Thursday, September 29, 2011

സൈക്കിളില്‍ പോയാല്‍ കിട്ടുന്ന വിവരങ്ങള്‍

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എങ്ങനെയാണ് വി.എസ് അച്യുതാനന്ദന്‍ ഇത്രയേറെ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് കേരളമാകെ ഏറെക്കാലമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന രഹസ്യമാണ്. ഇന്നലെ നിയമസഭയില്‍ മുസ്ലിം ലീഗ് അംഗം പി.കെ ബഷീര്‍ തന്നെ അത് വെളിപ്പെടുത്തി: 'നേരം വെളുക്കുമ്പം തന്നെ എറങ്ങും. ഒരു സൈക്കിളെടുത്ത് ഒരാളെ പിന്നാലെ കൂടിയാല്‍ അയാളെപ്പറ്റി പറയാന്‍ ഇഷ്ടം പോലെ കിട്ടും. അതാരായാലും കിട്ടും. ആര്‍ക്കും കിട്ടും. ആരാന്റെ കുട്ടിക്കാകുമ്പോള്‍ നല്ല രസമാണ്. സ്വന്തം കുട്ടിക്കായാല്‍ എടങ്ങേറ് മനസ്സിലാകും.'
പി.സി വിഷ്ണുനാഥില്‍ നിന്നാകണം ബഷീര്‍ ഈ രഹസ്യം പഠിച്ചത്. കാരണം സര്‍ക്കാര്‍ മാറിയ ശേഷം വിഷ്ണുനാഥ് പുതിയ സൈക്കിള്‍ വാങ്ങിയിട്ടുണ്ട്. ആ സൈക്കിള്‍ ദിവസവും രാവിലെ മുതല്‍ ഓടുന്നത് പ്രതിപക്ഷ നേതാവിന്റെയും മകന്റെയും പിന്നാലെയാണ്. പുതിയ സഭയുടെ ആദ്യ സമ്മേനത്തില്‍ തന്നെ അതിന്റെ ഫലം കണ്ടു. എന്നിട്ടും വിഷ്ണുനാഥ് ഓട്ടം നിറുത്തിയിട്ടില്ല. ഐ.സി.ടിയെ പറ്റി പറയാന്‍ പാടില്ലെങ്കില്‍ കഥകള്‍ വേറെയുണ്ട്. ഇത്തവണ, രണ്ടെണ്ണമാണ്. രണ്ടിലും വിജിലന്‍സ് അന്വേഷണമാണ് ആവശ്യം. സംസ്ഥാന ഡാറ്റ സെന്റര്‍ റിലയന്‍സിന്റെ കൈവശമെത്തിച്ചതിന് പിന്നില്‍ അന്ന് വി.എസ് അച്യുതാനന്ദന്‍ ഭരിച്ച ഐ.ടി വകുപ്പ് വഴിവിട്ട് പ്രവര്‍ത്തിച്ചതാണൊന്ന്. മറ്റൊന്ന് സെര്‍ട്ട്^കെയുടെ (കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം^കേരള) ഡയറക്ടറെ തിടുക്കപ്പെട്ട് നിയമിച്ചത്. തീര്‍ന്നില്ല, ഇപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ താമസിക്കുന്നത് ആക്കുളം കായല്‍ കയ്യേറ്റത്തിന് ലോകായുക്തയില്‍ കേസ് നേരിടുന്നയാളുടെ വീട്ടിലാണത്രെ. ഐ.സി.ടിയിലെ മകന്റെ നിയമനത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതായും വിഷ്ണുനാഥ് വെളിപ്പെടുത്തി: 'റൂളിംഗ് വിലക്കുള്ളതിനാല്‍ അതൊന്നും പറയുന്നില്ല.' വ്യവസായ വകുപ്പ് ഒരു സൈക്കിള്‍ കൂടി സ്പോണ്‍സര്‍ ചെയ്താല്‍ ഭരണം ഇതിലേറെ സുഗമമാകും.
ഇത്തരം വിലക്കൊന്നും പക്ഷെ ഇടതുപക്ഷത്തിന് ബാധകമല്ല. സഭാസമിതി അന്വേഷിക്കുന്ന വിഷയത്തില്‍ സഭയില്‍ ചര്‍ച്ചയേ പാടില്ലെന്ന് വാദിച്ച് സ്പീക്കറുടെ ഉത്തരവ് വാങ്ങിയവര്‍, ഇന്നലെ പാമോയില്‍ കേസിലെ കോടതി നടപടികളെ പറ്റിയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. 'ഈ ഇരട്ടത്താപ്പ് ജനം കാണുന്നുണ്ടെന്ന്' ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചപ്പോള്‍ അടിയന്തിര പ്രമേയത്തിലെ ആവേശം ചോര്‍ന്നു. അല്ലെങ്കിലും ഇടതുപക്ഷമായതിനാല്‍ ഇത്തരം ചില പ്രത്യയശാസ്ത്രപരമായ അവകാശങ്ങളവര്‍ക്കുണ്ട്. അതേതൊക്കെയെന്ന് അറിയണമെങ്കില്‍ പി.ശശിയെ പറ്റി ആരെങ്കിലും പറയണം. അല്ലെങ്കില്‍ ഗോപി കോട്ടമുറിക്കലിനെപ്പറ്റി. സി.കെ.പി പത്മനാഭനെപ്പറ്റിയായാലും മതി. ഇത്തരം അസംബന്ധങ്ങള്‍ പറയാനുള്ള സ്ഥലമല്ല നിയമസഭയെന്ന് ഇന്നലെ ഇ.പി ജയരാജന്‍ ക്രമപ്രശ്നം വഴിയാണ് പ്രഖ്യാപിച്ചുകളഞ്ഞത്. 'സംബന്ധവും അസംബന്ധവും ജയരാജന്‍ തീരുമാനിക്കുന്നതിനേക്കാള്‍ വലിയ അസംബന്ധം ഇല്ലെന്നാ'യിരുന്നു ഇതിന് കെ. ശിവദാസന്‍ നായരുടെ അടിക്കുറിപ്പ്. എല്ലാ സംസ്ഥാനത്തും ഡി.എന്‍.എ ടെസ്റ്റ് നേരിടുന്ന നേതാക്കളുടെ ചാരിത്യ്രത്തെപ്പറ്റി പറയിപ്പിക്കരുതെന്ന് കെ.കെ ജയചന്ദ്രന്‍ ഓര്‍മിപ്പിച്ചതോടെ കോണ്‍ഗ്രസുകാരുടെ നാവടങ്ങി. പി.സി ജോര്‍ജിന്റെ വായടക്കാന്‍ 'ശിഖണ്ഡി' പുരാണവും ജയചന്ദ്രന്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് സിം കാര്‍ഡ് കൊടുത്തത് വരെയുള്‍പെട്ട നുറുദിന പരിപാടിയില്‍ നിന്ന് വിട്ടുപോയ ഏതാനും ഐറ്റങ്ങള്‍ സാജുപോള്‍ ചൂണ്ടിക്കാട്ടി: 'മോഹന്‍ലാല്‍ 300 സിനിമ തികച്ചു. സലിംകുമാര്‍ ദേശീയ പുരസ്കാരം നേടി. 12 ഇനം തവളയെ കണ്ടെത്തി.' ഇത് കേട്ടതിനാലാകണം, ഈ പരിപാടികള്‍ കൊണ്ടാന്നും വികസനത്തിന്റെ പരിപ്രേക്ഷ്യമായില്ലെന്ന് പ്രൊഫ. സി രവീന്ദ്രനാഥ് കാര്യകാരണ സഹിതം സമര്‍ഥിച്ചു. ദീര്‍ഘകാല പദ്ധതി വേണമെന്ന് വാദിച്ച പ്രൊഫസര്‍ അതിന് ഭരണമാറ്റം പാടില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. രവീന്ദ്രനാഥിനെപ്പോലെ ഗൌരവത്തില്‍ സംസാരിച്ച എം. ഹംസക്കും സി. മമ്മുട്ടിക്കും ഇ. ചന്ദ്രശേഖരനും അര്‍ഹിക്കുന്ന ഗൌരവത്തില്‍ മന്ത്രിമാര്‍ മറുപടിയും പറഞ്ഞു. തോമസ് ഐസകിന്റേതായിരുന്നു മറ്റൊരു സുപ്രധാന മറുപടി. വിജലന്‍സ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന ശിവദാസന്‍ നായരുടെ ആരോപണത്തില്‍ ഐസക് വിശദമായി മറുപടി നല്‍കി. ഒടുവില്‍ 'വിജിലന്‍സിനെക്കാട്ടി' പേടിപ്പിക്കരുതെന്ന് ' മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി'ക്ക് ഭീഷണിയും. തൃശൂരിലെ വ്യാപാരിയുടെ പ്രശ്നമായിട്ടും വ്യാപാരി വ്യവസായി നേതാവായ ഇ.പി ജയരാജന്‍ ഇതില്‍ ഒട്ടും താല്‍പര്യം പ്രകടിപ്പിച്ചില്ല.
'അധ്വാന വര്‍ഗ സിദ്ധാന്തം' വഴി കമ്യുണിസ്റ്റുകാരെ ഞെട്ടിച്ച കെ.എം മാണി, ലോക മുതലാളിത്തത്തിനും വലിയ ഭീഷണിയാണെന്ന് തെളിയിച്ചാണ് ഇന്നലെ ധാഭ്യര്‍ഥന ചര്‍ച്ച അവസാനിച്ചത്. കമ്യൂണിസ്റ്റുകാര്‍ 'ഒരിക്കലും മാറാത്ത നവ യാഥാസ്തികരായ മൌലിക വാദികളാ'ണെന്നാണ് മാണിസാറുടെ പുതിയ സിദ്ധാന്തം. ഈ 'നിയോ കണ്‍സര്‍വേറ്റിസ'ത്തെപ്പറ്റി പഠിക്കാവുന്ന പുസ്തകമേതെന്ന് തോമസ് ഐസക് സംശയിച്ചു. ഉടന്‍ വന്നു മറുപടി: 'ഓരോ വാക്കും ഓരോരുത്തര്‍ കണ്ടെത്തുന്നതാണ്. ഇത് കെ.എം മാണിയുടെ വകയാണ്. ഇന്ന് മുതല്‍ ഇത് ലോക ചരിത്രത്തിലുണ്ടാകും.' കേരള കോണ്‍ഗ്രസിന്റെ ഉദാര ജനാധിപത്യത്തിന് ശേഷവും ചരിത്രം അവസാനിക്കില്ലെന്ന് ഇതോടെ ഉറപ്പായി. ഫ്രാന്‍സിസ് ഫുകുയാമ പാലായില്‍ വന്ന് ട്യൂഷന്‍ ക്ലാസിന് ചേരേണ്ടി വരും.

(30...10...11)

തറവാട്ടുസ്വത്തിലെ അവകാശത്തര്‍ക്കങ്ങള്‍


കൈയ്യേറ്റഭൂമിയാണെങ്കിലും ഏറെക്കാലം കൈവശംവച്ചാല്‍ പിന്നെ കൈവശാവകാശം കൊടുക്കുമെന്നതാണ് കേരള ഭൂ വിനിമയങ്ങളിലെ നടപ്പുരീതി. ശെകവശാവകാശം കിട്ടിയാല്‍ തന്നെ സവിശേഷ അധികാരങ്ങളുണ്ടാകും. പാരമ്പര്യമായി പിന്തുടര്‍ച്ചാവകാശവും കിട്ടും. കേരള രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാര്‍ട്ടികള്‍ക്കും കിട്ടിയിട്ടുണ്ട് ഇങ്ങനെ ചില കൈവശാവകാശങ്ങള്‍. മലപ്പുറം ജില്ല അത്തരത്തിലൊന്നാണ്. അധികാരി മുസ്ലിം ലീഗും. ഒരു കൈയ്യേറ്റത്തിന് സി.പി.എം ശ്രമിച്ചെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. അതിന്റെ കെറുവ് ബാക്കികിടക്കുന്നുണ്ട്. ഇതിനിടയിലാണ് ചവറയിലെ കൈവശാവകാശിയായ ആര്‍.എസ്.പി മലപ്പുറത്ത് കൈവക്കാന്‍ ശ്രമിച്ചത്. അതോടെ സഭ ബഹളമയമായി. ആഭ്യന്തര വകുപ്പിന്റെ ചര്‍ച്ചയായിട്ടും വരണ്ടുണങ്ങിക്കിടന്ന സഭാതലം പെട്ടെന്ന് പ്രക്ഷുബ്ദവും സജീവവുമായി. അതില്‍ പിന്നെ അവകാശത്തര്‍ക്കം അരങ്ങുതകര്‍ക്കുകയും ചെയ്തു. രണ്ട് വട്ടം ഇറങ്ങിപ്പോയും ചോദ്യോത്തര സമയത്ത് തന്നെ ബഹളം വച്ചും പ്രതിപക്ഷം വീറുകാട്ടുകയും ചെയ്തു.
മൂന്ന് മാസത്തിനിടെ കുത്തനെ കൂടിയ കുറ്റകൃത്യങ്ങളുടെ കണക്കായിരുന്നു കോവൂര്‍ കുഞ്ഞിമോന്റെ വിഷയം. ഇതില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യം മലപ്പുറത്താണത്രെ. 'മലപ്പുറമെന്നാല്‍ ഖുര്‍ആന്‍ പറഞ്ഞുനടക്കുന്ന അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ ജില്ല' എന്ന് പ്രത്യേകം വിശദീകരിക്കുകയും ചെയ്തു. ഇതില്‍ പുതിയ കൈയ്യേറ്റം മണത്ത ലീഗ് അംഗങ്ങള്‍ അത്യുച്ചത്തില്‍ ബഹളവുമായി ചാടിപ്പുറപ്പെട്ടു. ഒരു ജില്ലയെയും ഒരു വിശ്വാസത്തെയും ഒരു മത ഗ്രന്ഥത്തെയും അപമാനിച്ചുവെന്ന് വരെ ക്രമപ്രശ്നമായി. മലപ്പുറത്തെ പറ്റി പറഞ്ഞാല്‍ അതെങ്ങനെ മത വിഭാഗത്തെയാകുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടു. മതം പിടിച്ച് രാഷ്ട്രീയം പറഞ്ഞവരെ പ്രതിരോധിക്കരുതെന്ന് തിരിച്ച് ഉമ്മന്‍ചാണ്ടിയും. ഇതിനിടയിലാണ് പി. ശ്രീരാമകൃഷ്ണന്റെ കാതലായ ചോദ്യം: 'മലപ്പുറം ജില്ല ആരുടെയെങ്കിലും തറവാട്ട് സ്വത്താണോ?'
വായില്‍ തോന്നിയത് കുഞ്ഞുമോന് പാട്ടാണെന്ന് മറുപടി പറഞ്ഞു തുടങ്ങിയ എം.എ വാഹിദ് തിരിച്ച് സി.പി.എമ്മിന്റെ തറവാട്ടു സ്വത്തില്‍ അവകാശവാദമുന്നയിച്ചു. ഫാസിസം പരിശീലിക്കാന്‍ എസ്.എഫ്.ഐക്ക് പാര്‍ട്ടി വിട്ടുകൊടുത്ത തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജാണ് വാഹിദിന്റെ ഉന്നം: 'അത് സാമൂഹ്യ വിരുദ്ധരുടെ താവളമാക്കി. അവിടെ മൂരിക്കുട്ടന്‍മാരെ ഇറക്കിയിരിക്കുന്നു. പെരുമ്പാമ്പിനെ കാട്ടി കുട്ടികളെ വിരട്ടുന്നു. യൂണിയന്‍ ഓഫീസ് ആയുധപ്പുരയാണ്. ജയരാജ മൂര്‍ത്തികളേക്കാള്‍ ഭീകരരായ മൂരിക്കുട്ടന്‍മാരാണവിടെ. തലസ്ഥാന നഗരിയില്‍ അവരുടെ രാഷ്ട്രീയ റൌഡിസമാണ്. ഗുണ്ടാനിയമത്തില്‍ അറസ്റ്റിലായവര്‍ വരെയുണ്ടവിടെ. കാമ്പസില്‍ കമ്യൂണിസ്റ്റുകാരുടെ സ്വേച്ഛാധിപത്യമണ്.' തറവാട്ടുസ്വത്തിലേക്കുള്ള വാഹിദിന്റെ കൈയ്യേറ്റ ശ്രമത്തിനെതിരെ അധികാരികള്‍ ചാടിയിറങ്ങി. വീണ്ടും ബഹളവും ക്രമപ്രശ്നവും മറുപടിയും. പറഞ്ഞതൊന്നും തിരുത്തില്ല എന്ന് വാഹിദ് തീര്‍ത്ത് പറഞ്ഞു. ശ്രീരാമകൃഷ്ണന് ബദലായി അപ്പോള്‍ ഷാഫി പറമ്പില്‍ ചോദ്യവുമുന്നയിച്ചു.
ഇരുകൂട്ടരും പ്രത്യയശാസ്ത്രപരമായി തന്നെ പാരമ്പര്യ സ്വത്താക്കി വച്ച രണ്ട് അവകാശങ്ങളാണ് അഴിമതി വിരോധവും കോടതി ബഹുമാനവും. കോടതിയെ ബഹുമാനിക്കല്‍ കോണ്‍ഗ്രസിന് മാത്രമായി ഇനി കിട്ടില്ലെന്ന് ഇടതുപക്ഷം സഭയില്‍ രണ്ടാം ദിവസവും തെളിയിച്ചു. ചീഫ് വിപ്പ് നല്‍കിയ കേസിന്റെ മറുവശത്ത് ഉമ്മന്‍ചാണ്ടിയുടെ തലയാണെന്ന് ഇ.എസ് ബിജിമോള്‍ ചൂണ്ടിക്കാട്ടി. ഇനിയിവിടെ വിജിലന്‍സിന്റെ ആവശ്യം തന്നെയില്ലെന്ന് കോടിയേരി ബാലകൃഷ്ണനും. സി.കെ നാണു മുതല്‍ വി ശിവന്‍കുട്ടി വരെ ഇക്കാര്യത്തില്‍ ആത്മാര്‍ഥത കാട്ടി. അഴിമതി വിരോധം സി.പി.എം തറവാട്ടുപേരില്‍ ചേര്‍ക്കണ്ട എന്നായിരുന്നു ഇന്നലെയും ഡി.എഫ് നിലപാട്. സ്വന്തം മകനെ വഴിവിട്ട് നിയമിച്ചവര്‍ അഭിസാരികയുടെ ചാരിത്യ്ര പ്രസംഗമാണ് നടത്തുന്നതെന്ന് ബെന്നിബഹനാന്‍ പറഞ്ഞു. സഭാസമിതി അന്വഷണം നടക്കുന്ന ഐ.സി.ടി വിഷയം ചര്‍ച്ച ചെയ്യരുതെന്ന് എസ്.ശര്‍മ അതിന് തടസ്സ റൂളിംഗ് വാങ്ങി. മന്ത്രിപുത്രന്‍മാരുടെ തട്ടിപ്പ് ബന്ധങ്ങള്‍ അന്വേഷിക്കണമെന്ന് ഹൈബി ഈഡന്‍ വാദിച്ചു. വി.എസും പിണറായിയും കാരാട്ടും ചേര്‍ന്ന് സി.പി.എമ്മിനെ തകര്‍ക്കുന്നുവെന്ന് ടി.എ അഹമ്മദ് കബീറും.
ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ഭരണപക്ഷത്തിന് മികച്ച ഉപദേശം നല്‍കിയത് സി. ദിവാകരനാണ്: 'നിങ്ങള്‍ ഭരണത്തിന്റെ അഹങ്കാരം കാണിക്കരുത്'. അഹങ്കാരം എങ്ങനെ കാണിക്കാമെന്ന് അറിയാത്തവര്‍ക്ക് വേണമെങ്കില്‍ ട്യൂഷന്‍ ക്ലാസ് കൊടുക്കാന്‍ തന്നെ പ്രാപ്തനാണെങ്കിലും ഇപ്പോള്‍ ദിവാകരന്‍ വിനീതനാണ്. അഹങ്കാരിയെന്ന ആക്ഷേപം ഭയന്ന് സ്വന്തം മണ്ഡലത്തിലെ ആശുപത്രിയില്‍ മരുന്നുണ്ടോയെന്ന് അന്വേഷിക്കുന്നതുവരെ ഉപേക്ഷിച്ച നേതാവാണ്. ബഹുമാനിക്കാത്തയാളുടെ മുഖത്തടിച്ച പഴയ മന്ത്രിയെ പറ്റി ബെന്നി ബഹനാനും കണ്ണടച്ച് പാലുകുടിക്കുന്ന കമ്യൂണിസ്റ്റുകാരെപ്പറ്റി തോമസ് ഉണ്ണിയാടനും ആക്ഷേപിച്ചിട്ടും എതിര്‍ത്തൊരു വാക്കുപോലും പറഞ്ഞുമില്ല. അത്രയേറെയാണ് വിനയം.

(madhyamam....29...09...11)

Wednesday, September 28, 2011

ലിയാങ്ക് വെങ്കണും ആലപ്പുഴയിലെ സായിപ്പും

കോടീശ്വരനായ പി.കെ കുഞ്ഞാലിക്കുട്ടിയെ ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറൊയിലെടുക്കാമെന്ന് കെ.എന്‍.എ ഖാദറിന് നല്ല ബോധ്യമുണ്ട്. അതത്രക്കങ്ങ് തെളിച്ച് പറഞ്ഞില്ലെങ്കിലും അതിനാവശ്യമായ സൈദ്ധാന്തിക വാദങ്ങളെല്ലാം ധനാഭ്യര്‍ഥന ചര്‍ച്ചയുടെ ആദ്യ ദിവസം തന്നെ അദ്ദേഹം മുന്നോട്ടുവച്ചു. റിട്ടയേര്‍ഡ് കമ്യൂണിസ്റ്റുകാരനായതിനാല്‍ തെളിവ് സഹിതമായിരുന്നു വാദം: '46,000 കോടി ആസ്തിയുള്ള കോടീശ്വരന്‍ ലിയാങ്ക് വെങ്കണെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ എടുത്തിരിക്കുന്നു. ഇങ്ങനെ കോടീശ്വരന്‍മാരെ നേതാക്കളാക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുമുണ്ട്. ഇത് കണ്ടുപഠിച്ച് കേരളത്തിലെ പാര്‍ട്ടി നന്നാകണം.' വിവാദങ്ങള്‍ കേരളത്തില്‍ നഗറ്റീവ് എനര്‍ജിയുണ്ടാക്കുന്നു എന്ന ഊര്‍ജശാസ്ത്രവും വികസന നയങ്ങള്‍ നിശ്ചയിക്കാന്‍ പ്രതിപക്ഷത്തെ കൂടി ഉള്‍പെടുത്തിയ സ്ഥിരം സമിതിയെന്ന സാമൂഹ്യ ശാസ്ത്രവും തുല്ല്യ പ്രാധാന്യത്തോടെ ഖാദര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ സഹകരിക്കാവുന്ന മേഖലകളായി ഖാദര്‍ നിര്‍ദേശിച്ച ഐ.ടി, ടൂറിസം എന്നിവയില്‍ സി.പി.എമ്മിനും താല്‍പര്യമുണ്ട്. ലിയാങ്ക് വെങ്കണോളമില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയും കോടീശ്വരന്‍ തന്നെയാണെന്ന് സര്‍ക്കാര്‍ ഔദ്യാഗികമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. അപ്പോള്‍ ഇനി പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുകയേ വേണ്ടൂ. എല്ലാം അലിഞ്ഞൊന്നാകുക തന്നെ ചെയ്യും.
ഈ സഹകരണത്തിന്റെ ലക്ഷണങ്ങള്‍ ചര്‍ച്ചയിലുടനീളം കണ്ടുതുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്, ലീഗ് അംഗങ്ങളെല്ലാം ലക്ഷ്യമിട്ടത് വി.എസ് അച്യുതാനന്ദനെ മാത്രം. സി.പി.എമ്മുകാരെല്ലാം ഇതിനോട് സഹകരിച്ചോ എന്ന് സഭയില്‍ മുഴുവന്‍ സമയമിരുന്നവര്‍ സംശയിച്ചുപോകുകയും ചെയ്യും. പാമോയിലും പി.സി ജോര്‍ജുമെല്ലാം പറഞ്ഞെങ്കിലും ചര്‍ച്ച തുടങ്ങിയ ഇ.പി ജയരാജന്‍ ഊന്നിയത് സര്‍ക്കാറിന്റെ 'സെക്ടേറിയന്‍' നയങ്ങളിലാണ്. പ്രതിപക്ഷത്തെ ഒട്ടും സഹകരിപ്പിക്കുന്നില്ല. ദല്‍ഹിക്ക് പോകുമ്പോള്‍ പോലും കൂടെ വിളിച്ചില്ല. ഇത്രയും സെക്ടേറിയനായ ഭരണം ജയരാജന്‍ വേറെ കണ്ടിട്ടുമില്ലത്രെ. ഇക്കാര്യത്തില്‍ ജയരാജന് പറയാന്‍ പറ്റാത്തത് കെ. മുരളീധരന്‍ പൂരിപ്പിച്ചു: 'പാര്‍ട്ടിക്കകത്തെ എതിരാളികളെ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന അച്യുതാനന്ദന്‍ സ്വന്തം കാര്യത്തിന് വേണ്ടി ഭരണം നടത്തിയയാളാണ്. മക്കളുടെ അഴിമതി വന്നപ്പോള്‍ നാവുപൂട്ടി. ഗ്രൂപ്പ് മാറിയപ്പോള്‍ കിടപ്പുമുറിയില്‍ ഒളികാമറ വച്ചു. ലൈഫ് ബോയ് പരസ്യം പോലെ എവിടെ ബ്രാഞ്ച് സമ്മേളനമുണ്ടോ അവിടെയെല്ലാം അടി എന്നായി കാര്യങ്ങള്‍.'
വി.എസ് വിമര്‍ശത്തില്‍ മുസ്ലിം ലീഗുകാര്‍ പ്രത്യേക ഗവേഷണം തന്നെ നടത്തുന്നുണ്ടെന്ന് പി. ഉബൈദുല്ലയും അബ്ദുറഹ്മാന്‍ രണ്ടത്താണിയും അടിവരയിട്ടു. അമ്പലപ്പുഴയിലെ ഐ.ടി നിക്ഷേപത്തെ പറ്റി ഹൈപിച്ചില്‍ നടത്തിയ സ്റ്റഡീ ക്ലാസായിരുന്നു രണ്ടത്താണി സ്പെഷല്‍. സി.എഫ് തോമസും സണ്ണിജോസഫും പാലോട് രവിയും ഇവര്‍ക്കൊപ്പം നിന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവും ക്ഷുഭിതനായി കാണപ്പെട്ടത് സി.പി മുഹമ്മദായിരുന്നു. 15 മിനിട്ട് നീണ്ട പ്രസംഗത്തില്‍ അച്യുതാനന്ദ അധിക്ഷേപമൊഴികെ മറ്റൊന്നും പറയാതിരിക്കാന്‍ സി.പി മുഹമ്മദ് പ്രത്യേകം ശ്രദ്ധിച്ചു. വി.എസിനെ ശല്ല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നുവരെ സി.പി. മുഹമ്മദ് നിര്‍ദേശിച്ചു. ആത്മരോഷത്താല്‍ കലിതുള്ളിയ സി.പിയെ കണ്ടവര്‍ എം.എല്‍.എ ഏതോ കേസില്‍ കുടുങ്ങിയോയെന്ന് വരെ സംശയിച്ചുപോയി. അവസാനം അച്യുതാനന്ദന്‍ പ്രസംഗിച്ചപ്പോഴാകട്ടെ അടിക്കടി ബഹളവും വാക്കേറ്റവുമായി. ഭരണപക്ഷം അലമ്പുണ്ടാക്കുന്നുവെന്ന് പ്രതിപക്ഷം മൂന്നുവട്ടം ബഹളം വച്ചു.
കേസ് നടത്തുന്ന കാര്യത്തില്‍ വി.എസിനെപ്പോലെ തന്നെയാണ് പി.സി ജോര്‍ജും. ഭരണപക്ഷത്തെ ശല്ല്യക്കാരനായ വ്യവഹാരി. അതുകൊണ്ടാകണം പ്രതിപക്ഷ പ്രസംഗകരെല്ലാം ശ്രദ്ധിച്ചത് ഈ ശല്ല്യക്കാരനിലായിരുന്നു. കാളക്കൂറ്റന്‍ പിഞ്ഞാണക്കടയില്‍ കയറിയ പേലെയാണ് പി.സി ജോര്‍ജെന്ന് പി. തിലോത്തമന്‍. ഇല്ലാത്ത വാറിന്റെ വല്ലാത്ത ജാഡയാണ് ചീഫ് വിപ്പിനെന്ന് മാത്യു ടി തോമസ്. ആരാണീ കാളയുടെ ഉടമസ്ഥനെന്നും ആരിതിന് മുക്കുകയറിടുമെന്നും പി. ശ്രീരാമകൃഷ്ണന്‍.
എന്നാല്‍ ജോര്‍ജിനെ ഒഴിവാക്കിയ ജി. സുധാകരന്‍ ഭരണബഞ്ചില്‍ കയറി നിരങ്ങി. ഒരുമൂക്കുകയറുമില്ലാത്ത അശ്വമേധം. ഓരോ മന്ത്രിയെയും പേരെടുത്ത് പറഞ്ഞ് മാര്‍ക്കിട്ടു സുധാകരന്‍. ഈ മൂല്യനിര്‍ണയത്തില്‍ പക്ഷെ കൂട്ടത്തോല്‍വിയാണ് ഫലം. ഒടുവില്‍ സ്വന്തം കവിതയും. അതുകൂടി കേട്ടതാടെ ഭരണപക്ഷം അക്ഷരാര്‍ഥത്തില്‍ തളര്‍ന്നു. ഇങ്ങനെ വിധി പറയാനുള്ള വിവരം സുധാകരന് കിട്ടിയത് ആലപ്പുഴ കടപ്പുറത്തുനിന്നാണ്. അവിടെ കണ്ടുമുട്ടിയ ഒരു സായിപ്പ് പറഞ്ഞത്രെ: ഏത് സമയത്തും തകര്‍ന്നുവീഴാവുന്ന സര്‍ക്കാറാണിത്. ഫ്യൂഡല്‍ സ്വഭാവമുണ്ട്. ഡിസാസ്റ്ററസ്. ഡേഞ്ചറസ്. ഡാംഡ് ആന്റ് ഡൂംഡ്.' ഇനി തോമസ് ഐസക് സൂക്ഷിക്കണം; സുധാകരനും സായിപ്പുമായി സംബന്ധം തരപ്പെട്ടിരിക്കുന്നു.

(28...09...11, madhyamam)

Tuesday, September 27, 2011

പാമോലിനില്‍ വഴുതി, സ്തംഭനം

ഭരണം മാറിയതിന്റെ ഹാങ്ഓവര്‍ പ്രതിപക്ഷത്തിനിനിയും മാറിയിട്ടില്ല. അല്ലെങ്കില്‍ സഭക്കകത്ത് എങ്ങനെ നീങ്ങണമെന്ന പാഠം പഠിച്ചുകഴിഞ്ഞിരിക്കില്ല. ഇതുരണ്ടുമുണ്ടെങ്കില്‍ തന്നെ അക്കാര്യങ്ങളൊന്നും പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുമില്ല. എത്രയാവേശത്തോടെ വന്നാലും ഇടക്കാകെ ആശയക്കുഴപ്പമാകും. വീര്യം ചോരും. ഒടുക്കം മെനക്കെട്ട് തടിയൂരും. ആദ്യ സമ്മേളനകാലത്തെ ഈ പതിവ് പരിഹരിച്ച് കുടുതല്‍ മികവിത്തവണ കാട്ടുമെന്ന പ്രതീക്ഷ രണ്ടാം സഭാസമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രതിപക്ഷം തകര്‍ത്തുകളഞ്ഞു. പാമോലിന്‍ പോലെ ആളിക്കത്തുന്ന വിഷയമായിട്ടും സഭാതലത്തില്‍ പ്രതിപക്ഷം തളര്‍ന്നു. അസമയത്തിടപെട്ട വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷത്തെയാകെ അങ്കലാപ്പിലുമാക്കി. എന്നാലുമൊടുവില്‍, സഭ സ്തംഭിപ്പിച്ച് രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മുഖം തുറക്കാന്‍ അവര്‍ക്കായി.
പ്രക്ഷുബ്ദമായ രാഷ്ട്രീയ കാലാവസ്ഥയില്‍ സഭയും ഇളകിമറിയുമെന്ന പ്രതീക്ഷ ശരിവക്കുംവിധാമായിരുന്നു സമ്മേളനം തുടങ്ങിയ ആദ്യ മണിക്കൂറില്‍ തന്നെ പ്രതിപക്ഷ നീക്കം. ചീഫ് വിപ്പിനെതിരെ പ്ലക്കാര്‍ഡുകളുമായാണ് അവര്‍ വന്നത്. ചോദ്യോത്തര സമയമയത്തേ ബഹളം തുടങ്ങി. ഐസ്ക്രീം ചോദ്യങ്ങളൊഴിവാക്കി എന്നാരോപിച്ചായിരുന്നു തുടക്കം. ശൂന്യവേളയില്‍ പാമോലിന്‍ വിവാദം വന്നു. പതിവ് തെറ്റിച്ച് കോടിയേരി ബാലകൃഷ്ണന് 23 മിനിട്ട് സമയം സ്പീക്കര്‍ നല്‍കി. 'നാളെ ആരൊക്കെ ഏത് കേസില്‍ പെടുമെന്ന് ആര്‍ക്കുമറിയില്ല. അതിനാല്‍ അങ്ങേക്കുകൂടി സഹായകരമായ വിവരങ്ങളാണ് പറയുന്നത്. അതിനാല്‍ കുറച്ചുകൂടി സമയം അനുവദിക്കണം' എന്നുവരെ കോടിയേരി പറഞ്ഞുവെങ്കിലും പ്രസംഗംത്തില്‍ രണ്ട് ആവശ്യമേ ഉന്നയിച്ചുള്ളു: പി.സി ജോര്‍ജിനെ പുറത്താക്കുക, ഉമ്മന്‍ചാണ്ടി രാജിവക്കുക. എന്നാല്‍ പി.സി ജോര്‍ജന്റെ കത്തിനപ്പുറം ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആദ്യ പ്രതികരണം. പിന്നെ പതിവുപോലെ ചോദ്യോത്തരം. പ്രതിപക്ഷത്തെ ചോദ്യങ്ങളില്‍ കുരുക്കി നിര്‍വീര്യമാക്കുന്ന ചാണ്ടി സൂത്രത്തില്‍ ഒരിക്കല്‍കൂടി പ്രതിപക്ഷം വീഴുന്നതാണ് പിന്നെ സഭ കണ്ടത്. ടി.എച്ച് മുസ്തഫയുടെ വിടുതല്‍ ഹരജി ഭരണപക്ഷം ബഹളം വച്ച് കോടിയരിയെക്കൊണ്ട് വായിപ്പിച്ചതോടെ ആ പതനം പൂര്‍ണമായി. അപ്പോഴേക്കും തര്‍ക്കം ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു.
പൊടുന്നനെയായിരുന്നു വി.എസ് അച്യുതാനന്ദന്റെ വരവ്. താനിവിടെയിരിക്കുമ്പോള്‍ ഉപനേതാവ് ചര്‍ച്ച നയിക്കുന്നോ എന്ന മട്ടിലൊരു ഇടിച്ചുകയറ്റം. കോടിയേരി അടക്കം പ്രതിപക്ഷമാകെ അതുകണ്ട് അമ്പരന്നു. ചോദ്യം ചോദിക്കാനെന്നു പറഞ്ഞ് എഴുനേറ്റ വി.എസ് പക്ഷെ പ്രസംഗിക്കാന്‍ എഴുതിത്തയാറാക്കിയ കുറിപ്പ് വായിക്കാന്‍ തുടങ്ങി. അതുപറ്റില്ലെന്ന് സ്പീക്കര്‍ വിധി പറഞ്ഞു. വാക്കൌട്ട് പ്രസംഗം വായിക്കുന്നുവെന്ന് ഭരണനിരയുടെ പരിഹാസവും ബഹളവും. എന്തുചെയ്യണമെന്നറിയാതെ പ്രതിപക്ഷ നിരയാകെ ആശയക്കുഴപ്പത്തിലും. ഒടുവില്‍ ക്ഷുഭിതനായി സ്പീക്കര്‍ സീറ്റില്‍ നിന്ന് ഏഴുനേല്‍ക്കുക വരെ ചെയ്തു. ഏറെനേരത്തേ തര്‍ക്കങ്ങള്‍ക്ക് ശേഷം വി.എസ് അച്യുതാനന്ദന്‍ ഇരുന്നു. ഉടന്‍ വന്നു ഉമ്മന്‍ചാണ്ടിയുടെ ബാക്കി ചോദ്യങ്ങള്‍. പിന്നാലെ കോടിയേരിക്കും വി.എസിനുമായി ഉപസംഹാരവും: 'ലാവ്ലിന്‍ കേസില്‍ വിധി പറഞ്ഞ ജഡ്ജിയെ പ്രതീകാത്മകമായി നാടുകടത്തിയവരാണ് നിങ്ങള്‍. ആ ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ചട്ടം മറികടന്ന് ശിപാര്‍ശ നല്‍കിയയാളാണ് തൊട്ടടുത്ത്. ഇതാണ് ജുഡീഷ്യറിയോടുള്ള ബഹുമാനം'
നേരത്തെ തെറ്റിവായിച്ച പ്രസംഗം വീണ്ടും വായിക്കാനുള്ള അച്യുതാനന്ദന്റെ ഊഴമായിരുന്നു പിന്നെ. അപ്പോഴേക്കും പിരിമുറുക്കമയഞ്ഞ് സഭാതലം സൌഹൃദാന്തരീക്ഷത്തിലേക്ക് മാറുന്നുമുണ്ടായിരുന്നു. ആവേശം കെട്ടടങ്ങിയ മട്ടില്‍ പ്രതിപക്ഷത്ത് നിരാശ കണ്ടുതുടങ്ങിയപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കായി പലയിടത്തായി കൂട്ടം കൂടി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഉല്‍സവ പറമ്പിലെ അനൌണ്‍സ്മെന്റുപോലെ അന്തരീക്ഷത്തില്‍ അലിഞ്ഞു. അപ്പോള്‍ വീണ്ടും സ്പീക്കര്‍ ക്ഷുഭിതനായി. യു.പി സ്കൂള്‍ കുട്ടികളെപ്പോലെ പെരുമാറരുതെന്ന് ശാസിച്ചാണ് ആ ബഹളമടക്കിയത്.
ഇറങ്ങിപ്പോകാതെ വി.സ് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ വീണ്ടും പ്രതിപക്ഷം മുഖാമുഖം നോക്കി. ഉടന്‍ സി. ദിവാകരന്‍ മൈക്കെടുത്തു. ഇറങ്ങിപ്പോകുന്നുവെങ്കില്‍ മാത്രം പ്രസംഗിച്ചാല്‍ മതിയെന്ന് സ്പീക്കറും. 'എന്നാല്‍ ആയിക്കോളൂ' എന്ന് പിന്‍നിരയോട് വി.എസ് തലയാട്ടി. അതോടെ അവര്‍ നടുത്തളത്തിലിറങ്ങി. ഒരുതണുപ്പന്‍ സ്തംഭനത്തിന് അതോടെ തുടക്കമായി. ഒന്നരമണിക്കൂറിന് ശേഷം പുനരാരംഭിച്ച സഭയിലും അവര്‍ നടുത്തളത്തില്‍ തന്നെ നിന്നു. ഒടുവില്‍ സഭ സ്തംഭിപ്പിച്ചെന്ന പ്രതിപക്ഷ സന്തോഷത്തോടെ ഒന്നാം ദിവസം പിരിഞ്ഞു.
ഇത്രയൊക്കെ സഭ ബഹളമയമായിട്ടും പി.സി ജോര്‍ജ് പരമശാന്തനും നിശãബ്ദനുമായി കാണപ്പെട്ടു. പറയാനുള്ളതെല്ലാം എഴുതി തരാമെന്ന് ബഹളത്തിനിടയില്‍ വിശദീകരിക്കുക മാത്രം ചെയ്തു. പിന്നെയും മൌനം. അസാധാരണമായ സംയമനം. പി.സി ജോര്‍ജിന്റെ ഈ മാറ്റത്തിന് കാരണം കോടിയേരി പറഞ്ഞതാകണം: 'മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരാള്‍ കയറിയിരുന്നു. അതുപോലെയുള്ള ആളാണോ പി.സി ജോര്‍ജ്? ചീഫ് വിപ്പല്ലേ?' അതെ. പൂഞ്ഞാറിലെ വെറും പൌരന്‍മാര്‍ക്കുമിപ്പോള്‍ എന്തൊരു പക്വതയാണ്!

madhyamam...27...09...11)

Thursday, September 22, 2011

അസാധാരണ സമരവീര്യം; കേരളത്തിനും കരുതല്‍ (കൂടംകുളം-3)

കൂടംകുളത്തേക്കുള്ള വഴികളെല്ലാം 12 ദിവസമായി പോലിസ് നിയന്ത്രണത്തിലാണ്. പുറംലോകത്തുനിന്ന് ഇവിടേക്കെത്താവുന്ന മൂന്ന് റോഡുകളിലെ ബസ് സര്‍വീസ് 25 കിലോമീറ്ററകലെ വച്ച് പോലിസ് തടഞ്ഞിരന്നു. സ്വകാര്യ വാഹനങ്ങള്‍ക്കുപോലും കര്‍ശന നിയന്ത്രണം. എന്നിട്ടും സമരത്തിനൊരു തളര്‍ച്ചയുമുണ്ടായില്ല. എന്നല്ല, ദിവസവും അത് കുടുതല്‍ രൂക്ഷമാകുകയും ചെയ്തു. ഈ വഴികള്‍താണ്ടിയെത്തുന്നവരെ സമര ഭൂമിയിലെത്തിക്കാന്‍ നാട്ടുകാര്‍ സദാ സന്നദ്ധരാണ്. സമരത്തെ അനുകൂലിക്കുന്ന ആരെയും അവരേറ്റെടുക്കും. റോഡില്‍ കാണുന്നവരോട് വഴി ചോദിച്ചാല്‍ മറുപടിക്കൊപ്പം അത്യാവേശത്തോടെ അവര്‍ നിലപാടും പറയും: 'ഞങ്ങളും സമരത്തിലാണ്.'
ഇവര്‍ക്കിത് വെറും സമരമല്ല. നിത്യജീവിതം അടിമുടി നിശ്ചലമാക്കിയാണവര്‍ പോരാട്ടത്തിനിറങ്ങിയത്. മല്‍സ്യത്തൊഴിലാളികള്‍ വള്ളവും ബോട്ടും കരക്കുകയറ്റി. കര്‍ഷകര്‍ പണിയായുധം ഒതുക്കി. കച്ചവടക്കാര്‍ കടകള്‍ പൂട്ടി. വിദ്യാര്‍ഥികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ചു. ആരാധനാലയങ്ങള്‍ സമരകേന്ദ്രങ്ങളായി. മൂന്ന് ജില്ലകളിലെ ഗ്രാമങ്ങളില്‍ കല്ല്യാണവും ശവസംസ്കാരവും വരെ സമരപ്പന്തലിലെ പരിപാടികള്‍ക്കനുസരിച്ച് നിശ്ചയിക്കുന്നു. ഈ ഗ്രാമീണ ജനത അത്രമേല്‍ ഈ സമരത്തെ ചുമലിലേറ്റിയിരിക്കുന്നു. ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് വഴങ്ങുകയല്ലാതെ സര്‍ക്കാറിനും മറ്റുവഴികളില്ലായിരുന്നു.
തുടക്കത്തില്‍ സമരത്തെ തള്ളിയ മുഖ്യമന്ത്രി ജയലളിത പിന്നീട് ചര്‍ച്ചക്ക് തയാറായതും അതുകൊണ്ട് തന്നെ. പ്ലാന്റ് പൂട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് ഉറപ്പും കൊടുത്തു. എന്നാല്‍ ഈ വാര്‍ത്തകേട്ടിട്ടും സമരപ്പന്തല്‍ ഒഴിഞ്ഞിട്ടില്ല. ചര്‍ച്ചക്ക് പോയവര്‍ തിരിച്ചെത്തിയ ശേഷം അക്കാര്യം തീരുമാനിക്കാമെന്നാണ് അവരുടെ നിലപാട്. ഇന്ന് നിരാഹാരം അവസാനിപ്പിച്ച് മറ്റുസമരങ്ങള്‍ തുടരാനാണ് സമിതി ആലോചിക്കുന്നത്. അതിനും പക്ഷെ ഈ നാട്ടുകാരുടെ സമ്മതം വേണം.
നിരാഹരം കിടക്കുന്ന 127 പേര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ദിവസവും 15,000ഓളം പേര്‍ ഉപവാസത്തിനായി എത്തുന്നത്. തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലെ 60ഓളം ഗ്രാമങ്ങളില്‍നിന്നായിരുന്നു ഇവരെത്തിയത്. ഗ്രാമങ്ങള്‍ മാറിമാറിഇതില്‍ പങ്കെടുത്തു. സമരപ്പന്തലിന് ഉള്‍കൊള്ളാനാകുംവിധം സംഘാടകര്‍ തന്നെ വരുത്തിയ ക്രമീകരണമായിരുന്നു ഇത്. എന്നാല്‍ ഏറ്റവുമടുത്ത ഗ്രാമങ്ങളായ കൂത്തങ്കളി, തോമയാര്‍പുരം, കൂട്ടപ്പള്ളി, പെരുമണല്‍, വൈറാവി തുടങ്ങിയ ഗ്രാമങ്ങള്‍ ദിവസവും രാവിലെ ഇവിടെ എത്തും. വൈകുന്നേരം അഞ്ച് മണിവരെ ഉപവാസം. പുന്നക്കായല്‍ മുതല്‍ തുടപ്പുള്ളി വരെയുള്ള 120 കിലോമീറ്റര്‍ പ്രദേശത്ത് ഇവര്‍ മല്‍സ്യബന്ധനം നിര്‍ത്തിവച്ചു. 20 കിലോമീറ്റര്‍ പരിധിയില്‍ മുഴുവന്‍ കടകളും അടച്ചിട്ടു. വീടുകളില്‍ കരിങ്കൊടി കെട്ടി. ചില ഗ്രാമങ്ങള്‍ റേഷന്‍ കാര്‍ഡ് സര്‍ക്കാറിന് തിരിച്ചുകൊടുത്തു. തെരുവിലും കടവരാന്തകളിലും തീരത്തുമെല്ലാം കൂട്ടംകൂടിയിരിക്കുന്നവരുടെ വാക്കിലും പ്രതിഷേധം തന്നെ. ഇടിന്തരകരയിലെ സമരപ്പന്തലില്‍ മാത്രമല്ല, അക്ഷരാര്‍ഥത്തില്‍ നാടാകെ സമരം. സമരത്തെ സാമ്പത്തികമായി നിലനിര്‍ത്തിയതും ഈ ഗ്രാമങ്ങള്‍ ശേഖരിച്ചെത്തിക്കുന്ന പണമാണ്. ദൂരദിക്കുകളില്‍നിന്നുപോലും അവര്‍ സ്വയം ഓടിയെത്തിയതും സ്വന്തം ചിലവില്‍.
പന്തലില്‍ നിറയെ സ്കൂള്‍ യൂണിഫോമിട്ട കുട്ടികളുണ്ട്. നിരാഹരം തുടങ്ങിയത് മുതല്‍ ഇവരിവിടെ ദിവസവുമെത്തുന്നു. സ്വയം ക്ലാസുകള്‍ ബഹിഷ്കരിച്ചിറങ്ങിയതാണവര്‍. ബാഗും പുസ്തകക്കെട്ടുമായി വീട്ടില്‍നിന്നവര്‍ സമരപ്പന്തലിലേക്കാണ് വരുന്നത്. കുടംകുളം, കൂട്ടപ്പള്ളി, കൂത്തങ്കളി, തോമയാര്‍പുരം, ഓവറി, മണപ്പാട്, ആളന്തലൈ, അമലൈ നഗര്‍ എന്നിവിടങ്ങളിലെ 12 സ്കൂളുകള്‍ ഇന്നുവരെ പ്രവര്‍ത്തിച്ചിട്ടില്ല. അധ്യാപകര്‍ ഒപ്പിട്ട് മടങ്ങുന്നു. പ്രദേശത്തെ ഏക കോളജിലും കുട്ടികള്‍ കയറുന്നില്ല.
സമരം നടക്കുന്നത് ഇടിന്തകരെ ലൂര്‍ദ് ചര്‍ച്ച് മുറ്റത്താണ്. ഈ മുറ്റം അവസാനിക്കുന്നത് വിനായകര്‍ കോവില്‍ മുറ്റത്തും. ഈ പ്രദേശത്തെ എല്ലാ മതകേന്ദ്രങ്ങളും സമരത്തില്‍ തന്നെയാണ്. സമരം റിലേ നിരാഹാരമാക്കാന്‍ ഇടക്ക് സമരസമിതി ആലോചിച്ചു. എന്നാല്‍ അത്തരമൊരു ഇളവ് വേണ്ടെന്ന് ജനങ്ങളൊന്നടങ്കം വാശിപിടിച്ചതോടെ സംഘാടകര്‍ക്ക് പിന്‍മാറേണ്ടിവന്നു. സമരം മറ്റിടങ്ങളിലേക്കും പടരുകയാണ്. കന്യാകുമാരി, തൂത്തുക്കുടി ജില്ലകളില്‍ പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ വഴിതടഞ്ഞു. പലസമയത്തായി ഇത് പലയിടത്തും ആവര്‍ത്തിക്കുന്നു. ഗ്രാമീണ നിഷ്കളങ്കതയുടെ സ്വാഭാവിക വീറും വാശിയുമാണ് ഈ സമരത്തിന്റെ കരുത്ത്.ഈ സമരവീര്യത്തിന് മുന്നില്‍ മുട്ടുമടക്കുകയല്ലാതെ സമസ്ഥാന സര്‍ക്കാറിനും മറ്റ് വഴികളില്ലായിരുന്നു.
പ്ലാന്റ തമിഴ്നാട്ടിലാണെങ്കിലും ഇതിന്റെ അപകട ഭീഷണയില്‍ കേരളത്തിനും തുല്ല്യ സാധ്യതയാണ്. സ്വാഭാവിക വികിരണം പോലും തിരുവനന്തപുരം ജില്ലയിലെ പ്രദേശങ്ങളില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പ്രൊഫ. എസ്.പി ഉദയകുമാര്‍ പറയുന്നു. 'വലിയ അപകടമുണ്ടായാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ അത് കവര്‍ന്നെടുക്കും. അതിനാല്‍ ഞങ്ങളുടെ ഈ സമരം കേരളത്തിനുകൂടി വേണ്ടിയാണ്. കേരളത്തിലെ ഈ മൂന്ന് ജില്ലകളിലെ കലക്ടര്‍മാര്‍ക്കും സമിതി കത്തയച്ചിരുന്നു. ആരും ഇതേപറ്റി ബോധവാന്‍മാരല്ല എന്നാണ് മനസ്സിലാകുന്നത്. ഒരു സുരക്ഷാ മുന്‍കരുതലും എവിടെയുമില്ല. കേരളീയര്‍കൂടി ഈ സമരത്തില്‍ പങ്കാളികളാകണം. കേരളത്തില്‍ നിന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷനും ഇവിടെ വന്നിരുന്നു. എന്നാല്‍ ഇതുപോലൊരു ജനമുന്നേറ്റം അവിടെയും ആവശ്യമാണ്. ഫുകുഷിമ ദുരന്തം കൂടംകുളത്തിന്റെ കാര്യത്തില്‍ കേരളത്തിന് നല്ല പാഠമാണ്. 5000 മൈല്‍ ദൂരെ വരെ വികിരണമുണ്ടായതായാണ് റിപ്പോര്‍ട്ട്. 130 കിലോമീറ്റര്‍ അകലെയും പ്ലാന്റിനകത്തും ഒരേ അളവില്‍ വികിരണം സംഭവച്ചു' ^ഉദയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.
സോളിഡാരിറ്റിക്കും മത്സ്യത്തൊഴിലാളി ഫെഡറേഷനും ഏതാനും ആക്ടിവിസ്റ്റുകള്‍ക്കുമപ്പുറം, വരാനിരിക്കുന്ന വന്‍ദുരന്തം കേരളീയര്‍ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. നിത്യവൃത്തി നിറുത്തിവച്ച്, മക്കളുടെ പാഠപുസ്തകം പൂട്ടിവച്ച്, കടകള്‍ക്ക് താഴിട്ട്, പട്ടിണികിടന്നാണ് ഇവിടെ തമിഴ് ജനത വരുംതലമുറകള്‍ക്കായി സ്വജീവിതം സമര്‍പിക്കുന്നത്. ലോകമാകെ നിരാകരിക്കുന്ന ആണവ മോഹങ്ങള്‍ക്കെതിരെ ഈ മല്‍സ്യത്തൊഴിലാളികള്‍ പ്രകടിപ്പിക്കുന്ന പ്രതിബദ്ധതക്കൊപ്പമെത്താന്‍ പ്രബുദ്ധ മലയാളിക്ക് ഇനിയുമായിട്ടില്ല. ആണവ ദുരന്തത്തിന്റെ വ്യാപ്തി തെളിയിച്ച ഫുകുഷിമക്ക് ശേഷവും.

(madhyamam 22...09...11)

Wednesday, September 21, 2011

നുണകളില്‍ പടുത്തുയര്‍ത്തിയ ആണവ നിലയം (കൂടംകുളം-2)

ഇടിന്തകരെയിലെ സമരപ്പന്തലില്‍ ശനിയാഴ്ച ഉച്ചക്കെത്തിയ ഒരു ഡി.എം.കെ നേതാവ് പ്രസംഗം അവസാനിപ്പിച്ചതിങ്ങനെ: 'ഈ സമരത്തെ പിന്തുണച്ച കലൈഞ്ജറെ യേശുവിനെപ്പോലെ കാണണം. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ അദ്ദേഹം എവിടെയും ഓടിയെത്തും.' പറഞ്ഞുതീരും മുമ്പ് സദസ്സും നിരാഹാരക്കാര്‍ കിടക്കുന്ന വേദിയും ഇളകി. ആണവ നിലയമുണ്ടാക്കുന്ന കേന്ദ്രത്തിനൊപ്പം ഭരിക്കുകയും ഇവിടെ വന്ന് ന്യായം പറയുകയും ചെയ്യുന്നോ എന്നായിരുന്നു അവരുടെ ചോദ്യം. പ്രതികരണം ബഹളത്തിലേക്ക് നീങ്ങുന്നതിനിടെ സംഘടാകരിലൊരാള്‍ മൈക്കെടുത്തു. പോകാനൊരുങ്ങിയ ഡി.എം.കെ നേതാവിനെ തടഞ്ഞുനിര്‍ത്തി: 'ഇവിടെ പറഞ്ഞതെല്ലാം കലൈഞ്ജറോട് നേരിട്ട് പറയണം. എന്നിട്ട് മന്‍മോഹനോട് പറഞ്ഞ് ഈ ആണവ നിലയം പൂട്ടിക്കണം. നിങ്ങളും കൂടിയാണല്ലോ അവിടെ ഭരിക്കുന്നത്.' ഏതെങ്കിലും കക്ഷിയോട് മാത്രമല്ല ഈ കാര്‍ക്കശ്യം. വരുന്നവരെല്ലാമിങ്ങനെ ജനങ്ങളുടെ പോരാട്ട വീര്യം നേരിട്ടറിയുന്നു. മരണമുഖത്തെത്തിയ ഗ്രാമീണ ജനതയുടെ അതിജീവന സമരത്തിന്റെ അവസാന ചുവടില്‍ അനിവാര്യമായ തീഷ്ണതയാണിത്. ആണവാനുകൂലികള്‍ കൂടംകുളത്തിന് വേണ്ടിയുയര്‍ത്തുന്ന വാദങ്ങള്‍ പൊള്ളയാണെന്ന തരിച്ചറിവുകൂടി ഈ കാര്‍ക്കശ്യത്തിന് പിന്നിലുണ്ട്. അക്കാദമിക വൈദഗ്ദ്യമില്ലാത്ത നിഷ്കളങ്കരായ ഗ്രാമീണര്‍ ആണവ വാദികളുടെ വ്യാജ ന്യായങ്ങള്‍ക്ക് പോലും അക്കമിട്ട് മറുപടി പറയാന്‍ തുടങ്ങിയിരിക്കുന്നു.
ഊര്‍ജോല്‍പാദനത്തിന്റെ കൂറ്റന്‍ അക്കങ്ങളാണ് എല്ലാകാലത്തും ആണവാനുകൂലികളുടെ തുറുപ്പുചീട്ട്. ഇന്ത്യന്‍ അനുഭവങ്ങളെല്ലാം ഇത് നിരാകരിക്കുമ്പോഴും വീണ്ടും വീണ്ടുമവര്‍ നുണകള്‍ ആവര്‍ത്തിക്കും. കൂടംകുളത്തും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ റിയാക്ടര്‍ സ്ഥാപിക്കാന്‍ വഴിയൊരുക്കിയത് തന്നെ നുണക്കഥകള്‍ മെനഞ്ഞും വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കിയുമാണ്. 1998ല്‍ സര്‍ക്കാര്‍ നടത്തിയ പരിസ്ഥിതി ആഘാത പഠനത്തില്‍ പദ്ധതി പ്രദേശത്തിന് ഏറ്റവുമടുത്ത 15 കിലോമീറ്റര്‍ ചുറ്റളവില്‍ 10,000ല്‍ താഴെ ജനങ്ങളേയുള്ളൂ എന്നായിരുന്നു 'കണ്ടെത്തിയത്' എന്ന് എം. പുഷ്പരയാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പച്ചക്കള്ളമായിരുന്നു. ഇടിന്തകരെ മാത്രം 400 വര്‍ഷം പഴക്കമുള്ള മല്‍സ്യത്തൊഴിലാളി ഗ്രാമമാണ്. ഒന്നര ലക്ഷം ജനങ്ങളെങ്കിലും ഏറ്റവും ചുരുങ്ങിയതുണ്ടാകും. 30 കിലോമീറ്റര്‍ ആയാല്‍ അത് ദശലക്ഷമടുക്കും. തമിഴ്നാട്ടില്‍ ഏറ്റവുമേറെ ജനസാന്ദ്രതയുള്ള ദക്ഷിണ മേഖലയുമാണിത്. ഇപ്പോള്‍ തന്നെ പദ്ധതി പരിസരത്ത് മീന്‍പിടുത്തം നിരോധിച്ചു. 500 മീറ്ററാണ് പരിധി പറഞ്ഞിരുന്നത് എങ്കിലും ഫലത്തല്‍ കിലോമീറ്ററിലധികം നിരോധമാണ്. കടലില്‍ പട്രോളിംഗിനിറങ്ങുന്ന സൈനികരുമായി സംഘര്‍വും പതിവായി. കൂടുതല്‍ മല്‍സ്യ ലഭ്യതയുള്ള പ്രദേശങ്ങളിലാണ് നിരോധം സംഭവിച്ചത്. കടലില്‍ കമ്പനി സുരക്ഷാ ഭിത്തി കെട്ടി. ഇതോടെ തൊട്ടടുത്ത ഗ്രാമങ്ങളായ കൂത്തങ്കിളി, ഇടിന്തകരെ, ഓവറി തുടങ്ങിയിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ഓവറിയില്‍ 40ല്‍ഏറെ വീടുകള്‍ തകര്‍ന്നു. റോഡ്് കടലെടുത്തു. പള്ളി അപകടാവസ്ഥയിലാണ്.
പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പുറത്തുവിട്ടില്ല. പൊതുജനങ്ങളുടെ പരാതി കേള്‍ക്കാന്‍ തയാറായില്ല. ജനാധിപത്യ വിരുദ്ധമായി അടിച്ചേല്‍പിക്കപ്പെടുകയായിരുന്നു പദ്ധതിയെന്ന് എസ്.പി ഉദയകുമാര്‍ പറയുന്നു. കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്നതായിരുന്നു മറ്റൊരു നുണ. എന്നാല്‍ പദ്ധതിയുടെ 5 കിലോമീറ്റര്‍ പ്രദേശം 1991ല്‍ സംസ്ഥാന സര്‍ക്കാര്‍ അണുവികിരണ മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ കുടിയൊഴിപ്പിക്കല്‍ ഉറപ്പായി. ഇതിനിടെ കൂടംകുളത്ത് നിര്‍മിച്ച സ്കൂളിന്റെ ഒന്നാം നില സുരക്ഷാപ്രശ്നം പറഞ്ഞ് സര്‍ക്കാര്‍ ഇടിച്ചുകളഞ്ഞു. എന്നാല്‍ സൂനാമി ബാധിതരായ 450ഓളം കുടുംബങ്ങളെ പദ്ധതിയുടെ തൊട്ടടുത്ത് പുനരധിവസിപ്പിച്ചു. ഈ വൈരുദ്ധ്യങ്ങള്‍ക്കും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.
ലോ ഗ്രേഡ് അവശിഷ്ടങ്ങളും റിയാക്ടറില്‍ നിന്നുള്ള ചൂടുവെള്ളവും കടലിലേക്കാണ് ഒഴുക്കുന്നത്. ഈ വിവരം പുറത്തുവന്നതോടെ മല്‍സ്യമേഖലയെ പദ്ധതി ബാധിക്കില്ലെന്ന വാദവും ജനം തള്ളി. മൂന്ന് മുതല്‍ ആറുവരെ പ്ലാന്റുകള്‍ക്ക് തീര സംരക്ഷണ നിയമ പ്രകാരം അനുമതി കൊടുക്കില്ലെന്ന് നേരത്തേ മന്ത്രി ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. അപ്പോള്‍ എങ്ങനെ അതേ സ്ഥലത്തുള്ള ഒന്നും രണ്ടും പ്ലാന്റുകള്‍ക്ക് അത് ലഭിച്ചുവെന്ന ചോദ്യമുയര്‍ന്നു. തമിഴ്നാട്ടിലെ തന്നെ കല്‍പാക്കം ആണവ നിലയത്തിന് സമീപത്തെ ഗ്രാമങ്ങളെ കാന്‍സറും മറ്റ് മാരക രോഗങ്ങളും കീഴടക്കുന്നുവെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. കെട്ടിട നിര്‍മാണത്തിലെ വൈകല്യം നാട്ടുകാര്‍ നേരിട്ടറിഞ്ഞതാണ്. പലതവണ അപകടങ്ങളുണ്ടായി. മരണങ്ങളും. കടല്‍തീരത്തെ മണല്‍ ഉപയോഗിച്ച് നിര്‍മിച്ചതിനാലാണിതെന്ന് നാട്ടുകാര്‍ പറയുന്നു.
ആണവ നിലയത്തിലെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കരാറിലും ഇപ്പോള്‍ മാറ്റം വന്നു. നശിച്ചുതീരാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരുന്ന അവശിഷ്ടങ്ങളാണ് ആണവ പദ്ധതിയിലെ ഏറ്റവും അപകടകാരി. ആദ്യ കരാര്‍ പ്രകാരം ഇത് റഷ്യ തന്നെ കൊണ്ടുപോകുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പുതുക്കിയപ്പോള്‍ വേസ്റ്റ് സൂക്ഷിക്കല്‍ ഇന്ത്യയുടെ തന്നെ ബാധ്യതയാക്കി. കല്‍പാക്കത്തെ ഫാസ്റ്റ് ബ്രീഡര്‍ പ്ലാന്റില്‍ ഇതുപയോഗിക്കാമെന്നാണത്രെ പുതിയ വ്യവസ്ഥ. ഇവിടെ ഉപയോഗിച്ചാല്‍ തന്നെ അത് 10 ശതമാനത്തില്‍ അധികം വേണ്ടിവരില്ല. ബാക്കി 90ശതാനത്തിന്റെ കാര്യത്തില്‍ ആര്‍ക്കുമൊരു പിടിയുമില്ല. 2008ല്‍ ഉണ്ടാക്കിയ റഷ്യന്‍ കരാര്‍ പ്രകാരം ദുരന്തമുണ്ടായാല്‍ അതിന്‍െ ഉത്തരവാദിത്തത്തില്‍ നിന്ന് കമ്പനിയില്‍ പങ്കാളിയായ റഷ്യയെ ഒഴിവാക്കുകയും ചെയ്തു.
പ്രകൃതി ദുരന്ത സാധ്യതകളാണ് കൂടംകുളം നേരിടുന്ന വലിയ ഭീഷണി. ഇതിനെതിരെ ബാലിശമായ വാദങ്ങളുമായാണ് സര്‍ക്കാര്‍ രംഗത്തുവന്നത്. 25 അടി ഉയരത്തിലായതിനാല്‍ സൂനാമി ബാധിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി ജയലളിതയുടെ വാദം. 130 അടി ഉയരമുള്ള കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമക്ക് മുകളില്‍ സൂനാമ്മിത്തിര കയറിയത് നേരില്‍ കണ്ടവരോടാണ് മുഖ്യമന്ത്രിയുടെ ഈ വാദം. കുടംകുളമാകട്ടെ ഭൂകമ്പ സാധ്യതാ മേഖലയുമാണ്. 2006ല്‍ ഭൂമി കുലുക്കമുണ്ടായിട്ടുമുണ്ട്. സൂനാമിയും ഭൂകമ്പവും ജപാനിലെ ഫുകുഷിമ ആണവ നിലയത്തിലുണ്ടാക്കിയ ദുരന്തം നാട്ടുകാരെ ഞെട്ടിച്ചു. ഇപ്പോഴത്തെ തീവ്രസമരത്തിലേക്ക് അവരെ നയിച്ചതും ഫുകുഷിമയാണ്. വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ ഹരിപൂര്‍ പദ്ധതി അവസാനിപ്പിച്ചതും കേരളത്തില്‍ ആണവ പദ്ധതി നിര്‍ദേശം തന്നെ ജനകീയ പ്രതിഷേധത്തില്‍ ഉപേക്ഷിച്ചതും അവര്‍ ഇന്ധനമാക്കുന്നു. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ദുരന്തങ്ങള്‍ തലയിലേറ്റാന്‍ തമിഴര്‍ വിധിക്കപ്പെടുന്നതെങ്ങനെയെന്ന ചോദ്യവും ഈ സമരത്തെ അതിതീവ്രതയോടെ മുന്നോട്ടുനയിക്കുന്നതില്‍ സുപ്രധാനമായി മാറിക്കഴിഞ്ഞു. (തുടരും)

(madhyamam 21..09..11)

Monday, September 19, 2011

കൂടംകുളം: അതിജീവനത്തിന് അവസാന ചുവട് (ഭാഗം ഒന്ന്)

ഇടിന്തകരെയിലെ നിരാഹാരസമരത്തിന്റെ ആറാംദിവസം അവശയായി ആശുപത്രിയിലേക്ക് മാറ്റിയ അറുപതുകാരിയായ സില്‍വൈ ലൂര്‍ദ് ബോധംവീണപ്പോള്‍ ചുറ്റുംനിന്നവരോട് പൊട്ടിത്തെറിച്ചു: 'ആരുപറഞ്ഞുനിങ്ങളോട് എന്നെ ആശുപത്രിയിലാക്കാന്‍? ട്രിപ്പ് കയറ്റാന്‍? മതി മരുന്ന്. സമരപ്പന്തലിലേക്ക് തിരിച്ചുപോകണം. ചികില്‍സയും വേണ്ട. മരുന്നും വേണ്ട. പ്ലാന്റ് പൂട്ടുംവരും വരെ അവിടെകിടക്കും. അല്ലെങ്കില്‍ അവിടെക്കിടന്ന് മരിക്കട്ടെ.' കൂറ്റന്‍ കടല്‍ത്തിരകള്‍ക്കെതിരെ തുഴയെറിഞ്ഞും മഴയെത്താത്ത മണ്ണടരുകള്‍ വരെ കൊത്തിക്കിളച്ചും നിത്യജീവിതമൊരുക്കുന്ന തമിഴ്ഗ്രാമീണരുടെ നിശ്ചയദാര്‍ഢ്യമായിരുന്നു ആ ക്ഷോഭമത്രയും. അതിന് മുന്നില്‍ സമര നേതാക്കളുടെ സാങ്കേതിക വാദങ്ങള്‍ അപ്രസക്തമായി. ഒടുവിലവര്‍ വീണ്ടും സമരപ്പന്തലിലെത്തി. കൂടംകുളം ആണവോര്‍ജ പദ്ധതിക്കെതിരെ അവസാന ഘട്ട സമരത്തിനിറങ്ങിയ മൂന്ന് ജില്ലകളിലെ ഗ്രാമീണ ജനതയുടെ സമര വീര്യത്തിന്റെ പ്രതീകങ്ങളിലൊന്നാണ് സില്‍വൈ. ഒരാളല്ല, നാടാകെയിറങ്ങിയിരിക്കുന്നു, ഈ സമരത്തിന്.
മാധ്യമങ്ങളും മധ്യവര്‍ഗ മൊബൈലുകളും ഇന്റര്‍നെറ്റും ചേര്‍ന്നുല്‍സവമാക്കിയ ദല്‍ഹി ഉപവാസങ്ങളുടെ ആഘോഷങ്ങളിവിടെയില്ല. സമരവേദികള്‍ക്കത്ര ഭംഗിയും മുദ്രാവാക്യങ്ങള്‍ക്കതുപേലെ താളവുമില്ല. ഓല കുത്തി മറച്ചും ടര്‍പോളിന്‍ വലിച്ചുകെട്ടിയും തണലൊരുക്കിയിട്ടും ഇളംചൂട് ബാക്കികിടക്കുന്ന കടലോരത്തെ മണല്‍പരപ്പിലിരുന്ന് അവരുയര്‍ത്തുന്ന മുറവിളികളില്‍ പക്ഷെ ദരിദ്ര ജീവിതത്തിന്റെ ചൂടും ചൂരുമുണ്ട്. അതിന്റെ തീവ്രതയും ആവേശവുമുണ്ട്. വീടിന്റെ ഉമ്മറപ്പടിയിലെത്തിയ മഹാദുരന്തത്തെ തടഞ്ഞുനിര്‍ത്താന്‍ ഇതില്‍കുറഞ്ഞൊരു സമരത്തിനുമാവില്ലെന്ന് അവര്‍ക്ക് ബോധ്യമായിരിക്കുന്നു. മൂന്ന് ജില്ലകളില്‍നിന്നായി ദിവസവും സമരപ്പന്തലിലെത്തുന്നത് 15,000ഓളം പേര്‍. സ്വജീവിതം അടിമുടി നിശ്ചലമാക്കിയാണ് അവര്‍ അവസാനവട്ട പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. സമരം നടത്തുന്നവരും നയിക്കുന്നവരും ഇവര്‍തന്നെ. ഇന്ത്യകണ്ട അപൂര്‍വ ആണവവിരുദ്ധ സമരമായി ഇതുരൂപംപ്രാപിക്കുന്നതും ഈ സവിഷേശതകള്‍ കൊണ്ട് തന്നെയാണ്.
കന്യാകുമാരിയില്‍നിന്ന് 35 കിലോമീറ്റര്‍ ദൂരെയുള്ള തിരുനെല്‍വേലി ജില്ലയിലെ കൂടംകുളത്ത് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 1988ലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സാങ്കേതിക വിദ്യക്ക് റഷ്യന്‍ കരാറുണ്ടാക്കി. അന്നുതന്നെ പ്ലാന്റിനെതിരെ പ്രതിഷേധങ്ങളും തുടങ്ങി. വളരെചെറിയ രീതിയില്‍, ഏതാനും വ്യക്തികളും കൂട്ടായ്മകളുമായിരുന്നു അതിന് പിന്നില്‍. തൊട്ടടുത്ത വര്‍ഷം മേധാപട്കര്‍ നയിച്ച സേവ് ലൈഫ് ആന്റ് സേവ് വാട്ടര്‍ കാമ്പയിനില്‍ കൂടംകുളം മുഖ്യവിഷയമായി. 1998ല്‍ പദ്ധതി കരാര്‍ പുതുക്കി. അതോടെ വീണ്ടും സമരമുയര്‍ന്നു. വലിയ പ്രതിഷേധ റാലി നടന്നു. അവിടംതൊട്ട് ഇടക്കിടെ ഇവിടെ സമരങ്ങള്‍ തുടര്‍ന്നു. പദ്ധതി സംബന്ധിച്ച വാര്‍ത്തകള്‍ വരുമ്പോഴേല്ലാം പ്രതിഷേധവുമുരും. പ്രമുഖര്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ അത് രൂക്ഷമായി. ശാസ്ത്രഞ്ജര്‍ മുതല്‍ എ.പി.ജെ അബ്ദുല്‍ കലാമടക്കമുള്ള ഭരണ നേതാക്കള്‍ വരെ ആ പ്രതിഷേധമറിഞ്ഞു.
എട്ട് പ്ലാന്റുകളില്‍ നിന്നായി 8000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതാണ് പദ്ധതി. ഇതില്‍ ഒന്ന് പൂര്‍ത്തിയായി. രണ്ടാമത്തേത് അന്തിമഘട്ടത്തിലാണ്. നാലെണ്ണത്തിന് തീര നിയന്ത്രണ നിയമത്തിന്റെ അനുമതി കിട്ടിയിട്ടില്ല. 6,000 കോടിയാണ് തുടക്കത്തില്‍ പറഞ്ഞ പദ്ധതി ചെലവ്.1998ല്‍ അത് 15,500 കോടിയാക്കി. 13,171 കോടിയെന്ന് 2001ല്‍ മന്ത്രിതല സംഘം പ്രഖ്യാപിച്ചു. ഇതില്‍ 6,775 കോടി ഇന്ത്യന്‍ നിക്ഷേപവും ബാക്കി നാല് ശതമാനം പലിശക്ക് റഷ്യന്‍ വായ്പയും. ഇതേകണക്കുതന്നെയാണോ 2011ലും സര്‍ക്കാര്‍ പറയുന്നതെന്ന് ഇനിയും വ്യക്തമല്ല.
പദ്ധതിയുടെ തുടക്കം തൊട്ടുതന്നെ പ്രതിഷേധവുമുയര്‍ന്നെങ്കിലും ദരിദ്ര ഗ്രാമീണരുടെ നിത്യജീവിതത്തിനുമേല്‍ വളരാന്‍ അതിനായില്ല. തൊഴിലും വെള്ളവും വികസനവും വാഗ്ദാനം ചെയ്ത കമ്പനിയുടെ പ്രലോഭനവും പലയെരും മോഹിപ്പിച്ചു. അതോടെ കടലിനോട് ചേര്‍ന്ന പ്രദേശമായിട്ടും സ്ഥലമെടുപ്പ് സുഗമമായി നടന്നു. തൊണ്ണൂറുകളുടെ മധ്യത്തോടെ മല്‍സ്യത്തൊഴിലാളികള്‍ സമരത്തോടൊപ്പം ചേര്‍ന്നു. മറ്റ് വിഭാഗങ്ങള്‍ അപ്പോഴും മാറിനിന്നു. ഈ വിഭജനത്തില്‍ ജാതിയും പ്രധാന കാരണമായി. പ്രദേശവാസിയായ തമിഴ് മാന്തന്‍, പ്രൊഫ. എസ്.പി ഉദയകുമാര്‍, പുരോഹിതനായിരുന്ന എം. പുഷ്പരായന്‍ എന്നിവരായിരുന്നു തുടക്കം മുതല്‍ പദ്ധതിക്കെതിരെ ബോധവല്‍കരണവുമായി രംഗത്തിറങ്ങിയത്. 1996ല്‍ തമിഴ് മാന്തന്‍, കുടംകുളം ആണവ പദ്ധതി വിരുദ്ധ സമിതിയുണ്ടാക്കി. ഇദ്ദേഹമിപ്പോള്‍ കിടപ്പിലാണ്. ഈ സംഘമാണ് ഇന്ന് സമരം നയിക്കുന്ന പീപ്പിള്‍സ് മൂവ്മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പി.എം.എ.എന്‍.ഇ) ആയി വളര്‍ന്നത്. വിദേശ സര്‍വകലാശാലകളിലടക്കം വിസിറ്റിംഗ് പ്രൊഫസറായ ഉദയകുമാറും ഇപ്പോള്‍ ആണവ വിരുദ്ധ ആക്ടിവിസ്റ്റായ പുഷ്പരായനുമാണ് ഇതിന്റെയും തലപ്പത്ത്. സമരസമിതി കൊ ഓര്‍ഡിനേറ്ററും ഉദയകുമാര്‍ തന്നെ.
കാല്‍നൂറ്റാണ്ടോളം നീണ്ട ചെറുത്തുനില്‍പുകളുടെ തുര്‍ച്ചയാണ് ഇപ്പോള്‍ രൂപപ്പെട്ട വന്‍ജനമുന്നേറ്റം. ഫുകുഷിമയിലെ ദുരന്ത വാര്‍ത്തയറിഞ്ഞവരെല്ലാം ഈ സമരത്തില്‍ സ്വയം അണിചേരുകയായിരുന്നു. ജാതിയും ജോലിയുമെല്ലാം മറന്ന് അവരിപ്പോള്‍ ഒന്നിച്ചിറങ്ങുന്നു. പി.എം.എ.എന്‍.ഇയുടെ നേതൃത്വത്തില്‍ ആഗസ്ത് 10ന് ഏകദിന ഉപവാസം നടത്തിയപ്പോള്‍ ഉടന്‍ സര്‍ക്കാര്‍ ഇടപെട്ട് തുടര്‍ സമരം ഒഴിവാക്കി. ഒക്ടോബര്‍ എട്ടിനകം ചര്‍ച്ചകള്‍ നടത്താമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാല്‍ സെപ്തംബര്‍ എട്ടിന് ഹിന്ദു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉടന്‍ പ്ലാന്റ് തുറക്കുമെന്ന് കമ്പനി മേധാവി പ്രഖ്യാപിച്ചു. ഇത് ചതിയാണെന്ന് ചൂണ്ടിക്കാട്ടി ക്ഷുഭിതരായ കൂടംകുളത്തുകാര്‍ തെരുവിലിറങ്ങി. ഇതോടെ അവിടെ സമരം നിരോധിച്ചു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. 500ഓളം പേര്‍ക്കെതിരെ കേസെടുത്തു. ഇത് പ്രതിഷേധത്തെ രൂക്ഷമാക്കി. രണ്ടിലൊന്നറിയാതെ പിന്‍മാറില്ലെന്ന് പ്രഖ്യാപിച്ച് ജനങ്ങള്‍ സംഘടിച്ചു. സമീപ ഗ്രാമങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നു. കൂടംകുളം സമ്പൂര്‍ണ പോലിസ് നിയന്ത്രണത്തിലായതോടെ സമരം തൊട്ടടുത്ത ഗ്രാമമായ ഇടിന്തകരെയിലേക്ക് മാറ്റി. പിന്നീട് കന്യാകുമാരി, തൂത്തുക്കുടി ജില്ലയിലെ 60ഓളം ഗ്രാമങ്ങളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. സെപ്തംബര്‍ 11ന് അനിശ്ചിതകാല സമരം തുടങ്ങി. 127 പേര്‍ സ്വയം നിരാഹരം പ്രഖ്യാപിച്ചു. ഇവര്‍ക്ക് പിന്തുണയുമായി ദിവസവും സമീപ ഗ്രാമങ്ങളൊഴുകിയെത്തും. പത്തുദിവസം പിന്നിട്ടിട്ടും സമരാവേശത്തിനൊരു കുറവുമില്ല. എന്നല്ല അത് പടരുകയുമാണ്.

(20...09...11)

ഒത്തുകളിപ്പുരപ്പുറത്തെ പൊതിയാതേങ്ങ

കേരളത്തിലെ സുപ്രധാന ആണ്ടറുതി ഉല്‍സവങ്ങളിലൊന്നാണിപ്പോള്‍ സ്വാശ്രയം. മേയ് മാസം പൊതുപ്രവേശ പരീക്ഷാഫലം പ്രസിദ്ധീകരിച്ചാലുടന്‍ മാധ്യമങ്ങളില്‍ ചില വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടും. സ്വാശ്രയം പ്രതിസന്ധിയില്‍, മെറിറ്റില്‍ ഫീസ് കൂടും തുടങ്ങിയ സ്ഥിരം തലക്കെട്ടുകള്‍ വരെ അവക്കുണ്ട്. 'കൊല്ലം തോറും നടത്തിവരാറുള്ള പൂരാഘോഷം ഇക്കൊല്ലവും...'എന്നുതുടങ്ങുന്ന ഉത്സവക്കമ്മിറ്റി നോട്ടീസ് ഓര്‍മിപ്പിക്കും മട്ടിലെ വാര്‍ത്തകള്‍. അതോടെ സര്‍ക്കാര്‍, മാനേജ്മെന്റുകള്‍, മാധ്യമങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയ ആവേശക്കമ്മിറ്റിക്കാര്‍ രംഗത്തെത്തും. പിന്നെയൊരു മൂന്നുമാസം കേരളമാകെ പുകിലാണ്. ചര്‍ച്ച, സമരം, ബഹളം, പ്രവേശം, കോടതി, അപ്പീല്‍ അങ്ങനെ പലതരം വെടിക്കെട്ടുകള്‍ അരങ്ങേറും. ഉത്സവം കൊടിയിറങ്ങുമ്പോള്‍ പൊരിക്കച്ചവടക്കാരന്റെ പണപ്പെട്ടി പോലെ മാനേജ്മെന്റുകളുടെ അക്കൌണ്ട് അനായാസം നിറഞ്ഞുകവിയും. വിദ്യാര്‍ഥി സംഘടനകളുടെ രജിസ്റ്ററില്‍ ആളെണ്ണം കൂടും. സര്‍ക്കാറിന്റെ ഭരണനേട്ട പട്ടികയില്‍ പൊന്‍തൂവല്‍ പാറും. പണം പോയാലും കുട്ടികള്‍ക്കും കുടുംബക്കാര്‍ക്കും ഡോക്ടറുടെ പത്രാസ് കിട്ടിയ സന്തോഷം. മാധ്യമങ്ങള്‍ക്ക് വിവാദ സദ്യയൊരുക്കിയ സംതൃപ്തിയും. അങ്ങനെ ആര്‍ക്കും നഷ്ടമില്ലാത്ത സമ്പദ്സമൃദ്ധമായ ഒരുല്‍സവമായി അതവസാനിക്കും.
ഒരിക്കലുമഴിക്കാന്‍ കഴിയാത്ത കുരുക്കാണ് സ്വാശ്രയമെന്ന് ഈ കളിയില്‍ വേഷം കെട്ടുന്നവരാരും കരുതുന്നില്ല. അതങ്ങനെയങ്ങ് അഴിക്കേണ്ടെന്ന് എല്ലാവരും ഒത്തുതീര്‍പ്പിലെത്തുകയാണ്. പ്രത്യയശാസ്ത്ര പ്രചോദിതരായ ഇടതുപക്ഷത്തിന്റെ ഭരണം പോലും സ്വാശ്രയത്തില്‍ ഒത്തുതീര്‍പ്പുകളുടെ പുഷ്കല കാലമായിരുന്നു. ഈ ഒത്തുകളികള്‍ തന്നെയാണ് സ്വാശ്രയത്തെ ഇത്രമേല്‍ സങ്കീര്‍ണമാക്കുന്നത്. ആര്‍ക്കും എവിടെവച്ചും ഏത് ദിവസവും സ്വാശ്രയ വിവാദമുണ്ടാക്കാം. വിവാദത്തിന്റെ എത് ഘട്ടത്തിലും ന്യായീകരണങ്ങളുണ്ടാക്കി പരിഹാരം പ്രഖ്യാപിക്കാം. ഭരണ പ്രതിപക്ഷത്തിന് പര്സപരം വിമര്‍ശിക്കാം. ഏത് ന്യായം പറയാനും കോടതി വിധി ഉദ്ധരിക്കാം. ഉച്ചത്തില്‍ വിരല്‍ചൂണ്ടി ആര്‍ക്കും നേട്ടം കൊയ്യാനാകുംവിധം കൈയ്യാലപ്പുറത്തിരിക്കുന്ന തേങ്ങയാണ് കേരളത്തിലെ സ്വാശ്രയം.

ഒത്തുകളിയുടെ രാഷ്ട്രീയ പാഠങ്ങള്‍
കേരള സ്വാശ്രയത്തിലെ ഒത്തുകളികള്‍ക്ക്, അതിന്റെ സ്ഥാപകനും സാമൂഹ്യ നീതി സൈദ്ധാന്തികനുമായ എ.കെ ആന്റണിയുടെ ഭരണകാലത്തോളം തന്നെ പഴക്കമുണ്ട്. അലസിപ്പോയ ചര്‍ച്ചക്ക് ശേഷം ഏകപക്ഷീയമായി ഫീസ് പ്രഖ്യാപിച്ച മന്ത്രി പി. ശങ്കരനെയും ഒരെതിര്‍പ്പുമില്ലാതെ അതംഗീകരിച്ച മാനേജ്മെന്റുകളെയും കണ്ടാണ് ആദ്യം കേരളം ഞെട്ടിയത്. അക്കൊല്ലം പിന്നീട് ഫീസിന്റെ മറവില്‍ പകല്‍കൊള്ള നടന്നു. ഇത്തരം ഒത്തുതീര്‍പ്പുകള്‍ വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചു. സകല മേഖലകളിലും ഒത്തുകളികളുണ്ടായി. ന്യൂനപക്ഷാധികാരത്തിന്റെ മറവില്‍ ഇടതുസര്‍ക്കാറുമായി പരസ്യമായി ഏറ്റുമുട്ടിയ ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് വരെ കിട്ടി എം.എ ബേബി വക ഒത്തുതീര്‍പ്പാനുകൂല്യം. മാനേജ്മെന്റുകള്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുന്നവയായിരുന്നു എല്ലാ ഒത്തുതീര്‍പ്പുകളും. ഇക്കൊല്ലത്തെ സ്വാശ്രയ വിവാദം തുടങ്ങുന്നതും സമാനമായ ആരോപണങ്ങളില്‍ നിന്നാണ്. മെഡിക്കല്‍ ബിരുദാനന്തര ബിരുദ സീറ്റുകള്‍ വിട്ടുകൊടുത്തതിനെതിരെ ഇടതുപ്രതിപക്ഷം തെരുവിലിറങ്ങിയതോടെ സമരവഴികള്‍ പതിവുപോലെ ചോരച്ചാലുകളായി. അമൃതമെഡിക്കല്‍ കോളജിനെ സ്വാശ്രയ ചിത്രത്തില്‍നിന്ന് മായ്ച്ചുകളഞ്ഞതിന്റെയും ക്രിസ്ത്യന്‍ കോളജുകളെ സ്വന്തം ഏജന്‍സിയുടെ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്തിയതിന്റെയും പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ കോളജുകള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കിയതിന്റെയുമൊന്നും കുറ്റബോധമേശാത്ത ആവേശവുമായി ഇടതുപക്ഷത്തിന് തെരുവിലറിങ്ങാനായതും സ്വാശ്രയ ഒത്തുതീര്‍പ്പുകളുടെ ഈ സവിശേഷതകൊണ്ട് തന്നെയാണ്.

സാമൂഹ്യ നീതിയുടെ ഗതി
രണ്ട് സ്വാശ്രയം സമം ഒരു സര്‍ക്കാര്‍ കോളജ് എന്നായിരുന്നു അണ്‍എയിഡഡ് പ്രൊഫഷണല്‍ കോളജുകള്‍ അനുവദിക്കാന്‍ എ.കെ ആന്റണി മുന്നോട്ടുവച്ച ന്യായം. ഒരു സ്വാശ്രയ കോളജിലെ പകുതി സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുക എന്നതായിരുന്നു ഈ സമീകരണത്തിന്റെ അര്‍ഥം. എന്നാല്‍ ഈ സങ്കല്‍പം സര്‍ക്കാറും മാനേജ്മെന്റുകളും ചേര്‍ന്ന് തകര്‍ത്തു. ഓരോവര്‍ഷവും ഇതില്‍ മാറ്റങ്ങളുണ്ടായി. ഇടക്ക്, മെറിറ്റില്‍ കുറഞ്ഞ ഫീസ്, മാനേജ്മെന്റ് സീറ്റില്‍ കൂടുതല്‍ എന്നായി തത്വം. കുറവ് എന്നാല്‍ മാനേജ്മെന്റ് സീറ്റില്‍ നിശ്ചയിച്ച ഫീസിനേക്കാള്‍ എന്ന നിലയില്‍ പിന്നെ ഈ താരതമ്യം മാറ്റി. കഴിഞ്ഞവര്‍ഷം മെറിറ്റില്‍ മാത്രം മൂന്ന് തരം ഫീസ് വന്നു. സര്‍ക്കാര്‍ ഫീസില്‍ ഒരു കോളജില്‍ പഠിക്കാനായത് വെറും ഏഴുപേര്‍ക്ക് മാത്രം. ഭൂരിഭാഗവും പഠിച്ചത് ഒന്നേകാല്‍ ലക്ഷം കൊടുത്തും! നാല് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് മുഴുവന്‍ സീറ്റിലും ഉയര്‍ന്ന ഫീസുമായി മറ്റൊരു വഴിക്ക് പിടിച്ചു.
കേരളത്തിന്റെ കുട്ടികള്‍ അന്യസംസ്ഥാന ലോബിയുടെ ചൂഷണത്തിനിരയാകുന്നു എന്നതായിരുന്നു സ്വാശ്രയ ന്യായത്തിലെ മറ്റൊരു വാദം. കേരളത്തിന്റെ പണം കേരളത്തില്‍ തന്നെ കിടക്കട്ടെ എന്ന സാമ്പത്തിക ശാസ്ത്രവും അന്ന് പ്രചാരം നേടി. ഇപ്പോള്‍ ഇടത്തരം മലയാളിക്ക് മെഡിസിന് പഠിക്കാന്‍ അയല്‍ സംസ്ഥാന ചൂഷണമാണ് നല്ലത് എന്നായി കാര്യങ്ങള്‍. കര്‍ണാടകയില്‍ എം.ബി.ബി.എസ് മെറിറ്റ് സീറ്റില്‍ 35,000 രൂപയും മാനേജ്മെന്റ് സീറ്റില്‍ 3.25 ലക്ഷവുമാണ് ഫീസ്. കേരളത്തില്‍ ഇക്കൊല്ലത്തേക്ക് കോടതി അനുവദിച്ചത് എല്ലാ സീറ്റിലും 3.5 ലക്ഷം രൂപ! ബി.ഡി.എസ് മുതല്‍ മറ്റ് മെഡിക്കല്‍ കോഴ്സുകളിലും എഞ്ചിനീയറിംഗിലും സ്ഥിതി വ്യത്യസ്തമല്ല. ഇങ്ങനെ, സ്വാശ്രയത്തിന് പറഞ്ഞ ന്യായങ്ങളെല്ലാം അട്ടിമറിക്കുന്നതായിരുന്നു ഓരോവര്‍ഷത്തെയും ഒത്തുതീര്‍പ്പുകള്‍. പതിറ്റാണ്ട് കാലത്തെ പരീക്ഷണത്തിനൊടുവില്‍ കേരളം സ്വപ്നം കണ്ട സ്വാശ്രയത്തിലെ സാമൂഹ്യ നീതി ഒടുവില്‍ അതിവിചിത്രമായ സമവാക്യമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

സഭയുടെ നീതി
സ്വാശ്രയത്തില്‍ പ്രധാനമായ മെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന നാല് തരം മാനേജ്മെന്റുകളാണ് കേരളത്തിലുള്ളത്. 11 കോളജുകള്‍ക്ക് അംഗത്വമുള്ള പ്രൈവറ്റ് മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍, നാല് കോളജുകളുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റ് ഫെഡറേഷന്‍, ഡീംഡ് പദവിയില്‍ ഒറ്റക്ക് പ്രവര്‍ത്തിക്കുന്ന അമൃത മെഡിക്കല്‍ കോളജ്, സഹകരണ കോളജുകള്‍ എന്നിവ. ഇതില്‍ ക്രിസ്ത്യന്‍ കോളജുകള്‍ സീറ്റ് പങ്കിടാനും ഫീസ് കുറക്കാനും തയാറല്ലെന്ന് പ്രഖ്യാപിച്ചവരാണ്. സ്വാശ്രയത്തില്‍ മെറിറ്റ് എന്നൊന്നില്ല എന്നതാണ് അവരുടെ നീതി. മറിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഫീസ് കുറച്ചുകൊടുക്കും. ക്രോസ് സബ്സിഡി നിരോധിച്ച സുപ്രീംകോടതി വിധിയാണ് ക്രിസ്ത്യന്‍ കോളജുകളുടെ ബലം. ഏകീകൃത ഫീസ് അനുവദിച്ചാല്‍ പകുതി സീറ്റ് വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അവര്‍ പറയുന്നുമുണ്ട്. സര്‍ക്കാറുമായി ചര്‍ച്ചയുമില്ല, സഹകരണവുമില്ല.
പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കുകയും അതില്‍ കുറഞ്ഞ ഫീസിന് പകരം മാനേജ്മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസ് ഈടാക്കുകയുമാണ് അസോസിയേഷന്‍ കോളജുളകുടെ രീതി. ഇതിനാണ് സര്‍ക്കാറുമായി ഇവര്‍ കരാറുണ്ടാക്കുന്നത്. സമാന രീതിയിലുള്ള കര്‍ണാടക ഫീ പാക്കേജ് കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് അസോസിയേഷനും സര്‍ക്കാറും ഇതിനെ ന്യായീകരിക്കുന്നു. കുറഞ്ഞ ഫീസില്‍ കുറച്ചുസീറ്റ് വിട്ടുകിട്ടുന്നതിനാല്‍ സര്‍ക്കാറിന് താല്‍പര്യവും ഇതുതന്നെ. ഉടമയുടെ ആള്‍ദൈവത്വത്തിനെറ കരുത്തില്‍ സ്വാശ്രയ ചര്‍ച്ചകളിലൊന്നും അമൃത ഇതുവരെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല.
സാമൂഹ്യ നീതിയുടെ പേരില്‍ പകുതി സീറ്റ് വിട്ടുകൊടുത്ത് ബാക്കി സീറ്റില്‍ സമ്പൂര്‍ണ സ്വാതന്ത്യ്രമനുഭവിക്കുന്ന അസോസിയേഷനും അങ്ങനെയൊരു നീതിയേയില്ലെന്ന് പ്രഖ്യാപിച്ച ക്രൈസ്തവ സഭകളും നയിക്കുന്ന രണ്ട് ഉടമാ ചേരികളുടെ സാമ്പത്തിക^രാഷ്ട്രീയ താല്‍പര്യങ്ങളാണ് കേരളത്തിലെ സ്വാശ്രയ തര്‍ക്കങ്ങളുടെ കാതല്‍. ഇക്കാര്യത്തില്‍ പരിമിതമായ അധികാരം മാത്രമുള്ള സര്‍ക്കാര്‍ ഇതില്‍ മൂന്നാം കക്ഷിയാകാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയാണ്. അധികാരമില്ലാത്ത ഈ മധ്യസ്ഥന്‍ വിട്ടുവീഴ്ചകളിലൂടെ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിന്റെ ദുരന്തങ്ങളാണ് കേരളം അനുഭവിക്കുന്നത്. ഇരുപക്ഷത്തിനും വാഗ്ദാനങ്ങള്‍ നിരത്തി കൂടെനിര്‍ത്താനാകുമോ എന്നത് മാത്രമാണ് സര്‍ക്കാറുകളുടെ നോട്ടം. ഇടതുപക്ഷത്തോടുള്ള രാഷ്ട്രീയ വിരോധംകൂടി കാരണമാക്കി അത്തരമൊരു ഒത്തുതീര്‍പ്പില്‍നിന്ന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ക്രൈസ്തവ സഭകള്‍ വിട്ടുപേകുകയായിരുന്നു. എന്നാല്‍, മുഹമ്മദ് കമ്മിറ്റിയും കാലിക്കറ്റ് സര്‍വകലാശാലയും ക്രിസ്ത്യന്‍ കോളജുകളുടെ ക്രമവിരുദ്ധ പ്രവേശങ്ങള്‍ക്കെതിരെ നടപടിക്ക് ശ്രമിച്ചപ്പോള്‍ അത് അട്ടിമറിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ഇടതുസര്‍ക്കാര്‍ ഒത്തുതീര്‍പ്പ് നീക്കം നടത്തിയത്. അനിയന്ത്രിതമായ അധികാര സ്ഥാപനങ്ങളാണ് ന്യൂനപക്ഷ പദവിയുള്ള കോളജുകളെന്ന് സ്ഥാപിക്കാന്‍ ഇടതുപക്ഷം ഇതുവഴി അവസരമൊരുക്കി. ഏകീകൃത ഫീസ് അംഗീകരിച്ചാല്‍ സീറ്റ് നല്‍കാമെന്നായിരുന്നു ഇതുവരെ സഭാകോളജുകളുടെ നിലപാട്. ഇപ്പോള്‍ യു.ഡി.എഫ് ചര്‍ച്ച നടത്തുന്നത് ഇതംഗീകരിച്ചുകൊണ്ടാണ്. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടും ഇപ്പോള്‍ സഹകരിക്കാന്‍ അവര്‍ സന്നദ്ധമാകാത്തത് സഭാ നിലപാടുകളെ വീണ്ടും സംശയ നിഴലിലാക്കുന്നു. സ്വാശ്രയ കോളജുകളിലെ ഒരു സീറ്റും തങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കല്ലാതെ നല്‍കില്ലെന്ന സാമുദായികതയാണ് ഈ ചുവടുമാറ്റത്തിന് പിന്നിലെന്ന വിമര്‍ശം തള്ളിക്കളയാനാകില്ല.

അസോസിയേഷന്റെ ന്യായം
ക്രിസ്ത്യന്‍ സഭകളെ സര്‍ക്കാറിന്റെ വഴിയില്‍ കൊണ്ടുവന്നില്ലെങ്കില്‍ അവരുടെ വഴിയേ തങ്ങള്‍ പോകുമെന്ന ഭീഷണിയാണ് ഈ വര്‍ഷം ഇതുവരെ നടന്ന സ്വാശ്രയ വിവാദത്തിന്റെ മര്‍മം. സ്വന്തം ഫീസ് നിശ്ചയിച്ച് പ്രവേശം നടത്താന്‍ തങ്ങള്‍ക്കും കഴിയുമെന്നും എന്നിട്ടും സീറ്റ് വിട്ടുകൊടുക്കുന്നത് സാമൂഹ്യ നീതിക്ക് വേണ്ടിയാണെന്നും അസോസിയേഷന്‍ വാദിക്കുന്നു. സീറ്റ് വിട്ടുകിട്ടുക എന്നത് സര്‍ക്കാറിന്റെ കൂടി ആവശ്യമാണ്. അതിനാല്‍ ക്രിസ്ത്യന്‍ സഭകള്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ സര്‍ക്കാറുമായി സഹകരിക്കുന്നില്ല എന്ന ചോദ്യത്തിന് മുന്നില്‍ ഉമ്മന്‍ചാണ്ടി കുടുങ്ങി. സ്വന്തം വഴിക്ക് പോകുന്ന സഭകളെ സഹകരിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതോടെ ഇത്തവണ സീറ്റ് തരില്ലെന്ന് അസോസിയേഷന്‍ പ്രഖ്യാപിച്ചു. സ്വാശ്രയത്തില്‍ മെറിറ്റ് തന്നെ ഇല്ലാതാകുന്ന സാഹചര്യമാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടത്. ക്രിസ്ത്യന്‍ സഭകള്‍ക്ക് അനുവദിക്കുന്ന നീതി തുല്ല്യ അളവില്‍ തങ്ങള്‍ക്കും വേണമെന്ന ലളിതമായ വാശിയാണ് അസോസിയേഷന്റെ ന്യായം. സഭയോടടുപ്പമുണ്ടെന്ന് പരക്കെ അംഗീകരിക്കപ്പെട്ട കോണ്‍ഗ്രസ്^കേരളകോണ്‍സ്രഗ് നേതാക്കള്‍ രംഗത്തിറങ്ങിയിട്ടും വഴങ്ങാന്‍ മതനേതൃത്വം ഇതുവരെ തയാറായിട്ടില്ല. അവരുടെ നിലപാടാകും ഇക്കൊല്ലം സ്വാശ്രയ ഗതി നിര്‍ണയിക്കുക.
കഴിഞ്ഞവര്‍ഷങ്ങളിലും സീറ്റ് വിട്ടുകൊടുക്കാതിരുന്ന സഭകള്‍ക്കെതിരെ ഇത്തവണ സമ്മര്‍ദ തന്ത്രം പ്രയോഗിക്കുന്നതിന് പിന്നില്‍ അസോസിയേഷന് മത^രാഷ്ട്രീയ താല്‍പര്യങ്ങളുമുണ്ട്. ഇടതുപക്ഷ വിരോധവും ന്യൂനപക്ഷ അവകാശവും പറഞ്ഞ് സ്വന്തം വഴിക്ക് സഭ നീങ്ങിയപ്പോള്‍ പരോക്ഷമായി യു.ഡി.എഫ് അതിനെ പിന്തുണച്ചിരുന്നു. സര്‍ക്കാറിന് സീറ്റ് വിട്ടുകൊടുക്കാന്‍ തയാറായ അസോസിയേഷന്‍ അംഗ കോളജുകള്‍ ഉണ്ടാക്കിയ കരാറിനെതിരെ സമര പ്രാചരണങ്ങളും സംഘടിപ്പിച്ചിരുന്നു. ഇടത്^വലത് രാഷ്ട്രീയ തര്‍ക്കത്തില്‍ സഭയും അസോസിയേഷനും പരോക്ഷമായി കക്ഷി ചേരുകയാണിവിടെ. ഭരണമാറ്റം നടന്ന സാഹചര്യത്തില്‍ പഴയ അനുകൂലികള്‍ വഴി സഭയെ തങ്ങളുടെ വഴിയില്‍ കൊണ്ടുവരാനുള്ള തന്ത്രമാണ് അസോസിയേഷന്‍ പ്രയോഗിച്ചത്. യു.ഡി.എഫ് ശ്രമിച്ചിട്ടും സഭയെ അടുപ്പിക്കാന്‍ കഴിയാതായത് അസോസിഷേയന്റെ വിശ്വാസ്യതയും വിലപേശല്‍ ശേഷിയും വര്‍ധിപ്പിക്കുകയും ചെയ്തു.
സഭകള്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയാറായാല്‍ തങ്ങളും സഹകരിക്കാമെന്ന അതിനിസ്സാരമായ ഉപാധി വക്കുക വഴി സ്വാശ്രയത്തില്‍ സാമൂഹ്യ നീതി നിഷേധിക്കുന്നത് ക്രിസ്ത്യന്‍ സഭകളും അവരെ പിന്തുണക്കുന്ന യു.ഡി.എഫ് നയവുമാണെന്ന് സ്ഥാപിക്കുകയായിരുന്നു അസോസിയേഷന്‍. ഇതിലെ രാഷ്ട്രീയ നേട്ടമാണ് രൂക്ഷമായ സമരവുമവയി രംഗത്തിറങ്ങാന്‍ ഇടതുപക്ഷത്തെ പ്രേരിപ്പിച്ചത്. സഭകള്‍ മുന്‍വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാടും ഇത്തവണ എടുത്തിട്ടില്ല. നിലപാട് മാറ്റിയതാകട്ടെ ഇടതുപക്ഷവുമായി സഹകരിച്ചിരുന്ന അസോസിയേഷനാണ് താനും. എന്നിട്ടും ഇടത് സമരം 'ക്രിസ്ത്യന്‍ സഭകളെ സ്വതന്ത്രരാക്കി വിട്ട' യു.ഡി.എഫ് സര്‍ക്കാറിനെതിരെയാണ്! സഭകള്‍ക്കെതിരെ പോലുമല്ല!! മുന്‍നിലപാട് മാറ്റിയ അസോസിയേഷനെതിരെയും ഇടതുപ്രതിഷേധമില്ല. സഭകള്‍ക്കെതിരെ സമരം ചെയ്യാന്‍ ധൈര്യപ്പെടാത്ത ഭരണപക്ഷ പാര്‍ട്ടികള്‍ക്ക്, അക്കാരണത്താല്‍ തന്നെ അസോസിയേഷനെ എതിര്‍ക്കാനും കഴിയാതായി. ഇതിനൊപ്പം, നേതാക്കള്‍ മക്കള്‍ക്ക് വേണ്ടി നടത്തിയ സീറ്റ് കച്ചവടത്തിന്റെ അധാര്‍മികതകള്‍ ഇരുമുന്നണിയെയും വേട്ടയാടുന്നുമുണ്ട്. പരിയാരം സഹകരണ കോളജിലെ നടപടികള്‍ കടുത്ത സ്വാശ്രയ വിരുദ്ധ മുദ്രാവാക്യക്കാരായ സി.പി.എമ്മിനെയും പോഷക സംഘടനകളെയും വലിയ പ്രതിസന്ധിയലാക്കി. പരിയാരം കോളജിലേക്ക് കെ.എസ്.യുവും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐയും അമൃതയിലേക്ക് എ.ഐ.വൈ.എഫും ചര്‍ച്ച നടക്കുന്നിടത്തേക്ക് എ.ബി.വി.പിയും സ്വാശ്രയ വിരുദ്ധ പ്രകടനം നയിച്ചു. ഈ സമരങ്ങളുടെ സ്ഥലം തെരഞ്ഞെടുപ്പില്‍ തന്നെ തെളിയുന്നുണ്ട്, രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യം. ഓരോരുത്തര്‍ക്ക് പറ്റുന്നിടത്തേക്ക് അവരവരുടെ ജാഥ എന്ന അശ്ലീലമായിരുന്നു ഈ സമരാഭാസങ്ങള്‍. സ്ഥലം മാറി സമരം ചെയ്യാന്‍ ഇതിലാര്‍ക്കും ധൈര്യമില്ലായിരുന്നു. അങ്ങനെ, സ്വാശ്രയത്തിന്റെ പല കാലങ്ങളില്‍ നടത്തിയ പലതരം ഒത്തുതീര്‍പ്പുകളുടെ പ്രായോജകരായ രാഷ്ട്രീയ പാര്‍ട്ടികള്‍, നിര്‍ണായക ഘട്ടത്തില്‍ സത്യസന്ധത പാലിക്കാനാകാതെ നിസ്സഹായരായി മാറുന്നതിന്റെ നേര്‍സാക്ഷ്യം കൂടിയായി ഇത്തവണത്തെ സ്വാശ്രയ സീസണ്‍.
സര്‍ക്കാറുമായുണ്ടാക്കുന്ന കരാറിനെതിരെ നിരന്തം കേസുകളുണ്ടാക്കുന്നത് തടയുക എന്ന ലക്ഷ്യവും സഭയെ സമ്മര്‍ദത്തിലാക്കുന്നതിന് പിന്നില്‍ അസോസിയേഷനുണ്ട്. ക്രോസ് സബ്സിഡി എന്ന തത്വം കേരളത്തില്‍ നടപ്പാകാതരിക്കാന്‍ ക്രൈസ്തവ കോളജുകളാണ് ഈ കേസുകള്‍ക്ക് പിന്നിലെന്ന് അസോസിയേഷന്‍ നേരത്തേ തന്നെ ആരോപിക്കുന്നുണ്ട്. അവരെക്കൂടി ഈ രീതിയിലേക്ക് കൊണ്ടുവന്നാല്‍ ഇത്തരം നൂലാമാലകള്‍ ഒഴിവാക്കാനാകുമെന്നും അസോസിയേഷന്‍ കണക്കുകൂട്ടുന്നു. അസോസിയേഷന്റെ മറ്റൊരു ന്യായം മതപരമാണ്. അംഗ കോളജുകളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ പദവിയുള്ളവയാണ്. ഈ കോളജുകള്‍ വിട്ടുകൊടുക്കുന്ന മെറിറ്റ് സീറ്റില്‍, കുറഞ്ഞ ഫീസിന്റെ ആനുകൂല്യം അനുഭവിക്കുന്നവര്‍ റാങ്ക് ലിസ്റ്റില്‍ മുന്നില്‍ എത്തുന്നവരാണ്. റാങ്കില്‍ പിന്നാക്ക ക്രൈസ്തവരും മുസ്ലിംകളും മറ്റ് പിന്നാക്ക വിഭാഗങ്ങളും പുറകിലാണ്. റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തുന്ന സവര്‍ണ^സവര്‍ണ ക്രൈസ്തവ വിഭാഗങ്ങള്‍ പിന്നാക്ക ക്രൈസ്തവരും മുസ്ലിംകളും നടത്തുന്ന കോളജുകളില്‍ കുറഞ്ഞ ഫീസില്‍ പഠിക്കുകയും കോളജ് ഉടമകളുടെ സമുദായത്തിലെ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന ഫീസ് നല്‍കി സഭാ കോളജുകളില്‍ പഠിക്കേണ്ടി വരികയും ചെയ്യുന്നുവത്രെ. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ ക്രിസ്ത്യന്‍ കോളജുകള്‍ സര്‍ക്കാറുമായി സഹകരിക്കണം. എന്നാല്‍ ഒരടി വിട്ടുവീഴ്ചക്ക് സഭാകോളജുകള്‍ ഇതുവരെ തയാറായിട്ടില്ല. രണ്ട് ഉടമാ ചേരികള്‍ പരസ്പരം ഒത്തുതീര്‍പ്പിലെത്തുകയോ ഏതെങ്കിലും ഒരുകൂട്ടര്‍ വിട്ടുവീഴച ചെയ്യുകേയാ ചെയ്യാതെ ഇത്തവണത്തെ പ്രതിസന്ധി പരിഹരിക്കപ്പെടില്ല.

കോടതി നിശ്ചയിച്ച വഴി
ഭരണകൂടങ്ങള്‍ സാമൂഹ്യ നീതി പറയുന്നുവെങ്കിലും സുപ്രീംകോടതിയാണ് ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീര്‍പ്പ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന വൈചിത്യ്രം സ്വാശ്രയത്തിലുണ്ട്. രാജ്യത്ത് ഇക്കാര്യത്തില്‍ മതിയായ നിയമമില്ല എന്നതുതന്നെയാണ് ഇതിന് കാരണം. നിയമത്തിന്റെ സാങ്കേതികത്വം കാരണം, പറയുന്ന വിധികളുടെ അനൌചിത്യം പലപ്പോഴും സ്വാശ്രയത്തെ കുഴക്കിയിട്ടുമുണ്ട്. മോഹിനി ജയിന്‍ v/s കര്‍ണാടക സര്‍ക്കാര്‍ കേസില്‍ 1992ലാണ് ആദ്യ വിധി വന്നത്. സര്‍ക്കാര്‍ ഫീസിനേക്കാള്‍ അധികം ഏത് കോളജ് വാങ്ങിയാലും അത് തലവരിയായി കണക്കാക്കുമെന്നായിരുന്നു വിധി. തൊട്ടടുത്ത വര്‍ഷം ഉണ്ണികൃഷ്ണന്‍ കേസില്‍ സുപ്രീം കോടതി തന്നെ ഈ വിധി തിരുത്തി. പകരം ക്രോസ് സബ്സിഡി അനുവദിച്ചു. അങ്ങനെയാണ് 50:50 തത്വമുണ്ടായത്. കോളജുകളുടെ ചിലവ് കണ്ടെത്താന്‍ എന്‍.ആര്‍.ഐ ക്വാട്ട അനുദിച്ച് കോടതി തന്നെ ഇടക്കാലത്ത് വിധി പരിഷ്കരിച്ചു. 2002ലെ ടി.എം പൈ കേസ് വിധിയില്‍ ക്രോസ് സബ്സിഡി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു. ക്രോസ് സബ്സിഡിയുടെ ഗുണം വരേണ്യ/നരഗ കേന്ദ്രിത/സമ്പന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കിട്ടുന്നതെന്നും പാവപ്പെട്ടവന്റെ ചിലവില്‍ അവര്‍ പഠിക്കുകയാണെന്നും നിരീക്ഷിച്ചായിരുന്നു വിധി.
പിന്നീട് വന്ന ഇനാംദാര്‍, ഇസ്ലാമിക് അക്കാദമി കേസുകളില്‍ പൈ കേസ് വിധി കൂടുതല്‍ സ്പഷ്ടമായി കോടതി വിശദീകരിച്ചു. സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് ഫീസ് നിശ്ചയിക്കാനും പ്രശേവം നടത്താനും പൂര്‍ണ സ്വയം നിര്‍ണയാവകാശമുണ്ടെന്നും ഇക്കാര്യങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തി ചൂഷണം തടയുക എന്നത് മാത്രമാകണം സര്‍ക്കാര്‍/റഗുലേറ്ററി അഥോറിറ്റി ഇടപെടലുകളുടെ ലക്ഷ്യമെന്നും കോടതി കൃത്യമായി പറഞ്ഞു. സ്വാശ്രയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പങ്ക് എന്താണെന്ന് നിര്‍വചിച്ച ഈ വിധിയുടെ മേന്‍മകളെ അഭിമുഖീകരിക്കാന്‍ ഇതുവരെ കേരളം തയാറായില്ല എന്നതാണ് സര്‍ക്കാറിനെ വെറും കാഴ്ചക്കാരന്റെ നിസ്സഹായതയിലേക്ക് എത്തിച്ചത്. പകരം 50:50 തത്വം തകര്‍ക്കപ്പെട്ടതിന്റെ വേദനയും വേവലാതിയുമായി സമയം കളഞ്ഞു. റഗുലേറ്ററി അഥോറിറ്റി നടപടികളെ, ചോദ്യം ചെയ്യാനാകാത്ത തരത്തില്‍ നിയമപരമായ അടിത്തറയില്‍ സുരക്ഷിതമാക്കിയിരുന്നെങ്കില്‍ സ്വാശ്രയത്തിലെ പൊതുനിയന്ത്രണം അനായാസം യാഥാര്‍ഥ്യമാക്കാമായിരുന്നു. എന്നാല്‍ അതിന് പകരം അപ്രായോഗികമായ നിയമ നിര്‍മാണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മാത്രമല്ല, ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി എന്ന കേരളത്തിലെ റഗുലേറ്ററി കമീഷനെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയതിലൂടെ സര്‍ക്കാര്‍ അതിന്റെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്തു. കോടതി വഴി സ്വന്തം താല്‍പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് വഴിയൊരുക്കി കൊടുക്കുന്ന ഏജന്‍സി മാത്രമാണ് മുഹമ്മദ് കമ്മിറ്റി എന്ന വിമര്‍ശത്തിന് വലിയ സ്വീകാര്യത കിട്ടിയതും ഈ വിശ്വാസ്യ തകര്‍ച്ചകൊണ്ടാണ്.

ബാക്കികിടക്കുന്ന വഴികള്‍
സ്വാശ്രയ എം.ബി.ബി.എസ് സീറ്റുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കൌണ്‍സില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുക എന്നതാണ് ഇക്കാര്യത്തില്‍ലെ ഏറ്റവുമെളുപ്പ വഴി. പി.ജി സീറ്റിന്റെ കാര്യത്തില്‍ പകുതി വിട്ടുകൊടുക്കണമെന്ന ചട്ടം എം.സി.ഐക്കുണ്ട്. സമാനമായ ചട്ടവും ഫീസ് നിര്‍ണയിക്കാന്‍ വ്യവസ്ഥകളും എം.ബി.ബി.എസിനും ഏര്‍പെടുത്തണം. നിയമം തയാറാക്കാന്‍ എം.സി.ഐക്ക് അധികാരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കണമെന്നേയുള്ളൂ.
കോടതി വിധികള്‍ മുന്നോട്ടവക്കുംപോലെ കര്‍ക്കശമായ നിയന്ത്രണ^മേല്‍നോട്ട സംവിധാനം സംസ്ഥാനത്തുണ്ടാക്കുക എന്നതാണ് കേരളത്തിന് സ്വന്തമായി ഇക്കാര്യത്തിലെടുക്കാവുന്ന മികച്ച നടപടി. അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുണ്ടായിട്ടും നിലവിലെ റഗുലേറ്ററി കമ്മിറ്റി ഉത്തരവുകള്‍ കോടതിയില്‍ അട്ടിമറിക്കപ്പെടുകയാണ്. ഈ സ്ഥതി വിശേഷം തടയാനാകണം. കമ്മിറ്റി സംവിധാനം വഴി സാമൂഹ്യ നിയന്ത്രണവും സുതാര്യതയും കൊണ്ടുവരാന്‍ കഴിയും.
സീറ്റ്, ഫീസ് എന്നിവയില്‍ കൂടുതല്‍ പ്രായോഗികമായ സംവിധാനങ്ങള്‍ ഏര്‍പെടുത്തണം. 50:50 തത്വം പ്രയോഗത്തില്‍ ഇതിനകം തന്നെ അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു. പ്രവേശം പൂര്‍ണമായി മെറിറ്റ് അടിസ്ഥാനത്തിലാക്കുകയും ഫീസ് വിദ്യാര്‍ഥികളുടെ വരുമാനമനുസരിച്ച് നിശ്ചയിക്കുകയും ചെയ്യാവുന്നതാണ്. രണ്ട് തരത്തില്‍ ഇത് നടപ്പാക്കാം. ഏകീകൃതീസ് ഫീസ് ഏര്‍പെടുത്തണമെന്ന കാര്യത്തില്‍ എല്ലാവിഭാഗം മാനേജ്മെന്റുകളും ഏകാഭിപ്രായക്കാരാണ്. ഇത് ഏര്‍പെടുത്തി അര്‍ഹരായവര്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കി 50:50 മറ്റൊരു തരത്തില്‍ നടപ്പാക്കാം. സ്കോളര്‍ഷിപ്പുകള്‍ തന്നെ പല തരത്തില്‍ വിഭജിക്കാം. സാമ്പത്തിക ശേഷി കുറഞ്ഞവര്‍ക്ക് പൂര്‍ണാര്‍ഥത്തിലുള്ള സ്കോളര്‍ഷിപ് അനുവദിക്കാം. നിശ്ചിത ശതമാനത്തിന് പലിശ രഹിത വായ്പയായി നല്‍കാം. വരുമാനം നോക്കി സ്കോളര്‍ഷിപ് തുകയില്‍ ഏറ്റക്കുറച്ചില്‍ വരുത്താം.
സ്കോളര്‍ഷിപ്പുകള്‍ ഏര്‍പെടുത്തുന്നതിനെ മാനേജ്മെന്റുകള്‍ പിന്തുണക്കുന്നതിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളുണ്ട്. എത്ര നിര്‍ധനനായ കുട്ടിയെ പഠിപ്പിച്ചാലും തങ്ങള്‍ക്ക് കിട്ടേണ്ട പണം കിട്ടുമെന്നതാണ് അവരുടെ നേട്ടം. കുട്ടികള്‍ക്ക് പഠിക്കാം. മാനേജ്മെനറുകള്‍ക്ക് പണം കൊയ്യുകയുമാകാം. നഷ്ടം പൊതുഖജനാവിന് മാത്രവും. അതിനാല്‍ പൊതുപണം മാനേജ്മെന്റുകള്‍ക്ക് കൊടുക്കുന്ന സംവിധാനം ഒഴിവാക്കി, പകരം കുട്ടികളുടെ വരുമാനമനുസരിച്ച് ഫീസ് നിശ്ചയിക്കുന്ന രീതി നടപ്പാക്കുന്നതാകും കൂടുതല്‍ നല്ലത്. ത്രീ/ഫോര്‍ ടയര്‍ ഫീസ് ഘടന ഇതിനായി പരിഗണിക്കാം. പ്രവേശ പരീക്ഷ സമ്പന്നര്‍ക്ക് മാത്രം അവസരം നല്‍കുന്നതാണെന്നും ക്രോസ് സബ്സിഡി പാവപ്പെട്ടവന്റെ ചിലവില്‍ പണക്കാരന് പഠിക്കാന്‍ അവസരമൊരുക്കുന്നതാണെന്നുമുള്ള കോടതി നീരീക്ഷണം കേരളം അതിഗൌരവത്തോടെ കാണണം. പ്രവേശ പരീക്ഷ ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ എല്ലാതരം വിദ്യാര്‍ഥികള്‍ക്കും പ്രാപ്യമായ പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തന്നെ തുറക്കണം. ഗ്രാമീണ കേന്ദ്രങ്ങള്‍ക്ക് ഇതില്‍ മുന്തിയ പരിഗണനയും കൊടുക്കണം.

ഉമ്മന്‍ചാണ്ടിയുടെ മാന്ത്രിക വടി
സ്വാശ്രയ പ്രശ്നത്തില്‍ അടുത്ത വര്‍ഷം ശാശ്വത പരിഹാരമുണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം. പതിറ്റാണ്ടായി കേരളത്തെ അസ്വസ്ഥപ്പെടുത്തുന്ന സ്വാശ്രയക്കുതിരയെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞാല്‍ അത് ഉമ്മന്‍ചാണ്ടിയുടെ ഭരണ വൈദഗ്ദ്യമായി കേരളം വാഴ്ത്തുമെന്നതില്‍ സംശയമില്ല. എന്നാല്‍ മുന്‍ഗാമികളുടെ വഴി പിന്തുടര്‍ന്ന് പുതിയ തരം ഒത്തുതീര്‍പ്പുകളാണ് വരാനിരിക്കുന്നത് എന്ന ആശങ്ക ഇതിനകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. സ്വാശ്രയ ഉടമാ ചേരിയില്‍ പ്രബലരായ ക്രൈസ്തവ സഭയും യു.ഡി.എഫും തമ്മിലെ ബന്ധം ഈ സംശയം ബലപ്പെടുത്തുന്നു. അധികാരമേറ്റയുടന്‍ സര്‍ക്കാര്‍ നേരിട്ട സ്വാശ്രയ വിമര്‍ശങ്ങളെല്ലാം ഇത്തരം ഒത്തുതീര്‍പ്പുകളുടെ പേരിലായിരുന്നു എന്നതും യാദൃശ്ചികമല്ല.
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ സ്വാശ്രയ വിരുദ്ധ ആവേശം ഏതേത് വഴികളിലൂടെയാണ് അനുരഞ്ജനത്തിലെത്തിയത് എന്ന് നേരില്‍കണ്ട കേരളം ഉമ്മന്‍ചാണ്ടിയുടെ മാന്ത്രിക വടിയില്‍ ഇനിയും വിശ്വാസമര്‍പിച്ചിട്ടില്ല. ഭരണകൂട ഒത്തുകളികള്‍ നിരവധി കണ്ട കേരളത്തിന് എളുപ്പത്തില്‍ അത് വിഴുങ്ങാനുമാകില്ല. കൊട്ടിഘോഷിച്ച് കൊണ്ടുവന്ന സ്വാശ്രയ നിയമം തന്നെ ഇരട്ടത്താപ്പിന്റെ മികച്ച തെളിവായിരുന്നു. കോടതി വിധികള്‍ മുന്നോട്ടുവച്ചതുപോലെ ചൂഷണ പ്രതിരോധ സംവിധാനമായി സര്‍ക്കാറിന് മാറാന്‍ കഴിയുന്ന വ്യവസ്ഥകളായിരുന്നില്ല നിയമത്തിന്റെ കാതല്‍. മറിച്ച് ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകള്‍ വരെ ഉള്‍പെടുത്തിയ നിയമമായിരുന്നു തയാറാക്കിയത്. യുക്തിസഹമായ നിയമ നിര്‍മാണത്തിന് പകരം കമ്യൂണിസ്റ്റ് അവകാശ പത്രികയുണ്ടാക്കി നിയമമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു അന്നുചെയ്തത്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിര്‍വചനം വരെ ഏര്‍പാടാക്കി. ഇതൊന്നും നിയമപരായി നിലനില്‍ക്കില്ലെന്ന് അറിയാതിരിക്കാന്‍ മാത്രം വിഡ്ഢികളായിരുന്നു മുന്നണിയെയും സര്‍ക്കാറിനെയും വകുപ്പിനെയും നയിച്ചത് എന്ന് കരുതാനാവില്ല. സ്വാശ്രയ അനുകൂലികള്‍ എന്ന് ഇടതുപക്ഷം അധിക്ഷേപിക്കുന്നവര്‍ പോലും ഈ പോരായ്മ അന്നുതന്നെ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നിട്ടുമെങ്ങനെ ഇത്രമേല്‍ അബദ്ധം പിണഞ്ഞുവെന്നതിന്റെ ഉത്തരം, കോടതിയില്‍ പൊളിഞ്ഞുവീഴുന്ന നിയമം തല്ലിക്കൂട്ടുക എന്ന ഒത്തുകളിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രതീക്ഷിച്ചപോലെ കോടതി നിയമം റദ്ദാക്കി. മാനേജ്മെന്റുകള്‍ സര്‍വ സ്വതന്ത്രരായി. സര്‍ക്കാറിനാകട്ടെ പ്രചാണപരമായ മേല്‍ക്കൈയും നിയമം റദ്ദാക്കപ്പെട്ടതിലൂടെ രക്തസാക്ഷി പരിവേഷവും സംഘടിപ്പിക്കാനുമായി. ഫലത്തില്‍ ഇരുകൂട്ടര്‍ക്കും ലാഭം.
ഇമ്മാതിരി ലാഭക്കളികള്‍ അവസാനിച്ചു എന്ന് പറയാറായിട്ടില്ല. യു.ഡി.എഫ് കാലത്ത് വിശേഷിച്ചും. സ്വാശ്രയ ചേരിയില്‍ വോട്ട് ബാങ്ക് സമുദായങ്ങളാണ്. അവരെ പിണക്കാതിരിക്കാന്‍ കാലാകാലങ്ങളില്‍ ഭരണം നിയന്ത്രിച്ചവര്‍ നടത്തിയ ഇത്തരം ഒത്തുതീര്‍പ്പുകളാണ് സ്വാശ്രയ പ്രശ്നത്തെ യുക്തിസഹമായ പരിഹാരങ്ങളില്‍ നിന്നകറ്റിയത്. ആ ഒത്തുതീര്‍പ്പുകളാണ് സ്വാശ്രയത്തെ ആരും കൈവക്കാന്‍ ധൈര്യപ്പെടാത്ത അപകട മേഖലയാക്കിയത്. എത്ര പഠിച്ചാലും ആശയക്കുഴപ്പം തീരാത്തത്രയും സങ്കീര്‍ണതകളാല്‍ സാധാരണക്കാരന് അത് അപ്രാപ്യമാക്കിയത്. ഈ കാപട്യം അഴിച്ചുവച്ച് ഭരണകൂടമിതിനെ സത്യസന്ധതയോടെ നേരിടാന്‍ സന്നദ്ധമായാല്‍ ഇരുട്ടിവെളുക്കും മുമ്പ് സ്വാശ്രയ പ്രശ്നം പരിഹരിക്കാന്‍ കഴിയും.

(മാധ്യമം ആഴ്ചപ്പതിപ്പ്)

കേരളം: സമൂഹവും സംസ്കാരവും


1956ലെ ഭാഷാ സംസ്ഥാന രൂപീകരണത്തോടെയാണ് ഇന്നത്തെ കേരളും രൂപപ്പെട്ടത്. പൌരാണിക ചരിത്രത്തെക്കുറിച്ച് പൊതുസ്വീകാര്യമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ല. നിലവിലുള്ള സര്‍വാംഗീകൃത ചരിത്രമാകട്ടെ തികച്ചും ആധികാരികമായി ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ചരിത്രം അപ്പാടെ മാറിമറിച്ചത് നൂറ്റാണ്ട് നീണ്ട ചോള^ചേര യുദ്ധമാണെന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ചരിത്രം. എന്നാല്‍ ഇങ്ങനെയൊരു യുദ്ധം തന്നെ നടന്നിട്ടില്ലെന്നും അതിന് ആകെയുള്ള തെളിവ് ഇക്കാര്യം ആദ്യം പറഞ്ഞ ചരിത്രകാരനായ ഇളംകുളം കുഞ്ഞന്‍പിള്ളക്ക് അങ്ങനെ തോന്നിപ്പോയി എന്നതുമാത്രമാണെന്നും താരതമ്യേന വിശ്വസിനീയമായ ചരിത്ര പഠനത്തിലൂടെ പി.കെ ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ അതിനിര്‍ണായക ചരിത്ര സന്ദര്‍ഭത്തെക്കുറിച്ചുപോലും ഇത്രയും ആഴമേറിയ വൈരുദ്ധ്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

കേരളം കണക്കുകളില്‍

മൊത്തം 38,86,287 ഹെക്ടര്‍ ഭൂ വിസ്തൃതി. ഇതില്‍ 17,234 ചതുരശ്ര കിലോമീറ്റര്‍ വനമാണ്. ഇത് മൊത്തം ഭൂ പ്രദേശത്തിന്റെ 44.58 ശതമാനം വരും. 27.02 ലക്ഷം ഹെക്ടറില്‍ വിവിധ കൃഷികളുണ്ട്. 4.51 ലക്ഷം ഹെക്ടര്‍ കാര്‍ഷികേതര ഭൂമിയും. റബറാണ് കൂടുതല്‍; 5.17 ലക്ഷം ഹെക്ടര്‍. നെല്‍ കൃഷി 2.34 ലക്ഷം ഹെക്ടറും. നെല്‍ കൃഷിയിടം കുറയുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. തെങ്ങ്, കശുവണ്ടി, കാപ്പി, ഏലം എന്നിവയുടെ കൃഷിയും കുറയുകയാണ്. എന്നാല്‍ തേയില, റബ്ബര്‍ കൃഷികള്‍ അഞ്ചു വര്‍ഷത്തിനിടെ കൂടിയിട്ടുണ്ട്.
കാര്‍ഷിക ഉല്‍പാദനത്തിന്റെ തോത് മൊത്തത്തില്‍ കുറയുന്നതായാണ് സമീപകാല കണക്കുകള്‍ പറയുന്നത്. 2002^03ല്‍ കാര്‍ഷിക വരുമാനം 13,400 കോടിയായിരുന്നത് 2008^09ല്‍ 13,116 കോടിയായി മാറി. ഇത് തൊട്ട് മുന്‍വര്‍ഷത്തേക്കാള്‍ 0.5 ശതമാനം കുറവുമാണ്. കൃഷി, മല്‍സ്യബന്ധനം തുടങ്ങിയവ ഉള്‍പെടുന്ന പ്രാഥമിക മേഖലയിലായിരുന്നു കേരളത്തിന്റെ ആഭ്യന്തര (gross domestic production) ഉല്‍പാദനത്തിന്റെ സിംഹഭാഗവും. 1960ല്‍ ഇത് 56 ശതമാനമായിരുന്നു. എന്നാല്‍ 2008^09 വര്‍ഷത്തെ കണക്കുപ്രകാരം ഇത് മൊത്തം ഉല്‍പാദനത്തിന്റെ വെറും 14.47 ശതമാനം മാത്രമാണ്. പകരം കുത്തനെ ഉയരുന്നത് ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ്, വാണിജ്യം തുടങ്ങിയവ ഉള്‍പെടുന്ന മൂന്നാം മേഖലയാണ്. ഇത് ഇപ്പോള്‍ 60.94 ശതമാനമാണ്. 1960ല്‍ 29 ശതമാനമായിരുന്നു. എന്നാല്‍ വൈദ്യുതി, വെള്ളം, മാനുഫാക്ചുറിംഗ് തുടങ്ങിയവ ഉള്‍പെടുന്ന സെക്കന്‍ഡറി സെക്ടറില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടില്ല.
കുടുംബശ്രീ പ്രവര്‍ത്തനം കാര്‍ഷിക മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നെല്‍ കൃഷിയുടെ 29 ശതമാനവും വാഴ കൃഷിയുടെ 25 ശതമാനവും പച്ചക്കറി, മരച്ചീനി എന്നിവയുടെ 15 ശതമാനം വീതവും കുടുംബശ്രീ വഴിയാണ്. മറ്റൃഷികളുമടക്കം മൊത്തം 27,268.53 ഹെക്ടറില്‍ ഇവരുടെ കൃഷിയുണ്ട്. ഇതത്രയും പാട്ടഭൂമിയിലുമാണ്.
590 കിലോമീറ്റര്‍ തീര പ്രദേശമുള്ള കേരളത്തിലാണ് ദേശീയ മല്‍സ്യോപാദനത്തിന്റെ 20^25 ശതമാനം നടക്കുന്നത്. 11.33 ലക്ഷം മല്‍സ്യത്തൊഴിലാളികളുണ്ട്. 8.7 ലക്ഷം തീരദേശത്തും 2.6 ലക്ഷം ഉള്‍നാടുകളിലുമാണ്. 63,000ഓളം പേര്‍ അനുബന്ധ മേഖലയില്‍ തൊഴിലെടുക്കുന്നു. മല്‍സ്യ മേഖലയിലെ 45 ശതമാനം പേരും ദാരിദ്യ്ര രേഖക്ക് താഴെയുള്ളവരും 64 ശതമാനം പേരും കടക്കാരുമാണ്. ഈ രംഗത്തും ഉല്‍പാദനം കുറയുകയാണ്. 44 നദികളും 53 റിസര്‍വോയറുകളും 53 ജലാശയങ്ങളും കേരളത്തിലുണ്ട്.
കേരളത്തില്‍ മൊത്തം 23,120.207 കിലോമീറ്റര്‍ റോഡുണ്ട്. ഇതില്‍ 1542 കി.മീ ഒമ്പത് ദേശീയപാതകളിലായി കിടക്കുന്നു. 4,460.279 കി.മീ സംസ്ഥാന ഹൈവേയും 17,117.928 മേജര്‍ ഡിസ്ട്രിക്ട് റോഡുകളുമാണ്. NH 7 ശതമാനവും SH 19 ശതമാനവും MDR 74 ശതമാനവും ഉള്‍കൊള്ളുന്നു. ഇത്രയും റോഡിലായി 48.80 ലക്ഷം വാഹനങ്ങള്‍ ഓടുന്നു. പ്രതിവര്‍ഷം 4^5 ലക്ഷം വാഹനങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നു. ഒരു മേജര്‍ തുറമുഖവും 17 ചെറുതുറമുഖങ്ങളുമാണ് കേരത്തിലുള്ളത്. 1678 കി.മീ ഉള്‍നാടന്‍ ജല ഗാതാഗത വഴികളുണ്ട്. 41 നദികള്‍ സഞ്ചാരയോഗ്യമാണ്. 1,148 കി.മീ റയില്‍ പാതയുള്ള കേരളത്തില്‍ 13 റയില്‍ റൂട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളും.

ജനസംഖ്യ

3,18,38,619 ആണ് കേരളത്തിന്റെ ജനസംഖ്യ. ഇതില്‍ 1.54 കോടി പുരുഷന്‍മാരും 1.63 കോടി സ്ത്രീകളുമാണ്. 9 ലക്ഷം സ്ത്രീകള്‍ കൂടുതല്‍. സ്ത്രീ പുരുഷ അനുപാതവും സവിശേഷമാണ്. 1000 പുരുഷന്‍മാര്‍ക്ക് 1058 സ്ത്രീകള്‍. ഒരു ചതുരശ്ര കിലോമീറ്ററില്‍ 819 പേരാണ് കേരളത്തിലെ ജനസാന്ദ്രത. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണിത്. ഇന്ത്യയില്‍ കേരളത്തേക്കാള്‍ കൂടുതല്‍ ബീഹാറിലും ബംഗാളിലും മാത്രം.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ അതിവേഗം നഗരവല്‍കരണം നടക്കുന്നുണ്ട്്. ഇവിടെ ഒരേസമയം ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുകയും നഗരങ്ങള്‍ സമീപ ഗ്രാമങ്ങളിലേക്ക് വളരുകയും ചെയ്യുന്നു. മറ്റിടങ്ങളില്‍ ഈ പ്രവണതയില്ലെന്ന് സംസഥാന സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ പറയുന്നു. കേരളത്തില്‍ 25.97 ശതമനാമണ് നഗരവാസികള്‍. 1981ല്‍ 106 പട്ടണങ്ങളാണ് സെന്‍സസില്‍ അയാളപ്പെടുത്തിയത്. 1991ല്‍ അത് 197 ആയി. 2001ല്‍ നഗര ജനസംഖ്യ 25.97 ശതമാനം വര്‍ധിച്ചു. അതേസമയം നഗരവാസികളുടെ 0.78 ശതമാനം ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. 13 നഗരങ്ങളിലായി 64,556 പേര്‍. ഇതില്‍ 8,645 പേര്‍ കുട്ടികളാണ്. സാക്ഷരതാ നിരക്കിലും നഗരവാസികളേക്കാള്‍ പിന്നിലാണ് ചേരി നിവാസികള്‍. ചേരി വീടുളകിലെ നാലിലൊന്ന് കുടുംബത്തിന് മാത്രമാണ് വൈദ്യുതിയുള്ളത്.
21.93 ലക്ഷം മലയാളികള്‍ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. ഇതില്‍ 9.18 ലക്ഷം യു.എ.ഇയിലും 5.03 ലക്ഷം സൌദി അറേബ്യയിലുമാണ്. മൊത്തം കുടിയേറ്റക്കാരില്‍ 85 ശതാമനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. സി.ഡി.എസ് പഠനമനുസരിച്ച് 2007ല്‍ 8.9 ലക്ഷം പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം ക്രമേണ കുറയുകയാണ്. നാല് വര്‍ഷത്തിനിടെ ഇത് 3.5 ലക്ഷത്തിന്റെ കുറവുണ്ടായി. ബാക്കി 8.7 ലക്ഷം. പ്രവാസി മലയാളികള്‍ കൂടുതല്‍ മുസ്ലിംകളാണ്. 48.2 ശതമാനം. ഹിന്ദുക്കള്‍ 33.3 ശതമാനവും ക്രിസ്ത്യാനികള്‍ 18.5 ശതമാനവുമാണ്.
കേരളത്തില്‍ കുട്ടികളുടെ എണ്ണം കുറയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യയില്‍ 14 വയസുവരെയുള്ളവര്‍ 26.1 ശതമാനമാണ്. ഇത് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അതേസമയം 15^59 വയസുകാര്‍ 63.7 ശതമാനമുണ്ട്. 60 വയസിന് മുകളിലുള്ളവര്‍ 10.5 ശതമാനമുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 1991 മുതല്‍ 2001 വരെ പത്ത് വര്‍ഷത്തിനിടെ കുട്ടികള്‍ 4.24 ശതമാനം കുറഞ്ഞു. എന്നാല്‍ വൃദ്ധര്‍ 30.22 ശതമാനവും മധ്യവയസ്കര്‍ 12.91 ശതമാനവും വര്‍ധിക്കുകയും ചെയ്തു. അതേസമയം ഇന്ത്യയില്‍ കുട്ടികള്‍ 22 ശതമാനം കൂടുകയാണ് ചെയ്തത്.

ജനസംഖ്യാ വളര്‍ച്ച

കേരളത്തില്‍ ഹിന്ദു ജനസംഖ്യ 1.48 ശതമാനവും ക്രിസ്ത്യന്‍ ജനസംഖ്യ 0.32 ശതമാനവും കുറയുന്നതായാണ് 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സെന്‍സസ് കമീഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്്. (ദി ഹിന്ദു, 2004 സെപ്തംബര്‍ 23). എന്നാല്‍ 1991ലെ സെന്‍സിനെ അപേക്ഷിച്ച് 1.70 ശതമാനം വര്‍ധനയാണ് മുസ്ലിം ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. ഹിന്ദുക്കള്‍ വിവിധ ജാതികള്‍ ചേര്‍ത്ത് ജനസംഖ്യയുടെ 56.2 ശതമാനവും മുസ്ലിംകള്‍ 24.7 ശതമാനവും ക്രൈസ്തവര്‍ 19 ശതമാനവും വരും. ജനസംഖ്യ യഥാക്രമം: 1.78 കോടി, 78 ലക്ഷം, 60 ലക്ഷം. 4,528 ജൈന മതവിശ്വാസികളും 2,762 സിക്കുകാരും 2,027 ബുദ്ധമതക്കാരും 2,256 മറ്റ് മതവിശ്വാസകിളുമുണ്ട്. മതമില്ലാത്തവരുടെ എണ്ണം 25,083. പത്ത് വര്‍ഷത്തിനിടെയുള്ള മൊത്തം ജനസംഖ്യാ വളര്‍ച്ച 9.42 ശതമാനം.
മലപ്പുറം ജില്ലയില്‍ മുസ്ലിംകളാണ് ഭൂരിപക്ഷം. കുറവ് ക്രൈസ്തവരും. മറ്റ് ജില്ലകളില്‍ ഹിന്ദുക്കളാണ് കൂടുതല്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ ആളെണ്ണത്തില്‍ മുസ്ലിംകള്‍ രണ്ടാമതുണ്ട്. എഴ് ജില്ലകളില്‍ ക്രൈസ്തവരാണ് രണ്ടാമത്തെ വിഭാഗം. ഹിന്ദുക്കള്‍ കൂടുതല്‍ തലസ്ഥാനത്തും കുറവ് വയനാട്ടിലുമാണ്. ക്ര്ൈസതവര്‍ കൂടുതല്‍ എറണാംകുളത്തും മുസ്ലിംകള്‍ കുറവ് പത്തനംതിട്ടയിലുമാണ്. സ്ത്രീ അനുപാതം കൂടുതല്‍ മുസ്ലിംകളിലാണ്. 1000ന് 1082. ഹൈന്ദവരില്‍ 1058ഉം ക്രൈസ്തവരില്‍ 1031ഉം. സാക്ഷരതാ നിരക്ക് കൂടുതല്‍ ക്രൈസ്തവരിലാണ്: ആണ്‍ 94.8% പെണ്‍ 93.5%. മുസ്ലിം സാക്ഷരത: ആണ്‍ 89.4% പെണ്‍ 85.5%. ഹിന്ദു സാക്ഷരത: ആണ്‍ 90.2% പെണ്‍ 86.7%. 35.7%ഹിന്ദുക്കള്‍ ജോലിയുള്ളരാണ്. ക്രൈസ്തവരില്‍ ഇത് 33.9%ഉം മുസ്ലിംകളില്‍ 23.5%ഉം ആണ്. തൊഴില്‍ മേഖലകളിലെ സ്ത്രീ പങ്കാളിത്തത്തിലെ കുറവാണ് മുസ്ലിം പ്രാതിനിധ്യക്കുറവിന് കാരണമായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.

പാര്‍പ്പിടവും ദാരിദ്യ്രവും

കേരള ജനസംഖ്യയില്‍ 37.5 ലക്ഷം ദാരിദ്യ്ര രേഖക്ക് താഴെയാണ്. നഗരവാസികളിലാണ് ദരിദ്രര്‍ കുടുതല്‍. 20.2 ശതമനം. ഗ്രാമീണ ജനസംഖ്യയുടെ 13.28 ശതമാനമാണ് ബി.പി.എല്‍. കേരളത്തിലെ ജനങ്ങളില്‍ 7.1 ലക്ഷം ജനങ്ങള്‍ വീടില്ലാത്തവരാണ്. ഇതില്‍ 3.32 ലക്ഷത്തിന് ഭൂമിയുമില്ല. വീടുള്ളവരില്‍ തന്നെ 8 ശതമാനം ജീര്‍ണിച്ച കെട്ടിടങ്ങളിലാണ് കഴിയുന്നത്. അതേസമയം കേരളത്തില്‍ 7.3 ലക്ഷം വീടുകള്‍ ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുന്നവയാണ്. ഇതില്‍ 5.1 ലക്ഷം വീടുകള്‍ ഗ്രാമങ്ങളിലും 2.2 ലക്ഷം നഗരങ്ങളിലുമാണ്. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ വീടുകള്‍ കേരളത്തില്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഭൂപരിഷ്കരണ നിയമപ്രകാരം 2.81 ലക്ഷം ഏക്കര്‍ ഭുമി 1.58 ലക്ഷം പേര്‍ക്കായി 2009 വരെ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 59,168 പേര്‍ പട്ടിക ജാതി വിഭാഗങ്ങളും 7,529 പട്ടിക വര്‍ഗവും 91,652 പേര്‍ മറ്റ് വിഭാഗങ്ങളിലുമുള്ളവരാണ്. നഗരവാസികളില്‍ 20.6 ശതമാനം തൊഴില്‍ രഹിതരാണ്.

ലിംഗപദവി

മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക വികസന മേഖലകളില്‍ സ്ത്രീ^പരുരുഷ പങ്കാളിത്തം കേരളത്തില്‍ ഏറെക്കുറെ തുല്ല്യമാണ്. സ്ത്രീ സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയവയിലെ നേട്ടങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ജന്‍ഡര്‍ ഇക്വാലിറ്റി ഇന്റക്സ്, ജന്‍ഡര്‍ എംപവര്‍മെന്റ് മെഷേഴ്സ് എന്നിവയില്‍ രാജ്യത്ത് ഒന്നാം സഥാനം കേരളത്തിനാണ്. അതേസമയം സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം സംസ്ഥാനത്ത് തീരെ കുറവാണ്. 22.9 ശതമാനം. ഗ്രാമീണ മേഖലയില്‍ 22 ശതമാനവും നഗരത്തില്‍ 33 ശതമാനവുമാണ് സ്ത്രീ തൊഴിലില്ലായ്മ. മൊത്തത്തില്‍ 24.3 ശതമാനം. പുരുഷന്‍മാരില്‍ ഇത് 6.5 ശതമാനം മാത്രമാണ്. ദേശീയ തലത്തിലാകട്ടെ സ്ത്രീ തൊഴിലില്ലായ്മ 3 ശതമാനവും പുരുഷന്‍മാരുടേത് 3.1 ശതമാനവുമാണ്. കേരളത്തിലെ പൊതുവെയുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും ഈ അവസ്ഥക്ക് കാരണമാണെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനത്ത് നിലനില്‍ക്കുന്ന സ്ത്രീ^പുരുഷ അന്തരം ആശ്ചര്യകരമാണ്. വിദ്യാസമ്പന്നരിലാണ് തൊഴിലില്ലായ്മ കൂടുതല്‍. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീ സാന്നിധ്യം വളരെ കുറവാണെന്നതും ഇതിന് കാരണമാണ്. സ്ത്രീധന മരണങ്ങള്‍ കേരളത്തില്‍ കുറവാണെങ്കിലും അതിക്രമം വലിയ തോതില്‍ നടക്കുന്നു. ഭര്‍ത്താവ്^ ഭര്‍തൃ ബന്ധുക്കള്‍ എന്നിവരുടെ പീഡനമാണ് കൂടുതല്‍.

തൊഴിലാളികള്‍

19 ലഷം സ്ത്രീകളടക്കം 83 ലക്ഷം തൊഴിലാളികളാണ് കേരളത്തിലുള്ളത്. ചുമട്ടുതൊഴില്‍ മുതല്‍ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. കുട്ടിത്തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യ ആദ്യ മൂന്ന് സ്ഥാനക്കാരിലെത്തുമെങ്കിലും കേരളത്തില്‍ ഇത് തീരെ കുറവാണ്. കേരളത്തിലുള്ളതില്‍ തന്നെ മഹാ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരുമാണ്. 100 വീടിന് 29 പേര്‍ എന്ന നിരക്കില്‍ പ്രവാസി തൊഴിലാളികളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രവാസികള്‍ 19 ശതമാനം വര്‍ധിച്ചു. അവര്‍ പ്രതിവര്‍ഷം കേരളത്തിലെത്തിക്കുന്നത് 43,000 കോടി രൂപ. അഞ്ചുവര്‍ഷത്തിനിടെ വര്‍ധന 135 ശതമാനം.

ആത്മഹത്യ

ആത്മഹത്യാ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീ ആത്മഹത്യ കൂടുകയും പുരുഷ മരണം കുറയുകുയും ചെയ്യുന്നുവെന്നതാണ് ഇതിലെ ഏറ്റവും പുതിയ പ്രവണത. കുടുംബ ആത്മഹത്യകളും വര്‍ധിക്കുന്നു. കുടുംബ പ്രശ്നങ്ങളാണ് 42.3 ശതമാനത്തിന്റെയും മരണ കാരണം. 31.5 ശതമാനത്തിന് രോഗവും. സാമ്പത്തിക പ്രതിസന്ധി, സാമൂഹ്യ പദവിയിലെ തകര്‍ച്ച, തൊഴില്‍ പ്രശ്നം തുടങ്ങിയ കാരണങ്ങളാലെല്ലാം ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ടിെലും പ്രത്യയശാസ്ത്രപരമായ കാരണങ്ങളാലുള്ള സ്വയം മരണം കേരളത്തില്‍ ഇല്ലാതായിരിക്കുന്നു. 2005ല്‍ ഇക്കാരണത്താല്‍ 112 പേര്‍ മരിച്ചിട്ടുണ്ട്. അതിന് ശേഷം ഇക്കാരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിന് മുമ്പാകട്ടെ, ഒന്നും രണ്ടും മരണങ്ങളാണ് സമീപകാല കണക്ക്. അതിനാല്‍ തന്നെ 2005ലെ കണക്ക് സംശയാസ്പദമാണെന്ന് സാമൂഹ്യ ശാസ്ത്രഞ്ജര്‍ നിരീക്ഷിക്കുന്നു. വയനാട്ടിലാണ് ആത്മഹത്യ നിരക്ക് കൂടുതല്‍. പിന്നില്‍ ഇടുക്കിയും തിരുവന്തപുരവും. എറ്റവും കുറവ് മലപ്പുറത്താണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍

കേരളത്തില്‍ 6 ദേശീയ പാര്‍ട്ടികളും 4 സംസ്ഥാന പാര്‍ട്ടികളും 27 രജിസ്റ്റേര്‍ഡ് പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന പാര്‍ട്ടികളില്‍ എട്ടെണ്ണം വിവിധ സമുദായങ്ങളില്‍ കേന്ദ്രീകരിക്കുന്നു. 9 പാര്‍ട്ടികള്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളാണ്. രണ്ടെണ്ണം മാര്‍ക്സിസ്റ്റ് ഗ്രൂപ്പുകളും. തമിഴരുമായ ബന്ധപ്പെട്ട മൂന്ന് പാര്‍ട്ടികളുണ്ട്.

മതം, ജാതി

ചരിത്രരേഖകളില്‍ ഒമ്പതാം നൂറ്റാണ്ടിന് ശേഷമാണ് കേരളം സജീവ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകുന്നത്. ആര്യാധിനിവേശം രൂക്ഷമാകുകയും ബുദ്ധ^ജൈന മതങ്ങള്‍ ക്ഷയിക്കുകയും ജാത്യാധിഷ്ഠിതമായ ഹിന്ദു സമൂഹം വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നതും ഈ സമയത്തുതന്നെ. ബി.സി 1750ല്‍ സിന്ധുനദീ തീരത്തെത്തിയ ആര്യസംഘം ബി.സി മൂന്നാം നൂറ്റാണ്ടില്‍ കേരളത്തിലെത്തി എന്നാണ് കരുതുന്നത്. എന്നാല്‍ ഒമ്പതാം നൂറ്റാണ്ടിലാണ് അധിനിവേശം ശക്തി പ്രാപിച്ചത്. കേരളീയ സാമൂഹ്യ ഘടന രൂപപ്പെടുത്തിയതില്‍ ഈ അധിനിവേശമാണ് നിര്‍ണായക പങ്കുവഹിച്ചത്. കേരളത്തില്‍ ചാതുര്‍വര്‍ണ്യം നിലവില്‍ വന്നത് ഇവരുടെ വരവോടെയാണ്. ആദ്യം ആര്യന്‍^അനാര്യന്‍ വിഭജനമാണുണ്ടായത്. ഇതില്‍ ആര്യന്‍മാര്‍ അവര്‍ക്കിടയില്‍ സ്വന്തം നിലയില്‍ നടത്തിയ തൊഴില്‍ വിഭജനമാണ് പില്‍ക്കാലത്ത് ജാതിയായി രൂപാന്തരപ്പെട്ടത് എന്നാണ് ഹൈന്ദവ പക്ഷപാതികളായ ചരിത്രകാരന്‍മാരുടെ വീക്ഷണം. ഇതില്‍ അനാര്യന്‍മാര്‍ ശൂദ്രരായി മാറിയെന്നും മറ്റ് മൂന്ന് വിഭാഗങ്ങളും ആര്യന്‍മാരില്‍ നിന്നുതന്നെയുണ്ടായി എന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഋഗ്വേദം തൊട്ട് സര്‍വ വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്മൃതികളിലും ശ്രുതികളിലും ചാതുര്‍വര്‍ണ്യം പരാമര്‍ശിക്കപ്പെടുന്നതിനാല്‍ അത് വെറും തൊഴില്‍ വിഭജനം മാത്രമായി കാണുക പ്രയാസമാണ്. അംബേദ്കറും ഈ വാദത്തെ നിരാകരിച്ചിട്ടുണ്ട്. ഏതായാലു ഒമ്പതാം നൂറ്റാണ്ടിലാണ് കേരളീയ ജാതി സമൂഹത്തിന്റെ പരിണാമ പ്രകൃയ രൂപപ്പെട്ടത് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ജാത്യാതീതമായി ഒറ്റ വര്‍ഗമെന്ന നിലയില്‍ ജീവിച്ചിരുന്ന ദ്രാവിഡ സമൂഹങ്ങളെ അവരുടെ അതിവാസ കേന്ദ്രങ്ങളില്‍ നിന്ന് പുറന്തള്ളുകയോ കീഴ്പെടുത്തുകയോ ചെയ്തുകൊണ്ടാണ് വെളുത്തവരെന്ന് പറയപ്പെടുന്ന ആര്യന്‍മാര്‍ അധീശത്വം സ്ഥാപിച്ചത്. ഇവരുടെ അധിനിവേശകാലത്ത് കേരളത്തിലുണ്ടായിരുന്നത് കാടര്‍, കാണിക്കര്‍, മലമ്പണ്ടാരം, മുതുവര്‍ തുടങ്ങിയ പേരില്‍ ഇന്ന് അറിയപ്പെടുന്നവരുടെ മുന്‍തലമുറയാണ്. ചുരുണ്ട തലമുടിയും കറുത്ത തൊലിയുമുള്ളവര്‍. അധിനിവേശം നടന്നതോടെ ഇവര്‍ ഉള്‍പ്രദേശങ്ങളിലേക്ക് പിന്‍മാറി എന്ന് കരുതുന്നു. കേരളത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയ ആര്യന്‍മാരാണ് ബ്രാഹ്മണര്‍ എന്നറിയപ്പെടുന്നത്. അന്ന് നാട്ടില്‍ അധിപതികളായിരുന്നവരെ ക്ഷത്രിയരായും സമൂഹത്തില്‍ സ്വാധീനമുള്ളവരെ വൈശ്യരായും പേരിട്ട് വര്‍ണ വ്യവസ്ഥ നടപ്പാക്കി എന്നാണ് കരുതുന്നത്. അവശേഷിച്ച ദ്രാവിഡര്‍ ശൂദ്രരുമായി. ഇവരില്‍ തന്നെ താരതമ്യേന മെച്ചപ്പെട്ടവരെ മാത്രമേ ശൂദ്രരായി പരിഗണിച്ചുള്ളൂവെന്നും അല്ലാത്തവരെ അവര്‍ണരായി കണക്കാക്കിയെന്നും ചരിത്രകാരന്‍മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈഴവര്‍, പുലയര്‍, പറയര്‍, കുറവര്‍ എന്നിവരാണ് ഇങ്ങനെ ശൂദ്ര പദവി ലഭിച്ചവര്‍. നായന്‍മാരും ഇക്കൂട്ടത്തിലാണ് അന്ന് പെട്ടിരുന്നതെന്നും അല്ലെന്നും വാദങ്ങളുണ്ട്. ഈ വര്‍ണങ്ങള്‍ തമ്മിലെ മിശ്രവിവാഹിതരുടെയും ജാതി ഭ്രഷ്ടരുടെയും പിന്‍മുറക്കാരും അവര്‍ണരുടെ കൂട്ടത്തിലായി. ബ്രാഹമണ സ്ത്രീയില്‍ ശൂദ്രന് പിറന്നവര്‍ ചണ്ഡാളരായി. അങ്ങനെ ഉപജാതികളും അവാന്തര വിഭാഗങ്ങളുമുണ്ടായി. ഇതില്‍ ഈഴവര്‍ കേരളത്തില്‍ നിലവില്‍ 22.91 ശതമാനമുണ്ട്. പുലയര്‍ 3.27 ശതമാനവും.
കേരള ജനസംഖ്യയുടെ ഒരു ശതമാനമാണ് ബ്രാഹ്മണരുടെ പങ്കാളിത്തം. ആയിരത്തോളം വര്‍ഷം കേരളത്തിലെ ഭൂമിയുടെ ഏറെക്കുറെ മുഴുവനും കൈവശം വച്ച ഒരു സമൂഹം പരമദരിദ്രരായാണ് പില്‍ക്കാല ചരിത്രത്തില്‍ കാണപ്പെടുന്നത്. ലോകത്തുതന്നെ അത്യപൂര്‍വമായ വിഭാഗമായി ഇവരുടെ ഈ ഭൂ ഉടമാവകാശം മാറുന്നു. എന്നിട്ടും ഏറെ ദരിദ്രദരായി മാറിയ സമൂഹത്തെയാണ് പില്‍കാല ചരിത്രത്തില്‍ കാണുന്നത്. ഇവരെപ്പോലെ മണ്ടന്‍മാര്‍ ലോക ചരിത്രത്തിലില്ലെന്ന് നിരീക്ഷിച്ച ഗവേഷകര്‍ കേരളത്തിലുണ്ട്. കേരളത്തില്‍ 14.41 ശതമാനം വരുന്ന നായന്‍മാരെ പറ്റി 13 മുതല്‍ 19^ാം നൂറ്റാണ്ട് വരെ കാലഘട്ടത്തിലെ ചരിത്ര പരാമര്‍ശങ്ങളില്‍ സൈനിക വിഭാഗമെന്നാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ സംഘടിത സൈന്യമോ പരിശീലനം നേടിയവരോ ആയിരുന്നില്ല. ഒരു തരം ഗുണ്ടാ സംഘം. നാട്ടിലെ നിയമപാലകരും വിധി കര്‍ത്താക്കളും ഇവരായിരുന്നു. 'സൈനികരെന്നാല്‍, സദാ ആയുധ ധാരികളായി നടന്ന് ഗുണ്ടായിസം കളിക്കുക മാത്രമാണ് ചെയ്തിരുന്നത്' എന്നാണ് പി.കെ ബാലകൃഷണന്റെ കണ്ടെത്തല്‍. അന്നത്തെ സാമൂഹ്യാവസ്ഥ വിലയിരുത്തുമ്പോള്‍ ഇതുതന്നെയാകും കൂടുതല്‍ ശരി.

ദലിതര്‍

ദലിതരെന്ന പേരില്‍ ഇപ്പോള്‍ പറയപ്പെടുന്നത്് പട്ടിക ജാതി^പട്ടിക വര്‍ഗ വിഭാഗങ്ങളെയാണ്. ആദിവാസികളും ഇക്കൂട്ടത്തിലുണ്ട്. ചാതുര്‍വര്‍ണ്യ ഘടനയില്‍ അവര്‍ണരായും ജാതി സംവിധാനത്തില്‍ പുറം ജാതിക്കാരായും ജനാധിപത്യ രാഷ്ട്ര ഘടനയില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരായും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് പട്ടിക ജാതി^പട്ടിക വര്‍ഗ വിഭാഗങ്ങള്‍. എന്നാല്‍ വിചിത്രമായ വസ്തുത ഈ സമൂഹങ്ങള്‍ക്കിടയിലെ വിവിധ വിഭാഗങ്ങളും അയിത്തവും തൊട്ടുകൂടായ്മയും ജാതീയതയും നിലനിര്‍ത്തുന്നുവെന്നതാണ്.
കേരളത്തില്‍ 31.24 ലക്ഷം പട്ടിക ജാതിക്കാരുണ്ട്. ജനസംഖ്യയുടെ 9.81 ശതമാനം. സാക്ഷരതാ നിരക്ക് 82.66 ശതമാനം. സ്ത്രീ സാക്ഷരത 77.5 ശതമാനവും. 7.5 ശതമാനം പേര്‍ ചേരികളില്‍ താമസിക്കുന്നവരാണ്. പട്ടിക വര്‍ഗം 3.64 ലക്ഷമാണ്. ജനസംഖ്യയുടെ 1.14 ശതമാനം. സാക്ഷരതാ നിരക്ക് 64.35ശതമാനവും സ്ത്രീ സാക്ഷരതാ നിരക്ക് 58.11 ശതമാനവുമാണ്. പട്ടിക ജാതിയില്‍ ഉള്‍പെടുന്ന 53 വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. കോളനികളിലും ഒറ്റപ്പെട്ട ആവാസ കേന്ദ്രങ്ങളിലുമാണ് കൂടുതല്‍ പേര്‍ കഴിയുന്നത്. 81.8 ശതമാനവും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. 33.3 ശതമാനം വരുന്ന പുലയ വിഭാഗമാണ് ഭൂരിപക്ഷം. ജനസംഖ്യ 10.41 ലക്ഷം. 3.16 ലക്ഷം വരുന്ന ചെറുമരാണ് രണ്ടാമത്. കുറവന്‍, പറയന്‍, കണ്ണകന്‍, തണ്ടാന്‍, വേട്ടുവര്‍ എന്നിവരും അംഗബലമുള്ള ജനസമൂഹമാണ്. ഈ 7 വിഭാഗം മാത്രം 77.7 ശതമാനം വരും. അവശേഷിക്കുന്നവരില്‍ 46 വിഭാഗങ്ങളുണ്ട്. 33.7 ശതമാനം കര്‍ഷക തൊഴിലാളികളും 61.9 ശതമാനം മറ്റ് ജോലികള്‍ ചെയ്യുന്നവരുമാണ്. 1.7 ശതമാനം കൃഷിക്കാരും 2.8 ശതമാനം കുലത്തൊഴില്‍ ചെയ്യുന്നവരുമാണ്. 99.9 ശതമാനവും ഹിന്ദുമത വിശ്വാസികളാണ്. 390പേര്‍ സിക്ക്^ബുദ്ധ മത വിശ്വാസികളാണെന്ന് കഴിഞ്ഞ സെന്‍സസില്‍ കണ്ടെത്തിയിരുന്നു.
പട്ടിക വര്‍ഗം ഗ്രാമീണ മേഖലയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ കൂട്ടത്തോടെ ജീവിക്കുന്നവരാണ്. 36 വിഭാഗം പട്ടിക വര്‍ഗ സമൂഹങ്ങള്‍ കേരളത്തിലുണ്ട്. പണിയന്‍ വിഭാഗമാണ് ഭൂരിപക്ഷം. കുറിച്ച്യരാണ് രണ്ടാമത്. മുതുവാന്‍, കാണിക്കാര്‍, ഇരുളര്‍, കുറുമര്‍, മലയരയന്‍ എന്നിവര്‍ 20,000 ന് മേല്‍ ജനസംഖ്യയുള്ളവരാണ്. ഏഴ് വിഭാഗത്തിന് 5,000നും 16,000നും ഇടയില്‍ ജനസംഖ്യയുണ്ട്. 500ല്‍ കുറഞ്ഞ ആളുകളുള്ള 11 വിഭാഗങ്ങളും 50ല്‍ താഴെ മാത്രം ആളുകളുള്ള നാല് ട്രൈബുകളുമുണ്ട്. കാര്‍ഷിക മേഖലയാണ് ഇവരുടെ പ്രധാന തൊഴിലിടം. 47.1 ശതമാനം ഇവിടെ ജോലി ചെയ്യുന്നു. 11.2 ശതമാനം കര്‍ഷകരുണ്ട്. 38.6 ശതമാനം മറ്റ് ജോലികള്‍ ചെയ്യുന്നു. 93.7 ശതമാനവും ഹിന്ദുമത വിശ്വാസികളാണ്. 5.8 ശതമാനം ക്രിസ്ത്യാനികളും അര ശതമാനത്തില്‍ താഴെ മുസ്ലിംകളുമുണ്ട്.

പിന്നാക്ക ഹിന്ദുക്കള്‍

ഒ.ബി.സിയില്‍ 79 വിഭാഗങ്ങളുണ്ട്. ഇതില്‍ മുസ്ലിം, ആംഗ്ലോ ഇന്ത്യന്‍, ലത്തീന്‍ കത്തോലിക്കര്‍, നാടാര്‍^പട്ടിക ജാതി പരിവര്‍ത്തിത ക്രിസ്ത്യന്‍ എന്നിവ ഒഴികെ ബാക്കിയെല്ലാം ഹിന്ദു വിഭാഗമാണ്. ഈഴവരും ഒ.ബി.സിയാണ്. അദര്‍ ബാക്ക് വേര്‍ഡ് ഹിന്ദൂസ് എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്ന അവശേഷിക്കുന്നവരില്‍ 70 ജാതികള്‍ ഉള്‍പെടുന്നു. വണിക^വൈശ്യര്‍, എഴുത്തച്ചന്‍, വിളക്കിത്തല നായര്‍ തുടങ്ങി 20 ഓളം ജാതികള്‍ താതമ്യേന ആള്‍ബലമുള്ളവയാണ്. ബാക്കിയുള്ളവയില്‍ ഇവയുടെ ഉപജാതികള്‍ മുതല്‍ പേരില്‍ മാത്രം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ വരെയുണ്ട്. ഇവര്‍ മൊത്തം 25 ലക്ഷം ജനസംഖ്യ സ്വയം അവകാശപ്പെടുന്നു.
സര്‍ക്കാര്‍ രേഖയില്‍ ഒ.ഇ.സി^അദര്‍ എലിജിബിള്‍ കമ്യൂണിറ്റി^ എന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്. ഇതില്‍ എട്ട് ഹിന്ദു ജാതികള്‍ ഉള്‍പെടുന്നു. ധീവരരാണ് കൂട്ടത്തില്‍ പ്രബലര്‍. പട്ടിക ജാതിക്കും ഒ.ബി.സിക്കും ഇടയിലുള്ളവര്‍ എന്നും ഇവരെ പറയാം. 20 ലക്ഷം ജനസംഖ്യ ഇവരും അവകാശപ്പെടുന്നു.

ക്രിസ്ത്യാനികള്‍

ജനസംഖ്യയുടെ 19 ശതമാനം വരുന്ന ക്രൈസ്തവരുടെ ആദ്യ തലമുറ എ.ഡി 52ല്‍ കേരളത്തിലെത്തിയെന്ന് കരുതുന്നു. വിവിധ സഭകളും വിഭാഗങ്ങളുമായി ഇവര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സഭകള്‍: സീറൊ മലബാര്‍ സഭ, മലങ്കര ഓര്‍തോഡൊക്സ്, മലങ്കര മാര്‍തോമ, അന്ത്യോക്യന്‍ സഭ, സി.എസ്.ഐ, പൌരസ്ത്യ കല്‍ദായ സഭ, തൊഴിയൂര്‍ (സ്വതന്ത്ര സുറിയാനി) സഭ, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ, ലത്തീന്‍ കത്തോലിക്ക സഭ, തിരു^കൊച്ചി ആംഗ്ലിക്കന്‍ സഭ.
എന്നാല്‍ പൌരോഹിത്യ ആധിപത്യത്തെ നിരാകരിക്കുന്ന നവാഗത സഭാസമൂഹങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നുണ്ട്. സെവന്‍ത് ഡേ അഡ്വന്റിസ്റ്റ്, സാല്‍വേഷന്‍ ആര്‍മി, ബ്രദറന്‍ സഭ, പെന്തിക്കോസ്ത് സഭ, പെന്തിക്കോസ്ത് ദൈവ സഭ, ഇന്തന്‍ പെന്തിക്കോസ്ത് സഭ, പെന്തിക്കോസ്ത് ദൈവ സമൂഹം, അപ്പോസ്തലിക് പെന്തിക്കോസ്ത് സഭ, ശാരോണ്‍ പെന്തിക്കോസ്ത് സഭ, സ്വതന്ത്ര ഇന്ത്യന്‍ പെന്തിക്കോസ്ത് സഭ, അധഃകൃത പെന്തിക്കോസ്ത് സഭ, ഫിലാഡല്‍ഫിയ പെന്തിക്കോസ്ത് സഭ, യഹോവ സാക്ഷികള്‍, യൂയോമയ സഭ തുടങ്ങഇയവ ഇക്കൂട്ടത്തില്‍ പെട്ടവയാണ്.

പിന്നാക്ക ക്രൈസ്തവര്‍

പത്തിലേറെ സഭകളിലും അതിന്റെയിരട്ടി നവാഗത സഭകളിലുമായി വിഭജിക്കപ്പെട്ടതാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. ഇവരില്‍ നിന്ന് ആചാരപരമായി പോലും വേറിട്ടുനില്‍ക്കുന്നവരാണ് ദലിത് ക്രൈസ്തവര്‍. 200 വര്‍ഷം മുമ്പ് ഈ സമൂഹത്തിന്റെ രൂപീകരണം തുടങ്ങിയതായി കരുതുന്നു. വിവിധ പട്ടിക ജാതി വിഭാഗങ്ങളില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണിവര്‍. കടുത്ത വിവേചനവും അവഗണനയും മറ്റ് സഭകളില്‍നിന്ന് നേരിടുന്ന ഇവര്‍ ഏറെക്കുറെ സ്വന്തം നിലയില്‍ ആചാരങ്ങളും അനുഷ്ടാനങ്ങളുമായി കഴിച്ചുകൂടുന്നു. അവരുടെ അവകാശവാദപ്രകാരം ജനസംഖ്യ 25^30 ലക്ഷമാണ്. ഇത് അതിരുകവിഞ്ഞ അവകാശവാദമാകാനാണ് സാധ്യത. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്വന്തം വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രാര്‍ഥനയും മറ്റ് മത പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഹൈന്ദവരായ സ്വജാതികളില്‍ നിന്നും ഇവര്‍ വിവാഹം കഴിക്കും. ഇവരേക്കാള്‍ പഴക്കമുള്ളതാണ് മുക്കുവ സമുദായത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ ലത്തീന്‍ കത്തോലിക്ക സഭ. 11 ലക്ഷം ജനസംഖ്യയുള്ള ഇവര്‍ സംഘടിതരും സ്വതന്ത്രസഭയായി പ്രവര്‍ത്തിക്കുന്നവരുമാണ്. ജനസംഖ്യയുടെ 1.04 ശതമാനം വരുന്ന നാടാര്‍ ക്രൈസ്തവരും പരിവര്‍ത്തിത സമൂഹമാണ്. ഈ മൂന്ന് വിഭാഗവും പിന്നാക്കക്കാരാണെങ്കിലും ഇവര്‍ക്കിടയിലും പരസ്പര വംശീയതയും ജാതി ശ്രേണി സങ്കല്‍പങ്ങളും അതിരൂക്ഷമായി നിലനില്‍ക്കുന്നു.

ഭാഷാ ന്യൂനപക്ഷങ്ങള്‍

മാതൃഭാഷ മലയാളമല്ലാത്ത ഭാഷാസമൂഹങ്ങളെയാണ് ഈ പേര് അര്‍ഥമാക്കുന്നത്. എന്നാല്‍ നൂറ്റാണ്ടുകള്‍ നീണ്ട സഹവാസത്തിനിടെ മാതൃഭാഷ പരിവര്‍ത്തിപ്പിക്കപ്പെട്ടവരും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്.

കൊങ്കണികള്‍

കൊങ്കണ്‍ എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ തീരത്തുനിന്ന് കുടിയേറിയ പ്രാചീന പഞ്ചാബിലെ സരസ്വതീ നദീ തീരവാസികളാണ് കൊങ്കണികള്‍ എന്നറിയപ്പെടുന്നത്. വിശ്വാസവും ആചാരപരവുമായ പാരമ്പര്യം സംരക്ഷിക്കാന്‍ പലായനം പതിവാക്കിയ ഇവര്‍ ഗോവയില്‍ ആധിപത്യമുണ്ടായിരുന്ന ബീജാപ്പുര്‍ സുല്‍ത്താനെ തുരത്താന്‍ പോര്‍ച്ചുഗുസുകാരെ കൊച്ചിയില്‍ നിന്ന് വിളിച്ചുവരുത്തിയിരുന്നു. ഈ ദൌത്യം പൂര്‍ത്തിയാക്കിയ പോര്‍ച്ചീഗുസുകാര്‍ പിന്നീട് കൊങ്കണികള്‍ക്കെതിരെ തിരിഞ്ഞു. കൊങ്കണി ഭാഷ നിരോധിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ത്ത് ചര്‍ച്ചുകള്‍ കെട്ടി. 1554ല്‍ ആയിരക്കണക്കിന് പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി. ഇതേതുടര്‍ന്ന് പലായനം തുടങ്ങിയവരില്‍ 12,000 കുടുംബങ്ങള്‍ 1560ല്‍ കേരളത്തിലെത്തിയതാണ് ഇവരുടെ ആദ്യ മലയാളി തലമുറ.
സാരസ്വതര്‍, ഗൌഡ സാരസ്വതര്‍, വാണിയര്‍, സോനാര്‍, ചെമ്പുകൊട്ടികള്‍, പപ്പട്, നായിക്, കുടുംബി, ഭട്ടര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഇതിലുണ്ട്. ജാതീയമായ വേര്‍തിരിവുകളും കടുത്ത വിവേചനവും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പരസ്പര വിവാഹമില്ല. കാസര്‍കോട് കൊങ്കണി തച്ചന്‍മാരും കുമ്പളയില്‍ മല്‍സ്യത്തൊഴിലാളികളായ കൊടകൊങ്കണികളുമുണ്ട്. കൊങ്കണികളില്‍ ക്രൈസ്തവരും മുസ്ലിംകളുമുണ്ടെന്ന് ഇതേപറ്റി പഠനം നടത്തിയ പോള്‍ മണലില്‍ പറയുന്നു. ഷേണായി, നായിക്,മല്ലര്‍, റാവു, കമ്മത്ത്, കിണി, ബാലിഗ, പ്രഭു, ഭട്ട് തുടങ്ങിയ വിശേഷണം പേരുകള്‍ക്കൊപ്പം ചേര്‍ക്കുന്നത് കൊങ്കണികളാണ്. പലിശയും കച്ചവടവും മുഖ്യ വരുമാന മാര്‍ഗമായി സ്വീകരിച്ച ഇവര്‍ പില്‍കാലത്ത് ഡച്ചുകാരുമായി സൌഹൃദം സ്ഥാപിച്ച് ചിലയിടങ്ങളില്‍ കരം പിരിക്കുവാനുള്ള അവകാശം വരെ നേടിയെടുത്തു.
കേരളത്തില്‍ മൊത്തം 85,000 ഓളം കൊങ്കണികളുണ്ടെന്നാണ് കരുതുന്നത്. കച്ചവട മേഖലയില്‍ കേന്ദ്രീകരിച്ച ഇവര്‍ക്കിടയില്‍ വന്‍ വ്യവപാരികളുണ്ട്. കുട്ടികളുടെ പ്രസിദ്ധീകരണമായ പൂമ്പാറ്റ മുതല്‍ ആലപ്പുഴ മെഡിക്കല്‍ ഗവ. കോളജ് വരെ ഇവരുടെ സമുദയാംഗങ്ങളുടെ സംഭാവനായണ്. ആചാരങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇവര്‍ മറ്റ് ബ്രാഹ്മണരുമായും വിവാഹ ബന്ധമുണ്ടാക്കാറില്ല. വിധവകള്‍ക്ക് പുനര്‍ വിവാഹമില്ല. ആണ്‍കുട്ടികള്‍ക്ക് വേദ പഠനം നിര്‍ബന്ധമാണ്. കേരളത്തിന്റെ ഭക്ഷ്യ സംസ്കാരത്തില്‍ വലിയ സംഭാവനകള്‍ ചെയ്ത കൊങ്കണികളാണ് പപ്പടത്തിന്റെയും സാമ്പാറിന്റെയും ഉപഞ്ജാതാക്കളെന്നാണ് കരുതുന്നത്.

ആംഗ്ലോ ഇന്ത്യക്കാര്‍

യൂറോപ്യന്‍ വംശജര്‍ക്ക് ഇന്ത്യന്‍ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണ് ആംഗ്ലോ ഇന്ത്യക്കാര്‍. വാസ്കോഡ ഗാമയുടെ കാലം തൊട്ടേ ഇവരുണ്ടായി എന്ന് കരുതുന്നു. യൂറോപ്യന്‍ ലൈംഗീകാഭാസത്തിന്റെ സ്മാരക ശിലകളാണ് ഇവരെന്നാണ് ഖുശ്വന്ത് സിംഗിന്റെ നിരീക്ഷണം. പേര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ജര്‍മന്‍, ഇറ്റാലിയന്‍ പാരമ്പര്യമുള്ളവരെല്ലാം ഇക്കൂട്ടത്തിലുണ്ടെങ്കിലും അറിയപ്പെടുന്നത് ആംഗ്ലോ ഇന്ത്യന്‍ എന്നാണ്. യൂറഷ്യേര്‍ എന്നായിരുന്നു ആദ്യ പേര്. ബ്രിട്ടീഷ് കാലത്ത് കിട്ടിയ സര്‍ക്കാര്‍ സംരക്ഷണമാണ് ക്രമേണ പേര് മാറ്റത്തിലെത്തിയത്. മാതൃഭാഷ ഇംഗ്ലീഷായതും ഇങ്ങനെ തന്നെ. സ്വാതന്ത്യ്രപൂര്‍വ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ വിശ്വസ്ത സേവകരായിരുന്നു. 1951 ലെ കണക്കനുസരിച്ച് 25,000 ആയിരുന്നു കേരളത്തില്‍ ഇവരുടെ ജനസംഖ്യ. എന്നാല്‍ 1971ലെ സെന്‍സസ് പ്രകാരം ഇത് 5,493 മാത്രമാണ്. വിദേശങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമാണ്.
ആഘോഷപൂര്‍ണമായ ജീവിത ശൈലി പിന്തുടരുന്ന ഇവര്‍ സംഗീതത്തിലും കലയിലും പ്രത്യേകം ശ്രദ്ധിക്കുന്നു. കുട്ടികള്‍ക്ക് വയലിന്‍/ഗിത്താര്‍ പഠനം നിര്‍ബന്ധം. സമത്വവും തുല്ല്യ ലിംഗ പദവിയും സവിശേഷ നിലപാടാണ്. സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ വരെ തുല്ല്യാവകാശമുണ്ട്. പ്രണയ വിവാഹത്തിനാണ് കുടുതല്‍ സ്വീകാര്യത. പ്രണയ ബന്ധമുള്ളവര്‍ക്കും വലിയ സാമൂഹ്യാംഗീകാരം കിട്ടും. കമിതാക്കള്‍ക്ക് ഇരുകുടുംബങ്ങളിലും പ്രത്യേക പരിഗണനയുണ്ടാകും. 11 പ്രൈമറി സ്കൂളുകളും വിവിധ രൂപതകള്‍ക്ക് കീഴിലായി 9 ഹൈസ്കൂളുമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ തൊഴില്‍ സംവരണവും നിയമ സഭയില്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു സീറ്റുമുണ്ട്.

ഗുജറാത്തികള്‍

പതിനൊന്നാം നൂറ്റാണ്ടുമുതല്‍ ഗുജറാത്തികളുടെ കുടിയേറ്റം ആരംഭിച്ചതായാണ് കരുതുന്നത്. രാജ വിവാഹങ്ങള്‍ക്ക് അകമ്പടിയായാണ് ഇവര്‍ ആദ്യം കേരളത്തിലെത്തിയത്. ഇങ്ങനെ ദാസിമാരായി വന്നവരുടെ പിന്‍മുറക്കാര്‍ സൌരാഷ്ട്രിയര്‍ എന്നറിയപ്പെട്ടു. ഇപ്പോഴും ചില ഗുജറാത്തി ആചാരങ്ങള്‍ പുലര്‍ത്തുന്ന ഇവര്‍ വളരെ ന്യൂനപക്ഷമാണ്. ഗുജറാത്തികള്‍ എന്നറിയപ്പെടുന്നവരില്‍ 50 ശതമാനവും ജൈനമത വിശ്വാസികളാണ്. എന്നാല്‍ വയനാട്ടിലുള്ള ജൈനര്‍ ഇക്കൂട്ടത്തില്‍ പെടില്ല. ഇവര്‍ കര്‍ണാടകയില്‍നിന്ന് കുടിയേറിയ ഗൌഡര്‍ വിഭാഗമാണ്. ഇതിന് പുറമെ പാഴ്സികള്‍, ഭാട്യ, ലോഹാന, ബനിയ എന്നീ ഉപവിഭാഗങ്ങളുള്ള വൈഷ്ണവര്‍, ബോറ, ബ്രാഹ്മണര്‍, മുല്‍ത്താനികള്‍ എന്നീ വിഭാഗങ്ങളുണ്ട്. മൊത്തം ജനസംഖ്യ 4000ല്‍ താഴെ. ബോറയും മുല്‍ത്താനികളില്‍ ചില വലഭാഗങ്ങളും മുസ്ലിം ഗ്രൂപ്പുകളാണ്. ചാന്ദ്രയാനം അടിസ്ഥാനമാക്കിയ കലണ്ടള്‍ ഗുജറാത്തികളുടെ പ്രത്യേകതയാണ്. വന്‍കിട വ്യവസായികളും വ്യാപാരികളുമായി അറിയപ്പെടുന്ന ഇവര്‍ പൊതുവെ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയിലാണ് കഴിയുന്നത്.

യഹൂദര്‍

ഒരു മതം എന്നനിലയില്‍ കേരളത്തില്‍ ആദ്യമായുണ്ടായ കുടിയേറ്റം ജൂതരുടേതാണ്. ബി.സി 562ല്‍ ഇവര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെങ്കിലും എ.ഡി 70കളിലാണ് വന്‍തോതില്‍ കുടിയേറ്റമുണ്ടായത്. 68ല്‍ 10,000പേര്‍ കൊടുങ്ങല്ലൂരില്‍ എത്തിയതായി രേഖകള്‍ പറയുന്നു. കൊച്ചിയിലെ യഹൂദരാണ് ഇന്ത്യയിലെ ഏറ്റവും പഴയ വിഭാഗം. കറുത്ത യഹൂദരെന്നും വെളുത്ത യഹൂദരെന്നും രണ്ട് വിഭാഗങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. പരസ്പരം കടുത്ത വംശീയത ഇവര്‍ സൂക്ഷിക്കുന്നു. കേരളത്തില്‍ ആദ്യമെത്തിയവര്‍ കറുത്തവരാണെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ കുടിയേറിയെത്തിയ വെള്ളക്കാര്‍ നാട്ടുകാരെ അടിമകളാക്കിയെന്നും അവരുടെ പിന്‍മുറക്കാരാണ് കറുത്ത യഹൂദരെന്നുമാണ് മറ്റൊരു വാദം. തവിട്ടുനിറക്കാര്‍ എന്ന മറ്റൊരുകൂട്ടര്‍കൂടി ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അവരെയും പൊതുവെ കറുത്തവരായാണ് പരിഗണിക്കുന്നത്.
ഇംഗ്ലീഷ് മാതൃഭാഷയാക്കിയ ഇവര്‍, മലബാര്‍ യിഡ്ഢിഷ് എന്ന ഹിബ്രു കലര്‍ന്ന പ്രാദേശിക സംസാര ഭാഷ രൂപപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ടതോടെ തിരിച്ചും കുടിയേറ്റമുണ്ടായി. 1941ല്‍ 1528 ജൂതരുണ്ടായിരുന്നു കേരളത്തില്‍. എന്നാല്‍ അസാന സെന്‍സസ് പ്രകാരം അത് 115 മാത്രമാണ്. സ്ത്രീ സ്വത്തവകാശം ഇവര്‍ക്കിടയിലില്ല. എന്നാല്‍ സ്ത്രീധനത്തിന് അവകാശമുണ്ട്. പിതാവ് മരിച്ചാല്‍ മൂത്തമകന് കൂടുതല്‍ സ്വത്ത് കിട്ടും. മറ്റുള്ളവര്‍ക്ക് തുല്ല്യമായി വീതിക്കും. പ്രയാപൂര്‍ത്തിയായ ആണ്‍കുട്ടിയില്ലെങ്കില്‍ കുടുംബ ചുമതല അമ്മാവനായിരിക്കും. ഇവരുടെ പല ആചാരങ്ങളിലും മുസ്ലിം അനുഷ്ടാനങ്ങളുമായി സമാനതകളുണ്ട്.

ഫ്രഞ്ച് മലയാളികള്‍

മലയാളം സംസാരിക്കുമെങ്കിലും മലയാളികളല്ലാത്തവരാണ് മയ്യഴിയിലെ ഫ്രഞ്ച് മലയാളികള്‍. ഇവരെ സാങ്കേതികമായി കേരളീയരെന്നും പറയാനാവില്ല. ഇവരില്‍ ചിലര്‍ക്ക് ഫ്രാന്‍സില്‍ വോട്ടവകാശവുമുണ്ട്. ഫ്രഞ്ച് കേരളത്തിലെ ഔദ്യോഗിക ന്യൂനപക്ഷ ഭഷയല്ല. അതിനാല്‍ ഭാഷാന്യൂനപക്ഷ പദവിയുമില്ല. എന്നാല്‍ 1962ലെ ഇന്ത്യ^ഫ്രാന്‍സ് മാഹി ലയന കാരര്‍ പ്രകാരം ഇവിടുത്തെ ഫ്രഞ്ചുകാര്‍ക്ക് ഔദ്യോഗികമായി സവിശേഷ സംരക്ഷണം ലഭിക്കുന്നുണ്ട്. അതിനാല്‍ ഇവശര ഫ്രഞ്ച് ന്യൂനപക്ഷമായി പരിഗണിക്കാവുന്നതാണ്. കേരളത്തില്‍ മൂന്ന് തരം ഫ്രഞ്ചുകരുണ്ട്. വാണിജ്യം, യുദ്ധം, ഭരണം എന്നിവക്കായി മയ്യഴിയില്‍ കുടിയേറിയ ഫ്രഞ്ചുകാര്‍. ഇവര്‍ വിവാഹം കഴിച്ചുണ്ടായ ഇന്തോ^ഫ്രഞ്ച് സങ്കര വിഭാഗമാണ് രണ്ടാമത്തേത്. മൂന്നാം വിഭാഗം, മലയാളികളെങ്കിലും ഫ്രഞ്ച് പൌരത്വം സ്വീകരിച്ചതിനാല്‍ ഫ്രഞ്ചുകാരെന്നറിയപ്പെടുന്നവരാണ്. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലും ഇവരിപ്പോഴില്ല. ഫ്രഞ്ച് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ഇവര്‍ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. മാഹിയില്‍ 1721ല്‍ ആണ് ഫ്രഞ്ച് ചരിത്രം തുടങ്ങുന്നത്. അതിനുമുമ്പേ കേരളവുമായി കച്ചവട ബന്ധങ്ങളുണ്ടായിരുന്നു. തലശേãരിയിലാണ് ആദ്യമെത്തിയത്. 1670ല്‍.
ഫ്രഞ്ച് ഭരണം ആരംഭിച്ചകാലം തൊട്ടുതന്നെ മയ്യഴിക്കാര്‍ ഫ്രഞ്ച് ജനതയായി അറിയപ്പെട്ടു. 1954 ല്‍ മയ്യഴി സവതന്ത്രമായതോടെ ഫ്രഞ്ച് മലയാളി കാലഘട്ടം തുടങ്ങി. 1962 ലെ കരാര്‍ അനുസരിച്ച് അന്ന് ഇഷട്മുള്ള പൌരത്വം സ്വീകരിക്കാന്‍ മയ്യഴിക്കാര്‍ക്ക് അവകാശം നല്‍കി. അന്ന് 190 പേര്‍ ഫ്രഞ്ചുകാരായി. ഇവരുടെ പിന്‍മുറക്കാര്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇഷ്ടമുള്ള പൌരത്വം തെരഞ്ഞെടുക്കാനുള്ള അവസരവും കാരര്‍ ഉറപ്പാക്കി. ഇത് ഇന്നും തുടരുന്നു. ഇപ്പോള്‍ 32 കുടുംബം, 80 പേര്‍. ആദ്യതലമുറ കേരളത്തിലുണ്ട്. രണ്ടും മൂന്നും തലമുറ ഏറെയും ഫ്രാന്‍സിലേക്ക് കുടിയേറി. 120 പേര്‍. ഫ്രാന്‍സ്കാണാത്ത ഫ്രഞ്ച് പൌരന്‍മാരും ഇവിടെയുണ്ട്. ഫ്രഞ്ച് പെന്‍ഷന്‍ ലഭിക്കുന്ന ഇവരുടെ മരണ ജനന വിവാഹങ്ങളെല്ലാം കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

തമിഴര്‍

കേരളത്തില്‍ ഏറ്റവും കൂടുതലുള്ള ഭാഷാന്യൂനപക്ഷം തമിഴ് വംശജരാണ്. ഇവര്‍ മൂന്ന് വിഭാഗമുണ്ട്. തമിഴ് മാതൃഭഷയായി സ്വീകരിച്ച തമിഴ് ബ്രാഹ്മണര്‍. ഇവര്‍ അഞ്ച് ലക്ഷം വരും. 900 മുതല്‍ ഇവരുടെ കുടിയേറ്റമുണ്ട്. മറ്റ് ജാതി^വര്‍ഗ വിഭാഗങ്ങളില്‍ പെട്ട തമിഴരാണ് രണ്ടാമത്തേത്. ഇവര്‍ ഭാഷയും തമിഴ് സംസ്കാരവും ബ്രാഹ്മണരെപ്പോലെ നിലനിര്‍ത്തിയില്ല. കേരളവുമായി ഇഴുകിച്ചേര്‍ന്നു. തട്ടാന്‍, കുശവന്‍, ചക്കാട്ടുകാര്‍, നാടാര്‍, ചെട്ട്യാര്‍, ചാക്യന്‍, ചാലിയ, ചാന്നാര്‍ തുടങ്ങിയവരും മൂശാരി, തച്ചന്‍, കല്ലാശãാരി, കൊല്ലന്‍, പാണ്ടിപ്പണ്ടാരം തുടങ്ങിയ കുലത്തൊഴില്‍ ചെയ്യുന്നവരും ആറന്‍മുള കണ്ണാടി നിര്‍മാതാക്കള്‍, വയനാടന്‍ ചെട്ടികള്‍, മുണ്ടാടന്‍ ചെട്ടികള്‍ തുടങ്ങിയവരടെ മൂനതലമുറ തമിഴരാണ്. ഇപ്പോള്‍ ജോലി തേടിയെത്തുന്നവരും അവരുടെ പിന്‍മുറക്കാരുമാണ് മൂന്നാം വിഭാഗം.

മറ്റ് ഭാഷാ വിഭാഗങ്ങള്‍

കേരളത്തിലെ മറ്റ് രണ്ട് ഭാഷാ സമൂഹം ചൈനീസും അറബിയും മാതൃഭാഷയായി സ്വീകരിച്ചവരാണ്. 1981ലെ സെന്‍സസ് പ്രകാരം ചൈനീസ് സംസാരിക്കുന്ന 204 പേര്‍ കേരളത്തിലുണ്ട്. അറബി മാതൃഭാഷയായി സ്വീകരിച്ച 567 പേരുണ്ട്. ഇതില്‍ 560 പേര്‍ ആലപ്പുഴയിലാണ്. 7 പേര്‍ മലപ്പുറത്തും. ഇവരടക്കം കന്നട, ബംഗാളി, നേപ്പാളി, ഹിന്ദി, തെലുങ്ക്, ഉറുദു, മറാഠി ഭാഷകള്‍ സംസാരിക്കുന്നവര്‍ കേരളത്തിലുണ്ടെങ്കിലും അവര്‍ക്കൊന്നും ഭാഷാ ന്യൂനപക്ഷ പദവി കിട്ടിയിട്ടില്ല. കന്നട സംസാരിക്കുന്നവര്‍ രണ്ട് ലക്ഷമുണ്ട്. കൊങ്കണികളിലെ താഴ്ന്ന ജാതിക്കാരായ കുടുംബികള്‍, കുടുംബി ഭാഷ സംസാരിക്കുന്നവരാണ്. തുളു സംസാരിക്കുന്ന തുളു ബ്രഹമണരും ഏതാനും സിക്ക് കുടുംബങ്ങളും കേരളത്തിലുണ്ട്. സിക്കുകാരില്‍ പഞ്ചാബി മാതൃഭാഷക്കാരുണ്ട്. പത്തനംതിട്ടയിലും ആലപ്പുഴയിലും മതം മാറിയ മലയാളി സിക്കുകാരുമുണ്ട്.

(സോളിഡാരിറ്റി പഠന ക്യാമ്പില്‍ അവതരിപ്പിച്ച പ്രബന്ധം)

ആളിക്കത്തി ആണവസമരം; കൂടംകുളത്ത് പോലിസ് ഉപരോധം

കൂടംകുളം: തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ പ്രതിഷേധം കത്തുന്നു. മൂന്ന് ജില്ലകളിലെ ജനങ്ങളൊന്നടങ്കം സമരത്തിനിറങ്ങിയതോടെ പ്രദേശത്തെ ഒറ്റപ്പെടുത്തി റോഡുകളില്‍ പോലിസ് ഉപരോധം ഏര്‍പെടുത്തി. ആണവോര്‍ജ പദ്ധതി നിലയം സ്ഥാപിച്ച കൂടങ്കുളത്തേക്കും സമരം കേന്ദ്രീകരിച്ച തൊട്ടടുത്ത ഗ്രാമമായ ഇടിന്തകരയിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പോലിസ് നിരോധിച്ചു. 127 ഗ്രാമവാസികള്‍ ആരംഭിച്ച അനിശചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. അവശരായവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ തുടങ്ങിയതോടെ ജരോഷം കത്തിപ്പടരുകയാണ്. 15,000 ഓളം പേരാണ് ദിവസവും സമരത്തിനെത്തുന്നത്.
1988 ല്‍ ആരംഭിച്ച കൂടംകുളം ന്യൂക്ലിയര്‍ പവര്‍ പ്രൊജക്ട് ഉടന്‍ കമീഷന്‍ ചെയ്യുമെന്ന് സ്െപതംബര്‍ എട്ടിന് മാധ്യമ വാര്‍ത്തകള്‍ വന്നതോയൊണ് പ്യൂപിള്‍സ് മൂവ്മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പി.എം.എ.എന്‍.ഇ) യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്. സെപ്തംബര്‍ 11 ന് സ്വയം സന്നദ്ധരായി രംഗത്തുവന്ന 127 പേര്‍ നിരാഹാരം തുടങ്ങി. 18 മുതല്‍ 83 വയസ് വരെ പ്രായമുള്ളവര്‍. ഇതില്‍ 20 സ്ത്രീകളും നാല് അംഗവൈകല്യമുള്ളവരമുണ്ട്. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലെ 60ഓളം ഗ്രാമങ്ങളിലെ മല്‍സ്യത്തൊഴിലാളികളും കര്‍ഷകരുമാണ് സമര രംഗത്തുള്ളത്. ഈ ഗ്രാമങ്ങളില്‍നിന്ന് ദിവസവും 15,000 ഓളം പേര്‍ ഇടിന്തകരയിലെ സമരപ്പന്തലിലെത്തുന്നുണ്ട്.
സമരത്തിന് വന്‍ ജനപിന്തുണയായതോടെ അത് നേരിടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായാണ് കൂടങ്കുളത്തെയും ഇടിന്തകരയെയും ഒറ്റപ്പെടുത്തി പോലിസ് ഉപരോധം ഏര്‍പെടുത്തിയത്. ഈ പ്രദേശത്തേക്ക് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ബസ് സര്‍വീസുകള്‍ 25 കിലോമീറ്റര്‍ അകലെ പോലിസ് തടഞ്ഞു. കന്യാകുമാരി ഭാഗത്തുനിന്നുള്ള ബസുകള്‍ അഞ്ചുഗ്രാമത്തിലും തൂത്തുക്കുടി ഭാഗത്തുനിന്നുള്ള ബസുകള്‍ നവലിടിയിലും തിരുനെല്‍വേലി ഭാഗത്തുനിന്നുള്ളവ രാധാപുരത്തുമാണ് പോലിസ് തടയുന്നത്. ഇതോടെ പദ്ധതി പ്രദേശത്തേക്ക് ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാതായി. സ്വകാര്യ വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമാണ് പോലിസ് ഏര്‍പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെയും പോലിസിനെന്‍യും വണ്ടികള്‍ മാത്രമാണ് കടത്തിവിടുന്നത്.
സമീപ ഗ്രാമങ്ങളില്‍നിന്ന് സമരസ്ഥലത്തേക്ക് വരുന്ന വാഹനങ്ങള്‍ക്കും വിലക്കുണ്ട്. എന്നാല്‍ പോലിസിനോടെതിരിട്ട് ബാരിക്കേടുകള്‍ സ്വയം നീക്കിയാണ് പലരും എത്തുന്നത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നില്ല. നേരത്തേ അറ്സ്റ്റുകള്‍ നടന്നിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് പിന്നീട് ഇത്തരം നടപടികള്‍ ഒഴിവാക്കുകയാണ്. മറ്റ് സ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളെ പോലിസ് തന്നെ വഴിതിരിച്ചുവിടുന്നുണ്ട്. ഒറ്റക്ക് വരുന്നവര്‍ക്ക് പോലിസ് \\\'വിചാരണ\\\'വരെ നേരിടേണ്ടിവരുന്നു. സ്വന്തം വാഹനങ്ങളിലല്ലാതെ ഇവിടെ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ പ്രദേശങ്ങളിപ്പോള്‍. സമരത്തിനായി മല്‍സ്യബന്ധനം മുതല്‍ സ്കൂള്‍ അധ്യയനം വരെ നിര്‍ത്തിവച്ച തൊട്ടടുത്തുള്ള പത്തോളം ഗ്രമാങ്ങളും സമ്പൂര്‍ണമായി നിശ്ചലമാണ്. കടകളും മറ്റുസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി ജയലളിത പ്രസ്താവനയിറക്കിയതോടെ പ്രതിഷേധം രൂക്ഷമായി. ഇതിനിടെ മൂന്ന് മന്ത്രിമാര്‍ ചര്‍ച്ചക്ക് വന്നെങ്കിലും സമരം നിര്‍ത്തണമെന്ന ആവശ്യം ജനങ്ങള്‍ തള്ളി. ഇതോടെ സ്ഥലം എം.എല്‍.എയും നിരാഹാരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

(19..09..11)

ഇരട്ടച്ചങ്കില്‍ ഓട്ട വീഴ്ത്തുന്ന സ്വാശ്രയം

സ്വാശ്രയ വിരുദ്ധ ഇടത് പോരാളികളുടെ മിശിഹയായ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്തിയായിരുന്ന കാലത്താണ്. ഒരു അധ്യയന വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ...