Friday, May 27, 2011

സ്വാശ്രയ കരാറിലെ ഒത്തുകളി: 700 എന്‍ജി. വിദ്യാര്‍ഥികള്‍ക്ക് അരലക്ഷം പിഴ വരുന്നു


തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ കുടുങ്ങിയ 700 എന്‍ജിനീയറിങ് വിദ്യാര്‍ഥികളില്‍ നിന്ന് അരലക്ഷം രൂപ വീതം പിഴ ഈടാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം. പിഴയീടാക്കാന്‍ റവന്യു റിക്കവറി നടപടികള്‍ക്ക് വരെ നിര്‍ദേശമുണ്ട്. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മെറിറ്റ് സീറ്റില്‍ കൊള്ളലാഭമുണ്ടാക്കാന്‍ അവസരം നല്‍കുംവിധം ഉള്‍പ്പെടുത്തിയ ഒത്തുകളിയെന്ന് ആരോപണമുയര്‍ന്ന വ്യവസ്ഥയാണ് ഈ വിദ്യാര്‍ഥികളെ കുടുക്കിയത്. പ്രവേശന നടപടികളില്‍ വീഴ്ചകളുണ്ടായിരുന്നതിനാല്‍ പിഴ ഈടാക്കരുതെന്ന് പ്രവേശന പരീക്ഷാ കമീഷണറേറ്റ് എല്‍.ഡി.എഫ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. വ്യവസ്ഥയുടെ മറവില്‍ മാനേജ്‌മെന്റുകള്‍ക്ക് ഇത്രയും മെറിറ്റ് സീറ്റില്‍ വന്‍ തുക ഫീസ് ഈടാക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോള്‍ അതേ സീറ്റിന്റെ പേരില്‍ കുട്ടികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാറും കോടികള്‍ പിഴയീടാക്കാനൊരുങ്ങുകയാണ്.

അനാവശ്യ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുക, പ്രവേശന നടപടികള്‍ പൂര്‍ത്തിയായ ശേഷം പഠനമുപേക്ഷിക്കുക, കോളജ് മാറുക തുടങ്ങിയവ വഴി സീറ്റ് നഷ്ടപ്പെടുത്തുന്നവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന് പ്രോസ്‌പെക്ടസില്‍ വ്യവസ്ഥയുണ്ട്. 2009ല്‍ 2000 സീറ്റ് പാഴായതിനെത്തുടര്‍ന്നാണ് ഇത് ഏര്‍പ്പെടുത്തിയത്. പ്രവേശന നടപടി പൂര്‍ത്തിയാക്കി, അലോട്ട്‌മെന്റ് അവസാനിപ്പിച്ച ശേഷമാണ് ഈ വ്യവസ്ഥ ബാധകമാകുക. എന്നാല്‍, പിന്നീട് സര്‍ക്കാറും സ്വാശ്രയ മാനേജ്‌മെന്റും തമ്മിലുണ്ടാക്കിയ കരാറില്‍ ജൂണില്‍ തുടങ്ങുന്ന പ്രവേശന നടപടികള്‍ ജൂലൈ 21ന് അവസാനിപ്പിക്കാന്‍ വ്യവസ്ഥവെച്ചു. ഇതിന് ശേഷം ഒഴിവുവരുന്ന മെറിറ്റ് സീറ്റുകള്‍ മാനേജ്‌മെന്റ് സീറ്റായി പരിഗണിച്ച് ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോളജുകള്‍ക്ക് കരാര്‍ വഴി അനുമതിയും നല്‍കി. സാധാരണ ഒക്‌ടോബറില്‍ അവസാനിക്കുന്ന പ്രവേശന പ്രക്രിയയാണ് രണ്ടര മാസം മുമ്പ് അവസാനിപ്പിച്ചത്. ഇക്കാരണത്താല്‍ ഒരു അലോട്ട്‌മെന്റ് മാത്രമാണ് സര്‍ക്കാറിന് നടത്താനായത്. ഇതോടെ മെറിറ്റ് സീറ്റുകള്‍ കൂട്ടത്തോടെ മാനേജ്‌മെന്റുകളുടെ കൈയിലായി. കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ പ്രയോജനം ലഭിക്കാതെ കുട്ടികള്‍ പിഴ വ്യവസ്ഥയുടെ പരിധിയിലുമായി. നിരവധി കുട്ടികള്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ സ്വീകരിക്കാനുള്ള അവസരം ഈ വ്യവസ്ഥ നഷ്ടപ്പെടുത്തി. പിഴ നല്‍കേണ്ടിവരുമെന്നത് കണക്കിലെടുത്ത് കുട്ടികള്‍ കിട്ടിയ സീറ്റില്‍ പഠനം തുടരുകയായിരുന്നു. എന്നാല്‍ മികച്ച കോഴ്‌സും കോളജും കിട്ടിയവരും സര്‍ക്കാര്‍ കോളജുകളിലേക്ക് പ്രവേശനം കിട്ടിയവരും പഴയ സീറ്റ് വിട്ടു. ഇവരാണ് ഇപ്പോള്‍ അരലക്ഷം പിഴ നല്‍കേണ്ട അവസ്ഥയിലെത്തിയത്. സ്വാഭാവിക സമയക്രമമനുസരിച്ച് പ്രവേശനം നടന്നിരുന്നെങ്കില്‍ ഇവര്‍ക്ക് പണം നല്‍കേണ്ടിവരില്ലായിരുന്നു. കരാറിലെ ഈ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് പിഴ ഈടാക്കരുതെന്ന് പ്രവേശന പരീക്ഷാകമീഷണറേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം തള്ളിക്കളഞ്ഞ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രോസ്‌പെക്ടസ് പ്രകാരം പിഴ ഈടാക്കാന്‍ തിരിച്ച് നിര്‍ദേശം നല്‍കുകയും ചെയ്തിരിക്കുകയാണ്. മാനേജ്‌മെന്റുകള്‍ ലക്ഷങ്ങള്‍ ലാഭമുണ്ടാക്കിയ സീറ്റുകളുടെ പേരില്‍ സര്‍ക്കാറും മൂന്നരക്കോടി രൂപ പിരിച്ചെടുക്കുന്നു എന്നതാണ് ഫലത്തില്‍ ഇതില്‍ സംഭവിക്കുന്നത്. മെഡിക്കലില്‍ 13 വിദ്യാര്‍ഥികള്‍ സമാനപ്രശ്‌നം നേരിട്ടിരുന്നു. അത് കഴിഞ്ഞ സര്‍ക്കാര്‍ ഇളവ് ചെയ്തുകൊടുത്തു. എന്നിട്ടും എന്‍ജിനീയറിങ്ങിന്റെ കാര്യത്തില്‍ ഒളിച്ചുകളിക്കുകയായിരുന്നു. ഈ വ്യവസ്ഥക്കെതിരെ കോടതിയെ സമീപിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ഇളവ് കിട്ടിയിട്ടുണ്ട്. പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ കുട്ടികളാണ് ഈ കുരുക്കിലായത്. സര്‍ക്കാര്‍ കോളജുകളിലേക്ക് ഉയര്‍ന്ന അലോട്ട്‌മെന്റ് കിട്ടിയവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ 700 പേരില്‍ ഫീസ് അടച്ചവര്‍ക്ക് ഇതുവരെ തിരിച്ചുകൊടുത്തിട്ടില്ല. അല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ റവന്യു റിക്കവറി നടത്തേണ്ടിവരും.

(മാധ്യമം .....27...05...11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...