Saturday, April 23, 2011

അട്ടപ്പാടിയില്‍ ഞെട്ടിപ്പിക്കുന്ന ലൈംഗിക ചൂഷണം


അഗളി: അട്ടപ്പാടിയില്‍ ലൈംഗിക ചൂഷണത്തിനിരയായ ആദിവാസി സ്ത്രീകളില്‍നിന്ന് ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്‍ നടത്തിയ തെളിവെടുപ്പില്‍ ലൈഗിംക ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശനിയാഴ്ച അഹാഡ്‌സ് ട്രെയിനിങ് ഹാളില്‍ നടത്തിയ തെളിവെടുപ്പില്‍ 25 അവിവാഹിത ആദിവാസി അമ്മമാരാണ് എത്തിയത്. ഇവരുടെ പരാതികള്‍ പരിഗണിച്ചശേഷം 18 കേസെടുക്കുമെന്ന് തെളിവെടുപ്പിന് നേതൃത്വം നല്‍കിയ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്‍ നോഡല്‍ ഓഫിസറും ക്രൈംബ്രാഞ്ച് ഡി.ഐ.ജിയുമായ എ. ശ്രീജിത്ത് അറിയിച്ചു.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യ എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ അട്ടപ്പാടിയിലെ ഊരുകളില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ് നടത്തിയത്.കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ സമഖ്യയുടെ മുഖ്യ ഉദ്ദേശ്യലക്ഷ്യം പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് നിയമസഹായങ്ങള്‍ ലഭിക്കുന്നതിന് സഹായിക്കുകയാണ്. ഇതിനായി കഴിഞ്ഞ ഒരാഴ്ചയായി അട്ടപ്പാടിയിലെ ഇരുപതോളം ആദിവാസി ഊരുകളില്‍ മഹിളാ സമഖ്യയുടെ പ്രവര്‍ത്തകരായ സിന്ധു, സുലോചന എന്നിവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
ഇവര്‍ ഇവിടെ 48 അവിവാഹിതരായ ആദിവാസി അമ്മമാരെ കണ്ടെത്തിയിരുന്നു. ഇതില്‍ 25പേരാണ് തെളിവെടുപ്പിനെത്തിയത്. അട്ടപ്പാടിയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 103 പീഡന കേസുകളാണ് ഉള്ളത്. എന്നാല്‍, ആകെ വരുന്ന ആദിവാസി ഊരുകളില്‍ 20 എണ്ണം മാത്രം പരിശോധിച്ചപ്പോള്‍ ഇത്തരക്കാര്‍ 500ലധികം വരുമെന്ന് സമഖ്യയുടെ പ്രവര്‍ത്തകര്‍ പറയുന്നു. പീഡനത്തിന് ഇരയായ 48 ആദിവാസികളായ അമ്മമാരില്‍, 25 പേര്‍ ആദിവാസികളായ പുരുഷന്മാരില്‍നിന്നും 23 പേര്‍ ആദിവാസികള്‍ അല്ലാത്തവരില്‍നിന്നുമാണ് ചൂഷണത്തിനിരയായത്. എന്നാല്‍, ആദിവാസി മേഖലകളില്‍ നടക്കുന്ന ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ പോവുകയാണെന്ന് ഡി.ഐ.ജി ശ്രീജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
പ്രായപൂര്‍ത്തി ആവുന്നതിനുമുമ്പേ ഇത്തരം അപകടത്തില്‍പെടുന്ന അമ്മമാര്‍ക്ക് എങ്ങനെ പ്രതികരിക്കണമെന്നറിയാത്തതും ഒരു കാരണമാണ്. പുതിയ നടപടിപ്രകാരം പരാതിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ ഒരുലക്ഷം രൂപയുടെ ധനസഹായം ഇരകള്‍ക്ക് ലഭ്യമാകും. കേസുകള്‍ കുറയാന്‍ കാരണം പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് പരാതിയില്ല എന്നതാണ്. പട്ടികവര്‍ഗ-പട്ടികജാതി കമീഷന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 587 കേസുകളാണ് ഇത്തരത്തിലുള്ളത്. യഥാര്‍ഥ കണക്ക് ഇതിലും ഇരട്ടിയാവാമെന്ന് ഡി.ഐ.ജി പറഞ്ഞു.
ഇത്തരം സംഭവങ്ങളെ ചെറുക്കുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിക്കുന്നതിനായി ശ്രമിക്കും. അട്ടപ്പാടിയില്‍ ബാക്കിയുള്ള മുഴുവന്‍ ഊരുകളിലും അന്വേഷണം നടത്തും. ഇനിമുതല്‍ പൊലിസ് അങ്ങോട്ടെത്തി പരാതി സ്വീകരിക്കും. പരാതികള്‍ മുഴുവന്‍ അട്ടപ്പാടിയിലെ പൊലീസില്‍ പ്രത്യേക വിഭാഗമുണ്ടാക്കി അന്വേഷണം പൂര്‍ത്തിയാക്കുമെന്നും ഡി.ഐ.ജി പറഞ്ഞു. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.ആര്‍. മണിയന്‍, അഗളി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈ.എസ്.പി എം.കെ. ഗോപാലകൃഷ്ണന്‍, അഗളി സി.ഐ സി.എസ്. വിനോദ്, എസ്.ഐ വി. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

(മാധ്യമം/http://www.madhyamam.com/news/71901/110424)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...