Thursday, September 29, 2011

സൈക്കിളില്‍ പോയാല്‍ കിട്ടുന്ന വിവരങ്ങള്‍

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ എങ്ങനെയാണ് വി.എസ് അച്യുതാനന്ദന്‍ ഇത്രയേറെ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്ന് കേരളമാകെ ഏറെക്കാലമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന രഹസ്യമാണ്. ഇന്നലെ നിയമസഭയില്‍ മുസ്ലിം ലീഗ് അംഗം പി.കെ ബഷീര്‍ തന്നെ അത് വെളിപ്പെടുത്തി: 'നേരം വെളുക്കുമ്പം തന്നെ എറങ്ങും. ഒരു സൈക്കിളെടുത്ത് ഒരാളെ പിന്നാലെ കൂടിയാല്‍ അയാളെപ്പറ്റി പറയാന്‍ ഇഷ്ടം പോലെ കിട്ടും. അതാരായാലും കിട്ടും. ആര്‍ക്കും കിട്ടും. ആരാന്റെ കുട്ടിക്കാകുമ്പോള്‍ നല്ല രസമാണ്. സ്വന്തം കുട്ടിക്കായാല്‍ എടങ്ങേറ് മനസ്സിലാകും.'
പി.സി വിഷ്ണുനാഥില്‍ നിന്നാകണം ബഷീര്‍ ഈ രഹസ്യം പഠിച്ചത്. കാരണം സര്‍ക്കാര്‍ മാറിയ ശേഷം വിഷ്ണുനാഥ് പുതിയ സൈക്കിള്‍ വാങ്ങിയിട്ടുണ്ട്. ആ സൈക്കിള്‍ ദിവസവും രാവിലെ മുതല്‍ ഓടുന്നത് പ്രതിപക്ഷ നേതാവിന്റെയും മകന്റെയും പിന്നാലെയാണ്. പുതിയ സഭയുടെ ആദ്യ സമ്മേനത്തില്‍ തന്നെ അതിന്റെ ഫലം കണ്ടു. എന്നിട്ടും വിഷ്ണുനാഥ് ഓട്ടം നിറുത്തിയിട്ടില്ല. ഐ.സി.ടിയെ പറ്റി പറയാന്‍ പാടില്ലെങ്കില്‍ കഥകള്‍ വേറെയുണ്ട്. ഇത്തവണ, രണ്ടെണ്ണമാണ്. രണ്ടിലും വിജിലന്‍സ് അന്വേഷണമാണ് ആവശ്യം. സംസ്ഥാന ഡാറ്റ സെന്റര്‍ റിലയന്‍സിന്റെ കൈവശമെത്തിച്ചതിന് പിന്നില്‍ അന്ന് വി.എസ് അച്യുതാനന്ദന്‍ ഭരിച്ച ഐ.ടി വകുപ്പ് വഴിവിട്ട് പ്രവര്‍ത്തിച്ചതാണൊന്ന്. മറ്റൊന്ന് സെര്‍ട്ട്^കെയുടെ (കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം^കേരള) ഡയറക്ടറെ തിടുക്കപ്പെട്ട് നിയമിച്ചത്. തീര്‍ന്നില്ല, ഇപ്പോള്‍ വി.എസ് അച്യുതാനന്ദന്‍ താമസിക്കുന്നത് ആക്കുളം കായല്‍ കയ്യേറ്റത്തിന് ലോകായുക്തയില്‍ കേസ് നേരിടുന്നയാളുടെ വീട്ടിലാണത്രെ. ഐ.സി.ടിയിലെ മകന്റെ നിയമനത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതായും വിഷ്ണുനാഥ് വെളിപ്പെടുത്തി: 'റൂളിംഗ് വിലക്കുള്ളതിനാല്‍ അതൊന്നും പറയുന്നില്ല.' വ്യവസായ വകുപ്പ് ഒരു സൈക്കിള്‍ കൂടി സ്പോണ്‍സര്‍ ചെയ്താല്‍ ഭരണം ഇതിലേറെ സുഗമമാകും.
ഇത്തരം വിലക്കൊന്നും പക്ഷെ ഇടതുപക്ഷത്തിന് ബാധകമല്ല. സഭാസമിതി അന്വേഷിക്കുന്ന വിഷയത്തില്‍ സഭയില്‍ ചര്‍ച്ചയേ പാടില്ലെന്ന് വാദിച്ച് സ്പീക്കറുടെ ഉത്തരവ് വാങ്ങിയവര്‍, ഇന്നലെ പാമോയില്‍ കേസിലെ കോടതി നടപടികളെ പറ്റിയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. 'ഈ ഇരട്ടത്താപ്പ് ജനം കാണുന്നുണ്ടെന്ന്' ഉമ്മന്‍ചാണ്ടി ഓര്‍മിപ്പിച്ചപ്പോള്‍ അടിയന്തിര പ്രമേയത്തിലെ ആവേശം ചോര്‍ന്നു. അല്ലെങ്കിലും ഇടതുപക്ഷമായതിനാല്‍ ഇത്തരം ചില പ്രത്യയശാസ്ത്രപരമായ അവകാശങ്ങളവര്‍ക്കുണ്ട്. അതേതൊക്കെയെന്ന് അറിയണമെങ്കില്‍ പി.ശശിയെ പറ്റി ആരെങ്കിലും പറയണം. അല്ലെങ്കില്‍ ഗോപി കോട്ടമുറിക്കലിനെപ്പറ്റി. സി.കെ.പി പത്മനാഭനെപ്പറ്റിയായാലും മതി. ഇത്തരം അസംബന്ധങ്ങള്‍ പറയാനുള്ള സ്ഥലമല്ല നിയമസഭയെന്ന് ഇന്നലെ ഇ.പി ജയരാജന്‍ ക്രമപ്രശ്നം വഴിയാണ് പ്രഖ്യാപിച്ചുകളഞ്ഞത്. 'സംബന്ധവും അസംബന്ധവും ജയരാജന്‍ തീരുമാനിക്കുന്നതിനേക്കാള്‍ വലിയ അസംബന്ധം ഇല്ലെന്നാ'യിരുന്നു ഇതിന് കെ. ശിവദാസന്‍ നായരുടെ അടിക്കുറിപ്പ്. എല്ലാ സംസ്ഥാനത്തും ഡി.എന്‍.എ ടെസ്റ്റ് നേരിടുന്ന നേതാക്കളുടെ ചാരിത്യ്രത്തെപ്പറ്റി പറയിപ്പിക്കരുതെന്ന് കെ.കെ ജയചന്ദ്രന്‍ ഓര്‍മിപ്പിച്ചതോടെ കോണ്‍ഗ്രസുകാരുടെ നാവടങ്ങി. പി.സി ജോര്‍ജിന്റെ വായടക്കാന്‍ 'ശിഖണ്ഡി' പുരാണവും ജയചന്ദ്രന്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് സിം കാര്‍ഡ് കൊടുത്തത് വരെയുള്‍പെട്ട നുറുദിന പരിപാടിയില്‍ നിന്ന് വിട്ടുപോയ ഏതാനും ഐറ്റങ്ങള്‍ സാജുപോള്‍ ചൂണ്ടിക്കാട്ടി: 'മോഹന്‍ലാല്‍ 300 സിനിമ തികച്ചു. സലിംകുമാര്‍ ദേശീയ പുരസ്കാരം നേടി. 12 ഇനം തവളയെ കണ്ടെത്തി.' ഇത് കേട്ടതിനാലാകണം, ഈ പരിപാടികള്‍ കൊണ്ടാന്നും വികസനത്തിന്റെ പരിപ്രേക്ഷ്യമായില്ലെന്ന് പ്രൊഫ. സി രവീന്ദ്രനാഥ് കാര്യകാരണ സഹിതം സമര്‍ഥിച്ചു. ദീര്‍ഘകാല പദ്ധതി വേണമെന്ന് വാദിച്ച പ്രൊഫസര്‍ അതിന് ഭരണമാറ്റം പാടില്ലെന്ന് നിരീക്ഷിക്കുകയും ചെയ്തു. രവീന്ദ്രനാഥിനെപ്പോലെ ഗൌരവത്തില്‍ സംസാരിച്ച എം. ഹംസക്കും സി. മമ്മുട്ടിക്കും ഇ. ചന്ദ്രശേഖരനും അര്‍ഹിക്കുന്ന ഗൌരവത്തില്‍ മന്ത്രിമാര്‍ മറുപടിയും പറഞ്ഞു. തോമസ് ഐസകിന്റേതായിരുന്നു മറ്റൊരു സുപ്രധാന മറുപടി. വിജലന്‍സ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന ശിവദാസന്‍ നായരുടെ ആരോപണത്തില്‍ ഐസക് വിശദമായി മറുപടി നല്‍കി. ഒടുവില്‍ 'വിജിലന്‍സിനെക്കാട്ടി' പേടിപ്പിക്കരുതെന്ന് ' മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി'ക്ക് ഭീഷണിയും. തൃശൂരിലെ വ്യാപാരിയുടെ പ്രശ്നമായിട്ടും വ്യാപാരി വ്യവസായി നേതാവായ ഇ.പി ജയരാജന്‍ ഇതില്‍ ഒട്ടും താല്‍പര്യം പ്രകടിപ്പിച്ചില്ല.
'അധ്വാന വര്‍ഗ സിദ്ധാന്തം' വഴി കമ്യുണിസ്റ്റുകാരെ ഞെട്ടിച്ച കെ.എം മാണി, ലോക മുതലാളിത്തത്തിനും വലിയ ഭീഷണിയാണെന്ന് തെളിയിച്ചാണ് ഇന്നലെ ധാഭ്യര്‍ഥന ചര്‍ച്ച അവസാനിച്ചത്. കമ്യൂണിസ്റ്റുകാര്‍ 'ഒരിക്കലും മാറാത്ത നവ യാഥാസ്തികരായ മൌലിക വാദികളാ'ണെന്നാണ് മാണിസാറുടെ പുതിയ സിദ്ധാന്തം. ഈ 'നിയോ കണ്‍സര്‍വേറ്റിസ'ത്തെപ്പറ്റി പഠിക്കാവുന്ന പുസ്തകമേതെന്ന് തോമസ് ഐസക് സംശയിച്ചു. ഉടന്‍ വന്നു മറുപടി: 'ഓരോ വാക്കും ഓരോരുത്തര്‍ കണ്ടെത്തുന്നതാണ്. ഇത് കെ.എം മാണിയുടെ വകയാണ്. ഇന്ന് മുതല്‍ ഇത് ലോക ചരിത്രത്തിലുണ്ടാകും.' കേരള കോണ്‍ഗ്രസിന്റെ ഉദാര ജനാധിപത്യത്തിന് ശേഷവും ചരിത്രം അവസാനിക്കില്ലെന്ന് ഇതോടെ ഉറപ്പായി. ഫ്രാന്‍സിസ് ഫുകുയാമ പാലായില്‍ വന്ന് ട്യൂഷന്‍ ക്ലാസിന് ചേരേണ്ടി വരും.

(30...10...11)

1 comment:

  1. സമഗ്രം ലളിതം.. നല്ല അവലോകനം ജിഷാര്‍ ഭായ്

    ReplyDelete

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...