Thursday, July 18, 2019

വിദ്യാര്‍ഥികള്‍ക്കുമേല്‍ നടപ്പാകുന്ന ദേശീയ നയം


മൂന്നു പതിറ്റാണ്ടിന് ശേഷം രാജ്യം സന്പൂര്‍ണമായ വിദ്യാഭ്യാസ നയം മാറ്റത്തിന് ഒരുങ്ങുകയാണ്. ഒന്നാം മോദി സര്‍ക്കാര്‍ നിയോഗിച്ച കസ്തൂരി രംഗംന്‍ കമ്മിറ്റി കേന്ദ്ര സര്‍ക്കാറിന് സമര്‍പിച്ച കരട് റിപ്പോര്‍ട്ട് പൊതുജനാഭിപ്രായം തേടി കേന്ദ്രം പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഭരണ രംഗത്ത് അവസരം കിട്ടുന്പോഴെല്ലാം തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ പാഠപുസ്തകങ്ങളില്‍ തിരുകിക്കയറ്റാന്‍ ശ്രിമിച്ചുകൊണ്ടേയിരിക്കുന്ന ഹിന്ദുത്വ പാര്‍ട്ടി നടപ്പാക്കാനൊരുങ്ങുന്ന നയമെന്ന നിലയില്‍ വലിയ ആശങ്കകളോടെയാണ് രാജ്യമാകെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കരട് രേഖയെ സമീപിച്ചത്.  ഈ ആശങ്കകളെ പൂര്‍ണമായി  ശരിവക്കുന്നതല്ല പ്രസിദ്ധീകരിക്കപ്പെട്ട നയം. എന്നാല്‍ ആശങ്കകള്‍ അസ്ഥാനത്താണെന്ന് തീര്‍ത്ത് പറയാവുന്ന തതരത്തിലുമല്ല. വിദ്യാഭ്യാസ മേഖലയെ ഏറെക്കുറെ സമഗ്രമായി സമീപിക്കുകയും എല്ലാ വിഭാഗത്തെയും പരിഗണിക്കുകയും ഒട്ടുമിക്ക പ്രശ്നങ്ങളെയും അഭിമുഖീകരിക്കുകയും ചെയ്യുന്നുണ്ട് പുതിയ നയരേഖ. ഏറെക്കുറെ സ്വതന്ത്രവും ശാസ്ത്രീയവുമായ സമീപനമാണ് അത് മുന്നോട്ടുവക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ വിഹിതം ബജറ്റിന്റെ 20 ശതമാനമാക്കി  ഉയര്‍ത്തണമെന്ന ശിപാര്‍ശ, സമിതിയുടെ വീക്ഷണം വ്യക്തമാക്കുന്നതാണ്. പാഠപുസ്തകങ്ങള്‍ തിരുത്തിയും സിലബസ് മാറ്റിമറിച്ചും മുരളീ മനോഹര്‍ ജോഷി തുടങ്ങിവച്ച പരസ്യമായ കാവിവത്കരണമെന്ന നിലപാട് പുതിയ നയരേഖയില്‍ പ്രത്യക്ഷത്തില്‍ ഇല്ല.  രാഷ്ട്രീയ താത്പര്യങ്ങളേക്കാള്‍ അക്കാദമിക് താത്പര്യങ്ങളിലൂന്നിയാണ് നയം രൂപപ്പെടുത്തിയിരിക്കുന്നത്. ഏറെ കൊട്ടിഗ്ഘോഷിച്ച് കഴിഞ്ഞ മോദി സര്‍ക്കാറിന് വേണ്ടി അവരുടെ ഇഷ്ടക്കാര്‍ മാത്രമടങ്ങിയ ഒരു കമ്മിറ്റി തയാറാക്കിയ 2016ലെ വിദ്യാഭ്യാസ നയം, രൂക്ഷമായ വിമര്‍ശനങ്ങളാണ് നേരിട്ടത്. ആ പിഴവുകളില്‍നിന്നെല്ലാം സര്‍ക്കാര്‍ പാഠംപഠിച്ചുവെന്ന് കരുതാവുന്നത്ര സൂക്ഷ്മതയും അക്കാദമിക് സ്വഭാവവും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കാണാം.

ഒട്ടുമേ ആശങ്കളില്ലാത്ത, രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കാന്‍ പഴുതുകളില്ലാത്ത നയമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എന്ന് ഇതിനര്‍ഥമില്ല. അതേസമയം, ഇന്ത്യന്‍ വിദ്യാഭ്യാസ മേഖല ഇന്ന് നേരിടുന്ന കാതലായ പ്രശ്നങ്ങളെ വിശകലന വിധേയമാക്കുകയും ഒരുപരിധിവരെ പ്രായോഗികവും ഫലപ്രദവുമായ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട് അത്.  എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കുക (ഇക്വിറ്റി),  എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ വിദ്യാഭ്യാസ സന്പ്രദായം ഉറപ്പാക്കുക (ആക്സസ്), എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക (ക്വാളിറ്റി)  എന്നീ ആശയങ്ങള്‍ കര്‍ക്കശമായി പിന്തുടരാന്‍ പുതിയ നയം ശ്രമിക്കുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയിലെ പൊതു പ്രശ്നങ്ങളായ Access, Equity, Quality എന്നിവക്ക് താരതമ്യേന പ്രായോഗികമായ വഴികള്‍ റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ Affordability, Accountability എന്നിവ പരിഹരിക്കാന്‍ പറയുന്ന നിര്‍ദേശങ്ങള്‍ നിലവിലുള്ള പ്രശ്നങ്ങളെ  മറികടക്കാന്‍ എത്രത്തോളം ഫലപ്രദമാണ് എന്ന സംശയം ബാക്കിനില്‍ക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് സാന്പത്തികമായി താങ്ങാവുന്ന വിദ്യാഭ്യാസ സംവിധാനം വേണമെന്നും അത് വാണിജ്യവത്കരിക്കരുതെന്നും നയം പറയുന്പോള്‍ തന്നെ ഇതിന് ആക്കം കൂട്ടുന്ന ശിപാര്‍ശകളും റിപ്പോര്‍ട്ടിലുണ്ട്.

പ്രായവും ഘടനയും

നിലവിലെ സ്കൂള്‍ വിദ്യാഭ്യാസ രീതിയില്‍ അടിമുടി പരിഷ്കാരം നിര്‍ദേശിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയരേഖ. കുട്ടികളുടെ പ്രായം മുതല്‍ വിവിധ ഘട്ടങ്ങളിലെ വിദ്യാഭ്യാസ സന്പ്രദായത്തില്‍ വരെ സമൂലമായ പിരഷ്കരണം ഇത് മുന്നോട്ടുവക്കുന്നു. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ആറുവയസ്സുമുതലാണ് നിര്‍ബന്ധിത വിദ്യാഭ്യാസം നടപ്പാക്കുന്നത്. പുതിയ നയം ഇത് തിരുത്തുന്നു. മുന്ന് വയസ്സ് മുതല്‍ നിര്‍ബന്ധിത വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കുട്ടികളെ എത്തിക്കുന്ന തരത്തിലാണ് നയം ആവിഷ്കരിക്കുന്നത്. പ്രീ പ്രൈമറി വിദ്യാഭ്യാസം വ്യവസ്ഥാപിതവും ശാസ്ത്രീയവുമാക്കണമെന്ന വാദം കേരളത്തില്‍ തന്നെ വര്‍ഷങ്ങളായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ അതിന് ഫലപ്രദമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ മുന്‍പന്തിയില്‍നില്‍ക്കുന്ന കേരളത്തില്‍ പോലും ഇതുവരെ ആസൂത്രിതമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പദ്ധതിയാണ് വ്യവസ്ഥാപിതമായ പ്രീ പ്രൈമറി വിദ്യാഭ്യാസം. ചെറുപ്രായത്തില്‍ തന്നെ പ‌ഠനം തുടങ്ങല്‍. കളിയും പ്രവര്‍ത്തനവുമടങ്ങിയ പാഠ്യപദ്ധതിയാണ് ഇതിനായി നിര്‍ദേശിക്കുന്നത്. ജീവിതത്തിലുടനീളം പുലര്‍ത്താവുന്ന ഉത്തമ മൂല്യങ്ങള്‍ സ‍ഷ്ടിക്കാനുതകുംവിധമുള്ള പഠനമാണ് ഈ പ്രായത്തില്‍ നല്‍കുക. രണ്ട് തരത്തിലുള്ള പാഠ്യപദ്ധതി ചട്ടക്കൂട് ഇതിനായുണ്ടാക്കണമെന്ന് നയരേഖ നിര്‍ദേശിക്കുന്നു. ആദ്യത്തേത് 0-3 പ്രായത്തിലുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ്. രക്ഷിതാക്കളെയും അങ്കണവാടി അധ്യാപകരെയും ലക്ഷ്യമിട്ടാണ് ഇത് രൂപകല്‍പന ചെയ്യുക. രണ്ടാമത്തേത് 3 മുതല്‍ 8 വയസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയും. അങ്കണവാടികളടക്കമുള്ള നിലവിലെ സ്ഥാപനങ്ങളെ പരിഷ്കരിച്ചോ ശാക്തീകരിച്ചോ പുതിയവ സ്ഥാപിച്ചോ ഉന്നത നിലവാരമുള്ള പ്രീ സ്കൂളുകള്‍ കൊണ്ടുവരണം.

മൂന്ന് വയസ്സ് മുതല്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത് ആഗോളതലത്തില്‍ പൊതുസ്വീകാര്യമായ പ്രായഘടനക്ക് വിരുദ്ധമാണ്. 4 മുതല്‍ 7 വരെയാണ് പ്രാഥമിക വിദ്യാഭ്യാസ കാലമായി പൊതുവെ കണക്കാക്കുന്നത്. ഇത് മൂന്ന് വയസ്സിലേക്ക് മാറ്റുന്നത് കുട്ടിയില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്ന് പഠിക്കേണ്ടതുണ്ട്. ഗ്രേഡ് മൂന്നിലെത്തുന്പോള്‍ ഒന്നിലധികം ഭാഷയിലും ഗണിതത്തിലും പ്രാഥമിക ജ്ഞാനമാര്‍ജിക്കണമെന്നാണ് നയം നിര്‍ദേശിക്കുന്നത്. എന്നാല്‍ അതിന് മുന്പുള്ള അടിസ്ഥാന ഘട്ടത്തില്‍ കളിച്ചുപഠിക്കലാണ് കരിക്കുലം. എങ്ങിനെ, ഏതളവില്‍ കുട്ടികള്‍ ഭാഷയും ഗണിതവും പഠിച്ചെത്തുമെന്ന കാര്യത്തില്‍ നയരേഖ ആശയക്കുഴപ്പവും അവ്യക്തതയുമാണ് ബാക്കിവക്കുന്നത്.

അരനൂറ്റാണ്ടിലേറെയായി രാജ്യം പിന്തുടരുന്ന 10+2+3 എന്ന വിദ്യാഭ്യാസ ക്രമം പൊളിച്ചെഴുതണമെന്ന്നയരേഖ ശിപാര്‍ശ ചെയ്യുന്നു. മൂന്ന് വയസ്സ് മുതല്‍ ആരംഭിച്ച് 18 വയസ് വരെ നീണ്ടുനില്‍ക്കുന്ന തരത്തില്‍ 4 ഘട്ടമായാണ് അത് പുനക്രമീകരിക്കുന്നത്.  5+3+3+4 എന്ന രീതിയില്‍. Foundational stage, Preparatory/Latter Primary stage, Middle/Upper Primary stage, High/Secondary stage എന്നിങ്ങനെ അതിനെ തരംതിരിക്കുന്നു. 3 വയസ് മുതല്‍ 8 വയസുവരെയുള്ള 5 വര്‍ഷമാണ് അടിസ്ഥാന പഠന കാലമായി (foundational) കണക്കാക്കുന്നത്. ഇതില്‍ 3 കൊല്ലം പ്രീ പ്രൈമറി വിദ്യാഭ്യാസവും രണ്ട് കൊല്ലം 1, 2 ക്ലാസുകളുമാണ് ഉണ്ടാകുക. ക്ലാസുകളെ ഗ്രേഡ് എന്നാണ് നയരേഖ പരിചയപ്പെടുത്തുന്നത്. 8 മുതല്‍ 11 വരെ പ്രായത്തിലാണ് പ്രാരംഭ ഘട്ട വിദ്യാഭ്യാസം (preparatory stage) നടക്കുക. ഇതില്‍  പഠിക്കേണ്ടത് 3,4,5 ഗ്രേഡുകള്‍. 11-14 പ്രായമാണ് അടുത്ത ഘട്ടം. ഇതില്‍ 6,7,8 ഗ്രേഡ‌ുകള്‍. 14 മുതല്‍ 18 വരെ പ്രായത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളും.

അടിസ്ഥാന ഘട്ടത്തിലെ പോലെ, പ്രാരംഭ ഘട്ടത്തിലും കളി-പ്രവര്‍ത്തനാധിഷ്ടിത പഠന രീതി തന്നെയാണ് ഉണ്ടാകുക. എന്നാല്‍ ഈ ഘട്ടത്തില്‍ വച്ചുതന്നെ ക്രമേണ ക്ലാസ് മുറികളിലെ ഔപചാരിക പഠന രീതിയിലേക്ക് മാറണം. പൊതു വിഷയങ്ങള്‍ക്കൊപ്പം കലയും ഭാഷയും പഠിപ്പിക്കും. സെക്കന്ററി ലവലില്‍ വിഷയാധിഷ്ടിത പഠനത്തിനാണ് ഊന്നല്‍. ഇതില്‍ സെമസ്റ്റര്‍ സന്പ്രദായമാകും പിന്തുടരുക. ഒരു വര്‍ഷം രണ്ട് സെമസ്റ്റര്‍ വീതം. ഒരു സെമസ്റ്ററില്‍ 5-6 വിഷയങ്ങള്‍. പൊതു വിഷയങ്ങളും തെരഞ്ഞെടുത്ത് പഠിക്കാവുന്ന ഇലക്ടീവ് വിഷയങ്ങളുമുണ്ടാകും. ഈ ഘട്ടത്തില്‍ മാത്രമാണ് പ്രധാന വിഷയങ്ങളില്‍ ബോര്‍ഡ് പരീക്ഷ നിര്‍ദേശിക്കുന്നത്. എല്ലാ തലത്തിലുമുള്ള പാഠ്യപദ്ധതിയും ഇന്ത്യന്‍ പാരന്പര്യങ്ങളെയും പ്രാദേശിക സാംസ്കാരങ്ങളെയും ഉള്‍കൊള്ളുന്നതും സാങ്കേതിക ജ്ഞാനം, ലോജിക്കല്‍ റീസണിങ്, എത്തിക്കല്‍ റീസണിങ്, ആശയവിനിമയ ശേഷി തുടങ്ങിയവയെയും അടിസ്ഥാനമാക്കിയാകണമെന്ന് നയരേഖ പറയുന്നു.

പ്രവര്‍ത്തനം/പദ്ധതി അടിസ്ഥാനമാക്കിയ കരിക്കുലമാണ് സ്കൂളുകളിലേക്ക് നയം ശിപാര്‍ശ ചെയ്യുന്നത്. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഹ്യുമാനിറ്റീസ്, ആട്സ്, വൊക്കേഷണല്‍ വിഷയങ്ങള്‍ തമ്മില്‍ ഇപ്പോള്‍ തുടരുന്ന തരത്തിലുള്ള കണിശമായ വേര്‍തിരിവ് ഇല്ലാതാക്കും. എല്ലാവര്‍ക്കും എല്ലാ വിഷയവും പഠിക്കാവുന്ന തരത്തിലുള്ള പാഠ്യപദ്ധതി വേണം.  പാഠ്യ വിഷയങ്ങൾ വിദ്യാര്‍ഥികൾക്ക് തന്നെ തെരഞ്ഞെടുക്കാവുന്ന തരത്തില്‍ ഉദാരമായ പാഠ്യക്രമം രൂപകല്‍പന ചെയ്യും. അതേസമയം തന്നെ പാഠ്യപദ്ധതി  കുട്ടികള്‍ക്ക് അനായാസം കൈകാര്യം ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ലളിതവും വിമര്‍ശനാത്മക ചിന്തയെ  ഉദ്ദീപിപ്പിക്കുന്നതുമാകണം. പാഠ്യ -പാഠ്യേതര മേഖല,  അക്കാമദിക്-വൊക്കേഷണല്‍ മേഖല എന്നിങ്ങനെ നിലവിലുള്ള വ്യത്യസ്ത ധാരകളും ഇല്ലാതാക്കും. കായികം മുതല്‍ പൂന്തോട്ട നിര്‍മാണം വരെ എല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും. ഇതിനനുസരിച്ച സിലബസ് എന്‍ സി ഇ ആര്‍ ടി തയാറാക്കും. സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും പ്രത്യേകതകളും പരിഗണിച്ച് എസ് സി ഇ ആര്‍ ടികള്‍ക്ക് ദേശീയ ചട്ടക്കൂടിന് അനുസൃതമായി മാറ്റങ്ങള്‍ വരുത്താം.

സ്കൂളുകളുടെ അടിസ്ഥാന സൌകര്യങ്ങളും വിഭവ ശേഷിയും പങ്കിട്ട് ഉപയോഗിക്കുന്നതിനായി ഒരു പ്രദേശത്തെ സമീപ സ്കൂളുകള്‍ ചേര്‍ത്ത് സ്കൂള്‍ കോംപ്ലക്സുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശമുണ്ട്. കേരളത്തില്‍ ക്ലസ്റ്റര്‍ കോളജുകളെന്ന പേരില്‍ സമാനമായൊരു പരീക്ഷണം നേരത്തെ നടത്തിയിരുന്നു. ഏറെക്കുറെ പരാജയമായി മാറിയ ഈ പരിപാടിയാണ് ഇപ്പോള്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. പ്രയോഗ സാധ്യത തീരെ കുറഞ്ഞ ഈ പദ്ധതി ഫലത്തില്‍ പൊതു വിദ്യാലയങ്ങള്‍ക്ക് തിരിച്ചടിയായിത്തീരും. അടിസ്ഥാന സൌകര്യമില്ലാത്ത സ്വകാര്യ സ്കൂളുകളുടെ വ്യാപനത്തിനും ഇത് വഴിവക്കും. സ്വകാര്യ സ്കൂളുകളാകട്ടെ അവരുടെ വിഭവങ്ങള്‍ പങ്കുവക്കാന്‍ തയാറാകുകയുമില്ല. അധ്യാപകരില്ലാത്ത കാലത്തു ഉയര്‍ന്നുവന്ന സ്കൂള്‍ കോംപ്ലക്സ് എന്ന നിര്‍ദേശം ഇപ്പോള്‍ നടപ്പാക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വിപരീതഫലമാണ് സൃഷ്ടിക്കുക.

പേടിയില്ലാത്ത പരീക്ഷ

പാഠങ്ങള്‍ ചൊല്ലിപ്പഠിക്കുകയും അത് ഓര്‍ത്തെടുത്ത് പരീക്ഷയെഴുതുകയും ചെയ്യുന്ന രീതിയില്‍നിന്ന് മാറി, വിദ്യാര്‍ഥിയുടെ വിശകലന ശേഷി വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനാധിഷ്ടിത പഠനമാണ് പുതിയ നയരേഖ മുന്നോട്ടുവക്കുന്ന സുപ്രധാന ആശയം. കാണാതെ പഠിക്കുക എന്നതില്‍നിന്ന് ആലോചിക്കാനും വിശകലനം ചെയ്യാനും പഠിക്കുക എന്നിടത്തേക്കുള്ള മാറ്റം. അതിനനുസൃതമായ പരീക്ഷാ രീതിയാണ് കസ്തൂരി രംഗന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നത്. കുട്ടികളുടെ സര്‍ഗാത്മകമായ വളര്‍ച്ചയെ സഹായിക്കുന്നതാകണം അവരെ വലിയിരുത്തുന്ന രീതി.  നിരന്തര മൂല്യനിര്‍ണയത്തിലൂടെ വിമര്‍ശനാത്മക ചിന്താ ശേഷി, അപഗ്രഥന പാടവം തുടങ്ങിയവയാണ് വിലയിരുത്തേണ്ടത്. സ്കൂള്‍ പരീക്ഷ മുതല്‍ തൊഴില്‍ പരീക്ഷ വരെയുള്ള എല്ലായിടത്തും പരീക്ഷാര്‍ഥിയുടെ വിശകലന ശേഷി കണ്ടെത്താനാതുകുന്ന പരീക്ഷാ രീതി അവലംബിക്കണം.

നിലവിലെ പരീക്ഷാ രീതിയും അതിന്‍റെ ഉപോത്പന്നമെന്ന നിലയില്‍ രൂപപ്പെട്ട ട്യൂഷന്‍-കോച്ചിങ് സംസ്കാരവും സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ ആഘാതം സൃഷ്ടിച്ചിച്ചുണ്ട് എന്ന് നയരേഖ പറയുന്നു. 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ വിദ്യാര്‍ഥികളെ അസാധാരണമായ സമ്മര്‍ദത്തിലകപ്പെടുത്തുന്നു. ചിന്താ-വിശകലന ശേഷിയെ അപ്രസക്തമാക്കുംവിധം മനപ്പാഠം പഠിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു. ഏതാനും ചില വിഷയങ്ങളിലെ ഏതാനും ഭാഗം മാത്രം പഠിച്ച് 'ഉന്നത' വിജയം നേടാന്‍ അവര്‍ക്ക് കഴിയും. സ്കൂള്‍ കാലത്തുതന്നെ സ്പെഷലൈസേഷനിലേക്ക് പോകുന്നതിനാല്‍ അവരുടെ ഭാഷാ-ഗണിതാഭിരുചി-നൈപുണി തുടങ്ങിയവ അവഗണിക്കപ്പെടുകയാണ്. കുട്ടികളില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ട ഇത്തരം അഭിരുചികള്‍ ബഹുവിഷയ കേന്ദ്രിത (multidisciplinary) രീതികളിലൂടെ ഉറപ്പാക്കുകയും അതെല്ലാം നിരന്തര മൂല്യ നിര്‍ണയത്തിന് വിധേയമകാക്കുകയും വേണം. ഒന്നോ രണ്ടോ തവണ മാത്രം അവസരം ലഭിക്കുന്ന നിലവിലെ ബോര്‍ഡ് പരീക്ഷകള്‍  നയരേഖ മുന്നോട്ടുവക്കുന്ന ആശയം ദുര്‍ബലപ്പെടുത്തുന്നവയാണ്. അതുകൊണ്ട് നിലവിലെ പരീക്ഷാ രീതി പൂര്‍ണമായി പൊളിച്ചെഴുതണമെന്നാണ് ശിപാര്‍ശ. വിദ്യാര്‍ഥിയുടെ അറിവിനെ പലതരത്തില്‍ പരിശോധിക്കുന്ന പരീക്ഷാ സന്പ്രദായം ആവിഷ്കരിക്കണം. അതിനായി നയരേഖ മുന്നോട്ടുവക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്: വിദ്യാര്‍ഥിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വ്യത്യസ്ത വിഷയങ്ങള്‍ പരീക്ഷക്ക് വേണ്ടി നിശ്ചയിക്കണം.  ഇതില്‍നിന്ന്, ഒരു വിദ്യാര്‍ഥിക്ക് അവന്‍റെ അഭിരുചിക്കിണങ്ങുന്ന വിഷയം തെരഞ്ഞെടുത്ത് അതില്‍ പരീക്ഷയെഴുതാന്‍ കഴിയണം. പരീക്ഷ, വിഷയത്തിന്‍റെ മര്‍മം മാത്രം പരിശോധിക്കുന്നതും വിദ്യാര്‍ഥിക്ക് അനായാസം നേരിടാന്‍ കഴിയുന്നതും ആകണം. ക്ലാസില്‍ കൊള്ളാവുന്ന തരത്തില്‍ പഠിക്കുന്നവര്‍ക്ക്  അധിക അധ്വാനമില്ലാതെ വിജയിക്കാനാകണം.  പരീക്ഷക്ക് സജ്ജനാണെന്ന് കുട്ടിക്ക് ബോധ്യമായാലാണ് പരീക്ഷ നടത്തേണ്ടത്.  കൂടുതല്‍ പഠിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം. സ്കൂള്‍ ഫൈനല്‍ പരീക്ഷ തന്നെ ബോര്‍ഡ് പരീക്ഷയായി കണക്കാക്കിയാല്‍ പരീക്ഷകളുടെ എണ്ണം കുറക്കാനാകുമെന്നും നയരേഖ ചൂണ്ടിക്കാട്ടുന്നു.

2022-ാടെ പരീക്ഷാ രീതികളില്‍ മാറ്റം വരുത്തണം. അതിനനുസൃതമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാന്‍ എന്‍ സി ഇ ആര്‍ ടിയെ കമ്മിറ്റി ചുമതലപ്പെടുത്തി. കോര്‍ വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുന്ന രീതിയില്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റും. കന്പ്യൂട്ടറൈസ്ഡ് അഡാപ്റ്റിവ് ടെസ്റ്റിങ് വ്യാപകമാക്കണമെന്നും എത്രതവണ വേണമെങ്കിലും കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ കഴിയുമെന്നും നയരേഖ നിര്‍ദേശിക്കിന്നു. കോളജ്/സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ നടത്താനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) രൂപവത്കരിക്കണമെന്നതാണ് മറ്റൊരു ശിപാര്‍ശ. എന്‍ ടി എ രാജ്യത്തുടനീളം പരീക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. പരമാവധി എല്ലാ ഭാഷകളിലും പരീക്ഷ നടത്തണം.



മൂന്നുതരം സര്‍വകലാശാലകള്‍

ഉന്നത വിദ്യാഭ്യാസ മേഖലലയിലും സമഗ്രമായ അഴിച്ചുപണിയാണ് നയം ശിപാര്‍ശ ചെയ്യുന്നത്. ബഹുവിഷയ കേന്ദ്രിതമായ പാഠ്യപദ്ധതി നിര്‍ദേശിക്കുന്ന നയം, 15 വര്‍ഷം കൊണ്ട് രാജ്യത്തെ ഗ്രോസ് എന്‍‍റോള്‍മെന്‍റ് റേഷ്യോ (ജി ഇ ആര്‍) 50 ശതമാനമാക്കി വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. രാഷ്ട്ര നിര്‍മാണ പ്രകൃയയില്‍ വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കുന്നതിനൊപ്പം സാമൂഹിക ബോധവും സംസ്കാരവുമുള്ള പൌരസമൂഹ രൂപീകരണവും സാധ്യമാകണം. വ്യക്തികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കലല്ല ഉന്നത വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. എന്നാല്‍ തൊഴില്‍ വിപണിയില്‍ അത്യാവശ്യമായ പലതരം ശേഷികള്‍ ആര്‍ജിക്കാവുന്ന വിധത്തില്‍ ആകുകയും വേണം. 800ല്‍ അധികം സര്‍വകലാശാലകളും 40,000-ാളം കോളജുകളുമാണ് ഇന്ന് രാജ്യത്തുള്ളത്. ഇതില്‍ പകുതിയോളം കോളജുകളും ഒരു വിഷയത്തില്‍ മാത്രം ഉന്നത പഠനം വാഗ്ദാനം ചെയ്യുന്നവയാണ്. ആകെ നാല് ശതമാനം കോളജുകളില്‍ മാത്രമാണ് 3000ല്‍ അധികം കുട്ടികള്‍ പഠിക്കാനെത്തുന്നത്. 20 ശതമാനം കോളജുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം 100ല്‍ താഴെയാണ്. അധ്യാപക ക്ഷാമമാകട്ടെ അതിഭീകരമാംവിധം രൂക്ഷവുമാണ്. ഇത്രയും വിഭവ ശേഷിയെ ആസൂത്രിതമായ പദ്ധതികളിലൂടെ പരമാവധി ഉപയോഗപ്പെടുത്തുന്ന പരിഷ്കാരമാണ് നയരേഖ മുന്നോട്ടുവക്കുന്നത്. ബഹുവിഷയ കേന്ദ്രിത കോളജുകളും സര്‍വകലാശാലകളും സ്ഥാപിക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസത്തെ പല തട്ടിലും മട്ടിലുമാക്കി മുറിച്ചുമാറ്റിയ നിലവിലെ സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തുകയാണ് മുഖ്യ ലക്ഷ്യമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു സര്‍വകലാശാല/കോളജ് 5000 കുട്ടികള്‍ എങ്കിലുമുള്ള സ്ഥാപനമാക്കി മാറ്റണം.

ബിരുദ പഠനം കൂടുതല്‍ ഉദാരമാക്കണം. നിലവിലെ ത്രിവത്സര ബിരുദ പദ്ധതി ആവശ്യമുള്ളവര്‍ക്ക് തുടരാം. എന്നാല്‍ കൂടുതല്‍ സമഗ്രവും കാര്യക്ഷമവുമായ രീതിയില്‍ നാല് വര്‍ഷ ബിരദു കോഴ്സുകള്‍ ആരംഭിക്കണം. ഒന്നിലധികം വിഷയങ്ങളില്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിയുന്ന തരത്തിലാകും അതിന്‍റെ ഘടന. പൊതു വിഷയങ്ങളും ഉപ വിഷയങ്ങളും എന്ന രീതിയിലാകും സിലബസ്. അഥവ ഒരേ വിഷയത്തില്‍ സ്പെഷലൈസേഷനോടുകൂടി പഠിക്കുന്ന നിലവിലെ രീതിക്ക് പകരം, കുറേ വിഷയങ്ങള്‍ (multi disciplinary) പഠിക്കുകയും അതില്‍ നിന്ന് കൂടുതല്‍ താത്പര്യമുള്ള വിഷയങ്ങളില്‍ കൂടുതല്‍ പഠനം നടത്തുകയും ചെയ്യുന്ന തരത്തില്‍ ക്രമീകരിക്കുക. ലിബറല്‍ ആട്സ് പ്രോഗ്രാം എന്നുതന്നെയായിരിക്കും ബിരുദം അറിയപ്പെടുക. ഗവേഷണത്തെയും ബിരുദ പഠനത്തെയും കൂടുതല്‍ ഫലപ്രദമായി കൂട്ടിയിണക്കാനാണ് ഉദാര വിദ്യാഭ്യാസ സമീപനം ആവിഷ്കരിക്കുന്നത് എന്നാണ് നയരേഖ അവകാശപ്പെടുന്നത്. ഇതനായി ഗവേഷണ രംഗത്ത് അന്തര്‍സര്‍വകലാശാല തലത്തിലെ സഹകരണവും സംയുക്ത പദ്ധതികളും, ഭാഷ-തത്വശാസ്ത്രം, സാഹിത്യം, കല എന്നിവയിലെ ഗവേഷണവും പഠനവും, ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുടെ സംസ്കാരം- ചരിത്രം എന്നിവയിലെ ഗവേഷണം, ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിലെ ഗവേഷണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കണമെന്ന് നയരേഖ ശിപാര്‍ശ ചെയ്യുന്നു. അക്കാദമികവും ഭരണപരവുമായ പൂര്‍ണ സ്വയംഭരണാധികാരമുള്ള സ്വതന്ത്ര ബോര്‍ഡുകള്‍ക്കായിരിക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണം. ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിനെയും വൈസ് ചാന്‍സിലറെയുമെല്ലാം നിശ്ചയിക്കാന്‍ മെറിറ്റ് മാത്രമാണ് മാനദണ്ഡമാക്കേണ്ടത്. സര്‍ക്കാര്‍ ഇടപെടലുകളോ ബാഹ്യ സമ്മര്‍ദങ്ങളോ ഇതലുണ്ടാകാന്‍ പാടില്ല. എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമായി ഒരൊറ്റ നിയന്ത്രണ സംവിധാനമാണ് വേണ്ടത്. പൊതു-സ്വകാര്യ സ്ഥാപനങ്ങളെയെല്ലാം ഒരേ സംവിധാനത്തിന്‍ കീഴില്‍ കൊണ്ടുവരണം. വിദ്യാഭ്യാസത്തിന്‍റെ വാണിജ്യവത്കരണം അവസാനിപ്പിക്കുന്നതോടൊപ്പം, മാനവികമായ വീക്ഷണത്തോടെ വരുന്ന സ്കാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വ്യക്തികളെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കണം.



തുല്യാവസരവും പരമാവധി പ്രാപ്യതയും ഉറപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് മൂന്നുതരം സര്‍വകലാശാലകള്‍ സ്ഥാപിക്കാനാണ് നയരേഖ ലക്ഷ്യമിടുന്നത്. 2030-ാടെ ഇത് യാഥാര്‍ഥ്യമാക്കണം. ഗവേഷണ സര്‍വകലാശാലകള്‍ (research universities)‍, അധ്യാപന സര്‍വകലാശാലകള്‍ (teaching universities), കോളജുകള്‍ എന്നിങ്ങനെയാണ് വിഭജനം. ഗവേഷണത്തിലും അധ്യാപനത്തിലും ഒരുപോലെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളാണ് ഗവേഷണ സര്‍വകലാശാലകള്‍. പുതിയ അറിവുകള്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം നല്‍കുന്ന കേന്ദ്രങ്ങള്‍ കൂടിയാകും ഇത്. ബിരുദാനന്തര കോഴ്സുകള്‍ മാത്രമല്ല, ബിരുദ പഠനം കൂടി ഇത്തരം സര്‍വകലാശാലകളിലുണ്ടാകും. 20 കൊല്ലംകൊണ്ട് ഇത്തരം 150-300 സര്‍വകലാശാലകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഗവേഷണത്തിലും പഠനത്തിലും രാജ്യത്തെ ഏറ്റവും മുന്തിയ സ്ഥാപനങ്ങളാക്കി ഇവയെ മാറ്റണം. 5000 മുതല്‍ 25,000 വരെ കുട്ടികള്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കും.

ഉന്നത നിലവാരത്തിലുള്ള പഠനം ഉറപ്പുനല്‍കുന്നവയാണ് ടൈപ്പ് 2 വിഭാഗത്തിലെ സര്‍വകലാശാലകള്‍. ഇവിടെ ഗേവഷണത്തേക്കാല്‍ പഠനത്തിനാണ് പ്രാമുഖ്യം. രണ്ട് പതിറ്റാണ്ടുകൊണ്ട് ഇത്തരം 2000 സര്‍കലാശാലകള്‍ സ്ഥാപിക്കും. ഒരു സര്‍വകലാശാലയില്‍ 5000-25,000 കുട്ടികള്‍. രുണനിലവാരത്തില്‍ ഒന്നാം വിഭാഗത്തില്‍പെട്ട സര്‍വകലാശാലകളുടെ ഒപ്പം നില്‍ക്കുന്നവയാകും ടൈപ് 2 ല്‍ ഉള്ളവയും. ചിലതെങ്കിലും ഒന്നാം വിഭാഗത്തില്‍ ഉള്‍പെടുത്താവുന്നവയുമായിരിക്കണം. ബിരുദം, ഡിപ്ലോമ കോഴ്സുകൾ, സര്‍‌ട്ടിഫിക്കറ്റ് കോഴ്സുകൾ, പ്രൊഫഷണല്‍ കോഴ്സുകൾ തുടങ്ങിയവ നടത്തുന്ന കോളജുകളാണ് മൂന്നാം വിഭാഗത്തില്‍ (ടൈപ്പ് 3) വിഭാവനം ചെയ്യുന്നത്. രണ്ടായിരം മുതല്‍ അയ്യായിരം വരെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാവുന്ന ഇത്തരം 10,000 -ാളം സ്ഥാപനങ്ങള്‍ വേണമെന്ന് നയം നിര്‍ദേശിക്കുന്നു. സമ്പൂര്‍ണ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളായിരിക്കും ഇവ. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സ്ഥാപിക്കുന്ന ഇവയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ നിക്ഷേപവും ആകാം. ഓരോ തലത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അക്രഡിറ്റേഷന്‍ സന്പ്രദായം ഏര്‍പെടുത്തും. മൂന്ന് വിഭാഗം സ്ഥാപനങ്ങളും രാജ്യത്ത് എല്ലായിടത്തും തുല്യമായി സ്ഥാപിക്കപ്പെടണം. ഒരു ജില്ലയില്‍ മൂന്ന് വിഭാഗത്തിലും പെട്ട ഒരോ സ്ഥാപനങ്ങള്‍ അടുത്ത 5 വര്‍ഷത്തിനകം സ്ഥാപിക്കണം. ശ്രമകരമായ ഭൂ ഘടനയുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.

ബിരുദ ദാനത്തിനുള്ള അധികാരം നിലവില്‍ സര്‍വകലാശാലകള്‍ക്കാണ്. സ്വയംഭരണ കോളജുകള്‍ക്ക് കൂടി ഈ അധികാരം നല്‍കുന്ന തരത്തില്‍ ഇത് പുനക്രമീകരിക്കണം. കോളജുകള്‍ക്ക് അവരവരുടെ പേരുകളില്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാം. നിലവിലെ സര്‍വകലാശാലകള്‍ ടൈപ്പ് 1 അല്ലെങ്കില്‍ ടൈപ്പ് 2 വിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളായി മാറണം. കോളജുകള്‍ അഫിലിയേറ്റ് ചെയ്യുന്ന രീതി ഇല്ലാതാക്കും. എല്ലാ കോളജുകളും സ്വയംഭരണ കോളജുകളുമാക്കി മാറ്റും. അവക്ക് നിലവിലെ സര്‍വകലാശാലയില്‍ ലയിക്കുകയോ അല്ലെങ്കില്‍ സ്വയം ഒരു സര്‍വകലാശാലയായി മാറുകയോ ചെയ്യാം. 12 കൊല്ലത്തിനകം ഈ മാറ്റം പൂര്‍ത്തിയാക്കണം. 2032 ന് ശേഷം രാജ്യത്ത് അഫിലിയേറ്റഡ് കോളജുകളോ അഫിലിയേറ്റിങ് സര്‍വകലാശാലകളോ ഉണ്ടാകില്ല. 12 കൊല്ലത്തിനകം ഇങ്ങിനെ മാറാത്ത കോളജുകളെ അഡല്‍റ്റ് എജുക്കേഷന്‍ കേന്ദ്രങ്ങളോ ലൈബ്രറികളോ തൊഴിലധിഷ്ടിത വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളോ ആക്കി മാറ്റും.

തുല്യതയും ലഭ്യതയും

അന്താരാഷ്ട്ര ഗുണനിലവാരമുള്ള വിദ്യാഭ്യാസം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഒരുപോലെ ലഭ്യമാക്കുക എന്ന ലക്ഷ്യം നടപ്പാക്കാനുതകുന്ന നിര്‍ദേശങ്ങള്‍ കരട് നയരേഖയിലെങ്ങും കാണാം. 2030-ാടെ ഇത് യാഥാര്‍ഥ്യമാക്കണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ മേഖലയില്‍നിന്ന് പുറന്തള്ളപ്പെടുന്നവരുടെ പ്രശ്നങ്ങളും അത് നേരിടേണ്ടി വരുന്ന സമൂഹങ്ങളുടെ സവിശേഷതകളും അക്കമിട്ട് നിരത്തുന്നു. സാന്പത്തികവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്തള്ളപ്പെടുന്നവരെ സവിശേഷമായി ഉള്‍കൊള്ളുന്ന തരത്തില്‍ സ്പെഷല്‍ എജുക്കേഷന്‍ സോണുകള്‍ സ്ഥാപിക്കണമെന്ന് നയരേഖ ശിപാര്‍ശ ചെയ്യുന്നു. ഇത്തരം മേഖലയില്‍പ്രകടമാകുന്ന  അധ്യാപക ക്ഷാമം പരിഹരിക്കാന്‍ ബദല്‍ വഴികള്‍ തേടാം. സവിശേഷ ശ്രദ്ധ വേണ്ട പ്രദേശങ്ങളില്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം കുറക്കണം. വിദ്യാര്‍ഥികള്‍ക്ക് സാന്പത്തിക സഹായം നല്‍കണം. സ്കോളര്‍ഷിപ്പുകള്‍ ഉറപ്പാക്കണം. ഇതിനായി ദേശീയ തലത്തില്‍ പ്രത്യേക ഫണ്ട് സമാഹരിക്കും. പെണ്‍കുട്ടികളുടെ പഠനം ഉറപ്പാക്കാന്‍ ജെന്‍ഡര്‍ ഇന്‍ക്ലൂഷന്‍ ഫണ്ട് സ്ഥാപിക്കും. കൊഴിഞ്ഞുപോകുന്നവരെ തിരിച്ചുകൊണ്ടുവരാന്‍ പദ്ധതി തയാറാക്കണം.

കുട്ടികളോട് എളുപ്പത്തില്‍ ആശയവിനിമയം നടത്താന്‍ പറ്റുന്നവരെ അധ്യാപകരായി നിയോഗിക്കണം. ഒരേവിഭാഗത്തില്‍പെട്ട കുട്ടികളാണെങ്കില്‍  അവരില്‍നിന്ന് തന്നെയുള്ള അധ്യാപകരെ നിയോഗിക്കാം. എല്ലാ തരത്തിലുമുള്ള വിവേചനം തടയുന്ന സംവിധാനം സ്കൂളുകളില്‍ നടപ്പാക്കും. സ്കൂളുകളില്‍നിന്ന് തന്നെ ലിംഗസമത്വത്തെക്കുറിച്ച അവബോധം സൃഷ്ടിക്കും. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സവിശേഷ സംരക്ഷണം നല്‍കുന്ന നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തണം. പാഠശാലകള്‍, ഗുരുകുലം, മദ്രസകള്‍ തുടങ്ങിയ മതപഠന കേന്ദ്രങ്ങളെ സ്കൂള്‍ വിദ്യാഭ്യാസം നല്‍കുന്ന തരത്തില്‍ ദേശീയ വിദ്യാഭ്യാസ ചട്ടക്കൂടുമായി ബന്ധിപ്പിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ബോര്‍ഡ് പരീക്ഷ എഴുതാന്‍ അവസരം നല്‍കും. ഇങ്ങിനെ സമൂഹത്തിന്‍റെ നാനാതുറകളില്‍ പലകാരണങ്ങളാല്‍ പിന്തള്ളപ്പെട്ടുപോയ വിഭാഗങ്ങളുടെ പഠനത്തിന് സവിശേഷമായ പരിഗണനയാണ് നയരേഖ നല്‍കുന്നത്.

ഇംഗ്ലീഷിനോട് അരിശം

മറ്റ് വിഭാഗങ്ങളില്‍ നയരേഖ പ്രകടിപ്പിച്ച അക്കാദമികമായ ഔന്നത്യവും വിശാലതയും സൂക്ഷ്മതയുമെല്ലാം മാറ്റിവച്ചാണ് ഭാഷാ പഠനവുമായി ബന്ധപ്പെട്ട നിലപാടുകള്‍ കസ്തൂരിരംഗന്‍ കമ്മിറ്റി രൂപപ്പെടുത്തിയിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയ രേഖ പുറത്തിറക്കിയതിന് പിന്നാലെ രാജ്യമാകെ ഉയര്‍ന്ന ആരോപണം, അത് ഭാഷാ വൈവിധ്യത്തെ നിരാകരിച്ച് ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. ഹിന്ദിയേതര സംസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തില്‍ നയ രേഖ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കെതിരെ രംഗത്തെത്തി. വലിയ പ്രതിഷേധമവും അരങ്ങേറി. ഹിന്ദി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്നു എന്നും ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്നു എന്നും വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള നിര്‍ദേശങ്ങളാണ് ഈ വിവാദത്തിന് നിമിത്തമായത്.  ഹിന്ദി മൌലികവാദം ഇല്ലെന്നും നിലവില്‍ പിന്തുടരുന്ന ത്രിഭാഷാ പഠന പദ്ധതി തന്നെ പുതിയ നയത്തിലും തുടരുമെന്നും സര്‍ക്കാറിന് വിശദീകരിക്കേണ്ടിവന്നു. എന്നാല്‍ പുതിയ നയത്തിലൂടനീളം ഭാഷ, ഒരു പ്രശ്നമേഖലയായി ഒളിഞ്ഞുകിടക്കുന്നുവെന്ന് ന്യായമായും സംശയിക്കാവുന്ന തരത്തിലാണ് കരട് രേഖ തയാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷിനെ അവഗണിക്കുകയും പ്രാദേശിക ഭാഷയിലേക്ക് വ്യവഹാരം ചുരുക്കുകയും ചെയ്യുക എന്നതാണ് നയത്തിന്‍റെ കാതല്‍. വികസിത
രാജ്യങ്ങളെല്ലാം അവരവരുടെ സ്വന്തം ഭാഷയിലാണ് അന്താരാഷ്ട്ര വിഷയങ്ങളടക്കം കൈകാര്യം ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് കരട് നയം ഈ നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യയല്ലാത്ത രാജ്യങ്ങള്‍ക്കെല്ലാം സ്വന്തമായി ഒരൊറ്റ പൊതുഭാഷയുണ്ട് എന്നും ഇന്ത്യക്ക് അങ്ങിനെയൊന്നില്ല എന്നുമുള്ള വസ്തുത നയരേഖ മറച്ചുവക്കുന്നു‍. മാത്രമല്ല, വികസിത രാജ്യങ്ങളിലെ പൌരന്‍മാര്‍ക്ക് അതിജീവനത്തിന് അവരുടെ ഭാഷയും രാജ്യവും തന്നെ ധാരാളമാണ്. ഇവിടെ അതല്ല സ്ഥിതി. അതുകൊണ്ടുകൂടിയാണ് ഇന്ത്യക്കാരന് അന്താരാഷ്ട്ര ഭാഷ അനിവാര്യമാകുന്നത്. ഭാഷാ പഠനം എന്നാല്‍ സംസ്കാരവും സാഹിത്യവും പഠിക്കല്‍ കൂടിയാണ്. ഇംഗ്ലീഷ് അടക്കമുള്ള വിദേശ ഭാഷകളോട് കഠിനമായ വിയോജിപ്പും ഇന്ത്യന്‍ ഭാഷകളില്‍ അമതിമായ ഊന്നലും നല്‍കുന്നത് ഈ പ്രാധാന്യം മുന്നില്‍ കണ്ടുതന്നെയാകണം.

ആഗോള നിലവാരവും സാധ്യതയുമുള്ള വിദ്യാഭ്യാസം സ്വപ്നംകാണുന്നുണ്ട് എങ്കിലും  ഭാഷയുടെ കാര്യത്തില്‍ നയരേഖക്ക് ഈ വിശാല വീക്ഷണമില്ല. വിശേഷിച്ചും ഇംഗ്ലീഷിനോടുള്ള സമീപനത്തില്‍. 'ദൌര്‍ഭാഗ്യവശാല്‍ ഇംഗ്ലീഷ്, പഠന മാധ്യമം ആക്കുന്ന പ്രവണത രാജ്യത്തുടനീളമുണ്ട്' എന്ന് ആശങ്കയാണ് വിദ്യാഭ്യാസ നയരേഖ പങ്കുവക്കുന്നത്.  നൂറ്റാണ്ടുകളിലൂടെ വികസിച്ച ഇന്ത്യന്‍ ഭാഷകള്‍, എല്ലാ തരത്തിലുള്ള ആശയവിനിമയവും സാധ്യമാക്കുന്നുണ്ട്. അവ ശാസ്ത്രീയ ഘടനയുള്ളതാണ്. സമൃദ്ധമായ സാഹിത്യശാഖകള്‍ ഉള്‍കൊള്ളുന്നതാണ്. ഇന്ത്യന്‍  സാഹചര്യങ്ങളോട് ആത്മബന്ധമുള്ളതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏതുവിഷയത്തിലും ഒരു പോലെ സംസാരിക്കാനും പഠിക്കാനും ആശയപ്രകാശനം നടത്താനും കഴിയുന്നവയാണ്. അത് ഒട്ടും സങ്കീര്‍ണതകളില്ലാത്ത, നിരന്തരം ഉപയോഗിക്കപ്പെടുന്ന വ്യാകരണപരമായ കാര്‍ക്കശ്യങ്ങളില്ലാത്തവയാണ് എന്നും നയരേഖ പരിചയപ്പെടുത്തുന്നു. ഇംഗ്ലീഷിന്‍റെ പ്രാമുഖ്യം മറികടക്കണമെന്ന് നിര്‍ദേശിക്കുന്നിടത്താണ് ഇന്ത്യന്‍ ഭാഷകളെക്കുറിച്ച ഈ ആത്മവിശ്വാസ പ്രകടനം എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലീഷ് ഇന്ത്യയിലെ ഉപരിവര്‍ഗത്തിന്‍റെ ഭാഷയാണ്, മറ്റുള്ളവരെ അത് അരികുവത്കരിക്കുന്നു, ഒരാളുടെ വിദ്യാഭ്യാസ നിലവാരം നിര്‍ണയിക്കാനുള്ള മാനദണ്ഡമായി ഇംഗ്ലീഷ് മാറുന്നു, ഇംഗ്ലീഷറിയാത്തവര്‍ക്ക് ഉയര്‍ന്ന ജോലികള്‍ കിട്ടാതാകുന്നു, പല പ്രതിഭാശാലികള്‍ക്കും ഇംഗ്ലീഷ് തടസ്സമാകുന്നു,  രക്ഷിതാക്കളില്‍ ഇംഗ്ലീഷ് ഭ്രമം സൃഷ്ടിക്കുന്നു തുടങ്ങിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് ഇംഗ്ലീഷിനെതിരെ കരട് രേഖ വലിയൊരു കുറ്റപത്രം തന്നെ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇംഗ്ലീഷിന്‍റെ ഈ ആധിപത്യം അവസാനിപ്പിക്കണം, ഇന്ത്യന്‍ ഭാഷകള്‍ക്ക് നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കണം, ഇന്ത്യന്‍ ജനതയെ അവരുടെ വൈജാത്യങ്ങള്‍ക്കതീതമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ഭാഷാപഠനം വ്യാപകമാക്കണം, ഇംഗ്ലീഷും പഠിപ്പിക്കാം പക്ഷെ ഭാഷാ-സാഹിത്യ പഠനം ഇന്ത്യന്‍ ഭാഷകളില്‍ മാത്രമാകണം തുടങ്ങിയ നിര്‍ദേശങ്ങളും കരട് രേഖയിലുണ്ട്. ഇന്ത്യക്കാര്‍ തമ്മിലെ ആശയ വിനിമയം ഇന്ത്യന്‍ ഭാഷയിലായിരിക്കണം എന്നതാണ് നയരേഖ മുന്നോട്ടുവക്കുന്ന മറ്റൊരു സുപ്രധാന നിര്‍ദേശം. ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയും വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണ് എന്ന യാഥര്‍ഥ്യം വിസ്മരിച്ചാണ് കസ്തൂരി രംഗന്‍ കമ്മിറ്റി ഈ നിര്‍ദേശം മുന്നോട്ടുവക്കുന്നത്. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ ജനതയുടെ ഭാഷാതിരുകള്‍ക്കതീതമായ ആശയവിനിമയം ഏറെക്കുറെ സാധ്യമാക്കുന്നത് ഇംഗ്ലീഷാണ്. മലയാളിയോ തമിഴനോ മറാഠിയോ ഗുജറാത്തിയോ അസമിയോ അവരവരുടെ സംസ്ഥാനത്തിന് പുറത്തുപോയാല്‍ പിന്നെ പൊതുവായ ആശയവിനിമയത്തിന് ആശ്രയിക്കുന്നത് ഇംഗ്ലീഷിനെയാണ്. ഹിന്ദി അവരുടെയൊന്നും മുന്‍ഗണനാ ഭാഷയാകുന്നുമില്ല. ഇത്തരം യാഥാര്‍ഥ്യങ്ങളെപ്പോലും പരിഗണിക്കാതെയാണ് ഇംഗ്ലീഷ് വിരുദ്ധ ഇന്ത്യന്‍ ഭാഷാ പ്രേമം നയരേഖ പ്രകടിപ്പിക്കുന്നത്. ഫലത്തില്‍ ഭൂരിപക്ഷം ഇന്ത്യക്കാര്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദിയുടെ ആധിപത്യവും അപ്രമാധിത്തവും സ്ഥാപിക്കലായിരിക്കും ഇതിലൂടെ സംഭവിക്കുക.  ഒരൊറ്റ രാജ്യം ഒരൊറ്റ ഭാഷ എന്ന ആശയം പരോക്ഷമായി പറയുന്നുവെന്നാണ് ഭാഷയുമായി ബന്ധപ്പെട്ട കരട് രേഖയിലെ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സയന്‍സും സാങ്കേതിക വിദ്യയും പഠിക്കാനും അതില്‍ ഗവേഷണങ്ങള്‍ നടത്താനും ഇംഗ്ലീഷ് തന്നെ ആകാമെന്ന് നയരേഖ പറയുന്നുമുണ്ട്!

അധ്യയന മാധ്യമം പ്രാദേശിക ഭാഷയാകണമെന്ന കര്‍ക്കശമായ നിര്‍ദേശം നയം മുന്നോട്ടുവക്കുന്നു. സ്വതന്ത്രമായ ചിന്തക്കും അതിരുകളില്ലാത്ത ആലോചനകള്‍ക്കും മാതൃഭാഷയില്‍ പഠിക്കുക എന്നത് പ്രധാനമാണ്. ചെറു പ്രായത്തില്‍ തന്നെ ബഹുഭാഷാ പഠനത്തിന് കുട്ടികളെ സജ്ജമാക്കണം. ഭാഷാപഠനം ഏറ്റവും അനായാസം നടക്കുന്നുത് 2 മുതല്‍ 8 വയസ്സുവരെയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഗ്രേഡ് 8 വരെ പഠനം മാതൃഭാഷയിലായിരിക്കണം. ഇതില്‍ ഗ്രേഡ് 5 വരെ മാതൃഭാഷ/പ്രാദേശിക ഭാഷയല്ലാതെ മറ്റൊന്നും അധ്യയന മാധ്യമമാകാന്‍ പാടില്ല.  സയന്‍സ് അടക്കമുള്ള എല്ലാ ടെക്സ്റ്റ് പുസ്തകങ്ങളും അതത് ഭാഷയില്‍ ലഭ്യമാക്കണം. അധ്യയന മാധ്യമത്തില്‍നിന്ന് വ്യത്യസ്തമായ പ്രാദേശിക ഭാഷയുള്ള കുട്ടികള്‍ ക്ലാസിലുണ്ടെങ്കില്‍ അധ്യാപകര്‍ ദ്വിഭാഷ രീതിയില്‍‍ പഠിപ്പിക്കണം. അതിനുവേണ്ട പഠന സാമഗ്രികളും ഉണ്ടാകണം. ഭാഷാധ്യാപകരെ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. സംസ്കൃതം അടക്കം ക്ലാസിക്കല്‍ ഭാഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. അതിലെ സാഹിത്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ശാസ്ത്രവും ഗണിത ശാസ്ത്രവും വൈദ്യ ശാസ്ത്രവും ഒക്കെയുള്ള സംസ്കൃതം പഠിപ്പിക്കാന്‍ വിപുലമായ സംവിധാനം ഒരുക്കണം. മറ്റ് സ്കൂള്‍ വിഷയങ്ങളുമായി സംസ്കൃതത്തെ ബന്ധിപ്പിക്കണം. എല്ലാ അറിവുകളുടെയും സ്രോതസ്സാണ് സംസ്കൃതം എന്ന ധ്വനി നയരേഖയുടെ വരികള്‍ക്കിടയില്‍ കാണാം. പാലി, പേര്‍ഷ്യന്‍, പ്രാകൃത് എന്നീ ഭാഷകളുടെ പരിപോഷണത്തിനായി പ്രത്യേക കമ്മീഷന്‍ രൂപവത്കരിക്കണമെന്നും ശിപാര്‍ശയുണ്ട്.

നിയന്ത്രണം പ്രധാനമന്ത്രിയില്‍

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ പരിവര്‍ത്തനം സാധ്യമാക്കുന്ന നയരൂപീകരണമാണ് കസ്തൂരി രംഗന്‍ കമ്മിറ്റി ശിപാര്‍ശകളുടെ ആകത്തുക. അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം പുതുതലമുറക്ക് ഉറപ്പാക്കാനുതകുംവിധമുള്ള ഒരുപാട് ശിപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ കാണാം. കരട് രേഖ സര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ഇത് രാജ്യത്തിന്‍റെ പുതിയ വിദ്യാഭ്യാസ നയമായി മാറും. അക്കാദമികമായി നയ രേഖ പൊതുവെ സ്വീകാര്യവും പ്രതീക്ഷാ നിര്‍ഭരവുമാണ്. നയം പൊതുവായ ചില സമീപനങ്ങളും നിലപാടുകളും സങ്കല്‍പങ്ങളുമാണ്. എന്നാല്‍ അത് പ്രയോഗത്തില്‍ വരുത്താന്‍ സുവ്യക്തവും സുചിന്തിതവുമായ നടപടികളും സര്‍ക്കാര്‍ ഉത്തരുവകളും വേണം. ഇപ്പോള്‍ പ്രഖ്യാപിച്ച നയം തന്നെയും ഏത് തരത്തിലും വ്യാഖ്യാനിക്കാനാകുംവിധം വിശാലവും വിപുലവുമാണ്. അത് നടപ്പാക്കാന്‍
വേണ്ട നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്പോഴാണ് രാഷ്ട്രീയ തീരുമാനങ്ങള്‍ പ്രത്യക്ഷമാകുക. വിദ്യാഭ്യാസ രംഗത്ത് പ്രഖ്യാപിത അജണ്ടകളുള്ള രാഷ്ട്രീയ ഹിന്ദുത്വം അധികാരം വാഴുന്ന രാജ്യത്ത് ഒരു നയം ഏത് രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുകയെന്ന് അധികം ആലോചിക്കേണ്ടതില്ല. 

എല്ലാ ശുഭ പ്രതീക്ഷകള്‍ക്കുമപ്പുറം ഉയര്‍ന്നുവരുന്ന ഈ ആശങ്ക അസ്ഥാനത്തല്ല എന്ന് അടിവരയിടുന്നതാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള ഭരണസംവിധാനത്തിന്റെ ഘടനയും രൂപകല്‍പനയും. ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ (എന്‍ ഇ സി) എന്ന പേരില്‍ പ്രധാന മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിക്കായിരിക്കും രാജ്യത്ത് ഈ നയം നടപ്പാക്കുന്നതിന്‍റെ പൂര്‍ണ ചുമതല. സംസ്ഥാനങ്ങളില്‍ ഇതേ മാതൃകയില്‍ സംസ്ഥാനതല കമ്മീഷനുകളുണ്ടാകും. 
പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാവുന്ന തരത്തിലാണ് എന്‍ ഇ സിയുടെ ഘടന. പ്രധാനമന്ത്രി ചെയര്‍മാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി (മാനവവിഭവ ശേഷി വകുപ്പിന്‍റെ പുനര്‍നാമകരണം നയം നിര്‍ദേശിക്കുന്നുണ്ട്) വൈസ് ചെയര്‍മാനുമായിരിക്കും. ആകെ 20-30 അംഗങ്ങള്‍. അതില്‍ കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, നിതി ആയോഗ് വൈസ് ചെയര്‍‌മാന്‍, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഊഴമിട്ട് കമ്മീഷനില്‍ അംഗത്വം വഹിക്കും. ഇവരെല്ലാമായിരിക്കും കമ്മീഷനിലെ പകുതി അംഗങ്ങള്‍. ബാക്കി 50 ശതമാനം പേര്‍ വിദ്യാഭ്യാസ വിചക്ഷണരും വിവിധ മേഖലകളിലെ വിദഗ്ധരും മറ്റും. ഈ കമ്മീഷനെ നിയോഗിക്കുക പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, ചീഫ് ജസ്റ്റിസ്, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി എന്നിവരടങ്ങിയ സമിതിയാകും.

വിദ്യാഭ്യാസ മേഖലയിലെ ഏത് പദ്ധതിയും പരിപാടിയും ഏത് സമയത്തും പുനരാലോചിക്കാനും ഏതുതരം പരിഷ്കാരവും നടപ്പാക്കാനുമുള്ള അധികാരം കമ്മീഷനുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാറിന്റെ ഏത് സ്ഥാനപത്തിന്റെയും ബഡ്ജറ്റും ധനവിനിയോഗവും അടക്കം എല്ലാ സാന്പത്തിക ഇടപാടുകളും നിയന്ത്രിക്കാന്‍ കമ്മീഷന് അധികാരമുണ്ട്. ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ചുമതല നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷനായിരിക്കും. ഫൌണ്ടേഷന് കീഴില്‍ രൂപവത്കരിക്കുന്ന നാല് ഡിവിഷനുകളാണ് ഗവേഷണത്തിന് അപേക്ഷ സ്വീകരിച്ച് വിഷയം അംഗീകരിക്കുക. ഇതിന് പണം നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ സബ്ജക്ട് കമ്മിറ്റിയുമുണ്ടാകും. എന്നാല്‍ റിസര്‍ച്ച് ഫൌണ്ടേഷന്റെ ഗവേണിങ് ബോഡിയെ നിയമിക്കുന്നത് എജുക്കേഷന്‍ കമ്മീഷനാണ്. ഫലത്തില്‍ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് പൂര്‍ണ അധികാരം കൈവരുന്ന, രാഷ്ട്രീയ താത്പര്യങ്ങള്‍ എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന അധികാര ഘടനയിലാണ് ദേശീയ കമ്മീഷന്‍ രൂപകല്‍പന ചെയ്യുന്നത്. അയഞ്ഞ ചട്ടക്കൂടിനുള്ളില്‍ രൂപപ്പെടുത്തിയ എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന ഉദാര വിദ്യാഭ്യാസ നയവും അതിനെ നിയന്ത്രിക്കാനായി രാഷ്ട്രീയാധിപത്യത്തോടെയുള്ള സമിതിയുമാണ് പുതിയ നയരേഖയിലൂടെ സ്ഥാപിക്കപ്പെടുന്നത്.



നയം കേന്ദ്രീകൃതം

എജുക്കേഷന്‍ കമ്മീഷന്‍ അടക്കമുള്ള സംവിധാനങ്ങളിലൂടെ കടുത്ത കേന്ദ്രീകൃത നിയന്ത്രണമാണ് ഫലത്തില്‍ പുതിയ നയം മുന്നോട്ടുവക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരുപോലെ അധികാമുള്ള കണ്‍കറന്‍റ് പട്ടികയില്‍ പെട്ടതാണ് വിദ്യാഭ്യാസം എന്ന വസ്തുത പോലും നയരൂപീകരണ സമിതി പരിഗണിച്ചില്ല എന്ന് സംശയിക്കണം. കണ്‍കറന്‍റ് ലിസ്റ്റില്‍പെട്ടതിനാല്‍ ശ്രദ്ധാപൂര്‍വമായ ആസൂത്രണവും സംയുക്തമായ നടത്തിപ്പ് മേല്‍നോട്ടവും വേണമെന്ന് മാത്രമാണ് നയം പറയുന്നത്. നയരൂപീകരണത്തില്‍ സംസ്ഥാനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം നയം അനുവദിക്കുന്നില്ല. പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തെക്കുറിച്ചും അവര്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങളെക്കുറിച്ചും നയം വിശദമായി ചര്‍ച്ച ചെയ്യുന്നില്ല. എന്നാല്‍ അവരെ ഒഴിവാക്കി എന്ന് പറയാന്‍ പറ്റാത്ത തരത്തിലുള്ള പ്രാതിനിധ്യം നല്‍കിയിട്ടുമുണ്ട്. വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും സംവരണാവകാശം സംരക്ഷിക്കുന്നതിനെപ്പറ്റിയും നയം മൌനംപാലിക്കുന്നു. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രവേശനം ഉറപ്പാക്കാനാവശ്യമായ  നിര്‍ദേശങ്ങള്‍ പലയിടത്തായി നയത്തില്‍ പറയുന്നുമുണ്ട്. 

കരട് രേഖ പ്രസിദ്ധീകരിക്കപ്പെട്ട് മൂന്നാഴ്ചക്ക് ശേഷം ദി ഹിന്ദു പത്രം നടത്തിയ അഭിമുഖത്തില്‍ നയരൂപീകരണ സമിതി അധ്യക്ഷനായിരുന്ന കെ കസ്തൂരി രംഗനോട് ഇക്കാര്യം ചോദിക്കുന്നുണ്ട്. ദലിത്- പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി എന്തുകൊണ്ട് അരപേജ് മാത്രം എന്ന ചോദ്യത്തിന് അണ്ടര്‍ പ്രിവിലേജ്ഡ് എന്ന് പരാമര്‍ശിക്കുന്നിടത്തെല്ലാം ദലിത്-പിന്നാക്ക വിഭാഗങ്ങളും ഉള്‍പെടുമെന്നാണ് നല്‍കിയ വിശദീകരണം! സംവരണത്തില്‍ തൊടാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല, നയം നടപ്പാക്കുമ്പോള്‍ എന്തെങ്കിലും അപാകമുണ്ടായാല്‍ അത് തിരുത്തണമെന്നും അതിലപ്പുറം തനിക്കൊന്നും പറയാനില്ലെന്നുമാണ് സംവരണത്തെക്കുറിച്ചുള്ള മറുപടി !! കേന്ദ്രവുമായി
എപ്പോഴും ആശയവിനിമയം നടത്തേണ്ടി വരുമെങ്കിലും അത് നേരിട്ടുള്ള നിയന്ത്രണത്തിന് കാരണമാകില്ല എന്നാണ് കേന്ദ്രീകൃത നിയന്ത്രണത്തിന് പറയുന്ന ന്യായം !!! എങ്ങും തൊടാതെ അവ്യക്തമായി നല്‍കുന്ന ഈ അഴകൊഴമ്പന്‍ മറുപടികള്‍  കരട് നയത്തെയാകെ സംശയനിഴലില്‍ നിര്‍ത്തുന്നുണ്ട്.

സ്വയംഭരണവും സ്വകാര്യവത്കരണവും

വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു സ്ഥാപനങ്ങള്‍ക്ക് തന്നെയാണ് നരയരേഖ മുന്തിയ പ്രാധാന്യം നല്‍കുന്നത്. എല്ലാവര്‍ക്കും എല്ലായിടത്തും ലഭ്യമാകുന്ന തരത്തില്‍ പൊതു വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്ന് കരട് രേഖ നിര്‍ദേശിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ പൊതുപണം ചിലവിടുന്നതിന്‍റെ തോത് വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശം മുന്നോട്ടുവക്കുന്ന നയം, വിദ്യാഭ്യാസ മേ ഖലയെ വാണിജ്യാടിസ്ഥാനത്തിലുള്ള നിക്ഷേപ സാധ്യതാ പ്രദേശമായി മാറ്റുന്നതിനെതിരെ പലയിടത്തും മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കാരണവശാലും അനുമതി നല്‍കരുതെന്ന കര്‍ക്കശ നിലപാട് നയത്തിലുടനീളം പ്രകടമാണ്. സര്‍ക്കാര്‍ പണം മുടക്കാത്ത സ്ഥാപനങ്ങളൊന്നും പേരിനൊപ്പം പബ്ലിക് എന്ന വാക്ക് ഉപയോഗിക്കരുത് എന്നുവരെ നിര്‍ദേശമുണ്ട്. അതേസമയം തന്നെ സ്വകാര്യ സ്ഥാപനങ്ങളെ ആവോളം പ്രോത്സാഹിപ്പിക്കണമെന്ന ഉദാര സമീപനവും കരട്  നയത്തില്‍ കാണാം. ഉന്നതമായ മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന സ്വകാര്യ സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കണമെന്ന് നയം എടുത്തുപറയുന്നു. സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് തടയിട്ട സര്‍ക്കാര്‍ നിയന്ത്രണങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണം നല്‍കുന്നതിനും നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നതിനും തടസ്സമായതെന്നാണ് കരട് രേഖയുടെ കണ്ടെത്തല്‍. ഈ തടസ്സം മറികടക്കണമെങ്കില്‍ ഉദാര സമീപനം സ്വീകരിച്ചേ പറ്റൂ. സ്വകാര്യ നിക്ഷേപത്തെക്കുറിച്ച് അതി സൂക്ഷ്മമായി മാത്രമാണ് നയം പറയുന്നത് എങ്കിലും ഫലത്തില്‍ അത് അതീവ ഉദാര നയമായി പരിണമിക്കുമെന്നുറപ്പ്. ശക്തമെങ്കിലും ചെറു നിയന്ത്രണങ്ങള്‍ ആകാമെന്നാണ് ഇതേപറ്റി നയം പറയുന്നത്. അഥവ നിലവിലുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖല അതേപടി തുടരുകയും ഒരുപടികൂടി മുന്നോട്ട് കുതിക്കുകയും ചെയ്യുമെന്ന് വ്യക്തം. സ്കോളര്‍ഷിപ്പുകള്‍, അടിസ്ഥാന സൌകര്യ വികസനം, അധ്യാപക നിയമനം, അധ്യാപക പരിശീലനം എന്നിവയാണ് സ്വകാര്യ മേഖലയിലെ സാധ്യതകളായി കരട് നയം പരിചയപ്പെടുത്തുന്നത്.

സ്കൂളുകള്‍ക്ക് അവരുടെ ഫീസും പാഠ്യപദ്ധതിയും സ്വയം തെരഞ്ഞെടുക്കാനുള്ള സന്പൂര്‍ണമായ സ്വയംഭരണാധികാരം കരട് നയരേഖ അനുവദിക്കുന്നു. ഫീസ് മൂന്ന് കൊല്ലത്തിലൊരിക്കല്‍ പുനര്‍നിര്‍ണയിക്കാം. എന്നാല്‍ അത് സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് വിധേയമായിരിക്കും. സ്വാകാര്യ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സഹായം നല്‍കണം. അധ്യാപക പരിശീലനത്തിലും സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകരെ പങ്കെടുപ്പിക്കണം. എന്നാല്‍ ഇതൊന്നും പൊതുവിദ്യാലയത്തിലെ കുട്ടികള്‍ക്ക് വിഭവവും അവസരവും നിഷേധിച്ചുകൊണ്ടാകരുതെന്നും നയം പറയുന്നു.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വയം ഭരണ  സ്ഥാപനങ്ങളായി മാറുന്ന ഭാവികാലമാണ് നയരേഖ സ്വപ്നം കാണുന്നത്. വിശേഷിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്ത്. സ്വയം ഭരണമെന്നാല്‍ അക്കാദമികമായ സ്വയം ഭരണം മാത്രമല്ല. ഫീസ് നിര്‍ണയിക്കാനും ശന്പളം നിശ്ചയിക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനുമുള്ള പൂര്‍ണ അധികാരമാണ്. അക്കാദമികമായ അധികാരം കൂടി കൈവരുന്നതോടെ ഇഷ്ടപ്രകാരമുള്ള ഫീസ് ഘടനയില്‍ അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന ഏത് കോഴ്സും പഠിപ്പിക്കാനാകും. ഫലത്തില്‍ ഇത് സന്പൂര്‍ണ സ്വാശ്രയവത്കരണത്തിലേക്കാണ് നയിക്കുക.  എല്ലാവര്‍ക്കും പ്രാപ്യമായ വിദ്യാഭ്യാസം എന്ന നയരേഖ മുന്നോട്ടുവക്കുന്ന സങ്കല്‍പത്തെ പാടേ തകിടം മറിക്കുന്നതാകും ഈ സ്വാശ്രയവത്കരണം. കേരളത്തില്‍ ഇതിനകം നിലവില്‍വന്ന സ്വയംഭരണ സ്ഥാപനങ്ങള്‍ സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും അപ്രാപ്യമായിത്തുടങ്ങിയിരിക്കുന്നു എന്ന  അനുഭവം നമ്മുടെ മുന്നില്‍ നിലനില്‍ക്കുന്നുമുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയപ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിക്കപ്പെട്ടതായിരുന്നു വകുപ്പ് 12 (I) (c). ഓരോ സ്കൂളും അതിന്‍റെ ചുറ്റുവട്ടത്തുനിന്നുള്ള ദരിദ്ര-പിന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും പ്രവേശനം നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ വകുപ്പ്. ആകെ കുട്ടികളുടെ എണ്ണത്തിന്‍റെ 25 ശതമാനം ഇങ്ങിനെ പ്രവേശനം നല്‍കിയവരായിരിക്കണമെന്നും അവരുടെ ഫീസ് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ വിദ്യാലയം സാന്പത്തിക ശേഷിയുള്ളവര്‍ മാത്രം പഠിക്കുന്ന സ്ഥലമായി മാറാതിരിക്കാനും അവിടെ എല്ലാതരം വിദ്യാര്‍ഥികളുടെയും സാന്നിധ്യം ഉറപ്പാക്കാനുമായിരുന്നു ഈ നിര്‍ദേശം വച്ചത്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാനായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ കഴിഞ്ഞ ലോക്സഭയെ അറിയിച്ചിരുന്നു. വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍ മാത്രമാണ് അത് നടപ്പാക്കിയത്. ഈ വ്യവസ്ഥ കര്‍ക്കശമായി നടപ്പാക്കണമെന്ന് കരട് നയം ശിപാര്‍ശ ചെയ്യുന്നുണ്ട്. പക്ഷെ അതിനും നയരേഖ മുന്നോട്ടുവക്കുന്ന ഉപായം, സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുക എന്നതാണ്.

നിയമപരമായി നിര്‍ബന്ധമാക്കിയിട്ടും യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത സങ്കല്‍പം, സ്ഥാപനങ്ങളെ കൂടുതല്‍ സ്വതന്ത്രമാക്കുന്നതിലൂടെ നടപ്പാക്കാന്‍ കഴിയുമെന്ന് കരുതാന്‍ ഒരുന്യായവുമില്ല. സ്വാകാര്യ സ്ഥാപനങ്ങളും സ്വയംഭരണ സങ്കല്‍പങ്ങളും ഇതനികം സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരിടാന്‍ ഫലപ്രദമായ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവക്കാനില്ലാത്ത കരട് നയരേഖ, പരിഹാരമായി ആവര്‍ത്തിക്കുന്നത് കൂടുതല്‍ സ്വതന്ത്രമായ സ്വയം ഭരണമാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഏറ്റവും വലിയ പോരായ്മയും ഇതുതന്നെയാണ്.  സ്വകാര്യ മേഖലയെ ചൂഷണമുക്തമായ സംവിധാനമാക്കി മാറ്റുന്ന തരത്തിലുള്ള സംവിധാനം അനിവാര്യമാണ്. ഒപ്പം അവയെ  വിദ്യാര്‍ഥി സൌഹൃദ സ്ഥാപനങ്ങളാക്കി മാറ്റാനുതകുന്ന മെക്കാനിസം കണ്ടെത്തിയേ തീരൂ. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കെല്ലാം ഒരേനിയമം നടപ്പാക്കണമെന്ന നിര്‍ദേശം കരടിലുണ്ട്. എന്നാല്‍ ഇതെത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന ആശങ്ക അസ്ഥാനത്തല്ലെന്ന് കഴിഞ്ഞ ഒന്നര പതിറ്റാണ്ടനിടയിലെ കേരളത്തിലെ മാത്രം സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയെ നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. സര്‍ക്കാര്‍ പണം മുടക്കുന്ന പബ്ലിക് സ്ഥാപനങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും എയ്ഡഡ് മേഖല പോലെ കേരളത്തിലും മറ്റും നിര്‍ണായക സ്വാധീനമുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത സ്ഥാപനങ്ങളെക്കുറിച്ച് നയത്തില്‍ വ്യക്തതയില്ല.

സ്വാശ്രയവത്കരണം ശക്തമാകുന്നതോടെ വിദ്യാഭ്യാസം ക്രമേണ സാധാരണക്കാര്‍ക്ക് താങ്ങാന്‍ (affordable) കഴിയാത്തതായി മാറും. അത് വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ദുഷ്പ്രാപ്യമാക്കി (inaccessible)ത്തീര്‍ക്കുകയും അതോടെ നിരവധി പേര്‍ പുറന്തള്ളപ്പെടുകയും (exclusion)  ചെയ്യും. തുല്യഅവസരം (equity) എന്ന വിദ്യാഭ്യാസത്തിലെ പ്രാഥമിക തത്വം തന്നെ ഏറ്റവുമേറെ അട്ടിമറിക്കപ്പെടുന്നത് ഇങ്ങിനെയാണ്. അതുകൊണ്ട് തന്നെ സ്വയംഭരണവും സ്വാകാര്യവത്കരണവും അന്തിമമായ പരിഹാരമല്ല. എന്നാല്‍ അവയെ പൂര്‍ണമായി ഒഴിവാക്കുന്നത് യുക്തിസഹവുമല്ല. ഈ രണ്ടറ്റങ്ങള്‍ക്കിടയില്‍നിന്നുകൊണ്ട് അവയെ എങ്ങിനെ എല്ലാവര്‍ക്കും സ്വീകാര്യവും ആശ്രയിക്കാവുന്ന മേഖലയാക്കി മാറ്റാമെന്ന ആലോചനകളുണ്ടാകണം.  ഈ ദിശയില്‍ ഫലപ്രദമായൊരു ചുവടുവക്കാന്‍ കരട് നയത്തിലൂടെ കഴിഞ്ഞിട്ടില്ല.

മാറ്റത്തിന്റെ തുടക്കം

കരട് നയ രേഖയില്‍ പലയിടത്തും അവ്യക്തതകളും വൈരുദ്ധ്യങ്ങളും പ്രകടമാണ്. വിദ്യാഭ്യാസം ഇന്ത്യാ കേന്ദ്രിതമാകണമെന്ന് ഒന്നിലധികം സ്ഥലങ്ങളില്‍ നയം പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ എന്നതിന് കൃത്യതയുള്ള നിര്‍വചനം നയത്തിലില്ല. പുതിയ നയം നടപ്പാക്കുന്നവര്‍ അതിന് നല്‍കുന്ന നിര്‍വചനം എന്തായിരിക്കും എന്ന ആശങ്ക കരട് രേഖയുടെ വായനയിലുടനീളം അനുഭവപ്പെടും. 1986 മുതല്‍ പിന്തുടരുന്ന നിലവിലെ ദേശീയ നയത്തില്‍, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങളെ ശാക്തീകരിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായി എടുത്ത് പറയുന്നുണ്ട്. 'രാജ്യം ദീര്‍ഘകാലമായി പിന്തുടരുന്ന ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്....വിദ്യാഭ്യാസം പല ഘടകങ്ങളെയും ഇണക്കിച്ചേര്‍ക്കുന്ന ഒന്നാണ്. അത് ദേശീയോദ്ഗ്രഥനമെന്ന വീക്ഷണത്തെയും അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെയും നവീകരിക്കുകയും അതുവഴി  ഭരണഘടനയിലെ വിശുദ്ധ തത്വങ്ങളായ സോഷ്യലിസം, ജനാധിപത്യം, മതേതരത്വം എന്നിവയെ പരിപോഷിപ്പിക്കുകയും ചെയ്യും' എന്ന് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ പുതിയ നയത്തില്‍ മതേതരത്വം എന്ന വാക്ക് ഒരിടത്തുപോലും ഉപയോഗിച്ചിട്ടില്ല.

ഭരണഘടനാധിഷടിതമായ ദേശീയബോധവും ഉത്തമ പൌരന്റെ രൂപീകരണവും 1986ലെ നയത്തിന്റെ സുപ്രധാന ലക്ഷ്യമായിരുന്നുവെന്ന് വരികളില്‍ വ്യക്തമാണ്. പുതിയ നയം പക്ഷെ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നില്ല എന്ന് മാത്രമല്ല, അത്തരം മൂല്യ സങ്കല്‍പങ്ങളോട് ബോധപൂര്‍വം അകലംപാലിക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കുന്നുമുണ്ട്. പുരാതന ഇന്ത്യയിലാണ് അതിന് കൂടുതല്‍ താത്പര്യം‍. മത്സരാധിഷ്ടിത കന്പോള ലോകത്തിന് ഇണങ്ങുന്ന 'ഉത്പന്നങ്ങളെ' സൃഷ്ടിച്ചെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ താത്പര്യമെന്ന് പറയാതെ പറയുന്നുണ്ട് കരട് രേഖ. വിവര-തൊഴിലധിഷ്ഠിത സന്പദ്‍വ്യവസ്ഥയിലേക്കുള്ള മാറ്റവും അതിനിണങ്ങുന്ന തരത്തിലുള്ള പൌര സമൂഹ രൂപീകരണവുമാണ് ഇത് ലക്ഷ്യംവക്കുന്നത്. പോരായ്മകളുണ്ടെങ്കിലും താരതമ്യേന സ്വതന്ത്രമായിരുന്ന യുജിസി പോലുള്ള  അക്കാദമിക് സ്ഥാപനങ്ങളെ ഇല്ലാതാക്കി പകരം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ക്ക് കീഴിലേക്ക് ഗവേഷണവും ഉന്നത വിദ്യാഭ്യാസവും കൊണ്ടുവരുന്നു എന്നതടക്കമുള്ള സുപ്രധാന നയം മാറ്റവും കരട് രേഖയില്‍ പ്രകടമാണ്. രാജ്യം പിന്തുടരുന്ന ഭരണഘടനാ മൂല്യങ്ങള്‍ക്കുസൃതമായ നയത്തില്‍നിന്നാണ് മാറ്റം തുടങ്ങുന്നത് എന്നാണ് കരട് രേഖ പരോക്ഷമായി പറയുന്നത്. അത് നടപ്പാക്കാനുള്ള സമയക്രമത്തിനാകട്ടെ അസാധാരണമായ വേഗവുമുണ്ട്.

കേരള പാഠാവലി

കരട് നയത്തില്‍ പറയുന്ന പല പദ്ധതികളും
പല തരത്തിലും തലത്തിലുമായി കേരളത്തില്‍ പലപ്പോഴായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നയരേഖ മുന്നോട്ടുവക്കുന്ന പല നിര്‍ദേശങ്ങളും 2007ല്‍ കേരളം രൂപകല്‍പന ചെയ്ത കേരള കരിക്കുലം ഫ്രെയിംവര്‍ക്കില്‍ (പാഠ്യപദ്ധതി ചട്ടക്കൂട്) പ്രഖ്യാപിച്ചതാണ്. പ്രവര്‍ത്തനാധിഷ്ടിത പഠനവും  വിമര്‍ശനാത്മക ബോധനശാസ്ത്രവും നിരന്തര മൂല്യനിര്‍ണയവും കേരളത്തില്‍ നടപ്പാക്കി. സ്വയംഭരണം എന്ന പരീക്ഷണം പലതരത്തില്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. എന്നിട്ടും നയമുണ്ടാക്കിയ സമിതി കേരള അനുഭവങ്ങള്‍ പഠിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ല.

പ്രവര്‍ത്തനാധിഷ്ടിത പഠനം എന്ന സങ്കല്‍പം അതിന്റെ സത്തയുള്‍കൊണ്ട് നടപ്പാക്കുന്നതില്‍ കേരളം പൂര്‍ണമായി വിജയിച്ചില്ല എന്നാണ് പിന്നീടുണ്ടായ വിലയിരുത്തല്‍. മൂല്യനിര്‍ണയത്തില്‍ കുട്ടിയുടെ ചിന്താശേഷി കൂടി പരിഗണിക്കണമെന്ന നിര്‍ദേശം ഏറ്റവും പരിഹാസ്യമായ രീതിയില്‍ വരെ നടപ്പാക്കപ്പെട്ടു. ചോദ്യ നന്പര്‍ ഉത്തരക്കടലാസിലെഴുതിയാല്‍ പാസ് മാര്‍ക്ക് നല്‍കുന്നതിനെയാണ് കുട്ടിയുടെ വിശകലന ശേഷി പരിശോധനയായി കേരളത്തിലെ അധ്യാപക ലോകം പരാവര്‍ത്തനം ചെയ്തത്. രാഷ്ട്രീയ താത്പര്യങ്ങള്‍ സിലബസില്‍ തിരുകിക്കയറ്റുന്നതിനും കേരള മാതൃകകളുണ്ട്. ഇത്തരം പരീക്ഷണങ്ങള്‍ ഒരു തലമുറ പിന്നിട്ടപ്പോള്‍ അക്ഷരാഭ്യാസമില്ലാത്ത, എഴുത്തും വായനയും അറിയാത്ത വിദ്യാര്‍ഥി സമൂഹമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന വിമര്‍ശനത്തിന് ഇനിയും വസ്തുനിഷ്ടമായ മറുപടി ഉണ്ടായിട്ടുമില്ല. എത്ര മഹത്തായ സങ്കല്‍പമാണെങ്കിലും കാര്യശേഷിയുള്ളവരിലൂടെ ഫലപ്രദവും ആസൂത്രിതവും സുതാര്യവുമായി നടപ്പാക്കിയില്ലെങ്കില്‍ അത് തിരിച്ചടിക്കുമെന്ന് തെളിയിച്ച പാഠാവലിയാണ് കേരളം. 'ഭരണഘടന എത്രനല്ലതാണെങ്കിലും നടപ്പാക്കുന്നത് മോശം ആളുകളാണെങ്കില്‍ അത് മോശമാകുമെ'ന്ന് അംബേദ്കറെ ഉദ്ദരിച്ച് കരട് നയരേഖ തന്നെ അതിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയം യാഥാര്‍ഥ്യമാകുന്പോള്‍ അത് നടപ്പാക്കുന്നവരുടെ സത്യസന്ധതയും സുതാര്യതയും അത് കുട്ടികളില്‍ പ്രയോഗിക്കുന്നവരുടെ ഗുണവും നിലവാരവും  സംശയരഹിതമായി ഉറപ്പാക്കേണ്ടതുണ്ട്.

(മാധ്യമം ആഴ്ചപ്പതിപ്പ്- ജൂലൈ 2019)

Friday, March 15, 2019

കെ എ എസ് സന്പൂര്‍ണ സംവരണം: മുന്നാക്കക്കാര്‍ക്ക് വേണ്ടിയുള്ള മുന്‍കരുതല്‍

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസില്‍ സമ്പൂര്‍ണ സംവരണം ഏര്‍പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്.  കെ എ എസിനെ മൂന്ന് ധാരയായി തിരിക്കാനും അതില്‍ രണ്ടെണ്ണത്തിലും സംവരണം ഒഴിവാക്കാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേരളത്തിലെ പിന്നാക്ക സമൂഹങ്ങള്‍ നിരന്തരമായ പ്രക്ഷോഭങ്ങള്‍ അഴിച്ചുവിട്ടിട്ടും മാധ്യമങ്ങള്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചിട്ടും എസ് സി എസ് ടി കമ്മീഷന്‍ അടക്കമുള്ള അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങള്‍ ഉത്തരവിട്ടിട്ടും സ്വന്തം പാര്‍ട്ടിയിലെ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗം നേതാക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കുലുങ്ങാത്ത സര്‍ക്കാറാണ് പെട്ടെന്ന് സംവരണ പ്രഖ്യാപനവുമായി രംഗപ്രവേശം ചെയ്തത്. സര്‍ക്കാറിനെ നയിക്കുന്ന സി പി എമ്മിന് സാമൂഹിക സംവരണത്തോടുള്ള കടുത്ത എതിര്‍പും സാമ്പത്തിക സംവരണത്തോടുള്ള അതിതാല്‍പര്യവും പരസ്യമാണെന്നതിനാല്‍ ഈ പ്രഖ്യാപനം കേരളത്തെ ശരിക്കും ഞെട്ടിച്ചു. പിന്നാക്ക വിഭാഗങ്ങളോടുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയാണ് തീരുമാനത്തിന് പിന്നിലെന്ന് വിശ്വസിക്കാന്‍ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല. 

സംവരണ അട്ടിമറി എന്നത് കേരളത്തില്‍ പുതുമയുള്ള കാര്യമല്ല. കേരളത്തിന്റെ സകല മേഖലകളിലും അധികാരം കൈയ്യാളുന്നത് സംവരണത്തെ ഏതുവിധേനയും തകര്‍ത്തുകളയണമെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്നവരാണ്. അതിനായി ഒളിഞ്ഞും തെളിഞ്ഞും അധ്വാനിക്കുന്നവരാണ്. സംവരണത്തിന് തുരങ്കംവക്കാന്‍ ലഭിക്കുന്ന ഏത് അവസരവും വിദഗ്ധമായി ഉപയോഗിക്കുന്നവരാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് കേരള സര്‍വകലാശാല അതീവ രഹസ്യമായി ഒരു നിയമഭേദഗതി കൊണ്ടുവന്നു. ഒരു ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു തസ്തിക മാത്രം വരുന്ന റീഡര്‍, പ്രൊഫസര്‍ പോലുള്ളവയെയും ഒരു ഒഴിവിലേക്ക് മാത്രം വിജ്ഞാപനം ചെയ്യുന്നവയെയും സിംഗിള്‍ പോസ്റ്റായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. സെനറ്റ് അജണ്ടയിലെ മറ്റ് കാര്യങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പെടുത്തി കൊണ്ടുവന്ന തിരുത്ത് ആരാലും ചോദ്യം ചെയ്യപ്പെടാതെ പാസാകുകയും ചെയ്തു. ഒരു വകുപ്പിലെ അല്ലെങ്കില്‍ സ്ഥാപനത്തിലെ ഡയറക്ടര്‍ പോലെ ഭരണച്ചുമതലയുള്ള ഏറ്റവും പ്രധാന തസ്തികയാണ് സര്‍വീസ് നിയമങ്ങള്‍ പ്രകാരം സാധാരണ സിംഗിള്‍ പോസ്റ്റ് എന്ന പ്രയോഗത്തിന്റെ പരിധിയില്‍ വരുന്നത്. ഈ തസ്തികയിലെ നിയമനത്തിന് സംവരണം ബാധകമല്ല. ഈ പഴുത് ഉപയോഗപ്പെടുത്തി നിയമന അട്ടിമറി നടത്താനാണ് കേരള സര്‍വകലാശാല നിയമ ഭേദഗതി കൊണ്ടുവന്നത്. സംഭവം വിവാദമായതോടെ അന്നത്തെ സര്‍ക്കാറിന് അത് തിരുത്താന്‍ നിര്‍ദേശം കൊടുക്കേണ്ടിവന്നു. സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 

സംവരണ അട്ടിമറി നിയമം തിരുത്തിയിട്ടും പ്രയോഗത്തില്‍ അത് അംഗീകരിക്കാന്‍ ഇപ്പോഴും കേരള സര്‍വകലാശാലക്ക് മനസ്സ് വന്നിട്ടില്ല. പുതിയ നിയമപ്രകാരം, അസിസ്റ്റന്റ് പ്രൊഫസര്, അസോസിയേറ്റ് പ്രൊഫസര്‍ തസ്തകികളിേലേക്ക് നിയമനം നടത്താന്‍ വിഞ്ജാപനം ഇറക്കിയപ്പോഴും സംവരണം ഒവിവാക്കി അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ഉറച്ച നിലപാടെടുത്ത വൈസ് ചാന്‍സിലര്‍ ഡോ. പി കെ രാധാകൃഷ്ണന്റെ നീതിബോധത്തിന് മുന്നില്‍ ഒടുവില്‍ സര്‍വകലാശാലക്ക് കീഴടങ്ങേണ്ടിവന്നു. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികളായി സര്‍വകലാശലാ ഭരണസമിതിയുലുള്ളവര്‍ ഒറ്റക്കെട്ടായി വി സി ക്കെതിരെ രംഗത്ത് വന്നു. സംവരണത്തില്‍ തോറ്റതിന് അവര്‍ പകവീട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു നിയമന കേസിലേക്ക് വിസിയെ വലിച്ചിഴച്ച് തേജോവധം ചെയ്തു. വൈസ് ചാന്‍സലര്‍ എന്ന ഏറ്റവും പ്രധാന തസ്തികയിലിരുന്നയാളുടെ നിലപാടായതിനാല്‍ മാത്രമാണ് അവിടെ അട്ടിമറി തടയാനായത്. വി സി വിരമിച്ചതോടെ ഈ നിയമനങ്ങളും നിലച്ചു. ഇത് കേരള സര്‍വകലാശാലയുടെ മാത്രം പ്രശ്‌നമല്ല. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടന്ന സമാനമായ സംവരണ അട്ടിമറി നീക്കം കടുത്ത മാധ്യമ സമ്മര്‍ദത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചത് രണ്ടാഴ്ച മുമ്പാണ്. മലയാളം സര്‍വകലാശാല രൂപീകരണ സമയത്ത് അതിന്‌റെ നിയമാവലിയില്‍ തന്നെ സംവരണരഹിതമായ നിയമനത്തിന് അതിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍ നടത്തിയ നീക്കവും പിടിക്കപ്പെട്ടിരുന്നു. ഇങ്ങിനെ അടിമുടി സംവരണ വിരുദ്ധമായ ഭരണ-നിര്‍വഹണ ഘടന നിലനില്‍ക്കുന്ന സംസ്ഥാനത്താണ് കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. രാഷ്ട്രീയമായി സാമൂഹിക സംവരണത്തെ എതിര്‍ക്കുന്ന സി പി എം നിയന്ത്രിത സര്‍ക്കാറായതിനാല്‍ അതിന്‌റെ ഉദ്ദേശശുദ്ധി സംശയിക്കപ്പടുന്നുണ്ട്. മുന്നാക്ക സംവരണത്തിന് തൂക്കമൊപ്പിക്കാന്‍ നടത്തിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

സംവരണത്തെയും സംവരണ വിഭാഗങ്ങളുടെ അവകാശങ്ങളെയും മാനിക്കുന്ന സര്‍ക്കാറുകള്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇ എം എസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള സവര്‍ണ മുഖ്യമന്ത്രിമാരുടെ കാലത്തായാലും ആര്‍ ശങ്കര്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള ഈഴവ മുഖ്യമന്ത്രിമാരുടെ കാലത്തായാലും സംവരണ വിരുദ്ധ ചേരി പ്രബലമാണ്. സംവരണ നടപടികളിലെ പോരായ്മകള്‍ ഇല്ലാതാക്കാനോ പതിറ്റാണ്ടുകളായി അവര്‍ നേരിടുന്ന നീതി നിഷേധം പരിഹരിക്കാനോ ഇതുവരെ ഒരു സര്‍ക്കാറും ശ്രമിച്ചിട്ടില്ല. കേരളസര്‍വകലാശലയിലും മറ്റുമുണ്ടായതുപോലുള്ള അട്ടിമറി നീക്കങ്ങല്‍ മാത്രമല്ല, സംവരണ വിഭാഗങ്ങള്‍ക്ക് ന്യായമായി നല്‍കേണ്ട മിനിമം നീതി ഉറപ്പാക്കണമെങ്കില്‍ പോലും സവര്‍ണ ജാതി വിഭാഗങ്ങളുടെ പ്രകിലോമകരമായ താത്പര്യങ്ങള്‍ വരെ സംരക്ഷിക്കേണ്ടി വരുന്നു എന്നതാണ് കേരളത്തിന്റെ അനുഭവം. നരേന്ദ്രന്‍ പാക്കേജ് അതിന്റെ മികച്ച ഉദാഹരണമാണ്. 

സര്‍ക്കാര്‍ സര്‍വീസ് മുതല്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ളവയിലെ നിയമനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയിട്ടും വന്‍തോതില്‍ പ്രാതിനിധ്യക്കുറവുണ്ടായി എന്നാണ് നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയത്. എന്നാല്‍ അത് നികത്താനുള്ള വഴികള്‍ ശിപാര്‍ശ ചെയ്യാതിരുന്ന കമ്മീഷന്‍ ആ തീരുമാനം സര്‍ക്കാറിന് വിട്ടു. കുറവ് നികത്താന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വേണമെന്ന ആവശ്യം സംവരണ വിഭാഗങ്ങള്‍ മുന്നോട്ടുവച്ചു. ഇതിനിടെയാണ് നരേന്ദ്രന്‍ പാക്കേജ് എന്ന പേരില്‍ പുതിയൊരു പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. സംവരണ തസ്തികയില്‍ യോഗ്യരായ ആളില്ലാതെ വന്നാല്‍, പിന്നാക്ക വിഭാഗങ്ങള്‍ തമ്മില്‍ കടംകൊടുക്കുന്ന രീതി ഒഴിവാക്കുന്നതായിരുന്നു അതിലെ പ്രധാന വ്യവസ്ഥ. നിശ്ചിത സമുദായത്തില്‍നിന്നുള്ള ആളെ കിട്ടുംവരെ വിജ്ഞാപനം ഇറക്കുക എന്ന രീതിയാണ് പകരം കൊണ്ടുവന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രായോഗികമായി വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ് പുതിയ രീതി. അവര്‍ക്കതുകൊണ്ട് കാര്യമായ പ്രയോജനം ലഭിച്ചുമില്ല. മൊത്തം സംവരണ വിഭാഗങ്ങള്‍ക്ക് ഗുണകരമായിരുന്ന വ്യവസ്ഥയാണ് മാറ്റിയത്.

സംവരണ വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു രീതി പരിഷ്‌കരിക്കുന്നതിന്റെ പേരില്‍, ആ ഇടപാടില്‍ കക്ഷിയേ അല്ലാത്ത മുന്നാക്ക വിഭാഗങ്ങള്‍ക്ക് 10 ശതമാനമം വിദ്യാഭ്യാസ സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യഥാര്‍ഥത്തില്‍ നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പ്രാതിനിധ്യക്കുറവ് തിരുത്താനായിരുന്നു നടപടിയെടുക്കേണ്ടിയിരുന്നത്. അതിന് സര്‍ക്കാര്‍ തയാറായില്ലെന്ന് മാത്രമല്ല, ഇപ്പോള്‍ നടപ്പാക്കുന്നതാണ് സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് എന്നുവരെ അക്കാലത്തെ മന്ത്രിമാര്‍ പറഞ്ഞുനടന്നു. അവിടെയും നിര്‍ത്തിയില്ല. ഒരു പ്രബല സവര്‍ണ ഹിന്ദു ജാതി സംഘടനക്ക്, ഈ നിയമ ഭേഗദതിയുടെ പേരില്‍ സര്‍ക്കാര്‍ കോടികളുടെ ഭൂ സ്വത്താണ് ഇഷ്ടദാനമായി നല്‍കിയത്. 

പിന്നാക്കക്കാരുടെ മാത്രം വിഷയമായിരുന്ന നരേന്ദ്രന്‍ പാക്കേജ് നടപ്പാക്കുന്നതിന്റെ മറവില്‍ കേരളത്തിലെ സവര്‍ണ വിഭാഗങ്ങള്‍ക്ക് വന്‍ തോതില്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതുവഴി സര്‍ക്കാര്‍ കോളജുകളില്‍ ഏര്‍പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള ഉത്തരവിലും വലിയൊരു കളി നടന്നു. എല്ലാ ഡ്രാഫ്റ്റുകളിലും സര്‍ക്കാര്‍ കോളജുകള്‍ എന്നുണ്ടായിരുന്നത് മാറ്റി, അന്തിമ ഉത്തരവില്‍ സര്‍ക്കാര്‍ എന്ന വാക്കൊഴിവാക്കി, കോളജുകളില്‍ എന്ന് മാത്രമാക്കി. ഇതോടെ ന്യൂനപക്ഷങ്ങള്‍ അടക്കം നടത്തുന്ന സ്വകാര്യ കോളജുകളിലും മുന്നാക്ക സംവരണം ബാധകമായി. പിന്നീട് സംഭവം വിവാദമായപ്പോള്‍ ഉത്തരവ് തിരുത്തിയിറക്കി. മുന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി 2015ല്‍ കൊണ്ടുവന്നപ്പോഴം അതിന്റെ നിയമിര്‍മാണത്തിന് നിയമസഭയില്‍ സമര്‍പിച്ച ബില്‍ തുടങ്ങിയിരുന്നത്, സംവരണ വിഭാഗങ്ങള്‍ സംവരണം വഴി മറ്റുള്ളവരുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന മുഖവരയോടെയാണ്. ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പെടുത്തിയത് നിലവിലെ ഇടതുസര്‍ക്കാറാണ്. ദേവസ്വം ബോര്‍ഡിലും ബോര്‍ഡിന്റെ ഇതര സ്ഥാപനങ്ങളിലും ഇപ്പോള്‍തന്നെ ദലത് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നത് ഏറ്റവും മിനിമം അവകാശം മാത്രമാണ്. സംവരണമില്ലാത്ത എയിഡഡ് കോളജുകല്‍ പോലുല്‌ള സ്ഥാപനങ്ങളില്‍ പിന്നാക്കക്കാര്‍ക്ക് അപ്രഖ്യാപിത അയിത്തവുമുണ്ട്. ഇതിനിടെയാണ് മുന്നാക്കക്കാര്‍ക്ക് തന്നെ സംവരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നത്. 

പിന്നാക്ക വിഭാഗങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടുന്ന പി എസ് സി റാങ്ക് ലിസ്റ്റുകള്‍ക്കെതിരെ വരെ അതി നിഗൂഡമായ നീക്കങ്ങള്‍ നടന്നതിന് കേരളത്തില്‍ എത്രയോ ചരിത്രമുണ്ട്. അത്തരത്തിലൊന്നാണ് 2014ലെ എസ് ഐ റാങ്ക് ലിസ്റ്റ്. എസ് ഐ തസ്തികയിലേക്ക് നടന്ന പരീക്ഷ തന്നെ അട്ടിമറിച്ച് റാങ്ക് ലിസറ്റ് ഇല്ലാതാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സുപ്രിംകോടതി വരെ പോയാണ് ഉദ്യോഗാര്‍ഥികള്‍ തടഞ്ഞത്. പി എസ് സിക്ക് പുറമെ സര്‍ക്കാര്‍ തന്നെ പ്രത്യേക താത്പര്യമെടുത്ത് സുപ്രിംകോടതി വരെ കേസ് നടത്തി. 170 സംവരണ തസ്തിക നികത്തപ്പെടുമായിരുന്ന പട്ടികയില്‍, ഇടംപടിച്ചവരില്‍ ഭൂരിഭാഗവും സംവരണ സമുദായാംഗങ്ങളായിരുന്നുവെന്നതാണ് ഈ ലിസ്റ്റിനെ നിയമക്കുരക്കിലാക്കിയതിന്റെ യഥാര്‍ഥ കാരണം.  2014 ജനുവരിയില്‍ നിലവില്‍ വന്ന ഡപ്യൂട്ടി കലക്ടര്‍ റാങ്ക് ലിസ്റ്റില്‍ പി എസ് സി തന്നെയാണ് വന്‍ അട്ടിമറി നടത്തി്. ഇതും പിന്നാക്കക്കാര്‍ വലിയ മുന്നേറ്റമുണ്ടാക്കിയ പട്ടികയായിരുന്നു. രണ്ട് എഴുത്തുപരീക്ഷയും അഭിമുഖവുമായിരുന്നു റാങ്ക് ലിസ്റ്റ് തയാറാക്കാന്‍ നിശ്ചയിച്ചിരുന്ന്. രണ്ട് പരീക്ഷ കഴിഞ്ഞപ്പോള്‍ മുന്നില്‍ വന്നവരില്‍ 11 പേര്‍ സംവരണ സമുദായാംഗങ്ങള്‍ (4 ഈഴവ, 7 മുസ്#ലിം). അഭിമുഖത്തിന് മുമ്പ് സംവരണ വിഭാഗക്കാരുടെ പേരില്‍ ചെറിയൊരു മാറ്റം പി എസ് സി വരുത്തിയപ്പോള്‍ മുന്നിലെത്തിയ 11 പിന്നാക്കക്കാര്‍ സപ്ലിമെന്ററി ലിസ്റ്റിലേക്ക് തെറിച്ചു. മെയിന്‍ ലിസ്റ്റില്‍ ഒന്നാം റാങ്ക് കിട്ടിയയാളേക്കാള്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ 19 പേര്‍  സപ്ലിമെന്ററി പട്ടികയിലായി. രണ്ട് പരീക്ഷകള്‍ നടത്തുന്ന മറ്റ് തസ്തികകളില്‍നിന്ന് വ്യത്യസ്തമായി ഇതിന് മാത്രം പ്രത്യേക മാനദണ്ഡം കൊണ്ടുവരികയാണ് പി എസ് സി ചെയ്തത്. രണ്ട് പരീക്ഷയുള്ള ചില തസ്തികയില്‍ സമാന രീതിയില്‍ അട്ടിമറി നടന്നപ്പാള്‍ കോടതിയില്‍ ചോദ്യം ചെയ്യുകയും സംവരണ സമുദായാംഗങ്ങള്‍ അനുകൂല വിധി നേടുകയും ചെയ്തിരുന്നു. എന്നിട്ടും ഡപ്യൂട്ടി കലക്ടര്‍ പട്ടിക അട്ടിമറിക്കപ്പെട്ടു. ഡപ്യൂട്ടി കലക്ടര്‍ എന്നാല്‍ അടുത്ത പ്രൊമോഷനോടെ ഐ എ എസുകരായി മാറുന്ന തസ്തികയാണ് എന്നതുകൂടി ശ്രദ്ധിക്കണം. 

സംവരണ തസ്തിക നിയമനത്തിലെ അപാകതകള്‍ കേരളത്തില്‍ എത്രയോ കാലമായി പിന്നാക്ക സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയമാണ്. ആദ്യ നിയമനങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ സംവരണ സമുദയാംഗങ്ങളെ പൂര്‍ണമായിസംവരണ ക്വാട്ടയിലേക്ക് മാറ്റുന്ന തരത്തിലാണ് ഇപ്പോള്‍ നിയമനം നടക്കുന്നത്. സുപ്രീംകോടതി വരെ നീണ്ട കേസുകള്‍ ഇതേപ്പറ്റിയുണ്ടായി. എന്നിട്ടും പി എസ് സിക്ക് അതിലെ അപാകത തിരുത്തണമെന്ന് ഇതുവരെ തോന്നിയിട്ടില്ല. സംവരണ സമുദായങ്ങള്‍ക്ക് തസ്തിക നഷ്ടം വരുത്തുന്ന റൊട്ടേഷന്‍ സമ്പ്രദായത്തില്‍ മാറ്റം വരുത്തണമെന്ന പരിമിതമായ ആവശ്യം പോലംു പരിഗണിക്കപ്പെട്ടിട്ടില്ല. നിലിവില്‍ 20 പോസ്റ്റ് ഒരു യൂണിറ്റായി കണക്കാക്കുന്നതിന് പകരം 100 പോസ്റ്റുകളുടെ യൂണിറ്റാക്കണമന്നാണ് ആവശ്യം. ഇതുപോലും തസ്തിക നഷ്ടം തടയാന്‍ പര്യാപ്തമല്ല. എങ്കിലും സംവരണ വിഭാഗക്കാ്#ക്ക് ഇപ്പോഴുണ്ടാകുന്ന തസ്തിക നഷ്ടത്തിന്റെ തോത് കുറക്കാന്‍ ഇത് സഹകരമാകും.1999ല്‍ പ്രൊ കെ എം ബഹാവുദ്ദീന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. പി എസ് സിയുടെ ചട്ടമനുസരിച്ചാണ് നിയമനം നടക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് കോടതി കേസ് തീര്‍പാക്കിയത്. ആ ചട്ടത്തിലെ അപാകതയാണ് ഉന്നയിക്കുന്നത് എന്നത് കോടതി പരിഗണിച്ചില്ല. 2006ല്‍ വീണ്ടും സമാനമായ കേസുണ്ടായി. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍. ആ ലിസ്റ്റില്‍ ഒന്നാം റാങ്ക് കിട്ടിയ ഉദ്യോഗാര്‍ഥിയെ പോലും സംവരണ ക്വാട്ടയിലേക്ക് മാറ്റി. ഒരുനിയമത്തിനും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയാത്തവിധമുള്ള നഗ്നമായ അട്ടിമറി. ഹരജിക്കാര്‍ക്ക് അനുകൂലമായ വിധിയുണ്ടായി. ജനറല്‍ വിഭാഗത്തില്‍ നിയമിക്കപ്പെടാന്‍ യോഗ്യനായ ഉദ്യോഗാര്‍ഥിയെ സംവരണ ക്വാട്ടയിലേക്ക് മാറ്റുന്നത് വഴി അയാളുടെ സമുദായത്തിന് അര്‍ഹമായ ഒരു തസ്തിക നഷ്ടമാകുന്നുവെന്ന് കോടതി കണ്ടെത്തി. ഇത് തിരുത്തണമെന്ന് കോടതി വിധിച്ചിട്ടും നടപ്പായില്ല. വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത് എന്‍ എസ് എസും സംസ്ഥാന സര്‍ക്കാറും. സുപ്രിംകോടതിയില്‍ അവസാനം ഒരു ഭാഗത്ത് പി എസ് സിയും മറുഭാഗത്ത് സര്‍ക്കാറും തമ്മില്‍ കേസ് നടത്തിയ വിചിത്രമായ സംഭവമായി അത് മാറി. 

ഇങ്ങിനെ കിട്ടാവുന്ന ഏത് അവസരത്തിലും സംവരണ നിഷേധത്തിന് പഴുത് നോക്കി നടക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് പൊടുന്നനെ കെ എ എസില്‍ മൂന്ന് ധാരയിലും സംവരണം പ്രഖ്യാപിക്കുന്നത്. നിയമസെക്രട്ടറി അടക്കം അതി ശക്തമായ രീതിയില്‍ നല്‍കിയ നിയമോപദേശവും പട്ടിക ജാതി കമ്മീഷന്‍ അട്ക്കമുള്ള സംവിധാനങ്ങള്‍ നല്‍കിയ ഉത്തരവുകളും നിയമപരമായ താക്കീതുകളും പലതവണ ആവര്‍ത്തിച്ചിട്ടും അനങ്ങാത്ത സര്‍ക്കാരാണ് അപ്രതീക്ഷിത സമയത്ത് ഈ തീരുമാനമെടുത്തത്. പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന സാമൂഹിക വിവേചനം പരിഹരിക്കാനാണ് ഈ തീരുമാനമെന്ന് കരുതാന്‍ ന്യായമില്ല. ജാതി സംവരണം സാമൂഹിക നീതികൊണ്ടുവരില്ലെന്നും അതിന് സാമ്പത്തിക സംവരണം തന്നെ വേണമെന്നും സൈദ്ധാന്തികമായി വിശ്വസിക്കുകയും രാഷ്ട്രീയമായി നടപ്പാക്കുകയും ചെയ്യുന്നവരാണ് ഇടതുപക്ഷം എന്നതുതന്നെ ഒന്നാമത്തെ കാരണം. ഭരണ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും നിലനില്‍ക്കുന്ന സവര്‍ണാധിപത്യവും സംവരണ വിരുദ്ധതയുമാണ് മറ്റൊരു കാരണം. ഇവ പഴയപടി നിലനില്‍ക്കെ തന്നെ ഇത്തരമൊരു തീരുമാനമുണ്ടാകുമ്പോള്‍, സ്വാഭാവികമായും സവര്‍ണ വിഭാഗങ്ങള്‍ക്ക് തത്തുല്യമായ നേട്ടം വാഗ്ദാനംചെയ്യുന്ന ഭരണ നടപടി ഉണ്ടായിരക്കുമെന്ന് ഉറപ്പ്. ഇത്തവണ് ഇത് സാമ്പത്തിക സംവരണമാണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുന്നാക്കക്കാര്‍ക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം കെ എ എസില്‍ കൂടി നടപ്പാക്കാനുള്ള തിടുക്കമാണ് ഈ തീരുമാനത്തിന് പിന്നില്‍. കെ എ എസിന്റെ മൂന്ന് ധാരകളിലും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെക്കുറിച്ച് ഇതിനകം ഭരണതലത്തില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. പിന്നാക്ക സംവരണത്തിന് തടസ്സമായി സര്‍ക്കാറും ഉദ്യോഗസ്ഥരും പറഞ്ഞിരുന്ന ബൈ ട്രാന്‍സ്ഫര്‍, ഇരട്ട സംവരണം തുടങ്ങിയ സാങ്കേതിക തടസ്സങ്ങളൊന്നും എവിടെനിന്നും ഉന്നയിക്കപ്പെട്ടിട്ടില്ല. ഇത്തരം തടസ്സവാദങ്ങളില്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കണമെങ്കില്‍ ഇതുവരെ നിഷേധിച്ച പിന്നാക്കക്കാരുടെ അവകാശം വകവച്ചുകൊടുക്കേണ്ടിവരുമെന്ന് സര്‍ക്കാരിനറിയാം. ഇടതുസര്‍ക്കാറിന് വിശേഷിച്ചും. ഈ ഉപായമാണ് കെ എ എസില്‍ പൂര്‍ണ സംവരണം നടപ്പാക്കാന്‍  സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. പിന്നാക്കക്കാരുടെ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അതിശക്തമായ സമരങ്ങള്‍ സര്‍ക്കാറിന് ഒരുനിമിത്തമാകുകയും ചെയ്തു. 

സര്‍ക്കാറിന് ഇക്കാര്യത്തില്‍ അതിതാല്‍പര്യമുണ്ടെന്ന് തെളിയിക്കുന്ന നടപടികള്‍ ഇതിനകം സംഭവിച്ചുകഴിഞ്ഞിട്ടുമുണ്ട്. സംവരണം ഉണ്ടായ കാലം തൊട്ട് പിന്നാക്ക സംഘടനകള്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാന ആവശ്യമാണ് റൊട്ടേഷന്‍ വ്യവസ്ഥയിലെ അപാകതമൂലമുണ്ടാകുന്ന സംവരണ നഷ്ടം. നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ പോലുള്ള വന്‍നഷ്ടങ്ങളിലേക്ക് പിന്നാക്ക വിഭാഗങ്ങളെ എത്തിച്ചതില്‍ ഈ റൊട്ടേഷന്‍ രീതിക്ക് വലിയപങ്കുണ്ട്. ഇതുനെതിരെ ഉയര്‍ന്ന മുറവിളികളെല്ലാം കോടതമുറികളില്‍പോലും നിശ്ശബ്ദമാക്കപ്പെട്ടു. എന്നാല്‍ ഇപ്പോള്‍, മുന്നാക്ക സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഭരണകൂടത്തിന് ഇക്കാര്യത്തിലും വിവേകമുണ്ടായി്. സാമ്പത്തിക സംവരണം നടപ്പാക്കുമ്പോള്‍ ഇത്തരത്തില്‍ ചോര്‍ച്ചയുണ്ടാകരുത് എന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പ് ജനുവരി 19ന് പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഉണ്ടാകുന്ന ഒഴിവുകളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് നിര്‍ദേശിക്കുന്ന മാര്‍ഗരേഖക്ക് അനബന്ധമായാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. പിന്നാക്കക്കാര്‍ പതിറ്റാണ്ടുകളായി നേരിടുന്ന പ്രശ്നം മുന്നാക്ക സംവരണം നടപ്പാക്കുമ്പോള്‍ സംഭവിക്കാതിരിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ വരെ ഭരണസംവിധാനം ജാഗ്രത്താണ്. ഇക്കാര്യത്തില്‍ കേന്ദ്ര-കേരള വ്യത്യാസമൊന്നുമില്ല.  ഈ ജാഗ്രത തന്നെയാണ് കേരളത്തില്‍ കെ എ എസില്‍ സമ്പൂര്‍ണ പിന്നാക്ക സംവരണം നടപ്പാക്കാന്‍ കാരണമായതും. 

(ജനപക്ഷം, ഫെബ്രുവരി 2019)

Wednesday, February 27, 2019

മലപ്പുറത്തുകാരുടെ ആളോഹരി



കിഡ്‌നി രോഗബാധിതരെ സഹായിക്കാന്‍ മലപ്പുറം ജില്ലാപഞ്ചായത്ത് 12 കൊല്ലം മുമ്പ് നടപ്പാക്കിയ പദ്ധതി കേരള ചരിത്രത്തിലെ അത്യപൂര്‍വ മാതൃകകളിലൊന്നായരുന്നു. കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പദ്ധതിയില്‍ വിവിധ വകുപ്പുകളിലായി പ്രതിവര്‍ഷം മൂന്നരക്കോടിയുടെ സഹായമാണ് നല്‍കിക്കൊണ്ടിരുന്നത്. ജില്ലാപഞ്ചായത്ത് ഫണ്ടിന് പുറമെ പൊതുജനങ്ങള്‍ നല്‍കിയ സംഭാവനയാണ് ഈ പദ്ധതിയെ വിജയകരമാക്കിയത്. സ്‌കൂളകള്‍, പള്ളികള്‍, ഓട്ടോ-ടാക്‌സി-ബസ് അടക്കമുള്ള വിവിധ മേഖലകളിലെ തൊഴിലാളികള്‍, വ്യാപാരികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മദ്രസകള്‍ തുടങ്ങി പൊതുജനമൊത്തുചേരുന്ന സ്ഥലങ്ങളിലെല്ലാം ഇതിനായി ജനങ്ങള്‍ തന്നെ പണപ്പിരിവ് നടത്തി. അവര്‍ സ്വമേധയാ നല്‍കിയ ചെറുതുകകള്‍ മരുന്നായും ചികിത്സയായും സാമ്പത്തിക സഹായമായും ജില്ലയിലെ കിഡ്‌നി രോഗികളിലേക്കെത്തി. മലപ്പുറത്തുകാര്‍ ഇത്രയേറെ ആവേശത്തോടെ ഏറ്റെടുത്ത പദ്ധതി ഇപ്പോള്‍ ഏതാണ്ട് നിലച്ചമട്ടാണ്. പദ്ധതിയിലേക്ക് പണം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതോടെയാണ് ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. മലപ്പുറത്തുകാരനായ കെ ടി ജലീല്‍ തദ്ദേശ വകുപ്പ് മന്ത്രിയായതോടെയാണ്, സാങ്കേതികതയും ചട്ടപ്പടി നൂലാമാലകളും പറഞ്ഞ് പണംനല്‍കുന്നത് തടഞ്ഞത്! കടുത്ത ജനരോഷമുയര്‍ന്നതോടെ പണം നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഭേദഗതി ചെയ്തു. എന്നാല്‍ അതിന്, കര്‍ശന ഉപാധികള്‍ വച്ച് സുഗമമായ നടത്തിപ്പ് പ്രയാസകരമാക്കുന്ന തരത്തിലായിരുന്നു തിരുത്ത്. പിന്നീട് ഒരുകൊല്ലത്തോളം നാട്ടുകാര്‍ അത് മുന്നോട്ടുകൊണ്ടുപോയെങ്കിലും ഇപ്പോള്‍ പദ്ധതി ഏറെക്കുറെ നിശ്ചലാവസ്ഥയിലാണ്. ജില്ലാ ആശുത്രികള്‍ വഴി നാമമാത്രമായ ചികിത്സാ സൗകര്യമൊരുക്കുന്നതിലേക്ക് അത് ചുരുങ്ങി.



മലപ്പുറം ജില്ലയില്‍ ജനക്ഷേമ പരിപാടികള്‍ നടപ്പാക്കുന്നതെങ്ങിനെയെന്നും അതിനോട് സംസ്ഥാന ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എന്തായിരിക്കുമെന്നും വ്യക്തമാക്കുന്നതാണ് അങ്ങേയറ്റം സാധുക്കളായ രോഗികള്‍ക്ക് വേണ്ടി നടപ്പാക്കിയ പദ്ധതിയുടെ അവസ്ഥ. ഇത് ഏതെങ്കിലും ഒരുപദ്ധതിയില്‍ യാദൃശ്ചികമായി സംഭവിക്കുന്നതല്ല. മലപ്പുറത്തുകാരുടെ അതിജീവന പദ്ധതികളിലെല്ലാം കാണുന്ന പൊതുസ്വഭാവമാണ് ഭരണകൂട പങ്കാളിത്തത്തിന്റെ അഭാവവും ജന പങ്കാളിത്തത്തിന്റെ ആധിക്യവും. കൈയയച്ച് സഹായിക്കാനുള്ള മലപ്പുറത്തുകാരുടെ സന്നദ്ധതയെ ഇതിഹാസവത്കരിച്ച്, അതിന്റെ മറവില്‍ ഭരണകൂടം അവരുടെ ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറുകയും സംസ്ഥാനത്തിന്റെ വിഭവ വിതരണത്തില്‍ അന്നാട്ടുകാര്‍ക്ക് ലഭിക്കേണ്ട നീതിപൂര്‍വമായ വിഹിതം പോലും നിഷേധിക്കുകയുമാണ് ചെയ്യുന്നത്. ജില്ലയുടെ വളര്‍ച്ചയും വികസനവും അടയാളപ്പെടുത്തുന്ന ഏത് മേഖലയെടുത്ത് പരിശോധിച്ചാലും ഒരു സംസ്ഥാനം അതിലെ ഒരു പ്രദേശത്തെ ജനതയോട് കാണിക്കുന്ന സമാനതകളില്ലാത്ത വിവേചനത്തിന്റെ തെളിവുകള്‍ ലഭിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാന സെന്‍സസ് പ്രകാരം 41.13 ലക്ഷം. 33.01 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. തിരുവനന്തപുരത്തേക്കാള്‍, മലപ്പുറത്ത് അധികമുള്ളത് 8 ലക്ഷത്തിലധികം ആളുകള്‍. ഈ രണ്ട് ജില്ലകളിലെ സാമൂഹിക സാഹചര്യങ്ങള്‍ താരതമ്യം ചെയ്താല്‍ അറിയാം ആ വിവേചനത്തിന്റെ ആഴം. പൊതുപണം ഉപയോഗിച്ചുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ ഒരുതാരതമ്യം പോലും അര്‍ഹിക്കാത്തവിധം പിന്നിലാണ് മലപ്പുറം. ജനസംഖ്യ തീരെ കുറഞ്ഞ പത്തനംതിട്ട (11.97 ലക്ഷം) പോലുള്ള ജില്ലകളോടും മലപ്പുറത്തെ താരതമ്യം ചെയ്യാനാവില്ല. ജനസംഖ്യ കൂടുന്നതോ കുറയുന്നതോ അല്ല, ഒരു പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സവിശേഷതകളാണ് ഈ വിവേചനത്തിന്റെ അടിസ്ഥാനമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരള ഭരണസംവിധാനത്തിന്റെ ജനിതക വൈകല്യമാണ് ഈ വിവേചനം. സംസ്ഥാന ഭരണത്തില്‍ നിര്‍ണായക പങ്കാളിത്തമുള്ള മലപ്പുറത്തെ നേതാക്കളോ മലപ്പുറം പാര്‍ട്ടിയോ അധികാരത്തിലില്ലാത്ത ഒരു സര്‍ക്കാറും ജില്ലാ രൂപീകരണ ശേഷം കേരളത്തിലുണ്ടായിട്ടില്ല. എന്നിട്ടും ജില്ലയുടെ തലവരക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല.

കുട്ടികളെ പഠിപ്പിക്കുന്നതാര്?

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്‌റെ കാലത്ത് പത്താം തരം പരീക്ഷാഫലം പ്രഖ്യാപിച്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയോട് ഒരുചോദ്യമുന്നയിച്ചു. മലപ്പുറത്തെ പ്ലസ് ടു സീറ്റുകളുടെ എണ്ണം അനുസരിച്ച് നാല്‍പതിനായിരത്തോളം കുട്ടികള്‍ പുറത്താക്കപ്പെടുമല്ലോ, സര്‍ക്കാര്‍ ഇതിന് എന്താണ് പരിഹാരം കാണുന്നത് എന്നായിരുന്നു ചോദ്യം. അത്രയും കുട്ടികള്‍ പുറത്താക്കപ്പെടുമെന്ന വാദം തന്നെ തെറ്റാണ് എന്നായിരുന്നു അതിന് മന്ത്രിയുടെ ആദ്യ മറുപടി. സ്വന്തം വകുപ്പിന് കീഴിലെ അടിസ്ഥാന സൗകര്യവിതരണത്തിലെ അസന്തുലിതത്വത്തെക്കുറിച്ച് പ്രാഥമിക ധാരണപോലുമില്ലാതെയാണ് സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്ന് വ്യക്തമാക്കുന്ന മറുപടി. കണക്കുകള്‍ നിരത്തി മന്ത്രിയുടെ വിശദീകരണം തെറ്റാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ സമര്‍ഥിച്ചപ്പോള്‍, ബാക്കിയുള്ളവര്‍ക്ക് പഠിക്കാന്‍ അണ്‍എയിഡഡ് സ്‌കൂളുകളും ഓപണ്‍ സ്‌കൂളുകളുമുണ്ട് എന്നായിരുന്നു വിശദീകരണം. അതെ, സ്വന്തം പണംമുടക്കി സ്വാശ്രയ സ്‌കൂളുകളുണ്ടാക്കി, അവിടെ അധിക പണം മുടക്കി പഠിച്ചോളൂ എന്ന്. എന്നിട്ടും ബാക്കിയുള്ളവരുണ്ടെങ്കില്‍ മുഖ്യധാര വിദ്യാഭ്യാസത്തിന്റെ പുറമ്പോക്കായ ഓപണ്‍ ധാരയില്‍ പഠിക്കട്ടെ എന്നും. സ്വാശ്രയ വിരുദ്ധ സമരം അധികാരാരോഹണത്തിനുള്ള മുഖ്യ മൂലധനമായി നിക്ഷേപിക്കുന്ന ഇടതുപക്ഷമാണ് ഇതുപറയുന്നത് എന്നതുകൂടി ശ്രദ്ധേയമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷാഫലം പുറത്തുവരുന്നതിന് പിന്നാലെ കേരളത്തില്‍ ഉയരുന്ന ഏറ്റവും വലിയ ചര്‍ച്ച മലപ്പുറത്തെ കുട്ടികളുടെ ഹയര്‍സെക്കന്‌ററി ഉപരിപഠന സാധ്യതകളെക്കുറിച്ചാണ്. പത്താംതരം വിജയിക്കുന്നവരുടെ എണ്ണവും ജില്ലയിലെ ഹയര്‍സെക്കന്ററി സീറ്റുകളുടെ എണ്ണവും തമ്മിലെ അന്തരമാണ് ഈ ചര്‍ച്ചയുടെ മര്‍മം. ശരാശരി 75,000 പേര്‍ വിജയിക്കുന്ന ജില്ലയില്‍ 25,000 പേരെങ്കിലും പൊതുവിദ്യാലയത്തില്‍നിന്ന് പുറത്താക്കപ്പെടുന്നുവെന്നതാണ് അവസ്ഥ. കഴിഞ്ഞ നാലോ അഞ്ചോ വര്‍ഷമായി നടന്ന ബോധപൂര്‍വമായ ചില ഇടപെടലുകളുടെ ഫലമായാണ് ഇത് ഇത്രയെങ്കിലും എത്തിയത്. എന്നിട്ടും മറ്റ് ജില്ലകള്‍ക്ക് സമാനമായ പഠനാവസരം ഇവിടെ എത്തിയിട്ടില്ല.


സ്വാശ്രയ സ്‌കൂളുകളാണ് മലപ്പുറത്തെ വിദ്യാര്‍ഥികളുടെ പ്ലസ് ടു പഠനാവസരത്തിന് ഇപ്പോഴും തുണയാകുന്നത്. 33 ലക്ഷം ജനസംഖ്യയുള്ള തിരുവനന്തപുരത്ത് 82 സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളുണ്ട്. അതിനേക്കാള്‍ 8 ലക്ഷം ആളുകള്‍ കൂടുതലുള്ള മലപ്പുറത്ത് അത് 86 എണ്ണം മാത്രമാണ്. 25 ലക്ഷം ജനസംഖ്യയുള്ള കണ്ണൂരില്‍ 81 സര്‍ക്കാര്‍ സ്‌കൂളുകളുണ്ട്. മലപ്പുറത്ത് ഈ വിഭാഗത്തില്‍ 73 അണ്‍ എയിഡഡ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 48 സ്‌കൂളേയുള്ളൂ. അണ്‍ എയിഡഡ് അടക്കം ആകെ 248 ഹയര്‍ സെക്കന്ററി സ്‌കൂളുകളുള്ള മലപ്പുറത്ത് ഇത്രയും സ്‌കൂളുകളിലായി ആകെയുള്ളത് 689 പ്ലസ് ടു ബാച്ചുകളാണ്. എന്നാല്‍ ആകെ 178 സ്‌കൂളുകളുള്ള തിരുവനന്തപുരത്താകട്ടെ 633 ബാച്ചുകളുണ്ട്. 200ന് അടുത്ത് സ്‌കൂളുകളുള്ള തൃശൂര്‍, എറണാകുളം ജില്ലകളിലും ബാച്ച് എണ്ണം ഏറെക്കുറെ മലപ്പുറത്തിന് ഒപ്പമാണ്. തിരുവനന്തപുരത്ത് ഒരു സ്‌കൂളില്‍ ശരാശരി 34 ബാച്ചാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ മലപ്പുറത്ത് അത് ഒരു സ്‌കൂളില്‍ 23 ബാച്ചാണ്. എണ്ണിത്തിട്ടപ്പെടുത്തുന്ന കണക്കുകള്‍കൊണ്ട് ജനസംഖ്യാനുപാതികമായി അര്‍ഹമായ വിഹിതം അട്ടിമറിക്കപ്പെടുന്നത് എങ്ങിനെയെന്ന് വ്യക്തമാക്കുന്നതാണ് ബാച്ചുകളുടെ എണ്ണത്തിലെ ഈ അനുപാതം. കൂടുതല്‍ ബാച്ചുകള്‍ ഉള്‍കൊള്ളാനുള്ള അടിസ്ഥാനസൗകര്യങ്ങളില്ലാത്തവയാണ് മലപ്പുറത്തെ ഭൂരിഭാഗം സ്‌കൂളുകളുമെന്നുകൂടി വ്യക്തമാക്കുന്നു ഈ കണക്കുകള്‍.

മതിയായ പഠന സൗകര്യമൊരുക്കണമെന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുറവിളിക്ക്് ശക്തികൂടിയ ശേഷം പോലും ഭരണ നടപടികളില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. 1999-2019 കാലയളവില്‍ സംസ്ഥാനത്ത് പുതുതായി 68 വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ സര്‍ക്കാര്‍ അനുവദിച്ചു. ഈ 20 വര്‍ഷത്തിനിടെ മലപ്പുറം ജില്ലക്ക് കിട്ടിയത് വെറും 3 പുതിയ വിഎച്ച്എസ്‌സികളാണ്. 1999ല്‍ 24 സ്‌കൂളുണ്ടായിരുന്നത് ഇപ്പോള്‍ 27 ആയി. എന്നാല്‍ 1999ല്‍ 34 സ്‌കൂളുകളുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 7 പുതിയ സ്‌കൂള്‍ അനുവദിച്ചു. 17 സ്‌കൂളുണ്ടായിരുന്ന ആലപ്പുഴയില്‍ 10ഉം 43 സ്‌കൂളുണ്ടായിരുന്ന കൊല്ലത്ത് 9 ഉം സ്‌കൂളുകള്‍ പുതുതായി വന്നു. ജനസംഖ്യയില്‍ മലപ്പുറത്തിന്റെ പകുതി മാത്രമുള്ള കോട്ടയത്തിനുപോലും കിട്ടി ഇക്കാലയളവില്‍ 7 പുതിയ സകൂള്‍. അവിടെയാകട്ടെ നേരത്തെ തന്നെ 24 എണ്ണമുണ്ടായിരുന്നു. കോഴ്‌സകളുടെ എണ്ണത്തിലും ഈ വിവേചനം പ്രകടമാണ്. ഹയര്‍സെക്കന്ററി പഠന സൗകര്യം അങ്ങേയറ്റം പരിമിതമാണെന്ന് ബോധ്യപ്പെട്ട ശേഷവും മലപ്പുറത്തോട് സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അവഗണനക്ക് വേറെ കണക്കുകള്‍ വേണ്ടതില്ല. െ്രെപമറി സ്‌കൂളുകളുടെയും ഹൈസ്‌കൂളുകളുടെയും കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. മലപ്പുറത്ത് 49 അണ്‍ എയിഡഡ് യു പി സ്‌കൂളുകളുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളില്‍ ഇത് 5 മുതല്‍ പരമാവധി 29 വരെയാണ്. ഹൈസ്‌കൂളുകളാകട്ടെ 118 എണ്ണമാണ് അണ്‍ എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് 50 എണ്ണമേ അണ്‍ എയിഡഡിലുള്ളൂ. ഇവിടെ 126 സര്‍ക്കാര്‍ സ്‌കൂളും 94 എയിഡഡ് സ്‌കൂളും പ്രവര്‍ത്തിക്കുമ്പോള്‍ മലപ്പുറത്ത് അത് യഥാക്രമം 94ഉം 85 ഉം മാത്രം. മലപ്പുറത്ത് ഒരു ഹൈ സ്‌കൂളില്‍ ശരാശരി 1927 കുട്ടികള്‍ പഠിക്കേണ്ടി വരുമ്പോള്‍ പത്തനംതിട്ടയില്‍ ഇത് ശരാശരി 620 ആണ്. സൗജന്യ സാര്‍വത്രിക വിദ്യാഭ്യാസം നടപ്പാക്കി എന്നുമേനി പറയുന്ന സംസ്ഥാനത്താണ് വിഭവ വിതരണത്തിലെ ഈ അന്തരം പദ്ധതി ആസൂത്രണത്തില്‍ ഒട്ടും പരിഗണിക്കപ്പെടാതിരിക്കുന്നത്.

കേരളത്തില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ സ്വന്തമായി കെട്ടിടമില്ലാത്ത ആകെ 91 സ്‌കൂളുകളേ കേരളത്തിലുള്ളൂ. ഇതില്‍ 20ഉം മലപ്പുറത്താണ്! യുപി സ്‌കൂളുകളില്‍ തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ജില്ലകളില്‍ സ്വന്തം കെട്ടിടമില്ലാത്ത ഒരൊറ്റ സ്‌കൂളുമില്ല. എന്നാല്‍ മലപ്പുറത്ത് ഇത്തരം നാലെണ്ണമുണ്ട്. സര്‍വശിക്ഷാ അഭിയാന്‍ അടക്കമുള്ള പദ്ധതികളിലൂടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കോടികള്‍ ചിലവിട്ട ഒരുസംസ്ഥാനത്താണ് ഒരൊറ്റ ജില്ലയില്‍ ഇത്രയും സ്‌കൂളകളെന്നതാണ് വിചിത്രം. സംസ്ഥാനത്താകെ 17 യുപി സ്്കൂളുകളേ ഇക്കൂട്ടത്തിലൂള്ളൂ എന്നും കാണണം. നാട്ടുകാര്‍ സ്വന്തം പണം മുടക്കി സ്ഥാപിക്കുന്ന സ്‌കൂളുകളുടെ എണ്ണത്തില്‍ മാത്രമാണ് മലപ്പുറത്തിന് മുന്നിലെത്താനാകുന്നത്. ഉന്നത പഠനത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു കോളജ് എന്ന നിലയില്‍ കോളജുകളുടെ എണ്ണം ഉറപ്പാക്കാന്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അനുവദിച്ച കോളജുകളില്‍ എട്ടെണ്ണം സ്ഥാപിക്കേണ്ടി വന്നത് മലപ്പുറത്താണ്. അതില്‍ തന്നെ നല്ല കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമുള്ള കോളജുകള്‍ നന്നേ കുറവാണ്. നാട്ടുകാര്‍ പിരിവെടുത്ത് വാടക കൊടുത്തും സൗജന്യമായി സ്ഥലം കൊടുത്തുമൊക്കെയാണ് പലകോളജുകളും പ്രവര്‍ത്തിക്കുന്നത്. ഇങ്ങിനെ അനുവദിച്ചിട്ടും സംസ്ഥാനത്തെ ആകെ കോളജുകളുടെ വിന്യാസത്തില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം പരിഹരിക്കപ്പെട്ടിട്ടില്ല. മലപ്പുറത്തെ ആകെ കോളജുകളുടെ എണ്ണം (സര്‍ക്കാര്‍എയിഡഡ്) ഇപ്പോഴും 20 ആണ്. തിരുവനന്തപുരത്തും കോട്ടയത്തും തൃശൂരും 22 വീതം കോളജുകളുണ്ട്. ഈ ജില്ലകളിലെ ജനസംഖ്യ കൂടി പരിഗണിച്ചാല്‍ ഈ അനുപാതത്തിലെ അന്യായം ബോധ്യപ്പെടും. ബിരുദ വിദ്യാഭ്യാസ പ്രായത്തിലുള്ളവരുടെ ജനസംഖ്യയുമായി താരതമ്യം ചെയ്താല്‍ ഇത് കുറച്ചുകൂടി വ്യക്തമാകും. മലപ്പുറത്ത് 26 വിദ്യാര്‍ഥികള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ് ബിരുദ കോഴ്‌സുകളുടെ ലഭ്യത. കോട്ടയത്ത് ഇത് മൂന്ന് കുട്ടികള്‍ക്ക് ഒരു സീറ്റ് എന്ന നിലയിലാണ്! 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറം ജില്ലയിലാണ്. 5 ലക്ഷത്തിനും 6 ലക്ഷത്തിനും ഇടയില്‍. തിരുവനന്തപുരത്ത് ഇത് 23 ലക്ഷത്തിനിടയിലാണ്. വിദ്യാര്‍ഥി പ്രായത്തിലേക്ക് കടക്കുന്നവരുടെ എണ്ണത്തിലെ ഈ ബാഹുല്യമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ ഇത്രമേല്‍ വിവേചനം മലപ്പുറത്തോട് കാണിക്കാനാകില്ലായിരുന്നു. ഉന്നത പഠന മേഖലയിലേക്ക് കുട്ടികള്‍ എത്തിപ്പെടുന്നതിന് ഈ അപര്യാപ്തതകള്‍ വലിയ തടസ്സം സൃ്ഷ്ടിക്കുന്നുവെന്ന് ഔദ്യോഗിക പഠനങ്ങള്‍ തന്നെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഈ പോരായ്മകളെല്ലാം മലപ്പുറത്തുകാര്‍ മറികടക്കുന്നത് അവര്‍ തന്നെ വികസിപ്പിച്ച സ്വാശ്രയ കോളജുകളും സ്‌കൂളുകളും വഴിയാണ്.


വണ്ടിയില്ല, ആരോഗ്യവും


മലപ്പുറത്തെ വിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ പങ്കാളിത്തം അവഗണിക്കപ്പെട്ടത്. സാമൂഹിക ജീവിതത്തെ സ്പര്‍ശിക്കുന്ന സകല സേവന മേഖലകളിലും ഈ പ്രവണത കാണാം. എല്ലായിടത്തും സ്വകാര്യ സംരംഭകരും സേവന ദാതാക്കളുമാണ് മലപ്പുറത്തെ ചലിപ്പിക്കുന്നത്. അവര്‍കൂടി നികുതി നല്‍കി സമാഹരിക്കുന്ന പൊതുഖജാന മലപ്പുറത്തിന് വേണ്ടി തുറക്കുന്നത് അത്യപൂര്‍വമായി മാത്രമാണ്. മലപ്പുറത്തുകാര്‍ കൂട്ടത്തോടെ മന്ത്രിസഭയിലിരിക്കുന്ന കാലത്തും അന്നാട്ടുകാര്‍ക്ക് വേണ്ടി നീതിപൂര്‍വം അത് വിനിയോഗിക്കപ്പെട്ടിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ പൊതുഗതാഗത സംവിധാനമായ കെ എസ് ആര്‍ ടി സി സര്‍വീസുകളുടെ മലപ്പുറത്തെ പ്രാതിനിധ്യം നല്ല ഉദാഹരണമാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് കെ എസ് ആര് ടി സി ബസ് സര്‍വീസുള്ള രണ്ടാമത്തെ ജില്ലയാണ് മലപ്പുറം. ഇവിടെ ആകെയുള്ളത് 198 ബസ് മാത്രം. മലപ്പുറത്തിന് പിറകിലുള്ളത് കാസര്‍കോഡാണ് (147). കൊല്ലത്ത് 595ഉം പത്തനംതിട്ടയില്‍ 311ഉം കോട്ടയത്ത് 496ഉം ബസുകളാണ് നിലവിലുള്ളത്. തിരുവനന്തപുരത്താകട്ടെ ഇത് 1383 ആണ്. എന്നിട്ടും ഈ ജില്ലകളേക്കാല്‍ ഭൂവിസ്തൃതിയിലും ജനസംഖ്യയിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മലപ്പുറത്ത് ബസുകളുടെ എണ്ണം നാമമാത്രം. ഇതില്‍തന്നെ എത്ര ബസുകള്‍ സര്‍വീസ് നടത്താന്‍ പ്രാപ്തമാണ് എന്നത്് വേറെ അന്വേഷിക്കണം. കെ എസ് ആര്‍ ടി സി ഷെഡ്യൂളുകളുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. തിരുവനന്തപുരത്ത് 1540ഉം കൊല്ലത്ത് 646ഉം ആലപ്പുഴയില്‍ 402ഉം കോട്ടയത്ത് 430ഉം എറണാകുളത്ത് 579ഉം ഷെഡ്യൂളുകള്‍ ഓപറേറ്റ് ചെയ്യുമ്പോള്‍ മലപ്പുറത്ത് ആകെയുള്ളത് 210 ഷെഡ്യൂള്‍ മാത്രം.

റൂട്ടുകളുടെ എണ്ണത്തിലും സംസ്ഥാന സര്‍ക്കാര്‍ മലപ്പുറത്തെ പരിഗണിച്ചിട്ടില്ല. പത്തനംതിട്ടയില്‍ 477 റൂട്ടും കോട്ടയത്ത് 531 റൂട്ടും എറണാകുളത്ത് 952 റൂട്ടും കൊല്ലത്ത് 969 റൂട്ടുമാണ് കെ എസ് ആര്‍ ടി സി സര്‍വീസുള്ളത്. എന്നാല്‍ ഇത് മലപ്പുറത്തെത്തുമ്പോള്‍ 184 ആയി കുത്തനെ കുറയും. ഈ റൂട്ടുകളിലായി ആകെ സര്‍വീസ് നടത്തുന്നത് 12,611 കിലമീറ്റര്‍ ദൂരം മാത്രം. ഇക്കാര്യത്തിലും കാസര്‍കോട് മാത്രമേ മലപ്പുറത്തിന് പിറകിലുള്ളൂ. ആകെ ഓടിയത് 248 ലക്ഷം കിലോമീറ്ററും. തെക്കന്‍ കേരളത്തിലെ ഏത് ജില്ലയിലും 27,000 കിലമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസുണ്ട്. കെ എസ് ആര്‍ ടിസി സര്‍വീസുകള്‍ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് ഈ കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാകില്ല. എന്നാല്‍, മലബാറിനോടും മലപ്പുറത്തോട് വിശേഷിച്ചുമുള്ള കടുത്ത വിവേചനം ഈ കണക്കുകള്‍ക്കിടയില്‍ ദൃശ്യമാണ്. പരിമിതമെങ്കിലും മലപ്പുറത്ത് നിലവിലുള്ള സര്‍വീസുകള്‍ വിജയകരമാണെന്നും കണക്കുകള്‍ പറയുന്നുണ്ട്. യാത്രക്കാരുടെ എണ്ണത്തിലും ഫലപ്രദമായി സര്‍വീസ് നടത്തുന്നതിലും ഇത് ദൃശ്യമാണ്. ഒരുവര്‍ഷം ആകെ ഓപറേറ്റ് ചെയ്യേണ്ട ദൂരവും അതില്‍ ഫലപ്രദമായി ഓപറേഷന്‍ നടന്ന ദൂരവും തമ്മിലെ അന്തരം പരിശോധിച്ചാല്‍ ഇതുകാണാം. സംസ്ഥാനത്ത് ഒരു ജില്ലയിലും ആകെ ഓടേണ്ട ദൂരത്തേക്കാള്‍ കൂടുതല്‍ ദൂരം ഓപറേഷന്‍ നടത്തിയിട്ടില്ല, മലപ്പുറത്തൊഴികെ. യാത്രക്കാരുടെ എണ്ണത്തിലും കാണാം ഈ ആധിക്യം. ഇത്ര കുറവ് ബസുകളും ഇത്ര കുറഞ്ഞ ദൂരത്തെ സര്‍വീസുകളും ആണെങ്കിലും ഒരു വര്‍ഷം കെ എസ് ആര്‍ ടി സി വഹിക്കുന്ന യാത്രക്കാരുടെ എണ്ണം 300 ലക്ഷമാണ്. 250 ബസുള്ള ഇടുക്കിയേക്കാളും 268 ബസുള്ള കാസര്‍കോട്ടേക്കാളും കൂടുതല്‍ യാത്രക്കാര്‍. മലപ്പുറത്തെ പൊതു ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതക്ക് അടിവരയിടുന്നതാണ് ഈ കണക്ക്. ഓപറേഷന്‍ കേന്ദ്രങ്ങളുടെ കാര്യത്തിലും കാണാം ഈ ദൗര്‍ബല്യം. തിരുവനന്തപുരത്ത് 20ഉം കൊല്ലത്ത് 9ഉം കോട്ടയത്ത് 7ഉം കേന്ദ്രങ്ങളില്‍നിന്ന് സര്‍വീസുകള്‍ ഉണ്ടെങ്കില്‍ മലപ്പുറത്ത് അത് നാലെണ്ണം മാത്രമാണ്. യാത്ര ചെയ്യണമെന്നുണ്ടെങ്കില്‍ സ്വാകാര്യ വാഹനങ്ങളെ ഇത്രമേല്‍ ആശ്രയിക്കേണ്ടിവരുന്ന ജില്ല മറ്റൊന്നില്ല. റയില്‍വേയുടെ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ.

മുസ്‌ലിം ലീഗിന്റെ ഭരണ സ്വാധീനത്താല്‍ മലപ്പുറം ജില്ലയിലെ റോഡുകളെല്ലാം മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി മികച്ച രീതിയില്‍ സജജീകരിച്ചിട്ടുണ്ട് എന്നൊരു പ്രചാരണം സമീപകാലത്തുണ്ടായിരുന്നു. യുഡിഎഫ് ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പ് മിക്കവാറും ലീഗിന് ലഭിക്കുന്നതിനാല്‍ പ്രത്യക്ഷത്തില്‍ ഇത് ശരിയാണെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തിലും മറ്റ് ജില്ലകളേക്കാള്‍ പിന്നിലാണ് മലപ്പുറം. ജില്ലാ റോഡുകളുടെ കാര്യത്തിലും സ്‌റ്റേറ്റ് ഹൈവേകളുടെ കാര്യത്തിലും കൂടുതല്‍ മികച്ച റോഡുകളുള്ളത് കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും തൃശൂരുമാണ്. മലപ്പുറത്ത് ബിറ്റുമിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആകെ നിര്‍മിച്ചത് 2680 കിലോമീറ്ററാണെങ്കില്‍ കോട്ടയത്ത് അത് 3456 കി.മീ ആണ്. എറണാകുളത്ത് 3140കിലോമീറ്ററും. വ്യവസായങ്ങളുടെ കാര്യത്തിലും കാണാം സര്‍ക്കാര്‍ അവഗണനയുടെ ഞെട്ടിക്കുന്ന കണക്കുകള്‍. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ മലപ്പുറത്തില്ല. സംസ്ഥാന പൊതു മേഖലാ വ്യവസായങ്ങള്‍ രണ്ടെണ്ണമാണ് മലപ്പുറത്ത് പ്രവര്‍ത്തിക്കുന്നത്. സഹകരണ സ്ഥാപനങ്ങളാണെങ്കിലും പരമ്പരാഗത വ്യവസായങ്ങളാണെങ്കിലും ഇതുതന്നെയാണ് അവസ്ഥ.


കേരളത്തില്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്ലാത്ത 25,000ല്‍ അധികം ജനസംഖ്യയുള്ള ഏക ജില്ലയാണ് മലപ്പുറം. തിരുവനന്തപുരത്ത് അഞ്ചും ആലപ്പുഴയല്‍ നാലും കൊല്ലത്ത് രണ്ടും സര്‍ക്കാര്‍ വക സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ട്. മൂന്ന് ജില്ലാ ആശുപത്രികള്‍ മലപ്പുറത്തുണ്ടെങ്കിലും മൂന്നിലും ചേര്‍ത്ത് ആകെയുള്ളത് 483 കിടക്കകളാണ്. രണ്ട് ജില്ലാ ആശുപത്രിയുള്ള തിരുവനന്തപുരത്തും (562 കിടക്ക) ഒരോന്ന് മാത്രമുള്ള കൊല്ലത്തും (537 കിടക്ക) ആലപ്പുഴയിലും (487 കിടക്ക) പാലക്കാടും (544 കിടക്ക) വയനാടും (500 കിടക്ക) കണ്ണൂരും (616 കിടക്ക) ഇതിനേക്കാള്‍ അധികം കിടക്കകളുണ്ട്. താലൂക്ക് ആശുപത്രികളുടെ കാര്യത്തിലും കാണാം സമാനമായ സ്ഥിതിവിശേഷം. 6 താലൂക്ക് ആശുപത്രികളുണ്ടായിട്ടും ആകെയുള്ളത് 497 കിടക്ക മാത്രം. മൂന്നെണ്ണമുള്ള കോട്ടയത്ത് കിടക്കകളുടെ എണ്ണം 551 ആണ്. കണക്കുപുസ്തകത്തിലെ വലിപ്പം മലപ്പുറത്തിന്റെ കാര്യത്തില്‍ ഫലത്തിലുണ്ടാകില്ല എന്നതാണ് പൊതുതത്വം. അതുതന്നെയാണ് ജില്ലാ-താലൂക്ക് ആശുപത്രികളുടെ കണക്കിലുമുള്ളത്. ഒരു പഞ്ചായത്തില്‍ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നതാണ് കേരളത്തിലെ പൊതുമാനദണ്ഡം. എന്നാല്‍ നൂറോളം ഗ്രാമപഞ്ചായത്തുകളുള്ള മലപ്പുറത്ത് 65 പി എച്ച് എസികള്‍ മാത്രമാണുള്ളത്്. മൊത്തം ആശുപത്രികളുടെ എണ്ണം എടുത്താലും കാണാം ഈ വൈരുദ്ധ്യം. എണ്ണത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ള ജില്ലയാണ് മലപ്പുറം 124. എന്നാല്‍ ആകെ കിടക്കകളുടെ എണ്ണം 2508! 118 ആശുപത്രികളുള്ള തിരുവനന്തപുരത്തുള്ളത് 4879 കിടക്കകള്‍!! 90 എണ്ണമുള്ള ആലപ്പുഴയില്‍ 3424!! 115 എണ്ണമുള്ള എറണാകുളത്ത് 4574!! 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത് അത്യാവശ്യക്കാരുണ്ടെങ്കില്‍ പണം മുടക്കി ചികിത്സ തേടട്ടെ എന്നാണ് ഈ വിവേചനത്തിലൂടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം. സര്‍ക്കാരിന്റെ ഈ മനോഭാവം സ്വാകാര്യ ആശുപത്രി വ്യവസായം തിരിച്ചറിഞ്ഞിട്ടുമുണ്ട്. സംസ്ഥാനത്ത് ഏറ്റവുമേറെ സ്വകാര്യ ആശുപത്രികളുള്ള ജില്ലയായി മലപ്പുറം മാറിക്കഴിഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് പരിശോധിച്ചാല്‍ ഇതിനേക്കാള്‍ ഗുരുതരമാണ്. 2016ല കണക്ക് അനുസരിച്ച് 455 മെഡിക്കല്‍ ഓഫീസര്‍മാരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. അഥവ 9,000-10,000 വരെ പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫീസര്‍. തിരുവനന്തപുരത്ത് ഇത് 6,000-7,000 പേര്‍ക്ക് ഒരാള്‍ എന്നതാണ് കണക്ക്. പത്തനംതിട്ടയില്‍ 4,000-5,000 പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫീസറും കോട്ടയത്ത് 3,000-4,000 പേര്‍ക്ക് ഒരു മെഡിക്കല്‍ ഓഫീസറുമുണ്ട്. തെക്കന്‍ കേരളത്തിലെ ഒരു മലയാളി പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ നേര്‍പകുതിയാണ് മലപ്പുറത്തെ ഒരു മലയാളി പൗരന് ലഭിക്കുന്ന അവകാശമെന്നാണ് ഈ കണക്കുകള്‍ പറയുന്നത്. നഴ്‌സ് മുതല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വരെയുള്ളവരുടെ എണ്ണത്തിലുമുണ്ട് ഭീമമായ ഈ അന്തരം. മലപ്പുറത്ത് ഒരു മെഡിക്കല്‍ കോളജുണ്ടായതു തന്നെ അന്നാട്ടുകാരുടെ അധ്വാനംകൊണ്ടാണ്. അങ്ങേയറ്റം പരിമിതമായ സൗകര്യങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മഞ്ചേരി ജില്ലാ ആശുപത്രിക്ക് നാട്ടുകാര്‍ പിരിവിട്ട് കെട്ടിടം നിര്‍മിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. വിപുലമായ സൗകര്യങ്ങളിലേക്ക് ആശുപത്രി വികസിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെ മെഡിക്കല്‍ കോളജായി പ്രഖ്യാപിച്ചു. അത്രതന്നെ. നാട്ടുകാര്‍ക്ക് നഷ്ടമായ ജില്ലാ ആശുപത്രിയുടെ സേവനത്തിന് പകരം സംവിധാനം വന്നുമില്ല. ഫലത്തില്‍ മെഡിക്കല്‍ കോളജ് വന്നതുകൊണ്ട് അധികമായി ഒരു പ്രയോജനവും അന്നാട്ടുകാര്‍ക്കുണ്ടായില്ല. ജനസംഖ്യാനുപാതികമായി ന്യായമായി ലഭിക്കേണ്ട ഏതവകാശത്തിന്റെ കാര്യമെടുത്താലും മലപ്പുറത്ത് ഈ വിവേചനം പ്രകടമാണ്. ഇത്രയൊക്കെ പരിമിതികളും സര്‍ക്കാര്‍ അവഗണനയും നേരിട്ടിട്ടും മലപ്പുറം അതിജീവിച്ചത് പ്രവാസത്തിലൂടെയാണ്. കടല്‍കടന്നുപോയവര്‍ അവരുടെ പിന്‍തലമുറക്ക് വേണ്ടി സൃഷ്ടിച്ച ബദല്‍ പദ്ധതികളാണ് അവരെ കൈപിടിച്ചുനടത്തിയത്. പ്രവാസികളെ ഒരുകാലത്ത് ജന്മനാടുമായി ഇണക്കിച്ചേര്‍ത്തിരുന്നത് ഇവിടത്തെ തപലാപ്പീസുകളാണ്. അതിന്റെ കാര്യത്തില്‍പോലുമുണ്ട് പക്ഷെ ഈ വിവേചനം! മലപ്പുറത്ത് ഒരു പോസ്‌റ്റോഫീസിന് കീഴിലുള്ളത് ശരാശരി 9407 പേര്‍. തൃശൂരില്‍ ഇത് 6400ഉം കോട്ടയത്ത് 4800ഉം പത്തനംതിട്ടയില്‍ 3795ഉം ആണ്!!

പുതിയ ജില്ല

ജില്ലാ ആസ്ഥാനമായ മലപ്പുറത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങള്‍ പോലും വിദൂര സ്ഥലങ്ങള്‍ ആസ്ഥാനമായ താലൂക്കുകള്‍ക്ക് കീഴില്‍ വരുന്ന വിചിത്രമായ റവന്യൂ ഘടനയാണ് ജില്ലക്കുള്ളത്. മലപ്പുറം നഗരത്തോട് ചേര്‍ന്ന മേല്‍മുറിയും പാണക്കാടും ഏറനാട് താലൂക്കിന്റെ ഭാഗമാണ്. മലപ്പുറത്തുനിന്ന് അത്രതന്നെ അകലത്തിലുള്ള കൂട്ടിലങ്ങാടി, കോഡൂര്‍, കുറുവ എന്നിവ പെരിന്തല്‍മണ്ണ താലൂക്കിലും. ഒതുക്കുങ്ങല്‍ തിരൂരങ്ങാടിയിലാണങ്കില്‍ പൊന്മള തിരൂര്‍ താലൂക്കില്‍. ജില്ലാ ആസ്ഥാനമായ നഗരത്തോട് ചേര്‍ന്ന സ്ഥലങ്ങള്‍ ഇങ്ങിനെ വിദൂരസ്ഥമായ താലൂക്കുകളുമായി ചേര്‍ന്നുനില്‍ക്കേണ്ടിവരുന്ന സംസ്ഥാനത്തെ ഏക ജില്ലയായിരിക്കും മലപ്പുറം. ജനജീവിതത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി സൂക്ഷ്മതലത്തില്‍ ബന്ധിപ്പിക്കുന്ന റവന്യു ഘടനയുടെ സങ്കീര്‍ണത സൃഷ്ടിക്കുന്ന ദുരിതം ചെറുതല്ല. ഇത് പുനസംഘടിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഭരണകൂടത്തിന് മുന്നില്‍ ഇപ്പോഴും അതൊരു ഗൗരവപ്പെട്ട വിഷയമായിട്ടില്ല. ഭൂവിസ്തൃതിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ് മലപ്പുറം. 3550 ചതുരശ്ര കിലോമീറ്റര്‍. പാലക്കാടും ഇടുക്കിയുമാണ് ഇക്കാര്യത്തില്‍ മലപ്പുറത്തിന് മുന്നിലുള്ളത്. ഇടുക്കിയിലാകട്ടെ ഭൂരിഭാഗവും വനഭൂമിയാണ്.

77 താലൂക്കുകളുള്ള സംസ്ഥാനത്ത് ഒരു താലൂക്കിലെ ശരാശരി ജനസംഖ്യ 4.33 ലക്ഷമാണ്. എന്നാല്‍ മലപ്പുറത്ത് ഇത് 5.87 ലക്ഷവും. 6 താലൂക്കുണ്ടായിരുന്ന ജില്ലയില്‍ പുതുതായി അനുവദിച്ച ഒന്നടക്കം ഇപ്പോള്‍ ഏഴെണ്ണമുണ്ട്. എന്നാല്‍ 8 ലക്ഷത്തിലധികം ജനസംഖ്യവരുന്ന തിരൂര്‍ താലൂക്ക് വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. കൂടുതല്‍ താലൂക്കുകള്‍ ഉണ്ടാക്കുക എന്നതിലുപരി മലപ്പുറം ജില്ല തന്നെ വിഭജിക്കണമെന്ന നിര്‍ദേശവും പ്രബലമാണ്. വള്ളുവനാട് കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യം നേരത്തെ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. തിരൂര്‍ കേന്ദ്രമായി പുതിയ ജില്ല എന്ന നിര്‍ദേശമാണ് മറ്റൊന്ന്. താരതമ്യേന ശാസ്ത്രീയമായ രീതിയില്‍ ജനസംഖ്യാ വിഭജനവും റവന്്യു ഘടനയും നടപ്പാക്കാന്‍ കഴിയുന്നതാണ് തിരൂര്‍ കേന്ദ്രീകരിച്ച് ജില്ല എന്ന ആശയം. രൂപീകരിക്കപ്പെട്ട ശേഷം ഇതുവരെ പുനസംഘടിപ്പിക്കാത്ത രണ്ട് ജില്ലകളേ കേരളത്തിലുള്ളൂ മലപ്പുറവും തിരുവനന്തപുരവും. തിരുവനന്തപുരം, തലസ്ഥാനം എന്ന നിലയിലെ എല്ലാ പരിഗണനയും ലഭിക്കുകയും അന്യായമായ തരത്തിലുള്ള വിഭവ കേന്ദ്രീകരണം നടക്കുകയും ചെയ്ത സ്ഥലമാണ്. അതുകൊണ്ട് തന്നെ അത് വിഭജിക്കണമെന്ന ആവശ്യം ഉയരാനേയിടയില്ല. എന്നാല്‍ മലപ്പുറത്തിന്റെ അവസ്ഥ നേരെ മറിച്ചാണ്. 1957ല്‍ ജില്ലകള്‍ പുനസ്സംഘടിപ്പിച്ച ശേഷം കേരളത്തിലെ എല്ലാ ജില്ലകളും വിഭജിക്കപ്പെട്ടിട്ടുണ്ട്. ആലപ്പുഴക്കും പത്തനംതിട്ടക്കും വേണ്ടി കൊല്ലം വിഭജിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് വേണ്ടി കോട്ടയം മൂന്ന് തവണ വിഭജിക്കപ്പെട്ടു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ രണ്ടുതവണയും പാലക്കാടും തൃശൂരും എറണാകുളവും ഓരോതവണയും വിഭജനത്തിന് വിധേയമായി. മലപ്പുറത്തെക്കുറിച്ച് ഇപ്പോഴും അത്തരമൊരു ചര്‍ച്ച ഭരണതലത്തില്‍ രൂപപ്പെട്ടിട്ടില്ല. മലപ്പുറത്തേക്കാള്‍ വിഭവ ശേഷിയുള്ള, എന്നാല്‍ ജനസംഖ്യയില്‍ മലപ്പുറത്തിനും പിന്നില്‍ മൂന്നാമതുള്ള എറണാകുളം വിഭജനമാണ് ഏറെക്കാലമായി കേരള സര്‍ക്കാറുകളുടെ മുന്നിലുള്ള ഏക പദ്ധതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഒരിക്കല്‍ അത് പരസ്യമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ഏത് സൂചികകള്‍ പ്രകാരം അളന്നാലും കേരളത്തില്‍ ആദ്യം വിഭജിക്കേണ്ടത് മലപ്പുറമാണെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. എന്നിട്ടും കേരളത്തില്‍ അധികാരത്തിലെത്തുന്നവരുടെ പരിഗണനാ വിഷയമായി മലപ്പുറം മാറുന്നില്ല. ജനസംഖ്യാനുപാതികമായി വിഭവ വിതരണം സാധ്യമാകണമെങ്കില്‍ മലപ്പുറത്തെ വിഭജിച്ച് പുതിയൊരു ജില്ല രൂപീകരിച്ചേ മതിയാകൂ.




ആളോഹരി അവകാശം

വിവേചനത്തിന്റെ കണക്കിനെക്കുറിച്ച ചോദ്യങ്ങളെ വസ്തുനിഷ്ടമായി നേരിടാന്‍ കേരളത്തിലെ ഭരണപ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം ഇതുവരെ തയാറായിട്ടില്ല. കൃത്യമായ ഇടവേളകളില്‍ അധികാരത്തില്‍ വലിയ പങ്കാളിത്തം ലഭിക്കുന്ന മലപ്പുറത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് ഇതുവരെ ഇത്തരമൊരു പ്രശ്‌നമുണ്ട് എന്ന് തുറന്ന് സമ്മതിക്കാന്‍ പോലും തയാറായിട്ടില്ല. ചില നേതാക്കളും വ്യക്തികളും അനുബന്ധ സംഘടനകളും ഉന്നയിക്കുന്നു എന്നതൊഴിച്ചാല്‍, ഇതൊരു രാഷ്ട്രീയ അജണ്ടയായി ലീഗ് പരിഗണിച്ചിട്ടില്ല. സിപിഎമ്മാകട്ടെ, ഇതുവരെ മലപ്പുറത്തിന് വേണ്ടി ചെയ്തതെല്ലാം തങ്ങളാണെന്ന പഴകിപ്പുളിച്ച അവകാശവാദം പൊടിതട്ടിയെടുത്താണ് ഈ പ്രശ്‌നത്തെ നേരിടുന്നത്. ഈ രണ്ട് വാദങ്ങളും മലപ്പുറത്തിന്റെ അതിജീവനത്തിന് ഒരുപോലെ ഭീഷണിയാണ്. സത്യസന്ധമായി പ്രശ്‌നങ്ങളെ നേരിടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാകാതെ ഇത് പരിഹരിക്കാനാകില്ല. കാരണം വിഭവ വിതരണത്തിലെ അസന്തുലിതത്വം, ഭരണനടപടികളിലെ സ്വാഭാവിക അലംഭാവം എന്നതിനപ്പുറം ബോധപൂര്‍വമായ വിവേചനത്തിന്റെ തലത്തിലെത്തിക്കഴിഞ്ഞിരിക്കുന്നുവെന്നത് തന്നെ. മലപ്പുറത്തുകാരന്റെ ആളോഹരി അവകാശം, തെക്കന്‍ കേരളത്തിലെ മലയാളിയുടെ പകുതിമാത്രമാണെന്ന് ഓരോ മേഖലയിലെ കണക്കുകളും സര്‍ക്കാര്‍ രേഖകളും വിഭവ വിതരണത്തിലെ അന്തരവും അടിവരയിടുന്നു. ജനങ്ങള്‍ സ്വമേധയാ നല്‍കുന്ന സംഭാവനകളെ പാടിപ്പുകഴ്ത്തലല്ല ഭരണകൂടത്തിന്റെ ഉത്തരവാദിത്തം. അത് മാറ്റിവച്ച്, അവര്‍ക്ക് അര്‍ഹമായ വിഹിതം നീതിപൂര്‍വം എത്തിച്ചുകൊടുക്കാന്‍ സംവിധാനമുണ്ടാക്കലാണ്. അധികാര കേന്ദ്രങ്ങളുടെ അഭിനന്ദനങ്ങളില്‍ അഭിരമിക്കുന്നതിന് പകരം അവകാശം ചോദിച്ചുവാങ്ങലാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന ബോധ്യം അന്നാട്ടുകാര്‍ക്കും ഉണ്ടാകേണ്ടതുണ്ട്. കേരളത്തിനകത്ത് അപരവത്കരിക്കപ്പെട്ട ഒരുപദേശീയത മലപ്പുറത്തിന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആര്‍ക്കും എളുപ്പത്തില്‍ ശത്രുപക്ഷത്ത് പ്രതിഷ്ടിക്കാവുന്ന തരത്തിലാണ് അതിന്റെ അടിത്തറ. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കൊപ്പം, കേരളത്തിന്റെ സാംസ്‌കാരിക ആക്രമണങ്ങള്‍ക്കുകൂടി  മലപ്പുറം ഇരയാകുന്നുണ്ട്. ആളോഹരി വിഹിതത്തില്‍ ഒരുകുറവുമില്ലാതെ കേരളം മലപ്പുറത്തുകാര്‍ക്ക് വകവച്ചുകൊടുത്തിട്ടുള്ളത് ചാപ്പയടിച്ച് പൈശാചികവത്കരിച്ച ഈ പ്രതിച്ഛായ മാത്രമാണ്. ആളോഹരി അവകാശം തിരിച്ചുപിടിച്ചുതുടങ്ങേണ്ടതും അവിടെനിന്നാണ്. മലപ്പുറത്തുകാരും മലയാളികളാണ് എന്ന് പറയുന്നിടത്തുനിന്നാണ്.
..............................................................
(* കണക്കുകള്‍ക്ക് അവലംബം: ഇക്കണോമിക് റിവ്യു-2016. 
* മാധ്യമം ആഴ്ചപ്പതിപ്പ്, 2019, ഫെബ്രുവരി 25) 

Wednesday, January 16, 2019

ദൈവത്തിന്റെ കരസ്പര്‍ശം




ചെറിയൊരു കടയുടെ വരുമാനംകൊണ്ട് സന്തോഷകരമായി ജീവിച്ചിരുന്ന മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുസ്തഫയുടെ കുടുംബത്തിന്റെ താളം തെറ്റിയത് അപൂര്‍വമായൊരു രോഗത്തിന്റെ വരവോടെയാണ്. ന്യുറോ മസേകുലര്‍ സിന്‍ഡ്രം. നട്ടെല്ല് വളഞ്ഞ് എഴുനേല്‍ക്കാന്‍ പോലും പറ്റാത്തതരത്തിലാവുന്ന അത്യപൂര്‍വ രോഗം. ലക്ഷത്തിലൊരാള്‍ക്ക് മാത്രം വരുന്ന രോഗം മൂന്നുമക്കളുള്ള കുടുംബത്തിലെ മൂത്തയാളെത്തേടിയെത്തിയപ്പോള്‍ തന്നെ അവരെയത് ഒന്നാകെയുലച്ചു. കഴിയാവുന്ന വഴികളിലൂടെയെല്ലാം പണംകണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അതേ രോഗം മറ്റ് മക്കളെക്കൂടി പിടികൂടുന്നത്. ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന അനുപാതത്തില്‍ ലോകത്ത് കാണപ്പെടുന്ന രോഗം ഒരു വീട്ടിലെ മൂന്നുപേര്‍ക്ക് ബാധിക്കുക! അതിനാകട്ടെ ഒരു ശസ്ത്രക്രിയക്ക് മാത്രം ആറ് ലക്ഷത്തിലധികം രൂപ ചിലവ് വരുന്നത്രയും ഭീമമായ ചികിത്സാചിലവും. ഉണ്ടായിരുന്ന ചെറുകടകൂടി വിറ്റ് മക്കള്‍ക്കായി നെട്ടോട്ടമോടുന്ന മുസ്തഫയുടെ ജീവിതദുരിതത്തിന് സമാനതകളൊന്നുമില്ല. എഴുത്തീര്‍ക്കാന്‍ വാക്കുകളില്ലാതായി മാറിയ ആ സങ്കടക്കടല്‍ മലയാളക്കരയിലേക്ക് കാഴ്ചയായി ഒഴുകിപ്പരന്നു. ആ കഥകേട്ടവരെല്ലാം മുസ്തഫക്കും ഒരുപെണ്‍കുട്ടിയടക്കമുള്ള മൂന്ന് മക്കള്‍ക്കും താങ്ങും തണലുമായി. ആഴ്ചകള്‍ക്കകം 20 ലക്ഷം രൂപ സമാഹരിച്ചു. ആ കുടുംബത്തെ നിവര്‍ന്നുനില്‍ക്കാനും നിവര്‍ന്ന് നടക്കാനും പ്രാപ്തരാക്കാനുള്ള മഹാദൗത്യം കേരളം ഏറ്റെടുത്തു. അതെ, അക്ഷരാര്‍ഥത്തില്‍ അത് മലയാളത്തിന്റെ സ്നേഹസ്പര്‍ശമായി. മീഡിയവണ്‍ ചാനലിന്റെയും. 

ഇങ്ങിനെ എത്രയെത്ര കുടുംബങ്ങള്‍. ആശയറ്റവര്‍. ആശ്രയമറ്റവര്‍. കൈവഴികളടഞ്ഞവര്‍. ഏകാന്തതയുടെ തടവറകളില്‍ സ്വയമെരിഞ്ഞ് തീരാന്‍ നിശ്ചയിച്ചവര്‍. ജീവിത ദുരിതങ്ങളുടെ അങ്ങേയറ്റമെത്തിയവര്‍. ഇനി മരണമാണേക വഴിയെന്നുറപ്പിച്ച് കണ്ണീരുറഞ്ഞുമങ്ങിയ കാഴ്ചകളുമായി സമയംകാത്തിരുന്നവര്‍. അപ്രതീക്ഷിതമായൊരു നിമിഷത്തില്‍ അവരിലേക്ക് കടന്നുചെന്ന് അവരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തുന്ന മാന്ത്രികതയാണിന്ന് സ്നേഹസ്പര്‍ശം. എട്ടുമാസത്തിനകം മലയാള ടെലിവിഷന്‍ പരിപാടികളുടെ തലവരെ തന്നെ മാറ്റിയെഴുതി മീഡിയവണ്‍ സംപ്രേഷണം ചെയ്യുന്ന സ്നേഹസ്പര്‍ശം. മലയാള പ്രേക്ഷകര്‍ക്ക് അത്രമേല്‍ പരിചിതമല്ലാത്ത കാഴ്ചാ അനുഭവമാണ് അത് സമ്മാനിച്ചത്. ദുരിതജീവിതം ചാനലുകളിലെ അപൂര്‍വ വിഷയമല്ല. പക്ഷെ ആ ദുരിതജീവിത്തോട് ചേര്‍ന്നുനില്‍ക്കുന്ന, അവര്‍ക്ക് കൈത്താങ്ങാകുന്ന, അവരെ കരകയറ്റണമെന്ന് നെഞ്ചുരുകി പ്രാര്‍ഥിക്കുന്ന, അതിന് സ്വന്തമെയതെല്ലാം സംഭാവന ചെയ്യുന്ന കാഴ്ചക്കാര്‍ കൂടിയുള്ള പരിപാടി മലയാളത്തില്‍ വേറെയില്ല. ഒരിടത്തുമുറക്കാതെ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് പായുന്ന കച്ചവടക്കാമറകളല്ല അത് പകര്‍ത്തുന്നത്. കണ്ടെത്തിയ കാഴ്ചകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് അവരെ കരകയറ്റുംവരെ അവിടേക്ക് തന്നെ വീണ്ടും വീണ്ടും തിരിച്ചുചെല്ലുന്ന മാനവികതയുടെ കാമറകളാണത്. 




2018ലെ വിഷുദിനത്തിലാണ് മീഡിയവണ്‍ ചാനല്‍ സ്നേഹസ്പര്‍ശം എന്ന പരിപാടി സംപ്രേഷണം ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടുകാരി കെ എസ് ചിത്ര ആദ്യമായി ചാനല്‍ അവതാരകയായി എത്തിയപ്പോള്‍ തന്നെ അത് വേറിട്ട കാഴ്ചയായി ശ്രദ്ധിക്കപ്പെട്ടു. അവതരിപ്പിക്കുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയോ അതിന് വഴികളൊരുക്കിക്കൊടുക്കുകയോ ചെയ്യുന്നു എന്നതാണ് സ്നേഹസ്പര്‍ശത്തെ മറ്റ് ടിവി പരിപാടികളില്‍നിന്ന് സവിശേഷമാക്കുന്നത്. സ്നേഹസ്പര്‍ശം വഴി മീഡിയവണ്‍ പുറത്തുകൊണ്ടുവന്ന ഒരു വിഷയത്തിനും ഇതുവരെ സഹായം ലഭിക്കാതിരുന്നിട്ടില്ല. അതില്‍ മാരക രോഗികള്‍ മാത്രമല്ല വന്നുപോയത്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യക്കുറവ് മുതല്‍ കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്ന പെണ്‍കുട്ടിവരെ കടന്നുവന്നു. അതെല്ലാം മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. 30 എപ്പിസോഡ് മാത്രം പിന്നിട്ട പരിപാടിയിലൂടെ ഒന്നേകാല്‍ കോടി രൂപ പലര്‍ക്കായി സമാഹരിച്ചു. വീടുകള്‍ വച്ചുകൊടുക്കുന്നത് മുതല്‍ നിശ്ചിത കാലത്തേക്ക് മാസാന്ത പെന്‍ഷന്‍ വരെ ഏര്‍പടുത്താന്‍ കഴിയുന്ന തരത്തില്‍ സഹായം പ്രവഹിച്ചു. സന്നദ്ധ സംഘടനകള്‍ തൊട്ട് നാട്ടുകൂട്ടായ്മകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥി കൂട്ടായ്മകളും വരെ സഹായവും പിന്തുണയുമായി രംഗത്തെത്തി. കേരളത്തിലെ 14 ജില്ലകളിലും ഇതിനകം സ്നേഹസ്പര്‍ശം ടീം സഞ്ചരിച്ചുകഴിഞ്ഞു. അവിടെനിന്നെല്ലാം മലയാളത്തെ ഞെട്ടിച്ച കാഴ്ചകള്‍ പുറത്തത്തിച്ചു. ഇത്രമേല്‍ ഭീതിതവും സങ്കടകരവുമായ സാഹചര്യങ്ങളില്‍, ഒരുകൈ സഹായത്തിനൊരു കുഞ്ഞിനെപ്പോലും കിട്ടാത്ത അനേകര്‍ പാര്‍ക്കുന്ന ഒറ്റപ്പെട്ടവരുടെ തുരുത്താണ് കേരളമെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യംകൂടിയാണ് സ്നേഹസ്പര്‍ശത്തിലൂടെ പുറത്തുവന്നത്. 


ചിത്ര ഇപ്പോള്‍ വെറുമൊരു ഗായികയല്ല


കെ എസ് ചിത്രയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. അവരുടെ ശബ്ദം കേള്‍ക്കാതെ ഉറങ്ങാന്‍പോലും കഴിയാത്തവരെത്രയോയുണ്ട് ഈ ഭൂമിമലയാളത്തില്‍. അത്രമേല്‍ മലയാളിക്കാതുകളില്‍ ഇഴുകിച്ചേര്‍ന്ന സ്വരമാണത്. ആ ചിത്രയിപ്പോള്‍ വെറുമൊരു പാട്ടുകാരി മാത്രമല്ലാതായിരിക്കുന്നു. ടെലിവിഷന്‍ അവതാരകയെന്നതാണ് പുതിയ മേല്‍വിലാസം. ചിത്രയുടെ പാട്ടിനേക്കാള്‍ അവര്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നവരായി മാറിയിരിക്കുന്നു മലയാളികള്‍. ഈ മാറ്റത്തിന് പിന്നില്‍ ചിത്രയുടെ വലിയ സമര്‍പണത്തിന്റെയും അസമാനമായ സഹാനുഭൂതിയുടെയും ചരിത്രംകൂടിയുണ്ട്. മലയാളികളെ അത്ഭുതപ്പെടുത്തുന്ന രഹസ്യമാണത്. 

അണിയറക്ക് പിന്നില്‍നിന്ന് ഒഴുകിയെത്തുന്ന ആ മാസ്മര ശബ്ദം ആദ്യമായാണ് അവതാരക എന്ന നിലയില്‍ തിരശ്ശീലക്ക് മുന്നിലെത്തുന്നത്. സ്നേഹസ്പര്‍ശം പരിപാടിയുടെ ആശയവുമായി മീഡിയവണ്‍ സമീപിച്ചപ്പോള്‍ തന്നെ അതിന്റെ അണിയറ പ്രവര്‍ത്തകരേക്കാള്‍ താത്പര്യപൂര്‍വം അവരതേറ്റെടുത്തു. വെറുതെ അതില്‍ അവതരാകയാകുകയല്ല ചിത്ര. ആ പരിപാടിയില്‍ അവതരിപ്പിക്കപ്പെടുന്ന ദുരിതജീവിതങ്ങള്‍ക്ക് താങ്ങും തണലുമാണ് അവര്‍. സ്നേഹസ്പര്‍ശത്തിലൂടെ കടന്നുപോയവര്‍ക്ക് ചിത്ര വെള്ളിത്തിരിയില്‍നിന്ന് ഇറങ്ങിവന്ന വാനമ്പാടിയാണ്. ഒരു എപ്പിസോഡില്‍ രണ്ട് വാര്‍ത്തകളോ സംഭവങ്ങളോ ആണ് അവതരിപ്പിക്കുക. ഈ രണ്ട് പേര്‍ക്കും മറ്റാരുടെ സഹായവും ലഭിച്ചില്ലെങ്കിലും അതിന്റെ അവതാരകയുടെ വക സഹായം ഉറപ്പാണ്. ഓരോ എപ്പിസോഡില്‍ വരുന്നവര്‍ക്കും പതിനായിരം രൂപ വീതം കെ എസ് ചിത്ര സഹായമായി നല്‍കും. അതവരുടെ നിശ്ചയമാണ്. മുപ്പത് എപ്പിസോഡ് പിന്നിടുന്ന സ്നേഹസ്പര്‍ശത്തില്‍ ഒരിക്കല്‍പോലും ചിത്ര ഇതിന് മുടക്കം വരുത്തിയിട്ടില്ല. 

അവതരിപ്പിക്കപ്പെടുന്ന വാര്‍ത്തകളിലെ പരിചയപ്പെടുത്തുന്നവരുടെ ജീവിതത്തെ ഇത്രത്തോളം സ്വയം അനുഭവിക്കുന്ന ഒരുഅവതാരക മലയാളത്തില്‍ വേറെയുണ്ടാകില്ല. പല കഥകളും വായിച്ച് സങ്കടപ്പെട്ട് ചിത്രീകകരണം നടത്താന്‍പോലും കഴിയാതെ സ്തബ്ദയായിപ്പോയിട്ടുണ്ട് അവര്‍. കേവലമായ അവതരണം എന്നതിനപ്പുറം വൈകാരികമായ ഒരേറ്റെടുക്കലാണ് ചിത്രക്ക് ഓരോ എപ്പിസോഡും. കാമറക്ക് മുന്നിലെത്തിയാലും ആ വേദന അവരുടെ വാക്കുകളിലും കണ്ണുകളിലും നിറഞ്ഞുനില്‍ക്കുകയും ചെയ്യും. പ്രസന്നമായ ആ മുഖഭാവത്തിലെവിടെയോ ഒരുവിഷാദച്ഛായ വന്നുചേരും. ലക്ഷങ്ങള്‍ വാങ്ങുന്ന ഗായികക്ക് പക്ഷെ ഇപ്പോള്‍ മുഖ്യം സ്നേഹസ്പര്‍ശമായി മാറിക്കഴിഞ്ഞിരിക്കുന്നു. റെക്കോഡിങ് ഡേറ്റുകള്‍ മാറ്റിവച്ചും അവര്‍ സ്നേഹസ്പര്‍ശത്തിനായി ഓടിയെത്തും. വിദേശ യാത്രകളിലായിരിക്കുമ്പോള്‍ എത്തിപ്പെട്ട സ്ഥലത്തുനിന്ന് കാമറാമാനെ സംഘടിപ്പിച്ച് സ്വയം ചിത്രീകരിച്ച് എത്തിക്കും. മറ്റെല്ലാം മറന്ന് സഹജീവികള്‍ക്ക് സമര്‍പിക്കുന്ന ജീവിതമായി ചിത്രയും സ്വയം മാറിക്കഴിഞ്ഞിരിക്കുന്നു. അത്രമേല്‍ അവരെ തൊട്ടുകഴിഞ്ഞു ഈ സ്നേഹസ്പര്‍ശം. 

പത്തനംതിട്ടയിലൊരു കൊച്ചു പാട്ടുകാരിയുണ്ട്, നൈഷാന. അരക്കുതാഴെ ചലനമറ്റ് കഴിയുന്ന പെണ്‍കുട്ടി. അവരുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി ബോധം തെളിഞ്ഞപ്പോള്‍ ആദ്യം ചോദിച്ചത് ചിത്രയെക്കുറിച്ചായിരുന്നു. വേദനമറക്കാന്‍ ആ കുട്ടിക്ക് വേണ്ടിയിരുന്നത് ചിത്രയും ശബ്ദമായിരുന്നു. ആ കുഞ്ഞിന്റം സ്വപ്നം സഫലമാക്കി അതറിഞ്ഞയുടന്‍ തന്നെ ചിത്ര ചെലഫോണില്‍ നൈഷാനയെ വിളിച്ചു. വിധിവശാല്‍ തളര്‍ന്നുപോയ ഒരു ജീവനെ എല്ലാ അര്‍ഥത്തിലും സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാന്‍ കൈത്താങ്ങുകയാണ് ചിത്ര. മുപ്പത് എപ്പിസോഡ് പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊല്ലത്ത് സംഘടിപ്പിച്ച സ്നേഹ സംഗമത്തിലും ആദ്യാന്തം ചിത്രയുണ്ടായിരുന്നു. അതിഥിയായല്ല, ആതിഥേയയായി. അവരിലൂടെ ലോകമറിഞ്ഞും സഹായമെത്തിയും കരകയറിയ ജീവിതങ്ങള്‍ ആ ആതിഥ്യം സ്വീകരിച്ച് അവിടെയെത്തി. ഉമ്മവച്ചും കെട്ടിപ്പിടിച്ചും ഒന്നിച്ച് പാട്ട് പാടിയുമൊക്കെയാണ് സംഗമത്തിനെത്തിയവര്‍  ചിത്രയെ വരവേറ്റത്. 

വയനാട്ടില്‍ നിന്ന് ജിഷ കൊല്ലത്തെത്തിയത് ചിത്രയെ കാണാന്‍ വേണ്ടി മാത്രമാണ്. വേദിയില്‍ കയറി അടുത്തിരുന്ന് കൈപിടിച്ച് അവള്‍ തന്റെ അകക്കണ്ണുകൊണ്ട് ചിത്രയെ കണ്ടു. ജന്മനാ അന്ധയായ ജിഷക്ക് അത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ സാഫല്യമായിരുന്നു. എന്നും കേള്‍ക്കുന്ന മധുരശബ്ദം അടുത്തെത്തിയപ്പോള്‍ ജിഷക്ക് പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല. ഏഴ് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചയാളാണ് ജിഷയെന്നറിഞ്ഞതോടെ ചിത്രക്കും അത്ഭുതം. വയനാട്ടുകാരി മിന്‍ഷ ഫാത്തിമയും കോട്ടയത്തെ ജ്യോതിഷുമെല്ലാം സ്‌നേഹസംഗമത്തിനെത്തിയത് ഇതേ ലക്ഷ്യവുമായായിരുന്നു. കെ എസ് ചിത്രയെ കാണണം. അവര്‍ക്കുമുന്നില്‍ ഒരുപാട്ട് പാടണം. ചിത്രച്ചേച്ചിയുടെ പാട്ട് കേള്‍ക്കണം. പലതരത്തില്‍ ദുരിതമനുഭവിക്കുന്നവരാണ് ഇവിടെ ചിത്രക്ക് മുന്നിലെത്തിയത്. പാട്ട് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്കെല്ലാം വേണ്ടി അവര്‍ പാടി. ഏറെകാത്തിരുന്ന് ചിത്രക്ക് മുന്നിലെത്തിയ തിരുവനന്തപുരം കണിയാപുരത്തെ അസറുദ്ദീന്‍ എന്ന കുട്ടി വാക്കുകളില്ലാതെ പൊട്ടിക്കരഞ്ഞു. മാനസികാരോഗ്യം കുറഞ്ഞ അസറുദ്ദീന്‍ കാലങ്ങളായി കാത്തുവച്ച സന്തോഷമായിരുന്നു ആ കണ്ണുനീര്‍. ചിത്രച്ചേച്ചിക്കൊപ്പം പാടണമെന്ന നൈഷാനയുടെ ആ്ഗ്രഹവും ആ വേദിയില്‍ സഫലമായി. 

ഒറ്റക്ക് നിന്നാല്‍ ഒന്നും നേടാനാകില്ല, മറിച്ച് ഒരുപാട് പേര്‍ ഒന്നിച്ച് നിന്നാല്‍ വിജയിക്കാനാകുമെന്നതിന്റെ തെളിവാണ് സ്‌നേഹസ്പര്‍ശമെന്ന് ചിത്ര പറഞ്ഞു. നല്‍കുന്ന സഹായം കൃത്യമായ കരങ്ങളിലെത്തിക്കാനാകുന്നു. സ്‌നേഹസ്പര്‍ശത്തിന്റെ ഓരോ അധ്യായങ്ങളിലും ഓരോരുത്തരുടെയും ജീവിതാവസ്ഥകളാണ് അവതരിപ്പിക്കുന്നത്. അവരെയെല്ലാം ഒരുകുടക്കീഴില്‍ ഒന്നിച്ചു കാണാനായത് സന്തോഷകരമാണെന്നും ചിത്ര പറഞ്ഞു. ഗായിക എന്ന നിലയില്‍ മാത്രം മലയാളികള്‍ സ്‌നേഹിച്ചിരുന്ന ചിത്ര ഇപ്പോള്‍ അശരണരുടെ അത്താണിയാണ്. സ്‌നേഹപ്‌സര്‍ശത്തിലൂടെ സഹായംതേടി നിരവധിപേരാണ് ദിവസവും അവരെ സമീപിക്കുന്നത്. ഈ പുതിയ മേല്‍വിലാസം ചിത്രയും ഒരുപാടിഷ്ടപ്പെടുന്നുണ്ടിപ്പോള്‍.  


തിരുവനന്തപുരം വിളപ്പില്‍ശാലയിലെ വൃദ്ധയായ വീട്ടമ്മയുടെ കഥ അത്തരത്തിലൊന്നാണ്. 50ഉം 45ഉം വയസ്സുള്ള രണ്ട് ആണ്‍ മക്കളുള്ള കുടുംബം. രണ്ട് പേര്‍ക്കും മാനസികാരോഗ്യ പ്രശ്നം. അവരെ ഒറ്റക്കിട്ട് പുറത്തുപോകാന്‍ കഴിയാതായതോടെ വീട്ടില്‍ രണ്ട് തടവറകളുണ്ടാക്കി ഈ അമ്മ. മക്കളെ സെല്ലിലടച്ച് അന്നംതേടി പോകേണ്ടിവരുന്ന ഒരമ്മയുടെ വേദന സങ്കല്‍പത്തിനുമപ്പുറത്താണ്. അവരുടെ ജീവിതക്കാഴ്ചകള്‍ കണ്ട് നിരവധിപേരാണ് സഹായഹവുമായെത്തിയത്. മക്കളുടെ ചികിത്സാസഹായത്തിന് പണംകണ്ടെത്താന്‍ ഈ അമ്മക്കിനി പ്രയാസപ്പെടേണ്ടിവരില്ല. കേരളത്തില്‍ അവയം ദാനം ചെയ്ത ആദ്യ ദമ്പതികളെന്ന പേരില്‍ അറിയപ്പെടുന്ന ഒരു ഓട്ടോ ഡ്രൈവറും ഭാര്യയുമുണ്ട് തിരുവനന്തപുരം ശ്രീകാര്യത്ത്. അവയവദാനത്തിന്റെ പേരില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഈ കുടുംബം. പല പരിപാടികളിലും ഇവര്‍ അതിഥികളായി. രോഗികള്‍ക്ക് വേണ്ടി സൗജന്യമായി ഓട്ടോറിക്ഷ ഓടിക്കുകപോലും ചെയ്തിരുന്ന ഈ കുടുംബത്തെ രോഗം പിടികൂടിയപ്പോള്‍ ആഘോഷക്കമ്മിറ്റിക്കാര്‍ കൈവിട്ടു. വായ്പ തിരിച്ചടക്കാനാകാതെ ഓട്ടോറിക്ഷ ജപ്തി ചെയ്യപ്പെട്ടു. കിഡ്നി ദാനം ചെയ്ത കുടുംബനാഥന് മറ്റേ കിഡ്നിക്ക് രോഗബാധയായി. കരള്‍ കൊടുത്ത ഭാര്യക്ക് കാന്‍സറും. സാമ്പത്തികമായി തകര്‍ന്ന ഈ കുടുംബത്തിന്റെ ചികിത്സക്കും സ്നേഹസ്പര്‍ശം വഴിയൊരുക്കി. ഉപയോഗിച്ച് നശിച്ചുതീര്‍ന്ന ഇടുക്കി ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ബെഡുകളും മാറ്റി പുതിയത് നല്‍കിയതും കാസര്‍കോഡ് ജില്ലാ ആശുപത്രിയിലെ കുട്ടുകളുടെ വിഭാഗത്തില്‍ ചികിത്സാ ഉപകരണങ്ങള്‍ എത്തിച്ചതും ഇക്കൂട്ടത്തിലുണ്ട്. എറണാംകുളം വാരാപ്പിഴയിലെ മത്സ്യത്തൊഴിലാളിയുടെ മകളായ ഹരിതയെ അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിനയച്ചതും മലയാളികളുടെ ഈ കാരുണ്യ സ്പര്‍ശമാണ്. തുര്‍ക്കിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ പണമില്ലാതെ വിഷമിച്ച ഹരിതക്ക് ചിലവായ മുഴുവന്‍ തുകയും ഈ പരിപാടിയിലൂടെ കണ്ടെത്തി. 

വാര്‍ത്തകള്‍ നല്‍കുക വഴി പണം സമാഹരിക്കുക എന്നത് മാത്രമല്ല സ്നേഹസ്പര്‍ശം വഴി നടക്കുന്നത്. സന്നദ്ധ സംഘടനകളഉം സര്‍ക്കാര്‍ ഏജന്‍സികളുമെല്ലാം ഈ പരിപാടിക്കൊപ്പമുണ്ട്. ഇതുവരെ 10 വീടുകള്‍ക്കാണ് ഇതുവഴി തീരുമാനമായിരിക്കുന്നത്. സ്നേഹസ്പര്‍ശത്തിന്റെ ഫെസിലിറ്റേറ്റിങ് പാട്ണറായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന തന്നെ ഒന്നിലധികം വൂടുകളുടെ നിര്‍മാണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ഷാജിയും കുടുംബവും അതിലൊന്നാണ്. ഭാര്യയും ഭര്‍ത്താവും മാരക രഗം ബാധിച്ച് കഴിയുന്ന ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്നം സഫലമാക്കാന്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ തീരുമാനിച്ച് കഴിഞ്ഞു. സ്നേഹസ്പര്‍ശം വഴി ലഭിക്കുന്ന പണംകൂടി ചേര്‍ത്ത് അവര്‍ക്കുടന്‍ തന്നെ അന്തിയുറങ്ങാനിടം ഒറുങ്ങും. ഫൗണ്ടേഷേനില്‍ ഒതുങ്ങുന്നില്ല സന്നദ്ധ പ്രവര്‍ത്തകരുട പിന്തുണ. മാധ്യമം ദിനപ്പത്രം, താരസംഘടനയായ അമ്മയുമായി ചര്‍ന്ന് നടപ്പാക്കുന്ന അക്ഷരവീട് പദ്ധതി വഴി രണ്ടിടത്ത് വീടവക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ കഞ്ഞിപ്പാടത്തെ 22 കാരനായ അജീഷിന്റെ കഥ കരളലിയിപ്പിക്കുന്നതാണ്. രണ്ട് കാലുകള്‍ക്കും ചലന ശേഷിയില്ലാത്ത അജീഷ് ആലപ്പുഴ എഡ് ഡി കോളജിലെ എം കോം വിദ്യാര്‍ഥിയാണ്. വീല്‍ ചെയര്‍ എത്തുന്നിടത്തോളം അമ്മയുടെ തോളിലേറി യാത്ര ചെയ്യേണ്ടിവരുന്ന ഈ ചെറുപ്പക്കാരന്റെ ജൂവിതത്തിന് കൈതാങ്ങാകുന്നത് അതേ കോളജിലെ കോമേഴ്സ് വിഭാഗം പൂര്‍വവിദ്യാര്‍ഥികള്‍. മൈറ്റി കോമേഴ്സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥി കൂട്ടായ്മ 10 ലക്ഷം രൂപ ചിലവിട്ടാണ് അജീഷിന്റെ വീടുനിര്‍മിക്കുന്നത്. മലയാളി പ്രേക്ഷകര്‍ വഴിയൊരുക്കുന്ന ജീവിതങ്ങള്‍ക്ക് പക്ഷെ ഭാഷയുടെയോ ദേശത്തിന്റെയോ അതിരുകള്‍ പരിമിതിയാകുന്നില്ല. കാന്‍സര്‍ രോഗബാധിതരായ കന്നഡ ദമ്പതികള്‍ക്ക് പ്രതിമാസ ചികതിത്സാ സഹായം നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കാനായത് അതിരുകളില്ലാത്ത ഈ മാനവികതകൊണ്ട് മാത്രമാണ്. വയനാട്ടിലെ തകരക്കുടിലില്‍ കഴിഞ്ഞിരുന്ന ഈ കുടുംബം യാദൃശ്ചികമായാണ് മീഡിയവണ്‍ ഫ്രെയിമിലേക്ക് എത്തുന്നത്. നട്ടെല്ല് വളഞ്ഞ് കൈകകള്‍ കുത്തി നടക്കേണ്ടിവരുന്ന കാസര്‍കോട്ടെ തുളു കുടുംബാംഗമായ വിമലയും അത്തരത്തിലൊരാളാണ്. ആശുപത്രിയില്‍ പോലും കിടത്താന്‍ കഴിയാത്ത തരത്തില്‍ ജീവിതം സഹികെട്ടുപോയ വിമലക്കും സ്നേഹസ്പര്‍ശമൊരുക്കിയത് സമാനമായ ചികിത്സാപദ്ധതി തന്നെ. 




നിസ്സഹായരായ ജനതയോട് മുഖംതിരിഞ്ഞുനിന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ നേര്‍വഴിക്ക് കൊണ്ടുവരാനും സ്നേഹസ്പര്‍ശം വഴി കഴിഞ്ഞു. സര്‍ക്കാറാപ്പീസുകള്‍ കയറനിരങ്ങി മടുത്തവരെത്തേടി ഔദ്യോഗിക സംവിധാനങ്ങള്‍ ഇങ്ങോട്ടോടിയെത്തുംവിധത്തില്‍ അത് വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. വയനാട് നൂല്‍പുഴയിലെ ഹനഷെറിനും കോഴിക്കോട് കോടഞ്ചേരിയിലെ ആദിത്യ പ്രദീപുമെല്ലാം ആശ്വാസക്കര കണ്ടത് അങ്ങിനെയാണ്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഹന ഷെറിന്റെ കുടുംബം കഴിഞ്ഞിരുന്നത് ടര്‍പോളിനും തകരഷീറ്റും കൊണ്ട് തട്ടിക്കൂട്ടിയ കുടിലിലായിരുന്നു. പഞ്ചായത്തിന്റെ സഹായത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. സ്നേഹസ്പര്‍ശം വഴി ഇവര്‍ക്ക് വീടുവക്കാന്‍ തീരുമാനിച്ചപ്പോഴാണ് പഞ്ചായത്തും ഉണര്‍ന്നത്. പിന്നീട് ഗ്രമാപഞ്ചായത്തുതന്നെ അത് ഏറ്റെടുത്തു. അതിനേക്കാള്‍ ദയനീയമാണ് ആദിത്യ പ്രദീപിന്റെ ജീവിതം. പോളിയോ ബാധിച്ച് രണ്ടുകാലിനും ചലന ശേഷി നഷ്ടപ്പെട്ട ആദിത്യ താമസിക്കുന്നത് വീല്‍ചെയറില്‍പോലും എത്താന്‍ കഴിയാത്ത കുന്നിന്‍പുറത്ത്. മൂന്ന് കിലോമീറ്ററോളം കൊടിയദുരിതം സഹിച്ച് ദിവസവും സ്‌കൂളിലത്തുന്ന ഈ എട്ടാംക്ലാസുകാരിയുടെ കുടുംബവും സഹായത്തിന് വേണ്ടി മുട്ടാത്ത വാതിലുകളില്ല. പക്ഷെ ഒന്നും തുറക്കപ്പെട്ടില്ല. എന്നാല്‍ സ്നേഹസ്പര്‍ശം ഇത് വാര്‍ത്തയാക്കിയപ്പോള്‍ സഹായവുമായി ആദ്യം രംഗത്തിറങ്ങിയതും പഞ്ചായത്തുതന്നെയായിരുന്നു. 12 ലക്ഷം രൂപ ചിലവിട്ടാണ് ഇവരുടെ വീട് നിര്‍മിക്കുന്നത്. കോട്ടയത്തെ ജ്യോതിഷ്, പത്തനംതിട്ടയിലെ നൈഷാന തുടങ്ങി നിരവധിപേരുടെ മുറവിളി ചെന്നുപതിക്കേണ്ടിടത്ത് തന്നെ അതെത്തിക്കാന്‍ ഈ പരിപാടിക്ക് കഴിഞ്ഞു. സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി അപരിഹാര്യമാംവിധം സങ്കീര്‍ണമാക്കിക്കളഞ്ഞ ഫയലുകളുടെ കെട്ടഴിച്ച് അതി്ലെ ജീവിതങ്ങളെ അസാധാരണമായ വേഗത്തിലും പൂര്‍ണതയിലും സാധാരണനിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള സ്‌നേഹസ്പര്‍ശം നിര്‍ബന്ധിതമാക്കി. 

ജനപിന്തുണ, നിര്‍ലോഭമായ പ്രതികരണം, അസാധാരണമായ സഹകരണം തുടങ്ങി പ്രേക്ഷക പങ്കാളിത്തത്തിന്റെ സകല പാരമ്പര്യങ്ങളെയും കീഴ്#വഴക്കങ്ങളെയും അതിലംഘിച്ച ഒരു പരിപാടിയായി സ്നേഹസ്പര്‍ശം മാറിക്കഴിഞ്ഞു. പരിമിതമായ പ്രതികരണങ്ങളോ നാമാത്രമായ സഹായവാഗ്ദാനങ്ങളോ മാത്രമായി ഒതുങ്ങിയിരുന്ന മലയാളി പ്രേക്ഷകരുടെ പ്രതികരണ രീതിയെ തന്നെ ഇത് മാറ്റിമറിച്ചു. അവര്‍ക്ക് മുന്നിലെത്തിയ വാര്‍ത്തയെ നിരന്തരം പിന്തുടരുന്ന, അതിലെ കഥാപാത്രങ്ങളുടെ അതിജീവനത്തിന്റെ ഓരോഘട്ടത്തിലും അവര്‍ക്കൊപ്പം നില്‍ക്കുന്ന, അവരുടെ ചെറുവിജയം പോലും സ്വന്തം നേട്ടമായി ആത്മാഭിമാനംകൊള്ളുന്ന ഒരുവിഭാഗം പ്രേക്ഷകരെ സൃഷ്ടിക്കാന്‍ സ്നേഹസ്പര്‍ശത്തിനായി. പ്രേക്ഷകരുടെ കാഴ്ചാശീലത്തെ തന്നെ മാറ്റിമറിച്ച്, കാഴ്ചയെ കേവലാസ്വാദനത്തിന്റെ തലത്തില്‍നിന്നുയര്‍ത്തി ഓരോ വാര്‍ത്തയെയും ആത്മാംശമുള്ള അനുഭവങ്ങളാക്കി മാറ്റുകയാണ് സ്നേഹസ്പര്‍ശം. അതെ, അത് ദൈവത്തിന്റെ കരസ്പര്‍ശമാണ്. 

(വാരാദ്യ മാധ്യമം, ജനുവരി 7 2019

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...