Tuesday, September 19, 2017

അധ്യായം-5: ചരിത്രത്തെ വിഴുങ്ങുന്ന വഴികള്‍

മലാന: ഹിമാലയത്തിലെ ദൈവ രാജ്യം 
(ഹിമാലയത്തിലെ അപൂര്‍വ ഗ്രാമമാണ് മലാന. വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളുമുള്ള നാട്. റോഡില്ല, രണ്ട് മലകള്‍ക്കിടയിലൂടെ നടന്നുകയറണം, എല്ലാ അര്‍ഥത്തിലും ഒറ്റക്കുനില്‍ക്കുന്ന ഈ ഗ്രാമത്തിലെത്താന്‍. യഥാര്‍ഥ ആര്യന്മാരാണെന്ന് സ്വയം കരുതുന്നതിനാല്‍, തൊട്ടുകൂടായ്മയാണ് മുഖ്യ ആചാരം. മറ്റാരെയും തൊടില്ല. തൊടാന്‍ അനുവദിക്കുകയുമില്ല. സന്ദര്‍ശകര്‍ തൊട്ടാല്‍ പിഴയൊടുക്കണം. സ്വന്തം കോടതി. സ്വന്തം നിയമം. ലോകത്തെ ഏറ്റവും പഴയ ജനാധിപത്യ സംവിധാനമാണ് അവിടെ നിലനില്‍ക്കുന്നതത്രെ.ബ്രിട്ടീഷുകാരുടെ കാലത്ത് സ്വതന്ത്ര രാജ്യമായിരുന്നുവെന്നും ഇന്ത്യ വന്ന് മലാന കീഴടക്കിയെന്നും വിശ്വസിക്കുന്നവരും ഏറെ. ഇതൊക്കെയാണെങ്കിലും ലോകത്തേറ്റവും വിലപിടിപ്പുള്ള ഗ്രാമമാണ് മലാന. മയക്കുമരുന്ന് വിപണിയില്‍ ഏറ്റവും ഉയര്‍ന്ന വിലകിട്ടുന്ന മലാന ക്രീമിന്റെ ഉറവിടം. കഞ്ചാവ് കൃഷി ചെയ്യാനും ഉപയോഗിക്കാനും ഇന്ത്യന്‍ നിയമത്തെ ഭയപ്പെടേണ്ടതില്ലാത്ത ഗ്രാമം. അവരുടെ കഞ്ചാവ് കൃഷി അവരുടെ ആചാരം കൂടിയാണ്. പുഡ്ഡിങ് മുതല്‍ ചപ്പല്‍ വരെ പല തരം കഞ്ചാവ് ചെടി ഉത്പന്നങ്ങള്‍ അവരുടെ നിത്യജീവിതത്തിലുണ്ട്. ഹിമാചല്‍ പ്രദേശിലെ മലാനയിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് അഞ്ചുഭാഗങ്ങളായി മാധ്യമം ആഴ്ചപ്പതിപ്പില്‍ എഴുതിയ കുറിപ്പ്. 5 അധ്യായങ്ങളായി ഇവിടെ വായിക്കാം. അവസാന ഭാഗമാണിത് ,4,3,2,1 എന്ന ക്രമത്തില്‍ താഴെ മറ്റ് അധ്യായങ്ങളും വായിക്കാം.)
.........................................................................................................................................

.
മലാനയില്‍ ഏതുസമയത്ത് എത്തിയാലും കല്‍പാതയുടെ ഇരുവശത്തും തുറന്ന സ്ഥലങ്ങളിലുമെല്ലാം പുരുഷന്‍മാരുടെ സൗഹൃദ സംഘങ്ങളുണ്ടാകും. രാപകല്‍ ഭേദമന്യേ ഗ്രാമ മുറ്റത്തും കല്‍കെട്ടുകളിലുമിരുന്ന് സൊറ പറഞ്ഞും പകിട കളിച്ചും പുകവലിച്ചും സമയം കൊല്ലുന്നവര്‍. കൊച്ചുകുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള ആണുങ്ങളെയും ഇക്കൂട്ടങ്ങളില്‍ കാണാം. ഇവിടെ ഇതാണ് പതിവ്. ജോലി ചെയ്യുന്നതും കുടുംബം പുലര്‍ത്തുന്നതും തൊട്ട് വിറകുശേഖരിക്കുന്നതും വീട്ടാവശ്യത്തിന് പുറത്തുപോകുന്നതും വരെ സ്ത്രീകളാണ്. ആണുങ്ങള്‍ സദാസമയവും ഗ്രാമത്തിലുണ്ടാകും.
ഇന്ത്യയില്‍ പൊതുവെ കാണപ്പെടാത്ത ഈ തരം സ്ത്രീ 'ശാക്തീരണ'ത്തിന്‌റെ കാരണം തിരക്കിയപ്പോള്‍ ചെറുപ്പക്കാരനായ നഗു മംഗള്‍ ചരിത്രത്തിലേക്ക് തിരിച്ചുനടന്നു. 'അതും അലക്‌സാണ്ടറുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പാരന്പര്യമാണ്. അലക്‌സാണ്ടറുടെ സൈന്യത്തില്‍ നിന്ന് മുങ്ങിയ ജനറല്‍മാര്‍ മലാനയില്‍ ഒളിച്ചു കഴിഞ്ഞെന്നും അവരിലൂടെയാണ് പിന്നീട് മലാനികള്‍ ഉണ്ടായതെന്നുമാണല്ലോ ചരിത്രം. ഓടിപ്പോയ ജനറല്‍മാരെ തേടി അലക്‌സാണ്ടറുടെ സൈന്യം വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഇവിടെ നിന്ന് വിവാഹം കഴിച്ച്, ഇവിടെ തന്നെ താമസമാക്കിയെങ്കിലും ജനറല്‍മാര്‍ സൈന്യത്തെ പേടിച്ച് പുറത്തിറങ്ങാന്‍ മടിച്ചു. അതോടെ അവരെ വീട്ടില്‍ ഒളിപ്പിച്ച ശേഷം ഭാര്യമാര്‍ ജോലി ചെയ്യാനിറങ്ങി. അങ്ങിനെയാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് മലാനികള്‍ എത്തുന്നത്'.  മലാനി സ്ര്തീകളെ വിവാഹം കഴിക്കുന്നതിന് പുറംനാട്ടുകാര്‍ക്ക് കടുത്ത വിലക്കുണ്ട്. ജാതീയമായ കാരണങ്ങള്‍ക്കൊപ്പം 'സൈനികരുടെ' രഹസ്യം ചോര്‍ന്നുപോകുമെന്ന ഭീതിയും ഈ വിലക്കിന് കാരണമായിട്ടുണ്ടത്രെ. അതിന്‌റെ തെളിവും നഗു മംഗള്‍ തന്നെ പറഞ്ഞു: 'ആരെങ്കിലും മലാനി സ്ത്രീയെ വിവാഹം കഴിച്ചാല്‍ അവരില്‍ നിന്ന് പിഴയീടാക്കുകയും ആജീവനാന്തം മലാനയില്‍ തന്നെ അവരെ തമാസിപ്പിക്കുകയും ചെയ്യും.' ഒളിച്ചിരിക്കുന്ന ജനറല്‍മാര്‍ക്കുവേണ്ടി ഗ്രാമീണര്‍ രൂപപ്പെടുത്തിയ പത്രേിരോധ തന്ത്രം പിന്നീട് ജാതീയമായ ആചാരമായും വികസിച്ചുവെന്നാണ് കരുതുന്നത്.


ഇങ്ങിനെ ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രത്തിന്‍റെയും പാരന്പര്യങ്ങളുടെയും അതില്‍നിന്ന് പിറവിയെടുത്ത വിശ്വാസങ്ങളുടെയും പിന്‍ബലത്തില്‍ മാത്രമാണ് ഏത് ചെറിയ ജീവിത രീതിയും മലാനക്കാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ആചാരങ്ങളിലും വിശ്വാസങ്ങളിലും അണുവിട വിട്ടുവീഴ്ച ചെയ്യാനും അവര്‍ സന്നദ്ധമല്ല. അതിനെ ലംഘിക്കാന്‍ ശ്രമിക്കുന്നവരെ കണിശമായി തന്നെ നേരിടുകയും ചെയ്യും. ആചാരാനുഷ്ഠാനങ്ങളിലെ ഈ കാര്‍ക്കശ്യം തന്നെയാണ്, അവരെ 'ഇന്ത്യന്‍ മുഖ്യധാര'യിലേക്ക് കൊണ്ടുവരുന്നതിനും തടസ്സമാകുന്നത്. ഒരര്‍ഥത്തില്‍ അവര്‍ അവരുടെ സവിശേഷമായ ചരിത്രവും പാരമ്പര്യവും സംരക്ഷിക്കുകയും പ്രതിരോധിക്കുകയുമാണ് ആ കണിശതയിലൂടെ ചെയ്യുന്നതെന്നും കാണാം. രണ്ടായാലും ഇക്കാരണത്താല്‍, യാത്രാ സംവിധാനം പോലെ അടിസ്ഥാന സൗകര്യ വികസനം പോലും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നുണ്ട്. അതേസമയം തന്നെ, പരിമിതമായ രീതിയിലെങ്കിലും റോഡ് വന്നതും കൂടുതല്‍ സന്ദര്‍ശകര്‍ ഗ്രാമത്തിലേക്ക് കടന്നുവരാന്‍ തുടങ്ങിയതും ഇവരുടെ അഭിരുചികളിലും വീക്ഷണങ്ങളിലും കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും കാരണമായിട്ടുണ്ട്. കെട്ടിടങ്ങളിലും സാങ്കേതിക സൌകര്യങ്ങളിലുമെല്ലാം മാറ്റങ്ങളായിത്തുടങ്ങിയിട്ടുണ്ട്. കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും വിശ്വാസങ്ങളിലും ആചാരങ്ങളിലും വരെ ഇത് പ്രതിഫലിച്ചുതുടങ്ങിയിട്ടുമുണ്ട്. അതെ, ആഗോളവത്കരണം മലാനയെയും തേടിയെത്തിക്കഴിഞ്ഞു. അതിന്റെ അനുരണനങ്ങള്‍ ഗ്രാമത്തിലെങ്ങും പ്രകടമാണ്.

പുറംലോകവുമായി സന്പര്‍ക്കം വര്‍ധിച്ചതോടെയാണ് മലാനയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുതുടങ്ങിയത്. തൊട്ടുകൂടായ്മയും പുരാതനമായ നീതിന്യായ സംവിധാനങ്ങളും പുതുതലമുറ തീരെ ചെറിയ അളവിലെങ്കിലും ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. അലംഘനീയമായ നാട്ടുകോടതി വിധിക്കെതിരെ ഗ്രാമീണര്‍ക്കിടയില്‍ നിന്നുതന്നെ ഒറ്റപ്പെട്ടതെങ്കിലും വെല്ലുവിളികളുയരുന്നു. പൊലീസ്, തദ്ദേശ ഭരണ കൂടങ്ങള്‍ പോലുള്ളവയെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. പ്രാദേശിക നീതിന്യായ സംവിധാനം നിലനില്‍ക്കെത്തന്നെ തദ്ദേശ ഭരണ കൂടങ്ങള്‍ മെല്ലെ ശക്തിപ്രാപിക്കുന്നുണ്ട്. ധര്‍മശാലയാണ് ഗ്രാമത്തിലെ അധികാര കേന്ദ്രം. എന്നാല്‍ ഇന്ന് ഓറഞ്ച് നിറമുള്ള സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ധര്‍മശാലക്കുപരിയായ അധികാര കേന്ദ്രമായി അടയാളപ്പെട്ടുകഴിഞ്ഞു. ഒരുകാലത്ത് ജനങ്ങള്‍ തിരസ്‌കരിച്ച 'ഇന്ത്യന്‍' ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് മുന്പത്തേക്കാള്‍ കൂടുതല്‍ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. പുതിയ വിപണി, ജല വൈദ്യുത പദ്ധതികള്‍ പോലുള്ള വന്‍കിട സംരംഭങ്ങള്‍, മലാനക്കാരുടെ ജീവശ്വാസമായ കഞ്ചാവ് കൃഷിക്കെതിരായ പ്രചാരണങ്ങള്‍ തുടങ്ങിയവയെല്ലാം മെല്ലെയെങ്കിലും ഇവിടെ യാഥാര്‍ഥ്യമാകുകയാണ്. എല്ലാത്തിനും മേന്പൊടിയായി വികസന മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്. ആഗോളവത്കരണത്തിന്റെ ഇന്ത്യന്‍ പതിപ്പ്, ചെറു സംസ്‌കൃതികളുടെ തനത് ഭാവങ്ങളെ എങ്ങിനെയാണ് ഏകീകൃത ചട്ടക്കൂട്ടിലേക്ക് മാറ്റിപ്പണിയുന്നതെന്ന് മലാനയുടെ പരണാമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാകും.

2001ല്‍ പൂര്‍ത്തിയായ ജല വൈദ്യുത പദ്ധതിയാണ് മലാനയുടെ ചരിത്രം തിരുത്തിയെഴുതിത്തുടങ്ങിയത്. മാറ്റങ്ങളുടെ ചെറുകാറ്റ്, അവിടെ നിന്നുള്ള വൈദ്യുതിയേക്കാള്‍ വേഗത്തില്‍ ഗ്രാമീണരിലേക്ക് പ്രവഹിച്ചു. രണ്ട് കൂറ്റന്‍ മലകള്‍ക്കപ്പുറം അവസാനിച്ച റോഡ്, പൌരാണിക ചരിത്ര ലിഖിതങ്ങളാല്‍ സമൃദ്ധമായ ഗ്രാമച്ചുവരുകള്‍ക്കുള്ളിലേക്ക് ആധുനികതക്ക് വന്നുചേരാന്‍ വാതില്‍ തുറന്നുവച്ചു.
സ്വയം തുന്നിടെയുത്തിരുന്ന പഞ്ഞിക്കുപ്പായങ്ങളുപേക്ഷിച്ച് ചൈനീസ് വസ്ത്രങ്ങളിലേക്ക് മലാന മാറിത്തുടങ്ങി. ജീവിതചര്യയായി ഹാഷിഷ് കൃഷി ചെയ്തിരുന്ന ഒരു ജനതയെത്തേടി പുതിയ തരം വിദേശ മദ്യങ്ങളും പുകയുല്‍പന്നങ്ങളും വരെ എത്തിക്കഴിഞ്ഞു. പുതുതലമുറ ബാങ്കുകളും മൊബൈല്‍ ഫോണുകളും ഡിഷ് ടിവിയുമെല്ലാം മലാനയിലെത്തിയിട്ടുണ്ട്. അവ സൃഷ്ടിക്കുന്ന സാസ്‌കാരിക മാറ്റങ്ങളില്‍ അസ്വസ്ഥരാകുന്നവരും ഇവിടെ കുറവല്ല. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ച് ഗ്രാമീണര്‍ മലാന ഡാം കന്പനിയുടെ ഓഫീസില്‍ കഴിഞ്ഞ വര്‍ഷം അക്രമാസക്തമായ രീതിയില്‍ സമരം നടത്തിയിരുന്നു. ഡാം കവര്‍ന്നെടുത്ത കാടും വെള്ളവും ഇല്ലാതാക്കിയ കാലി-കാര്‍ഷിക ജീവിതത്തിന് ബദല്‍ വേണമെന്നതായിരുന്നു അവരുടെ ആവശ്യം. മാറ്റങ്ങള്‍ ഇത്തരം ചില സാമൂഹിക ചലനങ്ങള്‍ക്കും വഴിവക്കുന്നുണ്ടെന്നര്‍ഥം.

'ഗ്രാമക്കടോതിയെ ധിക്കരിക്കുന്നവരെ മുന്പ് ബഹിഷ്കരിക്കുമായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ അങ്ങിനെ ചെയ്യുന്നില്ല. കാര്യങ്ങളില്‍ മാറ്റം സംഭവിക്കുകയാണ്. പണ്ടത്തെപ്പോലെ ഇപ്പോള്‍ അത് ചെയ്യാനാകില്ല' വില്ലേജ്  കൌണ്‍സിലിലെ സുപ്രധാന അംഗവും പൂജാരിയുമായ സുര്‍ജന്‍ പറയുന്നു. സഹോദരനുമായുള്ള സ്വത്ത് തര്‍ക്കം കോടതിയിലെത്തിച്ച കാലി റാമിന്റെയും ഭാര്യക്കെതിരെ വിവാഹമോചനക്കേസില്‍ കോതടിയെ സമീപിച്ച ദുല്ലോ റാമിന്റെയും നടപടികള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സുര്‍ജന്റെ പ്രതികരണം. മലാനയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍. ഇത്രയും ദൂരെയായിട്ടും സമീപകാലത്തായി പ്രതിമാസം നാലോ അഞ്ചോ പരാതികള്‍ കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മലാനയില്‍ നിന്ന് കിട്ടുന്നുണ്ടെന്ന് പട്‍ലി കുഹാല്‍ ചൌകി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഗ്രാമ കോടതിയെ സമീപിക്കാതെ, നേരിട്ട് സ്റ്റേഷനിലെത്തുന്നത് കുറവാണ്. സ്വത്ത് കുടുംബത്തിന്റെ പൊതു ഉടമസ്ഥതയില്‍ സൂക്ഷിക്കുക എന്നതാണ് മലാനയിലെ പാരന്പര്യ രീതി. എന്നാല്‍ പുതുതലമുറ ഇക്കാര്യത്തിലും മാറ്റങ്ങള്‍ വരുത്തിത്തുടങ്ങിയിരിക്കുന്നു. അണുകുടംബ സങ്കല്‍പത്തിലേക്കുള്ള മാറ്റത്തിന് അവര്‍ തുടക്കമിട്ടുകഴിഞ്ഞു. ഒറ്റപ്പെട്ട ജീവിതത്തോട് മലാനക്കാര്‍ക്ക് അനിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നുവെന്നാണ് ഈ പ്രവണതകളെകുറിച്ച് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിലയിരുത്തുന്നത്‍.

റോഡിനൊപ്പം കയറിവന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ മലാനയിലേക്ക് കൊണ്ടുവന്നു. നൂറ്റാണ്ടുകളായി പരിരക്ഷിക്കുന്ന പരിസ്ഥിതിയും പരിസരവും വിനാശകരമായ മാലിന്യങ്ങളാല്‍ നിറയുന്നത് അവരിന്ന് നിസ്സഹായതോടെ നോക്കിനില്‍ക്കുകയാണ്. പരിസ്ഥിതി അവബോധത്തിന്റെ പേരില്‍ പരന്പരാഗത മര വീട് നിര്‍മാണത്തിനെതിരെ പോലും പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്.  കഞ്ചാവ് കൃഷിയെ എതിര്‍ത്തും അനുകൂലിച്ചും പ്രചാരണം നടത്തുന്ന സംഘങ്ങള്‍ മലകയറിയെത്തുന്നുണ്ട്. ഇതിന് പിന്നില്‍ സര്‍ക്കാര്‍ മുതല്‍ കഞ്ചാവ് മാഫിയ വരെയുണ്ടെന്ന് നാട്ടുകാരും വിശ്വസിക്കുന്നു. മലാനക്കാരുടെ ഭക്ഷണ ക്രമത്തിലും പുതിയ കാലം വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജൈവ ഭക്ഷണമായിരുന്നു മലാനയുടെ ആരോഗ്യ രഹസ്യം. എന്നാല്‍ പാക്കറ്റ് ഉത്പന്നങ്ങളും മറ്റ് ഭക്ഷ്യ സാധനങ്ങളും പുറത്തുനിന്ന് വ്യാപകമായി എത്തുന്നുണ്ട്. യുവ തലമുറക്ക്, പാരന്പര്യ സംരക്ഷണത്തേക്കാള്‍ താത്പര്യം മൊബൈല്‍ പോലുള്ള നവസാങ്കേതിത സംവിധാനങ്ങളോട് തന്നെ.

ആഗോളവത്കരണത്തിന്‍റെ പ്രണയേതാക്കള്‍ മലാനയില്‍ സാന്പത്തികോന്നമനം കൊണ്ടുവരാനായതിന്റെ ആത്മസംതൃപ്തിയിലാണ്. അവരെ സംബന്ധിച്ചേടത്തോളം അവിടത്തെ സംസ്കാരമോ അവരുടെ ചരിത്രമോ വിശ്വാസമോ ആചാരമോ ഒന്നും പരിഗണനാര്‍ഹമായ വിഷയങ്ങളല്ല. കുട്ടികളെ സ്കൂളിലെത്തിക്കാന്‍ അധ്വാനിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക്, ആ കുട്ടികളുടെ ജൈവ പരിസരങ്ങള്‍ പ്രസക്തമാകുന്നേയില്ല. ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ കഞ്ചാവ് കൃഷിയും വില്‍പനയും തടഞ്ഞ് ലോകത്തെ തന്നെ രക്ഷപ്പെടുത്താനുള്ള അത്യധ്വാനത്തിലാണ്. സംസ്ഥാന സര്‍ക്കാറാകട്ടെ നിയമങ്ങള്‍ എന്തുവിലകൊടുത്തും നടപ്പാക്കാനുള്ള തീരുമാനത്തിലും. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ന്യായമുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ മലാനയുടെ സാംസ്കാരിക പാരന്പര്യങ്ങളെയും പ്രാക്തനമായ ആചാര രീതികളെയും ഇല്ലാതാക്കുന്നുവെന്ന സാമൂഹിക വിരുദ്ധത എല്ലായിടത്തും അവഗണിക്കപ്പെടുകയാണ്. മനുഷ്യ വിരുദ്ധമെന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്ന ആചാരങ്ങളുണ്ടാകാം, കടുത്ത ജാതീയത മിക്ക ആചാരങ്ങളിലും പ്രകടമായേക്കാം. അതെല്ലാം പരിഷ്കരിക്കപ്പെടേണ്ടതാണെന്ന പുറംകാഴ്ചക്കാരുടെ വാദങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നുണ്ടാകാം...എങ്കിലും ഒരു ജനത അവര്‍ പവിത്രമെന്ന് കരുതുകയും ശരിയെന്ന് വിശ്വസിച്ച് ആചരിക്കുകും ചെയ്യുന്ന സാംസ്കാരിക രീതികളാണ് ഇവയെന്നും അവ നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള അവകാശം അവര്‍ക്കുണ്ടെന്നും 'മറ്റിന്ത്യക്കാര്‍' അംഗീകരിക്കണം. നിര്‍ബന്ധിത 'പരിവര്‍ത്തന' പദ്ധതികളില്‍ നിന്ന് പിന്മാറി, മലാനക്കാരെ സര്‍ക്കാറും 'വെറുതെവിടണം'.



 2006ല്‍ ആദ്യമായി മലാന സന്ദര്‍ശിച്ച അമേരിക്കന്‍ എഴുത്തുകാരനായ ജറമി വെവേര്‍ക ഏഴ് വര്‍ഷത്തിന് ശേഷം വീണ്ടുമെത്തിയപ്പോള്‍ ഇങ്ങിനെ കുറിച്ചു: '‍‍മലാനയില്‍ നിന്ന് ഇപ്പോള്‍ ഞാനിതെഴുതുന്നത് എന്റെ മാക്ബുക് പ്രൊയിലൂടെയാണ്. താഴ്‍വരയെ മുറിച്ചെത്തിയ കന്പികളിലൂടെയാണ് അതിന് വൈദ്യുതി ലഭിച്ചത്. എന്റെ ഐ ഫോണ്‍ ഇവിടെ പ്രവര്‍ത്തനക്ഷമമാണ്. ഇവിടെനിന്ന് തന്നെ അതിന് സിഗ്നലുകള്‍ ലഭിക്കുന്നു. ഭാരമേറിയ സാധനങ്ങള്‍ കൊണ്ടുവരാന്‍ ഗ്രാമീണര്‍ തന്നെ യന്ത്രവത്കൃത സംവിധാനം ഏര്‍പെടുത്തിയിരിക്കുന്നു. എല്ലാം മുന്പ് വന്നപ്പോള്‍ കാണാത്ത കാഴ്ചകള്‍.  അതെ, ആധുനികത മലാനയില്‍ എത്തിയിരിക്കുന്നു.' ആധുനികത കൊണ്ടുവരുന്നവര്‍ക്ക് മലാനയിലെ മാറ്റങ്ങള്‍ സന്തോഷം പകരുന്നുണ്ടാകും. പക്ഷെ അത് മായ്ച്ചുകളയുന്നത് അത്യപൂര്‍വമായ സംസ്‌കൃതിയെയാണ്. സഹസ്രാബ്ദങ്ങളായി പരിപാലിച്ചുപോരുന്ന സാംസ്‌കാരിക വൈവിധ്യത്തെ ആഗോളവത്കരണം വിഴുങ്ങിത്തീര്‍ക്കുന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇന്ന് മലാന.

(മാധ്യമം ആഴ്ചപ്പതിപ്പ്, 2017 സെപ്തംബര്‍ 18)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...