Wednesday, September 21, 2011

നുണകളില്‍ പടുത്തുയര്‍ത്തിയ ആണവ നിലയം (കൂടംകുളം-2)

ഇടിന്തകരെയിലെ സമരപ്പന്തലില്‍ ശനിയാഴ്ച ഉച്ചക്കെത്തിയ ഒരു ഡി.എം.കെ നേതാവ് പ്രസംഗം അവസാനിപ്പിച്ചതിങ്ങനെ: 'ഈ സമരത്തെ പിന്തുണച്ച കലൈഞ്ജറെ യേശുവിനെപ്പോലെ കാണണം. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ അദ്ദേഹം എവിടെയും ഓടിയെത്തും.' പറഞ്ഞുതീരും മുമ്പ് സദസ്സും നിരാഹാരക്കാര്‍ കിടക്കുന്ന വേദിയും ഇളകി. ആണവ നിലയമുണ്ടാക്കുന്ന കേന്ദ്രത്തിനൊപ്പം ഭരിക്കുകയും ഇവിടെ വന്ന് ന്യായം പറയുകയും ചെയ്യുന്നോ എന്നായിരുന്നു അവരുടെ ചോദ്യം. പ്രതികരണം ബഹളത്തിലേക്ക് നീങ്ങുന്നതിനിടെ സംഘടാകരിലൊരാള്‍ മൈക്കെടുത്തു. പോകാനൊരുങ്ങിയ ഡി.എം.കെ നേതാവിനെ തടഞ്ഞുനിര്‍ത്തി: 'ഇവിടെ പറഞ്ഞതെല്ലാം കലൈഞ്ജറോട് നേരിട്ട് പറയണം. എന്നിട്ട് മന്‍മോഹനോട് പറഞ്ഞ് ഈ ആണവ നിലയം പൂട്ടിക്കണം. നിങ്ങളും കൂടിയാണല്ലോ അവിടെ ഭരിക്കുന്നത്.' ഏതെങ്കിലും കക്ഷിയോട് മാത്രമല്ല ഈ കാര്‍ക്കശ്യം. വരുന്നവരെല്ലാമിങ്ങനെ ജനങ്ങളുടെ പോരാട്ട വീര്യം നേരിട്ടറിയുന്നു. മരണമുഖത്തെത്തിയ ഗ്രാമീണ ജനതയുടെ അതിജീവന സമരത്തിന്റെ അവസാന ചുവടില്‍ അനിവാര്യമായ തീഷ്ണതയാണിത്. ആണവാനുകൂലികള്‍ കൂടംകുളത്തിന് വേണ്ടിയുയര്‍ത്തുന്ന വാദങ്ങള്‍ പൊള്ളയാണെന്ന തരിച്ചറിവുകൂടി ഈ കാര്‍ക്കശ്യത്തിന് പിന്നിലുണ്ട്. അക്കാദമിക വൈദഗ്ദ്യമില്ലാത്ത നിഷ്കളങ്കരായ ഗ്രാമീണര്‍ ആണവ വാദികളുടെ വ്യാജ ന്യായങ്ങള്‍ക്ക് പോലും അക്കമിട്ട് മറുപടി പറയാന്‍ തുടങ്ങിയിരിക്കുന്നു.
ഊര്‍ജോല്‍പാദനത്തിന്റെ കൂറ്റന്‍ അക്കങ്ങളാണ് എല്ലാകാലത്തും ആണവാനുകൂലികളുടെ തുറുപ്പുചീട്ട്. ഇന്ത്യന്‍ അനുഭവങ്ങളെല്ലാം ഇത് നിരാകരിക്കുമ്പോഴും വീണ്ടും വീണ്ടുമവര്‍ നുണകള്‍ ആവര്‍ത്തിക്കും. കൂടംകുളത്തും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ റിയാക്ടര്‍ സ്ഥാപിക്കാന്‍ വഴിയൊരുക്കിയത് തന്നെ നുണക്കഥകള്‍ മെനഞ്ഞും വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കിയുമാണ്. 1998ല്‍ സര്‍ക്കാര്‍ നടത്തിയ പരിസ്ഥിതി ആഘാത പഠനത്തില്‍ പദ്ധതി പ്രദേശത്തിന് ഏറ്റവുമടുത്ത 15 കിലോമീറ്റര്‍ ചുറ്റളവില്‍ 10,000ല്‍ താഴെ ജനങ്ങളേയുള്ളൂ എന്നായിരുന്നു 'കണ്ടെത്തിയത്' എന്ന് എം. പുഷ്പരയാന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പച്ചക്കള്ളമായിരുന്നു. ഇടിന്തകരെ മാത്രം 400 വര്‍ഷം പഴക്കമുള്ള മല്‍സ്യത്തൊഴിലാളി ഗ്രാമമാണ്. ഒന്നര ലക്ഷം ജനങ്ങളെങ്കിലും ഏറ്റവും ചുരുങ്ങിയതുണ്ടാകും. 30 കിലോമീറ്റര്‍ ആയാല്‍ അത് ദശലക്ഷമടുക്കും. തമിഴ്നാട്ടില്‍ ഏറ്റവുമേറെ ജനസാന്ദ്രതയുള്ള ദക്ഷിണ മേഖലയുമാണിത്. ഇപ്പോള്‍ തന്നെ പദ്ധതി പരിസരത്ത് മീന്‍പിടുത്തം നിരോധിച്ചു. 500 മീറ്ററാണ് പരിധി പറഞ്ഞിരുന്നത് എങ്കിലും ഫലത്തല്‍ കിലോമീറ്ററിലധികം നിരോധമാണ്. കടലില്‍ പട്രോളിംഗിനിറങ്ങുന്ന സൈനികരുമായി സംഘര്‍വും പതിവായി. കൂടുതല്‍ മല്‍സ്യ ലഭ്യതയുള്ള പ്രദേശങ്ങളിലാണ് നിരോധം സംഭവിച്ചത്. കടലില്‍ കമ്പനി സുരക്ഷാ ഭിത്തി കെട്ടി. ഇതോടെ തൊട്ടടുത്ത ഗ്രാമങ്ങളായ കൂത്തങ്കിളി, ഇടിന്തകരെ, ഓവറി തുടങ്ങിയിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. ഓവറിയില്‍ 40ല്‍ഏറെ വീടുകള്‍ തകര്‍ന്നു. റോഡ്് കടലെടുത്തു. പള്ളി അപകടാവസ്ഥയിലാണ്.
പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി പുറത്തുവിട്ടില്ല. പൊതുജനങ്ങളുടെ പരാതി കേള്‍ക്കാന്‍ തയാറായില്ല. ജനാധിപത്യ വിരുദ്ധമായി അടിച്ചേല്‍പിക്കപ്പെടുകയായിരുന്നു പദ്ധതിയെന്ന് എസ്.പി ഉദയകുമാര്‍ പറയുന്നു. കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ലെന്നതായിരുന്നു മറ്റൊരു നുണ. എന്നാല്‍ പദ്ധതിയുടെ 5 കിലോമീറ്റര്‍ പ്രദേശം 1991ല്‍ സംസ്ഥാന സര്‍ക്കാര്‍ അണുവികിരണ മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ കുടിയൊഴിപ്പിക്കല്‍ ഉറപ്പായി. ഇതിനിടെ കൂടംകുളത്ത് നിര്‍മിച്ച സ്കൂളിന്റെ ഒന്നാം നില സുരക്ഷാപ്രശ്നം പറഞ്ഞ് സര്‍ക്കാര്‍ ഇടിച്ചുകളഞ്ഞു. എന്നാല്‍ സൂനാമി ബാധിതരായ 450ഓളം കുടുംബങ്ങളെ പദ്ധതിയുടെ തൊട്ടടുത്ത് പുനരധിവസിപ്പിച്ചു. ഈ വൈരുദ്ധ്യങ്ങള്‍ക്കും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.
ലോ ഗ്രേഡ് അവശിഷ്ടങ്ങളും റിയാക്ടറില്‍ നിന്നുള്ള ചൂടുവെള്ളവും കടലിലേക്കാണ് ഒഴുക്കുന്നത്. ഈ വിവരം പുറത്തുവന്നതോടെ മല്‍സ്യമേഖലയെ പദ്ധതി ബാധിക്കില്ലെന്ന വാദവും ജനം തള്ളി. മൂന്ന് മുതല്‍ ആറുവരെ പ്ലാന്റുകള്‍ക്ക് തീര സംരക്ഷണ നിയമ പ്രകാരം അനുമതി കൊടുക്കില്ലെന്ന് നേരത്തേ മന്ത്രി ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. അപ്പോള്‍ എങ്ങനെ അതേ സ്ഥലത്തുള്ള ഒന്നും രണ്ടും പ്ലാന്റുകള്‍ക്ക് അത് ലഭിച്ചുവെന്ന ചോദ്യമുയര്‍ന്നു. തമിഴ്നാട്ടിലെ തന്നെ കല്‍പാക്കം ആണവ നിലയത്തിന് സമീപത്തെ ഗ്രാമങ്ങളെ കാന്‍സറും മറ്റ് മാരക രോഗങ്ങളും കീഴടക്കുന്നുവെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. കെട്ടിട നിര്‍മാണത്തിലെ വൈകല്യം നാട്ടുകാര്‍ നേരിട്ടറിഞ്ഞതാണ്. പലതവണ അപകടങ്ങളുണ്ടായി. മരണങ്ങളും. കടല്‍തീരത്തെ മണല്‍ ഉപയോഗിച്ച് നിര്‍മിച്ചതിനാലാണിതെന്ന് നാട്ടുകാര്‍ പറയുന്നു.
ആണവ നിലയത്തിലെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കരാറിലും ഇപ്പോള്‍ മാറ്റം വന്നു. നശിച്ചുതീരാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരുന്ന അവശിഷ്ടങ്ങളാണ് ആണവ പദ്ധതിയിലെ ഏറ്റവും അപകടകാരി. ആദ്യ കരാര്‍ പ്രകാരം ഇത് റഷ്യ തന്നെ കൊണ്ടുപോകുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ കരാര്‍ പുതുക്കിയപ്പോള്‍ വേസ്റ്റ് സൂക്ഷിക്കല്‍ ഇന്ത്യയുടെ തന്നെ ബാധ്യതയാക്കി. കല്‍പാക്കത്തെ ഫാസ്റ്റ് ബ്രീഡര്‍ പ്ലാന്റില്‍ ഇതുപയോഗിക്കാമെന്നാണത്രെ പുതിയ വ്യവസ്ഥ. ഇവിടെ ഉപയോഗിച്ചാല്‍ തന്നെ അത് 10 ശതമാനത്തില്‍ അധികം വേണ്ടിവരില്ല. ബാക്കി 90ശതാനത്തിന്റെ കാര്യത്തില്‍ ആര്‍ക്കുമൊരു പിടിയുമില്ല. 2008ല്‍ ഉണ്ടാക്കിയ റഷ്യന്‍ കരാര്‍ പ്രകാരം ദുരന്തമുണ്ടായാല്‍ അതിന്‍െ ഉത്തരവാദിത്തത്തില്‍ നിന്ന് കമ്പനിയില്‍ പങ്കാളിയായ റഷ്യയെ ഒഴിവാക്കുകയും ചെയ്തു.
പ്രകൃതി ദുരന്ത സാധ്യതകളാണ് കൂടംകുളം നേരിടുന്ന വലിയ ഭീഷണി. ഇതിനെതിരെ ബാലിശമായ വാദങ്ങളുമായാണ് സര്‍ക്കാര്‍ രംഗത്തുവന്നത്. 25 അടി ഉയരത്തിലായതിനാല്‍ സൂനാമി ബാധിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി ജയലളിതയുടെ വാദം. 130 അടി ഉയരമുള്ള കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമക്ക് മുകളില്‍ സൂനാമ്മിത്തിര കയറിയത് നേരില്‍ കണ്ടവരോടാണ് മുഖ്യമന്ത്രിയുടെ ഈ വാദം. കുടംകുളമാകട്ടെ ഭൂകമ്പ സാധ്യതാ മേഖലയുമാണ്. 2006ല്‍ ഭൂമി കുലുക്കമുണ്ടായിട്ടുമുണ്ട്. സൂനാമിയും ഭൂകമ്പവും ജപാനിലെ ഫുകുഷിമ ആണവ നിലയത്തിലുണ്ടാക്കിയ ദുരന്തം നാട്ടുകാരെ ഞെട്ടിച്ചു. ഇപ്പോഴത്തെ തീവ്രസമരത്തിലേക്ക് അവരെ നയിച്ചതും ഫുകുഷിമയാണ്. വെസ്റ്റ് ബംഗാള്‍ സര്‍ക്കാര്‍ ഹരിപൂര്‍ പദ്ധതി അവസാനിപ്പിച്ചതും കേരളത്തില്‍ ആണവ പദ്ധതി നിര്‍ദേശം തന്നെ ജനകീയ പ്രതിഷേധത്തില്‍ ഉപേക്ഷിച്ചതും അവര്‍ ഇന്ധനമാക്കുന്നു. മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ദുരന്തങ്ങള്‍ തലയിലേറ്റാന്‍ തമിഴര്‍ വിധിക്കപ്പെടുന്നതെങ്ങനെയെന്ന ചോദ്യവും ഈ സമരത്തെ അതിതീവ്രതയോടെ മുന്നോട്ടുനയിക്കുന്നതില്‍ സുപ്രധാനമായി മാറിക്കഴിഞ്ഞു. (തുടരും)

(madhyamam 21..09..11)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...