Monday, September 19, 2011

കേരളം: സമൂഹവും സംസ്കാരവും


1956ലെ ഭാഷാ സംസ്ഥാന രൂപീകരണത്തോടെയാണ് ഇന്നത്തെ കേരളും രൂപപ്പെട്ടത്. പൌരാണിക ചരിത്രത്തെക്കുറിച്ച് പൊതുസ്വീകാര്യമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ല. നിലവിലുള്ള സര്‍വാംഗീകൃത ചരിത്രമാകട്ടെ തികച്ചും ആധികാരികമായി ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്. കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ചരിത്രം അപ്പാടെ മാറിമറിച്ചത് നൂറ്റാണ്ട് നീണ്ട ചോള^ചേര യുദ്ധമാണെന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ചരിത്രം. എന്നാല്‍ ഇങ്ങനെയൊരു യുദ്ധം തന്നെ നടന്നിട്ടില്ലെന്നും അതിന് ആകെയുള്ള തെളിവ് ഇക്കാര്യം ആദ്യം പറഞ്ഞ ചരിത്രകാരനായ ഇളംകുളം കുഞ്ഞന്‍പിള്ളക്ക് അങ്ങനെ തോന്നിപ്പോയി എന്നതുമാത്രമാണെന്നും താരതമ്യേന വിശ്വസിനീയമായ ചരിത്ര പഠനത്തിലൂടെ പി.കെ ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ അതിനിര്‍ണായക ചരിത്ര സന്ദര്‍ഭത്തെക്കുറിച്ചുപോലും ഇത്രയും ആഴമേറിയ വൈരുദ്ധ്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.

കേരളം കണക്കുകളില്‍

മൊത്തം 38,86,287 ഹെക്ടര്‍ ഭൂ വിസ്തൃതി. ഇതില്‍ 17,234 ചതുരശ്ര കിലോമീറ്റര്‍ വനമാണ്. ഇത് മൊത്തം ഭൂ പ്രദേശത്തിന്റെ 44.58 ശതമാനം വരും. 27.02 ലക്ഷം ഹെക്ടറില്‍ വിവിധ കൃഷികളുണ്ട്. 4.51 ലക്ഷം ഹെക്ടര്‍ കാര്‍ഷികേതര ഭൂമിയും. റബറാണ് കൂടുതല്‍; 5.17 ലക്ഷം ഹെക്ടര്‍. നെല്‍ കൃഷി 2.34 ലക്ഷം ഹെക്ടറും. നെല്‍ കൃഷിയിടം കുറയുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. തെങ്ങ്, കശുവണ്ടി, കാപ്പി, ഏലം എന്നിവയുടെ കൃഷിയും കുറയുകയാണ്. എന്നാല്‍ തേയില, റബ്ബര്‍ കൃഷികള്‍ അഞ്ചു വര്‍ഷത്തിനിടെ കൂടിയിട്ടുണ്ട്.
കാര്‍ഷിക ഉല്‍പാദനത്തിന്റെ തോത് മൊത്തത്തില്‍ കുറയുന്നതായാണ് സമീപകാല കണക്കുകള്‍ പറയുന്നത്. 2002^03ല്‍ കാര്‍ഷിക വരുമാനം 13,400 കോടിയായിരുന്നത് 2008^09ല്‍ 13,116 കോടിയായി മാറി. ഇത് തൊട്ട് മുന്‍വര്‍ഷത്തേക്കാള്‍ 0.5 ശതമാനം കുറവുമാണ്. കൃഷി, മല്‍സ്യബന്ധനം തുടങ്ങിയവ ഉള്‍പെടുന്ന പ്രാഥമിക മേഖലയിലായിരുന്നു കേരളത്തിന്റെ ആഭ്യന്തര (gross domestic production) ഉല്‍പാദനത്തിന്റെ സിംഹഭാഗവും. 1960ല്‍ ഇത് 56 ശതമാനമായിരുന്നു. എന്നാല്‍ 2008^09 വര്‍ഷത്തെ കണക്കുപ്രകാരം ഇത് മൊത്തം ഉല്‍പാദനത്തിന്റെ വെറും 14.47 ശതമാനം മാത്രമാണ്. പകരം കുത്തനെ ഉയരുന്നത് ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ്, വാണിജ്യം തുടങ്ങിയവ ഉള്‍പെടുന്ന മൂന്നാം മേഖലയാണ്. ഇത് ഇപ്പോള്‍ 60.94 ശതമാനമാണ്. 1960ല്‍ 29 ശതമാനമായിരുന്നു. എന്നാല്‍ വൈദ്യുതി, വെള്ളം, മാനുഫാക്ചുറിംഗ് തുടങ്ങിയവ ഉള്‍പെടുന്ന സെക്കന്‍ഡറി സെക്ടറില്‍ കാര്യമായ വളര്‍ച്ചയുണ്ടായിട്ടില്ല.
കുടുംബശ്രീ പ്രവര്‍ത്തനം കാര്‍ഷിക മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നെല്‍ കൃഷിയുടെ 29 ശതമാനവും വാഴ കൃഷിയുടെ 25 ശതമാനവും പച്ചക്കറി, മരച്ചീനി എന്നിവയുടെ 15 ശതമാനം വീതവും കുടുംബശ്രീ വഴിയാണ്. മറ്റൃഷികളുമടക്കം മൊത്തം 27,268.53 ഹെക്ടറില്‍ ഇവരുടെ കൃഷിയുണ്ട്. ഇതത്രയും പാട്ടഭൂമിയിലുമാണ്.
590 കിലോമീറ്റര്‍ തീര പ്രദേശമുള്ള കേരളത്തിലാണ് ദേശീയ മല്‍സ്യോപാദനത്തിന്റെ 20^25 ശതമാനം നടക്കുന്നത്. 11.33 ലക്ഷം മല്‍സ്യത്തൊഴിലാളികളുണ്ട്. 8.7 ലക്ഷം തീരദേശത്തും 2.6 ലക്ഷം ഉള്‍നാടുകളിലുമാണ്. 63,000ഓളം പേര്‍ അനുബന്ധ മേഖലയില്‍ തൊഴിലെടുക്കുന്നു. മല്‍സ്യ മേഖലയിലെ 45 ശതമാനം പേരും ദാരിദ്യ്ര രേഖക്ക് താഴെയുള്ളവരും 64 ശതമാനം പേരും കടക്കാരുമാണ്. ഈ രംഗത്തും ഉല്‍പാദനം കുറയുകയാണ്. 44 നദികളും 53 റിസര്‍വോയറുകളും 53 ജലാശയങ്ങളും കേരളത്തിലുണ്ട്.
കേരളത്തില്‍ മൊത്തം 23,120.207 കിലോമീറ്റര്‍ റോഡുണ്ട്. ഇതില്‍ 1542 കി.മീ ഒമ്പത് ദേശീയപാതകളിലായി കിടക്കുന്നു. 4,460.279 കി.മീ സംസ്ഥാന ഹൈവേയും 17,117.928 മേജര്‍ ഡിസ്ട്രിക്ട് റോഡുകളുമാണ്. NH 7 ശതമാനവും SH 19 ശതമാനവും MDR 74 ശതമാനവും ഉള്‍കൊള്ളുന്നു. ഇത്രയും റോഡിലായി 48.80 ലക്ഷം വാഹനങ്ങള്‍ ഓടുന്നു. പ്രതിവര്‍ഷം 4^5 ലക്ഷം വാഹനങ്ങള്‍ കേരളത്തില്‍ വര്‍ധിക്കുന്നു. ഒരു മേജര്‍ തുറമുഖവും 17 ചെറുതുറമുഖങ്ങളുമാണ് കേരത്തിലുള്ളത്. 1678 കി.മീ ഉള്‍നാടന്‍ ജല ഗാതാഗത വഴികളുണ്ട്. 41 നദികള്‍ സഞ്ചാരയോഗ്യമാണ്. 1,148 കി.മീ റയില്‍ പാതയുള്ള കേരളത്തില്‍ 13 റയില്‍ റൂട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളും.

ജനസംഖ്യ

3,18,38,619 ആണ് കേരളത്തിന്റെ ജനസംഖ്യ. ഇതില്‍ 1.54 കോടി പുരുഷന്‍മാരും 1.63 കോടി സ്ത്രീകളുമാണ്. 9 ലക്ഷം സ്ത്രീകള്‍ കൂടുതല്‍. സ്ത്രീ പുരുഷ അനുപാതവും സവിശേഷമാണ്. 1000 പുരുഷന്‍മാര്‍ക്ക് 1058 സ്ത്രീകള്‍. ഒരു ചതുരശ്ര കിലോമീറ്ററില്‍ 819 പേരാണ് കേരളത്തിലെ ജനസാന്ദ്രത. ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണിത്. ഇന്ത്യയില്‍ കേരളത്തേക്കാള്‍ കൂടുതല്‍ ബീഹാറിലും ബംഗാളിലും മാത്രം.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ അതിവേഗം നഗരവല്‍കരണം നടക്കുന്നുണ്ട്്. ഇവിടെ ഒരേസമയം ഗ്രാമങ്ങള്‍ നഗരങ്ങളായി മാറുകയും നഗരങ്ങള്‍ സമീപ ഗ്രാമങ്ങളിലേക്ക് വളരുകയും ചെയ്യുന്നു. മറ്റിടങ്ങളില്‍ ഈ പ്രവണതയില്ലെന്ന് സംസഥാന സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ പറയുന്നു. കേരളത്തില്‍ 25.97 ശതമനാമണ് നഗരവാസികള്‍. 1981ല്‍ 106 പട്ടണങ്ങളാണ് സെന്‍സസില്‍ അയാളപ്പെടുത്തിയത്. 1991ല്‍ അത് 197 ആയി. 2001ല്‍ നഗര ജനസംഖ്യ 25.97 ശതമാനം വര്‍ധിച്ചു. അതേസമയം നഗരവാസികളുടെ 0.78 ശതമാനം ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. 13 നഗരങ്ങളിലായി 64,556 പേര്‍. ഇതില്‍ 8,645 പേര്‍ കുട്ടികളാണ്. സാക്ഷരതാ നിരക്കിലും നഗരവാസികളേക്കാള്‍ പിന്നിലാണ് ചേരി നിവാസികള്‍. ചേരി വീടുളകിലെ നാലിലൊന്ന് കുടുംബത്തിന് മാത്രമാണ് വൈദ്യുതിയുള്ളത്.
21.93 ലക്ഷം മലയാളികള്‍ കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരാണ്. ഇതില്‍ 9.18 ലക്ഷം യു.എ.ഇയിലും 5.03 ലക്ഷം സൌദി അറേബ്യയിലുമാണ്. മൊത്തം കുടിയേറ്റക്കാരില്‍ 85 ശതാമനവും ഗള്‍ഫ് രാജ്യങ്ങളിലാണ്. സി.ഡി.എസ് പഠനമനുസരിച്ച് 2007ല്‍ 8.9 ലക്ഷം പേര്‍ തിരിച്ചെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം ക്രമേണ കുറയുകയാണ്. നാല് വര്‍ഷത്തിനിടെ ഇത് 3.5 ലക്ഷത്തിന്റെ കുറവുണ്ടായി. ബാക്കി 8.7 ലക്ഷം. പ്രവാസി മലയാളികള്‍ കൂടുതല്‍ മുസ്ലിംകളാണ്. 48.2 ശതമാനം. ഹിന്ദുക്കള്‍ 33.3 ശതമാനവും ക്രിസ്ത്യാനികള്‍ 18.5 ശതമാനവുമാണ്.
കേരളത്തില്‍ കുട്ടികളുടെ എണ്ണം കുറയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജനസംഖ്യയില്‍ 14 വയസുവരെയുള്ളവര്‍ 26.1 ശതമാനമാണ്. ഇത് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. അതേസമയം 15^59 വയസുകാര്‍ 63.7 ശതമാനമുണ്ട്. 60 വയസിന് മുകളിലുള്ളവര്‍ 10.5 ശതമാനമുണ്ട്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 1991 മുതല്‍ 2001 വരെ പത്ത് വര്‍ഷത്തിനിടെ കുട്ടികള്‍ 4.24 ശതമാനം കുറഞ്ഞു. എന്നാല്‍ വൃദ്ധര്‍ 30.22 ശതമാനവും മധ്യവയസ്കര്‍ 12.91 ശതമാനവും വര്‍ധിക്കുകയും ചെയ്തു. അതേസമയം ഇന്ത്യയില്‍ കുട്ടികള്‍ 22 ശതമാനം കൂടുകയാണ് ചെയ്തത്.

ജനസംഖ്യാ വളര്‍ച്ച

കേരളത്തില്‍ ഹിന്ദു ജനസംഖ്യ 1.48 ശതമാനവും ക്രിസ്ത്യന്‍ ജനസംഖ്യ 0.32 ശതമാനവും കുറയുന്നതായാണ് 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ സെന്‍സസ് കമീഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്്. (ദി ഹിന്ദു, 2004 സെപ്തംബര്‍ 23). എന്നാല്‍ 1991ലെ സെന്‍സിനെ അപേക്ഷിച്ച് 1.70 ശതമാനം വര്‍ധനയാണ് മുസ്ലിം ജനസംഖ്യയില്‍ രേഖപ്പെടുത്തിയത്. ഹിന്ദുക്കള്‍ വിവിധ ജാതികള്‍ ചേര്‍ത്ത് ജനസംഖ്യയുടെ 56.2 ശതമാനവും മുസ്ലിംകള്‍ 24.7 ശതമാനവും ക്രൈസ്തവര്‍ 19 ശതമാനവും വരും. ജനസംഖ്യ യഥാക്രമം: 1.78 കോടി, 78 ലക്ഷം, 60 ലക്ഷം. 4,528 ജൈന മതവിശ്വാസികളും 2,762 സിക്കുകാരും 2,027 ബുദ്ധമതക്കാരും 2,256 മറ്റ് മതവിശ്വാസകിളുമുണ്ട്. മതമില്ലാത്തവരുടെ എണ്ണം 25,083. പത്ത് വര്‍ഷത്തിനിടെയുള്ള മൊത്തം ജനസംഖ്യാ വളര്‍ച്ച 9.42 ശതമാനം.
മലപ്പുറം ജില്ലയില്‍ മുസ്ലിംകളാണ് ഭൂരിപക്ഷം. കുറവ് ക്രൈസ്തവരും. മറ്റ് ജില്ലകളില്‍ ഹിന്ദുക്കളാണ് കൂടുതല്‍. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ ആളെണ്ണത്തില്‍ മുസ്ലിംകള്‍ രണ്ടാമതുണ്ട്. എഴ് ജില്ലകളില്‍ ക്രൈസ്തവരാണ് രണ്ടാമത്തെ വിഭാഗം. ഹിന്ദുക്കള്‍ കൂടുതല്‍ തലസ്ഥാനത്തും കുറവ് വയനാട്ടിലുമാണ്. ക്ര്ൈസതവര്‍ കൂടുതല്‍ എറണാംകുളത്തും മുസ്ലിംകള്‍ കുറവ് പത്തനംതിട്ടയിലുമാണ്. സ്ത്രീ അനുപാതം കൂടുതല്‍ മുസ്ലിംകളിലാണ്. 1000ന് 1082. ഹൈന്ദവരില്‍ 1058ഉം ക്രൈസ്തവരില്‍ 1031ഉം. സാക്ഷരതാ നിരക്ക് കൂടുതല്‍ ക്രൈസ്തവരിലാണ്: ആണ്‍ 94.8% പെണ്‍ 93.5%. മുസ്ലിം സാക്ഷരത: ആണ്‍ 89.4% പെണ്‍ 85.5%. ഹിന്ദു സാക്ഷരത: ആണ്‍ 90.2% പെണ്‍ 86.7%. 35.7%ഹിന്ദുക്കള്‍ ജോലിയുള്ളരാണ്. ക്രൈസ്തവരില്‍ ഇത് 33.9%ഉം മുസ്ലിംകളില്‍ 23.5%ഉം ആണ്. തൊഴില്‍ മേഖലകളിലെ സ്ത്രീ പങ്കാളിത്തത്തിലെ കുറവാണ് മുസ്ലിം പ്രാതിനിധ്യക്കുറവിന് കാരണമായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്.

പാര്‍പ്പിടവും ദാരിദ്യ്രവും

കേരള ജനസംഖ്യയില്‍ 37.5 ലക്ഷം ദാരിദ്യ്ര രേഖക്ക് താഴെയാണ്. നഗരവാസികളിലാണ് ദരിദ്രര്‍ കുടുതല്‍. 20.2 ശതമനം. ഗ്രാമീണ ജനസംഖ്യയുടെ 13.28 ശതമാനമാണ് ബി.പി.എല്‍. കേരളത്തിലെ ജനങ്ങളില്‍ 7.1 ലക്ഷം ജനങ്ങള്‍ വീടില്ലാത്തവരാണ്. ഇതില്‍ 3.32 ലക്ഷത്തിന് ഭൂമിയുമില്ല. വീടുള്ളവരില്‍ തന്നെ 8 ശതമാനം ജീര്‍ണിച്ച കെട്ടിടങ്ങളിലാണ് കഴിയുന്നത്. അതേസമയം കേരളത്തില്‍ 7.3 ലക്ഷം വീടുകള്‍ ഉപയോഗിക്കാതെ അടച്ചിട്ടിരിക്കുന്നവയാണ്. ഇതില്‍ 5.1 ലക്ഷം വീടുകള്‍ ഗ്രാമങ്ങളിലും 2.2 ലക്ഷം നഗരങ്ങളിലുമാണ്. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ വീടുകള്‍ കേരളത്തില്‍ നിര്‍മിക്കപ്പെടുന്നുണ്ട്. ഭൂപരിഷ്കരണ നിയമപ്രകാരം 2.81 ലക്ഷം ഏക്കര്‍ ഭുമി 1.58 ലക്ഷം പേര്‍ക്കായി 2009 വരെ വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 59,168 പേര്‍ പട്ടിക ജാതി വിഭാഗങ്ങളും 7,529 പട്ടിക വര്‍ഗവും 91,652 പേര്‍ മറ്റ് വിഭാഗങ്ങളിലുമുള്ളവരാണ്. നഗരവാസികളില്‍ 20.6 ശതമാനം തൊഴില്‍ രഹിതരാണ്.

ലിംഗപദവി

മറ്റിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാമൂഹിക വികസന മേഖലകളില്‍ സ്ത്രീ^പരുരുഷ പങ്കാളിത്തം കേരളത്തില്‍ ഏറെക്കുറെ തുല്ല്യമാണ്. സ്ത്രീ സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയവയിലെ നേട്ടങ്ങള്‍ ഇത് വ്യക്തമാക്കുന്നു. ജന്‍ഡര്‍ ഇക്വാലിറ്റി ഇന്റക്സ്, ജന്‍ഡര്‍ എംപവര്‍മെന്റ് മെഷേഴ്സ് എന്നിവയില്‍ രാജ്യത്ത് ഒന്നാം സഥാനം കേരളത്തിനാണ്. അതേസമയം സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം സംസ്ഥാനത്ത് തീരെ കുറവാണ്. 22.9 ശതമാനം. ഗ്രാമീണ മേഖലയില്‍ 22 ശതമാനവും നഗരത്തില്‍ 33 ശതമാനവുമാണ് സ്ത്രീ തൊഴിലില്ലായ്മ. മൊത്തത്തില്‍ 24.3 ശതമാനം. പുരുഷന്‍മാരില്‍ ഇത് 6.5 ശതമാനം മാത്രമാണ്. ദേശീയ തലത്തിലാകട്ടെ സ്ത്രീ തൊഴിലില്ലായ്മ 3 ശതമാനവും പുരുഷന്‍മാരുടേത് 3.1 ശതമാനവുമാണ്. കേരളത്തിലെ പൊതുവെയുള്ള ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും ഈ അവസ്ഥക്ക് കാരണമാണെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള സംസ്ഥാനത്ത് നിലനില്‍ക്കുന്ന സ്ത്രീ^പുരുഷ അന്തരം ആശ്ചര്യകരമാണ്. വിദ്യാസമ്പന്നരിലാണ് തൊഴിലില്ലായ്മ കൂടുതല്‍. സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീ സാന്നിധ്യം വളരെ കുറവാണെന്നതും ഇതിന് കാരണമാണ്. സ്ത്രീധന മരണങ്ങള്‍ കേരളത്തില്‍ കുറവാണെങ്കിലും അതിക്രമം വലിയ തോതില്‍ നടക്കുന്നു. ഭര്‍ത്താവ്^ ഭര്‍തൃ ബന്ധുക്കള്‍ എന്നിവരുടെ പീഡനമാണ് കൂടുതല്‍.

തൊഴിലാളികള്‍

19 ലഷം സ്ത്രീകളടക്കം 83 ലക്ഷം തൊഴിലാളികളാണ് കേരളത്തിലുള്ളത്. ചുമട്ടുതൊഴില്‍ മുതല്‍ പരമ്പരാഗത തൊഴില്‍ മേഖലകളില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നു. കുട്ടിത്തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യ ആദ്യ മൂന്ന് സ്ഥാനക്കാരിലെത്തുമെങ്കിലും കേരളത്തില്‍ ഇത് തീരെ കുറവാണ്. കേരളത്തിലുള്ളതില്‍ തന്നെ മഹാ ഭൂരിഭാഗവും അന്യസംസ്ഥാനക്കാരുമാണ്. 100 വീടിന് 29 പേര്‍ എന്ന നിരക്കില്‍ പ്രവാസി തൊഴിലാളികളുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രവാസികള്‍ 19 ശതമാനം വര്‍ധിച്ചു. അവര്‍ പ്രതിവര്‍ഷം കേരളത്തിലെത്തിക്കുന്നത് 43,000 കോടി രൂപ. അഞ്ചുവര്‍ഷത്തിനിടെ വര്‍ധന 135 ശതമാനം.

ആത്മഹത്യ

ആത്മഹത്യാ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. സ്ത്രീ ആത്മഹത്യ കൂടുകയും പുരുഷ മരണം കുറയുകുയും ചെയ്യുന്നുവെന്നതാണ് ഇതിലെ ഏറ്റവും പുതിയ പ്രവണത. കുടുംബ ആത്മഹത്യകളും വര്‍ധിക്കുന്നു. കുടുംബ പ്രശ്നങ്ങളാണ് 42.3 ശതമാനത്തിന്റെയും മരണ കാരണം. 31.5 ശതമാനത്തിന് രോഗവും. സാമ്പത്തിക പ്രതിസന്ധി, സാമൂഹ്യ പദവിയിലെ തകര്‍ച്ച, തൊഴില്‍ പ്രശ്നം തുടങ്ങിയ കാരണങ്ങളാലെല്ലാം ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ടിെലും പ്രത്യയശാസ്ത്രപരമായ കാരണങ്ങളാലുള്ള സ്വയം മരണം കേരളത്തില്‍ ഇല്ലാതായിരിക്കുന്നു. 2005ല്‍ ഇക്കാരണത്താല്‍ 112 പേര്‍ മരിച്ചിട്ടുണ്ട്. അതിന് ശേഷം ഇക്കാരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിന് മുമ്പാകട്ടെ, ഒന്നും രണ്ടും മരണങ്ങളാണ് സമീപകാല കണക്ക്. അതിനാല്‍ തന്നെ 2005ലെ കണക്ക് സംശയാസ്പദമാണെന്ന് സാമൂഹ്യ ശാസ്ത്രഞ്ജര്‍ നിരീക്ഷിക്കുന്നു. വയനാട്ടിലാണ് ആത്മഹത്യ നിരക്ക് കൂടുതല്‍. പിന്നില്‍ ഇടുക്കിയും തിരുവന്തപുരവും. എറ്റവും കുറവ് മലപ്പുറത്താണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍

കേരളത്തില്‍ 6 ദേശീയ പാര്‍ട്ടികളും 4 സംസ്ഥാന പാര്‍ട്ടികളും 27 രജിസ്റ്റേര്‍ഡ് പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന പാര്‍ട്ടികളില്‍ എട്ടെണ്ണം വിവിധ സമുദായങ്ങളില്‍ കേന്ദ്രീകരിക്കുന്നു. 9 പാര്‍ട്ടികള്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളാണ്. രണ്ടെണ്ണം മാര്‍ക്സിസ്റ്റ് ഗ്രൂപ്പുകളും. തമിഴരുമായ ബന്ധപ്പെട്ട മൂന്ന് പാര്‍ട്ടികളുണ്ട്.

മതം, ജാതി

ചരിത്രരേഖകളില്‍ ഒമ്പതാം നൂറ്റാണ്ടിന് ശേഷമാണ് കേരളം സജീവ പരാമര്‍ശങ്ങള്‍ക്ക് വിധേയമാകുന്നത്. ആര്യാധിനിവേശം രൂക്ഷമാകുകയും ബുദ്ധ^ജൈന മതങ്ങള്‍ ക്ഷയിക്കുകയും ജാത്യാധിഷ്ഠിതമായ ഹിന്ദു സമൂഹം വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നതും ഈ സമയത്തുതന്നെ. ബി.സി 1750ല്‍ സിന്ധുനദീ തീരത്തെത്തിയ ആര്യസംഘം ബി.സി മൂന്നാം നൂറ്റാണ്ടില്‍ കേരളത്തിലെത്തി എന്നാണ് കരുതുന്നത്. എന്നാല്‍ ഒമ്പതാം നൂറ്റാണ്ടിലാണ് അധിനിവേശം ശക്തി പ്രാപിച്ചത്. കേരളീയ സാമൂഹ്യ ഘടന രൂപപ്പെടുത്തിയതില്‍ ഈ അധിനിവേശമാണ് നിര്‍ണായക പങ്കുവഹിച്ചത്. കേരളത്തില്‍ ചാതുര്‍വര്‍ണ്യം നിലവില്‍ വന്നത് ഇവരുടെ വരവോടെയാണ്. ആദ്യം ആര്യന്‍^അനാര്യന്‍ വിഭജനമാണുണ്ടായത്. ഇതില്‍ ആര്യന്‍മാര്‍ അവര്‍ക്കിടയില്‍ സ്വന്തം നിലയില്‍ നടത്തിയ തൊഴില്‍ വിഭജനമാണ് പില്‍ക്കാലത്ത് ജാതിയായി രൂപാന്തരപ്പെട്ടത് എന്നാണ് ഹൈന്ദവ പക്ഷപാതികളായ ചരിത്രകാരന്‍മാരുടെ വീക്ഷണം. ഇതില്‍ അനാര്യന്‍മാര്‍ ശൂദ്രരായി മാറിയെന്നും മറ്റ് മൂന്ന് വിഭാഗങ്ങളും ആര്യന്‍മാരില്‍ നിന്നുതന്നെയുണ്ടായി എന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഋഗ്വേദം തൊട്ട് സര്‍വ വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും സ്മൃതികളിലും ശ്രുതികളിലും ചാതുര്‍വര്‍ണ്യം പരാമര്‍ശിക്കപ്പെടുന്നതിനാല്‍ അത് വെറും തൊഴില്‍ വിഭജനം മാത്രമായി കാണുക പ്രയാസമാണ്. അംബേദ്കറും ഈ വാദത്തെ നിരാകരിച്ചിട്ടുണ്ട്. ഏതായാലു ഒമ്പതാം നൂറ്റാണ്ടിലാണ് കേരളീയ ജാതി സമൂഹത്തിന്റെ പരിണാമ പ്രകൃയ രൂപപ്പെട്ടത് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
ജാത്യാതീതമായി ഒറ്റ വര്‍ഗമെന്ന നിലയില്‍ ജീവിച്ചിരുന്ന ദ്രാവിഡ സമൂഹങ്ങളെ അവരുടെ അതിവാസ കേന്ദ്രങ്ങളില്‍ നിന്ന് പുറന്തള്ളുകയോ കീഴ്പെടുത്തുകയോ ചെയ്തുകൊണ്ടാണ് വെളുത്തവരെന്ന് പറയപ്പെടുന്ന ആര്യന്‍മാര്‍ അധീശത്വം സ്ഥാപിച്ചത്. ഇവരുടെ അധിനിവേശകാലത്ത് കേരളത്തിലുണ്ടായിരുന്നത് കാടര്‍, കാണിക്കര്‍, മലമ്പണ്ടാരം, മുതുവര്‍ തുടങ്ങിയ പേരില്‍ ഇന്ന് അറിയപ്പെടുന്നവരുടെ മുന്‍തലമുറയാണ്. ചുരുണ്ട തലമുടിയും കറുത്ത തൊലിയുമുള്ളവര്‍. അധിനിവേശം നടന്നതോടെ ഇവര്‍ ഉള്‍പ്രദേശങ്ങളിലേക്ക് പിന്‍മാറി എന്ന് കരുതുന്നു. കേരളത്തില്‍ ഏറ്റവും ഒടുവില്‍ എത്തിയ ആര്യന്‍മാരാണ് ബ്രാഹ്മണര്‍ എന്നറിയപ്പെടുന്നത്. അന്ന് നാട്ടില്‍ അധിപതികളായിരുന്നവരെ ക്ഷത്രിയരായും സമൂഹത്തില്‍ സ്വാധീനമുള്ളവരെ വൈശ്യരായും പേരിട്ട് വര്‍ണ വ്യവസ്ഥ നടപ്പാക്കി എന്നാണ് കരുതുന്നത്. അവശേഷിച്ച ദ്രാവിഡര്‍ ശൂദ്രരുമായി. ഇവരില്‍ തന്നെ താരതമ്യേന മെച്ചപ്പെട്ടവരെ മാത്രമേ ശൂദ്രരായി പരിഗണിച്ചുള്ളൂവെന്നും അല്ലാത്തവരെ അവര്‍ണരായി കണക്കാക്കിയെന്നും ചരിത്രകാരന്‍മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഈഴവര്‍, പുലയര്‍, പറയര്‍, കുറവര്‍ എന്നിവരാണ് ഇങ്ങനെ ശൂദ്ര പദവി ലഭിച്ചവര്‍. നായന്‍മാരും ഇക്കൂട്ടത്തിലാണ് അന്ന് പെട്ടിരുന്നതെന്നും അല്ലെന്നും വാദങ്ങളുണ്ട്. ഈ വര്‍ണങ്ങള്‍ തമ്മിലെ മിശ്രവിവാഹിതരുടെയും ജാതി ഭ്രഷ്ടരുടെയും പിന്‍മുറക്കാരും അവര്‍ണരുടെ കൂട്ടത്തിലായി. ബ്രാഹമണ സ്ത്രീയില്‍ ശൂദ്രന് പിറന്നവര്‍ ചണ്ഡാളരായി. അങ്ങനെ ഉപജാതികളും അവാന്തര വിഭാഗങ്ങളുമുണ്ടായി. ഇതില്‍ ഈഴവര്‍ കേരളത്തില്‍ നിലവില്‍ 22.91 ശതമാനമുണ്ട്. പുലയര്‍ 3.27 ശതമാനവും.
കേരള ജനസംഖ്യയുടെ ഒരു ശതമാനമാണ് ബ്രാഹ്മണരുടെ പങ്കാളിത്തം. ആയിരത്തോളം വര്‍ഷം കേരളത്തിലെ ഭൂമിയുടെ ഏറെക്കുറെ മുഴുവനും കൈവശം വച്ച ഒരു സമൂഹം പരമദരിദ്രരായാണ് പില്‍ക്കാല ചരിത്രത്തില്‍ കാണപ്പെടുന്നത്. ലോകത്തുതന്നെ അത്യപൂര്‍വമായ വിഭാഗമായി ഇവരുടെ ഈ ഭൂ ഉടമാവകാശം മാറുന്നു. എന്നിട്ടും ഏറെ ദരിദ്രദരായി മാറിയ സമൂഹത്തെയാണ് പില്‍കാല ചരിത്രത്തില്‍ കാണുന്നത്. ഇവരെപ്പോലെ മണ്ടന്‍മാര്‍ ലോക ചരിത്രത്തിലില്ലെന്ന് നിരീക്ഷിച്ച ഗവേഷകര്‍ കേരളത്തിലുണ്ട്. കേരളത്തില്‍ 14.41 ശതമാനം വരുന്ന നായന്‍മാരെ പറ്റി 13 മുതല്‍ 19^ാം നൂറ്റാണ്ട് വരെ കാലഘട്ടത്തിലെ ചരിത്ര പരാമര്‍ശങ്ങളില്‍ സൈനിക വിഭാഗമെന്നാണ് പരാമര്‍ശിക്കുന്നത്. എന്നാല്‍ സംഘടിത സൈന്യമോ പരിശീലനം നേടിയവരോ ആയിരുന്നില്ല. ഒരു തരം ഗുണ്ടാ സംഘം. നാട്ടിലെ നിയമപാലകരും വിധി കര്‍ത്താക്കളും ഇവരായിരുന്നു. 'സൈനികരെന്നാല്‍, സദാ ആയുധ ധാരികളായി നടന്ന് ഗുണ്ടായിസം കളിക്കുക മാത്രമാണ് ചെയ്തിരുന്നത്' എന്നാണ് പി.കെ ബാലകൃഷണന്റെ കണ്ടെത്തല്‍. അന്നത്തെ സാമൂഹ്യാവസ്ഥ വിലയിരുത്തുമ്പോള്‍ ഇതുതന്നെയാകും കൂടുതല്‍ ശരി.

ദലിതര്‍

ദലിതരെന്ന പേരില്‍ ഇപ്പോള്‍ പറയപ്പെടുന്നത്് പട്ടിക ജാതി^പട്ടിക വര്‍ഗ വിഭാഗങ്ങളെയാണ്. ആദിവാസികളും ഇക്കൂട്ടത്തിലുണ്ട്. ചാതുര്‍വര്‍ണ്യ ഘടനയില്‍ അവര്‍ണരായും ജാതി സംവിധാനത്തില്‍ പുറം ജാതിക്കാരായും ജനാധിപത്യ രാഷ്ട്ര ഘടനയില്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരായും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് പട്ടിക ജാതി^പട്ടിക വര്‍ഗ വിഭാഗങ്ങള്‍. എന്നാല്‍ വിചിത്രമായ വസ്തുത ഈ സമൂഹങ്ങള്‍ക്കിടയിലെ വിവിധ വിഭാഗങ്ങളും അയിത്തവും തൊട്ടുകൂടായ്മയും ജാതീയതയും നിലനിര്‍ത്തുന്നുവെന്നതാണ്.
കേരളത്തില്‍ 31.24 ലക്ഷം പട്ടിക ജാതിക്കാരുണ്ട്. ജനസംഖ്യയുടെ 9.81 ശതമാനം. സാക്ഷരതാ നിരക്ക് 82.66 ശതമാനം. സ്ത്രീ സാക്ഷരത 77.5 ശതമാനവും. 7.5 ശതമാനം പേര്‍ ചേരികളില്‍ താമസിക്കുന്നവരാണ്. പട്ടിക വര്‍ഗം 3.64 ലക്ഷമാണ്. ജനസംഖ്യയുടെ 1.14 ശതമാനം. സാക്ഷരതാ നിരക്ക് 64.35ശതമാനവും സ്ത്രീ സാക്ഷരതാ നിരക്ക് 58.11 ശതമാനവുമാണ്. പട്ടിക ജാതിയില്‍ ഉള്‍പെടുന്ന 53 വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. കോളനികളിലും ഒറ്റപ്പെട്ട ആവാസ കേന്ദ്രങ്ങളിലുമാണ് കൂടുതല്‍ പേര്‍ കഴിയുന്നത്. 81.8 ശതമാനവും ഗ്രാമങ്ങളില്‍ ജീവിക്കുന്നു. 33.3 ശതമാനം വരുന്ന പുലയ വിഭാഗമാണ് ഭൂരിപക്ഷം. ജനസംഖ്യ 10.41 ലക്ഷം. 3.16 ലക്ഷം വരുന്ന ചെറുമരാണ് രണ്ടാമത്. കുറവന്‍, പറയന്‍, കണ്ണകന്‍, തണ്ടാന്‍, വേട്ടുവര്‍ എന്നിവരും അംഗബലമുള്ള ജനസമൂഹമാണ്. ഈ 7 വിഭാഗം മാത്രം 77.7 ശതമാനം വരും. അവശേഷിക്കുന്നവരില്‍ 46 വിഭാഗങ്ങളുണ്ട്. 33.7 ശതമാനം കര്‍ഷക തൊഴിലാളികളും 61.9 ശതമാനം മറ്റ് ജോലികള്‍ ചെയ്യുന്നവരുമാണ്. 1.7 ശതമാനം കൃഷിക്കാരും 2.8 ശതമാനം കുലത്തൊഴില്‍ ചെയ്യുന്നവരുമാണ്. 99.9 ശതമാനവും ഹിന്ദുമത വിശ്വാസികളാണ്. 390പേര്‍ സിക്ക്^ബുദ്ധ മത വിശ്വാസികളാണെന്ന് കഴിഞ്ഞ സെന്‍സസില്‍ കണ്ടെത്തിയിരുന്നു.
പട്ടിക വര്‍ഗം ഗ്രാമീണ മേഖലയിലെ ചില പ്രത്യേക പ്രദേശങ്ങളില്‍ കൂട്ടത്തോടെ ജീവിക്കുന്നവരാണ്. 36 വിഭാഗം പട്ടിക വര്‍ഗ സമൂഹങ്ങള്‍ കേരളത്തിലുണ്ട്. പണിയന്‍ വിഭാഗമാണ് ഭൂരിപക്ഷം. കുറിച്ച്യരാണ് രണ്ടാമത്. മുതുവാന്‍, കാണിക്കാര്‍, ഇരുളര്‍, കുറുമര്‍, മലയരയന്‍ എന്നിവര്‍ 20,000 ന് മേല്‍ ജനസംഖ്യയുള്ളവരാണ്. ഏഴ് വിഭാഗത്തിന് 5,000നും 16,000നും ഇടയില്‍ ജനസംഖ്യയുണ്ട്. 500ല്‍ കുറഞ്ഞ ആളുകളുള്ള 11 വിഭാഗങ്ങളും 50ല്‍ താഴെ മാത്രം ആളുകളുള്ള നാല് ട്രൈബുകളുമുണ്ട്. കാര്‍ഷിക മേഖലയാണ് ഇവരുടെ പ്രധാന തൊഴിലിടം. 47.1 ശതമാനം ഇവിടെ ജോലി ചെയ്യുന്നു. 11.2 ശതമാനം കര്‍ഷകരുണ്ട്. 38.6 ശതമാനം മറ്റ് ജോലികള്‍ ചെയ്യുന്നു. 93.7 ശതമാനവും ഹിന്ദുമത വിശ്വാസികളാണ്. 5.8 ശതമാനം ക്രിസ്ത്യാനികളും അര ശതമാനത്തില്‍ താഴെ മുസ്ലിംകളുമുണ്ട്.

പിന്നാക്ക ഹിന്ദുക്കള്‍

ഒ.ബി.സിയില്‍ 79 വിഭാഗങ്ങളുണ്ട്. ഇതില്‍ മുസ്ലിം, ആംഗ്ലോ ഇന്ത്യന്‍, ലത്തീന്‍ കത്തോലിക്കര്‍, നാടാര്‍^പട്ടിക ജാതി പരിവര്‍ത്തിത ക്രിസ്ത്യന്‍ എന്നിവ ഒഴികെ ബാക്കിയെല്ലാം ഹിന്ദു വിഭാഗമാണ്. ഈഴവരും ഒ.ബി.സിയാണ്. അദര്‍ ബാക്ക് വേര്‍ഡ് ഹിന്ദൂസ് എന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്ന അവശേഷിക്കുന്നവരില്‍ 70 ജാതികള്‍ ഉള്‍പെടുന്നു. വണിക^വൈശ്യര്‍, എഴുത്തച്ചന്‍, വിളക്കിത്തല നായര്‍ തുടങ്ങി 20 ഓളം ജാതികള്‍ താതമ്യേന ആള്‍ബലമുള്ളവയാണ്. ബാക്കിയുള്ളവയില്‍ ഇവയുടെ ഉപജാതികള്‍ മുതല്‍ പേരില്‍ മാത്രം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ വരെയുണ്ട്. ഇവര്‍ മൊത്തം 25 ലക്ഷം ജനസംഖ്യ സ്വയം അവകാശപ്പെടുന്നു.
സര്‍ക്കാര്‍ രേഖയില്‍ ഒ.ഇ.സി^അദര്‍ എലിജിബിള്‍ കമ്യൂണിറ്റി^ എന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്. ഇതില്‍ എട്ട് ഹിന്ദു ജാതികള്‍ ഉള്‍പെടുന്നു. ധീവരരാണ് കൂട്ടത്തില്‍ പ്രബലര്‍. പട്ടിക ജാതിക്കും ഒ.ബി.സിക്കും ഇടയിലുള്ളവര്‍ എന്നും ഇവരെ പറയാം. 20 ലക്ഷം ജനസംഖ്യ ഇവരും അവകാശപ്പെടുന്നു.

ക്രിസ്ത്യാനികള്‍

ജനസംഖ്യയുടെ 19 ശതമാനം വരുന്ന ക്രൈസ്തവരുടെ ആദ്യ തലമുറ എ.ഡി 52ല്‍ കേരളത്തിലെത്തിയെന്ന് കരുതുന്നു. വിവിധ സഭകളും വിഭാഗങ്ങളുമായി ഇവര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. സഭകള്‍: സീറൊ മലബാര്‍ സഭ, മലങ്കര ഓര്‍തോഡൊക്സ്, മലങ്കര മാര്‍തോമ, അന്ത്യോക്യന്‍ സഭ, സി.എസ്.ഐ, പൌരസ്ത്യ കല്‍ദായ സഭ, തൊഴിയൂര്‍ (സ്വതന്ത്ര സുറിയാനി) സഭ, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ, ലത്തീന്‍ കത്തോലിക്ക സഭ, തിരു^കൊച്ചി ആംഗ്ലിക്കന്‍ സഭ.
എന്നാല്‍ പൌരോഹിത്യ ആധിപത്യത്തെ നിരാകരിക്കുന്ന നവാഗത സഭാസമൂഹങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നുണ്ട്. സെവന്‍ത് ഡേ അഡ്വന്റിസ്റ്റ്, സാല്‍വേഷന്‍ ആര്‍മി, ബ്രദറന്‍ സഭ, പെന്തിക്കോസ്ത് സഭ, പെന്തിക്കോസ്ത് ദൈവ സഭ, ഇന്തന്‍ പെന്തിക്കോസ്ത് സഭ, പെന്തിക്കോസ്ത് ദൈവ സമൂഹം, അപ്പോസ്തലിക് പെന്തിക്കോസ്ത് സഭ, ശാരോണ്‍ പെന്തിക്കോസ്ത് സഭ, സ്വതന്ത്ര ഇന്ത്യന്‍ പെന്തിക്കോസ്ത് സഭ, അധഃകൃത പെന്തിക്കോസ്ത് സഭ, ഫിലാഡല്‍ഫിയ പെന്തിക്കോസ്ത് സഭ, യഹോവ സാക്ഷികള്‍, യൂയോമയ സഭ തുടങ്ങഇയവ ഇക്കൂട്ടത്തില്‍ പെട്ടവയാണ്.

പിന്നാക്ക ക്രൈസ്തവര്‍

പത്തിലേറെ സഭകളിലും അതിന്റെയിരട്ടി നവാഗത സഭകളിലുമായി വിഭജിക്കപ്പെട്ടതാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം. ഇവരില്‍ നിന്ന് ആചാരപരമായി പോലും വേറിട്ടുനില്‍ക്കുന്നവരാണ് ദലിത് ക്രൈസ്തവര്‍. 200 വര്‍ഷം മുമ്പ് ഈ സമൂഹത്തിന്റെ രൂപീകരണം തുടങ്ങിയതായി കരുതുന്നു. വിവിധ പട്ടിക ജാതി വിഭാഗങ്ങളില്‍നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണിവര്‍. കടുത്ത വിവേചനവും അവഗണനയും മറ്റ് സഭകളില്‍നിന്ന് നേരിടുന്ന ഇവര്‍ ഏറെക്കുറെ സ്വന്തം നിലയില്‍ ആചാരങ്ങളും അനുഷ്ടാനങ്ങളുമായി കഴിച്ചുകൂടുന്നു. അവരുടെ അവകാശവാദപ്രകാരം ജനസംഖ്യ 25^30 ലക്ഷമാണ്. ഇത് അതിരുകവിഞ്ഞ അവകാശവാദമാകാനാണ് സാധ്യത. ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്വന്തം വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രാര്‍ഥനയും മറ്റ് മത പ്രവര്‍ത്തനങ്ങളും നടത്തുന്നത്. ഹൈന്ദവരായ സ്വജാതികളില്‍ നിന്നും ഇവര്‍ വിവാഹം കഴിക്കും. ഇവരേക്കാള്‍ പഴക്കമുള്ളതാണ് മുക്കുവ സമുദായത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ ലത്തീന്‍ കത്തോലിക്ക സഭ. 11 ലക്ഷം ജനസംഖ്യയുള്ള ഇവര്‍ സംഘടിതരും സ്വതന്ത്രസഭയായി പ്രവര്‍ത്തിക്കുന്നവരുമാണ്. ജനസംഖ്യയുടെ 1.04 ശതമാനം വരുന്ന നാടാര്‍ ക്രൈസ്തവരും പരിവര്‍ത്തിത സമൂഹമാണ്. ഈ മൂന്ന് വിഭാഗവും പിന്നാക്കക്കാരാണെങ്കിലും ഇവര്‍ക്കിടയിലും പരസ്പര വംശീയതയും ജാതി ശ്രേണി സങ്കല്‍പങ്ങളും അതിരൂക്ഷമായി നിലനില്‍ക്കുന്നു.

ഭാഷാ ന്യൂനപക്ഷങ്ങള്‍

മാതൃഭാഷ മലയാളമല്ലാത്ത ഭാഷാസമൂഹങ്ങളെയാണ് ഈ പേര് അര്‍ഥമാക്കുന്നത്. എന്നാല്‍ നൂറ്റാണ്ടുകള്‍ നീണ്ട സഹവാസത്തിനിടെ മാതൃഭാഷ പരിവര്‍ത്തിപ്പിക്കപ്പെട്ടവരും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്.

കൊങ്കണികള്‍

കൊങ്കണ്‍ എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ തീരത്തുനിന്ന് കുടിയേറിയ പ്രാചീന പഞ്ചാബിലെ സരസ്വതീ നദീ തീരവാസികളാണ് കൊങ്കണികള്‍ എന്നറിയപ്പെടുന്നത്. വിശ്വാസവും ആചാരപരവുമായ പാരമ്പര്യം സംരക്ഷിക്കാന്‍ പലായനം പതിവാക്കിയ ഇവര്‍ ഗോവയില്‍ ആധിപത്യമുണ്ടായിരുന്ന ബീജാപ്പുര്‍ സുല്‍ത്താനെ തുരത്താന്‍ പോര്‍ച്ചുഗുസുകാരെ കൊച്ചിയില്‍ നിന്ന് വിളിച്ചുവരുത്തിയിരുന്നു. ഈ ദൌത്യം പൂര്‍ത്തിയാക്കിയ പോര്‍ച്ചീഗുസുകാര്‍ പിന്നീട് കൊങ്കണികള്‍ക്കെതിരെ തിരിഞ്ഞു. കൊങ്കണി ഭാഷ നിരോധിച്ചു. ക്ഷേത്രങ്ങള്‍ തകര്‍ത്ത് ചര്‍ച്ചുകള്‍ കെട്ടി. 1554ല്‍ ആയിരക്കണക്കിന് പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി. ഇതേതുടര്‍ന്ന് പലായനം തുടങ്ങിയവരില്‍ 12,000 കുടുംബങ്ങള്‍ 1560ല്‍ കേരളത്തിലെത്തിയതാണ് ഇവരുടെ ആദ്യ മലയാളി തലമുറ.
സാരസ്വതര്‍, ഗൌഡ സാരസ്വതര്‍, വാണിയര്‍, സോനാര്‍, ചെമ്പുകൊട്ടികള്‍, പപ്പട്, നായിക്, കുടുംബി, ഭട്ടര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഇതിലുണ്ട്. ജാതീയമായ വേര്‍തിരിവുകളും കടുത്ത വിവേചനവും ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. പരസ്പര വിവാഹമില്ല. കാസര്‍കോട് കൊങ്കണി തച്ചന്‍മാരും കുമ്പളയില്‍ മല്‍സ്യത്തൊഴിലാളികളായ കൊടകൊങ്കണികളുമുണ്ട്. കൊങ്കണികളില്‍ ക്രൈസ്തവരും മുസ്ലിംകളുമുണ്ടെന്ന് ഇതേപറ്റി പഠനം നടത്തിയ പോള്‍ മണലില്‍ പറയുന്നു. ഷേണായി, നായിക്,മല്ലര്‍, റാവു, കമ്മത്ത്, കിണി, ബാലിഗ, പ്രഭു, ഭട്ട് തുടങ്ങിയ വിശേഷണം പേരുകള്‍ക്കൊപ്പം ചേര്‍ക്കുന്നത് കൊങ്കണികളാണ്. പലിശയും കച്ചവടവും മുഖ്യ വരുമാന മാര്‍ഗമായി സ്വീകരിച്ച ഇവര്‍ പില്‍കാലത്ത് ഡച്ചുകാരുമായി സൌഹൃദം സ്ഥാപിച്ച് ചിലയിടങ്ങളില്‍ കരം പിരിക്കുവാനുള്ള അവകാശം വരെ നേടിയെടുത്തു.
കേരളത്തില്‍ മൊത്തം 85,000 ഓളം കൊങ്കണികളുണ്ടെന്നാണ് കരുതുന്നത്. കച്ചവട മേഖലയില്‍ കേന്ദ്രീകരിച്ച ഇവര്‍ക്കിടയില്‍ വന്‍ വ്യവപാരികളുണ്ട്. കുട്ടികളുടെ പ്രസിദ്ധീകരണമായ പൂമ്പാറ്റ മുതല്‍ ആലപ്പുഴ മെഡിക്കല്‍ ഗവ. കോളജ് വരെ ഇവരുടെ സമുദയാംഗങ്ങളുടെ സംഭാവനായണ്. ആചാരങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇവര്‍ മറ്റ് ബ്രാഹ്മണരുമായും വിവാഹ ബന്ധമുണ്ടാക്കാറില്ല. വിധവകള്‍ക്ക് പുനര്‍ വിവാഹമില്ല. ആണ്‍കുട്ടികള്‍ക്ക് വേദ പഠനം നിര്‍ബന്ധമാണ്. കേരളത്തിന്റെ ഭക്ഷ്യ സംസ്കാരത്തില്‍ വലിയ സംഭാവനകള്‍ ചെയ്ത കൊങ്കണികളാണ് പപ്പടത്തിന്റെയും സാമ്പാറിന്റെയും ഉപഞ്ജാതാക്കളെന്നാണ് കരുതുന്നത്.

ആംഗ്ലോ ഇന്ത്യക്കാര്‍

യൂറോപ്യന്‍ വംശജര്‍ക്ക് ഇന്ത്യന്‍ സ്ത്രീകളിലുണ്ടായ വംശപരമ്പരയാണ് ആംഗ്ലോ ഇന്ത്യക്കാര്‍. വാസ്കോഡ ഗാമയുടെ കാലം തൊട്ടേ ഇവരുണ്ടായി എന്ന് കരുതുന്നു. യൂറോപ്യന്‍ ലൈംഗീകാഭാസത്തിന്റെ സ്മാരക ശിലകളാണ് ഇവരെന്നാണ് ഖുശ്വന്ത് സിംഗിന്റെ നിരീക്ഷണം. പേര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ്, ജര്‍മന്‍, ഇറ്റാലിയന്‍ പാരമ്പര്യമുള്ളവരെല്ലാം ഇക്കൂട്ടത്തിലുണ്ടെങ്കിലും അറിയപ്പെടുന്നത് ആംഗ്ലോ ഇന്ത്യന്‍ എന്നാണ്. യൂറഷ്യേര്‍ എന്നായിരുന്നു ആദ്യ പേര്. ബ്രിട്ടീഷ് കാലത്ത് കിട്ടിയ സര്‍ക്കാര്‍ സംരക്ഷണമാണ് ക്രമേണ പേര് മാറ്റത്തിലെത്തിയത്. മാതൃഭാഷ ഇംഗ്ലീഷായതും ഇങ്ങനെ തന്നെ. സ്വാതന്ത്യ്രപൂര്‍വ ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ വിശ്വസ്ത സേവകരായിരുന്നു. 1951 ലെ കണക്കനുസരിച്ച് 25,000 ആയിരുന്നു കേരളത്തില്‍ ഇവരുടെ ജനസംഖ്യ. എന്നാല്‍ 1971ലെ സെന്‍സസ് പ്രകാരം ഇത് 5,493 മാത്രമാണ്. വിദേശങ്ങളിലേക്കുള്ള കുടിയേറ്റം വ്യാപകമാണ്.
ആഘോഷപൂര്‍ണമായ ജീവിത ശൈലി പിന്തുടരുന്ന ഇവര്‍ സംഗീതത്തിലും കലയിലും പ്രത്യേകം ശ്രദ്ധിക്കുന്നു. കുട്ടികള്‍ക്ക് വയലിന്‍/ഗിത്താര്‍ പഠനം നിര്‍ബന്ധം. സമത്വവും തുല്ല്യ ലിംഗ പദവിയും സവിശേഷ നിലപാടാണ്. സ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ വരെ തുല്ല്യാവകാശമുണ്ട്. പ്രണയ വിവാഹത്തിനാണ് കുടുതല്‍ സ്വീകാര്യത. പ്രണയ ബന്ധമുള്ളവര്‍ക്കും വലിയ സാമൂഹ്യാംഗീകാരം കിട്ടും. കമിതാക്കള്‍ക്ക് ഇരുകുടുംബങ്ങളിലും പ്രത്യേക പരിഗണനയുണ്ടാകും. 11 പ്രൈമറി സ്കൂളുകളും വിവിധ രൂപതകള്‍ക്ക് കീഴിലായി 9 ഹൈസ്കൂളുമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ തൊഴില്‍ സംവരണവും നിയമ സഭയില്‍ നാമനിര്‍ദേശം ചെയ്യുന്ന ഒരു സീറ്റുമുണ്ട്.

ഗുജറാത്തികള്‍

പതിനൊന്നാം നൂറ്റാണ്ടുമുതല്‍ ഗുജറാത്തികളുടെ കുടിയേറ്റം ആരംഭിച്ചതായാണ് കരുതുന്നത്. രാജ വിവാഹങ്ങള്‍ക്ക് അകമ്പടിയായാണ് ഇവര്‍ ആദ്യം കേരളത്തിലെത്തിയത്. ഇങ്ങനെ ദാസിമാരായി വന്നവരുടെ പിന്‍മുറക്കാര്‍ സൌരാഷ്ട്രിയര്‍ എന്നറിയപ്പെട്ടു. ഇപ്പോഴും ചില ഗുജറാത്തി ആചാരങ്ങള്‍ പുലര്‍ത്തുന്ന ഇവര്‍ വളരെ ന്യൂനപക്ഷമാണ്. ഗുജറാത്തികള്‍ എന്നറിയപ്പെടുന്നവരില്‍ 50 ശതമാനവും ജൈനമത വിശ്വാസികളാണ്. എന്നാല്‍ വയനാട്ടിലുള്ള ജൈനര്‍ ഇക്കൂട്ടത്തില്‍ പെടില്ല. ഇവര്‍ കര്‍ണാടകയില്‍നിന്ന് കുടിയേറിയ ഗൌഡര്‍ വിഭാഗമാണ്. ഇതിന് പുറമെ പാഴ്സികള്‍, ഭാട്യ, ലോഹാന, ബനിയ എന്നീ ഉപവിഭാഗങ്ങളുള്ള വൈഷ്ണവര്‍, ബോറ, ബ്രാഹ്മണര്‍, മുല്‍ത്താനികള്‍ എന്നീ വിഭാഗങ്ങളുണ്ട്. മൊത്തം ജനസംഖ്യ 4000ല്‍ താഴെ. ബോറയും മുല്‍ത്താനികളില്‍ ചില വലഭാഗങ്ങളും മുസ്ലിം ഗ്രൂപ്പുകളാണ്. ചാന്ദ്രയാനം അടിസ്ഥാനമാക്കിയ കലണ്ടള്‍ ഗുജറാത്തികളുടെ പ്രത്യേകതയാണ്. വന്‍കിട വ്യവസായികളും വ്യാപാരികളുമായി അറിയപ്പെടുന്ന ഇവര്‍ പൊതുവെ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയിലാണ് കഴിയുന്നത്.

യഹൂദര്‍

ഒരു മതം എന്നനിലയില്‍ കേരളത്തില്‍ ആദ്യമായുണ്ടായ കുടിയേറ്റം ജൂതരുടേതാണ്. ബി.സി 562ല്‍ ഇവര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെങ്കിലും എ.ഡി 70കളിലാണ് വന്‍തോതില്‍ കുടിയേറ്റമുണ്ടായത്. 68ല്‍ 10,000പേര്‍ കൊടുങ്ങല്ലൂരില്‍ എത്തിയതായി രേഖകള്‍ പറയുന്നു. കൊച്ചിയിലെ യഹൂദരാണ് ഇന്ത്യയിലെ ഏറ്റവും പഴയ വിഭാഗം. കറുത്ത യഹൂദരെന്നും വെളുത്ത യഹൂദരെന്നും രണ്ട് വിഭാഗങ്ങള്‍ ഇവര്‍ക്കിടയിലുണ്ട്. പരസ്പരം കടുത്ത വംശീയത ഇവര്‍ സൂക്ഷിക്കുന്നു. കേരളത്തില്‍ ആദ്യമെത്തിയവര്‍ കറുത്തവരാണെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ കുടിയേറിയെത്തിയ വെള്ളക്കാര്‍ നാട്ടുകാരെ അടിമകളാക്കിയെന്നും അവരുടെ പിന്‍മുറക്കാരാണ് കറുത്ത യഹൂദരെന്നുമാണ് മറ്റൊരു വാദം. തവിട്ടുനിറക്കാര്‍ എന്ന മറ്റൊരുകൂട്ടര്‍കൂടി ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അവരെയും പൊതുവെ കറുത്തവരായാണ് പരിഗണിക്കുന്നത്.
ഇംഗ്ലീഷ് മാതൃഭാഷയാക്കിയ ഇവര്‍, മലബാര്‍ യിഡ്ഢിഷ് എന്ന ഹിബ്രു കലര്‍ന്ന പ്രാദേശിക സംസാര ഭാഷ രൂപപ്പെടുത്തിയിരുന്നു. ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ടതോടെ തിരിച്ചും കുടിയേറ്റമുണ്ടായി. 1941ല്‍ 1528 ജൂതരുണ്ടായിരുന്നു കേരളത്തില്‍. എന്നാല്‍ അസാന സെന്‍സസ് പ്രകാരം അത് 115 മാത്രമാണ്. സ്ത്രീ സ്വത്തവകാശം ഇവര്‍ക്കിടയിലില്ല. എന്നാല്‍ സ്ത്രീധനത്തിന് അവകാശമുണ്ട്. പിതാവ് മരിച്ചാല്‍ മൂത്തമകന് കൂടുതല്‍ സ്വത്ത് കിട്ടും. മറ്റുള്ളവര്‍ക്ക് തുല്ല്യമായി വീതിക്കും. പ്രയാപൂര്‍ത്തിയായ ആണ്‍കുട്ടിയില്ലെങ്കില്‍ കുടുംബ ചുമതല അമ്മാവനായിരിക്കും. ഇവരുടെ പല ആചാരങ്ങളിലും മുസ്ലിം അനുഷ്ടാനങ്ങളുമായി സമാനതകളുണ്ട്.

ഫ്രഞ്ച് മലയാളികള്‍

മലയാളം സംസാരിക്കുമെങ്കിലും മലയാളികളല്ലാത്തവരാണ് മയ്യഴിയിലെ ഫ്രഞ്ച് മലയാളികള്‍. ഇവരെ സാങ്കേതികമായി കേരളീയരെന്നും പറയാനാവില്ല. ഇവരില്‍ ചിലര്‍ക്ക് ഫ്രാന്‍സില്‍ വോട്ടവകാശവുമുണ്ട്. ഫ്രഞ്ച് കേരളത്തിലെ ഔദ്യോഗിക ന്യൂനപക്ഷ ഭഷയല്ല. അതിനാല്‍ ഭാഷാന്യൂനപക്ഷ പദവിയുമില്ല. എന്നാല്‍ 1962ലെ ഇന്ത്യ^ഫ്രാന്‍സ് മാഹി ലയന കാരര്‍ പ്രകാരം ഇവിടുത്തെ ഫ്രഞ്ചുകാര്‍ക്ക് ഔദ്യോഗികമായി സവിശേഷ സംരക്ഷണം ലഭിക്കുന്നുണ്ട്. അതിനാല്‍ ഇവശര ഫ്രഞ്ച് ന്യൂനപക്ഷമായി പരിഗണിക്കാവുന്നതാണ്. കേരളത്തില്‍ മൂന്ന് തരം ഫ്രഞ്ചുകരുണ്ട്. വാണിജ്യം, യുദ്ധം, ഭരണം എന്നിവക്കായി മയ്യഴിയില്‍ കുടിയേറിയ ഫ്രഞ്ചുകാര്‍. ഇവര്‍ വിവാഹം കഴിച്ചുണ്ടായ ഇന്തോ^ഫ്രഞ്ച് സങ്കര വിഭാഗമാണ് രണ്ടാമത്തേത്. മൂന്നാം വിഭാഗം, മലയാളികളെങ്കിലും ഫ്രഞ്ച് പൌരത്വം സ്വീകരിച്ചതിനാല്‍ ഫ്രഞ്ചുകാരെന്നറിയപ്പെടുന്നവരാണ്. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലും ഇവരിപ്പോഴില്ല. ഫ്രഞ്ച് സര്‍ക്കാറിന്റെ സാമ്പത്തിക സഹായം ഇവര്‍ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. മാഹിയില്‍ 1721ല്‍ ആണ് ഫ്രഞ്ച് ചരിത്രം തുടങ്ങുന്നത്. അതിനുമുമ്പേ കേരളവുമായി കച്ചവട ബന്ധങ്ങളുണ്ടായിരുന്നു. തലശേãരിയിലാണ് ആദ്യമെത്തിയത്. 1670ല്‍.
ഫ്രഞ്ച് ഭരണം ആരംഭിച്ചകാലം തൊട്ടുതന്നെ മയ്യഴിക്കാര്‍ ഫ്രഞ്ച് ജനതയായി അറിയപ്പെട്ടു. 1954 ല്‍ മയ്യഴി സവതന്ത്രമായതോടെ ഫ്രഞ്ച് മലയാളി കാലഘട്ടം തുടങ്ങി. 1962 ലെ കരാര്‍ അനുസരിച്ച് അന്ന് ഇഷട്മുള്ള പൌരത്വം സ്വീകരിക്കാന്‍ മയ്യഴിക്കാര്‍ക്ക് അവകാശം നല്‍കി. അന്ന് 190 പേര്‍ ഫ്രഞ്ചുകാരായി. ഇവരുടെ പിന്‍മുറക്കാര്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇഷ്ടമുള്ള പൌരത്വം തെരഞ്ഞെടുക്കാനുള്ള അവസരവും കാരര്‍ ഉറപ്പാക്കി. ഇത് ഇന്നും തുടരുന്നു. ഇപ്പോള്‍ 32 കുടുംബം, 80 പേര്‍. ആദ്യതലമുറ കേരളത്തിലുണ്ട്. രണ്ടും മൂന്നും തലമുറ ഏറെയും ഫ്രാന്‍സിലേക്ക് കുടിയേറി. 120 പേര്‍. ഫ്രാന്‍സ്കാണാത്ത ഫ്രഞ്ച് പൌരന്‍മാരും ഇവിടെയുണ്ട്. ഫ്രഞ്ച് പെന്‍ഷന്‍ ലഭിക്കുന്ന ഇവരുടെ മരണ ജനന വിവാഹങ്ങളെല്ലാം കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

തമിഴര്‍

കേരളത്തില്‍ ഏറ്റവും കൂടുതലുള്ള ഭാഷാന്യൂനപക്ഷം തമിഴ് വംശജരാണ്. ഇവര്‍ മൂന്ന് വിഭാഗമുണ്ട്. തമിഴ് മാതൃഭഷയായി സ്വീകരിച്ച തമിഴ് ബ്രാഹ്മണര്‍. ഇവര്‍ അഞ്ച് ലക്ഷം വരും. 900 മുതല്‍ ഇവരുടെ കുടിയേറ്റമുണ്ട്. മറ്റ് ജാതി^വര്‍ഗ വിഭാഗങ്ങളില്‍ പെട്ട തമിഴരാണ് രണ്ടാമത്തേത്. ഇവര്‍ ഭാഷയും തമിഴ് സംസ്കാരവും ബ്രാഹ്മണരെപ്പോലെ നിലനിര്‍ത്തിയില്ല. കേരളവുമായി ഇഴുകിച്ചേര്‍ന്നു. തട്ടാന്‍, കുശവന്‍, ചക്കാട്ടുകാര്‍, നാടാര്‍, ചെട്ട്യാര്‍, ചാക്യന്‍, ചാലിയ, ചാന്നാര്‍ തുടങ്ങിയവരും മൂശാരി, തച്ചന്‍, കല്ലാശãാരി, കൊല്ലന്‍, പാണ്ടിപ്പണ്ടാരം തുടങ്ങിയ കുലത്തൊഴില്‍ ചെയ്യുന്നവരും ആറന്‍മുള കണ്ണാടി നിര്‍മാതാക്കള്‍, വയനാടന്‍ ചെട്ടികള്‍, മുണ്ടാടന്‍ ചെട്ടികള്‍ തുടങ്ങിയവരടെ മൂനതലമുറ തമിഴരാണ്. ഇപ്പോള്‍ ജോലി തേടിയെത്തുന്നവരും അവരുടെ പിന്‍മുറക്കാരുമാണ് മൂന്നാം വിഭാഗം.

മറ്റ് ഭാഷാ വിഭാഗങ്ങള്‍

കേരളത്തിലെ മറ്റ് രണ്ട് ഭാഷാ സമൂഹം ചൈനീസും അറബിയും മാതൃഭാഷയായി സ്വീകരിച്ചവരാണ്. 1981ലെ സെന്‍സസ് പ്രകാരം ചൈനീസ് സംസാരിക്കുന്ന 204 പേര്‍ കേരളത്തിലുണ്ട്. അറബി മാതൃഭാഷയായി സ്വീകരിച്ച 567 പേരുണ്ട്. ഇതില്‍ 560 പേര്‍ ആലപ്പുഴയിലാണ്. 7 പേര്‍ മലപ്പുറത്തും. ഇവരടക്കം കന്നട, ബംഗാളി, നേപ്പാളി, ഹിന്ദി, തെലുങ്ക്, ഉറുദു, മറാഠി ഭാഷകള്‍ സംസാരിക്കുന്നവര്‍ കേരളത്തിലുണ്ടെങ്കിലും അവര്‍ക്കൊന്നും ഭാഷാ ന്യൂനപക്ഷ പദവി കിട്ടിയിട്ടില്ല. കന്നട സംസാരിക്കുന്നവര്‍ രണ്ട് ലക്ഷമുണ്ട്. കൊങ്കണികളിലെ താഴ്ന്ന ജാതിക്കാരായ കുടുംബികള്‍, കുടുംബി ഭാഷ സംസാരിക്കുന്നവരാണ്. തുളു സംസാരിക്കുന്ന തുളു ബ്രഹമണരും ഏതാനും സിക്ക് കുടുംബങ്ങളും കേരളത്തിലുണ്ട്. സിക്കുകാരില്‍ പഞ്ചാബി മാതൃഭാഷക്കാരുണ്ട്. പത്തനംതിട്ടയിലും ആലപ്പുഴയിലും മതം മാറിയ മലയാളി സിക്കുകാരുമുണ്ട്.

(സോളിഡാരിറ്റി പഠന ക്യാമ്പില്‍ അവതരിപ്പിച്ച പ്രബന്ധം)

കൊള്ളക്കാരുടെ സങ്കേതം, അഥവ ഡെറാഡൂണിലെ തായ്‍ലന്റ് മോഡല്‍ ഗുഹ

(ROBBERS' CAVE, DEHRADUN, U.KHAND) തായ്‍ലന്റിലെ പോങ്പ ഗ്രാമത്തിലെ ഗുഹക്കുള്ളില്‍ കുടുങ്ങിയ കുട്ടികളാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ...