Saturday, April 23, 2011

കണ്ണീര്‍ പട്ടില്‍ പൊതിഞ്ഞ് സുറയ്യയെ അനന്തപുരി ഏറ്റുവാങ്ങിതിരുവനന്തപുരം: ഇളംനിലാവും അന്തിക്കാറ്റും ഊടും പാവുമിട്ട രാവില്‍ കണ്ണീര്‍ പട്ടില്‍ പൊതിഞ്ഞെത്തിയ മലയാളത്തിന്റെ സ്നേഹ നക്ഷത്രത്തെ തലസ്ഥാനം ഏറ്റുവാങ്ങി. സര്‍ഗാത്മകതയുടെ വസന്തകാലങ്ങളിലൊന്നില്‍ കൂടുകൂട്ടിയ നഗരത്തിലെ സഹൃദയര്‍ അവര്‍ക്ക് സ്നേഹോഷ്മളമായ അന്ത്യോപചാരവും നല്‍കി.
വളര്‍ച്ച വെറും വിഷാദമാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഇടിവെട്ടും മഴയുമേറ്റ് നാലപ്പാട്ടെ മുറ്റത്ത് നിശ്ചലമായി നിന്ന് ശരീരത്തിന്റെ ആര്‍ത്തികളില്‍ നിന്ന് മോചനം നേടുമായിരുന്നുവെന്ന് ധൈര്യപ്പെട്ട എഴുത്തുകാരി, അവസാനിച്ച ജീവിതത്തിന്റെ ഒടുവിലെ മണിക്കൂറുകള്‍ കാത്ത് ദുഃഖം മൌനംകെട്ടിയ സെനറ്റ് ഹാളില്‍ നിശãബ്ദയായി കിടന്നു. 'മലര്‍ന്നു കിടക്കുമ്പോള്‍ ആദിമ മനുഷ്യന്റെ ഏകാന്തത അനുഭവപ്പെടുന്നുവെന്ന' അവസാന വരികളോര്‍മപ്പെടുത്തുന്ന കിടപ്പ്.
ജന്മനാട്ടില്‍നിന്ന് രാവിലെ പുറപ്പെട്ട വിലാപയാത്ര രാത്രി 8.40ന് സെനറ്റ് ഹാളിലെത്തി. പോലിസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി മൃതദേഹം സ്വീകരിച്ചു. മകന്‍ എം.ഡി നാലപ്പാട്, ഭാര്യ ലക്ഷ്മി, സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സെക്രട്ടറി ബാബു ജോണ്‍, സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാവുണ്ണി, ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, സെക്രട്ടറി എന്‍.എം അബ്ദുറഹിമാന്‍ എന്നിവര്‍ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, കേന്ദ്ര മന്ത്രി വയലാര്‍ രവി, മന്ത്രിമാരായ എം.എ. ബേബി, എം. വിജയകുമാര്‍, സി. ദിവാകരന്‍, പി.കെ. ശ്രീമതി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മേയര്‍ സി. ജയന്‍ബാബു, വി.എം. സുധീരന്‍, ജി. കാര്‍ത്തികേയന്‍, തലേക്കുന്നില്‍ ബഷീര്‍, എം.എല്‍.എമാര്‍, ഒ.എന്‍.വി കുറുപ്പ്, സുഗതകുമാരി, പെരുമ്പടവം ശ്രീധരന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, മാധ്യമം പത്രാധിപര്‍ ഒ.അബ്ദുറഹിമാന്‍, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട തുടങ്ങിയവര്‍ ഇവിടെ അന്ത്യോപചാരമര്‍പ്പിച്ചു. രാത്രി പതിനൊന്ന് മണിയോടെ എം.ഡി നാലപ്പാടിന്റെ ഭാര്യാ വീട്ടിലേക്ക് മൃതദേഹം മാറ്റി. സെനറ്റ് ഹാളില്‍ പ്രത്യേകം തയാറാക്കിയ പുഷ്പാലംകൃത വേദിയില്‍ വെച്ച മൃതദേഹം ഒരുനോക്കുകാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.
നഷ്ടബോധത്താല്‍ നിരാശപ്പെട്ടവരുടെ മുറിഞ്ഞ വാക്കുകള്‍കൊണ്ട് സെനറ്റ് ഹാള്‍ മുറ്റം സാന്ദ്രമായി. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാകണ്ണുകളും നിറഞ്ഞുപെയ്തു. എങ്ങും മൌനം മാത്രം. 'മഴയായി പെയ്ത്, വെളുത്ത മഞ്ഞിന്‍ ശകലങ്ങളായി എന്റെ ശയ്യയെ പൊതിഞ്ഞ്, മെല്ലെ മെല്ലെ, വളരെ മെല്ലെ എന്റെ ശവപ്പെട്ടിയായി മാറുന്ന'തെന്ന് അവര്‍ തന്നെ നിര്‍വചിച്ച മൌനം.

(01...06...09)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...