നു. എസ് എസ് എല്‍ സി പരീക്ഷക്ക് പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ സ്കൂളില്‍ അടച്ചുറപ്പുള്ള ഒരു സേഫ് വേണമെന്ന് നിബന്ധനയുണ്ട്. ആദ്യ ബാച്ചിന്റെ സെന്ററിന് അപേക്ഷിക്കേണ്ട അവസാന ദിവസമാണ് ഒരു സേഫ് ലോക്കര്‍ സംഘടിപ്പിക്കാന്‍ പറ്റിയത്. പരീക്ഷാ കേന്ദ്രം കിട്ടിയില്ലെങ്കില്‍ പാവറട്ടി സ്കൂളില്‍ പോയി പരീക്ഷ എഴുതാമെന്ന് വരെ സീതിതങ്ങള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ആകെ വിഷമമായി. ഒരു ടീച്ചറുടെ കൈയിയില്‍നിന്ന് ആയിരം രൂപ വാങ്ങി, കുറച്ച് പണം സംഘടിപ്പിച്ച് ഞാന്‍ കോയന്പത്തൂരിലേക്ക് പോയി. അവിടെയുണ്ടായിരുന്ന, എന്റെ ഭാര്യയുടെ കുഞ്ഞിപ്പാനെ കൂട്ടി ഒരു കടയില്‍ പോയി 500 രൂപ കടം പറഞ്ഞ് സേഫ് വാങ്ങി. 2900 രൂപ വിലക്ക്. ഒരു പെട്ടി ഓട്ടോയില്‍ കയറ്റി. കൂടെ ഞാനും. വണ്ടി ഓടി ഇവിടെയെത്തിയത് അപേക്ഷ നല്‍കേണ്ട അവസാന ദിവസം രാവിലെ 6.30ന്. ഇറക്കാന്‍ ആളില്ലാത്തതിനാല്‍ കുട്ടികളെ തന്നെ വിളിച്ചുകൊണ്ടുവന്നു. അതേ പെട്ടി ഓട്ടോയില്‍ തന്നെ ഡി ഇ ഓ ഓഫീസില്‍ പോയി സേഫ് കൊണ്ടുവന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. ആ വിവരം അപ്പോള്‍ തന്നെ ഫാക്സ് ചെയ്തു. അങ്ങിനെയാണ് ആദ്യ ബാച്ചിന് സ്കൂളില്‍ തന്നെ പരീക്ഷ എഴുതാന്‍ പറ്റിയത്. ഈ കാലമൊക്കെ കടന്നാണ് സ്കൂള്‍ വളര്‍ന്നത്.

8. മാനേജ്മെന്റ് മാറ്റം ഉണ്ടായത് എങ്ഹിനെയാണ്? മഹല്ല് കമ്മിറ്റിയും സീതി തങ്ങളും തമ്മില്‍ അന്നുണ്ടായ ധാരണ എന്താണ്?

ധാരണ എന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ മഹല്ല് കമ്മിറ്റിക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല. മൂന്നേക്കര്‍ സ്ഥലം ലവേണമായിരുന്നു അന്ന് സ്കൂള്‍ തുടങ്ങാന്‍. സ്ഥലമുണ്ടായിരുന്നത് സീതി തങ്ങള്‍ക്കായിരുന്നു. അങ്ങിനെയാണ് സ്കൂളിന്റെ പേരിലും ചെറിയ വ്യത്യാസം വന്നത്. തഅ്‍ലീമുല്‍ ഇസ്‍ലാം എന്നാണ് മദ്രസയുടെ പേര്. അത് മാറ്റി, അലീമുല്‍ ഇസ്‍ലാം എന്നാക്കിയതും അങ്ങിനെയാണ്.

9. കെട്ടിടമുണ്ടാക്കാന്‍ മരം മുതല്‍ മണല്‍ വരെ നാട്ടുകാര്‍ കൊടുത്തതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു സ്കൂള്‍ സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ പങ്കാളിത്തവും താത്പര്യവും എത്രത്തോളമുണ്ടായിരുന്നു?

നാട്ടുകാരുടെ പങ്കാളിത്തമെന്നത് വളരെ ശരിയാണ്. നാട്ടുകാര്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.  അബ്ദുറഹ്മാന്‍ മാഷാണ് അതിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഇന്നത്തെ പോലെ അധ്യാപക നിയമനത്തിന് ഒരുപാട് പൈസയൊന്നും വാങ്ങാന്‍ പറ്റാത്ത കാലമാണ്. എനിക്ക് തോന്നുന്നു, കേരളത്തില്‍ സീതി തങ്ങളെ പോലെ ഇത്രയും കുറച്ച് പൈസവാങ്ങി നിയമനം നടത്തിയവര്‍ വേറെയുണ്ടാവില്ല. അവസാന കാലം വരെ അങ്ങിനെയായിരുന്നു. ഒരുരൂപോലും വാങ്ങാതെ നിയമനം കൊടുത്തവരും ഇവിടയുണ്ട്. ഒരു സ്വകാര്യ സ്കൂളിന് കെട്ടിടം പണിയാന്‍ നിയമനത്തിന് പണം വാങ്ങാതെ പറ്റില്ല എന്നത് നമുക്കറിയാവുന്ന കാര്യമാണ്. എന്നിട്ടും വളരെ കുറച്ചേ അന്ന് വാങ്ങിയിരുന്നുള്ളു. അതിന്റെ കുറവ് നികത്തിയത് നാട്ടുകാര്‍ തന്നെയാണ്. വിദേശത്തുള്ളവര്‍ പണം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.  അബ്ദുറഹ്മാന്‍ മാഷ് പലരെയും കണ്ട്, വിഭവങ്ങള്‍ ശേഖരിച്ചു. തെങ്ങും മറ്റും മുറിച്ചു. മണലും സമിന്റും ഒക്ക തെന്നിരുന്നു. നാട്ടുകാരുടെ ആ പിന്തുണയാണ് അവിടെ പ്രവര്‍ത്തിക്കാന്‍ നമുക്കൊക്കെ പ്രചോദനമായിത്തീര്‍ന്നത്.

10. സ്കൂളിനെതിരെ എതിര്‍പുകള്‍ ഉണ്ടായിട്ടുണ്ടോ?

അങ്ങിനെ എതിര്‍പുണ്ടായിട്ടില്ല. നാട്ടുകാര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. അത് പി ടി എ മീറ്റിങ് ഒക്കെ വിളിക്കുന്പോള്‍ പ്രകടമായിരുന്നു. ഒന്നുരണ്ട് മണിക്കൂറൊക്കെ സ്കൂളിന്റെ കാര്യം സംസാരിക്കുന്പോഴും പിടിഎ കമ്മിറ്റി ഉണ്ടാക്കുന്പോഴും ഒക്കെ വളരെ സൌഹാര്‍ദപരമായിരുന്നു നാട്ടുകാരുടെ സമീപനം. രാഷ്ട്രീയമായിട്ടുപോലും പ്രകടമായ എതിര്‍പ് ഉണ്ടായില്ല. തങ്ങളും ആ കാര്യത്തില്‍ നല്ല സമീപനമായിരുന്നു സ്വീകരിച്ചത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിച്ചത്. പാര്‍ട്ടി അനുവദിച്ച സ്കൂള്‍ എന്ന നിലപാട് എവിടെയും സ്വകീരിച്ചിട്ടില്ല.

11.  അക്കാലത്ത് സാമൂഹികമായും ഒരു പരിധി വരെ സാന്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഒരു പ്രദേശത്ത് വരുന്ന സ്കൂളായിരുന്നല്ലോ ഇത്. എന്നിട്ടും കുട്ടികള്‍ പഠിക്കാനെത്തിയിരുന്നോ? കുട്ടികളുടെ എണ്ണവും ദിനംപ്രതിയുള്ള ഹാജരും ആദ്യ ബാച്ചുകളില്‍ എങ്ങിനെയായിരുന്നു?

വളരെ പ്രസക്തമായ ചോദ്യമാണിത്. വളരെ പിന്നാക്കമായ പ്രദേശമായിരുന്നു. ആ പ്രദേശത്തെ കുറിച്ച് നല്ല അറിവുണ്ടാക്കാനായിരുന്നു അന്ന് ഞാന്‍ വീടുകള്‍ കയറിയിറങ്ങി നടന്നത്. അതും ഉപ്പാടെ ഉപദേശമായിരുന്നു. കുട്ടികളുടെ അവസ്ഥ അറിയാന്‍ അവരുടെ വീട്ടില്‍ പോയി അന്വേഷിക്കണം. പരീക്ഷക്ക് തോല്‍ക്കുന്നതും ഹാജര്‍ കുറയുന്നതുമൊക്കെ എന്തുകൊണ്ട് എന്ന് നേരിട്ട് അറിയണം. അതിന് വീടുമായി ബന്ധപ്പെടണം. അതൊരു വലിയ അനുഭവമായിരുന്നു. ഒരു പ്രധാന അധ്യാപകന്‍ ചെയ്യേമ്ട വലിയ കാര്യമാണ്. പ്രശ്മനുണ്ടാകുന്പോള്‍ അല്ല പോകേണ്ടത്. അല്ലാത്തപ്പോള്‍ പോയി, വീട്ടിലെ പരിതസ്ഥിതി മനസ്സിലാക്കണം. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് മോശമായാല്‍ അതിനൊരു കാരണം ഉണ്ടാകും. അതറിയാന്‍ വീട്ടില്‍ തന്നെ പോകണം. എന്നിട്ടും പലരെയും അറിയാതെ ശിക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നുതന്നെ അവരുടെ വീട്ടില്‍ പോയാല്‍ അത് തീരും. ശിക്ഷയുടെ ആഘാതം ഒരുദിവസത്തില്‍ കൂടുതല്‍ ഉണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. വീട്ടില്‍ പോകും, അതിന് പറ്റിയില്ലെങ്കില്‍ പിറ്റേന്ന് വിളിപ്പിച്ച് അതിന്റെ കാര്യകാരണം ബോധ്യപ്പെടുത്തും. അതുകൊണ്ട് തന്നെ പ്രകടമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ആ കാലത്ത് പാടൂരില കുട്ടികള്‍ വളരെ ദൂരെ പോയാണ് പഠിച്ചിരുന്നത്.  ദൂരെയുള്ള കുട്ടികള്‍ പിന്നീട് ഇവിടെ വന്ന് പഠിക്കാന്‍ തുടങ്ങി. ഇന്നത്തെ പോലെ ഫോണ്‍ ഒന്നുമില്ലല്ലോ? കുട്ടികള്‍ മുടങ്ങിയാല്‍ പ്രത്യേകിച്ച് പത്താം ക്ലാസ് കുട്ടികള്‍ മുടങ്ങിയാല്‍ ഉടന്‍ ഞാന്‍ വീട്ടില്‍ പോകും. വീട്ടില്‍നിന്ന് പുറപ്പെട്ട് സ്കൂളിലെത്താത്തവരൊക്കെ ഉമ്ടാകും. അതുകൊണ്ടൊക്കെ കുട്ടികള്‍ വര്‍ധിക്കുകയാണ് ചെയ്തത്. എട്ടാം ക്ലാസിലേക്ക് പ്രവേശനം കൊടുക്കാന്‍ പ്രവേശന പരീക്ഷ നടത്തേണ്ടിവന്നിട്ടുണ്ട്. രണ്ട് വര്‍ഷം അത് ചെയ്തു. നാട്ടുകാരായ കുട്ടികളുടെ പ്രവേശനത്തെ തന്നെ അത് ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് അത് നിര്‍ത്തിയത്. 400ല്‍ അധികം കുട്ടികള്‍ പ്രവേശനം നേടിയ വര്‍ഷങ്ങളുണ്ടായിട്ടുണ്ട്.

12.  ആദ്യ കാലത്തെ പരീക്ഷാ ഫലങ്ങള്‍ എങ്ങിനെയായിരുന്നു? ആദ്യ ബാച്ചിന്റെ ഫലം?
ആദ്യബാച്ച് 1982 ല്‍ ആയിരുന്നു. അവരുടെ പരീക്ഷാഫലം തന്നെ ആഹ്ലാദകരമായിരുന്നു. സ്കൂളില്‍ തുടരണം എന്ന് എന്നെ തോന്നിപ്പിച്ച ഫലമായിരുന്നു അത്. അന്ന് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിജയം നേടിയ ആദ്യ നാല് സ്കൂളുകളിലൊന്നായി അന്ന്. ഹെഡ്മാസ്റ്റേഴ്സ് കോണ്‍ഫറന്‍സിലൊക്കെ ഇത് വലിയ ചര്‍ച്ചയായി. നമ്മുടെ ഒപ്പം അനുവദിക്കപ്പെട്ട കേച്ചേരി, ഒരുമനയൂര്‍ സ്കൂളുകള്‍ക്ക് അത്രമികച്ച വിജയം നേടാനായില്ല. 181 കുട്ടികളുണ്ടായിട്ടും 86 ശതമാനമായിരുന്നു വിജയം. സമീപ സ്കൂളുകളൊക്കെ 20- 30 ശതമാനമാണ്. കോണ്‍വെന്റ് സ്കൂളില്‍ 63 ശതമാനമായിരുന്നു. അക്കാലത്ത് സംസ്ഥാന വിജയം 33 ശതമാനമാണ്. ഇന്ന് സംസ്ഥാന വിജയം 98 ശതമാനമൊക്കെ ആയപ്പോഴാണ് നമ്മള്‍ നൂറ് ശതമാനം വിജയത്തിലേക്ക് ഒക്കെ എത്തുന്നത്. അന്നത്തെ കുട്ടികളാകട്ടെ സാമൂഹികമായി പിന്നാക്കമായ ഒരു പ്രദേശത്തുനിന്ന് വരുന്നവരായിരുന്നു. ജനുവരി മുതല്‍ അധ്യാപകര്‍ നിരന്തരമായി പിന്തുടര്‍ന്ന് നടത്തിയ അധ്വാനമാണ് ഈ വിജയത്തിന് കാരണമായത്. ഒരു കൊല്ലം മാത്രമാണ് ഫലം അല്‍പം കുറഞ്ഞത്. 1988ല്‍ വിജയം 96 ശതമാനം വരെ എത്തി. ആദ്യമായി മിക്സ്ഡ് ക്ലാസ് കൊണ്ടുവന്ന വര്‍ഷം കൂടിയായിരുന്നു അത്. മിക്സ്ഡ് ആക്കിയാല്‍ കുട്ടികള്‍ മോശമാകുമെന്ന ആശങ്കയും എതിര്‍പും ഒക്കെ നിലനില്‍ക്കെയാണ് ആ പരീക്ഷണം നടത്തിയത്. നല്ല ഫലം കിട്ടിയതും അത്തരം വര്‍ഷങ്ങളിലാണ്. ഇന്നത്തെ പോലുള്ള പ്രശ്നങ്ങളും അന്നുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. വിരമിക്കുന്ന വര്‍ഷം 320 കുട്ടികള്‍ എഴുതിയിരുന്നു എന്നാണോര്‍മ. അന്നും 87 ശതമാനം വിജയം ഉണ്ടായിട്ടുണ്ട്. പരീക്ഷാ ഫലം തന്നെയാണ് എനിക്ക് ഏറ്റവും പ്രചോദനമായിരുന്നത്.

അന്ന് ഫലമറിയാന്‍ പത്രത്തില്‍ വരണം. അല്ലങ്കില്‍ തിരുവനന്തപുരത്ത് പോയി വാങ്ങി കൊണ്ടുവരണം. ആദ്യഫലം വരുന്ന ദിവസം കുറച്ച് കുട്ടികളേ സ്കൂളില്‍ വന്നിരുന്നുള്ളു. ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. പൂജ്യം എന്നും പുതിയ ചന്തപ്പുരയിലേക്ക് സ്വാഗതം എന്നും എഴുതിയ ബോര്‍ഡ് വരെ സ്കൂളിന് പുറത്ത് അന്ന് ചിലര്‍ സ്ഥാപിച്ചിരുന്നു. പക്ഷെ ഫലം വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ആ ബോര്‍ഡിന് മുന്നില്‍ പോയി ആഹ്ലാദം പ്രകടിപ്പിച്ച് ആ ബോര്‍ഡ് തിരുത്തി എഴുതിയത് ഇപ്പോഴും ഓര്‍മയിലുണ്ട്. ഈ ഫലം ഉണ്ടാക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുംടെയും നാട്ടുകാരുടെയും പങ്ക് വലുതായിരുന്നു. അനുസരണയുള്ള കുട്ടികളുടെ പങ്കാണ് അതില്‍ ഏറ്റവും വലിയ ഘടകം. പഠനം നിര്‍ത്തിയവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. പലരെയും വീട്ടില്‍ പോയി കൊണ്ടുവന്നതാണ്. അതിന് ശേഷമാണ് പാടൂരിലെ കുട്ടികള്‍ പൂര്‍ണമായി ഈ സ്കൂളിലേക്ക് എത്തിയത്. അതുവരെ മറ്റ് സ്കൂളുകളിലേക്ക് പോകുകയാരുന്നു പതിവ്.

13. ഉയര്‍ന്ന വിജയ ശതമാനം ലഭിക്കുക എന്നത് വളരെ പ്രയാസകരമായിരുന്ന കാലത്ത് വലിയ നേട്ടം ഉണ്ടാക്കിയത് എങ്ങിനെയാണ്? എങ്ങിനെയായിരുന്നു പ്രവര്‍ത്തന രീതകിള്‍?
പത്താം ക്ലാസുകാര്‍ക്ക് തുടക്കം മുതല്‍ സ്പെഷല്‍ ക്ലാസുകള്‍ വച്ചിരുന്നു. അത് പാടൂര്‍ സ്കൂളിലെ മാത്രം ഒരു പ്രവര്‍ത്തന രീതിയായിരുന്നു അന്ന്. രാവിലെ മുതല്‍ ടീച്ചര്‍മാര്‍ വരും. മര്യാദക്ക് ബസ് പോലും ഇല്ലാതിരുന്ന സമയത്തും ടീച്ചര്‍മാര്‍ മുല്ലശ്ശേരി മുതല്‍ നടന്ന് വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.  ഒരു ശനിയാഴ്ച പോലും വീട്ടിലിരിക്കാത്ത അധ്യാപകരുണ്ട്. ഒട്ടും അവധിയെടുക്കാത്തവര്‍ വരെയുണ്ട്. എല്ലാവരും വലയി പങ്ക് വഹിച്ചവരാണ് എന്നതിനാല്‍ ആരുടെയും പേര് പറയുന്നില്ല.

റിസല്‍ട്ട് തന്നെയാണ് ഏത് സ്കൂളിന്റെയും നട്ടെല്ല്. എന്ത് കുറവുണ്ടെങ്കിലും പഠനമികവ് തന്നെയാണ് ഏറ്റവും വലുത്. പാഠ്യേതര രംഗത്തെ മികവിന് പോലും അത്രയെത്താന്‍ കഴിയില്ല. ഇതും ഉപ്പാടെ ഉപദേശമായിരുന്നു.  

14.  കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും അവരുടെ വീടുകളെയും അറിയുന്ന അധ്യാപകനായിരുന്നുവല്ലോ? ആ പ്രവര്‍ത്തന രീതിയെ പറ്റി, അതിന്റെ ഫലപ്രാപ്തിയെ പറ്റി മാഷ് പറഞ്ഞു. എങ്ങിനെയാണ് ഇത്തരമൊരു സൌഹൃദ പദ്ധതിയാക്കി അധ്യാപനത്തെ വികസിപ്പിച്ചത്?
ഉത്തരം: എന്റെ അധ്യാപന ജീവിതത്തില്‍ ചെയ്ത ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം ഇതുതന്നെയായിരുന്നു. കുട്ടികളെയും അവരുടെ വീട്ടുകാരെയും അറിഞ്ഞ് പഠിപ്പിച്ചു എന്നത്. സ്വയമുണ്ടാക്കിയ രീതി തന്നെയാണ് ഇത്. ഒരു അധ്യാപകന്‍ സ്വന്തമായി അജണ്ടയുണ്ടാക്കണം എന്ന് പഠിപ്പിച്ചത് എന്റെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അനന്തമൂര്‍ത്തി സാറായിരുന്നു.  നിങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കാണാന്‍ കാത്തിരിക്കേണ്ടവരല്ല. അത് കാത്തിരുന്ന് നിങ്ങള്‍ ചെയ്യേണ്ടത് വൈകിപ്പിക്കരുത്. യുവര്‍ ഓണ്‍ ടൈം ടേബിള്‍ എന്നാണ് സാറ് പറയുക. ഇത് പ്രാവര്‍ത്തികമാക്കി. മിക്കവാറും രാത്രി വൈകിയാണ് വീട്ടില്‍ എത്തുക. ഓരോ ദിവസവും നാളത്തേക്ക് പുതിയ പദ്ധതികള്‍ ആലോചിക്കും. കുട്ടികളുടെ വീടുമായി ആത്മബന്ധമുണ്ടാക്കുന്നത് അങ്ങിനെയാണ്.
ഇന്ന് ഇല്ലാത്ത കാര്യവുമാണത്. ഇപ്പോള്‍ ഇത് തീരെയില്ലാതായി. അധ്യാപകര്‍ കുട്ടികളെ കൈയ്യൊഴിയുകയാണ്. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കണം. എന്നാല്‍ അവരില്‍ മാറ്റമുണ്ടാക്കാന്‍ അവരുടെ വീട്ടില്‍ പോകണ. കൂടുതല്‍ സൌഹൃദം ഉണ്ടാക്കണം. ഒരു സൌഹൃദ പദ്ധതി തന്നെയായിരുന്നു അത് . അധ്യാപക ജീവിതം വിജയകരമായത് അതുകൊണ്ട് മാത്രമാണ്. അധ്യാപക ജീവിതം ഇത്രക്ക് സന്പന്നമായതും അതുകൊണ്ടാണ്.

15. കലാ, കായിക രംഗത്ത് വലിയ നേട്ടം സ്കൂള്‍ നടത്തിയിട്ടുണ്ട്. എന്തൊക്കെയായിരുന്നു അക്കാലത്തെ പരിപാടികള്‍?
കുതിച്ചുചാട്ടം നടത്തിയെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍
കലാകായിക രംഗത്ത് കുട്ടികളുടെ താത്പര്യം  കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പരിമിത സൌകര്യമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിന് വലിയ സാന്പത്തിക ചിലവും ഉണ്ടായിരുന്നു. അത്രക്ക താങ്ങാവുന്ന അവസ്ഥയും അന്ന് സ്കൂളിന് ഉണ്ടായിരുന്നില്ല. നേട്ടങ്ങളുണ്ടാക്കിയതിന്റെ ക്രഡിറ്റ് മുഴുവന്‍ കുട്ടികള്‍ക്ക് ആണ്. അവരുടെ കഴിവുകള്‍ക്കാണ്. നമ്മള്‍ അവരെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്.

16. എന്നാല്‍ ഈ രംഗത്തൊന്നും വലിയ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശം ബാക്കിനില്‍ക്കുന്നില്ലെ?

ഈ വിമര്‍ശനം ശരിയാകാം. എന്നാല്‍ ഇക്കാര്യത്തില്‍ എനിക്ക് വേറെ ഒരു കാഴ്ചപ്പാടുകൂടിയുണ്ട്. കലാകായിക മികവിന് വേണ്ടി  ഒരുപാട് കഷ്ടപ്പെടേണ്ടിവന്നാലും  നേട്ടങ്ങള്‍ ഒന്നോ രണ്ടോ പേരിലൊതുങ്ങും, അതില് അധ്യാപകര്‍ക്ക് റോള്‍ പരമിതമാണ്. കുട്ടികളുടെ പ്രാഗത്ഭ്യവും പ്രതിഭയുമാണ് പ്രധാനം. വലിയ പേരും പെരുമയും കിട്ടിയേക്കാം. എന്നാല്‍ പ്രധാന അധ്യാപകനെ സംബന്ധിച്ച് സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും സാമൂഹികവും സാസംകാരികവുമായ വളര്‍ച്ചയാണ് അതിലേറം പ്രധാനം. നമ്മുടെ ശ്രദ്ധ അവിടെ കേന്ദ്രീകരിച്ചില്ലെങ്കില്‍ പരാജയമാകും ഫലം, കായിക രംഗത്ത് നേട്ടമുണ്ടാക്കിയിട്ടും പഠന മികവില്ലാതെ, അച്ചടക്കമില്ലാതെ വന്നാല്‍ അത് ഫലം ചെയ്യില്ല. നല്ല കുട്ടികളെ വാര്‍ത്തെടുക്കുക എന്നതിലായിരുന്നു ഊന്നല്‍. ഈ വിമര്‍ശനം അന്നുമുണ്ടായിരുന്നു.  നമ്മുടെ പരിമിതികളും അതിലൊരു ഘടകമായിരുന്നു. സ്കൂളിന് മേല്‍വിലാസം ഉണ്ടാക്കുന്ന തരത്തിലുള്ള താരങ്ങളുണ്ടായില്ല എന്നത് ശരിയാണ്. എന്നാല്‍ കലാ-കായിക ശേഷിയുള്ളവരെയന്നും ശ്രദ്ധിക്കാതെ വിട്ടിട്ടില്ല.

17. പഠന പാഠ്യേതര മേഖലകളിലെല്ലാം മികച്ചുനിന്ന ഒരു കാലം ഏത് സ്കൂളിനും ഉണ്ടാകും. നമ്മുടെ സ്കൂളിന്റെ പ്രതാപ കാലം ഏതായിരുന്നു? എങ്ങിനെയാണ് ആ ഒരു നിലയിലേക്ക് വളര്‍ന്നത്?
ഏതാണ്ടൊരു 1986 മുതല്‍ 2000 ഒക്കെ വരെ അത്തരമ1രു കാലമായിരുന്നു എന്ന് പറയാം. ഈ കാലഘട്ടത്തില്‍ ഓരോകൊല്ലവും അത്യധികം മികച്ചതായിരുന്നു. 96 ശതമാനം വരെ വിജയം വരിച്ച കാലമുണ്ടായിരുന്നു. ആ കൊല്ലം സംസ്ഥാന വിജയം 42 ശതമാനം മാത്രമാണ്. യുവജനോത്സവങ്ങളിലെ സാന്നിധ്യം. മാപ്പിളകലകളില്‍ എവിടെച്ചെന്നാലും പാടൂരിന്റെ പേര് കേട്ട കാലമുണ്ടായിരുന്നു. ഒരു രൂപ പോലും കുട്ടികളില്‍നിന്ന്  പിരിക്കാതെ പരിമിതമായ സൌകര്യങ്ങളോടെയാണ് അതൊക്കെ ചെയ്തത്. അന്ന് കിട്ടാത്ത നേട്ടങ്ങള്‍ എനിക്ക് ശേഷവും സ്കൂളിന് ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെയും കുട്ടികളുടെയും പങ്ക് തന്നെയാണ് അതില്‍ പ്രധാനം.  

18. പിന്നീട് അതില്‍ ഇടിവ് സംഭവിച്ചോ? എങ്ങിനെയാണ് അത് സംഭവിച്ചത്? കുട്ടികളുടെ എണ്ണത്തില്‍ വരെ കുറവുണ്ടായി?

ഇടിവ് സംഭവിച്ചോ എന്ന് ചോദിച്ചാല്‍,  പിന്നില്‍ നില്‍ക്കുന്ന സ്കൂളുകള്‍ കയറിവരുന്പോള്‍ നമ്മള്‍ കുറച്ച് പിന്നിലേക്ക് പോകുമല്ലോ? സാന്പത്തിക പരാധീനത ഉണ്ടായിരുന്നു. പലതും ചെയ്യാനാകാത്തതിന്റെ കാരണം അതായിരുന്നു. മാനേജ്മെന്റിന്റെ സാന്പത്തിക പിരമിതിയും കാരണമായിട്ടുണ്ട്. അധ്യാപകരുടെ സമീപനം കൊണ്ടല്ല അതുണ്ടായിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നില്ല.  ഞാന്‍ പോരുന്പോള്‍ 27 ഡിവിഷന്‍ വരെയുണ്ടായിരുന്നു. അതിന് ശേഷമാകാം പ്രവേശനം കുറഞ്ഞത്. അതും ഞാന്‍ പോന്നത് കൊണ്ടുണ്ടായ കുറവല്ല. എല്ലാ സ്ഥാപനങ്ങള്‍ക്കും അത് സംഭവിക്കാം. ബിസിനസ് പോലെ തന്നെയാണല്ലോ ഇതും. ചെറിയ ശ്രദ്ധക്കുറവുണ്ടായാല്‍ തളര്‍ച്ച സംഭവിക്കാം. അത് സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ വലിയ മാറ്റം കാണുന്നുണ്ട്. മാനേജ്മെന്റ് മാറി. സാന്പത്തികമായി മെച്ചപ്പെട്ടു. പണ്ടത്തെപ്പോലെ തേക്കാത്ത ചുമരും ജനലുമൊന്നുമല്ല ഇന്നുള്ളത്. അന്ന് സ്കൂളിന് സുരക്ഷപോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു.

19. വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്പോള്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാകും. നല്ലതും മോശവുമായ അനുഭവങ്ങള്‍. അങ്ങിനെ പെട്ടെന്ന് ഓര്‍ത്തെടുക്കാവുന്നതേതാണ്?

അനുഭവങ്ങള്‍ ഒരുപാടുണ്ട്. മറക്കാനാകാത്ത തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായിട്ടില്ല. ആകെ മനസില്‍ തങ്ങിനില്‍ക്കുന്നത് ഒരു കുട്ടിയുമായുണ്ടായ പ്രശ്നമാണ്. സ്കൂളില്‍ വാര്‍ത്ത വായിക്കുന്നതിനിടെ ഒരുദിവസം ഒരുകുട്ടി ഒരു നോട്ടീസ് വായിച്ചു. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നോട്ടീസായിരുന്നു. ആ കുട്ടി തെറ്റ് ഏറ്റുപറഞ്ഞു. പക്ഷെ വിവാദം തീര്‍ന്നില്ല.  രണ്ട് മൂന്ന് മാസം വലിയ വിവാദമായിരുന്നു. ദിവസവും നോട്ടീസുകളിറങ്ങി. അതിന് മറുപടി നോട്ടീസുകളും ഇറങ്ങി. ഇതിനോടൊന്നും പ്രതികരിക്കരുത് എന്നായിരുന്നു നാട്ടുകാരുടെ ഉപദേശം. താനെ കെട്ടടങ്ങും, നിശ്ശബ്ദനായി ഇരിക്കൂ എന്നായിരുന്നു സീതിതങ്ങളും പറഞ്ഞത്. അത് വലിയ പാഠമായിരുന്നു. നോട്ടീസുകള്‍ ഞാന്‍ സൂക്ഷിച്ചുവച്ചിരുന്നു. ആ കൊല്ലം അവസാനം എല്ലാം കൂടി കത്തിച്ചുകളഞ്ഞു.

സ്കൂളിന് നല്ല റിസല്‍ട്ട് ഉണ്ടാകുന്നതിനെക്കുറിച്ച് ചില ആക്ഷേപങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അത് രാഷ്ട്രീയമായിരുന്നു. മാനേജര്‍ മുസ്‍ലിം ലീഗ് നേതാവായതിനാലാണ് വലിയ വിജയശതമാനം ഉണ്ടാകുന്നത് എന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പോയി ഉണ്ടാക്കുകയാണെന്ന് വരെ പറഞ്ഞിരുന്നു. കോപ്പിയടിക്കാന്‍ സഹായിച്ചാണ് ഉയര്‍ന്ന ഫലമുണ്ടാക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. വലിയ വിഷമമം ഉണ്ടാക്കിയ ആരോപണമായിരുന്നു ഇതൊക്കെ. ഇത്രയേറെ അധ്വാനിച്ചിട്ടും ഇങ്ങിനെ കേള്‍ക്കേണ്ടി വന്നല്ലോ എന്നായിരുന്നു വിഷമം. അതൊന്നും ഇപ്പോള്‍ ഒരു വിഷമവുമുണ്ടാക്കുന്നില്ല. അത്ര ചെറിയ സംഭവങ്ങളായിരുന്നു. വലിയ പിഴവ് പറ്റിയെന്ന് തോന്നുന്ന ഒരു അനുഭവവും ഉണ്ടായിട്ടില്ല. സ്വാഭാവികമായ ചില വീഴ്ചകളൊക്കെ സംഭവിച്ചിരിക്കാം. അതിലപ്പുറം ഒന്നുമുണ്ടായിട്ടില്ല.

20. അവസാനകാലത്ത് മാനേജ്മെന്റ് മാറ്റവും മറ്റും വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചു. സ്കൂളിന്റെ അക്കാദമിക് മികവിനെ ഇത് ബാധിച്ചോ?

സങ്കീര്‍ണതകള്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ ചില പ്രയാസങ്ങളൊക്കെ അതുണ്ടാക്കിയിട്ടുണ്ട് എന്നറിയാം. എന്റെ വിരമിക്കല്‍ കാലത്തായിരുന്നതിനാല്‍ ഞാനതിലേക്ക് വല്ലാതെ ഇറങ്ങിപ്പോയില്ല. പലപ്പോഴും നിശ്ശബ്ദനായി ഇരുന്നു. സ്കൂളിന്റെ അക്കാദമിക് മികവിനെ ഇത് ബാധിച്ചോവെന്ന് മറ്റുള്ളവര്‍ വിലയിരുത്തട്ടെ. ഒരുവിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്വാഭാവികമായി സംഭവിക്കാവുന്നത് എന്ന് മാത്രം ചിന്തിക്കുന്നതാകും കുറേക്കൂടി നല്ലത്.

21. അക്കാലത്ത് ചില വിവാദങ്ങള്‍ മാഷും നേരിട്ടിരുന്നല്ലോ? തനിക്ക് ശേഷം പ്രളയം എന്ന നിലപാടായിരുന്നു മാഷ് സ്വീകരിച്ചതെന്നും ആരോപണമുണ്ടായിരുന്നു. അതില്‍ വസ്തുതയുണ്ടോ?

അതിനോട് ഇപ്പോള്‍ വിമര്‍ശനാത്മകമായി പ്രതികരിക്കേണ്ട. തനിക്ക് ശേഷം പ്രളയം എന്ന നിലപാട് ഒരു അധ്യാപകന് ഒരിക്കലും സ്വീകരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് എനിക്ക് കഴിയില്ല. കാരണം 27 വര്‍ഷം ഹൃദയത്തോട് ചേര്‍ത്തുവച്ച സ്ഥാപനമാണ്. അത് എന്നും നന്നായിക്കാണണമെന്ന മനസ്സാണ് അന്നുമിന്നും. ഇന്ന് ഭൌതികമായി സ്കൂള്‍ ഉയര്‍ന്നുകാണുന്പോള്‍ വലിയ സന്തോഷം തോന്നുന്നുണ്ട്. ഇപ്പോഴും ഞാനവിടെ പല പരിപാടികള്‍ക്കും പോകുന്നുണ്ട്. ഈ സന്തോഷവും അവിടെ പങ്കുവക്കാറുണ്ട്. പിന്നെ വിമര്‍ശനങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ജോലി ചെയ്യുന്ന കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളുടെയും വിവാദങ്ങളുടെയും പിന്നാലെ പോകാറില്ല.

22. ആകെ സര്‍വീസ് കാലമെടുത്താല്‍ സംതൃപ്തനാണോ?

വളരെ വളരെ സതൃപ്തനാണ്. ഇന്നും ഞാന്‍ ഇത്ര സന്തോഷത്തോടെ ജീവിക്കുന്നത് പാടൂരിലെ പ്രധാനാധ്യാപകന്‍ എന്ന നിലയിലാണ്. ഇപ്പോള്‍ ഓരോ ബാച്ചും ഒരുമിച്ചുകൂടുന്നു. പലതരം ചാരിറ്റി ചെയ്യുന്നു. ഇത്രയേറെ ചാരിറ്റി ചെയ്യുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് വേറെയുണ്ടോ എന്ന് സംശയമാണ്. ഇതൊക്കെ അവര്‍ക്ക് സ്കൂളില്‍ നിന്ന് പകര്‍ന്ന് കിട്ടിയ മൂല്യബോധമാണ്. പിന്നെ, സാധാരണ പ്രധാനാധ്യാപകര്‍ എവിടെയും ക്ലാസ് എടുക്കാറില്ല. എന്നാല്‍ ഞാന്‍ എല്ലാ ബാച്ചിലും ക്ലാസെടുത്തിരുന്നു. കുട്ടികളുമായി നല്ല ബന്ധമുണ്ടായതിന്റെ കാരണവും അതാകാം. സഹപ്രവര്‍ത്തകരുടെ പിന്തുണയും അടുപ്പവും എടുത്ത് പറയണം. വ്യത്യസ്ത വീക്ഷണങ്ങളുള്ളവരായിട്ടും ഒരു കുടുംബം പോലെ കഴിഞ്ഞു. അതൊക്കെ സന്തോഷകരമായ അനുഭവമാണ്. സ്കൂളിന്റെ വിജയത്തിന് കാരണമായിട്ടുമുണ്ട്.

23.  വിരമിച്ച ശേഷം പുറത്തുനിന്ന് സ്കൂളിനെ നോക്കിക്കാണുന്പോള്‍ എന്തുതോന്നുന്നു?

വളരെ വളരെ സന്തോഷം. നമ്മള്‍ വെള്ളവും വളവുമിട്ട് വളര്‍ത്തിയ സ്ഥാപനം പൂത്ത് തളിര്‍ത്ത് കായ്ച്ച് നില്‍ക്കുന്നത് കാണുന്പോള്‍ വളരെ സന്തോഷമുണ്ട്. ആ സന്തോഷവും ഇവിടെ പങ്കുവക്കട്ടെ.

24. ഈ അഭിമുഖത്തിലെ ഏറെക്കുറെ എല്ലാ ചോദ്യങ്ങളുടെ ഉത്തരത്തിലും ഉപ്പയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് മാഷെ വഴികാട്ടിയായത് എന്ന് ആവര്‍ത്തിച്ച് പറ‍യുന്നുണ്ട്. ഉപ്പയുടെ പേരെന്താണ്? ആരായിരുന്നു?  

കുഞ്ഞിമോന്‍ മാസ്റ്റര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആദ്യകാലത്തെ അധ്യാപകനായിരുന്നതിനാല്‍ വളരെ ഉയര്‍ന്ന വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ല. എന്നാല്‍ വളരെ നല്ല അധ്യാപകനായിരുന്നു. ഒരുപാട് അനുഭവങ്ങളുള്ള അധ്യാപകനായിരുന്നു. വെങ്കിടങ്ങ് മുപ്പട്ടിത്തറയിലായിരുന്നു വീട്. ഏനാമാവ് സ്കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്. ഉപ്പതന്നെയായിരുന്നു എന്റെ വഴികാട്ടി.  മൈസൂരിലെ പഠനം കഴിഞ്ഞ് വന്നപ്പോള്‍ നാല് സ്ഥലത്ത് ജോലി കിട്ടി. ബാബാ ആറ്റമിക് റിസര്‍ച്ച് സെന്ററിലടക്കം. അതില്‍ എന്റെ അവസാന ഓപ്ഷനായിരുന്നു കേന്ദ്രീയ വിദ്യാലയം. ആറ്റമിക് സെന്ററില്‍ അന്ന് കയറിയിരുന്നെങ്കില്‍ എ പി ജെ കലാമിനൊപ്പം ജോലി ചെയ്യാമായിരുന്നു എന്നൊക്കെ ഞാന്‍ ഉപ്പാട് പറയുമായിരുന്നു. അധ്യാപക ജീവിതത്തിന്റെ മധുരം വരാനിരിക്കുന്നതേയുള്ളു എന്നാണ് അന്നും ഉപ്പ പറഞ്ഞ മറുപടി. ആ വാക്കുകള്‍ എത്ര ശരിയായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു.

(പാടൂര്‍ എ ഐ എച്ച് എസ് എസ് നാല്‍പതാം വാര്‍ഷിക സുവനീര്‍ - 2020)

ഡല്‍ഹി: കേരളത്തിനുമുണ്ട് കണ്ടുപഠിക്കാന്‍



ഹിന്ദുത്വ ഫാസിസത്തിനെതിരായ സമരവും രാഷ്ട്രീയവും കൈകാര്യം ചെയ്യുന്നതില്‍ ഒരുതരത്തിലുള്ള സമാനതകളുമില്ലാത്ത സംസ്ഥാനങ്ങളാണ് കേരളവും ഡല്‍ഹിയും. ബിജെപിക്ക് ഏതെങ്കിലും തരത്തില്‍ ഒരിക്കല്‍ പോലും അധികാര പങ്കാളിത്തം നേടാന്‍ കഴിയാത്ത സംസ്ഥാനമാണ് കേരളം. ഡല്‍ഹിയാകട്ടെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വരെ ബിജെപിയെ വാരിപ്പുണര്‍ന്ന സംസ്ഥാനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 7 സീറ്റും വന്‍ ഭൂരിപക്ഷത്തിനാണ് ബി ജെ പി നേടിയത്. ഇതില്‍ അഞ്ചിടത്ത് രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കടുത്ത ബിജെപി വിരുദ്ധ നിലപാടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഡല്‍ഹിയില്‍ പ്രകടമാകുന്നത്. എന്തുകൊണ്ടാണ് ദേശീയതലത്തില്‍ ബിജെപിക്ക് അധികാരം നല്‍കുന്ന അതേ ജനങ്ങള്‍ സംസ്ഥാനത്ത് അവരെ അകറ്റിനിര്‍ത്തുന്നത് എന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്ന വിഷയമാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള വിയോജിപ്പല്ല ഡല്‍ഹിയിലെ ഭൂരിപക്ഷ വോട്ടര്‍മാരെ ബിജെപിക്കെതിരെ നിര്‍ത്തുന്നത് എന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്താല്‍ ബോധ്യമാകും. രാഷ്ട്രീയ സാഹചര്യവും പശ്ചാത്തലവും സമകാലീന രാഷ്ട്രാനുഭവങ്ങളുമെല്ലാം മുന്നില്‍ വച്ച് സന്ദര്‍ഭോചിതമായി ഏത് ഭാഗത്തേക്കും ചായുന്ന ഒരു വിഭാഗമാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് എന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പുകള്‍ നിരീക്ഷിച്ചാല്‍ ബോധ്യമാകും. ഡല്‍ഹിയിലെ ഈ വിഭാഗം, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് ആശയപരമായ വിയോജിപ്പോ അതിരുവിട്ട ആഭിമുഖ്യമോ ഉള്ളവരാകില്ല. ഇവരെ എങ്ങിനെയാണ് ആം ആദ്മി പാര്‍ട്ടി അവരുടെ രാഷ്ട്രീയ പക്ഷത്തേക്ക് കൊണ്ടുവന്നത് എന്നത് പരിശോധിക്കേണ്ടതുണ്ട്.  നിലപാടുകളിലെ രാഷ്ട്രീയ കൃത്യത എന്ന തത്വാധിഷ്ടിത സമീപനത്തില്‍ കാര്‍ക്കശ്യം ഒഴിവാക്കിയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വന്തം അജണ്ട നിര്‍ണയിച്ച് അതിലേക്ക് എതിരാളികളെ കൊണ്ടെത്തിച്ചും ബിജെപി മുന്നോട്ടുവച്ച വര്‍ഗീയാജണ്ടകളെ അവഗണിച്ചും നിരാകരിച്ചുമാണ് ആം ആദ്മി പാര്‍ട്ടി ഇത് സാധ്യമാക്കിയത് എന്നുകാണാനാകും.

വര്‍ഗീയ ധ്രുവീകരണം പാര്‍ലമെന്ററി തെര‍ഞ്ഞെടുപ്പില്‍ ഏറ്റവുമെളുപ്പത്തില്‍ വോട്ട് സമാഹരിക്കാനുള്ള രാഷ്ട്രീയോപകരണം ആണെന്ന് പലവട്ടം തെളിയിച്ചവരാണ് ബി ജെ പി. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ബി ജെ പി അത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ആ വര്‍ഗീയ പരീക്ഷണത്തിന്റെ ഏറ്റവും ഭീകരമായ പതിപ്പാണ് ഇത്തവണ ഡല്‍ഹിയില്‍ അരങ്ങേറിയത്. രാജ്യംകണ്ട  ഏറ്റവും വിഷലിപ്തമായ പ്രചാരണമായിരുന്നു ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍. പ്രധാനമന്ത്രി, അതിനേക്കാള്‍ അധികാര ഗര്‍വോടെ ഭരിക്കുന്ന ആഭ്യന്തര മന്ത്രി, പച്ചക്ക വര്‍ഗീയത പറയുന്ന യോഗി ആദിത്യനാഥിനെപ്പോലെ ഒരുപിടി നേതാക്കള്‍, വേണ്ടത്ര പണം, കേന്ദ്ര ഭരണം, ഒരുപറ്റം മാധ്യമങ്ങളുടെ നിര്‍ലോഭമായ പിന്തുണ... ഇങ്ങിനെ എല്ലാ അര്‍ഥത്തിലുമുള്ള വിഭവശേഷിയും ഉപയോഗപ്പെടുത്തിയാണ് ബി ജെ പി പ്രചാരണം നയിച്ചത്. ബി ജെ പി എം പി പര്‍വേഷ് വെര്‍മയെ രണ്ട് തവണയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തില്‍നിന്ന് വിലക്കിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മൂന്ന് ദിവസത്തെ നിരോധനം ഏറ്റുവാങ്ങി. ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് കെജ്‍രിവാള്‍ വാഗ്ദാനം നല്‍കുന്നുവെന്ന പേരില്‍ വ്യാജ വീഡിയോ പുറത്തുവിട്ടത് ബി ജെ പി വക്താവ് സാംബിത് പത്ര. ശാഹീന്‍ ബാഗ് സമരം ബി ജെ പിയുടെ വലിയ ആയുധമായിരുന്നു. അവിടത്തെ സമരക്കാരായ സ്ത്രീകളെ കോണ്‍ഗ്രസ് സ്പോസണ്‍സര്‍ ചെയ്തതാണ് എന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് പരസ്യപ്രസ്താവന നടത്തിയത് ബിജെപി സോഷ്യല്‍മീഡിയ പ്രചാരണച്ചുമതല വഹിക്കുന്ന അമിത് മാളവ്യ. ഇത് പ്രമുഖ നേതാക്കളെല്ലാം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചു. ഇതിന് അനുബന്ധമായാണ് ശാഹീന്‍ബാഗില്‍ കെജ്‍രിവാള്‍ ബിരിയാണി വിളന്പുന്നുവെന്ന ആദിത്യനാഥിന്റെ പ്രസ്താവന വന്നത്.  എന്നാല്‍ ഈ പ്രചാരണത്തെ ആപ് നേരിട്ടത് വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, വികസനം, പരിസ്ഥിതി തുടങ്ങി മനുഷ്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളുന്നയിച്ചാണ്. ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവന്ന അങ്ങേയറ്റം വൈകാരികമായ വിഷയങ്ങളെ അവഗണിക്കാനാണ് ആപ് കൂടുതല്‍ ജാഗ്രത കാട്ടിയത്. ഒരിക്കല്‍പോലും ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ആപ് നേതാക്കള്‍ തയാറായില്ല. ശരീഅത്ത് വിഡിയോ പോലെ അതേ ദൃശ്യങ്ങള്‍ തന്നെ തെളിവാക്കി മാറ്റി മറുപടി പറയാവുന്ന വിഷയങ്ങളില്‍പോലും ആപ് ഇടപെട്ടില്ല. പകല്‍പോലെ ബോധ്യപ്പെടുന്ന പച്ച നുണകളും വ്യാജ കഥകളും അര്‍ധ സത്യങ്ങളുമെല്ലാം എളുപ്പത്തില്‍ പ്രതിരോധിക്കാമെന്നും അതേറ്റുപിടിച്ചാല്‍ ബി ജെ പിയെ നിരായുധരാക്കാമെന്നും തിരിച്ചറിഞ്ഞ്  അത്തരത്തിലുള്ള പ്രതിരോധത്തിലേക്കും അതുപയോഗിച്ചുള്ള ആക്രമണത്തിലേക്കും നീങ്ങുകയാണ്  ബി ജെ പി വിരുദ്ധ ചേരി ഇതുവരെ പിന്തുടര്‍ന്നിരുന്ന രീതി.  ഈ 'ജനപ്രിയ' രീതിക്ക് മാറ്റം വരുത്തിയ ആപ്, ബി ജെ പി മുന്നോട്ടുവച്ച അജണ്ടകളില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി പകരം അവര്‍ ഉന്നയിക്കാനാഗ്രഹിച്ച വികസന-ജീവത് പ്രശ്നങ്ങളില്‍ ഉറച്ചുനിന്നു. ചര്‍ച്ചകളെ അതിലേക്ക് കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി അടക്കമുള്ളവരെ ഈ വിഷയങ്ങളില്‍ മറുപടി പറയാന്‍ നിര്‍ബന്ധിതരാക്കാനും അവര്‍ക്ക് കഴിഞ്ഞു. തീവ്ര ദേശീയതയിലൂന്നിയ വര്‍ഗീയ പ്രചാരണങ്ങളെ സാധാരണക്കാരുടെ ജീവത്പ്രശ്നങ്ങള്‍ കൊണ്ട് പ്രതിരോധിക്കാനാവുമെന്നാണ് ആപ് തെളിയിച്ചത്. ഇത് രാജ്യത്ത് പുതിയൊരു തെര‍ഞ്ഞെടുപ്പ് പ്രചാരണ മാതൃകയാണ്. വേറിട്ടൊരു രാഷ്ട്രീയ വഴിയുമാണ്.

ശാഹീന്‍ബാഗ് വിഷയത്തില്‍ കെജ്‍രിവാള്‍ പ്രതികരിക്കുന്നില്ല എന്നൊരു പ്രചാരണം ബി ജെ പിയും ബിജെപി അനുകൂല മാധ്യങ്ങളും ഇടക്ക് ശക്തമാക്കിയിരുന്നു. ആപിനെ പിന്തുണക്കുന്ന മുസ്‍ലിം വോട്ടര്‍മാര്‍ക്കിടയിലും ഹിന്ദു വോട്ട് ബാങ്കിലും ഒരുപോലെ ആഘാതം സൃഷ്ടിക്കാവുന്ന ഇരുതലമൂര്‍ച്ചയുള്ള വാളായിരുന്നു അത്. അതില്‍പോലും തന്ത്രപരമായ നിലപാട് സ്വീകരിച്ച് ചര്‍ച്ചകള്‍  വഴിമാറിപ്പോകാതെ സൂക്ഷിക്കാന്‍ കെജ്‍രിവാളിന് കഴിഞ്ഞു. തെര‍ഞ്ഞെടുപ്പ് കളത്തില്‍ രാഷ്ട്രീയ കൃത്യത പോലെത്തന്നെ പ്രധാനമാണ് രാഷ്ട്രീയ കുതന്ത്രങ്ങളെ നേരിടാനുള്ള വൈദഗ്ധ്യവും. ഡല്‍ഹിയില്‍ അപ്രസക്തരായിപ്പോകുമെന്ന് ഉറപ്പായിട്ടും കോണ്‍ഗ്രസും ഇത്തവണ ഈ രാഷ്ട്രീയ ജാഗ്രത കാണിച്ചു. ജയിക്കില്ലെങ്കിലും അതിശക്തമായ മത്സരത്തിനിറങ്ങാനുള്ള ശേഷി ഇപ്പോഴും ഡല്‍ഹിയില്‍ കോണ്‍ഗ്രസിനുണ്ട്. എന്നിട്ടും പേരിന് സാന്നിധ്യം നിലനിര്‍ത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസും ആപും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ട് എന്ന പ്രചാരണം ബി ജെ പി ശക്തമാക്കിയപ്പോഴും ഇരുപാര്‍ട്ടികളും അതേറ്റുപിടിച്ചില്ല. ബി ജെ പി മുന്നോട്ടുവക്കുന്ന വിഭജന മുദ്രാവാക്യങ്ങള്‍ക്ക് പ്രചാരണവും അതുപറയുന്നവര്‍ക്ക് ദൃശ്യതയും തങ്ങളിലൂടെ നല്‍കേണ്ടതില്ല എന്നതാണ് ആപ് സമീപനത്തിന്റെ സത്ത. മറുപടി പറയാന്‍ വേണ്ടി അതേറ്റുപിടിച്ചാലും വൈകാരിക വിഷയങ്ങളില്‍ വിഭാഗീയ രാഷ്ട്രീയത്തിനേ ആത്യന്തികമായി നേട്ടമുണ്ടാക്കാനാവൂവെന്ന തിരിച്ചറിവും ഈ സമീപനത്തിന് പിന്നില്‍ കാണാം.

ഡല്‍ഹിയെപ്പോലെ ബി ജെ പിക്ക് സ്വീകാര്യത ലഭിച്ച സ്ഥലമല്ല കേരളം. ചരിത്രത്തിലിന്നുവരെ ആകെയൊരു എം എല്‍ എമാത്രമാണ് അവര്‍ക്കുണ്ടായിട്ടുള്ളത്. എന്നാല്‍  വോട്ടുവിഹിതത്തില്‍ ക്രമാനുഗതമായ വളര്‍ച്ച കേരളത്തില്‍ ബി ജെ പി രേഖപ്പെടുത്തുന്നുമുണ്ട്.  ബിജെപി മുന്നോട്ടുവക്കുന്ന വിഭാഗീയ-വര്‍ഗീയ രാഷ്ട്രീയ അജണ്ടകളെ നേരിടുന്നതില്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവരായിട്ടും, ഇതുവരെ ബി ജെ പിയുടെ വളര്‍ച്ചെയ പ്രതിരോധിക്കാനോ തളര്‍ത്താനോ കേരളത്തിന് കഴിഞ്ഞിട്ടില്ല.  ബി ജെ പി നേതാക്കളുണ്ടാക്കുന്ന പരിഹാസ്യവും വിഷലിപ്തവുമായ പ്രസ്താവനകള്‍ക്കെതിരെ ട്രോളുകളുണ്ടാക്കി അതിന്റെ ബാഹ്യ രസങ്ങളില്‍ അഭിരമിക്കുക എന്നതാണ് കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ ചേരിയുടെ പ്രധാന പ്രവര്‍ത്തന പരിപാടി. ബി ജെ പി തന്നെ ലക്ഷ്യംവക്കുന്ന പ്രചാരണ ആശയങ്ങളെ, അവരേക്കാള്‍ ഊക്കോടെ അവര്‍ക്ക് അപ്രാപ്യമായ ആളുകളിലേക്കുവരെ എത്തിക്കുന്നുവെന്നതാണ് ഇത്തരത്തില്‍ ബിജെപിയെ പ്രതിരോധിക്കാമെന്ന് കരുതുന്നവര്‍ ഫലത്തില്‍ നിര്‍വഹിക്കുന്ന ദൌത്യം. ഇത്തരം രാഷ്ട്രീയ അബദ്ധങ്ങളെയാണ്, അവഗണിക്കുക-മൌനംപാലിക്കുക-പറയാനുള്ളത് ഉറച്ച് പറയുക എന്ന സമീപനത്തിലൂടെ ആപ് തിരുത്തിയത്.

ശാഹീന്‍ബാഗ് ചര്‍ച്ചയില്‍ കെജ്‍രിവാളിനെ കുടുക്കാന്‍ ആവത് ശ്രമിച്ച് പരാജയപ്പെട്ട ബി ജെ പിക്ക് ഒടുവില്‍ ആ സമരത്തില്‍ തീവ്രവാദി ബന്ധം സ്ഥാപിക്കാന്‍ ഉപകരണമായതും കേരളം തന്നെയാണ് എന്നത് ഈ പശ്ചാത്തലത്തില്‍ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പൌരത്വ വിരുദ്ധ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്ന് സ്ഥാപിക്കാന്‍ നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഉദ്ദരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകളെയാണ്. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. പാര്‍ലമെന്റില്‍ പിണറായിയെ ഉദ്ദരിച്ച് മോദി പ്രസ്താവന നടത്തിയത് ഫെബ്രുവരി ആറിന്. പരസ്യ പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുന്പ്! അതിനോടും മലയാളികള്‍ (പിണറായിയെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും) അതിവൈകാരികമായി പ്രതികരിച്ചപ്പോള്‍, ഡല്‍ഹിയില്‍ ബി ജെ പി വിരുദ്ധ തെര‍ഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നവര്‍ അതേറ്റുപിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കെജ്‍രിവാളിനെപ്പോലെത്തന്നെ പ്രത്യക്ഷത്തില്‍ ബിജെപി വിരുദ്ധ പ്രതിച്ഛായയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഫാസിസ്റ്റ് വിരുദ്ധ ജനകീയ മുന്നേറ്റത്തെ ദുര്‍ബലമാക്കാതിരിക്കാന്‍ ഈ രണ്ട് മുഖ്യമന്ത്രിമാരും ഒരുപോലെ ജാഗ്രത കാണിക്കേണ്ടവരാണ്. എന്നാല്‍ അതിലൊരാളെ ബിജെപിക്ക് എളുപ്പത്തില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ കഴിയുന്നു; മറ്റേയാളാകട്ടെ ബിജെപിയുടെ എല്ലാ പ്രചാരണ കുതന്ത്രങ്ങളെയും എളുപ്പത്തില്‍ അതിജീവിക്കുന്നു. ബിജെപിക്ക് എതിരായ തെരഞ്ഞെടുപ്പ് രാഷ്ട്രീയ വ്യവഹാരങ്ങളിലെ ഇരുവരുടെയും രാഷ്ട്രീയ ജാഗ്രത ഏതളവില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഇതില്‍നിന്ന് വ്യക്തം. ഇതുതന്നെയാണ് കേരളവും ഡല്‍ഹിയും തമ്മിലെ വ്യത്യാസം. ഈ വ്യത്യാസമാണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം കേരളത്തെ പഠിപ്പിക്കുന്ന പ്രധാന പാഠം. എന്ത് പറയണം, എവിടെ പറയണം, എങ്ങിനെ പറയണം, ആരോട് പറയണം, ആരെക്കുറിച്ച് പറയണം എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തന പദ്ധതിയാണ് എന്ന് കേരളത്തിലെ ഹിന്ദുത്വ വിരുദ്ധ ചേരിയിലുള്ളവര്‍ ഡല്‍ഹിയില്‍നിന്ന് കണ്ടുപഠിക്കണം.

ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ ഭാഷയെയും പ്രയോഗരീതികളേയും അതിന്റെ വിജയോപാധികളേയും അതേ ഫാസിസം തന്നെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന ആശങ്കാജനകമായ സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. എങ്കിലും പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സുപ്രധാനമായ  തെരഞ്ഞെടുപ്പ് വിജയം എന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ സമീപനം അനിവാര്യമാക്കി മാറ്റുന്ന സാമൂഹികാന്തരീക്ഷം രാജ്യത്ത് നിലവില്‍ വന്നുകഴിഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ഥ്യവും തിരിച്ചറിയണം. ഹിന്ദുത്വ ഫാസിസം, അപ്രതിരോധ്യമെന്ന മട്ടില്‍ രാജ്യത്ത് കൈവരിച്ച വളര്‍ച്ചയാണ് ഈ സാമൂഹികാവസ്ഥ സൃഷ്ടിച്ചത്. അതിനെ നേരിടുന്പോള്‍ ദീര്‍ഘകാല പദ്ധതിപോലെ തന്നെ പ്രധാനമാണ് അടിയന്തര ഫലപ്രാപ്തിക്ക് വേണ്ട തന്ത്രപരമായ സമീപനങ്ങളും.

(ജനപക്ഷം, മാര്‍ച്ച് 2020)

എന്‍.പി.ആര്‍: 118 കോടി പൌരന്‍മാരുടെ വിവരം ശേഖരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ




* റിപ്പോര്‍ട്ടിന്റെ  പകര്‍പ് മീഡിയവണിന്
* തയാറാക്കിയ എന്‍ പി ആറില്‍ പ്രവാസികള്‍ ഇല്ല





കേരളം അടക്കം വിവിധ സംസ്ഥാനങ്ങള്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച നാഷണല്‍ പോപുലേഷന്‍ രജിസ്റ്റര്‍ (എന്‍ പി ആര്‍) ഏറെക്കുറെ തയാറാക്കിക്കഴിഞ്ഞെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖ. 2010ലെ സെന്‍സസിനൊപ്പമാണ് ഈ വിവരങ്ങള്‍ കൂടി ശേഖരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എന്‍ പി ആര്‍-സെന്‍സസ് നടപടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 118 കോടി പൌരന്‍മാരുടെ ഇലക്ട്രോണിക് വിവര ശേഖരണം പൂര്‍ത്തിയായി. ഇവരുടെ രജിസ്റ്റര്‍ തയാറാക്കി കഴിഞ്ഞു. ഇതില്‍ 25.80 കോടി വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു.

രാജ്യത്തെ സെന്‍സസിന്റെയും എന്‍ പി ആറിന്റെയും ചുമതല വഹിക്കുന്ന രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ കീഴില്‍ നടക്കുന്ന വിവിധ കണക്കെടുപ്പുകളുടെ വിശദാംശങ്ങളും അതിന്റെ സംഗ്രഹ വിവരങ്ങളും ഉള്‍പെടുത്തിയ റിപ്പോര്‍ട്ടില്‍ 'സ്റ്റാറ്റസ് ഓഫ് എന്‍ പി ആര്‍/എന്‍ ആര്‍ ഐ സി' എന്ന തലക്കെട്ടിന് കീഴിലാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. പൌരത്വ പട്ടിക തയാറാക്കുന്നതിന്റെ ആദ്യഘട്ടമാണ് എന്‍ പി ആര്‍ എന്ന ആമുഖത്തോടെയാണ്  വിവരശേഖരണത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടുത്തഘട്ടത്തില്‍ ഇന്ത്യയില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് പൌരത്വ പട്ടിക തയാറാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

2010ല്‍ എന്‍ പി ആറിന് വേണ്ടി എങ്ങിനെയാണ് വിവരങ്ങള്‍ ശേഖരിച്ചത് എന്ന് ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ അവരുടെ ഒദ്യോഗിക വെബ്സൈറ്റില്‍ വിശദീകരിക്കുന്നുണ്ട്. അതിപ്രകാരമാണ്: 2011 സെന്‍സസിനൊപ്പം (2010 ഏപ്രില്‍- സെപ്തംബര്‍ മാസങ്ങളില്‍) എന്യുമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് എന്‍ പി ആര്‍ 2010ന് വേണ്ട വിവരങ്ങള്‍ ശേഖരിച്ചു. വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫോം സ്കാന്‍ ചെയ്ത് ഇലക്ട്രോണിക് ഡാറ്റാബേസില്‍ എത്തിച്ചു. ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ പ്രാദേശികമായി സംഘടിപ്പിക്കുന്ന എന്‍റോള്‍മെന്റ് ക്യാന്പുകള്‍ വഴി ഇതിലേക്ക് ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ഫോട്ടോഗ്രാഫ്, വിരടലടയാളം, രണ്ട് കണ്ണുകളുടെയും ചിത്രം (ഐറിസ് പ്രിന്റ്) എന്നിവയാണ് ബോയമെട്രിക് വിവരങ്ങള്‍ക്കായി ശേഖരിക്കുന്നത്. എന്‍ പി ആര്‍ തയാറാക്കുന്നതിനായി നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. എന്‍ ആര്‍ ഐ നിര്‍വചനപ്രകാരം പ്രവാസികള്‍ ഇന്ത്യയിലെ താമസക്കാരല്ല. അതിനാല്‍ 2010ലെ എന്‍ പി ആറില്‍ അവരെ ഉള്‍പെടുത്തിയിട്ടില്ല. അവര്‍ തിരിച്ചുവന്ന് നാട്ടില്‍ താമസമാക്കിയാല്‍ എന്‍ പി ആറില്‍ ഉള്‍പെടുത്തുമെന്നും രജിസ്ട്രാര്‍ വിശദീകരിക്കുന്നു.

ഒരു വ്യക്തിയുടെ 15 വിവരങ്ങളാണ് ഇപ്പോള്‍ തയാറായിക്കഴിഞ്ഞ പോപുലേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിക്കുന്നത്. അവ: 1) വ്യക്തിയുടെ പേര്. 2) കുടുംബനാഥനുമായുള്ള ബന്ധം. 3) പിതാവിന്റെ പേര്. 4) മാതാവിന്റെ പേര്. 5) വിവാഹാവസ്ഥ. 6) വിവാഹിതരെങ്കില്‍ ഭാര്യ/ര്‍ത്താവിന്റെ പേര്. 7) ലിംഗം. 8) ജനനത്തിയതി. 9) ജനനസ്ഥലം. 10) പൌരത്വം (nationality). 11) ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിലാസം. 12) എത്ര നാളായി  നിലവിലെ സ്ഥലത്ത് തിമസിക്കുന്നു? 13) സ്ഥിരം മേല്‍വിലാസം. 14) ജോലി. 15) വിദ്യാഭ്യാസ യോഗ്യത. ഇതിന് പുറമേയാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നത്.

2020 ലെ എന്‍ പി ആറില്‍ 6 പുതിയ ചോദ്യങ്ങള്‍കൂടി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പെടുത്തിയിട്ടുണ്ട് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്‍ പി ആര്‍ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 74 ജില്ലകളില്‍ നടത്തിയ പൈലറ്റ് സര്‍വേയിലാണ് പുതിയ ചോദ്യങ്ങള്‍ ഇടംപിടിച്ചത്. മാതാപിതാക്കളുടെ ജനനത്തിയതി, ജനനസ്ഥലം, പാസ്പോര്‍ട്ട് വിവരങ്ങള്‍, ആധാര്‍,വോട്ടര്‍ ഐഡി, ലൈസന്‍സ് വിവരങ്ങള്‍ തുടങ്ങിയവയാണ് പുതുതായി ചേര്‍ത്തത്. ആകെ 21 ചോദ്യം. എന്നാല്‍ 2020 എന്‍ പി ആറിന്റെ ചോദ്യപ്പട്ടികയില്‍ ഇവ ഉള്‍പെടുത്തിയതായി ഇതുവരെ ഔദ്യോഗികമായി ‌സ്ഥിരീകരിച്ചിട്ടില്ല. ഇവ ഉള്‍പെടുത്തിയാലും ഇല്ലെങ്കിലും കേന്ദ്ര സര്‍ക്കാര്‍ രേഖപ്രകാരം ഇപ്പോള്‍ അവരുടെ കൈവശമുള്ള വിവരങ്ങള്‍ പൌരത്വ പട്ടികയായി (എന്‍ ആര്‍ സി) മാറ്റാന്‍ കഴിയുന്ന എന്‍ പി ആര്‍ തന്നെയാണെന്ന് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണ്.

ഓഫീസ് ഓഫ് ദി രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ വെബ്സൈറ്റില്‍ 2010ലെ എന്‍ പി ആറിനെ കുറിച്ച് സംക്ഷിപ്ത വിവരണമുണ്ട്. അതില്‍ പറയുന്നത് 2011 സെന്‍സിനൊപ്പം വിവരങ്ങള്‍ ശേഖരിച്ചു, 2015ല്‍ വീടുകള്‍തോറും സര്‍വെ നടത്തി ഈ വിവരങ്ങള്‍ പുതുക്കി, അവ ഡിജിറ്റൈസ് ചെയ്തു എന്നുമാണ്.  2021ലെ സെന്‍സസിനൊപ്പം വീണ്ടും എന്‍ പി ആര്‍ അപ്ഡേഷന്‍ നടക്കുമെന്നും അതിന് കേന്ദ്ര സര്‍ക്കാര്‍ വിഞ്ജാപനം പുറപ്പെടുവിച്ചുവെന്നും വൈബ്സൈറ്റിലുണ്ട്. ഇത്തവണ നടക്കുന്നത് പുതിയ എന്‍ പി ആര്‍ വിവര ശേഖരണമല്ല, മറിച്ച് പുതുക്കല്‍ (അപ്ഡേഷന്‍) മാത്രമാണ് എന്നാണ് ഇതിനര്‍ഥം. അഥവ എന്‍ പി ആര്‍ നടപ്പാക്കില്ല എന്ന സംസ്ഥാന സര്‍ക്കാര്‍ വാദവും എന്‍ പി ആര്‍ നടപ്പാക്കരുത് എന്ന പ്രക്ഷോഭകരുടെ ആവശ്യവും അപ്രസക്തവും യുക്തിരഹിതവുമാണ് എന്നര്‍ഥം. ഇപ്പോള്‍ തന്നെ തയാറായിക്കഴിഞ്ഞ എന്‍ പി ആറിനെ പൌരത്വ പട്ടികയായി (എന്‍ ആര്‍ സി) പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല. അങ്ങിനെ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അവശേഷിക്കുന്ന വിവരങ്ങള്‍ നല്‍കേണ്ടത് പൌരത്വം ഉറപ്പാക്കേണ്ടവരുടെ നിയമപരമായ ബാധ്യതയും ഉത്തരവാദിത്തവുമായി മാറും.
( ഫെബ്: 4- 2020,
മീഡിയവണ്‍ വെബ്)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...