Saturday, April 30, 2011

പ്ലസ് ടുവില്‍ മാര്‍ക്ക് ദാനത്തിന് നിര്‍ദേശം


അതേസമയം ക്യാമ്പുകളില്‍ അധ്യാപകര്‍ അവധിയെടുക്കുന്നത് വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. അവധിയും ഇരട്ട മൂല്യ നിര്‍ണയവും കാരണം ഫലപ്രഖ്യാപനം വൈകുമെന്ന ആശങ്കയാണിപ്പോള്‍. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളിലാണ് ഇരട്ട മൂല്യനിര്‍ണയം നടക്കുന്നത്. ഇത് ഈ വിഷയങ്ങളില്‍ കുട്ടികളുടെ വിജയം കുറക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇത് മറികടക്കുകയാണ് മാര്‍ക്ക് ദാന ലക്ഷ്യം. 10-14 മാര്‍ക്ക് വരെ കിട്ടുംവിധമാണ് രണ്ടാംവര്‍ഷ മൂല്യനിര്‍ണയം നടത്തുന്നത്. ചില സ്ഥലത്തെ ക്യാമ്പുകളില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായിരുന്ന കെമിസ്ട്രിക്ക് 14 മാര്‍ക്ക് കൊടുക്കണമെന്ന് നിര്‍ദേശവുമുണ്ടായി. എന്നാല്‍ എന്‍ട്രി ലെവല്‍ മാര്‍ക്കാണ് നല്‍കുന്നതെന്നാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം. ഇതനുസരിച്ച് ചോദ്യ നമ്പര്‍ രേഖപ്പെടുത്തി, ഉത്തരമെഴുതാന്‍ ശ്രമിച്ചാല്‍ മാര്‍ക്ക് നല്‍കാം. ഇതല്ലാതെ വെറുതെ മാര്‍ക്ക് നല്‍കുന്ന അവസ്ഥയില്ലെന്നാണ് വാദം. ഇങ്ങനെ കിട്ടാവുന്ന മാര്‍ക്ക് 14 വരെ ആകുന്നതിനാല്‍ മാര്‍ക്ക് ദാനമെന്ന് പറയുകയാണത്രെ. എന്നാല്‍ ഇതാണെങ്കില്‍ തന്നെ ഫലത്തില്‍ മാര്‍ക്ക് ദാനമാണ് സംഭവിക്കുന്നത്. രണ്ടാംവര്‍ഷം കൂട്ട മോഡറേഷന്‍ നല്‍കാനും ആലോചനകള്‍ നടക്കുന്നുണ്ട്. മികച്ച വിജയം ഉറപ്പാക്കുംവിധം ഇത് നല്‍കാമെന്നാണത്രെ ധാരണ. എന്‍ജിനീയറിങ് പ്രവേശനത്തിന് ഈ മാര്‍ക്ക് പരിഗണിക്കുന്നതിനാല്‍ തോല്‍വി മാത്രമല്ല, മാര്‍ക്ക് കുറയുന്നത് പോലും വന്‍ വിമര്‍ശത്തിനിടയാക്കുമെന്ന വിലയിരുത്തലാണ് കൂട്ട മോഡറേഷന്‍ ആലോചനക്ക് പിന്നില്‍. ഒന്നാംവര്‍ഷ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളില്‍ വാരിക്കോരി മാര്‍ക്ക് നല്‍കുന്ന പ്രവണതയും തുടങ്ങിയിട്ടുണ്ട്. ഫലം രണ്ട് മാര്‍ക്കും ചേര്‍ത്തായതിനാല്‍, ഒന്നാം കൊല്ലം ഉയര്‍ന്ന മാര്‍ക്ക് നേടിയാല്‍ രണ്ടാംവര്‍ഷം എളുപ്പം വിജയം ഉറപ്പാക്കാന്‍ കഴിയും. ഇരട്ട മൂല്യനിര്‍ണയം നടക്കുന്നതിനാല്‍ അടുത്ത കൊല്ലം നേരിടാവുന്ന ഭീഷണി മുന്‍കൂട്ടി തടയുകയാണ് ഇതുവഴി. രണ്ടാംവര്‍ഷ മൂല്യനിര്‍ണയം ആദ്യവട്ടം പൂര്‍ത്തിയായ ക്യാമ്പുകളില്‍ ഒന്നാംവര്‍ഷത്തേത് കൂടുതല്‍ ഉദാരമാക്കിക്കഴിഞ്ഞു. അതേസമയം ക്യാമ്പുകളില്‍ വന്‍ തോതില്‍ അധ്യാപകര്‍ അവധിയെടുക്കുന്ന പ്രവണത ഇപ്പോഴുണ്ട്. ഇത് ഫലപ്രഖ്യാപനത്തെ ബാധിക്കുംവിധമായിക്കഴിഞ്ഞു എന്ന് ഹയര്‍സെക്കന്‍ഡറി കേന്ദ്രങ്ങള്‍ തന്നെ പറയുന്നു. ചില ക്യാമ്പുകളില്‍ ചില വിഷയങ്ങള്‍ പകുതിപോലും പൂര്‍ത്തിയാകാത്ത അസ്ഥയുണ്ട്. തൃശൂരിലെ ക്യാമ്പിലേക്കുള്ള പൊളിറ്റിക്കല്‍ സയന്‍സിന്റെ 5,000 പേപ്പര്‍ മലപ്പുറം എടരിക്കോട്ടെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തൃശൂരില്‍ അധ്യാപകര്‍ കുറഞ്ഞതാണ് കാരണം. ഇതോടെ മലപ്പുറം ക്യാമ്പ് വൈകുമെന്ന അവസ്ഥയായി. ഈരീതിയില്‍ പലയിടത്തും പേപ്പറുകള്‍ മാറ്റി അയച്ചിട്ടുണ്ട്. അധ്യാപക അവധി വലിയ പരാതിയായിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനനടപടി എടുക്കേണ്ട അവസ്ഥയാണുള്ളതെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല വഹിക്കുന്ന എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. അധ്യാപക ക്ഷാമവും ഇരട്ട മൂല്യനിര്‍ണയവും ഫലപ്രഖ്യാപനം വൈകിപ്പിക്കുന്നത് ഒഴിവാക്കാന്‍ ഫലപ്രദമായ നടപടികള്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(01/05/11)

Friday, April 29, 2011

മഅ്ദനിക്ക് ജാമ്യത്തിന് അര്‍ഹത: സുപ്രീംകോടതി


ന്യുദല്‍ഹി: ബംഗളൂരു സ്‌ഫോടനത്തില്‍ റിമാന്റില്‍ കഴിയുന്ന അബ്ദുന്നാസില്‍ മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മഅ്ദനിയുടെ ജാമ്യപേക്ഷയില്‍ വിധിപറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. മഅ്ദനി എട്ട് വര്‍ഷം ജയിലില്‍ കിടന്നതാണെന്നും ഒടുവില്‍ നിരപരാധിയാണെന്ന് കണ്ട് വിട്ടയച്ചതാണെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷന്‍ കോടതിയെ അറിയിച്ചു. ബംഗളൂരു സ്‌ഫോടനത്തില്‍ തന്നെ ഒന്നും രണ്ടും കുറ്റപത്രത്തില്‍ മഅ്ദനിയുടെ പേര് ഉണ്ടായിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ശാന്തിഭൂഷന്‍ അഭ്യര്‍ഥിച്ചു. അതേസമയം, അഹമ്മദാബാദ്, സൂറത്ത് സ്‌ഫോടനങ്ങളിലും മഅ്്ദനിക്ക് പങ്കുണ്ടെന്നും ഒരു കാലില്ലാത്തത് ഗൂഡാലോചനക്ക് തടസ്സമായില്ലെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചു. ജാമ്യപേക്ഷയെ കര്‍ണാടക എതിര്‍ത്തു.

തുടര്‍ന്ന് കേസ് മാറ്റിവെക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയത്.

(madhyamam)

Thursday, April 28, 2011

സ്ത്രീ കൊലപാതകം: മുന്നില്‍ തിരുവനന്തപുരം



തിരുവനന്തപുരം: തലസ്ഥാന ജില്ല സ്ത്രീ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലെന്ന് കണക്കുകള്‍. 2010 ഏപ്രില്‍ ഒന്നു മുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ത്രീകളുടെ ദുരൂഹമരണങ്ങളില്‍ ഏറ്റവും അധികം നടന്നത് തിരുവനന്തപുരത്താണ്.
ജില്ലയില്‍ 23 സ്ത്രീകളാണ് ഇക്കാലയളവില്‍ ദുരൂഹമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ 102 സ്ത്രീകള്‍ ദുരൂഹമായി കൊല്ലപ്പെട്ടു. കേരള വനിതാ കമീഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം. കാസര്‍കോട് ജില്ല സ്ത്രീകളുടെ ദുരൂഹ മരണങ്ങളുടെ കാര്യത്തില്‍ അല്‍പ്പം ആശ്വാസം പകരുന്നു. ഒരാളുടെ മരണം മാത്രമേ ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. തിരുവനന്തപുരത്തിന് തൊട്ട് പിന്നാലെ പാലക്കാടാണ്. പാലക്കാട്ട് 12 മരണങ്ങള്‍ ഇത്തരത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്ട് 10ഉം കൊല്ലത്ത് എട്ടും ആലപ്പുഴയില്‍ ഏഴും സ്ത്രീകള്‍ ദുരൂഹമായി കൊല്ലപ്പെട്ടു.2009 ല്‍ 103 സ്ത്രീകളും 2008 ല്‍ 124 സ്ത്രീകളും ദുരൂഹമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി കേരളത്തില്‍ 329 സ്ത്രീകളാണ് ദാരുണമായി കൊല്ലപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷം വയനാട് മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ടു. കോട്ടയത്ത് ആറും എറണാകുളത്തും ഇടുക്കിയിലും പത്തനംതിട്ടയിലും അഞ്ചു വീതവും തൃശൂരില്‍ നാലും കണ്ണൂരില്‍ ആറും മലപ്പുറത്ത് ഏഴും സ്ത്രീകളാണ് കൊല്ലപ്പെട്ടത്. വനിതാ കമീഷനില്‍ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ മാത്രമേ ഇതില്‍ പെടൂ. കമീഷനില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്.അത് ചേര്‍ക്കുമ്പോള്‍ എണ്ണം ഇതിലും വര്‍ധിക്കും.
ഇതു കൂടാതെ 389 സ്ത്രീ പീഡന കേസുകളും കഴിഞ്ഞ വര്‍ഷം വനിതാ കമീഷനു ലഭിച്ചു. ഇതിലും തിരുവനന്തപുരം ജില്ലയാണ് മുന്നില്‍. 97 സ്ത്രീപീഡന കേസുകളാണ് തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതിനു പുറമേ 2009^2010 വര്‍ഷത്തില്‍ കമീഷന് മുന്നിലെത്തിയ കേസുകളില്‍ അധികവും തിരുവനന്തപുരത്ത് നിന്നാണ്. 2183കേസുകളാണ് തിരുവനന്തപുരത്ത് നിന്ന് രജിസ്റ്റര്‍ ചെയ്തത്.മറ്റൊരു ജില്ലയും ആയിരത്തിന് മേല്‍ പോയിട്ടില്ല. കേസുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്ലം ജില്ലയില്‍ നിന്ന് 622 കേസുകളാണ് കമീഷന് മുമ്പാകെ എത്തിയിട്ടുള്ളത്.
ഏറ്റവും കുറവ് പരാതികളുള്ളത് വയനാട്ടില്‍ നിന്നാണ്. 96 പരാതികള്‍ മാത്രമാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആലപ്പുഴ (516), പത്തനം തിട്ട (302), ഇടുക്കി (300), കോട്ടയം (555), എറണാകുളം (572), തൃശൂര്‍ (289), പാലക്കാട്, (292), മലപ്പുറം (317), കോഴിക്കോട് (294), കണ്ണൂര്‍ (238), കാസര്‍കോട് (133) എന്നിങ്ങനെയാണ് കഴിഞ്ഞ കൊല്ലം വനിതാ കമീഷനിലെത്തിയ പരാതികള്‍.

(മാധ്യമം/28...04...11)

Wednesday, April 27, 2011

എന്‍ഡോസള്‍ഫാന്‍ :പ്രധാനമന്ത്രി കേരളത്തെ കബളിപ്പിച്ചു


ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കേരളത്തെ കബളിപ്പിച്ചു. കേരളത്തില്‍ നിന്ന് കാണാനെത്തിയ കോണ്‍ഗ്രസ് നേതാക്കളോട് വാഗ്ദാനം ചെയ്ത പോലെ എന്‍ഡോസള്‍ഫാന്‍ പഠനത്തിന് പ്രധാനമന്ത്രി സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പഠന സമിതി അധ്യക്ഷന്‍ കൂടിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ ജനറല്‍ വിശ്വ മോഹന്‍ കടോച് വെളിപ്പെടുത്തി.

കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കണ്ട ശേഷം പ്രധാനമന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിയും വേഗം പഠനം പൂര്‍ത്തിയാക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പട്ടത്. പ്രത്യേക സമയപരിധി പ്രധാനമന്ത്രി നിര്‍ദേശിക്കുകയോ തന്നോട് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. മൂന്ന് വര്‍ഷം വരെ പഠനം നീണ്ടേക്കുമെന്ന് പ്രധാനമന്ത്രിയോട് പ്രതികരിച്ചതായും കടോച് പറഞ്ഞു.

പഠനത്തിന്റെ സങ്കീര്‍ണത ചൂണ്ടിക്കാട്ടിയാണ് പഠനം ഏറെ നീളുമെന്ന് പറഞ്ഞത്. കേരളം, കര്‍ണാടക, ബിഹാര്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പഠനം നടത്തണം. ഇവിടെയെല്ലാം മറ്റേതൊക്കെ കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യം പരിശോധിക്കും. നേരത്തെ വല്ല കീടനാശിനികളും ഉപയോഗിച്ചോ എന്നും അന്വേഷിക്കും. ഉപയോഗിച്ചത് എന്‍ഡോസള്‍ഫാന്‍ തന്നെയാണെങ്കില്‍ അതിന്റെ അളവ് കൂടിയത് കൊണ്ടാണോ എന്ന് പരിശോധിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം ചെയ്യാന്‍ രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ സമയം വേണ്ടി വരും. ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്കും കേന്ദ്ര കൃഷി, പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിക്കും.

കേരളത്തില്‍ ഇരകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനുള്ള പരിപാടി ആവിഷ്‌ക്കരിക്കുന്നതിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ഐ.സി.എം.ആര്‍ ചുമതലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാറും തള്ളിയ കേരളത്തിന്റെ ഔദ്യോഗിക എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടിന് സ്‌റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ജനീവ സമ്മേളനത്തില്‍ സ്വീകാര്യത ലഭിച്ച ദിവസമാണ് പുതിയ പഠനത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രിയും കോണ്‍്രഗസ് നേതാക്കളും ചേര്‍ന്ന് സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് തെളിയിക്കുന്ന വെളിപ്പെടുത്തല്‍.

സംസ്ഥാനത്തെ ആയിരക്കണക്കിന് ഇരകളുടെ യാതന ഗൗനിക്കാതെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അട്ടിമറിച്ചാണ് ഇന്ത്യ എന്‍ഡോസള്‍ഫാന് വേണ്ടി കാമ്പയിന്‍ നടത്തുന്നതെന്ന കേരളത്തിന്റെ നിലപാടിനുള്ള തെളിവായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ജനീവയിലേക്ക് പോയ ഇന്ത്യന്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി പ്രതിനിധികളുമായി നടത്തിയ കുടിയാലോചന. നാലോ അഞ്ചോ തവണ കൂടിക്കാഴ്ച ആവര്‍ത്തിച്ചതോടെ എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരായ എക്‌സല്‍ കമ്പനി മേധാവി ഗണേശന്‍ ഹാളിലേക്ക് വരുമ്പോഴെല്ലാം 'ഇന്ത്യന്‍ ബോസ്' എന്ന് സമ്മേളന പ്രതിനിധികള്‍ പരിഹാത്തോടെ വിളിക്കാന്‍ തുടങ്ങിയിരുന്നു.

(മാധ്യമം/ഹസനുല്‍ ബന്ന/28...04...11)

ഇന്റര്‍നെറ്റില്‍ സിനിമ; പൊലീസ് കര്‍ശന നടപടിക്ക്



കൊച്ചി: പുതിയ സിനിമകള്‍ റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത് സംബന്ധിച്ച് പൊലീസ് കര്‍ശന നടപടിക്ക്. ഇതിന് സിനിമാ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി ഉന്നതതല യോഗം ഈ മാസം 28ന് കൊച്ചിയില്‍ ചേരും. വ്യാജ സീഡി നിര്‍മാണവും വിതരണവും ഇത്രയും കാലം വീഡിയോ പൈറസി ആക്ടില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയതെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഐ.ടി ആക്ടില്‍ കൂടി ചേര്‍ത്ത് വിപുലീകരിക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പോലും ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാണ് തീരുമാനമെന്ന് ഡി.ഐ.ജി എസ്.ശ്രീജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ബോധവത്കരണം നടത്താന്‍ കൂടി ഉദ്ദേശിച്ചാണ് ഉന്നതതല യോഗം. സിനിമാ നിര്‍മാതാക്കളെയും ടെക്‌നിക്കല്‍ ജീവനക്കാരെയുംകൂടി ഉള്‍പ്പെടുത്തും. വ്യാജ സീഡി നിര്‍മാണവുമായി ബന്ധപ്പെട്ട കണ്ണികള്‍ തന്നെയാണ് പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. ഇതിലേറെയും തിയറ്ററുകളില്‍വെച്ച് തന്നെ രഹസ്യമായി പകര്‍ത്തപ്പെടുന്നതാണെന്നാണ് കരുതുന്നത്. അടുത്ത ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമയില്‍ തിയറ്ററിലെ ആരവങ്ങള്‍ കേട്ടെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ ചൂണ്ടിക്കാട്ടി. തിയറ്ററില്‍ കാം കോഡുകള്‍ എന്ന ചെറുകാമറകള്‍ ഉപയോഗപ്പെടുത്തി പകര്‍ത്തിയശേഷം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇത്തരം കാമറകള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന സിനിമകളാണ് ഏതാനും വര്‍ഷങ്ങളായി വ്യാജ സീഡികളായി പ്രത്യക്ഷപ്പെടുന്നത്. സിനിമ അപ്‌ലോഡ് ചെയ്താല്‍ പണം വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് സൈറ്റുകളും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സിനിമാ മേഖലയിലുള്ളവര്‍ക്കുതന്നെ ഇതില്‍ പങ്കുണ്ടെന്ന സംശയവും വ്യാപകമാണ്. ചില താരങ്ങളുടെ സിനിമകള്‍ പരാജയപ്പെടുത്താന്‍ വേറെ ചില താരങ്ങള്‍ പണം മുടക്കുന്നതായും സംശയങ്ങളുമുണ്ട്. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമ 43 സൈറ്റുകളിലാണ് പ്രത്യക്ഷപ്പെട്ടത്. പല സൈറ്റിലും ബന്ധപ്പെട്ടവര്‍ ഡിലീറ്റ് ചെയ്‌തെങ്കിലും വീണ്ടും കൂടുതല്‍ സൈറ്റുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടു. ഉറുമി, ആഗസ്റ്റ് 15, ഡബിള്‍സ് സിനിമകളും ഇത്തരത്തില്‍ നിരവധി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു. 'പ്രാഞ്ചിയേട്ടന്‍' കേബഌലൂടെ സംപ്രേഷണം ചെയ്തിന് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം നടപടി എടുക്കാനാണ് തീരുമാനമെന്ന് ഡി.ഐ.ജി ശ്രീജിത്ത് പറഞ്ഞു. സിനിമാ ലോകത്തെ ഇളക്കി മറിച്ച 'അവതാര്‍' സിനിമയുടെ വ്യാജ സീഡികള്‍ സിനിമ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ മുംബൈയില്‍ ലഭ്യമായത് ബന്ധപ്പെട്ടവരെ ഞെട്ടിച്ചിരുന്നു. അന്ന് മുതലാണ് ശക്തമായ പ്രതിരോധ നടപടികളുമായി സിനിമാ ലോകം മുന്നിട്ടിറങ്ങിയത്. മോസര്‍ ബെയര്‍, യു.ടി.വി, എം.പി.എ, റിലയന്‍സ് എന്നീ വന്‍കിട നിര്‍മാതാക്കള്‍ 50 ലക്ഷം വീതം മുടക്കി വ്യാജ സീഡി നിര്‍മാണത്തിനെതിരെ സംവിധാനമുണ്ടാക്കിയെങ്കിലും ഫലപ്രദമായില്ലെന്നാണ് പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. അപ്രതീക്ഷിത റെയ്ഡുകള്‍ നടത്തിയും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചുമാണ് ഇവര്‍ സംവിധാനം ഒരുക്കിയത്. സിനിമ റിലീസ് ചെയ്ത് 100 ദിവസം തികയും മുമ്പുതന്നെ ഒറിജിനല്‍ സീഡി പുറത്തിറക്കിയും വ്യാജ സീഡി പ്രതിരോധത്തിനായി ശ്രമിക്കുന്നുണ്ട്. ഇതിനെയും കടത്തിവെട്ടിയാണ് ഇപ്പോള്‍ റിലീസ് ദിവസം തന്നെ സീഡിയും ഇന്റര്‍നെറ്റിലും പുതിയ സിനിമ പ്രചരിക്കപ്പെടുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വ്യാജ സീഡി നിര്‍മാണം ഗുണ്ടാനിയമത്തിന്റെ പരിധിയിലാണ്്. ഇതുപോലുള്ള നിയമം കേരളത്തിലും വേണമെന്നാണ് ആവശ്യം.

(മാധ്യമം/എം.ഷറഫുല്ലാഖാന്‍/http://www.madhyamam.com/news/73046/110426)

Tuesday, April 26, 2011

അത്ലറ്റ് സോനു ട്രെയിനില്‍ നിന്ന് ചാടിയതാണെന്ന് റെയില്‍വേ


ലഖ്നോ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് വീണ് കാല്‍ നഷ്ടപ്പെട്ട ദേശീയ കായിക തകരം സോനു സിന്‍ഹയെ ആരും ബലം പ്രയോഗിച്ച് തള്ളിയിട്ടതല്ലെന്ന് റെയില്‍വേ പൊലീസ്. സോനു ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയോ യാദൃശ്ചികമായി അപകടം സംഭവിച്ചതോ ആണെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യം സോനു നിഷേധിച്ചു. മൂന്നംഗ കവര്‍ച്ച സംഘം തന്റെ സ്വര്‍ണമാല പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അതിനിടെ ട്രാക്കിലേക്കവര്‍ തന്നെ തള്ളിയിടുകയായിരുന്നുവെന്നും സോനു ആവര്‍ത്തിച്ചു. പൊലീസ് തന്നെ മാനസികമായി പീഡിപ്പിച്ചതായും സോനു പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ സോനു അപകടത്തില്‍ പെട്ടതോ ആത്മഹത്യക്ക് ശ്രമിച്ചതോ ആണെന്നാണ് മനസ്സിലായത്. ആരെങ്കിലും ബലമായി തള്ളിയതിന് തെളിവൊന്നും ലഭിച്ചില്ല. അതിനുള്ള സാക്ഷികളെ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ഏപ്രില്‍ 11 ന് നോയിഡയില്‍ ഐ.ടി.ബി.പിയുടെ ശാരീരിക ക്ഷമതാ പരീക്ഷ ഉണ്ടായിരുന്നില്ലെന്നും അതിന് പോയതായാണ് സോനു പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.

ട്രാക്കില്‍ നിന്ന് 16 അടി ദൂരത്താണ് സോനു കിടന്നിരുന്നത്. തള്ളിയിട്ട ഒരാള്‍ അത്രയും അകലെയെത്താന്‍ സാധ്യതയില്ല. അപകട സമയത്ത് ട്രെയിന്‍ നല്ല വേഗതയിലായിരുന്നുവെന്നാണ് സോനു പറഞ്ഞത്. എന്നാല്‍ ബെല്ലാരിയിലെ ചാനയ്തി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 250 മീറ്റര്‍ മാത്രമുള്ള അപകടം നടന്നിടത്തേക്ക് അത്ര വേഗത്തില്‍ ട്രെയിന്‍ ഓടുകയില്ല. അങ്ങനെയെങ്കില്‍ വേഗത മണിക്കൂറില്‍ എട്ട് കിലോമീറ്ററില്‍ കൂടുകയില്ലെന്നും പൊലീസ് പറഞ്ഞു.


(മധ്യമം /http://www.madhyamam.com/news/72997/൧൧൦൪൨൬)

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: മുന്‍ ജഡ്ജിമാര്‍ക്ക് നോട്ടിസ്

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: മുന്‍ ജഡ്ജിമാര്‍ക്ക് നോട്ടിസ്

കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പ്രതികള്‍ക്ക് അനുകൂലമായി വിധി സമ്പാദിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് തങ്കപ്പന്‍, ജസ്റ്റിസ് നാരായണ കുറുപ്പ് എന്നിവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി. ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇന്ന് ഹാജരാവാന്‍ കഴിയില്ലെന്ന് ഇരുവരും അറിയിച്ചിട്ടുണ്ട്.

മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി ഇരു ജഡ്്ജിമാര്‍ക്കും പണം നല്‍കിയെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫാണ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ എ.ഡി.ജി.പി വിന്‍സെന്റ് എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയുണ്ടായി. ഈ സംഘമാണ് ഇരു ജഡ്ജിമാര്‍ക്കും നോട്ടിസ് നല്‍കിയത്. അന്വേഷണ സംഘം ഇതേവരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി, അന്വേഷി പ്രസിഡന്റ് കെ. അജിത, കെ.എ. റഊഫ്, ജമീല മാങ്കാവ്, ഇന്ത്യാവിഷന്‍ എഡിറ്റര്‍ ഇന്‍ചാര്‍ജ് എം.പി. ബഷീര്‍ എന്നിവരില്‍നിന്ന് മൊഴിയെടുത്തിട്ടുണ്ട്.

(madhyamam/http://www.madhyamam.com/news/72983/110426)

Monday, April 25, 2011

മുസ്‌ലിംകളെ സംരക്ഷിക്കരുതെന്ന് മോഡിയുടെ ഓഫിസ് ആവശ്യപ്പെട്ടു


കച്ച്: ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സസ്‌പെന്‍ഷനിലായ ഐ.എ.എസ് ഓഫിസര്‍ രംഗത്ത്. മോഡിക്കെതിരെ മുതിര്‍ന്ന ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സത്യവാങ്മൂലം നല്‍കിയതിനു തൊട്ടുടനെയാണ് പുതിയ വെളിപ്പെടുത്തല്‍. തന്റെ സഹോദരനും ഐ.പി.എസ് ഓഫിസറുമായ കുല്‍ദീപ് ശര്‍മയെ തേടി കലാപവേളയില്‍ മോഡിയുടെ ഓഫിസില്‍നിന്ന് ഫോണ്‍ വന്നതായും മുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും കലാപകാരികള്‍ക്കെതിരെ ഒരു നടപടിയും എടുക്കരുതെന്നും നിര്‍ദേശിച്ചതായുമാണ് ഐ.എ.എസ് ഓഫിസര്‍ പ്രദീപ് ശര്‍മയുടെ വെളിപ്പെടുത്തല്‍. ഗോധ്രാനന്തര കലാപ സമയത്ത് ജാംനഗറിലെ മുനിസിപ്പല്‍ കമീഷണര്‍ ആയിരുന്ന പ്രദീപ് ഭൂമി അഴിമതിയില്‍പ്പെട്ട് ജയിലില്‍ കഴിയുകയാണിപ്പോള്‍. ആരോപണം ഉന്നയിച്ചു പ്രത്യേകാന്വേഷണ സംഘം അധ്യക്ഷന്‍ ആര്‍.കെ. രാഘവന് ഇദ്ദേഹം കത്തയക്കുകയായിരുന്നു. സഹോദരനുള്ള ഫോണ്‍ ലഭിച്ചത്തനിക്കായിരുന്നു. ആ സമയത്ത് അഹ്മദാബാദ് മേഖലയുടെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആയിരുന്ന കുല്‍ദീപിനോട് കലാപത്തിനിടെ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന ഒരുവിധ നടപടിയും കൈക്കൊള്ളരുതെന്ന് പറയാന്‍ തന്നോട് ആവശ്യപ്പെടുകയായിരുന്നു -പ്രദീപ് പറയുന്നു. തന്നെ വിളിച്ച ഉദ്യോഗസ്ഥന്റെ പേര് എസ്.ഐ.ടി മുമ്പാകെ വെളിപ്പെടുത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

(മാധ്യമം /26...04..11/http://www.madhyamam.com/news/72661/110426)

മുസ്രിസ് വന്‍ നാഗരിഗകത ആകാമെന്ന് നിഗമനം; കൊടുങ്ങല്ലൂരിലും ഗവേഷണം



തിരുവനന്തപുരം: മുസ്രിസ് തുറമുഖ പട്ടണം വന്‍ നാഗരികതയാണെന്ന് അനുമാനം. മുസ്രിസ് എന്ന് അറിയപ്പെടുന്ന കൊടുങ്ങല്ലൂരിന്റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ അത് വ്യാപിച്ചുകിടന്നിരുന്നുവെന്നാണ് ചരിത്രഗവേഷകര്‍ വിലയിരുത്തുന്നത്. പറവൂരിനടുത്ത പട്ടണം കേന്ദ്രീകരിച്ച് ഇപ്പോള്‍ നടത്തുന്ന ഉദ്ഘനനം കൊടുങ്ങല്ലൂരിന്റെ വടക്ക് ഭാഗത്തേക്ക് വ്യാപിപ്പിക്കാന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഗവേഷണം അടുത്തമാസം തുടങ്ങും.
പട്ടണത്ത് നിന്ന് കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളുടെ പഠനവും നേരത്തേ കണ്ടെത്തിയ വ്യാപാര രേഖകളുമനുസരിച്ച് മുസ്രിസ് കേന്ദ്രീകരിച്ച് റോമുമായി വലിയ വ്യാപാരം നടന്നിരുന്നെന്ന സൂചനകള്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് പട്ടണം പ്രൊജക്ട് ഡയറക്ടര്‍ ഡോ. പി.ജെ ചെറിയാന്‍ പറഞ്ഞു. മുസ്രിസിലെ വ്യാപാരിയുമായി അലക്സാന്‍ഡ്രിയയിലെ കപ്പല്‍ ഏജന്റ് ചരക്കുകടത്ത് കരാറര്‍ ഉണ്ടാക്കിയതിന്റെ തെളിവുകള്‍ നേരത്തേ അവിടെനിന്ന് കണ്ടെത്തിയിരുന്നു. 2^ാം നൂറ്റാണ്ടിലെ കരാറായിരുന്നു ഇത്. കപ്പല്‍ റോമിലേക്കുള്ളത് ആയിരുന്നിരിക്കാമെന്നാണ് കരുതുന്നത്.
പട്ടണത്തുനിന്ന് കണ്ടെത്തിയ പുരാവശിഷ്ടങ്ങള്‍ റോമന്‍ ബന്ധം വ്യക്തമാക്കുന്നതാണ്. ഇവയും ഏറെക്കുറെ ഇതേ കാലഘട്ടത്തിലുള്ളവ തന്നെയാണ്. വ്യാപാരക്കരാര്‍ രേഖ മുസ്രിസിന്റെ വന്‍ വാണിജ്യ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും പട്ടണത്തുനിന്ന് ഇരുമ്പ് യുഗത്തിലെ സെറ്റില്‍മെന്റ് കണ്ടെത്തിയത് മുസ്രിസിന്റെ സ്ഥാനത്തെക്കുറിച്ച ആശ്ചര്യകരമായ കൂടുതല്‍ കണ്ടെത്തലുകള്‍ക്ക് സഹായിക്കുമെന്നും ബ്രിട്ടനിലെ കാംബ്രിഡ്ജ് സര്‍വകലാശാലാ പ്രൊഫസര്‍ ഡോ. ഡിക് വിറ്റാക്കര്‍ അഭിപ്രായപ്പെട്ടിരുന്നു.
വന്‍കിട വ്യാപാരം നടന്നിരുന്നവെന്നത് തന്നെയാണ് ബൃഹത് നാഗരിതയുടെ സാധ്യത സൃഷ്ടിക്കുന്നതും. കുരുമുളക്, തുണി തുടങ്ങി വ്യത്യസ്ത ഉല്‍പന്നങ്ങള്‍ മുസ്രിസില്‍നിന്ന് വ്യാപാരം ചെയ്യപ്പെട്ടിരുന്നു. എങ്കില്‍ മുസ്രിസിന്റെ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ തരം തൊഴില്‍/ഉത്പാദന മേഖലകളുമായി ബന്ധപ്പെട്ട ജനസമൂഹങ്ങളും ഉണ്ടായിട്ടുണ്ടാകും. അവര്‍ മുസ്രിസിനോടനുബന്ധിച്ച പലതരം പ്രകൃയയകളില്‍ പങ്കാളികളായിരിക്കാമെന്നാണ് കരുതുന്നത്. വിവിധ പൌരാണിക തുറമുഖങ്ങളോട് ചേര്‍ന്ന് ഉണ്ടാകാനിടയുള്ള തരം സെറ്റില്‍മെന്റാകാം പട്ടണത്ത് ഉണ്ടായിരുന്നതെന്ന് കരുതുന്നുണ്ട്. ഇത് റോമന്‍ സെറ്റില്‍മെന്റുതന്നെ ആയിരുന്നിരിക്കാമെന്നാണ് ഡോ. ചെറിയാന്‍ പറയുന്നത്.
ഇത്തരം സെറ്റില്‍മെന്റുകള്‍ മുസ്രിസിനോട് ചേര്‍ന്ന മറ്റ് മേഖലയിലും ഉണ്ടായിട്ടുണ്ടാകാം. തൃശൂര്‍ ജില്ലയിലെ വടക്കുഭാഗത്തെ ചേറ്റുവ മുതല്‍ എറണാംകുളം ജില്ലയിലെ പറവൂര്‍ വരെ ഇത് വ്യാപിച്ചിരുന്നിരിക്കാമെന്നാണ് ചരിത്ര ഗവേഷകരുടെ നിഗമനം. ശിലായുഗ കാലത്തെയും ബുദ്ധമതത്തിന്റെയും വിവധ ക്ഷേത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ കൊടുങ്ങല്ലൂരിനും ചേറ്റുവക്കുമിടയില്‍ കാണപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ചരിത്രാവശിഷ്ടങ്ങള്‍ കിട്ടാന്‍ സാധ്യതയുള്ള കൊടുങ്ങല്ലൂര്‍ നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഗവേഷണം നടക്കുക. ചേരമാന്‍ പറമ്പ്, കോട്ടപ്പുറം കോട്ട, കൊട്ടാരം അവശിഷ്ടങ്ങള്‍ തുടങ്ങിയവയാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഉദ്ഘനനത്തിന്റെ പേരില്‍ സ്ഥലമേറ്റെടുക്കുമെന്ന് വരെ തെറ്റായ പ്രചാരണമുണ്ടെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ വേണ്ടിമാത്രമാണെന്നും ഡോ. ചെറിയാന്‍ പറഞ്ഞു.

(16.....11.....08)

മാമ്പഴം പെറുക്കാന്‍ ഈ ഉണ്ണി വരില്ല



കാസര്‍കോട്: കാറഡുക്ക പഞ്ചായത്തിലെ കോളിയടുക്കം തെക്കേക്കരയിലെ തോട്ടലക്കാന വീട്ടുമുറ്റത്തെ മാവ് സമൃദ്ധമാണ്. എന്നാല്‍, മാമ്പഴം വീഴുമ്പോള്‍ ഓടിയെത്തി പെറുക്കേണ്ട ഉണ്ണി അകത്ത് ഒന്നുമറിയാതെ കിടപ്പിലാണ്. കരയാനും ചിരിക്കാനും മാത്രം അറിയുന്ന, സംസാരിക്കാനാവാത്ത അഭിലാഷ് എന്ന 10 വയസ്സുകാരന്റെ ലോകത്തിനപ്പുറമാണ് ഈ മാമ്പഴക്കാലവും.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ നൂറുകണക്കിന് കുഞ്ഞുങ്ങളില്‍ ഒരാളാണ് അഭിലാഷ്. ഈ കുഞ്ഞിന്റെ തല അനിയന്ത്രിതമായി വളരുകയാണ്. പരസഹായമില്ലാതെ അനങ്ങാന്‍ പോലും കഴിയാത്ത കുട്ടിയുടെ തലക്ക് 10 കിലോയിലധികം ഭാരം.
ബാലസുബ്രഹ്മണ്യന്റെയും കെ. ശ്രീവിദ്യയുടെയും മകനായി 2001 സെപ്റ്റംബര്‍ 21നായിരുന്നു അഭിലാഷിന്റെ ജനനം. ഗര്‍ഭം ധരിച്ച് ആദ്യത്തെ മൂന്നുമാസത്തോടെ ജനിതക തകരാറ് പരിശോധനയില്‍ കണ്ടിരുന്നു. ഇവരുടെ രണ്ടാമത്തെ കുട്ടിയാണ് അഭിലാഷ്. ആദ്യത്തെ കുട്ടി ഏഴാം മാസത്തില്‍ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ മരിച്ചു. 1999ലായിരുന്നു ഇത്. ഈ കുട്ടിയും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരയായിരുന്നു. എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്ന പ്രദേശങ്ങള്‍ക്ക് സമീപത്തെ കൊട്ടംകുഴിയിലായിരുന്നു ബാലസുബ്രഹ്മണ്യന്റെ വീട്. പിന്നീടാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാത്ത പ്രദേശമായ ഭാര്യ ശ്രീവിദ്യയുടെ വീട്ടിലേക്ക് താമസം മാറ്റിയത്.
എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ചികിത്സാ സഹായങ്ങളോ മറ്റാനുകൂല്യങ്ങളോ ഇതുവരെ ഈ കുടുംബത്തിന് കിട്ടിയിട്ടില്ല. ഒരുമാസം മുമ്പാണ് സര്‍ക്കാറിന്റെ 'സ്നേഹ സാന്ത്വനം' കാര്‍ഡ് കിട്ടിയത് തന്നെ. കര്‍ഷകനായ ബാലസുബ്രഹ്മണ്യന്റെ വരുമാനം മുഴുവനും കുട്ടിയുടെ ചികിത്സക്കായാണ് ചെലവഴിക്കുന്നത്. മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലാണ് ചികിത്സ.
ആറ്റുനോറ്റുണ്ടായ രണ്ടു കുട്ടികളും മാരക വിഷത്തിന്റെ ഇരകളായതോടെ ഇനിയൊരു കുട്ടി വേണ്ടെന്ന തീരുമാനത്തിലാണ് ഈ ദമ്പതികള്‍. ഭയം കൊണ്ടാണ് ഇങ്ങനെ തീരുമാനിച്ചതെന്ന് ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.


(മാധ്യമം/മട്ടന്നൂര്‍ സുരേന്ദ്രന്‍/25...04...11)

Sunday, April 24, 2011

നടപ്പാക്കിയ നയങ്ങള്‍ക്ക് പിന്‍വാതില്‍ അംഗീകാരം (ജലനയം... രണ്ടാം ഭാഗം)



കേരളത്തിന്റെ കുടിവെള്ള മേഖലയില്‍ രണ്ടുതരം പദ്ധതികളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ ലോകബാങ്ക് മേല്‍നോട്ടത്തില്‍ \'ജലനിധി\'യും നഗരസഭകളിലൂടെ എ.ഡി.ബി പണം മുടക്കുന്ന പദ്ധതികളും. ഈ രണ്ടുതരം പദ്ധതികളും മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍ ഒന്നുതന്നെയാണ് ^എല്ലാ അര്‍ഥത്തിലും വെള്ളത്തെ സ്വകാര്യവത്കരിക്കുക. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജലനയത്തിന്റെ മര്‍മവും അതുതന്നെയാണ്. സുസ്ഥിരവികസനം, പങ്കാളിത്ത പദ്ധതി തുടങ്ങിയ പ്രയോഗങ്ങളിലൂടെ വെള്ളം വിലയിട്ട് വില്‍ക്കാവുന്ന ഉല്‍പന്നമാണ് എന്നാണ് ജലനയവും പറയുന്നത്.
2001ലാണ് ജലനിധി കേരളത്തില്‍ നടപ്പാക്കുന്നത്. നാല് ജില്ലകളിലെ 100 പഞ്ചായത്തുകളില്‍ ആദ്യം കൊണ്ടുവന്ന പദ്ധതി പിന്നീട് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു പദ്ധതിയുടെ സംസ്ഥാപനം, നടത്തിപ്പ്, അറ്റകുറ്റപ്പണി, മേല്‍നോട്ടം തുടങ്ങി എല്ലാ മേഖലകളിലും ഗുണഭോക്താവിന്റെ പങ്കാളിത്തം ഉണ്ടാവണമെന്നതാണ് ഇതിന്റെ വ്യവസ്ഥ. വെള്ളം ആവശ്യമുള്ളവരെല്ലാം പണം മുടക്കണം, പൊതുടാപ്പ് സംവിധാനം ഇല്ലാതാക്കണം, സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ നിര്‍ത്തലാക്കണം തുടങ്ങിയ കര്‍ശന വ്യവസ്ഥകളും പദ്ധതിയിലുണ്ട്. ഇത് പരസ്യമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.
ലോകബാങ്ക് നിയന്ത്രിത സ്ഥാപനം മേല്‍നോട്ടം വഹിക്കുന്ന ജലനിധി നടപ്പാക്കിയേടത്തെല്ലാം പ്രത്യാഘാതങ്ങളും ശക്തമായ ജനകീയ പ്രതിഷേധങ്ങളുമുയര്‍ന്നിരുന്നു. ചെറുകിട ജലവിതരണ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഗുണഭോക്തൃ സംഘങ്ങള്‍ക്കും കൈമാറുകയും ഗവണ്‍മെന്റ് തന്ത്രപരമായി ജലവിതരണത്തില്‍നിന്ന് പിന്‍വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത് ഏറക്കുറെ സംഭവിച്ചുകഴിഞ്ഞു. പൊതുടാപ്പ് നീക്കുന്നതിനെതിരെ ശക്തമായ ജനകീയ സമരങ്ങളുയര്‍ന്നപ്പോള്‍ അത് തല്‍ക്കാലം നിര്‍ത്തി. എന്നാല്‍, ജലനിധി നിലവില്‍വന്നിടങ്ങളില്‍നിന്ന് ഇപ്പോള്‍ പൊതുടാപ്പുകള്‍ നിര്‍ബന്ധപൂര്‍വം മാറ്റാന്‍ തുടങ്ങിയിരിക്കുന്നു. വേണമെങ്കില്‍ ഏതെങ്കിലും വ്യക്തിയുടെ പേരില്‍ കണക്ഷന്‍ നിലനിര്‍ത്താമെന്നാണ് ഒടുവിലത്തെ നിര്‍ദേശം. എ.ഡി.ബിയുടെ കുടിവെള്ള പദ്ധതികളുടെയും നിബന്ധന ഇതൊക്കെത്തന്നെയാണ്. \'വെള്ളം 21ാം നൂറ്റാണ്ടില്‍\' എന്ന പ്രത്യേക പ്രമേയത്തില്‍ തയാറാക്കിയ 1999ലെ എ.ഡി.ബിവാര്‍ഷിക റിപ്പോര്‍ട്ടില്‍ വെള്ളം വില്‍പനക്ക് വെക്കേണ്ടതിന്റെ അനിവാര്യത അടിവരയിട്ട് പറയുന്നുണ്ട്.
നിലവില്‍ കേരളത്തിന്റെ ജലവിഭവ മേഖല ഏറക്കുറെ കൈയടക്കിക്കഴിഞ്ഞ, എ.ഡി.ബിക്കും ലോകബാങ്കിനും അവര്‍ നടപ്പാക്കിയ പദ്ധതികള്‍ക്കും നയപരമായ അംഗീകാരം നല്‍കുക മാത്രമാണ് പുതിയ ജലനയത്തിലൂടെ സംഭവിക്കുന്നത്. എ.ഡി.ബിയുടെയും ലോകബാങ്കിന്റെയും നിബന്ധകള്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമല്ല എന്ന് ഇനി സമാധാനിക്കുകയുമാകാം.
ഇത് മാത്രമല്ല, \'വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ പ്രോഗ്രാം\' പദ്ധതികളുടെ മറവില്‍ കേരളത്തിലെ ജലവിഭവങ്ങളുടെ ആധികാരികത പ്രഖ്യാപിക്കാനുള്ള അവകാശവും ഇപ്പോള്‍ എ.ഡി.ബിയും ലോകബാങ്കും ഇവരെ സഹായിക്കുന്ന ഏജന്‍സികളും ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. അതിന് പര്യാപ്തമായ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. നടപ്പാക്കിത്തുടങ്ങിയ കിണര്‍ രജിസ്ട്രേഷന്‍ അതിലൊന്നാണ്. രജിസ്റ്റര്‍ ചെയ്ത കിണറുകളിലെ വെള്ളം ശുദ്ധമാണോ എന്ന പരിശോധനയാണ് ഇനി വരാനിരിക്കുന്നത്. ഇതിന് പ്രത്യേക ചോദ്യാവലി തയാറായിട്ടുണ്ട്. ഈ ചോദ്യാവലിയനുസരിച്ച് കേരളത്തിലെ ഒരു കിണറിലും ഇനി ശുദ്ധജലമുണ്ടാകില്ല. ഇത്തരം പദ്ധതികള്‍ എതിര്‍പ്പില്ലാതെ നടപ്പാക്കാനാവശ്യമായ നയങ്ങളാണ് പുതിയ ജലനയത്തില്‍ സര്‍വത്രയുള്ളത്. കിണര്‍ വെള്ളത്തിലെ മാലിന്യമാണ് വാട്ടര്‍ സെക്റിലെ സുപ്രധാന പ്രശ്നമായി ജലനയം പറയുന്നത് (1.6).
വീട്ടുമുറ്റത്തെ കിണര്‍ ഇനി ഉപയോഗിക്കാന്‍ ഇനി മറ്റാരുടെയെങ്കിലും അനുമതി ണ്ടിേവരും. പുതിയ കിണര്‍ സ്ഥാപിക്കാന്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ ചില സ്ഥലങ്ങളില്‍ ഇതിനകം വന്നുകഴിഞ്ഞു. ഇതിന് സഹായകരമായി, വെള്ളം പരിശോധന സ്ഥിരം സംവിധാനമായി നിലനിര്‍ത്തണമെന്ന് ജലനയം പറയുന്നു (2.6).

ജലനയം വന്ന വഴി
എ.ഡി.ബിയുടെയും ലോകബാങ്കിന്റെയും അവരുടെ ചുവടൊപ്പിച്ച് നടപ്പാക്കിയ സ്വജല്‍ധാര പോലുള്ള പദ്ധതികളുടെയും നയവും നിബന്ധനകളും ഒന്നായിത്തീര്‍ന്നത് കേവലം യാദൃച്ഛികതയല്ല. കേരളത്തില്‍ ഇവരുടെ പദ്ധതികള്‍ നടപ്പാക്കാന്‍ ഈ നിബന്ധനകളില്‍ വിട്ടുവീഴ്ച ചെയ്തു എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഇവരുടെ പ്രഖ്യാപിത നയത്തില്‍നിന്ന് എവിടെയും പിന്നാക്കംപോയ ചരിത്രമില്ല. 1999ലെ എ.ഡി.ബി വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെള്ളം കൈകാര്യംചെയ്യുന്നതിനെപ്പറ്റി കൃത്യമായ നയപ്രഖ്യാപനമുണ്ട്. അതിനാധാരമായി എ.ഡി.ബി പറയുന്നത് ഡബ്ല്ലിന്‍ തത്വങ്ങളാണ്.
1992ല്‍ യു.എന്‍ നേതൃത്വത്തില്‍ \'വെള്ളം പരിസ്ഥിതി വിഷയങ്ങളില്‍\' ഡബ്ല്ലിനില്‍ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയാണ് നാലു തത്വങ്ങള്‍ പ്രഖ്യാപിച്ചത്. വെള്ളം ഒരു വില്‍പന ചരക്കാണെന്നും (economic good) അതിന് വിപണി മൂല്യമുണ്ടെന്നുമായിരുന്നു ഒരു തത്വം. ഗുണഭോക്താക്കളുടെ നിയന്ത്രണത്തിലുള്ള പങ്കാളിത്ത കുടിവെള്ള പദ്ധതി നടപ്പാക്കണം എന്നതാണ് മറ്റൊന്ന്. വെള്ളത്തിന്റെ സ്വകാര്യ^വ്യാപാരവത്കരണത്തിനുള്ള ആദ്യത്തെ അന്താരാഷ്ട്ര പരസ്യ പ്രഖ്യാപനമായിരുന്നു അത്.
108 രാഷ്ട്ര പ്രതിനിധികള്‍ പങ്കെടുത്ത ഈ ഉച്ചകോടി എങ്ങനെ ലോകബാങ്ക് നയം പ്രഖ്യാപിച്ചു എന്നത് സ്വാഭാവികമായ സംശയമാകാം. സമ്മേളനത്തിന്റെ സംഘാടനത്തിനും നയപരമായ തീരുമാനങ്ങള്‍ക്കും നേതൃത്വം നല്‍കിയത് യു.എന്നില്‍ ഉന്നതോദ്യോഗസ്ഥനായിരുന്ന മോറിസ് എഫ് സ്ട്രോംഗ് ആയിരുന്നു; സമ്മേളനത്തിന്റെ സെക്രട്ടറി ജനറലും. ലോകബാങ്ക് പ്രസിഡന്റിന്റെ സീനിയര്‍ അഡൈസര്‍ കുടിയായിരുന്നു ഇയാളപ്പോള്‍. ലോകബാങ്ക് പിന്നില്‍ നിന്ന് നടത്തിയ ഈ ഉച്ചകോടിയുടെ പ്രഖ്യാപനമാണ് പിന്നീടങ്ങോട്ട് ജലവിഭവമേഖലയുടെ (ധനകാര്യ ഏജന്‍സികളുടെയും) വേദവാക്യമായി സ്വീകരിക്കപ്പെട്ടത്.
ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് ലോക ജല സമ്മേളനങ്ങളും ലോക ജല ഫോറങ്ങളുമെല്ലാം സംഘടിപ്പിക്കപ്പെട്ടത്. ഈ സമ്മേളനങ്ങളുടെയും അവയുടെ പ്രഖ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ തയാറാക്കപ്പെട്ട ദേശീയ ജലനയം, ഇന്ത്യ ജലവിഷന്‍ ^2025, ലോക ബാങ്ക് തയാറാക്കിയ ഇന്ത്യന്‍ ജലനയരേഖ എന്നിവയൊക്കെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നയരൂപവത്കരണത്തിനും അടിത്തറയായത്.
കേരളത്തില്‍ ഇതിന് സഹായകമായ മറ്റൊരു പഠനം നേരത്തെ നടന്നിരുന്നു. സോഷ്യേ^ഇക്കണോമിക്് യൂനിറ്റ് ഫൌണ്ടേഷന്‍, ലോകബാങ്കിന്റെ പണം വാങ്ങി കേരള സര്‍ക്കാറിന് വേണ്ടി നടത്തിയ പഠനം. ഈ പഠനവും ഇതേ നയങ്ങള്‍ പിന്തുടരാന്‍ ശക്തമായി ശിപാര്‍ശ ചെയ്യുന്നതായിരുന്നു. കേരളീയര്‍ വരുമാനത്തിന്റെ 3^5% വിഹിതം കുടിവെള്ളത്തിനായി മുടക്കാന്‍ തയാറുള്ളവരാണെന്നും ഇത് നല്ല അവസരമായി ഉപയോഗപ്പെടുത്തി പങ്കാളിത്ത പദ്ധതികള്‍ നടപ്പാക്കണമെന്നും ഈ പഠനം ശിപാര്‍ശ ചെയ്യുന്നു.
ജലനയം രൂപപ്പെട്ട വഴികളിലൊന്നും എവിടെയും ജനതാല്‍പര്യം പരിഗണിക്കപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല, വെള്ളക്കച്ചവടക്കാരുടെ ഇഷ്ടാനിഷ്ടങ്ങള്‍ വേണ്ടത്ര പരിഗണിച്ചിട്ടുമുണ്ട്. കൈയൂക്കുള്ളവന് എങ്ങിനെയും വ്യാഖ്യാനിക്കാവുന്ന കുറെ വാചകങ്ങള്‍ എഴുതിവച്ച്, അത് ഔദ്യോഗിക നയമാക്കുകയണിവിടെ ചെയ്യുന്നത്. വെള്ളം വില്‍പനക്ക് വക്കാവുന്ന ചരക്കല്ലെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവമാണ് ഇടതു സര്‍ക്കാര്‍ കാട്ടേണ്ടത്. അതുണ്ടായില്ലെന്നതോ പോകട്ടെ, ലക്ഷങ്ങള്‍ മുടക്കിയ ശില്‍പശാലകള്‍ നടത്തി പൊതുജനത്തെ പരിഹസിക്കുകകൂടി ചെയ്യുന്നുണ്ടിവിടെ. മിതമായി പറഞ്ഞാല്‍ ഇതു ധിക്കാരമാണ്. ഒരു ജനാധിപത്യ സര്‍ക്കാറിന് ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത ധിക്കാരം. ഈ കരട് രേഖകള്‍ തിരുത്തി, വെള്ളം അമൂല്യമായ പ്രകൃതി സ്വത്താണെന്നും അത് ജനങ്ങളുടെ മൌലികാവകാശമാണെന്നും വില്‍പനക്ക് വക്കാനാവില്ലെന്നും കൃത്യമായി പ്രഖ്യാപിക്കണം. അതിലപ്പുറം ഒരു വിശദീകരണം ജലനയത്തിന് ആവശ്യവുമില്ല. അതിന് കഴിയില്ലെങ്കില്‍ മുന്നണിയുടെ പേരില്‍നിന്ന് \'ഇടതുപക്ഷ\'മെന്ന വിശേഷണമെങ്കിലും വെട്ടിക്കളയണം. അതാണ് സാമാന്യ മര്യാദ.

(1o...02...2008)

വരുന്നൂ, ജലനയം ലോക ബാങ്കിന് വേണ്ടി (ഒന്നാം ഭാഗം)



ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന്റെ ജല നയം പുറത്തുവന്നിരിക്കുന്നു. കടുത്ത വിമര്‍ശങ്ങളേറ്റുവാങ്ങിയ ആദ്യ രണ്ടു കരട് രേഖകള്‍ പൊളിച്ചെഴുതാന്‍ നടത്തിയ ചെലവേറിയ ശ്രമങ്ങള്‍ക്കൊടുവിലാണ് പുതിയ നയത്തിന്റെ കരട് ചര്‍ച്ചക്കായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കടുത്ത ജനവിരുദ്ധ നയങ്ങളുടെ സമാഹരമായിരുന്നു 2006 ല്‍ ഈ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ആദ്യ കരട്. ജലക്കരത്തിനും വെള്ളക്കച്ചവടത്തിനും പരോക്ഷാനുമതി നല്‍കിയ ആ രേഖ, കുടിവെള്ളമെന്ന അടിസ്ഥാനവകാശത്തെ നിരാകരിക്കുകയും വെള്ളം വിപണി മൂല്യമുള്ള ഉല്‍പന്നമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതായിരുന്നു. വലതുപക്ഷ രാഷ്ട്രിയത്തിന്റെ എല്ലാതരം പ്രതിലോമപരതക്കുമെതിരെ വോട്ടുതേടി അധികാരത്തിലെത്തിയ വി.എസ് അച്യുതാനന്ദന്റെ ഇടതുപക്ഷ സര്‍ക്കാറാണ് ഈ നയമിറക്കിയത്. എന്നാല്‍ ഇതിന് മുമ്പ് യു.ഡി.എഫ് സര്‍ക്കാര്‍ ഒരു കരട് തയാറാക്കിയിരുന്നു. അതില്‍നിന്ന് മൌലികമായി ഒരു വ്യത്യാസവും 'വിപ്ലവ സര്‍ക്കാറിന്റെ' നയത്തിനുമുണ്ടായിരുന്നില്ല. എന്നുമാമ്രല്ല, രണ്ടുംതമ്മില്‍ അസാമാന്യമായ സാദൃശ്യം, വാക്കിലും വരികളിലുംവരെ, ഉണ്ടായിരുന്നുതാനും.
ഇതിനെതിരെ കടുത്ത വിമര്‍ശമുയര്‍ന്നപ്പോള്‍ വിപുലമായ ചര്‍ച്ചയും ശില്‍പശാലയും നടത്തി പുതിയ നയരേഖ തയാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശില്‍പശാലിയില്‍ പൊതു^പരിസ്ഥിതി പ്രവര്‍ത്തകരെയൊക്കെ വിളിച്ചുവരുത്തി അഭിപ്രായം പറയിപ്പിച്ചു. അതെല്ലാം അക്ഷരം വിടാതെ എഴുതിയെടുത്തു. വന്നവര്‍ക്കൊക്കെയും ചെലവ് കൊടുത്തു. താമസവും ഭക്ഷണവുമൊരുക്കിക്കൊടുത്തു. വെള്ളത്തെപ്പറ്റി ഇനിയൊന്നും ബാക്കിവക്കാത്തവിധം ചര്‍ച്ച തകര്‍ത്തു. ലക്ഷങ്ങള്‍പൊടിച്ച് കനക്കുന്ന് കൊട്ടാരത്തില്‍നടന്ന ഈ ശില്‍പാശാലക്ക് ശേഷം മറ്റൊരു കരട് തയാറാക്കി. പ്രതിഭകള്‍ ഒരുപോലെ ചിന്തിച്ചതാകാം, മുന്‍രേഖകളുടെ തനിപ്പകര്‍പ്പായിരുന്നു പുതിയ കരടും. എന്നല്ല, ഒരുപടി കടന്ന് മുന്‍ രേഖകള്‍ തുറന്നു പറയാന്‍ മടിച്ചുനിന്ന ജലവ്യാപാരവും വ്യവസായ വല്‍കരണവും പച്ചയായി പറയാനും ഇത് ധൈര്യപ്പെട്ടു. ശില്‍പശാലയെയും പങ്കുെടത്തവരെയുമൊക്കെ വിഢികളാക്കിയ ഈ കരട്രേഖയിലെ നിര്‍ദേശങ്ങള്‍ പുറത്തായപ്പോള്‍ സര്‍ക്കാര്‍/മുന്നണി തല ഇടപെടലുണ്ടായി.
അണിയറയില്‍ പിന്നെയത് പലതവണ മാറ്റിയെഴുതി. തിരുത്തലുകളേറെ വരുത്തി. 'ഇടതുപക്ഷ' ഭേദഗതികളുമുണ്ടായി. ഇതിനിടെ ചില വിദഗ്ദര്‍ ഇനി തിരുത്താനാവില്ലെന്ന് പറഞ്ഞ് പിന്‍മാറിയത്രെ. എല്ലാം കഴിഞ്ഞാണിപ്പോള്‍ പുതിയൊരു കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത്ഭുതകരമെന്നുതന്നെ പറയണം, ഈ ഇറങ്ങിയതിനും മുന്‍ രേഖകളോട് അസാധാരണമായ സാമ്യമാണുള്ളത്!
എത്ര ചര്‍ച്ച നടത്തിയിട്ടും വിദഗ്ദാഭിപ്രായങ്ങളേറെ പഠിച്ചിട്ടും പലതവണ മാറ്റിയെഴുതിയിട്ടും തിരുത്തലുകളൊരുപാട് വരുത്തിയിട്ടും എന്തുകൊണ്ടാണ് വലത്തും ഇടത്തുമിറങ്ങിയ രേഖകള്‍ക്കിത്ര സമാനതയെന്നത് പ്രസക്തമായ ചോദ്യമാണ്. ഭരണക്കാരാരായാലും നയങ്ങള്‍ തീരുമാനിക്കുന്നത് സാമ്രാജ്യത്വ^മുതലാളിത്ത ധനകാര്യ ഏജന്‍സികളാണെന്ന വിമര്‍ശത്തിന് ഇതിന് അടിവരയിടുന്നു. ഫലത്തില്‍ ലോകബാങ്കിന് വേണ്ടി എഴുതിയുണ്ടാക്കിയ ഒരു ജല നയമാണ് ഇവിടെ പ്രസിദ്ധീകരിക്കപ്പെട്ടത്. അതുകൊണ്ടാണ് ശില്‍പശാലയുടെ ശിപാര്‍ശകള്‍പോലും നിര്‍ദയം തള്ളിക്കളഞ്ഞ, തീര്‍ത്തും ജനവിരുദ്ധമായ നയം ഇടതുസര്‍ക്കാറിന്തന്നെ പ്രസിദ്ധീകരിക്കേണ്ടിവന്നത്.

നയമെഴുത്തുകാര്‍
ഇടതു സര്‍ക്കാര്‍ ആദ്യം പ്രസിദ്ധീകരിച്ച നയം തയാറാക്കാന്‍ ഏല്‍പിച്ചത് ജല വിഭവ വികസനത്തിനും മാനേജ്മെന്റിനുമുള്ള കോഴിക്കോട്ടെ കേന്ദ്ര (സി.ഡബ്ല്യു.ആര്‍.ഡി.എം)ത്തെയാണ്. കുടിവെള്ള മേഖലയില്‍ മുതലാളിത്ത നയങ്ങള്‍ നടപ്പാക്കാന്‍ വിയര്‍പ്പൊഴുക്കുന്ന അസംഖ്യം സ്ഥാപനങ്ങളിലൊന്നാണിത്. പ്ലാച്ചിമട വിഷയത്തില്‍ ഇവരുടെ തനിനിറം നേരത്തേ വ്യക്തമായതുമാണ്. പ്ലാച്ചിമടയിലെ ജലമൂറ്റല്‍ ഹൈക്കോടതിയിലെത്തിയപ്പോള്‍ അതുപരിശോധിക്കാന്‍ നിശ്ചയിച്ച വിദഗ്ദ സമിതിയെ നയിച്ചതും അതില്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചതും ഇതിലെ പ്രതിനിധികളാണ്. കടുത്ത വേനലിലും പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം ഇവിടെനിന്ന് കോളക്കമ്പനി എടുത്താലും പ്രശ്നമില്ലെന്നായിരുന്നു ഈ വിദഗ്ദരുടെ പഠനം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോളക്കമ്പനിക്ക് കോടതി പ്രവര്‍ത്തനാനുമതി നല്‍കിയത്.
സി.ഡബ്ല്യു.ആര്‍.ഡി.എം ഉണ്ടാക്കിയ ആദ്യ കരട് രേഖ പൊളിച്ചുപണിയാന്‍ കനക്കുന്നിലെ ശില്‍പശാലയില്‍ പുതിയൊരു സമിതിയെ നിശ്ചയിച്ചു. എന്നാല്‍ അതിലും നിര്‍ണായക സ്വാധീനം ചെലുത്തിയത് ജലത്തിന്റെ വിപണി മൂല്യത്തിന് വേണ്ടി വാദിക്കുന്നവര്‍ തന്നെയായിരുന്നു. ലോകബാങ്കിന്റെ കുടിവെള്ള പദ്ധതിയുടെ പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച സി.സി.ഡി.യുവിന്റെ അന്നത്തെ ഡയറക്ടര്‍ ഡോ.ലതാ ഭാസ്കര്‍, സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ജോര്‍ജ് ചാക്കച്ചേരി, മഴക്കൊയ്ത്ത് പദ്ധതിയുടെ പ്രതിനിധി സുഭാഷ് ചന്ദ്രബോസ്, സെസ് ഡിവിഷന്‍ ചീഫ് അജയ് വര്‍മ തുടങ്ങിയവരായിരുന്നു രണ്ടാം കരട് രേഖ നിര്‍മാണത്തിന് നിശ്ചയിക്കപ്പെട്ടത്.വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ എന്നിവയുടെ പ്രതിനിധികളും ഉണ്ടായിരുന്നെകിലും നയപരമായ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഉപഭോക്താക്കള്‍തന്നെ ചിലവെടുത്ത് സ്ഥാപിച്ച് അവരുടെ പൂര്‍ണ ഉത്തരവാദിത്തത്തില്‍ നിലനിര്‍ത്തുന്ന ജലനിധി മാതൃകയിലുള്ള പദ്ധതികള്‍ പാടേ ഉപേക്ഷിക്കണമെന്നതായിരുന്നു ശില്‍പശാലയുടെ സുപ്രധാന ശിപാര്‍ശ. നയ രൂപവല്‍കരണ സമിതി ഇത് തെല്ലും പരിഗണിച്ചില്ലെന്ന് മാത്രമല്ല, അവരുണ്ടാക്കിയ രേഖ മുന്‍ കരടുകളില്‍നിന്ന് വ്യത്യസ്തമായി പരസ്യമായ ജല വ്യാപാരവും ജലക്കരം പിരിക്കലും ശിപാര്‍ശ ചെയ്യുകകൂടി ചെയ്തു!
ഇതിനെതിരെ മുന്നണി തലത്തിലും സര്‍ക്കാര്‍ തലത്തിലും കടുത്ത വിമര്‍ശങ്ങളുയര്‍ന്നതോടെയാണ് പ്രസിദ്ധീകരിക്കുംമുമ്പെ അതു മാറ്റിയെഴുതാന്‍ ജലവിഭവ വകുപ്പ് നിര്‍ബന്ധിതമായത്. എന്നിട്ടിറക്കിയ ഈ കരടും മുന്നോട്ടുവക്കുന്ന അടിസ്ഥാന തത്വം 'ആവശ്യക്കാര്‍ പണം മുടക്കി കുടിവെള്ളം കണ്ടെത്തുക' എന്നതുതന്നെയാണ്. പഴയ കരടുകളിലെ ചില വാചകങ്ങള്‍ മാറ്റിയെഴുതുകയും വെള്ളക്കച്ചവടം നടത്താനനുമതി നല്‍കുന്ന പ്രത്യക്ഷ നിര്‍ദേശങ്ങള്‍ ഒഴിവാക്കുയും ചെയ്തു എന്നതാണ് ആകെയുണ്ടായ വ്യത്യാസം.

പുതിയ നയം പറയുന്നത്
ഗുണഭോക്താക്കള്‍ പണംമുടക്കി സ്ഥാപിക്കുകയും എക്കാലവും അവര്‍തന്നെ നിലനിര്‍ത്തുകയും ചെയ്യുന്ന കുടിവെള്ള/ജലസേചന പദ്ധതികളാണ് ഇനി വേണ്ടതെന്നാണ് നയം വ്യക്തമാക്കുന്നത് (2.13). ആഗോള ധനകാര്യ ഏജന്‍സികള്‍ ഏതുകാര്യത്തിലും വലിയ വായില്‍ വിളമ്പുന്ന 'പങ്കാളിത്ത വികസനം' എന്ന കേള്‍ക്കാനിമ്പമുള്ള പ്രയോഗം തന്നെയാണ് ഇവിടെയും പയറ്റുന്നത്. ഒരു ജനതയുടെ മൌലികാവശ്യമായ കുടിവെള്ളം എത്തിച്ചുകൊടുക്കാന്‍ അവര്‍ തെരഞ്ഞെടുത്തയച്ച സര്‍ക്കാറിന് ഒരു ബാധ്യതയും ഉണ്ടാവില്ല എന്നതാണ് ഈ പങ്കാളിത്ത സ്വപ്നത്തിന്റെ യാഥാര്‍ഥ്യം. കുടിവെള്ളത്തിന് നല്‍കുന്ന സബ്സിഡികള്‍ പാവപ്പെട്ടവര്‍ക്ക് മാത്രമായി നിലനിര്‍ത്താം (2.13). വെള്ളം ഉപയോഗിക്കുന്നതിന്, അതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിന്, വിലയീടാക്കുന്നതിന്, സബ്സിഡിക്ക് മാനദണ്ഡം വക്കുന്നതിന്...തുടങ്ങിയവക്കെല്ലാം പുതിയ നിയമനിര്‍മാണം നടത്തണമെന്ന് നയം നിര്‍ശേദിക്കുന്നു (2.15). (ഇമ്മാതിരി നിര്‍ദേശങ്ങള്‍ മുന്നോട്ടു വക്കാന്‍ കഴിയുന്ന തരത്തില്‍) പഠന^ഗവേഷണങ്ങള്‍ നടത്താന്‍ സി.ഡബ്ല്യു.ആര്‍.ഡി.എം പോലുള്ള സംഘങ്ങളെ നിലനിര്‍ത്തണം. അവര്‍ക്ക് ചെല്ലും ചെലവും കെടുക്കാന്‍ നികുതിപ്പണം നീക്കിവക്കണം. അത് ബജറ്റില്‍തന്നെ വകയിരുത്തുകയും വേണം (2.11). നാട്ടുകാര്‍ക്ക് കുടി വെള്ളം കൊടുക്കേണ്ട ബാധ്യത തലയില്‍നിന്നൊഴിവാക്കികൊടുത്ത വിദഗ്ദര്‍, പക്ഷെ അവരെ തീറ്റിപ്പോറ്റേണ്ട ചുമതല സര്‍ക്കാറിന്റെ തലയില്‍തന്നെ വച്ചുകെട്ടുകയാണിവിടെ. കുടിവെള്ള വിതരണ രംഗത്തെ നിലവിലെ സ്ഥാപനങ്ങളെ (ഉദ്ദേശം വാട്ടര്‍ അതാറിറ്റി തന്നെ) പൊളിച്ചുപണിയണമെന്ന് കരട് രേഖ പറയുന്നു. അവയുടെ ചുമതലകള്‍ ഗുണഭോക്തൃ സമിതികളുടെ ചുമലിലാക്കണം. പുതിയ റിവര്‍, വെറ്റ്ലാന്റ് അതോറിറ്റകള്‍ ഉണ്ടാക്കണം (2.09). കുടിവെള്ള വിതരണ രംഗത്തെ സര്‍ക്കാര്‍ പങ്കാളിത്തം ഇല്ലാതാക്കാന്‍ നിയമ നിര്‍മാണം നടത്തണം (2.05). നിലവിലെ മാനേജ്മെന്റ് രീതികള്‍ മാറ്റണം (2.04). വെള്ളത്തിന്റെ ഉപയോഗം പൊതു താല്‍പര്യ പ്രകാരമാകണമെന്ന വലിയൊരു പ്രസ്താവനയും നടത്തുന്നുണ്ട് നയം. വെള്ളം കുടിക്കാനുള്ളത് എന്ന അടിസ്ഥാന സങ്കല്‍പത്തെ തന്ത്രപരമായി മറികടക്കുകയണിതിലൂടെ. പൊതു താല്‍പര്യമെന്നത് വ്യവസായിക താല്‍പര്യമായി വ്യാഖ്യാനിക്കാന്‍ കഴിയുന്ന പ്രസ്താവന കൂടിയാണിത്. വ്യവസായിക മേഖലകള്‍ നിശ്ചയിക്കാന്‍ വെള്ളത്തിന്റെ ലഭ്യത മുഖ്യ ഘടകമായി പരിഗണിക്കണമെന്ന നിര്‍ദേശം ഇതോട് ചേര്‍ത്തുവായിക്കണം.

നയപരമായ മൌനം
ഇങ്ങിനെ നിര്‍ദേശങ്ങള്‍ തുരുതുരാ ഒഴുക്കിവിടുന്ന നയം പക്ഷെ, നിലവില്‍ ജലവിഭവ മേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ പരാമര്‍ശിക്കുന്നുപോലുമില്ല. സംസ്ഥാനത്ത് അപകടകരമാംവിധം വ്യാപകമായിക്കൊണ്ടിരിക്കുന്ന ജലകേളീ പാര്‍ക്കുകള്‍, വന്‍കിട ഹോട്ടലുകളുടെ ജലകേളീ സംവിധാനങ്ങള്‍ തുടങ്ങിയവ നടത്തുന്ന ജല ചൂഷണത്തിനു നേരെ വിദഗ്ദമായ മൌനം പാലിക്കുന്നു. വെള്ളപ്പൊക്കം, വരള്‍ച്ച, മലിനീകരണം തുടങ്ങിയവ സൃഷ്ടിക്കപ്പെടുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ ഈ ജല നയത്തിന് ഒരു പ്രശ്നമേയല്ല. ഭൂഗര്‍ഭ ജല ചൂഷണം പറയുന്നേടത്ത് കുപ്പിവെള്ള വ്യവസായികളുടെ പങ്കോ അവയെ നിയന്ത്രിക്കേണ്ടതിന്റെ അനിവാര്യതയോ അബദ്ധത്തില്‍പോലും എഴുതിപ്പോയിട്ടില്ല. വന്‍കിട ഡാമുകളും ഇതിനകം നടപ്പാക്കിയ ജലസേചന പദ്ധതികളും ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ പഠന വിധേയമാക്കിയിട്ടുമില്ല.
യഥാര്‍ഥത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ കേരളത്തില്‍ ലോകബാങ്കും എ.ഡി.ബിയും ചേര്‍ന്ന് നടപ്പാക്കിയ കുടിവെള്ള പദ്ധതികള്‍ക്കും മറ്റുപരിപാടികള്‍ക്കും പിന്‍ബലമേകുന്ന ഒരു നയം ചുട്ടെടുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതില്‍ ജനകീയ താല്‍പര്യമോ സംസ്ഥാന താല്‍പര്യമോ ഒട്ടും പരിഗണിക്കപ്പെടുന്നില്ല. അതു വേണമെന്ന് പറയാനുള്ള ആര്‍ജവം ഈ ഇടതു സര്‍ക്കാറിനു പോലുമുണ്ടാവുന്നില്ല. അച്യുതാനന്ദനും പ്രേമചന്ദ്രനുമൊക്കെ കൈനീട്ടുമ്പോള്‍ പണമിട്ടുകൊടുക്കുന്ന മേലാളന്‍മാര്‍ക്ക് ഇത്തരമൊരു നയം സ്ഥാപിച്ചെടുക്കാതിരിക്കാന്‍ കഴിയുകയുമില്ല.

(09...02...2008)

വിലക്കയറ്റം അഥവ ആഗോളവല്‍കരണകാലത്തെ ജഴ്സി പശു വിപ്ലവം


ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി ശേഖരമുണ്ടായിരുന്ന ഒറീസയിലെ നുവാപാട ജില്ലയിലെ ഉള്‍വ ഗ്രാമത്തില്‍ ബീജം കുത്തിവച്ച് ജഴ്സി പശു വിപ്ലവം നടത്തിയ കഥ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. സായിനാഥ് 'എവരിബഡി ലവ്സ് എ ഗുഡ് ഡ്രോട്ട്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച വിത്തുകാളകളായിരുന്ന ഖരിയാര്‍ കാളകളുടെ കേന്ദ്രമായിരുന്നു ഉള്‍വ. ഇവിടെയാണ് പദ്ധതി വന്നത്. വന്‍കിട ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പുകളും സര്‍ക്കാറുമായിരുന്നു ഇതിന് പിന്നില്‍. കര്‍ഷകരെ പ്രലോഭിപ്പിക്കാന്‍ ആദ്യം ഒരേക്കര്‍ സൌജന്യ ഭൂമി നല്‍കി. അവിടെ പണിയെടുക്കുന്നതിന് മിനിമം കൂലി നിയമം പ്രഖ്യാപിച്ചു. അവിടെ പക്ഷെ കൃഷി, കാലിത്തീറ്റ ചെടി മാത്രമാക്കി. ഭക്ഷ്യവസ്തുക്കള്‍ കൃഷിചെയ്താല്‍ മിനിമം കൂലിയില്ല. ജനിക്കുന്ന ജഴ്സിയുടെ വിശുദ്ധി സംരക്ഷിക്കാന്‍ ഖരിയാര്‍ കാളകളെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ വരിയുടച്ചു. ഇതെല്ലാം കഴിഞ്ഞിട്ടും ജഴ്സി പിറന്നില്ല. ഒറ്റപ്പെട്ടുണ്ടായവ വൈകാതെ ചത്തൊടുങ്ങി. കൃഷി ചെയ്ത സബാബുള്‍ മരം പിന്നെ വളരാതായി. ഒടുവില്‍ ഖരിയാര്‍ വംശമറ്റു. മണ്ണില്‍ മറ്റ് കൃഷി പറ്റാതായി. ജഴ്സി പിറന്നുമില്ല. കാലിവളര്‍ത്തി ജീവിച്ചിരുന്ന ജനത പട്ടിണിയിലായി. ഒടുവില്‍ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും പദ്ധതി അവസാനിപ്പിച്ച് മടങ്ങി.
അതിവിപ്ലവത്തിന് വഴി തേടി വന്ന വികസന വാദികള്‍ ഒരു നാട്ടില്‍ എങ്ങനെ പട്ടിണി വിതച്ച്് മടങ്ങുന്നുവെന്നതിന് ഇതിലേറെ പറ്റിയ തെളിവിില്ല. ഇത്തരം അതിവേഗ വികസനത്തിന്റെ വഴികള്‍ തുറന്നുവച്ചതായിരുന്നു തൊണ്ണൂറുകളില്‍ നടപ്പാക്കപ്പെട്ട ഉദാരവല്‍കരണ സാമ്പത്തിക നയങ്ങള്‍. ഇതിന് ചുവടുപിടിച്ചാണ് ആഗോളവല്‍കരണമെന്ന സങ്കല്‍പം ഇന്ത്യയില്‍ വികാസം പ്രാപിച്ചത്. രാജ്യം അതുവരെ തുടര്‍ന്നുവന്ന പൊതുജന സേവന തല്‍പരമായ സാമ്പത്തിക നയങ്ങള്‍ ലാഭാധിഷ്ടിതമായ കാഴ്ചപ്പാടിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ടുവെന്നതാണ് പുതിയ നയം ഇന്ത്യയില്‍ സൃഷ്ടിച്ച മാറ്റം. സാമൂഹിക^സേവന രംഗങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്‍മാറ്റം, ദരിദ്ര ജനജീവിതത്തിന് താങ്ങായി നിന്നിരുന്ന സബ്സിഡികള്‍ ഗണ്യമായി വെട്ടിക്കുറക്കല്‍, പൊതുസ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവല്‍കരണം, സ്വകാര്യ സ്ഥാപനങ്ങളുടെ കടന്നുകയറ്റം തുടങ്ങിയവയിലൂടെ ഇന്ത്യന്‍ ജനത ഈ നയംമാറ്റത്തിന്റെ പ്രത്യാഘാതാങ്ങള്‍ അന്നുതൊട്ടേ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ രാജ്യത്തെ അഭിപ്രായ രൂപീകരണ വിഭാഗമെന്ന് കരുതപ്പെടുന്ന മഹാഭൂരിപക്ഷം വരുന്ന ഇടത്തരക്കാരായ സാമാന്യ ജനത്തിന്റെ നിത്യ ജീവിതത്തെ അത്രമേല്‍ ബാധിച്ചിരുന്നില്ല. എന്നുമാത്രമല്ല, ആഗോളവല്‍കരണം കൊണ്ടുവന്ന സൌകര്യങ്ങളും പ്രത്യക്ഷ നേട്ടങ്ങളും ആവോളം ആസ്വദിക്കുകയും മുതലാക്കുകയും ചെയ്യുകയും അതിന്റെ ബ്രാന്റ് അംബാസഡര്‍മാരായി മാറുകയുമാണ് അവര്‍ ചെയ്തത്. ബാങ്കുകള്‍ക്ക് വീടുവരെ ഈടുനല്‍കി വാങ്ങിയ ചെറുകാറുകളുടെ പ്രളയം ഇന്ത്യന്‍ നിരത്തുകളിലുണ്ടായതങ്ങനെയാണ്.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കുറേ കൂടി വ്യക്തത വന്നിട്ടുണ്ട്. ഇത്തരം നയങ്ങളുടെ സ്വാഭാവിക പരിണിതിയായ അസഹ്യമായ ജീവിതാവസ്ഥകള്‍, മേനി നിച്ചുനടന്നിരുന്ന ഇടത്തരക്കാരനെ പിടികൂടിത്തുടങ്ങിയിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതമാണ് വിലക്കയറ്റത്തെക്കുറിച്ചുള്ള ആകുലതകളും വ്യാപകമായ പ്രതിഷേധങ്ങളും. ഉള്‍വയിലെ ജഴ്സി വിപ്ലവത്തിന്റെ അതേ അവസ്ഥയിലാണ് ഇന്ന് ഇന്ത്യയിലെ ആഗോളവല്‍കരണം. ശാരാശരി ഇന്ത്യക്കാരന് സുഖജീവിതത്തിന് ആഗോളവല്‍കരണക്കാര്‍ വാഗ്ദാനം ചെയ്ത വിവിധ തരം ജഴ്സി പശുക്കളെല്ലാം ചത്തൊടുങ്ങുകയോ ചാപിള്ളയാകുകയോ ചെയ്തുതുടങ്ങിയിരിക്കുന്നു. അവരുടെ പഴയ ഖരിയാര്‍ കാളകള്‍ വംശമറ്റു പോയി. കരിഞ്ഞുതുടങ്ങിയ സ്വപ്നങ്ങളുമായി ഉള്‍വയിലെ ആദിവാസികളെപ്പോലെ പലായനം തുടങ്ങേണ്ട അവസ്ഥയിലാണവര്‍.
ഇന്നലെ തുടങ്ങിയേതോ ഇന്ന് രൂക്ഷമായതോ അല്ല ഇന്ത്യയിലെ വിലക്കയറ്റം. കേരളത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല ഇത്. എല്ലാ സംസ്ഥാനത്തും വിലക്കയറ്റമാണ്. ഇന്ത്യയാകട്ടെ ഇക്കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തും. ലോക്സഭയില്‍ വിലക്കയറ്റം ചര്‍ച്ച ചെയ്യാനുള്ള അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച് മന്ത്രി പറഞ്ഞത് ആറുമാസമായി ഇന്ത്യയില്‍ വിലക്കയറ്റമുണ്ട് എന്നാണ്. അഥവ അടിയന്തിര പ്രശ്നമല്ലെന്ന് അര്‍ഥം. എന്നാല്‍ കണക്കുകള്‍ പറയുന്നത് രണ്ടുവര്‍ഷമായി ഇത് തുടരുന്നുവെന്നാണ്. 2008 ജനുവരി മുതല്‍ വില ഉയരുകയാണ്. 2007ല്‍ കാര്‍ഷിക മേഖലയില്‍ റെക്കോര്‍ഡ് വിളവാണ് ഇന്ത്യയില്‍ കിട്ടിയത്. എന്നിട്ടും വിലക്കയറ്റമുണ്ടായി. ഉല്‍പാദനക്കമ്മിയല്ല ഇതിന് കാരണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നുമാത്രമല്ല, ഉല്‍പാദനം കൂടിയിട്ടും വിലകൂടുകയും ചെയ്തു. ഇത് ഇതുവരെയുണ്ടായിട്ടില്ലാത്ത പ്രതിഭാസവുമാണ്. രണ്ടുവര്‍ഷമായി വിലക്കയറ്റമുണ്ടായിട്ടും ഇതിപ്പോള്‍ രൂക്ഷമായതെന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
ആഗോളീകരണം ഏറ്റവും ദരിദ്രന വളരെ നേരത്തേ തന്നെ അവന്റേതായ ജീവിത പരിസരങ്ങളില്‍ നിന്ന് പുറംതള്ളിയിരുന്നു. ദരിദ്രന് അതിജീവിക്കാനാകാത്ത പ്രതിസന്ധികള്‍ നമുക്കുചുറ്റും തന്നെ കാണാന്‍ തുടങ്ങിയിട്ട് നാളേറയായി. തകര്‍ന്ന റേഷന്‍ കടകള്‍ക്കുമുന്നില്‍ നിന്നുയര്‍ന്ന വിലാപങ്ങള്‍, ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവന്റെ സങ്കടങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍... അങ്ങനെ നീളുന്നു അവ. ഏറ്റവുമാദ്യം തിരിച്ചടി കിട്ടിയ ദരിദ്രന്റെ ദുരന്തങ്ങളെ രാഷ്ട്രീയമായി തിരിച്ചറിയാനും ചര്‍ച്ച ചെയ്യാനും വിലയിരുത്താനും ഭരണ നേതൃത്വം തയാറായില്ല. ഉദാരീകരണത്തിന്റെ വക്താക്കളായ ബഹുഭൂരിപക്ഷം മാധ്യമങ്ങളും അപ്പോള്‍ ഇടത്തരക്കാരന്റെ വളര്‍ച്ചയുടെ വര്‍ണക്കഥകളില്‍ അഭിരമിക്കുകയായിരുന്നു. ഇടത്തരക്കാരനാകട്ടെ, അരമുറുക്കിയുടുത്തും കൂടുതല്‍ സൌകര്യങ്ങള്‍ വാരിയണിയുന്നതിലായിരുന്നു ശ്രദ്ധിച്ചത്. മനുഷ്യന്‍ കൂട്ടത്തോടെ മരിച്ച വിദര്‍ഭയും വയനാടും വന്നപ്പോഴാണ് മാധ്യമങ്ങള്‍ ദാരിദ്യ്രത്തെപറ്റി അല്‍പമെങ്കിലും സംസാരിച്ചത്. അപ്പോഴും ചികില്‍സ രോഗത്തിനായിരുന്നില്ല, ലക്ഷണങ്ങള്‍ക്കായിരുന്നു. ഉദാരീകരണം ഇടത്തരക്കാരനെ നേരിട്ട് ബാധിച്ചപ്പോള്‍ അത് പൊതു ചര്‍ച്ചയും വിവാദവും പ്രതിഷേധവും ആയിയെന്നതാണ് പുതുതായുണ്ടായ മാറ്റം. അതാണ് ഇപ്പോഴുയരുന്ന പ്രതിഷേധ ബഹളങ്ങളുടെ കാതല്‍. ഇടത്തരക്കാരിലെ മേല്‍തട്ടുകാരനും അതിനുമുകളിലെ സമ്പന്നനും ഇത് ബാധിക്കാതെ നോക്കേണ്ടതും ഇത്തരക്കാരുടെ വര്‍ഗ താല്‍പര്യങ്ങളുടെ സംരക്ഷകരായ മാധ്യമങ്ങളുടെ ബാധ്യതയാണല്ലോ?
വിലക്കയറ്റത്തിനെതിരെ വലിയ പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നു. ദേശീയ തലത്തില്‍ ബി.ജെ.പിയാണ് സമരം നയിക്കുന്നത്. കേരളത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഇടതുപക്ഷവും പ്രതിപക്ഷത്തിരിക്കുന്ന സൌകര്യം ഉപയോഗിച്ച് വലതുപക്ഷവും സമരത്തിലുണ്ട്. അധികാരത്തിലേറിയപ്പോഴെല്ലാം കോണ്‍ഗ്രസിനേക്കാള്‍ വലിയ വാശിയോടെ ഉദാരവല്‍കരണം നടപ്പാക്കിയവാരാണ് ബി.ജെ.പി. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കാന്‍ മാത്രം ഒരു വകുപ്പും അതിനൊരു മന്ത്രിയും അക്കാലത്തുണ്ടായിരന്നു. കേരളത്തിലെ ഇടതുസര്‍ക്കാറിന്റെ നയങ്ങളുടെ പൊതുസ്വഭാവവും ഈ ദിശയില്‍ നിന്ന് വലിയ തോതില്‍ വേറിട്ടുനില്‍ക്കുന്നില്ല. താരതമ്യേന മെച്ചമെന്ന ആശ്വാസം മാത്രം. അതുകൊണ്ടുതന്നെ ഇവരുടെ പ്രതിഷേധവും പരിഹാരവും യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കില്ലെന്ന് വ്യക്തമാണ്.
എന്താണ് പ്രശ്നത്തിന്റെ മര്‍മമെന്ന് ഭരണകൂടത്തിന് നന്നായറിയാം. ഉദാരീകരണത്തിന്റെ ഉസ്താദായി അറിയപ്പെടുന്ന മന്‍മോഹന്‍ സിംഗിന് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങളുമുണ്ട്. വില നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച പ്രധാനമന്ത്രി, വിലവര്‍ധന തടയാന്‍ ചില്ലറ വില്‍പന രംഗത്ത് മല്‍സരം ശക്തമാക്കണമെന്നാണ് നിര്‍ദേശിച്ചത്. ഉല്‍പാദനത്തില്‍ കുറവുണ്ടായത് ഇതിനെ ബാധിച്ചു. ഭക്ഷ്യ ദൌര്‍ലഭ്യവും കാരണമായതായും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാക്കളും ഇത് തന്നെ പറയുന്നു. ക്ഷാമം മുന്‍നിറുത്തിയുള്ള ഇറക്കുമതി നയം വേണം, ഉല്‍പാദനക്ഷമത കുറയുന്നത് തടയണം. കാര്‍ഷിക തകര്‍ച്ചയും വിലക്കയറ്റത്തിന് കാരണമാകുന്നുവെന്നും അവര്‍ പറയുന്നു.
എന്നാല്‍ കൃത്യതയോടെ പ്രശ്നത്തെ സമീപിക്കുന്നവര്‍ തന്നെ പരിഹാരങ്ങള്‍ പറയുമ്പോള്‍ ഇതൊന്നുമറിയാത്തവരെപ്പോലെയാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ജനിതക മാറ്റം വരുത്തിയ വിത്തുകളാണ് ധനകാര്യ ഉപദേഷ്ടാക്കളുടെ ഉപായം. ചില്ലറ രംഗത്തെ മല്‍സരം പറയുന്ന മന്‍മോഹനാകട്ടെ ഈ മേഖലയില്‍ കുത്തകവല്‍കരണം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രസംഗിക്കുന്നത്. എഫ്.സി.ഐ പ്രവര്‍ത്തനം മരവിപ്പിച്ചതോടെ കര്‍ഷകര്‍ക്കും സംഭരണത്തിനുമിടയില്‍ ഇടനിലക്കാര്‍ വന്നു. ഇവിടെയും കുത്തകകളുണ്ടായി. വിലക്കയറ്റത്തിന്റെ ഗുണംപോലും ഇതോടെ കര്‍ഷകര്‍ക്ക് കിട്ടാതായി. ഉല്‍പാദനം കുറഞ്ഞതില്‍ ഇത് മുഖ്യകാരണമാണ്. കയറ്റുമതി വ്യാപകമായപ്പോഴും ഗുണം കിട്ടിയത് ഇടനിലക്കാരനുതന്നെ. കടുത്ത വറുതിക്കിടയിലും ഇറക്കുമതിക്ക് ഒരുകുറവുമുണ്ടായുമില്ല. പഞ്ചസാരയുടെ കഥ നല്ല ഉദാഹരണമാണ്. ആഭ്യന്തര വിപണിയില്‍ വിലയിടിഞ്ഞപ്പോള്‍ കയറ്റിയയച്ചു. ഇതോടെ വിലയുയര്‍ന്നു. അപ്പോള്‍ ഇറക്കുമതിയായി. രണ്ട് സന്ദര്‍ഭത്തിലും നേട്ടം ഇടനിലക്കാര്‍ക്ക്. മറ്റാരോ നിയന്ത്രിക്കുന്ന നയങ്ങളാണ് ഇവിടെ നടപ്പാകുന്നതെന്ന് സാധാരണക്കാരനും നേരിട്ടറിയുകയാണിപ്പോള്‍.
രൂക്ഷമായ വിലക്കയറ്റത്തിനിടയില്‍ വന്ന ഇത്തവണത്തെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് ഈ ബാഹ്യ നിയന്ത്രണത്തിന് മികഡചച തെളിവാണ്. വില പിടിച്ചുനിര്‍ത്തുമെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചിട്ടുപോലും ഈ ദിശയില്‍ ചെറുചുവടുപോലുമുണ്ടായില്ലെന്ന് മാത്രമല്ല, അത് രൂക്ഷമാക്കുംവിധം ഇന്ധന വില കൂട്ടുകയും ചെയ്തു. ഇന്ധന വിലവര്‍ധന സൃഷ്ടിച്ച അസാധാരണമായ പ്രതിഷേധത്തിനിടെ തീര്‍ത്തും ജനവിരുദ്ധമായ ഉദാരീകരണ നയങ്ങള്‍ ചര്‍ച്ചയായുമില്ല. വന്‍കിട കമ്പനികള്‍ക്ക് വാരിക്കോരിയാണ് ആനുകൂല്യങ്ങള്‍ നല്‍കിയത്. വ്യവസായ ഭീമന്‍മാര്‍ക്ക് മൂന്നര ലക്ഷം കോടിയുടെ പാക്കേജ്. ഭരണച്ചിലവില്‍ ഒരു കുറവുമില്ല. കാര്‍ഷിക വായ്പയുടെ ഗുണം ഈ രംഗത്തെ കോര്‍പറേറ്റുകളുടെ കൈകളിലേക്ക് തിരിച്ചുവിട്ടു. പൊതു വിതരണം തകര്‍ക്കുന്ന പദ്ധതി പ്രത്യക്ഷത്തില്‍ തന്നെ ഏര്‍പെടുത്തി. ബജറ്റിന് പിന്നാലെ വേറെയും തീരുമാനങ്ങള്‍ വന്നു. രാജ്യത്തുണ്ടാകുന്ന പുതിയ നിയമങ്ങളും അന്താരാഷ്ട്ര കരാറുകളും ഉദാരീകരണത്തിന് ശക്തിപകരുന്നുണ്ട്. ജി.എം ഭക്ഷ്യവിളകള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ തടവും പിഴയും നിര്‍ദേശിക്കുന്ന തരം നിയമങ്ങള്‍ വരെയുണ്ടാകുന്നു. ആസിയാന്‍ കരാറിന്റെ നടുക്കം നമ്മെ വിട്ടുമാറിയിട്ടില്ല.
ആഗോളവല്‍കരണമാണ് വിപ്ലവമെന്ന് വിശ്വസിച്ചിരുന്ന ഇടത്തരക്കാര്‍ക്കുപോലും കാര്യങ്ങള്‍ കൈവിട്ടുപോയി എന്ന് മനസ്സിലായി തുടങ്ങി എന്നതാണ് വിലക്കയറ്റം സൃഷ്ടിച്ച ഗുണപരമായ മാറ്റം. ഈ തിരിച്ചറിവില്‍ നിന്ന് പുതിയ തിരുത്തലുകള്‍ ഉണ്ടായാല്‍ അടുത്ത തലമുറക്കെങ്കിലും അതിജീവിക്കാനാകും. നവ ലിബറല്‍ സാമ്പത്തിക നയം തിരുത്തുക മാത്രമാണ് അതിനുള്ള പരിഹാരം.

(സോളിഡാരിറ്റി പത്രിക)

Saturday, April 23, 2011

അട്ടപ്പാടിയില്‍ ഞെട്ടിപ്പിക്കുന്ന ലൈംഗിക ചൂഷണം


അഗളി: അട്ടപ്പാടിയില്‍ ലൈംഗിക ചൂഷണത്തിനിരയായ ആദിവാസി സ്ത്രീകളില്‍നിന്ന് ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്‍ നടത്തിയ തെളിവെടുപ്പില്‍ ലൈഗിംക ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശനിയാഴ്ച അഹാഡ്‌സ് ട്രെയിനിങ് ഹാളില്‍ നടത്തിയ തെളിവെടുപ്പില്‍ 25 അവിവാഹിത ആദിവാസി അമ്മമാരാണ് എത്തിയത്. ഇവരുടെ പരാതികള്‍ പരിഗണിച്ചശേഷം 18 കേസെടുക്കുമെന്ന് തെളിവെടുപ്പിന് നേതൃത്വം നല്‍കിയ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്‍ നോഡല്‍ ഓഫിസറും ക്രൈംബ്രാഞ്ച് ഡി.ഐ.ജിയുമായ എ. ശ്രീജിത്ത് അറിയിച്ചു.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അട്ടപ്പാടിയിലെ ഊരുകളില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്.കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യയുടെ മുഖ്യ ഉദ്ദേശ്യലക്ഷ്യം പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമസഹായങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുകയാണ്. ഇതിനായി കഴിഞ്ഞ ഒരാഴ്ചയായി അട്ടപ്പാടിയിലെ ഇരുപതോളം ആദിവാസി ഊരുകളില്‍ മഹിളാ സമഖ്യയുടെ പ്രവര്‍ത്തകരായ സിന്ധു, സുലോചന എന്നിവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇവര്‍ ഇവിടെ 48 അവിവാഹിതരായ ആദിവാസി അമ്മമാരെ കണ്ടെത്തിയിരുന്നു. ഇതില്‍ 25പേരാണ് തെളിവെടുപ്പിനെത്തിയത്. അട്ടപ്പാടിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 103 പീഡന കേസുകളാണ് ഉള്ളത്. എന്നാല്‍, ആകെ വരുന്ന ആദിവാസി ഊരുകളില്‍ 20 എണ്ണം മാത്രം പരിശോധിച്ചപ്പോള്‍ ഇത്തരക്കാര്‍ 500ലധികം വരുമെന്ന് സമഖ്യയുടെ പ്രവര്‍ത്തകര്‍ പറയുന്നു. പീഡനത്തിന് ഇരയായ 48 ആദിവാസികളായ അമ്മമാരില്‍, 25 പേര്‍ ആദിവാസികളായ പുരുഷന്മാരില്‍നിന്നും 23 പേര്‍ ആദിവാസികള്‍ അല്ലാത്തവരില്‍നിന്നുമാണ് ചൂഷണത്തിനിരയായത്. എന്നാല്‍, ആദിവാസി മേഖലകളില്‍ നടക്കുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ പോവുകയാണെന്ന് ഡി.ഐ.ജി ശ്രീജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
പ്രായപൂര്‍ത്തി ആവുന്നതിനുമുമ്പേ ഇത്തരം അപകടത്തില്‍പെടുന്ന അമ്മമാര്‍ക്ക് എങ്ങനെ പ്രതികരിക്കണമെന്നറിയാത്തതും ഒരു കാരണമാണ്. പുതിയ നടപടിപ്രകാരം പരാതിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ഒരുലക്ഷം രൂപയുടെ ധനസഹായം ഇരകള്‍ക്ക് ലഭ്യമാകും. കേസുകള്‍ കുറയാന്‍ കാരണം പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് പരാതിയില്ല എന്നതാണ്. പട്ടികവര്‍ഗ-പട്ടികജാതി കമീഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 587 കേസുകളാണ് ഇത്തരത്തിലുള്ളത്. യഥാര്‍ഥ കണക്ക് ഇതിലും ഇരട്ടിയാവാമെന്ന് ഡി.ഐ.ജി പറഞ്ഞു.
ഇത്തരം സംഭവങ്ങളെ ചെറുക്കുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിക്കുന്നതിനായി ശ്രമിക്കും. അട്ടപ്പാടിയില്‍ ബാക്കിയുള്ള മുഴുവന്‍ ഊരുകളിലും അന്വേഷണം നടത്തും. ഇനിമുതല്‍ പൊലിസ് അങ്ങോട്ടെത്തി പരാതി സ്വീകരിക്കും. പരാതികള്‍ മുഴുവന്‍ അട്ടപ്പാടിയിലെ പൊലീസില്‍ പ്രത്യേക വിഭാഗമുണ്ടാക്കി അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡി.ഐ.ജി പറഞ്ഞു. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.ആര്‍. മണിയന്‍, അഗളി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി എം.കെ. ഗോപാലകൃഷ്ണന്‍, അഗളി സി.ഐ സി.എസ്. വിനോദ്, എസ്.ഐ വി. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

(മാധ്യമം/http://www.madhyamam.com/news/71901/110424)

സ്‌കൂള്‍ പ്രവേശം: പ്രതിസന്ധി സൃഷ്ടിച്ചത് സര്‍ക്കാറിന്റെ രാഷ്ട്രീയനീക്കം


തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനപ്രായം സംബന്ധിച്ച് ഉത്തരവിറക്കാതെ പ്രതിസന്ധി സൃഷ്ടിച്ചത് സര്‍ക്കാറിന്റെ രാഷ്ട്രീയക്കളി. വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്ന കേന്ദ്ര അവകാശനിയമം നടപ്പാക്കുന്നത് സംബധിച്ച് തീരുമാനമെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഒന്നിനുപിറകെ മറ്റൊന്നായി മൂന്ന് കമ്മിറ്റികളെ നിയോഗിച്ച് സമയംകളഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ ഒരു തീരുമാനവുമില്ലാതെയാണ് പടിയിറങ്ങാനൊരുങ്ങുന്നത്. അടുത്ത സര്‍ക്കാറിന്റെ ചുമലിലാക്കാനുള്ള രാഷ്ട്രീയനീക്കമാണ് ഈ പഠന കമ്മിറ്റികള്‍ എന്ന് നേരത്തേ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
കേന്ദ്ര നിയമം നിലവില്‍വന്നതിനെത്തുടര്‍ന്ന് ഇത് കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ജൂണില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ജയിംസ് വര്‍ഗീസിനെ ചുമതലപ്പെടുത്തിയിരുന്നു. സമഗ്ര റിപ്പോര്‍ട്ടായിരുന്നു ആറുമാസത്തിനകം ജയിംസ് വര്‍ഗീസ് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് ആധാരമാക്കി തന്നെ ഇത് നടപ്പാക്കാമായിരുന്നെങ്കിലും ചെയ്തില്ല. റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ ലിഡ ജേക്കബിനെ പുതിയ കമ്മിറ്റിയായി നിയമിക്കുകയാണ് ചെയ്തത്. പത്ത് ലക്ഷത്തിലധികം രൂപ ചെലവിട്ട് ഈ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പകരം ജയിംസ് വര്‍ഗീസ് റിപ്പോര്‍ട്ടും ലിഡ ജേക്കബ് റിപ്പോര്‍ട്ടും സംയോജിപ്പിച്ച് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ അധ്യാപക സംഘടനാ നേതാക്കളടങ്ങിയ പുതിയ കമ്മിറ്റിയെ വെച്ചു.
നേരത്തേ സമര്‍പ്പിച്ച കെ.ഇ.ആര്‍ പരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ടുകൂടി സംയോജന കമ്മിറ്റിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഈ കമ്മിറ്റി തെരക്കിട്ട് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അവസാന മന്ത്രിസഭാ യോഗം വരെ അതും പരിഗണിച്ചില്ല.
പ്രായം ആറുവയസ്സാക്കി കേന്ദ്രനിയമം നിലവില്‍വന്നതോടെ കേരളത്തിലും ഇത് ബാധകമായി. എന്നാല്‍ ആറുമാസം വരെ ഇളവ് കൊടുത്ത് അഞ്ചര വയസ്സുള്ളവരെക്കൂടി സ്‌കൂളിലെത്തിക്കാമെന്നായിരുന്നു കേരള കമ്മിറ്റികളുടെ ശിപാര്‍ശ. അവസാന മന്ത്രിസഭായോഗത്തില്‍ ഈ ശിപാര്‍ശ അംഗീകരിച്ചെങ്കിലും ഉത്തരവ് ഇറക്കിയില്ല. പിന്നീട് പെരുമാറ്റച്ചട്ടം നിലവില്‍വന്നതോടെ അതിന്റെ പേരില്‍ ഉത്തരവിറക്കുന്നതില്‍നിന്ന് പിന്മാറാനുമായി. തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ചാല്‍ ആറുവയസ്സും ആറുമാസ ഇളവുമാക്കി ഉത്തരവിടാമെന്നാണ് ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അനുമതി കിട്ടിയില്ലെങ്കില്‍ ഒരു തീരുമാനവും പ്രഖ്യാപിക്കാതെ ഭരണമൊഴിയാമെന്നും കണക്കുകൂട്ടുന്നു.
എന്നാല്‍ കമീഷന്‍ അനുമതി നേടാനായി ഊര്‍ജിത നീക്കം ഇതുവരെ നടത്തിയിട്ടില്ലത്രെ. ഉടന്‍ തീരുമാനമായില്ലെങ്കില്‍ അധികാരത്തിലെത്തുന്ന സര്‍ക്കാറിനെ ആദ്യം കുഴക്കുന്ന പ്രശ്‌നമായി ഇത് മാറിയേക്കും. അതുവരെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി തുടരുകയുംചെയ്യും.

പി.പി.പി: ആഗോളീകരണ കാലത്തെ കോര്‍പറേറ്റ് കുറുക്കുവഴി


അര നൂറ്റാണ്ടിന്റെ കേരളീയ പൊതു വിദ്യാഭ്യാസം സവിശേഷമായ നവീകരണത്തിന്റെയും പരിവര്‍ത്തനത്തിന്റെയും ചരിത്ര സന്ധികളിലൂടെയാണ് കടന്നുവന്നത്. ഭരണ, രാഷ്ട്രീയ താല്‍പര്യങ്ങളും അക്കാദമിക താല്‍പര്യങ്ങളും ഈ നവീകരണ പ്രകൃയയില്‍ നിര്‍ണയാക ഘടകങ്ങളായിട്ടുണ്ട്. അക്കാദമിക തലത്തില്‍ നടന്ന ഉള്ളടക്കപരമായ നവീകരണങ്ങളും ഘടനാപരമായ തലത്തില്‍ നടന്ന പരിവര്‍ത്തനങ്ങളുമാണ് ഇതില്‍ സുപ്രധാനം. പൊതുവിദ്യാഭ്യാസത്തിന്റെ ദിശയും സ്വാഭാവവും നിര്‍ണയിച്ചതും കാലികവും ഗുണപരവുമായ വളര്‍ച്ചക്ക് അടിത്തറയിട്ടതും പല കാലങ്ങളിലായുണ്ടായ ഈ മാറ്റങ്ങളാണ്. പരിഷ്കരണങ്ങള്‍ ഒരിക്കലും അന്യൂനമായിരുന്നില്ല. ഓരോ മാറ്റത്തിനൊപ്പവും അതിന്റേതായ ദൌര്‍ബല്ല്യങ്ങള്‍ പ്രത്യക്ഷമാകുകയും അത് വളര്‍ച്ചയില്‍ ഏറിയും കുറഞ്ഞും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസാവസരമൊരുക്കുക എന്നത് ഭരണകൂട ബാധ്യതയാണെന്ന ക്ഷേമ രാഷ്ട്ര തത്വത്തില്‍ ഊന്നിനിന്നുകൊണ്ടായിരുന്നു ഈ മാറ്റങ്ങളെല്ലാം നടപ്പാക്കിയത്. അതുകൊണ്ട് തന്നെ എല്ലാ ദൌര്‍ബല്ല്യങ്ങള്‍ക്കും ഭരണകൂട/രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും ഒപ്പം അവ പൊതുജനാവശ്യം പരമാവധി സംരക്ഷിക്കുന്നാതാകുകയും ചെയ്തു.
എല്ലാതരം ജനവിഭാഗങ്ങള്‍ക്കും സ്വീകാര്യമായ സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന രാഷ്ട്രീയ കാഴ്ചപ്പാടില്‍ നിന്നാണ് കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഘടന രൂപകല്‍പന ചെയ്യപ്പെട്ടത്. സ്വകാര്യ വിദ്യാലയങ്ങള്‍ ഒഴിവാക്കാനാകാത്ത യാഥാര്‍ഥ്യമായി മാറിയ സന്ദര്‍ഭത്തില്‍ അവയെ കര്‍ക്കശമായ സാമൂഹിക നിയന്ത്രണത്തിന്‍ കീഴില്‍ കൊണ്ടുവരികയാണ് കേരളം ചെയ്തത്. ഉള്ളടക്കവും നടത്തിപ്പും ബാഹ്യശക്തികള്‍ക്ക് നിയന്ത്രിക്കാനാകാത്ത വിധം സംരക്ഷിക്കുകയും കേരളത്തിന്റെ പൊതു മൂല്ല്യങ്ങളുടെ അടിത്തറയില്‍ നിര്‍മിച്ചെടുത്ത ഉള്ളടക്കം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് ഒട്ടും വ്യത്യാസമില്ലാതെ സ്വകാര്യ മേഖലയിലും നടപ്പാക്കുകയും ചെയ്തു. ഉടമാവകാശം സ്വകാര്യമായി നിലനില്‍ക്കേ തന്നെ മുഖ്യ ചിലവുകളെല്ലാം പൊതുപണം ഉപയോഗിച്ച് നിര്‍വഹിക്കുന്ന എയിഡഡ് സ്കൂളുകള്‍ കേരളത്തില്‍ ഉണ്ടായതങ്ങനെയാണ്. എയിഡഡ് സ്കൂളുകള്‍ പല സാമൂഹിക ഘടകങ്ങളെയും നിരാകരിക്കുന്നതും പരിമിതമായ മേഖലകളില്‍ ഊന്നിനില്‍ക്കുന്നതുമായിട്ടും സാമ്പത്തിക ബാധ്യത വഹിച്ച് കേരളം അത് നിലനിര്‍ത്തിയത് വിദ്യാഭ്യാസത്തോടുള്ള രാഷ്ട്രീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്.
സാമൂഹിക ഘടകങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത പരിഷ്രണ സംസ്കാരമാണ് ഇത്തരമൊരു ഘടന കേരളത്തില്‍ സൃഷ്ടിച്ചത്. എന്നാല്‍ ഇതിന് പകരം സാമ്പത്തിക ഘടകങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന പുതിയ പരിഷ്കരണ രീതികളിലേക്ക് കേരളവും വഴിമാറുന്നുവെന്നതാണ് ഈ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ നല്‍കുന്ന സൂചന. ദേശീയ തലത്തില്‍ നടപ്പാക്കപ്പെട്ട ഉദാര സാമ്പത്തിക നയങ്ങളുടെ പ്രതിഫലനം വിദ്യാഭ്യാസ മേഖലയെയും പിടികൂടുകയാണ്. കേരളത്തിലും കക്ഷി രാഷ്ട്രീയ ഭേദമന്യേ സാമ്പത്തിക താല്‍പര്യം പരിഷ്കരണത്തിന്റെ മുഖ്യ ഉപാധിയായി മാറുകയാണ്. ഇത്തരമൊരു താത്വികമായ മാറ്റത്തിലേക്ക് എളുപ്പവഴിയാക്കാവുന്ന സൈദ്ധാന്തിക വ്യവഹാരങ്ങള്‍ കേരളത്തിപ്പോള്‍ വ്യാപകമാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം നടന്ന അന്താരഷ്ട്ര വിദ്യാഭ്യാസ സമ്മേളനം അതിലെ സുപ്രധാന ചുവടായിരുന്നു. സമ്മേളനത്തിന്റെ പൊതു പ്രഖ്യാപനമായി മാറിയത് വിദ്യാഭ്യാസ മേഖലയില്‍ പബ്ലിക് പ്രൈവറ്റ് പാട്ണര്‍ഷിപ്^പി.പി.പി^സങ്കല്‍പമാണ്. പണം മുടക്കുന്നവര്‍ക്ക് പ്രവേശനം മുതല്‍ പാഠ്യ വിഷയം വരെ എല്ലാ മേഖലയിലും സമ്പൂര്‍ണ സ്വാതന്ത്യ്രവും അനിയന്ത്രിതമായ കൈകാര്യകര്‍തൃത്വവും അനുവദിക്കുന്നതാണ് 'പൊതു^സ്വകാര്യ പങ്കാളിത്തം'. കേരളത്തിലെ അടുത്ത ഘട്ട ഘടനാ പരിഷ്കരണത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതാണ് സമ്മേളനത്തിന്റെ പി.പി.പി പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാറാകട്ടെ നേരത്തേ തന്നെ ഈ ദിശയില്‍ ചുവട് വച്ചിട്ടുണ്ട്.

ഉറവിടവും സിദ്ധാന്തവും

എല്ലാം ലാഭ നഷ്ട കണക്കില്‍ വിശകലനം ചെയ്യുകയെന്ന മുതലാളിത്ത സാമ്പത്തിക സിദ്ധാന്തങ്ങളുടെ പിന്തുടര്‍ച്ചയാണ് പി.പി.പി. ഉദാര സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ച നാട്ടില്‍ വിദ്യാഭ്യാസവും അതിനിണങ്ങുന്നതാക്കി മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. ആഗോളവല്‍കരണവും ഉദാരവല്‍കരണവും നിയോ കൊളോണിയലിസത്തിന്റെ അധിനിവേശ ഉപകരണങ്ങളാണെന്ന വസ്തുത ലോകത്തിന് ബോധ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ സാമ്പത്തിക സിദ്ധാന്തങ്ങളുടെ പ്രായോഗിക രൂപങ്ങളായി പ്രത്യക്ഷപ്പെടുന്നത് ലോക ബാങ്ക് പോലുള്ള സാമ്പത്തിക ഏജന്‍സികളാണ്. പി.പി.പിയുടെ ഉത്ഭവവും ഇതേ കേന്ദ്രങ്ങളില്‍ നിന്നായത് യാദൃശ്ചികമല്ല.
മൂലധനത്തിനും തൊഴില്‍ ശേഷിക്കുമെല്ലാമപ്പുറം വിവരം/വിദ്യാഭ്യാസം ഉല്‍പാദനത്തിന്റെ പ്രാഥമിക ഉറവിടമാകുന്ന കാലത്തെ കുറിച്ചാണ് ലോക ബാങ്ക് ബുദ്ധി ജീവികള്‍ ഇപ്പോള്‍ 'സ്വപ്നം' കാണുന്നത്. 'നോളജ് സൊസൈറ്റി' എന്ന പേരിട്ട്, ലോകത്തേക്കെമ്പാടും കയറ്റി അയച്ചുകൊണ്ടിരിക്കുന്നു ആ സ്വപ്നമിപ്പോള്‍. വിവരം വിറ്റഴിക്കപ്പെടുന്ന വിപണിയുണ്ടാക്കുക എന്നതാണ് ഈ സ്വപ്നത്തിന്റെ നേരര്‍ഥം. വിലയുള്ള ഉല്‍പന്നം ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന ഫാക്ടറികളുണ്ടാകുക എന്നതാണ് ഇതിന്റെ സ്വഭാവികമായ രണ്ടാം ഘട്ടം. അത്തരം നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് വേണ്ട കൃത്യമായ സിദ്ധാന്തമാണ് പി.പി.പി.
വിദ്യഭ്യാസ മേഖലയിലെ നവീന സങ്കല്‍പമായി ലോകമെങ്ങും ഇത് ആഘോഷിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സ്ഥാപനം മതുല്‍ സിലബസ് വരെയുള്ള വിദ്യാഭ്യാസ രംഗത്തെ സകല മേഖലകളിലും സ്വകാര്യ പങ്കാളിത്തം ഉണ്ടാക്കുക എന്നതാണ് പി.പി.പിയുടെ താല്‍പര്യം. വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ സ്വകാര്യവല്‍കരണം തന്നെ. വിദ്യാഭ്യാസത്തിന്റെ മാനവിക താല്‍പര്യങ്ങള്‍ നേരത്തേ തന്നെ ഉപേക്ഷിച്ച മുതലാളിത്ത രാജ്യങ്ങളില്‍ പരീക്ഷണം കഴിഞ്ഞ പി.പി.പി മൂന്നാംലോകത്തേക്കും എത്തിക്കുകയാണിപ്പോള്‍. ഇന്ത്യയുടെ പതിനൊന്നാം പദ്ധതിയില്‍ വിദ്യാഭ്യാസ രംഗത്ത് പി.പി.പി നടപ്പാക്കേണ്ടതുണ്ടെന്ന് ആസൂത്രണ കമീഷന്‍ നേരത്തേ തന്നെ പറഞ്ഞിരുന്നു.

ആസൂത്രണ കമീഷന്റെ പി.പി.പി

പച്ചയായ വിദ്യാഭ്യാസ കച്ചവടം ശിപാര്‍ശ ചെയ്യുന്നതാണ് സ്വകാര്യവല്‍കരണത്തിന് മറയില്ലാതെ വാദിക്കുന്ന കേന്ദ്ര ആസൂത്രണ കമീഷന്റെ പതിനൊന്നാം പദ്ധതി സമീപന രേഖ. സ്വകാര്യവല്‍കരണത്തിന് ഇതിലപ്പുറം ഇനിയൊന്നും പറയാനില്ല. നിലവിലെ പൊതുസ്ഥാപനങ്ങളിലെല്ലാം സ്വകാര്യ നടത്തിപ്പുകാരെ കൊണ്ടുവരണമെന്നും അത് പറയുന്നു.
പി.പി.പിയില്‍ രണ്ടുതരം കരാറുകളുണ്ടാക്കാമെന്ന് കമീഷന്‍ നിര്‍ദേശിക്കുന്നു. മാനേജ്മെന്റ് കോണ്‍ട്രാക്ടും (എം.സി) ഓപറേഷണല്‍ കോണ്‍ട്രാക്ടും (ഒ.സി). നിലവിലുള്ള പൊതു സ്ഥാപനത്തെ അപ്പടി സ്വകാര്യ സംരഭകര്‍ക്ക് കൈമാറലാണ് ഒന്നാമത്തെ രീതി. സര്‍ക്കാര്‍ ഒരുക്കിയ അടിസ്ഥാന സൌകര്യങ്ങളുപയോഗിച്ച് സ്വകാര്യ ഉടമകള്‍ സ്ഥാപനം നടത്തണം. ജീവനക്കാരെ നിലനിര്‍ത്തും. നടത്തിപ്പ് ചിലവ് കുട്ടികളില്‍നിന്ന് യൂസര്‍ചാര്‍ജ് പോലുള്ളവയിലൂടെ തിരിച്ചുപിടിക്കാം. അല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചിത തുക നല്‍കണം. സര്‍ക്കാര്‍ സ്ഥാപനം നടത്താന്‍ സര്‍ക്കാര്‍തന്നെ നല്‍കുന്ന ഈ 'വാടക'യെ വാര്‍ഷിക അടവ് എന്നാണ് പേരിട്ടിരിക്കുന്നത്. ഒ.സിയില്‍ നിയമനാധികാരംകൂടി സ്വകാര്യവല്‍കരിക്കും. അടിസ്ഥാന സൌകര്യം സര്‍ക്കാര്‍ നല്‍കും.
പി.പി.പിയുടെ വിജയം കരാറനുസരിച്ചായതിനാല്‍ അത് ഇരുകൂട്ടര്‍ക്കും ലാഭകരമാകുന്ന തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാകണമെന്ന് പ്രത്യേകം നിര്‍ദേശമുണ്ട്. ഈ തത്വപ്രകാരം ഇന്ത്യന്‍ സാഹചര്യത്തിനിണങ്ങുന്ന നാല്് പി.പി.പി മാതൃകകള്‍ സമീപന രേഖ പരിചയപ്പെടുത്തുന്നു. 1. സ്വകാര്യ അടിസ്ഥാന സൌകര്യം^സര്‍ക്കാര്‍ നടത്തിപ്പ് രീതി: കേന്ദ്രം അല്ലെങ്കില്‍ സംസ്ഥാനം അല്ലെങ്കില്‍ ഇരുകൂട്ടരും ഒന്നിച്ച് സ്ഥാപനം നടത്തുക. നിക്ഷേപവും അടിസ്ഥാന സൌകര്യങ്ങളും സ്വകാര്യ സംഭരകര്‍ നടത്തുക. സര്‍ക്കാര്‍ വാര്‍ഷിക വാടക നല്‍കണം. അടിസ്ഥാന സൌകര്യങ്ങളിലും നിക്ഷേപം സംരഭകര്‍ക്ക് തിരിച്ചുപിടിക്കുന്നതിനും സംഭരകര്‍ക്ക് അവകാശമുണ്ടാകും. 2. നിക്ഷേപവും നടത്തിപ്പും സ്വകാര്യ ഉടമകള്‍ക്ക്: എല്ലാ ചിലവും സ്വകാര്യ നിക്ഷേപകര്‍ വഹിക്കും. സര്‍ക്കാറിന്റെ വാര്‍ഷിക വാടക, യൂസര്‍ചാര്‍ജ്, മറ്റ് സഹായങ്ങള്‍ എന്നിവ വഴി മുടക്കുമുതല്‍ തിരിച്ചുപിടിക്കാം. 3. സര്‍ക്കാറിന്റെ അടിസ്ഥാന സൌകര്യം^സ്വകാര്യ നടത്തിപ്പ്: ഇതില്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. കേന്ദ്രം അല്ലെങ്കില്‍ സംസ്ഥാനം അല്ലെങ്കില്‍ ഇരുകൂട്ടരും ഒന്നിച്ച് അടിസ്ഥാന സൌകര്യം ഒരുക്കണം. നടത്തിപ്പ് സ്വകാര്യ ഉടമകള്‍ക്ക് കൊടുക്കണം. യൂസര്‍ ചാര്‍ജ്, മറ്റ് സഹായം പോലുള്ളവയിലൂടെ നടത്തിപ്പ് ചിലവ് കണ്ടെത്താം. 4. പങ്കാളിത്ത രീതി: അടിസ്ഥാന സൌകര്യ നിര്‍മാണത്തില്‍ സര്‍ക്കാറും സ്വകാര്യ സംരഭകരും പങ്കാളികളാകണം. പങ്കാളിത്ത അനുപാതം പരസ്രം നിശചയിക്കാം. ഇങ്ങിനെയുണ്ടാക്കുന്ന സ്വത്ത് പണയംവച്ച് ഫണ്ട് കണ്ടെത്താം. അല്ലെങ്കില്‍ പലിശ രഹിത വായ്പയോ പലിശക്ക് സബ്സിഡിയോ സര്‍ക്കാര്‍ നല്‍കണം. നടത്തിപ്പ് ഇവിടെയും സ്വകാര്യ ഉടമകള്‍ക്ക് തന്നെ.
കമീഷന്‍ പറഞ്ഞ നാലില്‍ ഏത് രീതി നടപ്പാക്കിയാലും നേട്ടവും സ്ഥാപനത്തിന്റെ നിയന്ത്രണവും സ്വകാര്യ നിക്ഷേപകര്‍ക്കായിരിക്കും. സര്‍ക്കാറിന് മുടക്കാന്‍ പണമില്ലെന്ന് വാദിച്ചാണ് പി.പി.പി കൊണ്ടുവരുന്നത്. അതിനാല്‍ പേരിനെങ്കിലും പങ്കാളിത്തം പറയുന്ന നാലാമത്തെ രീതി ഒരിക്കലും നടപ്പാകുകയുമില്ല. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കാനും അത് ജനകീയമായി നിലനിര്‍ത്താനും ലക്ഷ്യമിട്ടാണ് നമ്മുടെ നിയമങ്ങള്‍ ഉണ്ടാക്കിയത്. ഇത് 'പ്രധാന പ്രശ്നവും സ്വകാര്യവല്‍കരണത്തിനുള്ള തടസ്സവു'മാണെന്നാണ് കമീഷന്‍കണ്ടെത്തല്‍. 'വിദ്യാഭ്യാസം സേവനവും പൊതുവിഭവവുമാണ് എന്ന സങ്കല്‍പമാണ് ഈ നിയമങ്ങളുടെ സത്ത'യെന്നും അതിനാല്‍ 'പണം മുടക്കാന്‍ കഴിയുന്നവര്‍ ഈ മേഖലയിലേക്ക് വരുന്നില്ല' എന്നുകൂടി കമീഷന്‍ നിരീക്ഷിക്കുന്നു.

അമേരിക്കന്‍ അനുഭവം

പി.പി.പി എങ്ങനെ പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുമെന്ന് മുതലാളിത്തത്തിന്റെ സ്വപ്ന ഭൂമിയിലെ പ്രശസ്ത വിദ്യാഭ്യാസ ചിന്തകനായ പ്രൊഫ.മൈക്കിള്‍ ആപ്പിള്‍ കേരളത്തില്‍ വന്ന് മലയാളികള്‍ക്ക് നേരിട്ട് പറഞ്ഞു തന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: അമേരിക്കയിലെ പൊതുവിദ്യാഭ്യാസം തകര്‍ത്തത് പി.പി.പിയാണ്. പി.പി.പി നവ ഉദാരീകരണത്തിന്റെ ഉല്‍പന്നമാണ്. അത് സ്വകാര്യവല്‍കരണത്തിലേക്കുള്ള വഴിയാണ്. അമേരിക്കയില്‍ പല തരത്തിലാണ് അത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചത്. തുടക്കത്തില്‍ സ്കൂളിലെ അടിസ്ഥാന സൌകര്യങ്ങള്‍ അവര്‍ സൌജന്യമായി നല്‍കി. കമ്പ്യൂട്ടറുകള്‍ കൊടുത്തു. കെട്ടിടം ഉണ്ടാക്കി. നിരവധി സ്ഥാപനങ്ങള്‍ തുടങ്ങി. പിന്നീട് കരിക്കുലവും അവരുണ്ടാക്കി.
ക്രമേണ വിദ്യാഭ്യാസ മേഖലയില്‍ കോര്‍പറേറ്റുകളുടെ സ്വാധീനം ശക്തമായി. പൊതു സംവിധാനം ദുര്‍ബലപ്പെട്ടു. ഇതോടെ കോര്‍പറേറ്റുകള്‍ നികുതി ഇളവ് ആവശ്യപ്പെട്ടു തുടങ്ങി. അത് കൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പൊതു വിദ്യാഭ്യാസ മേഖലയില്‍ ചിലവിട്ടിരുന്ന പണമാണ് നികുതി ഇളവായി മാറിയത്. അതോടെ നികുതി പണം കൊണ്ട് നടത്തിയിരുന്ന പൊതു വിദ്യാലയങ്ങള്‍ക്ക് മതിയായ ഫണ്ടില്ലാതായി. ചേരികള്‍ പോലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലും സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങി. അവ ലാഭകരമല്ലാതായതോടെ ശമ്പളം ഉള്‍പെടെയുള്ള ചിലവുകള്‍ കുത്തനെ കുറച്ചു. ഫീസ് നല്‍കാനാവാതെ കുട്ടികള്‍ സ്കൂളില്‍ പോകാതായി. ദരിദ്രര്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് തഴയപ്പെട്ടു. ലാഭകരമല്ലാത്ത സ്കൂളുകള്‍ അവര്‍ ഉപേക്ഷിക്കുകയും ചെയ്തു.
ഇന്ത്യയില്‍ പി.പി.പി ആധിപത്യം നേടിയാല്‍ പിന്നെ സര്‍ക്കാറിന് അവരെ തടയാനാകില്ല. ഗുണനിലാവരം, സ്ത്രീ, ദലിത്, ദരിദ്ര, പിന്നാക്ക വിഭാഗങ്ങളുടെ തുല്യാവകാശം, അവരുടെ അവസരം തുടങ്ങിയ എല്ലാ മാനവിക തത്വങ്ങളും അട്ടിമറിക്കപ്പെടും. ധനിക^ദരിദ്ര വ്യത്യാസം കൂടും. എലൈറ്റ് ക്ലാസ് വിദ്യാഭ്യാസം മാമ്രാണ് പിന്നീട് നടക്കുക (മാധ്യമം ദിനപ്പത്രം, 7/12/2008).
വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്ര പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത തിരുവനന്തപുരം സമ്മേളനത്തിലെ മുഖ്യാതിയായിരുന്നു പ്രൊഫ. മൈക്കിള്‍ ആപ്പിള്‍. മൂന്നുദിവസത്തെ സമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളാകട്ടെ പി.പി.പിയെ എന്തുവിലകൊടുത്തും ചെറുക്കണമെന്നും.എന്നാല്‍ ഈ ചര്‍ച്ചകളെയെല്ലാം അട്ടിമറിച്ച്, പി.പി.പിക്ക് പച്ചക്കൊടി കാട്ടുന്നതായിരുന്നു 'സെമിനാര്‍ പ്രഖ്യാപനം: പൊതു സ്വത്തില്‍ സ്വകാര്യ ഇടപെടല്‍ അനുവദിക്കുന്നതിനേക്കാള്‍, സ്വകാര്യ സ്വത്ത് പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കും'. ഇതില്‍ കൂടുതല്‍ ഒരു പി.പി.പി ലോക ബാങ്കുപോലും പറഞ്ഞിട്ടില്ല. ഈ പ്രഖ്യാപനവുമായി സെമിനാര്‍ പിരിഞ്ഞതോടെ കേരളത്തിന്റെ നയത്തില്‍ പി.പി.പിക്ക് 'അംഗീകാര'വുമായി.

എയിഡഡ് മുതല്‍ പി.പി.പി വരെ

കേരളത്തില്‍ നിലവിലുള്ള എയ്ഡഡ്, അണ്‍എയ്ഡഡ്, സ്വാശ്രയ രീതികളെല്ലാം ഒരര്‍ഥത്തില്‍ പി.പി.പി ആണെന്ന ന്യായമാണ് ഇതിനായി ഉന്നയിക്കപ്പെടുന്നത്. ഈ രീതികളിലൊന്നും അക്കാദമികമായ സ്വാതന്ത്യ്രം സ്ഥാപന ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. എന്ത്^എങ്ങനെ പഠിപ്പിക്കപ്പെടണമെന്ന സുപ്രധാന ഭാഗം നിര്‍ണയിക്കുന്നത് ജനാധിപത്യ സര്‍ക്കാറാണ്. ഏറെ സുശക്തമായ സാമൂഹ്യക്രമത്തിന്റെ അരുചേര്‍ന്ന് നിന്നുകൊണ്ടാണ് കേരളം ഇപ്പറയുന്ന 'സ്വകാര്യവല്‍കരണം' നടപ്പാക്കിയത്. എന്നിട്ടുപോലും കേരളീയ വിദ്യാര്‍ഥി സമൂഹത്തെ അത് ദരിദ്രനും സമ്പന്നനുമായി വല്ലാതെ വിഭജിച്ചു കളഞ്ഞു. എന്നാല്‍ നിര്‍ദിഷ്ട പി.പി.പി ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പെടുത്താന്‍ വകുപ്പുള്ളതല്ല. സ്വാശ്രയ രംഗത്തെ പരിമിത സ്വാതന്ത്യ്രം തന്നെ അനിയന്ത്രിതമായ അവകാശമായി പരിവര്‍ത്തിപ്പിക്കുന്നതിലൂടെ സാധാരണക്കാര്‍ ഈ സ്ഥാപനങ്ങളില്‍നിന്ന് അകന്നുപോകാന്‍ നിര്‍ബന്ധിതമാകുന്നതിനെ പോലും പ്രതിരോധിക്കാന്‍ കേരളത്തിനിപ്പോള്‍ കഴിയുന്നില്ല. ഇതിനിടെയാണ് പി.പി.പി വരുന്നത്.
വിദേശ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി കൊടുക്കണമെന്ന നിര്‍ദേശവും ഇതിന് അനുബന്ധമായി ഉയര്‍ന്നിട്ടുണ്ട്. വളരെക്കാലമായി ഈ ദിശയില്‍ ചര്‍ച്ചകളുണ്ടെങ്കിലും പി.പി.പിയോടെ അതും പ്രാബല്ല്യത്തില്‍ കൊണ്ടുവരാനാണ് നീക്കം. കേരളത്തിലെ ഏതാനും സ്വകാര്യ സംഭരകരാകില്ല പി.പി.പിയുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ എന്നര്‍ഥം. വന്‍കിട കോര്‍പറേറ്റുകളായിരിക്കും പകരമെത്തുക. കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകളും ഇതോടെ പുറന്തള്ളപ്പെടും.
സൌജന്യ വിദ്യാഭ്യാസ സങ്കല്‍പത്തില്‍ നിന്നാണ് കേരളം പരിമിതമായ ചെലവുകളുള്ള 'എയ്ഡഡി'ലേക്ക് ചുവട് വച്ചത്. സാധാരണക്കാരനും താങ്ങാവുന്ന ഇതിലെ പഠനച്ചെലവ് പൂര്‍ണമായി നിശ്ചയിച്ചതാകട്ടെ സര്‍ക്കാറും. എയ്ഡഡിന്റെ അടുത്ത തലമുറയായി വന്നത് അണ്‍എയ്ഡഡ് സ്ഥാപനങ്ങളാണ്. അത് അല്‍പംകൂടി ഉയര്‍ന്ന ചിലവുകളുള്ള സംവിധാനമായി. സര്‍ക്കാര്‍ നിയന്ത്രണം പരിമിതമാക്കപ്പെട്ടു. മധ്യവര്‍ഗം കൂട്ടത്തോടെ അണ്‍എയ്ഡഡിലേക്ക് കൂടുമാറി. ഇത് എയ്ഡഡ്/പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലമാക്കുന്ന കാഴ്ച നാം നേരില്‍കാണുന്നുണ്ട്. അണ്‍ എയ്ഡഡിന്റെ പിന്‍തലമുറയാണ് സ്വാശ്രയ സ്ഥാപനങ്ങള്‍. അത് പഠനച്ചെലവ് മധ്യവര്‍ഗത്തിന്കൂടി അപ്രാപ്യമാക്കി. പാവപ്പെട്ടവന് അങ്ങോട്ട് പ്രവേശനമില്ലാതായി. സാധാരണക്കാരന് സ്കൂള്‍ നിഷേധിക്കുന്ന സാമ്പത്തിക വരേണ്യതയിലേക്കുള്ള 'വളര്‍ച്ച'യാണ് അരനൂറ്റാണ്ടുകൊണ്ട് കേരളം രൂപപ്പെടുത്തിയെടുത്ത വിദ്യാഭ്യാസ സങ്കല്‍പത്തിന്റെ അടിസ്ഥാന സ്വഭാവമായി മാറിയതെന്ന് എയിഡഡില്‍ നിന്ന് സ്വാശ്രയത്തിലേക്കുള്ള മുന്നേറ്റം അടിവരയിടുന്നു. ഇതിന്റെ 'നവീകൃത' രൂപമായാണ് പി.പി.പി വരുന്നത്.
സ്വാശ്രയ മേഖലയിലെത്തിയപ്പോള്‍ തന്നെ കേരളത്തില്‍ സര്‍ക്കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എയ്ഡഡ് മുതല്‍ 'വളര്‍ച്ച'യുടെ ഓരോ ഘട്ടത്തിലും അത് വ്യത്യസ്ത രീതിയിലും സ്വഭാവത്തിലും വര്‍ധിക്കുകയായിരുന്നു. സര്‍ക്കാര്‍ മാത്രം നടത്തിയിരുന്ന പ്രൊഫഷണല്‍ കോഴ്സ് പ്രവേശനവും പരീക്ഷയും വരെ കോളജ് ഉടമകള്‍ സ്വന്തം നിലക്ക് നടത്തുന്നേടത്തോളം അതെത്തി. ഈ പശ്ചാത്തലത്തിലേക്കാണ് പി.പി.പി വരുന്നത്.
എയിഡഡ് സംവിധാനം പോലെ സുശക്തമായ സാമൂഹിക/സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്വകാര്യ സഹകരണം നടപ്പാക്കുന്നത് അത്ര അപകടകരമല്ല. എന്നാല്‍ എല്ലാതരത്തലുമുള്ള സ്വാതന്ത്യ്രമാണ് സ്വകാര്യ സഹകരണത്തിന്റെ താല്‍പര്യമെങ്കില്‍ അത് കെട്ടുറപ്പുള്ള വിദ്യാഭ്യാസ സംവിധാനത്തെ അട്ടിമറിക്കുക തന്നെ ചെയ്യും. മൂലധനത്തിന് പൂര്‍ണമായി സ്വാധീനിക്കാന്‍ കഴിയാത്തതാകണം വിദ്യാഭ്യാസ രംഗം. അത് പൊതുപണത്തിന് പ്രാമുഖ്യം കൊടുത്ത് തന്നെ സ്ഥാപിക്കപ്പെടുകയും വേണം.

അമേരിക്കന്‍ മോഡലിന്റെ
കേരളീയ പ്രതിസന്ധികള്‍

പ്രൊഫ. ആപ്പിള്‍ പറഞ്ഞ പ്രത്യാഘാതങ്ങള്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇതിനകം തന്നെ പ്രത്യക്ഷമായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വാശ്രയ എഞ്ചി. കോളജുകളിലെ മെറിറ്റ് സീറ്റില്‍ പ്രവേശനം കിട്ടിയ സംവരണ വിഭാഗത്തിലെ കുട്ടികള്‍ കൂട്ടത്തോടെ മലയോര ജില്ലയിലെ, പഠന നിലവാരം കുറഞ്ഞ ഒരു കോളജിലേക്ക് തള്ളപ്പെട്ടു. സര്‍ക്കാര്‍ ഫീസ് നിശ്ചയിക്കുന്ന സ്വാശ്രയക്കോളജുകളിലെ മെറിറ്റ് സീറ്റില്‍ പോലും പഠിക്കാന്‍ കഴിയാതെ ഏറെ കുട്ടികള്‍ പ്രവേശനമെടുത്തില്ല. പലയിടത്തും പഠന നിലവാരം കുറയുന്നു. ഇന്റേണല്‍ മാര്‍ക്ക് കൂട്ടിയിട്ട് വിജയ ശതമാനം ഉണ്ടാക്കുന്ന പ്രവണതകളും വ്യാപകമായിട്ടുണ്ട്. ദരിദ്രര്‍ അകറ്റപ്പെടുന്നതും ഒതുക്കപ്പെടുന്നതും നിക്ഷേപകന്റെ താല്‍പര്യം വിദ്യാഭ്യാസ രംഗത്ത് മേല്‍ക്കൈ നേടുന്നതും ഇപ്പോള്‍ തന്നെയുണ്ടെന്ന് ഈ സംഭവങ്ങള്‍ സാക്ഷ്യം പറയുന്നു. ആപ്പിള്‍ പറഞ്ഞ ദുരന്തം ചെറിയ അളവില്‍ ഇവിടെ വന്നു കഴിഞ്ഞുവെന്നര്‍ഥം. അത് വ്യാപകമാക്കുകയാണ് കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ ലക്ഷ്യം. പി.പി.പിയുടെ ഉറവിടം ലോകബാങ്കാകുന്നതും നയം സ്വകാര്യവല്‍കരണാമകുന്നതും അതുകൊണ്ടാണ്. ഉന്നത വിദ്യാഭ്യാസത്തിന് പിന്നാലെ പൊതു വിദ്യാഭ്യാസത്തെയും ഇതേ പന്തിയിലേക്ക് കൊണ്ടുവരാനുള്ള കുറുക്കുവഴിയാണ് പി.പി.പി.

(പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്കൂള്‍ സുവനീറില്‍ പ്രസിദ്ധീകരിച്ചത്)

സ്നേഹത്തണലില്‍ സുറയ്യക്ക് അന്ത്യനിദ്ര



തിരുവനന്തപുരം: 'സ്നേഹത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കാന്‍ ഒരു വിചിത്ര ഭാഷ പ്രദാനം ചെയ്യേണമേ'യെന്ന സ്വന്തം പ്രാര്‍ഥനയുടെ സാഫല്യത്തില്‍ അനന്തപുരിയിലെ പാളയംപള്ളി പരിസരത്ത് പൂമരച്ചോട്ടിലെ ആറടിമണ്ണില്‍ കമല സുറയ്യക്ക് അന്ത്യനിദ്ര. മരണത്തിന്റെ മഹാമൌനംകൊണ്ട് കമലതന്നെ സൃഷ്ടിച്ച സ്നേഹത്തിന്റെ പുതിയ ഭാഷ. അതെഴുതാന്‍ അക്ഷരങ്ങളില്ല. പറയാന്‍ വാക്കുകളില്ല; കേള്‍ക്കാന്‍ സംഗീതവും. ഒരു താളവും ഈണവും അതിനിണങ്ങുന്നുമില്ല. ആ ഭാഷയുടെ സ്നേഹസൌരഭ്യം മലയാളക്കരക്ക് നേരിട്ട് പകരുന്നതായിരുന്നു അവരുടെ അവസാനയാത്രയുടെ ഓരോ ചുവടും.
പാളയം ജുമാമസ്ജിദില്‍ ഇന്നലെ കൂടിയവരെല്ലാം സംസാരിച്ചത് ആ വിചിത്രഭാഷ. സര്‍വരും അന്യോന്യം അത് തിരിച്ചറിഞ്ഞു, സ്വയമറിയാതെ. വിശ്വാസാചാരങ്ങളുടെ മതാതിര്‍ത്തികള്‍ കടന്ന് പാളയം പള്ളിമതിലിനകത്തെ ചെറുമുറ്റത്ത് കേരളത്തിന്റെ വൈവിധ്യങ്ങളത്രയും ഒന്നായി നിന്നു. നാട്ടാചാരങ്ങളുടെ തലനാരിഴ കീറാതെ സ്നേഹം നൂലിഴയാക്കി അവര്‍ ബഹുമത സഹവര്‍ത്തിത്വത്തിന്റെ പുതിയ ഭൂമിക പണിതു. അത്രമേല്‍ സവിശേഷമായിരുന്നു ഇന്നലെ അനന്തപുരി കണ്ട കാഴ്ചകള്‍. രാവിലെ മുതല്‍തന്നെ കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരങ്ങള്‍ പാളയം പള്ളി അങ്കണത്തിലേക്കൊഴുകി. പള്ളിക്കകവും പുറവും ശ്മശാനവും ചുറ്റുമതിലും മരക്കൊമ്പുകളുമെല്ലാം നിറഞ്ഞു.
പുലര്‍ച്ചെ മൃതദേഹം കുളിപ്പിക്കാനും പുടവയണിയിക്കാനുമായി പാളയത്തേക്ക് കൊണ്ടുവന്നിരുന്നു.
അതിന് കൂട്ടായി മക്കളുടെ ഭാര്യമാരായ ലക്ഷ്മിയും ദേവിയും അവരുടെ മക്കളുമെത്തി. അന്ത്യചടങ്ങുകള്‍ക്കായി ജമാഅത്ത് കമ്മിറ്റിയും മറ്റും നടത്തിയ ഒരുക്കങ്ങളില്‍ അവരും പങ്കുചേര്‍ന്നു. മയ്യിത്ത് കുളിപ്പിക്കാന്‍, പുടവയണിയിക്കാന്‍, പ്രാര്‍ഥിക്കാന്‍. അതുകഴിഞ്ഞ് സ്ത്രീകളുടെ മയ്യിത്ത് നമസ്കാരം നടന്ന മുറിയുടെ മുന്‍നിരയില്‍ അവര്‍ നിന്നു. ഇതിനിടെ അവര്‍ അമ്മക്കൊരുക്കിയ ഖബര്‍ കണ്ടു. പ്രിയപ്പെട്ട എഴുത്തുകാരിയുടെ മണ്ണിടം കാണാന്‍ നൂറുകണക്കിനാളുകള്‍ അപ്പോള്‍ അവിടെ വന്നുപോയ്കൊണ്ടിരുന്നു. എട്ടേകാലോടെ അവസാന പ്രാര്‍ഥനക്കായി കൊണ്ടുവന്ന മൃതദേഹത്തിനൊപ്പം ജനസാഗരം പള്ളിയിലേക്കൊഴുകിക്കയറി. ഒരതിരും ആരെയും തടഞ്ഞില്ല. എല്ലാവരും തോളോടുതോള്‍ ചേര്‍ന്ന് നമസ്കാരത്തിനായി അണിയൊപ്പിച്ചുനിന്നു. ആദ്യനിരയില്‍ തന്നെ മൃതദേഹത്തിന് തൊട്ടരികെ മക്കളായ എം.ഡി നാലപ്പാടും ചിന്നന്‍ദാസും ജയസൂര്യയും കുടുംബസുഹൃത്ത് മുരുകനും നിന്നു. എല്ലാവരും ചേര്‍ന്ന്, ഒരുപോലെ അവരുടെ നിത്യശാന്തിക്കായി പ്രാര്‍ഥിച്ചു.
സംസ്കാരത്തിനായി ശ്മശാനത്തിലേക്കെടുത്ത മൃതദേഹം ഖബറിനരികെ സ്വീകരിച്ചതും മക്കളും മരുമക്കളും പേരമക്കളും ചേര്‍ന്നുതന്നെ. കൂടെ കേരളത്തിന്റെ സാംസ്കാരിക ലോകവും ഭരണനേതൃത്വവും മതനേതാക്കളും. പോലിസ് കെട്ടിയ ബാരിക്കേഡിന് ചുറ്റും വന്‍ ജനാവലി നിരന്നു. മൃതദേഹം ഖബറില്‍വെച്ച് പിരിയുന്നതിന് മുമ്പേ, വന്നവരെല്ലാം ഒരുപിടി മണ്ണ് ആ കുഴിയിലര്‍പ്പിച്ചു^മണ്ണായ മനുഷ്യന്റെ മണ്ണിലേക്കുള്ള മടക്കത്തിന്റെ പ്രതീകവത്കരണം. മകന്‍ നാലപ്പാട് അത് തുടങ്ങിവെച്ചു. ചിന്നനും ജയസൂര്യയും ലക്ഷ്മിയും ദേവിയും അവരുടെ മക്കളും ബന്ധുക്കളുമെല്ലാം ആ പിടിമണ്ണിട്ട് യാത്ര പറഞ്ഞു. 'എന്റെ ചുണ്ടുകള്‍ വരളുന്നു. വായില്‍ വാക്കുകള്‍ക്ക് സ്ഥാനമില്ലാതായിരിക്കുന്നു. ഈ വായില്‍ ഒരുപിടി മണ്ണ് നിങ്ങള്‍ ഓരോരുത്തരും ഇട്ടുതരിക' എന്ന് നേരത്തേ എഴുതിവെച്ച കമലയുടെ സ്നേഹ ശാസന പിന്നെ കേരളം എറ്റെടുത്തു. 'ആലിപ്പഴവും മഞ്ഞുകട്ടകളും കൊണ്ട് എന്റെ ശരീരത്തെ വിശുദ്ധമാക്കേണമേ' എന്ന സുറയ്യയുടെ പ്രിയപ്പെട്ട കവിത പ്രാര്‍ഥനയായിചൊല്ലി ആ ആള്‍ക്കൂട്ടം പിരിഞ്ഞു.
പിന്നാലെ അവിടെ വന്നവരെല്ലാം ഖബറിടത്തിലേക്ക് വരിയായി നടന്നു ചെന്നു. മണ്ണിട്ടും പൂക്കളര്‍പ്പിച്ചും കൈകൂപ്പിയും അവരവിടെ തീര്‍ഥാടനം ചെയ്തു. 'എന്റെ കഥയും നീര്‍മാതളവു'മെല്ലാം നെഞ്ചില്‍ ചേര്‍ത്തുപിടിച്ചുവന്ന പുതുതലമുറ മുതല്‍ വടിയൂന്നിവന്ന വൃദ്ധര്‍വരെ. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആ പ്രവാഹം ഏറെ നേരം തുടര്‍ന്നു. ഓരോരുത്തരും അവര്‍ക്കറിയാവുന്ന മന്ത്രങ്ങള്‍ ചൊല്ലി, പ്രാര്‍ഥിച്ചു.
അല്ലാഹുവിന്റെ കാരുണ്യത്തണലില്‍ ഉറങ്ങാന്‍ കൊതിച്ച അമ്മയെ അവസാനംവരെ അനുഗമിച്ചെത്തി മക്കളും ബന്ധുക്കളും. വിശ്വാസത്തിന്റെ സ്നേഹച്ചരടുകൊണ്ട് അവരെ ചേര്‍ത്തുപിടിച്ച ഒരായിരം സഹോദരങ്ങള്‍.
രണ്ട് സംസ്കൃതികള്‍ക്കിടയില്‍ ഈടുറ്റ സൌഹൃദപ്പാലമൊരുക്കിയ സ്നേഹത്തിന്റെ കഥാകാരിക്ക് നന്ദിയുടെ ഒരു പിടി കണ്ണീര്‍പൂക്കളര്‍പ്പിച്ചാണ് സാംസ്കാരികകേരളം ഇന്നലെ പാളയത്തുനിന്നു മടങ്ങിയത്.


(02...06...09)

കണ്ണീര്‍ പട്ടില്‍ പൊതിഞ്ഞ് സുറയ്യയെ അനന്തപുരി ഏറ്റുവാങ്ങി



തിരുവനന്തപുരം: ഇളംനിലാവും അന്തിക്കാറ്റും ഊടും പാവുമിട്ട രാവില്‍ കണ്ണീര്‍ പട്ടില്‍ പൊതിഞ്ഞെത്തിയ മലയാളത്തിന്റെ സ്നേഹ നക്ഷത്രത്തെ തലസ്ഥാനം ഏറ്റുവാങ്ങി. സര്‍ഗാത്മകതയുടെ വസന്തകാലങ്ങളിലൊന്നില്‍ കൂടുകൂട്ടിയ നഗരത്തിലെ സഹൃദയര്‍ അവര്‍ക്ക് സ്നേഹോഷ്മളമായ അന്ത്യോപചാരവും നല്‍കി.
വളര്‍ച്ച വെറും വിഷാദമാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇടിവെട്ടും മഴയുമേറ്റ് നാലപ്പാട്ടെ മുറ്റത്ത് നിശ്ചലമായി നിന്ന് ശരീരത്തിന്റെ ആര്‍ത്തികളില്‍ നിന്ന് മോചനം നേടുമായിരുന്നുവെന്ന് ധൈര്യപ്പെട്ട എഴുത്തുകാരി, അവസാനിച്ച ജീവിതത്തിന്റെ ഒടുവിലെ മണിക്കൂറുകള്‍ കാത്ത് ദുഃഖം മൌനംകെട്ടിയ സെനറ്റ് ഹാളില്‍ നിശãബ്ദയായി കിടന്നു. 'മലര്‍ന്നു കിടക്കുമ്പോള്‍ ആദിമ മനുഷ്യന്റെ ഏകാന്തത അനുഭവപ്പെടുന്നുവെന്ന' അവസാന വരികളോര്‍മപ്പെടുത്തുന്ന കിടപ്പ്.
ജന്മനാട്ടില്‍നിന്ന് രാവിലെ പുറപ്പെട്ട വിലാപയാത്ര രാത്രി 8.40ന് സെനറ്റ് ഹാളിലെത്തി. പോലിസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി മൃതദേഹം സ്വീകരിച്ചു. മകന്‍ എം.ഡി നാലപ്പാട്, ഭാര്യ ലക്ഷ്മി, സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സെക്രട്ടറി ബാബു ജോണ്‍, സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാവുണ്ണി, ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറി എന്‍.എം അബ്ദുറഹിമാന്‍ എന്നിവര്‍ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, കേന്ദ്ര മന്ത്രി വയലാര്‍ രവി, മന്ത്രിമാരായ എം.എ. ബേബി, എം. വിജയകുമാര്‍, സി. ദിവാകരന്‍, പി.കെ. ശ്രീമതി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മേയര്‍ സി. ജയന്‍ബാബു, വി.എം. സുധീരന്‍, ജി. കാര്‍ത്തികേയന്‍, തലേക്കുന്നില്‍ ബഷീര്‍, എം.എല്‍.എമാര്‍, ഒ.എന്‍.വി കുറുപ്പ്, സുഗതകുമാരി, പെരുമ്പടവം ശ്രീധരന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മാധ്യമം പത്രാധിപര്‍ ഒ.അബ്ദുറഹിമാന്‍, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട തുടങ്ങിയവര്‍ ഇവിടെ അന്ത്യോപചാരമര്‍പ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെ എം.ഡി നാലപ്പാടിന്റെ ഭാര്യാ വീട്ടിലേക്ക് മൃതദേഹം മാറ്റി. സെനറ്റ് ഹാളില്‍ പ്രത്യേകം തയാറാക്കിയ പുഷ്പാലംകൃത വേദിയില്‍ വെച്ച മൃതദേഹം ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
നഷ്ടബോധത്താല്‍ നിരാശപ്പെട്ടവരുടെ മുറിഞ്ഞ വാക്കുകള്‍കൊണ്ട് സെനറ്റ് ഹാള്‍ മുറ്റം സാന്ദ്രമായി. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാകണ്ണുകളും നിറഞ്ഞുപെയ്തു. എങ്ങും മൌനം മാത്രം. 'മഴയായി പെയ്ത്, വെളുത്ത മഞ്ഞിന്‍ ശകലങ്ങളായി എന്റെ ശയ്യയെ പൊതിഞ്ഞ്, മെല്ലെ മെല്ലെ, വളരെ മെല്ലെ എന്റെ ശവപ്പെട്ടിയായി മാറുന്ന'തെന്ന് അവര്‍ തന്നെ നിര്‍വചിച്ച മൌനം.

(01...06...09)

എരിതീയിലണഞ്ഞു ആ വെയില്‍ പക്ഷി



തിരുവനന്തപുരം: കബറടക്കം നിശ്ചയിക്കാന്‍ കെല്‍പുള്ള പിന്‍മുറക്കാരനെ ബാക്കിവച്ചുവേണം കവി മരിക്കാനെന്ന പുതിയ സാമൂഹിക പാഠം സാംസ്കാരിക കേരളത്തെ പഠിപ്പിച്ച എ. അയ്യപ്പന്റെ മൃതദേഹവും ഒടുവില്‍ യാത്രയായി. മോര്‍ച്ചറിയില്‍ സംസ്കാരം കാത്തുകിടക്കേണ്ടിവന്ന കവിക്കായുയര്‍ന്ന വിലാപങ്ങളറിയാതെ മരണത്തിന്റെ ആറാം ദിവസമാണ് ഈ വിടവാങ്ങല്‍. ആദരവും ആദരാഞ്ജലിയും അമര്‍ഷവും സങ്കടവുമെല്ലാം കവിതയായര്‍പിച്ച സഹൃദയര്‍ക്ക് നടുവില്‍, സ്വന്തം കവിത കേട്ടുകിടന്നായിരുന്നു അവസാന യാത്ര. ജീവിതത്തലുടനീളം പരിഹസിച്ചവരും കാല്‍തൊട്ടാദരിച്ചവരും സുഹൃത്തുക്കളും കാവ്യാസ്വാദകരുമെല്ലാം ആ വേദനയില്‍ പങ്കുകൊണ്ടു. സംസ്കാരം മാറ്റിവച്ചതിന്റെ പേരില്‍ ഏറെ പഴികേട്ട മന്ത്രി ആദ്യാവസാനം ഈ യാത്രക്കൊപ്പം നടന്നു. വിശപ്പുകൊണ്ട് കവിതയുണ്ടാക്കി ജീവിതത്തിലെ ലഹരിയായതേറ്റുപാടി നാടാകെ അശാന്തനായലഞ്ഞ കവിയെ ഒടുവില്‍ ശാന്തികവാടത്തിലെ തീയേറ്റുവാങ്ങി.
ഇന്നല രാവിലെ പത്ത് മണിയോടെ മൃതദേഹം നേമത്തെ സഹോദരിയുടെ വീട്ടിലെത്തിക്കുമ്പോള്‍ അവിടെ ജന്മനാടൊന്നടങ്കം കാത്തുനില്‍ക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനാളുകള്‍ ഇവിടെ അന്ത്യാഞ്ജലിയര്‍പിക്കാനെത്തി. 12 മണിയോടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച വി.ജെ.ടി ഹാളിലേക്ക് അണമുറിയൊതെ ആള്‍കൂട്ടമൊഴുകി. എല്ലാവര്‍ക്കും ഒറ്റക്കൊറ്റക്കോര്‍ക്കാന്‍ ഒരുപാടോര്‍മകള്‍ ബാക്കിവച്ചുപോയ കവിയെ അവസാനമായി കാണാന്‍ ആയിരങ്ങള്‍ അവിടെ തടിച്ചുകൂടി. സൌഹൃദത്തിന്റെ ആഴമളക്കാനാവാത്ത വൈകാരികതകളാല്‍ തളര്‍ന്നുപോയവര്‍ മുതല്‍ നിയന്ത്രണം തെറ്റിയ സങ്കടമടക്കാനാവാതെ നിലവിളിച്ചവര്‍ വരെ അവിടെയുണ്ടായിരുന്നു. അവരില്‍ ചിലര്‍ ചേര്‍ന്ന് ഹാളില്‍ കവിയുടെ കവിതകള്‍ ആലപിച്ച് കാവ്യാഞ്ജലിയര്‍പിച്ചു. അവിടെ വന്നുപോയവരില്‍ പലരും ഈ അര്‍ച്ചനയില്‍ പങ്കാളികളായി. മൈക്കില്‍ അയ്യപ്പന്‍ തന്നെ ചൊല്ലിയ സ്വന്തം കവിതകള്‍ മുഴങ്ങിക്കൊണ്ടിരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍, രമേശ് ചെന്നിത്തല, വെളിയം ഭാര്‍ഗവന്‍, ഒ. രാജഗോപാല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സുഗതകുമാരി, ഒ.എന്‍.വി, പെരുമ്പടവം ശ്രീധരന്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ ആയിരങ്ങള്‍ ഇവിടെ കവിയെ കാണാനെത്തി. എല്ലാത്തിനും കാര്‍മികനായി എല്ലായിടത്തും അവസാന നിമിഷം വരെ മന്ത്രി എം.എ ബേബിയുമുണ്ടായിരുന്നു.
പ്രസ്ക്ലബ് ഹാളിലെ പൊതുദര്‍ശനവും കഴിഞ്ഞ് മൂന്ന് മണിയോടെ പുറപ്പെട്ട വിലാപ യാത്ര സെക്രട്ടേറിയറ്റ് നടയിലെ കവിയുടെ സ്ഥിരം താവളത്തില്‍ അല്‍പനേരം നിര്‍ത്തിയിട്ടു. ഇവിടുശത്ത പതിവുകാര്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിലാപ യാത്രയിലും അയ്യപ്പന്‍ കവിതകള്‍ ചൊല്ലി നിരവധിപേര്‍ മൃതദേഹത്തിനൊപ്പം നടന്നു.
ശാന്തികവാടത്തില്‍ പോലിസ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ആദരമര്‍പിച്ചു. സഹോദരിയുടെ മകന്‍ ജയകുമാര്‍ കര്‍മങ്ങള്‍ ചെയ്തു. 4.45^ാടെ ആ കാവ്യ ജീവിതം തീ ഏറ്റുവാങ്ങി. അഗ്നിയില്‍ അസ്ഥിപൊട്ടുമ്പോഴും അവിടെയാകെ കവിതയുടെ താളമായിരുന്നു. 'അവന്‍ വരച്ച നിറഞ്ഞ പുരയ്ക്കോ/ഗര്‍ജനങ്ങളുടെ സമുദ്രത്തിനോ/അമ്മയെ വരച്ച കണ്ണീരിനോ/ചിതയെ കെടുത്താന്‍ കഴിഞ്ഞില്ല.' കവിതയുടെ ചിറകുകള്‍ തീയില്‍ കത്തുമ്പോള്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ ആ പക്ഷി ഇവിടം വിട്ടു പറന്നു. വെയില്‍ തിന്നുന്ന പക്ഷി.


(26...10...10)

മരണപ്പെട്ടവന്റെ വിലാസത്തില്‍ അയ്യപ്പന് ഗാഢനിദ്രയുടെ നാലാം രാത്രി


തിരുവനന്തപുരം: ഒരിടത്തും ഒന്നിലേറെ ദിവസമുറങ്ങാന്‍ കഴിയാത്ത കവിക്ക് മരണപ്പെട്ടവരുടെ വിലാസത്തില്‍, സംസ്കാരം കാത്തുകിടക്കുന്നവരുടെ വീട്ടില്‍ ഗാഢ നിദ്രയുടെ നാലാം രാത്രി. എങ്ങും തങ്ങാതെ നാടാകെ കവിതയായൊഴുകി നടന്ന എ. അയ്യപ്പനിപ്പോള്‍ പുതിയ മേല്‍വിലാസത്തിലാണ്. വീടില്ലാത്തൊരുവന്റെ നെഞ്ചിലെ തീകണ്ടുവോയെന്ന ചോദ്യം ഇനിയുയരില്ലെന്ന ഉറപ്പിനായി പതിച്ചുകൊത്ത 'വെട്ടും തിരുത്തുമില്ലാത്ത മേല്‍വിലാസം'. ഇന്നത്തെ രാത്രികൂടി കവിയുണ്ടാകുമിവിടെ.
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സംസ്കാരം കാത്തുകിടക്കുന്നവര്‍ക്കുള്ള കോള്‍ഡ് ചേംബര്‍ എ 4^ാം നമ്പര്‍ മുറിയില്‍ തിങ്കളാഴ്ച പുലരുന്നത് കാത്തുകിടക്കുകയാണ് ആരെയുമെവിടയുെം കാത്തുനില്‍ക്കാതെ ധൂര്‍ത്തലച്ചു തീര്‍ത്ത കവി ജീവിതം. ഈ കാത്തിരപ്പുകാരന് ആശുപത്രി പുതിയ വിലാസവും നല്‍കിയിട്ടുണ്ട്: പി.എന്‍.നമ്പര്‍ 2671 ^ അഥവ മരണപ്പെട്ടവരുടെ വിലാസം. വ്യാഴാഴ്ച രാത്രി ജനറല്‍ആശുപത്രിയിലായിരുന്നു അഭയം. വെള്ളിയാഴ്ച മുതല്‍ മെഡിക്കല്‍ കോളജിലും. നാളെ വൈകുന്നേരമാണ് സംസ്കാരം. അഭയം തന്നവന്റെ ഹൃദയച്ചുവപ്പുമായ് മണ്ണിലും മനസ്സിലും അസ്തമിക്കുന്ന സൂര്യനെന്ന് സ്വയം വിശേഷിപ്പിക്കുകയും ഓരോ രാത്രിക്കും വേറെവേറെയിടം വേണമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത കവിക്ക് സ്വന്തം സംസ്കാരത്തിനായി നാലുരാത്രി കാത്തുകിടക്കേണ്ടി വന്നത് കാവ്യനീതിയാകാം.
എവിടെയും ഉറങ്ങാന്‍ കഴിയുന്നവനായിരുന്നു അയ്യപ്പന്‍. കടത്തിണ്ണയിലും വഴിയരികിലും വരാന്തയിലും ബസ്സ്റ്റാന്റിലും റയില്‍വേ പ്ലാറ്റ്ഫോമിലും പാര്‍ട്ടി ഓഫീസുകളിലുമെല്ലാം കവിയുറങ്ങി. സൌഹൃദത്തിന്റെ ബലത്തില്‍ എത് രാത്രിയും വാതിലില്‍ മുട്ടി കയറിക്കിടക്കാന്‍ കഴിയുന്നിടങ്ങള്‍ പലരും അയ്യപ്പനായി കരുതി വച്ചിരുന്നു. ഒരു അഭിമുഖത്തില്‍ അയ്യപ്പന്‍ പറഞ്ഞു: 'ഒരു മന്ത്രിസഭ എനിക്ക് വീട് തരാമെന്ന് പറഞ്ഞു. ഞാന്‍ വേണ്ടെന്നും. ഒരു വീട്ടിലും ഒരു ദിവസത്തില്‍കൂടുതല്‍ എനിക്ക് ഉറങ്ങാന്‍ പറ്റില്ല. കുബേരന്‍മാരായ ബന്ധുക്കളുടെ വീട്ടിലും നേമത്തെ പെങ്ങളുടെ വീട്ടിലും ഒരുദിവസത്തില്‍ കൂടുതല്‍ വയ്യ. മരണം വരെ ഓരോ ദിസവം ഓരോ വീട്ടില്‍ ഉറങ്ങണം'. മരണ ശേഷം മലയാളികളും അവരുടെ സര്‍ക്കാറും ചേര്‍ന്ന് തന്നെ ഒരു മുറിയില്‍ നാല് ദിവസം കിടത്തിക്കളയുമെന്ന് അയ്യപ്പന്‍ കരുതിയിരിക്കില്ല.
ആലുവയില്‍ കവി സെബാസ്റ്റ്യന്റെ പീടികയോട് ചേര്‍ന്ന ചെറുമുറിയായിരുന്നു അയ്യപ്പന് പ്രിയപ്പെട്ട താവളങ്ങളിലൊന്ന്. പലരും പഴിപറഞ്ഞിട്ടും സെബാസ്റ്റ്യന്‍ അത് അയ്യപ്പനായി കാത്തുവച്ചു. കോഴിക്കോട്ടെ ഒഡേസ സത്യന്റെ വീടും ഇത്തരമൊരു കേന്ദ്രമായിരുന്നു. കലൂരില്‍ ടെക്സ്റ്റെല്‍സ് നടത്തുന്ന അശോകന്‍, സി.എന്‍ കരുണാകരന്‍, തിരുവനന്തപുരത്തെ സതീശന്‍, വി.പി ശിവുകമാര്‍, ജയ്പൂരിലെ മധു, ദല്‍ഹിയിലെ കൊച്ചുനാരായണന്‍, രവിശങ്കര്‍...അഭയം കൊടുത്തവരില്‍ ചിലരുടെ പേരുകള്‍ പലയിടത്തായി അയ്യപ്പന്‍ തന്നെ പറഞ്ഞുവച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് സഹയാത്രികനായ കാലത്താണ് പാര്‍ട്ടി ഓഫീസുകളില്‍ കിടന്നുറങ്ങിയത്. തോക്കിന് വിപ്ലവമുണ്ടാക്കാന്‍ അര്‍ഹതയില്ലെന്ന പുതിയ മതം സ്വീകരിച്ചപ്പോള്‍ ആ പതിവ് അവസാനിപ്പിച്ചു. വൃത്തം നിഷേധിക്കാന്‍ കൂടിയാണ് താന്‍ കോളജില്‍ പഠിപ്പിക്കാത്തതെന്ന് പറയുമ്പോഴും യുവ സുഹൃത്തുക്കള്‍ക്കൊപ്പം നാടാകെയുള്ള നിരവധി കോളജ് ഹോസ്റ്റലുകളില്‍ അന്തിയുറങ്ങി. ഈ യാത്ര ജെ.എന്‍.യു വരെ നീണ്ടു. എന്നിട്ടെഴുതി: 'നിദ്രയില്‍ ഞാന്‍ വീടു കണ്ടു/ചത്ത ചിത്രശലഭങ്ങളാല്‍ തോരണം തൂക്കിയ/കൊച്ചൊരു വീട്'.
അറിയപ്പെടുന്ന അനാഥനായി ജീവിച്ച അരാചകവാദികളിലെ അവസാന കവിക്ക് അന്ത്യയാത്ര നല്‍കാന്‍ സഹൃദയര്‍ പുറത്തും കാത്തുനില്‍ക്കുകയാണ്. അച്ചനെന്ന് വിളികേട്ടില്ലെങ്കിലും അനാഥനായാകില്ല കവിയുടെ അന്ത്യ യാത്ര. അച്ചനെന്ന് വിളിച്ചവരുടെ അവകാശ തര്‍ക്കം തീരുന്നതും കാത്ത് മോര്‍ച്ചറിയിലെ തൊട്ടടുത്ത മുറിയില്‍ ഒന്നരമാസമായി സംസ്കാരം കാത്തുകിടക്കുന്ന അഞ്ജാത സുഹൃത്തിനേക്കാള്‍ ഭാഗ്യവാനാണ് അയ്യപ്പന്‍. കാരണം അഞ്ചാം ദിവസം തുടങ്ങാം അന്ത്യ യാത്ര.

(23...10...10)

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...