Wednesday, April 27, 2011

ഇന്റര്‍നെറ്റില്‍ സിനിമ; പൊലീസ് കര്‍ശന നടപടിക്ക്



കൊച്ചി: പുതിയ സിനിമകള്‍ റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്നത് സംബന്ധിച്ച് പൊലീസ് കര്‍ശന നടപടിക്ക്. ഇതിന് സിനിമാ പ്രവര്‍ത്തകരെക്കൂടി ഉള്‍പ്പെടുത്തി ഉന്നതതല യോഗം ഈ മാസം 28ന് കൊച്ചിയില്‍ ചേരും. വ്യാജ സീഡി നിര്‍മാണവും വിതരണവും ഇത്രയും കാലം വീഡിയോ പൈറസി ആക്ടില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയതെങ്കില്‍ പുതിയ സാഹചര്യത്തില്‍ ഐ.ടി ആക്ടില്‍ കൂടി ചേര്‍ത്ത് വിപുലീകരിക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെടുന്ന സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പോലും ക്രിമിനല്‍ കുറ്റമായി പരിഗണിക്കാനാണ് തീരുമാനമെന്ന് ഡി.ഐ.ജി എസ്.ശ്രീജിത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ബോധവത്കരണം നടത്താന്‍ കൂടി ഉദ്ദേശിച്ചാണ് ഉന്നതതല യോഗം. സിനിമാ നിര്‍മാതാക്കളെയും ടെക്‌നിക്കല്‍ ജീവനക്കാരെയുംകൂടി ഉള്‍പ്പെടുത്തും. വ്യാജ സീഡി നിര്‍മാണവുമായി ബന്ധപ്പെട്ട കണ്ണികള്‍ തന്നെയാണ് പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. ഇതിലേറെയും തിയറ്ററുകളില്‍വെച്ച് തന്നെ രഹസ്യമായി പകര്‍ത്തപ്പെടുന്നതാണെന്നാണ് കരുതുന്നത്. അടുത്ത ദിവസം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമയില്‍ തിയറ്ററിലെ ആരവങ്ങള്‍ കേട്ടെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ ചൂണ്ടിക്കാട്ടി. തിയറ്ററില്‍ കാം കോഡുകള്‍ എന്ന ചെറുകാമറകള്‍ ഉപയോഗപ്പെടുത്തി പകര്‍ത്തിയശേഷം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇത്തരം കാമറകള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന സിനിമകളാണ് ഏതാനും വര്‍ഷങ്ങളായി വ്യാജ സീഡികളായി പ്രത്യക്ഷപ്പെടുന്നത്. സിനിമ അപ്‌ലോഡ് ചെയ്താല്‍ പണം വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് സൈറ്റുകളും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സിനിമാ മേഖലയിലുള്ളവര്‍ക്കുതന്നെ ഇതില്‍ പങ്കുണ്ടെന്ന സംശയവും വ്യാപകമാണ്. ചില താരങ്ങളുടെ സിനിമകള്‍ പരാജയപ്പെടുത്താന്‍ വേറെ ചില താരങ്ങള്‍ പണം മുടക്കുന്നതായും സംശയങ്ങളുമുണ്ട്. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമ 43 സൈറ്റുകളിലാണ് പ്രത്യക്ഷപ്പെട്ടത്. പല സൈറ്റിലും ബന്ധപ്പെട്ടവര്‍ ഡിലീറ്റ് ചെയ്‌തെങ്കിലും വീണ്ടും കൂടുതല്‍ സൈറ്റുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടു. ഉറുമി, ആഗസ്റ്റ് 15, ഡബിള്‍സ് സിനിമകളും ഇത്തരത്തില്‍ നിരവധി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു. 'പ്രാഞ്ചിയേട്ടന്‍' കേബഌലൂടെ സംപ്രേഷണം ചെയ്തിന് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം നടപടി എടുക്കാനാണ് തീരുമാനമെന്ന് ഡി.ഐ.ജി ശ്രീജിത്ത് പറഞ്ഞു. സിനിമാ ലോകത്തെ ഇളക്കി മറിച്ച 'അവതാര്‍' സിനിമയുടെ വ്യാജ സീഡികള്‍ സിനിമ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ മുംബൈയില്‍ ലഭ്യമായത് ബന്ധപ്പെട്ടവരെ ഞെട്ടിച്ചിരുന്നു. അന്ന് മുതലാണ് ശക്തമായ പ്രതിരോധ നടപടികളുമായി സിനിമാ ലോകം മുന്നിട്ടിറങ്ങിയത്. മോസര്‍ ബെയര്‍, യു.ടി.വി, എം.പി.എ, റിലയന്‍സ് എന്നീ വന്‍കിട നിര്‍മാതാക്കള്‍ 50 ലക്ഷം വീതം മുടക്കി വ്യാജ സീഡി നിര്‍മാണത്തിനെതിരെ സംവിധാനമുണ്ടാക്കിയെങ്കിലും ഫലപ്രദമായില്ലെന്നാണ് പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. അപ്രതീക്ഷിത റെയ്ഡുകള്‍ നടത്തിയും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചുമാണ് ഇവര്‍ സംവിധാനം ഒരുക്കിയത്. സിനിമ റിലീസ് ചെയ്ത് 100 ദിവസം തികയും മുമ്പുതന്നെ ഒറിജിനല്‍ സീഡി പുറത്തിറക്കിയും വ്യാജ സീഡി പ്രതിരോധത്തിനായി ശ്രമിക്കുന്നുണ്ട്. ഇതിനെയും കടത്തിവെട്ടിയാണ് ഇപ്പോള്‍ റിലീസ് ദിവസം തന്നെ സീഡിയും ഇന്റര്‍നെറ്റിലും പുതിയ സിനിമ പ്രചരിക്കപ്പെടുന്നത്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വ്യാജ സീഡി നിര്‍മാണം ഗുണ്ടാനിയമത്തിന്റെ പരിധിയിലാണ്്. ഇതുപോലുള്ള നിയമം കേരളത്തിലും വേണമെന്നാണ് ആവശ്യം.

(മാധ്യമം/എം.ഷറഫുല്ലാഖാന്‍/http://www.madhyamam.com/news/73046/110426)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...