Thursday, October 12, 2017

കൂത്തുപറമ്പില്‍ നിന്ന് പിണറായിയിലെത്തുമ്പോള്‍

കേരളം മറന്നിട്ടില്ല ആ കാലം. 1994 നവംബര്‍. കേരളത്തിന്റെ ഇടത് സമര
ചരിത്രത്തിലെ രക്തരൂഷിതമായ അധ്യായമായി മാറിയ 'കൂത്തുപറന്പ്' സംഭവിച്ച കാലം. മരിച്ചും ജീവിച്ചും പില്‍ക്കാലത്ത് രക്തസാക്ഷികളായി അറിയപ്പെട്ട ഒരു സംഘം ചെറുപ്പക്കാരുടെ ആത്മത്യാഗത്തിന്റെ ചരിത്രമാണത്. എന്തിനായിരുന്നു അവരുടെ ഐതിഹാസികമായ ആ പോരാട്ടം? സമരം നയിച്ച ഡി വൈ എഫ് ഐയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറി എം വി ജയരാജന്‍ അതിന് നല്‍കുന്ന ഉത്തരമിതാണ്: 'കേരളത്തിന്റെ രാഷ്ട്രീയ പോരാട്ട ചരിത്രത്തിലെ ചോരകിനിയുന്ന ഒരേടാണ് കൂത്തുപറന്പ്....വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തിനും സഹകരണ സ്ഥാപനങ്ങളിലെ അഴിമതിക്കുമെതിരെ രണപൌരുഷങ്ങള്‍ നെഞ്ചുവിരിച്ച് നടത്തിയ പോരാട്ടമാണത്.....പാവപ്പെട്ടവന്റെ മക്കളുടെ പാഠശാലാ സ്വപ്നങ്ങളെ തല്ലിക്കെടുത്താനും പൊതുഖജനാവിനെ കൊള്ളചെയ്യാനുമുള്ള ഭരണവര്‍ഗ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന്റെ കനല്‍ക്കാറ്റുയര്‍ത്തിയ യുവജനപ്പോരാളികള്‍ക്ക് അന്ന് നേരിടേണ്ടി വന്നത് തീയുണ്ടകള്‍, കൊടിയ മര്‍ദനങ്ങള്‍.....' (കൂത്തുപറന്പ് രക്തസാക്ഷി സ്മരണിക, പ്രസിദ്ധീകരണം ഡി വൈ എഫ് ഐ ജില്ലാകമ്മിറ്റി, കണ്ണൂര്‍, 2002).

ആ സമരം ഒരു തുടക്കമായിരുന്നു. പണം മുടക്കേണ്ടി വന്ന പാവപ്പെട്ടവര്‍, പഠനം ഉപേക്ഷിക്കുന്നത് തടയാന്‍ പിന്നെയും ഒരുപാട് സമരങ്ങള്‍ കേരളത്തില്‍ അരങ്ങേറി. സ്വാശ്രയ വിരുദ്ധ സമരമെന്ന് കേരളത്തില്‍ പിന്നീട് അറിയപ്പെട്ട ഒട്ടേറെ പ്രക്ഷോഭങ്ങള്‍. സമരത്തിന് മുന്‍പന്തിയില്‍നിന്നത് എം വി ജയരാജന്റെ പിന്‍മുറക്കാര്‍ തന്നെ. മറുപക്ഷവും സമരത്തില്‍ പിന്നിലായിരുന്നില്ല. സര്‍ക്കാര്‍ മാറുന്‌പോള്‍ സമരക്കാരുടെ കൊടിനിറം മാറുമെന്നതൊഴിച്ചാല്‍, വിദ്യാഭ്യാസ സമരങ്ങള്‍ ഒഴിഞ്ഞ കാലം പിന്നീടുണ്ടായില്ല. അക്കാലം മുതല്‍ എല്ലാ കൊല്ലവും പ്രതിപപക്ഷ സംഘടനകള്‍ ആചാരംപോലെ, സ്വാശ്രയ വിരുദ്ധ സമരം  അനുഷ്ടിച്ചുവന്നു.
സ്വാശ്രയ മേഖലയില്‍ പരിമിതമായെങ്കിലും സാമൂഹിക നീതിയും അവസര സമത്വവും ഉറപ്പാക്കാന്‍ കഴിഞ്ഞത് ഇത്തരം ചെറുത്തുനില്‍പുകളിലൂടെയായിരുന്നു. എന്നാല്‍ ഇക്കൊല്ലം കാര്യമായ സമരങ്ങളൊന്നുമുണ്ടായില്ല. സ്വാശ്രയ മേഖലയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടതുകൊണ്ടായിരുന്നില്ല ആ നിശ്ശബ്ദത. മറിച്ച്, ഇനിയൊരിക്കലും ഒരു സമരം പോലും ചെയ്യാന്‍ കഴിയാത്ത വിധം ആ മേഖലയെ മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുത്തിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ കേരളം സ്തംഭിച്ചുപോയതിനാലാണ്. പാവപ്പെട്ടവര്‍ക്ക് പഠിക്കാന്‍ ഇനി ഉപായങ്ങളൊന്നുമില്ല എന്ന് കേരളീയര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ പരിമിതമായ പഠനാവസരം പോലും ഇനിയില്ലെന്ന് വിദ്യാര്‍ഥികളും മനസ്സിലാക്കിക്കഴിഞ്ഞു. പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയവര്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍നിന്ന് പുറത്താക്കപ്പെടുകയും പണം മുടക്കാന്‍ ശേഷിയുള്ളവര്‍ അനായാസം കോളജുകളില്‍ ഇടം നേടുകയും ചെയ്യുന്ന കാഴ്ച കേരളം ഇന്ന് നിസ്സഹായരായി നോക്കിനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം വരെ 350ാളം വിദ്യാര്‍ഥികള്‍ 25,000 രൂപക്കും 500ല്‍ അധികം പേര്‍ 2.5 ലക്ഷത്തിനും പഠിച്ചിരുന്ന എം ബി ബി എസ് കോഴ്‌സിനാണ് ഇക്കൊല്ലം ഇപ്പോള്‍ 11 ലക്ഷം രൂപ ഫീസ് ആയി മാറിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടിയവരടക്കം 600ാളം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഏറ്റവും ഉയര്‍ന്ന ഫീസായ 5-6 ലക്ഷം രൂപ നല്‍കേണ്ടിവന്നത്. പണമില്ലാത്തവര്‍ ഇനി പഠിക്കേണ്ടതില്ലെന്ന, വിദ്യാഭ്യാസത്തിലെ വാണിജ്യ നിയമം കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ പൂര്‍ണമായി നടപ്പായിക്കഴിഞ്ഞുവെന്നര്‍ഥം.

കൂത്തുപറന്പില്‍ തുടക്കമിട്ട്, കേരളീയര്‍ പൊതുവിലും ഇടതുപക്ഷം വിശേഷിച്ചും കാല്‍നൂറ്റാണ്ടോളമായി ശക്തമായി തുടരുന്ന വിദ്യാഭ്യാസ വാണിജ്യവത്കരണത്തിനെതിരായ ചെറുത്തുനില്‍പുകള്‍ ഇക്കൊല്ലത്തോടെ സെക്രട്ടേറിയറ്റ് നടയില്‍ കുഴിവെട്ടിമൂടിയിരിക്കുന്നു. ഈ ശേഷക്രിയക്ക് കാര്‍മികത്വം വഹിക്കാനുള്ള നിയോഗം കൈവന്നത് പിണറായി വിജയനാണ്. സര്‍ക്കാറിന്റെ നിഷ്ക്രിയത്വവും മാനേജ്‌മെന്റ് അനുകൂല നിലപാടുകളുമാണ് മെഡിക്കലിലെ അവസാന പ്രതീക്ഷയും ഇല്ലാതാക്കിയത്. അത് സ്വാശ്രയ മെഡിക്കല്‍ ഫീസ് ഘടനയെ അങ്ങേയറ്റം വിദ്യാര്‍ഥി വിരുദ്ധവും സാധാരണക്കാരന് അപ്രാപ്യവുമാക്കി മാറ്റുകയും ചെയ്തു. സ്വാശ്രയ പ്രൊപഷണല്‍ മേഖലയിലെ മറ്റൊരു സുപ്രധാന വിഭാഗമായ എഞ്ചിനീയറിങ് ശാഖയാകട്ടെ കേരളത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലകപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഫലത്തില്‍ സ്വാശ്രയ കേരളം കാല്‍നൂറ്റാണ്ട് പിന്നിടുന്പോള്‍ അതിലെ രണ്ട് ഗ്ലാമാര്‍ വിഭാഗങ്ങളും സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് അന്യമാകുകയാണ്.



ഇ എം എസ് മുതല്‍ എ കെ ആന്റണി വരെ

തിരുവനന്തപുരത്ത് ലോ അക്കാദമി ലോ കോളജ് എന്ന പേരില്‍ 1967ലെ ഇ എം എസ് സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് കേരളത്തിലെ ആദ്യത്തെ സ്വാശ്രയ കോളജ്. ഈ കോളജിന് അന്നത്തെ സര്‍ക്കാര്‍ സൌജന്യമായി നല്‍കിയത്  11.43 ഏക്കര്‍ സ്ഥലം. പിന്നീട് പല തരം നിയമങ്ങളും എയിഡഡ് സംവിധാനവുമൊക്കെ നിലവില്‍ വന്നിട്ടും ലോ അക്കാദമി സ്വാശ്രയമായി തന്നെ നിലനിന്നു. ഒരു സ്വാശ്രയ കോളജ് ഏതൊക്കെ തരത്തില്‍ പ്രതിലോമകരമാകുമെന്നാണോ കേരളം ആശങ്കപ്പെടുന്നത്, അവയെല്ലാം വേണ്ടത്രയളവില്‍നിലിനല്‍ക്കുന്ന സ്ഥലമായി ലോ അക്കാദമി മാറി. എല്ലാ സര്‍ക്കാറുകളുടെയും നിര്‍ലോഭമായ പിന്തുണ അക്കാദമിക്ക് രഹസ്യമായും പരസ്യമായും ലഭിക്കുകയും ചെയ്തു. ലോ അക്കാദമി സ്ഥാപിതമയി പിന്നെയും 25 വര്‍ഷം കഴിഞ്ഞാണ് കേരളത്തില്‍ സ്വാശ്രയ വിരുദ്ധ സമരം തുടങ്ങുന്നത്. അത് രൂക്ഷമാകുന്നതാകട്ടെ എ കെ ആന്റണിയുടെ ഭരണകാലത്താണ്. അന്നുമുതലാണ് സ്വാശ്രയ വിവാദം കേരളീയരുടെ നിത്യജീവിതത്തിലേക്ക് കടന്നുവന്നത്. രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്നതായിരുന്നു ആന്റണിയുടെ സിദ്ധാന്തം. എന്നാല്‍ സ്വാശ്രയം യാഥാര്‍ഥ്യമായപ്പോള്‍ ഈ തത്വം പാലിക്കപ്പെട്ടില്ല. കത്തോലിക്ക സഭ അവരുടെ വഴിക്കും മറ്റുള്ളവര്‍ മറ്റൊരു വഴിക്കുമായി. കോടതിവിധികളുടെ ബലത്തില്‍  കത്തോലിക്ക സഭ സ്വന്തം തീരുമാനങ്ങളായി മുന്നോട്ടുപോയെങ്കിലും ഭൂരിഭാഗം മാനേജ്‌മെന്റുകളും സര്‍ക്കാറുമായി സീറ്റ് പങ്കുവച്ചും ഫീസ് കുറച്ചുകൊടുത്തും പരിമിതമായ തോതിലെങ്കിലും അതിന്റെ ജനപക്ഷ സ്വഭാവം നിലനിര്‍ത്തി.

എ കെ ആന്റണിയുടെ 50:50 തത്വമാണ് സ്വാശ്രയ മേഖലയില്‍ കുറഞ്ഞ അളവിലെങ്കിലും സാമൂഹിക നീതി നിലനിര്‍ത്തിയത്. പകുതി സീറ്റില്‍ കുറഞ്ഞ ഫീസും പകുതി സീറ്റില്‍ ഉയര്‍ന്ന ഫീസും വാങ്ങുക, കുറഞ്ഞ ഫീസിലുള്ള സീറ്റിലേക്ക് സര്‍ക്കാര്‍ നേരിട്ട് പ്രവേശനം നല്‍കുക, കൂടിയ ഫീസുള്ള സീറ്റിലെ പ്രവേശനാധികാരം മാനേജ്‌മെന്റുകള്‍ക്ക് വിട്ടുകൊടുക്കുക തുടങ്ങിയവയായിരുന്നു 50:50യിലെ വ്യവസ്ഥകള്‍. ഈ രീതിയില്‍ മുന്നോട്ടുപോയ സ്വാശ്രയത്തെ സങ്കീര്‍ണമാക്കിയത് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത കോടതി വിധികളാണ്. ഈ കോടതി വിധികള്‍ മാനേജ്‌മെന്റുകള്‍ക്ക് പല തരം അധികാരങ്ങള്‍ നല്‍കി. സ്വന്തം നിലയില്‍ ഫീസ് നിശ്ചയിക്കാനും പ്രവേശനം നടത്താനും ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്ക് അധികാരം ലഭിച്ചു. ഈ പഴുതുപയോഗിച്ചാണ് കത്തോലിക്ക സഭാ കോളജുകള്‍ സ്വന്തം വഴിക്കുപോയത്. ക്രോസ് സബ്‌സിഡിയെ എതിര്‍ത്തും അനുകൂലിച്ചും കോടതി വിധികളുണ്ടായി. സ്വതന്ത്രമായി ലഭിച്ച പകുതി സീറ്റിലെ പ്രവേശനാധികാരം ചില മാനേജ്‌മെന്റുകള്‍ ദുരുപയോഗം ചെയ്തതും തിരിച്ചടികള്‍ക്ക് കാരണമായി. സര്‍ക്കാറിന് ക്രോസ് സബ്‌സിഡി നിശ്ചയിക്കാന്‍ അധികാരമില്ലാതായി. എന്നാല്‍ കോളജുകള്‍ക്ക് വേണമെങ്കില്‍ അങ്ങിനെ ചെയ്യാമായിരുന്നു. ഈ വകുപ്പുപയോഗിച്ച്, കോളജുകളുമായി കരാര്‍ ഉണ്ടാക്കി പകുതി കുട്ടികള്‍ക്കെങ്കിലും കുറഞ്ഞ ഫീസ് ഉറപ്പാക്കുക എന്നതായി പിന്നീട് കേരളത്തിലെ രീതി. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളും ഈ രീതിയാണ് പിന്തുടരുന്നത്. കഴിഞ്ഞ വര്‍ഷം വരെ കേരളത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഇവിടെ നിന്നാണ് എല്ലാവരും 11 ലക്ഷം മുടക്കേണ്ട അവസ്ഥയിലേക്ക് ഇക്കൊല്ലം കേരളം എത്തിപ്പെട്ടത്.



കേരളത്തിലെ സ്വാശ്രയ പ്രവേശനത്തില്‍ എല്ലാ കൊല്ലവും വിവാദങ്ങള്‍ക്ക് കാരണമാകുന്നത് ഫീസ് നിര്‍ണയവും പ്രവേശന രീതികളുമാണ്. ഏകീകൃത ഫീസ് എന്ന വാദവുമായി ഉയര്‍ന്ന തുക വാങ്ങി സ്വന്തം നിലയില്‍ പ്രവേശനം നടത്തുകയാണ് കത്തോലിക്ക സഭാ കോളജുകള്‍ പിന്തുടരുന്ന രീതി. പ്രവേശവന പരീക്ഷാ ഫലത്തിനൊപ്പം മറ്റ് ചില ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഇവര്‍ സ്വന്തമായി റാങ്ക് ലിസ്റ്റുണ്ടാക്കിയിരുന്നത്. ചില അതിരൂപതകള്‍ക്കും ചില ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കുമെല്ലാം സീറ്റ് സംവരണവുമുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെടുംപോലെ ഫീസ് കുറച്ചുകൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പിനും ഇവര്‍ സന്നദ്ധരായിരുന്നില്ല. ഡീംഡ് സര്‍വകലാശാലാ പദവിയുടെ പേരില്‍ മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന അമൃത മെഡിക്കല്‍ കോളജാകട്ടെ, ഇതുവരെ കേരളത്തിലെ ഒരുതരത്തിലുള്ള പ്രവേശന പ്രകൃയയിലും പങ്കാളിയായിട്ടില്ല. പല കോളജുകള്‍ക്ക് എതിരെയും കേരളത്തില്‍ അതിരൂക്ഷമായ സമരങ്ങള്‍ നടന്നിട്ടും ഒരു വിദ്യാര്‍ഥി സംഘടനയും അമൃതയുടെ വാതിലില്‍ കൊടിയുയര്‍ത്തിയിരുന്നുമില്ല.

ഈ രണ്ട് വിഭാഗത്തിലും പെടാത്ത സ്വാശ്രയ കോളജുകള്‍ സര്‍ക്കാറുമായി ഫീസ്, സീറ്റ് എന്നിവയില്‍ കരാറുണ്ടാക്കുകയും പകുതി സീറ്റില്‍ കുറഞ്ഞ ഫീസില്‍ പ്രവേശനം നല്‍കുകയും ചെയ്യും. മെഡിക്കലിലും എഞ്ചിനീയറിങ്ങിലും ഇതുതന്നെയായിരുന്നു കേരളം പൊതുവെ പരിന്തുടര്‍ന്ന രീതി. 10-15 വര്‍ഷത്തിനിടെ പുതുതായി വന്ന എല്ലാ കോളജുകളും ഈ രീതിയിലുള്ള പ്രവേശന രീതിയാണ് അവലംബിച്ചിരുന്നത്. കുട്ടികളെ കിട്ടാതായതോടെ എഞ്ചിനീയറിങ് കോളജുകള്‍ വലിയ വിലപേശലുകള്‍ക്ക് ശേഷിയില്ലാതെ കിട്ടുന്ന ഫീസിന് കോഴ്സ് നടത്താന്‍ നിര്‍ബന്ധിതമായി. എന്നാല്‍ മെഡിക്കലില്‍ അങ്ങിനെയായിരുന്നില്ല കാര്യങ്ങള്‍. ഇത്തരം 17 ഡെഡിക്കല്‍ കോളജുകളാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടത്. ഇവരുമായുണ്ടാക്കുന്ന കരാറുകളും അതില്‍ സര്‍ക്കാറും മാനേജമെന്റെുകളും പരസ്പര ധാരണയില്‍ നിശ്ചയിക്കുന്ന ഫീസുമാണ്, കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ പഠന മേഖല സാധാരണക്കാര്‍ക്കും ഉപയോഗപ്പെടുംവിധം നിലനിര്‍ത്തിക്കൊണ്ടിരുന്നത്. കുറഞ്ഞ ഫീസിലെ സീറ്റിലേക്ക് സര്‍ക്കാര്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്തും. ബാക്കി പകുതിസീറ്റില്‍ മാനേജ്‌മെന്റ് കണ്‍സോഷ്യമോ കോളജുകളോ  നടത്തുന്ന പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നല്‍കുക. ഈ  കരാറിനോട് വിയോജിപ്പുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും നടത്തിക്കൊണ്ടിരുന്ന നിയമയുദ്ധങ്ങളും അതുവഴി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരുന്ന വിവാദങ്ങളുമായിരുന്നു പലപ്പോഴും സ്വാശ്രയ പ്രവേശനത്തെ സങ്കീര്‍ണമാക്കിക്കൊണ്ടിരുന്നത്. സര്‍ക്കാറുമായി ധാരണയിലെത്തുന്നതിന്റെ മറവില്‍ ചില മാനേജ്‌മെന്റുകള്‍ നടത്തിയ വഴിവിട്ട ഇടപാടുകള്‍ ഇതിന് ആക്കം കൂട്ടി. ഇത്തരം വിവാദങ്ങളുടെ മറവില്‍ ക്രിസ്ത്യന്‍ കോളജുകളും അമൃതയുമെല്ലാം അവരവരുടെ വഴിയില്‍ സുരക്ഷിതരായിരിക്കുകയും കുറഞ്ഞ ഫീസ് പ്രതീക്ഷിച്ച് വരുന്ന കുട്ടികളുടെ പ്രവേശനം ആശങ്കയിലും ആശയക്കുഴപ്പത്തിലും അവസാനിക്കുകയും ചെയ്യുകയായിരുന്നു പതിവ്. എങ്കില്‍പോലും സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ യാഥാര്‍ഥ്യമായ ശേഷം ഇതുവരെ വന്ന എല്ലാ സര്‍ക്കാറുകളും 50:50 അടിസ്ഥാനമാക്കിയ ഫീസ് ഉറപ്പാക്കാന്‍ ശ്രദ്ധിച്ചു. അതില്‍ അവര്‍ വലിയ അളവില്‍ വിജയിക്കുകയും ചെയ്തു.

മാറ്റത്തിന്റെ 'നീറ്റ്'

സീറ്റ് പങ്കുവപ്പും ഫീസുമാണ് സ്വാശ്രയ വിവാദത്തിലെ രണ്ട് പ്രധാന ഘടകങ്ങള്‍. എല്ലാവര്‍ഷവും വിവാദങ്ങളുണ്ടാകുന്നത് ഇവ രണ്ടിനെയും ചുറ്റിപ്പറ്റിയാണ്. എന്നാല്‍ ഇക്കൊല്ലം ഈ പതിവില്‍ വലിയ മാറ്റം സംഭവിച്ചു. രണ്ട് പ്രധാന തര്‍ക്ക വിഷയങ്ങളില്‍ ഒന്നായ പ്രവേശനത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതിയുടെ തീര്‍പുണ്ടായി. ദേശീയ തലത്തില്‍ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമേ രാജ്യത്തെ മുഴുവന്‍ കോളജുകളിലും പ്രവേശനം നടത്താവൂ എന്നായിരുന്നു വിധി. ഇത് നടപ്പാക്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലുണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തില്‍, ഇക്കൊല്ലം മുതല്‍ ഇത് നടപ്പാക്കണമെന്ന് നേരത്തെ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

കുറഞ്ഞ ഫീസില്‍ പ്രവേശനം അനുവദിക്കുന്നതിന്‌റെ മറവില്‍ സ്വാശ്രയ കോളജുകള്‍ ബാക്കി സീറ്റുകളില്‍ വന്‍തോതില്‍ പണം വാങ്ങി കച്ചവടം നടത്തുന്നുവെന്ന ആരോപണം എല്ലാ കൊല്ലവും പതിവായിരുന്നു. സര്‍ക്കാറുണ്ടാക്കുന്ന കരാറിനെതിരെ പൊതുവികാരം ഉയര്‍ത്തുന്നതില്‍ ഈ ആരോപണം ചെറുതല്ലാത്ത പങ്കുവഹിച്ചു. വിദ്യാര്‍ഥി സംഘടനകള്‍, വിശേഷിച്ചും ഇടത് സംഘടനകള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്ന പ്രധാന ആക്ഷേപവും പ്രവേശനത്തിലെ ക്രമക്കേടുകളും സാന്പത്തിക തട്ടിപ്പുകളുമായിരുന്നു. ഇത്തരം പരാതികള്‍ക്കെല്ലാം ആധാരമായ പ്രവേശനത്തിലെ പഴുതുകള്‍ ഇല്ലാതാക്കുകയും ഒരൊറ്റ പരീക്ഷ മാത്രം മാനദണ്ഡമാക്കി മാറ്റുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. പലതരം പ്രവേശന രീതികള്‍ക്ക് ഇതോടെ കടിഞ്ഞാണ്‍ വീണു. ഇതേതുടര്‍ന്ന്‌നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നീറ്റ്) എന്ന പേരില്‍ പൊതു പ്രവേശന പരീക്ഷ നിലവില്‍ വന്നു. ഇക്കൊല്ലം എല്ലാ സീറ്റിലേക്കും പ്രവേശനം നല്‍കിയത് നീറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രവേശനത്തിന് മറ്റൊരു മാനദണ്ഡവും പാടില്ല. മാനേജ്‌മെന്റ് സീറ്റായാലും എന്‍ ആര്‍ ഐ സീറ്റായാലും പ്രവേശനം ഈ റാങ്ക് ലിസ്റ്റില്‍ നിന്ന് മാത്രം. ഇതോടെ പ്രവേശനം സുതാര്യവും ഏകീകൃത മാനദണ്ഡപ്രകാരവുമായി മാറി. ഫീസ്, പ്രവേശനം എന്നീ പ്രധാന വിവാദ വിഷയങ്ങളിലെ പ്രവേശന പ്രശ്‌നം ഇതോടെ ഏറെക്കുറെ പൂര്‍ണമായി പരിഹരിക്കപ്പെട്ടു. സ്വാശ്രയ കോളജ് പ്രവേശനത്തില്‍ വിദ്യാര്‍ഥി സംഘടനകളും മറ്റും ഉന്നയിച്ചിരുന്ന തട്ടിപ്പിന്റെയും കച്ചവടത്തിന്റെയും പരാതികള്‍ക്കും ആശങ്കള്‍ക്കും ഇതോടെ ഇടമില്ലാതായി. അങ്ങിനെ കേരളത്തിന്റെ സ്വാശ്രയ ചരിത്രത്തിലാദ്യമായി മുഴുവന്‍ സീറ്റുകളിലേക്കും സുതാര്യമായ പ്രവേശനം നടക്കുകയും ചെയ്തു.

വഴിയറിയാതെ സര്‍ക്കാര്‍


നീറ്റ് നടപ്പാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് അവര്‍ പോലും പ്രതീക്ഷിക്കാത്ത തരത്തില്‍ സുവര്‍ണാവസരം കൈവന്നു. പ്രവേശനത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് ഒരു അധികാരവും ഇല്ലാതായതോടെ അവശേഷിക്കുന്ന പ്രശ്‌നം ഫീസ് മാത്രമായി മാറി. ഈ അവസരം ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരവും സ്വീകാര്യവുമായ ഫീസ് നിര്‍ണയത്തിന് മുന്‍കൈയെടുക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. മുന്‍വര്‍ഷങ്ങളില്‍ കരാറിന് സന്നദ്ധമായ 17 കോളജുകളില്‍ ഭൂരിഭാഗം കോളജുകളും അതിന് തയാറുമായിരുന്നു. മാനേജ്‌മെന്റുകള്‍ കരാറിന് സന്നദ്ധത അറിയിച്ച് സര്‍ക്കാറിനെ സമീപിച്ചിട്ടും അതിലെ സാമൂഹിക പ്രാധാന്യം തിരിച്ചറിയാന്‍ ഇടത് സര്‍ക്കാറിനായില്ല. അവര്‍ കച്ചവടക്കാരെന്ന് ആക്ഷേപിക്കുന്ന സ്വാശ്രയ മാനേജ്‌മെന്റുകള്‍ പ്രകടിപ്പിച്ച സാമൂഹിക ബോധം പോലും സര്‍ക്കാറിനെ നയിക്കുന്നവരില്‍നിന്നുണ്ടായില്ല. കുറഞ്ഞ ഫീസ് ഉറപ്പാക്കുന്ന കരാറിന് വേണ്ടി ചെറുവിരല്‍ അനക്കാതിരുന്ന സര്‍ക്കാര്‍ നിഷ്‌കൃയത്വത്തിന്റെ ബലിയാടുകളാണ്, അര്‍ഹതയുണ്ടായിട്ടും കോളജുകളില്‍നിന്ന് പുറത്താക്കപ്പെട്ട കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍. കേസും വിവാദങ്ങളും ശക്തമാകകയും ഫീസ് 11 ലക്ഷത്തിലേക്ക് എത്തുമെന്ന് ബോധ്യപ്പെടുകും ചെയ്ത സന്ദര്‍ഭത്തിലാണ് കരാറിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്. അത് ഫലവത്തായുമില്ല.

നീറ്റ് നടപ്പാക്കിയതിനാല്‍ കുറഞ്ഞ ഫീസും കൂടിയ ഫീസും ഏര്‍പെടുത്താനാകില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനാല്‍ ഇക്കൊല്ലം ഏകീകൃത ഫീസ് ആയിരിക്കുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഉപദേശം ആരുനല്‍കിയതായാലും അത് വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കുന്നതല്ലെന്ന് വ്യക്തം. എന്നല്ല, കൊള്ള ലാഭം ലക്ഷ്യമിട്ട ഏതാനും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി തട്ടിക്കൂട്ടിയ നിലപാടാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാകുകയും ചെയ്യുന്നുണ്ട്. അത്രമേല്‍ സാന്പത്തിക ലാഭമാണ് പുതിയ തീരുമാനം വഴി മാനേജ്‌മെന്റുകള്‍ക്ക് ലഭിച്ചത്. നിലവിലെ ഫീസ് ഘടന വച്ച് 100 സീറ്റുള്ള ഒരു കോളജിന് മുന്‍വര്‍ഷത്തേക്കാള്‍ ലഭിക്കുന്നത് 5 കോടിയിലധികം രൂപ! ഇതില്‍പരമൊരു സഹായം ഇനി അവര്‍ക്ക് സര്‍ക്കാറില്‍നിന്ന് കിട്ടാനില്ല. പ്രവേശന നിയന്ത്രണം കൈവിട്ടുപോയതോടെ സമ്മര്‍ദ ശേഷി നഷ്ടപ്പെട്ട് ദുര്‍ബലരായി മാറി, സര്‍ക്കാറിന് കീഴടങ്ങേണ്ടി വരുമെന്ന് കരുതിയ മാനേജ്‌മെന്റുകളെത്തന്നെ ഈ തീരുമാനം ഞെട്ടിച്ചുകളഞ്ഞു. ഫീസിന്റെ കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനമായിട്ടുമില്ല. 5 ലക്ഷം പണമായും 6 ലക്ഷം ബാങ്ക് ഗ്യാരണ്ടിയായും നല്‍കണമെന്ന ധാരണയിലാണ് പ്രവേശനം നടത്തിയിരിക്കുന്നത്. ഇത് കൂടാം, കുറയാം. ആര്‍ക്കുമൊരു നിശ്ചയവുമില്ല, ഇപ്പോഴും.

ഏകീകൃത ഫീസായിരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍, അത് ഫലപ്രദമായി നടപ്പാക്കാന്‍ വേണ്ട നടപടികളും എടുത്തില്ല. എന്ന് മാത്രമല്ല, ഇക്കാര്യത്തില്‍ അടിക്കടി അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. സ്വാശ്രയ മേഖലയെ നിയന്ത്രിക്കാനെന്ന പേരില്‍ പുതിയ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതനുസരിച്ച് പത്തംഗ ഫീ-അഡ്മിഷന്‍ കമ്മിറ്റിയാണ് ഫീസ് നിര്‍ണയിക്കേണ്ടത്. എന്നാല്‍ സര്‍്കകാര്‍ തന്നെ കൊണ്ടുവന്ന നിയമത്തെ പരിഹസിക്കുംവിധം ആറംഗ കമ്മിറ്റിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. നിലനില്‍ക്കുന്ന നിയമത്തിന് വിരുദ്ധമായി ഉത്തരവിറക്കിയാല്‍ അത് കോടതിയുടെ ഗേറ്റ് പോലും കടക്കില്ലെന്ന് അറിയാത്തവരല്ല ഭരണത്തിലുള്ളവരും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥരും.
അതുകൊണ്ട് തന്നെ അവര്‍ക്ക് അബദ്ധം പറ്റിയെന്ന് വിശ്വസിക്കുക പ്രയാസകരമാണ്. ഓഡിനന്‍സ് മാറ്റിയിറക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും അതേതുടര്‍ന്നുണ്ടായ വിവാദങ്ങളുമടക്കം പിന്നീടുണ്ടായ സംഭവങ്ങളാകട്ടെ സര്‍ക്കാര്‍ നടപടികളെ കൂടുതല്‍ ദുരൂഹമാക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ പുറത്തുവന്നതോടെ വീഴ്ച സമ്മതിക്കേണ്ടിവന്ന ആരോഗ്യ മന്ത്രിക്ക്, പക്ഷെ മാനേജ്‌മെന്റുകളെ സര്‍ക്കാര്‍ സഹായിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുണ്ടായില്ല. സര്‍ക്കാറിന്റെ ഈ പിടിപ്പുകേടും നിഷ്ട്കൃയത്വവും സര്‍ക്കാറിന്റെയും ഫീസ് നിര്‍ണയ കമ്മിറ്റിയുടെ തീരുമാനങ്ങളെയും കോടതിയില്‍ ചോദ്യം ചെയ്യാനും അവര്‍ക്ക് അനുകൂലമായ വിധികള്‍ നേടിയെടുക്കാനും മാനേജ്‌മെന്റുകള്‍ക്ക് സഹായകരമായി.

എല്ലായിടത്തും പരാജയപ്പെട്ട് ഫീസ് പരിധി കൈവിട്ടുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കാരാറുണ്ടാക്കുന്നതിനെക്കുറിച്ച് സര്‍ക്കാറിന് വെളിപാടുണ്ടായത്. സ്വാശ്രയ പ്രവേശനത്തെക്കുറിച്ച് നടക്കുന്ന ഒന്നാമത്തെ ആലോചനയില്‍ വരേണ്ടതായിരുന്നു കോളജുകളുമായുള്ള കരാര്‍. അതുണ്ടായില്ല. എന്നിട്ടും, ഏറ്റവുമൊടുവില്‍ കരാറിന് ശ്രമം നടത്തിയപ്പോള്‍ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറുമായി സഹകരിക്കാന്‍ തയാറായി. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് ഫീസില്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാതെ അവര്‍ കരാര്‍ ഉണ്ടാക്കുകയും ചെയ്തു. ഇതിനെതിരെ കോടതിയില്‍ കേസ് വന്നെങ്കിലും ഫീസ് ഘടന റദ്ദാക്കാന്‍ കോടതി തയാറായില്ല. (കരാറിലെ മറ്റു ചില വകുപ്പുകള്‍ കോടതി തിരുത്തിയതിനാല്‍ കോളജുകള്‍ കരാറില്‍നിന്ന് പിന്‍മാറി). കരാര്‍ പ്രകാരമുള്ള ഫീസ് നിലനില്‍ക്കുമെന്ന് ഈ വിധിയോടെ സര്‍ക്കാറിന് ബോധ്യപ്പെട്ടെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. കോടതി പിരിഞ്ഞപ്പോള്‍ ഓര്‍മവന്ന ലോ പോയിന്റുകൊണ്ട് രാഷ്ട്രീയ പരാജയത്തിന്റെ ഓട്ടയടക്കാന്‍പോലും സര്‍ക്കാറിന് കഴിഞ്ഞില്ല. വലിയ രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബദ്ധതയും ഇടത് നിലപാടുകളും അവകാശപ്പെടുന്ന പിണറായി വിജയനു സംഘവും, അത്രയൊന്നും അവകാശവാദങ്ങളില്ലാത്ത തൊട്ടയല്‍പക്കത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസുകാരും തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെക്കാരും ഇക്കാര്യത്തില്‍ എന്തുചെയ്യുന്നുവെന്നെങ്കിലും നിരീക്ഷിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ അബദ്ധം സംഭവിക്കില്ലായിരുന്നു. നീറ്റ് വന്നിട്ടും അവരെല്ലാം ക്രോസ് സബ്‌സിഡി നടപ്പാക്കി. നീറ്റ് കാരണം പുറന്തള്ളപ്പെട്ട പാവപ്പെട്ട തദ്ദേശീയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാന്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം അവര്‍ തുടരുന്നുമുണ്ട്.

50:50ക്ക് അന്ത്യം

സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസം കേരളത്തില്‍ സ്വീകാര്യമാക്കിയത് രണ്ട് സ്വാശ്രയ കോളജ് സമം ഒരു സര്‍ക്കാര്‍ കോളജ് എന്ന തത്വമാണ്. പകുതി സീറ്റില്‍ കുറഞ്ഞ ഫീസില്‍ പഠിക്കാവുന്ന രണ്ട് സ്വകാര്യം കോളജുകള്‍ ചേര്‍ന്നാല്‍ ഒരു സര്‍ക്കാര്‍ കോളജിന്റെ ഫലം ചെയ്യുമെന്നാണ് സങ്കല്‍പം. തുടക്കത്തില്‍ അക്ഷരാര്‍ഥത്തില്‍ അത് നടപ്പാകുകയും ചെയ്തു. മെഡിക്കല്‍ കോഴ്‌സുകളില്‍ പിന്നീട് അത് കുറഞ്ഞ ഫീസെന്ന നിലയിലായി. അടുത്ത ഘട്ടത്തില്‍, സര്‍ക്കാര്‍ കോളജിലെ ഫീസ് നിരക്കില്‍ 20 ശതമാനം സീറ്റ്, അതിനേക്കാള്‍ ഉയര്‍ന്നതെങ്കിലും സാധാരണക്കാര്‍ക്കും പ്രാപ്യമായ ഫീസ് നിരക്കില്‍ 30 ശതമാനം സീറ്റ് എന്ന നിലയിലേക്ക് മാറി. കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ സീറ്റിലെ സ്വാശ്രയ മെഡിക്കല്‍ ഫീസ്, 25,000 രൂപ (20 ശതമാനം സര്‍ക്കാര്‍ ക്വാട്ട സീറ്റ്), 2.5 ലക്ഷം (30 ശതമാനം സര്‍ക്കാര്‍ ക്വാട്ട സീറ്റ്) എന്നിങ്ങനെയായിരുന്നു. സ്വാശ്രയ മെഡിക്കല്‍ പഠനത്തിന് സാധാരണക്കാരായ കുട്ടികള്‍ക്ക് പഠനാവസരം ഒരുക്കാന്‍ ഈ സംവിധാനത്തിന് കഴിഞ്ഞു. സര്‍ക്കാര്‍ കോളജുകളിലെ നന്നേ കുറഞ്ഞ മെഡിക്കല്‍ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷയില്‍ മത്സരിച്ചെത്താന്‍ ശേഷിയില്ലാത്ത അരികുവത്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ പ്രൊഫഷണല്‍ പഠന മോഹങ്ങള്‍ക്ക് 50:50 തുറന്നുവച്ച സാധ്യതകള്‍ ചെറുതായിരുന്നില്ല. അത്തരം വിഭാഗങ്ങളിലെ ഒന്നിലധികം തലമുറകളെ കേരളത്തിലെ സാമൂഹിക വളര്‍ച്ചയുടെ മിന്‍നിരയിലേക്ക് നടന്നുചെല്ലാനും അത് പ്രാപ്തരാക്കി. സാന്പത്തിക ഘടനയില്‍ ഇടത്തരമോ അതില്‍ കുറഞ്ഞതോ ആയ തട്ടുകളിലുള്ളവര്‍ക്ക് പോലും വായ്പകളുടെയും സ്‌കോളര്‍ഷിപ്പുകളുടെയുമെല്ലാം ബലത്തില്‍ മെഡിക്കല്‍ പഠനം നടത്താന്‍ ഇതിലൂടെ കഴിഞ്ഞു.

സ്വാശ്രയ വിദ്യാഭ്യാസ സങ്കല്‍പത്തിന്റെ ഉപോല്‍പന്നമായി വാണിജ്യവത്കരണവും ദരിദ്രരുടെ പുറന്തള്ളലുമെല്ലാം നടക്കുന്‌പോഴും പരിമിതമായ തോതിലെങ്കിലും അതില്‍ സാമൂഹിക നീതി സംരക്ഷിക്കാന്‍ കഴിഞ്ഞത് 50:50 ഫോര്‍മുലയിലൂടെ ആയിരുന്നു. ഈ തത്വത്തിനാണ് ഇക്കൊല്ലത്തോടെ അന്ത്യമായിരിക്കുന്നത്. സാധാരണക്കാരായ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന മെഡിക്കല്‍ പഠനാവസരം അവസാനിച്ചിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതം ഇക്കൊല്ലത്തെ പ്രവേശനത്തില്‍ തന്ന് പ്രകടമായി. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടും നിരവധി വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠന മോഹം ഉപേക്ഷിക്കേണ്ടിവന്നു. ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് 2500ല്‍ താഴെ റാങ്ക് ലഭിച്ചവരില്‍ 600ാളം പേരെങ്കിലും മെഡിക്കല്‍ അഡ്മിഷന്‍ എടുക്കാതിരുന്നിട്ടുണ്ട് എന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രവേശനം ലഭിച്ച അവസാന റാങ്കിനേക്കാള്‍ ആയിരത്തിലധികം റാങ്ക് പിറകിലുള്ളവര്‍ ഇക്കൊല്ലം പ്രവേശനം നേടിയിട്ടുണ്ട്. മാനേജ്‌മെന്റ്, എന്‍ ആര്‍ ഐ സീറ്റുകളിലുംകോളജുകള്‍ക്കുള്ള വിവിധ ക്വാട്ടകളിലും പ്രവേശനം നേടിയവരുടെ വിവരങ്ങള്‍കൂടി പുറത്തുവന്നാലെ ഇതിന്റെ പൂര്‍ണ ചിത്രം വ്യക്തമാകൂ.

50:50 സങ്കല്‍പം സ്വാഭാവികമായി ഇല്ലാതായതല്ല. ഇത്തവണ അതില്ലാതാക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ 5050 ഇല്ലാതാക്കാന്‍ എല്ലാ കാലത്തും നിഗൂഡമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ ഇത്തരമൊരു സംവിധാനം നടപ്പാക്കുന്നതിനോട് പ്രഖ്യാപിത വിയോജിപ്പുള്ളവരാണ് കത്തോലിക്ക സഭാ മാനേജ്‌മെന്റുകള്‍. ഫീസ് കുറച്ചുകൊടുത്ത് കുട്ടികളെ പഠിപ്പിക്കേണ്ടതില്ലെന്നും ആവശ്യമുള്ളവര്‍ പണം മുടക്കി പഠിക്കട്ടേയെന്നും പരസ്യമായി പ്രഖ്യാപിച്ചാണ് അവര്‍ ഏകീകൃത ഫീസെന്ന പേരില്‍ ഉയര്‍ന്ന തുക ഈടാക്കിയിരുന്നത്. കേരളത്തിലെ ഭൂരിപക്ഷം മെഡിക്കല്‍ കോളജുകളും പകുതി സീറ്റില്‍ ഫീസ് കുറക്കാന്‍ തയാറായിട്ടും കത്തോലിക്ക സഭാ കോളജുകള്‍ അതിന് തയാറായില്ല. ന്യൂനപക്ഷ അവകാശങ്ങളുടെ പേരില്‍ ഇവര്‍ സ്വീകരിച്ച നിലപാടിനോട് വിയോജിച്ച സര്‍ക്കാറുകള്‍ അവരെ ഒഴിവാക്കി മറ്റ് കോളജുകളുമായി കരാര്‍ ഒപ്പുവക്കുകയായിരുന്നു പതിവ്. എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറുകളെല്ലാം ഈ നിലപാടിലായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി നയിച്ച കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ അവസാന വര്‍ഷം ഉയര്‍ന്ന ഫീസ് അംഗീകരിച്ച് സീറ്റ് പങ്കുവക്കാന്‍ ക്രിസ്ത്യന്‍ കോളജുകളുമായി കരാറുണ്ടാക്കി. വിദ്യാര്‍ഥി വിരുദ്ധമായ ഫീസ് ഘടനക്ക് ഇതോടെ ആദ്യമായി സര്‍ക്കാര്‍ തലത്തില്‍നിന്ന് അംഗീകാരം ലഭിച്ചു. ഈ രീതിയില്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുകയും ചെയ്തു. പിന്നീട് വന്ന പിണറായി സര്‍ക്കാറും ഈ കരാര്‍ തുടര്‍ന്നു.

ഈ വര്‍ഷത്തെ സ്വാശ്രയ ചര്‍ച്ച തുടങ്ങുന്‌പോള്‍ തന്നെ ഇടത് സര്‍ക്കാറെടുത്ത 5050 വിരുദ്ധ നിലപാടിനെ ഈ പശ്ചാത്തലത്തില്‍ വേണം സമീപിക്കാന്‍. ക്രിസ്ത്യന്‍ കോളജുകളുമായി കരാര്‍ ഉണ്ടാക്കിയ ഉമ്മന്‍ചാണ്ടിപോലും മറ്റ് കോളജുകളില്‍ ഈ രീതി നടപ്പാക്കാന്‍ അനുവദിച്ചിരുന്നില്ല. പലതരം സമ്മര്‍ദങ്ങളും അധികാര പ്രയോഗങ്ങളും നടത്തിയാണെങ്കിലും ഭൂരിഭാഗം കോളജുകളെയും 50:50യില്‍ പിടിച്ചുനിര്‍ത്തുകയും ചെയ്തു. എം എ ബേബിയുടെ കാലത്തും ക്രിസ്ത്യന്‍ കോളജുകളെ മാറ്റിനിര്‍ത്തുകയും 5050ക്ക് ഊന്നല്‍ നല്‍കുകയുമാണ് ചെയ്തത്. ഈ ചരിത്രമെല്ലാം അട്ടിമറിച്ചാണ് വിദ്യാര്‍ഥി വിരുദ്ധ ഫീസ് ഘടനയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തുന്നത്. ഇതിന് ബദലായി സര്‍ക്കാര്‍ പറയുന്ന സ്‌കോളര്‍ഷിപ് പദ്ധതികള്‍പോലും ഫലപ്രദമാകുന്നില്ല എന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍. ദുര്‍ബല പിന്നാക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികമായും സാന്പത്തികമായും മുന്നേറാന്‍ കഴിയുന്ന ഉന്നത സാമൂഹിക പദവിയുള്ള തൊഴില്‍ മേഖലയില്‍നിന്ന് വലിയൊരു വിഭാഗം ആട്ടിയകറ്റപ്പെടുന്നുവെന്നതാണ് ഇതിന്റെ പ്രത്യാഘാതം. വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച മുന്നറിയിപ്പുകള്‍ കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പഠന മേഖലയില്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ഇതിന്റെ മികച്ച ഉദാഹരണമാണ് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകള്‍.



പൂട്ടിപ്പോകുന്ന കോളജുകള്‍

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ഈ വര്‍ഷത്തോടെയാണ് സാധാരണക്കാര്‍ക്ക് മുന്നില്‍ അതിന്റെ വാതിലുകള്‍ കൊട്ടിയടച്ചതെങ്കില്‍, സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളെ വിദ്യാര്‍ഥികള്‍ തന്നെ ഉപേക്ഷിച്ച് തുടങ്ങിയിട്ട് ഏതാനും വര്‍ഷമായി. കഴിഞ്ഞ കുറെ കൊല്ലങ്ങളായി സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ സീറ്റുകള്‍ വന്‍തോതില്‍ ഒഴിഞ്ഞുകിടക്കുകയാണ്. കുട്ടികളെ കിട്ടാതെ കോളജുകള്‍ അടച്ചുപൂട്ടേണ്ട അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ് കേരളത്തിലെ പല കോളജുകളും നേരിടുന്നത്. സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലായി ഏതാണ്ട് 55,000 സീറ്റാണ് കേരളത്തിലുള്ളത്. 50:50 പ്രകാരം ഇതിന്റെ പകുതി സര്‍ക്കാര്‍ സീറ്റാണ്. ഇക്കൊല്ലം ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ സീറ്റിന്റെ 61 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. ആകെയുള്ള 24,000-ാളം സര്‍ക്കാര്‍ സീറ്റില്‍ ആകെ പ്രവേശനം നേടിയത് 8000ല്‍ താഴെ കുട്ടികള്‍ മാത്രം. 15,000ല്‍ അധികം സര്‍ക്കാര്‍ സീറ്റുതന്നെ ഒഴിഞ്ഞു കിടക്കുന്നുവെന്നര്‍ഥം. മാനേജ്മെന്റ് സീറ്റിലും ഇതുതന്നെയാണ് അവസ്ഥ. രണ്ട് വിഭാഗങ്ങളിലുമായി ആകെ 25,000-ാളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിന്റെ അന്തിമ കണക്ക് ലഭ്യമായിട്ടില്ല.

ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം ഓരോവര്‍ഷവും വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞുകിടന്നത് 19,834 സീറ്റ്. അഥവ ആകെയുള്ള സീറ്റിന്‌റെ 35 ശതമാനം. തൊട്ടുമുന്‍ വര്‍ഷം ഇത് 32 ശതമാനമായിരുന്നു. ഇക്കൊല്ലം ഇതുവരെയുള്ള കണക്കനുസരിച്ച് ഒഴിവ് 40 ശതമാനം കടക്കാനാണ് സാധ്യത. ഓരോവര്‍ഷവും കുട്ടികളെ കിട്ടാതെ ഒഴിച്ചിടേണ്ടി വരുന്ന സീറ്റുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം നാല് കോളജുകള്‍ പുതിയ ബാച്ചിലേക്ക് കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത് തന്നെ ഒഴിവാക്കിയിരുന്നു. ഈ പ്രവണതയും വരും വര്‍ഷങ്ങളില്‍ കൂടും. കഴിഞ്ഞ അധ്യയന വര്‍ഷം 23 കോളജുകളില്‍ 30 ശതമാനത്തിന് താഴെയാണ് വിദ്യാര്‍ഥി പ്രവേശം. 300 സീറ്റുണ്ടായിട്ടും വെറും 16 പേര്‍ മാത്രം പ്രവേശം നേടിയ സ്ഥലങ്ങളുണ്ട്. ഇതില്‍ തന്നെ പല കോളജുകളിലും ചില ബ്രാഞ്ചുകളില്‍ ഒരൊറ്റ കുട്ടി പോലും എത്തിയില്ല. ഇലക്ട്രിക്കല്‍ ആന്‌റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ 10 കോളജുകളിലായി 510 സീറ്റിലേക്ക് ആകെ വന്നത് 14 കുട്ടികള്‍ മാത്രം. ഇലക്ട്രോണിക്‌സ് ആന്‌റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ 10 കോളജുകളിലായി ആകെ എത്തിയത് 35 പേര്‍. ഇങ്ങിനെ നിരവധി ബ്രാഞ്ചുകളുണ്ട്. മുഴുവന്‍ സീറ്റിലും കുട്ടികളെത്തിയത് ആകെ 19 സ്വാശ്രയ കോളജുകളില്‍ മാത്രം. ഈ വര്‍ഷവും സിഥിതി വ്യത്യസ്തമല്ല. സര്‍ക്കാര്‍ സീറ്റുകളിലെ കണക്കാണ് ഇതുവരെ ലഭിച്ചത്. ഇതനുസരിച്ച് ഒരു കുട്ടി പോലും ചേരാത്ത 61 ബ്രാഞ്ചുകള്‍ ഉണ്ട്. 61 ബ്രാഞ്ചിലുള്ളത് ഒരു കുട്ടി മാത്രം. 236 ബ്രാഞ്ചില്‍ ചേര്‍ന്നവര്‍ 10 ല്‍ താഴെ കുട്ടികള്‍. 84 കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ 30 ശതമാനത്തില്‍ താഴെയാണ് വിദ്യാര്‍ഥി പ്രവേശനം നടന്നിരിക്കുന്നത്.

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്കരണം മെഡിക്കല്‍ കോഴ്സുകളെ താങ്ങാനാകാത്ത ഫീസിലേക്ക് എത്തിച്ചെങ്കില്‍ എഞ്ചിനീയറിങ്ങില്‍ അത് ആവശ്യത്തിലധികം കോളജുകളും കോഴ്സുകളും സൃഷ്ടിക്കുകയാണ് ചെയ്തത്. രണ്ടിന്റെയും ഫലം ഒന്നുതന്നെ. വിദ്യാര്‍ഥികള്‍ക്ക് കോളജിന്റെ പടികടക്കാനാകാത്ത അവസ്ഥ. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പാടെ തകര്‍ത്ത സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ പഠിച്ചിറങ്ങിയാല്‍ പെരുവഴിയിലാകുമെന്ന തിരിച്ചറിവ് വിദ്യാര്‍ഥികള്‍ക്ക് വന്നുകഴിഞ്ഞു. എന്നിട്ടും ഇതിനെ ഫലപ്രദമായി നേരിടാനോ പരിഹാരം കാണാനോ സംസ്ഥാന സര്‍ക്കാറിന് കഴിയുന്നില്ല. അടച്ചുപൂട്ടിപ്പോകുന്ന കോളജുകള്‍ സൃഷ്ടിക്കുന്ന സാന്പത്തിക നഷ്ടം ഉയര്‍ത്തിക്കാട്ടി കോളജുടമകള്‍ നടത്തുന്ന സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 30 ശതമാനം കുട്ടികള്‍ പ്രവേശനം നേടാത്ത കോളജുകള്‍ അടച്ചുപൂട്ടണമെന്ന ചര്‍ച്ച എ ഐ സി ടി ഇയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനെ കുറുക്കുവഴികളിലൂടെ മറികടക്കാനുള്ള ഉപായമാണ് കേരള സര്‍ക്കാര്‍ ആലോചിക്കുന്നത് എന്നതാണ് വിചിത്രം. കോളജ് നടത്തിപ്പുകാരെ വിളിച്ചുവരുത്തിയാണ് ഈ തന്ത്രങ്ങള്‍ മെനയുന്നത് എന്നത് അതിലേറെ വിചിത്രം.

ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം കേരള സാങ്കേതിക സര്‍വകലാശാല കേരളത്തിലെ 29 സ്വാശ്രയ എഞ്ചിനീറിങ് കോളജുകളുടെ യോഗം വിളിച്ചത്. 30 ശതമനത്തില്‍ താഴെ മാത്രം കുട്ടികള്‍ പ്രവേശനം നേടിയ കോളജുകളുടെ ഉടമകളായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. എ ഐ സി ടി ഇയിലുണ്ടായ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇത്. കോളജുകള്‍ അടച്ചുപൂട്ടിയാലുണ്ടാകുന്ന തൊഴില്‍ നഷ്ടവും സാന്പത്തിക ബാധ്യതകളുമൊക്കെയായിരുന്നു കോളജ് ഉടമകള്‍ ഉന്നയിച്ച ആശങ്കകള്‍. പഠന നിലവാരം കൂപ്പുകുത്തുന്നതോ പല കോളജുകളിലും വിജയശതമാനം വട്ടപ്പൂജ്യത്തേലക്ക് കുതിക്കുന്നതോ കുട്ടികള്‍ എഞ്ചിനീയറിങ് പഠിക്കാന്‍ വിമുഖരാകുന്നതോ ഒന്നും അവരെ അലട്ടുന്നതേയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചര്‍ച്ചകള്‍. ചര്‍ച്ചയെ ഗുണപരമായി നയിക്കുകയും പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെ നവീകരിക്കുന്ന തരത്തില്‍ മാറ്റിയെടുക്കുകയും ചെയ്യേണ്ട സര്‍വകലാശാല മേധാവികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളും കോളജ് ഉടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുതകുന്നവ മാത്രമായിരുന്നു. കുറഞ്ഞ കുട്ടികള്‍ മാത്രമുള്ള ബ്രാഞ്ചുകളിലെ കുട്ടികളെ പരസ്പരം വച്ചുമാറി ഏതെങ്കിലും ചില ബ്രാഞ്ചുകള്‍ നിലനിര്‍ത്തുകയും അതുവഴി കോളജിന്റെ അടച്ചുപൂട്ടല്‍ ഒഴിവാക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഈ നിര്‍ദേശത്തിന്റെ കാതല്‍. കുട്ടികളെ വച്ചുമാറിയും ബ്രാഞ്ചുകള്‍ മാറ്റിയും എങ്ങിനെയെങ്കിലും പിടിച്ചുനില്‍ക്കുക എന്നത് തന്നെ. കോളജ് ഉടമകള്‍ക്ക് ഇത് അനിവാര്യമാകാം. പക്ഷെ ഇടത് സര്‍ക്കാര്‍ എന്തിനീ കുറുക്കവഴിക്ക് കൂട്ടുനില്‍ക്കണമെന്ന ചോദ്യം പ്രസക്തമാണ്. സ്വാശ്രയ-സ്വകാര്യ കോളജുകളിലെ തന്നെ മികച്ച പഠന നിലവാരവും അടിസ്ഥാന സൌകര്യങ്ങളും ഉന്നത വിജയനിരക്കുമുള്ള സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കുട്ടികള്‍ സീറ്റിനായി കാത്തുകെട്ടിക്കിടക്കുന്ന അനുഭവം കേരളത്തില്‍തന്നെയുണ്ടായിരിക്കെ, വിശേഷിച്ചും.

എഞ്ചിനീയറിങ്ങിന് പിന്നാലെ ദന്തല്‍ കോളജുകളും ഇതേ അവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്നതാണ് പുതിയ പ്രവണത. നാട്ടിലാകെ ദന്തല്‍ ക്ലിനിക്കുകള്‍ വ്യാപകമാകുകയാണ്. മുപ്പതോളം കോളജുകളിലായി 2000ല്‍ അധികം സീറ്റുകളാണ് കേരളത്തിലുള്ളത്. ഇതില്‍ സര്‍ക്കാര്‍ സീറ്റ് വെറും 240 മാത്രം. ഓരോവര്‍ഷവും നൂറുകണക്കിന് കുട്ടികള്‍ പഠിച്ചിറങ്ങുന്നതിന്റെ പ്രതിഫലനം നാട്ടില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. മുട്ടിന് മുട്ടിന് ദന്തല്‍ ക്ലിനിക്കുകള്‍ ദിനംപ്രതിയെന്നോണം ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു. ജനവിശ്വാസം നേടിയ ക്ലിനിക്കുകളില്‍ പരിശീലനം നേടാന്‍ സൌജന്യസേവനം വാഗ്ദാനം ചെയ്ത് ബി ഡി എസ് ബിരുദധാരികള്‍ വരി നില്‍ക്കുകയാണ്. ഇത്രയും എഞ്ചിനീയര്‍മാരെക്കൊണ്ട് എന്തുചെയ്യുമെന്ന ചോദ്യം ഒരുകാലത്ത് കേരളത്തില്‍ ഉച്ഛത്തിലുയര്‍ന്നിരുന്നതാണ്. എന്നാല്‍ സര്‍ക്കാറുകളും അത് കേട്ടില്ലെന്ന് നടിച്ചു. നിക്ഷേപകരുടെ കച്ചവട താത്പര്യങ്ങളും ഭരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യങ്ങളുമെല്ലാം ചേര്‍ന്ന് നിഗൂഢമായ ഒരു വ്യവസായ മേഖലയായി എഞ്ചിനീയറിങ് മേഖല മാറി. ഇങ്ങിനെ ഡിമാന്‌റ്- സപ്ലൈ അനുപാതം പോലും പരിഗണിക്കാതെ നടത്തിയ പരിഷ്‌കാരങ്ങളുടെ അനിവാര്യമായ ദുരന്തമാണ് ഇന്ന് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസ മേഖല നേരിടുന്നത്. ഇതേ അനുഭവം തന്നെയാണ് ദന്തല്‍ കോളജുകളുടെ കാര്യത്തില്‍ സമീപഭാവിയില്‍ കേരളത്തെ കാത്തിരിക്കുന്നത്.

പിണറായിയിലേക്കുള്ള ദൂരം

വന്‍തുക മുടക്കാനില്ലാത്തവരും വലിയ സാമൂഹിക നിക്ഷേപമുള്ളര്‍ക്ക് മാത്രം എത്തിപ്പിടിക്കാവുന്ന വളരെ ഉയര്‍ന്ന റാങ്കുകള്‍ നേടാന്‍ കഴിയാത്തവരും ഗുണവും മികവും അതിജീവന ശേഷിയുമുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നുവെന്നതാണ് കൂത്തുപറന്പില്‍നിന്ന് പിണറായി വിജയന്റെ മുഖ്യമന്ത്രി കാലത്തേക്കുള്ള കേരളത്തിന്റെ യാത്രക്കിടെ സ്വാശ്രയ മേഖലയില്‍ സംഭവിച്ച മാറ്റം. ക്രമേണയുണ്ടായ ഈ മാറ്റത്തെ പ്രതിരോധിക്കാന്‍ എല്ലാകാലത്തും തീവ്രശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇത്രമേല്‍ വിദ്യാര്‍ഥി വിരുദ്ധവും ജനവിരുദ്ധവും ആയി മാറാതെ സ്വാശ്രയ മേഖലയെ ഇത്രയുംകാലം- എല്ലാ പരിമിതികളോടെയും- സംരക്ഷിച്ച് നിര്‍ത്തിയത് കേരളത്തില്‍ അരങ്ങേറിയ സമരങ്ങള്‍ തന്നെയാണ്. ആ സമരങ്ങളില്‍ മുഖ്യങ്കുവഹിച്ചത് ഇടതുപക്ഷവുമാണ്. അതിലേറ്റവും രക്തരൂഷിതമായ സമരമായിരുന്നു കൂത്തുപറന്പിലേത്. സമാനതകളില്ലാത്ത സമരമായി അത് കേരളീയ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടി. ആ സമരം നടക്കുന്‌പോള്‍ പിണറായി വിജയന്‍ കൂത്തുപറന്പ് എം എല്‍ എ ആയിരുന്നു. അഞ്ചുപേര്‍ നെഞ്ചില്‍ വെിയേറ്റുവീണ പോരാട്ടത്തിന്റെ അണിറയിലെ നായകന്‍. അന്ന് സമരമുഖത്ത് ആ യുവജന സംഘത്തെ നയിച്ചത് ഡി വൈ എഫ് ഐ സെക്രട്ടറിയായിരുന്ന എം വി ജയരാജന്‍. കണ്ണൂര്‍ സി പി എമ്മിന്റെ അന്നത്തെ അമരക്കാരന്‍ കോടിയേരി ബാലകൃഷ്ണനും. ഇവരൊക്കെയും ചേര്‍ന്ന് നയിച്ച ജനകീയ പോരാട്ടങ്ങളെ നിഷ്ഫലമാക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്, വിശേഷിച്ചും മെഡിക്കല് മേഖലയില്‍‍. അതിന് കാര്‍മികത്വം വഹിക്കാനുള്ള നിയോഗം വന്നുചേര്‍ന്നതും ഈ മൂവര്‍ സംഘത്തിന് തന്നെയാണെന്നത് ചരിത്രത്തിന്റെ കാവ്യനീതിയാണ്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍‍! പ്രൈവറ്റ് സെക്രട്ടറിയായി അണിയറയില്‍ എം വി ജയരാജന്‍‍!! സി പി എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനും!!! സ്വാശ്രയ വിഷയത്തില്‍ ഇടതുപക്ഷം ഇതുവരെ തുടര്‍ന്ന ഇരട്ടത്താപ്പുകളുടെ സ്വാഭാവികമായ പരിണിതിയാണ് കൂത്തുപറന്പ് സമരനായകരുടെ ഈ നിയോഗം.

ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാകമ്മിറ്റി 2002ല്‍ പ്രസിദ്ധീകരിച്ച കൂത്തുപറന്പ് രക്തസാക്ഷി സ്മരണികയില്‍ പിണറായി വിജയന്‍ ഇങ്ങിനെ എഴുതി: 'യു ഡി എഫ് ഭരണത്തിന്‍ കീഴില്‍ അരക്ഷിതാവസ്ഥയും ആശങ്കയും സമൂഹത്തെ ഗ്രസിച്ച ഘട്ടത്തില്‍ വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണത്തിനെതിരായ സമരവേദിയിലാണ് കൂത്തുപറന്പില്‍ അഞ്ച് യുവാക്കള്‍ രക്തസാക്ഷിത്വം വരിച്ചത്. പിടിപ്പുകേടും ധൂര്‍ത്തും ജനവിരുദ്ധതയും കൈമുതലാക്കിയ ഭരണാധികാരികള്‍ അന്ന് കേരളത്തെ അസ്വസ്ഥ ഭൂമിയാക്കുകയായിരുന്നു. കൂത്തുപറന്പിലുള്‍പെടെ കേരളത്തിലാകെ ഉയര്‍ന്ന പ്രതിഷേധവും രോഷവും ആ ഗവണ്‍മെന്റിന്റെ ഒറ്റപ്പെടലിലേക്കും പിന്നീട് തോല്‍വിയിലേക്കും നയിച്ചു.' അതുതന്നെയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ പിടിപ്പുകേട്. വിദ്യാര്‍ഥി വിരുദ്ധത. നിഷ്‌കൃയത്വം. നിലപാടില്ലായ്മ. മാനേജ്മെന്റുകളുടെ താത്പര്യ സംരക്ഷണം. അടച്ചുപൂട്ടേണ്ട കോളജുകളെ പിടിച്ചുനിര്‍ത്താന്‍ കാട്ടുന്ന വ്യഗ്രത. ഇതെല്ലാം ചേര്‍ന്നപ്പോള്‍, പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന വരേണ്യ-വാണിജ്യ സങ്കല്‍പത്തിലേക്കുള്ള കേരളത്തിലെ സ്വാശ്രയ മേഖലയുടെ മാറ്റമാണ് പൂര്‍ണമാകുന്നത്. കൂത്തുപറന്പ് എം എല്‍ എയില്‍നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന്‍ നടന്നെത്തിയത് സ്വാശ്രയ കേരളം കവര്‍ന്നെടുത്ത ഒരുതലമുറയുടെ സ്വപ്നങ്ങള്‍ കുഴിച്ചുമൂടിയ ശവപ്പറന്പിലൂടെയാണെന്നാകും ചരിത്രം രേഖപ്പെടുത്തുക.

(മാധ്യമം ആഴ്ചപ്പതിപ്പ് 2017 സെപ്തംബര്‍)

Tuesday, September 19, 2017

അധ്യായം-5: ചരിത്രത്തെ വിഴുങ്ങുന്ന വഴികള്‍

മലാന: ഹിമാലയത്തിലെ ദൈവ രാജ്യം 
(ഹിമാലയത്തിലെ അപൂര്‍വ ഗ്രാമമാണ് മലാന. വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളുമുള്ള നാട്. റോഡില്ല, രണ്ട് മലകള്‍ക്കിടയിലൂടെ നടന്നുകയറണം, എല്ലാ അര്‍ഥത്തിലും ഒറ്റക്കുനില്‍ക്കുന്ന ഈ ഗ്രാമത്തിലെത്താന്‍. യഥാര്‍ഥ ആര്യന്മാരാണെന്ന് സ്വയം കരുതുന്നതിനാല്‍, തൊട്ടുകൂടായ്മയാണ് മുഖ്യ ആചാരം. മറ്റാരെയും തൊടില്ല. തൊടാന്‍ അനുവദിക്കുകയുമില്ല. സന്ദര്‍ശകര്‍ തൊട്ടാല്‍ പിഴയൊടുക്കണം. സ്വന്തം കോടതി. സ്വന്തം നിയമം. ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ സംവിധാനമാണ് അവിടെ നിലനില്‍ക്കുന്നതത്രെ.ബ്രിട്ടീഷുകാരുടെ കാലത്ത് സ്വതന്ത്ര രാജ്യമായിരുന്നുവെന്നും ഇന്ത്യ വന്ന് മലാന കീഴടക്കിയെന്നും വിശ്വസിക്കുന്നവരും ഏറെ. ഇതൊക്കെയാണെങ്കിലും ലോകത്തേറ്റവും വിലപിടിപ്പുള്ള ഗ്രാമമാണ് മലാന. മയക്കുമരുന്ന് വിപണിയില്‍ ഏറ്റവും ഉയര്‍ന്ന വിലകിട്ടുന്ന മലാന ക്രീമിന്റെ ഉറവിടം. കഞ്ചാവ് കൃഷി ചെയ്യാനും ഉപയോഗിക്കാനും ഇന്ത്യന്‍ നിയമത്തെ ഭയപ്പെടേണ്ടതില്ലാത്ത ഗ്രാമം. അവരുടെ കഞ്ചാവ് കൃഷി അവരുടെ ആചാരം കൂടിയാണ്. പുഡ്ഡിങ് മുതല്‍ ചപ്പല്‍ വരെ പല തരം കഞ്ചാവ് ചെടി ഉത്പന്നങ്ങള്‍ അവരുടെ നിത്യജീവിതത്തിലുണ്ട്. ഹിമാചല്‍ പ്രദേശിലെ മലാനയിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് അഞ്ചുഭാഗങ്ങളായി മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പ്. 5 അധ്യായങ്ങളായി ഇവിടെ വായിക്കാം. അവസാന ഭാഗമാണിത് ,4,3,2,1 എന്ന ക്രമത്തില്‍ താഴെ മറ്റ് അധ്യായങ്ങളും വായിക്കാം.)
.........................................................................................................................................

.
മലാനയില്‍ ഏതുസമയത്ത് എത്തിയാലും കല്‍പാതയുടെ ഇരുവശത്തും തുറന്ന സ്ഥലങ്ങളിലുമെല്ലാം പുരുഷന്‍മാരുടെ സൗഹൃദ സംഘങ്ങളുണ്ടാകും. രാപകല്‍ ഭേദമന്യേ ഗ്രാമ മുറ്റത്തും കല്‍കെട്ടുകളിലുമിരുന്ന് സൊറ പറഞ്ഞും പകിട കളിച്ചും പുകവലിച്ചും സമയം കൊല്ലുന്നവര്‍. കൊച്ചുകുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള ആണുങ്ങളെയും ഇക്കൂട്ടങ്ങളില്‍ കാണാം. ഇവിടെ ഇതാണ് പതിവ്. ജോലി ചെയ്യുന്നതും കുടുംബം പുലര്‍ത്തുന്നതും തൊട്ട് വിറകുശേഖരിക്കുന്നതും വീട്ടാവശ്യത്തിന് പുറത്തുപോകുന്നതും വരെ സ്ത്രീകളാണ്. ആണുങ്ങള്‍ സദാസമയവും ഗ്രാമത്തിലുണ്ടാകും.
ഇന്ത്യയില്‍ പൊതുവെ കാണപ്പെടാത്ത ഈ തരം സ്ത്രീ 'ശാക്തീരണ'ത്തിന്‌റെ കാരണം തിരക്കിയപ്പോള്‍ ചെറുപ്പക്കാരനായ നഗു മംഗള്‍ ചരിത്രത്തിലേക്ക് തിരിച്ചുനടന്നു. 'അതും അലക്‌സാണ്ടറുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പാരന്പര്യമാണ്. അലക്‌സാണ്ടറുടെ സൈന്യത്തില്‍ നിന്ന് മുങ്ങിയ ജനറല്‍മാര്‍ മലാനയില്‍ ഒളിച്ചു കഴിഞ്ഞെന്നും അവരിലൂടെയാണ് പിന്നീട് മലാനികള്‍ ഉണ്ടായതെന്നുമാണല്ലോ ചരിത്രം. ഓടിപ്പോയ ജനറല്‍മാരെ തേടി അലക്‌സാണ്ടറുടെ സൈന്യം വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവിടെ നിന്ന് വിവാഹം കഴിച്ച്, ഇവിടെ തന്നെ താമസമാക്കിയെങ്കിലും ജനറല്‍മാര്‍ സൈന്യത്തെ പേടിച്ച് പുറത്തിറങ്ങാന്‍ മടിച്ചു. അതോടെ അവരെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ഭാര്യമാര്‍ ജോലി ചെയ്യാനിറങ്ങി. അങ്ങിനെയാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് മലാനികള്‍ എത്തുന്നത്'.  മലാനി സ്ര്തീകളെ വിവാഹം കഴിക്കുന്നതിന് പുറംനാട്ടുകാര്‍ക്ക് കടുത്ത വിലക്കുണ്ട്. ജാതീയമായ കാരണങ്ങള്‍ക്കൊപ്പം 'സൈനികരുടെ' രഹസ്യം ചോര്‍ന്നുപോകുമെന്ന ഭീതിയും ഈ വിലക്കിന് കാരണമായിട്ടുണ്ടത്രെ. അതിന്‌റെ തെളിവും നഗു മംഗള്‍ തന്നെ പറഞ്ഞു: 'ആരെങ്കിലും മലാനി സ്ത്രീയെ വിവാഹം കഴിച്ചാല്‍ അവരില്‍ നിന്ന് പിഴയീടാക്കുകയും ആജീവനാന്തം മലാനയില്‍ തന്നെ അവരെ തമാസിപ്പിക്കുകയും ചെയ്യും.' ഒളിച്ചിരിക്കുന്ന ജനറല്‍മാര്‍ക്കുവേണ്ടി ഗ്രാമീണര്‍ രൂപപ്പെടുത്തിയ പത്രേിരോധ തന്ത്രം പിന്നീട് ജാതീയമായ ആചാരമായും വികസിച്ചുവെന്നാണ് കരുതുന്നത്.


ഇങ്ങിനെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രത്തിന്‍റെയും പാരന്പര്യങ്ങളുടെയും അതില്‍നിന്ന് പിറവിയെടുത്ത വിശ്വാസങ്ങളുടെയും പിന്‍ബലത്തില്‍ മാത്രമാണ് ഏത് ചെറിയ ജീവിത രീതിയും മലാനക്കാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആചാരങ്ങളിലും വിശ്വാസങ്ങളിലും അണുവിട വിട്ടുവീഴ്ച ചെയ്യാനും അവര്‍ സന്നദ്ധമല്ല. അതിനെ ലംഘിക്കാന്‍ ശ്രമിക്കുന്നവരെ കണിശമായി തന്നെ നേരിടുകയും ചെയ്യും. ആചാരാനുഷ്ഠാനങ്ങളിലെ ഈ കാര്‍ക്കശ്യം തന്നെയാണ്, അവരെ 'ഇന്ത്യന്‍ മുഖ്യധാര'യിലേക്ക് കൊണ്ടുവരുന്നതിനും തടസ്സമാകുന്നത്. ഒരര്‍ഥത്തില്‍ അവര്‍ അവരുടെ സവിശേഷമായ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുകയും പ്രതിരോധിക്കുകയുമാണ് ആ കണിശതയിലൂടെ ചെയ്യുന്നതെന്നും കാണാം. രണ്ടായാലും ഇക്കാരണത്താല്‍, യാത്രാ സംവിധാനം പോലെ അടിസ്ഥാന സൗകര്യ വികസനം പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. അതേസമയം തന്നെ, പരിമിതമായ രീതിയിലെങ്കിലും റോഡ് വന്നതും കൂടുതല്‍ സന്ദര്‍ശകര്‍ ഗ്രാമത്തിലേക്ക് കടന്നുവരാന്‍ തുടങ്ങിയതും ഇവരുടെ അഭിരുചികളിലും വീക്ഷണങ്ങളിലും കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും കാരണമായിട്ടുണ്ട്. കെട്ടിടങ്ങളിലും സാങ്കേതിക സൌകര്യങ്ങളിലുമെല്ലാം മാറ്റങ്ങളായിത്തുടങ്ങിയിട്ടുണ്ട്. കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും വരെ ഇത് പ്രതിഫലിച്ചുതുടങ്ങിയിട്ടുമുണ്ട്. അതെ, ആഗോളവത്കരണം മലാനയെയും തേടിയെത്തിക്കഴിഞ്ഞു. അതിന്റെ അനുരണനങ്ങള്‍ ഗ്രാമത്തിലെങ്ങും പ്രകടമാണ്.

പുറംലോകവുമായി സന്പര്‍ക്കം വര്‍ധിച്ചതോടെയാണ് മലാനയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങിയത്. തൊട്ടുകൂടായ്മയും പുരാതനമായ നീതിന്യായ സംവിധാനങ്ങളും പുതുതലമുറ തീരെ ചെറിയ അളവിലെങ്കിലും ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. അലംഘനീയമായ നാട്ടുകോടതി വിധിക്കെതിരെ ഗ്രാമീണര്‍ക്കിടയില്‍ നിന്നുതന്നെ ഒറ്റപ്പെട്ടതെങ്കിലും വെല്ലുവിളികളുയരുന്നു. പൊലീസ്, തദ്ദേശ ഭരണ കൂടങ്ങള്‍ പോലുള്ളവയെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. പ്രാദേശിക നീതിന്യായ സംവിധാനം നിലനില്‍ക്കെത്തന്നെ തദ്ദേശ ഭരണ കൂടങ്ങള്‍ മെല്ലെ ശക്തിപ്രാപിക്കുന്നുണ്ട്. ധര്‍മശാലയാണ് ഗ്രാമത്തിലെ അധികാര കേന്ദ്രം. എന്നാല്‍ ഇന്ന് ഓറഞ്ച് നിറമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ധര്‍മശാലക്കുപരിയായ അധികാര കേന്ദ്രമായി അടയാളപ്പെട്ടുകഴിഞ്ഞു. ഒരുകാലത്ത് ജനങ്ങള്‍ തിരസ്‌കരിച്ച 'ഇന്ത്യന്‍' ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് മുന്പത്തേക്കാള്‍ കൂടുതല്‍ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. പുതിയ വിപണി, ജല വൈദ്യുത പദ്ധതികള്‍ പോലുള്ള വന്‍കിട സംരംഭങ്ങള്‍, മലാനക്കാരുടെ ജീവശ്വാസമായ കഞ്ചാവ് കൃഷിക്കെതിരായ പ്രചാരണങ്ങള്‍ തുടങ്ങിയവയെല്ലാം മെല്ലെയെങ്കിലും ഇവിടെ യാഥാര്‍ഥ്യമാകുകയാണ്. എല്ലാത്തിനും മേന്പൊടിയായി വികസന മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്. ആഗോളവത്കരണത്തിന്റെ ഇന്ത്യന്‍ പതിപ്പ്, ചെറു സംസ്‌കൃതികളുടെ തനത് ഭാവങ്ങളെ എങ്ങിനെയാണ് ഏകീകൃത ചട്ടക്കൂട്ടിലേക്ക് മാറ്റിപ്പണിയുന്നതെന്ന് മലാനയുടെ പരണാമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാകും.

2001ല്‍ പൂര്‍ത്തിയായ ജല വൈദ്യുത പദ്ധതിയാണ് മലാനയുടെ ചരിത്രം തിരുത്തിയെഴുതിത്തുടങ്ങിയത്. മാറ്റങ്ങളുടെ ചെറുകാറ്റ്, അവിടെ നിന്നുള്ള വൈദ്യുതിയേക്കാള്‍ വേഗത്തില്‍ ഗ്രാമീണരിലേക്ക് പ്രവഹിച്ചു. രണ്ട് കൂറ്റന്‍ മലകള്‍ക്കപ്പുറം അവസാനിച്ച റോഡ്, പൌരാണിക ചരിത്ര ലിഖിതങ്ങളാല്‍ സമൃദ്ധമായ ഗ്രാമച്ചുവരുകള്‍ക്കുള്ളിലേക്ക് ആധുനികതക്ക് വന്നുചേരാന്‍ വാതില്‍ തുറന്നുവച്ചു.
സ്വയം തുന്നിടെയുത്തിരുന്ന പഞ്ഞിക്കുപ്പായങ്ങളുപേക്ഷിച്ച് ചൈനീസ് വസ്ത്രങ്ങളിലേക്ക് മലാന മാറിത്തുടങ്ങി. ജീവിതചര്യയായി ഹാഷിഷ് കൃഷി ചെയ്തിരുന്ന ഒരു ജനതയെത്തേടി പുതിയ തരം വിദേശ മദ്യങ്ങളും പുകയുല്‍പന്നങ്ങളും വരെ എത്തിക്കഴിഞ്ഞു. പുതുതലമുറ ബാങ്കുകളും മൊബൈല്‍ ഫോണുകളും ഡിഷ് ടിവിയുമെല്ലാം മലാനയിലെത്തിയിട്ടുണ്ട്. അവ സൃഷ്ടിക്കുന്ന സാസ്‌കാരിക മാറ്റങ്ങളില്‍ അസ്വസ്ഥരാകുന്നവരും ഇവിടെ കുറവല്ല. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഗ്രാമീണര്‍ മലാന ഡാം കന്പനിയുടെ ഓഫീസില്‍ കഴിഞ്ഞ വര്‍ഷം അക്രമാസക്തമായ രീതിയില്‍ സമരം നടത്തിയിരുന്നു. ഡാം കവര്‍ന്നെടുത്ത കാടും വെള്ളവും ഇല്ലാതാക്കിയ കാലി-കാര്‍ഷിക ജീവിതത്തിന് ബദല്‍ വേണമെന്നതായിരുന്നു അവരുടെ ആവശ്യം. മാറ്റങ്ങള്‍ ഇത്തരം ചില സാമൂഹിക ചലനങ്ങള്‍ക്കും വഴിവക്കുന്നുണ്ടെന്നര്‍ഥം.

'ഗ്രാമക്കടോതിയെ ധിക്കരിക്കുന്നവരെ മുന്പ് ബഹിഷ്കരിക്കുമായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ അങ്ങിനെ ചെയ്യുന്നില്ല. കാര്യങ്ങളില്‍ മാറ്റം സംഭവിക്കുകയാണ്. പണ്ടത്തെപ്പോലെ ഇപ്പോള്‍ അത് ചെയ്യാനാകില്ല' വില്ലേജ്  കൌണ്‍സിലിലെ സുപ്രധാന അംഗവും പൂജാരിയുമായ സുര്‍ജന്‍ പറയുന്നു. സഹോദരനുമായുള്ള സ്വത്ത് തര്‍ക്കം കോടതിയിലെത്തിച്ച കാലി റാമിന്റെയും ഭാര്യക്കെതിരെ വിവാഹമോചനക്കേസില്‍ കോതടിയെ സമീപിച്ച ദുല്ലോ റാമിന്റെയും നടപടികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സുര്‍ജന്റെ പ്രതികരണം. മലാനയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍. ഇത്രയും ദൂരെയായിട്ടും സമീപകാലത്തായി പ്രതിമാസം നാലോ അഞ്ചോ പരാതികള്‍ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മലാനയില്‍ നിന്ന് കിട്ടുന്നുണ്ടെന്ന് പട്‍ലി കുഹാല്‍ ചൌകി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഗ്രാമ കോടതിയെ സമീപിക്കാതെ, നേരിട്ട് സ്റ്റേഷനിലെത്തുന്നത് കുറവാണ്. സ്വത്ത് കുടുംബത്തിന്റെ പൊതു ഉടമസ്ഥതയില്‍ സൂക്ഷിക്കുക എന്നതാണ് മലാനയിലെ പാരന്പര്യ രീതി. എന്നാല്‍ പുതുതലമുറ ഇക്കാര്യത്തിലും മാറ്റങ്ങള്‍ വരുത്തിത്തുടങ്ങിയിരിക്കുന്നു. അണുകുടംബ സങ്കല്‍പത്തിലേക്കുള്ള മാറ്റത്തിന് അവര്‍ തുടക്കമിട്ടുകഴിഞ്ഞു. ഒറ്റപ്പെട്ട ജീവിതത്തോട് മലാനക്കാര്‍ക്ക് അനിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നുവെന്നാണ് ഈ പ്രവണതകളെകുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിലയിരുത്തുന്നത്‍.

റോഡിനൊപ്പം കയറിവന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ മലാനയിലേക്ക് കൊണ്ടുവന്നു. നൂറ്റാണ്ടുകളായി പരിരക്ഷിക്കുന്ന പരിസ്ഥിതിയും പരിസരവും വിനാശകരമായ മാലിന്യങ്ങളാല്‍ നിറയുന്നത് അവരിന്ന് നിസ്സഹായതോടെ നോക്കിനില്‍ക്കുകയാണ്. പരിസ്ഥിതി അവബോധത്തിന്റെ പേരില്‍ പരന്പരാഗത മര വീട് നിര്‍മാണത്തിനെതിരെ പോലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.  കഞ്ചാവ് കൃഷിയെ എതിര്‍ത്തും അനുകൂലിച്ചും പ്രചാരണം നടത്തുന്ന സംഘങ്ങള്‍ മലകയറിയെത്തുന്നുണ്ട്. ഇതിന് പിന്നില്‍ സര്‍ക്കാര്‍ മുതല്‍ കഞ്ചാവ് മാഫിയ വരെയുണ്ടെന്ന് നാട്ടുകാരും വിശ്വസിക്കുന്നു. മലാനക്കാരുടെ ഭക്ഷണ ക്രമത്തിലും പുതിയ കാലം വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജൈവ ഭക്ഷണമായിരുന്നു മലാനയുടെ ആരോഗ്യ രഹസ്യം. എന്നാല്‍ പാക്കറ്റ് ഉത്പന്നങ്ങളും മറ്റ് ഭക്ഷ്യ സാധനങ്ങളും പുറത്തുനിന്ന് വ്യാപകമായി എത്തുന്നുണ്ട്. യുവ തലമുറക്ക്, പാരന്പര്യ സംരക്ഷണത്തേക്കാള്‍ താത്പര്യം മൊബൈല്‍ പോലുള്ള നവസാങ്കേതിത സംവിധാനങ്ങളോട് തന്നെ.

ആഗോളവത്കരണത്തിന്‍റെ പ്രണയേതാക്കള്‍ മലാനയില്‍ സാന്പത്തികോന്നമനം കൊണ്ടുവരാനായതിന്റെ ആത്മസംതൃപ്തിയിലാണ്. അവരെ സംബന്ധിച്ചേടത്തോളം അവിടത്തെ സംസ്കാരമോ അവരുടെ ചരിത്രമോ വിശ്വാസമോ ആചാരമോ ഒന്നും പരിഗണനാര്‍ഹമായ വിഷയങ്ങളല്ല. കുട്ടികളെ സ്കൂളിലെത്തിക്കാന്‍ അധ്വാനിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക്, ആ കുട്ടികളുടെ ജൈവ പരിസരങ്ങള്‍ പ്രസക്തമാകുന്നേയില്ല. ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ കഞ്ചാവ് കൃഷിയും വില്‍പനയും തടഞ്ഞ് ലോകത്തെ തന്നെ രക്ഷപ്പെടുത്താനുള്ള അത്യധ്വാനത്തിലാണ്. സംസ്ഥാന സര്‍ക്കാറാകട്ടെ നിയമങ്ങള്‍ എന്തുവിലകൊടുത്തും നടപ്പാക്കാനുള്ള തീരുമാനത്തിലും. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ന്യായമുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ മലാനയുടെ സാംസ്കാരിക പാരന്പര്യങ്ങളെയും പ്രാക്തനമായ ആചാര രീതികളെയും ഇല്ലാതാക്കുന്നുവെന്ന സാമൂഹിക വിരുദ്ധത എല്ലായിടത്തും അവഗണിക്കപ്പെടുകയാണ്. മനുഷ്യ വിരുദ്ധമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന ആചാരങ്ങളുണ്ടാകാം, കടുത്ത ജാതീയത മിക്ക ആചാരങ്ങളിലും പ്രകടമായേക്കാം. അതെല്ലാം പരിഷ്കരിക്കപ്പെടേണ്ടതാണെന്ന പുറംകാഴ്ചക്കാരുടെ വാദങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നുണ്ടാകാം...എങ്കിലും ഒരു ജനത അവര്‍ പവിത്രമെന്ന് കരുതുകയും ശരിയെന്ന് വിശ്വസിച്ച് ആചരിക്കുകും ചെയ്യുന്ന സാംസ്കാരിക രീതികളാണ് ഇവയെന്നും അവ നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള അവകാശം അവര്‍ക്കുണ്ടെന്നും 'മറ്റിന്ത്യക്കാര്‍' അംഗീകരിക്കണം. നിര്‍ബന്ധിത 'പരിവര്‍ത്തന' പദ്ധതികളില്‍ നിന്ന് പിന്മാറി, മലാനക്കാരെ സര്‍ക്കാറും 'വെറുതെവിടണം'.



 2006ല്‍ ആദ്യമായി മലാന സന്ദര്‍ശിച്ച അമേരിക്കന്‍ എഴുത്തുകാരനായ ജറമി വെവേര്‍ക ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടുമെത്തിയപ്പോള്‍ ഇങ്ങിനെ കുറിച്ചു: '‍‍മലാനയില്‍ നിന്ന് ഇപ്പോള്‍ ഞാനിതെഴുതുന്നത് എന്റെ മാക്ബുക് പ്രൊയിലൂടെയാണ്. താഴ്‍വരയെ മുറിച്ചെത്തിയ കന്പികളിലൂടെയാണ് അതിന് വൈദ്യുതി ലഭിച്ചത്. എന്റെ ഐ ഫോണ്‍ ഇവിടെ പ്രവര്‍ത്തനക്ഷമമാണ്. ഇവിടെനിന്ന് തന്നെ അതിന് സിഗ്നലുകള്‍ ലഭിക്കുന്നു. ഭാരമേറിയ സാധനങ്ങള്‍ കൊണ്ടുവരാന്‍ ഗ്രാമീണര്‍ തന്നെ യന്ത്രവത്കൃത സംവിധാനം ഏര്‍പെടുത്തിയിരിക്കുന്നു. എല്ലാം മുന്പ് വന്നപ്പോള്‍ കാണാത്ത കാഴ്ചകള്‍.  അതെ, ആധുനികത മലാനയില്‍ എത്തിയിരിക്കുന്നു.' ആധുനികത കൊണ്ടുവരുന്നവര്‍ക്ക് മലാനയിലെ മാറ്റങ്ങള്‍ സന്തോഷം പകരുന്നുണ്ടാകും. പക്ഷെ അത് മായ്ച്ചുകളയുന്നത് അത്യപൂര്‍വമായ സംസ്‌കൃതിയെയാണ്. സഹസ്രാബ്ദങ്ങളായി പരിപാലിച്ചുപോരുന്ന സാംസ്‌കാരിക വൈവിധ്യത്തെ ആഗോളവത്കരണം വിഴുങ്ങിത്തീര്‍ക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇന്ന് മലാന.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017 സെപ്തംബര്‍ 18)

അധ്യായം-4: ഹാഷിഷ് പുഡ്ഡിങും കഞ്ചാവ് ചപ്പലും



മലാന ക്രീം വില്‍ക്കാന്‍ ശ്രമിക്കുന്ന കുട്ടി
മലാനയിലെത്തിയപ്പോള്‍ ഞങ്ങളെ ആദ്യം സ്വീകരിച്ചത് നാലുവയസ്സുള്ള ഒരു കുരുന്നാണ്. രോമക്കുപ്പായവും പാന്റ്‌സുമിട്ട പയ്യന്‍ കൈയ്യിലൊരു മിഠായിക്കടലാസുമായി മടിച്ചുമടിച്ച് ഞങ്ങളെ സമീപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പതിവായ യാചകരിലൊരാള്‍ എന്ന മട്ടില്‍ കുട്ടിയെ മറികടന്നുപോകാന്‍ തുങ്ങുന്നതിനിടെ ആ കുട്ടി കൈയ്യിലിരുന്ന മിഠായിപ്പൊതി നീട്ടി. മിഠായിക്ക് വേണ്ടിയുള്ള അഭ്യര്‍ഥനയാണെന്ന് സംശയിച്ച ഒരു സഹയാത്രികന്‍ തിരിച്ച് അയാളുടെ കൈവശമിരുന്ന പലഹാരപ്പൊതി കൊടുത്തു. അതുവേണ്ടെന്ന് ആംഗ്യം കാണിച്ച് ആ കുട്ടി അടുത്തയാളെ സമീപിച്ചു.
നോനു മലാനയിലെ കുട്ടിക്കൊപ്പം
കൈയ്യിലിരുന്ന മിഠായിക്കടലാസില്‍ ഒരുനുള്ള് പച്ചിലച്ചാറുണ്ടെന്ന് അപ്പോഴാണ് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. ഇലയരച്ചുരുട്ടിയ ഒരു പൊട്ടുവലിപ്പത്തില്‍ കുഴന്പുപോലുള്ള വസ്തുവായിരുന്നു അത്. അതുകണ്ടപാടെ അവിടെയുണ്ടായിരുന്ന കുളു സ്വദേശി തന്നെയായ നോനു ആ കുട്ടിയെ ചുമലില്‍പിടച്ച് കൂടെക്കൂട്ടി. അസാധാരണമായ സൗഹൃദം കണ്ട് കൗതുകത്തോടെ നോക്കിയ ഞങ്ങള്‍ക്കുനേരെ തിരിഞ്ഞ് നോനു പറഞ്ഞു: ''ഇതാണ് മലാന ക്രീം. മലാനക്കാരുടെ പേരും പ്രശസ്തിയും ലോകമെങ്ങും വ്യാപിപ്പിച്ച മയക്കുമരുന്ന്. ഇവിടെയുള്ളവരെല്ലാം ജീവിത മാര്‍ഗം കണ്ടെത്തുന്നത് ഇതുവിറ്റാണ്. കാടും മലയും കയറി ഇവിടേക്ക് സഞ്ചാരികള്‍ വരുന്നതും ഇതുതേടിയാണ്. ഇവിടുത്തെ ഏതുകുട്ടിയുടെ കൈയ്യിലുമുണ്ടാകും ഇതുപോലൊരു പൊതി.
അതുവിറ്റുകിട്ടുന്നതാണ് അവരുടെ വരുമാനം.'' അവനാവശ്യപ്പെട്ടതിലും അധികം പണം കൊടുത്ത് നോനു ആ പൊതി വാങ്ങി. സ്‌കൂളില്‍ പോകുന്നുണ്ടോയെന്ന ചോദ്യത്തോട് പരിഭ്രമം കലര്‍ന്ന നോട്ടമായിരുന്നു ആ കുട്ടിയുടെ മറുപടി. അത്തരം പരിപാടികളപ്പറ്റി ആദ്യമായി കേള്‍ക്കുന്ന മട്ടില്‍ അവന്‍ കൈമലര്‍ത്തി. അതിനും ഉത്തരം നോനു തന്നെ പറഞ്ഞു: 'ഇവിടെ സ്‌കൂളുണ്ടെങ്കിലും അങ്ങോട്ട് പോകുന്നവര്‍ വളരെ കുറവാണ്. അതൊക്കെ ഇവര്‍ പരിചയിച്ചുവരുന്നേയുള്ളൂ. കഞ്ചാവ് വില്‍ക്കാന്‍ അവസരം കിട്ടിയാല്‍ അവര്‍ ക്ലാസില്‍ നിന്ന് ഇറങ്ങിവരികയും ചെയ്യും.'

മലാനയിലെ ഏതെങ്കിലും ഒരു കുട്ടിയുടെ ഒറ്റപ്പെട്ട അനുഭവമല്ല ഇത്. ഇവിടെയെത്തുന്ന ആര്‍ക്കും നേരിടേണ്ടിവരും ഇത്തരം കുട്ടികളെ. ഭംഗിയില്‍ ഉരുട്ടിയെടുത്ത മൂന്നോ നാലോ ഉരുള വീതമുള്ള ചെറു പ്ലാസ്റ്റിക് കവര്‍ കൈയ്യിലില്ലാത്ത കുട്ടികള്‍ ഇവിടെ തീരെ കുറവാണ്. ഈ കുട്ടികള്‍ പലരും വലിയ കഞ്ചാവ് ഉത്പാദനം നടക്കുന്ന വീടുകളിലേക്കുള്ള വഴികാട്ടികള്‍ കൂടിയാണ്. മിക്ക വീടുകളിലും ഇതിന്‌റെ ഉത്പാദനവും സംസ്‌കരണവുമുണ്ട്. വീടുകളില്‍ തന്പടിച്ച് ഇവ ഉപയോഗിക്കാനുള്ള സംവിധാനവും ഇവര്‍ ഒരുക്കിയിട്ടുണ്ട്. മലനായുടെ പുറന്പോക്കിലെല്ലാം വലിയ കഞ്ചാവ് തോട്ടങ്ങളാണ്. കാടുപോലെ പരന്നുകിടക്കുന്ന കഞ്ചാവ് പാടങ്ങള്‍. അവിടെയെത്തുന്ന ആര്‍ക്കും പൊട്ടിച്ചെടുത്ത് ഉപയോഗിക്കാനാകുംവിധം വഴിയരികിലും വീട്ടുമുറ്റങ്ങളിലുമെല്ലാം സുലഭമായി അവ വളരുന്നുമുണ്ട്.
കഞ്ചാവ് തോട്ടം

ഏതാണ്ട് 10 വര്‍ഷം മുന്പ് വരെ കഞ്ചാവ് കൃഷി മലാനക്കാരുടെ വിശ്വാസത്തിന്റെഭാഗമായിരുന്നു. പിന്നെ, അതിഥികള്‍ക്കുള്ള  വിരുന്നുവിഭവവും. ജുംല ദേവി അവര്‍ക്ക് നല്‍കിയ കാര്‍ഷിക വിള എന്നതിലപ്പുറം ഒരു പ്രാധാന്യവും കഞ്ചാവ് ചെടികള്‍ക്ക് അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല. ദൈവത്തിനുള്ള നിവേദ്യവും അവരുടെ സാധാരണ ജീവിതത്തിലെ ഉപയോഗ വസ്തുവുമായിരുന്നു അത്. കഞ്ചാവ് ചെടികൊണ്ടുള്ള പ്രത്യേക ചെരിപ്പാണ് ഗ്രാമത്തലവന്റെ യൂണിഫോമിലെ പ്രധാന ഇനം. ചെടിയുടെ തണ്ടുകള്‍ കൊണ്ട് മധുരപ്പലഹാരഹങ്ങള്‍ വരെ അവരുണ്ടാക്കിയിരുന്നു. അതവരുടെ ഭക്ഷണവിഭവങ്ങളില്‍ സ്വാഭാവികവുമായിരുന്നു. അസമയത്തെ വിളവെടുപ്പോ അമിതമായ കൃഷിയോ അവിടെയുണ്ടായിരുന്നില്ല. വിളവെടുപ്പിലും സംസ്‌കരണത്തിലും പുലര്‍ത്തിയിരുന്ന ഈ കണിശത തന്നെയാണ് പിന്നീട് പുറം വിപണിയിലെത്തിയപ്പോള്‍ മലാന ക്രീമിനെ ലോകത്തേറ്റവും വിലയേറിയ ലഹരിമരുന്നാക്കി മാറ്റിയതും.



മലാനയിലേക്ക് റോഡ് വെട്ടിയതോടെയാണ് പുറംനാട്ടുകാര്‍ ഇവിടേക്ക് വ്യാപകമായി വന്നെത്തിത്തുടങ്ങിയത്. കഞ്ചാവിന്‌റെ വിപണി മൂല്യം നാട്ടുകാര്‍ക്ക് വലിയ തോതില്‍ ബോധ്യപ്പെട്ടതും അങ്ങിനെയാണ്. അതുവരെ ഒറ്റപ്പെട്ട ഗ്രാമവാസികളിലൂടെ മാത്രം നടന്നിരുന്ന കച്ചവടം പ്രായ ഭേദമന്യേ മുഴുവനാളുകളുടെയും ഇഷ്ട തൊഴിലായി മാറി. മലാന പൊടുന്നനെ ലഹരി ഉപഭോക്താക്കളുടെ അഭയകേന്ദ്രമായി മാറി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും വ്യാപകമായി ആളുകള്‍ വന്നുതുടങ്ങി. അതുവരെ കേസും നിയമ നടപടികളുമില്ലാതിരുന്ന മലാനയില്‍ അതോടെ ഇന്ത്യന്‍ നിയമങ്ങളും അതിന്‌റെ നടത്തിപ്പുകാരും കയറിറങ്ങി. ഗ്രാമീണരുടെ സ്വച്ഛ ജീവിതം താറുമാറാക്കിയ ഈ വരവ്, മലാനയെ ലഹരി ഉപയോക്താക്കളുടെ ആസ്ഥാനവുമാക്കി മാറ്റി. ആറു രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ ഇവിടെ കേന്ദ്രീകരിച്ച് ഇടപാട് നടത്തുന്നുണ്ടെന്നാണ് ഹിമാചല്‍ പൊലീസിന്റെ നിഗമനം.

2010ല്‍ പോലീസ് മലാനയില്‍ നടത്തിയ റെയ്ഡില്‍ ഗലാനോ ഒറാസിയെന്ന ഇറ്റാലിയന്‍ വൃദ്ധന്‍ പിടിയിലായി. 60 വയസ്സുള്ള ഈ മനുഷ്യന്‍ 10 വര്‍ഷത്തിലധികമായി മലാനയില്‍, അന്നാട്ടുകാരനെപ്പോലെ താമസിക്കുകയായിരുന്നു. മലാനയില്‍ സാധാരണ റെയ്ഡ് നടക്കാറില്ല. പക്ഷെ ഈ റെയ്ഡില്‍ പിടിയിലായയാളെക്കുറിച്ച് നടത്തിയ അന്വേഷണം പൊലീസിനെ തന്നെ ഞെട്ടിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി അത്രമേല്‍ ബന്ധമുള്ള ഗലാനോ വര്‍ഷങ്ങളായി അവര്‍ക്ക് വേണ്ടി മലാനയില്‍ തന്പടിച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന വിവരം പൊലിസിനും അവിശ്വസനീയമായിരുന്നു. ഇയാളുടെ വ്യാപാര ശൃംഖല പല രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുകയാണ്. പുറം വ്യാപാരികളുടെ ചുവടുപിടിച്ച് മലാനക്കാരും ഇപ്പോള്‍ ഗ്രാമത്തിന് പുറത്ത് വലിയ കച്ചവട മേഖലകള്‍ രൂപപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ മലാനക്കാരനായ രാമകൃഷ്ണനെ ഡല്‍ഹിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ലോക വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മലാന ക്രീം ആണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. മലാനക്ക് പുറത്ത്, മലാന ക്രീമുമായി അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പിടിയിലാകുന്നവരില്‍ 77 ശതമാനവും ഹിമാചല്‍ പ്രദേശുകാര്‍ തന്നെയാണെന്നും പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ പകുതിയോളം 20നും 30നും ഇടയില്‍ പ്രായമുള്ളവരുമാണ്. 2000ല്‍ 242 പേരും 2005ല്‍ 596 പേരും 2015ല്‍ 622 പേരും മലാന ക്രീമുമായി അറസ്റ്റിലായി. എണ്ണം തീരെകുറവാണെങ്കിലും പിടിയിലാകുന്നവരില്‍ ഇപ്പോള്‍ മനാലക്കാരും ഉള്‍പെട്ടുതുടങ്ങിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ വളരെ കുറച്ചുമാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്ന പരാതിയാണ് പൊലീസിന്.  2005ല്‍ 70 ശതമാനവും 2015ല്‍ 72 ശതമാനവും കേസുകള്‍ ശിക്ഷിക്കപ്പെട്ടില്ലെന്ന് അവര്‍ പറയുന്നു. എങ്കിലും മലാനക്കുളളില്‍വച്ചുള്ള ഉപയോഗത്തെയും അവിടത്തെ കൃഷിയെയും നിയമനപടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മലാന ക്രീം ഉണ്ടാക്കുന്ന  കുട്ടികള്‍
കഞ്ചാവ് വ്യാപാരം പുറംലോകത്തേക്ക് വ്യാപിച്ചതോടെ, മലാനയില്‍ ബദല്‍ കൃഷി രീതികള്‍ ആവിഷ്കരിക്കാന്‍ പൊലീസും പ്രാദേശിക ഭരണകൂടങ്ങളും ചേര്‍ന്ന് വലിയ ശ്രമം നടത്തി. ചണവും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും കൃഷി ചെയ്‌തെങ്കിലും ഇവ മലാനക്കാര്‍ക്ക് ബദല്‍ വരുമാന മാര്‍ഗമായി വികസിച്ചില്ല. വിശ്വാസവും ആചാരവുമായി ബന്ധമുള്ള കഞ്ചാവ് കൃഷി ഉപേക്ഷിക്കാന്‍ നാട്ടുകാര്‍ തയറാകാത്തതു മുതല്‍, കാര്യമായ വരുമാനമില്ലായ്മ വരെ ഈനീക്കത്തിന് തിരിച്ചടിയായി. പ്രദേശത്ത് ഏതാണ്ട് 1500 ഏക്കര്‍ സ്ഥലത്ത് കഞ്ചാവ് കൃഷിയുണ്ട്. ഇത് ബോധപൂര്‍വം ചെയ്യുന്നതല്ലെന്നും മലാന ഭൂപ്രകൃതിയുടെ സവിശേഷതകളാല്‍ സ്വയം വളരുന്നതാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പ്രതിവര്‍ഷ ഉത്പാദനം ഏതാണ്ട് 50,000 കിലോ മുതല്‍ 60,000 കിലോ വരെ. 1000 കോടിയിലേറെ വിലവരും ഇതിന്. പ്രാദേശിക ഭരണകൂടങ്ങളുടെ ഇടപെടല്‍ കാരണം സ്വകാര്യ സ്ഥലത്തെ ഹാഷിഷ് കൃഷി 2006ല്‍ ഇല്ലാതായി. എന്നാല്‍ ആ കൊല്ലം മലാനയില്‍ കടുത്ത ദാരിദ്ര്യമാണ് അനുഭവപ്പെട്ടതത്രെ. ഇതോടെ നാട്ടുകാര്‍ വീണ്ടും കഞ്ചാവ് കൃഷിയിലേക്ക് തിരിച്ചുപോയി. രണ്ട് വര്‍ഷത്തിനിടെ ഇരട്ടിയിലേറെ സ്ഥലത്ത് കൃഷി പുനസ്ഥാപിക്കപ്പെട്ടു. മലാന ക്രീം ആണ് ലോകത്ത് അറിയപ്പെടുന്ന മലാന വിഭവം. കഞ്ചാവ് ചെടിയും അതിന്‌റെ സത്തും ചേര്‍ത്ത്  സംസ്‌കരിച്ചെടുക്കുന്ന വിഭവം. ലോക മയക്കമരുന്ന് വിണിയില്‍ ഗുണനിലവാരത്തിലും വിലയിലും രണ്ടാമനാണ് മലാന ക്രീം. മലാന ഗോള്‍ഡ്, മലാന ബിസ്‌കറ്റ്, എകെ47 തുടങ്ങിയവയും വിദേശ ലഹരി വിപണിയില്‍ അറിയപ്പെടുന്ന മലാന ഇങ്ങളാണ്. കണ്ണെത്താ ദൂരത്തോളം കൃഷിയുണ്ട്. വിളവെടുപ്പ് നടക്കാത്ത സ്ഥലങ്ങള്‍ തന്നെയുണ്ട് ഏക്കറുകളോളം. അത്രയേറെ സ്ഥലത്ത് വിളവെടുപ്പ് നടത്താനുള്ള ശേഷിയും മലാനക്കാര്‍ക്കില്ല. എന്നാല്‍ മലാനയില്‍ തുച്ഛ വില മാത്രമുള്ള ക്രീമിന്, പുറത്തെത്തിയാല്‍ കിലോക്ക് 80 ലക്ഷം വരെ വില ലഭിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഒരാള്‍ ഒരുദിവസം ശരാശരി 200 ഗ്രാം വരെ ഉത്പാദിപ്പിക്കും. ഒരു കുടുംബത്തിന്റെ ഉത്പാദനം 500 ഗ്രാം വരെ. 10 ഗ്രാമിന് 400 രൂപയാണത്രെ ശരാശരി ലഭിക്കുന്നത്.



കഞ്ചാവ് കൃഷി നിയമവിധേയമാക്കണമെന്ന ആവശ്യം മലാനക്കാര്‍ ശക്തമായി ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. ബദല്‍ കൃഷികള്‍ നടപ്പാക്കാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ ഈ ആവശ്യം കൂടുതല്‍ രൂക്ഷമായി. 'കഞ്ചാവ് കൃഷി നിരോധിക്കരുത്. അതില്‍നിന്ന് ചരസുണ്ടാക്കുന്നത് നിരോധിച്ചോട്ടെ. കഞ്ചാവ് ചെടി ഞങ്ങളുടെ ജീവനാഡിയാണ്. ഇതില്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനും അതിജീവിക്കാനുമാകില്ല. പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇത് മനസ്സിലാകില്ല''  ഗ്രാമത്തലവനായ ചെരുറാം പറയുന്നു. ജീവനാഡി എന്ന വാദം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ലഹരിക്ക് മാത്രമല്ല, മലാനക്കാര്‍ ഈ ചെടി ഉപയോഗിക്കുന്നത്. ആ ചെടിയില്‍ നിന്നാണ് അവര്‍ ചെരിപ്പുണ്ടാക്കുന്നത്. അത് അവരുടെ ഗ്രാമത്തലവന്‌റെ ആചാര വേഷവുമാണ്. പുല്ല എന്ന് മലാനക്കാര്‍ വിളിക്കുന്ന ഈ ചെരിപ്പിന് കാഴ്ചയില്‍ തന്നെ വ്യത്യസ്തതയുമുണ്ട്. കഞ്ചാവ് ചെടിയുടെ വിത്തുപയോഗിച്ച് പലഹാര സാധനങ്ങളും നാട്ടുകാരുണ്ടാക്കുന്നുണ്ട്. സിദ്ദു എന്ന പേരില്‍ കഞ്ചാവ് ചെടികൊണ്ടുള്ള പലഹാരം ഇവര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇങ്ങിനെ, ഭക്ഷ്യ സംസ്‌കാരം മുതല്‍ സാമൂഹിക ജീവിതം വരെ കഞ്ചാവ് ചെടികളുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് മലാനക്കാരുടെ ജീവിതം.

അതുകൊണ്ടുതന്നെ കഞ്ചാവ് കൃഷിക്ക് നേരിടുന്ന എതുവെല്ലുവിളിയും അവര്‍ കണിശമായി പ്രതിരോധിക്കും. പൊലീസും നിയമവും ഗ്രാമം കടന്നുവരുന്നത് പ്രാദേശികമായ ചെറുത്തുനില്‍പുകളിലൂടെ അവര്‍ തടഞ്ഞിച്ചുണ്ട്. അതിനാല്‍ പഴയപോലെ ഇപ്പോള്‍ ഇവിടേക്ക് പൊലീസുകാര്‍ കട്ന്നുവരാറില്ല. എന്നാല്‍ ഗ്രാമത്തില്‍ വന്നുപോകുന്നവരെ കര്‍ശനമായ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. ചരസ് പുറത്തേക്ക് കൊണ്ടുപോകുന്നുവെന്ന് സംശയിക്കുന്നവരെക്കുറിച്ച് വിവരം ലഭ്യമാക്കാനുള്ള സംവിധാനവും പൊലീസ് ഇവിടെ അനൗദ്യോഗികമായി ഏര്‍പാടാക്കിയിട്ടുണ്ട്. പക്ഷെ പിടുത്തം ഗ്രാമത്തിന് പുറത്തുവച്ച് മാത്രം. കഞ്ചാവ് കൃഷി നിയമ വിധേയമാക്കുക എന്നാവശ്യപ്പെട്ട് ജനകീയ പ്രസ്ഥാനങ്ങള്‍ തന്നെ മലാനയിലുണ്ടായിട്ടുണ്ട്. പ്രമുഖ പാര്‍ട്ടികളുടെ പ്രാദശിക നേതാക്കളെല്ലാം ഇതിനെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. മൂന്നുതവണ മലാനയുള്‍പെടുന്ന മണ്ഡലത്തെ പാര്‍ലമെന്‌റില്‍ പ്രതിനിധീകരിച്ച വിമത ബിജെപി നേതാവ് മഹേശ്വര്‍ സിങും അദ്ദേഹത്തിന്‌റെ പാര്‍ട്ടിയും ഇന്ന് മലാനക്കാരുടെ ശക്തരായ വക്താക്കളാണ്. വിദേശികള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി നടത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നമായതെന്നും തദ്ദേശീയമായ കൃഷിയെ തടയരുതെന്നുമാണ് മഹേശ്വര്‍ സിങിന്‌റെ നിലപാട്. ബിജെപിയുടെയും കോണ്‍ഗ്രസിന്‌റെയും നേതാക്കളും സമാനമായ അഭിപ്രായം തന്നെയാണ് പങ്കുവക്കുന്നത്. അതേസമയം ഇത്തരം നീ്ക്കങ്ങളെ അതി ശക്തമായാണ് പൊലീസ് നേരിടുന്ന്ത്. എല്ലാ കഞ്ചാവ് അനുകൂലപ്രചാരണങ്ങളെയും അവര്‍ നിശിതമായി പ്രതിരോധിക്കുന്നു. അതേസമയം, കൃഷി തടയാനുള്ള ഫലപ്രദമായ സംവിധാനങ്ങളൊന്നും പൊലീസിനില്ല താനും.

പച്ചക്കറിക്ക് സൌജന്യ സഹായം നല്‍കിയും ടൂറിസം പദ്ധതികള്‍ നടപ്പാക്കിയും  സഹകരണ സംഘങ്ങളും വിപണന സംവിധാനങ്ങളുമൊരുക്കിയും ബദല്‍ നീക്കങ്ങള്‍ക്ക് പൊലീസും സര്‍ക്കാറും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.  1980ല്‍ മലാന കേന്ദ്രീകരിച്ച് രൂപീകരിച്ച സഹകരണ സംഘം ഭക്ഷ്യ വിഭവങ്ങള്‍ എത്തിക്കുന്നതിനൊപ്പം ലഹരി വിരുദ്ധ പ്രചാരണവും ഏറ്റെടുത്തെങ്കിലും വേണ്ടത്ര വിജയിച്ചില്ല. മലാനയിലുണ്ടാക്കുന്ന കഞ്ചാവിതര ഉതപന്നങ്ങളുടെ വിതരണവും ഇവര്‍ നടത്തിയിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ തങ്ങളുടെ പാരന്പര്യവും സംസ്കാരവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നാണ് നാട്ടുകാരുടെ വിശ്വാസം. അതിനാല്‍ ഇവയോട് സഹകരിക്കാന്‍ പലരും വിമുഖത കാട്ടുന്നു. അതേസമയം മലാനക്കാരുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കണമെന്ന ആവശ്യമുയര്‍ത്തുന്നതിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയാണെന്ന് രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും ആരോപിക്കുന്നു.



മലാനയില്‍ നിന്ന് മടങ്ങി തിരിച്ച് റോഡില്‍ എത്തിയപ്പോള്‍ ഹിന്ദിയും മലയാളവും കലര്‍ന്ന ചിരിയില്‍ അപ്രതീക്ഷിതമായി ഒരു ചോദ്യം: 'എങ്ങനെയുണ്ട് മലാന?' ചോദിച്ചത് നേരത്തെ മലാനയിലെ കഞ്ചാവിനെക്കുറിച്ച് ആദ്യ വിവരം തന്ന നോനു തന്നെ. മലയാളച്ചോദ്യത്തിലെ അവിശ്വസനീയത ഞങ്ങളുടെ മുഖത്ത് വായിച്ചെടുത്തിട്ടെന്നപോലെ അവന്‍ വീണ്ടും പറഞ്ഞു: 'എനിക്ക് മലയാളം അറിയാം. ഞാന്‍ നേരത്തെ കൊച്ചിയിലുണ്ടായിരുന്നു. എംജിറോഡിലെ ഒരു കടയില്‍. അങ്ങിനെ പഠിച്ചതാ മലയാളം. ഇപ്പോ നാട്ടിലേക്ക് തിരിച്ചുപോന്നു. ഇവിടെ ചായക്കട നടത്തുന്നു. കേരളത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ കാശുകിട്ടും. എന്നാല്‍ ഇത്രയേറെ ദൂരെ പോയി നില്‍ക്കാന്‍ അച്ഛനും അമ്മയും സമ്മതിക്കുന്നില്ല. യാത്രയും വലിയ ബുദ്ധിമുട്ടാണല്ലോ?' ഒരിട നിര്‍ത്തി, നിലത്തുകിടന്നിരുന്ന ആ മിഠായിക്കടലാസിലേക്ക് വിരല്‍ ചൂണ്ടി അവന്‍ തുടര്‍ന്നു: 'ഇവിടെയാകുന്പോ ഇതുപോലുള്ള ചില സൗകര്യങ്ങളുമുണ്ട്.'  മനുഷ്യനെത്തിപ്പെടാന്‍ ഏറെ പാടുപെടേണ്ടിവരുന്ന ഒരു മലമുകളില്‍വച്ച് മലയാളം പരിചയമുള്ള അന്നാട്ടുകാരനെ കേള്‍ക്കാന്‍ കിട്ടുന്നത് ഒരപൂര്‍വാനുഭവവമാണ്. എന്നാല്‍ അതിലേറെ ആ കൂടിക്കാഴ്ചയെ ഓര്‍മയില്‍നിര്‍ത്തുന്നത് കളിമണ്ണ് പാകിയ നോനുവിന്‌റെ ചായക്കടയുടെ മുറ്റത്ത് അലക്ഷ്യമായി കിടന്നിരുന്ന ആ മിഠായിക്കടലാസാണ്. തലമുറകളായി സംരക്ഷിച്ചുവരുന്ന സംസ്‌കാരത്തെയും ദുശ്ശാഠ്യംപോലെ പിന്തുടരുന്ന പാരന്പര്യങ്ങളെയും അത്യാചാരങ്ങളെയുമെല്ലാം ലഹരിയില്‍ പൊതിഞ്ഞെടുത്ത് ലോകത്തിന് കൈമാറുന്ന ഒരു ജനതയുടെ ജീവിതവും അതിജീവനവുമായിരുന്നു ആ വര്‍ണക്കടലാസ്.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017 സെപ്തംബര്‍ 18)

അധ്യായം-3: റിപ്പബ്ലിക് ഓഫ് മലാന

ഗോപാല്‍ഭുയി
'കേരളത്തില്‍ നിന്നാണ്. കേരളം ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ്. കേട്ടിട്ടുണ്ടോ?' മുറി ഹിന്ദിയിലുള്ള വിശദീകരണം ഗോപാല്‍ ഭുയിക്ക് ബോധിച്ചില്ല. കേട്ടിട്ടില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച ശേഷം, അനിഷ്ടകരമായ മുഖ ഭാവത്തോടെ തിരിഞ്ഞു നടന്നു, ഏതാണ്ട് 70 വയസ് തോന്നിക്കുന്ന ആ വൃദ്ധന്‍. ഗ്രാമത്തില്‍ കണ്ടുമുട്ടിയ ആദ്യത്തെയാളായതിനാല്‍ ഞങ്ങള്‍ വീണ്ടും സൌഹൃദം കാണിച്ചു. 'ഡല്‍ഹിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?' കുറച്ചുകൂടി കാര്‍ക്കശ്യത്തോടെ ഗോപാല്‍ ഭുയി വീണ്ടും നിഷേധാര്‍ഥത്തില്‍ കൈകാട്ടി. 'അപ്പോള്‍ ഇന്ത്യ?' അതേതാ സ്ഥലം എന്ന് പിറുപിറുത്ത് അയാള്‍ ക്ഷുഭിതനായി. 'ഇതൊന്നും ഇവിടാര്‍ക്കും അറിയില്ല.
നിങ്ങള്‍ക്ക് എന്താണ് വേണ്ടത്? ' ഗോപാല്‍ ഭുയി രോഷാകുലനായയതോടെ ഞങ്ങള്‍ ചോദ്യങ്ങള്‍ ഉപേക്ഷിച്ചു. 30 വയസുതോന്നിക്കുന്ന ദല്ലു റാമിനോട് ഇതേ കാര്യം പറഞ്ഞപ്പോഴും ഏതാണ്ട്  സമാനമായിരന്നു മറുപടികള്‍. അത്ര
പ്രാധാന്യമേ മലാനക്കാര്‍ പുറംലോകത്തിന് നല്‍കുന്നൂള്ളൂ. അവരുടെ ലോകം മലാനയാണ്.

മലാനക്കാര്‍ അങ്ങിനെയാണ്. പുറോലോകവുമായൊന്നും അവര്‍ക്ക് വലിയ ബന്ധങ്ങളില്ല. പണ്ടുകാലത്ത് റേഡിയോ മാത്രമായിരുന്നു പുറം ലോകവുമായി ഇവരെ ബന്ധപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ മൊബൈലും ഡിഷ് ടിവിയുമെല്ലാം ഇവിടെയെത്തിയിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ ഭരണ സംവിധാനങ്ങളെക്കുറിച്ചോ നീതിന്യായ രീതികളെക്കുറിച്ചോ കാര്യമായ ധാരണയില്ല. എന്നാല്‍ 'പുറത്തുനിന്നെ'ത്തുന്ന പൊലീസ് പിടികൂടിയാല്‍ പിന്നെ രക്ഷയില്ലെന്ന അറിവ് ഇവര്‍ക്കുണ്ട്. രാജ്യത്തെ ഭരണകോടതി സംവിധാനങ്ങളെക്കുറിച്ച് അറിയേണ്ടതില്ലാത്ത വിധം ഇക്കാര്യങ്ങളില്‍ മലാനക്കാര്‍ സ്വന്തം  സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രാദേശിക ഭരണ സംവിധാനം തന്നെ ജനാധിപത്യപരമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്. അത്രയേറെ പഴക്കമേറിയ ഭരണ സംവിധാനമുള്ള മറ്റൊരു രാജ്യവും ലോകത്ത് വേറെയില്ലെന്ന് അവര്‍ അവകാശപ്പെടുന്നു. വാമൊഴിയായി കൈമാറിയെത്തിയ ഈ ചരിത്ര ബോധമാണ്, അധീശ വര്‍ഗമായി സ്വയം അടയാളപ്പെടുത്താന്‍ അവരെ പ്രാപ്തമാക്കുന്നത്.


ജോലി കഴിഞ്ഞ് മടങ്ങുന്ന ഗ്രാമീണര്‍










പൌരാണിക കാലം മുതല്‍ തന്നെ ജനാധിപത്യ രീതിയിലാണ് ഗ്രാമ ഭരണവും നടത്തിപ്പും. ആധുനിക ജനാധിപത്യത്തെ നിലനിര്‍ത്തുന്ന ലജിസ്ലേച്ചര്‍, എക്‌സിക്യുട്ടിവ്, ജുഡീഷ്യറി എന്നിവ മലാനയുടെ 'ഭരണഘടന'യിലുമുണ്ട്. അതുകൊണ്ട് തന്നെയാണ്, ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ സംവിധാനമാണ് തങ്ങളുടേതെന്ന് മലാനക്കാര്‍ അവകാശപ്പെടുന്നത്. ഹാകിമ എന്നാണ് ഗ്രാമ സഭ അറിയപ്പെടുന്നത്. ഇതുതന്നെയാണ് കോടതിയായും പ്രവര്‍ത്തിക്കുന്നത്. അപ്പര്‍ ഹൗസ്, ലോവര്‍ ഹൗസ് എന്നിങ്ങനെ രണ്ടായി വിഭജിച്ചാണ് ഭരണനീതിന്യായ സംവിധാനം പ്രവര്‍ത്തിക്കുന്നത്.  ലോവര്‍ ഹൗസിനെ കനിഷ്താങ് എന്നും അപ്പര്‍
ഹൗസിനെ ജേയ്ഷ്താങ് എന്നും വിളിക്കും. ജേയ്ഷ്താങില്‍ 11 അംഗങ്ങളുണ്ടാകും. ഇതില്‍ 3 പേര്‍ സ്ഥിരാംഗങ്ങളാണ്. 8 പേരെ സമയാസമയം തെരഞ്ഞെടുക്കും.

ഗുര്‍, പൂജാരി, കര്‍മിഷ്ട്/കര്‍ദാര്‍ എന്നിവരാണ് ഗ്രാമ സഭയിലെ പ്രധാനികളായ സ്ഥിരാംഗങ്ങള്‍. ഇതില്‍ കര്‍ദാര്‍, പൂജാരി എന്നിവ പാരന്പര്യ തസ്തികകളാണ്. ഇവര്‍ ജംലു ദേവിയുടെ നേര്‍ പ്രതിനിധികളായാണ്പരിഗണിക്കപ്പെടുന്നത്. ഇവര്‍ക്കുപുറമെ ഗ്രാമവാസികള്‍ തെരഞ്ഞെടുക്കുന്ന എട്ട് അംഗങ്ങള്‍ ഇതിലുണ്ടാകും. ഇവരിലൊരാളെ സര്‍പഞ്ചായും ഒരാളെ ഉപപ്രധാനായും തെരഞ്ഞെടുക്കും. ഒരംഗം മരിക്കുകയോ രാജിവക്കുകയോ ചെയ്താല്‍ മൊത്തം സഭയും ഇല്ലാതാകും, വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. ഓരോ കുടുംബത്തിലെയും മുതിര്‍ന്ന അംഗങ്ങള്‍ ലോവര്‍ ഹൌസില്‍ അംഗങ്ങളായിരിക്കും. ഇങ്ങിനെ മുഴുവന്‍ ഗ്രാമ വാസികള്‍ക്കും പങ്കാളിത്തം നല്‍കുന്നതാണ് ഭരണ സംവിധാനം. കുലദൈവത്തിന്റെ പ്രതനിധിയായാണ് ഗുര്‍ അഥവ ഗുരു പരിഗണിക്കപ്പെടുന്നത്. ജുംല ദേവിയുടെ പ്രതിനിധിയാകാന്‍ യോഗ്യരായ ആര്‍ക്കും ഈ പദവിയിലെത്താം. ഗുര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് തൊപ്പിയും പ്രത്യേക ചെരിപ്പുമാണ് പാരന്പര്യ വേഷം. മുടി നീട്ടി വളര്‍ത്തണം. സവിശേഷ സന്ദര്‍ഭത്തില്‍ ഗുര്‍ നൃത്തം ചെയ്യും. അപ്പോള്‍ ഗ്രാമവാസികള്‍ അദ്ദേഹത്തോടൊപ്പം ചേരണമെന്നാണ് വ്യവസ്ഥ. ഗ്രാമ ഘടനയില്‍ അതിപ്രധാന തസ്തികയാണ് ഗുര്‍. ഹാകിമയുടെ ഏത് തീരുമാനവും ഗുരുവിനോട് ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനിക്കാവൂ എന്നാണ് നിയമം. ഗുരു വിധിക്കുന്നതാകട്ടെ ദൈവീക തീരുമാനമായും കണക്കാക്കും.

ഒരു വീട്

കീഴ്‌കോടതിയില്‍ തര്‍ക്കമുണ്ടായാല്‍ മേല്‍കോടതിയിലേക്ക് കേസ് വിടും. മിക്കവാറും കുറ്റകൃത്യങ്ങള്‍ക്കെല്ലാം പിഴയാണ് ശിക്ഷ. എന്നാല്‍ വധ ശിക്ഷ വരെ വിധിക്കാന്‍ മലാന കോടതിക്ക് അധികാമുണ്ട്. മോഷണം പോലുള്ള ചെറു കുറ്റങ്ങളേ ഇവിടെയുണ്ടാകാറുള്ളൂ. മോഷ്ടിച്ച സാധനങ്ങളോ അതിന്റെ വിലയോ ഉടമക്ക് തിരിച്ചുകൊടുക്കണം. ഒപ്പം പിഴ ട്രഷറിക്ക് നല്‍കണം. കേസ് ഗ്രാമ കോടതി പരിഗണിക്കുന്ന ദിവസം പരാതിക്കാരനും
പ്രതിയും കണിശമായ ആചാര രീതികള്‍ പാലിച്ചായിരിക്കണം കോടതിയിലെത്തേണ്ടത്. മറ്റ് ഗ്രാമീണര്‍ ഉണരും മുന്‌പെ സമീപത്തെ വെള്ളച്ചാട്ടത്തില്‍ പോയി കുളിക്കണം. അന്നേ ദിവസം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഉപവാസമനുഷ്ടിക്കണം. ഹാജരാകുന്‌പോള്‍ ശരീരത്തില്‍ വെള്ള പുതപ്പ് ചുറ്റിയിരിക്കണം. വിധിക്ക് ആധാരമാക്കാനായി ബലിയര്‍പിക്കുന്ന ആടുകള്‍ തുല്യ പ്രായവും തുല്യ തൂക്കവുമുള്ളതായിരിക്കണം. ഇത്തരം ആട്ടിന്‍കുട്ടികളെ കോടതി ജീവനക്കാര്‍ തന്നെ കണ്ടെത്തും. അങ്ങിനെ കണ്ടെത്തുന്ന ആടുകളെ ഉടമക്ക് പണം കൊടുക്കാതെ തന്നെ കോടതിക്ക് ഏറ്റെടുക്കാം. അത് ദിവ്യ ദാനമായി ഉടമകളും കണക്കാക്കും.

ഭരണകൂടം നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരെ ബന്ദാരികള്‍ എന്നാണ് വിളിക്കുന്നത്. സ്ഥലത്തെ ഭൂമിയെല്ലാം ജംലു ക്ഷേത്രത്തിന് കീഴിലാണെങ്കിലും അതിന്റെ നികുതി പിരിക്കാന്‍ പ്രാദേശിക ഭരണകൂടത്തിന് അധികാരമുണ്ട്. ബന്ദാരികളുടെ പ്രധാന ചുമതലയും അതുതന്നെ. നാട്ടുകാര്‍ ഉപയോഗിക്കുന്ന ഭൂമിയുടെ ഉടമാവകാശം സ്ഥിരീകരിക്കാനും അത് ക്ഷേത്ര ഖജാനയിലേക്ക് മുതല്‍കൂട്ടാനും ഇവര്‍ക്ക് അധികാരമുണ്ട്. വരവ് ചിലവ് കണക്കുകള്‍ സൂക്ഷിക്കുക, സംഭാവനകള്‍ സ്വീകരിക്കുകയും ശേഖരിക്കുകയും അത് ഖജനാവില്‍ എത്തിക്കുകയും ചെയ്യുക, ഉത്സവങ്ങള്‍ക്കും മറ്റ് പൊതു ആവശ്യങ്ങള്‍ക്കും പണം ചിലവിടുക,
ഉത്സവ പ്രകടനങ്ങളില്‍ വിഗ്രഹം ചുമക്കുക തുടങ്ങിയ ചുമതലകളും ബന്ദാരികള്‍ക്കാണ്. ഹിമാലയത്തിലെ
മറ്റുചില ഒറ്റപ്പെട്ട ഗ്രാമങ്ങളിലും സ്വന്തം ഭരണ സംവിധാനങ്ങളുണ്ടെങ്കിലും മലാനയിലേതുപോലെ ഇത്രയും വിപുലവും വ്യവസ്ഥാപിതവുമായ ഭരണനിര്‍വഹണ സംവിധാനങ്ങള്‍ മറ്റെങ്ങും കാണാനാകില്ല. എന്നാല്‍ സമീപ കാലത്ത് മലാന കോടതി വിധി ധിക്കരിച്ച് ഗ്രാമവാസികള്‍! ഇന്ത്യന്‍ കോടതികളെ സമീപിക്കാന്‍ തുടങ്ങുയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇങ്ങിനെ പോകുന്നവര്‍ ഗ്രാമ കോടതിയില്‍ പിഴയൊടുക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനെച്ചൊല്ലി ഭിന്നതയുണ്ടായപ്പോഴും മരിച്ച ആട് തന്നെയാണ് മലാനയിലെ ജനാധിപത്യത്തിന്റെ വിധി നിര്‍ണയിച്ചത്. വോട്ട് ചെയ്യാമെന്നായിരുന്നു കോടതി വിധി.



ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ പരിഗണിച്ച് രണ്ട് വിഭാഗമായാണ് ഗ്രാമം വിഭജിക്കപ്പെട്ടിരിക്കുന്നത്. ഇത് ധാരാ ബേര്‍ എന്നും സാരാ ബേര്‍ എന്നും അറിയപ്പെടും. രണ്ട് പ്രദേശത്ത് താമസിക്കുന്നവരെ തിരിച്ചറിയാനായി രുപപ്പെടുത്തിയ വിഭജനമാണെങ്കിലും പിന്നീട് മലാനയുടെ സാമൂഹിക ഘടനയുടെ തന്നെ ഭാഗമായി ഇത് മാറി. ഇപ്പോള്‍ ഈ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരാണ് ധാരാ ബേറില്‍ താമസിക്കുന്നത്. മറ്റുള്ളവര്‍ സാരാ ഭേറിലും. അതേസമയം ജനസംഖ്യാ വളര്‍ച്ചയും വീടകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഈ വിഭജനത്തിലെ കാര്‍ക്കശ്യത്തിന് അയവ് വരുത്തിയിട്ടുണ്ട്. താരതമ്യേന സ്ഥലം കുറഞ്ഞ ധാരാ ഭേറില്‍ നിന്ന് ആളുകള്‍ ഗ്രാമത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് മാറിത്താമസിക്കുന്നത് ഇപ്പോള്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഒരര്‍ഥത്തില്‍ ഇത് ജാതീയ വൈചാത്യം മറികടക്കാന്‍ ഗ്രാമീണരെ സഹായിക്കുന്നുമുണ്ട്. ആറ് ക്ലസ്റ്ററുകളിലായി വിഭജിക്കപ്പെട്ടതാണ് ധാരാഭേറിന്റെ ഘടന. പ്രധാന ക്ഷേത്രത്തിന്‌റെ തെക്ക് പടിഞ്ഞാറുഭാഗത്തുള്ള ഈ പ്രദേശത്താണ് ഗ്രാമത്തിലെ പ്രധാന പൊതു കെട്ടിടങ്ങളെല്ലാം സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമത്തിന്റെ ഹൃദയ ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന പൊതു കെട്ടിടങ്ങളാണ് ഈ പ്രദേശത്തിന് സവിശേഷ പ്രാധാന്യം നല്‍കുന്നത്. ക്ഷേത്രത്തിന്‌റെവടക്കുകിഴക്കായാണ് സാരാ ഭേര്‍. മൂന്ന് ധര്‍മ ശാലകളുണ്ട് ഗ്രാമത്തില്‍. ഇതില്‍ ഒന്ന് രജ്പുത്ര് വിഭാഗവും മറ്റൊന്ന് ബ്രാഹ്മണരുമാണ് ഉപയോഗിക്കുക. രണ്ടിടത്തും താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ല. വിദേശികള്‍ക്കും ഹരിജനങ്ങള്‍ക്കും മാത്രം പ്രവേശമുള്ളതാണ് മൂന്നാമത്തേത്. അവിടേക്ക് ഉയര്‍ന്ന ജാതിക്കാരായ നാട്ടുകാര്‍ വരികയുമില്ല.

മഞ്ഞുകാലത്തെ മലാന

മൂന്നുനില കെട്ടിടങ്ങളാണ് മലാനയില്‍ പൊതുവെകാണുന്നത്. താഴെ നില കന്നുകാലികള്‍ക്കുള്ളതാണ്. രണ്ടുനിലയാണെങ്കില്‍ ചിലര്‍ ഇതില്‍ പാതിഭാഗം പത്തായപ്പുരയായായും ഉപയോഗിക്കും. മുകള്‍/മൂന്നാം നിലയിലാണ് താമസം. എന്നാല്‍ ഗുരു താമസിക്കുന്ന വീടിന് നാലുനിലയുണ്ട്. അതിന്‌റെ താഴത്തെ നിലയിലാണ് ഗുരുവിന്‌റെ താമസം. ഇവിടെ വന്നുകൂടിയ ഏതാനും വിദേശികളും മറ്റും താസമിക്കുന്നത് ഒറ്റനില വീടുകളിലാണ്. മഞ്ഞുകാലത്തെ അതിജീവിക്കാനാണ് മലാനക്കാര്‍ ബഹുനില കെട്ടിടങ്ങളുണ്ടാക്കുന്നത്. ഡിസംബര്‍ മുതല്‍ ആറുമാസത്തോളം ഗ്രാമം മഞ്ഞുമൂടിപ്പോകും. അക്കാലത്ത് മുകള്‍ നിലയിലാണ് അവര്‍ താമസിക്കുക. 14 അടി വരെ ഘനത്തില്‍ മഞ്ഞുമൂടുന്ന ഗ്രാമം ഇക്കാലയളവില്‍ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാകും. ഈ സമയത്ത് മരണം സംഭവിച്ചാല്‍ മൃതദേഹം മഞ്ഞില്‍ സൂക്ഷിക്കുകയാണ് ചെയ്യുക. മഞ്ഞുരുകുന്‌പോള്‍ ആചാരമനുസരിച്ച് സംസ്‌കരിക്കും.

ഇങ്ങിനെ ഓരോ ചുവടിലും കണിശമായ ആചാരങ്ങളും പാരന്പര്യ വിശ്വാസങ്ങളം പിന്തുടരുന്ന മലാനക്കാരെ ഇന്ത്യന്‍ രാഷ്ട്രീയ ഭരണ സംവിധാനത്തോട് അടുപ്പിക്കുകയെന്നത് ശ്രമകരമായ ദൗത്യം തന്നെയാണ്. എന്നാല്‍ അത്തരമൊരു ബോധപൂര്‍വമായ നീക്കം ഇതുവരെ ഉണ്ടായിട്ടില്ല. 'ഇന്ത്യയില്‍ വന്നുചേരണമെന്ന്' മലാനക്കാരും ആഗ്രഹിക്കുന്നില്ല. ഗ്രാമീണരുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുകീകരിക്കാനോ അവരെ രാജ്യത്തിന്‌റെ പൊതു സംവിധാനത്തിനൊപ്പം നിര്‍ത്താനോ ഇതുവരെ രാഷ്ട്രീയ നേതൃത്വവും തയാറായിട്ടില്ല. മലാനക്കാരെയാകെ തെരുവിലേക്കിറക്കിവിട്ട വലിയ തീപിടുത്തത്തിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും ഈ ഗ്രാമത്തിലെത്തിയില്ല. ഗ്രാമീണരുടെ യാത്രാ സൗകര്യത്തെക്കുറിച്ചുപോലും സംസാരിക്കാത്ത രാഷ്ട്രീയക്കാരെ തങ്ങള്‍ക്കും ആവശ്യമില്ലെന്ന് നാട്ടുകാരനായ കൃഷ്ണദസ് പറയുന്നു.



2002ല്‍ ആണ് ആദ്യമായി മലാനയില്‍ രാഷ്ട്രീയ പ്രവര്‍ത്തകരെത്തുന്നത്. കോണ്‍ഗ്രസ് അന്ന് ഒരു പൊതുയോഗം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് ശേഷം മലാനയില്‍ നടന്ന ആദ്യ രാഷ്ട്ടീയ പൊതുയോഗം. പിന്നീട് ബിജെപിയുമെത്തി. പിന്നെയും ഏഴുവര്‍ഷം കഴിഞ്ഞ് 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് മലാനക്കാര്‍ക്ക് ആദ്യമായി വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിച്ചത്. മലാനയിലെ 820 വോട്ടര്‍മാര്‍ക്കായി അന്ന് ഒരു പോളിങ് ബൂത്തൊരുങ്ങി. എന്നാല്‍ മഹാ ഭൂരിഭാഗവും വോട്ട് ചെയ്തില്ല. ഇത്തരമൊരു പരിപാടിയെക്കുറിച്ച് നാട്ടുകാര്‍ക്ക് പരിചയപ്പെടുത്താന്‍ കഴിഞ്ഞുവെന്നതൊഴിച്ചാല്‍ മറ്റൊന്നും അത് സംഭാവന ചെയ്തില്ല. എന്നാല്‍, ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തോട് ഗ്രാമീണര്‍ക്കിടയില്‍ കടുത്ത എതിര്‍പുയരാനും ഇത് വഴിവച്ചു. രണ്ടഭിപ്രായമുണ്ടാകുന്ന സന്ദര്‍ഭങ്ങളിലെല്ലം ദൈവീക കല്‍പനകള്‍ സ്വീകരിച്ച് ഒന്നായി പ്രവര്‍ത്തിച്ചിരുന്ന ഗ്രാമീണര്‍ക്കിടയില്‍ സ്ഥായിയായ ഭിന്നതയും വിഭാഗീയതയും 'ഇന്ത്യ' സൃഷ്ടിച്ചുവെന്നാണ് മലാനക്കാരുടെ ഇപ്പോഴത്തെ വിശ്വാസം. ഒരു വിഭാഗം ഗ്രാമീണര്‍ രണ്ടുചേരിയായി മാറിയെന്നും അവരിപ്പോള്‍ എന്തിനുമേതിനും രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലത്തിലാണ് സംസാരിക്കുന്നതെന്നും നാട്ടുകാര്‍ വേദനയോടെ  പറയുന്നു. ഗ്രാമത്തലവന്‍ സ്ഥാനത്തേക്കുപോലും പാര്‍ട്ടി അടിസ്ഥാനത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്ന സ്ഥിതി വിശേഷമുണ്ടായി. വോട്ടും തെരഞ്ഞെടുപ്പും എന്തിനാണെന്ന് ഇവര്‍ക്കിപ്പോഴും ബോധ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ വാക്കുകള്‍. അതില്‍ 'ഇന്ത്യയോടുള്ള' അമര്‍ഷവും രോഷവുമെല്ലാമുണ്ട്.  'ഞങ്ങള്‍ക്ക് സ്വന്തമായി സര്‍ക്കാറുണ്ട്. കോടതിയും നിയമവുമുണ്ട്. അതിനാല്‍ വോട്ട് ചെയ്ത് വേറെ സര്‍ക്കാറിനെ തെരഞ്ഞെടുക്കേണ്ടതില്ല. എന്നാലും ഞങ്ങള്‍ വോട്ടുചെയ്യും. അത് ഇന്ത്യക്ക് വേണ്ടിയാണ്. അവിടത്തെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതിനാലാണ്'  മുന്‍ ഗ്രാമത്തലവന്‍ ഗുജ് റാമിന്‌റെ വാക്കുകള്‍. അതെ, അതൊന്നും അവര്‍ക്ക് വേണ്ടിയല്ല, ഇന്ത്യക്ക് വേണ്ടിയാണ്. ഇന്ത്യയാകട്ടെ, എന്നും മലാനക്ക് പുറത്തുള്ള രാജ്യവും. ഗുജ് റാമിന്റെ സമീപത്തുനിന്നിരുന്ന ഗംഗാ റാം അക്കാര്യവും തുറന്നുപറഞ്ഞു: 'ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലത്ത് മലാന സ്വതന്ത്രമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ മറ്റൊരു രാജ്യത്തിന്റെ അടിമകളായി. ഇന്ത്യയുടെ.'

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017 സെപ്തംബര്‍ 18)

അധ്യായം-2: മലമുകളിലെ ദൈവ രാജ്യം

റിതുറാം
മലാനയിലേക്ക് നടക്കുന്നതിനിടെയാണ് റിതുറാമിനെ കണ്ടത്. 70 വയസുതോന്നിക്കുന്ന മലാനി വൃദ്ധന്‍. മലാനക്കാരുടെ സവിശേഷമായ വേഷവും ഭാവവും തന്നെ. പുറത്ത് ചാക്ക് കെട്ടിവച്ചിട്ടുണ്ട്. ജോലി കഴിഞ്ഞുവരുന്നതിന്റെ അവശതയും ക്ഷീണവും മുഖത്ത് പ്രകടം. കാമറ ഉയര്‍ത്തിയപ്പോള്‍ അല്പം ശങ്കയോട ചിരിച്ചു. എന്നാല്‍ ചുമലില്‍ കൈവച്ച് ഒന്നു ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്തെ അവശതയെല്ലാം പൊടുന്നനെ മാഞ്ഞു. കര്‍ക്കശമായ പ്രതിഷേധത്തോടെ അത് പറ്റില്ലെന്ന് തടഞ്ഞു. 'ഫോട്ടെയെടുക്കാം, ശരീരത്തില്‍ തൊടരുത്' എന്ന് രൂക്ഷമായി വിലക്കി. അതാണ് മലാനയിലെ ആചാരം. പുറത്തുനിന്ന് വരുന്നവരോട് കര്‍ശനമായ തൊട്ടുകൂടായ്മ ആചരിക്കുന്നവരാണ് മലാനികള്‍. മലാനക്കാരുടെ ആചാരങ്ങളുമായി ബന്ധപ്പെട്ട ഒരു വസ്തുവിലും തൊടാന്‍ അവര്‍ അനുവദിക്കില്ല. പ്രാര്‍ത്ഥനാ സ്ഥലം, ചിത്രങ്ങള്‍, വിഗ്രഹങ്ങള്‍ തുടങ്ങി വീട്ടുപകരണങ്ങളില്‍ വരെ തൊടുന്നതിന് വിലക്കുണ്ട്. ഗ്രാമത്തില്‍ വരാം, കണ്ടുപോകാം. ഏതെങ്കിലും വസ്തുവില്‍ തൊട്ടാല്‍ അപ്പോള്‍ തന്നെ 1,000 രൂപ പിഴയീടാക്കും. മലാനയിലേക്ക് വരുന്നവരെല്ലാം ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തുന്നുമുണ്ട്. സന്ദര്‍ശകരുടെ സ്പര്‍ശനമൊഴിവാക്കാന്‍ മലാനക്കാരും അതീവ ജാഗരൂകരാണ്. സംസാരിക്കാന്‍ മുഖാമുഖം നിന്നാല്‍ തന്നെ അവര്‍ കൈയ്യകലം പാലിക്കും. മലാനക്കാരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിച്ചാലും ഈ അനുഭവമുണ്ടാകും. പണം നമ്മള്‍ കടയിലേക്ക് എറിഞ്ഞു കൊടുക്കണം. പകരം അവര്‍ സാധനങ്ങള്‍ പുറത്തേക്ക് എറിഞ്ഞുതരും. നേരിട്ട് തൊടാതിരിക്കാനുള്ള വഴി.

കടുത്ത തൊട്ടുകൂടായ്മ ആചരിക്കുന്നതിന് പിന്നില്‍ മലാനക്കാര്‍ക്ക് ഏറെ പഴക്കമേറിയ വിശ്വാസങ്ങളുണ്ട്. വംശശുദ്ധി തന്നെയാണ് അതിന്റെ ആധാരം. ഗ്രാമത്തിന്റെയോ ഗ്രാമവാസികളുടേയോ ഉത്ഭവത്തെക്കുറിച്ചോ പാരന്പര്യത്തെക്കുറിച്ചോ മലാനികള്‍ക്ക് കൃത്യതയാര്‍ന്ന വിവരങ്ങളില്ല. വാമൊഴികളിലൂടെ തലമുറ കൈമാറിയ പലതരം കഥകള്‍, ഐതിഹ്യങ്ങള്‍, യുക്തിരഹിതമെന്ന് പുറംലോകത്തിന് തോന്നുന്ന  ആചാരങ്ങളും ഭാവനകളും ഇഴചേര്‍ന്ന വിശ്വാസങ്ങള്‍... ഇതെല്ലാം ഇവരുടെ ഉത്പത്തിയെയും സാമൂഹിക രൂപീകരണെത്തെയും കുറിച്ച വിവരങ്ങളായി പ്രദേശത്ത് പ്രചാരത്തിലുണ്ട്. ഒന്നിനും പക്ഷെ ചരിത്രപരമായ പിന്‍ബലമുണ്ടായിട്ടില്ലെങ്കിലും എല്ലാ കഥകളുടെയും പൊതു സ്വഭാവം ആര്യന്‍ വംശ വിശുദ്ധിയില്‍ അധിഷ്ഠിതമാണ്. ഇന്ത്യയില്‍ അവശേഷിക്കുന്ന യഥാര്‍ഥ ആര്യന്മാരാണ് തങ്ങളെന്ന് ഇവര്‍ സ്വയം വിശ്വസിക്കുന്നു. പാര്‍വതി വാലിയിലെ തൊട്ടടുത്ത ഗ്രാമങ്ങള്‍ക്ക് പോലും അന്യമായ സവിഷേശ ഭാഷയും ആചാരങ്ങളും ഈ വിശ്വാസത്തിന് ബലം പകരുന്നു.


ക്ഷേത്രം-പുതിയ കെട്ടിടം















അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ഇന്ത്യന്‍ അധിനിവേശ കാലത്ത് അദ്ദേഹത്തോടൊപ്പമെത്തിയ സൈനിക സംഘത്തിലെ ചിലര്‍ മലാനയില്‍ തന്പടിച്ചുവെന്നും അവരുടെ പിന്മുറക്കാരാണ് ഇപ്പോഴുള്ളതെന്നുമാണ് ഗ്രാമ രൂപീകരണത്തെക്കുറിച്ച ഏറ്റവും പ്രബലമായ വിശ്വാസം. ബിസി 300കളിലാണ് അലക്‌സാണ്ടര്‍ ഇന്ത്യയിലെത്തുന്നത്. അത്രമേല്‍ പഴക്കമുള്ള ഗ്രാമീണ പാരന്പര്യമാണ് തങ്ങള്‍ ഇന്നും പിന്തുടരുന്ന തൊട്ടുകൂടായ്മ അടക്കമുള്ള ആചാരങ്ങളെന്ന് മലാനക്കാര്‍ പറയുന്നു. ഈ ആചാരങ്ങള്‍ക്ക് ഗ്രീക്ക് രീതികളുമായി ബന്ധമുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ അത്തരമൊരു ബന്ധം സ്ഥാപിക്കാനുതകുന്ന വിവരങ്ങളോ ചരിത്ര രേഖകളോ ഇല്ലെന്നാണ് സാമൂഹിക ശാസ്ത്രഞ്ജര്‍ പറയുന്നത്. അതേസമയം തന്നെ ആര്‍ക്കും നിഷേധിക്കാനും അവഗണിക്കാനും കഴിയാത്ത വിധം വാമൊഴിയായി ഇക്കഥ ഹിമാചലിലാകെ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്. ഇതിന് അനുബന്ധമായി ചേര്‍ക്കാവുന്ന ഒരുകഥ അലക്‌സാണ്ടറുടെ ഇന്ത്യന്‍ അധിനിവേശവുമായും ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. മലാനയുള്‍പെടുന്ന പാര്‍വതി വാലിയിലാണ് അലക്‌സാണ്ടറുടെ സൈനിക മുന്നേറ്റം അവസാനിച്ചത് എന്ന കഥ. ബിയാസ് നദിക്കരയില്‍ തന്പടിച്ച സൈനികര്‍ അവിടെ നിന്ന് മുന്നോട്ടുപോകാന്‍ വിസമ്മതിച്ചത്രെ. വര്‍ഷങ്ങളായി വീടവിട്ടുപോന്ന അവര്‍ തിരിച്ചുപോകണമെന്ന് ശഠിച്ചെന്നും ഒടുവില്‍ അലക്‌സാണ്ടര്‍ അതിന് വഴങ്ങിയെന്നുമാണ് കഥ. തിരിച്ചുപോകാന്‍ മടിച്ച ചില സൈനികര്‍ ഇവിടെ താവളമടിച്ചിരിക്കാമെന്ന കഥക്ക് ഈ ചരിത്ര പിന്‍ബലമുള്ളതിനാല്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുമുണ്ട്. മലാനക്കാരുടെ ഭരണ സംവിധാനത്തിലെ ഗുര്‍ സങ്കല്‍പത്തിന് ഗ്രീസിലെ ഒറാക്ക്ള്‍ വിശ്വാസവുമായി സാമ്യമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അക്ബര്‍ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടും ഗ്രാമ രൂപീകരണത്തിന്റെ രണ്ട് കഥകള്‍ പ്രചാരത്തിലുണ്ട്. ഗുരുതര രോഗം ബാധിച്ച അക്ബര്‍ ചികിത്സ തേടി ഇവിടെയെത്തിയത്രെ. അക്കാലത്തെ നാട്ടുചികിത്സയിലൂടെ രോഗം മാറിയതോടെ മലാനയെ നികുതി മുക്ത പ്രദേശമായി പ്രഖ്യാപിച്ചുവെന്നാണ് കഥ. അന്നുതൊട്ടാണ് സ്വതന്ത്ര ജനാധിപത്യ പ്രദേശമായി മലാന പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും ഈ കഥ പറയുന്നു. മലാനക്കാരനായ ഒരു സന്യാസി സ്വര്‍ണ നാണയവുമായി മുഗള്‍ സൈന്യത്തിന്റെ പിടിയിലായതാണ് മറ്റൊരു ഐതിഹ്യം. അയാളുടെ കൈവശമണ്ടായിരുന്ന സ്വര്‍ണ നാണയം അക്ബറിന്റെ ഖജനാവിലേക്ക് മുതല്‍കൂട്ടി. അന്നുരാത്രി അക്ബറിന്റെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട ജംലു ദേവത സന്യാസിയെ മോചിപ്പിക്കാനും സ്വര്‍ണം മലാനയുടെ ട്രഷറിയിലടക്കാനും ആവശ്യപ്പെട്ടത്രെ. അതനുസരിച്ച അക്ബര്‍ സ്വര്‍ണ നാണയത്തോടൊപ്പം തന്റെ ഒരു സുവര്‍ണ ശില്‍പം കൂടി കൊടുത്തയച്ചു. മലാനയിലെ ക്ഷേത്ര സ്വത്തില്‍ ഇപ്പോഴും ഈ ശില്പമുണ്ട്. വര്‍ഷത്തില്‍ രണ്ട് ഉത്സവങ്ങളാണ് ഇവിടെ നടക്കുക. അതിലൊന്നില്‍ അക്ബറിന്റെ പ്രതിമ പുറത്തെടുത്ത് പ്രദര്‍ശിപ്പിക്കുകയും അതില്‍ പൂജകളര്‍പിക്കുകയും ചെയ്യാറുണ്ട്. ഈ രണ്ടുകഥകളും ചേര്‍ത്ത മറ്റൊരു ഐതിഹ്യവും ഗ്രാമ രൂപീകരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ട്. കഥയേതായാലും, അക്ബറിന് മലാനയില്‍ സവിശേഷ സ്ഥാനമുണ്ടെന്നുറപ്പ്. പാര്‍വതി വാലിയിലെ ജംലു ദേവി ക്ഷേത്രത്തില്‍ മുസ്ലിം ആചാരങ്ങളോട് സമാനതകളുള്ള രീതികള്‍ പിന്തുടരുന്നുണ്ട്. ഇതും മുഗള്‍അക്ബര്‍ ബന്ധത്തിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒരു ഉത്സവകാലം (ഫയല്‍)


ജംലു ദേവതയാണ് മലാനക്കാരുടെ ദൈവം. ആത്മീയാചാരങ്ങള്‍ മാത്രമല്ല, നിത്യ ജീവിതത്തിലെ ചെറു തര്‍ക്കം പോലും പരിഹരിക്കുന്നത് ജംലു ദേവതയാണ്. ദൈവിക നിയമമല്ലാതെ മറ്റൊന്നും ഇവിടെയില്ല. ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് 'തീരുമാനിച്ചത്' വരെ ജംലു ദേവതയാണ്. ജംലു ദേവത വിശ്രമത്തിനായി തെരഞ്ഞെടുത്ത സ്ഥലമാണ് മലാനയെന്ന ഐതിഹ്യവും ഇവിടെയുണ്ട്. രൂപീകരണ ചരിത്രം എന്തായാലും ജംലു ദേവതയാണ് മലാനയുടെ എല്ലാം. ഖസാസകളുടെ സെറ്റില്‍മെന്റാണ് മലാന എന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട്. പുരാതന ഇന്ത്യന്‍ടിബറ്റന്‍ വംശമായിരുന്നു ഖസാസ. സ്വന്തമായി രാജവംശമുണ്ടായിരുന്നവര്‍. ഖസാക്കിസ്ഥാനില്‍ നിന്നാണ് ഈ വാക്കുണ്ടായതെന്നും ഖസാക്കുമായി ബന്ധമുള്ള വംശമാണെന്നും കരുതപ്പെടുന്നുണ്ട്. മഹാഭാരതത്തില്‍ ഇവരെക്കുറിച്ച് പരാമര്‍ശമുണ്ടത്രെ. മലാനക്ക് 5000 വര്‍ഷം പഴക്കമുണ്ടെന്ന നിഗമനത്തിലെത്തിയ പുരാവസ്തു ശാസ്ത്രഞ്ജരും ഇന്ത്യയിലുണ്ട്. ഋഷിവര്യനായ ജംദംഗിനിയുടെ തപസാണ് മലാനയിലെ ഗ്രാമ രൂപീകരണത്തിന് കാരണമായതെന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. ഒറ്റപ്പെട്ട  ധ്യാന സ്ഥലം ആവശ്യപ്പെട്ട ജംദംഗിനിയോട് മലായനയിലേക്ക് പോകാന്‍ ശിവന്‍ നിര്‍ദേശിച്ചത്രെ. അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും കൂടെപ്പോയി. ഇവര്‍ പിന്നീട് സമീപ സ്ഥലങ്ങളായ ലഹോളിലേക്കും ബഞ്ചര്‍ വാലിയിലേക്കും പോയെന്നാണ് കഥ.


തൊട്ടാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പ്

ഔദ്യോഗിക രേഖകളില്‍ കാനെറ്റ്‌സ് എന്ന് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കുനിറ്റ് എന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് ഇതിന്‌റെ ഉത്ഭവമത്രെ. ജാതി നിയമങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നവരെന്നാണ് ഇതിന്റെ വിവക്ഷ. ജംലു ദേവതയുടെ പ്രതിപുരുഷരാണ് തങ്ങളെന്ന് ഗ്രാമീണര്‍ വിശ്വസിക്കുന്നു. കുളുവിലെ മറ്റ് ഗ്രമീണരില്‍ നിന്നെല്ലാം ഇവര്‍ വ്യത്യസ്തരാണ്. എന്ത് കാര്യത്തിലും തീര്‍പുണ്ടാക്കുന്നത് ജംലു ദേവിയാണ്. ദേവിക്ക് വേണ്ടി  പ്രതി പുരുഷനായ ഗുരുവാണ് എല്ലാത്തിലും വിധി കല്‍പിക്കുക. രണ്ടുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കുന്നതും പരാതികളില്‍ പ്രതിസ്ഥാനത്തുവരുന്നവരുടെ കുറ്റകൃത്യം കണ്ടെത്തുന്നതിലും കുറ്റാവളിയായി പ്രഖ്യാപിക്കുന്നതിലുമെല്ലാം ഈ ദൈവീക സാന്നിധ്യമുണ്ട്. ഇവിടത്തെ നീതിന്യായ സംവിധാനവും ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

ഏതുവിഷയത്തിലും അന്തിമ തീരുമാനത്തിലെത്തുന്നതിന് ജംലു ദേവതക്ക് ആട്ടിന്‍കുട്ടിയെ ബലിയര്‍പിക്കുകയാണ് മലാനക്കാര്‍ ചെയ്യുക. എന്തെങ്കിലും പരാതിയുയര്‍ന്നാല്‍ ഗ്രാമത്തിന്റെ കേന്ദ്ര സ്ഥാനത്തുള്ള കോടതി മുറ്റത്ത് നാട്ടുകാരെല്ലാം ഒത്തുകൂടും. തര്‍ക്കത്തിലുള്ള രണ്ട് കക്ഷികളും അല്ലെങ്കില്‍ രണ്ട് വ്യക്തികളും ജംലു ദേവിയുടെ പേരില്‍ ഓരോ ആട്ടിന്‍കുട്ടിയെ അറുക്കും. ഒരേ സമയം അറുക്കുന്ന ആട്ടിന്‍ കുട്ടികളില്‍ ആദ്യം മരിക്കുന്ന ആടിന്റെ ഉടമ തര്‍ക്കത്തില്‍ തോറ്റതായി കണക്കാക്കും. അഭിപ്രായ ഭിന്നതയുണ്ടാകുന്ന ഏത് വിഷയത്തിലും ഇതാണ് ഇവിടത്തെ നിയമം. ഈ വിധി എല്ലാവരും അംഗീകരിക്കും. പിന്നീട് എല്ലാവരും ചേര്‍ന്ന് സദ്യയൊരുക്കി അതൊന്നിച്ചിരുന്ന് കഴിച്ചുപിരിയും. അതോടെ വഴക്ക് തീര്‍ന്നതായി കണക്കാക്കണമെന്നാണ് വിശ്വാസം. നാട്ടുകൂട്ടത്തിന്റെ വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ ദൈവത്തിന്‌റെ ദര്‍ബാറില്‍ പരാതിപ്പെടാം. 'മേല്‍കോടതി' പോലുള്ള ഈ സംവിധാനത്തിന് ച്ഛാബേ പൊന എന്നാണ് അവര്‍ വിളിക്കുന്നത്. ഗ്രാമത്തിലെന്ത് ദുതിരമുണ്ടായാലും ഏതുതരം സന്തോഷമുണ്ടായാലും അതെല്ലാം ജംലു ദേവതയുടെ പരീക്ഷണമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. 2008ല്‍ ഗ്രാമത്തെ കവര്‍ന്നെടുത്ത അഗ്‌നിബാധക്ക് കാരണമായത് അന്നേദിവസം പുറത്തുനിന്ന് വന്ന ബിജെപി നേതാവ് ഗ്രാമത്തില്‍ മദ്യം വിളന്പിയതില്‍ ദേവിക്ക് അനിഷ്ടമുണ്ടായതിനാലാണെന്ന് റിതുഭായ് പറയുന്നു. കാട് നശിപ്പിച്ച് അണക്കെട്ട് പണിതതിലെ അതൃപ്തിയാണ് അഗ്‌നിബാധക്ക് കാരണം എന്നുവിശ്വസിക്കുന്നവരും ഇവിടെയുണ്ട്.


രണ്ട് ഭാഗമായാണ് ഗ്രാമത്തിന്‌റെ ഘടന. ഇരു ഭാഗങ്ങളും തമ്മില്‍ ഏതാണ്ട് 100 മീറ്റര്‍ വ്യത്യാസം വരും. ഈ ഭാഗത്താണ് പ്രധാന ആരാധാനാലയമായ ജംലു ദേവി ക്ഷേത്രം. നാട്ടുകാരതിനെ ഹാര്‍ച്ച എന്നുവിളിക്കും. മധ്യഭാഗത്തെ താരതമ്യേന പരന്ന പ്രദേശത്ത് ഏതാണ്ട് മൂന്നടി ഉയരമുള്ള സ്‌റ്റേജുണ്ട്. 15 അടി നീളമുള്ള ഈ തുറന്ന സ്‌റ്റേജിലാണ് ഗ്രാമ ഭരണ സംവിധാനവും കോടതിയുമെല്ലാം പ്രവര്‍ത്തിക്കുക. കനാഷി എന്ന അപൂര്‍വ ഭാഷയാണ് ഇവരുപോയോഗിക്കുന്നത്. ടിബറ്റന്‍, മുന്ദാരി ഭാഷകളുമായി സാമ്യമുണ്ടെങ്കിലും സമീപത്തെ ഒരു ഗ്രാമത്തിനും ഈ ഭാഷയറിയില്ല. പ്രാദേശിക ഭാഷാ രൂപങ്ങളായ ബുനാന്‍, ടിനാന്‍, മാന്‍ചാത് എന്നിവയുമായും സാമ്യമുണ്ടത്രെ. കിന്നൌരി മേഖലയില്‍ സംസാരിക്കുന്ന വിവിധ ഭാഷകളുടെ സങ്കരമായ  കിന്നൌരിയുമായും അടുത്ത ബന്ധമുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കനാഷിക്ക് തുല്യമായ ഭാഷ ഇന്ത്യയില്‍ മറ്റൊരിടത്തും ഇതുവരെ കണ്ടെത്തിയിട്ടില്ല.  മലാന ഡാമിന് സമീപമുള്ള ചൌകിയാണ് മലാനക്കടുത്തുള്ള ഏറ്റവും അടുത്ത ഗ്രാമം. ഏതാണ്ട് 15 കിലോമീറ്റര്‍ അകലമുണ്ട് ഇരു ഗ്രാമങ്ങളും തമ്മില്‍. ചൌകിക്കാര്‍ക്കുപോലും മലാനയിലെ ഭാഷ അറിയില്ല. ചൌകിയിലെ ആചാരങ്ങള്‍ക്കും മലാനക്കാരുടെ ആചാരങ്ങളുമായി വിദൂര സാമ്യം പോലുമില്ല. അത്രമേല്‍ ഒറ്റപ്പെട്ട ജീവിതവും സംസ്‌കാരവുമാണ് മലാനികള്‍ പിന്തുടരുന്നത്. മലാനയില്‍ തന്നെയുള്ള താഴ്ന്ന ജാതിക്കരായ ജുലാഹ, ലോഹാര്‍ കുടുംബങ്ങള്‍ക്ക് ഗ്രാമീണ ഭാഷയായ കാന്‍ഷു സംസാരിക്കാന്‍ അവകാശമില്ല.

പ്രതിസന്ധിയിലകപ്പെട്ട ആരെയും സഹായിക്കണമെന്നതാണ് ജംലു ദേവിയുടെ തത്വം. തൊട്ടുകൂടായ്മ കണിശമായി പാലിക്കുന്‌പോഴും സന്ദര്‍ശകര്‍ക്ക് അങ്ങേയറ്റം സൗഹൃദപൂര്‍ണമായ സ്വീകരണമാണ് ഇവര്‍ നല്‍കുന്നത്. യാത്രക്കാര്‍ക്ക് രാത്രി തങ്ങാനുള്ള സൗകര്യം വരെ ഇവര്‍ നല്‍കുന്നണ്ട്, അതിലും തൊട്ടുകൂടായ്മ പാലിക്കുന്നുണ്ടെങ്കിലും. മലാനയിലെ സ്വൈര്യ ജീവിതവും ഒറ്റപ്പെട്ട ഭൂ ഘടനയും സമീപവാസികളുടെ ഒളിത്താവളമാക്കി ഇതിനെ മാറ്റിയിട്ടുണ്ട്. ഇങ്ങിനെ അഭയം തേടിയെത്തി ഇവിടെ സ്ഥിരതാമസമാക്കിയ നിരവധി പേര്‍ ഈ ഗ്രാമത്തിലുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും ഗ്രാമ ഭരണത്തിലിടപെടാനോ തദ്ദേശീയമായ ആചാരങ്ങളില്‍ പങ്കാളികളാകാനോ അനുവാദമില്ല. മലാനക്കാരുടെ സൗമനസ്യത്തില്‍ അവിടെ കഴിയാമെന്ന് മാത്രം. സമീപ പ്രദേശങ്ങളിലെ കുറ്റവാളികളും ഈ അവസരം മുതലെടുക്കുന്നുണ്ട്. പക്ഷെ, ഇവിടെ വരുന്നതാരായാലും അവരെ ഇരുകൈയ്യും നീട്ടി സ്വീകരിക്കും ഈ നിഷ്‌കളങ്ക ഗ്രാമം.

എന്നാല്‍ വംശ വിശുദ്ധി നിലനിര്‍ത്താനുള്ള എല്ലാ മുന്‍കരുതലുകളും ഇവിടെയുണ്ട്. തൊട്ടുകൂടായ്മ മുതല്‍ അന്യജാതി വിവാഹ വിലക്ക് വരെ കര്‍ശനമായി പാലിക്കുന്ന മലാനികള്‍, മലാനക്കാരെയല്ലാതെ ആരെയും വിവാഹം കഴിക്കില്ല. നാല് വിഭാഗം രജ്പുത് വംശജരാണ്  മലാനയിലുള്ളത്. ഇവര്‍ മാത്രമാണ് പരസ്പം വിവാഹം കഴിക്കുക. ആര്യന്‍ ബന്ധവും സവര്‍ണ പാന്പര്യവും അവകാശപ്പെടുന്ന നിരവധി ജാതികളും സമൂഹങ്ങളും കുളുവിലുണ്ടെങ്കിലും അവരുമായും വിവാഹം അനുവദിച്ചിട്ടില്ല. ഈ കാര്‍ക്കശ്യം കൊണ്ടാകം, വൈവാഹിക ബന്ധങ്ങള്‍ നിലിനിര്‍ത്തുന്നതില്‍ ഉദാരമായ വ്യവസ്ഥകളാണ് മലാനയിലുള്ളത്. പുരുഷന്‍മാര്‍ക്ക് 10 മുതല്‍ 15 തവണ വരെ വിവാഹിതരാകാം. സ്ത്രീകള്‍ക്കാകട്ടെ, എത്ര തവണ വേണമെങ്കിലും ഭര്‍ത്താവിനെ ഉപേക്ഷിച്ച്, ഇഷ്ടമുള്ളയാളെ വരിക്കാം. ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ടെങ്കിലും ബഹുഭര്‍തൃത്വത്തിന് വിലക്കുണ്ട്. ചെറുപ്പത്തിലേ വിവാഹിതരാകുന്നത് മലാനയിലെ പതിവുരീതിയാണ്. ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീക്ക് പുനര്‍വിവാഹമാകാമെങ്കിലും ഒരു വര്‍ഷം കഴിയണമെന്നാണ് വ്യവസ്ഥ. ഇന്ത്യന്‍ വംശജരേക്കാള്‍, വിദേശ ച്ഛായയാണ് മലാനികള്‍ക്ക് കൂടുതലുള്ളത്. സമീപ ഗ്രാമവാസികളുടേതുപോലെ പരന്ന മൂക്കില്ല. യൂറോപ്യന്‍ സാമ്യതകളുള്ള നീലക്കണ്ണുകളുള്ളവരും ഇവിടെ ധാരാളം.



പച്ചമരുന്നുണ്ടാക്കി വില്‍ക്കുകയോ അത് പകരം കൊടുത്ത് മറ്റ് സാധനങ്ങള്‍ വാങ്ങുകയോ ചെയ്താണ് മലാനികള്‍ ഉപജീവിനം നടത്തിയിരുന്നത്. എന്നല്‍ കഞ്ചാവ് മാഫിയ ഗ്രാമത്തിലെത്തുകയും അവിടെ വളരുന്ന കാട്ടുചെടി വിലയേറിയ ഉത്പന്നമാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തതോടെ സ്ഥിതി മാറി. ഇപ്പോള്‍ പലരുടെയും മുഖ്യ തൊഴില്‍ തന്നെ ക!ഞ്ചാവ് കൃഷിയായി മാറിക്കഴിഞ്ഞു. അതേസമയം തന്നെ ഇപ്പോഴും കഞ്ചാവിന് പവിത്രമായ ആചാര വിശുദ്ധി ഗ്രാമീണര്‍ വകവച്ചുനല്‍കുന്നുണ്ട്. ഈ സങ്കല്‍പം ഒരു വിശ്വാസമായി കൊണ്ടുനടക്കുന്ന പഴയതലമുറയിലെ ഗ്രാമീണര്‍ കഞ്ചാവിനെ വരുമാന മാര്‍ഗമായി കാണുന്നുമില്ല.



മലാനക്കുള്ള റോഡ് അവസാനിക്കുന്നിടത്ത് നില്‍ക്കുന്നതിനിടെയാണ് ഗ്രാമീണരുമായി ഒരു കാര്‍ വന്നുനിന്നത്. അവിടെയിറങ്ങിയ സ്ത്രീകള്‍ ഫോണില്‍ ആരെയൊക്കെയോ വിളിക്കുന്നു. അകത്ത് ഒരു വൃദ്ധ അബോധാവസ്ഥയില്‍ സീറ്റില്‍ കിടക്കുന്നുണ്ട്.  മരണാസന്നയായ ആ മലാനി വൃദ്ധയെ ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചതായിരുന്നു. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോള്‍ ചുമലിലെടുക്കുന്ന കട്ടിലുമായി ഒരു സംഘം യുവാക്കളെത്തി. കട്ടിലില്‍ കിടത്തി, കാട്ടുവള്ളികളും കയറും ഉപയോഗിച്ച് വരിഞ്ഞുകെട്ടി അവര്‍ അവരെ ചുമലിലെടുത്തു. അതാണ് അവിടത്തെ രീതി. ഇങ്ങിനെ ആളുകളെ എത്തിക്കുന്നതിനും മറ്റുമുള്ള സഹായങ്ങള്‍ക്കായി യുവാക്കളുടെ ഒരു സംഘം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ അവിടത്തെ പ്രാദേശിക ഭരണകൂടത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതും. സേവനത്തിനും സഹായത്തിനും ആളുകളുണ്ടെങ്കിലും ഈ ഗ്രാമീണരെ, ഇനിയുമിങ്ങനെ ദുരിതമയമായ ജീവിതത്തില്‍ തളച്ചിടേണ്ടതുണ്ടോയെന്ന് 'ഇന്ത്യ!' ആലോചിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിലെ മലാനികളുടെ പങ്കാളിത്തവും 'ഇന്ത്യന്‍ ഭരണകൂടത്തിന്' അവരോടുള്ള സമീപനവും പെട്ടെന്നൊരു മാറ്റം അസംഭവ്യമാണെന്നാണ് വ്യക്തമാക്കുന്നത്.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017 സെപ്തംബര്‍ 18)

അധ്യായം-1: ശബ്ദം നിലച്ചുപോയ വഴികള്‍


മലാനയിലേക്കുള്ള കവാടം

ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലെ ജാരിയില്‍ നിന്ന് തിരിയുന്ന ചെങ്കുത്തായ ഒറ്റവരിപ്പാതയാണ് മലാനയിലേക്കുള്ള വഴി. ഒരു വശത്ത് കൂറ്റന്‍ മലകള്‍. മറുവശത്ത് അത്ര തന്നെ ആഴമേറിയ മഹാഗര്‍ത്തങ്ങള്‍. 10,000മുതല്‍ 13,000 അടി വരെ താഴ്ചയില്‍ പാര്‍വതി നദി, ഒരു നേര്‍ത്ത വെള്ളവര പോലെയായൊഴുകന്നത് മനോഹരമായ കാഴ്ചയാണ്. എന്നാല്‍ മുകളിലെ റോഡില്‍ നിന്ന് പുഴകാണാനൊരുന്പെട്ടാല്‍ നെഞ്ചിടിക്കും. 6 വര്‍ഷം മുന്പ് മാത്രം നിര്‍മിച്ച ഈ റോഡ് ഏതാണ്ട് 10 കിലോമീറ്റര്‍ പിന്നിട്ടതോടെ ടാറുപാകിയ വഴി അവസാനിച്ചു. പിന്നെ എട്ട് കിലോമീറ്റര്‍ അങ്ങേയറ്റം ദുര്‍ഘടമായ വഴിയായിരുന്നു. ഒരു കാറിന് കഷ്ടിച്ച് കടന്നുപോകാം. ആ വഴിയിലേക്ക് വണ്ടി പ്രവേശിച്ചതോടെ യു പിക്കാരനായ കാര്‍ ഡ്രൈവര്‍ നാഗേഷ് പൊടുന്നനെ നിശ്ശബ്ദനായി. ഹിന്ദിയറിയാത്ത ഞങ്ങളുടെ നാലംഗ സംഘത്തോട്, മൂന്നുദിവസമായി ഇടതടവില്ലാതെ ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടേയിരുന്ന നാഗേഷിന്റെ നിശ്ശബ്ദത ഒരിട കാറിനകത്തും ഭയം വിരിച്ചു. വലിയ പാറക്കഷണങ്ങളും ചെറു കുഴികളും നിറഞ്ഞ ചെങ്കുത്തായ കയറ്റം കയറാനാകാതെ പലതവണ കാര്‍ കിതച്ചുനിന്നു. നടന്നുകയറാനായി ഒരോ തവണ കാറില്‍നിന്നിറങ്ങുന്പോഴും ഭീതിയും പരിഭ്രമവും കലര്‍ന്ന കണ്ണുകളാല്‍ നാഗേഷ് ഞങ്ങളെ യാത്രയാക്കി. അടുത്ത തിരിവ് കഴിഞ്ഞാല്‍ കണ്ടുമുട്ടാന്‍ കഴിഞ്ഞേക്കില്ലെന്ന വേവലാതി ആ കണ്ണുകളിലുണ്ടായിരുന്നു. ഇടക്ക് കാര്‍ തള്ളിക്കയറ്റിയും ഏറെ ആയാസപ്പെട്ട് നടന്നും മല കയറുന്നതിനിടെയുള്ള വിശ്രമസമയത്ത് നാഗേഷ് പറഞ്ഞു: ''20 കൊല്ലമായി സാര്‍, ഹിമചലിലൂടെ ഞാന്‍ കാറോടിക്കുന്നു. പല തരം സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ഒരുപാട് മലകള്‍ കയറിയിട്ടുണ്ട്. പക്ഷെ, ഇതുപോലൊരു യാത്ര ആദ്യമാണ്. ഈ വഴി ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും അപകടം പിടിച്ചതാണ്. ഇനി ഇവിടേക്ക് വരില്ല. പരിചയമുള്ള ഒരു ഡ്രൈവറെയും ഇവിടേക്ക് പോകാന്‍ അനുവദിക്കില്ല. സാര്‍, ഇതൊരു വലിയ പരീക്ഷണമായിപ്പോയി.''




അതാണ് മലാനയിലേക്കുള്ള ഒരേയൊരു വഴി. വാക്കുകള്‍ നിലച്ചുപോകുന്നത്രയും ഭീതിയും സൌന്ദര്യവും ഇഴചേരുന്ന വഴികള്‍. ഉയരെയെത്താന്‍ മത്സരിക്കുംപോലെ ഉയര്‍ന്നുയര്‍ന്നുപോകുന്ന മലനിരകളും അവക്കിടയിലൂടെ താഴേക്കൂര്‍ന്നുപോകുന്ന ഇടവഴികളും. ഇവക്കിടയിലെ നിശ്ശബ്ദത വന്യമായ അനുഭൂതിയായി യാത്രക്കാരിലേക്ക് പടര്‍ന്നുകയറും. ആളൊഴിഞ്ഞ വഴികളിലൂടെയുള്ള ഓരോചുവടിലും കാലടിയില്‍നിന്ന് ശരീരത്തിലേക്ക് വിഹ്വലതകള്‍ പരക്കും! നടന്നെത്തുമോ എന്ന ഭീതി, അടിയന്തിര ഘട്ടത്തില്‍ സഹായം ലഭിക്കുമോ എന്ന ആശങ്ക, ഒരുസംഘമുണ്ടെങ്കിലും ഒറ്റക്ക് നടക്കുന്നതുപോലുള്ള ഏകാന്തത, വശങ്ങളിലേക്കുള്ള ഓരോ നോട്ടവും ഉള്ളിലേക്ക് തിരിച്ചയക്കുന്ന പിടച്ചിലുകള്‍... എല്ലാം ചേര്‍ന്ന അസാധാരണമായ ഭയമായിരുന്നു വഴിയുലടനീളം വരവേറ്റത്. ആകാശത്തിലേക്കുയര്‍ന്നുപോകുന്ന ആത്മാവിനെപ്പൊലെ, ശരീരം നമ്മെത്തന്നെ അറിയിക്കാതെ മുകളിലേക്ക് കൊണ്ടുപോകും. ദേഹം ഭാരമൊഴിഞ്ഞ്, ആ യാത്രക്കിണങ്ങുംവിധം  ഓരോ ചുവടിലും ചെറുതായിക്കൊണ്ടിരുന്നു. വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും സംസ്‌കാരവും നിലനിര്‍ത്തുന്ന അത്യപൂര്‍വമായ ഈ ഹിമാലയന്‍ ഗ്രാമത്തിലേക്കുള്ള യാത്രതന്നെ അസാധാരണമായ അനുഭവമാണ്.



മലാനയിലേക്ക് പോകുന്ന വഴി
ഹിമാലയത്തിലെ എല്ലാ ഗ്രാമങ്ങളും മലയുടെ തെക്കന്‍ ചരിവുകളിലാണ്. അതില്‍നിന്ന് ഭിന്നമാണ് മലാനയുടെ സ്ഥാനം. മലയുടെ വടക്കന്‍ മുനന്പില്‍ വഴികളില്ലാതെ ഒറ്റപ്പട്ട ആവാസ സ്ഥാനമായി മലാന മാറിയതങ്ങനെയാണ്. ശൈത്യകാലത്ത് കനത്ത മഞ്ഞില്‍ പുതഞ്ഞ് ഗ്രാമം നിശ്ചലമാകും. എട്ടുമുതല്‍ 14 അടി വരെ ഘനത്തില്‍ മഞ്ഞ് നിറയും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ശൈത്യകാലം. ഈ സമയത്ത് മരണം സംഭവിച്ചാല്‍ സംസ്‌കാരം പോലും നടത്താന്‍ കഴിയില്ല. മഞ്ഞുകാലം തീരും വരെ മൃതദേഹം സൂക്ഷിച്ചുവച്ച ശേഷമാണ് സംസ്‌കരിക്കുക. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ മഴക്കാലമാണ്. മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ വരണ്ട കാലാവസ്ഥയും. ഇത്രമേല്‍ വേറിട്ട ജീവിതവും സംസ്‌കാരവും കാലാവസ്ഥയും സ്വന്തം ഭരണവും നിയമവുമൊക്ക പിന്തുടരുന്ന പാര്‍വതി വാലിയിലെ ഈ അപുര്‍വ ഗ്രാമത്തിലെത്താന്‍ വാഹനം മാത്രം മതിയാകില്ല. റോഡ് അവസാനിക്കുന്ന നരാംഘില്‍ നിന്ന് ചെങ്കുത്തായ ഒരു മല നടന്നിറങ്ങണം. പിന്നെ അതുപോലെ മറ്റൊരു മല നടന്നുകയറണം. രണ്ടും ചേര്‍ത്ത് ഏതാണ്ട് ഒരു കിലോമീറ്റര് ദൂരം. ഈ സാഹസിക വഴികള്‍ താണ്ടി സ്വദേശികളും വിദേശികളും അടക്കം നിരവധിപേരാണ് ദിവസവും ഈ മലയകറിയിറങ്ങുന്നത്. ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ബിയാസ് നദി പാര്‍വതി പുഴയില്‍ വന്നുചേരുന്ന പ്രദേശമാണ് പാര്‍വതി വാലി എന്നറിയപ്പെടുന്നത്. ഹിമാചലിലെ ബുന്ദാറില്‍ നിന്ന് തുടങ്ങി കുളു ജില്ലയിലൂടെ ഒഴുകുന്ന നദിയാണിത്. ഹരിതാഭമായ കരകള്‍ക്കിടയിലൂടെ, കുളു ജില്ലയുടെ ആവാസ സംവിധാനങ്ങളുമായി അഭേദ്യമായി ചേര്‍ന്നൊഴുകുന്നതാണീ പുഴ. പാര്‍വതി പുഴയുടെ ഉത്ഭവ സ്ഥാനത്തോളമെത്തണം മലാന കാണാന്‍.
മലാന ഗ്രാമം-ആകാശക്കാഴ്ച


മല നടന്നുകയറുന്നതിനിടെ കണ്ടുമുട്ടിയ ഹരിയാനക്കാരായ നാല് യുവാക്കള്‍ ഞങ്ങള്‍ ഓരോരുത്തരെയും സമീപിച്ച് രഹസ്യമായി ചോദിച്ചു: ഭായ്, ബീഡിയുണ്ടോ വലിക്കാന്‍? മലാനയുടെ സാംസ്‌കാരിക വൈവിധ്യത്തേക്കാള്‍ ഈ മലകയറി ആളുകളെത്തുന്നതിന്റെ കാരണം ഈ ചോദ്യത്തിലുണ്ട്. അതെ, ലോകത്തിലെ ഏറ്റവും വിലയേറിയ കഞ്ചാവ് ഉത്പാദിപ്പിക്കുന്ന ഗ്രാമം കൂടിയാണ് മലാന. ലോക മയക്കുമരുന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വിലവരുന്ന മലാന ക്രീമിന്റെ ജന്മഗൃഹം. ഹാഷിഷ് കൃഷിയും ഉപയോഗവും നിയമവിധേയമായി പരിഗണിക്കപ്പെടുന്ന ഇന്ത്യന്‍ ഗ്രാമം. പാര്‍വതി വാലി കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധമാണെങ്കിലും മലാനയാണ് അതിന്റെ ആസ്ഥാനം. കഞ്ചാവ് മലാനക്കാര്‍ക്ക് ഒരു വ്യവസായമല്ല. മറിച്ച്, അവരുടെ വിശ്വാസവും ജീവശ്വാസവുമാണ്. അരതിനെ നിലനിര്‍ത്തുന്നാതകട്ടെ ആചാരമെന്ന നിലയിലും.

ലോകത്തെ മറ്റ് പ്രദേശങ്ങളില്‍ നിന്നെല്ലാം ഒറ്റപ്പെട്ട് കിടക്കുന്ന പ്രകൃതി രമണീയമായ മലാനയെ, മലമുറിച്ചുകയറുന്നവര്‍ക്ക് ചന്ദ്രകനി കുന്നിന്റെ നിഴല്‍ പോലെയനുഭവപ്പെടും. മലഞ്ചെരിവിലെ തണലും തണുപ്പും ഇടക്കെത്തുന്ന കടുത്ത വെയിലുമെല്ലാം ചേര്‍ന്ന കാലാവസ്ഥയാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ജാരിയില്‍ നിന്നുള്ള റോഡാണ് ഇപ്പോഴുള്ള മുഖ്യ വഴിയെങ്കിലും സാഹസിക മലകയറ്റക്കാര്‍ക്ക് പ്രിയപ്പെട്ട വേറെയും വഴികളുണ്ട്. അതിലൊന്നാണ് ചന്ദ്രകനി പാസ്. നഗ്ഗാറില്‍ നിന്ന് മലകയറി മലാനക്ക് വരുന്നവരുടെ ഇഷ്ടപാത. മറ്റൊന്ന് റഷോള്‍ ഗ്രാമം വഴി റക്ഷോലിങ് പാസ് വഴി. മൂന്നാമത്തേത് ഭേലിങ് പാസ് വഴി. ജാന ഗ്രാമം കടന്നാല്‍ ഇതുവഴി മലാനയിലെത്താം. ഇതെല്ലാം, അതി സാഹസികരായ മലകയറ്റക്കാര്‍ക്ക് മാത്രം പ്രാപ്യമായ വഴികളാണ്. ജാരിയില്‍ നിന്ന് റോഡുവഴി വന്നാലും ഒരുമണിക്കൂറോളം മലകയറണം.

മലാന അണക്കെട്ട്


മലാന വൈദ്യുത പദ്ധതി ആരംഭിക്കാന്‍ 1993ല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് മലാനയിലേക്കുള്ള വാഹന ഗതാഗതത്തെക്കുറിച്ച് പുറംലോകം ചിന്തിച്ചുതുടങ്ങുന്നത്. 2001ല്‍ പദ്ധതി പൂര്‍ത്തിയായപ്പോള്‍ അവിടേക്കുള്ള റോഡും തുറന്നു. ലോകത്തുനിന്നെല്ലാം ഒറ്റപ്പെട്ട് സ്വന്തം ഭാഷയും സംസ്‌കാരവും നിയമവുമൊക്കെയായി കഴിഞ്ഞിരുന്ന മലാനയുടെ മുഖച്ഛായ മാറ്റി ഈ ജലവൈദ്യുത പദ്ധതി. എന്നാല്‍ പദ്ധതി പ്രദേശം അവസാനിക്കുന്നിടത്ത് റോഡും അവസാനിച്ചു. അവിടെനിന്ന് 9 കിലോമീറ്ററോളം വഴിവെട്ടിയിട്ടുണ്ടെങ്കലും അതിലൂടെയുള്ള യാത്ര അത്യന്തം അപകടകരവും അതി സാഹസികവുമാണ്. റോഡ് നിര്‍മിക്കും മുന്പ് ജാരിയില്‍നിന്ന് കാല്‍നട മാത്രമായിരുന്നു ഗ്രാമീണരുടെ ആശ്രയം. ഏതാണ്ട് 20 കലോമീറ്റര്‍ ദൂരം ചെങ്കുത്തായ മല കയറണം. ഒരു ദിവസത്തിലധികം വേണമായിരുന്നു അക്കാലത്ത് മലാനയിലെത്താനെന്ന് ഗ്രാമീണര്‍ ഓര്‍ക്കുന്നു. പുറംലോകവുമായുള്ള ഈ അകലം ഒരര്‍ഥത്തില്‍ മലാനക്ക് അനുഗ്രഹമായിരുന്നു. അവര്‍ പാരന്പര്യ വിശ്വാസമനുസരിച്ച് കൃഷി ചെയ്തുപോന്ന കഞ്ചാവും അവര്‍ കാത്തുസൂക്ഷിച്ച സംസ്‌കൃതിയും അതിന്‌റെ തനത് വിശുദ്ധിയോടെ നിലനിര്‍ത്താന്‍ ഈ ഒറ്റപ്പെട്ട ജീവിതം അവര്‍ക്ക് അവസരം നല്‍കി. റോഡ് വന്നതിന് പിന്നാലെ, കഞ്ചാവ് മാഫിയ മുതല്‍ ചെറുകിട ഉപഭോക്താക്കള്‍ വരെ മലാനയിലേക്കൊഴുകി. ഇന്ത്യയിലെ നിയമവും നിയമപാലകരും വിദ്യാഭ്യാസ സംവിധാനവും പിന്നാലെയെത്തി. ഒടുവില്‍ രാഷ്ട്രീയക്കാരും. ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ സംവിധാനമാണ് തങ്ങളുടേതെന്ന് വിശ്വസിക്കുകയും ഗ്രാമത്തിന് പുറത്തുള്ളവരോട് തൊട്ടുകൂടായ്മ ആചരിക്കുകയും ചെയ്യുന്നവര്‍. അവരുടെ വംശീയ വിശുദ്ധി പോലും റോഡ് കളങ്കപ്പെടുത്തി എന്നാണ് ഈ ഗ്രാമവാസികളിലേറെയും ഇപ്പോഴും വിശ്വസിക്കുന്നത്.

ഗ്രാമത്തിലെ നിയമങ്ങള്‍ക്കുമുണ്ട് ഇത്രതന്നെ വൈചിത്ര്യം. അക്ഷരാര്‍ഥത്തില്‍ അതൊരു ദൈവ രാജ്യമാണ്. എല്ലാ നിയമങ്ങളും നിശ്ചയിച്ചത് സ്ഥലത്തെ ദൈവം. ഇനിയൊരുകാര്യത്തില്‍ തീരുമാനമെടുക്കുന്നതും ദൈവ വിധി പ്രകാരം മാത്രം. പുറംലോകത്തുനിന്ന് വരുന്നവര്‍ക്ക് വിചിത്രമെന്നും വിഢ്ഢിത്തമെന്നും നിസ്സംശയം തോന്നാവുന്ന തരത്തിലുള്ള തത്വസംഹിതകളാണ് ഇവരെ നയിക്കുന്നത്. മറ്റുള്ളവര്‍ക്ക് യുക്തിരഹിതമായി മാത്രം അനുഭവപ്പെടുന്ന ഈ നിയമങ്ങള്‍ക്കെല്ലാം പക്ഷെ മലാനികള്‍ക്ക് മതിയായ ന്യായമുണ്ട്. വിചിത്രമായ ആചാരങ്ങളും സാമൂഹിക ജിവിത സംവിധാനങ്ങളുമുള്ള മലാനയുടെ ജനസംഖ്യ രണ്ടായിരത്തില്‍ താഴെ മാത്രം. ആകെയുള്ളത് 382 കുടുംബങ്ങള്‍.


സര്‍ക്കാര്‍ സ്കൂള്‍
2013ല്‍ ആണ് മലാനക്ക് വേണ്ടിയുള്ള ആദ്യ ബസ് സര്‍വീസ് സര്‍ക്കാര്‍ ആരംഭിക്കുന്നത്. ഷോണ്‍ അഗെ മുതല്‍ ഡാം വരെയാണ് ബസ് സര്‍വീസ്. അവിടെനിന്ന് മലാനയെത്താന്‍ 10 കിലോമീറ്ററോളം നടക്കണം. ജാരിയില്‍ നിന്ന് 1200-1500 രൂപ മുടക്കി ടാക്‌സി പിടിച്ചാണ് ഗ്രാമീണര്‍ വീടണയുന്നത്. ആ യാത്രാ ദുരിതത്തിന് ബസ് ചെറിയ പരിഹാരമായതിന്റെ സന്തോഷം മലാനക്കാര്‍ക്കുണ്ടെങ്കിലും ബസ് പോലുള്ള ആധുനിക സംവിധാനങ്ങള്‍ ഗ്രാമ വിശുദ്ധി നഷ്ടപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതിനാല്‍ അതില്‍ കയറാന്‍ തയാറാകാത്തവരും മലാനയില്‍ നിരവധിയുണ്ട്. മലാനയില്‍ വൈദ്യുതി വന്നതും 2000ന് ശേഷമാണ്.

കല്ലുപാകിയ ഒരു നടവഴിയടെ ഇരുഭാഗത്തുമായി വിഭജിക്കപ്പെട്ട ഗ്രാമമാണ് മലാന. ഓരോ കല്ലിനും വഴികളിലെ തിരിവിനും പറയാനുണ്ട് അത്യപൂര്‍വതകളുടെ ഒരായിരം കഥകള്‍. എപ്പോള്‍ ചെന്നാലും ഗ്രാമവാസികളുടെ നിറസാന്നിധ്യമുണ്ടാകും ഈ വഴികളിലും അതിനിരുവശത്തുമായുള്ള കല്‍കെട്ടുകളിലും കളിമുറ്റങ്ങളിലുമെല്ലാം. ഔപചാരിക വിദ്യാഭ്യാസം അന്യമായിരുന്ന മലാനയില് 1996ലാണ് ആദ്യത്തെ അപ്പര്‍ പ്രൈമറി വിദ്യാലയം വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച സ്‌കൂളില്‍ ചേരാന്‍ പക്ഷെ തുടക്കത്തില്‍ നാട്ടുകാര്‍ തയാറായില്ല. പ്രധാന തടസ്സം അവരുടെ ഭാഷ തന്നെ. രാജ്യത്തെ മറ്റെല്ലായിടത്തുമെന്ന പോലെ, മലാനക്കാര്‍ക്ക് മാത്രം മനസ്സിലാകുന്ന അവരുടെ ഭാഷയില്‍ സംസാരിക്കാനല്ല സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിച്ചത്. പകരം സര്‍ക്കാര്‍ ഭാഷയായ ഹിന്ദിയിയാലിരുന്നു അധ്യയനം. കനാഷി എന്ന പ്രത്യേക ഭാഷ സംസാരിക്കുന്ന മലാനക്കാര്ക്ക് ഹിന്ദി ഒട്ടും സ്വീകാര്യമായ ഭാഷയായില്ല. ഭാഷ മാത്രമല്ല, സര്‍ക്കാരൊരുക്കിയ ഉച്ച ഭക്ഷണവും അവര്‍ നിരാകരിച്ചു. വംശ വിശുദ്ധിയുടെ പേരില്‍ ഇപ്പോഴും തൊട്ടുകൂടായ്മ ആചരിക്കുന്ന  മലാനക്കാര്‍ക്ക് 'അന്യരുണ്ടാക്കുന്ന' ഭക്ഷണം അസ്വീകാര്യമായത് സ്വാഭാവികം. സ്‌കൂളാകട്ടെ, ഇരുനൂറ്റന്പതോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറിയും മൂന്ന് ക്ലാസ് മുറികളുള്ള കെട്ടിടവും ഒരു കന്പ്യൂട്ടറും 5 അധ്യാപകരമുള്ള താരതമ്യേന മെച്ചപ്പെട്ട സൌകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല് കുട്ടികളെ ആകര്‍ഷിക്കാന്‍ മാത്രം സ്‌കൂളിന് കഴിഞ്ഞില്ല. 1 മുതല് 10 വരെ ക്ലാസുകളിലായി ആകെയുള്ളത് നാല്‍പതോളം വിദ്യാര്‍ഥികള്‍ മാത്രം. അതേസമയം പ്രൈമറി ക്ലാസുകളില്‍ സമീപകാലത്ത് കൂടുതല് കുട്ടികള്‍ സ്‌കൂളില്‍ പ്രവേശം നേടാന്‍ തയാറാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മലാനി ഭാഷയറിയുന്ന അധ്യാപകനെ നിയമിച്ചതും കുട്ടികളുടെ വരവിന്
ആക്കം കൂട്ടി. എന്നിട്ടും ഇതുവരെ രണ്ടുപേര്‍ മാത്രമാണ് 10ാം ക്ലാസ് പിന്നിട്ടത്.


ഗ്രാമീണര്‍

ആര്യന്‍ വംശ വിശുദ്ധിയും അതിനൊത്ത പാരന്പര്യ ആചാരങ്ങളും കണിശമായി മുറുകെപ്പിടിക്കുന്ന മലാനയുടെ ചരിത്ര സ്മാരകങ്ങളെ വിഴുങ്ങി 2008ല്‍ വലിയ തീപിടുത്തമുണ്ടായി. നൂറ്റന്പതോളം വീടുകളും ക്ഷേത്രത്തിന്റെ അഞ്ച് ഭണ്ഡാരങ്ങളുമടക്കം അതിപുരാതനമായ അടയാളങ്ങളെല്ലാം തീ തുടച്ചെടുത്തു. 900ാളം ഗ്രാമീണരെ ഭവന രഹിതരാക്കിയെന്നതിനൊപ്പം, നിരവധി പൌരാണിക ശില്പമാതൃകകള്‍ ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമായി എന്നതാണ് ഈ അപകടം സൃഷ്ടിച്ച വലിയ ദുരന്തം. പ്രധാന ക്ഷേത്രവും അഗ്‌നിക്കിരയായി. ഗ്രാമത്തിന്റെ പുനര്‍നിര്‍മാണം പുതിയ കെട്ടിടങ്ങളെയും ഒരുപാട് പുറംനാട്ടുകാരെയും പുതിയ  ജീവിത രീതികളെയും മലാനയിലേക്ക് കൊണ്ടുവന്നു. ഇപ്പോള് സ്മാര്‍ട്ട് ഫോണും ഡിഷ് ടി വിയുമെല്ലാമുള്ള മലാനയില് പക്ഷെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മാത്രം ഒരു മാറ്റവും വന്നിട്ടില്ല. മലകയറി ഗ്രാമത്തിലേക്ക്  എത്തുന്നവരെ സ്വീകരിക്കുന്നത് തന്നെ തൊട്ടുകൂടായ്മയാണ്.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017-സെപ്തംബര്‍ 18)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...