Saturday, April 23, 2011

അച്ഛനുറങ്ങാത്ത നാട്


പുത്രവാല്‍സല്യം പ്രകടിപ്പിക്കാന്‍ വരെ ഇടതുപക്ഷത്തിന് ചില സൈദ്ധാന്തിക രീതികളുണ്ട്. ചെറുപ്പംതൊട്ടേ മുദ്രവാക്യം വിളിക്കാന്‍ മക്കള്‍ക്ക് പരിശീലനം നല്‍കണം. അതില്‍ മികവ് തെളിയിച്ചാല്‍ കത്തി, വടിവാള്‍, ബോംബ് തുടങ്ങിയ കളിപ്പാട്ടങ്ങള്‍ കൊടുക്കണം. ഈ പ്രാഥമിക പരിശീലനം തന്നെ ധാരാളം; പിന്നെയവര്‍ സ്വാഭാവിക വളര്‍ച്ച പ്രാപിച്ചുകൊള്ളും. വിദഗ്ദ പരിശീലനം, ആവശ്യമുള്ളവര്‍ക്ക് മാത്രം. അച്ഛനമ്മമാര്‍ വളരുന്നതിനനുസരിച്ച് മക്കളും വളരും. എന്നാല്‍ ഈ കീഴ്വഴക്കം ഉണ്ടാകുന്നതിന് മുമ്പ് പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയയാളാണ് വി.എസ് അച്യുതാനന്ദന്‍. അക്കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനം ചില്ലറകാര്യമായിരുന്നില്ല. ജയിലിലും ഒളിവിലുമായിരുന്നു പ്രധാന താമസം. പാര്‍ട്ടിക്ക് വേണ്ടി ഓടിനടന്ന് കുടുംബ ജീവിതംപോലും സമയം തെറ്റിയതാണ്. അതിനാല്‍ മക്കള്‍ക്ക് മതിയായ പരിശീലനം നല്‍കാന്‍ സമയം കിട്ടിയിരുന്നില്ല. പട്ടിണിക്കാലത്ത് ചിട്ടകള്‍ ഒപ്പിക്കാന്‍ കഴിയാത്തതില്‍ പാര്‍ട്ടിക്കുമില്ല പരിഭവം. പക്ഷെ മുഖ്യമന്ത്രിക്കസേരയില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴെങ്കിലും ഒരച്ഛന്‍ ഈ പിഴവ് പരിഹരിക്കേണ്ടേ?
അതു വേണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ പോലുമില്ല രണ്ടുപക്ഷം. പക്ഷെ സഖാക്കളെപ്പോലെ അത്ര മാന്യരല്ല, കോണ്‍ഗ്രസും പ്രതിപക്ഷവും. പുത്രവാല്‍സല്യത്തില്‍ ലോക മാതൃക സൃഷ്ടിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷത്തെ ചെറുകിട കോണ്‍ഗ്രസുകാരും ആ പാരമ്പര്യം കാക്കുന്നുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ ഒരു കമ്യൂണിസ്റ്റ് നേതാവ് കണ്ണിചേരുന്നത് അവര്‍ക്ക് സഹിക്കാനാകില്ല. അതുകൊണ്ടാണ്, ഈ നേട്ടത്തിന് പാത്തും പതുങ്ങിയും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തുന്ന പരിശ്രമങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചത്. അങ്ങനെ, ലോട്ടറിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച വി.എസ് അച്യുതാനന്ദനെ അവര്‍ പിടികൂടി. നേരിട്ടല്ല, മകന്‍ അരുണ്‍കുമാര്‍ വഴി. ലോട്ടറി മാഫിയയുമായി അരുണ്‍കുമാറിന് ബന്ധമുണ്ടെന്നും അതുപയോഗിച്ചാണ് അവര്‍ സി.ബി.ഐ അന്വേഷണ നീക്കം തടയുന്നതെന്നുമായിരുന്നു വി.ഡി സതീശന്റെ ആരോപണം. പ്രതിപക്ഷത്തിന് വഴി പിഴച്ചില്ല. പക്ഷെ അതോടെ സഭ പിഴച്ചു.
ഉപക്ഷേപത്തിന്റെ മറുപടിയായിട്ടും യു.ഡി.എഫിനെതിരെ ലഭ്യമായ മുഴുവന്‍ അഴിമതി^പെണ്‍ കഥകള്‍ മുഖ്യമന്ത്രി എഴുതി വായിച്ചു. സ്വന്തം മകനെതിരായ ആരോപണത്തിന് മാത്രം മറുപടി പറഞ്ഞില്ല. സതീശന്റെ ചോദ്യത്തിനും ഉത്തരവുമുണ്ടായില്ല. ചോദിക്കാത്തവക്കെല്ലാം മറുപടി പറയുന്നത് കേട്ടിരിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. അവര്‍ ബഹളം തുടങ്ങി. അത് മുന്‍ നിരയിലും പിന്നെ നടുത്തളത്തിലുമെത്തി. ഇടക്കിടെ അവിടെ നിന്ന് കയറിപ്പോന്നെങ്കിലും ഉടനടി അവരെ അവിടെത്തന്നെ തിരിച്ചെത്തിക്കുന്നതില്‍ മുഖ്യമന്ത്രി അനല്‍പമായ സംഭാവനകള്‍ അര്‍പിച്ചു. അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, ജോസഫ് പുതുശേãരി, ടി.എന്‍ പ്രതാപന്‍, കെ.കെ ഷാജു തുടങ്ങിയവരുണ്ടായിരുന്നതിനാല്‍ 45 മിനിട്ടിനകം ആറു തവണ അവര്‍ക്ക് നടുത്തളത്തലിറങ്ങാനായി. ഒരുമണിക്കൂര്‍ നിര്‍ത്തിവച്ച് സഭ പുനരാരംഭിച്ചപ്പോഴും അത് ആവര്‍ത്തിച്ചു. അതോടെ സഭ പിരിഞ്ഞു.
പറഞ്ഞിട്ടും പറഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മറുപടി തീര്‍ന്നില്ല. ചോദിച്ചതിന് മാത്രം ഉത്തരം മതിയെന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ വിധിച്ചിട്ടും അച്യുതാനന്ദന്‍ വഴങ്ങിയില്ല. കെ.എം മാണിക്ക് മൈക്ക് അനുവദിച്ചപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ അത് ബഹളം വച്ച് തിരിച്ചുവാങ്ങി. പി.വിശ്വന്‍, എം. ചന്ദ്രന്‍, ശിവന്‍കുട്ടി, കെ.കെ ലതിക തുടങ്ങിയവര്‍ പുത്രവാല്‍സല്യം പ്രകടിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ആഗ്രഹം സഫലമാക്കാന്‍ അക്ഷീണം യത്നിച്ചു. മന്ത്രി എം. വിജയകുമാര്‍ അതിന്റെ നിയമ സാധുത വരെ പ്രഖ്യാപിച്ചു. ഇരുഭാഗത്തും ബഹളവും വാടാപോട വിളികളും അരങ്ങുതകര്‍ത്തു.
ബഹളമടങ്ങിയ ആറ് ഇടവേളകളില്‍ മുഖ്യമന്ത്രി മറുപടി തുടര്‍ന്നു. അതെല്ലാം ഇടമലയാറിലും ഐസ്ക്രീമിലും പാമൊലിനിലും ചുറ്റിത്തിരിഞ്ഞു. ഇനിയും ഒരുപാട് പറയാനുണ്ടെന്ന് ഓരോ തവണയും ആവര്‍ത്തിച്ചു. പക്ഷെ സതീശന്റെ ചോദ്യം മാത്രം കേട്ടതായി നടിച്ചില്ല. മക്കള്‍ക്ക് വേണ്ടി പാര്‍ട്ടിയും മണ്ഡലവുമുണ്ടാക്കുകയല്ല, അവരെ വെട്ടാന്‍ വരുന്ന പോത്തിനെ കുത്തിമലര്‍ത്തുകയാണ് ഒരച്ഛന്റെ ഒന്നാമത്തെ ഉത്തരവാദിത്തമെന്ന് അങ്ങനെ മുഖ്യമന്ത്രി ഇന്നലെ കേരളത്തെ പഠിപ്പിച്ചു. അതോടെ വി.എസ് അച്യുതാനന്ദന് ഗ്രൂപ്പ് ഭേദമന്യേ ഭരണപക്ഷ അച്ഛനമ്മമാരുടെ സമ്പൂര്‍ണ കൈയ്യടിയും കിട്ടി.
സതീശന്റെ ചോദ്യത്തിന് എന്തും മറുപടിയായി പയാമെന്ന് മുഖ്യമന്ത്രിക്ക് ലോ പോയന്റ് പറഞ്ഞുകൊടുത്തതില്‍ ഏറ്റവുമേറെ ആഹ്ലാദം പ്രകടിപ്പിച്ചത് മന്ത്രി തോമസ് ഐസകാണ്. പറഞ്ഞുതീരുംമുമ്പ് വിജയകുമാറിന് കൈകൊടുത്ത് ഐസക് പരസ്യമായി അഭിനന്ദിച്ചു. ഈ ലോ പോയന്റോടെയാണ് മുഖ്യമന്ത്രി മറുപടി കുരുക്കില്‍ പൂര്‍ണമായി വീണത്. അതോടെ ലോട്ടറി വിവാദം തോമസ് ഐസകിന്റെ തലയില്‍നിന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാറുകയും ചെയ്തു. സഭക്കകത്തും പുറത്തും നാട്ടിലും വീട്ടിലും മാത്രമല്ല, കസേരയിലിരുന്നുപോലും ഈ അച്ഛന് ഇനി ഉറങ്ങാനാകില്ലെന്ന് ഐസകിനെപ്പോലെ മറ്റാര്‍ക്കാണ് അറിയുക?

(11...02...11)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...