Saturday, April 23, 2011

മേഘച്ചരുവിലെ മഞ്ഞുഗ്രാമം


ആകാശത്തേക്ക് വെട്ടിയ വഴിയിലൊരിടത്താണ് ലാച്ചന്‍. കിഴുക്കാംതൂക്കായ മലനിരകളെ കണ്ണികോര്‍ത്ത് കാട്ടരുവിയെപ്പോലെ വളഞ്ഞുപുളഞ്ഞ് മലഞ്ചരിവിലൂടെ വളര്‍ന്ന് പര്‍വതശിഖരങ്ങളിലേക്ക് പടരുന്ന ഒരു വഴിയോരത്തെ ചെറുപട്ടണം. മലയാളികളുടെ നഗര സങ്കല്‍പ പ്രകാരം ഇതൊരു കുഗ്രാമം പോലുമല്ല. എന്നാല്‍, മഞ്ഞുകാലത്ത് നാടൊഴിഞ്ഞും നാട്ടില്‍ വെയില്‍ വീഴുമ്പോള്‍ വീടണഞ്ഞും നാടോടികളെപ്പോലെ ജീവിച്ച് അന്നം തികക്കുന്നവര്‍ക്ക് ഇത് വലിയ പട്ടണമാണ്. അതിനാല്‍, അവരവിടെ മനുഷ്യപ്പറ്റുള്ള സംസ്കാരം പണിതു. അതിനൊത്തൊരു ഭരണവ്യവസ്ഥയുണ്ടാക്കി. മാനത്തോളം പൊക്കത്തിലേക്ക് പോകുന്ന റോഡിലൂടെ ഇന്ത്യാ രാജ്യത്തിന്റെ അതിരുകള്‍ തേടിയെത്തുന്നവര്‍ക്ക് അവരവിടെ ഇടത്താവളവുമൊരുക്കുന്നു.
ശ്വാസം നിലച്ചുപോകുന്നത്രയും ഉയരത്തിലാണ് ലാച്ചന്‍. മരക്കൊമ്പില്‍ കുരുങ്ങിയ പട്ടംപോലെ തലക്കുമുകളില്‍ തങ്ങിനില്‍ക്കുന്ന മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ വനവിഭവങ്ങള്‍കൊണ്ട് പണിത നാട്. മലഞ്ചരിവിലെ കല്‍തൂണുകളിലാണ് അതുയര്‍ന്ന് നില്‍ക്കുന്നത്. ഒരുഭാഗം അത്യഗാധമായ മലയടിവാരം. മറുഭാഗത്ത് കൂറ്റന്‍ മലനിരകളും. മലയെ അരമതിലാക്കി കല്‍തൂണുകള്‍ കെട്ടി, കെട്ടിടങ്ങളെ അതില്‍ അവര്‍ കുത്തിനിര്‍ത്തിയിരിക്കുന്നു. കുന്നിന്‍മുകളിലൂടെ ബുള്‍ഡോസര്‍ കടന്നുപോയ വഴിയിലെ ചക്രപ്പാടുകളാണ് ഇവിടത്തെ റോഡുകള്‍. അക്ഷരാര്‍ഥത്തില്‍ കല്ലും മുള്ളും നിറഞ്ഞ കനല്‍പാത. ഏത് നിമിഷവും ഉരുള്‍പൊട്ടി ഇത് തടസ്സപ്പെടാം. പുറംലോകത്തെത്താന്‍ വഴിയില്ലാതെ ദിവസങ്ങള്‍ കഴിയേണ്ടിവരുന്നത് ഇവിടെ പതിവാണ്. തിബത്തന്‍ അതിര്‍ത്തിയിലെ ഈ ഇന്ത്യന്‍ ജനവാസ കേന്ദ്രം ഈ വഴിയിലെ അവസാന പട്ടണമാണ്. ആള്‍വാസമില്ലാത്ത മരുപ്പറമ്പില്‍ അടയാളമില്ലാതെ അവസാനിക്കുന്ന റോഡിനൊപ്പം ഒരു രാജ്യത്തിന്റെ വഴികളും അവസാനിക്കും. അപ്പോഴേക്കും ലാച്ചന്‍ തിബത്തിനോളം വളര്‍ന്നിരിക്കും.

മലകളാല്‍ സമൃദ്ധമായ സിക്കിമിലെ ഏറ്റവും ഉയരം കൂടിയ മേഖലയാണ് വടക്കന്‍ സിക്കിം. എല്ലായിടത്തും കൂറ്റന്‍ മലനിരകള്‍. ഹിമാലയന്‍ നിരകളുടെ ശാഖകളും കാങ്ജന്‍ഗ്യാവ് മലകളുമടക്കം ഇത് ഏറെ വൈവിധ്യവുമാണ്. 5,000 മുതല്‍ 28,000 അടിയോളം ഉയരത്തിലുള്ള മേഖല. അന്താരാഷ്ട്ര അതിര്‍ത്തി കടക്കാനുള്ള മൂന്ന് അംഗീകൃത പാതകളും ഇവിടെയുണ്ട്. വന്‍പാറക്കെട്ടുകളാല്‍ നിര്‍മിതമായ വടക്കന്‍ സിക്കിമില്‍ ലാച്ചനിലും ലാച്ചൂങ്ങിലും മാത്രമാണ് കാര്യമായ ജനവാസമുള്ളത്. ഈ രണ്ട് മേഖലകളിലും സുംസ എന്നറിയപ്പെടുന്ന സ്വയംഭരണ സംവിധാനവുമുണ്ട്. സിക്കിം തലസ്ഥാനമായ ഗാങ്ടോക്കില്‍നിന്ന് 126 കിലോമീറ്റര്‍ അകലെയാണ് ലാച്ചന്‍. സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തില്‍. ജനവാസം കുറവെങ്കിലും ഭൂവിസ്തൃതിയില്‍ ലാച്ചന്‍ സമ്പന്നമാണ്. ഇവിടെനിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ 14,000 അടി ഉയരത്തിലുള്ള തങ്കു എന്ന വളരെച്ചെറിയൊരു ഗ്രാമത്തിലെത്തും. മലമുകളിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറുന്നവര്‍ കാലാവസ്ഥയുമായി ഇഴചേരാന്‍ തങ്ങുന്ന ഇടം. ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള ഗ്രാമമാണിതെന്ന് തദ്ദേശീയര്‍ പറയുന്നു.

മഞ്ഞുകാലത്തെ ലാച്ചന്‍ അത്യപൂര്‍വ കാഴ്ചയാണ്. ഇക്കാലത്ത് ഇവിടം കാണാന്‍ മാത്രമേ കഴിയൂ. നാടാകെ കടുത്ത മഞ്ഞിലുറയും. അതിസുന്ദരമായ മഞ്ഞുമേലാപ്പ് കൊണ്ട് അടച്ചുമൂടുന്ന ഇന്നാട്ടില്‍ അക്കാലത്ത് ജനവാസം അസാധ്യമാണ്. തടാകങ്ങളും ചെറുവെള്ളക്കെട്ടുകളുമെല്ലാം മഞ്ഞുകട്ടയാകും. തടാകങ്ങള്‍ക്കുമുകളിലൂടെ നടക്കാനാകുംവിധം അത് ആറുമാസത്തോളം മരവിച്ചുകിടക്കും. അതുകൊണ്ടുതന്നെ മഞ്ഞണിഞ്ഞ നാടിനെ കാഴ്ചക്കാര്‍ക്ക് വിട്ടുകൊടുത്ത് ഇന്നാട്ടുകാര്‍ സമീപ പ്രദേശങ്ങളിലേക്ക് കൂടുമാറും. ഏപ്രിലില്‍ തുടങ്ങും ഈ പലായനം. മേയ് മാസത്തോടെ ഇത് പൂര്‍ണമാകും. ഹിമപാതമടങ്ങുന്ന ഒക്ടോബറിലാണ് പിന്നീടിവര്‍ തിരിച്ചെത്തുക. ആളൊഴിഞ്ഞ ആ നാടത്രയുംനാള്‍ മഞ്ഞുകൂടാരമായി മാറും. വീടും മരങ്ങളും പുല്ലും പറമ്പുമെല്ലാം വെള്ളപ്പുതപ്പിലൊളിക്കും. ഈ പൊതിയഴിച്ചുവേണം തിരിച്ചെത്തുന്നവര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍. അങ്ങനെ ഓരോ മഞ്ഞുകാലവും അവരുടെ ജീവിതം പുതുക്കിപ്പണിയുന്നു. ഇതിന്റെ അസ്ഥിരത ഇവിടെ പ്രകടമാണ്. മഞ്ഞുകാലത്തെ പലായനം കടുത്ത ദാരിദ്യ്രത്തിലേക്കായിരിക്കും. കൃഷി നടക്കാത്ത കാലത്ത് മറുനാട്ടില്‍ ഇവര്‍ക്ക് നാടോടികളെപ്പോലെ ജീവിക്കേണ്ടിവരുന്നു. ഒമ്പതിനായിരം അടി ഉയരത്തില്‍ വരെ സമൃദ്ധമായ കൃഷിയുണ്ട്. പക്ഷേ, അത് നാട്ടില്‍ വെയില്‍ വീഴുംകാലത്ത് മാത്രമാണ്. ആണ്ടില്‍ പകുതി പട്ടിണി തന്നെ. തിബത്തുമായുണ്ടായിരുന്ന കച്ചവടവും പണ്ട് പ്രധാന വരുമാന സ്രോതസ്സായിരുന്നു. ചൈനീസ് അധിനിവേശത്തോടെ അത് നിലച്ചു.

17,800 അടി ഉയരത്തിലുള്ള ഗുരുദോങ്മാര്‍ തടാകം ലാച്ചനിലെ പ്രധാന സന്ദര്‍ശക കേന്ദ്രമാണ്. ഐതിഹ്യത്താല്‍ സമൃദ്ധമായ ഈ തടാകം ഹൈന്ദവര്‍ക്കും ബുദ്ധമതക്കാര്‍ക്കും സവിശേഷമാണ്. സിഖുകാര്‍ക്കുമുണ്ട് അവരുടേതായ ചരിത്രം. ഏത് കാലാവസ്ഥയിലും പാല്‍ നിറത്തില്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ അദ്ഭുത കഥകള്‍ക്കും കുറവില്ല. കടുത്ത മഞ്ഞുകാലത്ത് ഈ തടാകവും ഐസ് കട്ടയാകും. എന്നാല്‍, അപ്പോഴും ഒരുഭാഗം വെള്ളമായി തന്നെ കിടക്കും. ലോകത്തുതന്നെ ഏറ്റവും ഉയരത്തിലുള്ള തടാകങ്ങളിലൊന്നാണിത്. സിക്കിമിനെ ആകമാനം നനച്ച് ബംഗാളിലേക്ക് ഒഴുകുന്ന ടീസ്റ്റ നദിയുടെ ഉറവിടവും ഇതുതന്നെ. അതിര്‍ത്തി മേഖലയില്‍ സ്വാഭാവികമായ സൈനിക നിയന്ത്രണങ്ങള്‍ സന്ദര്‍ശകരുടെ സാന്നിധ്യം കുറക്കുന്നു. മുന്‍കൂര്‍ അനുമതിയെടുത്ത് വരുന്നവര്‍ക്കും ഗിയഗോങ്ങിലെ സൈനിക ചെക്പോസ്റ്റില്‍ കര്‍ക്കശ പരിശോധന നേരിടണം. ഗുരുദോങ്മാറിലെ പ്രാര്‍ഥനാലയത്തിന്റെ നിയന്ത്രണവും സൈന്യത്തിനാണ്. സൈനിക ആവശ്യങ്ങള്‍ക്കായി ഭൂമി എടുക്കുന്നതും വന നിയമങ്ങളും ഈ നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുന്നു.
കൊണ്ടും കൊടുത്തും എല്ലാം പരസ്പരം പങ്കുവെച്ചും ജീവിക്കുന്ന അപൂര്‍വ ജനതയാണ് ലാച്ചനിലുള്ളത്. നാടോടി ജീവിതമാകണം പരസ്പരാശ്രിതത്വം അവരെ പഠിപ്പിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വയംഭരണ സംവിധാനമായ 'സുംസ'യുടെ അടിസ്ഥാന സങ്കല്‍പവും പങ്കുവെപ്പിന്റേത് തന്നെയാണ്. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ സ്വയംഭരണ രീതി ഇവിടെ നിലവില്‍ വന്നത്. സിക്കിം സ്വതന്ത്ര രാജ്യമായി നിലനിന്നപ്പോഴും 1975ല്‍ ഇന്ത്യന്‍ യൂനിയനില്‍ ചേന്നപ്പോഴും അത് തുടര്‍ന്നു. പുതിയ വടക്കന്‍ സിക്കിം ലാച്ചനും ലാച്ചൂങ്ങുമായി വേറിട്ടപ്പോള്‍ രണ്ടിടത്തും സുംസയുമുണ്ടായി. സിക്കിമിലെ പല നിയമങ്ങളും ബാധകമല്ലാത്ത ഇവിടെ നിയമനിര്‍വഹണം മുതല്‍ ജുഡീഷ്യറി വരെ സുംസക്ക് കീഴിലാണ്. നികുതി പിരിക്കാനും ശിക്ഷ വിധിക്കാനും സുംസക്ക് അധികാരമുണ്ട്. 1985ല്‍ ഇന്ത്യയും ഇതിനെ ഔദ്യോഗികമായി അംഗീകരിച്ചു.

ഈ പ്രദേശത്തെ ലപ്ച്ച വിഭാഗക്കാരുടെ ഓരോ കുടുംബത്തിലെയും മുതിര്‍ന്ന ആണ്‍ 'തെയ്ന' എന്നുവിളിക്കുന്ന സുംസയുടെ ജനറല്‍ കൌണ്‍സിലില്‍ അംഗമാണ്. മുതിര്‍ന്ന ആണ്‍ ഇല്ലെങ്കില്‍ സ്ത്രീക്ക് അംഗമാകാം. എന്നാല്‍, ആണ്‍കുട്ടി മുതിര്‍ന്ന് കുടുംബ ചുമതല ഏറ്റെടുക്കുന്നതോടെ സ്ത്രീയുടെ അംഗത്വം നഷ്ടമാകും. ഒത്തുകൂടുന്ന സ്ഥലം എന്നര്‍ഥം വരുന്ന സുംസയുടെ തലവന്‍ പീപ്പന്‍ ആണ്. പീപ്പനെന്നാല്‍ നാട്ടുരാജാവെന്നര്‍ഥം. രണ്ടുപേരുണ്ടാകും ഈ പദവിയില്‍. തൊട്ടുതാഴെ ഉദ്യോഗസ്ഥര്‍ക്ക് തുല്യരായ ആറുപേര്‍. ഇവരെ 'ജംബോസ്' എന്ന് വിളിക്കും. ഈ രണ്ട് വിഭാഗത്തിനും നാട്ടില്‍ ഉത്തരവിറക്കാനുള്ള അധികാരമുണ്ട്. ഇവര്‍ക്ക് താഴെ രണ്ട് അക്കൌണ്ടന്റുമാര്‍. ഭരണസമിതിയിലെ ഏറ്റവും താഴെ രണ്ട് പേരുണ്ടാകും. നാട്ടുകാരെ വിവരങ്ങള്‍ അറിയിക്കുന്ന സന്ദേശവാഹകരാണ് ഇവര്‍. ജനറല്‍ കൌണ്‍സില്‍ അംഗങ്ങള്‍ പീപ്പനെ തെരഞ്ഞെടുക്കാന്‍ ബാലറ്റ് വഴി ചെയ്യുന്ന വോട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥാനങ്ങള്‍ നിശ്ചയിക്കുക. കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ഒന്നാം പീപ്പനാകും. മറ്റുള്ളവര്‍ക്ക് വോട്ടുനില പ്രകാരം സ്ഥാനങ്ങള്‍ നല്‍കും. ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയവര്‍ സന്ദേശവാഹകരാകും. ഈ തെരഞ്ഞെടുപ്പ് ഇവിടത്തെ ലാമ അംഗീകരിച്ച ശേഷമാണ് ഔദ്യോഗിക ഭരണമേല്‍ക്കാനാവുക. നാമനിര്‍ദേശരീതി മാറ്റി 1978ല്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് ഏര്‍പ്പെടുത്തിയതോടെ സുംസ നാട്ടുപ്രമാണിമാരുടെ നിയന്ത്രണത്തില്‍നിന്ന് മുക്തമായി. ജനറല്‍ കൌണ്‍സിലില്‍ ഇപ്പോള്‍ 175 പേരുണ്ട്.

യോഗ അറിയിപ്പ് കിട്ടിയാല്‍ 30 മിനിറ്റിനകം അംഗങ്ങള്‍ സുംസ ഹൌസില്‍ ഒത്തുകൂടണം. മതാഘോഷങ്ങള്‍ തീരുമാനിക്കാനുള്ള സുംസയില്‍ ലാമമാരും പങ്കെടുക്കും. 1991ല്‍ തിബത്തന്‍ ഭാഷയില്‍ എഴുതിയുണ്ടാക്കിയ നിയമസംഹിതയാണ് ഭരണഘടന. ഏത് കുറ്റകൃത്യത്തിലും ശിക്ഷിക്കപ്പെട്ടാല്‍ ഉടന്‍ അവര്‍ പരസ്യമായി മാപ്പ് പറയണമെന്ന സവിശേഷ നിയമമുണ്ടിവിടെ. അംഗകുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ ചിതയൊരുക്കാനുള്ള വിറക് മുതല്‍ സര്‍വ കാര്യങ്ങളിലും മറ്റെല്ലാ കുടുംബങ്ങളും അവരുടെ വിഹിതം നല്‍കണം. ഇത്തരം പരസ്രപാശ്രിത നിയമങ്ങളാണ് സുംസയുടെ കാതല്‍. കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകളില്‍നിന്ന് സുംസക്ക് സാമ്പത്തിക സഹായം കിട്ടും. സര്‍ക്കാര്‍ പ്രവൃത്തികളുടെ കരാര്‍ നിശ്ചയിക്കാനുള്ള അധികാരവും സുംസക്കാണ്. ഒരു വര്‍ഷ കാലാവധിയുള്ള സുംസ, ഭരണമൊഴിയും മുമ്പ് മുഴുവന്‍ കണക്കും അംഗങ്ങളെ ബോധ്യപ്പെടുത്തണം. പൊതു ഫണ്ടില്‍ ബാക്കിയാകുന്ന തുക എല്ലാവര്‍ക്കുമായി അവസാനം വീതിച്ചു നല്‍കും.
കക്ഷി രാഷ്ട്രീയത്തിനതീതമായ നാട്ടുകൂട്ടമെന്നതാണ് സുംസയുടെ സങ്കല്‍പം. എന്നാല്‍, സമീപകാലത്ത് ചില പാര്‍ട്ടികള്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നു. സുംസയില്‍ രാഷ്ട്രീയം നിരോധിച്ചുകൊണ്ടാണ് ഇവര്‍ ഇതിനെ പ്രതിരോധിച്ചത്. സുംസയില്‍ രാഷ്ട്രീയ ചര്‍ച്ച ഇപ്പോള്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. തിബത്ത്^നേപ്പാള്‍ ജീവിത സംസ്കാരങ്ങളോട് ഏറെ സാമ്യമുള്ള ലാച്ചന്‍ ഇന്ത്യയുടെ വൈവിധ്യത്തെ വര്‍ണാഭമാക്കുന്ന അത്യപൂര്‍വമായ സാമൂഹികവ്യവസ്ഥയും സംസ്കൃതിയുമാണ്. ദാരിദ്യ്രവും ദുരിതങ്ങളും മലയോളമുയരത്തില്‍ ജീവിതത്തെ മൂടിയ ഒരു ജനത പക്ഷേ, സംസ്കാരത്തില്‍ കാത്തുസൂക്ഷിക്കുന്ന നിഷ്കളങ്കതയും കുലീനതയും ആരെയും സ്പര്‍ശിക്കും. കാടിനും മലകള്‍ക്കുമിടയില്‍ മേഘച്ചോട്ടില്‍ സദാ കുളിരണിഞ്ഞുനില്‍ക്കുന്ന ഈ മഞ്ഞുഗ്രാമത്തില്‍ പ്രകൃതിയോളം നിഷ്കളങ്കമാകാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയുമായിരിക്കില്ല.


(വാരാദ്യ മാധ്യമം)
l

3 comments:

  1. രണ്ട് യാത്രാ വിവരണങ്ങളും വായിച്ചു. രണ്ടും അതീവ മനോഹരം. ഹൃദ്യം. വളരെ അപൂര്‍വമായി മാത്രം എത്താന്‍ കഴിയുന്ന ഈ മഞ്ഞുഗ്രാമത്തിലേക്ക് പോകനുള്ള വഴി കൂടി എഴുതാമായിരുന്നു.

    ReplyDelete
  2. കാടിനും മലകള്‍ക്കുമിടയില്‍ മേഘച്ചോട്ടില്‍ സദാ കുളിരണിഞ്ഞുനില്‍ക്കുന്ന ഈ മഞ്ഞുഗ്രാമത്തില്‍ പ്രകൃതിയോളം നിഷ്കളങ്കമാകാതെ ആര്‍ക്കും ജീവിക്കാന്‍ കഴിയുമായിരിക്കില്ല.

    ReplyDelete
  3. തിബത്ത്^നേപ്പാള്‍ ജീവിത സംസ്കാരങ്ങളോട് ഏറെ സാമ്യമുള്ള ലാച്ചന്‍ ഇന്ത്യയുടെ വൈവിധ്യത്തെ വര്‍ണാഭമാക്കുന്ന അത്യപൂര്‍വമായ സാമൂഹികവ്യവസ്ഥയും സംസ്കൃതിയുമാണ്. ദാരിദ്യ്രവും ദുരിതങ്ങളും മലയോളമുയരത്തില്‍ ജീവിതത്തെ മൂടിയ ഒരു ജനത പക്ഷേ, സംസ്കാരത്തില്‍ കാത്തുസൂക്ഷിക്കുന്ന നിഷ്കളങ്കതയും കുലീനതയും ആരെയും സ്പര്‍ശിക്കും.....ee ezhuthum.

    ReplyDelete

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...