Saturday, April 23, 2011

പിച്ചവാരത്തെ ജലവഴികള്‍വളന്തക്കാട്ടെ വികസന വാര്‍ത്തകള്‍ കേട്ട് രോമാഞ്ചമണിയുന്ന കാലത്ത് മലയാളിക്ക് വിശേഷപ്പെട്ട കാഴ്ചയാണ് തമിഴ്നാട്ടിലെ പിച്ചവാരം. മഹസമുദ്രം പോലെ നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന ചതുപ്പ് നിലം. വെള്ളം കണങ്കാലിനോളം മാത്രമേയുണ്ടാകൂ. വേലിയേറ്റമുണ്ടെങ്കില്‍ കാല്‍മുട്ട് നനക്കും. വള്ളവും ബോട്ടും സഞ്ചരിക്കുന്നത് പ്രത്യേക ചാലിലൂടെ. വഴി തെറ്റിയാല്‍ ചളിയിലുറയും. ചതുപ്പ് നിലത്തെ ഈ വെള്ളക്കെട്ടിനകത്ത് ഇടതൂര്‍ന്ന് വളര്‍ന്ന കണ്ടല്‍കാടുകളാണ്. അതി വിശിഷ്ടമായ ജൈവ വൈവിധ്യത്താല്‍ സമൃദ്ധമായ കാട്. ഇടവഴികള്‍ പോലെ കാടുകള്‍ക്കിടയില്‍ ചെറു ചെറു ജലവഴികളുണ്ട്. പുഴയായൊഴുകുന്ന ചതുപ്പിലെ കുറുക്കുവഴികള്‍. കൊടും ചൂടില്‍ ചുട്ടെരിഞ്ഞ് നില്‍ക്കുന്ന നടുപ്പുഴയിലെ തണലിടങ്ങള്‍കൂടിയാണീ വഴികള്‍. ഇടതൂര്‍ന്ന കുറ്റിക്കാടുകളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കൈവഴികളും ലോകത്തിന്റെ നാനാ ദിക്കില്‍ നിന്ന് പറന്നെത്തുന്ന പക്ഷികളും വിശിഷ്ടമായ കണ്ടല്‍ചെടികളുമെല്ലാം ചേര്‍ന്ന ദൃശ്യ സൌന്ദര്യത്തിന്റെ അത്യപൂര്‍വമായ രൂപകല്‍പന. ഹരിതാഭമായ കുറ്റിക്കാടുകളും ചളിനിറം കലര്‍ന്ന ചെറുതിരകളും വര്‍ണവൈവിധ്യം വിസ്മയിപ്പിക്കുന്ന പറവക്കൂട്ടങ്ങളും വെയിലില്‍ തിളങ്ങുന്ന വെള്ളക്കെട്ടും കാടിനരികുചേര്‍ന്ന തണലോരങ്ങളും മോലപ്പുപോലെ കിടക്കുന്ന ആകാശവും ചേര്‍ന്ന അപൂര്‍വമായ വര്‍ണക്കൂട്ട്.
ഈ കാടും വെള്ളവും വഴികളുമെല്ലാം ചേര്‍ന്ന ആറായിരത്തോളം ഏക്കറാണ് പിച്ചവാരം. ഭൂ വിസ്തൃതതിയില്‍ ഇന്ത്യയിലെ മുന്‍നിര കണ്ടല്‍ കാടുകള്‍ക്കൊപ്പം നില്‍ക്കും. വേമ്പനാട്ടുകായലിന് നടുവിലെ വളന്തക്കാട് ദ്വീപ് വേദനിപ്പിക്കുന്ന അനുഭവമായ കേരളീയര്‍ക്ക് പിച്ചവാരം വിശേഷപ്പെട്ട കാഴ്ചയാകുന്നത് ഈ വിസ്തൃതികൊണ്ടു തന്നെ. വെറും 246 ഏക്കറുള്ള വളന്തക്കാട്ട് വികസന വ്യവസായികളുടെ ബുള്‍ഡോസറുകള്‍ കുഴിമാന്താന്‍ അടയാളമിട്ട് കഴിഞ്ഞിരിക്കുന്നു. അതിലേറെ ദൃശ്യ സൌന്ദര്യവും ഭൂ വിസ്തൃതിയും 'വികസന' സാധ്യതയുമുള്ള പിച്ചവാരം പക്ഷെ പിറന്നപടി കിടക്കുകയാണിപ്പോഴും. മീന്‍ പിടിച്ചും കക്കവാരിയും ഇതിന് ചുറ്റും ജീവിക്കുന്ന, സ്കൂള്‍ മുറ്റം ചവിട്ടിയില്ലാത്ത 'അപരിഷ്കൃതരായ' തമിഴരാണ് ഈ മണ്ണും മരവും വെള്ളവും കാക്കുന്നത്.

തമിഴ്നാട്ടിലെ കൂഡല്ലൂര്‍ ജില്ലയിലാണ് പരിസ്ഥിതി ശാസ്ത്രം വിസ്മയത്തോടെ നോക്കിക്കാണുന്ന പിച്ചവാരം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നടരാജ ക്ഷേത്രത്താല്‍ പ്രസിദ്ധമായ ചിദംബരം പട്ടണത്തില്‍ നിന്ന് 18 കിലോമീറ്ററപ്പും. വെള്ളാര്‍, കൊലേറൂണ്‍ അഴിമുഖങ്ങള്‍ക്കിടയില്‍ വ്യാപിച്ചുകിടക്കുന്ന ഒന്നാന്തരം ചതുപ്പ്. പുഴകളുടെ സംഗമ സ്ഥാനം. മല്‍സ്യബന്ധനവും കൃഷിയും വഴി ഉപജീവനം കഴിക്കുന്നവരാണ് ചുറ്റും. ദാരിദ്യ്രവും അരപ്പട്ടിണിയുമാണ് കൈമുതലെന്ന് മുഖത്തെഴുതിവച്ച ഏതാനും ഗ്രാമങ്ങളെ ചുറ്റി, നാല് മണിക്കൂര്‍ ബോട്ട് യാത്രാ ദൂരമുള്ള കടലിനോടും അഴിമുഖത്തോടും ചേര്‍ന്ന് കിടക്കുന്ന സ്ഥലം. ചിദംബരത്തുനിന്ന് യാത്ര തിരിച്ചാല്‍ മിനുട്ടുകള്‍ക്കകം ഈ ചെടിക്കാടിന്റെ ചൂരും ചൂടും കിട്ടും. വലിയ പാടശേഖരങ്ങള്‍ക്കിടയിലൂടെ ഒറ്റയടിപ്പാതപോലെ നീണ്ടുകിടക്കുന്ന പഴയൊരു റോഡാണ് പ്രധാന വഴി. നന്നേ വീതികുറഞ്ഞ റോഡ്. മിക്കയിടത്തും അരികടര്‍ന്ന് ടാര്‍ മാറി നിലം തെളിഞ്ഞുകിടക്കുന്നു. തമിഴ്നാട്ടിലെ നീളമേറിയ ബസ് ഇതുവഴി കടന്നുപോകുമോയെന്ന് ഓരോ വളവിലും സംശയമുയരും.
ഈ റോഡിലേക്ക് കയറിയാലറിയാം ഗ്രാമീണ ദാരിദ്യ്രത്തിന്റെ ആഴവും പരപ്പും. വീടുകള്‍ ഇല്ല. ഭൂരിഭാഗവും ഓലക്കുടിലുകള്‍. ബാക്കി വൈക്കോല്‍ മേഞ്ഞതും. ഇതിന് കളിമണ്‍ ചുമര് കെട്ടിയവനാണ് ഇവിടുത്തെ പ്രമാണി. ഒറ്റപ്പെട്ട കോണ്‍ക്രീറ്റ് വീടുകളുണ്ടെങ്കിലും അതും വലിപ്പത്തില്‍ കുടിലിനൊപ്പമേയുള്ളൂ. കുടിവെള്ളം ഇല്ല. നഗരത്തില്‍ നിന്ന് കൊണ്ടുവന്ന് ഒരാള്‍ വില്‍ക്കുന്ന വെള്ളമാണ് ആശ്രയം. അവര്‍ ജനിച്ചുവീഴുന്നത് പിച്ചവാരത്തേക്കാണ്. അവിടെയാണ് അവന്റെ അന്നവും അതിജീവനവും. തലമുറകള്‍ കൈമാറി അവരാ പൈതൃകം സംരക്ഷിക്കുന്നു. ഈ ദുരിത ജീവിതത്തിനിടയിലും ഒരു കഷണം പ്ലാസ്റ്റിക് പോലും ഇവിടെയിടാതെ പിച്ചവാരത്തെ അവര്‍ കാത്തുപോരുന്നു. തമിഴന്റെ 'അഞ്ജത'യെ നമുക്ക് നമിക്കുക.

ജൈവ വൈവിധ്യത്തിന്റെ കലവറയാണ് പിച്ചവാരം. പിനാല് ഇനം കണ്ടല്‍ ചെടികള്‍ ഇവിടെയുണ്ട്. ദേശാടനപ്പക്ഷികളുടെ ഇഷ്ട സ്ഥലം. 51 ചെറു ദ്വീപുകളുടെ സഞ്ചയമാണിത്. ഇവക്കിടയിലാണ് ചെറു വഴികള്‍. മൊത്തം വിസ്തൃതി 5768.68 ഏക്കര്‍. തഴച്ചുവളര്‍ന്ന വിവിധയിനം കണ്ടല്‍ ചെടികളും ഓരു നിലങ്ങളും ചളിപ്പറമ്പുകളും കായല്‍പാടങ്ങളും ചേര്‍ന്ന പ്രദേശം. ഏതാണ്ട് മധ്യഭാഗത്തായാണ് കണ്ടലിന്റെ സമൃദ്ധ ശേഖരം. ഇതുമാത്രം 595.27 ഏക്കറുണ്ട്. വന്‍ മണല്‍ തിട്ടയാണ് കടലില്‍ നിന്ന് പിച്ചവാരത്തെ വേറിട്ടുനിര്‍ത്തുന്നത്.
1987ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇതിനെ റിസര്‍വ് ഫോറസ്റ്റായി പ്രഖ്യാപിച്ചു. കണ്ടല്‍ കാടുകളില്‍ ക്രമാനുഗതമായ വളര്‍ച്ച രേഖപ്പെടുത്തുന്നുവെന്നതാണ് പിച്ചവാരത്തിന്റെ ഏറ്റവും വലിയ സവിശേഷത. പത്ത് വര്‍ഷത്തെ പഠനം ഇത് വ്യക്തമാക്കുന്നു. കണ്ടല്‍ വളര്‍ച്ചയെ ആസ്പദമാക്കി പിച്ചവാരത്തെ ആറ് മേഖലകളാക്കി തിരിച്ചിട്ടുണ്ട്. ആറ് സസ്യ കുടുംബങ്ങളില്‍പെട്ട 14 ഇനം തനി കണ്ടല്‍ ചെടികളെയാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ഒമ്പതെണ്ണം കേരളത്തില്‍ വ്യാപകമായുള്ളവയാണ്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) പഠന പ്രകാരം ഇതില്‍ ഇതില്‍ 10 ഇനം ലോകത്തുതന്നെ അപകടകരമായ നിലയില്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. മൂന്നെണ്ണം നിര്‍ണായകാവസ്ഥയിലും ഒന്ന് പ്രശ്ന സാധ്യത കുറഞ്ഞ വിഭാഗത്തില്‍ പെട്ടതുമാണ്.
കേരളത്തില്‍ പിരാന്തന്‍ കണ്ടല്‍ എന്നറിയപ്പെടുന്ന റിസോഫോറ മക്രൊനാറ്റ ഇവിടെ സമൃദ്ധമായി കാണപ്പെടുന്നുണ്ട്. ചെറിയ ആല്‍മരം പോലെ ചതുപ്പില്‍ വേരുകള്‍ ആഴ്ത്തി വളരുന്ന ഇവ 15 മീറ്റര്‍ വരെ നീളംവക്കും. ഇടതൂര്‍ന്ന ഇലച്ചാര്‍ത്തും കൂട്ടം ചേര്‍ന്ന് കുടപോലെ വളര്‍ന്ന് പന്തലിക്കുന്ന വേരുകളും കണ്ടാല്‍ തന്നെ ഇവയെ തിരിച്ചറിയാം. എക്കല്‍ അടിഞ്ഞ് പുതിയ കരകള്‍ രൂപപ്പെടുത്താന്‍ വരെ കഴിയുന്നവയാണ് പിരാന്തന്‍ കണ്ടല്‍. കാറ്റിനെയും തിരയെയും ഒരുപോലെ തടയാന്‍ കെല്‍പുണ്ട്. ഉപ്പ് ഊറ്റി വളരുന്നുവെന്ന അനുമാനത്തില്‍ ഉപ്പട്ടി എന്ന് പേര് കിട്ടിയ അവിസെന്നിയ ഒഫീസിനാലിസ്, ചെറു ഉപ്പട്ടി (അവിസെന്നിയ മരിന), വള്ളിക്കണ്ടല്‍ (റിസോഫോറ ആപിക്കുലേറ്റ), കണ്ണാമ്പൊട്ടി (ഇ. അഗലോഷ), കുറ്റിക്കണ്ടല്‍ (ബ്രുഗ്വേറിയ സിലിന്‍ഡ്രിക), പൂക്കണ്ടല്‍, കഴുത മുള്ള്, പരുതല തുടങ്ങിയവയും ഇവിടെ സമൃദ്ധമാണ്.
147 ഇനം മല്‍സ്യങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 64 വര്‍ഗം ഉപ്പുവെള്ളത്തില്‍ വളരുന്നവയാണ്. പ്രതിവര്‍ഷം 200 ടണ്‍ മല്‍സ്യം ഇവിടെ നിന്ന് പിടിക്കുന്നുണ്ട്. ചെമ്മീനും കണമ്പുമാണ് മുഖ്യ ഇനം. 57 വിഭാഗം പക്ഷികള്‍ പിച്ചവാരത്തെത്തുന്നതായി കണ്ടെത്തിയിരുന്നു. വിദേശ പക്ഷികളടക്കം ഇവിടെ തമ്പടിക്കുന്നുണ്ട്. സെപ്തംബര്‍^എപ്രില്‍ കാലയളവാണ് ദേശാടനപക്ഷികളുടെ കാലം. നവംബറിനും ജനുവരിക്കുമിടയിലാണ് ദേശാടനം ഏറ്റവും സജീവമാകുക. ആഹാര ലഭ്യതയില്‍ ഏറെ സഹായകരമായ ആഴമില്ലാത്ത ചതുപ്പുകളും ചെറുപുഴകളുമാണ് ഇതിനെ പക്ഷികളുടെ ഇഷ്ട കേന്ദ്രമാക്കുന്നത്.

അപൂര്‍വ ചേരുവകളാല്‍ പണിതെടുത്ത ചതുപ്പുകളുടെ ഈ സഞ്ചയം പൊതുശ്രദ്ധയിലെത്തിയിട്ട് അധികനാളായിട്ടില്ല. എം.ജി.ആര്‍ നായകനായ സിനിമ 'ഇദയക്കനി'യാണ് പിച്ചവാരത്തെ ആദ്യമായി പുറംലോകം കാണിച്ചത്. 1975ല്‍ ആയിരുന്നു ഇത്. അന്നുതൊട്ട് സിനിമക്കാര്‍ക്ക് ഇത് മികച്ച ലൊക്കേഷനായി മാറി. പിന്നെ നിരവധി ചിത്രീകരണക്കാര്‍ ഇവിടെയെത്തി. ഒടുവില്‍ കമലഹാസന്റെ ദശാവതാരം വരെ.
സിനിമ വഴി തന്നെയാണ് പിച്ചവാരം തമിഴ്നാടിന്റെ ടൂറിസം മാപിലെത്തിയത്. 1985ല്‍ ഇത് ഔദ്യോഗിക ടൂറിസ്റ്റ് സെന്ററായി പ്രഖ്യാപിച്ചു. പിന്നെ സന്ദര്‍ശകര്‍ക്കായി വള്ളങ്ങളും ബോട്ടുകളും വന്നു. കാടും പുഴയും സംരക്ഷിക്കാന്‍ പദ്ധതികളായി. എന്നാല്‍ ഈ പദ്ധതികള്‍ക്കെല്ലാം അപ്പുറമാണ് അന്നാട്ടുകാരുടെ പ്രതിബദ്ധത. സൂനാമിയാണ് കേരളീയര്‍ക്ക് കണ്ടല്‍ സാക്ഷരത നല്‍കിയത്. അതുകേട്ടറിഞ്ഞ പാഠമായിരുന്നു. എന്നാല്‍ കൂഡല്ലൂരുകാര്‍ അത് നേരിട്ടറിഞ്ഞവരാണ്. തമിഴ്നാട് തീരങ്ങളെ ഏറെക്കുറെ സൂനാമി തിര തുടച്ചെടുത്തപ്പോള്‍ കൂഡല്ലൂര്‍ ആ തിരകളെ തടഞ്ഞുനിര്‍ത്തി. അതിന്റെ രഹസ്യം അവരിപ്പോള്‍ അനുഭവിച്ചറിയുന്നു. അന്നാട്ടുകാരനായ നിരക്ഷരനായ ബോട്ട് ഡ്രൈവറുടെ വാക്കുകളില്‍ ആ അറിവിന്റെ ആഴമുണ്ട്: 'ആയിരത്താണ്ടുകളിലൂടെ ഞങ്ങളുടെ മുന്‍ഗാമികള്‍ ഈ കാട് കാത്തു. ഒടുവില്‍ ഈ കാട് ഞങ്ങളെ കാത്തു; ഞങ്ങളുടെ ജീവന്‍ രക്ഷിച്ചു. ഇനിയും ഞങ്ങളിതിനെ പോറ്റും. അത് ഞങ്ങളെയും പോറ്റും.' സ്വന്തം ജീവിതത്തില്‍ നിന്നാണല്ലോ മലയാളിയല്ലാത്ത മനുഷ്യരൊക്കെയും പുതിയ പാഠങ്ങള്‍ പഠിക്കുക.

(വാരാദ്യ മാധ്യമം)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...