Sunday, April 24, 2011

വിലക്കയറ്റം അഥവ ആഗോളവല്‍കരണകാലത്തെ ജഴ്സി പശു വിപ്ലവം


ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി ശേഖരമുണ്ടായിരുന്ന ഒറീസയിലെ നുവാപാട ജില്ലയിലെ ഉള്‍വ ഗ്രാമത്തില്‍ ബീജം കുത്തിവച്ച് ജഴ്സി പശു വിപ്ലവം നടത്തിയ കഥ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. സായിനാഥ് 'എവരിബഡി ലവ്സ് എ ഗുഡ് ഡ്രോട്ട്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച വിത്തുകാളകളായിരുന്ന ഖരിയാര്‍ കാളകളുടെ കേന്ദ്രമായിരുന്നു ഉള്‍വ. ഇവിടെയാണ് പദ്ധതി വന്നത്. വന്‍കിട ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പുകളും സര്‍ക്കാറുമായിരുന്നു ഇതിന് പിന്നില്‍. കര്‍ഷകരെ പ്രലോഭിപ്പിക്കാന്‍ ആദ്യം ഒരേക്കര്‍ സൌജന്യ ഭൂമി നല്‍കി. അവിടെ പണിയെടുക്കുന്നതിന് മിനിമം കൂലി നിയമം പ്രഖ്യാപിച്ചു. അവിടെ പക്ഷെ കൃഷി, കാലിത്തീറ്റ ചെടി മാത്രമാക്കി. ഭക്ഷ്യവസ്തുക്കള്‍ കൃഷിചെയ്താല്‍ മിനിമം കൂലിയില്ല. ജനിക്കുന്ന ജഴ്സിയുടെ വിശുദ്ധി സംരക്ഷിക്കാന്‍ ഖരിയാര്‍ കാളകളെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ വരിയുടച്ചു. ഇതെല്ലാം കഴിഞ്ഞിട്ടും ജഴ്സി പിറന്നില്ല. ഒറ്റപ്പെട്ടുണ്ടായവ വൈകാതെ ചത്തൊടുങ്ങി. കൃഷി ചെയ്ത സബാബുള്‍ മരം പിന്നെ വളരാതായി. ഒടുവില്‍ ഖരിയാര്‍ വംശമറ്റു. മണ്ണില്‍ മറ്റ് കൃഷി പറ്റാതായി. ജഴ്സി പിറന്നുമില്ല. കാലിവളര്‍ത്തി ജീവിച്ചിരുന്ന ജനത പട്ടിണിയിലായി. ഒടുവില്‍ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും പദ്ധതി അവസാനിപ്പിച്ച് മടങ്ങി.
അതിവിപ്ലവത്തിന് വഴി തേടി വന്ന വികസന വാദികള്‍ ഒരു നാട്ടില്‍ എങ്ങനെ പട്ടിണി വിതച്ച്് മടങ്ങുന്നുവെന്നതിന് ഇതിലേറെ പറ്റിയ തെളിവിില്ല. ഇത്തരം അതിവേഗ വികസനത്തിന്റെ വഴികള്‍ തുറന്നുവച്ചതായിരുന്നു തൊണ്ണൂറുകളില്‍ നടപ്പാക്കപ്പെട്ട ഉദാരവല്‍കരണ സാമ്പത്തിക നയങ്ങള്‍. ഇതിന് ചുവടുപിടിച്ചാണ് ആഗോളവല്‍കരണമെന്ന സങ്കല്‍പം ഇന്ത്യയില്‍ വികാസം പ്രാപിച്ചത്. രാജ്യം അതുവരെ തുടര്‍ന്നുവന്ന പൊതുജന സേവന തല്‍പരമായ സാമ്പത്തിക നയങ്ങള്‍ ലാഭാധിഷ്ടിതമായ കാഴ്ചപ്പാടിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ടുവെന്നതാണ് പുതിയ നയം ഇന്ത്യയില്‍ സൃഷ്ടിച്ച മാറ്റം. സാമൂഹിക^സേവന രംഗങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്‍മാറ്റം, ദരിദ്ര ജനജീവിതത്തിന് താങ്ങായി നിന്നിരുന്ന സബ്സിഡികള്‍ ഗണ്യമായി വെട്ടിക്കുറക്കല്‍, പൊതുസ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവല്‍കരണം, സ്വകാര്യ സ്ഥാപനങ്ങളുടെ കടന്നുകയറ്റം തുടങ്ങിയവയിലൂടെ ഇന്ത്യന്‍ ജനത ഈ നയംമാറ്റത്തിന്റെ പ്രത്യാഘാതാങ്ങള്‍ അന്നുതൊട്ടേ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ രാജ്യത്തെ അഭിപ്രായ രൂപീകരണ വിഭാഗമെന്ന് കരുതപ്പെടുന്ന മഹാഭൂരിപക്ഷം വരുന്ന ഇടത്തരക്കാരായ സാമാന്യ ജനത്തിന്റെ നിത്യ ജീവിതത്തെ അത്രമേല്‍ ബാധിച്ചിരുന്നില്ല. എന്നുമാത്രമല്ല, ആഗോളവല്‍കരണം കൊണ്ടുവന്ന സൌകര്യങ്ങളും പ്രത്യക്ഷ നേട്ടങ്ങളും ആവോളം ആസ്വദിക്കുകയും മുതലാക്കുകയും ചെയ്യുകയും അതിന്റെ ബ്രാന്റ് അംബാസഡര്‍മാരായി മാറുകയുമാണ് അവര്‍ ചെയ്തത്. ബാങ്കുകള്‍ക്ക് വീടുവരെ ഈടുനല്‍കി വാങ്ങിയ ചെറുകാറുകളുടെ പ്രളയം ഇന്ത്യന്‍ നിരത്തുകളിലുണ്ടായതങ്ങനെയാണ്.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ക്ക് കുറേ കൂടി വ്യക്തത വന്നിട്ടുണ്ട്. ഇത്തരം നയങ്ങളുടെ സ്വാഭാവിക പരിണിതിയായ അസഹ്യമായ ജീവിതാവസ്ഥകള്‍, മേനി നിച്ചുനടന്നിരുന്ന ഇടത്തരക്കാരനെ പിടികൂടിത്തുടങ്ങിയിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതമാണ് വിലക്കയറ്റത്തെക്കുറിച്ചുള്ള ആകുലതകളും വ്യാപകമായ പ്രതിഷേധങ്ങളും. ഉള്‍വയിലെ ജഴ്സി വിപ്ലവത്തിന്റെ അതേ അവസ്ഥയിലാണ് ഇന്ന് ഇന്ത്യയിലെ ആഗോളവല്‍കരണം. ശാരാശരി ഇന്ത്യക്കാരന് സുഖജീവിതത്തിന് ആഗോളവല്‍കരണക്കാര്‍ വാഗ്ദാനം ചെയ്ത വിവിധ തരം ജഴ്സി പശുക്കളെല്ലാം ചത്തൊടുങ്ങുകയോ ചാപിള്ളയാകുകയോ ചെയ്തുതുടങ്ങിയിരിക്കുന്നു. അവരുടെ പഴയ ഖരിയാര്‍ കാളകള്‍ വംശമറ്റു പോയി. കരിഞ്ഞുതുടങ്ങിയ സ്വപ്നങ്ങളുമായി ഉള്‍വയിലെ ആദിവാസികളെപ്പോലെ പലായനം തുടങ്ങേണ്ട അവസ്ഥയിലാണവര്‍.
ഇന്നലെ തുടങ്ങിയേതോ ഇന്ന് രൂക്ഷമായതോ അല്ല ഇന്ത്യയിലെ വിലക്കയറ്റം. കേരളത്തില്‍ മാത്രം ഒതുങ്ങുന്നതുമല്ല ഇത്. എല്ലാ സംസ്ഥാനത്തും വിലക്കയറ്റമാണ്. ഇന്ത്യയാകട്ടെ ഇക്കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തും. ലോക്സഭയില്‍ വിലക്കയറ്റം ചര്‍ച്ച ചെയ്യാനുള്ള അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച് മന്ത്രി പറഞ്ഞത് ആറുമാസമായി ഇന്ത്യയില്‍ വിലക്കയറ്റമുണ്ട് എന്നാണ്. അഥവ അടിയന്തിര പ്രശ്നമല്ലെന്ന് അര്‍ഥം. എന്നാല്‍ കണക്കുകള്‍ പറയുന്നത് രണ്ടുവര്‍ഷമായി ഇത് തുടരുന്നുവെന്നാണ്. 2008 ജനുവരി മുതല്‍ വില ഉയരുകയാണ്. 2007ല്‍ കാര്‍ഷിക മേഖലയില്‍ റെക്കോര്‍ഡ് വിളവാണ് ഇന്ത്യയില്‍ കിട്ടിയത്. എന്നിട്ടും വിലക്കയറ്റമുണ്ടായി. ഉല്‍പാദനക്കമ്മിയല്ല ഇതിന് കാരണമെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നുമാത്രമല്ല, ഉല്‍പാദനം കൂടിയിട്ടും വിലകൂടുകയും ചെയ്തു. ഇത് ഇതുവരെയുണ്ടായിട്ടില്ലാത്ത പ്രതിഭാസവുമാണ്. രണ്ടുവര്‍ഷമായി വിലക്കയറ്റമുണ്ടായിട്ടും ഇതിപ്പോള്‍ രൂക്ഷമായതെന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്.
ആഗോളീകരണം ഏറ്റവും ദരിദ്രന വളരെ നേരത്തേ തന്നെ അവന്റേതായ ജീവിത പരിസരങ്ങളില്‍ നിന്ന് പുറംതള്ളിയിരുന്നു. ദരിദ്രന് അതിജീവിക്കാനാകാത്ത പ്രതിസന്ധികള്‍ നമുക്കുചുറ്റും തന്നെ കാണാന്‍ തുടങ്ങിയിട്ട് നാളേറയായി. തകര്‍ന്ന റേഷന്‍ കടകള്‍ക്കുമുന്നില്‍ നിന്നുയര്‍ന്ന വിലാപങ്ങള്‍, ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവന്റെ സങ്കടങ്ങള്‍, കര്‍ഷക ആത്മഹത്യകള്‍... അങ്ങനെ നീളുന്നു അവ. ഏറ്റവുമാദ്യം തിരിച്ചടി കിട്ടിയ ദരിദ്രന്റെ ദുരന്തങ്ങളെ രാഷ്ട്രീയമായി തിരിച്ചറിയാനും ചര്‍ച്ച ചെയ്യാനും വിലയിരുത്താനും ഭരണ നേതൃത്വം തയാറായില്ല. ഉദാരീകരണത്തിന്റെ വക്താക്കളായ ബഹുഭൂരിപക്ഷം മാധ്യമങ്ങളും അപ്പോള്‍ ഇടത്തരക്കാരന്റെ വളര്‍ച്ചയുടെ വര്‍ണക്കഥകളില്‍ അഭിരമിക്കുകയായിരുന്നു. ഇടത്തരക്കാരനാകട്ടെ, അരമുറുക്കിയുടുത്തും കൂടുതല്‍ സൌകര്യങ്ങള്‍ വാരിയണിയുന്നതിലായിരുന്നു ശ്രദ്ധിച്ചത്. മനുഷ്യന്‍ കൂട്ടത്തോടെ മരിച്ച വിദര്‍ഭയും വയനാടും വന്നപ്പോഴാണ് മാധ്യമങ്ങള്‍ ദാരിദ്യ്രത്തെപറ്റി അല്‍പമെങ്കിലും സംസാരിച്ചത്. അപ്പോഴും ചികില്‍സ രോഗത്തിനായിരുന്നില്ല, ലക്ഷണങ്ങള്‍ക്കായിരുന്നു. ഉദാരീകരണം ഇടത്തരക്കാരനെ നേരിട്ട് ബാധിച്ചപ്പോള്‍ അത് പൊതു ചര്‍ച്ചയും വിവാദവും പ്രതിഷേധവും ആയിയെന്നതാണ് പുതുതായുണ്ടായ മാറ്റം. അതാണ് ഇപ്പോഴുയരുന്ന പ്രതിഷേധ ബഹളങ്ങളുടെ കാതല്‍. ഇടത്തരക്കാരിലെ മേല്‍തട്ടുകാരനും അതിനുമുകളിലെ സമ്പന്നനും ഇത് ബാധിക്കാതെ നോക്കേണ്ടതും ഇത്തരക്കാരുടെ വര്‍ഗ താല്‍പര്യങ്ങളുടെ സംരക്ഷകരായ മാധ്യമങ്ങളുടെ ബാധ്യതയാണല്ലോ?
വിലക്കയറ്റത്തിനെതിരെ വലിയ പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നു. ദേശീയ തലത്തില്‍ ബി.ജെ.പിയാണ് സമരം നയിക്കുന്നത്. കേരളത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ഇടതുപക്ഷവും പ്രതിപക്ഷത്തിരിക്കുന്ന സൌകര്യം ഉപയോഗിച്ച് വലതുപക്ഷവും സമരത്തിലുണ്ട്. അധികാരത്തിലേറിയപ്പോഴെല്ലാം കോണ്‍ഗ്രസിനേക്കാള്‍ വലിയ വാശിയോടെ ഉദാരവല്‍കരണം നടപ്പാക്കിയവാരാണ് ബി.ജെ.പി. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കാന്‍ മാത്രം ഒരു വകുപ്പും അതിനൊരു മന്ത്രിയും അക്കാലത്തുണ്ടായിരന്നു. കേരളത്തിലെ ഇടതുസര്‍ക്കാറിന്റെ നയങ്ങളുടെ പൊതുസ്വഭാവവും ഈ ദിശയില്‍ നിന്ന് വലിയ തോതില്‍ വേറിട്ടുനില്‍ക്കുന്നില്ല. താരതമ്യേന മെച്ചമെന്ന ആശ്വാസം മാത്രം. അതുകൊണ്ടുതന്നെ ഇവരുടെ പ്രതിഷേധവും പരിഹാരവും യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കില്ലെന്ന് വ്യക്തമാണ്.
എന്താണ് പ്രശ്നത്തിന്റെ മര്‍മമെന്ന് ഭരണകൂടത്തിന് നന്നായറിയാം. ഉദാരീകരണത്തിന്റെ ഉസ്താദായി അറിയപ്പെടുന്ന മന്‍മോഹന്‍ സിംഗിന് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുള്ള വിവരങ്ങളുമുണ്ട്. വില നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച പ്രധാനമന്ത്രി, വിലവര്‍ധന തടയാന്‍ ചില്ലറ വില്‍പന രംഗത്ത് മല്‍സരം ശക്തമാക്കണമെന്നാണ് നിര്‍ദേശിച്ചത്. ഉല്‍പാദനത്തില്‍ കുറവുണ്ടായത് ഇതിനെ ബാധിച്ചു. ഭക്ഷ്യ ദൌര്‍ലഭ്യവും കാരണമായതായും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ധനകാര്യ ഉപദേഷ്ടാക്കളും ഇത് തന്നെ പറയുന്നു. ക്ഷാമം മുന്‍നിറുത്തിയുള്ള ഇറക്കുമതി നയം വേണം, ഉല്‍പാദനക്ഷമത കുറയുന്നത് തടയണം. കാര്‍ഷിക തകര്‍ച്ചയും വിലക്കയറ്റത്തിന് കാരണമാകുന്നുവെന്നും അവര്‍ പറയുന്നു.
എന്നാല്‍ കൃത്യതയോടെ പ്രശ്നത്തെ സമീപിക്കുന്നവര്‍ തന്നെ പരിഹാരങ്ങള്‍ പറയുമ്പോള്‍ ഇതൊന്നുമറിയാത്തവരെപ്പോലെയാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. ജനിതക മാറ്റം വരുത്തിയ വിത്തുകളാണ് ധനകാര്യ ഉപദേഷ്ടാക്കളുടെ ഉപായം. ചില്ലറ രംഗത്തെ മല്‍സരം പറയുന്ന മന്‍മോഹനാകട്ടെ ഈ മേഖലയില്‍ കുത്തകവല്‍കരണം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രസംഗിക്കുന്നത്. എഫ്.സി.ഐ പ്രവര്‍ത്തനം മരവിപ്പിച്ചതോടെ കര്‍ഷകര്‍ക്കും സംഭരണത്തിനുമിടയില്‍ ഇടനിലക്കാര്‍ വന്നു. ഇവിടെയും കുത്തകകളുണ്ടായി. വിലക്കയറ്റത്തിന്റെ ഗുണംപോലും ഇതോടെ കര്‍ഷകര്‍ക്ക് കിട്ടാതായി. ഉല്‍പാദനം കുറഞ്ഞതില്‍ ഇത് മുഖ്യകാരണമാണ്. കയറ്റുമതി വ്യാപകമായപ്പോഴും ഗുണം കിട്ടിയത് ഇടനിലക്കാരനുതന്നെ. കടുത്ത വറുതിക്കിടയിലും ഇറക്കുമതിക്ക് ഒരുകുറവുമുണ്ടായുമില്ല. പഞ്ചസാരയുടെ കഥ നല്ല ഉദാഹരണമാണ്. ആഭ്യന്തര വിപണിയില്‍ വിലയിടിഞ്ഞപ്പോള്‍ കയറ്റിയയച്ചു. ഇതോടെ വിലയുയര്‍ന്നു. അപ്പോള്‍ ഇറക്കുമതിയായി. രണ്ട് സന്ദര്‍ഭത്തിലും നേട്ടം ഇടനിലക്കാര്‍ക്ക്. മറ്റാരോ നിയന്ത്രിക്കുന്ന നയങ്ങളാണ് ഇവിടെ നടപ്പാകുന്നതെന്ന് സാധാരണക്കാരനും നേരിട്ടറിയുകയാണിപ്പോള്‍.
രൂക്ഷമായ വിലക്കയറ്റത്തിനിടയില്‍ വന്ന ഇത്തവണത്തെ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് ഈ ബാഹ്യ നിയന്ത്രണത്തിന് മികഡചച തെളിവാണ്. വില പിടിച്ചുനിര്‍ത്തുമെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചിട്ടുപോലും ഈ ദിശയില്‍ ചെറുചുവടുപോലുമുണ്ടായില്ലെന്ന് മാത്രമല്ല, അത് രൂക്ഷമാക്കുംവിധം ഇന്ധന വില കൂട്ടുകയും ചെയ്തു. ഇന്ധന വിലവര്‍ധന സൃഷ്ടിച്ച അസാധാരണമായ പ്രതിഷേധത്തിനിടെ തീര്‍ത്തും ജനവിരുദ്ധമായ ഉദാരീകരണ നയങ്ങള്‍ ചര്‍ച്ചയായുമില്ല. വന്‍കിട കമ്പനികള്‍ക്ക് വാരിക്കോരിയാണ് ആനുകൂല്യങ്ങള്‍ നല്‍കിയത്. വ്യവസായ ഭീമന്‍മാര്‍ക്ക് മൂന്നര ലക്ഷം കോടിയുടെ പാക്കേജ്. ഭരണച്ചിലവില്‍ ഒരു കുറവുമില്ല. കാര്‍ഷിക വായ്പയുടെ ഗുണം ഈ രംഗത്തെ കോര്‍പറേറ്റുകളുടെ കൈകളിലേക്ക് തിരിച്ചുവിട്ടു. പൊതു വിതരണം തകര്‍ക്കുന്ന പദ്ധതി പ്രത്യക്ഷത്തില്‍ തന്നെ ഏര്‍പെടുത്തി. ബജറ്റിന് പിന്നാലെ വേറെയും തീരുമാനങ്ങള്‍ വന്നു. രാജ്യത്തുണ്ടാകുന്ന പുതിയ നിയമങ്ങളും അന്താരാഷ്ട്ര കരാറുകളും ഉദാരീകരണത്തിന് ശക്തിപകരുന്നുണ്ട്. ജി.എം ഭക്ഷ്യവിളകള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ തടവും പിഴയും നിര്‍ദേശിക്കുന്ന തരം നിയമങ്ങള്‍ വരെയുണ്ടാകുന്നു. ആസിയാന്‍ കരാറിന്റെ നടുക്കം നമ്മെ വിട്ടുമാറിയിട്ടില്ല.
ആഗോളവല്‍കരണമാണ് വിപ്ലവമെന്ന് വിശ്വസിച്ചിരുന്ന ഇടത്തരക്കാര്‍ക്കുപോലും കാര്യങ്ങള്‍ കൈവിട്ടുപോയി എന്ന് മനസ്സിലായി തുടങ്ങി എന്നതാണ് വിലക്കയറ്റം സൃഷ്ടിച്ച ഗുണപരമായ മാറ്റം. ഈ തിരിച്ചറിവില്‍ നിന്ന് പുതിയ തിരുത്തലുകള്‍ ഉണ്ടായാല്‍ അടുത്ത തലമുറക്കെങ്കിലും അതിജീവിക്കാനാകും. നവ ലിബറല്‍ സാമ്പത്തിക നയം തിരുത്തുക മാത്രമാണ് അതിനുള്ള പരിഹാരം.

(സോളിഡാരിറ്റി പത്രിക)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...