Saturday, April 23, 2011

അന്നാമ്മയുടെ പുനരധിവാസങ്ങള്‍



പുറമ്പോക്കില്‍ ഓലയും തകരപ്പാളിയും ചേര്‍ത്ത് കുത്തിമറച്ച കുടില്‍ വികസനത്തിന്റെ ബുള്‍ഡോസര്‍ വന്ന് കുടഞ്ഞെറിഞ്ഞപ്പോഴാണ് അന്നാമ്മയില്‍ ഭിക്ഷാടകയുടെ ലക്ഷണങ്ങള്‍ തികഞ്ഞത്. കരിഞ്ഞുണങ്ങിയ മരക്കമ്പുപോലെ പട്ടിണിയാല്‍ പാതിയൊടിഞ്ഞ ആ ശരീരത്തില്‍ എഴുപത്തഞ്ച് വര്‍ഷത്തിനിടെ മറ്റെല്ലാ അടയാളങ്ങളുമെത്തിയിരുന്നു. കറുത്ത തൊലി. കുഴിഞ്ഞുതാഴ്ന്ന കണ്ണുകള്‍. കറകയറിയ പല്ലുകള്‍. ഒട്ടിയ കവിള്‍തടം. ചുക്കിച്ചുളിഞ്ഞ് ചുരുണ്ടുകയറിയ പരുപരുത്ത കരിന്തൊലി. ചേറില്‍ കുതിര്‍ന്ന വസ്ത്രങ്ങള്‍. വാര്‍ധക്യത്തിന്റെ അവശത. ഒടുവില്‍ വീടില്ലാത്തവളെന്ന വിലാസവും. അങ്ങനെ യാചകയാകാന്‍ മതിയായ യോഗ്യതയുണ്ടായിട്ടും, വിയര്‍പ്പൊഴുക്കി അന്നം തേടുന്നതിന്റെ അന്തസ്സോര്‍ത്ത് അവര്‍ അങ്ങാടിയിലെ കടവരാന്തയില്‍ പാര്‍ക്കാനെത്തി. അതിന്റെ വാതിലില്‍ കൂട്ടിവെച്ച പച്ചിലകള്‍ വിറ്റ് ജീവിതം തുടങ്ങി. ഇവിടെ നിന്നാണ് പുനരധിവാസത്തിന്റെ വാഗ്ദത്ത ഭൂമിയിലേക്ക് ഒരുദിവസം അന്നാമ്മയെ ഭരണകൂടം ബലമായി പിടിച്ചുകൊണ്ടുപോയത്.

ആദ്യത്തെ അധിവാസം

നിറയൌവ്വനം പൂത്തുലഞ്ഞ കാലത്ത് നെടുമങ്ങാട്ടുകാരന്‍ രാമസ്വാമിക്കൊപ്പം ജീവിതം തുടരാന്‍ തീരുമാനച്ചപ്പോഴാണ് തലസ്ഥാന നഗരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള പേരൂര്‍ക്കടയിലെ പുറമ്പോക്കില്‍ അന്നാമ്മ കുടില്‍കെട്ടിയത്. ആറുപതിറ്റാണ്ട് പഴക്കമുണ്ട് ഈ അധിവാസത്തിന്. അക്കാലത്ത് ആ വഴിയില്‍ വേറെ വീടുകളുണ്ടായിരുന്നില്ല. മെല്ലെ മെല്ലെ വളര്‍ന്ന നഗരം പിന്നെ പേരൂര്‍ക്കടയിലേക്ക് പടര്‍ന്നു. അതിനൊപ്പം ആ വഴിയരികില്‍ കുടിലുകള്‍ പെരുകി. ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് തൂത്തെറിയപ്പെട്ട അനേക ജന്മങ്ങള്‍ ഇവിടെ ഇടം തേടിയെത്തി. കുത്തിക്കെട്ടിയ ഓലക്കീറിനിടയിലൂടെ വഴിപ്പോക്കരുടെ ഒളിക്കണ്ണും ഉറക്കം കെടുത്തുന്ന പകല്‍വെട്ടവും അകത്തേക്ക് തുളച്ചെത്തിയിട്ടും അവരവിടം വിട്ടുപോയില്ല. തലമുറകള്‍ അവിടെ പെറ്റുപെരുകി. ഒറ്റമുറിക്കൂരകള്‍ പലമുറികളായി പിളര്‍ന്നു. ഒടുവിലവര്‍ 61 വീട്ടുകാരായി ഭാഗം പിരിഞ്ഞു. ഇടക്കെപ്പോഴോ അതിന് അടുപ്പുകൂട്ടാംപാറ പുറമ്പോക്കെന്ന് വിളിപ്പേരും വന്നു.
കാട്ടുചെടി പിഴുത് കൃഷിക്കാര്‍ക്ക് അയച്ചായിരുന്നു അന്നാമ്മയും രാമസ്വാമിയും ജീവിച്ചത്. വെറ്റിലക്കൊടിക്ക് വളമായിടുന്ന 'കൊഴ' ശേഖരിച്ച് ലോഡാക്കി കയറ്റി അയക്കും. മാസം നീളെ പണി. 700^1000 രൂപ കൂലി. പിന്‍മുറക്കാരില്ലാത്ത രണ്ട് ദരിദ്ര ജന്മങ്ങള്‍ക്ക് അത് സുഖകരമായ സമ്പാദ്യമായി. ഓലക്കെട്ടില്‍ നിന്ന് പ്ലാസ്റ്റിക് ഷീറ്റിലേക്കും പിന്നെ തകരപ്പാളിയിലേക്കും അവരുടെ വീട് വികസിച്ചു. അങ്ങനെ വീടുവളരുന്നതിനിടെ ആ പുറമ്പോക്ക് അവരുടെ വിലാസമായി. ആ വിലാസത്തില്‍ വെള്ളവും വെളിച്ചവും അന്നവുമെത്തി. ആ വിലാസത്തില്‍ സര്‍ക്കാറിന്റെ കാര്‍ഡുകളും കടലാസുകളുമുണ്ടായി.

ഉപേക്ഷിക്കപ്പെട്ട പുനരധിവാസം

പേരൂര്‍ക്കടയില്‍നിന്ന് വഴയില വഴി രാജഭരണകാലത്ത് കെട്ടിയ കോണ്‍ക്രീറ്റ് റോഡിന് കുടുതല്‍ വീതി വേണമെന്ന് ആദ്യം തോന്നിയത് സഖാവ് സി . അച്യുതമേനോനാണ്. അങ്ങനെ വലതു കമ്യുണിസ്റ്റ് സര്‍ക്കാറയച്ച സായുധ സംഘം അടുപ്പുകൂട്ടാംപാറയിലെത്തി. 1975ല്‍ ആയിരുന്നു അത്. ആദ്യത്തെ വീടിന്റെ മേല്‍കൂരയില്‍ മഴുവീണപ്പോള്‍ അവിടെ ഇടതുകമ്യുണിസ്റ്റിന്റെ കൊടിയുയര്‍ന്നു. നഷ്ടപ്പെടാനൊന്നുമില്ലാത്ത പുറമ്പോക്കുകാരന്റെ മുഷ്ടിയും മുദ്രാവാക്യവുമുയര്‍ന്നു. കുടിയൊഴിപ്പിക്കല്‍ വിരുദ്ധ പ്രതിഷേധം ജനകീയ സമരമായി രൂപാന്തരപ്പെടാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി. വീടുവക്കാന്‍ പകരം സംവിധാനമൊരുക്കി കൊടുക്കുംവരെ അവരവിടെത്തന്നെ ഉറങ്ങട്ടെയെന്ന് അച്യുതമേനോന്‍ വിധി പറഞ്ഞു. അതുപിന്നെ ഉപേക്ഷിക്കപ്പെട്ട പുനരധിവാസ പദ്ധതിയായി ചരിത്രത്തിലേക്ക് പിന്‍വാങ്ങി. അതിനാല്‍ അടുപ്പുകൂട്ടാംപാറയിലെ ഭൂവുടമകള്‍ അവിടെത്തന്നെ ജീവിച്ചുമരിച്ചുകൊണ്ടിരുന്നു.
അതിലൊരാളായിരുന്ന രാമസ്വാമിയുടെ ജീവിതത്തിന് പത്ത് വര്‍ഷം മുമ്പൊരു ദിവസം വിരാമമായി. അതിന്റെ മൂന്നാം കൊല്ലം അന്നാമ്മ പേരൂര്‍ക്കട മാര്‍ക്കറ്റില്‍ അന്നം തേടിയെത്തി. ചാല കമ്പോളത്തില്‍നിന്ന് 100 ഉം 200 ഉം രൂപക്ക് വാങ്ങുന്ന പച്ചക്കറി സാധനങ്ങള്‍ പേരൂര്‍ക്കട മാര്‍ക്കറ്റില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന വ്യാപാരിയായി അവര്‍ മാറി. മാര്‍ക്കറ്റിന്റെ കൂറ്റന്‍ കോമ്പൌണ്ടിലേക്കുള്ള പടിക്കെട്ടില്‍ അവരുടെ 'തുറന്ന' കട പ്രവര്‍ത്തക്ഷമമായി. ദിവസം 50^100 രൂപയുടെ കച്ചവടം. അതിലപ്പുറമുള്ളതാന്നും അത്യാവശ്യമായി അന്നാമ്മ കരുതിയില്ല. അതിനാല്‍ ആ ഒറ്റയാള്‍ ജീവിതത്തിന് ആ പുറമ്പോക്കില്‍ രാജകീയ പ്രൌഢിയുണ്ടായി.

തിരിച്ചെത്തിയ ബുള്‍ഡോസര്‍

പണ്ട് സമരക്കൊടി കെട്ടിയവര്‍ ഭരണകൂടമായി മാറുകയും പുനരധിവാസം വാഗ്ദാനം ചെയ്തവര്‍ കൂട്ടു കക്ഷിയാകുകയും ചെയ്തപ്പോള്‍ ഈ പുറമ്പോക്കില്‍ പുതിയ പ്രഭാതമെത്തുമെന്ന് അടുപ്പുകൂട്ടാംപാറക്കാര്‍ സ്വപ്നം കണ്ടു. ഇവിടുത്തെ പട്ടിണിപ്പാവങ്ങളുടെ നെഞ്ചിലെ ചോരപോല്‍ ചുവന്ന ആ കൊടി തണലിട്ടത് പക്ഷെ നഗരവാസികളുടെ ആഢംബരക്കാറുകള്‍ക്കായിരുന്നു. അവരുടെ വാഹനങ്ങളുടെ സുഖയാത്രക്ക് ആ വഴിയില്‍ വിഘ്നം വന്നപ്പോള്‍ ഒരുദിവസം അടുപ്പുകൂട്ടാംപറായില്‍ വി.എസ് അച്യുതാനന്ദന്റെ ബുള്‍ഡോസര്‍ വന്നു.
2008 മെയ് 20ന് ആയിരുന്നു അത്. പഴയ സമരസഖാക്കള്‍ പുതിയ കുടിയിറക്കിന്റെ കാര്‍മികരായി. അപ്പോള്‍ പുതിയ സംഘങ്ങള്‍ ആ സമരമുഖത്തെത്തി. സി.പി.എം ഒഴിച്ചുള്ള മുഴുവന്‍ പാര്‍ട്ടികളും ചേര്‍ന്ന് സംയുക്ത സമരസമിതിയുണ്ടാക്കി. കുടില്‍ പൊളിക്കലിന്റെ മുഖ്യപുരോഹിതനായിരുന്ന മന്ത്രി എം. വിജയകുമാറിന്, സമരക്കാരുടെ സമ്മര്‍ദത്താല്‍ പുനരധിവാസത്തിന്റെ പുതിയ വാഗ്ദാനങ്ങള്‍ നിരത്തേണ്ടി വന്നു: ആറുമാസത്തിനകം സ്വന്തം സ്ഥലത്ത് വീട്. അതുവരെ വാടകക്ക് താമസിക്കാന്‍ 25,000 രൂപ. കാല്‍ലക്ഷം രൂപ ജീവിതത്തില്‍ വളരെ വലിയ പ്രലോഭനമായി അനുഭവപ്പെട്ടവര്‍ ഉടനെ വീടുവിട്ടു. താമസിയാതെ അടുപ്പുകൂട്ടാംപാറ പഴയപടി പുറമ്പോക്കായി. പേരൂര്‍ക്കടയിലെ റോഡ് കൊച്ചുകൂരകള്‍ കുഴിച്ചുമൂടിയ തെരുവിലേക്ക് വികസിച്ചു. അവിടെ നിന്ന് ചിതറിത്തെറിച്ചവര്‍ പലയിടത്തായി പരന്നു.

വാഗ്ദത്ത ഭൂമിയില്‍

കുടിയിറക്കപ്പെട്ട 61 കുടുംബങ്ങളില്‍ മറ്റൊരു നിവൃത്തിയുമില്ലാത്ത 29 വീട്ടുകാരുടെ പുനരധിവാസം അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ വട്ടിയൂര്‍ക്കാവ് പഞ്ചായത്തിനെയാണ് സര്‍വകക്ഷി യോഗം ചുമലപ്പെടുത്തിയത്. ഇതേപഞ്ചായത്തില്‍ കുളം നികത്തി കിട്ടിയ 60 സെന്റും സ്വകാര്യ വ്യക്തി കൈയ്യടക്കിയ ഒരേക്കറും ഉപയോഗ ശൂന്യമായി കിടന്നിരുന്ന മറ്റൊരു പുറമ്പോക്കും പഞ്ചായത്തിന്റെ കണ്ണില്‍ പെട്ടില്ല. ഭുമി തിരഞ്ഞുതിരഞ്ഞ് അവരൊടുവില്‍ എത്തിയത് കരകുളം വില്ലേജിലെ ഒരുകുന്നിന്‍ ചരുവിലാണ്. വെള്ളം ഇവിടെ കിട്ടില്ല. വെളിച്ചമെത്തിക്കാന്‍ കഴിയില്ല. പാറക്കെട്ടുകള്‍ നിറഞ്ഞ ഈ 65സെന്റിലേക്ക് വഴിയുണ്ടായിരുന്നുമില്ല. ഈ ഭൂമിയിടപാടില്‍ അഴിമതി നടന്നുവെന്ന പരാതി സമരസമിതി അന്നേ ഉന്നയിച്ചിട്ടുമുണ്ട്. കൈയിലെ പണം തീര്‍ന്നവര്‍ സ്വയം കണ്ടെത്തിയ വാടക മുറികളില്‍ നിന്ന് അപ്പോഴേക്കും പുറന്തള്ളപ്പെട്ടു തുടങ്ങിയിരുന്നു. അങ്ങനെയാണ് അന്നാമ്മ മുളമുക്കിലെ കുന്നിന്‍ചരുവില്‍ കുടില്‍ കെട്ടിയത്. കുട്ടിന് മറ്റ് മൂന്ന് കുടുംബങ്ങളും.
കുടിലു കെട്ടിയതിന്റെ പിറ്റേന്ന് ഈ കുന്നിന്‍ ചരുവില്‍ സമീപത്തെ സ്ഥലമുടമയുടെ വക മുള്ളുവേലിയുയര്‍ന്നു. പഞ്ചായത്തിന് സ്ഥലമുണ്ട്, പക്ഷെ അവിടേക്ക് വഴിയില്ലത്രെ. കടലാസിലുള്ള വഴി കാഴ്ചക്ക് കിട്ടിയുമില്ല. അങ്ങനെ അകത്തുകടക്കാനും പുറത്തിറങ്ങാനും കഴിയാതെ വാഗ്ദത്ത ഭൂമിയില്‍ ഈ ദരിദ്ര കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. അവിടെനിന്നാണ് അന്നാമ്മ പേരൂര്‍ക്കട മാര്‍ക്കറ്റിലെ കടവരാന്തയില്‍ അന്തിയുറങ്ങാനെത്തിയത്. മറ്റ് മൂന്ന് കുടുംബങ്ങളും അന്നാമ്മക്ക് പിന്നാലെ ഇവിടെ അഭയം കൊണ്ടു.
മാര്‍ക്കറ്റ് ഒരു സ്വയംഭരണ പ്രദേശമായിരുന്നു. അത് വാടകക്കെടുത്ത കരാറുകാരനാണ് അവിടുത്തെ നിയമനിര്‍മാതാവ്. അയാളാകട്ടെ ഭരിക്കുന്ന പാര്‍ട്ടിയുടെ സ്വന്തക്കാരനും. കപ്പം കൊടുക്കാതെ അവിടെയാര്‍ക്കും കഴിയാനാവില്ല. വഴിയരികില്‍ ഇരിക്കുന്ന അന്നാമ്മക്ക് കിട്ടുന്ന 50ല്‍ അഞ്ച് രൂപ തന്നെ കപ്പം കൊടുക്കാന്‍ നീക്കിവക്കണം. മാര്‍ക്കറ്റിലെ രാത്രിക്ക് വേറെയും അവകാശികളുണ്ട്. അവരും അതിന് നികുതിയടക്കുന്നുണ്ടത്രെ. അങ്ങനെ രാവും പകലും കരാറുകാരന് പണം ചുരത്തുന്ന സര്‍ക്കാര്‍ കെട്ടിടത്തിലേക്കാണ് വരാന്തയില്‍ അന്തിയുറങ്ങാനും മറപ്പുരയില്‍ കുളിക്കാനും കടയോരത്തിരുന്ന് കഞ്ഞിവക്കാനും അന്നാമ്മ എത്തുന്നത്.
രാത്രിയിലെ ശീല്‍കാരങ്ങളും കൂട്ടുബഹളങ്ങളും ഉറക്കം കളഞ്ഞപ്പോള്‍ അര്‍ധരാത്രിയും അന്നാമ്മ എഴുനേറ്റുനടക്കാന്‍ തുടങ്ങി. ഇരുട്ടില്‍ തുറന്നുവച്ച അവരുടെ കുഴിഞ്ഞ കണ്ണുകള്‍ രാത്രി ജീവതങ്ങളുടെ സ്വാസ്ഥ്യം കെടുത്തി. അങ്ങനെ അന്നാമ്മയുടെ ദേഹത്ത് അധികാരത്തിന്റെ ഇടനിലാക്കാരുടെ കൈവീണു. അടിവയറ്റില്‍ കാല്‍ പതിച്ചു. ഓരോ ദിവസവും വരുന്നവരുടെ കൈയില്‍ കിട്ടുന്ന വടികള്‍ അന്നാമ്മയുടെ ശരീരത്തില്‍ അധികാരത്തിന്റെ പുതിയ അടയാളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അന്നാമ്മയുടെ ദാരിദ്യ്രം പോലിസിനും സൌകര്യമായി.

യാചക എന്ന നിലയില്‍

സംഘര്‍ഷഭരിതമായ ഈ ജീവിതത്തിനിടെയാണ് പുതിയ പുനരധിവാസ കേന്ദ്രത്തിലേക്ക് ഭരണകൂടം അന്നാമ്മയെ പിടിച്ചുകൊണ്ടുപോയത്. മാര്‍ച്ച് മാസം പകുതിയിലെ ഒരുരാത്രി മാര്‍ക്കറ്റില്‍ നഗരസഭയുടെ ഒരു വണ്ടി വന്നുനിന്നു. അസമയത്തുവന്ന വാഹനം കാണാന്‍ അതിനടുത്തേക്ക് ചെന്ന അന്നാമ്മയെ പൊടുന്നനെ ചിലര്‍ വളഞ്ഞ് പിടികൂടി അതിലേക്ക് തള്ളിക്കയറ്റി. കരാറുകാരനും സംഘവുമായിരുന്നു അതെന്ന് അന്നാമ്മ പറയുന്നു. ജനപ്രതിനിധകള്‍ ഇവര്‍ക്കൊപ്പം നിന്നു. വണ്ടിക്കകത്ത് അഞ്ചെട്ടുപേരുണ്ടായിരുന്നു. എല്ലാം പടുവൃദ്ധര്‍. ദാരിദ്യ്രത്തിന്റെ ലക്ഷണങ്ങള്‍ തികഞ്ഞവര്‍. മലയാളമറിയാത്തവര്‍. അവര്‍ക്കൊപ്പം അന്നാമ്മയെയും കോട്ടയ്ക്കകത്തെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചു. അത് പക്ഷെ യാചക പുനരധിവാസ കേന്ദ്രമായിരുന്നു! അതെ, അതായിരുന്നു അവര്‍ക്ക് ഭരണകൂടം ഒരുക്കിവച്ചിരുന്ന വാഗ്ദത്ത ഭൂമി. ഭരണകൂടം ബലം പ്രയോഗിച്ച് തെരുവിലിറക്കി വിട്ടവര്‍, അവരൊരുക്കിയ പുനരധിവാസ കേന്ദ്രങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ടവര്‍, അവരുടെ തന്നെ കെട്ടിട വരാന്തയിലിട്ട് ഇടനിലക്കാര്‍ തച്ചുതകര്‍ത്തവര്‍. ഒടുവിലവരെ ഭരണകൂടം തന്നെ യാചകരായി പ്രഖ്യാപിച്ച് പുനരധിവാസത്തിനയക്കുകയായിരുന്നു.
അന്നാമ്മയെ യാചക പുനരധിവാസക്കാര്‍ പിടിച്ചുകൊണ്ടുപോയ വിവരം അഞ്ചുദിവസം കഴിഞ്ഞാണ് നാട്ടുകാരറിഞ്ഞത്. സമരസമതിയുടെ ഭാരാഹികളായ സുകുവും മോഹന്‍കുമാറും അവരെത്തേടി യാചക ആ കേന്ദ്രത്തില്‍ ചെന്നു. നിയമവും വകുപ്പും നോക്കിയല്ല്ല, കൌണ്‍സിലര്‍ വിളിച്ചുപറഞ്ഞതിനാല്‍ കയറ്റിക്കിടത്തി എന്നായിരുന്നു അവരുടെ ന്യായം. എന്നാല്‍ ഇറക്കി വിടാന്‍ നിയമം അനുവദിക്കുന്നുമില്ലത്രെ. അതിന് റേഷന്‍ കാര്‍ഡില്‍ പേരുള്ള അടുത്ത ബന്ധുവിന്റെ ജാമ്യം വേണമത്രെ! തേടി പോയവര്‍ പക്ഷെ വെറുതെയിരുന്നില്ല. എം.സി.പി.ഐയുടെ പ്രവര്‍ത്തകരായ അവര്‍ സഖാക്കളെ സംഘടിപ്പിച്ച് യാചക പുനരധിവാസ കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരുന്നു. വിഷയം കൈവിട്ടുപോകുമെന്നായപ്പോള്‍ എല്ലാ നിയമവും വഴിമാറുമെന്നായി അധികൃതര്‍. സമരക്കാരുടെ ജാമ്യത്തില്‍ തന്ന അന്നാമ്മയെ അവര്‍ പുറത്തുവിട്ടു.
യാചക എന്ന നിലയിലെ 16 ദിവസം തെരുവ് ജീവിതത്തേക്കാള്‍ ദുരിതമായിരുന്നു അന്നാമ്മക്ക്: 'ഒരുനേരം മാത്രമാണ് ഭക്ഷണം. അതും ആണുങ്ങള്‍ക്ക് ആദ്യം കൊടുക്കും. ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് കിട്ടും. ഉച്ചക്കുണ്ടാക്കുന്ന ചോറില്‍ വെള്ളമൊഴിക്കുന്നതാണ് രാത്രിയിലെ കഞ്ഞി. വായില്‍ വക്കാന്‍ കഴിയാത്ത കറി. ചായയില്‍ മധുരമുണ്ടാകില്ല. ഭക്ഷണം കഴിച്ചില്ല ഈ ദിവസങ്ങളില്‍. കഴിച്ചാലും വിശപ്പടങ്ങില്ല. ഒരുപിടി ചോറേ കിട്ടൂ. സാരിയും ബ്ലൌസും തന്നത് വാങ്ങിയില്ല. പുറത്തുപോകണമെന്ന ഒറ്റ ആവശ്യം മാത്രമാണ് പറഞ്ഞത്. അതു മിണ്ടിയാല്‍ ഒരുകൊല്ലം ഇവിടെ ഇടുമെന്ന് അവര്‍ പേടിപ്പിച്ചു. അവിടെ പത്തുമുപ്പത് പേരുണ്ട്. എല്ലാം ഹിന്ദിക്കാര്‍. വീടുവിറ്റ പണവുമായി വഴിയില്‍ നിന്ന ഒരു സ്ത്രീയെ അവര്‍ പിടിച്ചുകൊണ്ടുവന്നു. അവര്‍ക്ക് ബന്ധുക്കളുണ്ടായിരുന്നു. പക്ഷെ പറയാന്‍ അറിയില്ല. ഒരിറ്റുവെള്ളം കുടിക്കാതെ അവര്‍ കട്ടിലില്‍ കിടന്നു കരഞ്ഞുകൊണ്ടിരുന്നു. ആരും തിരിഞ്ഞുനോക്കിയില്ല.'
പഴയ അങ്ങാടി വരാന്തയില്‍ തിരിച്ചെത്തിയ രാത്രി, വീണ്ടും അന്നാമ്മ ആക്രമിക്കപ്പെട്ടു. കൈയ്യേറ്റം അസഹനീയമായപ്പോള്‍ അവരവിടെ നിന്നിറങ്ങിയോടി. സമരസമതി നേതാക്കളുടെ വീട്ടില്‍ അഭയം തേടി. അവര്‍ പോലിസ് സ്റ്റേഷനില്‍ പരാതിയാക്കി. ആശുപത്രിയില്‍ ചികില്‍സ ഏര്‍പാടാക്കി. രണ്ടു ദിവസത്തെ ചികില്‍സ തീര്‍ന്ന് കഴിഞ്ഞയാഴ്ച പുറത്തെത്തിയ അന്നാമ്മയെ കാത്ത് അങ്ങാടിയുടെ ഉടമകള്‍ അവിടെത്തന്നെയുണ്ട്. അവരെ സംരക്ഷിക്കുന്നവര്‍ തലസ്ഥാന നഗരിയിലുമുണ്ട്. പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ അന്നാമ്മ ഇവിടെത്തന്നെയുണ്ടാകും. ദാരിദ്യ്രത്തിന്റെ ലക്ഷണങ്ങള്‍ തികഞ്ഞവരെ കൈവച്ചാല്‍ ആരും ചോദ്യം ചെയ്യില്ലെന്ന് ഭരണകൂടം പഠിച്ചിരിക്കുന്നു. അതുകൊണ്ട് വളരെ വേഗം ഇവരുടെ പുനരധിവാസം സാധ്യമാക്കാമെന്നും അവരറിഞ്ഞിരിക്കുന്നു. എന്നാല്‍ കട വരാന്തയിലെ കയ്യേറ്റങ്ങള്‍ക്കും പുനരധിവാസ കേന്ദ്രങ്ങളിലെ അപമാനങ്ങള്‍ക്കുമിടയിലെ അനിശ്ചിതമായ ജീവിതില്‍നിന്ന് അതിലും വലിയൊരു പാഠം അന്നാമ്മയും പഠിച്ചു: അധികാരത്തോടെതിരിടാം, ഒറ്റക്കും. പക്ഷെ അധികാരത്തോടും അതിന്റെ ഇടനിലക്കാരോടും ഒരേസമയം ഏറ്റുമുട്ടാന്‍ പാടില്ല എന്ന ജനാധിപത്യത്തിലെ സുപ്രധാന പാഠം.

(വാരാദ്യ മാധ്യമം 16 എപ്രില്‍ 2011)

4 comments:

  1. വികസനം പൂത്തുലയുമ്പോള്‍ ഇവരെ എന്തുചെയ്യും ? യാതനക്കടല്‍ കുടിച്ചിറക്കിയ ആ അമ്മൂമക്ക് ഇനിയും ലഭിക്കാത്ത സൗഖ്യത്തിന ഏതു വാതിലില്‍ മുട്ടണം ? .കഥയേക്കാള്‍ കഠിനമായ ജീവിതം എത്ര ലാഘവത്തോടെ വായിക്കുന്നു നാം. ഇതൊന്നും വായിക്കാതിരുന്നെങ്കില്‍ അറിവില്ലായ്മയില്‍ ഒളിക്കാമായിരുന്നു എന്ന് തോന്നിപ്പോവുന്നു.

    ReplyDelete
  2. nalla story ...vedanikkunnavarkku vendi akatte thankalude thoolika

    ReplyDelete
  3. "കട വരാന്തയിലെ കയ്യേറ്റങ്ങള്‍ക്കും പുനരധിവാസ കേന്ദ്രങ്ങളിലെ അപമാനങ്ങള്‍ക്കുമിടയിലെ അനിശ്ചിതമായ ജീവിതില്‍നിന്ന് അതിലും വലിയൊരു പാഠം അന്നാമ്മയും പഠിച്ചു:" nammalum.

    ReplyDelete

പലായകരുടെ പറുദീസ

ധരംശാലയെന്നാൽ അഭയസ്ഥാനമെന്നാണർഥം. നൂറ്റാണ്ടുകൾക്ക് മുമ്പ് ധൗലാധർ മലനിരകളുടെ അടിവാരത്ത് വിജനമായിക്കിടന്നിരുന്ന ഒരു പച്ചത്തുരുത്ത് ഇപ്പോൾ അക്ഷ...