Tuesday, May 31, 2011

മാര്‍ക്ക് കൂട്ടിയതില്‍ വന്‍ പിഴവ്; പ്ലസ് ടു ഫലം തിരുത്തി


തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം തയാറാക്കിയതില്‍ വിദ്യാഭ്യാസ വകുപ്പിന് വന്‍ പിഴവ് പറ്റി. പിഴവ് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രി തിരക്കിട്ട് ഫലം തിരുത്തി. പുതിയ ഫലം വന്നതോടെ നേരത്തേ വിജയിച്ച കുട്ടികളില്‍ പലരും തോറ്റു. പഴയ ഫലം റദ്ദാക്കിയതിനാല്‍ വിവരമറിഞ്ഞ വിദ്യാര്‍ഥികള്‍ കടുത്ത ആശങ്കയിലാണ്. മൊത്തം വിദ്യാര്‍ഥികളുടെയും ഫലത്തെ ഇത് ബാധിക്കുമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട അന്വേഷണങ്ങള്‍ നടക്കുകയാണ്. രക്ഷിതാക്കളും അധ്യാപകരും അന്വേഷിച്ചെത്തിയതോടെ പുതിയ ഫലം പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് മരവിപ്പിക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. ഇന്ന് രാവിലെ ആറ് മണിക്ക് സൈറ്റ് മരവിപ്പിച്ച ശേഷം ആശയക്കുഴപ്പം നീക്കി പുതിയ റിസല്‍ട്ട് പുനഃപ്രസിദ്ധീകരിക്കാനാണ് ആലോചന.

കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഇന്ന് സൈറ്റ് തുറക്കാമെന്നാണ് ആലോചന. www.dhsekerala.gov.in എന്ന വെബ്‌സൈറ്റിലാണ് ഫലം തിരുത്തിയ അറിയിപ്പും പിന്നീട് ഫലവും വന്നത്. രാത്രി മാര്‍ക്ക് ലിസ്റ്റ് എടുത്തവര്‍ക്ക് കിട്ടിയതും പുതിയ മാര്‍ക്കുകളാണ്. ഏത് മാര്‍ക്കിലാണ് പിഴവ് പറ്റിയതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇരട്ട മൂല്യനിര്‍ണയം നടന്ന ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ മോഡറേഷന് പുറമേ ഒമ്പത് മാര്‍ക്ക് വീതം അധികം നല്‍കിയിട്ടുണ്ട്. ഇക്കാര്യം ഇതുവരെ പുറത്ത് അറിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പറഞ്ഞതും ഒമ്പത് മാര്‍ക്ക് മോഡറേഷന്‍ നല്‍കിയത് മാത്രമാണ്. ഇരട്ട മൂല്യനിര്‍ണയത്തില്‍ സംഭവിച്ച കൂട്ടത്തോല്‍വി മറികടക്കാനായാണ് ഈ മാര്‍ക്ക് നല്‍കിയത്. എന്നാല്‍, മാര്‍ക്ക് കൈകാര്യം ചെയ്യാന്‍ തയാറാക്കിയ വെബ്‌സൈറ്റില്‍ ഇത് ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിച്ചില്ലെന്നതാണ് ഒരു സംശയം. ഇക്കാര്യം പരിശോധിക്കുണ്ട്. ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ പിഴവ് പറ്റിയതാകാമെന്നതാണ് മറ്റൊരു സാധ്യത. ഇത്തവണ വാരിക്കോരി ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്‍.സി.സിക്ക് രണ്ട് വര്‍ഷത്തേക്ക് 120ഉം എന്‍.എസ്.എസിന് 60ഉം നല്‍കിയിട്ടുണ്ടത്രെ. മൊത്തം മാര്‍ക്കിന്റെ നിശ്ചിത ശതമാനമാണ് ഇത് കണക്കാക്കുന്നത്. എന്നാല്‍, മൊത്തം മാര്‍ക്ക് 600ന് പകരം 700 ആയി കണക്കാക്കിയതായി സംശയിക്കുന്നു. ഈ രണ്ട് സാധ്യതകളും ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. പുതിയ ഫലം വന്നതോടെ പലയിടത്തും പരാജയപ്പെട്ട കുട്ടികളുടെ എണ്ണം കൂടി. തോറ്റവരുടെ എണ്ണം അഞ്ച് മുതല്‍ 15 വരെ കൂടിയ സ്‌കൂളുകളുണ്ടെന്നാണ് പ്രാഥമിക വിവരം. എല്ലാ വിഷയത്തിലും അധിക തോല്‍വിയുണ്ടായിട്ടുണ്ട്. സാങ്കേതിക വിഭാഗത്തിന്റെ വീഴ്ചയാണ് കാരണമെന്നാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടവരുടെ വാദം. മാര്‍ക്ക് ചേര്‍ത്തതില്‍ സംഭവിച്ച പിഴവാണ് ഫലം മാറാന്‍ ഇടയാക്കിയതെന്ന് ഹയര്‍സെക്കന്‍ഡറിയുടെ താല്‍ക്കാലിക ചുമതലയുള്ള ഡി.പി.ഐ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ചില സ്‌കോറുകള്‍ മാറിയിരുന്നു. അത് തിരുത്തി. തടഞ്ഞുവെച്ച ഫലവും ചേര്‍ത്ത് പ്രസിദ്ധീകരിച്ചതാണ് 'മോഡിഫൈഡ് ഫലം' എന്ന് വെബ്‌സൈറ്റില്‍ വന്നത്. എല്ലാകുട്ടികളെയും ഇത് ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

(madhyamam....31...05....11)

Friday, May 27, 2011

ഗോവിന്ദച്ചാമിയെ ചാര്‍ളിയാക്കിയ സംഘം പ്രാര്‍ഥനകളുമായി സൗമ്യയുടെ വീട്ടില്‍

തൃശൂര്‍: ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസാക്കി മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കപ്പെട്ട 'ആകാശപ്പറവകള്‍' കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിലെ നിത്യസന്ദര്‍ശകര്‍. എന്നാല്‍ ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസാക്കിയത്'ആകാശപ്പറവകളാ'ണെന്ന ആരോപണങ്ങളെക്കുറിച്ചോ അവരുടെ സംഘത്തില്‍പെട്ടവരാണ് നിത്യമെന്നോണം വീട്ടിലെത്തി പ്രാര്‍ഥനകള്‍ നടത്തുന്നതെന്നോ അറിയാതെയാണ് നിഷ്‌കളങ്കരായ വീട്ടുകാര്‍ ഇവരുടെ പ്രാര്‍ഥനകളുമായി സഹകരിക്കുന്നത്.

സൗമ്യവധക്കേസില്‍ പ്രതിയായ ചാര്‍ളി തോമസ് അറസ്റ്റിലായതിന് പിറകെയാണ് ദല്‍ഹി കേന്ദ്രമായ ഗ്രൂപ്പിന്റെ എറണാകുളം ശാഖയിലുള്ളവര്‍ സൗമ്യയുടെ വീട്ടിലെത്തിയത്. നാലുവര്‍ഷം മുമ്പ് മതംമാറിയ ചാര്‍ളി തോമസിനെ രക്ഷിക്കാന്‍ ആകാശപ്പറവകളാണ് അഡ്വ.ബി.എ.ആളൂരിനെക്കൊണ്ട് കേസ് ഏറ്റെടുപ്പിച്ചതെന്നും ആരോപണമുണ്ട്. 'ആകാശപ്പറവകളാ'ണ് തന്നെ കേസ് ഏല്‍പിച്ചതെന്ന ആരോപണം നിഷേധിച്ച അഡ്വ.ആളൂര്‍, തന്റെ പിന്നില്‍ തമിഴ്‌നാട്ടിലെ ഒരു ക്രിമിനല്‍ സംഘമാണെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് തൃശൂരിലെത്തിയ ഇദ്ദേഹം, ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന സാമൂഹികപ്രതിബദ്ധതയാണ് കേസ് ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ആദ്യം പറഞ്ഞത്. തൃശൂര്‍ ജില്ലാ അതിവേഗ കോടതിയില്‍ നല്‍കിയ ഹരജി തള്ളിയതോടെ ഹൈകോടതിയെ സമീപിക്കുമെന്ന് മാധ്യമങ്ങളോട് പറയുന്നതിനിടെ, ഗോവിന്ദച്ചാമിയുടെ വീട്ടുകാരും ബന്ധുക്കളും അഭ്യര്‍ഥിച്ചതോടെയാണ് കേസ് ഏറ്റെടുത്തതെന്നാണ് വെളിപ്പെടുത്തിയത്. ദക്ഷിണ റെയില്‍വേയില്‍ മോഷണമുള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ് ഗോവിന്ദച്ചാമിയെന്നും അയാള്‍ക്കുവേണ്ടി കേസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി അറസ്റ്റിലായതിന്റെ രണ്ടാംനാള്‍ തമിഴ്‌നാട്ടില്‍ നിന്ന് തനിക്ക് ഫോണ്‍ വന്നുവെന്നാണ് ആളൂരിന്റെ പുതിയ പ്രതികരണം. അതേസമയം, സൗമ്യയുടെ വീട്ടിലെത്തി അമ്മ സുമതിയുടെയും സഹോദരന്‍ സന്തോഷിന്റെയും വിശ്വാസം പിടിച്ചുപറ്റി പ്രാര്‍ഥനകളും മറ്റുമായി ആകാശപ്പറവകള്‍ മുന്നോട്ടുപോകുന്നതിനിടെയാണ് അഡ്വ.ആളൂര്‍ പ്രത്യക്ഷപ്പെട്ടത്. സൗമ്യയുടെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ആളൊഴിഞ്ഞതുമുതലാണ് മതപരിവര്‍ത്തനസംഘം ഷൊര്‍ണൂരിലെത്തിയത്. പ്രദേശത്തെ മറ്റുസാമുദായിക സംഘടനകളുമായി ചേര്‍ന്ന് സമൂഹപ്രാര്‍ഥനയെന്നപേരിലായിരുന്നു തുടക്കം. സൗമ്യയുടെ വേര്‍പാടിനുശേഷം നിരന്തരം ബന്ധപ്പെടുകയും വീട്ടിലെത്തുകയും ചെയ്യുന്ന 'ആകാശപ്പറവകളുടെ കൂട്ടുകാരാണ്' ഞങ്ങള്‍ക്ക് ഇപ്പോള്‍ സാന്ത്വനം നല്‍കുന്നതെന്ന് അമ്മ സുമതി പറയുന്നു. ഇപ്പോള്‍ കുറച്ചുദിവസമായി അവരെ കാണാനില്ല. ഏറണാകുളത്തെ പള്ളിയില്‍ എന്തോ ചടങ്ങുനടക്കുന്നതിനാലാണ് വരാത്തതെന്ന് കരുതുന്നു-'ആകാശപ്പറവകളുടെ കൂട്ടുകാര്‍' എന്നപേരില്‍ പുറത്തിറങ്ങിയ പുസ്തകം മറച്ചുനോക്കി അവര്‍ പറഞ്ഞു. 'ദിവ്യകാരുണ്യ ചിരിറ്റബിള്‍ ട്രസ്റ്റ്' എന്ന പേരില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന 'സ്വര്‍ഗ ദ്വാര്‍ ആശ്രമ്' സ്ഥാപകന്‍ ഫാ.ജോര്‍ജ് കുറ്റൂര്‍ എഡിറ്റര്‍ ആയിട്ടുള്ളതാണ് പുസ്തകം. കടന്നുപോകുന്ന ട്രെയിനിനൊപ്പം സൗമ്യയുടെ ചിത്രം ആലേഖനം ചെയ്ത പുസ്തകത്തില്‍ 'നിന്റെ സഹോദരി സൗമ്യമോള്‍ എവിടെ?' എന്ന എഡിറ്റോറിയലുമുണ്ട്. ഫാ.ജോര്‍ജ് കുറ്റൂര്‍ എഴുതിയ എഡിറ്റോറിയലില്‍ 'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയര്‍ത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല'. നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ?. പ്രാര്‍ഥനയും ഉപവാസവും നോമ്പും വഴി നമ്മളില്‍ തന്നെ മറഞ്ഞുകിടക്കുന്ന ദുരാശകള്‍ക്കും ദുര്‍വാസനകള്‍ക്കും എതിരെ നമുക്ക് പോരാടാം' എന്ന് ചേര്‍ത്തിരിക്കുന്നു. ഗോവിന്ദച്ചാമി ദല്‍ഹിയിലെ ആകാശപ്പറവകളുടെ ഗ്രൂപ്പില്‍വെച്ച് ചാര്‍ളി തോമസായതെന്ന ആരോപണം ശക്തമായിരിക്കെയാണ്, ഇയാളോട് പൊറുക്കണമെന്ന പ്രാര്‍ഥനയുമായി സംഘം സൗമ്യയുടെ വീട്ടുകാരെ സാന്ത്വനിപ്പിക്കുന്നത്.

(madhyamam....27/05/12)

സ്വാശ്രയ കരാറിലെ ഒത്തുകളി: 700 എന്‍ജി. വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം പിഴ വരുന്നു


തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ കുടുങ്ങിയ 700 എന്‍ജിനീയറിങ് വിദ്യാര്‍ഥികളില്‍ നിന്ന് അരലക്ഷം രൂപ വീതം പിഴ ഈടാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. പിഴയീടാക്കാന്‍ റവന്യു റിക്കവറി നടപടികള്‍ക്ക് വരെ നിര്‍ദേശമുണ്ട്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മെറിറ്റ് സീറ്റില്‍ കൊള്ളലാഭമുണ്ടാക്കാന്‍ അവസരം നല്‍കുംവിധം ഉള്‍പ്പെടുത്തിയ ഒത്തുകളിയെന്ന് ആരോപണമുയര്‍ന്ന വ്യവസ്ഥയാണ് ഈ വിദ്യാര്‍ഥികളെ കുടുക്കിയത്. പ്രവേശന നടപടികളില്‍ വീഴ്ചകളുണ്ടായിരുന്നതിനാല്‍ പിഴ ഈടാക്കരുതെന്ന് പ്രവേശന പരീക്ഷാ കമീഷണറേറ്റ് എല്‍.ഡി.എഫ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. വ്യവസ്ഥയുടെ മറവില്‍ മാനേജ്‌മെന്റുകള്‍ക്ക് ഇത്രയും മെറിറ്റ് സീറ്റില്‍ വന്‍ തുക ഫീസ് ഈടാക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ അതേ സീറ്റിന്റെ പേരില്‍ കുട്ടികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാറും കോടികള്‍ പിഴയീടാക്കാനൊരുങ്ങുകയാണ്.

അനാവശ്യ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുക, പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പഠനമുപേക്ഷിക്കുക, കോളജ് മാറുക തുടങ്ങിയവ വഴി സീറ്റ് നഷ്ടപ്പെടുത്തുന്നവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന് പ്രോസ്‌പെക്ടസില്‍ വ്യവസ്ഥയുണ്ട്. 2009ല്‍ 2000 സീറ്റ് പാഴായതിനെത്തുടര്‍ന്നാണ് ഇത് ഏര്‍പ്പെടുത്തിയത്. പ്രവേശന നടപടി പൂര്‍ത്തിയാക്കി, അലോട്ട്‌മെന്റ് അവസാനിപ്പിച്ച ശേഷമാണ് ഈ വ്യവസ്ഥ ബാധകമാകുക. എന്നാല്‍, പിന്നീട് സര്‍ക്കാറും സ്വാശ്രയ മാനേജ്‌മെന്റും തമ്മിലുണ്ടാക്കിയ കരാറില്‍ ജൂണില്‍ തുടങ്ങുന്ന പ്രവേശന നടപടികള്‍ ജൂലൈ 21ന് അവസാനിപ്പിക്കാന്‍ വ്യവസ്ഥവെച്ചു. ഇതിന് ശേഷം ഒഴിവുവരുന്ന മെറിറ്റ് സീറ്റുകള്‍ മാനേജ്‌മെന്റ് സീറ്റായി പരിഗണിച്ച് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോളജുകള്‍ക്ക് കരാര്‍ വഴി അനുമതിയും നല്‍കി. സാധാരണ ഒക്‌ടോബറില്‍ അവസാനിക്കുന്ന പ്രവേശന പ്രക്രിയയാണ് രണ്ടര മാസം മുമ്പ് അവസാനിപ്പിച്ചത്. ഇക്കാരണത്താല്‍ ഒരു അലോട്ട്‌മെന്റ് മാത്രമാണ് സര്‍ക്കാറിന് നടത്താനായത്. ഇതോടെ മെറിറ്റ് സീറ്റുകള്‍ കൂട്ടത്തോടെ മാനേജ്‌മെന്റുകളുടെ കൈയിലായി. കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ പ്രയോജനം ലഭിക്കാതെ കുട്ടികള്‍ പിഴ വ്യവസ്ഥയുടെ പരിധിയിലുമായി. നിരവധി കുട്ടികള്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ സ്വീകരിക്കാനുള്ള അവസരം ഈ വ്യവസ്ഥ നഷ്ടപ്പെടുത്തി. പിഴ നല്‍കേണ്ടിവരുമെന്നത് കണക്കിലെടുത്ത് കുട്ടികള്‍ കിട്ടിയ സീറ്റില്‍ പഠനം തുടരുകയായിരുന്നു. എന്നാല്‍ മികച്ച കോഴ്‌സും കോളജും കിട്ടിയവരും സര്‍ക്കാര്‍ കോളജുകളിലേക്ക് പ്രവേശനം കിട്ടിയവരും പഴയ സീറ്റ് വിട്ടു. ഇവരാണ് ഇപ്പോള്‍ അരലക്ഷം പിഴ നല്‍കേണ്ട അവസ്ഥയിലെത്തിയത്. സ്വാഭാവിക സമയക്രമമനുസരിച്ച് പ്രവേശനം നടന്നിരുന്നെങ്കില്‍ ഇവര്‍ക്ക് പണം നല്‍കേണ്ടിവരില്ലായിരുന്നു. കരാറിലെ ഈ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് പിഴ ഈടാക്കരുതെന്ന് പ്രവേശന പരീക്ഷാകമീഷണറേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രോസ്‌പെക്ടസ് പ്രകാരം പിഴ ഈടാക്കാന്‍ തിരിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്. മാനേജ്‌മെന്റുകള്‍ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കിയ സീറ്റുകളുടെ പേരില്‍ സര്‍ക്കാറും മൂന്നരക്കോടി രൂപ പിരിച്ചെടുക്കുന്നു എന്നതാണ് ഫലത്തില്‍ ഇതില്‍ സംഭവിക്കുന്നത്. മെഡിക്കലില്‍ 13 വിദ്യാര്‍ഥികള്‍ സമാനപ്രശ്‌നം നേരിട്ടിരുന്നു. അത് കഴിഞ്ഞ സര്‍ക്കാര്‍ ഇളവ് ചെയ്തുകൊടുത്തു. എന്നിട്ടും എന്‍ജിനീയറിങ്ങിന്റെ കാര്യത്തില്‍ ഒളിച്ചുകളിക്കുകയായിരുന്നു. ഈ വ്യവസ്ഥക്കെതിരെ കോടതിയെ സമീപിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ഇളവ് കിട്ടിയിട്ടുണ്ട്. പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ കുട്ടികളാണ് ഈ കുരുക്കിലായത്. സര്‍ക്കാര്‍ കോളജുകളിലേക്ക് ഉയര്‍ന്ന അലോട്ട്‌മെന്റ് കിട്ടിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ 700 പേരില്‍ ഫീസ് അടച്ചവര്‍ക്ക് ഇതുവരെ തിരിച്ചുകൊടുത്തിട്ടില്ല. അല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ റവന്യു റിക്കവറി നടത്തേണ്ടിവരും.

(മാധ്യമം .....27...05...11)

Monday, May 16, 2011

ഇനി ഭരണം, മുടിപാറും!തിരുവനന്തപുരം: ആദര്‍ശത്തിന്റെ അതിഭാരവും സൈദ്ധാന്തികതകളുടെ ദുഃശാഠ്യങ്ങളുമില്ലാതെ, ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക് നടക്കുന്നത്. മലയാളികളെ വിസ്മയിപ്പിച്ച മാതൃകകള്‍ സൃഷ്ടിച്ച് ഒരിക്കല്‍ അതിവേഗം വന്നുമടങ്ങിയ ലാവണത്തിലേക്കാണ് ഈ വരവ്. ഓഫീസ് മുറി ലോകത്തിന് മുമ്പില്‍ തുറന്നിടുകയും അതിന്റെ വാതില്‍ തുറന്നമൈതാനമായി പ്രഖ്യാപിക്കുകയും ചെയ്ത പഴയ മുഖ്യമന്ത്രി. കേരളം കണ്ട നിരവധി സുപ്രധാന രാഷ്ട്രീയ ചലനങ്ങളെ അണിയറയില്‍ തേച്ച് മിനുക്കുകയും അരങ്ങില്‍ അതി വൈദഗ്ദ്യത്തോടെ നടപ്പാക്കുകയും ചെയ്ത കൌശലക്കാരന്‍. കുട്ടിക്കാലം മുതല്‍ തെരുവിലിറങ്ങി, ആറുപതിറ്റാണ്ടിലേറെയായി ജനങ്ങള്‍ക്കിടയില്‍ മാത്രം ജീവിച്ച്, ഒടുവില്‍ പൊതുജീവിതത്തിനപ്പുറം സ്വകാര്യതകള്‍ പോലുമില്ലാതായ നേതാവ്. തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ഈ പ്രായോഗികാചാര്യന്റെ കൈയ്യിലാണ്, ഇനി ഈ കേരളത്തിന്റെ അഞ്ചുവര്‍ഷം.
അധികാരവും ഭരണവും ഉമ്മന്‍ചാണ്ടിക്ക് പുത്തരിയല്ല. വേണ്ടപ്പെട്ടവര്‍ക്കായി പലതവണ സ്വയം ഉപേക്ഷിച്ചിറങ്ങിപ്പോയ പദവികളില്‍ കാവ്യ നീതിപോലെ കാലം ഉമ്മന്‍ചാണ്ടിയെ തിരിച്ചെത്തിച്ചു കൊണ്ടിരുന്നു. മുഖ്യമന്ത്രിക്കസേരയിലേക്ക് രണ്ടുപേരുകള്‍ പറഞ്ഞുകേട്ട ഇത്തവണയും കണ്ടു ആ മാന്ത്രികത. ആ പദവിയിലേക്ക് മറ്റൊരാള്‍ക്കും സാധ്യതയില്ലാത്ത വിധം ജനകീയ അംഗീകാരത്തിന്റെ റെക്കോര്‍ഡ് വിജയവുമായാണ് ഇത്തവണ പുതുപ്പള്ളിയില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെത്തുന്നത്.
ഈ വിജയത്തിന് 40 വര്‍ഷത്തെ പാരമ്പര്യമുണ്ട്. 1970ല്‍ വെറും ഏഴായിരം വോട്ടിന് മണ്ഡലം പിടിച്ചെടുത്തയാള്‍ പിന്നെ മറ്റൊരാളെ ഈ നാട്ടില്‍ ആവശ്യമില്ലെന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിച്ചു, ഓരോ തവണയും. പത്ത് തവണ എം.എല്‍.എ. മൂന്ന് വട്ടം മന്ത്രി. സഭയിലെ രണ്ടാം വരവില്‍ തന്നെ തൊഴില്‍ മന്ത്രിയായി. 1980ല്‍ ആഭ്യന്തരവും 1991ല്‍ ധനകാര്യവും ഭരിച്ചു. രണ്ടുവട്ടം മുന്നണി കണ്‍വീനര്‍. 2004ല്‍ എ.കെ ആന്റണിയുടെ പകരക്കാരനായി മുഖ്യമന്ത്രി. ഭരണമൊഴിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ്.
കേരളം കണ്ട വേറിട്ട ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തിന് തൊഴിലില്ലായ്മ വേതനം കൊടുത്ത ഈ വൈഭവം ആഭ്യന്തരത്തിലും ധനകാര്യത്തിലും പിന്നീട് തെളിഞ്ഞുകണ്ടു. മുഖ്യമന്ത്രിയായപ്പോള്‍ കേരളത്തിന്റെ ഭരണ സംസ്കാരം തന്നെ പൊളിച്ചെഴുതി. വെബ് ജാലകത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് മുറി സദാസമയവും ലോകത്തിന് മുന്നില്‍ തുറന്നുവച്ചു ഉമ്മന്‍ചാണ്ടി. തലയില്‍ മുണ്ടിട്ട് വരുന്നവര്‍ക്ക് ഇവിടെ പ്രവേശമില്ലെന്ന പരസ്യമായ താക്കീതായിരുന്നു ഈ പരിഷ്കാരം. മുഖ്യമന്ത്രിയെ കാണാന്‍ ഏത് സമയത്തും ആര്‍ക്കും സെക്രട്ടേറിയറ്റ് കടന്നെത്താമെന്നായിരുന്നു രണ്ടാമത്തെ ഉത്തരവ്. വാതിലിലെ കാവല്‍കാരന്റെ കൈയ്യേറ്റങ്ങളും പരിശോധനാ ഉപകരണങ്ങളുടെ ഭീഷണിയുമില്ലാതെ അതോടെ മുഖ്യമന്ത്രിയെ ആര്‍ക്കും നേരില്‍ കാണാമെന്നായി. അര്‍ധ രാത്രിയും തുറന്നുവച്ച ഓഫീസില്‍ കര്‍മനിരതനായ മുഖ്യമന്ത്രി പിന്നെ കേരളത്തിന്റെ കൌതുക കാഴ്ചയുമായി. സൈബര്‍ മുറിയിലിരുന്ന് ലോകമാകെ ഇതുകണ്ട് വിസ്മയിച്ചു.
1943ല്‍ കാരോട്ടുവള്ളക്കാലില്‍ കെ.ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി കോട്ടയം കുമരകത്ത് ജനിച്ച ഉമ്മന്‍ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് സ്കൂളില്‍ കെ.എസ്.യു പ്രവര്‍ത്തകനായാണ് രാഷ്ട്രീയം തുടങ്ങുന്നത്. ഒരണ സമരക്കാനരായി തുടക്കം. ചങ്ങനാശേരി എസ്.ബിയില്‍ ബിരുദം പഠിക്കാനെത്തിയപ്പോള്‍ നേതാവായി. 1965ല്‍ കെ.എസ്.യു ജനറല്‍ സെക്രട്ടറി. അതിന്റെ രണ്ടാം വര്‍ഷം സംസ്ഥാന പ്രസിഡന്റ്. പിന്നെയും രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്. മന്ത്രിയായിരിക്കെ വിവാഹം. കോണ്‍ഗ്രസ് ഗ്രൂപ്പിസത്തില്‍ ആന്റണിക്ക് പിന്നിലും കരുണാകരന്റെ നേരെ മുന്നിലും നിന്ന് പടനയിച്ചു. കരുണാകരനോട് എതിരിട്ട് മന്ത്രിപദം വരെ ഉപേക്ഷിച്ചു. തന്ത്രങ്ങളില്‍ മാത്രമല്ല, കുതന്ത്രങ്ങളിലും ഉമ്മന്‍ ചാണ്ടിയെ വെല്ലാനാവുന്നവര്‍ ഇന്ന് കേരള രാഷ്ട്രീയത്തിലില്ല. കരുണാകരന്റെ കുശാഗ്ര ബുദ്ധിക്കും മേലെയാണത്, വാക്കിലും പ്രയോഗത്തിലും.
സഹായം തേടി വരുന്നവരെയെല്ലാം തൃപ്തിപ്പെടുത്തി. ഏതര്‍ധരാത്രിയും ആരുടെ ആവലാതിയും കേള്‍ക്കും. ജീവിതം അക്ഷരാര്‍ഥത്തില്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ. ആള്‍കൂട്ടം ചുറ്റുമില്ലാതെ ശ്വാസമെടുക്കാന്‍ പോലുമാകില്ല. ദരിദ്രരുടെയും നിസ്സഹായരുടെയും ആവലാതികള്‍ക്ക് പ്രത്യേക പരിഗണനയുണ്ട് ഈ കോടതിയില്‍. ഇരുചെവിയറിയാതെ ഭരണ സഹായമെത്തിച്ച കഥകളെത്രയെങ്കിലുമുണ്ട് പറയാന്‍.
വാക്കുകള്‍ക്ക് ക്ഷാമമില്ലാത്ത അലക്കിത്തേച്ച ജുബ്ബയായിരുന്നു ഇതുവരെ കേരള ഭരണത്തിന്റെ ഐക്കണ്‍. ഇനിയത് ചീകിയൊതുക്കാത്ത മുടിയാണ്. വാക്കുകള്‍ വിക്കുമെങ്കിലും പക്ഷെ ഉള്ളിലെ ആശയങ്ങള്‍ക്ക് ഇരട്ടി തെളിമയുണ്ട്. അതിനാല്‍ 'മുടിപാറും ഭരണം' പൊടിപാറുമെന്ന പ്രത്യാശയിലാണ് കേരളം.

(madhyamam...16/06/2011)

Saturday, May 14, 2011

പടയൊരുക്കത്തിന് വാക്കെറിഞ്ഞ് മുഖ്യമന്ത്രിയുടെ പടിയിറക്കം


തിരുവനന്തപുരം: ക്ലിഫ് ഹൌസിനിപ്പോള്‍ കന്റോണ്‍മെന്റ് ഹൌസിന്റെ മൂഡാണ്. അവിടെ വന്നുപോകുന്നവരുടെ മുഖത്ത് പോരാട്ടത്തിനുള്ള മുന്നൊരുക്കങ്ങളാണ്. വീട്ടുടമയാകട്ടെ ചിരിയൊഴിഞ്ഞ്, ശബ്ദമടക്കി വിശ്രമിക്കുന്നു. കുടിയൊഴിക്കപ്പെടുന്നതിന്റെ മൌനം മുഖത്തുണ്ട്. എന്നാലുമുള്ളിലെ ആവേശത്തിന് ഒരു കുറവുമില്ല. ആരവവും അധികാരവുമൊഴിഞ്ഞ കേരള മുഖ്യന്റെ ഔദ്യോഗിക വസതിയിലിപ്പോള്‍ അടക്കിപ്പിടിച്ച സംസാരങ്ങളേയുള്ളൂ. കൈയെത്തും ദൂരത്തുവച്ച് ക്ലിഫ്ഹൌസിലെ പുനരധിവാസം കൈവിട്ടുപോയതിന്റെ നിരാശ മുറ്റത്തൊതുക്കിയിട്ട വാഹനങ്ങള്‍ക്കുവരെയുണ്ട്. നിരാശപടര്‍ന്ന ആ മൌനങ്ങള്‍ക്കും അടക്കിപ്പിടിച്ച സ്വകാര്യങ്ങള്‍ക്കുമിടയില്‍നിന്നാണ് രാജ്ഭവനിലേക്ക് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അവസാന ഔദ്യോഗിക യാത്ര നടത്തിയത്. ഉച്ചക്ക് 12.15നായിരുന്നു അത്. മിനുട്ടുകള്‍ക്കകം വീട്ടില്‍ തിരിച്ചെത്തി. അപ്പോഴേക്കും പക്ഷെ വിലാസം മാറിയിരുന്നു: കാവല്‍ മുഖ്യമന്ത്രി.
ഭരണമാറ്റ പിറ്റേന്നും തലസ്ഥാനത്ത് ശ്രദ്ധാകേന്ദ്രമായത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി തന്നെയായിരുന്നു. രാവിലെ മുതല്‍ സന്ദര്‍ശകരെത്തി തുടങ്ങി. ഒറ്റക്കും കൂട്ടായും. യാത്രപറയാനും രാഷ്ട്രീയം പറയാനുമെത്തുന്നവര്‍. ഒമ്പതരയോടെ ചീഫ് സെക്രട്ടറി വന്നു. പിന്നാലെ ഡി.ജി.പി. പലപ്പോഴായി ഗവണ്‍മെന്റ് സെക്രട്ടറിമാര്‍. ഇടക്ക് ഏതാനും ബന്ധുക്കള്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍. അയല്‍ക്കാരായ മന്ത്രിമാര്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ബിനോയ് വിശ്വവും നടന്നെത്തി. പിന്നാലെ എം. വിജയകുമാറും സുരേന്ദ്രന്‍പിള്ളയും. മടങ്ങുംനേരം ഗേറ്റില്‍ ചാനല്‍ മൈക്കുകള്‍ തടഞ്ഞപ്പോള്‍ കണ്ണൂരിലെ തോല്‍വിയില്‍ കടന്നപ്പള്ളി പതിവ് ചിരി ചിരിച്ചു. നേരത്തേ വന്ന വി.ശിവന്‍കുട്ടി മടങ്ങുംനേരം ഗേറ്റിലിറങ്ങി സൌഹൃദം പുതുക്കി. ക്ലിഫ് ഹൌസിന് മുന്നില്‍ രാവിലെ മുതല്‍ തന്നെ മാധ്യമപ്പട എത്തിയിരുന്നു. കാമറകളും തത്സമയ സംപ്രേക്ഷണ വാഹനങ്ങളും വലിയ ആള്‍കൂട്ടവും കണ്ടപ്പോള്‍ അതുവഴി വന്നവരും അവിടെത്തങ്ങി.
രാവിലെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ വന്ന ശേഷം രാജ്ഭവനിലേക്ക് പോകാനായിരുന്നു ധാരണ. രണ്ടാം ശനി കണക്കിലെടുത്ത് പിന്നീടത് മാറ്റി. ഗവര്‍ണര്‍ക്ക് മന്ത്രിസഭയുടെ രാജി സമര്‍പിക്കാന്‍ ഉച്ചക്ക് വി.എസ് അച്യുതാനന്ദന്‍ വസതിയില്‍ നിന്നിറങ്ങി. അപ്പോഴേക്കും അകത്തേക്ക് പ്രവേശനം കിട്ടിയ മാധ്യമപ്പട ഒന്നാം നമ്പര്‍ കാറിന് ചുറ്റും പടര്‍ന്നു. വിടവാങ്ങലിന്റെ മൌനവും വേദനയും തളംകെട്ടിനിന്ന ഉച്ചവെയില്‍ ചൂടില്‍ തടിച്ചുകൂടിയവര്‍ നിശബ്ദമായി മുഖ്യമന്ത്രിയെ യാത്രയാക്കി. പിന്നാലെ പൊളിറ്റിക്കല്‍ സെക്രട്ടറി കാറില്‍ അകമ്പടി പോയി. മുഖ്യമന്ത്രിയിറങ്ങിയപ്പോള്‍ അകത്ത് അവസാന വാര്‍ത്താസമ്മേളനം നടത്താനുള്ള ഒരുക്കങ്ങള്‍ തകൃതിയായി. ഹാളിനകത്തും പുറത്തും കണ്ണും കാമറകളും നിറഞ്ഞു കവിഞ്ഞു.
12.30ന് തിരിച്ചെത്തിയ മുഖ്യമന്ത്രി അരമണിക്കൂറിനകം വാര്‍ത്താസമ്മേളനം പൂര്‍ത്തിയാക്കിയതോടെ അത്രനേരം മൂടിക്കെട്ടിനിന്ന അന്തരീക്ഷം അയഞ്ഞു. രാഷ്ട്രീയം പറഞ്ഞുചിരിച്ച് വന്നവര്‍ ചായകുടിച്ചു പിരിഞ്ഞു. എന്നിട്ടും പോകാന്‍ മടിച്ച പലരും ആ മുറ്റത്ത് തങ്ങിനിന്നു. ചിലര്‍ ചിത്രങ്ങളെടുത്തു. ചിലര്‍ ഒന്നുകൂടി അകം കയറി കണ്ടു. ചിലര്‍ യാത്രപറഞ്ഞു നടന്നു. വീടൊഴിയാനുള്ള ഉത്തരവ് കാത്ത് ജീവനക്കാര്‍ വാതിലില്‍ നിന്നു. അഞ്ച് വര്‍ഷമായി മുഖ്യമന്ത്രിക്കൊപ്പം നിഴല്‍ പോലെ നടന്ന കമാന്റോകളും രഹസ്യാന്വേഷകരും പോലിസുകാരുമെല്ലാം പഴയ ലാവണങ്ങളിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങളിലേക്കിറങ്ങി. രണ്ട് മണിയോടെ ക്ലിഫ് ഹൌസ് ഏറെക്കുറെ വിജനമായി. കുടുംബവും കുട്ടികളും ഏതാനും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മാത്രമായ വീട്ടകം മെല്ലെ നിശãബ്ദതയിലേക്ക് വീണു.
പതിവിലേറെ ശാന്തനായിരുന്നു അവസാന ദിവസത്തെ മുഖ്യമന്ത്രി. പതിഞ്ഞ വാക്കുകളില്‍ വാര്‍ത്താസമ്മേളനം. ചോദ്യങ്ങള്‍ക്ക് ചെറിയ മറുപടികള്‍. വിവാദ വിഷയങ്ങളില്‍ മൌനം. അല്ലെങ്കില്‍ ഒഴിഞ്ഞുമാറ്റം. ഓരോ മറുപടിയിലും നിരാശ പടര്‍ന്ന വാക്കുകളുടെ അരുചി. അശേഷം ചിരിക്കാത്തതില്‍ മാധ്യമ പ്രവര്‍ത്തകര്‍ സംശയിച്ചപ്പോള്‍ 'ചിരി ലസ് ആയ ആള്‍' എന്ന് അതിന് മറുപടി. പിന്നെ, 'വേണ്ട സമയത്ത് ചിരിച്ചുകൊണ്ടേയിരിക്കുമെന്ന' വിശദീകരണവും. എന്നാല്‍ ഇനിയെന്ത് എന്ന ചോദ്യത്തില്‍ വി.എസ് ഒന്നിളകി, ഒച്ചയുയര്‍ന്നു. പിന്നെ 'പ്രതിപക്ഷ നേതാവിന്റെ വസതിയുടെ മൂഡി'നിണങ്ങും വിധം നയം വ്യക്തമാക്കി: 'പെണ്‍വാണിഭക്കാരെയും ക്രിമനലുകളെയും ഭരണത്തില്‍ അടിച്ചേല്‍പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം'. പാര്‍ട്ടിക്കുമുണ്ട് ഒരു മുന്നറിയിപ്പ്: 'സീറ്റ്നിഷേധത്തിന്റെ പേരിലുയര്‍ന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ബന്ധപ്പെട്ടവര്‍ ചെയ്യുമെന്ന് ആശിക്കുന്നു.' അതെ വി.എസ് അച്യുതാനന്ദന്‍ പടിയിറങ്ങുകയല്ല; പടക്കിറങ്ങുകയാണ്. പാര്‍ട്ടിയിലും ഭരണത്തിലും.

(madhyamam, 15/05/2011)

Tuesday, May 3, 2011

ഉസാമ യെ കൊന്നത് അംഗരക്ഷകനെന്ന് റിപ്പോര്‍ട്ട്


ഇസ്‌ലാമാബാദ്:അല്‍ ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദിനെ കൊന്നത് സ്വന്തം അംഗരക്ഷകന്‍ തന്നെയായിരിക്കാമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ പിടിയിലാകുന്നത് തടയാന്‍ വേണ്ടി ഉസാമയുടെ ആഗ്രഹപ്രകാരം അംഗരക്ഷകന്‍ തന്നെ വെടിവെച്ചതാകാമെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാകിസ്ഥാനിലെ 'ഡോണ്‍'പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

വെടിവെപ്പ് നടന്ന സ്ഥലം സൂക്ഷമമായി പരിശോധിച്ചാല്‍ ചെറുത്തുനില്‍പ്പിനിടയില്‍ ഇത്ര അടുത്ത്‌നിന്ന് ഉസാമക്ക് വെടിയേല്‍ക്കാന്‍ സാധ്യതയില്ല.-ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി അമേരിക്കന്‍ സംഘം സ്ഥലം വിട്ടശേഷം ഉസാമയുടെ താവളം നേരിട്ട് പരിശോധിച്ച പാക് ഉദ്യോഗസ്ഥന്‍ പറയുന്നു. ഉയരത്തിലുള്ള ചുമരിനാല്‍ ചുറ്റപ്പെട്ട ഉസാമയുടെ വിശാലമായ വളപ്പിലെ അമേരിക്കന്‍ റെയ്ഡിനെക്കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ നിരീക്ഷണം.

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ അബെറ്റാബാദില്‍ പാക് സൈനിക അക്കാദമിക്ക് സമീപത്തെ കൂറ്റന്‍ വസതിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നടത്തിയ കമാന്‍ഡോ ആക്രമണത്തില്‍ നെറ്റിയില്‍ വെടിയേറ്റാണ് ബിന്‍ലാദന്‍ മരിച്ചതെന്നാണ് അമേരിക്ക ലോകത്തെ അറിയിച്ചത്. ഉസാമയുടെ മനുഷ്യകവചമായി ഉപയോഗിച്ച ഒരു മകനും രണ്ടു സന്ദേശവാഹകരും ഒരു സ്ത്രീയും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തില്‍ പങ്കെടുത്ത രണ്ടു ഹെലികോപ്ടറുകളില്‍ ഒന്ന് തകര്‍ന്നത് താഴെ നിന്നുള്ള റോക്കറ്റാക്രമണത്തിലോ വെടിവെപ്പിലോ അല്ലെന്നും പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാഹചര്യത്തെളിവുകളില്‍ നിന്ന് മനസ്സിലാകുന്നത് ഹെലികോപ്ടര്‍ സാങ്കേതികതകരാര്‍ മൂലം വീണതാണെന്നാണ്. ഓപ്പറേഷനിടയില്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ടത് ഈ ഹെലികോപ്ടര്‍ അമേരിക്കന്‍ സേന തന്നെ നശിപ്പിച്ചതിന്റെയാകാം. അമേരിക്കന്‍ വാദത്തിന് വിരുദ്ധമായി ബിന്‍ ലാദിന്റെ മൂന്നു അംഗരക്ഷകര്‍ കൊല്ലപ്പെട്ടതായി പാക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഫ്ഗാനിയെന്ന് കരുതുന്ന ഒരാളുടെ മൃതദേഹം വീട്ടുവളപ്പിലും രണ്ടു അംഗരക്ഷകരുടെ മൃതദേഹം വീട്ടിനകത്തും കിടക്കുകയായിരുന്നു. ഉസാമയുടെ മൃതദേഹം മാത്രമെടുത്ത് അമേരിക്കന്‍ സേന സ്ഥലംവിട്ടു. വീട്ടിലുണ്ടായിരുന്ന വനിതകളെയും കുട്ടികളെയുമെന്നും അവര്‍ ശ്രദ്ധിച്ചില്ല- ഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...