Showing posts with label ഫീച്ചര്‍. Show all posts
Showing posts with label ഫീച്ചര്‍. Show all posts

Sunday, April 19, 2020

കൊറോണകേറാ തുരുത്തുകള്‍

ടുവാലു ദ്വീപ് സമൂഹത്തിലെ ഒരു പ്രദേശം- ഗൂഗ്ള്‍ ചിത്രം

 രാജ്യങ്ങള്‍

  • ടുവാലു.  സമോവ. ടോങ്ക. ലസോതോ
  • കിരിബാസ്. കൊമോറോസ്. നഊറു. 
  • പലാവു. വനുവാറ്റു. മൈക്രൊനേഷ്യ. 
  • മാര്‍ഷല്‍ ഐലന്റ്സ്. സോളമന്‍ ഐലന്റ്സ്.


ലോകമാകെ പടര്‍ന്നുപിടിച്ച കോവിഡെന്ന മഹാമാരിക്ക്  മുന്നില്‍ മനുഷ്യരെല്ലാം അടിയറവ് പറഞ്ഞുകഴിഞ്ഞു. കരയും കടലും ആകാശവുമെല്ലാം അടച്ചുകെട്ടിയിട്ടും എല്ലാ വന്‍കരകളിലും കൊറോണ വൈറസ് നിശ്ശബ്ദം നടന്നെത്തിയിരിക്കുന്നു. മരണമായും മഹാമാരിയായും അത് ചുടലനൃത്തം ചവിട്ടുകയാണ്. ലോകമാകെ ചാന്പലാക്കാന്‍ ശേഷിയുള്ള ആയുധപ്പുരകളുടെ കാവലുണ്ടെന്ന് വീരസ്യം പറഞ്ഞിരുന്നവര്‍പോലും  നെഞ്ചില്‍ തീപിടിച്ച് പരക്കംപായുന്നു. വാക്ക് മുട്ടിയവരുടെ നിസ്സാഹയമായ നിലവിളികളും രക്ഷാവഴികളടഞ്ഞവരുടെ നിരാശാഭരിതമായ നെടുവീര്‍പുകളും മരണമുറച്ചവരുടെ നിശ്ശബ്ദതയുമെല്ലാം ഇഴചേര്‍ന്ന് രൂപപ്പെട്ട ഭയത്തിന്റെ കരിന്പടത്തില്‍ പൊതിഞ്ഞ ഒരു സെമിത്തേരിയാണിന്ന് ലോകം. ഇത്തരമൊരു ലോകത്ത് ഇനിയും കോവിഡ് ആക്രമണത്തിനിരയാകാത്ത ഒരു രാജ്യമുണ്ടോ എന്ന ചോദ്യത്തിലെ അവിശ്വസനീയത ആരെയും വിസ്മയിപ്പിക്കും.

പക്ഷെ, അങ്ങനെയുമുണ്ട് രാജ്യങ്ങള്‍. ഒന്നല്ല, പന്ത്രണ്ട് രാജ്യം‍!! പേരുകേട്ട വന്പന്‍മാരെല്ലാം കീഴടങ്ങിയിട്ടും പിടിച്ചുനില്‍ക്കുന്നവര്‍. ഒരുപക്ഷെ കോവിഡ് വന്നില്ലായിരുന്നെങ്കില്‍ മലയാളികള്‍ അവരുടെ ജീവിതത്തിനിടെ പേരുപോലും കേള്‍ക്കാനിടയില്ലാത്ത രാജ്യങ്ങള്‍. ജനസംഖ്യ തീരെ കുറഞ്ഞ കൊച്ചുകൊച്ചു രാജ്യങ്ങളാണവ‍. ഇതുവരെ കോവിഡ് ബാധിച്ചില്ലെങ്കിലും ഇനി വൈറസ് വന്നുകയറില്ലെന്ന അമിതമായ ആത്മവിശ്വാസമൊന്നും ഇവര്‍ക്കില്ല. പലരും വന്പന്‍ രാജ്യങ്ങളെ വെല്ലുന്ന മുന്‍കരുതലുകളെടുത്തിട്ടുമുണ്ട്. എല്ലാവരും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ്. പരിമതിമായ ആരോഗ്യ അടിസ്ഥാന സൌകര്യവും ദരിദ്രമായ സാന്പത്തികാവസ്ഥയുമാണ് പല കുട്ടിരാജ്യങ്ങളിലുമുള്ളത്. ഇതില്‍ ഒന്നൊഴികെ എല്ലാ രാജ്യങ്ങളും ചിതറിക്കിടക്കുന്ന ചെറു ദ്വീപുകളുടെ സംഘാതമാണ്. വിദഗ്ധ ചികിത്സക്ക് വിദേശത്തെ ആശ്രയിക്കേണ്ടവര്‍. എന്നിട്ടും മറ്റെല്ലാ രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് ഈ 12 കുഞ്ഞു രാഷ്ട്രങ്ങള്‍ ആത്മവിശ്വാസത്തോടെ കൊറോണയെ അകറ്റിനിര്‍ത്തുകയാണ്.

പുറം മനുഷ്യരെത്താത്ത മണ്ണ്

ഭൂവിസ്തൃതിയില്‍ ലോകത്തെ രണ്ടാമത്തെ ചെറു രാജ്യമാണ് നഊറു. ജനസംഖ്യ പതിനായിരം. രാജ്യത്താകെയുള്ളത് ഒരു ആശുപത്രി. വെന്റിലേറ്റര്‍ സൌകര്യമേയില്ല. ആരോഗ്യ വിദഗ്ധരും നന്നേ കുറവ്. കൊറോണയെങ്ങാനും വന്നാല്‍ പിന്നെ രക്ഷയില്ലെന്നര്‍ഥം. അതിനാല്‍ രാജ്യമൊന്നാകെ വൈറസ് പടികടക്കാതെ കാക്കുകയാണ്. വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചും വിദേശങ്ങളില്‍നിന്ന് വരുന്ന നാട്ടുകാരെ കര്‍ശനമായ ഏകാന്തവാസത്തിനയച്ചും അവര്‍ ജാഗ്രതപാലിച്ചു. ഇതിപ്പോഴും തുടരുന്നുമുണ്ട്. സാന്പിളെടുത്താല്‍ പരിശോധനക്ക് ആസ്ത്രേലിയയില്‍ പോകണം. എങ്കിലും ഇതുവരെ എല്ലാം ഭദ്രം. 1968ല്‍ നിലവില്‍ വന്ന രാജ്യാണെങ്കിലും ഭൂമിയില്‍ ഏറ്റവും കുറവ് മനുഷ്യര്‍ പുറത്തുനിന്നെത്തുന്ന രാജ്യമാണിത്. ഒരുവര്‍ഷം ഇവിടെ വരുന്നത് ശരാശരി നൂറ് വിദേശ സന്ദര്‍ശകര്‍ മാത്രം. അതുകൊണ്ട് തന്നെ ഇനി രോഗം ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യതയും തീരെ കുറവ്.

പൊണ്ണത്തടിയോട് മുട്ടാനില്ല


കിങ്ഡം ഓഫ് ടോങ്കയാണ് കൊറോണക്ക് ബാലികേറാമലയായ മറ്റൊരു രാജ്യം. 748 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള രാജ്യം 169 ദ്വീപുകള്‍ ചേര്‍ന്നതാണ്. 1970ല്‍ സ്വതന്ത്രമായി. തുറമുഖങ്ങള്‍ അടച്ചും കര്‍ശനമായ യാത്രാവിലക്ക് ഏര്‍പെടുത്തിയും കോവിഡിനെ തടയാന്‍ നടത്തിയ നീക്കങ്ങള്‍ ഇവിടെ ഫലംകണ്ടു. കൊറോണയെ പുല്ലുപോലെ നേരിടുന്ന ടോങ്കക്കാര്‍ പക്ഷെ പൊണ്ണത്തടിയോട് മുട്ടാന്‍ നില്‍ക്കില്ല. ലോകാരോഗ്യ സംഘനയുടെ കണക്ക് പ്രകാരം രാജ്യത്തെ 60 ശതമാനം മനുഷ്യരും പൊണ്ണത്തടിയന്‍മാരാണ്. ലോകത്തില്‍ ഏറ്റവുമേറെ പൊണ്ണത്തടിയന്‍മാരുള്ള രാജ്യങ്ങളുടെ മുന്‍നിരിയിലുണ്ട് ടോങ്ക.

ഓര്‍മയിലുണ്ട് മഹാമാരി

ന്യൂസിലാന്റില്‍നിന്ന് സ്വാതന്ത്ര്യം നേടിയ നാല് ദ്വീപുകളുടെ കൂട്ടമാണ് സമൊവ എന്ന രാജ്യം. 1.95 ലക്ഷമാണ് ജനസംഖ്യ. സമൊവക്ക് പക്ഷെ പകര്‍ച്ചവ്യാധിയുടെ ഒരു ഭീകരചരിത്രമുണ്ട്. 1918 ല്‍ ഉണ്ടായ സ്പാനിഷ് ഫ്ലൂ എന്ന പകര്‍ച്ചപ്പനിയില്‍ രാജ്യത്തെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് മനുഷ്യര്‍ മരിച്ചിരുന്നു. ആ ഓര്‍മകള്‍കൂടിയുണ്ട്, അവരുടെ കോവിഡ് മുന്‍കരുതലുകളില്‍. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു എന്നൊരു വ്യാജ ഫേസ്ബുക്ക് പ്രചാരണമാണ് സമൊവയില്‍ ആദ്യമെത്തിയത്. ഒരു കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന വകുപ്പില്‍ ഇതിനെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മഹമാരിയുടെ ഓര്‍മയുള്ള നാട്ടില്‍ നടപടികള്‍ക്ക് ഒരിളവുമുണ്ടാകില്ലെന്നുറപ്പ്. കോവിഡ് രഹിത രാജ്യങ്ങളില്‍ താരതമ്യേന അല്‍പം മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുള്ളത് ഫെഡറേറ്റഡ് സ്റ്റേറ്റ് ഓഫ് മൈക്രൊനേഷ്യയിലാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ വര്‍ണാന്ധത ബാധിച്ചവരുള്ളത് ഈ രാജ്യത്തെ പോണ്‍പെ സ്റ്റേറ്റിലാണ്.

തെരഞ്ഞെടുപ്പില്‍ കലക്കും


പസിഫിക് ഓഷ്യനിലെ ദ്വീപ് രാജ്യങ്ങളിലൊന്ന് ടുവാലു. ജനസംഖ്യ 11,192 ആണെങ്കിലും രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം നിലവിലുണ്ട്. 15 അംഗ പാര്‍ലമെന്റും. ഭരണഘടനയും നിയമ വ്യവസ്ഥയും ഭദ്രമായ രാജ്യത്ത് 2023ല്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കും. കൊറോണ കയറാതെ രാജ്യത്തെ സംരക്ഷിച്ച പ്രധാനമന്ത്രിക്ക് അതൊരു ഭരണ നേട്ടമാകാതെ തരമില്ല. എന്നാല്‍ ഹൃദ്രോഗവും പ്രമേഹവും രക്തസമ്മര്‍ദവും കാര്‍ന്നുതിന്നുന്ന സമൂഹമാണ് ടുവാലു ജനത. എല്ലാ പൌരന്‍മാര്‍ക്കും ചികിത്സ സൌജന്യമാണെങ്കിലും മരണനിരക്ക് ഇത്തിരി ഉയര്‍ന്നതാണ്. 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്കാകട്ടെ 25/1000  ആണ്.

പുകവലിയാണ് പേടി

ഗില്‍ബേര്‍ട്ട് ഐലന്റ് രണ്ട്  രാജ്യങ്ങളായി പിരിഞ്ഞാണ് ടുവാലു പിറന്നത്. ഒപ്പം പിറന്നത് കിരിബാസ്. ടുവാലുവിനെപ്പോലെ തന്നെ കിരിബാസിലും കൊറോണക്ക് കയറാനായിട്ടില്ല. 32 ദ്വീപുകളടങ്ങിയതാണ് കിരിബാസ്. ആകെ ജനസംഖ്യ 1.10 ലക്ഷം. രാജ്യത്തെ 54 ശതമാനം ജനങ്ങളും പുകവലിക്കാരാണ്. പുകവലിക്കാര്‍ക്ക് കോവിഡ് വലിയ ഭീഷണിയാണെന്ന കഥകള്‍ ഇവിടെയുമുണ്ട്. അതിന്റെ പേടിയും. ഏതാണ്ട് 25 ഡോക്ടര്‍മാര്‍ മാത്രമുള്ള രാജ്യത്തെ, കൊറോണ വരാതെ സംരക്ഷിക്കല്‍ തന്നെയാണ് നല്ലത്.

കൊമോറോസിലെ ഒരു തീരം

ഡോക്ടര്‍മാരെ വേണം

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് സമൂഹ രാജ്യമാണ് ജസ്റുല്‍ ഖമര്‍. ഇംഗ്ലീഷില്‍ കൊമോറോസ് എന്നറിയപ്പെടുന്ന ഈ രാജ്യത്ത് ആകെ ജനം 8.55 ലക്ഷം. അതി ദരിദ്ര രാജ്യാണെങ്കിലും ആഘോഷത്തിന് ഇവിടെ ഒരുകുറവുമില്ല. അത്യാഡംബരപൂര്‍വം വിവാഹം നടത്തുന്നവര്‍ക്ക് മാത്രം ധരിക്കാന്‍ അനുമതിയുള്ള പ്രത്യേക രീതിയിലുള്ള ചില ദേശീയ വസ്ത്രങ്ങള്‍ വരെ ഇവിടെയുണ്ടത്രെ.  ലോക്ക്ഡൌണും ക്വാറന്റൈനും നടപ്പാക്കുന്ന കാര്യത്തിലും ജസ്റുല്‍ ഖമര്‍ ഇത്തിരി ആര്‍ഭാടത്തിലാണ്. അനിശ്ചിതകാലത്തേക്കാണ് ലോക്ക്ഡൌണ്‍. രാജ്യത്താകെയുള്ളത് 100-120 ഡോക്ടര്‍മാര്‍ മാത്രം. ആശുപത്രി സൌകര്യങ്ങളും പരിമിതം. അപ്പോള്‍ കല്യാണം പോലെത്തന്നെ ലോക്ക്ഡൌണും അല്‍പം അധികമാകുന്നതില്‍ തെറ്റില്ല.

ആണവ വികിരണത്തോളമില്ല വൈറസ്

കോവിഡ് സാധ്യതയുള്ളവരെ നേരത്തെതന്നെ കണ്ടെത്തിയ രണ്ട് രാജ്യങ്ങളാണ് പലാവുവും മാര്‍ഷല്‍ ഐലന്റ്സും. രണ്ടിടത്തും പരിശോധിച്ച കേസുകള്‍ നഗറ്റിവ് ആയി. 17,907 മനുഷ്യരാണ് ആകെ പലാവുവിലുള്ളത്. ഇന്ത്യയുടെ പ്രായമുള്ള ഈ രാജ്യം പക്ഷെ കോവിഡ് മുന്‍കരുതല്‍ നടപടികളില്‍ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. ഒരാശുപത്രി മറ്റെല്ലാ രോഗ ചികിത്സകളും കുറച്ച് കോവിഡ് സാഹചര്യം നേരിടാന്‍ ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. 29 ദ്വീപുകളുണ്ടെങ്കിലും മാര്‍ഷല്‍ ഐലന്റില്‍ ആകെ ജനസംഖ്യ 58,000 മാത്രം. 1954ല്‍ അമേരിക്ക നടത്തിയ തെര്‍മോന്യൂക്ലിയര്‍ പരീക്ഷണത്തിന് വേദിയായ ദ്വീപാണിത്. അതിന്റെ വികിരണത്തിനിരയായവരുടെ പിന്‍തലമുറയാണ് ഈ ദ്വീപിലെ ഒരുവിഭാഗം. ആണവ പരീക്ഷണത്തിന്റെ ദുരിതം വേട്ടയാടുന്നവര്‍ക്ക് കോവിഡ് ഒരു വെല്ലുവിളിയേ ആകാനിടയില്ല!

വാര്‍ത്തകള്‍ക്ക് വിലക്ക്

80 ദ്വീപുകളിലായി കഴിയുന്ന രണ്ടുലക്ഷം മനുഷ്യരുടെ രാജ്യമാണ് വനുവാറ്റു എങ്കിലും ചൈനയില്‍ രോഗം വന്നപ്പോള്‍ തന്നെ അവര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നു. വ്യാജ പ്രചാരണം തടയാന്‍ വാര്‍ത്താ പ്രസിദ്ധീകരണത്തിന് സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കി. ദുരന്തനിവാരണ വിഭാഗമാണ് പ്രസിദ്ധീകരണാനുമതി നല്‍കുക. ഇതിനെതിരെ രാജ്യത്ത് വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ വനുവാറ്റു കഴിഞ്ഞ വര്‍ഷം സോളമന്‍ ഐലന്റില്‍നിന്ന് നഴ്സുമാരെ വാടകക്കെടുത്തിരുന്നു. സ്വര്‍ണത്തലമുടിയും നീലക്കണ്ണുകളുമുള്ളവരാണ് സോളമന്‍ ഐലന്റിലെ ഒരുവിഭാഗം ജനങ്ങള്‍. 900ല്‍ അധികം ദ്വീപുകളിലായി 6.50 ലക്ഷംപേര്‍ വസിക്കുന്ന സോളമന്‍ ഐലന്റും ഇതുവരെ കോവിഡ് രഹിത രാജ്യമാണ്. വളരെ നേരത്തെ തുടങ്ങിയ ബോധവത്കരണ പരിപാടികളാണ് ഇവിടെ വിജയംകണ്ടത്.

ആഫ്രിക്കയിലെ ഐ.സി.യു

ദക്ഷിണാഫ്രിക്കയുടെ ഉള്ളില്‍ കുടുങ്ങിപ്പോയ ഒരു കൊച്ചു രാജ്യമാണ് ലസോതോ. 20 ലക്ഷം ജനങ്ങള്‍. ചുറ്റും ഒരൊറ്റ രാഷ്ട്രം അതിരിടുന്ന ലോകത്തെ മൂന്ന് രാജ്യങ്ങളിലൊന്ന്. അടിക്കടിയുണ്ടാകുന്ന വരള്‍ച്ചയേക്കാള്‍ അവര്‍ക്ക് വലുതല്ല കോവിഡ്. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണെങ്കിലും രോഗാതുരതയാല്‍ ലോകത്തിന്റെ മരണ മുനന്പാണീ രാജ്യം. എച്ച് ഐ വി/എയിഡ്സ്  രോഗ ബാധയിലും ക്ഷയരോഗ ബാധയിലും ലോകത്തെ രണ്ടാംസ്ഥാനക്കാര്‍. മരണനിരക്കില്‍ ലസോതോക്ക് മുന്നിലുള്ളത് സൌത്ത് സുഡാന്‍ മാത്രം. ഇവിടെ കൊറോണ വന്നാല്‍ എളുപ്പം മടങ്ങില്ലെന്നര്‍ഥം. കോവിഡ് ബാധിച്ച് ഇതിനകം 25പേര്‍ മരിച്ചുകഴിഞ്ഞ ദക്ഷിണാഫ്രിക്കയോട് ഒട്ടിക്കിടക്കുന്പോഴും കണിശമായ നിയന്ത്രണങ്ങളേര്‍പെടുത്തിയാണ് ലസോതോയുടെ പ്രതിരോധം. 


വൈറസെത്തിയാല്‍ പിടിവിട്ടുപോകുമെന്നുറപ്പുള്ളവയാണ് ഈ പന്ത്രണ്ട് രാജ്യങ്ങളും. അത്രമേല്‍ ദുര്‍ബലമാണ് അവിടങ്ങളിലെ അടിസ്ഥാന സൌകര്യം. അതുകൊണ്ട് തന്നെ വൈറസിനെ അകറ്റിനിര്‍ത്തുക എന്നതുമാത്രമാണ് ഇവരുടെ മുന്നിലുള്ള ഏക പോംവഴി. ഇവയില്‍ ഒന്നൊഴികെയെല്ലാ രാജ്യങ്ങളും ദ്വീപ് സമൂഹ രാഷ്ട്രങ്ങളാണ്. മഹാസമുദ്രങ്ങള്‍ക്കിടയില്‍ പ്രകൃതിതന്നെ ഒരുക്കിയ സ്വാഭാവികമായ ഐസൊലേഷനില്‍ ആജന്മം കഴിയുന്നവര്‍. അതും അവരുടെ കോവിഡ് പ്രതിരോധ രഹസ്യങ്ങളിലൊന്നാകാം. മഹാസമുദ്രങ്ങള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നതിന്റെ വേവലാതി ഈ കുഞ്ഞുരാജ്യങ്ങള്‍ക്ക് ഇപ്പോള്‍ സ്വകാര്യ അഹങ്കാരമാണ്. ആഗോളഗ്രാമമായി മാറിയ ലോകത്ത് ഇങ്ങിനെയും ചില തുരുത്തുകള്‍ സാംസ്കാരികമായും സാമൂഹികമായും അവശേഷിക്കുന്നുണ്ട് എന്നതും ആശ്ചര്യകരം തന്നെ.

(ഉത്തരകൊറിയ, തജിക്കിസ്താന്‍, തുര്‍ക്ക്മെനിസ്താന്‍ എന്നീ രാജ്യങ്ങളും കോവിഡ് ഇല്ലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇതില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്.) 

(മാധ്യമം വാരാദ്യ പതിപ്പ്, 19-04-2020)

Monday, April 13, 2020

കുഞ്ഞുമോന്‍ മാസ്റ്ററുടെ വിദ്യാര്‍ഥി, നാട്ടുകാരുടെ ഹെഡ്മാഷ്






അഭിമുഖം: എം കെ ഷംസുദ്ദീന്‍ മാസ്റ്റര്‍. (റിട്ട. പ്രിന്‍സിപ്പല്‍, AIHSS, പാടൂര്‍)


ഹൈസ്കൂളിലെ ഹെഡ്മാഷെന്നാല്‍ ഒരു ഭീകര ജീവിയാണെന്ന വാമൊഴിക്കഥകള്‍ കേട്ടുപേടിച്ചാണ് കാല്‍നൂറ്റാണ്ടിലേറെക്കാലം പാടൂരിലെ കുരുന്നുകള്‍ അവരുടെ സ്കൂള്‍ ജീവിതം തുടങ്ങിയിരുന്നത്. പ്രൈമറി സ്കൂളില്‍വച്ചുതന്നെ അത്തരം കഥകള്‍ കുട്ടികളുടെ ചെവിയിലെത്തും. എത്ര ഭയന്നാലും ആ വല ഭേദിക്കാനാകില്ലെന്നുറപ്പുള്ളതിനാല്‍ മെല്ലെ മെല്ലെ ആ കഥയോടങ്ങിഴുകിച്ചേരും.

പ്രൈമറി സ്കൂളില്‍ പഠിക്കുന്പോള്‍ എല്ലാ വൈകുന്നേരവും എന്റെ ഇടത്താവളമായിരുന്ന കുഞ്ഞിപ്പാടെ വീട്ടിലെ (എന്‍ പി അബൂബക്കര്‍) സ്ഥിരം സന്ദര്‍ശകനായിരുന്നു ഷംസുദ്ദീന്‍ മാഷ്. കുഞ്ഞിപ്പാടെ അടുത്ത സുഹൃത്തും. ഒട്ടുമിക്ക ദിവസവും ഞാനവിടെ നിന്ന് പോകുംമുന്പ് മാഷവിടെയെത്തും.
അടുത്തകൊല്ലം ഈ ഹെഡ്മാഷുടെ മുന്നിലേക്ക് പോകണമല്ലോ എന്ന ആധിയുമായി നടന്നിരുന്ന ഏഴാംക്ലാസുകാലത്ത് ഒരുകാരണവശാലും മാഷ്ക്ക് മുഖം കൊടുക്കാതിരക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മുഖപരിചയമുണ്ടാകാതിരിക്കാനുള്ള ഒടിവിദ്യ. അങ്ങിനെ ഭയന്നുഭയന്ന് എട്ടിലെത്തിയ ഞാന്‍ പിന്നെ കാണുന്നത് അസാധാരണമായ അധ്യാപന ശേഷിയുള്ള, സ്നേഹനിധിയായ ഒരധ്യാപകനെയാണ്. ഇടഞ്ഞും പിടഞ്ഞും കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ ജീവിതത്തെ പലരീതിയില്‍ മാഷ് മാറ്റി മറിച്ചു. വഴിതെറ്റിയ തിരിവില്‍ എന്നേക്കാള്‍ മുന്പേയെത്തി കാത്തുനിന്ന് കൈപിടിച്ച് തിരികെ നടത്തി. എസ് എസ് എല്‍ സി പരീക്ഷാ തലേന്ന് ക്രിക്കറ്റ് കളിക്കളത്തില്‍നിന്ന് ഓടിച്ച് വീട്ടിലെത്തിച്ചതായിരുന്നു മാഷെന്ന നിലയില്‍ ഞങ്ങള്‍ തമ്മിലെ അവസാന ഔദ്യോഗിക ഇടപാട്! ഇതൊരാളുടെ മാത്രം കഥയാകില്ല. പാടൂരിലെയും സമീപ ഗ്രാമങ്ങളിലെയും അക്കാലത്തെ എല്ലാ കുട്ടികള്‍ക്കുമുണ്ടാകും ഇതുപോലുള്ള അനുഭവങ്ങള്‍. അതായിരുന്നു ഷംസുദ്ദീന്‍ മാഷ്. നാട്ടുകാരുടെയാകെ ഹെഡ്മാഷ്.

ഒരുപ്രദേശത്തിന്റെയാകെ തലവര മാറ്റിവരച്ച അധ്യാപകനാണ് മാഷ്. പല തലമുറകളെ സ്വപ്നസമാനമായ ഭാവിയിലേക്ക് പറത്തിവിട്ട മാന്ത്രികന്‍. പാഠപുസ്തകത്തിലെ കെമിസ്ട്രിക്കപ്പുറം ജീവിതത്തിന്റെ രസതന്ത്രം പഠിപ്പിച്ച അധ്യാപകന്‍. സിലബസിന് പുറത്തെ സംസ്കാരവും മൂല്യബോധവുംകൊണ്ട് വേറിട്ടുനില്‍ക്കുന്നവരുടെ പുതിയൊരു ഭൂമിക മാഷ് പണിതുയര്‍ത്തി. ആ ഐതിഹാസികമായ ജീവിതകാലത്തെക്കുറിച്ച ഓര്‍മകളാണ് മാഷ് ഈ അഭിമുഖത്തില്‍ പങ്കുവക്കുന്നത്.  ഒരധ്യാപകനോട്, ഒരു വിദ്യാര്‍ഥി ചോദിക്കാന്‍ പാടില്ലാത്ത തരത്തില്‍ അഭിമുഖത്തില്‍ ചോദിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനെന്ന അമിത സ്വാതന്ത്ര്യമെടുത്ത് ഉന്നയിച്ച ആ ചോദ്യത്തോടും പക്ഷേ, അക്ഷോഭ്യനായി പുഞ്ചിരിച്ച് മറുപടി പറഞ്ഞു മാഷ്. ഈ സൌമ്യത തന്നെയാകാം അദ്ദേഹത്തെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാക്കുന്നതും. എക്കാലത്തും മാതൃകയാക്കാവുന്ന ഒരു തുറന്ന പുസ്തകമാണ് ആ ജീവിതം. ഈ അഭിമുഖം, അതിവിപുലമായ ആ ജീവിതാനുഭവങ്ങള്‍ക്കുള്ള ഒരടിക്കുറിപ്പ് മാത്രമേ ആകൂ.



1. ചോദ്യം: എങ്ങിനെയാണ് ഈ സ്കൂളിലേക്ക് എത്തുന്നത്? എത്രകാലം പ്രവര്‍ത്തിച്ചു?

ഉത്തരം: തികച്ചും അപ്രതീക്ഷിതമായാണ് പാടൂര്‍ സ്കൂളിലെത്തുന്നത്. പഠിച്ചത് സംസ്ഥാനത്തിന് പുറത്തായിരുന്നു. എസ് എസ് എല്‍ സി കഴിഞ്ഞ്, തൃശൂര്‍ സെന്റ് തോമാസില്‍ പ്രീഡിഗ്രി. പിന്നെ മൈസൂര്‍ റീജയണല്‍ കോളജില്‍ 4 വര്‍ഷ ഇന്‍റ്ഗ്രേറ്റഡ് കോഴ്സ്. ദക്ഷിണേന്ത്യയിലെ ഏക കോളജായിരുന്നു അത്. ഒരു സംസ്ഥാനത്തുനിന്ന് 16 കുട്ടികള്‍ക്ക് മാത്രമാണ് പ്രേവശനം കിട്ടുക. പഠനം കഴിഞ്ഞ്
ആന്ധ്രയില്‍ ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപകനായി പോയി. 4 കൊല്ലം കഴിഞ്ഞ് ഗള്‍ഫിലേക്ക് പോകാനുള്ള ആഗ്രഹവുമായി നാട്ടില്‍ തിരിച്ചെത്തി. എന്നാല്‍ ഉപ്പാടെ ആഗ്രഹം എന്നെ നാട്ടില്‍ തന്നെ അധ്യാപകനാക്കണം എന്നായിരുന്നു.
ഒരുദിവസം ചൊവ്വല്ലൂര്‍പടിയിലെ ഭാര്യാവീട്ടന്റെ അടുത്തിരിക്കുന്പോള്‍  അബ്ദുറഹ്മാന് മാഷ്, ഇബ്രാഹിംകുട്ടിക്ക., ആലി അഹമദ്ക്ക എന്നിവര്‍ വന്നു. ഒരു രാത്രിയായിരുന്നു അത്. പുതിയൊരു സ്കൂളിന് അനുമതിയായിട്ടുണ്ട് എന്നും അതിന്റെ സാരഥ്യം ഏറ്റെടുക്കണമെന്നും അവരാണ് ആദ്യം ആവശ്യപ്പെടുന്നത്. ആവശ്യം കേട്ടപാടെ ഞാന്‍ ഞട്ടി. ഒരു സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കാനുള്ള മനാസികാവസ്ഥ അന്നുണ്ടായിരുന്നില്ല. ഉപ്പയോട് സംസാരിക്കട്ടെ എന്ന് പറഞ്ഞ് അവരില്‍നിന്ന് രക്ഷപ്പെട്ടു. വീട്ടിലെത്തി വിവരം പറയുന്പോഴേക്ക്
സീതിതങ്ങള്‍ തന്നെ ഉപ്പാനെ കാണാന്‍ വന്നിരുന്നു. അന്ന് തങ്ങള്‍ എം എല്‍ എയാണ്. പിറ്റേന്ന് തങ്ങളെ കാണാന്‍ ഉപ്പയോടൊപ്പം പോയി. മറുപടിയെല്ലാം പറഞ്ഞത്  ഉപ്പ തന്നെ. ഞാന്‍ കാര്യമായൊന്നും പറഞ്ഞില്ല. അന്നമുതല്‍- 1979 മുതല്‍ - 2006 വരെ 27 കൊല്ലം ഇവിടെത്തന്നെ പ്രവര്‍ത്തിച്ചു.

പ്രയാസം നിറഞ്ഞ തുടക്കമായിരുന്നു. ഉപ്പ നല്ല അധ്യാപകനും നല്ല മാര്‍ഗദര്‍ശിയുമായിരുന്നു. അത് ജീവിതത്തിലുടനീളം തുണയായിട്ടുണ്ട്. അധ്യാപക ജീവിതം സന്പന്നമാണെന്നും കാലം അത് തെളിയിക്കുമെന്നും ഉപ്പ പറഞ്ഞത് വലിയ ആത്മവിശ്വാസം തന്നു. ജീവിതത്തില്‍ അത് അനുഭവിച്ചു.

2. ഇവിടെയെത്തുന്നതിന് മുന്പ്, വിശാഖപട്ടണം കെ വിക്ക് പുറമേ വേറെ എവിടെയൊക്കെ ജോലി ചെയ്തു?

മച്ചാട് ഗവ.ഹൈസ്കൂളിലായിരുന്നു തുടക്കം. എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയുള്ള നിയമനം. അവിടെനിന്ന് ആന്ധ്രയിലെ വിശാഖപട്ടണം കേന്ദ്രീയ വിദ്യാലയത്തിലേക്ക് പോയി. അത് എല്‍ പി ആയിരുന്നു. പിന്നീട് ഏനാമാവ്, കാരാഞ്ചിര സ്കൂളുകളിലും പഠിപ്പിച്ചു. എന്നാല്‍ ഏറ്റവും നല്ല അനുഭവം മൈസൂരിലെ റീജിയണല്‍ കോളജ് ഓഫ് എജുക്കേഷനിലെ പഠനകാലമാണ്. യു ആര്‍ അനന്തമൂര്‍ത്തിയെപോലുള്ള രാജ്യത്തെ ഏറ്റവും നല്ല അധ്യാപകര്‍. നാല് വര്‍ഷവും ട്രെയിനിങ്ങുണ്ടായിരുന്നു. ജോലിയിലിരിക്കെ എം എ ലിറ്ററേച്ചറും എം എഡും സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദവുമെടുത്തു.

ഏങ്ങണ്ടിയൂര്‍ സെന്റ്തോമാസ് ഹൈസ്കൂളിലെ അവസാന ഇംഗ്ലീഷ് മീഡിയം ബാച്ച് വിദ്യാര്‍ഥിയായിരുന്നു. അന്ന് ഡോക്ടറാകാന്‍ ആയിരുന്നു ഉദ്ദേശം. മെഡിസിന് കിട്ടുമെന്ന് ഉറപ്പുള്ളതിനാല്‍ ഒരു വര്‍ഷം കാത്തിരുന്നു. എന്നാല്‍ പിഡിസിയുടെ മാര്‍ക്കില്‍  അരമാര്‍ക്കിന്റെ കുറവുണ്ടായിരുന്നതിനാല്‍ സീറ്റ് കിട്ടിയില്ല. അന്നൊരുപാട് കരഞ്ഞു. എന്നാല്‍ ആ അരമാര്‍ക്ക് പോയത് പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി മാറി.  

3. പാടൂര്‍ സ്കൂളില്‍ പ്രധാനാധ്യാപകനായി തന്നെയാണോ ആദ്യ നിയമനം?

അതെ. തുടക്കം മുതല്‍ അങ്ങിനെയായിരുന്നു. പൂജ്യത്തില്‍നിന്നായിരുന്നു തുടക്കം. മതിയായ സര്‍വീസ് ഇല്ലാതിരുന്നതിനാല്‍ ടീച്ചര്‍ ഇന്‍ചാര്‍ജ് എന്ന തസ്തകയിലാണ് ആദ്യം നിയമനം ലഭിച്ചത്. 12 വര്‍ഷം കഴിഞ്ഞാണ് എച്ച് എം തസ്തികയിലെത്തുന്നത്.

4. വളരെ പരിമിതമായ സൌകര്യങ്ങളോടെ മദ്രയസിലാണല്ലോ സ്കൂളിന്റെ തുടക്കം? തുടക്കത്തില്‍ എത്ര കുട്ടികളുണ്ടായിരുന്നു? എങ്ങിനെയാണ് അക്കാലം മാനേജ് ചെയ്തത്?

വളരെ ശരിയാണ്. വളരെ പരിമിതിമായ തുടക്കമായിരുന്നു. ആദ്യമായി എച്ച് എം ഇരിക്കുന്നത് ഒരു കൈയ്യില്ലാത്ത കസേരയിലാണ്. മദ്രസ കഴിഞ്ഞാലാണ് കസേര കിട്ടുക. അതുവരെ അത് മദ്രസയിലെ സദറിനുള്ള കസേരയാണ്. ആദ്യ കാലത്തെ അധ്യാപകര് ഇരുന്നിരുന്നതും അതുപോലെ തന്നെ വളരെ ചെറിയ സൌകര്യത്തിലായിരുന്നു.  

മറ്റെല്ലാ സ്ഥലത്തും പ്രവേശനം കഴിഞ്ഞ് എവിടെയും കിട്ടാത്ത കുട്ടികളാണ ആദ്യ കൊല്ലം വന്നത്. കാരണം. മെയിലാണ് പ്രവേശനം. എന്നാല്‍ സ്കൂള്‍ അനുവദിച്ച് ഉത്തരവ് വന്നത് ജൂണ്‍ 6ന്. മറ്റിടത്തെല്ലാം ക്ലാസ് തുടങ്ങിയിരുന്നു. സ്കൂള്‍ വന്നു എന്നറിഞ്‍പ്പോള്‍ കുറേ പേര്‍ വന്നു. പാടൂര്‍ സെന്ററിലെ അബ്ബാസാണ് ആദ്യത്തെ വിദ്യാര്‍ഥി. പലരും എന്നേക്കാള്‍ ഉയരമുള്ള കുട്ടികള്‍. ഈ ആശങ്ക ഉപ്പയോട് പറഞ്ഞപ്പോള്‍ കിട്ടിയ ഉഫദേശം ഇതാണ്: ആകാരത്തിലല്ല, മനസ്സിലാണ് കാര്യം, ഹൃദയം കൊണ്ട് അടുത്താല്‍ അവരുടെ വലിപ്പം കുറയും, കുട്ടികള്‍ നിന്നിലേക്ക് വരും. അത് വളരെ ഫലപ്രദമായ ഉപദേശമായിരുന്നു.
ആദ്യ ബാച്ചില്‍ 181 കുട്ടികള്‍ ഉണ്ടായിരുന്നു എന്നാണോര്‍മ. മാനേജ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പ്രായം തന്നെ കൂടുതലായിരിക്കും. 16- 18 വയസ്സൊക്കെ. സാധാരണ 12 വയസ്ണല്ലോ. 23 -ാം വയസില്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ വരെ അക്കാലത്തുണ്ടായിരുന്നു. വാക്കുകള്‍ കൊണ്ട് മാനേജ് ചെയ്യാന്‍ പാടായിരുന്നു. ശക്തമായ സമീപനം കൊണ്ടാണ് പിടിച്ചുനിര്‍ത്തിയത്. ഈ കുട്ടികള്‍ക്കൊക്കെ പിന്നീട് ദേഷ്യമുണ്ടാകുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍ ഒന്നുമുണ്ടായില്ല.


5. എങ്ങിനെയാണ് ആ മുതിര്‍ന്ന കുട്ടികളെയൊക്കെ മെരുക്കിയെടുത്തത്?
കുട്ടികളുടെ വളര്‍ച്ചയെന്നാല്‍ സ്വഭാവ ശുദ്ധി തന്നെയാണ്. സ്ഥാപനത്തിന്റെ ഭൌതിക സൌകര്യമല്ല ആലോചിക്കേണ്ടത്. കുട്ടികള്‍ നമ്മുടെ അടുത്തേക്ക് വരുന്നത് എന്തിനാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം. രക്ഷിതാക്കളുമായി ഉണ്ടാക്കിയ നിരന്തര സന്പര്‍ക്കം അതില്‍ വലിയ സഹായം ചെയ്തു.  അധ്യാപകര്‍-രക്ഷിതാക്കള്‍-കുട്ടികള്‍ - ഈ മൂന്ന് ഘടകങ്ങള്‍  കോര്‍ത്തിണക്കി കൊണ്ടുപോകാനാണ് ശ്രമിച്ചത്. അതില്‍ വിജയിച്ചു. അത് സ്ഥാപനത്തിന്റെ വിജയത്തിനും കാരണമായി. കുട്ടികളുടെ വീട്ടില്‍ പോയി രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും അവരുടെ ചുറ്റുപാടുകള്‍ പഠിക്കുകയും ചെയ്തു. അക്കാലത്ത് ഞാന്‍ മാത്രമായിരിക്കും അങ്ങിനെ ചെയ്തിരുന്നത്. നാട്ടുകാര്‍ക്ക് എന്ത് തോന്നുമെന്നക്കെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നാട്ടുകാര്‍ തിരിച്ചുതന്ന സ്നേഹം അസാധാരണമായിരുന്നു. മനസ്സ് തളിര്‍ത്തുപോകുന്ന തരത്തില്‍ അതീവ ഹൃദ്യമായിരുന്നു അത്. പ്രധാനാധ്യാപകന്‍ ചെല്ലുന്പോള്‍ കുട്ടികള്‍ക്ക് ഭയപ്പാടുണ്ടാകും. എല്ലാ പ്രശ്നങ്ങളും രക്ഷിതാക്കളോട് പറയും എന്ന പേടിയും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തിരിച്ചായിരുന്നു ചെയ്തിരുന്നത്. ഇവന്‍ നല്ല കുട്ടിയാണ്, പഠിച്ചാല്‍ മിടുക്കനാകും എന്നൊക്കെ പ്രോത്സാഹിപ്പിക്കും. പലരും പരാതിയായി
സീതി തങ്ങളുടെ അടുത്ത് എത്തും. എന്നാല്‍ എല്ലാം മാഷോട് പറ‍യൂ പറഞ്ഞ് അവരെ തിരിച്ചയക്കും.

6. സീതി തങ്ങളുമായുള്ള ബന്ധം എങ്ങിനെയായിരുന്നു?


തങ്ങളായിരുന്നു യഥാര്‍ഥ ശക്തിയും പ്രചോദനവും. എല്ലാ ദിവസവും സ്കൂളില്‍ വരും. എന്ത് തിരക്കുണ്ടെങ്കിലും വന്ന്, ഓഫീസില്‍ അല്‍പനേരം ചിലവഴിച്ചേ പോകു. ഓഫീസിലെ എന്റെ സീറ്റിന്റെ അരരികിലെ കസേരയിലിരിക്കാത്ത ദിവസങ്ങള്‍ കുറവാണ്. ഞായറാഴ്ചയാണെങ്കില്‍ പോലും ഞാനുണ്ടെങ്കില്‍ ഓഫീസില്‍ വരും, സംസാരിക്കും. എം എല്‍ എ സ്ഥാനം ഒഴിഞ്ഞ ശേഷവും പിന്നീട് ഔഷധി ചെയര്‍മാനായപ്പോഴും ഈ പതിവ് തെറ്റിച്ചിട്ടില്ല. ഈ അധ്വാനത്തിന് പ്രതിഫലമുണ്ടാകുമെന്ന് നിരന്തരം ഓര്‍മിപ്പിക്കും. അതുതന്നെ വലിയ പ്രോത്സാഹനമായിരുന്നു. പല കാര്യങ്ങളിലും നാട്ടുകാരും രക്ഷിതാക്കളും പരാതിയുമായി തങ്ങളുടെ അടുത്ത് ചെല്ലും. എന്നാല്‍ പരാതിക്കാരോട് മാഷുടെ അടുത്ത് തന്നെ ചെല്ലാനാകും തങ്ങള്‍ പറയുക. അത്രക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യവും തങ്ങള്‍ തന്നിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തെ അകറ്റി നിര്‍ത്താനായി എന്നതും സ്കൂളിന്റെ വിജയത്തിന് വലിയ കാരണമായിട്ടുണ്ട്. എം എസ് എഫിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ലീഗ് നേതാവായിട്ട് പോലും സീതി തങ്ങള്‍ അതിന് വഴങ്ങിയില്ല. അതെല്ലാം മാഷോട് സംസാരിച്ച് തീരുമാനമാനിച്ചോ എന്നായിരുന്നു തന്നെ സമീപിച്ചവരോട് തങ്ങള്‍ പറഞ്ഞ മറുപടി. അതോടെ അതും ഒഴിവായി. സര്‍ക്കാര്‍ കാര്യങ്ങള്‍ എളുപ്പം നടത്തിക്കിട്ടാന്‍ സീതിതങ്ങളും പ്രതിച്ഛായ വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.

7. മദ്രസയില്‍ തന്നെ തുടരാന്‍ പറ്റുമായിരുന്നോ? അക്കാലത്തെ സൌകര്യങ്ങളെങ്ങിനെ ആയിരുന്നു?

ഇല്ല. മദ്രസയില്‍ തന്നെ തുടരാന്‍ പറ്റില്ലായിരുന്നു. സ്കൂളിന് കൂടുതല്‍ സ്ഥലം വേണം. സ്വന്തം സ്ഥലം വേണം. തൊട്ടടുത്ത വര്‍ഷം തന്നെ തങ്ങളുടെ സ്വന്തം സ്ഥലത്ത് കെട്ടിടം പണി തുടങ്ങി. എന്നാലും തുടക്ക കാലത്തെ സാന്പത്തിക സ്ഥിതിയും അടിസ്ഥാന സൌകര്യങ്ങളും വളരെ പരിതാപകരമായിരുന്നു. എസ് എസ് എല്‍ സി പരീക്ഷക്ക് പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ സ്കൂളില്‍ അടച്ചുറപ്പുള്ള ഒരു സേഫ് വേണമെന്ന് നിബന്ധനയുണ്ട്. ആദ്യ ബാച്ചിന്റെ സെന്ററിന് അപേക്ഷിക്കേണ്ട അവസാന ദിവസമാണ് ഒരു സേഫ് ലോക്കര്‍ സംഘടിപ്പിക്കാന്‍ പറ്റിയത്. പരീക്ഷാ കേന്ദ്രം കിട്ടിയില്ലെങ്കില്‍ പാവറട്ടി സ്കൂളില്‍ പോയി പരീക്ഷ എഴുതാമെന്ന് വരെ സീതിതങ്ങള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ ആകെ വിഷമമായി. ഒരു ടീച്ചറുടെ കൈയിയില്‍നിന്ന് ആയിരം രൂപ വാങ്ങി, കുറച്ച് പണം സംഘടിപ്പിച്ച് ഞാന്‍ കോയന്പത്തൂരിലേക്ക് പോയി. അവിടെയുണ്ടായിരുന്ന, എന്റെ ഭാര്യയുടെ കുഞ്ഞിപ്പാനെ കൂട്ടി ഒരു കടയില്‍ പോയി 500 രൂപ കടം പറഞ്ഞ് സേഫ് വാങ്ങി. 2900 രൂപ വിലക്ക്. ഒരു പെട്ടി ഓട്ടോയില്‍ കയറ്റി. കൂടെ ഞാനും. വണ്ടി ഓടി ഇവിടെയെത്തിയത് അപേക്ഷ നല്‍കേണ്ട അവസാന ദിവസം രാവിലെ 6.30ന്. ഇറക്കാന്‍ ആളില്ലാത്തതിനാല്‍ കുട്ടികളെ തന്നെ വിളിച്ചുകൊണ്ടുവന്നു. അതേ പെട്ടി ഓട്ടോയില്‍ തന്നെ ഡി ഇ ഓ ഓഫീസില്‍ പോയി സേഫ് കൊണ്ടുവന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. ആ വിവരം അപ്പോള്‍ തന്നെ ഫാക്സ് ചെയ്തു. അങ്ങിനെയാണ് ആദ്യ ബാച്ചിന് സ്കൂളില്‍ തന്നെ പരീക്ഷ എഴുതാന്‍ പറ്റിയത്. ഈ കാലമൊക്കെ കടന്നാണ് സ്കൂള്‍ വളര്‍ന്നത്.

8. മാനേജ്മെന്റ് മാറ്റം ഉണ്ടായത് എങ്ഹിനെയാണ്? മഹല്ല് കമ്മിറ്റിയും സീതി തങ്ങളും തമ്മില്‍ അന്നുണ്ടായ ധാരണ എന്താണ്?

ധാരണ എന്താണെന്ന് എനിക്ക് അറിയില്ല. എന്നാല്‍ മഹല്ല് കമ്മിറ്റിക്ക് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല. മൂന്നേക്കര്‍ സ്ഥലം ലവേണമായിരുന്നു അന്ന് സ്കൂള്‍ തുടങ്ങാന്‍. സ്ഥലമുണ്ടായിരുന്നത് സീതി തങ്ങള്‍ക്കായിരുന്നു. അങ്ങിനെയാണ് സ്കൂളിന്റെ പേരിലും ചെറിയ വ്യത്യാസം വന്നത്. തഅ്‍ലീമുല്‍ ഇസ്‍ലാം എന്നാണ് മദ്രസയുടെ പേര്. അത് മാറ്റി, അലീമുല്‍ ഇസ്‍ലാം എന്നാക്കിയതും അങ്ങിനെയാണ്.

9. കെട്ടിടമുണ്ടാക്കാന്‍ മരം മുതല്‍ മണല്‍ വരെ നാട്ടുകാര്‍ കൊടുത്തതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു സ്കൂള്‍ സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ പങ്കാളിത്തവും താത്പര്യവും എത്രത്തോളമുണ്ടായിരുന്നു?

നാട്ടുകാരുടെ പങ്കാളിത്തമെന്നത് വളരെ ശരിയാണ്. നാട്ടുകാര്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.  അബ്ദുറഹ്മാന്‍ മാഷാണ് അതിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഇന്നത്തെ പോലെ അധ്യാപക നിയമനത്തിന് ഒരുപാട് പൈസയൊന്നും വാങ്ങാന്‍ പറ്റാത്ത കാലമാണ്. എനിക്ക് തോന്നുന്നു, കേരളത്തില്‍ സീതി തങ്ങളെ പോലെ ഇത്രയും കുറച്ച് പൈസവാങ്ങി നിയമനം നടത്തിയവര്‍ വേറെയുണ്ടാവില്ല. അവസാന കാലം വരെ അങ്ങിനെയായിരുന്നു. ഒരുരൂപോലും വാങ്ങാതെ നിയമനം കൊടുത്തവരും ഇവിടയുണ്ട്. ഒരു സ്വകാര്യ സ്കൂളിന് കെട്ടിടം പണിയാന്‍ നിയമനത്തിന് പണം വാങ്ങാതെ പറ്റില്ല എന്നത് നമുക്കറിയാവുന്ന കാര്യമാണ്. എന്നിട്ടും വളരെ കുറച്ചേ അന്ന് വാങ്ങിയിരുന്നുള്ളു. അതിന്റെ കുറവ് നികത്തിയത് നാട്ടുകാര്‍ തന്നെയാണ്. വിദേശത്തുള്ളവര്‍ പണം അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.  അബ്ദുറഹ്മാന്‍ മാഷ് പലരെയും കണ്ട്, വിഭവങ്ങള്‍ ശേഖരിച്ചു. തെങ്ങും മറ്റും മുറിച്ചു. മണലും സമിന്റും ഒക്ക തെന്നിരുന്നു. നാട്ടുകാരുടെ ആ പിന്തുണയാണ് അവിടെ പ്രവര്‍ത്തിക്കാന്‍ നമുക്കൊക്കെ പ്രചോദനമായിത്തീര്‍ന്നത്.

10. സ്കൂളിനെതിരെ എതിര്‍പുകള്‍ ഉണ്ടായിട്ടുണ്ടോ?

അങ്ങിനെ എതിര്‍പുണ്ടായിട്ടില്ല. നാട്ടുകാര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. അത് പി ടി എ മീറ്റിങ് ഒക്കെ വിളിക്കുന്പോള്‍ പ്രകടമായിരുന്നു. ഒന്നുരണ്ട് മണിക്കൂറൊക്കെ സ്കൂളിന്റെ കാര്യം സംസാരിക്കുന്പോഴും പിടിഎ കമ്മിറ്റി ഉണ്ടാക്കുന്പോഴും ഒക്കെ വളരെ സൌഹാര്‍ദപരമായിരുന്നു നാട്ടുകാരുടെ സമീപനം. രാഷ്ട്രീയമായിട്ടുപോലും പ്രകടമായ എതിര്‍പ് ഉണ്ടായില്ല. തങ്ങളും ആ കാര്യത്തില്‍ നല്ല സമീപനമായിരുന്നു സ്വീകരിച്ചത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് തങ്ങള്‍ ശ്രമിച്ചത്. പാര്‍ട്ടി അനുവദിച്ച സ്കൂള്‍ എന്ന നിലപാട് എവിടെയും സ്വകീരിച്ചിട്ടില്ല.

11.  അക്കാലത്ത് സാമൂഹികമായും ഒരു പരിധി വരെ സാന്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഒരു പ്രദേശത്ത് വരുന്ന സ്കൂളായിരുന്നല്ലോ ഇത്. എന്നിട്ടും കുട്ടികള്‍ പഠിക്കാനെത്തിയിരുന്നോ? കുട്ടികളുടെ എണ്ണവും ദിനംപ്രതിയുള്ള ഹാജരും ആദ്യ ബാച്ചുകളില്‍ എങ്ങിനെയായിരുന്നു?

വളരെ പ്രസക്തമായ ചോദ്യമാണിത്. വളരെ പിന്നാക്കമായ പ്രദേശമായിരുന്നു. ആ പ്രദേശത്തെ കുറിച്ച് നല്ല അറിവുണ്ടാക്കാനായിരുന്നു അന്ന് ഞാന്‍ വീടുകള്‍ കയറിയിറങ്ങി നടന്നത്. അതും ഉപ്പാടെ ഉപദേശമായിരുന്നു. കുട്ടികളുടെ അവസ്ഥ അറിയാന്‍ അവരുടെ വീട്ടില്‍ പോയി അന്വേഷിക്കണം. പരീക്ഷക്ക് തോല്‍ക്കുന്നതും ഹാജര്‍ കുറയുന്നതുമൊക്കെ എന്തുകൊണ്ട് എന്ന് നേരിട്ട് അറിയണം. അതിന് വീടുമായി ബന്ധപ്പെടണം. അതൊരു വലിയ അനുഭവമായിരുന്നു. ഒരു പ്രധാന അധ്യാപകന്‍ ചെയ്യേമ്ട വലിയ കാര്യമാണ്. പ്രശ്മനുണ്ടാകുന്പോള്‍ അല്ല പോകേണ്ടത്. അല്ലാത്തപ്പോള്‍ പോയി, വീട്ടിലെ പരിതസ്ഥിതി മനസ്സിലാക്കണം. നന്നായി പഠിക്കുന്ന കുട്ടി പെട്ടെന്ന് മോശമായാല്‍ അതിനൊരു കാരണം ഉണ്ടാകും. അതറിയാന്‍ വീട്ടില്‍ തന്നെ പോകണം. എന്നിട്ടും പലരെയും അറിയാതെ ശിക്ഷിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നുതന്നെ അവരുടെ വീട്ടില്‍ പോയാല്‍ അത് തീരും. ശിക്ഷയുടെ ആഘാതം ഒരുദിവസത്തില്‍ കൂടുതല്‍ ഉണ്ടാകാതെ ശ്രദ്ധിച്ചിരുന്നു. വീട്ടില്‍ പോകും, അതിന് പറ്റിയില്ലെങ്കില്‍ പിറ്റേന്ന് വിളിപ്പിച്ച് അതിന്റെ കാര്യകാരണം ബോധ്യപ്പെടുത്തും. അതുകൊണ്ട് തന്നെ പ്രകടമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ആ കാലത്ത് പാടൂരില കുട്ടികള്‍ വളരെ ദൂരെ പോയാണ് പഠിച്ചിരുന്നത്.  ദൂരെയുള്ള കുട്ടികള്‍ പിന്നീട് ഇവിടെ വന്ന് പഠിക്കാന്‍ തുടങ്ങി. ഇന്നത്തെ പോലെ ഫോണ്‍ ഒന്നുമില്ലല്ലോ? കുട്ടികള്‍ മുടങ്ങിയാല്‍ പ്രത്യേകിച്ച് പത്താം ക്ലാസ് കുട്ടികള്‍ മുടങ്ങിയാല്‍ ഉടന്‍ ഞാന്‍ വീട്ടില്‍ പോകും. വീട്ടില്‍നിന്ന് പുറപ്പെട്ട് സ്കൂളിലെത്താത്തവരൊക്കെ ഉമ്ടാകും. അതുകൊണ്ടൊക്കെ കുട്ടികള്‍ വര്‍ധിക്കുകയാണ് ചെയ്തത്. എട്ടാം ക്ലാസിലേക്ക് പ്രവേശനം കൊടുക്കാന്‍ പ്രവേശന പരീക്ഷ നടത്തേണ്ടിവന്നിട്ടുണ്ട്. രണ്ട് വര്‍ഷം അത് ചെയ്തു. നാട്ടുകാരായ കുട്ടികളുടെ പ്രവേശനത്തെ തന്നെ അത് ബാധിക്കാന്‍ തുടങ്ങിയപ്പോഴാണ് അത് നിര്‍ത്തിയത്. 400ല്‍ അധികം കുട്ടികള്‍ പ്രവേശനം നേടിയ വര്‍ഷങ്ങളുണ്ടായിട്ടുണ്ട്.

12.  ആദ്യ കാലത്തെ പരീക്ഷാ ഫലങ്ങള്‍ എങ്ങിനെയായിരുന്നു? ആദ്യ ബാച്ചിന്റെ ഫലം?
ആദ്യബാച്ച് 1982 ല്‍ ആയിരുന്നു. അവരുടെ പരീക്ഷാഫലം തന്നെ ആഹ്ലാദകരമായിരുന്നു. സ്കൂളില്‍ തുടരണം എന്ന് എന്നെ തോന്നിപ്പിച്ച ഫലമായിരുന്നു അത്. അന്ന് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിജയം നേടിയ ആദ്യ നാല് സ്കൂളുകളിലൊന്നായി അന്ന്. ഹെഡ്മാസ്റ്റേഴ്സ് കോണ്‍ഫറന്‍സിലൊക്കെ ഇത് വലിയ ചര്‍ച്ചയായി. നമ്മുടെ ഒപ്പം അനുവദിക്കപ്പെട്ട കേച്ചേരി, ഒരുമനയൂര്‍ സ്കൂളുകള്‍ക്ക് അത്രമികച്ച വിജയം നേടാനായില്ല. 181 കുട്ടികളുണ്ടായിട്ടും 86 ശതമാനമായിരുന്നു വിജയം. സമീപ സ്കൂളുകളൊക്കെ 20- 30 ശതമാനമാണ്. കോണ്‍വെന്റ് സ്കൂളില്‍ 63 ശതമാനമായിരുന്നു. അക്കാലത്ത് സംസ്ഥാന വിജയം 33 ശതമാനമാണ്. ഇന്ന് സംസ്ഥാന വിജയം 98 ശതമാനമൊക്കെ ആയപ്പോഴാണ് നമ്മള്‍ നൂറ് ശതമാനം വിജയത്തിലേക്ക് ഒക്കെ എത്തുന്നത്. അന്നത്തെ കുട്ടികളാകട്ടെ സാമൂഹികമായി പിന്നാക്കമായ ഒരു പ്രദേശത്തുനിന്ന് വരുന്നവരായിരുന്നു. ജനുവരി മുതല്‍ അധ്യാപകര്‍ നിരന്തരമായി പിന്തുടര്‍ന്ന് നടത്തിയ അധ്വാനമാണ് ഈ വിജയത്തിന് കാരണമായത്. ഒരു കൊല്ലം മാത്രമാണ് ഫലം അല്‍പം കുറഞ്ഞത്. 1988ല്‍ വിജയം 96 ശതമാനം വരെ എത്തി. ആദ്യമായി മിക്സ്ഡ് ക്ലാസ് കൊണ്ടുവന്ന വര്‍ഷം കൂടിയായിരുന്നു അത്. മിക്സ്ഡ് ആക്കിയാല്‍ കുട്ടികള്‍ മോശമാകുമെന്ന ആശങ്കയും എതിര്‍പും ഒക്കെ നിലനില്‍ക്കെയാണ് ആ പരീക്ഷണം നടത്തിയത്. നല്ല ഫലം കിട്ടിയതും അത്തരം വര്‍ഷങ്ങളിലാണ്. ഇന്നത്തെ പോലുള്ള പ്രശ്നങ്ങളും അന്നുണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് അതൊന്നും ഒരു പ്രശ്നമായിരുന്നില്ല. വിരമിക്കുന്ന വര്‍ഷം 320 കുട്ടികള്‍ എഴുതിയിരുന്നു എന്നാണോര്‍മ. അന്നും 87 ശതമാനം വിജയം ഉണ്ടായിട്ടുണ്ട്. പരീക്ഷാ ഫലം തന്നെയാണ് എനിക്ക് ഏറ്റവും പ്രചോദനമായിരുന്നത്.

അന്ന് ഫലമറിയാന്‍ പത്രത്തില്‍ വരണം. അല്ലങ്കില്‍ തിരുവനന്തപുരത്ത് പോയി വാങ്ങി കൊണ്ടുവരണം. ആദ്യഫലം വരുന്ന ദിവസം കുറച്ച് കുട്ടികളേ സ്കൂളില്‍ വന്നിരുന്നുള്ളു. ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. പൂജ്യം എന്നും പുതിയ ചന്തപ്പുരയിലേക്ക് സ്വാഗതം എന്നും എഴുതിയ ബോര്‍ഡ് വരെ സ്കൂളിന് പുറത്ത് അന്ന് ചിലര്‍ സ്ഥാപിച്ചിരുന്നു. പക്ഷെ ഫലം വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ആ ബോര്‍ഡിന് മുന്നില്‍ പോയി ആഹ്ലാദം പ്രകടിപ്പിച്ച് ആ ബോര്‍ഡ് തിരുത്തി എഴുതിയത് ഇപ്പോഴും ഓര്‍മയിലുണ്ട്. ഈ ഫലം ഉണ്ടാക്കുന്നതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുംടെയും നാട്ടുകാരുടെയും പങ്ക് വലുതായിരുന്നു. അനുസരണയുള്ള കുട്ടികളുടെ പങ്കാണ് അതില്‍ ഏറ്റവും വലിയ ഘടകം. പഠനം നിര്‍ത്തിയവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. പലരെയും വീട്ടില്‍ പോയി കൊണ്ടുവന്നതാണ്. അതിന് ശേഷമാണ് പാടൂരിലെ കുട്ടികള്‍ പൂര്‍ണമായി ഈ സ്കൂളിലേക്ക് എത്തിയത്. അതുവരെ മറ്റ് സ്കൂളുകളിലേക്ക് പോകുകയാരുന്നു പതിവ്.

13. ഉയര്‍ന്ന വിജയ ശതമാനം ലഭിക്കുക എന്നത് വളരെ പ്രയാസകരമായിരുന്ന കാലത്ത് വലിയ നേട്ടം ഉണ്ടാക്കിയത് എങ്ങിനെയാണ്? എങ്ങിനെയായിരുന്നു പ്രവര്‍ത്തന രീതകിള്‍?
പത്താം ക്ലാസുകാര്‍ക്ക് തുടക്കം മുതല്‍ സ്പെഷല്‍ ക്ലാസുകള്‍ വച്ചിരുന്നു. അത് പാടൂര്‍ സ്കൂളിലെ മാത്രം ഒരു പ്രവര്‍ത്തന രീതിയായിരുന്നു അന്ന്. രാവിലെ മുതല്‍ ടീച്ചര്‍മാര്‍ വരും. മര്യാദക്ക് ബസ് പോലും ഇല്ലാതിരുന്ന സമയത്തും ടീച്ചര്‍മാര്‍ മുല്ലശ്ശേരി മുതല്‍ നടന്ന് വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നു.  ഒരു ശനിയാഴ്ച പോലും വീട്ടിലിരിക്കാത്ത അധ്യാപകരുണ്ട്. ഒട്ടും അവധിയെടുക്കാത്തവര്‍ വരെയുണ്ട്. എല്ലാവരും വലയി പങ്ക് വഹിച്ചവരാണ് എന്നതിനാല്‍ ആരുടെയും പേര് പറയുന്നില്ല.

റിസല്‍ട്ട് തന്നെയാണ് ഏത് സ്കൂളിന്റെയും നട്ടെല്ല്. എന്ത് കുറവുണ്ടെങ്കിലും പഠനമികവ് തന്നെയാണ് ഏറ്റവും വലുത്. പാഠ്യേതര രംഗത്തെ മികവിന് പോലും അത്രയെത്താന്‍ കഴിയില്ല. ഇതും ഉപ്പാടെ ഉപദേശമായിരുന്നു.  

14.  കുട്ടികളെ മാത്രമല്ല, രക്ഷിതാക്കളെയും അവരുടെ വീടുകളെയും അറിയുന്ന അധ്യാപകനായിരുന്നുവല്ലോ? ആ പ്രവര്‍ത്തന രീതിയെ പറ്റി, അതിന്റെ ഫലപ്രാപ്തിയെ പറ്റി മാഷ് പറഞ്ഞു. എങ്ങിനെയാണ് ഇത്തരമൊരു സൌഹൃദ പദ്ധതിയാക്കി അധ്യാപനത്തെ വികസിപ്പിച്ചത്?
ഉത്തരം: എന്റെ അധ്യാപന ജീവിതത്തില്‍ ചെയ്ത ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനം ഇതുതന്നെയായിരുന്നു. കുട്ടികളെയും അവരുടെ വീട്ടുകാരെയും അറിഞ്ഞ് പഠിപ്പിച്ചു എന്നത്. സ്വയമുണ്ടാക്കിയ രീതി തന്നെയാണ് ഇത്. ഒരു അധ്യാപകന്‍ സ്വന്തമായി അജണ്ടയുണ്ടാക്കണം എന്ന് പഠിപ്പിച്ചത് എന്റെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന അനന്തമൂര്‍ത്തി സാറായിരുന്നു.  നിങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നത് കാണാന്‍ കാത്തിരിക്കേണ്ടവരല്ല. അത് കാത്തിരുന്ന് നിങ്ങള്‍ ചെയ്യേണ്ടത് വൈകിപ്പിക്കരുത്. യുവര്‍ ഓണ്‍ ടൈം ടേബിള്‍ എന്നാണ് സാറ് പറയുക. ഇത് പ്രാവര്‍ത്തികമാക്കി. മിക്കവാറും രാത്രി വൈകിയാണ് വീട്ടില്‍ എത്തുക. ഓരോ ദിവസവും നാളത്തേക്ക് പുതിയ പദ്ധതികള്‍ ആലോചിക്കും. കുട്ടികളുടെ വീടുമായി ആത്മബന്ധമുണ്ടാക്കുന്നത് അങ്ങിനെയാണ്.
ഇന്ന് ഇല്ലാത്ത കാര്യവുമാണത്. ഇപ്പോള്‍ ഇത് തീരെയില്ലാതായി. അധ്യാപകര്‍ കുട്ടികളെ കൈയ്യൊഴിയുകയാണ്. ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കണം. എന്നാല്‍ അവരില്‍ മാറ്റമുണ്ടാക്കാന്‍ അവരുടെ വീട്ടില്‍ പോകണ. കൂടുതല്‍ സൌഹൃദം ഉണ്ടാക്കണം. ഒരു സൌഹൃദ പദ്ധതി തന്നെയായിരുന്നു അത് . അധ്യാപക ജീവിതം വിജയകരമായത് അതുകൊണ്ട് മാത്രമാണ്. അധ്യാപക ജീവിതം ഇത്രക്ക് സന്പന്നമായതും അതുകൊണ്ടാണ്.

15. കലാ, കായിക രംഗത്ത് വലിയ നേട്ടം സ്കൂള്‍ നടത്തിയിട്ടുണ്ട്. എന്തൊക്കെയായിരുന്നു അക്കാലത്തെ പരിപാടികള്‍?
കുതിച്ചുചാട്ടം നടത്തിയെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍
കലാകായിക രംഗത്ത് കുട്ടികളുടെ താത്പര്യം  കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പരിമിത സൌകര്യമായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഇതിന് വലിയ സാന്പത്തിക ചിലവും ഉണ്ടായിരുന്നു. അത്രക്ക താങ്ങാവുന്ന അവസ്ഥയും അന്ന് സ്കൂളിന് ഉണ്ടായിരുന്നില്ല. നേട്ടങ്ങളുണ്ടാക്കിയതിന്റെ ക്രഡിറ്റ് മുഴുവന്‍ കുട്ടികള്‍ക്ക് ആണ്. അവരുടെ കഴിവുകള്‍ക്കാണ്. നമ്മള്‍ അവരെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്.

16. എന്നാല്‍ ഈ രംഗത്തൊന്നും വലിയ താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശം ബാക്കിനില്‍ക്കുന്നില്ലെ?

ഈ വിമര്‍ശനം ശരിയാകാം. എന്നാല്‍ ഇക്കാര്യത്തില്‍ എനിക്ക് വേറെ ഒരു കാഴ്ചപ്പാടുകൂടിയുണ്ട്. കലാകായിക മികവിന് വേണ്ടി  ഒരുപാട് കഷ്ടപ്പെടേണ്ടിവന്നാലും  നേട്ടങ്ങള്‍ ഒന്നോ രണ്ടോ പേരിലൊതുങ്ങും, അതില് അധ്യാപകര്‍ക്ക് റോള്‍ പരമിതമാണ്. കുട്ടികളുടെ പ്രാഗത്ഭ്യവും പ്രതിഭയുമാണ് പ്രധാനം. വലിയ പേരും പെരുമയും കിട്ടിയേക്കാം. എന്നാല്‍ പ്രധാന അധ്യാപകനെ സംബന്ധിച്ച് സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും സാമൂഹികവും സാസംകാരികവുമായ വളര്‍ച്ചയാണ് അതിലേറം പ്രധാനം. നമ്മുടെ ശ്രദ്ധ അവിടെ കേന്ദ്രീകരിച്ചില്ലെങ്കില്‍ പരാജയമാകും ഫലം, കായിക രംഗത്ത് നേട്ടമുണ്ടാക്കിയിട്ടും പഠന മികവില്ലാതെ, അച്ചടക്കമില്ലാതെ വന്നാല്‍ അത് ഫലം ചെയ്യില്ല. നല്ല കുട്ടികളെ വാര്‍ത്തെടുക്കുക എന്നതിലായിരുന്നു ഊന്നല്‍. ഈ വിമര്‍ശനം അന്നുമുണ്ടായിരുന്നു.  നമ്മുടെ പരിമിതികളും അതിലൊരു ഘടകമായിരുന്നു. സ്കൂളിന് മേല്‍വിലാസം ഉണ്ടാക്കുന്ന തരത്തിലുള്ള താരങ്ങളുണ്ടായില്ല എന്നത് ശരിയാണ്. എന്നാല്‍ കലാ-കായിക ശേഷിയുള്ളവരെയന്നും ശ്രദ്ധിക്കാതെ വിട്ടിട്ടില്ല.

17. പഠന പാഠ്യേതര മേഖലകളിലെല്ലാം മികച്ചുനിന്ന ഒരു കാലം ഏത് സ്കൂളിനും ഉണ്ടാകും. നമ്മുടെ സ്കൂളിന്റെ പ്രതാപ കാലം ഏതായിരുന്നു? എങ്ങിനെയാണ് ആ ഒരു നിലയിലേക്ക് വളര്‍ന്നത്?
ഏതാണ്ടൊരു 1986 മുതല്‍ 2000 ഒക്കെ വരെ അത്തരമ1രു കാലമായിരുന്നു എന്ന് പറയാം. ഈ കാലഘട്ടത്തില്‍ ഓരോകൊല്ലവും അത്യധികം മികച്ചതായിരുന്നു. 96 ശതമാനം വരെ വിജയം വരിച്ച കാലമുണ്ടായിരുന്നു. ആ കൊല്ലം സംസ്ഥാന വിജയം 42 ശതമാനം മാത്രമാണ്. യുവജനോത്സവങ്ങളിലെ സാന്നിധ്യം. മാപ്പിളകലകളില്‍ എവിടെച്ചെന്നാലും പാടൂരിന്റെ പേര് കേട്ട കാലമുണ്ടായിരുന്നു. ഒരു രൂപ പോലും കുട്ടികളില്‍നിന്ന്  പിരിക്കാതെ പരിമിതമായ സൌകര്യങ്ങളോടെയാണ് അതൊക്കെ ചെയ്തത്. അന്ന് കിട്ടാത്ത നേട്ടങ്ങള്‍ എനിക്ക് ശേഷവും സ്കൂളിന് ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെയും കുട്ടികളുടെയും പങ്ക് തന്നെയാണ് അതില്‍ പ്രധാനം.  

18. പിന്നീട് അതില്‍ ഇടിവ് സംഭവിച്ചോ? എങ്ങിനെയാണ് അത് സംഭവിച്ചത്? കുട്ടികളുടെ എണ്ണത്തില്‍ വരെ കുറവുണ്ടായി?

ഇടിവ് സംഭവിച്ചോ എന്ന് ചോദിച്ചാല്‍,  പിന്നില്‍ നില്‍ക്കുന്ന സ്കൂളുകള്‍ കയറിവരുന്പോള്‍ നമ്മള്‍ കുറച്ച് പിന്നിലേക്ക് പോകുമല്ലോ? സാന്പത്തിക പരാധീനത ഉണ്ടായിരുന്നു. പലതും ചെയ്യാനാകാത്തതിന്റെ കാരണം അതായിരുന്നു. മാനേജ്മെന്റിന്റെ സാന്പത്തിക പിരമിതിയും കാരണമായിട്ടുണ്ട്. അധ്യാപകരുടെ സമീപനം കൊണ്ടല്ല അതുണ്ടായിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നില്ല.  ഞാന്‍ പോരുന്പോള്‍ 27 ഡിവിഷന്‍ വരെയുണ്ടായിരുന്നു. അതിന് ശേഷമാകാം പ്രവേശനം കുറഞ്ഞത്. അതും ഞാന്‍ പോന്നത് കൊണ്ടുണ്ടായ കുറവല്ല. എല്ലാ സ്ഥാപനങ്ങള്‍ക്കും അത് സംഭവിക്കാം. ബിസിനസ് പോലെ തന്നെയാണല്ലോ ഇതും. ചെറിയ ശ്രദ്ധക്കുറവുണ്ടായാല്‍ തളര്‍ച്ച സംഭവിക്കാം. അത് സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ വലിയ മാറ്റം കാണുന്നുണ്ട്. മാനേജ്മെന്റ് മാറി. സാന്പത്തികമായി മെച്ചപ്പെട്ടു. പണ്ടത്തെപ്പോലെ തേക്കാത്ത ചുമരും ജനലുമൊന്നുമല്ല ഇന്നുള്ളത്. അന്ന് സ്കൂളിന് സുരക്ഷപോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു.

19. വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്പോള്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടാകും. നല്ലതും മോശവുമായ അനുഭവങ്ങള്‍. അങ്ങിനെ പെട്ടെന്ന് ഓര്‍ത്തെടുക്കാവുന്നതേതാണ്?

അനുഭവങ്ങള്‍ ഒരുപാടുണ്ട്. മറക്കാനാകാത്ത തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായിട്ടില്ല. ആകെ മനസില്‍ തങ്ങിനില്‍ക്കുന്നത് ഒരു കുട്ടിയുമായുണ്ടായ പ്രശ്നമാണ്. സ്കൂളില്‍ വാര്‍ത്ത വായിക്കുന്നതിനിടെ ഒരുദിവസം ഒരുകുട്ടി ഒരു നോട്ടീസ് വായിച്ചു. അത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നോട്ടീസായിരുന്നു. ആ കുട്ടി തെറ്റ് ഏറ്റുപറഞ്ഞു. പക്ഷെ വിവാദം തീര്‍ന്നില്ല.  രണ്ട് മൂന്ന് മാസം വലിയ വിവാദമായിരുന്നു. ദിവസവും നോട്ടീസുകളിറങ്ങി. അതിന് മറുപടി നോട്ടീസുകളും ഇറങ്ങി. ഇതിനോടൊന്നും പ്രതികരിക്കരുത് എന്നായിരുന്നു നാട്ടുകാരുടെ ഉപദേശം. താനെ കെട്ടടങ്ങും, നിശ്ശബ്ദനായി ഇരിക്കൂ എന്നായിരുന്നു സീതിതങ്ങളും പറഞ്ഞത്. അത് വലിയ പാഠമായിരുന്നു. നോട്ടീസുകള്‍ ഞാന്‍ സൂക്ഷിച്ചുവച്ചിരുന്നു. ആ കൊല്ലം അവസാനം എല്ലാം കൂടി കത്തിച്ചുകളഞ്ഞു.

സ്കൂളിന് നല്ല റിസല്‍ട്ട് ഉണ്ടാകുന്നതിനെക്കുറിച്ച് ചില ആക്ഷേപങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. അത് രാഷ്ട്രീയമായിരുന്നു. മാനേജര്‍ മുസ്‍ലിം ലീഗ് നേതാവായതിനാലാണ് വലിയ വിജയശതമാനം ഉണ്ടാകുന്നത് എന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് പോയി ഉണ്ടാക്കുകയാണെന്ന് വരെ പറഞ്ഞിരുന്നു. കോപ്പിയടിക്കാന്‍ സഹായിച്ചാണ് ഉയര്‍ന്ന ഫലമുണ്ടാക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. വലിയ വിഷമമം ഉണ്ടാക്കിയ ആരോപണമായിരുന്നു ഇതൊക്കെ. ഇത്രയേറെ അധ്വാനിച്ചിട്ടും ഇങ്ങിനെ കേള്‍ക്കേണ്ടി വന്നല്ലോ എന്നായിരുന്നു വിഷമം. അതൊന്നും ഇപ്പോള്‍ ഒരു വിഷമവുമുണ്ടാക്കുന്നില്ല. അത്ര ചെറിയ സംഭവങ്ങളായിരുന്നു. വലിയ പിഴവ് പറ്റിയെന്ന് തോന്നുന്ന ഒരു അനുഭവവും ഉണ്ടായിട്ടില്ല. സ്വാഭാവികമായ ചില വീഴ്ചകളൊക്കെ സംഭവിച്ചിരിക്കാം. അതിലപ്പുറം ഒന്നുമുണ്ടായിട്ടില്ല.

20. അവസാനകാലത്ത് മാനേജ്മെന്റ് മാറ്റവും മറ്റും വലിയ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചു. സ്കൂളിന്റെ അക്കാദമിക് മികവിനെ ഇത് ബാധിച്ചോ?

സങ്കീര്‍ണതകള്‍ ഒന്നും സൃഷ്ടിച്ചിട്ടില്ല. എന്നാല്‍ ചില പ്രയാസങ്ങളൊക്കെ അതുണ്ടാക്കിയിട്ടുണ്ട് എന്നറിയാം. എന്റെ വിരമിക്കല്‍ കാലത്തായിരുന്നതിനാല്‍ ഞാനതിലേക്ക് വല്ലാതെ ഇറങ്ങിപ്പോയില്ല. പലപ്പോഴും നിശ്ശബ്ദനായി ഇരുന്നു. സ്കൂളിന്റെ അക്കാദമിക് മികവിനെ ഇത് ബാധിച്ചോവെന്ന് മറ്റുള്ളവര്‍ വിലയിരുത്തട്ടെ. ഒരുവിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്വാഭാവികമായി സംഭവിക്കാവുന്നത് എന്ന് മാത്രം ചിന്തിക്കുന്നതാകും കുറേക്കൂടി നല്ലത്.

21. അക്കാലത്ത് ചില വിവാദങ്ങള്‍ മാഷും നേരിട്ടിരുന്നല്ലോ? തനിക്ക് ശേഷം പ്രളയം എന്ന നിലപാടായിരുന്നു മാഷ് സ്വീകരിച്ചതെന്നും ആരോപണമുണ്ടായിരുന്നു. അതില്‍ വസ്തുതയുണ്ടോ?

അതിനോട് ഇപ്പോള്‍ വിമര്‍ശനാത്മകമായി പ്രതികരിക്കേണ്ട. തനിക്ക് ശേഷം പ്രളയം എന്ന നിലപാട് ഒരു അധ്യാപകന് ഒരിക്കലും സ്വീകരിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് എനിക്ക് കഴിയില്ല. കാരണം 27 വര്‍ഷം ഹൃദയത്തോട് ചേര്‍ത്തുവച്ച സ്ഥാപനമാണ്. അത് എന്നും നന്നായിക്കാണണമെന്ന മനസ്സാണ് അന്നുമിന്നും. ഇന്ന് ഭൌതികമായി സ്കൂള്‍ ഉയര്‍ന്നുകാണുന്പോള്‍ വലിയ സന്തോഷം തോന്നുന്നുണ്ട്. ഇപ്പോഴും ഞാനവിടെ പല പരിപാടികള്‍ക്കും പോകുന്നുണ്ട്. ഈ സന്തോഷവും അവിടെ പങ്കുവക്കാറുണ്ട്. പിന്നെ വിമര്‍ശനങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. ജോലി ചെയ്യുന്ന കാലത്തും ഉണ്ടായിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളുടെയും വിവാദങ്ങളുടെയും പിന്നാലെ പോകാറില്ല.

22. ആകെ സര്‍വീസ് കാലമെടുത്താല്‍ സംതൃപ്തനാണോ?

വളരെ വളരെ സതൃപ്തനാണ്. ഇന്നും ഞാന്‍ ഇത്ര സന്തോഷത്തോടെ ജീവിക്കുന്നത് പാടൂരിലെ പ്രധാനാധ്യാപകന്‍ എന്ന നിലയിലാണ്. ഇപ്പോള്‍ ഓരോ ബാച്ചും ഒരുമിച്ചുകൂടുന്നു. പലതരം ചാരിറ്റി ചെയ്യുന്നു. ഇത്രയേറെ ചാരിറ്റി ചെയ്യുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് വേറെയുണ്ടോ എന്ന് സംശയമാണ്. ഇതൊക്കെ അവര്‍ക്ക് സ്കൂളില്‍ നിന്ന് പകര്‍ന്ന് കിട്ടിയ മൂല്യബോധമാണ്. പിന്നെ, സാധാരണ പ്രധാനാധ്യാപകര്‍ എവിടെയും ക്ലാസ് എടുക്കാറില്ല. എന്നാല്‍ ഞാന്‍ എല്ലാ ബാച്ചിലും ക്ലാസെടുത്തിരുന്നു. കുട്ടികളുമായി നല്ല ബന്ധമുണ്ടായതിന്റെ കാരണവും അതാകാം. സഹപ്രവര്‍ത്തകരുടെ പിന്തുണയും അടുപ്പവും എടുത്ത് പറയണം. വ്യത്യസ്ത വീക്ഷണങ്ങളുള്ളവരായിട്ടും ഒരു കുടുംബം പോലെ കഴിഞ്ഞു. അതൊക്കെ സന്തോഷകരമായ അനുഭവമാണ്. സ്കൂളിന്റെ വിജയത്തിന് കാരണമായിട്ടുമുണ്ട്.

23.  വിരമിച്ച ശേഷം പുറത്തുനിന്ന് സ്കൂളിനെ നോക്കിക്കാണുന്പോള്‍ എന്തുതോന്നുന്നു?

വളരെ വളരെ സന്തോഷം. നമ്മള്‍ വെള്ളവും വളവുമിട്ട് വളര്‍ത്തിയ സ്ഥാപനം പൂത്ത് തളിര്‍ത്ത് കായ്ച്ച് നില്‍ക്കുന്നത് കാണുന്പോള്‍ വളരെ സന്തോഷമുണ്ട്. ആ സന്തോഷവും ഇവിടെ പങ്കുവക്കട്ടെ.

24. ഈ അഭിമുഖത്തിലെ ഏറെക്കുറെ എല്ലാ ചോദ്യങ്ങളുടെ ഉത്തരത്തിലും ഉപ്പയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് മാഷെ വഴികാട്ടിയായത് എന്ന് ആവര്‍ത്തിച്ച് പറ‍യുന്നുണ്ട്. ഉപ്പയുടെ പേരെന്താണ്? ആരായിരുന്നു?  

കുഞ്ഞിമോന്‍ മാസ്റ്റര്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ആദ്യകാലത്തെ അധ്യാപകനായിരുന്നതിനാല്‍ വളരെ ഉയര്‍ന്ന വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ല. എന്നാല്‍ വളരെ നല്ല അധ്യാപകനായിരുന്നു. ഒരുപാട് അനുഭവങ്ങളുള്ള അധ്യാപകനായിരുന്നു. വെങ്കിടങ്ങ് മുപ്പട്ടിത്തറയിലായിരുന്നു വീട്. ഏനാമാവ് സ്കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്. ഉപ്പതന്നെയായിരുന്നു എന്റെ വഴികാട്ടി.  മൈസൂരിലെ പഠനം കഴിഞ്ഞ് വന്നപ്പോള്‍ നാല് സ്ഥലത്ത് ജോലി കിട്ടി. ബാബാ ആറ്റമിക് റിസര്‍ച്ച് സെന്ററിലടക്കം. അതില്‍ എന്റെ അവസാന ഓപ്ഷനായിരുന്നു കേന്ദ്രീയ വിദ്യാലയം. ആറ്റമിക് സെന്ററില്‍ അന്ന് കയറിയിരുന്നെങ്കില്‍ എ പി ജെ കലാമിനൊപ്പം ജോലി ചെയ്യാമായിരുന്നു എന്നൊക്കെ ഞാന്‍ ഉപ്പാട് പറയുമായിരുന്നു. അധ്യാപക ജീവിതത്തിന്റെ മധുരം വരാനിരിക്കുന്നതേയുള്ളു എന്നാണ് അന്നും ഉപ്പ പറഞ്ഞ മറുപടി. ആ വാക്കുകള്‍ എത്ര ശരിയായിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു.

(പാടൂര്‍ എ ഐ എച്ച് എസ് എസ് നാല്‍പതാം വാര്‍ഷിക സുവനീര്‍ - 2020)

Wednesday, January 16, 2019

ദൈവത്തിന്റെ കരസ്പര്‍ശം




ചെറിയൊരു കടയുടെ വരുമാനംകൊണ്ട് സന്തോഷകരമായി ജീവിച്ചിരുന്ന മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുസ്തഫയുടെ കുടുംബത്തിന്റെ താളം തെറ്റിയത് അപൂര്‍വമായൊരു രോഗത്തിന്റെ വരവോടെയാണ്. ന്യുറോ മസേകുലര്‍ സിന്‍ഡ്രം. നട്ടെല്ല് വളഞ്ഞ് എഴുനേല്‍ക്കാന്‍ പോലും പറ്റാത്തതരത്തിലാവുന്ന അത്യപൂര്‍വ രോഗം. ലക്ഷത്തിലൊരാള്‍ക്ക് മാത്രം വരുന്ന രോഗം മൂന്നുമക്കളുള്ള കുടുംബത്തിലെ മൂത്തയാളെത്തേടിയെത്തിയപ്പോള്‍ തന്നെ അവരെയത് ഒന്നാകെയുലച്ചു. കഴിയാവുന്ന വഴികളിലൂടെയെല്ലാം പണംകണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അതേ രോഗം മറ്റ് മക്കളെക്കൂടി പിടികൂടുന്നത്. ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന അനുപാതത്തില്‍ ലോകത്ത് കാണപ്പെടുന്ന രോഗം ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് ബാധിക്കുക! അതിനാകട്ടെ ഒരു ശസ്ത്രക്രിയക്ക് മാത്രം ആറ് ലക്ഷത്തിലധികം രൂപ ചിലവ് വരുന്നത്രയും ഭീമമായ ചികിത്സാചിലവും. ഉണ്ടായിരുന്ന ചെറുകടകൂടി വിറ്റ് മക്കള്‍ക്കായി നെട്ടോട്ടമോടുന്ന മുസ്തഫയുടെ ജീവിതദുരിതത്തിന് സമാനതകളൊന്നുമില്ല. എഴുത്തീര്‍ക്കാന്‍ വാക്കുകളില്ലാതായി മാറിയ ആ സങ്കടക്കടല്‍ മലയാളക്കരയിലേക്ക് കാഴ്ചയായി ഒഴുകിപ്പരന്നു. ആ കഥകേട്ടവരെല്ലാം മുസ്തഫക്കും ഒരുപെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കള്‍ക്കും താങ്ങും തണലുമായി. ആഴ്ചകള്‍ക്കകം 20 ലക്ഷം രൂപ സമാഹരിച്ചു. ആ കുടുംബത്തെ നിവര്‍ന്നുനില്‍ക്കാനും നിവര്‍ന്ന് നടക്കാനും പ്രാപ്തരാക്കാനുള്ള മഹാദൗത്യം കേരളം ഏറ്റെടുത്തു. അതെ, അക്ഷരാര്‍ഥത്തില്‍ അത് മലയാളത്തിന്റെ സ്നേഹസ്പര്‍ശമായി. മീഡിയവണ്‍ ചാനലിന്റെയും. 

ഇങ്ങിനെ എത്രയെത്ര കുടുംബങ്ങള്‍. ആശയറ്റവര്‍. ആശ്രയമറ്റവര്‍. കൈവഴികളടഞ്ഞവര്‍. ഏകാന്തതയുടെ തടവറകളില്‍ സ്വയമെരിഞ്ഞ് തീരാന്‍ നിശ്ചയിച്ചവര്‍. ജീവിത ദുരിതങ്ങളുടെ അങ്ങേയറ്റമെത്തിയവര്‍. ഇനി മരണമാണേക വഴിയെന്നുറപ്പിച്ച് കണ്ണീരുറഞ്ഞുമങ്ങിയ കാഴ്ചകളുമായി സമയംകാത്തിരുന്നവര്‍. അപ്രതീക്ഷിതമായൊരു നിമിഷത്തില്‍ അവരിലേക്ക് കടന്നുചെന്ന് അവരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തുന്ന മാന്ത്രികതയാണിന്ന് സ്നേഹസ്പര്‍ശം. എട്ടുമാസത്തിനകം മലയാള ടെലിവിഷന്‍ പരിപാടികളുടെ തലവരെ തന്നെ മാറ്റിയെഴുതി മീഡിയവണ്‍ സംപ്രേഷണം ചെയ്യുന്ന സ്നേഹസ്പര്‍ശം. മലയാള പ്രേക്ഷകര്‍ക്ക് അത്രമേല്‍ പരിചിതമല്ലാത്ത കാഴ്ചാ അനുഭവമാണ് അത് സമ്മാനിച്ചത്. ദുരിതജീവിതം ചാനലുകളിലെ അപൂര്‍വ വിഷയമല്ല. പക്ഷെ ആ ദുരിതജീവിത്തോട് ചേര്‍ന്നുനില്‍ക്കുന്ന, അവര്‍ക്ക് കൈത്താങ്ങാകുന്ന, അവരെ കരകയറ്റണമെന്ന് നെഞ്ചുരുകി പ്രാര്‍ഥിക്കുന്ന, അതിന് സ്വന്തമെയതെല്ലാം സംഭാവന ചെയ്യുന്ന കാഴ്ചക്കാര്‍ കൂടിയുള്ള പരിപാടി മലയാളത്തില്‍ വേറെയില്ല. ഒരിടത്തുമുറക്കാതെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പായുന്ന കച്ചവടക്കാമറകളല്ല അത് പകര്‍ത്തുന്നത്. കണ്ടെത്തിയ കാഴ്ചകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവരെ കരകയറ്റുംവരെ അവിടേക്ക് തന്നെ വീണ്ടും വീണ്ടും തിരിച്ചുചെല്ലുന്ന മാനവികതയുടെ കാമറകളാണത്. 




2018ലെ വിഷുദിനത്തിലാണ് മീഡിയവണ്‍ ചാനല്‍ സ്നേഹസ്പര്‍ശം എന്ന പരിപാടി സംപ്രേഷണം ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരി കെ എസ് ചിത്ര ആദ്യമായി ചാനല്‍ അവതാരകയായി എത്തിയപ്പോള്‍ തന്നെ അത് വേറിട്ട കാഴ്ചയായി ശ്രദ്ധിക്കപ്പെട്ടു. അവതരിപ്പിക്കുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയോ അതിന് വഴികളൊരുക്കിക്കൊടുക്കുകയോ ചെയ്യുന്നു എന്നതാണ് സ്നേഹസ്പര്‍ശത്തെ മറ്റ് ടിവി പരിപാടികളില്‍നിന്ന് സവിശേഷമാക്കുന്നത്. സ്നേഹസ്പര്‍ശം വഴി മീഡിയവണ്‍ പുറത്തുകൊണ്ടുവന്ന ഒരു വിഷയത്തിനും ഇതുവരെ സഹായം ലഭിക്കാതിരുന്നിട്ടില്ല. അതില്‍ മാരക രോഗികള്‍ മാത്രമല്ല വന്നുപോയത്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യക്കുറവ് മുതല്‍ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന പെണ്‍കുട്ടിവരെ കടന്നുവന്നു. അതെല്ലാം മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. 30 എപ്പിസോഡ് മാത്രം പിന്നിട്ട പരിപാടിയിലൂടെ ഒന്നേകാല്‍ കോടി രൂപ പലര്‍ക്കായി സമാഹരിച്ചു. വീടുകള്‍ വച്ചുകൊടുക്കുന്നത് മുതല്‍ നിശ്ചിത കാലത്തേക്ക് മാസാന്ത പെന്‍ഷന്‍ വരെ ഏര്‍പടുത്താന്‍ കഴിയുന്ന തരത്തില്‍ സഹായം പ്രവഹിച്ചു. സന്നദ്ധ സംഘടനകള്‍ തൊട്ട് നാട്ടുകൂട്ടായ്മകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി കൂട്ടായ്മകളും വരെ സഹായവും പിന്തുണയുമായി രംഗത്തെത്തി. കേരളത്തിലെ 14 ജില്ലകളിലും ഇതിനകം സ്നേഹസ്പര്‍ശം ടീം സഞ്ചരിച്ചുകഴിഞ്ഞു. അവിടെനിന്നെല്ലാം മലയാളത്തെ ഞെട്ടിച്ച കാഴ്ചകള്‍ പുറത്തത്തിച്ചു. ഇത്രമേല്‍ ഭീതിതവും സങ്കടകരവുമായ സാഹചര്യങ്ങളില്‍, ഒരുകൈ സഹായത്തിനൊരു കുഞ്ഞിനെപ്പോലും കിട്ടാത്ത അനേകര്‍ പാര്‍ക്കുന്ന ഒറ്റപ്പെട്ടവരുടെ തുരുത്താണ് കേരളമെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യംകൂടിയാണ് സ്നേഹസ്പര്‍ശത്തിലൂടെ പുറത്തുവന്നത്. 


ചിത്ര ഇപ്പോള്‍ വെറുമൊരു ഗായികയല്ല


കെ എസ് ചിത്രയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. അവരുടെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍പോലും കഴിയാത്തവരെത്രയോയുണ്ട് ഈ ഭൂമിമലയാളത്തില്‍. അത്രമേല്‍ മലയാളിക്കാതുകളില്‍ ഇഴുകിച്ചേര്‍ന്ന സ്വരമാണത്. ആ ചിത്രയിപ്പോള്‍ വെറുമൊരു പാട്ടുകാരി മാത്രമല്ലാതായിരിക്കുന്നു. ടെലിവിഷന്‍ അവതാരകയെന്നതാണ് പുതിയ മേല്‍വിലാസം. ചിത്രയുടെ പാട്ടിനേക്കാള്‍ അവര്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നവരായി മാറിയിരിക്കുന്നു മലയാളികള്‍. ഈ മാറ്റത്തിന് പിന്നില്‍ ചിത്രയുടെ വലിയ സമര്‍പണത്തിന്റെയും അസമാനമായ സഹാനുഭൂതിയുടെയും ചരിത്രംകൂടിയുണ്ട്. മലയാളികളെ അത്ഭുതപ്പെടുത്തുന്ന രഹസ്യമാണത്. 

അണിയറക്ക് പിന്നില്‍നിന്ന് ഒഴുകിയെത്തുന്ന ആ മാസ്മര ശബ്ദം ആദ്യമായാണ് അവതാരക എന്ന നിലയില്‍ തിരശ്ശീലക്ക് മുന്നിലെത്തുന്നത്. സ്നേഹസ്പര്‍ശം പരിപാടിയുടെ ആശയവുമായി മീഡിയവണ്‍ സമീപിച്ചപ്പോള്‍ തന്നെ അതിന്റെ അണിയറ പ്രവര്‍ത്തകരേക്കാള്‍ താത്പര്യപൂര്‍വം അവരതേറ്റെടുത്തു. വെറുതെ അതില്‍ അവതരാകയാകുകയല്ല ചിത്ര. ആ പരിപാടിയില്‍ അവതരിപ്പിക്കപ്പെടുന്ന ദുരിതജീവിതങ്ങള്‍ക്ക് താങ്ങും തണലുമാണ് അവര്‍. സ്നേഹസ്പര്‍ശത്തിലൂടെ കടന്നുപോയവര്‍ക്ക് ചിത്ര വെള്ളിത്തിരിയില്‍നിന്ന് ഇറങ്ങിവന്ന വാനമ്പാടിയാണ്. ഒരു എപ്പിസോഡില്‍ രണ്ട് വാര്‍ത്തകളോ സംഭവങ്ങളോ ആണ് അവതരിപ്പിക്കുക. ഈ രണ്ട് പേര്‍ക്കും മറ്റാരുടെ സഹായവും ലഭിച്ചില്ലെങ്കിലും അതിന്റെ അവതാരകയുടെ വക സഹായം ഉറപ്പാണ്. ഓരോ എപ്പിസോഡില്‍ വരുന്നവര്‍ക്കും പതിനായിരം രൂപ വീതം കെ എസ് ചിത്ര സഹായമായി നല്‍കും. അതവരുടെ നിശ്ചയമാണ്. മുപ്പത് എപ്പിസോഡ് പിന്നിടുന്ന സ്നേഹസ്പര്‍ശത്തില്‍ ഒരിക്കല്‍പോലും ചിത്ര ഇതിന് മുടക്കം വരുത്തിയിട്ടില്ല. 

അവതരിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലെ പരിചയപ്പെടുത്തുന്നവരുടെ ജീവിതത്തെ ഇത്രത്തോളം സ്വയം അനുഭവിക്കുന്ന ഒരുഅവതാരക മലയാളത്തില്‍ വേറെയുണ്ടാകില്ല. പല കഥകളും വായിച്ച് സങ്കടപ്പെട്ട് ചിത്രീകകരണം നടത്താന്‍പോലും കഴിയാതെ സ്തബ്ദയായിപ്പോയിട്ടുണ്ട് അവര്‍. കേവലമായ അവതരണം എന്നതിനപ്പുറം വൈകാരികമായ ഒരേറ്റെടുക്കലാണ് ചിത്രക്ക് ഓരോ എപ്പിസോഡും. കാമറക്ക് മുന്നിലെത്തിയാലും ആ വേദന അവരുടെ വാക്കുകളിലും കണ്ണുകളിലും നിറഞ്ഞുനില്‍ക്കുകയും ചെയ്യും. പ്രസന്നമായ ആ മുഖഭാവത്തിലെവിടെയോ ഒരുവിഷാദച്ഛായ വന്നുചേരും. ലക്ഷങ്ങള്‍ വാങ്ങുന്ന ഗായികക്ക് പക്ഷെ ഇപ്പോള്‍ മുഖ്യം സ്നേഹസ്പര്‍ശമായി മാറിക്കഴിഞ്ഞിരിക്കുന്നു. റെക്കോഡിങ് ഡേറ്റുകള്‍ മാറ്റിവച്ചും അവര്‍ സ്നേഹസ്പര്‍ശത്തിനായി ഓടിയെത്തും. വിദേശ യാത്രകളിലായിരിക്കുമ്പോള്‍ എത്തിപ്പെട്ട സ്ഥലത്തുനിന്ന് കാമറാമാനെ സംഘടിപ്പിച്ച് സ്വയം ചിത്രീകരിച്ച് എത്തിക്കും. മറ്റെല്ലാം മറന്ന് സഹജീവികള്‍ക്ക് സമര്‍പിക്കുന്ന ജീവിതമായി ചിത്രയും സ്വയം മാറിക്കഴിഞ്ഞിരിക്കുന്നു. അത്രമേല്‍ അവരെ തൊട്ടുകഴിഞ്ഞു ഈ സ്നേഹസ്പര്‍ശം. 

പത്തനംതിട്ടയിലൊരു കൊച്ചു പാട്ടുകാരിയുണ്ട്, നൈഷാന. അരക്കുതാഴെ ചലനമറ്റ് കഴിയുന്ന പെണ്‍കുട്ടി. അവരുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ചിത്രയെക്കുറിച്ചായിരുന്നു. വേദനമറക്കാന്‍ ആ കുട്ടിക്ക് വേണ്ടിയിരുന്നത് ചിത്രയും ശബ്ദമായിരുന്നു. ആ കുഞ്ഞിന്റം സ്വപ്നം സഫലമാക്കി അതറിഞ്ഞയുടന്‍ തന്നെ ചിത്ര ചെലഫോണില്‍ നൈഷാനയെ വിളിച്ചു. വിധിവശാല്‍ തളര്‍ന്നുപോയ ഒരു ജീവനെ എല്ലാ അര്‍ഥത്തിലും സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ കൈത്താങ്ങുകയാണ് ചിത്ര. മുപ്പത് എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊല്ലത്ത് സംഘടിപ്പിച്ച സ്നേഹ സംഗമത്തിലും ആദ്യാന്തം ചിത്രയുണ്ടായിരുന്നു. അതിഥിയായല്ല, ആതിഥേയയായി. അവരിലൂടെ ലോകമറിഞ്ഞും സഹായമെത്തിയും കരകയറിയ ജീവിതങ്ങള്‍ ആ ആതിഥ്യം സ്വീകരിച്ച് അവിടെയെത്തി. ഉമ്മവച്ചും കെട്ടിപ്പിടിച്ചും ഒന്നിച്ച് പാട്ട് പാടിയുമൊക്കെയാണ് സംഗമത്തിനെത്തിയവര്‍  ചിത്രയെ വരവേറ്റത്. 

വയനാട്ടില്‍ നിന്ന് ജിഷ കൊല്ലത്തെത്തിയത് ചിത്രയെ കാണാന്‍ വേണ്ടി മാത്രമാണ്. വേദിയില്‍ കയറി അടുത്തിരുന്ന് കൈപിടിച്ച് അവള്‍ തന്റെ അകക്കണ്ണുകൊണ്ട് ചിത്രയെ കണ്ടു. ജന്മനാ അന്ധയായ ജിഷക്ക് അത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു. എന്നും കേള്‍ക്കുന്ന മധുരശബ്ദം അടുത്തെത്തിയപ്പോള്‍ ജിഷക്ക് പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ഏഴ് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചയാളാണ് ജിഷയെന്നറിഞ്ഞതോടെ ചിത്രക്കും അത്ഭുതം. വയനാട്ടുകാരി മിന്‍ഷ ഫാത്തിമയും കോട്ടയത്തെ ജ്യോതിഷുമെല്ലാം സ്‌നേഹസംഗമത്തിനെത്തിയത് ഇതേ ലക്ഷ്യവുമായായിരുന്നു. കെ എസ് ചിത്രയെ കാണണം. അവര്‍ക്കുമുന്നില്‍ ഒരുപാട്ട് പാടണം. ചിത്രച്ചേച്ചിയുടെ പാട്ട് കേള്‍ക്കണം. പലതരത്തില്‍ ദുരിതമനുഭവിക്കുന്നവരാണ് ഇവിടെ ചിത്രക്ക് മുന്നിലെത്തിയത്. പാട്ട് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെല്ലാം വേണ്ടി അവര്‍ പാടി. ഏറെകാത്തിരുന്ന് ചിത്രക്ക് മുന്നിലെത്തിയ തിരുവനന്തപുരം കണിയാപുരത്തെ അസറുദ്ദീന്‍ എന്ന കുട്ടി വാക്കുകളില്ലാതെ പൊട്ടിക്കരഞ്ഞു. മാനസികാരോഗ്യം കുറഞ്ഞ അസറുദ്ദീന്‍ കാലങ്ങളായി കാത്തുവച്ച സന്തോഷമായിരുന്നു ആ കണ്ണുനീര്‍. ചിത്രച്ചേച്ചിക്കൊപ്പം പാടണമെന്ന നൈഷാനയുടെ ആ്ഗ്രഹവും ആ വേദിയില്‍ സഫലമായി. 

ഒറ്റക്ക് നിന്നാല്‍ ഒന്നും നേടാനാകില്ല, മറിച്ച് ഒരുപാട് പേര്‍ ഒന്നിച്ച് നിന്നാല്‍ വിജയിക്കാനാകുമെന്നതിന്റെ തെളിവാണ് സ്‌നേഹസ്പര്‍ശമെന്ന് ചിത്ര പറഞ്ഞു. നല്‍കുന്ന സഹായം കൃത്യമായ കരങ്ങളിലെത്തിക്കാനാകുന്നു. സ്‌നേഹസ്പര്‍ശത്തിന്റെ ഓരോ അധ്യായങ്ങളിലും ഓരോരുത്തരുടെയും ജീവിതാവസ്ഥകളാണ് അവതരിപ്പിക്കുന്നത്. അവരെയെല്ലാം ഒരുകുടക്കീഴില്‍ ഒന്നിച്ചു കാണാനായത് സന്തോഷകരമാണെന്നും ചിത്ര പറഞ്ഞു. ഗായിക എന്ന നിലയില്‍ മാത്രം മലയാളികള്‍ സ്‌നേഹിച്ചിരുന്ന ചിത്ര ഇപ്പോള്‍ അശരണരുടെ അത്താണിയാണ്. സ്‌നേഹപ്‌സര്‍ശത്തിലൂടെ സഹായംതേടി നിരവധിപേരാണ് ദിവസവും അവരെ സമീപിക്കുന്നത്. ഈ പുതിയ മേല്‍വിലാസം ചിത്രയും ഒരുപാടിഷ്ടപ്പെടുന്നുണ്ടിപ്പോള്‍.  


തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വൃദ്ധയായ വീട്ടമ്മയുടെ കഥ അത്തരത്തിലൊന്നാണ്. 50ഉം 45ഉം വയസ്സുള്ള രണ്ട് ആണ്‍ മക്കളുള്ള കുടുംബം. രണ്ട് പേര്‍ക്കും മാനസികാരോഗ്യ പ്രശ്നം. അവരെ ഒറ്റക്കിട്ട് പുറത്തുപോകാന്‍ കഴിയാതായതോടെ വീട്ടില്‍ രണ്ട് തടവറകളുണ്ടാക്കി ഈ അമ്മ. മക്കളെ സെല്ലിലടച്ച് അന്നംതേടി പോകേണ്ടിവരുന്ന ഒരമ്മയുടെ വേദന സങ്കല്‍പത്തിനുമപ്പുറത്താണ്. അവരുടെ ജീവിതക്കാഴ്ചകള്‍ കണ്ട് നിരവധിപേരാണ് സഹായഹവുമായെത്തിയത്. മക്കളുടെ ചികിത്സാസഹായത്തിന് പണംകണ്ടെത്താന്‍ ഈ അമ്മക്കിനി പ്രയാസപ്പെടേണ്ടിവരില്ല. കേരളത്തില്‍ അവയം ദാനം ചെയ്ത ആദ്യ ദമ്പതികളെന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഓട്ടോ ഡ്രൈവറും ഭാര്യയുമുണ്ട് തിരുവനന്തപുരം ശ്രീകാര്യത്ത്. അവയവദാനത്തിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഈ കുടുംബം. പല പരിപാടികളിലും ഇവര്‍ അതിഥികളായി. രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓട്ടോറിക്ഷ ഓടിക്കുകപോലും ചെയ്തിരുന്ന ഈ കുടുംബത്തെ രോഗം പിടികൂടിയപ്പോള്‍ ആഘോഷക്കമ്മിറ്റിക്കാര്‍ കൈവിട്ടു. വായ്പ തിരിച്ചടക്കാനാകാതെ ഓട്ടോറിക്ഷ ജപ്തി ചെയ്യപ്പെട്ടു. കിഡ്നി ദാനം ചെയ്ത കുടുംബനാഥന് മറ്റേ കിഡ്നിക്ക് രോഗബാധയായി. കരള്‍ കൊടുത്ത ഭാര്യക്ക് കാന്‍സറും. സാമ്പത്തികമായി തകര്‍ന്ന ഈ കുടുംബത്തിന്റെ ചികിത്സക്കും സ്നേഹസ്പര്‍ശം വഴിയൊരുക്കി. ഉപയോഗിച്ച് നശിച്ചുതീര്‍ന്ന ഇടുക്കി ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ബെഡുകളും മാറ്റി പുതിയത് നല്‍കിയതും കാസര്‍കോഡ് ജില്ലാ ആശുപത്രിയിലെ കുട്ടുകളുടെ വിഭാഗത്തില്‍ ചികിത്സാ ഉപകരണങ്ങള്‍ എത്തിച്ചതും ഇക്കൂട്ടത്തിലുണ്ട്. എറണാംകുളം വാരാപ്പിഴയിലെ മത്സ്യത്തൊഴിലാളിയുടെ മകളായ ഹരിതയെ അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിനയച്ചതും മലയാളികളുടെ ഈ കാരുണ്യ സ്പര്‍ശമാണ്. തുര്‍ക്കിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വിഷമിച്ച ഹരിതക്ക് ചിലവായ മുഴുവന്‍ തുകയും ഈ പരിപാടിയിലൂടെ കണ്ടെത്തി. 

വാര്‍ത്തകള്‍ നല്‍കുക വഴി പണം സമാഹരിക്കുക എന്നത് മാത്രമല്ല സ്നേഹസ്പര്‍ശം വഴി നടക്കുന്നത്. സന്നദ്ധ സംഘടനകളഉം സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം ഈ പരിപാടിക്കൊപ്പമുണ്ട്. ഇതുവരെ 10 വീടുകള്‍ക്കാണ് ഇതുവഴി തീരുമാനമായിരിക്കുന്നത്. സ്നേഹസ്പര്‍ശത്തിന്റെ ഫെസിലിറ്റേറ്റിങ് പാട്ണറായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന തന്നെ ഒന്നിലധികം വൂടുകളുടെ നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ഷാജിയും കുടുംബവും അതിലൊന്നാണ്. ഭാര്യയും ഭര്‍ത്താവും മാരക രഗം ബാധിച്ച് കഴിയുന്ന ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമാക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ച് കഴിഞ്ഞു. സ്നേഹസ്പര്‍ശം വഴി ലഭിക്കുന്ന പണംകൂടി ചേര്‍ത്ത് അവര്‍ക്കുടന്‍ തന്നെ അന്തിയുറങ്ങാനിടം ഒറുങ്ങും. ഫൗണ്ടേഷേനില്‍ ഒതുങ്ങുന്നില്ല സന്നദ്ധ പ്രവര്‍ത്തകരുട പിന്തുണ. മാധ്യമം ദിനപ്പത്രം, താരസംഘടനയായ അമ്മയുമായി ചര്‍ന്ന് നടപ്പാക്കുന്ന അക്ഷരവീട് പദ്ധതി വഴി രണ്ടിടത്ത് വീടവക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ കഞ്ഞിപ്പാടത്തെ 22 കാരനായ അജീഷിന്റെ കഥ കരളലിയിപ്പിക്കുന്നതാണ്. രണ്ട് കാലുകള്‍ക്കും ചലന ശേഷിയില്ലാത്ത അജീഷ് ആലപ്പുഴ എഡ് ഡി കോളജിലെ എം കോം വിദ്യാര്‍ഥിയാണ്. വീല്‍ ചെയര്‍ എത്തുന്നിടത്തോളം അമ്മയുടെ തോളിലേറി യാത്ര ചെയ്യേണ്ടിവരുന്ന ഈ ചെറുപ്പക്കാരന്റെ ജൂവിതത്തിന് കൈതാങ്ങാകുന്നത് അതേ കോളജിലെ കോമേഴ്സ് വിഭാഗം പൂര്‍വവിദ്യാര്‍ഥികള്‍. മൈറ്റി കോമേഴ്സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മ 10 ലക്ഷം രൂപ ചിലവിട്ടാണ് അജീഷിന്റെ വീടുനിര്‍മിക്കുന്നത്. മലയാളി പ്രേക്ഷകര്‍ വഴിയൊരുക്കുന്ന ജീവിതങ്ങള്‍ക്ക് പക്ഷെ ഭാഷയുടെയോ ദേശത്തിന്റെയോ അതിരുകള്‍ പരിമിതിയാകുന്നില്ല. കാന്‍സര്‍ രോഗബാധിതരായ കന്നഡ ദമ്പതികള്‍ക്ക് പ്രതിമാസ ചികതിത്സാ സഹായം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കാനായത് അതിരുകളില്ലാത്ത ഈ മാനവികതകൊണ്ട് മാത്രമാണ്. വയനാട്ടിലെ തകരക്കുടിലില്‍ കഴിഞ്ഞിരുന്ന ഈ കുടുംബം യാദൃശ്ചികമായാണ് മീഡിയവണ്‍ ഫ്രെയിമിലേക്ക് എത്തുന്നത്. നട്ടെല്ല് വളഞ്ഞ് കൈകകള്‍ കുത്തി നടക്കേണ്ടിവരുന്ന കാസര്‍കോട്ടെ തുളു കുടുംബാംഗമായ വിമലയും അത്തരത്തിലൊരാളാണ്. ആശുപത്രിയില്‍ പോലും കിടത്താന്‍ കഴിയാത്ത തരത്തില്‍ ജീവിതം സഹികെട്ടുപോയ വിമലക്കും സ്നേഹസ്പര്‍ശമൊരുക്കിയത് സമാനമായ ചികിത്സാപദ്ധതി തന്നെ. 




നിസ്സഹായരായ ജനതയോട് മുഖംതിരിഞ്ഞുനിന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ നേര്‍വഴിക്ക് കൊണ്ടുവരാനും സ്നേഹസ്പര്‍ശം വഴി കഴിഞ്ഞു. സര്‍ക്കാറാപ്പീസുകള്‍ കയറനിരങ്ങി മടുത്തവരെത്തേടി ഔദ്യോഗിക സംവിധാനങ്ങള്‍ ഇങ്ങോട്ടോടിയെത്തുംവിധത്തില്‍ അത് വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. വയനാട് നൂല്‍പുഴയിലെ ഹനഷെറിനും കോഴിക്കോട് കോടഞ്ചേരിയിലെ ആദിത്യ പ്രദീപുമെല്ലാം ആശ്വാസക്കര കണ്ടത് അങ്ങിനെയാണ്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഹന ഷെറിന്റെ കുടുംബം കഴിഞ്ഞിരുന്നത് ടര്‍പോളിനും തകരഷീറ്റും കൊണ്ട് തട്ടിക്കൂട്ടിയ കുടിലിലായിരുന്നു. പഞ്ചായത്തിന്റെ സഹായത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. സ്നേഹസ്പര്‍ശം വഴി ഇവര്‍ക്ക് വീടുവക്കാന്‍ തീരുമാനിച്ചപ്പോഴാണ് പഞ്ചായത്തും ഉണര്‍ന്നത്. പിന്നീട് ഗ്രമാപഞ്ചായത്തുതന്നെ അത് ഏറ്റെടുത്തു. അതിനേക്കാള്‍ ദയനീയമാണ് ആദിത്യ പ്രദീപിന്റെ ജീവിതം. പോളിയോ ബാധിച്ച് രണ്ടുകാലിനും ചലന ശേഷി നഷ്ടപ്പെട്ട ആദിത്യ താമസിക്കുന്നത് വീല്‍ചെയറില്‍പോലും എത്താന്‍ കഴിയാത്ത കുന്നിന്‍പുറത്ത്. മൂന്ന് കിലോമീറ്ററോളം കൊടിയദുരിതം സഹിച്ച് ദിവസവും സ്‌കൂളിലത്തുന്ന ഈ എട്ടാംക്ലാസുകാരിയുടെ കുടുംബവും സഹായത്തിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. പക്ഷെ ഒന്നും തുറക്കപ്പെട്ടില്ല. എന്നാല്‍ സ്നേഹസ്പര്‍ശം ഇത് വാര്‍ത്തയാക്കിയപ്പോള്‍ സഹായവുമായി ആദ്യം രംഗത്തിറങ്ങിയതും പഞ്ചായത്തുതന്നെയായിരുന്നു. 12 ലക്ഷം രൂപ ചിലവിട്ടാണ് ഇവരുടെ വീട് നിര്‍മിക്കുന്നത്. കോട്ടയത്തെ ജ്യോതിഷ്, പത്തനംതിട്ടയിലെ നൈഷാന തുടങ്ങി നിരവധിപേരുടെ മുറവിളി ചെന്നുപതിക്കേണ്ടിടത്ത് തന്നെ അതെത്തിക്കാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു. സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി അപരിഹാര്യമാംവിധം സങ്കീര്‍ണമാക്കിക്കളഞ്ഞ ഫയലുകളുടെ കെട്ടഴിച്ച് അതി്ലെ ജീവിതങ്ങളെ അസാധാരണമായ വേഗത്തിലും പൂര്‍ണതയിലും സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള സ്‌നേഹസ്പര്‍ശം നിര്‍ബന്ധിതമാക്കി. 

ജനപിന്തുണ, നിര്‍ലോഭമായ പ്രതികരണം, അസാധാരണമായ സഹകരണം തുടങ്ങി പ്രേക്ഷക പങ്കാളിത്തത്തിന്റെ സകല പാരമ്പര്യങ്ങളെയും കീഴ്#വഴക്കങ്ങളെയും അതിലംഘിച്ച ഒരു പരിപാടിയായി സ്നേഹസ്പര്‍ശം മാറിക്കഴിഞ്ഞു. പരിമിതമായ പ്രതികരണങ്ങളോ നാമാത്രമായ സഹായവാഗ്ദാനങ്ങളോ മാത്രമായി ഒതുങ്ങിയിരുന്ന മലയാളി പ്രേക്ഷകരുടെ പ്രതികരണ രീതിയെ തന്നെ ഇത് മാറ്റിമറിച്ചു. അവര്‍ക്ക് മുന്നിലെത്തിയ വാര്‍ത്തയെ നിരന്തരം പിന്തുടരുന്ന, അതിലെ കഥാപാത്രങ്ങളുടെ അതിജീവനത്തിന്റെ ഓരോഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കുന്ന, അവരുടെ ചെറുവിജയം പോലും സ്വന്തം നേട്ടമായി ആത്മാഭിമാനംകൊള്ളുന്ന ഒരുവിഭാഗം പ്രേക്ഷകരെ സൃഷ്ടിക്കാന്‍ സ്നേഹസ്പര്‍ശത്തിനായി. പ്രേക്ഷകരുടെ കാഴ്ചാശീലത്തെ തന്നെ മാറ്റിമറിച്ച്, കാഴ്ചയെ കേവലാസ്വാദനത്തിന്റെ തലത്തില്‍നിന്നുയര്‍ത്തി ഓരോ വാര്‍ത്തയെയും ആത്മാംശമുള്ള അനുഭവങ്ങളാക്കി മാറ്റുകയാണ് സ്നേഹസ്പര്‍ശം. അതെ, അത് ദൈവത്തിന്റെ കരസ്പര്‍ശമാണ്. 

(വാരാദ്യ മാധ്യമം, ജനുവരി 7 2019

Tuesday, July 23, 2013

നാല്‍പതാം വയസ്സിലെ സ്വപ്‌നച്ചിറകുകള്‍

Oman's first airport.  foto in 1960

സീബിലെ ആകാശത്തിനിപ്പോള്‍ സ്വപ്‌നങ്ങളുടെ ചിറകുകളാണ്. ലോകത്തേക്കാകെ പറന്നുപരക്കാനുള്ള യന്ത്രപ്പറവകള്‍ക്ക് പുതിയ കൂടൊരുക്കുന്നതിന്റെ സ്വപ്‌നങ്ങള്‍. സര്‍ക്കസുകാരന്റെ കൂടാരംപേലെ കണ്ടുകണ്ടങ്ങിരിക്കെ അതവിടെ ഉയര്‍ന്നുപൊങ്ങുകയാണ്. നീലാകാശം മേലാപ്പിടുന്ന ആ മോഹക്കൂട്ടിലേക്ക് പറന്നിറങ്ങാന്‍ ലോകമാകെ കാത്തിരിക്കുന്നുണ്ട്. ഒരുരാജ്യത്തിന്റെ വ്യോമ സങ്കല്‍പങ്ങള്‍ക്ക് അത് പുതിയ ചിറകേകും. ആകാശ യാത്രകളുടെ സകീര്‍ണതകളൊഴിഞ്ഞ വഴികള്‍ സഞ്ചാരികളാല്‍ നിറയും. മരുഭൂമിപോലെ പടര്‍ന്നുകിടക്കുന്ന മണല്‍പരപ്പുകളില്‍ സാമൂഹ്യ വികാസത്തിന്റെ പുതിയ ചക്രവാളങ്ങള്‍ പണിയും. ഇതൊരു നാടിന്റെ പകല്‍ക്കിനാവല്ല. നാല്‍പതാണ്ട് മുമ്പ് കണ്ട സ്വപ്‌നങ്ങളുടെ തനിയാവര്‍ത്തനമാണ്. അതിന്റെ സാഫല്യങ്ങളില്‍നിന്ന് കെട്ടിപ്പടുത്ത പുതുമോഹങ്ങളുടെ സാകല്യമാണ്.

റൂവിയിലെ താഴ്‌വാരം

റൂവിയിലെ വാദിയുടെ ഒരറ്റത്ത് അടുത്തകാലം വരെ അടര്‍ന്നിളകിയ നേര്‍ത്തൊരു ടാറുറോഡിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഒരുകാലത്ത് ഒമാനിലേക്കുള്ള വിമാനങ്ങള്‍ കുതിച്ചുപൊങ്ങാന്‍ ഓടിത്താണ്ടിയ വഴികളായിരുന്നു അത്. പണ്ട് വിമാനം വന്നിറങ്ങിയേടത്ത് ഇപ്പോള്‍ മഴക്കാലത്തെ കലക്കവെള്ളം കടത്തിവിടാനുള്ള ഓവുചാലാണ്. ചരിത്രത്തിലിതൊരു വിമാനത്താവളമായിരുന്നു എന്ന് സങ്കല്‍പിക്കാന്‍പോലും കഴിയാത്ത വിധം ആ പ്രദേശമാകെ രൂപംമാറിയിരിക്കുന്നു. ഇന്ന് വാണിജ്യ കേന്ദ്രങ്ങളും താമസക്കെട്ടിടങ്ങളും ഉയര്‍ന്നുനില്‍ക്കുന്ന നഗരഹൃദയത്തിലൂടെയായിരുന്നു ആ ടാര്‍റോഡ് നീണ്ടുപോയത്. അവിടെയാണ് ഒമാനിലേക്കുള്ള ആദ്യകാല വിമാനങ്ങള്‍ വന്നിറങ്ങിയത്. അവിടെ നിന്നാണ് പഴയ ഒമാന്‍ ലോകത്തേക്ക് ആകാശച്ചുവടുവച്ചത്.

റുവിയിലെ ഈ വിമാനത്താവളത്തിന് ആ പ്രദേശത്തിന്റെ സ്ഥലപ്പേര് തന്നെയായിരുന്നു -ബൈത്തുല്‍ ഫലജ്. ഒമാനിലെ ഒന്നാം വിമാനത്താളവം. നിര്‍മാണം പൂര്‍ത്തിയായത് 1929ല്‍. സുല്‍ത്താന്‍ ഭരണത്തിന്റെ മൂന്നാം തലമുറയായിരുന്നു അന്ന് നാട് ഭരിച്ചിരുന്നത്. ഇന്ന് കാണുന്ന വിമാനത്താളവങ്ങളോട് ചേര്‍ത്ത് അതിനെ സങ്കല്‍പിക്കാനേ കഴിയില്ല. വിമാനങ്ങള്‍ക്ക് കഷ്ടിച്ച് വന്നിറങ്ങാവുന്ന വളരെ നേര്‍ത്ത ഒരു വഴി. ഒട്ടും വീതിയില്ലാത്ത ഒരു തുണ്ട് സ്ഥലം. അതുതന്നെയായിരുന്നു പരമാവധി സൗകര്യം. സൈനികാവശ്യങ്ങള്‍ക്കായാണ് അന്നത് തുറന്നത്. അതിനാല്‍ അത്രസൗകര്യം തന്നെ അധികമായിരുന്നിരിക്കണം. പിന്നീട് പെട്രോളിയം ഡിവലപ്‌മെന്റ് ഒമാന്‍ കമ്പനി എന്ന എണ്ണ ഉല്‍പാദകര്‍ കൂടി വിമാനത്താവളം ഉപയോഗിച്ചുതുടങ്ങി. സൈനിക വ്യോമ വാഹനങ്ങള്‍ക്കുപുറമേ ഇവരുടെ വിമാനങ്ങളാണ് ഇവിടെ ആദ്യമിറങ്ങിയിരിക്കുക. എന്നാല്‍ എണ്ണക്കമ്പനിക്കും ഒമാനിന് പുറത്തേക്കുള്ള യാത്രകളുണ്ടായിരുന്നില്ല. ഫഹൂദിലും ഖുറുല്‍ അലാമിലുണ്ടായിരുന്ന എണ്ണപ്പാടങ്ങള്‍ക്കും മസ്‌കത്തിനുമിടയില്‍ അവ പറന്നൊതുങ്ങി.


airport @ 1970
യാത്രാവിമാനങ്ങള്‍ക്ക് വന്നിറങ്ങാന്‍ പറ്റാത്തത്രയും ചെറുതായിരുന്നു ബൈത്തുല്‍ ഫലജ്. നേര്‍ത്ത റണ്‍വേയില്‍ വിമാനമിറക്കുക അന്നത്തെ ക~ിന പരീക്ഷണങ്ങളില്‍ ഒന്നായിരുന്നുവത്രെ. അത്യന്തം അപകടകരമായ ലാന്റിംഗും ടേക്കോഫും പുറം വിമാനങ്ങളെ ഇവിടെ നിന്നകറ്റി. വിമാനത്താളവത്തിന് ചുറ്റും ഉയര്‍ന്നുനിന്നിരുന്ന കൂറ്റന്‍ മലകള്‍ അപകട സാധ്യതക്ക് കരുത്തുകൂട്ടി. എങ്കിലും മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ആദ്യ യാത്രാ വിമാനമിറങ്ങി. ഗള്‍ഫ് എയറിന്റെ ഡി.സി 3 വിമാനം. 1960ല്‍ ആയിരുന്നു അത്. പത്ത് വര്‍ഷത്തിന് ശേഷം ബ്രിട്ടീഷ് എയര്‍ലൈന്‍സും പാക്ക് എയര്‍ലൈന്‍സും യാത്രാവിമാനങ്ങളിറക്കി. ഇവ ഭാഗിക സര്‍വീസുകളായിരുന്നെങ്കിലും ഇതില്‍ പിന്നെയാണ് സ്ഥിരം യാത്രാവിമാനങ്ങളുടെ പട്ടികയില്‍ മസ്‌കത്ത് ഇടം നേടിയത്. ഉപകരണങ്ങള്‍ മുതല്‍ ഓഫീസ് വരെ എല്ലാം അത്യന്തം പരിമതിമായിരുന്നു അന്നിവിടെ. എങ്കിലും കമ്യൂണിക്കേഷന്‍ കേന്ദ്രം, കസ്റ്റംസ് ഓഫീസ്, പാര്‍ക്കിംഗിനും അറ്റകുറ്റപ്പണിക്കുമുള്ള ഷെഡ് എന്നിവയുണ്ടാക്കിയിരുന്നു.

സീബിലേക്ക് പറന്ന പക്ഷി

സുല്‍ത്താന്‍ ഖാബൂസ് ഭരണമേറ്റെടുത്തതിന് പിന്നാലെ ഒമാനിന്റെ ആകാശ യാത്രക്ക് പുതിയ വേഗവും താളവും വന്നു. പുതിയ ഭരണാധികാരിയുടെ ആദ്യ തീരുമാനങ്ങളിലൊന്നുതന്നെ വിമാത്താവളത്തിന്റെ ചുവടുമാറ്റമായിരുന്നു. മസ്‌കത്തില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരെയുള്ള സീബാണ് ഇതിനായി തെരഞ്ഞെടുത്തത്. മൂന്ന് വര്‍ഷത്തിനകം സീബില്‍ പുതിയ വിമാനത്താവളമൊരുങ്ങി. 1973 ഡിസംബര്‍ 23ന് അത് യാത്രക്കാര്‍ക്കായി തുറന്നു. മസ്‌കത്തിലേക്കുള്ള പക്ഷികള്‍ പിന്നെ സീബില്‍ പറന്നിറങ്ങി. വലിയ വിമാനങ്ങള്‍ ആദ്യകാലത്തുതന്നെ ഇവിടെയെത്തി. ആദ്യവര്‍ഷം 87,200 യാത്രക്കാര്‍ സീബ് കടന്നുപോയി. അവിടുന്നങ്ങോട്ട് പ്രളയംപോലെ സഞ്ചാരികള്‍ വര്‍ഷാവര്‍ഷം ഒഴുകിയെത്തി. ഓമനിന്റെ ടൂറിസ-വ്യവസായ-വാണിജ്യ മേഖലകളില്‍ അത് വികാസത്തിന്റെയും വൈവിധ്യങ്ങളുടെയും പുതിയ ആകാശം തുറന്നുവച്ചു. 1977ല്‍ സലാലയില്‍ ആഭ്യന്തര സര്‍വീസുകളുടെ താവളം തുറന്നു.

പത്താം വര്‍ഷം വിമാനത്താവളത്തില്‍ വലിയ നവീകരണങ്ങളുണ്ടായി. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും പുതിയ ടെര്‍മനിലുകള്‍ നിര്‍മിച്ചു. പുതിയ ട്രാന്‍സിറ്റ് ഹാള്‍ വന്നു. വിമാനത്താവളം പതിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് പറക്കുകയായിരുന്നു അപ്പോള്‍. പിന്നെയും പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ അത്യാധുനിക സൗകര്യങ്ങളുള്ള കാര്‍ഗോ ടെര്‍മിനലുണ്ടായി. ഇതിന് പിന്നാലെയാണ് ഒമാന്‍ എയര്‍ സ്ഥാപിതമാകുന്നത്. രാജ്യത്തിന് സ്വന്തമായൊരു വിമാനക്കമ്പനി വന്നതോടെ താവളത്തിന്റെ വളര്‍ച്ചക്ക് വിമാനവേഗം കൈവന്നു. 1993ല്‍ തന്നെ ദുബൈ, ഇന്ത്യന്‍ സര്‍വീസുകള്‍ തുടങ്ങി. തിരുവനന്തപുരത്തേക്കുള്ള വിമാനം ഒമാന്‍ എയറിന്റെ ആദ്യ ഉപഭൂഖണ്ഡാന്തര സര്‍വീസുകൂടിയായിരുന്നു. 2003ല്‍ സലാലയില്‍നിന്നും അന്തരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങി. ഇവടേക്കെത്തിയ ആദ്യ വിദേശ വിമാനം എയറിന്ത്യയായിരുന്നു. 2004ല്‍, അതും കോഴിക്കോട്ടുനിന്ന്.


airport @ 1980
ഇതിനിടെ വിമാനത്താവള വികസനത്തില്‍ സ്വകാര്യ പങ്കാളിത്തമുണ്ടായി. ബ്രിട്ടീഷ് എയര്‍പോര്‍ട്ട് അഥോറിറ്റിയും ബഹ്‌വാന്‍ ട്രേഡിംഗ് കമ്പനിയും എ.ബി.ബി ഇക്വിറ്റി വെഞ്ച്വേഴ്‌സും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് വിമാനത്താവള മാനേജ്‌മെന്റ് ഏറ്റെടുത്തത്. മസ്‌കത്ത്, സലാല വിനത്താവളങ്ങളുടെ വികസനമായിരുന്നു ഇതിന്റെ ലക്ഷ്യം. അതിനായി ഒമാന്‍ എയര്‍പോര്‍ട്ട്  മാനേജ്‌മെന്റ് കമ്പനി (ഒ.എ.എം.സി) രൂപവല്‍കരിച്ചു. ഈ പരീക്ഷണം പക്ഷെ അത്ര വിജയകരമായില്ല. സാമ്പത്തിക പങ്കാളിത്തത്തില്‍ ധാരണയുണ്ടാക്കാനാകാതായതോടെ രണ്ട് വര്‍ഷത്തിന് ശേഷം ഒമാന്‍ സര്‍ക്കാര്‍ തന്നെ ഒ.എ.എം.സി ഏറ്റെടുത്തു. ആകാശവഴിയിലെ പുതിയ ചക്രവാളങ്ങളിലേക്ക് പറന്നകന്ന സീബ് വിമാനത്താവളത്തെ പുനര്‍നാമകരണത്തിലൂടെ ഒമാന്‍ അതിന്റെ പഴയ ചരിത്രത്തിലേക്ക് ചേര്‍ത്തുകെട്ടി. അഞ്ച് വര്‍ഷം മുമ്പായിരുന്നു അത്. റുവിയിലെ താഴ്‌വരയില്‍ തുടങ്ങിയ ചരിത്രം അങ്ങനെ വീണ്ടും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളമെന്ന പേരില്‍ പുതിയ കാലത്തിലേക്ക് പുനര്‍ജനിച്ചു.

പുതിയ ആകാശം, പുതിയ ഭൂമി

മസ്‌കത്ത് വിമാനത്താവളം ലോക സഞ്ചാരികളുടെ ഏറ്റവും തിരക്കേറിയ സംഗമ സ്ഥാനമാണിപ്പോള്‍. കഴിഞ്ഞ 12 വര്‍ഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തില്‍ അരക്കോടിയോളം വര്‍ധന. ആളെണ്ണം പ്രതിവര്‍ഷം ഉയരുക തന്നെയാണ്. വിമാനങ്ങളുടെ എണ്ണത്തിലും ചരക്ക് കടത്തിലും ഇതേതോതില്‍ വളര്‍ച്ചയുണ്ടായി. രണ്ടായിരത്തില്‍ 27.71 ലക്ഷമായിരുന്നു ഇതുവഴി വന്ന യാത്രക്കാര്‍. കടന്നുപോയത് 69,696 ടണ്‍ സാധനങ്ങളും 36,082 വിമാന സര്‍വീസുകളും. അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ അത് 37.78 ലക്ഷം സഞ്ചാരികളായി മാറി. 40,192 വിമാനങ്ങള്‍ വന്നുപോയി. 76,044 ടണ്‍ ചരക്കുകളും. 2010ല്‍ യാത്രക്കാര്‍ 57.51 ലക്ഷവും ചരക്ക് കടത്ത് 96,390 ടണ്ണും സര്‍വീസുകള്‍ 67,160ഉം ആയി മാറി. കഴിഞ്ഞവര്‍ഷം യാത്രക്കാര്‍ 75.46 ലക്ഷമാണ്. രണ്ടുകൊല്ലത്തിനിടെ കൂടിയത് ഏതാണ്ട് ഇരുപത് ലക്ഷം പേര്‍. ചരക്ക് കടത്ത് ലക്ഷം ടണ്‍ പിന്നിട്ടു. സര്‍വീസുകള്‍ മുക്കാല്‍ ലക്ഷത്തോളമെത്തിയിരിക്കുന്നു. രണ്ടായിരത്തോളം കാറുകള്‍ ഒരേസമയം നിര്‍ത്തിയിടാവുന്ന പാര്‍ക്കിംഗ് മേഖലയും ഇപ്പോഴുണ്ട്.


airport @ 1990

വിമാനങ്ങളുടെ കാര്യത്തിലും കാണാം ഇത്രതന്നെ വൈവിധ്യവും വികാസവും. ഒരാഴ്ചയില്‍ 727 സര്‍വീസുകളാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. അതില്‍ 424 എണ്ണവും ഒമാന്‍ എയര്‍ സര്‍വീസുകള്‍ തന്നെ. അതുകഴിഞ്ഞാല്‍ എയറിന്ത്യക്കാണ് സ്ഥാനം. എക്‌സ്പ്രസടക്കം നാല്‍പത് സര്‍വീസുകള്‍. ഗള്‍ഫ് എയര്‍, ഖത്തര്‍ എയര്‍വേസ് എന്നിവയടക്കം മുപ്പത് വിമാനക്കമ്പനികളാന് മസ്‌കത്തിലേക്ക് പറന്നിറങ്ങുന്നത്. ഇരുപത്തെട്ട് രാജ്യങ്ങളിലായി 58 കേന്ദ്രങ്ങളിലേക്ക് ഇവ തിരിച്ച് പറക്കുന്നുമുണ്ട്. ആഫ്രിക്ക, മിഡിലീസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ജി.സി.സി തുടങ്ങിയ രാജ്യങ്ങളിലേക്ക് നേരിട്ട് യാത്രാസംവിധാനം. ഇന്ത്യയില്‍ കേളരത്തിലെ മൂന്ന് വിമാനത്താവളങ്ങളടക്കം പന്ത്രണ്ട് കേന്ദ്രങ്ങള്‍. ലോകത്തെവിടെനിന്നും ഒമാനിലേക്കെത്താനും തിരിച്ചുപോകാനും കഴിയുംവിധം ക്രമീകരിച്ചിരിക്കുന്ന വ്യോമ ഗതാഗതത്തിനായി രാപകലില്ലാതെ ഇത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു.

ബൈത്തുല്‍ ഫലജിലെ മണ്‍പാതയില്‍ നിന്ന് സീബിലെ ആസ്ഫല്‍റ്റ് കോണ്‍ക്രീറ്റിലേക്കെത്താന്‍ അവികസിത ഒമാന് വേണ്ടിവന്നത് നാലുപതിറ്റാണ്ടായിരുന്നു. സീബിനുമിപ്പോള്‍ അതേ പ്രായമായിരിക്കുന്നു. നാല്‍പതാണ്ടിന്റെ ആയുസ് വാര്‍ധക്യത്തിലേക്കുള്ള വാതിലാണെന്നാണ് മനുഷ്യ സങ്കല്‍പം. മസ്‌കത്ത് വിമാനത്താവളത്തിന് പക്ഷെ ഈ പ്രായം തിരിച്ചുനല്‍കിയത് ഇരട്ടി യൗവ്വനമാണ്. ആകാശത്തുപറന്നും ഭൂമിയില്‍ പടര്‍ന്നും പന്തലിച്ച വിമാനത്താവളം ആ യൗവ്വന തീക്ഷ്ണതയില്‍ വളര്‍ച്ചയുടെ പുതിയ ദൂരവും ഉയരവും തേടുകയാണിപ്പോള്‍. സീബിലെ വിമാനത്താവളത്തിനോട് ചേര്‍ന്ന് അതിനുള്ള ഭൂമിയും ആകാശവും കണ്ടെത്തിക്കഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ ഇത് യാഥാര്‍ഥ്യമാകും. പുതിയ ചക്രവാളങ്ങളില്‍ പുതിയ പുതിയ സൂര്യോദയങ്ങള്‍ മോഹിക്കുന്ന ഒരുനാടിന്റെ നാലോരങ്ങളിലും നാല്‍പതാം വയസില്‍ നാമ്പെടുത്ത സ്വപ്‌നങ്ങളുടെ ചിറകുകളിലേറിയാണ് ഒമാന്‍ ഇതിലേക്ക് സഞ്ചരിക്കുന്നത്.

(23...07...13  Oman renaissance day Special Issue)





Saturday, April 23, 2011

അന്നാമ്മയുടെ പുനരധിവാസങ്ങള്‍



പുറമ്പോക്കില്‍ ഓലയും തകരപ്പാളിയും ചേര്‍ത്ത് കുത്തിമറച്ച കുടില്‍ വികസനത്തിന്റെ ബുള്‍ഡോസര്‍ വന്ന് കുടഞ്ഞെറിഞ്ഞപ്പോഴാണ് അന്നാമ്മയില്‍ ഭിക്ഷാടകയുടെ ലക്ഷണങ്ങള്‍ തികഞ്ഞത്. കരിഞ്ഞുണങ്ങിയ മരക്കമ്പുപോലെ പട്ടിണിയാല്‍ പാതിയൊടിഞ്ഞ ആ ശരീരത്തില്‍ എഴുപത്തഞ്ച് വര്‍ഷത്തിനിടെ മറ്റെല്ലാ അടയാളങ്ങളുമെത്തിയിരുന്നു. കറുത്ത തൊലി. കുഴിഞ്ഞുതാഴ്ന്ന കണ്ണുകള്‍. കറകയറിയ പല്ലുകള്‍. ഒട്ടിയ കവിള്‍തടം. ചുക്കിച്ചുളിഞ്ഞ് ചുരുണ്ടുകയറിയ പരുപരുത്ത കരിന്തൊലി. ചേറില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍. വാര്‍ധക്യത്തിന്റെ അവശത. ഒടുവില്‍ വീടില്ലാത്തവളെന്ന വിലാസവും. അങ്ങനെ യാചകയാകാന്‍ മതിയായ യോഗ്യതയുണ്ടായിട്ടും, വിയര്‍പ്പൊഴുക്കി അന്നം തേടുന്നതിന്റെ അന്തസ്സോര്‍ത്ത് അവര്‍ അങ്ങാടിയിലെ കടവരാന്തയില്‍ പാര്‍ക്കാനെത്തി. അതിന്റെ വാതിലില്‍ കൂട്ടിവെച്ച പച്ചിലകള്‍ വിറ്റ് ജീവിതം തുടങ്ങി. ഇവിടെ നിന്നാണ് പുനരധിവാസത്തിന്റെ വാഗ്ദത്ത ഭൂമിയിലേക്ക് ഒരുദിവസം അന്നാമ്മയെ ഭരണകൂടം ബലമായി പിടിച്ചുകൊണ്ടുപോയത്.

ആദ്യത്തെ അധിവാസം

നിറയൌവ്വനം പൂത്തുലഞ്ഞ കാലത്ത് നെടുമങ്ങാട്ടുകാരന്‍ രാമസ്വാമിക്കൊപ്പം ജീവിതം തുടരാന്‍ തീരുമാനച്ചപ്പോഴാണ് തലസ്ഥാന നഗരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള പേരൂര്‍ക്കടയിലെ പുറമ്പോക്കില്‍ അന്നാമ്മ കുടില്‍കെട്ടിയത്. ആറുപതിറ്റാണ്ട് പഴക്കമുണ്ട് ഈ അധിവാസത്തിന്. അക്കാലത്ത് ആ വഴിയില്‍ വേറെ വീടുകളുണ്ടായിരുന്നില്ല. മെല്ലെ മെല്ലെ വളര്‍ന്ന നഗരം പിന്നെ പേരൂര്‍ക്കടയിലേക്ക് പടര്‍ന്നു. അതിനൊപ്പം ആ വഴിയരികില്‍ കുടിലുകള്‍ പെരുകി. ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് തൂത്തെറിയപ്പെട്ട അനേക ജന്മങ്ങള്‍ ഇവിടെ ഇടം തേടിയെത്തി. കുത്തിക്കെട്ടിയ ഓലക്കീറിനിടയിലൂടെ വഴിപ്പോക്കരുടെ ഒളിക്കണ്ണും ഉറക്കം കെടുത്തുന്ന പകല്‍വെട്ടവും അകത്തേക്ക് തുളച്ചെത്തിയിട്ടും അവരവിടം വിട്ടുപോയില്ല. തലമുറകള്‍ അവിടെ പെറ്റുപെരുകി. ഒറ്റമുറിക്കൂരകള്‍ പലമുറികളായി പിളര്‍ന്നു. ഒടുവിലവര്‍ 61 വീട്ടുകാരായി ഭാഗം പിരിഞ്ഞു. ഇടക്കെപ്പോഴോ അതിന് അടുപ്പുകൂട്ടാംപാറ പുറമ്പോക്കെന്ന് വിളിപ്പേരും വന്നു.
കാട്ടുചെടി പിഴുത് കൃഷിക്കാര്‍ക്ക് അയച്ചായിരുന്നു അന്നാമ്മയും രാമസ്വാമിയും ജീവിച്ചത്. വെറ്റിലക്കൊടിക്ക് വളമായിടുന്ന 'കൊഴ' ശേഖരിച്ച് ലോഡാക്കി കയറ്റി അയക്കും. മാസം നീളെ പണി. 700^1000 രൂപ കൂലി. പിന്‍മുറക്കാരില്ലാത്ത രണ്ട് ദരിദ്ര ജന്മങ്ങള്‍ക്ക് അത് സുഖകരമായ സമ്പാദ്യമായി. ഓലക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് ഷീറ്റിലേക്കും പിന്നെ തകരപ്പാളിയിലേക്കും അവരുടെ വീട് വികസിച്ചു. അങ്ങനെ വീടുവളരുന്നതിനിടെ ആ പുറമ്പോക്ക് അവരുടെ വിലാസമായി. ആ വിലാസത്തില്‍ വെള്ളവും വെളിച്ചവും അന്നവുമെത്തി. ആ വിലാസത്തില്‍ സര്‍ക്കാറിന്റെ കാര്‍ഡുകളും കടലാസുകളുമുണ്ടായി.

ഉപേക്ഷിക്കപ്പെട്ട പുനരധിവാസം

പേരൂര്‍ക്കടയില്‍നിന്ന് വഴയില വഴി രാജഭരണകാലത്ത് കെട്ടിയ കോണ്‍ക്രീറ്റ് റോഡിന് കുടുതല്‍ വീതി വേണമെന്ന് ആദ്യം തോന്നിയത് സഖാവ് സി . അച്യുതമേനോനാണ്. അങ്ങനെ വലതു കമ്യുണിസ്റ്റ് സര്‍ക്കാറയച്ച സായുധ സംഘം അടുപ്പുകൂട്ടാംപാറയിലെത്തി. 1975ല്‍ ആയിരുന്നു അത്. ആദ്യത്തെ വീടിന്റെ മേല്‍കൂരയില്‍ മഴുവീണപ്പോള്‍ അവിടെ ഇടതുകമ്യുണിസ്റ്റിന്റെ കൊടിയുയര്‍ന്നു. നഷ്ടപ്പെടാനൊന്നുമില്ലാത്ത പുറമ്പോക്കുകാരന്റെ മുഷ്ടിയും മുദ്രാവാക്യവുമുയര്‍ന്നു. കുടിയൊഴിപ്പിക്കല്‍ വിരുദ്ധ പ്രതിഷേധം ജനകീയ സമരമായി രൂപാന്തരപ്പെടാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി. വീടുവക്കാന്‍ പകരം സംവിധാനമൊരുക്കി കൊടുക്കുംവരെ അവരവിടെത്തന്നെ ഉറങ്ങട്ടെയെന്ന് അച്യുതമേനോന്‍ വിധി പറഞ്ഞു. അതുപിന്നെ ഉപേക്ഷിക്കപ്പെട്ട പുനരധിവാസ പദ്ധതിയായി ചരിത്രത്തിലേക്ക് പിന്‍വാങ്ങി. അതിനാല്‍ അടുപ്പുകൂട്ടാംപാറയിലെ ഭൂവുടമകള്‍ അവിടെത്തന്നെ ജീവിച്ചുമരിച്ചുകൊണ്ടിരുന്നു.
അതിലൊരാളായിരുന്ന രാമസ്വാമിയുടെ ജീവിതത്തിന് പത്ത് വര്‍ഷം മുമ്പൊരു ദിവസം വിരാമമായി. അതിന്റെ മൂന്നാം കൊല്ലം അന്നാമ്മ പേരൂര്‍ക്കട മാര്‍ക്കറ്റില്‍ അന്നം തേടിയെത്തി. ചാല കമ്പോളത്തില്‍നിന്ന് 100 ഉം 200 ഉം രൂപക്ക് വാങ്ങുന്ന പച്ചക്കറി സാധനങ്ങള്‍ പേരൂര്‍ക്കട മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന വ്യാപാരിയായി അവര്‍ മാറി. മാര്‍ക്കറ്റിന്റെ കൂറ്റന്‍ കോമ്പൌണ്ടിലേക്കുള്ള പടിക്കെട്ടില്‍ അവരുടെ 'തുറന്ന' കട പ്രവര്‍ത്തക്ഷമമായി. ദിവസം 50^100 രൂപയുടെ കച്ചവടം. അതിലപ്പുറമുള്ളതാന്നും അത്യാവശ്യമായി അന്നാമ്മ കരുതിയില്ല. അതിനാല്‍ ആ ഒറ്റയാള്‍ ജീവിതത്തിന് ആ പുറമ്പോക്കില്‍ രാജകീയ പ്രൌഢിയുണ്ടായി.

തിരിച്ചെത്തിയ ബുള്‍ഡോസര്‍

പണ്ട് സമരക്കൊടി കെട്ടിയവര്‍ ഭരണകൂടമായി മാറുകയും പുനരധിവാസം വാഗ്ദാനം ചെയ്തവര്‍ കൂട്ടു കക്ഷിയാകുകയും ചെയ്തപ്പോള്‍ ഈ പുറമ്പോക്കില്‍ പുതിയ പ്രഭാതമെത്തുമെന്ന് അടുപ്പുകൂട്ടാംപാറക്കാര്‍ സ്വപ്നം കണ്ടു. ഇവിടുത്തെ പട്ടിണിപ്പാവങ്ങളുടെ നെഞ്ചിലെ ചോരപോല്‍ ചുവന്ന ആ കൊടി തണലിട്ടത് പക്ഷെ നഗരവാസികളുടെ ആഢംബരക്കാറുകള്‍ക്കായിരുന്നു. അവരുടെ വാഹനങ്ങളുടെ സുഖയാത്രക്ക് ആ വഴിയില്‍ വിഘ്നം വന്നപ്പോള്‍ ഒരുദിവസം അടുപ്പുകൂട്ടാംപറായില്‍ വി.എസ് അച്യുതാനന്ദന്റെ ബുള്‍ഡോസര്‍ വന്നു.
2008 മെയ് 20ന് ആയിരുന്നു അത്. പഴയ സമരസഖാക്കള്‍ പുതിയ കുടിയിറക്കിന്റെ കാര്‍മികരായി. അപ്പോള്‍ പുതിയ സംഘങ്ങള്‍ ആ സമരമുഖത്തെത്തി. സി.പി.എം ഒഴിച്ചുള്ള മുഴുവന്‍ പാര്‍ട്ടികളും ചേര്‍ന്ന് സംയുക്ത സമരസമിതിയുണ്ടാക്കി. കുടില്‍ പൊളിക്കലിന്റെ മുഖ്യപുരോഹിതനായിരുന്ന മന്ത്രി എം. വിജയകുമാറിന്, സമരക്കാരുടെ സമ്മര്‍ദത്താല്‍ പുനരധിവാസത്തിന്റെ പുതിയ വാഗ്ദാനങ്ങള്‍ നിരത്തേണ്ടി വന്നു: ആറുമാസത്തിനകം സ്വന്തം സ്ഥലത്ത് വീട്. അതുവരെ വാടകക്ക് താമസിക്കാന്‍ 25,000 രൂപ. കാല്‍ലക്ഷം രൂപ ജീവിതത്തില്‍ വളരെ വലിയ പ്രലോഭനമായി അനുഭവപ്പെട്ടവര്‍ ഉടനെ വീടുവിട്ടു. താമസിയാതെ അടുപ്പുകൂട്ടാംപാറ പഴയപടി പുറമ്പോക്കായി. പേരൂര്‍ക്കടയിലെ റോഡ് കൊച്ചുകൂരകള്‍ കുഴിച്ചുമൂടിയ തെരുവിലേക്ക് വികസിച്ചു. അവിടെ നിന്ന് ചിതറിത്തെറിച്ചവര്‍ പലയിടത്തായി പരന്നു.

വാഗ്ദത്ത ഭൂമിയില്‍

കുടിയിറക്കപ്പെട്ട 61 കുടുംബങ്ങളില്‍ മറ്റൊരു നിവൃത്തിയുമില്ലാത്ത 29 വീട്ടുകാരുടെ പുനരധിവാസം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ വട്ടിയൂര്‍ക്കാവ് പഞ്ചായത്തിനെയാണ് സര്‍വകക്ഷി യോഗം ചുമലപ്പെടുത്തിയത്. ഇതേപഞ്ചായത്തില്‍ കുളം നികത്തി കിട്ടിയ 60 സെന്റും സ്വകാര്യ വ്യക്തി കൈയ്യടക്കിയ ഒരേക്കറും ഉപയോഗ ശൂന്യമായി കിടന്നിരുന്ന മറ്റൊരു പുറമ്പോക്കും പഞ്ചായത്തിന്റെ കണ്ണില്‍ പെട്ടില്ല. ഭുമി തിരഞ്ഞുതിരഞ്ഞ് അവരൊടുവില്‍ എത്തിയത് കരകുളം വില്ലേജിലെ ഒരുകുന്നിന്‍ ചരുവിലാണ്. വെള്ളം ഇവിടെ കിട്ടില്ല. വെളിച്ചമെത്തിക്കാന്‍ കഴിയില്ല. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ 65സെന്റിലേക്ക് വഴിയുണ്ടായിരുന്നുമില്ല. ഈ ഭൂമിയിടപാടില്‍ അഴിമതി നടന്നുവെന്ന പരാതി സമരസമിതി അന്നേ ഉന്നയിച്ചിട്ടുമുണ്ട്. കൈയിലെ പണം തീര്‍ന്നവര്‍ സ്വയം കണ്ടെത്തിയ വാടക മുറികളില്‍ നിന്ന് അപ്പോഴേക്കും പുറന്തള്ളപ്പെട്ടു തുടങ്ങിയിരുന്നു. അങ്ങനെയാണ് അന്നാമ്മ മുളമുക്കിലെ കുന്നിന്‍ചരുവില്‍ കുടില്‍ കെട്ടിയത്. കുട്ടിന് മറ്റ് മൂന്ന് കുടുംബങ്ങളും.
കുടിലു കെട്ടിയതിന്റെ പിറ്റേന്ന് ഈ കുന്നിന്‍ ചരുവില്‍ സമീപത്തെ സ്ഥലമുടമയുടെ വക മുള്ളുവേലിയുയര്‍ന്നു. പഞ്ചായത്തിന് സ്ഥലമുണ്ട്, പക്ഷെ അവിടേക്ക് വഴിയില്ലത്രെ. കടലാസിലുള്ള വഴി കാഴ്ചക്ക് കിട്ടിയുമില്ല. അങ്ങനെ അകത്തുകടക്കാനും പുറത്തിറങ്ങാനും കഴിയാതെ വാഗ്ദത്ത ഭൂമിയില്‍ ഈ ദരിദ്ര കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. അവിടെനിന്നാണ് അന്നാമ്മ പേരൂര്‍ക്കട മാര്‍ക്കറ്റിലെ കടവരാന്തയില്‍ അന്തിയുറങ്ങാനെത്തിയത്. മറ്റ് മൂന്ന് കുടുംബങ്ങളും അന്നാമ്മക്ക് പിന്നാലെ ഇവിടെ അഭയം കൊണ്ടു.
മാര്‍ക്കറ്റ് ഒരു സ്വയംഭരണ പ്രദേശമായിരുന്നു. അത് വാടകക്കെടുത്ത കരാറുകാരനാണ് അവിടുത്തെ നിയമനിര്‍മാതാവ്. അയാളാകട്ടെ ഭരിക്കുന്ന പാര്‍ട്ടിയുടെ സ്വന്തക്കാരനും. കപ്പം കൊടുക്കാതെ അവിടെയാര്‍ക്കും കഴിയാനാവില്ല. വഴിയരികില്‍ ഇരിക്കുന്ന അന്നാമ്മക്ക് കിട്ടുന്ന 50ല്‍ അഞ്ച് രൂപ തന്നെ കപ്പം കൊടുക്കാന്‍ നീക്കിവക്കണം. മാര്‍ക്കറ്റിലെ രാത്രിക്ക് വേറെയും അവകാശികളുണ്ട്. അവരും അതിന് നികുതിയടക്കുന്നുണ്ടത്രെ. അങ്ങനെ രാവും പകലും കരാറുകാരന് പണം ചുരത്തുന്ന സര്‍ക്കാര്‍ കെട്ടിടത്തിലേക്കാണ് വരാന്തയില്‍ അന്തിയുറങ്ങാനും മറപ്പുരയില്‍ കുളിക്കാനും കടയോരത്തിരുന്ന് കഞ്ഞിവക്കാനും അന്നാമ്മ എത്തുന്നത്.
രാത്രിയിലെ ശീല്‍കാരങ്ങളും കൂട്ടുബഹളങ്ങളും ഉറക്കം കളഞ്ഞപ്പോള്‍ അര്‍ധരാത്രിയും അന്നാമ്മ എഴുനേറ്റുനടക്കാന്‍ തുടങ്ങി. ഇരുട്ടില്‍ തുറന്നുവച്ച അവരുടെ കുഴിഞ്ഞ കണ്ണുകള്‍ രാത്രി ജീവതങ്ങളുടെ സ്വാസ്ഥ്യം കെടുത്തി. അങ്ങനെ അന്നാമ്മയുടെ ദേഹത്ത് അധികാരത്തിന്റെ ഇടനിലാക്കാരുടെ കൈവീണു. അടിവയറ്റില്‍ കാല്‍ പതിച്ചു. ഓരോ ദിവസവും വരുന്നവരുടെ കൈയില്‍ കിട്ടുന്ന വടികള്‍ അന്നാമ്മയുടെ ശരീരത്തില്‍ അധികാരത്തിന്റെ പുതിയ അടയാളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അന്നാമ്മയുടെ ദാരിദ്യ്രം പോലിസിനും സൌകര്യമായി.

യാചക എന്ന നിലയില്‍

സംഘര്‍ഷഭരിതമായ ഈ ജീവിതത്തിനിടെയാണ് പുതിയ പുനരധിവാസ കേന്ദ്രത്തിലേക്ക് ഭരണകൂടം അന്നാമ്മയെ പിടിച്ചുകൊണ്ടുപോയത്. മാര്‍ച്ച് മാസം പകുതിയിലെ ഒരുരാത്രി മാര്‍ക്കറ്റില്‍ നഗരസഭയുടെ ഒരു വണ്ടി വന്നുനിന്നു. അസമയത്തുവന്ന വാഹനം കാണാന്‍ അതിനടുത്തേക്ക് ചെന്ന അന്നാമ്മയെ പൊടുന്നനെ ചിലര്‍ വളഞ്ഞ് പിടികൂടി അതിലേക്ക് തള്ളിക്കയറ്റി. കരാറുകാരനും സംഘവുമായിരുന്നു അതെന്ന് അന്നാമ്മ പറയുന്നു. ജനപ്രതിനിധകള്‍ ഇവര്‍ക്കൊപ്പം നിന്നു. വണ്ടിക്കകത്ത് അഞ്ചെട്ടുപേരുണ്ടായിരുന്നു. എല്ലാം പടുവൃദ്ധര്‍. ദാരിദ്യ്രത്തിന്റെ ലക്ഷണങ്ങള്‍ തികഞ്ഞവര്‍. മലയാളമറിയാത്തവര്‍. അവര്‍ക്കൊപ്പം അന്നാമ്മയെയും കോട്ടയ്ക്കകത്തെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചു. അത് പക്ഷെ യാചക പുനരധിവാസ കേന്ദ്രമായിരുന്നു! അതെ, അതായിരുന്നു അവര്‍ക്ക് ഭരണകൂടം ഒരുക്കിവച്ചിരുന്ന വാഗ്ദത്ത ഭൂമി. ഭരണകൂടം ബലം പ്രയോഗിച്ച് തെരുവിലിറക്കി വിട്ടവര്‍, അവരൊരുക്കിയ പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍, അവരുടെ തന്നെ കെട്ടിട വരാന്തയിലിട്ട് ഇടനിലക്കാര്‍ തച്ചുതകര്‍ത്തവര്‍. ഒടുവിലവരെ ഭരണകൂടം തന്നെ യാചകരായി പ്രഖ്യാപിച്ച് പുനരധിവാസത്തിനയക്കുകയായിരുന്നു.
അന്നാമ്മയെ യാചക പുനരധിവാസക്കാര്‍ പിടിച്ചുകൊണ്ടുപോയ വിവരം അഞ്ചുദിവസം കഴിഞ്ഞാണ് നാട്ടുകാരറിഞ്ഞത്. സമരസമതിയുടെ ഭാരാഹികളായ സുകുവും മോഹന്‍കുമാറും അവരെത്തേടി യാചക ആ കേന്ദ്രത്തില്‍ ചെന്നു. നിയമവും വകുപ്പും നോക്കിയല്ല്ല, കൌണ്‍സിലര്‍ വിളിച്ചുപറഞ്ഞതിനാല്‍ കയറ്റിക്കിടത്തി എന്നായിരുന്നു അവരുടെ ന്യായം. എന്നാല്‍ ഇറക്കി വിടാന്‍ നിയമം അനുവദിക്കുന്നുമില്ലത്രെ. അതിന് റേഷന്‍ കാര്‍ഡില്‍ പേരുള്ള അടുത്ത ബന്ധുവിന്റെ ജാമ്യം വേണമത്രെ! തേടി പോയവര്‍ പക്ഷെ വെറുതെയിരുന്നില്ല. എം.സി.പി.ഐയുടെ പ്രവര്‍ത്തകരായ അവര്‍ സഖാക്കളെ സംഘടിപ്പിച്ച് യാചക പുനരധിവാസ കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരുന്നു. വിഷയം കൈവിട്ടുപോകുമെന്നായപ്പോള്‍ എല്ലാ നിയമവും വഴിമാറുമെന്നായി അധികൃതര്‍. സമരക്കാരുടെ ജാമ്യത്തില്‍ തന്ന അന്നാമ്മയെ അവര്‍ പുറത്തുവിട്ടു.
യാചക എന്ന നിലയിലെ 16 ദിവസം തെരുവ് ജീവിതത്തേക്കാള്‍ ദുരിതമായിരുന്നു അന്നാമ്മക്ക്: 'ഒരുനേരം മാത്രമാണ് ഭക്ഷണം. അതും ആണുങ്ങള്‍ക്ക് ആദ്യം കൊടുക്കും. ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് കിട്ടും. ഉച്ചക്കുണ്ടാക്കുന്ന ചോറില്‍ വെള്ളമൊഴിക്കുന്നതാണ് രാത്രിയിലെ കഞ്ഞി. വായില്‍ വക്കാന്‍ കഴിയാത്ത കറി. ചായയില്‍ മധുരമുണ്ടാകില്ല. ഭക്ഷണം കഴിച്ചില്ല ഈ ദിവസങ്ങളില്‍. കഴിച്ചാലും വിശപ്പടങ്ങില്ല. ഒരുപിടി ചോറേ കിട്ടൂ. സാരിയും ബ്ലൌസും തന്നത് വാങ്ങിയില്ല. പുറത്തുപോകണമെന്ന ഒറ്റ ആവശ്യം മാത്രമാണ് പറഞ്ഞത്. അതു മിണ്ടിയാല്‍ ഒരുകൊല്ലം ഇവിടെ ഇടുമെന്ന് അവര്‍ പേടിപ്പിച്ചു. അവിടെ പത്തുമുപ്പത് പേരുണ്ട്. എല്ലാം ഹിന്ദിക്കാര്‍. വീടുവിറ്റ പണവുമായി വഴിയില്‍ നിന്ന ഒരു സ്ത്രീയെ അവര്‍ പിടിച്ചുകൊണ്ടുവന്നു. അവര്‍ക്ക് ബന്ധുക്കളുണ്ടായിരുന്നു. പക്ഷെ പറയാന്‍ അറിയില്ല. ഒരിറ്റുവെള്ളം കുടിക്കാതെ അവര്‍ കട്ടിലില്‍ കിടന്നു കരഞ്ഞുകൊണ്ടിരുന്നു. ആരും തിരിഞ്ഞുനോക്കിയില്ല.'
പഴയ അങ്ങാടി വരാന്തയില്‍ തിരിച്ചെത്തിയ രാത്രി, വീണ്ടും അന്നാമ്മ ആക്രമിക്കപ്പെട്ടു. കൈയ്യേറ്റം അസഹനീയമായപ്പോള്‍ അവരവിടെ നിന്നിറങ്ങിയോടി. സമരസമതി നേതാക്കളുടെ വീട്ടില്‍ അഭയം തേടി. അവര്‍ പോലിസ് സ്റ്റേഷനില്‍ പരാതിയാക്കി. ആശുപത്രിയില്‍ ചികില്‍സ ഏര്‍പാടാക്കി. രണ്ടു ദിവസത്തെ ചികില്‍സ തീര്‍ന്ന് കഴിഞ്ഞയാഴ്ച പുറത്തെത്തിയ അന്നാമ്മയെ കാത്ത് അങ്ങാടിയുടെ ഉടമകള്‍ അവിടെത്തന്നെയുണ്ട്. അവരെ സംരക്ഷിക്കുന്നവര്‍ തലസ്ഥാന നഗരിയിലുമുണ്ട്. പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ അന്നാമ്മ ഇവിടെത്തന്നെയുണ്ടാകും. ദാരിദ്യ്രത്തിന്റെ ലക്ഷണങ്ങള്‍ തികഞ്ഞവരെ കൈവച്ചാല്‍ ആരും ചോദ്യം ചെയ്യില്ലെന്ന് ഭരണകൂടം പഠിച്ചിരിക്കുന്നു. അതുകൊണ്ട് വളരെ വേഗം ഇവരുടെ പുനരധിവാസം സാധ്യമാക്കാമെന്നും അവരറിഞ്ഞിരിക്കുന്നു. എന്നാല്‍ കട വരാന്തയിലെ കയ്യേറ്റങ്ങള്‍ക്കും പുനരധിവാസ കേന്ദ്രങ്ങളിലെ അപമാനങ്ങള്‍ക്കുമിടയിലെ അനിശ്ചിതമായ ജീവിതില്‍നിന്ന് അതിലും വലിയൊരു പാഠം അന്നാമ്മയും പഠിച്ചു: അധികാരത്തോടെതിരിടാം, ഒറ്റക്കും. പക്ഷെ അധികാരത്തോടും അതിന്റെ ഇടനിലക്കാരോടും ഒരേസമയം ഏറ്റുമുട്ടാന്‍ പാടില്ല എന്ന ജനാധിപത്യത്തിലെ സുപ്രധാന പാഠം.

(വാരാദ്യ മാധ്യമം 16 എപ്രില്‍ 2011)

പാസ് മാർക്ക് വന്നാൽ പാഠ്യപദ്ധതി ജയിക്കുമോ?

 കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിലെ ഒരു സ്കൂളിൽ കഴിഞ്ഞ വർഷങ്ങളിൽ ഒരു പദ്ധതി നടപ്പാക്കി. പേര് ലേണേഴ്സ്. ലക്ഷ്യം കുട്ടികളെ മലയാളത്തില...