Monday, September 19, 2011

ആളിക്കത്തി ആണവസമരം; കൂടംകുളത്ത് പോലിസ് ഉപരോധം

കൂടംകുളം: തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ പ്രതിഷേധം കത്തുന്നു. മൂന്ന് ജില്ലകളിലെ ജനങ്ങളൊന്നടങ്കം സമരത്തിനിറങ്ങിയതോടെ പ്രദേശത്തെ ഒറ്റപ്പെടുത്തി റോഡുകളില്‍ പോലിസ് ഉപരോധം ഏര്‍പെടുത്തി. ആണവോര്‍ജ പദ്ധതി നിലയം സ്ഥാപിച്ച കൂടങ്കുളത്തേക്കും സമരം കേന്ദ്രീകരിച്ച തൊട്ടടുത്ത ഗ്രാമമായ ഇടിന്തകരയിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പോലിസ് നിരോധിച്ചു. 127 ഗ്രാമവാസികള്‍ ആരംഭിച്ച അനിശചിതകാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. അവശരായവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ തുടങ്ങിയതോടെ ജരോഷം കത്തിപ്പടരുകയാണ്. 15,000 ഓളം പേരാണ് ദിവസവും സമരത്തിനെത്തുന്നത്.
1988 ല്‍ ആരംഭിച്ച കൂടംകുളം ന്യൂക്ലിയര്‍ പവര്‍ പ്രൊജക്ട് ഉടന്‍ കമീഷന്‍ ചെയ്യുമെന്ന് സ്െപതംബര്‍ എട്ടിന് മാധ്യമ വാര്‍ത്തകള്‍ വന്നതോയൊണ് പ്യൂപിള്‍സ് മൂവ്മെന്റ് എഗന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജി (പി.എം.എ.എന്‍.ഇ) യുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്. സെപ്തംബര്‍ 11 ന് സ്വയം സന്നദ്ധരായി രംഗത്തുവന്ന 127 പേര്‍ നിരാഹാരം തുടങ്ങി. 18 മുതല്‍ 83 വയസ് വരെ പ്രായമുള്ളവര്‍. ഇതില്‍ 20 സ്ത്രീകളും നാല് അംഗവൈകല്യമുള്ളവരമുണ്ട്. തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലെ 60ഓളം ഗ്രാമങ്ങളിലെ മല്‍സ്യത്തൊഴിലാളികളും കര്‍ഷകരുമാണ് സമര രംഗത്തുള്ളത്. ഈ ഗ്രാമങ്ങളില്‍നിന്ന് ദിവസവും 15,000 ഓളം പേര്‍ ഇടിന്തകരയിലെ സമരപ്പന്തലിലെത്തുന്നുണ്ട്.
സമരത്തിന് വന്‍ ജനപിന്തുണയായതോടെ അത് നേരിടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായാണ് കൂടങ്കുളത്തെയും ഇടിന്തകരയെയും ഒറ്റപ്പെടുത്തി പോലിസ് ഉപരോധം ഏര്‍പെടുത്തിയത്. ഈ പ്രദേശത്തേക്ക് ഇപ്പോള്‍ വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ബസ് സര്‍വീസുകള്‍ 25 കിലോമീറ്റര്‍ അകലെ പോലിസ് തടഞ്ഞു. കന്യാകുമാരി ഭാഗത്തുനിന്നുള്ള ബസുകള്‍ അഞ്ചുഗ്രാമത്തിലും തൂത്തുക്കുടി ഭാഗത്തുനിന്നുള്ള ബസുകള്‍ നവലിടിയിലും തിരുനെല്‍വേലി ഭാഗത്തുനിന്നുള്ളവ രാധാപുരത്തുമാണ് പോലിസ് തടയുന്നത്. ഇതോടെ പദ്ധതി പ്രദേശത്തേക്ക് ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാതായി. സ്വകാര്യ വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമാണ് പോലിസ് ഏര്‍പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെയും പോലിസിനെന്‍യും വണ്ടികള്‍ മാത്രമാണ് കടത്തിവിടുന്നത്.
സമീപ ഗ്രാമങ്ങളില്‍നിന്ന് സമരസ്ഥലത്തേക്ക് വരുന്ന വാഹനങ്ങള്‍ക്കും വിലക്കുണ്ട്. എന്നാല്‍ പോലിസിനോടെതിരിട്ട് ബാരിക്കേടുകള്‍ സ്വയം നീക്കിയാണ് പലരും എത്തുന്നത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യുന്നില്ല. നേരത്തേ അറ്സ്റ്റുകള്‍ നടന്നിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് പിന്നീട് ഇത്തരം നടപടികള്‍ ഒഴിവാക്കുകയാണ്. മറ്റ് സ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളെ പോലിസ് തന്നെ വഴിതിരിച്ചുവിടുന്നുണ്ട്. ഒറ്റക്ക് വരുന്നവര്‍ക്ക് പോലിസ് \\\'വിചാരണ\\\'വരെ നേരിടേണ്ടിവരുന്നു. സ്വന്തം വാഹനങ്ങളിലല്ലാതെ ഇവിടെ എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ പ്രദേശങ്ങളിപ്പോള്‍. സമരത്തിനായി മല്‍സ്യബന്ധനം മുതല്‍ സ്കൂള്‍ അധ്യയനം വരെ നിര്‍ത്തിവച്ച തൊട്ടടുത്തുള്ള പത്തോളം ഗ്രമാങ്ങളും സമ്പൂര്‍ണമായി നിശ്ചലമാണ്. കടകളും മറ്റുസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.
പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി ജയലളിത പ്രസ്താവനയിറക്കിയതോടെ പ്രതിഷേധം രൂക്ഷമായി. ഇതിനിടെ മൂന്ന് മന്ത്രിമാര്‍ ചര്‍ച്ചക്ക് വന്നെങ്കിലും സമരം നിര്‍ത്തണമെന്ന ആവശ്യം ജനങ്ങള്‍ തള്ളി. ഇതോടെ സ്ഥലം എം.എല്‍.എയും നിരാഹാരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

(19..09..11)

No comments:

Post a Comment

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...